Thursday, September 3, 2015

റേഷന്‍ കാർഡും, പകച്ചു പോയ ചില ജീവിതങ്ങളും


civil supplies kerala
         

         ഓണക്കാലത്ത് നമ്മുടെ നാട്ടില്‍ സര്‍വ്വ സാധാരണമായി കണ്ടു വരുന്ന പ്രധാന കായിക വിനോദങ്ങളാണ് പുലികളി, ഓണത്തല്ല്, വള്ളം കളി, ഊഞ്ഞാലാട്ടം മുതലായവ. ഇത് കൂടാതെ നാട്ടിലെ ക്ലബ്ബുകളും മറ്റും ചാക്കിലോട്ടം, നാരങ്ങ സ്പൂണ്‍, സുന്ദരിക്ക് പൊട്ടു കുത്തല്‍ ഇത്യാദി പരിപാടികളും സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഓണം അവധിക്കു നാട്ടില്‍ പോയപ്പോള്‍ പുതിയൊരു കലാ പരിപാടിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. റേഷന്‍ കാര്‍ഡു തിരുത്തല്‍ എന്ന പുതിയൊരിനം. കേരള സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ടു പിടുത്തമാണ് ഈ പുതിയ ഇനം കളി. ജാതി, മത ഭേദമന്യേ എല്ലാര്ക്കും പങ്കെടുക്കാവുന്ന ഒന്ന്. 

വല്ലതും മനസ്സിലായോ ? ഇല്ല അല്ലെ !

എന്നാ വിശദായിട്ട് തന്നെ പറഞ്ഞു തരാം.

      കേരളത്തിലെ പൊതു വിതരണ സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍ വല്ക്കരിക്കുകയും, കടകളിലെ സ്റ്റോക്ക്‌ സംബന്ധിച്ച കാര്യങ്ങള്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണിലേക്ക് SMS ആയിട്ട് അയക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു വരുന്നു. ഇതോടൊപ്പം തന്നെ വീട്ടിലെ മുതിര്‍ന്ന സ്ത്രീയെ ഗൃഹനാഥയാക്കി കൊണ്ടുള്ള പുതിയ റേഷന്‍ കാര്‍ഡും തയ്യാറാക്കുന്നു. കുടുംബാംഗങ്ങളുടെ ആധാര്‍, ഇലക്ഷന്‍ ഐഡി, ഗ്യാസ് കണക്ഷന്‍ മുതലായ വിവരങ്ങളെല്ലാം പുതിയ കാര്‍ഡില്‍ ബന്ധിപ്പിച്ചിരിക്കും.

         ചുരുക്കി പറഞ്ഞാല്‍ മുല്ലപ്പൂ വിപ്ലവം എന്നൊക്കെ പറയും പോലെ ‘റേഷന്‍ കടയിലെ കമ്പ്യൂട്ടര്‍ വിപ്ലവം’. ഇനി റേഷന്‍ കടയില്‍ പഞ്ചസാരയും, മണ്ണെണ്ണയും വന്നാല്‍ കേളപ്പേട്ടന്‍റെയും, ജാനുഏടത്തീന്‍റെയും മൊബൈലിലേക്ക് ഓരോ മെസ്സേജും കൂടെ അധികം വരും എന്നു സാരം. സംഭവം നല്ലതിന് തന്നെ. 

     എന്നാല്‍ പുതിയ റേഷന്‍ കാര്‍ഡില്‍ വരാന്‍ പോകുന്ന വിവരങ്ങള്‍ കേരള സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് സത്യത്തില്‍ കുട്ടിമാമാ ഞാന്‍ ഞെട്ടിയത്. അക്ഷരത്തെറ്റുകളുടെയും, മണ്ടത്തരങ്ങളുടെയും ഘോഷയാത്രയായിരുന്നു അത്. പുരുഷന്‍ സ്ത്രീയാകുന്നു, സ്ത്രീ പുരുഷനാകുന്നു, മകന്‍ അച്ഛനാകുന്നു, അച്ഛന്‍ മകനാകുന്നു, മരിച്ചവരും, ജനിക്കാത്തവരും, എന്തിനേറെ പറയുന്നു അടുത്ത വീട്ടില്‍ ഉള്ളവര്‍ വരെ നിങ്ങടെ റേഷന്‍ കാര്‍ഡില്‍ സ്ഥാനം പിടിച്ചെന്നിരിക്കും. ഇങ്ങനെ ഇരിക്കുന്ന അവസ്ഥയിലാണ്ഞാന്‍ നേരത്തെ പറഞ്ഞ കായിക പരിപാടി തുടങ്ങുന്നത്. ‘റേഷന്‍ കാര്‍ഡു തിരുത്തല്‍’. സിവില്‍ സപ്ലൈസ് വെബ്സൈറ്റില്‍ കൊടുത്ത വിവരങ്ങളില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവക്ക് അത് മേല്‍പ്പറഞ്ഞ വെബ്സൈറ്റ് വഴി തന്നെ ചെയ്യാവുന്നതാണ്. 

