Friday, December 6, 2019

മേഘാലയ – “മനം മയക്കുന്ന മഹാത്ഭുതം” - Travelogue Part-4

Dawki river

Day-6 മോളിനോങ് (Mawlynnong), ദൗക്കി (Dawki)

Mawlynongഇത് ഈ യാത്രയുടെ ആറാമത്തെ ദിവസമാണ്. ഇന്നത്തെ ആദ്യ ലക്ഷ്യസ്ഥാനം മോളിനോങാണ്.  ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലമാണ് ഈ പറഞ്ഞ മോളിനോങ്. മേഘാലയയിലെ സ്ഥലങ്ങളൊക്കെ പൊതുവെ നല്ല വൃത്തിയുള്ളവയാണ്. അതുക്കും മേലെയുള്ള ഒരു പ്രദേശം, അതെങ്ങനെയിരിക്കുമെന്നറിയാൻ ശരിക്കും ആകാംക്ഷയുണ്ട്. അതിനുശേഷം പോകാൻ ഉദ്ദേശിക്കുന്നത് Transparent River എന്നറിയപ്പെടുന്ന ദൗകി നദിയിലേക്കാണ്. ഇന്ത്യ -ബംഗ്ലാദേശ് അതിർത്തിയിലൂടെ ഒഴുകുന്ന ദൗകി അടിത്തട്ടുവരെ കാണാവുന്നത്ര ക്‌ളീൻ ആണ്.

പതിവുപോലെ നേരം പുലർന്നപ്പോൾ തന്നെ യാത്ര തുടങ്ങി. ഷില്ലോങ്ങിൽ നിന്ന് മോളിനോങ് വരെ ഏകദേശം 80-കിലോമീറ്ററോളം ഉണ്ട്. സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് പോലീസ് ബസാറിലെ മേഘാലയ ടൂറിസത്തിന്റെ ഓഫീസിൽ ബന്ധപ്പെട്ടാൽ മോളിനോങ് -ദൗക്കി ഏകദിന യാത്രയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കുന്നിൽ ചെരുവിലൂടെ മുകളിലേക്ക് കേറിക്കേറിയുള്ള യാത്ര ഒരു പുതിയ അനുഭവമായിരുന്നു. ഇവിടെയും വഴി ഒട്ടുമിക്കയിടത്തും വിജനമാണ്. ഇടക്കിടെ കാണുന്ന ചെറിയ ടൗണുകളിൽ മാത്രമേ ആളുകളെ കാണാനുള്ളൂ. മികച്ച നിലവാരമുള്ള റോഡാണ് മോളിനോങ്ങിലേക്ക്, പക്ഷെ അവസാന പത്തു കിലോമീറ്റർ അൽപ്പം മോശമാണ്. പോകും വഴി പ്രായമുള്ള രണ്ടു സ്ത്രീകൾ വണ്ടിക്ക് കൈ കാണിച്ചു. ഇവിടെ പൊതുഗതാഗതസംവിധാനം കുറവാണ്. അതിനാൽ മോളിനോങ്ങിലേക്ക് പോകുന്ന ടാക്സികളെയാണ് ഇവിടുത്തുകാർ  ആശ്രയിക്കുന്നത്. ഇവരിൽ ഒരാളുടെ മകൻ ബാംഗളൂരിൽ അപ്പോളോ ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുകയാണത്രെ. ഞങ്ങൾ അങ്ങ് തെക്ക് കേരളത്തിൽനിന്ന് വരുന്നവരാണെന്നറിഞ്ഞപ്പോൾ അവർ ശരിക്കും ആശ്ചര്യപ്പെട്ടു. വീടിനു മുന്നിൽ വണ്ടി നിർത്തിയിറങ്ങിയപ്പോൾ പ്രതിഫലമായി ഒരു പത്തിന്റെയോ, ഇരുപത്തിന്റെയോ നോട്ട് ചുരുട്ടി ഞങ്ങൾക്ക് തന്നു. പൈസ സ്നേഹത്തോടെ തിരിച്ചുകൊടുത്തു ഞങ്ങൾ യാത്ര പറഞ്ഞു.

Mawlynong
മോളിനോങ് , കണ്ടാൽ ഒരു ഗ്രാമം തന്നെയാണോ എന്ന് സംശയിച്ചു പോകും. വളരെ കുറഞ്ഞ വിസ്തൃതിയേ ഉള്ളൂവെങ്കിലും അതിനകത്തെ റോഡുകളും, കടകളും ഒരു ചെറിയ വിദൂര ടൗൺ പോലെ തോന്നിച്ചു. വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ മുന്നോട്ടു നടന്നു. ബംഗ്ലാദേശ് ബോർഡറിനോടടുത്താണ് മോളിനോങ് . മുന്നിൽ ഒരു വലിയ ഏറുമാടം കണ്ടു . അതിൻ്റെ മുകളിൽ ചെന്നാൽ ബംഗ്ലാദേശിന്റെ വിദൂര ദൃശ്യം കാണാം. പക്ഷെ അതൊരു പ്രൈവറ്റ് ഹോം സ്റ്റേയ്ക്കകത്തായതിനാൽ കാണാൻ സാധിച്ചില്ല. റോഡ് ചെന്നവസാനിക്കുന്നത് ഒരു പാർക്കിങ് ഗ്രൗണ്ട് പോലെ തോന്നിച്ച ഒരിടത്താണ്. ചുറ്റിലും ഹോം സ്റ്റേകളും , റെസ്റ്റോറന്റുകളും ഉണ്ട്. സമയം ഒൻപതായി. ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. ഇവിടുത്തെ റസ്റ്റോറന്റുകൾ മിക്കതും തുറന്നിട്ടില്ല. അവസാനം ഒരു കടയിൽ നിന്ന് ഓംലെറ്റും , ബ്രെഡും കഴിച്ചു. പക്ഷെ ഒടുക്കത്തെ റേറ്റായിരുന്നു. അവിടെവച്ച് ഒരു ബീഹാറുകാരൻ ട്രാവൽ ഗൈഡിനെ കണ്ടുമുട്ടി. പുള്ളി കേരളത്തിലൊക്കെ വന്നിട്ടുണ്ട്. രാവിലെയായതിനാൽ മറ്റു സന്ദർശകർ മറ്റാരുംതന്നെ ഇല്ലായിരുന്നു. ഞാനും മനുവും കൂട്ടി ഗ്രാമം ചുറ്റിക്കാണാൻ തുടങ്ങി. നമ്മുടെ നാടിനെ വച്ച് താരതമ്യം ചെയ്‌താൽ ഇവിടം സ്വർഗ്ഗമാണു. ചപ്പും ചവറും, പ്ലാസ്റ്റിക്കും , വേസ്റ്റും ഒന്നുമില്ലാത്ത ഒരു നാട്. ഇവിടുത്തെ നിയമപ്രകാരം പുറത്തുനിന്നുവരുന്നവർ ഒരു വിധത്തിലുള്ള വേസ്റ്റും ഇവിടെ ഇട്ടിട്ടുപോകാൻ  പാടില്ല. പ്ലാസ്റ്റിക്ക് വേസ്റ്റുകൾ വേസ്റ് ബിന്നിൽ പോലും ഇടാൻപാടില്ല. എല്ലാം തിരിച്ചു കൊണ്ടുപോയേക്കണം. ഗ്രാമത്തിലെ ഒട്ടുമിക്ക വീടുകളും ഇപ്പോൾ ഹോം സ്റ്റേ ആക്കിമാറ്റിയിട്ടുണ്ട്. എല്ലാവീടുകളുടെ മുന്നിലും മുളകൊണ്ടുള്ള പൂക്കൂടപോലുള്ള കുട്ടകൾ വച്ചിട്ടുണ്ട്. അത് പക്ഷെ ഇവിടുത്തെ ചവറ്റുകുട്ടയാണ്. വീടുകളുടെ മുൻപിലെല്ലാം മികച്ച പൂന്തോട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. എവിടെ നോക്കിയാലും പൂക്കളാണ്. റോഡിന്റെ വശങ്ങളിലും, കടകളുടെ മുൻപിലും, അങ്ങനെയങ്ങനെ. ഒന്നൊന്നര മണിക്കൂറിനുള്ളിൽ ഗ്രാമം മുഴുവൻ ചുറ്റിക്കാണാൻ കഴിഞ്ഞു. ഒരു ദിവസം ഇവിടുത്തെ ഹോം സ്റ്റേയിൽ താമസിച്ചാൽ കൊള്ളാമെന്നു തോന്നി. പക്ഷെ ഇത്തവണ സമയമില്ല. അത് അടുത്ത വരവിന്. പാർക്കിങ് ലോട്ടിലെ കടകളിൽ നിന്ന് കുറച്ചു ഗിഫ്റ്റുകൾ വാങ്ങിച്ചു. മേഘാലയൻ യാത്രയുടെ ഓർമ്മക്കായി.

