Friday, February 4, 2022

കെട്ട്യോളോടൊപ്പം ഹംപിയിലേക്കൊരു ഡ്രൈവ് Part-4

"മാതംഗ ഹിൽസിലെ സൂര്യോദയം"

Hampi - Mathanga hills


"ഇതിപ്പോ ലെഫ്റ്റാണോ , റൈറ്റാണോ  പോകേണ്ടത് !?" 


വഴി കണ്ടിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. റൈറ്റ് ഈസ് ഓൾവെയ്‌സ് റൈറ്റ് എന്നല്ലേ , അപ്പൊ വലത്തോട്ടുള്ള വഴിയേ തന്നെ പോകാം. ഇച്ചിരി ദൂരം മുന്നോട്ടു പോയതും ആ വഴി അവിടെ തീർന്നു. 


"ഹാ ..ഇപ്പോഴാ മനസിലായത്, ഇടത്തോട്ടുള്ളതാണ് ശരിക്കുള്ള വഴി, അപ്പൊ ബാ തിരിച്ചു പോകാം" - ഞാൻ കെട്യോളെ വിളിച്ച് തിരിച്ചു നടക്കാൻ തുടങ്ങി. ഒരു അന്തോം , കുന്തോം അറിയാതെ രാവിലെ തന്നെ വഴി തെറ്റിക്കാൻ ഇറങ്ങിയേക്കുന്നു എന്നാവാം ഓളപ്പൊ മനസ്സിൽ വിചാരിച്ചിട്ടുണ്ടാവുക. 


