"മൊയ്‌ദീനേ ആ ചെറിയേ സ്പേനർ ഇങ്ങെടുത്തേ..... ദിപ്പൊ ശെരിയാക്കിത്തരാ"
ശംഭുഅണ്ണൻ ടൂൾസുമായി വണ്ടിക്കടിയിലേക്ക് കേറിയിട്ടു സമയം കുറച്ചായി. രാത്രി എട്ട് കഴിഞ്ഞു. മധുര - തിരുനെൽവേലി ഹൈവേയിൽ കോവിൽപ്പട്ടിക്കടുത്തുള്ള ഒരു പെട്രോൾ പമ്പിന് മുൻപിൽ കുറച്ചു നേരമായി ഞങ്ങൾ കാത്തു കിടക്കുകയാണ്. വണ്ടി സ്റ്റാർട്ട് ആകുന്നില്ല. ഇനിയും പത്തിരുന്നൂറു കിലോമീറ്റർ ദൂരം പോകാനുണ്ട്. തിരുവനന്തപുരത്തു തിരിച്ചെത്തുമ്പോഴക്കും സമയം അർധരാത്രി കഴിയുമെന്ന കാര്യത്തിൽ ലവലേശമില്ല സംശയം. എന്തരാകുമോ എന്തോ !?
ചന്ദ്രയാൻ വിക്ഷേപണവും കഴിഞ്ഞു ശ്രീഹരിക്കോട്ടയിൽ നിന്ന് തിരിക്കുമ്പോൾ മനസ്സ് നിറയെ അടുത്ത ആഴ്ച പ്ലാൻ ചെയ്തിരിക്കുന്ന ട്രിപ്പിനെ കുറിച്ചായിരുന്നു. മണിമുത്താറിന് ശേഷം സഞ്ചാരി സുഹൃത്തുക്കളോടൊപ്പം വീണ്ടും ഒരു യാത്ര കൂടി. ഇത്തവണ സിരുമലയിലേക്കാണ്.
ദിണ്ടിഗലിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷൻ ആണ് സിരുമലൈ. രാമായണത്തിലും, തമിഴ് ഇതിഹാസങ്ങളിലൊന്നായ ചിലപ്പതികാരത്തിലും വരെ പ്രതിപാദിച്ചിട്ടുണ്ട് സിരുമലയെ കുറിച്ച്. ഹനുമാൻ മരുത്വാ മലയുമായി പോകുമ്പോൾ അടർന്നു വീണു രൂപം കൊണ്ടതാണീ പ്രദേശം എന്ന് പുരാണങ്ങൾ പറയുന്നു. എന്തായാലും സിരുമല ഔഷധ ഗുണമുള്ള ഒട്ടനവധി സസ്യലതാദികളെ ഇന്നും കാത്തുസൂക്ഷിക്കുന്നു. സിരുമലൈ വാഴപ്പഴം ഇക്കൂട്ടത്തിൽ പ്രശസ്തമാണ്.
ശനിയാഴ്ച പുലർച്ചെ അഞ്ചു മണിക്ക് തന്നെ ഞങ്ങളുടെ പ്രയാണം ആരംഭിച്ചു. സ്ത്രീകളും, കുട്ടികളുമടക്കം 20 പേർ ഒരു ബസ്സിൽ. പാലോട് - തെന്മല വഴിയാണ് പോയത്. കേരള ബോഡർ കടക്കും മുൻപ് തന്നെ പ്രഭാത ഭക്ഷണം കഴിച്ചു.
വണ്ടിയിൽ എല്ലാരും നല്ല എനർജിയിൽ ആണ്. അന്താക്ഷരിയും , ഡംഷറാഡ്സുമൊക്കെയായി സമയം പോയത് അറിഞ്ഞില്ല. ഉച്ചക്ക് മുൻപേ തന്നെ തെങ്കാശി എത്തി. സുന്ദരപാണ്ട്യപുരത്തെ അന്യൻ പാറ എന്ന പേരിൽ പ്രശസ്തമായ പുലിയൂർ പാറയിലേക്കാണ് ആദ്യം പോയത്. ശങ്കറിന്റെ അന്യൻ സിനിമയിലെ ചില സോങ് സീക്വന്സുകള് ഷൂട്ട് ചെയ്തത് ഇവിടെയാണ്, അങ്ങനെയാണ് പുലിയൂർ പാറ അന്യൻ പാറയായി പുനർനാമകരണം ചെയ്യപ്പെട്ടത്. ഷൂട്ടിങ്ങിനായി വലിയ പാറകളിൽ വരച്ച രജനികാന്തിന്റെയും, എം ജീ ആറിന്റെയും, ശിവാജി ഗണേശന്റെയുമെല്ലാം ചിത്രങ്ങൾ മഴയും വെയിലുമേറ്റിട്ടും മായാതെ നിൽക്കുന്നു. ചുറ്റും പരന്നു കിടക്കുന്ന പാടശേഖരം. ദൂരെ തലയുയർത്തി നിൽക്കുന്ന കാറ്റാടി യന്ത്രങ്ങൾ. സീസണുകളിൽ ഇവിടെ കൃഷിയിറങ്ങി പച്ച പുതച്ചു കിടക്കാറുണ്ടത്രെ. നിർഭാഗ്യവശാൽ ഞങ്ങൾക്കതു കാണാൻ കഴിഞ്ഞില്ല. നല്ല വെയിലുണ്ട്. അധിക നേരം അവിടെ നിന്നില്ല.