         എന്നാല്‍ ഇന്റര്‍നെറ്റ്‌ പോയിട്ട്, മര്യാദക്ക് വൈദ്യുതി പോലും കിട്ടാത്ത ഒരുപാട് സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഇവിടുത്തുകാര്‍ എന്തും ചെയ്യും എന്നുള്ളത് ഒരു പ്രഹേളിക മാത്രമാണ്. നാട്ടുമ്പുറത്തെ കുത്തക മുതലാളിമാരായ ഇന്റര്‍നെറ്റ്‌ കാഫെക്കാരും, അക്ഷയ e-സെന്‍ററുകാരും 30ഉം, 40ഉം രൂപാ വരെ ഇതിനായി ഈടാക്കുന്നു. എന്തായാലും സ്കൂളിന്റെ പടി വാതില്‍ക്കല്‍ പോലും പോയിട്ടില്ലാത്ത കണാരേട്ടനേ പോലെയുള്ളവര്‍ ‘ഗൂഗിള്‍’, ‘വെബ്സൈറ്റ്’, ‘ബ്രൌസര്‍’ ഇത്യാദി വാക്കുകള്‍ ഉച്ചരിക്കുന്നത് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. ഇനിയിപ്പോ റേഷന്‍ കാര്‍ഡു വിതരണം വഴി നാട്ടുകാരെ കമ്പ്യൂട്ടര്‍ കുതുകികള്‍ ആക്കി മാറ്റുവാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ? 

          നാട്ടില്‍ 3G മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്ന ചുരുക്കം ചില ആള്‍ക്കാരില്‍ ഒരാള്‍ (മൂക്കില്ലാ രാജ്യത്തു, മുറിമൂക്കന്‍ രാജാവ് എന്നാണല്ലോ !) എന്ന ജാഡ കാണിച്ചു നടന്നിരുന്ന എനിക്ക് അയല്‍വാസികളുടെയും, പരിചയക്കാരുടെയും റേഷന്‍ കാര്‍ഡു വിവരങ്ങള്‍ പരിശോധിച്ച് തിരുത്തി കൊടുക്കുക എന്ന പാര്‍ട്ട്‌ ടൈം ജോലി കൂടി കിട്ടി. റേഷന്‍ കട വഴി ഇനി ഒരു കിലോ അരിയുടെ കൂടെ 10 രൂപയുടെ റീച്ചാര്‍ജ് കൂപ്പണ്‍ കൂടി കൊടുത്താല്‍ നന്നായിരുന്നു.

വാല്‍ക്കഷണം: 
           ഇന്റര്‍നെറ്റില്‍ നീന്തിത്തുടിക്കാന്‍ ഭാഗ്യമില്ലാത്ത നാട്ടുമ്പുറ മല്ലൂസിന്റെ ദുര്‍വിധിയെ കുറിച്ചോര്‍ത്തു അട്ടം നോക്കി കിടക്കുമ്പോഴാണ്, ചുമരില്‍ തൂങ്ങിയാടുന്ന എന്റെ സ്വന്തം വീട്ടിലെ റേഷന്‍ കാര്‍ഡു നുമ്മ കാണുന്നത്. അതിന്റെ കാര്‍ഡു നമ്പര്‍ എടുത്തു civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ തിരഞ്ഞു. കൊള്ളാം, ഒന്നാമത്തെ പേജില്‍ ഗൃഹനാഥന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ എന്ന നിലയില്‍ അച്ഛനെ കടത്തി വെട്ടി അമ്മ റേഷന്‍ കാര്‍ഡില്‍ പ്രഥമ സ്ഥാനത്തിരിക്കുന്നു. തിരുത്തലുകള്‍ ഒന്നും തന്നെ വേണ്ടി വരില്ല എന്നു ചിന്തിച്ചു രണ്ടാമത്തെ പേജിലേക്ക് കടന്നു. കുടുംബാംഗങ്ങളുടെ പേരുകള്‍ നല്ല ഭംഗിയില്‍ കൊടുത്തിരിക്കുന്നു. ലിസ്റ്റില്‍ മൂന്നാമതായി കൊടുത്ത എന്റെ പേരിലേക്ക് ഒന്നേ നോക്കിയുള്ളൂ.

പേര്: ജയേഷ്, വയസ്സ്: 55

Kerala Civil Supplies

        അച്ഛനും ഞാനും തമ്മില്‍ വെറും മൂന്നു മാസത്തെ പ്രായ വ്യത്യാസം മാത്രം. അതു കുഴപ്പമില്ല. ഒരേ പ്രായമായതു കാരണം ഇനി പരസ്പരം ‘Bro, Dude’  എന്നൊക്കെ വിളിക്കാം. അഞ്ചു വര്ഷം കൂടി കഴിഞ്ഞാല്‍, വയസ്സ് 60 ആയി എന്നു പറഞ്ഞു എന്നെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുമോ എന്നു മാത്രമാണ് ഇപ്പൊ എന്റെ പേടി.!!