സമയം രാവിലെ അഞ്ചര കഴിഞ്ഞതേ ഉള്ളൂ. മാതംഗ ഹിൽസിൽ സൂര്യോദയം കാണാനുള്ള തത്രപ്പാടിലാണ് ഞങ്ങൾ. ഗൂഗിൾ അമ്മായി പറയുന്നതുപ്രകാരം 6:20 ആണ് ഇവിടുത്തെ സൂര്യോദയ സമയം. ഒരു അഞ്ചേമുക്കാൽ കഴിഞ്ഞിട്ടെറങ്ങിയാൽ മതിയെന്നും, കുന്നിൽ കയറാനുള്ള വഴി കണ്ടു പിടിക്കാൻ ഇച്ചിരി പാടാണെന്നും, സൂര്യോദയം കാണാൻ പോകുന്ന ആളുകളുടെ പുറകെ പോയാൽ മുകളിൽ എത്താമെന്നും , ഞങ്ങൾ താമസിച്ച ഹോം സ്റ്റേയുടെ ഓണർ കിരൺ ഇന്നലെത്തന്നെ പറഞ്ഞു തന്നിട്ടുണ്ട്. എന്നാൽ സൂര്യോദയം കാണാനുള്ള ആവേശത്തിൽ നേരത്തെ തന്നെ പുറപ്പെട്ടതാണ് ഞങ്ങൾ. ഇവിടെയാണേൽ ഇരുട്ടായിട്ടു വഴിയൊന്നും കാണാനുമില്ല. മുകളിലേക്ക് കേറി പോകുന്ന ഒരാളെയും കണ്ടതുമില്ല. ഞങ്ങളുടെ താമസ സ്ഥലത്തുനിന്നു നടക്കാനുള്ള ദൂരമേ മാതംഗ ഹിൽസിലേക്കുള്ളു. വിരൂപാക്ഷ ക്ഷേത്രത്തിന്റെ നേരെ എതിർദിശയിലാണ് മാതംഗ ഹിൽസ്. ഹംപി ബസാറിന്റെ അങ്ങേയറ്റത്ത് ,  ഹംപി പോലീസ് സ്റ്റേഷന്റെ മുൻവശത്തെ നിന്നാണ് മാതംഗ ഹിൽസിലേക്കുള്ള കയറ്റം തുടങ്ങുന്നത്. താഴെ  രണ്ടുമൂന്നു സൈക്കിളുകൾ കാണുന്നുണ്ട്. അപ്പൊ മുകളിലേക്ക് ആളുകൾ പോയിട്ടുണ്ടെന്ന് തോന്നുന്നു. കുറ്റിച്ചെടികളും , ചെറിയ ചെറിയ മരങ്ങളും നിറഞ്ഞ വഴിയിലൂടെയാണ് മുകളിലേക്ക് പറയേണ്ടത്. വഴിയെന്ന് പറഞ്ഞാൽ അങ്ങനെയൊന്നും ഇല്ല. തുടക്കത്തിൽ കരിങ്കല്ല് പാകിയ വീതി കുറഞ്ഞ സ്റ്റെപ്പുകൾ ഉണ്ട്. പിന്നീടങ്ങോട്ട് കല്ലുകളിൽ ചവിട്ടി മുകളിലേക്ക് കേറണം. ഇരുട്ടായതിനാൽ വഴിയൊന്നും കൃത്യമായി കാണുന്നില്ല. കൂടെ കേറാൻ ആരെയും കാണാത്തതിനാൽ ഞങ്ങൾ മൊബൈൽ വെളിച്ചത്തിൽ മുന്നോട്ടു നടക്കാൻ തീരുമാനിച്ചു. മാതംഗ ഹിൽസിന്റെ മുകളിലേക്ക് ഇതുകൂടാതെ മറ്റ് രണ്ടുമൂന്നു ട്രെക്കിങ്ങ് പാത്തുകൾ കൂടി ഉണ്ട്. ആളുകൾ കൂടുതലായും ഉപയോഗിക്കുന്നത് ഈ വഴിയാണ്. കുറച്ചു നടന്നപ്പോൾ മുകളിൽ നിന്ന് മൊബൈൽ ഫ്ലാഷും, ചെറിയ ശബ്ദങ്ങളും കേൾക്കാനായി. ഓഹോ അപ്പൊ ഞങ്ങളെക്കാളും മുന്നേ തന്നെ ഇവിടെ ആരോ കേറിയിട്ടുണ്ട്. കുറച്ചൂടെ കേറിയപ്പോഴേക്കും കെട്ട്യോൾ സൈഡായി. രാവിലെ ഒന്നും കഴിക്കാതെ കേറിയതാണ്, ഒരു ബോട്ടിൽ വെള്ളം പോലും കൂടെ കരുതിയില്ല. അവള് ക്ഷീണിച്ചു. ഒരു  പാറപ്പുറത്ത് ഇച്ചിരി നേരം വിശ്രമിച്ചു. കുറച്ചു മോട്ടിവേഷൻ ഒക്കെ കൊടുത്തപ്പോ ആള് വീണ്ടും കേറാൻ റെഡി.  അങ്ങനെ വീണ്ടും നടത്തം തുടർന്നു. മുകളിൽ എത്താറാവുമ്പോഴേക്കും ഇച്ചിരി വെളിച്ചം വീണു തുടങ്ങിയിരുന്നു. ഹംപിയിൽ സൂര്യോദയം കാണാൻ ഏറ്റവും മികച്ച ഇടമാണ് മാതംഗ ഹിൽസ്. മങ്കി ടെംപിളിലും നല്ല സൺറൈസ് വ്യൂ ഉണ്ടെന്നു കേട്ടിട്ടുണ്ട്. പത്തിരുപതു മിനിട്ട് നടത്തത്തിനൊടുവിൽ ഞങ്ങൾ മാതംഗ ഹില്സിന് മുകളിലെത്തി. മുകളിൽ പഴയൊരു ക്ഷേത്രമുണ്ട്. അതിന്റെ ടെറസ്സിലാണ് വ്യൂ പോയിന്റ്. ഞങ്ങൾ അങ്ങോട്ടേക്ക് കയറി. അവിടെ ഞങ്ങൾ ഇന്നലെ ഹേമകുടയിൽ വച്ച് കണ്ട മലയാളി പിള്ളേരുണ്ട്. അവരാണ് സൈക്കിളിൽ വന്നവർ. ഇന്നലെ ഹേമകുടയിൽ ടെന്റ് അടിക്കാൻ സാധിക്കാത്തതിനാൽ, താഴെ റൂമെടുത്തു താമസിച്ചതായിരുന്നു അവർ. ഇന്ന് രാത്രി മാതംഗ ഹിൽസിലെ ക്യാമ്പ് ചെയ്യാനാണ് പ്ലാൻ. അവരെക്കൂടാതെ ഒരു നോർത്ത് ഇന്ത്യൻ ദമ്പതികളും കൂടെ ഞങ്ങൾക്ക് മുന്നേ അവിടെ എത്തിയിരുന്നു. ഒപ്പം കൂടെ വന്ന മറ്റൊരാളും. ഡ്രൈവറോ , ഗൈഡോ മറ്റോ ആണ്. പുള്ളി ഇതിലൊന്നും വലിയ താൽപ്പര്യമില്ലാത്ത രീതിയിൽ ദൂരെ മാറി ഇരിക്കുകയായിരുന്നു. എനിക്കും , കെട്യോൾക്കും നല്ല ദാഹമുണ്ട്. രാവിലെ എണീറ്റപാടെ ഇങ്ങെറങ്ങിയതാണ്‌, വെള്ളം പോലും കുടിക്കാതെ. അവിടെയുള്ളവരോട് ചോദിച്ചു , ആരുടെ കൈയിലും വെള്ളമില്ല. ദാഹമൊക്കെ അടക്കിപ്പിടിച്ചു ഞങ്ങൾ സൂര്യോദയവും കാത്തിരുന്നു. താഴെ അച്യുതരായ ക്ഷേത്രത്തിന്റെ മുകളിലേക്കുള്ള കാഴ്ച വളരെ മനോഹരമായിരുന്നു. നിറഞ്ഞൊഴുകുന്ന തുങ്കഭദ്രയും, അതിന്റെ കരയിലെ പച്ച പുതച്ച വാഴ തോട്ടങ്ങളും നയനാനന്ദകരമായിരുന്നു. കന്നട നാട്ടിലെ വാഴക്കൃഷിയിൽ വലിയ പങ്ക് ഹംപിയിൽ നിന്നാണത്രെ


