Thursday, July 20, 2017

തേയില മണക്കുന്ന മൂന്നാറിലേക്ക്


               "മല മേലെ തിരി വച്ച് പെരിയാറിൻ തളയിട്ടു ചിരി തൂകും പെണ്ണല്ലേ ഇടുക്കി, ഇവിടുത്തെ കാറ്റാണ് കാറ്റ്, മല മൂടും മഞ്ഞാണ് മഞ്ഞു” -  

Munnar
               മൂന്നാര്‍ യാത്ര കഴിഞ്ഞു ഇതുവരെ ഈ പാട്ട് നാവീന്നു പോയിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ആ യാത്രയെക്കുറിച്ച് എന്തെങ്കിലും രണ്ടു വരി എഴുതണമെന്നു തോന്നിയത്. അതാണ്‌ ഈ ഒരു മഹാ പാതകത്തില്‍ ചെന്നവസാനിച്ചത്‌. വായനക്കാരെ സഹിച്ചാലും..!!

പത്തു ദിവസത്തെ ലീവിന് വിദേശത്തുനിന്നുംലീവിന് നാട്ടിലെത്തിയാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും ? 

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയമെല്ലാം പോയി കാണും. വൈകുന്നേരം ചായക്കടയില്‍ ബഡായി പറഞ്ഞിരിക്കും, അതുമല്ലെങ്കില്‍ തിരിച്ചു പോക്കിനുള്ള പാക്കിംഗ് നടത്തും. മാക്സിമം വീട്ടില്‍ തന്നെ കഴിച്ചു കൂട്ടും. ഇതൊക്കെയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വിപരീതമായി വീട്ടിലെത്തിയതിന്റെ പിറ്റേന്നു തന്നെ വണ്ടിയുമെടുത്ത് പച്ചപ്പും , ഹരിതാഭയും തേടി ഊരുതെണ്ടാനിറങ്ങുന്ന ചില ആളുകളെ എനിക്കറിയാം. വിവിധങ്ങളായ യാത്രാ ഗ്രൂപ്പുകളില്‍ കണ്ടു പരിചയമുള്ള മുഖങ്ങള്‍. അത്തരത്തില്‍ ഒരാളുടെ കൂടെയായിരുന്നു ഇത്തവണത്തെ മ്മടെ യാത്ര.

**********

വെള്ളിയാഴ്ച വൈകുന്നേരം അമ്മ വിളിച്ചു

“മോനെ നിന്റെ കൂടെ വരുന്നവന്റെ നമ്പര്‍ താ”

ഇത് എല്ലാ യാത്രക്ക് മുമ്പും പതിവുള്ളതാണ്. ഞാന്‍ പോത്ത് പോലെ വലുതായെങ്കിലും (?) എങ്ങോട്ടെങ്കിലും ഇറങ്ങിയാല്‍ തിരിച്ചു വരുന്ന വരെ അമ്മക്ക് ടെന്ഷ്ന്‍ ആണ്. ഇനിയിപ്പോ എന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ഞാന്‍ പോലും അറിയാത്ത എന്റെ കൂട്ടുകാരെ വരെ അമ്മ വിളിച്ചു അന്വേഷിക്കും. അതാണ്‌ ന്റെ  സുമതിക്കുട്ടി. പക്ഷെ ഇത്തവണ അമ്മക്ക് കൊടുക്കാന്‍ എന്റെ കൈയില്‍ നമ്പര്‍ ഇല്ലായിരുന്നു. കാരണം തിരുവനന്തപുരത്ത് നിന്നു കൂടെ വരാം എന്നു പറഞ്ഞ രണ്ടു പേരും അവസാന നിമിഷം കാലു മാറി. 

“അപ്പൊ നീ ഒറ്റക്യാണോ പോന്നത് ?”

“അല്ലമ്മേ, മലപ്പുറത്തുന്ന്‍ ന്റെ  ഒരു പഴയ കോളേജ്മേറ്റ്‌ വരാന്നു പറഞ്ഞിട്ടുണ്ട്”

“ശോ.!! അന്നു ക്യാമറ മേടിക്കാന്‍ സമ്മതിക്കണ്ടായിരുന്നു. ഇപ്പൊ അതും എടുത്തു നാട് ചുറ്റുവല്ലേ” അമ്മ ദേഷ്യപ്പെട്ടു.

