ഭാഗം-3 ഹംപിയിലെ കരിഞ്ഞുണങ്ങിയ ഒന്നാം ദിനം
കരിമ്പനകൾക്കു മുകളിൽ നിന്നും യക്ഷിയിറങ്ങുന്ന രാത്രിയുടെ അന്ത്യയാമം. കാറ്റിൽ പാലപ്പൂവിന്റെ ഗന്ധം വാനിൽ പറക്കുന്ന നരിച്ചീറുകൾ, പൊന്തക്കാടുകളിൽ കുറുക്കന്റെ ഓരിയിടലുകൾ. എങ്ങും കൂറ്റാക്കൂരിരുട്ട്. വെളുത്ത വരകൾ അതിരിടുന്ന കറുത്ത റോഡിലൂടെ , ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ആ കാർ ഇരമ്പിക്കുതിച്ചു. അതിൽ രണ്ട് പേർ. വഴിയിലെ പടുകൂറ്റൻ മരങ്ങൾക്കുമുകളിലെ കൂമൻ കണ്ണുകൾ അവരെ പിൻതുടരുന്നുണ്ടായിരുന്നു. "Hampi 25 KM" - നിലാവെളിച്ചത്തിൽ വഴിയരികിൽ കണ്ട ആ ബോർഡ് അവരെ ആവേശഭരിതരാക്കി. രണ്ട് പേരും പരസ്പരം നോക്കി മന്ദസ്മിതം തൂകി. കാറിൻറെ ചക്രങ്ങൾ പതിയെ നിശ്ചലമായി. എൻജിനിൽ നിന്നുയർന്ന ഹുങ്കാര ശബ്ദം നിലച്ചു. ബൂട്ട്സിട്ട രണ്ട് കാലുകൾ ഡോർ തുറന്നു നിലത്തിറക്കി. അയാൾ അടുത്തുള്ള കട ലക്ഷ്യമാക്കി നടന്നു. തനിക്കുനേരെ നടന്നടുക്കുന്നതാരെന്നറിയാൻ കടക്കാരൻ ഒന്നെത്തിനോക്കി നോക്കി. അയാളുടെ കണ്ണുകൾ പെട്ടന്ന് ഭയവിഹ്വലമായി. ശരീരത്തിൽ ഒരു വിറയൽ തോന്നിയോ എന്നയാൾ സംശയിച്ചു. ബൂട്സിട്ടയാൾ അപ്പോഴേക്കും കടയുടെ മുന്നിൽ എത്തിയിരുന്നു.
"ഡേയ് ഡേയ്, ഒന്ന് നിർത്തേടെ. ഇത് യാത്രാവിവരണം തന്നെയല്ലേ , അല്ലാതെ കോട്ടയം പുഷ്പരാജിന്റെ ഡിറ്റക്റ്റീവ് നോവൽ ഒന്നുമല്ലല്ലോ. മര്യാദക്കങ്ങു പറഞ്ഞാ മതി. ഇത്രക്ക് ഡെക്കറേഷനൊന്നും വേണ്ട"
“പോട്ട് പുല്ല്" , ഒരു ഓളത്തിൽ പറഞ്ഞു വന്നതായിരുന്നു. ആ ഫ്ലോയങ്ങു പോയി.”
അപ്പൊ പറഞ്ഞു വന്നത് ചിത്രദുർഗയിൽ നിന്നും ഹംപിയിലേക്കുള്ള ഞങ്ങളുടെ ഡ്രൈവിനെ കുറിച്ചാണ്. സമയം രാത്രിയായി. ഹംപി എക്സ്പ്രസ്സ് ഹൈവേയിലെ ടോൾ ബൂത്തിനടുത്തുള്ള ആ കടക്കു മുന്നിൽ ഞങ്ങൾ വണ്ടി നിർത്തി. അവിടെ നിന്ന് ഒരു ചായയും, ബിസ്ക്കറ്റും കഴിച്ചു. ഒന്ന് മുഖം കഴുകി ക്ഷീണം മാറ്റി വീണ്ടും യാത്ര തുടർന്നു. ഇന്ന് ചിത്രദുർഗയിൽ താമസിച്ചു നാളെ രാവിലെ ഹംപിയിലേക്ക് പോകാം എന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. ചിത്രദുർഗയിൽ നിന്ന് ഹംപിയിലേക്ക് ഏകദേശം 150 കിലോമീറ്റർ ദൂരമുണ്ട്. അതിൽ ഹൊസ്‌പ്പേട്ട് വരെയുള്ള 135 കിലോമീറ്റർ എക്സ്പ്രസ്സ് വേയാണ്. പെട്ടന്ന് തന്നെ അങ്ങെത്തും. ഇന്ദുലേഖ സജസ്റ്റ് ചെയ്ത അമലാ പോളിനെപ്പോലെ , കെട്ട്യോളാണ് ഇന്ന് രാത്രി തന്നെ ഹംപിക്ക് വിട്ടാലോ എന്ന ഐഡിയ സജസ്റ്റ് ചെയ്തത്. അതാകുമ്പോ രാവിലെ നേരത്തെ എണീറ്റ് ഡ്രൈവ് ചെയ്തു പോകണ്ട. ഇന്ന് രാത്രി ഹംപിയിൽ കെടന്നുറങ്ങി, നാളെ റിലാക്സ്ഡായി സൈറ്റ് സീയിങ്ങിനിറങ്ങാം. അങ്ങനെ പോകും വഴി ഹംപിയിലെ താമസവും ബുക്ക് ചെയ്തു. ഹംപി സ്പ്രസ്സ് വേ ഒരു രക്ഷയും ഇല്ല. നൂറു -നൂറ്റമ്പതു കിലോമീറ്റർ രണ്ട് മണിക്കൂറിനുള്ളിൽ ശടേന്ന് പിന്നിട്ടു. ഒരു 80 -100 കിലോമീറ്ററിൽ സ്പീഡിൽ മണിക്കൂറുകളോളം ക്രൂയിസ് കൺട്രോളിട്ടു വണ്ടിയോടിക്കാൻ പറ്റിയത് ഇങ്ങിവിടെ കർണാടകയിൽ കേറിയതിനു ശേഷമാണ്. ഞാനും , കെട്ട്യോളും , ഒപ്പം അൾട്രോസും പെരുത്ത് ഹാപ്പി.