ത്രേതായുഗത്തിലെ  ഋഷി മാതംഗൻ വസിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഐതിഹ്യപ്രകാരം ഋഷി മാതംഗൻ ഹനുമാന്റെ അമ്മയായ അഞ്ജനയുടെ ഗുരുവായിരുന്നു. മാതംഗ ഗുരുവിന്റെ ശാപമുണ്ടായതിനാൽ വാനര രാജാവായ ബാലിക്ക് ഈ മല കയറാൻ സാധ്യമായിരുന്നില്ല. രാജ്യത്തുനിന്ന് നിന്ന് പുറത്താക്കപ്പെട്ട സുഗ്രീവൻ, ഹനുമാനോടോപ്പം ബാലിയിൽ നിന്ന് രക്ഷപ്പെടാൻ ഈ മലയിലാണ് അഭയം പ്രാപിച്ചത്.  


സമയം ഏകദേശം ആറേകാല് കഴിഞ്ഞു. ദൂരെ സൂര്യോദയത്തിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. കിഷ്കിന്ധ കുന്നുകൾക്കു മുകളിലൂടെ സൂര്യന്റെ ചെറിയ ഒരു കഷ്ണം കാണാറായി, നല്ല ചുവപ്പും , ഓറഞ്ചും നിറത്തിൽ.

കിഷ്കിന്ധ കുന്നുകൾ, അതെ രാമായണത്തിൽ നമ്മൾ കേട്ടിട്ടുള്ള കിഷ്കിന്ധ. ഹനുമാന്റെയും , വാനരപ്പടയുടെയും ജന്മസ്ഥലം. അതും ഹംപിയിൽ തന്നെയാണ്. മാതംഗ ഹിൽസിലെ സൂര്യോദയം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര മഹോഹരമാണ്. കാൻവാസിൽ മറിഞ്ഞു വീണ ചായക്കൂട്ടുകൾ പോലെ, പല നിറങ്ങൾ ഒരേ സമയം വാരി വിതറിയ ഒരു കിടുക്കാച്ചി സൂര്യോദയം. അപ്പോഴേക്കും വ്യൂ പോയിന്റിൽ അഞ്ചാറുപേരും കൂടെ എത്തിയിരുന്നു. സൂര്യോദയവും കണ്ട് , മാതംഗ കുന്നിന്റെ മുകളിൽ കാറ്റും കൊണ്ട് കുറെ നേരം ഞങ്ങളിരുന്നു. ദാഹം കൂടിക്കൂടി വരുന്നു. ഭാഗ്യത്തിന് ആ സമയം അങ്ങോട്ട് വന്ന ഒരു ചേച്ചിയുടെ കൈയിൽ ഒരു കുപ്പി വെള്ളം കണ്ടു. മടിയേതും കൂടാതെ അവർ ഞങ്ങൾക്ക് കുടിക്കാൻ വെള്ളം തന്നു. സന്തോഷമായി ഗോപിയേട്ടാ. അവരോട് ഒരു താങ്ക്‌സും പറഞ്ഞു ഞങ്ങൾ കുന്നിറങ്ങി. ചെറിയ ട്രെക്ക് ആണെങ്കിലും, ഇങ്ങോട്ടു വരുമ്പോൾ കുറച്ച്  വെള്ളവും, പിന്നെ കഴിക്കാൻ വല്ലതും കൈയിൽ കരുതുന്നത് വളരെ നന്നായിരിക്കും.