പക്ഷെ ഇങ്ങനെയൊക്കെ പറയുമെങ്കിലും ഒരേയൊരു കണ്ടീഷന്റെ പുറത്ത്,  എന്നെ എല്ലാ തവണയും സുമതിക്കുട്ടി യാത്രയാക്കും. എവിടെ പോയാലും വെള്ളത്തിലോ, വെള്ളചാട്ടത്തിലോ ഇറങ്ങരുത് എന്ന കണ്ടീഷന്‍. അത് ഞാന്‍ ഇത് വരെ തെറ്റിച്ചിട്ടുമില്ല.
munnar
അങ്ങനെ മലപ്പുറത്തു നിന്നും വരുന്ന ആ ചങ്ങായിയുടെ നമ്പര്‍ അമ്മക്ക് കൊടുത്തിട്ട് ഞാന്‍ കുറച്ചു നേരം ഒറങ്ങാന്‍ കിടന്നു. രാത്രി പത്തരക്കാണ് തിരുവനന്തപുരത്തു നിന്നും മൂന്നാറിലേക്കുള്ള ബസ്. KSRTC യുടെ സൂപ്പർ ഫാസ്റ്റ് ആയതു കൊണ്ട്, ബസ്സിൽ ഉറങ്ങുക എന്നത് ഇച്ചിരി ബുദ്ധിമുട്ടുള്ള കാര്യമാണ് അത് കൊണ്ടു പോകുന്നതിനു മുന്പേക കുറച്ചു നേരം ഉറങ്ങാമെന്ന് കരുതി. 

**********

               സമയം രാവിലെ അഞ്ചു മണി. ആളുകൾ ബസ്സിൽ നിന്നിറങ്ങുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ബസ്സിപ്പോൾ  അടിമാലി എത്തിയിരിക്കുന്നു. പിന്നീട് ഉറക്കം വന്നില്ല. മൂന്നാർ KSRTC ഡിപ്പോ എത്തിയപ്പോ ഞാനും ഇറങ്ങി. നല്ല ചാറ്റൽ മഴ , പോരാത്തതിന് തണുപ്പും . ജാക്കറ്റ് എടുത്തിട്ടു. വീട്ടിൽ വിളിച്ചു മൂന്നാർ എത്തീ എന്നറിയിച്ചു. പിന്നെ മലപ്പുറത്തു നിന്നും വരുന്ന ഗടിയെ ഫോണില്‍ വിളിച്ചു. ആളുടെ പേരു ക്രിപലേഷ് എന്നാണു. കക്ഷി അങ്ങ് ദുഫായില്‍ ഷാര്ജാ ഷേക്കിന്റെ വലം കൈ ആണ്. അവനെ നേരില്‍ കണ്ടിട്ട് ഇപ്പൊ കൊല്ലം അഞ്ചു കഴിഞ്ഞു.  രണ്ടുദിവസം  മുന്പ് നാട്ടില്‍ എത്തിയിട്ടേ ഉള്ളൂ. ഒരു ദിവസം പോലും വീട്ടില്‍ നിക്കാതെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് പുള്ളി. കൂടെ അനിയനും പിന്നെ രണ്ടു സുഹൃത്തുക്കളും ഉണ്ട്. അതാണ് മലപ്പുറത്തുകാരുടെ യാത്രാ പ്രേമം. എനിക്ക് തോന്നുന്നു മലയാളികളിൽ ഏറ്റവും കൂടുതൽ യാത്ര കമ്പമുള്ളതു  മലപ്പുറത്തുകാർക്കാണെന്ന്  . സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകൾ എടുത്തു നോക്കിയാൽ ഞാന്‍ കൂടുതൽ കണ്ടിട്ടുള്ളത് മലപ്പുറത്തെ സാഹൊകളെയാണ്. അതവിടെ നിൽക്കട്ടെ , കൃപലേഷ് കോതമംഗലം കഴിഞ്ഞിട്ടേ ഉള്ളൂ . ഇനിയും രണ്ടു മണിക്കൂർ കൂടെ എടുക്കും. ഞാൻ ഫ്രഷ്അപ്പ് ആവാൻ പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു. ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്ക് ആരും റൂം കൊടുക്കുന്നില്ല. മിനിമം 12 മണിക്കൂർ നേരത്തേക്കെങ്കിലും എടുക്കണമത്രേ. ബ്ലഡി ഫെല്ലോസ് . ഇനിയിപ്പോ എന്ത് ചെയ്യും ?

