ആന്ഡമാനിനു ആ പേര് വന്നത് എങ്ങനെയാണെന്നറിയാമോ ?!
കാണാതെപോയ മകനെ വഴിയിൽ വച്ച് കണ്ടപ്പോ അമ്മ ഉറക്കെ പറഞ്ഞു "എൻ്റെ മോൻ ,എൻ്റെ മോൻ". ഈ 'എൻ്റെ മോൻ' ലോപിച്ചാണത്രെ ആൻഡമാൻ ഉണ്ടായത്. നബീലിൻ്റെ കെട്യോളായ ആശയുടെ വകയായിരുന്നു ഈ തള്ള്. തള്ളവിടെ നിൽക്കട്ടെ ശരിക്കും ആന്ഡമാനിന് ആ പേര് വന്നത് 'ഹന്തുമാൻ' എന്ന മലയ ഭാഷയിലുള്ള വാക്കിൽ നിന്നാണ്. നമ്മുടെ ഹനുമാനെയാണ് മലയയിൽ ഹന്തുമാൻ എന്ന് വിളിക്കുന്നത്
ഇന്ന് നമ്മൾ പോകുന്നത് പോർട്ട് ബ്ലെയറിൽ നിന്നും അധികം അകലത്തിൽ അല്ലാത്ത രണ്ട് ചെറു ദ്വീപുകളിലേക്കാണ്. റോസ്സ് ഐലൻഡും, നോർത്ത്ബേ ഐലൻഡും. ഹോട്ടലിൽ നിന്ന് ബ്രേക്ഫാസ്റ്റും കഴിച്ചിറങ്ങി നേരെ ചെന്നത് ഇന്നലെ പോയ കോർബിൻസ് കോവ് ബീച്ചിനടുത്തുള്ള ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സിലേക്കാണ്. ബ്രേക്‌ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ വച്ച് തിരുവനന്തപുരത്തുകാരായ രണ്ട് മലയാളികളെ പരിചയപ്പെട്ടിരുന്നു. അവരും ഞങ്ങൾ പോകുന്നിടത്തേക്ക് തന്നെയാണ് പോകുന്നത്.
ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സ്
കുട്ടികൾക്കുള്ള ചെറിയൊരു പാർക്കും, കടലിലേക്ക് നീളുന്ന വാക്കിങ് ഏരിയയും അടങ്ങിയ ഈ ടൂറിസ്റ്റു കേന്ദ്രം, ഏകദേശം രണ്ട് കിലോമീറ്ററോളം നീളത്തിൽ നീണ്ടുനിവർന്നു കിടക്കുന്നു. വാക്കിങ് ഏരിയ കടലിനു മുകളിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. പൊതുവെ ഇവിടുത്തെ കടൽ വളരെ ശാന്തമാണ്. ആൻഡമാനിൽ ഒട്ടുമിക്ക ഭാഗങ്ങളിലും കടൽ പൊതുവെ ശാന്തമാണ്. നാട്ടിലേത് പോലെ ആർത്തിരമ്പുന്ന കടൽകാഴ്ച എവിടെയും കണ്ടില്ല. ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സ്, ദ്വീപിലെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും സന്ദർശിക്കുന്ന ഒരിടമാണ്. ഒട്ടനവധി വാട്ടർ സ്പോർട്സ് ഇനങ്ങൾ ഇവിടെയുണ്ട്. ജെറ്റ് സ്കീ, കയാക്കിങ്, പാരാസെയിലിംഗ്, ബനാന റൈഡ് ... അങ്ങനെ പലതും.