ഒരൊമ്പതു മണി ആകുമ്പോഴേക്കും ഞങ്ങൾ ഹംപിയിലെത്തി. ഹംപിയുടെ ഹൃദയ ഭാഗമായ വിരൂപാക്ഷ ക്ഷേത്രത്തിന്റെ തൊട്ടടുത്ത്, തുങ്കഭദ്രയുടെ തീരത്താണ് ശ്രീലക്ഷ്മി ഹെറിറ്റേജ് എന്ന ഞങ്ങളുടെ ഹോംസ്റ്റേയ്. ഹംപിക്കകത്തു ഹോട്ടലുകൾ കുറവാണ്. ഒട്ടുമിക്കതും തദ്ദേശീയരുടെ ഹോംസ്റ്റേയ്കളാണ്. ഹൊസ്സ്‌പേട്ടിൽ പോയാലാണ് പിന്നെയും ഹോട്ടലുകൾ കാണാൻ കിട്ടുന്നത്. നാട്ടിൽ നിന്നും വരുന്നവർക്ക് ഹൊസ്സ്‌പെട്ടാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കേരളത്തിൽ നിന്ന് ഇവിടേക്ക് ഡയറക്ട് ട്രെയിൻ ഇല്ല എന്നാണറിവ്. ബാംഗ്ലൂർ അല്ലേൽ മൈസൂർ വന്നിട്ട് ഹോസ്‌പേട്ടിലേക്ക് ട്രെയിൻ കയറുന്നതാവും ഉചിതം. ഈ റൂട്ടുകളിൽ ഇഷ്ടം പോലെ ബസ്സുകളും ഓടുന്നുണ്ട്. ഞങ്ങളുടെ താമസ സ്ഥലം കണ്ട് പിടിക്കാൻ ഇച്ചിരി ബുദ്ധിമുട്ടി. ഇതും മറ്റൊരു ഹോട്ടൽ ബുക്കിങ് ദുരന്തമായി പരിണമിക്കുമോ എന്ന് സംശയിച്ചു. പക്ഷെ അൽപ്പം മുന്നോട്ടു പോയപ്പോൾ തന്നെ ഹോംസ്റ്റേയുടെ ഓണർ കിരൺ ഞങ്ങളെ കൈ കാണിച്ചു വിളിച്ചു. വിരൂപാക്ഷ ക്ഷേത്രത്തിന്റെ തൊട്ടു പുറകിലാണീ സ്ഥലം. ഇവിടെ കുറച്ചേറെ ഹോം സ്റ്റേകൾ ഉണ്ട്. സ്ഥല പരിമിതി കാരണം വണ്ടി പാർക്ക് ചെയ്യാൻ ഇച്ചിരി ബുദ്ധിമുട്ടിയെങ്കിലും, കിരണിന്റെ ആതിഥേയത്വം വളരെ ഹൃദ്യമായിരുന്നു. നല്ല പെരുമാറ്റവും, സഹായമനസ്കതയും ഉള്ള ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. ഞങ്ങൾക്ക് നല്ല വിശപ്പുണ്ട്. പെട്ടന്ന് തന്നെ പോയി ഒരു കുളിയും പാസാക്കി ഞങ്ങൾ ഡിന്നർ കഴിക്കാനിറങ്ങി. ഇവിടുത്തെ ഹോം സ്റ്റേകളിൽ താഴെ താമസവും മുകളിൽ റെസ്റ്റോറന്റ് സൗകര്യവുമാണുള്ളത്. എന്നാൽ ഞങ്ങളുടെ ഹോം സ്റ്റേയിൽ ഭക്ഷണ സൗകര്യം ഇല്ലാതിരുന്നതിനാൽ. തൊട്ടടുത്ത തൻ്റെ സുഹൃത്തിന്റെ റെസ്റ്റോറന്റിലാണ് കിരൺ ഞങ്ങൾക്കുള്ള ഭക്ഷണം അറേഞ്ച് ചെയ്തു തന്നത്. ഒരു ചേട്ടനും , ഭാര്യയും നടത്തുന്നതാണത് അർച്ചന ഗസ്റ്റ് ഹൌസ് എന്ന ഈ ഹോം സ്റ്റേ ആൻഡ് റെസ്റ്റോറന്റ്. അവരുടെ വീടിന്റെ മുകൾ വശത്താണ് റെസ്റ്റോറന്റ്. ഒരു ചെറിയ സ്ഥലം മാസ്‌സിമം യൂട്ടിലൈസ് ചെയ്താണ് അവിടുത്തെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഞങ്ങൾ ഓർഡർ ചെയ്യുവാനായി മെനു എടുത്തു. അതിനകത്തില്ലാത്ത ഐറ്റംസ് ഇല്ല. സൗത്ത് ഇന്ത്യൻ , നോർത്ത് ഇന്ത്യൻ മുതൽ സ്പാനിഷ് , ഇറ്റാലിയൻ , എന്തിന് ഇസ്രായേലി ഫുഡ് വരെ ലഭ്യം. ഏതു ഐറ്റം പറഞ്ഞാലും ഒരു പത്തിരുപതു മിനിറ്റിൽ റെഡിയാക്കി തരും. കിച്ചണിൽ വേറെ സഹായികളൊന്നും ഇല്ല. ഫുഡ് ഉണ്ടാക്കുന്നതും , സെർവിങ്ങും എല്ലാം ഇവർ രണ്ടുപേർ ചേർന്നാണ് ചെയ്യുന്നത്. ഫുഡിനാണേൽ ഒടുക്കത്തെ ടേസ്റ്റും. എന്തായാലും ഹംപിയിലെ താമസവും , ഭക്ഷണവും ഞങ്ങൾക്ക് നന്നേ പിടിച്ചു. യാത്ര ക്ഷീണം നന്നായിട്ടുണ്ട്. ഫുഡും കഴിച്ചു വന്ന് നേരെ കിടക്കയിൽ കിടന്നതേ ഓർമ്മയുള്ളൂ. രാവിലെ അലാറം നീട്ടിക്കരയുന്നത് കേട്ടപ്പോഴാണ് ബോധം വീണത്.
യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെട്ടിട്ടുള്ള ഹംപി, പതിനാലാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു. ഹംപിയിലെ പഴയ കാലത്തെ ഒരുപാട് നിർമ്മിതികൾ ഇന്ന് വീണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ നിർമ്മാണ വൈദഗ്ധ്യം നമ്മളെ ശരിക്കും അത്ഭുതപെടുത്തും. കൊട്ടാരങ്ങളും, വ്യാപാര ശാലകളും, അമ്പലങ്ങളും, വാണിജ്യ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള പഴയകാല നഗരത്തിന്റെ ശേഷിപ്പുകൾ ഏകദേശം ഇരുപതു കിലോമീറ്ററോളം വിസ്തൃതിയിൽ അതെ രീതിയിൽ തന്നെ ഇവിടെ നിലനിർത്തിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ പൗരാണിക നഗരമായിരുന്നു ഹംപി. അതുകൊണ്ട് തന്നെ വിദേശത്തുനിന്നടക്കം ഒട്ടനവധി പേർ ഇവിടെ കച്ചവടത്തിനും മറ്റുമായി എത്തിച്ചേർന്നിരുന്നു. ഹംപിയിലെ സമ്പത്തിൽ ആകൃഷ്ടരായ അലാവുദ്ധീൻ ഖിൽജിയടക്കമുള്ള ഡൽഹി സുൽത്താൻമ്മാർ പല കാലഘട്ടങ്ങളിലായി ഇവിടേക്ക് യുദ്ധം നയിച്ച് വന്നിരുന്നു. എന്നാൽ പരാജയം നുണഞ്ഞു തിരിച്ചു പോകേണ്ടി വരികയാണുണ്ടായത്. പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളിലായി ഹംപിയും , വിജയനഗര സാമ്രാജ്യവും കൂടുതൽ സമ്പത്സമൃദ്ധിയാര്ജിച്ചു. പ്രത്യേകിച്ചും കൃഷ്ണ ദേവരായാരുടെ കാലത്ത്. 1565 -ൽ ഡെക്കാൻ പീഠഭൂമിയിൽ സുൽത്താൻമ്മാരുടെ സഖ്യം വിജയനഗരിയെ ആക്രമിച്ചു. തലിക്കോട്ടയിൽ വച്ച് നടന്ന യുദ്ധട്ടത്തിൽ അന്നത്തെ വിജയനഗര സാമ്രാജ്യത്തിന്റെ അധിപനായ അലിയ രാമരായർ വധിക്കപ്പെട്ടു. വിജയനഗര സാമ്രാജ്യത്തിന്റെ പതനമായിരുന്നു ആ യുദ്ധം. തലസ്ഥാനമായ ഹംപി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കൊള്ളയടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ഉണ്ടായി. കൊട്ടാരങ്ങൾക്കും , കച്ചവട കേന്ദ്രങ്ങൾക്കും തീയിട്ടു. ഏകദേശം ആറു മാസത്തോളം ഹംപിയിൽ കൊള്ളയും , കൊള്ളിവയ്പ്പും തുടർന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരത്തിൽ നിന്നും , വെറും കെട്ടിടാവശിഷ്ടങ്ങൾ മാത്രമായി ആ ആറുമാസക്കാലയളവിൽ ഹംപി മാറി.
