"450 രൂപാ സാർ"
“നാന്, അച്ഛൻ, അമ്മ,, കെട്ട്യോള് , ഞങ്ങളെല്ലാം ഒരു ബെൽറ്റ്, നിങ്ങള് കൊറച്ച് കമ്മി ചോയ്ക്ക്”
"ഇല്ല സാർ നാനൂറ്റമ്പത്" - അണ്ണൻ വിടുന്ന മട്ടില്ല.
അഡെങ്കപ്പാ ..! സുന്ദരപാണ്ട്യപുരത്തെ സ്കൂട്ടറിൽ പനനൊങ്ക് വിൽക്കുന്ന ചേട്ടന്റെ കൈയിൽ നിന്ന് രണ്ട് നൊങ്ക് വാങ്ങിച്ചു കുടിച്ചു. അതിനാണീ 450 രൂപാ പറഞ്ഞത്. ലുലു മാളീന്നു ജ്യൂസ് കുടിച്ചാൽ പോലും ഇത്രേം പൈസ ആകത്തില്ല. സാധാരണ റോഡ്സൈഡിലെ കടക്കാരിൽ നിന്ന് ഡിസ്കൗണ്ട് ചോദിക്കാറില്ല, കാരണം അവരെല്ലാം ജീവിക്കാൻവേണ്ടി പണിയെടുക്കുന്നവരാണ്. എന്നാൽ ഇയാൾ ശരിക്കും ആളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുകയാണ്. അറിയാത്ത സ്ഥലമാണ്, ഞങ്ങൾക്കാണെൽ അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് പോകേണ്ടതുമാണ്. ഇയാളെങ്ങാനും കാറ്റഴിച്ചു വിട്ടാൽ പണിയാകും. അവസാനം 350 രൂപ കൊടുത്തു. അങ്ങനെ നൈസ് ആയിട്ട് പറ്റിക്കപ്പെട്ടിട്ടും അതിൻ്റെ അഹങ്കാരമൊന്നും പുറത്തു കാണിക്കാതെ ഞങ്ങൾ സൂര്യകാന്തിപ്പാടത്തേക്കിറങ്ങി.
പറഞ്ഞു വരുന്നത്, ഒരാഴ്ച നീണ്ടു നിന്ന ഞങ്ങളുടെ ദക്ഷിണ തമിഴ്നാട് റോഡ് ട്രിപ്പിനെക്കുറിച്ചാണ്. കുറച്ചു കാലമായി ഒരു ലോങ്ങ് റോഡ് ട്രിപ്പടിക്കാനായി പ്ലാൻ ചെയ്യുന്നു. രണ്ട് വര്ഷം മുൻപ് പോയ കർണാടക ട്രിപ്പിന് ശേഷം പിന്നെ ലോങ്ങ് ഡ്രൈവ് ഉണ്ടായിട്ടില്ല. ആ പരാതി ഇത്തവണ തീർത്തേക്കാം എന്ന് കരുതി. അൾട്രോസ് ഒരാഴ്ച മുന്നേ തന്നെ സർവീസ് ചെയ്ത് റെഡിയാക്കി വച്ചു. കാറിന്റെ ബാറ്ററി ഇടക്കിടെ പ്രശ്നം ഉണ്ടാക്കുന്നുണ്ടായിരുന്നു. അതും പുതിയത് വാങ്ങി വച്ചു. ഇത്തവണത്തെ ട്രിപ്പിന് കെട്ട്യോൾ മാത്രമല്ല, സുമതിക്കുട്ടിയും , ചന്ദ്രുവും കൂടെയുണ്ട്. അച്ഛനും, അമ്മയും ഇത്രയും ദിവസം തുടർച്ചയായി ഇതുവരെ യാത്ര ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ അവർക്ക് അധികം സ്ട്രെയിൻ ഇല്ലാത്ത രീതിയിലൊരു യാത്രയാണ് പ്ലാൻ ചെയ്യേണ്ടിയിരുന്നത്. കൂടുതൽ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ ഓരോ സ്ഥലങ്ങളും സമയമെടുത്തു സന്ദർശിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അങ്ങനെയാണ് കന്യാകുമാരി - തിരുനെൽവേലി - രാമേശ്വരം - ധനുഷ്കോടി - തെങ്കാശി റൂട്ടിലേക്ക് യാത്ര ചെന്നെത്തിയത്. ഈ റൂട്ടിൽ പോയി വരാൻ തിരുവനന്തപുരത്തു നിന്ന് ഏകദേശം ആയിരം കിലോമീറ്ററേ ആകുന്നുള്ളൂ. അത് മാത്രവുമല്ല അച്ഛനോ , അമ്മക്കോ യാത്രക്ക് ബുദ്ധിമുട്ടുണ്ടായാൽ ഏതു പോയിന്റിൽ നിന്നും തിരിച്ചു വരികയുമാകാം.
