ഇപ്പൊ ശരിയാക്കിത്തരാ..! ഈ ചെറിയോര് വളവൂടിക്കഴിഞ്ഞാൽ താമരശ്ശേരി ചൊരം ആയി. രാവിലെതന്നെ കെട്ട്യോളേം കൊണ്ട് ബാങ്കിലേക്കിറങ്ങിയതാണ് . കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്നേ ആയുള്ളൂ. ഓൾടെ ഇച്ചിരി ഗോൾഡുണ്ട് , അതൊന്ന് ലോക്കറിൽ വെക്കണം. അല്ലേലും കല്യാണത്തിന്റെ പിറ്റേന്ന് ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങുന്നത് നാട്ടിൽ പതിവാണല്ലോ. ബാങ്കീന്നിറങ്ങിയപ്പോ സമയം 11 മണി കഴിഞ്ഞതേ ഉള്ളൂ. ഉച്ചക്കുശേഷം പുതിയാപ്പളേം, കെട്ട്യോളേം മാമൻ വിരുന്നിനു വിളിച്ചിട്ടുണ്ട്. അതുകൊണ്ട് ഉച്ചക്കുമുമ്പേ വീടെത്തിയാൽ മതി. എന്നാ പിന്നെ ഓളെ ഒന്ന് നാട് ചുറ്റിക്കാണിച്ചു വരാന്നു കരുതി. അല്ലേലും ഈ കണ്ണൂരുകാരിക്ക് കോഴിക്കോടൊക്കെ ഒരു പുതുമയല്ലേ. നന്മണ്ടയിൽ ലുലു മാൾ ഉണ്ടെന്നും , മെട്രോ സർവീസ് ഉടൻ തുടങ്ങാൻ പോകുകയാണെന്നുമൊക്കെ തട്ടിവിട്ടിട്ടാണ് കുട്ടി കെട്ടാൻ റെഡിയായത്. ഇനിയിപ്പം നന്മണ്ടയിലെ അംബരചുംബികളായ കെട്ടിടങ്ങൾ കാണാതെ ഓള് ബേജാറാവണ്ടാന്ന് കരുതിയാണ് , ഇച്ചിരെ വല്യ ടൌൺ ആയ താമരശ്ശേരിയിലേക്ക് ഞാൻ വണ്ടി വിട്ടത്. അംബരചുംബികളെ കണ്ടില്ലേലും കുറച്ചു പൗരാണിക കെട്ടിടങ്ങൾ കാണിച്ചു സായൂജ്യമടയിപ്പിക്കാം എന്ന് കരുതി. അങ്ങനെ ബാലുശ്ശേരി റോഡിൽ നിന്ന് താമരശ്ശേരിയിലേക്ക് കേറിയതും , ദാ കെടക്കുന്നു മുന്നിൽ കോഴിക്കോട് -വയനാട് ഹൈവേ..!
"താമരശ്ശേരി വരെ വന്നിട്ട് ഒന്ന് ചൊരം കാണാതെ പോകുന്നത് മോശമല്ലേ ജയേഷേ" - എന്ന ചിന്ത എന്റെ മനസിനെ വല്ലാതെ വിഷമിപ്പിച്ചു. അല്ലേലും ഞാനൊരു ലോല ഹൃദയനാന്നെ. രണ്ടുമണിക്ക് മുന്നേ വീടെത്തിയാൽ മതി. സമയം ഇനിയുമുണ്ട്. മനസ്സിന്റെ വഴിയേ പോകാൻ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. കഴിഞ്ഞ ഏഴെട്ടു മാസത്തോളമായി കൊറോണ കാരണം വീടുവിട്ടു പുറത്തിറങ്ങിയിട്ടു. ഇപ്പോഴാണെങ്കിൽ എല്ലാ ടൂറിസ്റ്റു കേന്ദ്രങ്ങളും തുറന്നിട്ടുമുണ്ട്. വണ്ടിയിലല്ലേ , ചുമ്മാ പോയി ചുരം കേറി എങ്ങും ഇറങ്ങാതെ തിരിച്ചുവരാം അത്രേ കരുതിയുള്ളൂ. ചലോ താമരശ്ശേരി ചുരം. അൾട്രോസിന്റെ തൻ്റെ ചിറകുകൾ ആഞ്ഞടിച്ചു മുന്നോട്ടു കുതിച്ചു. ചുരം കേറുമ്പോൾ നല്ല ചാറ്റൽ മഴ തുടങ്ങിയിട്ടുണ്ട്. കൂടെ കാർ സ്റ്റീരിയോയിൽ നിന്നുള്ള നേർത്ത സംഗീതവും. മഴ , പാട്ട് , നിഖിത വിജയൻ ..ആഹാ അന്തസ്സ്. ഓളാണെങ്കിൽ സൈഡ് സീറ്റിലിരുന്നു എന്തൊക്കെയോ കലപില പറയുന്നു. ഏസിയൊക്കെ ഓഫ് ചെയ്തു, വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ട്, തണുത്ത കാറ്റും കൊണ്ട് ചുരം കേറുന്ന ഫീൽ ഒന്ന് വേറെ തന്നെയാ സാറെ.