താമസം വിരൂപാക്ഷ ക്ഷേത്രത്തിനു സമീപമായതിനാൽ, ഹംപി സന്ദർശനത്തിലെ ആദ്യ ഡെസ്റ്റിനേഷനായി മാറിയതും ഈ സ്ഥലം തന്നെയായിരുന്നു. ഹംപിയിലെ ഒട്ടുമിക്ക സ്ഥലങ്ങളും നടന്നോ , സൈക്കിളിലോ പോയി കാണാവുന്നതേ ഉള്ളൂ. പല സ്ഥലങ്ങളും കണക്ട് ചെയ്തു കണക്ട് ചെയ്തു കണ്ട് തീർക്കാം. ചിലയിടങ്ങളിൽ ഓട്ടോയോ , ബസ്സോ പിടിക്കേണ്ടി വരും. സ്വന്തം വാഹനം താമസ സ്ഥലത്തു പാർക്ക് ചെയ്തു പോകുന്നതാവും ഉചിതം. ഞങ്ങളുടെ ഹോംസ്റ്റേയിൽ പാർക്കിങ് സൗകര്യം പരിമിതമായതിനാൽ ഞാൻ രാവിലെ കാറെടുത്തു വിരൂപാക്ഷ ക്ഷേത്രത്തിന്റെ പാർക്കിങ് സ്പേസിൽ കൊണ്ടിടുകയാണ് ചെയ്തത്. ഒരു ഗൈഡ് ബുക്ക് വാങ്ങി കൈയിൽ വെക്കുന്നത് വളരെ നല്ലതാണു. അതിനകത്തു തന്നെ കാണേണ്ട സ്ഥലങ്ങളുടെ മാപ്പും ഉണ്ടാകും. അത് നോക്കി നോക്കിയങ്ങു നടന്നാൽ മതി. പിന്നെ ഗൈഡുമാരുടെ സേവനവും ലഭ്യമാണ്. അതല്ലെങ്കിൽ ഓട്ടോക്കാർക്ക് ഒരായിരം രൂപ കൊടുത്താൽ ഒരു ദിവസം മുഴുവൻ അവർ നമ്മുടെ കൂടെ നിന്ന് സ്ഥലങ്ങൾ കാണിച്ചു തരും. താല്പര്യമുള്ളതു പോലെ ചെയ്യാം. ഞങ്ങൾ സ്വയം നടന്നു കാണാനാണ് തീരുമാനിച്ചത്. വിരൂപാക്ഷ ക്ഷേത്രത്തിനു ചുറ്റും കച്ചവടക്കാരാണ്. ഗൈഡും , മാപ്പും ഇവരുടെ അടുത്തുനിന്നും കിട്ടും. പിന്നെ മറ്റനവധി കരകൗശല വസ്തുക്കളും, സുവനീറുകളും. പക്ഷെ എല്ലാത്തിനും ഒടുക്കത്തെ റേറ്റാണ് പറയുക. ഒന്ന് വിലപേശിയാൽ പറഞ്ഞ വിലയുടെ നാലിലൊന്നിന് സാധനം കിട്ടും. പിന്നെ നോക്കിയും കണ്ടുമൊക്കെ വിലപേശുക. ജീവിക്കാൻ വേണ്ടി കച്ചവടം ചെയ്യുന്നവരാണ്. അവർക്കൊരു പത്തുരൂപ കൂടുതൽ കൊടുത്താലും നമുക്കൊന്നും നഷ്ടപെടാനില്ലല്ലോ.
വിരൂപാക്ഷ ടെംപിൾ
തുങ്കഭദ്ര നദിയുടെ തീരത്താണ് ഈ ക്ഷേത്രം. ഹംപിയുടെ ഹൃദയ ഭാഗം എന്ന് വേണമെങ്കിൽ പറയാം. പതിനൊന്നു നില ഉയരമുള്ള 165 അടി ഉയരവും, 150 അടി നീളവും , 120 അടി വീതിയും ഉള്ള ഒരു വലിയ ഗോപുരമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. പ്രധാന കവാടം കടന്നു മുന്നോട്ടു പോയാൽ കല്ല് വിരിച്ച വിശാലമായ മുറ്റമാണ്. ഈ മുറ്റത്തിനടിയിലെ കനാലിലൂടെ തുങ്കഭദ്ര നദി ഒഴുകുന്നുണ്ട്. കനാൽ കല്ലുവിരിച്ചു മൂടിയിരിക്കുകയാണ്. നടുമുറ്റം കടന്നു മുന്നോട്ടുപോയാൽ ഒരു വലിയ കൽ മണ്ഡപമുണ്ട്. കല്യാണ മണ്ഡപം , പൂജാ മണ്ഡപം എന്നൊക്കെയാണ് ഇതറിയപ്പെടുന്നു. അക്കാലത്തെ നിർമ്മാണ വൈദഗ്ധ്യം നമ്മെ അത്ഭുതപ്പെടുത്തും. വിരൂപാക്ഷ ക്ഷേത്രം നിർമ്മിച്ചത് ആരാണെന്നോ, എപ്പോഴാണെന്നോ എന്നുള്ള വിവരം ലഭ്യമല്ല. കൃഷ്ണ ദേവരായാരുടെ കാലത്തിനും മുൻപാണ് ഇത് നിർമ്മിച്ചിട്ടുള്ളത് എന്ന് മാത്രം അറിയാം. രണ്ട് മൂന്നു ചെറിയ ക്ഷേത്രങ്ങളും ഇതിനകത്തുണ്ട്. പ്രധാന ഗോപുരത്തെ കൂടാതെ മറ്റു രണ്ട് ചെറിയ ഗോപുരങ്ങൾ കൂടി ഇതിനകത്തുണ്ട്. വിരൂപാക്ഷ ടെംപിൾ മറ്റൊരു അത്ഭുതം കൂടി നമ്മെ കാത്തു വച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുറകുവശത്ത് കൂടി ഉള്ളിൽ കയറുമ്പോൾ സമീപത്തായി ഒരു ചെറിയ മുറിയുണ്ട്. ഈ മുറിയുടെ കിഴക്കുഭാഗത്ത് ഒരു ചെറിയ ദ്വാരമുണ്ട്. ആ ദ്വാരത്തിൽ കൂടി വരുന്ന വെളിച്ചം, മുറിയിലെ ചുമരിൽ ക്ഷേത്ര ഗോപുരത്തിന്റെ ഒരു തലകീഴായ രൂപം പ്രോജക്ട് ചെയ്യുന്നു. ഒരു ലെൻസ് പോലെ. എന്താല്ലേ ..! പഴയ കാലത്തേ മനുഷ്യന്റെ സാങ്കേതിക ജ്ഞാനം