Riwai Village
Riwai Villageദൗകി നടിയായിരുന്നു അടുത്ത ലക്‌ഷ്യം പക്ഷെ ഇവിടെയടുത്തു റിവായ്‌ (Riwai Village) എന്ന മറ്റൊരു ഗ്രാമമുണ്ട്. ദൗക്കിപോകും വഴി അവിടം കൂടി ഒന്ന് സന്ദശിച്ചുപോയേക്കാം എന്ന് കരുതി. മോളിനോങ്ങിൽ നിന്ന് ഒരു എട്ടുപത്തു കിലോമീറ്ററേയുള്ളൂ റിവായിലേക്ക്. ബംഗ്ലാദേശ് വ്യൂ പോയിന്റാണ് ഇവിടുത്തെ മുഖ്യ ആകർഷണം.  ടിക്കറ്റെടുത്തു കയറി. മുളകൊണ്ട് നിർമ്മിച്ച ഒരു വലിയ ഏറുമാടം , അതിന്റെ മുകളിൽ കയറിച്ചെന്നാൽ അങ്ങ് ദൂരെ ബംഗ്ലാദേശിന്റെ സമതലങ്ങൾ കാണാം. ബംഗ്ലാദേശിൽ ഇപ്പോൾ വെള്ളപ്പൊക്കം നടക്കുകയാണ്. അതുകൊണ്ടാണോ എന്നറിയില്ല ,  സമതലങ്ങളിൽ നിറയെ വെള്ളം കാണപ്പെട്ടു. മോളിനോങ്ങിൽ മിസ് ചെയ്ത ബംഗ്ലാദേശ് വ്യൂ അങ്ങനെ റിവായിൽ തിരികെ കിട്ടി. ഏറുമാടത്തിന്റെ മുകളിൽ നിന്നാൽ കാണുന്നവയിൽ ഭൂരിഭാഗവും ഖാസി കുന്നുകളും , ചിറാപുഞ്ചിയുടെ ഭാഗങ്ങളുമാണ്. അതിൻ്റെ ഇടത്തെ കോണിലാണ് ബംഗ്ലാദേശ്. പക്ഷെ ഇവിടെ ദിശാസൂചികകൾ ഒന്നും കൊടുത്തിട്ടില്ല. വരുന്നവർ പലരും ഖാസി കുന്നുകൾ കണ്ട് ബംഗ്ലാദേശ് എന്ന് തെറ്റിദ്ധരിച്ചു തിരിച്ചുപോകാനാണ് സാധ്യത. ഗൂഗിൾ മാപ്പും , കോമ്പസുമൊക്കെ ഉപയോഗിച്ചാണ് ഞങ്ങൾ ബംഗ്ലാദേശ് കണ്ടുപിടിച്ചത്.

റിവായിൽ ഒട്ടനവധി ലിവിങ് റൂട്ട് ബ്രിഡ്ജുകൾ ഉണ്ട്. നോൺഗ്രിയാറ്റിലെ ട്രെക്കിങ്ങ് ബുദ്ധിമുട്ടായി തോന്നുന്നവർക്ക് റൂട്ട് ബ്രിഡ്ജ് കാണണമെങ്കിൽ ഇവിടെ വന്നാൽ മതി. റിവായിൽ നിന്ന് തിരിച്ചു പോകും വഴി ഒരു റൂട്ട് ബ്രിഡ്ജിൽ കൂട്ടിക്കയറി. ഒരു മലയാളി കുടുംബത്തെ അവിടെ കണ്ടു. ഷില്ലോങ്ങിൽ ജോലി ചെയ്യുന്ന രണ്ടു പട്ടാളക്കാരും കുടുംബവുമാണ്.