അങ്ങനെ സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച രാവിലെ വീട്ടീന്ന് ഒരു കട്ടനും അടിച്ചു ഏഴുമണിയോടെ ഞങ്ങൾ യാത്ര തുടങ്ങി. തിരുവനന്തപുരം കോവളം ബൈപ്പാസും പിന്നിട്ട് പാറശാലയിൽ പ്രഭാത ഭക്ഷണത്തിനായി ഒരു ബ്രേക്ക് എടുത്തു. തിരുവല്ലം ടോൾ പ്ലാസയിൽ ഇപ്പൊ 150 രൂപയാണ് ഒരു വശത്തേക്ക് വരുന്ന ടോൾ. ഒന്നാമത്തേത് റോഡുപണി മുഴുവനായും പൂർത്തിയായിട്ടില്ല. ഇങ്ങനെയൊരു റോഡിൽ 150 ഒരൽപം കൂടുതലല്ലേ ഒന്നൊരു സംശയം ഇല്ലാതില്ല. അങ്ങനെ ബ്രേക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. ആദ്യ ലക്ഷ്യം ചിതറാൽ ജെയിൻ ടെമ്പിൾ ആണ്.
ചിതറാൽ ജെയിൻ ടെമ്പിൾ
ചിതറാൽ മലൈ കോവിൽ എന്നും ഈയിടം അറിയപ്പെടുന്നുണ്ട്. മാർത്താണ്ഡം ടൗണിൽ നിന്ന് ഏകദേശം അഞ്ചാറു കിലോമീറ്ററേ ഉള്ളൂ ഇങ്ങോട്ട്. ഞങ്ങൾ എത്തുമ്പോൾ തന്നെ ഒരുപാടുപേർ അവിടെ ഉണ്ടായിരുന്നു. സ്കൂൾ ടൂർ വന്ന ഒരുകൂട്ടം കുട്ടികളും , കൂടാതെ ഒറ്റയും തെറ്റയുമായി വന്ന കുറെപ്പേരും. താഴെ വണ്ടി പാർക്ക് ചെയ്തു എൻട്രൻസിലെ രെജിസ്റ്ററിൽ പേരും , മൊബൈൽ നമ്പറും എഴുതിക്കൊടുത്തു ഞങ്ങൾ മുകളിലേക്ക് കേറി. പാർക്കിങ് ഫീയുണ്ട്. ഫീസ് പിരിക്കുന്നത് താഴെ കട നടത്തുന്ന ചേച്ചിയാണ്. ഞാനിവിടെ കുറച്ചു വർഷങ്ങൾക്കുമുൻപ് വന്നിട്ടുണ്ട്. അന്ന് വന്നതിനേക്കാൾ ഒരുപാട് മാറ്റം എനിക്കിവിടെ കാണാനായി. ഇപ്പൊ ഇവിടെ നല്ല രീതിയിൽ പരിപാലിച്ചുപോരുന്നുണ്ട്. ഒരു പത്തുപതിനഞ്ചു മിനിറ്റോളം മുകളിലേയ്ക്ക് നടന്നു കയറാനുണ്ട്. മുകളിൽ ഒരു വലിയ ആൽമരമുണ്ട്. ഞങ്ങൾ ഒരല്പനേരം അതിന്റെ ചുവട്ടിൽ ചിലവഴിച്ചു, തുടർന്ന് മലൈ കോവിലിലേക്ക് കയറി. കയറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു ചുമരാണ്. ചുമരിനുമുന്പിൽ ഒരു ചെറിയ മണ്ഡപവുമുണ്ട്. ആ ചുമരിൽ ജൈനമതക്കാരുടെ ചില ചിഹ്നങ്ങളും ഇരുപത്തിനാല് തീർത്ഥങ്കരമ്മാരുടെ രൂപങ്ങളും കൊത്തിയിട്ടിട്ടുണ്ട്, അക്കാലത്തെ ദക്ഷിണേന്ത്യയിലെ ജൈനമതത്തിന്റെ സ്വാധീനം ചൂണ്ടിക്കാണിക്കുന്നരീതിയിൽ. ജൈനൻമ്മാരുടെ സ്വാധീനം കുറഞ്ഞതിനുശേഷത്തെ പതിമൂന്നാം നൂറ്റാണ്ടോടെ ഇവിടം ഒരു ഭഗവതി ക്ഷേത്രമായി രൂപാന്തരംപ്രാപിച്ചു. ജൈനമണ്ഡപത്തിൽ നിന്ന് താഴേക്കിറങ്ങി മുന്നോട്ട് പോയാൽ ഭഗവതി ക്ഷേത്രം കാണാനാകും.