ഹേമകുടാ ടെംപിൾ കോംപാക്സ്
വിരൂപാക്ഷ ക്ഷേത്രത്തിൽ നിന്നിറങ്ങി വലത്തോട്ടുപോയാൽ നമ്മൾ ചെന്നെത്തുന്നത് ഹേമകുട കുന്നിലേക്കാണ്. പാറ കൊണ്ട് നിറഞ്ഞ ചെറിയൊരു കുന്നാണ് ഹേമകുട. കുന്നിൻപുറത്തു നല്ല വെയിലുണ്ട്. തണലിനായി കാര്യമായിട്ട് ഒന്നും തന്നെയില്ല. കുന്നിൽ അവിടെയിവിടെയായി പടുകൂറ്റൻ ഉരുളൻ പാറക്കല്ലുകൾ ഉണ്ട്. ഇപ്പൊ താഴേക്ക് ഉരുണ്ടിറങ്ങും എന്നപോലെ നിൽക്കുന്ന അതിന്റെ തണലാണ് ഒരു ചെറിയ ആശ്വാസം. പത്തു മുപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ ഈ കുന്നിൽ അങ്ങിങ്ങായിട്ടുണ്ട്. ഒട്ടുമിക്കതും ശിവനെ ആരാധിക്കുന്നവയാണ്. പുരാണങ്ങളിൽ പറയുന്നതു പ്രകാരം ശിവൻ തപസ്സാനുഷ്ഠിച്ച സ്ഥലമാണത്രെ ഇത്. ശിവൻ കാമനെ തൃക്കണ്ണ് തുറന്നു ഭസ്മമാക്കി കളഞ്ഞതും ഇവിടെ വച്ചാണത്രെ. ശിവ - പാർവതി വിവാഹ സുദിനത്തിൽ സ്വർഗത്തിൽ നിന്ന് ഹേമകുടയിൽ സ്വർണം പെയ്‌തത്രേ. ഹേമ എന്നാൽ സ്വർണം എന്നാണർത്ഥം. വെയിൽ കനത്തപ്പോൾ ഞങ്ങൾ പാറക്കൂട്ടങ്ങൾക്ക് പുറകിൽ അഭയം കണ്ടെത്തി. ഹേമകുടയിൽ വച്ച് ഞങ്ങൾ കുറച്ചു മലയാളി പയ്യൻമ്മാരെ കണ്ട് മുട്ടി. മലപ്പുറത്ത് നിന്നുള്ള കുറച്ചു കോളേജ് സ്റ്റുഡന്റ്സ്. അല്ലേലും എവിടെപ്പോയാലും മലപ്പുറത്തുകാരെ കാണാൻ കിട്ടാറുണ്ട്. നല്ല ട്രിപ്പൻമ്മാരാണ് അന്നാട്ടുകാർ എന്നാണ് എന്റെ ഒരനുഭവം. ആനന്ദം സിനിമ ഇറങ്ങിയതിനു ശേഷമാണു കേരളത്തിൽ നിന്നും ഹംപിയിലേക്ക് സഞ്ചാരികളുടെ ഒരു കുത്തൊഴുക്ക് ഉണ്ടായതെന്നാണ് താഴെ കണ്ട ഒരു മേപ്പ് വിൽപ്പനക്കാരൻ പയ്യൻ പറഞ്ഞത്. ഹേമകുട കുന്നിൻ്റെ മുകളിൽ ചെന്നാൽ വിരൂപാക്ഷ ക്ഷേത്രം ഉൾപ്പെടുന്ന ഹംപിയുടെ ഒരു പനോരാമിക് വ്യൂ നമുക്ക് ലഭിക്കും. ഹംപിയിലെ പ്രധാന സൺസെറ്റ് പോയിന്റും ഇതാണ്. അപ്പൊ വൈകുന്നേരം ഒരു വരവുകൂടി വരേണ്ടി വരും. ഹേമകുടയിലെ മറ്റു പ്രധാന ക്ഷേത്രങ്ങളാണ് ബദാവി ലിംഗ ടെംപിൾ , ഉഗ്രനരസിംഹ ടെംപിൾ, കൃഷ്ണ ടെംപിൾ, വീരഭദ്ര ടെംപിൾ എന്നിവ. എല്ലാം വാസ്തുവിദ്യയിൽ അതി മനോഹരങ്ങളാണ്. ഓരോ ഭാഗത്തിന്റെയും ഡീറ്റെയിലിങ് അത്രക്ക് അത്ഭുതപ്പെടുത്തത്തക്ക വിധമുള്ളതാണ്. ബദാവി ലിംഗ ടെംപിളിൽ ഒരു ശിവലിംഗമാണുള്ളത്. അതിനടിയിലൂടെ ഒരു കനാൽ കടന്നുപോകുന്നതിനാൽ, ശിവലിംഗം എപ്പോഴും വെള്ളത്തിൽ മുങ്ങിയാണിരിക്കുന്നതു. ഉഗ്രനരസിംഹം ഹംപിയിലെ ഏറ്റവും വലിയ വിഗ്രഹമാണ്. ഇത് കൂടാതെ പ്രധാനമായും രണ്ട് ഗണപതി ക്ഷേത്രങ്ങളും ഉണ്ട്. കടലെകാലു (Bengalgram) ഗണപതിയും, ശശിവേകാലു (Mustard seed) ഗണപതിയും. ഇവിടുത്തെ ഗണപതി വിഗ്രഹങ്ങളുടെ വയർ കടലയുടെയും, കടുകിന്റെയും ആകൃതിയിൽ ആയതിനാലാണ് ഇപ്പേരുകൾ വന്നത്.