അങ്ങനെ കുറെ നേരം കറങ്ങിയപ്പോ കേരള ഗവണ്മെന്റിന്റെ പേര് വച്ച ഒരു ടൂറിസ്റ്റ് അമിനിറ്റി സെന്റർ കണ്ടു. ആവശ്യം അറിയിച്ചു 5 രൂപ ദക്ഷിണ വെച്ച് പോയി വരാൻ പറഞ്ഞു. അങ്ങനെ കുളിയും പല്ലു തേപ്പും എല്ലാം കഴിഞ്ഞു ഒരു കട്ടൻ ചായയും അടിച്ചു റോഡിലേക്കിറങ്ങി . സമയം ഏഴു ആകുന്നതേ ഉള്ളൂ. കൃപലേഷ് പറഞ്ഞതനുസരിച്ച്  അവൻ എത്താന്‍ കുറഞ്ഞത് എട്ടു മണി എങ്കിലും ആവും. നേരത്തെ കണ്ട ചാറ്റൽ മഴ ഇപ്പൊ ഏതാണ്ട് നല്ല രീതിയിൽ തന്നെ പെയ്യുന്നുണ്ട്. മഴ പണ്ടേ എനിക്കൊരു വീക്നെസ് ആണ്. മുട്ടറ്റം വരെ മഴ നനഞ്ഞു സ്‌കൂളിൽ പോയതും, ചേമ്പില ചൂടി പരൽ മീനിനെ പിടിക്കാൻ പോയതും ,  പുരപ്പുറത്തെ ഓലക്കീറിൽ മഴ നടത്തുന്ന ചെണ്ട മേളവും ഇന്നലകളിലെ നല്ല ഓർമകളായി ഇന്നും മനസ്സിലേക്ക് ഓടിയെത്തുന്നു. ഇപ്പോഴും  എനിക്ക് മഴയത്തു നനഞ്ഞു കുളിക്കാൻ ഇഷ്ടമാണ്. എന്നാ പിന്നെ മൂന്നാറിലൂടെ ഒരു മഴ നടത്തം തന്നെയാവട്ടെ. കുറേ നേരം നടന്നു. കോരിച്ചൊരിയുന്ന മഴയില്‍ മൂന്നാറിന്റെ നെഞ്ചിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. രാവിലെ തന്നെ ഒരുത്തൻ ബാഗും തൂക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു , വഴിയിലെ  നാട്ടുകാർ പരസ്പ്പരം ചോദിച്ചു കാണണം , "വട്ടാണല്ലേ "

അവസാനം ഒന്നര മണിക്കൂർ നീണ്ട നടത്തം അവസാനിപ്പിച്ചു വീണ്ടും ഒരു കട്ടൻ ചായ കൂടി കുടിച്ചു , ഞാൻ കൃപലേഷിനെ വിളിക്കാൻ ഫോൺ എടുക്കാൻ തുടങ്ങുമ്പോൾ അതാ മുന്നിൽ ഒരു ചുവന്ന സ്വിഫ്റ്റ് കാർ. ദേ വന്നിരിക്കുന്നു മ്മടെ ഗഡീസ്.കൃപ്‌സും സംഘവും. ഇവനെ ഒഴികെ മറ്റാരെയും എനിക്ക് പരിചയമില്ല. അങ്ങനെ പരിചയപ്പെടലുകള്‍ക്ക് ശേഷം എല്ലാരും കൂടി അടുത്തുള്ള അന്നപൂർണ്ണ ഹോട്ടെലിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു. സത്യം പറയാലോ മൂന്നാറിൽ എല്ലാ കാര്യങ്ങളും ഇഷ്ട്ടപ്പെട്ടെങ്കിലും ഫുഡിന്റെ കാര്യത്തിൽ മാത്രം ഞാൻ ഇപ്പോഴും ഹാപ്പിയല്ല. ക്രിപ്സിന്റെ കൂടെ വന്ന ലാലുവിനു മോഷൻ സിക്നസ്സ് കാരണം ഫുഡ് ഒന്നും കഴിക്കാൻ പറ്റിയില്ല. തുടർച്ചയായ കാർ യാത്ര കാരണം അവൻ ആകെ ക്ഷീണിതൻ ആയിട്ടുണ്ട്. അവസാനം ലാലുവിന് ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്തു കൊടുത്തു , ക്രിപ്സ് ഗൾഫിൽ നിന്ന് കൊണ്ട് വന്ന ചോക്ലേറ്റും കഴിച്ചു ഞങ്ങൾ മൂന്നാർ ഏക്സ്പ്ലൊറേഷൻ തുടങ്ങി.