കുന്നിറങ്ങി താഴെയെത്തി. അൾട്രോസ് ഇപ്പോൾ വിരൂപാക്ഷ ടെംപിളിന്റെ മുന്നിൽ ആണ് പാർക്ക് ചെയ്തിരിക്കുന്നത്. ശരിക്കും ഇത് നോ-പാർക്കിംഗ് ഏരിയ ആണ്. പിന്നെ രാത്രി ആയതിനാലാണ് ഇവിടെ പാർക്ക് ചെയ്യാൻ അവർ അനുവദിച്ചത്. വണ്ടി ഞങ്ങൾ അതിനു പുറകിലെ പാർക്കിങ് ഏരിയയിലേക്ക് മാറ്റിയിട്ടു. എന്നിട്ടു നേരെ റൂമിലേക്ക് നടന്നു. കെട്യോൾ വെട്ടിയിട്ട വാഴത്തണ്ടുപോലെ ആയിട്ടുണ്ട്. കുറച്ചു നേരം റസ്റ്റ് എടുത്തു, ഒരു കുളിയും പാസാക്കി ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാനായി അർച്ചന ഗസ്റ്റ് ഹൌസിലേക്ക് പോയി. ഇന്ന് ബ്രേക്ഫാസ്റ്റിനു തമിഴ്നാട്ടിലൊക്കെ കിട്ടുന്ന പണിയാരം പോലിരിക്കുന്ന ഒരു പലഹാരമാണ്. പണിയാരം ഞാൻ കഴിച്ചിട്ടില്ല. കെട്ട്യോളാണ് ഇതതാണെന്നു പറഞ്ഞു തന്നത്. എന്തായാലും സാധനം കൊള്ളാം. അർച്ചന ഗസ്റ്റ് ഹൌസിലെ ഓണർ ചേട്ടന് ഒരു മോളുണ്ട്. മൂന്നാലു വയസ്സ് പ്രായമുള്ളൊരു സുന്ദരിക്കുട്ടി. പേര് സ്വീറ്റി. ഇന്ന് സ്വീറ്റിയുടെ പിറന്നാളാണ്. അവളെ അമ്മ മുടി ചീകി ഒരുക്കുകയാണ്. പുതിയ ഡ്രെസ്സൊക്കെയിട്ട് നല്ല ഗെറ്റപ്പിലിരിക്കുകയാണ് ആള്. എന്തെങ്കിലും ഒരു പിറന്നാൾ സമ്മാനം അവൾക്ക് കൊടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ സമയവും സമയവും, സന്ദർഭവും ഇല്ലാഞ്ഞതിനാൽ, പോക്കറ്റിൽ കിടന്ന കുറച്ചു പൈസ എടുത്ത് അവൾക്ക് മിഠായി മേടിക്കാൻ കൊടുത്തു. സ്വീറ്റിക്ക് പിറന്നാളാശംസകളൊക്കെ നേർന്നുകൊണ്ട് ഞങ്ങൾ പുറത്തിറങ്ങി. ഇന്ന് ഞങ്ങൾ ഹംപിയോട് വിട പറയുകയാണ്. വൈകുന്നേരത്തോട് കൂടി ഹംപിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു ഡ്രൈവ് ചെയ്യാനാണ് പ്ലാൻ. രാവിലെ തന്നെ ഹോംസ്റ്റേ വെക്കേറ്റ് ചെയ്ത്, കിരണിനോട് യാത്ര പറഞ്ഞിറങ്ങി. ഹൊസ്‌പേട്ട് ലേക്ക് തിരിച്ചു പോകുന്ന  വഴിയിലുള്ള സ്ഥലങ്ങളാണ്  ഇനി ഹംപിയിൽ സന്ദർശിക്കാനായി ബാക്കി ഉള്ളത്. ഞങ്ങൾ ഇന്ന് കണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ഓരോന്നായി പറഞ്ഞു തരാം  


പാതാളേശ്വര ക്ഷേത്രം (Underground Temple)

ഹംപിയിൽ നിന്നും ഹോസ്‌പെട്ടേക്കുള്ള റോഡിന്റെ സൈഡിൽ തന്നെയാണ് പാതാളേശ്വര ക്ഷേത്രം. ഭൂനിരപ്പിൽ നിന്നും താഴെയായി സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഇപ്പേരുവന്നത്. തറയിൽ നിന്നും മണ്ണെടുത്തു ആഴം കൂട്ടി അതിനകത്തു നിർമ്മിച്ചതുപോലൊരു സൃഷ്ടിയാണിത്. ഒരു പ്രധാന കവാടം കഴിഞ്ഞു ഉള്ളിലേക്കുപോയാൽ നിരവധി തൂണുകളോടുകൂടിയ നടപ്പുരപോലെ തോന്നിക്കുന്ന ക്ഷേത്രമാണ്. ഇതിന്റെ മേൽക്കൂര തറനിരപ്പിനു സമമാണ്. തറ മുഴുവൻ വെള്ളം നിറഞ്ഞതാണ്. അതിൻ്റെ അങ്ങേയറ്റത്ത് ഒരു ശിവലിംഗ പ്രതിഷ്ഠയുണ്ട്.