കോംപ്ലക്‌സിന്റെ എൻട്രൻസിൽ തന്നെയാണ് ഓരോരോ ആക്ടിവിറ്റിക്കുമുള്ള ടിക്കറ്റ് എടുക്കുന്നത്. ടിക്കറ്റു കൌണ്ടർ ഒന്നും ഇല്ല. അവിടിവിടെയായി ഉള്ള ഏജന്റുമാർ വഴിയാണ് ടിക്കറ്റു വാങ്ങിക്കുന്നത്. റോസ്സ്, നോർത്ത്ബേ ഐലന്റുകളിലേക്കുള്ള ബോട്ട് ടിക്കറ്റും ഇവിടെ നിന്നും തന്നെയാണ് എടുക്കുന്നത്. നമ്മൾ ഇവിടേക്ക് കേറുമ്പോൾ തന്നെ ഏജന്റുമാർ ചാക്കിട്ടുപിടിക്കാൻ നിൽക്കുന്നുണ്ടാവും. വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ഹാവ്ലോക്ക് ഐലൻഡിൽ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നതിനാൽ റോസ്സ് , നോർത്ത്ബേ ഐലൻഡുകളിലേക്കുള്ള ബോട്ട് ടിക്കറ്റും , ജെറ്റ് സ്കീ, സെമി-സബ്മറൈൻ എന്നിവക്കുള്ള ടിക്കറ്റുകളും മാത്രമേ ഞങ്ങൾ എടുത്തുള്ളൂ. ആൻഡമാനിൽ ഇത്തരം വാട്ടർ ആക്ടിവിറ്റികൾ പല ദ്വീപുകളിലും ചെയ്യാം. നീൽ ഐലന്റിലും , ഹാവ്ലോക്ക് -ലും എല്ലാം ഇതെല്ലം ചെയ്യാൻ സാധിക്കും. പോർട്ട് ബ്ലെയറിൽ പൊതുവെ തിരക്ക് കൂടുതൽ ആയിരിക്കും. പിന്നെ വാട്ടർ ആക്ടിവിറ്റീസ് എല്ലായിടത്തും, എല്ലാ സമയത്തും ഉണ്ടായിരിക്കുകയില്ല. ഞങ്ങൾ പോയപ്പോൾ പോർട്ട് ബ്ലെയറിൽ സ്കൂബ ഡൈവിംഗ് നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ ഹാവ്ലോക്ക്-ൽ ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഇത്തരം ആക്ടിവിറ്റീസ് പ്ലാൻ ചെയ്യുന്നതിന് മുൻപായി പോകുന്ന സമയത്ത് എവിടെയൊക്കെ എന്തൊക്കെ ഉണ്ടെന്ന് അന്വേഷിച്ചിട്ടു പോകുന്നത് നന്നായിരിക്കും. ടിക്കറ്റെടുത്തതിന് ശേഷം ഏജൻറ്റ് ഞങ്ങളോട് കടൽപ്പാലം വഴി നടന്നു നേരെകാണുന്ന ബോട്ട് ജെട്ടിയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. റോസ്സ് ഐലന്റിലേക്കുള്ള ബോട്ട് പിടിക്കാനാണ്. ചെറിയ മഴ തുടങ്ങിയിരുന്നു. അതിനാൽ ബോട്ട് ജെട്ടിയിലെ ചെറിയ മേൽക്കൂരക്ക് താഴെ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോൾ ബോട്ട് റെഡി ആയെന്നും പറഞ്ഞു ബോട്ട് ഡ്രൈവർ ഞങ്ങളെ തേടിയെത്തി.
