Wednesday, April 1, 2020

അങ്ങനെ ഒരു കൊറോണക്കാലത്ത്



"ചേട്ടാ , പയറ് രണ്ടു കിലോ , പരിപ്പ് ഒരു കിലോ , ഒരു കിലോ അവിൽ , ഒരു കിലോ ശർക്കര , പിന്നെ രണ്ട് രാധാസും."

സ്ഥിരമായി കാൽക്കിലോ പയറും പരിപ്പും തികച്ചു വാങ്ങാത്ത ഞാൻ കിലോക്കണക്ക് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല ബില്ലടിക്കാനിരുന്ന ചേട്ടൻ എന്നെ അത്ഭുതപരതന്ത്രനായി ആകെയൊന്നു നോക്കി.

"അത് പിന്നെ സേട്ടാ , കൊറോണയൊക്കെയല്ലേ, പോരാത്തതിന് ലോക്ക് ഡൗണും, ഒന്ന് രണ്ടാഴ്ചത്തേക്കുള്ളത് ഇരിക്കട്ടേന്ന് കരുതി"
ബില്ല് വാങ്ങിയിറങ്ങുമ്പോൾ പുറകിൽ ഒരുമീറ്റർ ഇടവിട്ടു ക്യൂ  നിൽക്കുന്നവരുടെ ബഹളം അങ്ങ് ഉച്ചസ്ഥായിയിൽ എത്തിയിരുന്നു.

കേരളക്കരയിൽ എല്ലാവർഷവും എന്തെങ്കിലുമൊന്ന് ബ്രേക്കിംഗ് ന്യൂസാവാതെ പോയിട്ടില്ല. നിപ്പയ്ക്കും, രണ്ടുതവണ വന്നിട്ടുപോയ വെള്ളപ്പൊക്കത്തിനും ശേഷം ഇത്തവണത്തെ സ്പെഷ്യൽ കൊറോണയാണ്. കേൾക്കാൻ നല്ല ഇമ്പമുള്ള പേരാണെങ്കിലും, അളിച്ചിരി പെശകാണെന്നത് കാലം തെളിയിച്ചു കഴിഞ്ഞു. ചൈനയിൽ നിന്ന് പുറപ്പെട്ട് ഇറാനിലും , ഇറ്റലിയിലും സുഖവാസം കഴിഞ്ഞു പുള്ളി ഇപ്പൊ കേരളത്തിൽ എത്തിയിരിക്കുന്നത്രെ.

എന്തായാലും ഓഫീസ് അടച്ചു. തിരുവനന്തപുരത്തു കൊറോണക്കാലത്ത്  ഒറ്റയ്ക്ക് താമസിച്ചു കൊണ്ട്  അതിജീവിക്കാൻ  ബുദ്ധിമുട്ടാണെന്ന് മനസ്സുപറഞ്ഞു. എന്നാൽ വീട്ടിൽ പോയേക്കാം എന്നും കരുതി ബാഗും പാക്ക് ചെയ്തു നിൽക്കുകയായിരുന്നു ഞാൻ. സഹ പണിയനായ കിരൺ എന്തായാലും നാട്ടിൽ പോകാൻ പ്ലാൻ ഇട്ടു കഴിഞ്ഞു, അവന്റെ കൂടെ പോകാമെന്നു ഞാനും കരുതി.  കൊറോണയെ ഇങ്ങോട്ടു വിളിച്ചുവരുത്താതിരിക്കാനും, മറ്റുള്ളവർക്ക് ദാനം കൊടുക്കാതിരിക്കാനും വേണ്ടി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ വഴിയിലെവിടെയും നിർത്താതെ വണ്ടി ഓടിച്ചു പോകാമെന്നാണ് കരുതിയത്. യാത്രക്കുള്ള ഫുൾ ഡേയ് മീലും , വെള്ളവും എല്ലാം തന്നെ പാക്ക് ചെയ്തിരിക്കുമ്പോഴാണ്  ഇടിത്തീപോലെ ലോക്ക് ഡൗൺ അനൗൺസ്‌മെന്റ് വന്നത്. ഒപ്പം ഹെഡ് ക്വാർട്ടേഴ്‌സ് വിട്ടു പുറത്തു പോകരുതെന്ന് ഓഫിസിൽ നിന്നുള്ള ഓർഡറും. ഇനിയിപ്പം എന്ത് ചെയ്യാനാ, വല്ലോം വെച്ചുണ്ടാക്കി ഇവിടെ തന്നെയങ്ങു കൂടുക. അത്ര തന്നെ. എന്തായാലും നാടിനു വേണ്ടിയല്ലേ, നാട്ടുകാർക്ക് വേണ്ടിയല്ലേ. വീട്ടിലെ ചുമരിലെ ഫോട്ടോ ഫ്രയിമിൽ കേറുന്നതിലും നല്ലതു കുറച്ചീസം അടങ്ങി ഒതുങ്ങി നിൽക്കുന്നതല്ല ?