സമയം ഉച്ചയായി, വെയിലിന്റെ കാഠിന്യം കൂടിക്കൂടി വരുന്നു. ഞങ്ങൾ രണ്ടുപേരും വെയിലുകൊണ്ട് നടന്നു ക്ഷീണിച്ചു. ഇനി ബാക്കി ഉച്ചഭക്ഷണം കഴിഞ്ഞിട്ടാവാം. റൂമിൽ പോയി ഫ്രഷായി. അർച്ചന ഗസ്റ് ഹൌസിൽ പോയി നല്ല ഊണ് കഴിച്ചു. ഹംപി ഒരു വെജിറ്റേറിയൻ പട്ടണമാണ്. ഇവിടെ നോൺ -വെജ് ഒന്നും തന്നെ ലഭ്യമല്ല. മുൻപ് ഹിപ്പി ഐലൻഡിൽ കിട്ടുമായിരുന്നു. എന്തിനു കള്ളും , കഞ്ചാവും വരെ ഉണ്ടായിരുന്നത്രെ. വിദേശികളൊക്കെ കൂടുതൽ പോയിരുന്നത് അങ്ങോട്ടായിരുന്നു. ഒരുപാട് റിസോർട്ടുകളും ഹിപ്പി ഐലൻഡിൽ ഉണ്ടായിരുന്നു. ഫോറെസ്റ്റ് ഏരിയയിലെ അനധികൃത കയ്യേറ്റത്തിന്റെ പേരിൽ ഇപ്പോൾ ഐലൻഡ് മുഴുവനായും ഒഴിപ്പിച്ചു. ഇപ്പോൾ അങ്ങോട്ട് പബ്ലിക്കിന് എൻട്രി ഇല്ല. ഉച്ചഭക്ഷണം കഴിച്ചു ഒരൽപം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ അടുത്ത റൗണ്ട്സിനിറങ്ങി.
ഹംപി ബസാർ
വിരൂപാക്ഷ ക്ഷേത്രത്തിന്റെ നേരെ മുൻഭാഗത്തായാണ് പണ്ടത്തെ ഹംപി ബസാർ സ്ഥിതി ചെയ്യുന്നത്. ഞാൻ നേരത്തെ പറഞ്ഞപോലെ ഒരു കാലത്തു ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു ഹംപി. വിദേശത്തു നിന്നുപോലും ആളുകൾ കച്ചവടത്തിനായി ഈ ഹംപി ബസാറിൽ എത്തിയിരുന്നു. ആട് , പശു , കുതിര മുതൽ സിൽക്ക്, സ്വർണം , രത്നങ്ങൾ വരെ ഒരുകാലത്തു കച്ചവടം നടത്തിയിരുന്നതിവിടെയായിരുന്നു. വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിൽ ഏകദേശം ഒരു കിലോമീറ്ററോളം നീളത്തിൽ ഇരുവശങ്ങളിലായിട്ടാണ് ഹംപി ബസാർ സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ഇതിന്റെ ഒരറ്റത്താണ് ഹംപി പോലീസ് സ്റ്റേഷൻ.
ഹംപി ബസാറിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞാൽ നേരെ ചെന്നെത്തുന്നത് തുങ്കഭദ്രയുടെ തീരത്തേക്കാണ്. ഇനി അടുത്ത ലക്ഷ്യം വിജയ വിട്ടല ക്ഷേത്രമാണ്. ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരമുണ്ട് അങ്ങോട്ടേക്ക്. വെയിൽ കുറച്ച് കുറഞ്ഞിട്ടുണ്ട്. തുങ്കഭദ്രയുടെ തീരത്തിലൂടെ നടന്നങ്ങു പോകാം. പോകും വഴി കുറച്ചു സ്ഥലങ്ങളും കൂടി സന്ദർശിക്കാറുണ്ട്.
എദ്ദുരു ബസവന്ന
വിജയ വിട്ടല ക്ഷേത്രത്തിലേക്കുള്ള വഴിയിലെ ആദ്യ പ്രധാന ആകർഷണം എദ്ദുരു ബസവന്ന എന്ന നന്ദി വിഗ്രഹമാണ്. ഇത് വിരൂപാക്ഷ ക്ഷേത്രത്തിലെ ശിവ വിഗ്രഹത്തിന് അഭിമുഖമായാണിരിക്കുന്നത്
കോതണ്ഡരാമ ടെംപിൾ
തുങ്കഭദ്രയിൽ നദിയിൽ നിന്നും 60 - 70 അടി ഉയരത്തിലാണ് ഈ ക്ഷേത്രം. മഴക്കാലത്ത് നദി കരകവിയുമ്പോൾ ഇവിടെ വെള്ളം കയറും. കയറിയ വെള്ളം തിരിച്ചിറങ്ങുന്ന ഭാഗത്തായി ഒരു ചുഴി രൂപപ്പെടും , അതിനെ ചക്ര തീർത്ഥം എന്നാണ് വിളിക്കുന്നത്
യന്ത്രോദ്ധാരക ഹനുമാൻ
കോതണ്ഡരാമ ക്ഷേത്രത്തിനു പുറകിലാണിത്. കൃഷ്ണ ദേവരായാരുടെ കാലത്തു സ്ഥാപിച്ച ഹനുമാൻ വിഗ്രഹമാണ് ഇവിടുത്തെ ആകർഷണം
അച്യുതരായ ക്ഷേത്രം
കോതണ്ഡരാമ ക്ഷേത്രത്തിനടുത്തായി ഒരു പൊളിഞ്ഞ അമ്പലവും, ഗോപുരവും കാണാം. അതാണ് അച്യുതരായ ടെംപിൾ. ഇതിന്റെ മുന്നിലായി ഇരുഭാഗങ്ങളിലും രണ്ടു നിര മണ്ഡപങ്ങളുണ്ട്. പഴയ കാലത്ത് 'സുലെ ബസാർ' എന്നറിയപ്പെട്ടിരുന്ന ഇവിടെയായിരുന്നു രത്നങ്ങളുടെയും, വിശിഷ്ടങ്ങളായ കല്ലുകളുടെയും വ്യാപാരം നടന്നിരുന്നത്. കൃഷ്ണദേവരായാരുടെ സഹോദരൻ അച്യുതരായരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. 1513 തുടങ്ങിയ നിർമ്മാണം അവസാനിച്ചത് 1539 ലാണ്. ഒറ്റക്കല്ലിൽ നിർമ്മിച്ച ഇരട്ട തൂണുകൾ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.