റോസ്സ് ഐലൻഡ്
മറൈൻ സർവേയർ ആയിരുന്ന ഡാനിയൽ റോസ്സിന്റെ പേരിട്ട ഈ ദ്വീപ് ഇന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ നിന്ന് നേരെ നോക്കിയാൽ കാണുന്നതാണ് റോസ്സ് ഐലൻഡ്. സ്പീഡ് ബോട്ടിൽ ഏകദേശം 10-15 മിനിറ്റ് കടലിലൂടെ സഞ്ചരിച്ചാണ് ഇവിടെ എത്തിച്ചേരുന്നത്. സെല്ലുലാർ ജയിലിന്റെ നിർമ്മാണകാലത്ത് ബ്രിറ്റീഷുകാരുടെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ്ക്വാർട്ടേഴ്‌സ് ആയിരുന്നു ഇവിടം. ജയിലിനെ കൃത്യമായി നിരീക്ഷിക്കാനും, ജയിൽ ചാടുന്നവരെ എളുപ്പത്തിൽ തിരഞ്ഞു പിടിക്കാനുമുള്ള സൗകര്യത്തിനുമായിരുന്നു ജയിലിന് എതിര്ദിശയിലുള്ള ഈ ദ്വീപിനെ തന്നെ അവർ ഹെഡ്ക്വാർട്ടേഴ്സിനായി തിരഞ്ഞെടുത്തത്. രണ്ടാം ലോക മഹായുദ്ധ സമയത്തു ജപ്പാൻകാർ ഈ ദ്വീപ് പിടിച്ചെടുക്കുകയും, പിന്നീട് നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന് കൈമാറുകയും ചെയ്തു.റോസ്സ് ദ്വീപിൽ കേറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് ഒരു ജാപ്പനീസ് ബങ്കർ ആണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ചതാണിത്. നടന്നു കാണാൻ മാത്രം ദൂരത്തിലുള്ളൊരു ചെറിയ ദ്വീപാണിത്. കാഴ്ചകൾ കാണാൻ ഇലക്ട്രിക്ക് ഗോൾഫ് കാർട്ടുകൾ ഉണ്ട്. ഞങ്ങൾ നടന്നാണ് പോയത്. ബ്രിടീഷ് കാലത്തുണ്ടായിരുന്ന ഓഫിസേഴ്സ് ക്വാർട്ടേഴ്‌സ് , സബ്-ഓർഡിനേറ്റ്സ് ക്ലബ്, സെക്രെട്ടറിയേറ്റ്, സെമിത്തേരി, പള്ളി അങ്ങനെ പലതും ഇന്നിവിടെ കാണാം. എല്ലാം ഇടിഞ്ഞു പൊളിഞ്ഞിരിക്കുകയാണ്. ഒരു സ്വിമ്മിങ് പൂളും ഇവിടെയുണ്ട്. കടലിലെ വേലിയേറ്റ സമയത്ത് വെള്ളം കേറുന്ന രീതിയിൽ നിർമ്മിച്ചതാണിത്.
എൻട്രൻസിൽ നിന്നും നേരെ മുകളിലേക്ക് കേറിയാൽ ചെന്നെത്തുന്നത് ഒരു പഴയ പള്ളിയിലേക്കാണ്. കൊളോണിയൽ ശൈലിയിൽ നിർമ്മിച്ച ഒരു വലിയ പള്ളി. വലിയ തകർച്ചയൊന്നും സംഭവിച്ചിട്ടില്ല. അതിനു പുറകിലായി ഒരു ബീച്ച് ഉണ്ട്. അങ്ങോട്ട് ഇറങ്ങിച്ചെന്നു. ഞങ്ങൾ നാലു പേര് മാത്രമേ അവിടെ ഉള്ളൂ. സഞ്ചാരികൾ പലരും ഇവിടെ ഇലക്ട്രിക്ക് വണ്ടിയിൽ കറങ്ങുകയാണ്. വളരെ കുറച്ചു സ്ഥലത്തു മാത്രമേ അതിനു സ്റ്റോപ്പ് ഉള്ളൂ. അതുകൊണ്ട് തന്നെയാണ് അവരുടെയൊന്നും കണ്ണിൽ പെടാതെ പോയ ഈ ബീച്ചിലേക്ക് ഞങ്ങൾക്ക് എത്തിപ്പെടാൻ സാധിച്ചത്. കാൽപ്പെരുമാറ്റം കുറവായതിനാൽ ഈ കടപ്പുറം വളരെ മനോഹരമായിരുന്നു. എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബീച്ച്. നല്ല നീല നിറത്തിൽ കടലിന്റെ അടി കാണാൻ പറ്റുന്ന രീതിയിൽ തെളിഞ്ഞ വെള്ളം. കുറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ സാവധാനം തിരികെ നടന്നു. ഇപ്പോൾ ഇന്ത്യൻ നേവിയുടെ തന്ത്രപ്രധാനമായ ഒരു കേന്ദ്രം കൂടിയാണ് റോസ്സ് ഐലൻഡ്. ഒരു ഹെലിപാഡും ഇവിടെ ഉണ്ട്.