Dawki river
ഇനി നേരെ ദൗക്കി പിടിക്കണം. പടിഞ്ഞാറൻ ജൈന്ത്യാ ജില്ലയിലെ ഒരു ചെറിയ ടൗൺ ആണ് ദൗക്കി. റിവായിൽ നിന്ന് ഒരു 25 കിലോമീറ്റർ ദൂരം വരും. സമയം ഉച്ച കഴിഞ്ഞു. വഴിയിൽ നിന്ന് കഴിച്ച പൈനാപ്പിളും , റിവായിൽ നിന്ന് വാങ്ങിച്ച മള്ബറിയുമാണ് ഇന്നത്തെ ഉച്ചഭക്ഷണം. അതുവരെ പോയ രണ്ട് വരിപ്പാത ദൗക്കിയിൽ എത്താൻ നേരം കഷ്ടിച്ചു രണ്ടുവാഹങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാൻ പാകത്തിന് ചെറുതായി വന്നു. ദൗക്കിക്ക് ഒരു കിലോമീറ്റർ മുൻപേ തന്നെ ആളുകൾ ബോട്ടിങ് ചെയ്യണോ എന്നും ചോദിച്ച് വണ്ടിക്ക് കൈകാണിച്ചു തുടങ്ങി. ടൂറിസ്റ്റുകളെ ചാക്കിട്ടുപിടിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ദൗക്കി നദിയും , ദൗക്കി പാലവും കാണാറായി. ദൗക്കി പാലം ഒരു അത്ഭുതം തന്നെയാണ്. 1932-ൽ ബ്രിട്ടീഷുകാർ നിര്മിച്ചതാണീ പാലം. ഏകദേശം മുന്നൂറു മീറ്ററിലധികം നീളമുണ്ടിതിന്. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ഒരു സിംഗിൾ പോയിന്റ് കണക്ഷനാണീ ഉരുക്കുനിർമ്മിത തൂക്കുപാലം. പാലത്തിന്റെ മറുഭാഗം ബംഗ്ലാദേശാണ്. തന്ത്രപ്രധാനമായ സ്ഥലമായതിനാൽ ഇവിടെ ഫോട്ടോഗ്രാഫി അനുവദനീയമല്ല. പാലത്തിൽ വണ്ടി നിർത്താനും പാടില്ല.ഒപ്പം  ഓവർ ടേക്കിങ്ങും. ഞങ്ങൾ ദൗക്കി പാലം കടന്നു മറുവശത്തെത്തി. പാലത്തിലൂടെ ഒരു സമയം ഒരേ ദിശയിൽ മാത്രമേ വണ്ടികൾ കടത്തി വിടുന്നുള്ളൂ. രണ്ട് പട്ടാളക്കാർ ഇരുവശത്തും നിന്നാണ് ഇവിടുത്തെ ഗതാഗതം നിയന്ത്രിക്കുന്നത്. വളരെ ഇടുങ്ങിയതാണീ പാലം. പാലം കടന്നാൽ പിന്നെ ഒരു വണ്ടിക്ക് പോകാനുള്ള സ്ഥലമേയുള്ളൂ. വലിയ ട്രെക്കുകൾ എതിരെ വന്നാൽ പിന്നെ മുന്നോട്ടുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. കുറച്ചു കൂടി മുന്നോട്ടു പോയാൽ ബംഗ്ലാദേശ് ആയി. അവിടെ ചെക്‌പോസ്റ്റിൽ ബംഗ്ലാദേശ് പട്ടാളക്കാർ നിൽക്കുന്നുണ്ട്. ഫോണിൽ വൊഡാഫോൺ മാറി ബംഗ്ലാദേശിലെ ഗ്രാമീൺ ഫോണിന്റെ സിഗ്നലുകൾ ലഭിച്ചു തുടങ്ങി. അങ്ങനെ ആദ്യമായി എൻ്റെ ഫോൺ ഇൻറർനാഷനൽ റോമിങ് കണ്ടു. ട്രാഫിക്ക് രൂക്ഷമായതിനാൽ ഞങ്ങൾ പെട്ടെന്ന് തിരിച്ചു പോന്നു. ദൗക്കി പാലം തിരിച്ചു കടന്നു ഇപ്പുറം വന്നു. വണ്ടി പാർക്ക് ചെയ്യാൻ ഒരു പയ്യൻ ചോദിക്കുകപോലും ചെയ്യാതെ സഹായിച്ചു. ഇയാളുടെ അനിയൻ ഒരു വഞ്ചിക്കാരനാണ് (Sam Raimi, Contact: 81328 47026), ബോട്ടിങ്ങിനു ആളെ പിടിക്കാനുള്ള അടവാണിതൊക്കെ. 

Dawki river
വണ്ടി പാർക്ക് ചെയ്തു താഴേക്കിറങ്ങിച്ചെന്നു. ദൗക്കി നദിയിൽ നിറയെ വഞ്ചികളാണ്.  മീൻ പിടിക്കുന്നവരും , സഞ്ചാരികളും.  600-700 രൂപയാണ് 15-20 മിനുട്ട് നീണ്ടുനിൽക്കുന്ന ബോട്ടിങ്ങിന്റെ ചാർജ്. മരംകൊണ്ട് നിർമ്മിച്ച നീളംകുറഞ്ഞ , വീതിയേറിയ വഞ്ചികൾ ദൗക്കിയിൽ തലങ്ങും വിലങ്ങും പായുന്നു. മഴക്കാലമായതിനാൽ ദൗക്കി പൂർണമായും സുതാര്യമായിട്ടില്ല. നവംബർ -ഡിസംബർ മാസമാണ് ദൗക്കി സന്ദർശിക്കാൻ ഏറ്റവും ഉചിതം. ആഴം കുറഞ്ഞിടങ്ങളിൽ അടിത്തട്ടുവരെ ക്ലിയറായി കാണാനുണ്ടായിരുന്നു. വെള്ളം തെളിഞ്ഞിരുന്ന ഈ ഭാഗങ്ങളിൽ വഞ്ചികൾ നദിക്ക് മുകളിൽ വെള്ളത്തിൽ തൊടാതെ സഞ്ചരിക്കുന്നതായി തോന്നി. നദിയുടെ മറുകരയിൽ നിറയെ മീൻ പിടുത്തക്കാരാണ്. പാറക്കെട്ടുകൾക്കിടയിൽനിന്ന് നദിയിലേക്ക് നീളുന്ന ചൂണ്ടക്കയറുകൾ. ചൂണ്ടക്കൊളുത്തിൽ ഇരയെക്കോർത്തു  കാത്തിരിക്കുന്നവർ.  നദിയുടെ വലത്തേ അറ്റത്ത് ഒരു വലിയ പാറ കാണാം. ഒരു ഒറ്റക്കൊമ്പനെക്കണക്കെ. ബംഗ്ലാദേശുമായുള്ള അതിർത്തി നിർണ്ണയിക്കുന്നത് ഈ പാറയാണ്. അപ്പുറത്ത് ബംഗ്ലാദേശികളും , ഇപ്പുറത്ത് ഇൻഡ്യാക്കാരും. അതിർത്തി മാറിക്കയറുന്നവരെ ഒരു പട്ടാളക്കാരൻ ശകാരിച്ചു തിരികെ അയക്കുന്നു. ബംഗ്ലാദേശികൾ വലിയ വായിൽ ശബ്ദമുണ്ടാക്കുന്നു. മുകളിൽക്കയറി റോഡിൽ നിന്നാൽക്കാണുന്ന ദൗക്കിയുടെ വൈകുന്നേരക്കാഴ്ച നയന മനോഹരമാണ്. പല നിറത്തിലുള്ള വഞ്ചികൾ ദൗക്കിയെ അലങ്കരിക്കുന്നു. നല്ല വിശപ്പ് , ഉച്ച ഭക്ഷണം ഇനിയും കഴിച്ചിട്ടില്ല. ദൗക്കിയിൽ നിന്ന് പൈനാപ്പിൾ കഴിച്ചു. പിന്നെ തിരിച്ചു വരുന്ന വഴിയിൽ ചായയും കടിയും. ഏതാണ്ട് നമ്മുടെ നാട്ടിലെ നെയ്യപ്പം പോലൊരു സാധനമാണ് കഴിച്ചത്. പക്ഷെ മധുരം കുറവാണ്.