ഇതിനടുത്തു തന്നെയുള്ള കൃഷിയിടത്തിൽ സൂര്യകാന്തിപ്പൂക്കൾ വിടർന്നിട്ടുണ്ടത്രെ, അന്ന്യൻപാറയിൽ നിന്നിറങ്ങി ഞങ്ങൾ നേരെ പോയത് അങ്ങോട്ടാണ്. പല തവണയായി കാണണം എന്ന് വിചാരിച്ചിട്ടും കൈയെത്തും ദൂരത്തു വച്ച് നഷ്ടപ്പെട്ട ആ കാഴ്ച അങ്ങനെ നേരിട്ട് കാണാനായി. മഞ്ഞപ്പട്ടു വിരിച്ചപോലെ പരന്നൊഴുകിയിറങ്ങിയ സൂര്യകാന്തിപ്പൂക്കൾ. കൂട്ടിനു ചോളവും , ജമന്തിയും.
ആന കരിമ്പിൻതോട്ടത്തിൽ എന്ന കണക്കെ എല്ലാവരും സൂര്യകാന്തികൾക്കിടയിലേക്കിറങ്ങി. സൂര്യകാന്തിച്ചെടികൾ കണ്ട ആഹ്ളാദത്തിൽ മുകളിൽ എരിയുന്ന സൂര്യനെ ആരും വക വച്ചില്ല. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭവമാണ് സൂര്യകാന്തിപ്പാടം എനിക്ക് സമ്മാനിച്ചത്.
സിരുമലയിലേക്ക് ഇനിയുമേറെ സഞ്ചരിക്കാനുണ്ട് . ഉച്ചഭക്ഷണവും കഴിച്ചു വണ്ടി മുന്നോട്ടു നീങ്ങി. ഉച്ചമയക്കം എല്ലാവരെയും ബാധിച്ചിട്ടുണ്ട്. വൈകുന്നേരത്തെ ചായക്ക് സ്റ്റോപ്പ് ചെയ്യുന്നത് വരെ മിക്കവരും സൈലന്റ് മോഡിൽ ആയിരുന്നു. മധുരൈ ഹൈവേയിൽ സത്തൂരിലുള്ള Agraharah Cafe and Poornasree Restaurant -ഇന് മുൻപിൽ വണ്ടി നിർത്തി. ഈ റൂട്ടിൽ പോകുന്നവർ സമയം കിട്ടുവാണേൽ ഇവിടെ ഒന്ന് കേറി നോക്കണം. ചായയും പലഹാരങ്ങളും കിട്ടുന്ന, ഹൈവേയിൽ തന്നെയുള്ള ഒരു റെസ്റ്റോറന്റ് ആണിത്. എന്താന്നറിയില്ല ചായക്കും കടിക്കും അപാര രുചിയായിരുന്നു. റേറ്റ് ഒരൽപം കൂടുതലാണ്. പക്ഷെ കൊടുക്കുന്ന കാശിനു നൂറു ശതമാനം നീതി കിട്ടുന്നിടം. ഉള്ളിവടയും ഇലയടയും ഒരത്ഭുതമായി തോന്നിയത് ഇവിടെ വച്ചാണ്. ഒരു ചെറിയ ചായ കുടിക്കാൻ കേറിയിട്ടു അവസാനം മെനുവിൽ ഉള്ളത് മൊത്തം കഴിച്ചിട്ടാണ് ഞങ്ങൾ ഇറങ്ങിയത്.