നോർത്ത് ബേ ഐലൻഡ്
റോസ്സ് ഐലണ്ടിന്റെ ജെട്ടിയിൽ നമ്മുടെ ബോട്ടും ഡ്രൈവറും കാത്തു കിടക്കുന്നുണ്ടായിരുന്നു. അയാൾ ഞങ്ങളെ നേരെ നോർത്ത് ബേ ഐലൻഡ്-ൽ എത്തിച്ചു. റോസ്സിൽ നിന്ന് സ്പീഡ് ബോട്ടിൽ ഒരു പത്തു മിനിട്ട് പോകാനുള്ള ദൂരമേ നോർത്ത് ബേയിലേക്കുള്ളൂ. നോർത്ത് ബേയിൽ പ്രത്യേകിച്ചൊന്നും കാണാനില്ല. മറിച്ചു സ്‌നോർക്കലിംഗ്, സീ വാക് പോലെയുള്ള വാട്ടർ ആക്ടിവിറ്റികൾക്കാണ് ആളുകൾ ഇവിടെ വരുന്നത്. ഞങ്ങൾ ഒരു സെമി -സബ്മറൈൻ ടിക്കറ്റ് എടുത്തിരുന്നുവല്ലോ, അതിൽ കേറുന്നത് ഇവിടെ വച്ചാണ്. സെമി സബ്മറൈൻ ഒരു സാധാരണ ക്രൂയിസ് ബോട്ട് പോലെയാണ്. ഈ ബോട്ട് മൂന്നു നിലകളിലായിട്ടാണുള്ളത്. ആദ്യത്തെ നില വെള്ളത്തിനടിയിലാണ്. ഇതിന്റെ അടിഭാഗവും , വശങ്ങളും ഗ്ലാസ് പാളികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഇവിടേക്കിറങ്ങിച്ചെന്നാൽ 360 ഡിഗ്രിയിൽ കടലിനടിയിലെ കാഴ്ചകൾ കാണാനാകും. അതിനു മുകളിൽ ഒരു എയർ കണ്ടിഷൻഡ് റെസ്റ്റോറന്റ്. മൂന്നാം നിലയിൽ ഒരു ഓപ്പൺ ഡെക്ക്. കരയിൽ നിന്നും നേരെ കേറിചെല്ലുന്നത് റെസ്റ്റോറന്റിലേക്കാണ്. അവിടെ നിന്ന് ഒരു ജ്യൂസും കുടിച്ചുകൊണ്ട് ബോട്ട് യാത്ര തുടങ്ങി. താഴത്തെത്തട്ടിലേക്ക് ഇപ്പൊ പ്രവേശനം ഇല്ല. ഒരു പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ നടുക്കടലിൽ ബോട്ട് നിർത്തി. എന്നിട്ട് എല്ലാരോടും താഴേക്കുപോകാൻ പറഞ്ഞു. താഴേക്കിറങ്ങിച്ചെന്നപ്പോൾ ദേ ചുറ്റിനും കടൽ. ഓടിക്കളിക്കുന്ന മീൻ കൂട്ടങ്ങൾ. തിരണ്ടിയും, നെമോയും പിന്നെ പേരറിയാത്ത കുറെയേറെ മീൻ കൂട്ടങ്ങളും. പുലിയെ മടയിൽച്ചെന്നു നേരിടുന്നതുപോലെ, മീനുകളെ കടലിലേക്കിറങ്ങിച്ചെന്നു കാണുന്ന ആ കാഴ്ച ഒന്ന് വേറെ തന്നെയായിരുന്നു. അതും കഴിഞ്ഞു ഏറ്റവും മുകളിലത്തെ ഡെക്കിൽ ഞങ്ങളെല്ലാരും ഒത്തുകൂടി. പിന്നെ പാട്ടും ഡാൻസുമായി കുറച്ചു നേരം. ഡെക്കിലെ DJ ടേബിൾ പോലെ തോന്നിപ്പിച്ച ഒരു കൌണ്ടർ -നു പുറകിൽ നിന്ന് സ്റെപ്സ് ഇട്ട എന്നെയും , നബീലിനെയും കണ്ട് ബോട്ടിലെ ഒഫീഷ്യൽ DJs ആണെന്ന് കരുതിഒരു ഫാമിലി വന്നു പഞ്ചാബി സോങ്സ് പ്ലേയ് ചെയ്യാൻ പറഞ്ഞു. പിന്നീട് പാട്ടിൻറെ കണ്ട്രോൾ ഞങ്ങളുടെ കൈയിൽ അല്ല എന്നറിഞ്ഞ അവർക്ക് ചമ്മൽ മാറ്റാൻ കുറച്ചു സമയം വേണ്ടി വന്നു. ഹൈദരാബാദിൽ നിന്ന് വന്ന കാർത്തിക്കിനെയും കുടുംബത്തെയും അവിടെ വച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. കൂട്ടത്തിലെ ആസ്ഥാന ഡാൻസുകാർ അവരായിരുന്നു.