Dawki river
ഷില്ലോങ്ങിൽ തിരിച്ചെത്താറായി , സമയം നാലുകഴിഞ്ഞു.  ട്രഡീഷണൽ മേഘാലയ ഫുഡിന് പേര് കേട്ട ഒരു സ്ഥലത്തെ കുറിച്ച് ഇന്നലെ നോൺഗ്രിയാറ്റിലെ ട്രെക്കിങ്ങിനിടയിൽ ടെഡി പറഞ്ഞിരുന്നു. അത് ഇവിടെ അടുത്ത് എവിടെയോ ആണ്. ഒയോ സിൽവർ ബ്രൂക്ക്  (OYO 19688 Silver Brook Resort) റിസോർട്ടാണ് ലാൻഡ്മാർക്ക് ആയി പറഞ്ഞിരുന്നത്. ഭാഗ്യം പോകും വഴിയേ സ്ഥലം കണ്ടു. റിസോർട്ടിനടുത്ത് MN Store, Mylliem Madan ling Syiem എന്ന് ബോർഡ് വച്ച ഒരു കടയുണ്ട്. പുറത്തുനിന്നും കണ്ടാൽ ഒരു ഹോട്ടൽ ആണെന്ന് തോന്നുകയില്ല. ഒരു ഫിഷ് താലി ഓർഡർ ചെയ്തു. ഇന്നലെ ടിർണ്ണയിൽ കഴിച്ചതുപോലെയുള്ള ഊണ് , ഒപ്പം മീൻ വറുത്തതും, മുളകരച്ച മീൻ ചമ്മന്തിയും. മേഘാലയിൽ സാധാരണ ആളുകൾ പോലും സ്പൂൺ ഉപയോഗിച്ചാണ് ചോറ് കഴിച്ചു കാണുന്നത്. അത് ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കി. പാമ്പിനെ തിന്നുന്നവരുടെ നാട്ടിൽ നടുക്കഷ്ണം തിന്നണം എന്നല്ലേ. ബീഫ് വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഞങ്ങൾ ബീഫ് കഴിക്കും എന്ന് കേട്ടപ്പോൾ കടയിൽ നിന്ന ചേച്ചിക്ക് അത്ഭുതം. പൊതുവെ പുറമെ നിന്ന് വരുന്നവർ എല്ലാവരും ബീഫ് വിരോധികൾ ആണെന്നാണ്‌ പാവം വിചാരിച്ചു വെച്ചിരിക്കുന്നത്. ആസ്സാമീസ് ഊണിനെ അപേക്ഷിച്ച് വിഭവങ്ങൾ കുറവാണ് മേഘാലയയിലെ ഭക്ഷണത്തിൽ. ഊണിനൊപ്പം മുളകും , ഉള്ളിയും സലാഡ് പോലെ വിളമ്പുന്നരീതിയും പൊതുവെ എല്ലായിടത്തും കണ്ടുവരുന്നു. ഊണ് കുശാൽ. ബിൽ പേ ചെയ്തു പുറത്തേക്കിറങ്ങി. മടങ്ങും വഴി സിൽവർ ബ്രൂക്കിലേക്ക് ഒന്നെത്തിനോക്കി. ഒരുബാക്ക് പാക്കേഴ്സ് ഹോസ്റ്റൽ കൂടിയാണ് ഈ റിസോർട്ട്. ഒപ്പം ക്യംപിങിനും , ടെന്റടിക്കാനുമൊക്കെയുള്ള സൗകര്യവും ഇവിടെ ഉണ്ട്. 
അങ്ങനെ ഇന്നത്തെ ദിവസം ഇവിടെ തീരുന്നു. നാളെ ഷില്ലോങ്ങിനോട് വിട പറയും.

Day-7 ഉമിയം തടാകം (Umiam Lake), ഡോൺ ബോസ്‌കോ (Don Bosco) Museum

ഷില്ലോങ്ങിലെ ആദ്യദിവസത്തെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ സ്ഥലമായിരുന്നു ഉമിയം തടാകം. ഞങ്ങളുടെ ഗസ്റ്റ് ഹൌസിൽ നിന്ന് വളരെ അടുത്താണിത്. എന്നാൽ സമയ പരിമിതി മൂലം സന്ദർശനം സാധ്യമായില്ല. ഇന്നത്തെ ദിവസം കൂടുതൽ സ്ഥലങ്ങൾ പ്ലാൻ ചെയ്യാതിരുന്നതിനാൽ ആദ്യം തന്നെ  ഉമിയം  കാണാൻ പോയേക്കാം എന്ന് കരുതി

Umium Lake
ഗുവാഹത്തി -ഷില്ലോങ് പാതയിൽ ഷില്ലോങ് എത്തുന്നതിനു ഒരു പത്ത് - പതിനഞ്ചു കിലോമീറ്റർ മുൻപാണ് ഉമിയം. ശരിക്കും പറഞ്ഞാൽ ഉമിയം ഡാമിന്റെ റിസെർവോയർ ആണ് ഈ തടാകം. ഇതിന്റെ വിശാലതയും , ഭംഗിയും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ബോട്ടിങ് , കയാക്കിങ് സൗകര്യങ്ങളൊക്കെ ഇവിടെയുണ്ട്. ഇവിടുത്തെ പ്രധാന ആകർഷണം, തടാകത്തിനു നടുവിലുള്ള ഒരു ചെറിയ തുരുത്താണ്.  ഇവിടേക്കും ബോട്ടിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്. വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണിവിടം. ഇന്നലെ വൈകുന്നേരം ഇത് വഴി വന്നപ്പോൾ ഉമിയത്തിന്റെ പശ്ചാത്തലത്തിൽ ആകാശം കാണാൻ നല്ല ബാക്കിയുണ്ടായിരുന്നു. ഒരു HDR ചിത്രം കണക്കെ. ഉമിയും തടാകത്തിന്റെ
ഒരു ഭാഗത്തുകൂടിയാണ് ഷില്ലോങ് പാത കയറിപ്പോകുന്നത്. പാതയുടെ ഒരു ഭാഗത്തു നിറയെ താൽക്കാലികമായി നിർമ്മിച്ച കടകളുണ്ട്. ചായയും , കാപ്പിയുമൊക്കെ കിട്ടുന്നവ. ഉമിയത്തിന്റെ വശങ്ങളിൽ വളർന്ന മരങ്ങളിൽ ഏറുമാടം കണക്കെയാണിവ കെട്ടിയുണ്ടാക്കിയത്. ഒന്നോ രണ്ടോ മരക്കുറ്റികളുടെ ബലത്തിൽ മാത്രം നിലനിൽക്കുന്നവ. അതിനുള്ളിൽ കേറി നിൽക്കുന്ന കാര്യം ആലോചിച്ചാൽ തന്നെ പേടിയാകും. ഭാഗ്യത്തിന് നമ്മൾ പുറത്തു നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. കടക്കാരൻ മാത്രമേ ഉള്ളിൽ നില്കുന്നുള്ളൂ. അയാൾക്കിതൊക്കെ വെറും നിസ്സാരം.  അൽപ്പനേരം ഉമിയത്തിൽ ചിലവഴിച്ചു ഞങ്ങൾ ഡോൺ ബോസ്കോ മ്യൂസിയം കാണാൻ പുറപ്പെട്ടു.