വൈകീട്ട് ഏകദേശം ഏഴു മണിയോടെ സിരുമലയുടെ അടിവാരത്ത് എത്തി. ഇവിടുന്നു മുകളിൽ വരെ 18 ഹെയർ പിൻ വളവുകളാണുള്ളത്. പോകും വഴിയേ ഒരു വാച്ച് ടവർ ഉണ്ട്. അവിടെ കയറി നിന്നാൽ താഴെ വെളിച്ചത്തിൽ കുളിച്ചു കിടക്കുന്ന ഡിണ്ടിഗൽ നഗരത്തെ മുഴുക്കെ കാണാനാകും. അതൊരു ഒന്നൊന്നര കാഴ്ച തന്നെയാണ് കേട്ടോ. മറുവശത്തു കുന്നിനു മുകളിൽ നക്ഷത്രങ്ങൾ തെളിയിച്ച ആകാശം. ഇവിടെ ലൈറ്റ് പൊലൂഷൻ നന്നേ കുറവാണ്. നൈറ്റ് ഫോട്ടോഗ്രാഫിക്ക് പറ്റിയ ഇടം. ഒരു ട്രൈപോഡ് കയ്യിൽ കരുതാത്തത് മണ്ടത്തരമായിപ്പോയി എന്ന് തോന്നി. 18 ആം ഹെയർ പിന്നിനു മുകളിൽ ഉള്ള ഒരു ചെറിയ റിസോർട്ടിൽ ആണ് ഞങ്ങളുടെ താമസം. കുളിച്ചു ഡിന്നറും കഴിച്ചു എല്ലാവരും റിസോർട്ടിന്റെ മുറ്റത്തു ഒത്തുചേർന്നു. ക്യാമ്പ് ഫയറിനു മുൻപിൽ തങ്ങളുടെ യാത്രാ അനുഭവങ്ങൾ പങ്കുവച്ചു. അങ്ങനെ ആ രാത്രിയും കടന്നു പോയി.
നല്ല തണുപ്പ് , അതുകാരണം രാവിലെ അലാറം അടിക്കുന്നതിനു മുൻപേ തന്നെ എഴുന്നേറ്റു. അൽപ്പസമയം കഴിയുമ്പോഴേക്കും മറ്റുള്ളവരും ഉണർന്നിരുന്നു. ഒരു കാലിച്ചായയും അടിച്ചു ചെറിയൊരു പ്രഭാത സവാരിക്കിറങ്ങി. ചില മടിയന്മാർ അപ്പോഴും പുതച്ചു മൂടി കിടക്കുന്നുണ്ടായിരുന്നു.
സിരിമലൈ ഒരു ചെറിയ ഗ്രാമ പ്രദേശമാണ്, പക്ഷെ പരിസര ശുചിത്വം ഒരൽപം കുറവാണ്. രണ്ടു വശവും പൂക്കളുള്ള കുറ്റിച്ചെടികൾ നിറഞ്ഞ ആ ചെറിയ റോഡിലൂടെ ഞങ്ങൾ നടന്നു. നാട്ടിലെ റോഡിൽ പട്ടികളെ കാണുമ്പോലെ അവിടെ തുറന്നു വിട്ട കുതിരകളെ കാണാനുണ്ടായിരുന്നു. മരക്കൂപ്പിനു എതിർവശത്തുള്ള പറമ്പിൽ നാലഞ്ചു ആൺ മയിലുകൾ ഓടിക്കളിക്കുന്നു. ഒരു മണിക്കൂര് നീണ്ട ചുറ്റിക്കറങ്ങലിനൊടുവിൽ റിസോർട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും പ്രഭാത ഭക്ഷണം റെഡിയായിരുന്നു. ഇഡലിയും, ദോശയും, പൂരിയും ഒക്കെയായി നല്ല കേമമായിത്തന്നെ.