ഓൾഡ് സ്റ്റോൺ ബ്രിഡ്ജ്
പതിനാലാം നൂറ്റാണ്ടിൽ കംപഭൂപൻ പണി കഴിപ്പിച്ചതാണീ കൽപ്പാലം. തുങ്കഭദ്രയുടെ വടക്കൻ തീരത്തെ ഹംപിയുമായി ബന്ധിപ്പിക്കാൻ നിർമ്മിച്ചതായിരുന്നു ഈ പാലം. എന്നാൽ പിന്നീട് പാലത്തിന്റെ പല ഭാഗങ്ങളും തകർന്നു വീഴുകയും, നശിച്ചു പോകുകയുമാണുണ്ടായത്. എന്തായാലും പരിമിതമായ സാങ്കേതിക വിദ്യയിൽ ഇത്തരമൊരു പാലം നിർമ്മിച്ച അക്കാലത്തുള്ളവരെ നമിക്കാതെ വയ്യ.
പുരന്ദരദാസ മണ്ഡപം
പഴയ കാൽപ്പാലത്തിനു സമീപത്തായി ഉള്ള ഉയരം കുറഞ്ഞ മണ്ഡപമാണിത്. ഭക്തി മാർഗത്തിന്റെ പ്രയോക്താവും, കന്നഡ കവിയുമായിരുന്ന പുരന്ദരദാസർ 1540-കളിൽ ഇവിടെ വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഈ മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുണ്ട്. നിരവധി തൂണുകളുള്ള ഈ മണ്ഡപം മുഴുവനായും മഴക്കാലത്ത് വെള്ളത്തിൽ മൂടുന്നു. എങ്കിൽപ്പോലും മണ്ഡപത്തിനു ഇതുവരെ തകർച്ചയൊന്നും സംഭവിച്ചിട്ടില്ല. നമ്മുടെ നാട്ടിലെ PWD ക്കാരെയൊക്കെ ഇതൊക്കെ കൊണ്ട് പോയി കാണിക്കണം എന്നാണ് എന്റെയൊരു ഇത്.
അരസര തുലാഭാര
പുരന്ദരദാസരാ മണ്ഡപത്തിന്റെ കിഴക്കു ഭാഗത്തായി അതിഥി ചെയ്യുന്നു. കുത്തനെയുള്ള രണ്ടു വലിയ കൽത്തൂണുകളും, അതിനെ കുറുകെയുള്ള മറ്റൊരു തൂണും ചേർന്നുണ്ടാക്കിയ വലിയൊരു നിർമ്മിതി. ദസറയുടെയും, മഹാ നവമിയുടെയും സമയത്തു രാജാക്കൻമാർ തുലാഭാരം നടത്താനായി ഉണ്ടാക്കിയതാണിതെന്നു പറയപ്പെടുന്നു. രത്നങ്ങളും , വജ്രങ്ങളുമാണ് തുലാഭാരത്തിനു ഉപയോഗിക്കുക. ഇവ പിന്നീട് പാവങ്ങൾക്ക് ധാനം ചെയ്യും.
വിജയ വിട്ടല ടെംപിൾ
ഉച്ചക്കത്തെ പ്രധാന ലക്ഷ്യമായിരുന്നു വിട്ടല ക്ഷേത്രം. അങ്ങനെ നടന്നു നടന്നു ഇങ്ങെത്തിയിരിക്കുന്നു. ഇത്രയും ദൂരം നടന്നു , ഇടക്കുള്ള സ്ഥലങ്ങളൊക്കെ കണ്ടിവിടെയെത്താൻ ഏകദേശം രണ്ടു മണിക്കൂറോളമെടുത്തു. പതിനാലാം നൂറ്റാണ്ടിൽ ദേവരായ രണ്ടാമനാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. പിന്നീട് കൃഷ്ണദേവരായർ ഇതിനെ ഇന്ന് കാണുന്ന രൂപത്തിലാക്കിയെടുത്തു. ഈ ക്ഷേത്രത്തിൽ ഏകദേശം അൻപതോളം തൂണുകളുണ്ട്. അതിൽ പത്തോളം തൂണുകൾ മ്യൂസിക്കൽ പില്ലെർസ് എന്നറിയപ്പെടുന്നു. ഇതിനു സപ്തസ്വരങ്ങൾക്കു സമാനമായ ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കും. വിജയ വിട്ടല ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് ലോകപ്രശസ്തമായ കൽരഥം. ഇന്ത്യൻ കറൻസി നോട്ടുകളിൽ പ്രിന്റ് ചെയ്ത് നമ്മൾ കണ്ടിട്ടുള്ള ആ രഥം തന്നെ. വിജയ വിട്ടല ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ തന്നെയാണിതും സ്ഥിതി ചെയുന്നത്. കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിൽ നിന്നും പ്രചോദനമുൻകൊണ്ടാണ് വിജയനഗര രാജാക്കൻമാർ ഹംപിയിൽ ഇത്തരത്തിലൊന്നു സ്ഥാപിച്ചത്. ഒറ്റക്കല്ലിൽ തീർത്തതാണിതെന്നതാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. പട്ടാളക്കാരുടെയും, വേട്ടക്കാരുടെയും, കുതിര സവാരിക്കാരുടെയും, അറബ് , പേർഷ്യൻ, പോർട്ടുഗീസ് വംശജരുടെയുമെല്ലാം രൂപങ്ങൾ ഇതിൽ കൊത്തിയിട്ടിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ അടയാളമെന്നോണം.