Donbosco museum
ഷില്ലോങ് നഗരത്തിനുള്ളിൽ തന്നെയാണ് ഈ മ്യൂസിയം. വാർഡ്‌സ് ലേക്കിൽ നിന്ന് ഒരു നാലോ അഞ്ചോ കിലോമീറ്റർ മാത്രം. ഷില്ലോങ്ങിൽ നല്ല തിരക്കുണ്ട്. ഞങ്ങളുടെ വാഹനം ഒച്ചിഴയും പോലെയാണ് മുന്നോട്ടു നീങ്ങുന്നത്. ക്ലച്ചിലും , ബ്രേക്കിലും മാറി മാറി അമർത്തി കാലു വേദനയെടുത്തു തുടങ്ങി. ഇത്തവണയും പതിവുപോലെ ഗൂഗിൾ മാപ്പ് ചതിച്ചു. വന്ന സ്ഥലത്തുകൂടി രണ്ടു മൂന്നു തവണ ചുറ്റിക്കറങ്ങിയിട്ടും മ്യൂസിയം കാണുന്നില്ല. പോരാത്തതിന് വളരെ ഇടുങ്ങിയ റോഡും. അവസാനം വഴിയിൽ കണ്ടവരോട് ചോദിച്ചു മ്യൂസിയത്തിന്റെ ലൊക്കേഷൻ മനസ്സിലാക്കി.

DON BOSCO CENTRE FOR INDIGENOUS CULTURES -ന്റെ നിയന്ത്രണത്തിൽ , ഏഴു നിലകളിലായി , ഏകദേശം 56000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഉള്ള ഒരു വലിയ മ്യൂസിയമാണ്‌ ഡോൺ ബോസ്കോ. 2003 മുതലാണ് ഈ മ്യൂസിയം പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമായത്. ഫാദർ മനോജ് ചുരുളിയിൽ എന്ന മലയാളി വൈദികനാണ് ഇതിന്റെ ഇപ്പോഴത്തെ ഡയറക്ടർ.  മ്യൂസിയത്തിന്റെ പേരും , ചരിത്രവും കേട്ടപ്പോൾ വെറുമൊരു ക്രിസ്ത്യൻ മിഷനറി മ്യൂസിയം ആയിരിക്കും എന്നാണ് കരുതിയത്. പക്ഷെ ടിക്കറ്റ് എടുത്തു ഉള്ളിൽ കയറിയപ്പോഴാണ് ആദ്യം ദിവസം കണ്ട ആസ്സാം സ്റ്റേറ്റ് മ്യൂസിയതിനെയൊക്കെ എടുത്തു കിണറ്റിലെറിയാൻ തോന്നിയത്. ഹൈദരാബാദിലെ സലാർജംഗ് മ്യൂസിയം കഴിഞ്ഞാൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മ്യൂസിയമാണ് ഡോൺ ബോസ്കോ. വളരെ പ്രൊഫഷണൽ ആയി ഒരുക്കി , മെയിന്റയിൻ ചെയ്തു പോരുന്ന ഈ മ്യൂസിയം, നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്. നോർത്ത് ഈസ്റ്റിന്റെ മുഴുവൻ ചരിത്രം തന്നെ ഈ ഏഴു നിലകളിൽ അനാവരണം ചെയ്യുന്നു. 100 രൂപയാണ് ഒരാൾക്ക് എൻട്രി ഫീ. ക്യാമറക്ക് പ്രത്യേകം ടിക്കറ്റ് എടുക്കണം. എല്ലാ നിലകളിലും സഹായത്തിനു ഗൈഡുമാർ ഉണ്ട്. കല, സംസ്കാരം , ചരിത്രം , ജനങ്ങൾ , കൃഷി , പാരമ്പര്യം , സാങ്കേതികവിദ്യ തുടങ്ങീ ഇരുപതോളം ഗ്യാലറികളിലായിട്ടാണ് പ്രദർശന വസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഒന്ന് കയറി ഇറങ്ങുമ്പോഴേക്കും വടക്കു -കിഴക്കൻ സംസ്ക്കാരവും , ചരിത്രവും മുഴുവനായി  നമുക്ക് മുന്നിലേക്കെത്തുന്നു.

Donbosco museum

മേഘാലയക്കാർ കോഴികളെ ആരാധിക്കുന്നവരാണ്. മേഘാലയയിലെ സഞ്ചാരത്തിനിടയിൽ പലതവണ കണ്ടിട്ടുള്ളതാണ് കോഴിയുടെ പ്രതിമകളും , ഫ്ലാഗുകളുമൊക്കെ. പല കടകളിലും കോഴിയുടെ ചിത്രം പ്രദര്ശിപ്പിച്ചിട്ടുമുണ്ട്. വണ്ടികളുടെ ഡാഷ് ബോർഡിൽ വരെ കോഴികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. കണ്ടപ്പോൾ രസകരമായിത്തോന്നിയ ഈ കാഴ്ചകൾക്ക് പുറകിലുള്ള കാര്യമെന്നത്  ഉത്തരം കിട്ടാതെ കിടക്കുകയായിരുന്നു. എന്നാൽ ഡോൺ ബോസ്കോ അതിനുത്തരം തന്നു. മേഘാലയക്കാരുടെ കോഴിക്കഥ , അതിപ്രകാരമാണ്.