Top station Munnar
View from Top Station

 
മൂന്നാർ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 5200 അടി ഉയരത്തിൽ  സ്ഥിതി ചെയ്യുന്നു  എന്നാണ് വിക്കി അമ്മായി പറയുന്നത് . തേയിലക്കൃഷിയാണ് പ്രധാന വരുമാനം.  ഞാൻ എന്തായാലും മൂന്നാറിന്റെ ഹിസ്റ്റോറിയും , ജിയോഗ്രഫിയും പറഞ്ഞു ബോറടിപ്പിക്കുന്നില്ല. മൂന്നാറിന്റെ ദേശീയ വാഹനം JCB ആണെന്ന് പഴയ അച്ചുമ്മാമ പുരാണത്തിൽ എവിടെയോ വായിച്ചത് ഞാനോർക്കുന്നു  . നാലഞ്ചു കൊല്ലം മുൻപ് ഞാൻ ഇവിടെ വന്നിട്ടുണ്ട്. അന്ന് കാണാതെ  ബാക്കി വച്ച സ്ഥലങ്ങൾ കണ്ടു തീർക്കണം  അത്രയേ ഈ യാത്ര കൊണ്ട് ഉദ്ദേശിച്ചുള്ളൂ. ആദ്യം പോകാൻ ഉദ്ദേശിച്ചത് ടോപ് സ്റ്റേഷനിലേക്കാണ്. ഹോട്ടെലിൽ നിന്നും ഗൂഗിൾ മാപ് സെറ്റ് ചെയ്തത് പ്രകാരം യാത്ര തുടർന്ന്. പക്ഷെ എല്ലാ തവണത്തേയും പോലെ ഇത്തവണയും ഗൂഗിൾ പെണ്ണ് ചതിച്ചു.പോയ റോഡ് ചെന്നെത്തിയത് ഒരു ഗേറ്റിനു മുൻപിൽ അതിനപ്പുറം പ്രൈവറ്റ് എസ്റ്റേറ്റ് റോഡ് ആണ്. ഞങ്ങടെ വണ്ടി കണ്ടു അവിടുത്തെ പ്രായമായ വാച്ചർ വന്നു. ഞങ്ങൾ കാര്യം പറഞ്ഞു. അവസാനം അത് വഴിയേ പോയിക്കൊള്ളാൻ അയാൾ അനുവാദം തന്നു . പക്ഷെ താൻ പറഞ്ഞിട്ടാണ് അത് വഴി പോകുന്നതെന്ന് ആരോടും പറയരുതെന്നും പറഞ്ഞു. 
മാട്ടുപ്പെട്ടി ഡാമും , കുണ്ടല ഡാമും കടന്നു ഉച്ചയോടെ ടോപ്‌ സ്റ്റേഷൻ എത്തി. 

Munnar Top Station
Top Station View Point

വൊഡാഫോൺ തമിഴ്നാട്ടിലേക്ക് സ്വാഗതം എന്ന SMS കിട്ടിയപ്പോഴാണ് ഇപ്പൊ നിൽക്കുന്നത് കേരളത്തിലല്ല എന്ന് മനസ്സിലായത്. തമിഴ്നാട് തേനി ജില്ലയിലാണ് ടോപ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടു മുൻപ്  ടോപ് സ്റ്റേഷനിൽ നിന്ന് മൂന്നാറിലേക്ക് ഒരു റെയിൽവേ ലൈനും കോട്ടഗുഡി എന്ന തമിഴ് താഴ്വാര ഗ്രാമത്തിലേക്ക് ഒരു റോപ്പ് വേയും ഉണ്ടായിരുന്നു. മുന്നാറിലെ തേയില ടോപ് സ്റ്റേഷൻ വഴി തമിഴ് നാട്ടിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും അയച്ചിരുന്നതായി ചരിത്രം പറയുന്നു. 1924 -ലെ മഹാ പ്രളയത്തിൽ റെയിൽവേ ലൈനുകൾ എല്ലാം നാമാവശേഷമായെങ്കിലും, 1969 വരെ ഒരു ഇലക്ട്രിക്ക് റോപ്പ് വേ മൂന്നാർ മുതൽ ടോപ് സ്റ്റേഷൻ വരെ പ്രവർത്തിച്ചതായി അറിയുന്നു. സമുദ്ര നിരപ്പിൽ നിന്ന് ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുന്നാറിൽ പ്രളയം എന്നത് സങ്കൽപ്പിക്കാൻ കഴിയുന്നില്ല അല്ലെ ? മുല്ലപ്പെരിയാറിൽ ഡാമില്‍  വിള്ളൽ വീണതായിരുന്നു കാരണം എന്ന് പഴമക്കാർ പറയുന്നു. അന്നത്തെ വെള്ളപ്പാച്ചിലിൽ കരിന്തിരിമല ഒന്നാകെ ഒലിച്ചു പോയത്രേ. ഇന്നത്തെ അവസ്ഥയില്‍ മുല്ലപ്പെരിയാര്‍ എത്രത്തോളം സുരക്ഷിതമാണ് എന്നത് ഒന്നിരുത്തി ചിന്തിക്കേണ്ടതാണ്. ടോപ് സ്റ്റേഷനിലെ വ്യൂ പോയിന്റിൽ കയറി നിന്നാൽ സഹ്യന്റെ പനോരാമിക് വ്യൂ കൺ കുളിർക്കെ കാണാൻ കഴിയും. അങ്ങ് ദൂരെ നീലക്കുറിഞ്ഞി പൂക്കുന്ന കുന്നുകളും. 2018 -ലെ നീലക്കുറിഞ്ഞിക്കാലമെത്താൻ കാത്തിരിക്കുകയാണ് ഞാൻ. രാജമാണിക്യം പറഞ്ഞത് പോലെ "തള്ളെ ഒരു വരവും കൂടി വരണ്ടി  വരും". 