ക്ഷേത്രത്തിനു മുൻപിൽ പാറപ്പുറത്തു നിർമ്മിച്ച ഒരു കുളവും. പാറപ്പുറത്തായിരുന്നിട്ടുകൂടിയും കുളത്തിൽ നിറയെ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞതവണ വന്നപ്പോൾ ക്ഷേത്രത്തിനകത്തു പ്രവേശിക്കാൻ സാധിച്ചിരുന്നു. ഇത്തവണ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷേത്ര മുറ്റത്ത് നല്ല തണലും, നല്ല കാറ്റും ഉണ്ടായിരുന്നു, കുറേനേരം അങ്ങിനെ വെറുതെ ഇരിക്കാൻ തോന്നുന്ന രീതിയിൽ. അൽപ്പനേരം അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.
പദ്മനാഭപുരം പാലസ്
ഇന്ത്യയിലെ തടിയിൽ തീർത്ത ഏറ്റവും വലിയ കൊട്ടാരമായ പദ്മനാഭപുരം പാലസിലേക്ക് ചിതറാലിൽ നിന്ന് ഏകദേശം പതിനഞ്ചുകിലോമീറ്ററോളം ദൂരമേ ഉള്ളൂ. തമിഴ് നാട്ടിലാണെങ്കിലും കൊട്ടാരത്തിന്റെ നോക്കി നടത്തിപ്പും ഉടമസ്ഥാവകാശവും കയ്യാളുന്നത് കേരളം സർക്കാരാണ്. തിരുവിതാംകൂറിൻ്റെ രാജാക്കൻമാരുടെ പഴയ തലസ്ഥാനമായിരുന്നു ഇവിടം. കേരള വാസ്തുശൈലിയിലുള്ള മനോഹരമായൊരു നിർമിതി തന്നെയാണിത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണിത് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ചരിത്രാന്വേഷികൾക്ക് ഒരിക്കലും ഒഴിവാവാക്കാൻ സാധിക്കാത്ത ഒരിടമാണിത്. പതിനേഴാം നൂറ്റാണ്ടിനും , അതിനും മുൻപുള്ള ഒട്ടേറെ പുരാവസ്തുക്കൾ ഇവിടെ കാണാൻ സാധിക്കും. കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണം എന്ന് നിസ്സംശയം വിശേഷിപ്പിക്കാം. കൊട്ടാരത്തിലേക്ക് എത്തുന്ന വഴിയിൽ മൊത്തം പലതരം കച്ചവടക്കാരാണ്. സുവനീറുകളും, കാഴ്ചവസ്തുക്കളും വിൽക്കുന്നരാൽ നിറഞ്ഞിരിക്കുന്നു റോഡിന്റെ ഇരു വശങ്ങളും. കൊട്ടാരമുറ്റം വളരെ വലുതാണ്. കൊട്ടാരത്തിനകത്ത് പാദരക്ഷകൾ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. ചെരിപ്പും , ഷൂസും സൂക്ഷിക്കാനായി പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊട്ടാരമുറ്റത്തിന്റെ ഇടതുഭാഗത്തുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റുമെടുത്തു ഞങ്ങൾ ഉള്ളിലേക്ക് കയറി.
