Friday, June 8, 2018

(ചില) നാട്ടുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്



(ഈ കഥ സാങ്കൽപ്പികമല്ല , എന്നാൽ കഥാപാത്രങ്ങൾ തികച്ചും സങ്കല്പ്പികം മാത്രം)




       തിരുവനന്തപുരത്തു നിന്നും വണ്ടി കേറി നന്മണ്ട - 13ൽ  ചെന്നിറങ്ങുമ്പോഴേക്കും കനത്ത മഴ തുടങ്ങിയിരുന്നു. രാവിലെ തന്നെ പെയ്ത മഴയെ ശപിച്ചുകൊണ്ട് ബസ് സ്റ്റോപ്പിന്റെ സൈഡിലേക്ക് കേറി നിന്നു. അപ്പൊ ദേ വരുന്നു റോഡിന്റെ മറു തലക്കൽ നിന്ന് കൈ ഉയർത്തിക്കാണിച്ചുകൊണ്ടു മ്മടെ അയൽക്കാരനായ ദിവാകരേട്ടൻ. 

"കൊടേലേക്ക് കേറിക്കോ, ഞാൻ കൊണ്ടാകാം"

"അയ്യോ വേണ്ട , അച്ഛൻ ഇപ്പൊ വണ്ടിയുമായി വരും"

"ഇവിടെ ഇങ്ങനെ മഴേം കൊണ്ട് നിക്കണ്ട , അപ്പറത്തെ പീട്യെക്കോലായിലേക്ക് ഞാൻ കൊണ്ടാകാം"

ങേ .. ഇങ്ങേർക്കിതെന്തു പറ്റി , വഴിയിൽ കണ്ടാൽപ്പോലും തിരിഞ്ഞു നോക്കാത്ത ആളാ , ഇപ്പൊ എന്താ ഇത്ര സ്നേഹം ? ഹാ എന്തേലും ആകട്ടെ . അടുത്ത കട വരാന്ത വരെ ഒരു ലിഫ്റ്റ് കിട്ടിയല്ലോ എന്നാലോചിച്ചു ഞാൻ കുടയിലേക്ക് കയറി. രണ്ടു ചുവടുവച്ചില്ല 

ദിവാരേട്ടൻ  : "പിന്നെ , ഞാളറിഞ്ഞു ട്ടോ"

ഞാൻ : "എന്ത് ?"

"കല്യാണക്കാര്യം "

"ആരുടെ "

"അന്റെ  തന്നെ "

"എന്റെയോ ? "

"പിന്നല്ലാണ്ട് , ഞാളാരും ഇതൊന്നും അറിഞ്ഞില്ലാന്നു വിചാരിച്ചല്ലേ , ഇങ്ങള് തമ്മില് പ്രേമായിരുന്നല്ലേ ? "

പടച്ചോനെ ഇയാളിതെന്തൊക്കെയാ പറയുന്നത്. എനിക്കൊന്നും മനസ്സിലായില്ല. കട വരാന്തയിൽ കേറിയത് മുതൽ എന്റെ ചിന്ത അതായിരുന്നു. 

ഉടൻ ദാ വരുന്നു അടുത്ത അവതാരം. തെക്കേതിലെ ഉണ്ണിക്കുട്ടൻ.

"അല്ല , ജയേഷേട്ടാ കല്യാണം ഒക്കെ ആയല്ലേ ?"

ദൈവമേ ഈ നാട്ടുകാർക്കിതെന്തു പറ്റി.എനിക്ക്  വട്ടായതാണോ , അതോ നാട്ടുകാർക്ക് മൊത്തത്തിൽ വട്ടായതാണോ ?

"ആരുടെ കല്യാണത്തിന്റെ കാര്യമായ ഈ പറയുന്നത് "

"അത് പിന്നെ ഇങ്ങളും ആ പടിഞ്ഞാറേ കുന്നുമ്മലെ സോമേട്ടന്റെ മോളുമായിട്ട് "

"ഏതു സോമൻ , ഏതു മോള് , ഇങ്യെന്താ ഇന്നെ ശശിയാക്കാ "

"ഇങ്ങള് ഓളെ കെട്ടാൻ പോകുന്നെന്നാണല്ലോ ഇവിടെ നാട്ടുകാര് മൊത്തം പറയുന്നത്"

അത് ശരി അപ്പൊ അതാണ് കാര്യം. ഞാൻ പോലുമറിയാതെ എന്റെ കല്യാണം ഞാൻ അറിയാത്ത, ഞാൻ കണ്ടിട്ടുപോലുമില്ലാത്ത ഏതോ ഒരു പെൺകുട്ടിയുമായി നാട്ടുകാര് നിശ്ചയിച്ചിരിക്കുന്നു. അടിപൊളി. 

കുടുംബ ശ്രീകൾ , കുടുംബ സ്ത്രീകൾക്ക് പരദൂഷണം പറയാൻ ഉള്ള ഒരിടമായി മാറിയ നമ്മുടെ നാട്ടിൽ ഇതല്ല ഇതിനപ്പുറവും കേട്ടാലേ അദ്ഭുതമുള്ളൂ . ഞങ്ങൾ രണ്ടാളും കൂടി ഒളിച്ചോടി എന്നൊന്നും അടിച്ചിറക്കാഞ്ഞത് ഭാഗ്യം. ഇതിപ്പോ എന്റെ കല്യാണക്കഥ അറിയാത്തവരായിട്ടു ഇതുവരെ ഞാനും എന്റെ അച്ഛനും , അമ്മയും മാത്രമേ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

എന്തായാലും എനിക്ക് കല്യാണം 'ഒണ്ടാക്കാനായി' നടക്കുന്ന (ചില) നാട്ടുകാരോട് പ്രത്യേകം പറഞ്ഞോട്ടെ. എന്നെ കല്യാണം കഴിപ്പിക്കാനും,  പെണ്ണ് കണ്ടുപിടിക്കാനും എന്റെ വീട്ടിൽ അച്ഛനും , അമ്മയും , കുടുംബക്കാരും ഉണ്ട്. അതിനു നിങ്ങൾ വെറുതെ കഷ്ടപ്പെട്ട് തടി കേടാക്കണം എന്നില്ല. 

ഈ നാട്ടുകാരൊക്കെ എന്താ ഇങ്ങനെ ? അതല്ലേലും അങ്ങനെയാ, മാങ്ങയുള്ള കൊമ്പിലല്ലേ എറിഞ്ഞിട്ടു കാര്യമുള്ളൂ..!!