ടോപ് സ്റ്റേഷനിലെ ഗുരൂസ് ഹോട്ടലിൽ നിന്ന് ഊണും കഴിച്ചു ഇനി എവിടേക്ക് പോകും എന്നറിയാതെ വായും പൊളിച്ചിരിക്കുമ്പോഴാണ് അടുത്ത് സ്ട്രോബറി ഫാം ഉണ്ടെന്ന ബോർഡ് കണ്ടത്. എന്നാ പിന്നെ പോട്ടെ വണ്ടി അങ്ങോട്ട്. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അതാ കിടക്കുന്നു ഒരു ചെക്ക്പോസ്റ്. സ്ട്രോബറി തോട്ടം കാണാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ഇവിടെയെങ്ങും തോട്ടമില്ല എന്നാൽ കുറച്ചു ദൂരം പോയാൽ വട്ടവട എന്നൊരു വില്ലേജ് ഉണ്ട് എന്ന് അവിടെ ഇരുന്നവർ പറഞ്ഞു. എന്തായാലും ഇത്രേം ദൂരം വന്നതല്ലേ വില്ലേജെങ്കിൽ വില്ലേജ്, കണ്ടിട്ട് പോയേക്കാം . 

Pampadum Shola National Park
Driving through Pambadum Shola forest

ഇനിയുള്ള യാത്ര പാമ്പാടും ചോല ഫോറെസ്റ്റിനുള്ളിലൂടെയാണ്. വഴിയിലെങ്ങും വണ്ടി നിർത്തരുതെന്നും , ഫോട്ടോ എടുക്കരുതെന്നും നിർദ്ദേശം കിട്ടി. വണ്ടിയുടെ നമ്പറും കോൺടാക്ട് നമ്പറും ചെക്ക് പോസ്റ്റിൽ എഴുതി കൊടുത്തു.വീതി കുറഞ്ഞതാണ് റോഡ് അതുകൊണ്ടു തന്നെ വളവുകളിൽ ഹോൺ അടിക്കാതിരിക്കാൻ നിവർത്തിയില്ല . കാട്ടിൽ ഹോണടിക്കരുത് എന്നാണല്ലോ നിയമം. ഭാഗ്യമുണ്ടെങ്കില്‍ പോകുന്ന വഴിക്ക് കാട്ടു മൃഗങ്ങളെ കാണാന്‍ കഴിഞ്ഞേക്കും. ലോകത്ത് അപൂര്വ്വ മായി കാണപ്പെടുന്ന നീലഗിരി മാര്ട്ടിന്‍ വരെ ഈ കാടുകളില്‍ ഉണ്ട്. പക്ഷെ ഒരു മലയണ്ണാനെയല്ലാതെ വേറൊന്നും ഞങ്ങള്‍ കണ്ടില്ല. കുറെ ദൂരം ചെന്നപ്പോൾ നമ്മുടെ പഴയ സ്ട്രോബറി പരസ്യം വീണ്ടും കണ്ടു. കണ്ട ദിശയിലേക്കു വണ്ടി നിർത്തി. സത്യത്തിൽ ഇത് തന്നെയായിരുന്നു വട്ടവട വില്ലേജും. 