ദണ്ഡനായക കോട്ട 

പാതാളേശ്വര ക്ഷേത്രത്തിന്റെ തൊട്ടടുത്തുതന്നെയാണിത്.  നാലു കോണുകളിലും കാവൽഗോപുരങ്ങളോടുകൂടിയ സമചതുരാകൃതിയിലുള്ള ചെറിയൊരു കോട്ട. 'ദണ്ഡനായകൻ' അഥവാ പടനായകൻ വാസസ്ഥലമായിരുന്നു ഇത്. പടനായകന്റെ കൊട്ടാരവും, വിജയനഗരിയിലെ നാണയങ്ങൾ നിർമ്മിച്ചിരുന്ന coin mint ഉം, ഒരു ചെറിയ പള്ളിയും ഉൾപ്പെടുന്നതാണ്  ദണ്ഡനായക കോട്ട.


ഒരൽപം കൂടി മുന്നോട്ടു നടന്നാൽ നമ്മൾ എത്തിച്ചേരുന്നത് Zenana Enclosure എന്നറിയപ്പെടുന്ന ഒരു ഭാഗത്തേക്കാണ്. വിജയനഗരിയിലെ രാജ്ഞിയടക്കമുള്ള കൊട്ടാരം സ്ത്രീകളുടെ സ്വകാര്യ ഇടമാണിത്. രണ്ട് പ്രവേശന മാർഗങ്ങളെ ഇങ്ങോട്ടുള്ളൂ. ഒരു വലിയ കോമ്പൗണ്ടും, അതിനെ ചുറ്റിയുള്ള പടുകൂറ്റൻ മതിലും. അതിനകത്താണ് Zenana Enclosure. നാലുഭാഗത്തും കാവൽ ഗോപുരങ്ങളുണ്ട്. നപുംസകങ്ങളായ കാവൽക്കാരായിരുന്നു ഈ കോട്ട കാത്തിരുന്നത്. രാജാവൊഴികെ മറ്റു പുരുഷൻമ്മാർക്കൊന്നും ഇങ്ങോട്ടു പ്രവേശനം ഉണ്ടായിരുന്നില്ലത്രെ. നാല് കാവൽഗോപുരങ്ങളിൽ ഒന്ന് ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. എങ്കിലും പഴയ പത്രാസിനു ഒരു കുറവുമില്ല. വിജനഗരിയിലെയും, ഹംപിയിലെയും മറ്റിടങ്ങളിൽ കാണാത്തൊരു പ്രത്യേകത ഇവിടെ കണ്ടു. ഇൻഡോ - ഇസ്ലാമിക് ആർക്കിടെക്ചർ ആണ് Zenana Enclosure -ലെ നിർമ്മിതിയിൽ പ്രധാനമായും ഉള്ളത്. ഒരുപക്ഷെ വിദേശ വാസ്തുശിലിപ്പികളെ വിളിച്ചു വരുത്തി പണികഴിപ്പിച്ചതാവാം ഇവിടം. Zenana Enslore -ലെ പ്രധാന ആകർഷണങ്ങളാണ് Queen's Palace Basement, ലോട്ടസ് മഹൽ, ആനപ്പുര (Elephant Stable), Guards Quarters എന്നിവ. 


Queen's Palace Basement

Zenena Enclosure -ൽ കേറിയാൽ ആദ്യം കാണുന്നത് രാജ്ഞിയുടെ കൊട്ടാരത്തിന്റെ അടിത്തറയാണ്. ഹംപിയിൽ ഉത്ഖനനം  വച്ച് ഏറ്റവും വലിയ കൊട്ടാര അടിത്തറയാണിത്. കൊട്ടാരത്തിന്റെ മുകളിലേക്കുള്ള ഭാഗം നശിക്കപ്പെട്ടുപോയിട്ടുണ്ട്.


ലോട്ടസ് മഹൽ 


ഹംപിയിൽ കണ്ടതിൽ ഏറ്റവും വശ്യതയുള്ളതായി എനിക്ക് തോന്നിയത് ലോട്ടസ് മഹൽ ആണ്. ആ നിൽപ്പിൽ തന്നെ ഒരു ക്യൂട്ട്നസ്സ് ഉണ്ട്. താമരമൊട്ടിന്റെ ആകൃതിയിലുള്ള ഒരു മേൽക്കൂരയാണിതിനീ പേര് നൽകിയത്. ഇൻഡോ - ഇസ്ലാമിക ശൈലിയിൽ തന്നെയാണ് ഇതിന്റെയും വസ്തുരീതി.രണ്ട് നിലകളിലായി ചുണ്ണാമ്പുകല്ലും, മണലും ചേർത്ത് നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടത്തിന് അധികം കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. 