ആദിയിൽ ദൈവം ഏഴു കുടുംബങ്ങളെ (The Seven Huts) ഭൂമിലേക്കയച്ചു , അവർ ഖാസി കുന്നുകളിൽ സസുഖം വാണു. Lum Sohpetbneng കുന്നിലുള്ള ഒരു വലിയ ദിവ്യവൃക്ഷമായിരുന്നു ഭൂമിയിലെ മനുഷ്യർക്ക് സ്വർഗത്തിൽ ദൈവത്തിനടുത്തേക്ക് പോയി വരാനുള്ള ഒരേയൊരു വഴി. എന്നാൽ മനുഷ്യരെ ദൈവത്തിൽ നിന്ന് അകറ്റാൻ പദ്ധതിയിട്ട പിശാച് മനുഷ്യരെക്കൊണ്ട് ആ മരം മുറിപ്പിക്കുവാൻ ശ്രമിച്ചു. വലിയ മരം സൂര്യനിൽ നിന്നുള്ള വെളിച്ചത്തെ തടയുന്നുവെന്നും , അത് മുറിച്ചു കളഞ്ഞാൽ ഭൂമിയിൽ മുഴുവൻ വെളിച്ചം വീഴുമെന്നും പിശാച് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെ ചതിയറിയാതെ  മനുഷ്യർ മരം മുറിക്കാൻ തുടങ്ങി. എന്നാൽ ഓരോ ദിവസവും മുറിച്ചിടുന്ന മരം പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും പഴയ സ്ഥിതിയിലേക്ക് മാറുന്ന കാഴ്ച എല്ലാരേയും അത്ഭുതപ്പെടുത്തി. എന്താണ് ഇതിനുപിന്നിൽ സംഗതിയെന്നറിയാൻ മനുഷ്യർ കുറച്ചു പേരെ രാത്രി കാവലിനുനിർത്തി. എല്ലാ ദിവസവും രാത്രി അവിടെ ഒരു കടുവ വരുന്നുണ്ടെന്നും , മുറിച്ച മരത്തിന്റെ കടക്കൽ അത് തന്റെ വലിയ നാക്കുകൊണ്ടു നക്കുകയും , തൽക്ഷണം തന്നെ മരം വീണ്ടും വളർന്നു പഴയപോലെ ആവുകയും ചെയ്യുന്നതായി അവർ കണ്ടെത്തി. അങ്ങനെ പിറ്റേന്നു വൈകുന്നേരം മരം മുറിച്ചതിനപ്പുറം, മനുഷ്യർ തങ്ങളുടെ മൂർച്ചയേറിയ വാളും , കോടാലികളും മരത്തിനു ചുറ്റും വച്ച്. രാത്രിയിൽ മരത്തിൽ നക്കാൻ വന്ന കടുവ മുറിവേറ്റു തിരിച്ചോടി. അങ്ങനെ വിജയകരമായി മരം മുറി പൂർത്തിയായി. മരം മുറിച്ചു ഭൂമി മുഴുവൻ വെളിച്ചം വീഴുന്നത് കാണാൻ കാത്തു നിന്ന മനുഷ്യരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് മുതൽ അവിടെ സൂര്യൻ ഉദിച്ചില്ല. അവസാനം തെറ്റുമനസ്സിലായ മനുഷ്യർ സൂര്യനെയും ദൈവത്തെയും പ്രീതിപ്പെടുത്താൻ ഒരു പൂവങ്കോഴിയെ ചുമതലപ്പെടുത്തി. കോഴിയുടെ മധ്യസ്ഥതയിൽ സൂര്യൻ വീണ്ടുമുദിക്കാമെന്നു സമ്മതിച്ചു. 

അന്ന് മുതൽ കോഴിയെ ദൈവത്തിനും , മനുഷ്യർക്കുമിടയിലുള്ള മധ്യസ്ഥനായാണ് ഖാസി സമൂഹം കാണുന്നത്. മേൽപ്പറഞ്ഞ കഥയ്ക്ക് കാലക്രമേണ മറ്റുപല പതിപ്പുകളും പ്രചാരത്തിൽ വന്നിട്ടുണ്ട്. മരങ്ങളുടെയും, പ്രകൃതിയുടെ നാശം അത് മനുഷ്യകുലത്തിനുതന്നെ അപകടമുളവാക്കുന്നതാണ് എന്നാണ് ഈ കഥകൾ എല്ലാംതന്നെ പറഞ്ഞു വെക്കുന്നത്. അതുകൊണ്ടു തന്നെയാവണം ഖാസി സമൂഹത്തിൽ മരങ്ങളും , കല്ലും ,മണ്ണും വരെ ദൈവതുല്യമായി കണക്കാക്കപ്പെടുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രാധാന്യമുള്ളതാണ് ഇത്  നൽകുന്ന സന്ദേശം.

Donbosco museum
കോഴിക്കഥയും വായിച്ചു ഞങ്ങൾ മുകളിലത്തെ ഗ്യാലറിയിലേക്ക് നടന്നു. അവിടെ ഒരിടത്തു മികച്ച ബാലചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജോണി എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. സെയിന്റ് ജോൺ ബോസ്‌കോയുടെ ജീവചരിത്രമാണീ ചലച്ചിത്രം. അവിടുന്നും മുകളിലേക്ക് കയറിയാൽ ഒരു മീഡിയ ഗ്യാലറിയുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ മഹിമ വിളിച്ചോതുന്ന പത്തുമിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോകുമെന്റ്ററി ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ഞാനും , മനുവും മാത്രമായിരുന്നിട്ടുപോലും ഞങ്ങൾക്കായി ഒരു ഷോ അവർ പ്രദർശിപ്പിച്ചു.

മീഡിയ ഗ്യാലറിയുടെ മുകളിലത്തെ നില ഒരു ആകാശ പാതയാണ് (Sky Walk).  ഏഴുനിലകളുള്ള മ്യൂസിയം ബിൽഡിങ്ങിന്റെ മുകളിലൂടെയുള്ള ഒരു സ്‌കൈ വാക്ക്. അതിനു മുകളിലൂടെ നടന്നാൽ ഷില്ലോങ് നഗരത്തിന്റെ ഒരു പനോരാമിക് ദൃശ്യം കാണാൻ സാധിക്കും. ഒരു മനോഹരമായ കാഴ്ചയാണിത്. മഴ പെയ്തു തുടങ്ങിയതിനാൽ സ്‌കൈ വാക്കിൽ അധികനേരം ചിലവഴിക്കാൻ സാധിച്ചില്ല. ഇനി നേരെ പോലീസ് ബസാറിലേക്ക്. കുറച്ചു ഷോപ്പിങ്ങും , ഫുഡ് അടിയുമാണ് ലക്‌ഷ്യം. 