വണ്ടിയിൽ നിന്നും ഇറങ്ങിയതും സ്ട്രോബറി തോട്ടം കാണിച്ചു തരാം എന്ന് പറഞ്ഞു ഒരു പീക്കിരി പയ്യൻ വന്നു പിന്നാലെ കൂടി. ഞങ്ങൾ മൈൻഡ് ചെയ്യാതിരുന്നിട്ടും അവൻ മുന്നാലെ വഴികാട്ടിയെപ്പോലെ നടന്നു. എന്തായാലും കൂടെ പോന്നോട്ടെ വഴിയറിയാത്തതല്ലേ എന്ന് ഞങ്ങളും കരുതി. 

തോട്ടത്തിലേക്ക് 150 മീറ്ററെ ഉള്ളൂ എന്ന് പരസ്യത്തിൽ കണ്ടിരുന്നു .ഏതാണ്ട് രണ്ടു മീറ്ററോളം വീതിയുള്ള ചളി നിറഞ്ഞ വഴിയിലൂടെയാണ് നടത്തം. ഉറച്ച ചളിയിലൂടെ ഒരടിയോളം ആഴത്തിൽ വലിയ ചക്രങ്ങൾ കടന്നു പോയ പാടുകൾ. ഏതോ റിസോർട്ടുകാരുടെ ഓഫ് റോഡിങ് ട്രാക്കാണ് ഇതെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. നടന്നു നടന്നു അര കിലോമീറ്ററിലധികം പിന്നിട്ടു. ചുറ്റും പല തരത്തിലുള്ള ചെടികളും, പച്ചക്കറി തൈകളും കാണാനുണ്ടായിരുന്നു . എന്നാൽ സ്ട്രോബറി മാത്രം വന്നില്ല .  

ഈ ചെക്കനിതെങ്ങോട്ടാ നമ്മളെ കൊണ്ട് പോകുന്നെ ? , എല്ലാരും പരസ്പ്പരം ചോദിയ്ക്കാൻ തുടങ്ങി . 

കുറച്ചു ദൂരെ മല മുകളിൽ നിന്ന് എന്തൊക്കെയെ കൊട്ടും പാട്ടുമെല്ലാം കേൾക്കാമായിരുന്നു. പഴയ മലയാള  സിനിമകളില്‍ കാട്ടുവാസികളെ കാണിക്കുമ്പോള്‍ കേള്പ്പിക്കുന്ന ബാക്ക്ഗ്രൌണ്ട് സ്കോര്‍ പോലെ. ഇനിയിപ്പോ ഞങ്ങളെ ബലി കൊടുക്കാനോ മറ്റോ കൊണ്ട് പോകുകയാണോ ? , അതായിരിക്കില്ല ചിലപ്പോ വളഞ്ഞിട്ടു തല്ലാനായിരിക്കും. പടച്ചോനെ ഇങ്ങള് കാത്തോളീ . 

"മോനെ അതെന്താ മോളീന്ന് പാട്ടു കേക്കുന്നെ ?" ഞങ്ങളിലാരോ ചോദിച്ചു 

"അത് തീർന്നതാ " അവൻ മറുപടി പറഞ്ഞു . 

"തീർന്നതോ, എന്ത് ?" മുകളിലെ കുടിയിൽ ആരോ മരിച്ചതിന്റെ ചടങ്ങുകളാണ് നടക്കുന്നത്. അതാണ് മ്മടെ പയ്യൻ പറഞ്ഞത് . ഓ ഭാഗ്യം വെറുതെ തെറ്റിദ്ധരിച്ചു. 

"അല്ല , സ്ട്രോബറി തോട്ടം എത്താറായില്ലേ ?" എല്ലാരും ചെറുക്കനെ നോക്കുന്നു 

 ദേ യിപ്പോ ശരിയാക്കിത്തരാം എന്ന മട്ടിലാണ് അവൻ നടക്കുന്നത്.
കുറച്ചു ദൂരം നടന്നപ്പോൾ അവൻ തിരിച്ചു നടന്നു എന്നിട്ടു വേറൊരു ദിശയിൽ കൈ ചൂണ്ടി ദേ അവിടെ വേറൊരു തോട്ടമുണ്ട് അങ്ങോട്ട് പോകാം എന്ന് പറഞ്ഞു .