Elephant Stable



ലോട്ടസ് മഹലിന്റെ വലതു വശത്ത് ആനകളെ താമസിപ്പിക്കാൻ നിർമ്മിച്ചിട്ടു താണിത്. പരസ്പ്പരം കണക്ട് ചെയ്തിട്ടുള്ള പതിനൊന്നു ആനയറകളാണ് ഇതിനകത്തുള്ളത്. ഓരോ അറയുടെയും മേൽക്കൂര ഒന്നിൽ നിന്നും ഒന്ന് വ്യത്യസ്തമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.


Guards Quarters

രാജ്ഞിയുടെയും , അന്തപ്പുര സ്ത്രീകളുടെയും കാവൽക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലം. ഉയർത്തിക്കെട്ടിയ ഒരു മണ്ഡപത്തിനു മുകളിലാണ് വിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. Guards Quarters ഇപ്പൊ ഒരു മ്യൂസിയമായിട്ടാണ് പ്രവർത്തിക്കുന്നത്.


രാജ്ഞിയുടെയും പരിവാരങ്ങളുടെയും താമസസ്ഥലത്തു നിന്ന് ഇനി നമ്മൾ പോകുന്നത് Royal Enclosure എന്ന് പറയുന്ന ഭാഗത്തേക്കാണ്. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമാണിവിടം. രാജകൊട്ടാരവും, ദർബാർ ഹാളും, ഭൂഗർഭ അറകളും അടക്കം ഏകദേശം നാൽപ്പത്തി അഞ്ചോളം കെട്ടിടങ്ങൾ ഇവിടെ ഉണ്ടായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ തലയെടുപ്പ് വിളിച്ചോതുന്നതാണിവിടുത്തെ ഒരോരോ നിർമ്മിതിയും. ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ എന്തൊക്കെയാണെന്നൊന്നു നോക്കാം 


മഹാനവമി ദിബ്ബ 

പേര് സൂചിപ്പിക്കതുപോലെ മഹാനവമി ആഘോഷങ്ങളുടെ സമയത്ത് ഉപയോഗിച്ചിരുന്ന ഒരു ഉയരമേറിയ മണ്ഡപമാണിത്. ഏകദേശം എട്ടു മീറ്ററോളം ഉയരത്തിൽ, മൂന്നു നിരകളിയായി ഉള്ള ഈ മണ്ഡപത്തിൽ നിന്നായിരുന്നു രാജാവ് നവമി ഉത്സവങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നത്. അക്കാലത്തെ ജീവിതരീതികൾ ആലേഖനം ചെയ്യുന്ന പടവുകൾ വളരെ മനോഹരമാണ്. ഒറീസ ഭരിച്ച രാജാക്കൻമ്മാരുമായിട്ടുള്ള യുദ്ധം വിജയിച്ചതിന്റെ ആഘോഷാർത്ഥം കൃഷ്ണ ദേവരായരാണിത് നിർമ്മിച്ചത്.


കല്യാണി പുഷ്ക്കരണി 


ഹംപിയിൽ അങ്ങിങ്ങായി ഏകദേശം ഇരുപത്തിമൂന്നോളം കുളങ്ങളുണ്ട്. അതിൽ ഏറ്റവും  പ്രധാനവും ഭംഗിയേറിയതുമാണ് സമചതുരാകൃതിയിലുള്ള ഈ കുളം, ഇവിടേക്ക് വെള്ളം കൊണ്ടുവരാനായി തറനിരപ്പിൽ നിന്ന് ഉയർത്തി  കല്ലുകൊണ്ട് നിർമ്മിച്ച ചെറിയ കനാലുകളുണ്ട്. കുളത്തിന്റെ മുകളിൽ നിന്ന് അടിഭാഗം വരെ എത്തുന്ന, അളവുകളിൽ അണുകിട വിടാതെ, സമമിതിയിലുള്ള പടവുകൾ നമ്മെ അത്ഭുതപെടുത്തും. അഞ്ച് വലിയ പടവുകളും, ഓരോ പടവിലും ആറുവീതം ചെറു പടവുകളും ഉണ്ട്. ചെറുപടവുകൾ പിരമിഡ് ആകൃതി തോന്നിപ്പിക്കുന്നവയാണ്.  താഴേക്ക് പോകും തോറും പടവുകളുടെ വീതി കൂടിക്കൂടി വരുന്നു. മരപ്പലകകൾ പാകിയതാണ് അടിഭാഗം. കല്യാണി പുഷ്ക്കരണിയുടെ പുറകിലായി ഒരു കുളിക്കടവുകൂടിയുണ്ട്.