അങ്ങനെ ആ വിജ്രംഭിത വൈകുന്നേരത്തിൽ മാർജിൻ ഫ്രീയിൽപ്പോയി ഒന്ന് രണ്ടാഴ്ചത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങി വച്ചു. വീട്ടിൽ പ്രധാനമായും കുക്കിങ് നടക്കുന്നത് വീക്ക് എൻഡിലാണ്. അല്ലാത്ത ദിവസങ്ങളിൽ പകൽ ഓഫീസിൽ നിന്ന് കഴിക്കും. രാത്രി വല്ല ഓട്സോ, കോൺ ഫ്ലാക്‌സോ, ബ്രെഡ് ഓംലെറ്റോ വച്ചങ്ങു അഡ്ജസ്റ്റ് ചെയ്യും.  "ഓ ..!, കുട്ടി മോഡേൺ ഡയറ്റ് ആണല്ലേ ഫോളോ ചെയ്യുന്നത് ? " എന്ന് ഡൌട്ട് അടിച്ചെങ്കിൽ തെറ്റി. അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. വേറൊന്നുമല്ല ഓഫിസിൽ നിന്ന് വന്നതിനു ശേഷം ഫുഡ് ഉണ്ടാക്കാനുള്ള മടി ഒന്നുകൊണ്ടു മാത്രമാണ് ഇപ്പരിപാടി.

ലോക്ക് ഡൗൺ ദിനങ്ങൾ അഞ്ചെട്ടെണ്ണം കഴിഞ്ഞു. ഒറ്റക്കിരുന്നു ബോറടിച്ചു തുടങ്ങി. ലാപ്ടോപ്പിലെ മൂവി ഫോൾഡർ പൊടി തട്ടിയെടുത്തു. സിനിമ കാണലും , വീട്ടിൽ ഫോൺ വിളിക്കലും, ഫുഡ് അടിക്കലുമല്ലാതെ വേറെ ഒരു പണിയുമില്ല. സമയം കൊല്ലാൻ ഇനി ഓപ്ഷനുകൾ ഒന്നുമില്ല. ബോറടി ജീവിതത്തിൽ അല്പമൊരാശ്വാസം കുക്കിങ് ആണ്. പുതിയ പരീക്ഷണങ്ങൾ ഓരോന്നോരോന്നായി നടത്തി നോക്കി. എന്തായാലും ശൈശവാവസ്ഥയിലുള്ള എൻ്റെ കുക്കിങ്  സ്‌കിൽസ് അൽപ്പം മെച്ചപ്പെടാൻ  ഈ ലോക്ക് ഡൗൺ പീരീഡ് സഹായകമായി എന്ന് പറഞ്ഞാൽ തെറ്റില്ല. എന്നാലും ഡെയിലി മൂന്നു നേരത്തെ ഭക്ഷണം പാകം ചെയ്യുന്നത് ഇച്ചിരി പാടുള്ള പണിതന്നെയാണ്. വീട്ടിൽ ദിവസവും മൂന്നുനേരം വെച്ചുവിളമ്പുന്ന അമ്മയെ സമ്മതിച്ചു കൊടുത്തേ മതിയാവൂ. ഇത്തരം വെളിപാടുകളുടെ ദിനങ്ങൾ കൂടിയാണ് കടന്നു പോയത്.

കൊറോണക്കാലത്തു കൂട്ടം കൂടി പാത്രം മുട്ടി ഘോഷയാത്ര നടത്തി, അങ്ങ് നോർത്ത് ഇന്ത്യയിൽ. ബിവറേജിൽ കൂട്ടം കൂടി ക്യൂ നിന്ന് അടിയുണ്ടാക്കിയും, കൊറോണയെ വഴിയിൽ ചെന്ന് വിളിച്ചോണ്ട് വരാൻ, ലോക്ക് ഡൗൺ കാലത്തു വണ്ടിയുമെടുത്തു റോട്ടിൽ ഇറങ്ങിയും, ഹോം ക്വാറന്റീനിൽ കിടന്നു ബോറടിച്ചപ്പോൾ ബന്ധുക്കളെ കാണാൻ നാട്ടുമൊത്തം കറങ്ങിയും, നമ്മൾ മലയാളികളും മാതൃകയായി. പ്രളയക്കാലത്തു ഹെലികോപ്റ്ററിൽ ലിഫ്റ്റ് അടിച്ച ടീമാണ്. ഇങ്ങനെയൊന്നും കാണിച്ചു കൂട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നാടുമൊത്തം കറങ്ങി നടന്നിരുന്ന സോ കോൾഡ് റൈഡേഴ്‌സ് ത്രോ ബാക്ക് പിക്‌സ് പോസ്റ്റ് ചെയ്തു ആത്മനിർവൃതി കണ്ടെത്തി. വർക്ക് ഫ്രം ഹോം എന്നാൽ വീട്ടിലെ വർക്ക് ചെയ്യൽ ആണോയെന്ന് ടെക്കികൾ. കോൺഫറൻസ് കോളിൽ പിള്ളേരെയും കൂടെ കൂട്ടി ചിലർ. പലരും വീട്ടിലെ അടുക്കള ആദ്യമായി കണ്ടതുപോലെയാണ്. മുൻപ് ശ്രദ്ധിക്കാൻ സമയം കിട്ടാഞ്ഞതുകൊണ്ടാവും. മാരീ ഗോൾഡിലെ തുളയെണ്ണിയും, മാഗീ നൂഡിൽസിന്റെ മടക്ക് നിവർത്തിയും പലരും സമയം കളഞ്ഞു. സീരിയലുകൾ നിർത്തിയതിനാൽ അമ്മായിയമ്മപ്പോരിനും, കുശുമ്പുപറച്ചിലിനും ഇച്ചിരി കുറവ് വന്നിട്ടുണ്ട് നാട്ടിൽ. അല്ലേൽ പടിപ്പുരവീട്ടിലെ പദ്മാവതിയും,  ദീപ്തി IPS -ഉം,  ജാനിക്കുട്ടിയുമൊക്കെയായിരുന്നു വീട്ടമ്മമാരുടെ വൈകുന്നേരങ്ങളിലെ ചിന്താ വിഷയം.