ഇനി സിരുമലയുടെ പീക്കിലേക്കാണ് യാത്ര. കുറച്ചു ദൂരം വണ്ടിയിൽ പോകാം അത് കഴിഞ്ഞാൽ ട്രെക്കിങ്ങ് തന്നെ വേണം. കുറച്ചു ദൂരം കയറാനുണ്ടെങ്കിലും, വലിയ ബുദ്ധിമുട്ടുള്ളതല്ല കയറ്റം. കുട്ടികൾക്കും പ്രായമായവർക്കും വരെ കയറിച്ചെല്ലാം. തുടക്കത്തിൽ വഴി തെറ്റിയെങ്കിലും, അന്നാട്ടുകാരനായ ഒരു ചെറിയ കുട്ടി അത് തിരുത്തിത്തന്നു. മുകളിലേക്ക് കയറും തോറും ചുറ്റുമുള്ള കുന്നുകൾ വ്യക്തതയോടെ ദൃശ്യമായി. കുന്നു കേറി ചെന്നാൽ കാണുന്നത് ഒരു ചെറിയ ശിവ ക്ഷേത്രമാണ്. ഒപ്പം നാഗ പ്രതിഷ്ടയും ഉണ്ട്. മറ്റുള്ളവ എന്തൊക്കെയാണെന്ന് എനിക്ക് മനസ്സിലായില്ല. ക്ഷേത്രത്തിന്റെ മറ്റേ വശം ഒരു കിടിലൻ വ്യൂ പോയിന്റാണ്. ചുറ്റും കണ്ണെത്താ ദൂരത്തിൽ നിറയെ മല നിരകൾ. ഡിണ്ടിഗൽ നഗരവും പ്രാന്ത പ്രദേശങ്ങളും ചെറുതായിക്കാണാം. അതിനിടയിൽ ഡിണ്ടിഗൽ ഫോർട്ട് കണ്ടുപിടിക്കാനുള്ള ഒരു ശ്രമം ഞാൻ നടത്തി. പക്ഷെ നിരാശയായിരുന്നു ഫലം. ഈ കുന്നുകളെ നോക്കി എത്ര നേരം വേണമെങ്കിലും ഇങ്ങനെ ഇരിക്കാമെന്നു തോന്നിപ്പോയി.
സമയം ഒരു മണി കഴിഞ്ഞു. തിരിച്ചിറങ്ങണം. അല്ലെങ്കിൽ തിരുവനന്തപുരം ചെന്നെത്തുമ്പോഴേക്കും നേരം ഒരുപാടാകും. ഞങ്ങൾ താഴേക്ക് നടന്നു. റിസോർട്ടിൽ നിന്ന് നല്ല കിണ്ണം കാച്ചിയ ഡിണ്ടിഗൽ മട്ടൻ ബിരിയാണിയും കഴിച്ചു മടക്ക യാത്ര തുടങ്ങി. വരും വഴിയേ മധുര - തിരുനെൽവേലി ഹൈവേയിൽ വച്ച് ബസ്സ് ചെറുതായൊന്നു പണി മുടക്കി. സ്റ്റാർട്ട് ആവുന്നില്ല. ഭാഗ്യത്തിന് ഒരു പെട്രോൾ പമ്പിൽ വച്ചായിരുന്നു അത്. ഡ്രൈവർ ശംഭുവണ്ണൻ സമയയോചിതമായി നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ വണ്ടിക്ക് വീണ്ടും ജീവൻ വച്ചു. പെട്രോളടിക്കാൻ പമ്പിൽ വന്ന ഒരു ലോറിയിലെ ഡ്രൈവറാണ് ബാറ്ററിയിലേക്കുള്ള വയറു കെട്ടി വെക്കാൻ ഇൻസുലേഷൻ ടേപ്പ് തന്നു ഞങ്ങളെ സഹായിച്ചത്. വണ്ടി റെഡിയായി കുറച്ചു ദൂരം പിന്നിട്ടതേ ഉള്ളൂ ദേ കിടക്കുന്ന ആ ചേട്ടന്റെ വണ്ടിയും ബ്രേക്ക്ഡൗൺ ആയി വഴിയിൽ. ഞങ്ങൾ എല്ലാരും ബസ്സിൽ നിന്നിറങ്ങി ലോറി തള്ളി സ്റ്റാർട്ടാക്കാൻ സഹായിച്ചു. അല്ലേലും തള്ളാൻ മിടുക്കന്മ്മാരാണെന്നു തെളിയിച്ചവരായിരുന്നു ഞങ്ങടെ വണ്ടി നിറയെ ;)
പത്തു മണിയോടെ രാത്രി ഭക്ഷണം കഴിച്ചു. ഇനി നേരെ തിരുവനന്തപുരത്തേക്ക്. രണ്ടു ദിവസത്തെ യാത്രയിൽ എല്ലാവരും ഒരു കുടുംബത്തിലേതെന്ന പോലെ ആയിമാറിയിരിക്കുന്നു. ഞങ്ങളുടെ ഡ്രൈവർ ചേട്ടൻ വരെ അതിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഈ യാത്ര ഇവിടെ അവസാനിക്കുന്നതിൽ നല്ല വിഷമം തോന്നി. ഉറക്കം കണ്ണുകളിൽ ഊഞ്ഞാല് കെട്ടുന്നു. ഞാൻ പതിയെ മയക്കത്തിലേക്ക് വീണു.