ഹസര രാമാ ടെംപിൾ 

Royal Enclosure -ലുള്ള ഒരേയൊരു ക്ഷേത്രം. കൃഷ്ണദേവരായർ 1513 -ൽ നിർമ്മിച്ചതാണിത്. ഇവിടുത്തെ  ചുമരുകളിൽ കൊത്തിയ രാമായണം കഥയുടെ ശേഷിപ്പുകൾ  ഇന്ത്യയിൽ മറ്റെവിടെയും ഉള്ളതിനേക്കാൾ വിപുലമായതാണ്.


Royal Enclosure -ൽ നിന്ന് ഇനി നമ്മൾ പോകുന്നത് ഒരു കുളിക്കടവിലേക്കാണ്. Queen's bath അഥവാ രാജ്ഞിയുടെ കുളിസ്ഥലം എന്ന് മലയാളീകരിക്കാം. ഇത് Royal Enclosure -ൽ നിന്ന് ഒരു പത്തഞ്ഞൂറു മീറ്ററിനകത്താണ്. അവിടേക്ക് പോകും വഴി ഒന്ന് രണ്ട് കേരള രെജിസ്ട്രേഷൻ വണ്ടികൾ കണ്ടു. ഹംപിയിൽ വന്നിട്ട് മലയാളികളെ അധികം കാണാൻ കിട്ടിയിട്ടില്ല.  ഡ്രൈവറെ കൈയുയർത്തി അഭിവാദ്യം ചെയ്തപ്പോ , തിരിച്ചും കിട്ടി ഒരു ഹായ്. നാട്ടിൽ നിന്നുള്ള വണ്ടികൾ കണ്ടപ്പോ എന്തോ അകെ ഒരു സന്തോഷം. അപ്പൊ കമോൺ ഗെയ്‌സ് , ഒരു കുളി സീൻ കണ്ടിട്ടു വരാം.


Queen's bath


അച്യുതരായരുടെ കാലത്താണിതിന്റെ നിർമ്മാണം നടന്നത്. രാജാവിനും, രാജ്ഞിമാർക്കും സ്നാനം നടത്തുവാനുള്ള സ്വകാര്യ ഇടമാണിത്. സ്വകാര്യതക്കായി Royal Enclosure -ന്റെ പുറത്തായിട്ടാണിത് പണി കഴിപ്പിച്ചിട്ടുള്ളത്. എട്ടടിയിലധികം ആഴത്തിലുള്ള വലിയ വീതിയേറിയ ചതുരാകൃതിയിലുള്ള ഒരു സ്വിമ്മിങ് പൂളും , അതിനു ചുറ്റും ഉയരമേറിയ മേൽക്കൂരയോടുകൂടിയ ഇടനാഴിഴിയുമാണ്. ഇവിടേക്ക് വെള്ളം കൊണ്ടുവരാനായി ചെറിയ കനാലുകളുമുണ്ട്. പൂളിന്റെ അടിഭാഗത്ത് വെള്ളം ഒഴുക്കിക്കളയാനായി നാല് ഓവുചാലുകളുമുണ്ട്.


സമയം ഉച്ചകഴിയാറായി. ഞങ്ങൾക്ക് ഹംപിയോട്  വിട  പറയാൻ സമയമായി. ഹംപിയിൽ ഇനിയുമേറെ സ്ഥലങ്ങൾ കാണാൻ ബാക്കിയുണ്ട്. എന്നാൽ സമയ പരിമിതി കാരണം മറ്റുള്ളവ അടുത്ത വരവിലേക്ക് ബാക്കി വച്ചുകൊണ്ട് ഞങ്ങൾ മടക്ക യാത്രക്ക് റെഡിയായി. ശരിക്കും പറഞ്ഞാൽ ഹംപിയിലെ വിശേഷങ്ങൾ കണ്ടാലും, പറഞ്ഞാലും തീരില്ല. അത്രക്കുണ്ട്. രണ്ടു ദിവസം കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്താനെ സാധിക്കുകയുള്ളൂ. കുറഞ്ഞത് ഒരാഴ്ചയെങ്കിലും കിട്ടിയാലേ ഹംപിയെ വിശദമായി അടുത്തറിയാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ ഹംപി ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള സ്ഥലമായതിനാൽ ഇവിടം സന്ദര്ശിക്കും മുന്നേ അത്യാവശ്യം കാണാൻ പോകുന്ന സ്ഥലങ്ങളുടെ ചരിത്രം ഒന്നറിഞ്ഞിട്ടു പോകുന്നത് വളരെ നന്നായിരിക്കും. അല്ലാത്തപക്ഷം കുറെ അമ്പലങ്ങളും, പൊളിഞ്ഞ കെട്ടിടങ്ങളും കണ്ട് ബോറടിച്ചു തിരിച്ചു പോരേണ്ടി വരും. അറിയാത്ത കാര്യങ്ങൾ ഗൂഗിൾ അമ്മായിയോട് ചോദിക്കാം. അതുമല്ലേൽ ഒരു ഗൈഡിനെ കൂടെ കൂട്ടുകയുമാവാം. ഇവിടുത്തെ ഓട്ടോ ഡ്രൈവർമാരും ഇക്കാര്യത്തിൽ നന്നായി ഉപകാരപ്പെടും.