"ങേ .. ഇവനെന്താ ആളെ പറ്റിക്കുകയാണോ ? ദൈവമേ , ഇവിടം വരെ ഉള്ള പെട്രോളും കളഞ്ഞു വന്നിട്ട് ഒരു മാതിരി ശശി ആയോ  ?"

ഞങ്ങൾ തിരിച്ചു നടക്കുമ്പോൾ ദാ വരുന്നു രക്ഷകനെപ്പോലെ ഒരാൾ 

"നീയിവരെ എവിടെ കൊണ്ട് പോകുവാ, നിങ്ങള് വാ" അയാള് പറഞ്ഞു. 

Vattavada Munnar
Dheena - Our guide at Vattavada village


ഞങ്ങൾ പോയ തോട്ടത്തിന്റെ ഓണറെ കാണാഞ്ഞിട്ടാണ് ചെറുക്കൻ വഴി മാറ്റി പിടിച്ചത് . അത് പിന്നീടാണ് ഞങ്ങൾക്ക് മനസ്സിലായത്. ദീന എന്നാണ് നമ്മുടെ ഈ കഥാ നായകൻറെ പേര്. ആറാം ക്‌ളാസിൽ പഠിക്കുന്നു . സ്‌കൂൾ ഇല്ലാത്ത ദിവസം ഇവിടുത്തെ തോട്ടങ്ങളിലെ ഏജന്റുമാരായി ദീനയും അവന്റെ കൂട്ടുകാരും മാറും. അതിനവർക്ക് ചെറിയ തുക പോക്കറ്റ് മണിയായും  കിട്ടും.  ഞങ്ങൾ ഒരു ചെറിയ വീടിന്റെ മുന്നിൽ എത്തി . വീടിനു ചുറ്റും കാബേചും, ബീൻസും ചെറിയ പൂച്ചെടികളും പടർന്നു നിൽക്കുന്നു. 

"സ്ട്രോബറി ഇവിടെ  " ഞാൻ ചോദിച്ചു  മുന്തിരി തോട്ടം പോലൊരു സെറ്റപ് ആണ് ഉദ്ദേശിച്ചത് .

"ദേ അവിടെ" - അനീഷേട്ടൻ വീടിന്റെ മുന്നിലേക്ക് വിരൽ ചൂണ്ടി . ഈ തോട്ടത്തിന്റെ ഓണറാണ് പുള്ളി . അച്ഛനും അമ്മയും ഒത്തു ഇവിടെ താമസിക്കുന്നു . തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് വട്ടവടയിലേക്ക് കുടിയേറി പാർത്തവരാണിവർ. SSLC കഴിഞ്ഞു VHSE അഗ്രികൾച്ചർ പകുതിയിൽ ഉപേക്ഷിച്ചു പോന്നതാണ് അനീഷേട്ടൻ. മൂന്നു മക്കളായിരുന്നു അവർ. ആദ്യത്തെ രണ്ടു പേരും ചില ജീവിത പ്രശ്നങ്ങളാൽ ആത്മഹത്യ ചെയ്തു. വിദ്യാ സമ്പന്നരായിരുന്നു രണ്ടു പേരും. ഒരാൾ സിവിൽ എൻജിനീയറും , മറ്റെയാൾ ആയുർവേദ ഡോക്ടറും. പക്ഷെ ജീവിതം അങ്ങനെയാണ്. ആക്ഷൻ ചിത്രങ്ങൾ പോലെ ചില ട്വിസ്റ്റുകൾ അത് പലയിടത്തായി ഒളിപ്പിച്ചു വെക്കുന്നു. ☹☹

"അപ്പൊ ഇതാണ് സ്ട്രോബറി ചെടി "