മഴ പെയ്തതോടുകൂടി ഷില്ലോങ്ങിൽ ട്രാഫിക്ക് ബ്ലോക്ക് പതിവിലും കൂടുതലാണ്. പോലീസ് ബസാറിൽ എത്തുമ്പോഴേക്കും സമയം ഉച്ചയായി. ഷില്ലോങ്ങിലെ അവസാന ദിവസമാണ് ഇന്ന്. തിരക്കേറിയ പോലീസ് ബസാറിലെ ഞങ്ങൾ അലഞ്ഞു തിരിഞ്ഞു. ഷില്ലോങ് സ്പെഷ്യൽ ചായപ്പൊടിയും, മഞ്ഞൾപ്പൊടിയും കുറച്ചു ഷോ പീസുകളും ഡോൺ ബോസ്കോ മ്യൂസിയത്തിൽ നിന്ന് തന്നെ വാങ്ങിച്ചിരുന്നു. അവിടെ തനതു നോർത്ത് ഈസ്റ്റ് സുഗന്ധവ്യഞ്ജനങ്ങളും. ആര്ട്ട് വർക്കുകളും വിൽക്കുന്നൊരു ചെറിയ സ്റ്റാൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ പ്രത്യേകിച്ചൊന്നും പോലീസ് ബസാറിൽ നിന്ന് വാങ്ങിച്ചില്ല. ബസാറിലെ കടക്കാരെ മിക്കവരെയും കണ്ടിട്ട് നോർത്ത് ഇന്ത്യൻസിനെപ്പോലെ തോന്നിച്ചു. ഒരുപാട് ബംഗാളി മധുരപലഹാരക്കടകളും ഈ തെരുവിൽ ഉണ്ട്. തിരക്കേറിയ ആ തെരുവിന്റെ നടുവിൽ ഒരു തീയേറ്ററും പ്രവർത്തിക്കുന്നുണ്ട്. മനു കുട്ടികൾക്കുള്ള കുറെ സാധനങ്ങൾ വാങ്ങിച്ചു. നൂറ്റമ്പതും , ഇരുന്നൂറു രൂപ വിലപറഞ്ഞ സാധനങ്ങൾ വിലപേശിയാൽ ഒറ്റയടിക്ക്  നൂറുരൂപക്കും, അതിൽ കുറഞ്ഞ വിലക്കും വാങ്ങിക്കാൻ  സാധിക്കും. പക്ഷെ ഞങ്ങൾ അധികം വിലപേശാൻ നിന്നില്ല. റോഡരികിലെ കച്ചവടക്കാർ ലാഭമുണ്ടാക്കാനായി വിൽക്കുന്നവരല്ല. മറിച്ചു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി കഷ്ട്ടപ്പെടുന്നവരാണ്. കുറെ മധുര പലഹാരങ്ങളും വാങ്ങിച്ചു. ബംഗാളികളുടെ പലഹാരക്കടകളായി ഞങ്ങളുടെ ഞങ്ങളുടെ ലക്‌ഷ്യം. ജിലേബിയും, ഗുലാബ് ജാമൂനും, പിന്നെ പേരറിയാത്ത എന്തൊക്കെയോ വാങ്ങിച്ചു കഴിച്ചു. അടുത്തുകണ്ട ചൈനീസ് ഫുഡ് സ്റ്റാളിൽ നിന്ന് രണ്ടു മോമോസും കൂടി വാങ്ങിച്ചു തിന്നു. ഒട്ടുമിക്ക ദിവസവും ഭക്ഷണം മൊത്തത്തിൽ സ്ട്രീറ്റ് ഫുഡ് തന്നെയായിരുന്നു. അതിനാൽ ഇന്ന് ഏതേലും നല്ല റെസ്റ്റോറന്റിൽ കയറി ഊണ് കഴിക്കാം എന്ന് വിചാരിച്ചു. അടുത്തുകണ്ട അത്യാവശ്യം ഭേദപ്പെട്ട ഹോട്ടലിൽ തന്നെ കയറി.  ന്യൂഡിൽസും, ഫ്രെയ്‌ഡ്‌ റൈസും, ചിക്കനും ഓർഡർ ചെയ്തു, കൂടെ  ഫലൂദയും. ഫുഡ് കഴിച്ചു വയർ പൊട്ടാറായി. ജീവിതത്തിൽ ആദ്യമായിട്ടാണെന്നു തോന്നുന്നു ഇത്രയും കൂടിയ അളവിൽ ഭക്ഷണം കഴിച്ചത്.

അങ്ങനെ ഷില്ലോങ്ങിനോട് ഗുഡ് ബൈ പറയുകയാണ്. ഇത്രയും ദിവസത്തെ സുന്ദര നിമിഷങ്ങൾ സമ്മാനിച്ച മേഘാലയയോടും. ഗസ്റ്റ് ഹൌസ്  വെക്കേറ്റ് ചെയ്ത് വൈകുന്നേരത്തോട് കൂടി ഞങ്ങൾ ഗുവാഹാട്ടിക്ക് തിരിച്ചു, ഗുവാഹത്തി എത്തും വരെ നല്ല മഴയായിരുന്നു. നാളെ ഉച്ചക്കാണ് ഗുവാഹത്തിയിൽനിന്നും  ഡൽഹിയിലേക്കുള്ള എൻ്റെ ഫ്ലൈറ്റ്. രാത്രി എട്ടോടുകൂടി ഗുവാഹത്തി എത്തി. എയർപോർട്ടിനടുത്തുള്ള  ആന്ധ്ര ഹോട്ടലിൽ നിന്നും ഡിന്നർ കഴിച്ചു. റേറ്റ് ഇച്ചിരി കത്തിയായിരുന്നു. എയർപോർട്ടിനടുത്തുതന്നെയുള്ള ഒരു ഹോട്ടലിലാണ് ഇന്ന് താമസം. ഗുവാഹത്തിയിലെ ആദ്യ ദിനത്തിലും ഇവിടെ തന്നെയായിരുന്നു താമസം. വാടകക്കെടുത്ത കാർ ഗുവാഹത്തിയിൽ റിട്ടേൺ ചെയ്തു. ഇത്രയും ദിവസം, ഒരു കേടുപാടുകളും വരുത്താതെ ഞങ്ങളെ തിരിച്ചെത്തിച്ചതിൽ നന്ദി പറഞ്ഞു കൊണ്ട്.

Day-8 നോർത്ത് ഈസ്റ്റിനോട് വിട പറയുന്നു

Northeast

ഒരാഴ്ചത്തെ യാത്ര ക്ഷീണം കാരണം ഇന്ന് ഉണരാൻ ഒരൽപം വൈകി. അപ്പോഴേക്കും മനു ഇറങ്ങാൻ തയ്യാറായിരുന്നു. കൊൽക്കത്ത വഴി കൊച്ചിക്കുള്ള അവന്റെ ഫ്ലൈറ്റ് രാവിലെയാണ്. മനുവിനെ യാത്രയാക്കി. 

നന്ദി മനൂ .. ഒരാഴ്ചത്തെ കാഴ്ചകൾക്കൊപ്പം കൂടെ നിന്നതിനു, പരാതികളൊന്നും ഇല്ലാതെ എന്നെ അഡ്ജസ്റ് ചെയ്തതിനു, കോ -ഡ്രൈവർ ആയതിനു, അങ്ങനെ എല്ലാത്തിനും. 