നേരെക്കാണുന്ന പൂമുഖ മാളികയിൽ ആദ്യം നമ്മെ ആകർഷിക്കുന്നത് ഒരു കുതിരക്കാരൻ തൂക്കുവിളക്കാണ്. ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തി ബാലൻസ് ചെയ്തു വച്ചിരിക്കുന്ന ഒരു വിളക്ക്. പൂമുഖ മാളികയുടെ മുകൾവശത്തെ മച്ചിൽ നിറയെ പൂക്കൾ കൊത്തി വച്ചിട്ടുണ്ട്. മരത്തിൽ കൊത്തിയ പൂക്കൾ ഓരോന്നും വ്യത്യസ്തങ്ങളാണ്. പൂമുഖത്തിന്റെ ഇടതു ഭാഗത്തായി ഒരു ചെറിയ ഗോവണി. അത് വഴിയാണ് മുകൾ നിലയിലേക്ക് കയറുന്നത്. കയറുമ്പോൾ തല മുകളിൽ ഇടിക്കാതിരിക്കാൻ സൂക്ഷിക്കണം. പുറത്തെ ചൂട് ഒട്ടും തന്നെ കൊട്ടാരത്തിനകത്ത് അറിയുന്നില്ല. കിളിവാതിലുകൾക്കിടയിലൂടെ കടന്നുവരുന്ന കാറ്റ് കൊട്ടാരത്തിനകം തണുപ്പിച്ചുകൊണ്ട് പുറത്തുപോകുന്നു. ഏക്കറുകളോളം നീണ്ടു കിടക്കുന്ന കൊട്ടാരവളപ്പിൽ തായ് കൊട്ടാരം എന്നറിയപ്പെടുന്ന ഭാഗമാണ് ആദ്യം നിർമ്മിച്ചത്. മറ്റുള്ള കെട്ടിടങ്ങളെല്ലാം ഇതിൽനിന്നു കൂട്ടിച്ചേർത്തുണ്ടാക്കിയതാണ്. മുന്നൂറു വർഷത്തോളം പഴക്കമുള്ളൊരു മണിമേടയും ഇവിടെയുണ്ട്. ഇവിടുത്തെ ഘടികാര ശബ്ദം കൊട്ടാരത്തിൻ്റെ മൂന്നു കിലോമീറ്ററോളം ചുറ്റളവിൽ കേൾക്കാൻ കഴിയുമായിരുന്നത്രെ. രാജാക്കൻമാരുടെയും മറ്റും വാസസ്ഥലം, പ്രജകളുമായി സംവദിക്കുന്നിടം, ഭരണകാര്യങ്ങൾ നിർവഹിക്കുന്നിടം, നൃത്തശാല, ഭോജനശാല, കുളിക്കടവ്, കുശിനി അങ്ങനെ ഒരുപാട് ഭാഗങ്ങൾ ഈ കൊട്ടാരത്തിനുണ്ട്. കൊട്ടാരത്തിന്റെ മുകൾ നില പദ്മനാഭ സ്വാമിക്കായി മാറ്റിവച്ചിരുന്നു. കൊട്ടാരത്തിലെ തെക്കേ തെരുവിലേക്കായി മുഖം തുറക്കുന്ന അമ്പാരി മുഖപ്പ് ഇവിടുത്തെ മറ്റൊരാകർഷണമാണ്. കൊട്ടാരത്തിനു പുറത്തെ ഘോഷയാത്രകൾ രാജാവും പരിവാരങ്ങളും വീക്ഷിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. കല്ലിൽ കൊത്തിയ തൂണുകളോടുകൂടിയ നവരാത്രി മണ്ഡപവും സഞ്ചാരികളെ ആകർഷിക്കും. നവരാത്രി മണ്ഡപത്തിന്റെ അറ്റത്ത് ഒരു ക്ഷേത്രവും നിലകൊള്ളുന്നു. കൊട്ടാരത്തിന്റെ ചുമരുകളിൽ പെയിന്റിങ്ങുകളും, മരത്തിലെയും കല്ലിലെയും കൊത്തുപണികളും പഴയകാലത്തിന്റെ കലാനൈപുണ്യം വിളിച്ചോതുന്നു.
ഉച്ചക്ക് 12:30 മുതൽ രണ്ട് മണി വരെ സന്ദർശനം അനുവദിച്ചിട്ടില്ല. ഉച്ചക്ക് കൊട്ടാരം അടയ്ക്കുന്നതിന് മുൻപായി ഞങ്ങൾ പുറത്തിറങ്ങി. നടന്നു വണ്ടിക്കടുത്തേക്ക് നടക്കുമ്പോൾ എവിടെ നിന്നോ നല്ല മീൻ വറുക്കുന്ന മണം വരുന്നു. മണത്തിനുപുറകേ പോയപ്പോൾ ചെന്നെത്തിയത് ഊട്ടുപുര മെസ്സിലേക്ക്. അവിടുന്നു നല്ല മീനും ചോറും കഴിച്ചു ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് വണ്ടി തിരിച്ചു.
ഉച്ച കഴിയുമ്പോഴേക്കും തന്നെ ഞങ്ങൾ കന്യാകുമാരിയിൽ എത്തി. CPWD ഗസ്റ്റ് ഹൌസിൽ താമസം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ചെക്കിൻ ചെയ്തു നല്ലൊരു ഉച്ചയുറക്കം പാസ്സാക്കി. വൈകുന്നേരമായപ്പോൾ പതുക്കെ എണീറ്റ് സൺസെറ്റ് കാണാനിറങ്ങി. സൂര്യോദയസ്തമയങ്ങൾ ഒരേസ്ഥലത്തു നിന്ന് കാണാവുന്ന അപൂർവം ചില സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി. സൂര്യാസ്തമയം കാണാൻ നല്ല തിരക്കുണ്ടായിരുന്നു. വിശാലമായ കടൽക്കരയിൽ ഇരുന്നുകൊണ്ട് ചക്രവാളസീമയിലേക്ക് സൂര്യൻ പതുക്കെ മറഞ്ഞുപോകുന്നത് കാണാൻ നല്ല ചന്തമുണ്ടായിരുന്നു. തിരികെ വീണ്ടും ഗസ്റ്റ് ഹൌസിലേക്ക്. രാത്രിഭക്ഷണവും കഴിച്ചു ഉറങ്ങാൻ കിടന്നു. യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി.
കന്യാകുമാരിയിലെ കൂടുതൽ വിശേഷങ്ങൾ അടുത്ത പാർട്ടിൽ.
(തുടരും)
#oru_tamizh_kadha
#tn_road_trip_diary_part_1