दिल दीयां गल्लां..!! അൾട്രോസ് പാടിക്കൊണ്ടേയിരുന്നു. ചുരത്തിൽ ട്രാഫിക് കുറവാണെങ്കിലും കാഴ്ചകൾ കണ്ട് പതിയെയാണ് ഞങ്ങൾ വഴികൾ പിന്നിട്ടത്. സമയം പോയതറിഞ്ഞില്ല. ചുരത്തിലെ വ്യൂ പോയിന്റുകളിൽ എല്ലാം തന്നെ പോലീസ് കയറുകെട്ടി പ്രവേശനം തടഞ്ഞിട്ടുണ്ട്. എങ്കിലും മറ്റിടങ്ങളിൽ അങ്ങിങ്ങായി ആളുകൾ വണ്ടി നിർത്തി കാഴ്ചകൾ കാണുന്നുണ്ട്. ഞങ്ങൾ എങ്ങും ഇറങ്ങിയില്ല . അങ്ങനെ ചുരം കയറി മോളിലെത്തി. മുന്നിൽ എന്തോ പോലീസ് ചെക്കിങ്ങുണ്ട്. അതുകാരണം റോഡരികിൽ നിറയെ വണ്ടികളാണ്. ഇച്ചിരൂടി മുന്നോട്ടു പോയിട്ട് വളക്കാം എന്ന് കരുതി. അങ്ങനെ വണ്ടി വളച്ച് തിരികെ നാട്ടിലോട്ട് തിരിച്ചു വിടാൻ റെഡിയായിരിക്കുമ്പോൾ ദേ കിടക്കുന്നു മുന്നിൽ ഒരു ബോർഡ്. പൂക്കോട് തടാകം 2 കിലോമീറ്റര് എന്ന്. ദൈവമേ എന്തൊരു പരീക്ഷണം. നിക്കണോ അതോ പോണോ ? എന്തായാലും ഇത്രടം വരെ എത്തിയില്ല ഇനി കേറീട്ടു തന്നെ പോകാം. വണ്ടി ആ കണ്ട ബോർഡിന് പുറകെപ്പോയി. പൂക്കോട് തടാകത്തിൽ പണ്ടെങ്ങോ വന്നതാണ്. ഒരു കോളേജ് ടൂറിന്റെ ഭാഗമായി , പിന്നെ സ്ഥിരം ബാംഗ്ലൂര് നിന്നും വരുമ്പോ ഈ വഴി വരാറുണ്ടായിരുന്നെങ്കിലും ഇവിടെ കയറിയിട്ടെ ഇല്ല. കോവിഡാനന്തരം പൂക്കോട് തുറന്നിട്ട് കാലം കുറച്ചേ ആയുള്ളൂ. എങ്കിലും കുട്ടികൾക്കും , പ്രായം ചെന്നവർക്കും ആരോഗ്യസുരക്ഷ പരിഗണിച്ച് ഇങ്ങോട്ടു പ്രവേശനം ഇല്ല. കുട്ടികളുമായി വന്നവരെ ഗാർഡ്‌സ് തിരിച്ചു വിടുന്നത് കണ്ടു. പൂക്കോട് അധികം ആൾക്കൂട്ടമില്ലാത്ത സ്ഥലങ്ങളിൽ മാറി നിന്ന് ഞങ്ങൾ തടാക ഭംഗി ആസ്വദിച്ചു. പിന്നെ തടാകക്കരയിലൂടെ ചുമ്മാ നടന്നു.
