Friday, May 25, 2018

Sanchari Notebook Season 3

Sanchari Notebook Season 3
വർഷങ്ങൾക്ക് മുൻപുള്ള ഒരു വേനൽക്കാലം. L P സ്‌കൂളിലെ കൊല്ലപ്പരീക്ഷ തുടങ്ങുന്നതിന്റെ തലേന്നാൾ.
വള്ളി പൊട്ടിയ സ്‌കൂൾ ബാഗിൽ ആകെയുണ്ടായിരുന്ന കറുത്ത സെല്ലോ പെന്നിന്റെ ആയുസ്സ് ഏതാണ്ട് കഴിഞ്ഞ മട്ടാണ്. റീഫില്ലിന്റെ വാലിൽ ആഞ്ഞൂതിയിട്ടും നോ രക്ഷ. നിബ്ബിന്റെ സൈഡിലൂടെ ഒലിച്ചിറങ്ങിയ കറുത്ത മഷി തലയിൽ തുടച്ചു നിസ്സഹായനായി ഞാനിരുന്നു.

എവിടെ നിന്നൊക്കെയോ അമ്മ നുള്ളിപ്പെറുക്കിത്തന്ന ഇരുപത്തഞ്ചും , അമ്പതും പൈസാ നാണയത്തുട്ടുകളും  കൊണ്ട് ഞാൻ റീഫിൽ വാങ്ങാനിറങ്ങി. വീടിനടുത്തെ ആകെയുണ്ടായിരുന്ന കടയിൽ റീഫിൽ ഇല്ല. പേന മാത്രമേയുള്ളൂ , അത് വാങ്ങിക്കണമെങ്കിൽ മൂന്നു രൂപാ കൂടി അധികം വേണം. കടക്കാരൻ ചേട്ടനാണെങ്കിൽ പരിചയമുള്ള ആളും.

ഒരു പേന കടം തരുമോ എന്ന് ചോദിച്ചു. പക്ഷെ കിട്ടിയില്ല , നാളെ പരീക്ഷയാണെന്നു പറഞ്ഞു കെഞ്ചി നോക്കി. തന്നില്ല. കുറച്ചു നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്ന് നോക്കി.
തന്നില്ല എന്ന് മാത്രമല്ല , പൈസയില്ലാതെ ഇനി ഇങ്ങോട്ടു വന്നേക്കരുതെന്നും പറഞ്ഞു ഇറക്കി വിടുകയും ചെയ്‌തു.

കണ്ണ് നിറഞ്ഞിരുന്നതിനാൽ ചുറ്റും നിന്ന് കളിയാക്കി ചിരിച്ചവരുടെ  മുഖങ്ങൾ അന്നെനിക്ക് കാണാൻ കഴിഞ്ഞില്ല.
കലങ്ങിയ കണ്ണുകളുമായി വീട്ടിൽ ചെന്ന എന്നെ അമ്മ സമാധാനിപ്പിച്ചു. അടുത്ത വീട്ടിൽ നിന്ന് കടം വാങ്ങിയ മുഷിഞ്ഞ അഞ്ചു രൂപാ നോട്ടുമായി അമ്മ കടയിൽ പോയി പേന വാങ്ങിത്തന്നു.
പേനയും തന്നു അടുക്കളയിലേക്കു കേറിപ്പോയ അമ്മയുടെ കൺകോണുകളിൽ തളം കെട്ടിയ കണ്ണുനീർ  ഉള്ളി മുറിച്ചതിന്റെയോ , അടുപ്പിൽ ഊതിയതിന്റെയോ ആയിരുന്നില്ല. ആ നീറ്റൽ ഇന്നും എന്റെ മനസ്സിന്റെ ഉള്ളറകളിൽ ഒളിച്ചിരിക്കുന്നുണ്ട്.

ഇതുപോലെ നൊമ്പരപ്പെട്ട ഒരുപാട് കുഞ്ഞു ഹൃദയങ്ങൾ അന്നും ഇന്നും നമുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്. മുനയൊടിയാത്ത പെൻസിലും , മഷിയുള്ള പേനയും ആഡംബരമായി കരുതുന്നവർ, ഒരു സ്‌കൂൾ ബാഗും  , കുറച്ചു നോട്ടുബുക്കുകളും വാങ്ങാൻ  കാശില്ലാത്തതിനാൽ പഠിത്തം ഉപേക്ഷിക്കേണ്ടി വരുന്നവർ. അങ്ങനെ എത്രയോ കുട്ടികൾ. ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കുവാനുള്ള ശക്തി സ്‌കൂൾ വിദ്യാഭ്യാസത്തിനുണ്ട് എന്നനുഭവിച്ചറിഞ്ഞതിനാൽ  ചോദിക്കുകയാണ് .

"കൂടുന്നോ ഞങ്ങളുടെ കൂടെ,ഒരു നൂറു പിഞ്ചു മുഖങ്ങളിൽ പുഞ്ചിരി വിടർത്താൻ"

നിരാലംബരും , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികളെ കൈപിടിച്ചു സ്‌കൂളിലേക്കയക്കാൻ ഈ വർഷവും സഞ്ചാരി എന്ന ഞങ്ങളുടെ യാത്രാ കൂട്ടായ്മ ഒരുങ്ങിക്കഴിഞ്ഞു. പുതുമ മണക്കുന്ന നോട്ടുബുക്കും, കുഞ്ഞു ബാഗും വർണ്ണക്കുടയുമായി നമ്മുടെ കുട്ടികളോടൊപ്പം അവരും പറക്കട്ടെ , പുതിയ ഒരു  ലോകത്തേക്ക്.

ഒരു സ്‌കൂൾ കിറ്റോ അതിനുള്ള തുകയോ  സംഭാവന ചെയ്തു നിങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം

അതിൽ 10 നോട്ടുബുക്ക് വേണം.
5 പേന വേണം, 5 പെൻസിൽ വേണം
2 ഇറേസർ, 2 ഷാർപ്നേർ, 1 പെൻസിൽ ബോക്സ്
1 കുട , 2 റോൾ ബ്രൗണ് പേപ്പർ, 2 ഷീറ്റ് നെയിം സ്ലിപ്....

പിന്നെ.. കുട്ടിക്കാലത്തു കിട്ടിയെങ്കിൽ എന്നു നിങ്ങൾ ആശിച്ച എന്തെങ്കിലും ഉണ്ടെങ്കിൽ അതും..

അതുമല്ല ഒരു പെന്സിലോ, പേനയോ മാത്രമായാൽപ്പോലും നിങ്ങൾക്ക് ഡൊണേറ്റ് ചെയ്യാം. അത് തിരുവനന്തപുരത്തു എവിടെയായാലും കളക്ട് ചെയ്യാൻ ഞങ്ങളുടെ വളണ്ടിയർമാർ സസന്തോഷം തയ്യാറാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന സഞ്ചാരി വോളണ്ടിയർമ്മാരുടെ നമ്പറിൽ ബന്ധപ്പെടാം.

രാം   :   +91 9995115764
ലിജി :   +91 9496100303
അജിത്ത് : +91  8129474746


#P2BS
#sanchari_notebook_season3
#sasneham_sanchari