ഇന്ന് എൻ്റെ ജന്മദിനമാണ്. സാധാരണ പിറന്നാൾ ആഘോഷങ്ങൾ പതിവില്ലെങ്കിലും ഒരു ഗ്ലാസ് പായസമോ , മധുരമോ അന്നേ ദിവസം കഴിക്കാറുണ്ട് . ലോക്ക് ഡൗൺ ആണെങ്കിലും ഇത്തവണ അതിനു മുടക്കമൊന്നും വരുത്തിയിട്ടില്ല. രാവിലെ ചായക്ക്  വാങ്ങിച്ച പാലിൽ , അടുക്കളയിൽ പകുതി ബാക്കിയുണ്ടായിരുന്ന പായസം മിക്സെടുത്തിട്ട്  അതങ്ങട് ഉണ്ടാക്കി. ഒറ്റക്കിരിക്കുമ്പോഴും , ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുമാണ് നമ്മൾ നമ്മളെ തിരിച്ചറിയുന്നതും, സ്വയം ഇഷ്ടപ്പെടുന്നതും. അങ്ങനെ ഇത്തവണത്തെ പിറന്നാൾ അത്തരം തിരിച്ചറിയലിന്റെ വേളകൂടിയായി മാറി. പിറന്നാൾ ആശംസകൾ നേർന്ന എല്ലാ പ്രിയപ്പെട്ടവരും ആ വേള ഒന്നുകൂടി മധുരതരമാക്കി മാറ്റി.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവരാണ് നമ്മൾ. നിപ്പയെ , കപ്പ പോലെ മൂടോടെ പിഴുതെടുത്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിനെ മനക്കരുത്തുകൊണ്ട് നേരിട്ടവരാണ്. ഇനി കൊറോണയല്ല അതുപോലത്തെ കൊറേയെണ്ണം വന്നാലും നമ്മള്  മുട്ടുമടക്കില്ല. 56 ഇഞ്ച് നെഞ്ചുകാരനും , ഇരട്ടച്ചങ്കനും മുന്നിൽനിന്ന് നയിക്കുമ്പോൾ നമ്മൾ എന്തിനു പേടിക്കണം. അതിജീവിക്കും ഇതിനെയും നമ്മൾ. സ്വയം സുരക്ഷിതരായി വീട്ടിൽ ഇരിക്കുകയും, അതുവഴി വഴി മറ്റുള്ളവരെ സുരക്ഷിതരാക്കി നിർത്തുകയും ചെയ്യുന്ന ഒരു വീരോചിത പ്രവൃത്തി തന്നെയാണ് അറിയാതെയാണെങ്കിലും നമ്മൾ ഓരോരുത്തരും ചെയ്യുന്നത്. അത് തുടരുക. സംസ്ഥാന - കേന്ദ്ര സർക്കാർ നിർദേശങ്ങൾ പാലിക്കുക. അനാവശ്യമായി വെളിയിൽ ഇറങ്ങാതിരിക്കുക. ലോക്ക് ഡൗൺ സമയം ക്രിയാത്മകമായി ചെലവഴിച്ചാൽ അനാവശ്യ  വിരസത ഒഴിവാക്കാനാകും. പഴയ ഹോബീസ് പൊടി തട്ടിയെടുക്കാം,  ഒപ്പം പഴയ പുസ്തകങ്ങളും. വായനാ ശീലം പുനരാരംഭിക്കാം, കുംടുംബത്തോടൊപ്പം മൊബൈലും, ടീവിയും മാറ്റിവച്ചു കഥ പറഞ്ഞിരിക്കാം. എല്ലാം നല്ലതിനാവട്ടെ.  ഈ സമയവും കടന്നു പോകും

 this too shall pass..!!


#breakthechain #stay_home_stay_safe #we_shall_overcome