അയ്യോ സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. മാമന്റെ വീട്ടിലെ വിരുന്ന് ..!? ഇനിയിപ്പോ എങ്ങനെ പോയാലും ഒരു നാലഞ്ച് മണിയാകാതെ വീടെത്തില്ല. 'അമ്മ കലിപ്പ് കബൂറ് സീനാക്കിയാലോ. രണ്ടും കൽപ്പിച്ച് സുമതിക്കുട്ടിയെ ഫോൺ വിളിച്ചു. ഞങ്ങൾ രണ്ടുപേരും ബാങ്കിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ ചെറുതായി വഴിതെറ്റി ഇങ്ങ് വയനാട് എത്തിയകാര്യം ഉണർത്തിച്ചു. ഭാഗ്യം അമ്മ തങ്കമ്മയല്ല , പൊന്നമ്മയാ. വഴക്കൊന്നും പറഞ്ഞില്ല , ന്നാ പിന്നെ സമയം കളയാതെ മക്കള് വീട് പിടിക്കാൻ നോക്കെന്ന് പറഞ്ഞു. അങ്ങനെ പൂക്കോട് നിന്നും തിരിച്ചുള്ള യാത്ര തുടങ്ങി. പൂക്കോട് തടാകത്തിന്റെ പാർക്കിങ് ലോട്ടിനടുത്ത് ഒരു നഴ്സറിയുണ്ട്. മദർ എർത്ത് എന്ന പേരിൽ. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന ഒരു ചേട്ടനാണ് അതിന്റെ പ്രൊപ്രൈറ്റർ. ഒരുപാട് വെറൈറ്റി ചെടികളും , പച്ചക്കറിയിനങ്ങളും വളരെ കുറഞ്ഞ വിലയിൽ കിട്ടും , കൂടെ ഫ്രീയായി കൃഷി രീതികളെക്കുറിച്ചുള്ള പരിജ്ഞാനവും. സാധനം വാങ്ങി അതിന്റെ പരിപാലനത്തിലോ , നടുന്നതിനെക്കുറിച്ചോ എന്തേലും ഡൌട്ട് ഉണ്ടേൽ അവരുടെ വാട്സാപ്പ് നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി , എല്ലാ സംശയദൂരീകരണത്തിനും ചേട്ടൻ റെഡിയാണ്. ഞങ്ങൾ കുറെ നേരം സംസാരിച്ചു. ചേട്ടൻ ആളൊരു സഞ്ചാരിയാണ്. ഇന്ത്യയിലെ പല സ്ഥലങ്ങളിൽ പോയിട്ടുണ്ട്. മോനെ നേരെ ചൊവ്വേ കാണാൻ കിട്ടാതിരുന്നപ്പോ അവസാനം വീട്ടുകാര് പിടിച്ചങ്ങ് കെട്ടിച്ചു. അങ്ങനെ ഇപ്പൊ വയനാട് സെറ്റിൽഡായി. അവിടുന്ന് കുറെ ചെടികളും വാങ്ങി വണ്ടിയിൽ വച്ച് ഞങ്ങൾ തിരിച്ചു ചുരമിറങ്ങി.
തിരിച്ച് വീടെത്തിയപ്പോ സമയം നാലരയായി. എല്ലാരും ഞങ്ങളെ കാത്ത് പോസ്റ്റായിരിക്കുകയായിരുന്നു. ഇതിപ്പോ പണ്ട് ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ മീൻ മേടിക്കാൻ പോയപോലെയായി. തൽക്കാലം സുമതിയമ്മയെ വാങ്ങിയ ചെടിച്ചട്ടികൾ കാണിച്ച് കൂളാക്കി. താമരശ്ശേരി ടൗണിൽ കേറിയപ്പോ മുന്നിൽ കണ്ട വയനാട് റോഡാണ് എല്ലാത്തിനും കാരണമായത്. ആ റോഡിന്റെ അറ്റം അങ്ങ് നീളുന്നത് മൈസൂർ വഴി ബാഗ്ലൂർലേക്കാണ് എന്ന കാര്യം ആ സമയത്ത് ഓർമ്മയിൽ വരാഞ്ഞത് നന്നായി. അല്ലേലും എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ ദാസാ ..അല്ലെ ?
- ശുഭം-