ഒരിക്കൽക്കൂടി ആ പഴയ ആസാമീസ്  റെസ്റ്റോറന്റിൽ കയറി.  ഇനിയൊരവസരം എന്ന് കിട്ടുമെന്നറിയില്ല. ആസാമീസ് താലി കഴിച്ചു. അന്നതിന് പതിവിലേറെ സ്വാദ് തോന്നിച്ചു.  

ഉച്ചയോടെ ഡെല്ഹിക്കുള്ള ഫ്ലൈറ്റ് കയറി. അനുപൂജ ചൗദരി എന്ന മറ്റൊരു ലേഡി പൈലറ്റ് ആയിരുന്നു സാരഥി. താഴെ ബ്രഹ്മപുത്ര നദി അതിന്റെ പൂര്ണവിശാലതയിൽ കാണാറായി. രണ്ട് -രണ്ടര മണിക്കൂറിൽ  ഡൽഹിയിൽ എത്തി. എൻ്റെ ഒരു ക്ലാസ്സ്‌മേറ്റ് ഡെൽഹിയിലുണ്ട്. റിജോ എന്നാണ് പേര്. വൈകുന്നേരം അവനെ കാണാൻ പോണം. റിജോ ഇന്ത്യൻ വ്യോമസേനയിൽ ജോലി ചെയ്യുകയാണ്. അന്നത്തെ അത്താഴം റിജോയുടെ വീട്ടിലായിരുന്നു. നല്ല ചോറും, ചിക്കനും, ബീഫും വയറുപൊട്ടുമാറ് കഴിപ്പിച്ചിട്ടാണ് റിജോയും, വൈഫും എന്നെ യാത്രയാക്കിയത്. തിരിച്ചു ഡൽഹി എയർപോർട്ടിൽ എത്തി. 

പുലർച്ചെയാണ് തിരുവനന്തപുരം ഫ്‌ളൈറ്റ്. സെക്യൂരിറ്റി ചെക്കിനിടയിൽ എൻ്റെ വാട്ടർബോട്ടിൽ  സ്കാനറിനുള്ളിൽ കുടുങ്ങിപ്പോയി. അര മണിക്കൂർ കഴിഞ്ഞാണ് ഞാനിതറിഞ്ഞത്. തിരിച്ചു സെക്യൂരിറ്റി ചെക്ക് നടക്കുന്നിടത്തു ചെന്നപ്പോൾ ബോട്ടിൽ അവിടെ CISF -കാർ എടുത്തു വച്ചിട്ടുണ്ട്. അഞ്ചു മിനിട്ടു നേരം കുറെ ചോദ്യങ്ങൾ ചോദിച്ചെങ്കിലും സാധനം തിരിച്ചുകിട്ടി. നല്ല ഉറക്കം വരുന്നുണ്ട്. ഒന്ന് മയങ്ങിയപ്പോഴേക്കും ഫ്ലൈറ്റിന്റെ ബോർഡിങ് കോൾ വന്നു. തിരുവനന്തപുരം വഴി മാലിക്ക്‌ പോകുന്ന Air India AI 263 ആണ് ഫ്ലൈറ്റ്. 182 സീറ്റിംഗ് കപ്പാസിറ്റിയുള്ള എയർബസ്  A321 സീരീസിലുള്ള ഒരു ഭീമൻ. ക്യാപ്റ്റൻ വരുൺ നായർ ആണ് പൈലറ്റ്. ഞാൻ ഫ്ലൈറ്റിൽ കേറിയ ഉടനെത്തന്നെ ഉറക്കം തുടങ്ങി. ബ്രേക്ക്ഫാസ്റ്റിനായി എയർഹോസ്റ്റസ് വിളിച്ചപ്പോഴാണ് മയക്കം വിട്ടത്. ബ്രേക്ക്ഫാസ്റ്റ് കലക്കി. ഉപ്പുമാവും, വടയും, ഡെസേർട്ടും അടങ്ങിയ സ്വാദേറിയ പ്രാതൽ.  പൊതുവെ ഇത്തവണ എയർ ഇന്ത്യയിൽ ലഭിച്ചതെല്ലാം വളരെ മികച്ച ഭക്ഷണ സാധനങ്ങളായിരുന്നു. ക്വാണ്ടിറ്റിയും ആവശ്യത്തിൽ അധികം ഉണ്ടായിരുന്നു. 

അങ്ങനെ ഒരാഴ്ചക്കാലത്തെ യമണ്ടൻ മേഘാലയൻ യാത്രക്ക് ശേഷം ശ്രീപദ്മനാഭന്റെ മണ്ണിൽ തിരിച്ചെത്തിയിരിക്കുന്നു. ഈ യാത്ര തന്ന അനുഭവങ്ങൾ ചെറുതല്ല. ചെറാപുഞ്ചിയിലെ മഴയും, ഡൗക്കിയിലെ തെളിനീരും, ഷില്ലോങ്ങിലെ തണുപ്പും  മനസ്സിനെയും  ശരീരത്തെയും ഒരുപോലെ റീഫ്രഷ് ചെയ്തതുപോലെ. റീഫ്രഷ് ബട്ടണും ഞെക്കിക്കൊണ്ടുള്ള ഇനിയുള്ള ഓഫിസ് ദിനങ്ങളിൽ മേഘാലയ ഒരു നനുത്ത ഓർമ്മ തന്നെയായിരിക്കും. ഓരോ യാത്രകളും അധ്യാപകരെപ്പോലെയാണ്,  ഓരോരോ പാഠങ്ങളാണ് അത് നമ്മെ പഠിപ്പിക്കുന്നത്. ചിലതു ബന്ധങ്ങളെക്കുറിച്ചും, ചിലതു സംസ്കാരങ്ങളെക്കുറിച്ചും, ചിലതു അതിജീവനത്തെക്കുറിച്ചും,  മറ്റു ചിലത് മനുഷ്യത്വത്തെക്കുറിച്ചും, അങ്ങനെ പലതും പഠിപ്പിക്കുന്നു.  പ്രകൃതിയും , മനുഷ്യരും പരസ്പ്പരപൂരകങ്ങളാണ് എന്നതാണ് മേഘാലയൻ യാത്ര എനിക്ക് കാണിച്ചു തന്നത്. പ്രകൃതി നശിക്കുന്നിടത്തു മനുഷ്യർ ഇല്ലാതാകുന്നു. സ്വർണത്തിൽ പൊതിഞ്ഞ പൂജാ വിഗ്രഹങ്ങൾക്ക് പകരം , കല്ലിനെയും , മണ്ണിനെയും , മരത്തെയും മനുഷ്യൻ പൂജിക്കുന്ന ഒരു കാലം വരണം. നമ്മൾ പ്രകൃതിയോട് ചെയ്ത ചെയ്തികൾക്ക് അങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തം ചെയ്യാൻ സാധിക്കട്ടെ

“One of the first conditions of happiness is that the link between Man and Nature shall not be broken” – Leo Tolstoy


- ശുഭം-