ഒന്നൊന്നര മണിക്കൂറോളം കടലിൽ ചുറ്റിക്കറങ്ങി ഞങ്ങൾ കരയടുത്തു. സമയം മൂന്നാവാറായി. വിശക്കുന്നുണ്ട്. ഞങ്ങൾ അടുത്തുള്ള കടയിൽ ഭക്ഷണം കഴിക്കാൻ കേറി. ഞണ്ടു ഫ്രൈയും, മീനും ഓർഡർ ചെയ്തു. ചുറ്റും കടലാണെങ്കിലും ആൻഡമാനിൽ ടൂറിസ്റ്റു സ്ഥലങ്ങളിലുള്ള റസ്റ്റോറന്റുകളിൽ മീൻ വിഭവങ്ങൾക്ക് വിലയല്പം കൂടുതലാണ്. ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞങ്ങളെ നേരത്തെ ഇവിടെ കൊണ്ട് വിട്ട ബോട്ട് ഡ്രൈവർ ഫോൺ വിളിക്കുന്നു. തിരിച്ചുപോകാൻ സമയം ആയത്രേ. ഭക്ഷണവും പൂർത്തിയാക്കി ഞങ്ങൾ പോർട്ട് ബ്ലെയറിലേക്ക് മടക്ക യാത്ര തുടങ്ങി
യാത്ര തുടങ്ങിയ ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സിലെ ജെട്ടിയിലേക്ക് തന്നെയാണ് തിരിച്ചെത്തിയത്. ജെറ്റ് സ്കീ ചെയ്യാനുള്ള ടിക്കറ്റ് കൈവശം ഉണ്ട്. അങ്ങനെ അതും ചെയ്‌ത് , അൽപ്പനേരം ബീച്ചിൽ കാറ്റുംകൊണ്ടിരുന്നതിന് ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് വണ്ടി വിട്ടു. സമയം രാത്രിയായി, ഞങ്ങളുടെ ഹോട്ടലിനു വെളിയിൽ ഒരു നൂറുമീറ്ററകലെ ഒരു ചെറിയ ഫുഡ് സ്റ്റാളുണ്ട്. നല്ല മോമോസും, നൂഡിൽസും, റോളുകളും ഒക്കെയുണ്ടിവിടെ. ഇന്നലെ രാത്രി ഫിഷ് റെസ്റ്റോറന്റ് തപ്പി നടന്നപ്പോ ഞങ്ങൾക്ക് വഴി പറഞ്ഞുതന്നത് ഈ കടക്കാരനായ പയ്യനാണ്. അതിനാൽ ഇന്നത്തെ ഫുഡ് ഇവിടെയാക്കാമെന്നു വിചാരിച്ചു. എന്തായാലും ആ തീരുമാനം തെറ്റിയില്ല. നല്ല കിടിലൻ ഫുഡ്. വിലയോ തുച്ഛം ഗുണമോ മെച്ചം. അത് പോരെ ?. മോമോസും, ചിക്കൻ ഫ്രൈയും നാവിലെ രസമുകുളങ്ങൾക്ക് വിരുന്നേകിയ ആ രാത്രിയിൽ, നാളത്തെ യാത്രപദ്ധതികളെക്കുറിച്ച് കൂലങ്കുഷമായി ആലോചിച്ചുകൊണ്ട് ഹോട്ടൽ മുറിയിലെ അട്ടം നോക്കി ഞാൻ കിടന്നു.
(തുടരും..!)
#Andaman #Nicobar #RossIsland #Northbay