കഴിഞ്ഞ രണ്ട് ദിവസം ശരിക്കും പറഞ്ഞാൽ മറ്റേതോ ലോകത്തു പോയതുപോലെയായിരുന്നു. പ്രൗഢമായ വിജയനഗര സാമ്രാജ്യം കൺമുന്നിൽ തെളിഞ്ഞു കണ്ടതുപോലെ. അക്കാലത്തെ വാസ്തുവിദ്യയും, കൊത്തുപണികളും, ശില്പചാരുതയും, നിർമ്മാണ വൈദഗ്ധ്യവും ശരിക്കും ആശ്ചര്യപ്പെടുത്തുന്നവയായിരുന്നു. ഇന്നത്തെക്കാലത്തുപോലും അത്തരത്തിലൊരു നഗരം കെട്ടിപ്പടുക്കുവാനൊക്കുമോ എന്ന് സംശയിച്ചാൽ കുറ്റം പറയാനൊക്കില്ല. അതെല്ലാമാണ് അധികാരത്തിനു വേണ്ടിയുള്ള വടം  വലിയിൽ ഒന്നുമല്ലാതെ ഇല്ലാണ്ടായത്. ഹംപി കത്തിയെരിഞ്ഞപ്പോൾ ഉള്ളുപിടഞ്ഞവർ ഒരുപാടുണ്ടായിരിക്കാം. ഇന്ന് ആ നഗരത്തെ നേരിൽക്കാണുമ്പോൾ നമ്മുടെയും ഉള്ളൊന്നുലയും. ഹംപി നശിപ്പിക്കപ്പെടാതെ പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. അത്രയ്ക്ക് മനോഹരമായ ഒരു നഗരത്തെ തച്ചുടക്കാൻ ഒരുമ്പിട്ടിറങ്ങിയവരെ അറിയാതെ ശപിച്ചുപോകും. ഇന്നും കാലാതീതമായി ഹംപി തലയുയർത്തി തന്നെ നിൽക്കുന്നു. ഇക്കഴിഞ്ഞ രണ്ടു ദിവസം ഹംപി ഞങ്ങൾക്ക് നൽകിയ അനുഭവങ്ങൾ മറക്കാനാവാത്തവയായിരുന്നു. ഒപ്പം കിരണിന്റെയും, അർച്ചന ഗസ്റ് ഹൌസിലേയും ആതിഥേയത്വം ഞങ്ങളെ ശരിക്കും മനസ്സ് നിറപ്പിച്ചിരുന്നു.

ഇനി മടക്ക യാത്രയാണ്. സമയം ഉച്ച കഴിഞ്ഞിരുന്നു. ഇന്നിനി നേരിട്ട് നാട്ടിലേക്ക് യാത്ര ചെയ്താൽ നാളെ പുലർച്ചയെ അങ്ങെത്തൂ രാത്രി വണ്ടി ഓടിക്കേണ്ടി വരും. അതുകൊണ്ട്, ഇന്ന് രാത്രി വഴിയിൽ എവിടേലും തങ്ങാം എന്ന് വിചാരിച്ചു. പോകുന്ന വഴിയിലെ ഒരു പ്രധാന സിറ്റി ഹാസനാണ്. എന്നാൽ ഇന്നത്തെ രാത്രി ഇവിടെത്തന്നെയാകട്ടെ. ഹംപിയിൽ നിന്ന് അൾട്രോസ് ഹാസൻ ലക്ഷ്യമാക്കി യാത്ര തുടങ്ങി. 


ഹാസനിൽ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ


- തുടരും -