സമയം ഏകദേശം വൈകുന്നേരമാകാറായി. ഇനി നേരെ ഹേമകുടയിലെ സൺസെറ്റ് പോയിന്റിൽ പോയി സൂര്യാസ്തമയം കാണണം. ഇത്രയും ദൂരം ഇനി തിരിച്ചു നടന്നാൽ സമയമേറെ വൈകും. വല്ല ബസ്സിലോ, ഓട്ടോയിലോ കേറി തിരിച്ചുപോകാമെന്നു വിചാരിക്കുന്നു. വിട്ടല ക്ഷേത്രത്തിൽ നിന്ന് അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് ഇലക്ട്രിക് കാർട്ടുകൾ ലഭ്യമാണ്. ഇരുപതുരൂപയാണ് ചാർജ്. അവിടെനിന്നും ഒരു ഓട്ടോ പിടിച്ചു നേരെ ഹേമകുടയിലേക്ക്. ഓട്ടോ ഡ്രൈവർ ആളൊരു രസികനാണ്. പുള്ളി ഹംപിയെക്കുറിച്ചു കൊറേ കാര്യങ്ങൾ പറഞ്ഞു തന്നു. അങ്ങനെ അയാളോടുള്ള സംസാരത്തിൽ നാളെ കാണേണ്ട സ്ഥങ്ങളെക്കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടാക്കാൻ സാധിച്ചു. ഹേമകുടയിൽ എത്തുമ്പോഴേക്കും സൂര്യാസ്തമയത്തിനു ഇനിയുമേറെ സമയമുണ്ടായിരുന്നു. ആ ഒരു സമയത്താണ് ഞങ്ങൾ വീരഭദ്ര ക്ഷേത്രവും, ഉഗ്ര നരസിംഹ ക്ഷേത്രവും, ബദാവി ലിംഗവും, കൃഷ്ണ ക്ഷേത്രവും കണ്ട് വന്നത്. അതും കഴിഞ്ഞു നേരെ സൺസെറ്റ് പോയിന്റിലേക്ക്. കൊറേ നേരം അവിടെ ഇരുന്നു. അപ്പോഴേക്കും സെക്യൂരിറ്റി വിസിലും ഊതിക്കൊണ്ടു വന്നു. സന്ദര്ശകര്ക്കുള്ള സമയം കഴിഞ്ഞത്രേ. ഹംപിയിൽ സൺസെറ്റ് കാണാൻ ഏറ്റവും നല്ല സ്പോട്ട് മങ്കി ടെംപിൾ ആണ്. എന്നാൽ സമയത്തിന്റെ കുറവുകാരണം ഞങ്ങൾക്കവിടെ പോകാൻ സാധിച്ചില്ല. ഹേമകുടയോട് ടാറ്റാ പറഞ്ഞു ഞങ്ങൾ കുന്നിറങ്ങി. താഴെ വീരുപാക്ഷ ക്ഷേത്രവും പരിസരവും മങ്ങിയ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന കാഴ്ച മനോഹരമായിരുന്നു. ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥനയുടെയും, മണിയടിയുടെയും ശബ്ദം ഉയർന്നു പൊങ്ങുന്നു. താഴെ ഇറങ്ങിയപ്പോൾ പഴയ ആ മലപ്പുറം പിള്ളേരെ കണ്ടു. ഹേമകുടയിൽ ടെന്റടിക്കാൻ അവരെ സെക്യൂരിറ്റി സമ്മതിച്ചില്ലത്രെ, അതിനാൽ റൂമും തപ്പി നടക്കുകയാണവർ. അവരോട് ബൈ പറഞ്ഞു ഞങ്ങൾ റൂമിലേക്കെത്തി. ഒരു കുളിയും പാസാക്കി. ഫുഡ് കഴിക്കാൻ പോയി. പതിവുപോലെ തന്നെ അർച്ചന ഗസ്റ്റ് ഹൌസിലെ ഭക്ഷണം അതി ഗംഭീരം. അതുവരെ കഴിക്കാത്ത പല ഐറ്റംസും ഞങ്ങൾ അവിടെ പരീക്ഷിച്ചു. ഭക്ഷണം കഴിച്ചു തിരിച്ചെത്തിയപ്പോഴാണ് കാറിൻ്റെ കാര്യം ഓർത്തത്. അത് വിരൂപാക്ഷ ക്ഷേത്രത്തിന്റെ പാർക്കിങ് സ്പേസിൽ കിടക്കുകയാണ്. അവിടെ രാത്രി ഇടുന്നത് സുരക്ഷിതമാണോ എന്നറിയില്ല. കിരണിനോട് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു വണ്ടി അവിടെ സേഫ് ആയിരിക്കുമെന്ന്. പിന്നെ എന്റെ പേടി കണ്ടപ്പോൾ പുള്ളി ബൈക്കുമെടുത്തുവന്നു എന്നെ കാറിന്റെ അടുത്തു കൊണ്ടുപോയി. അതും പോരാഞ്ഞിട്ട് വണ്ടിയെടുത്തു ക്ഷേത്രം സുരക്ഷാ ജീവനക്കാർ നിൽക്കുന്നതിന്റെ മുന്നിൽ തന്നെ പാർക്ക് ചെയ്തു. ഇനി പേടിക്കേണ്ട, ഇവിടുന്നാരും വണ്ടി എടുത്തുകൊണ്ടു പോകില്ല എന്ന് പറഞ്ഞു എനിക്ക് ധൈര്യം പകർന്നു. ഇന്ന് നന്നായി വെയിലുകൊണ്ട് നടന്നതിനാൽ നല്ല ക്ഷീണം ഉണ്ടായിരുന്നു. ദേഹമാകെ നന്നായി കരിഞ്ഞുണങ്ങിയിട്ടുണ്ട്. നാളെ രാവിലെ എണീറ്റ് മാതംഗ ഹിൽസിൽ സൂര്യോദയം പോകാനുള്ളതാണ്. നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു. അപ്പൊ ബാക്കി വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.
- തുടരും -