Vattavada Munnar
Strawberry farm
ഏതാണ്ട് ഒന്നൊന്നരയടി നീളമേ അതിനുള്ളൂ. ചെടിയുടെ മുകളിൽ ഉണ്ടാകുന്ന സ്ട്രോബറി പഴങ്ങൾ മണ്ണിലേക്ക് ചാഞ്ഞു നിക്കുന്നു. ഒരു മാസ്സ് എൻട്രി പ്രതീക്ഷിച്ച എനിക്ക് സ്ട്രോബറി ചെടിയുടെ സൈഡ് എൻട്രിയിൽ തൃപ്തനാകേണ്ടി വന്നു. 400 രൂപയ്ക്കാണ് ഇവർ ഇത് വിൽക്കുന്നത്. ഇതോടൊപ്പം തന്നെ സ്ട്രോബറി ജാമും , സ്ട്രോബറി വൈനും ഇവിടെ വാങ്ങാൻ കിട്ടും. സാധാരണയായി സ്ട്രോബറി മൂന്നു നാലു മാസത്തിൽ പഴുത്തു റെഡിയാകും . സ്ട്രോബറിയിൽ പഴവും , ശർക്കരയും , നാരങ്ങാ നീരും ചേർത്താണ് ജാമുണ്ടാക്കുന്നതു. ഏകദേശം 5 മണിക്കൂർ എടുക്കുന്ന പ്രോസസ്സ് ആണിത് . നമ്മുടെ നാട്ടിൽ ഹൽവായൊക്കെ ഉണ്ടാക്കുന്നത് പോലെ. ഞങ്ങൾ ഒരു കിലോ സ്ട്രോബറിയും , മൂന്നാലു കുപ്പി ജാമും വാങ്ങിച്ചു. ഇവിടെ വില പേശാൻ നിന്നില്ല. ഷോപ്പിംഗ്‌ മാളില്‍ MRP കൊടുത്തു സാധനം വാങ്ങിക്കുന്നവര്‍ റോഡ്‌ സൈഡിലെ ഉന്തുവണ്ടി കച്ചവടക്കാരുടെ കൈയില്‍ നിന്നു പച്ചക്കറി വാങ്ങിക്കുമ്പോള്‍ രണ്ടു രൂപയ്ക്കു പോലും  വില പേശുന്നത് നമ്മളെത്ര കണ്ടിരിക്കുന്നു. ജീവിക്കാൻ വേണ്ടി കച്ചവടം ചെയ്യുന്നവരോട് ഞാൻ ഒരിക്കലും വില പേശിയിട്ടില്ല.

കൂടെ കുറച്ചു സ്ട്രോബറി തൈകളും വാങ്ങിച്ചു. നമ്മുടെ നാട്ടിലും സ്ട്രോബറി ചെടി വളരുമത്രെ. എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കുക തന്നെ. ശരിയായിരിക്കാം വട്ടവട്ടയിലെ കാലാവസ്ഥ മൂന്നാറിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ നാട്ടിലേതു പോലെ തന്നെ ചൂടുണ്ട്. കുന്നിലെ മരം വെട്ടൽ കാരണം കാലാവസ്ഥ ഒരുപാട് മാറി എന്ന് അനീഷേട്ടന്‍ പറഞ്ഞു.  കാടിന് നടുവിൽ ആണെങ്കിലും വട്ടവടയിൽ ഇതുവരെ പന്നി ഒഴികെ മറ്റു കാട്ടു മൃഗങ്ങൾ ഒന്നും ഇറങ്ങിയിട്ടില്ല. മിക്കവാറും എല്ലാ ദിവസവും പന്നി തോട്ടത്തിൽ കടക്കും. ഇതിനെ ഓടിക്കാനായി എല്ലാ വീട്ടിലും രണ്ടും മൂന്നും പട്ടികളെ വരെ വളർത്തുന്നുണ്ട്. ഒരു മണിക്കൂറോളമേ അവിടെ ചിലവഴിച്ചുള്ളൂ എങ്കിലും വട്ടവടയിൽ നിന്ന് തിരിച്ചു പോരാൻ തോന്നുന്നില്ല. അത്രയ്ക്ക് മഹോഹരമാണ് ഇവിടം. രണ്ടു കുന്നുകൾക്കിടയിലാണ് ശരിക്കും വട്ടവടയുടെ സ്ഥാനം. കുന്നുകളിലേക്കു കയറിപ്പോകുന്ന രീതിയിൽ തട്ട് തട്ടുകളായാണ് കൃഷി സ്ഥലങ്ങൾ. ഏകദേശം വിയറ്റ്നാമിലെ പ്രശസ്തമായ  റൈസ് ടെറസ്സുകളെ പോലെയിരിക്കും. ഈ സ്ഥലം സന്ദർശിക്കാത്ത പോയിരുന്നെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ ആയേനെ. ദീനക്കും അവന്റെ കുട്ടി സംഘത്തിനും കൈയിൽ കരുതിയ ചോക്കലേറ്റ് പാക്കറ്റുകൾ എടുത്തു കൊടുത്തു ഞങ്ങൾ വട്ടവടയോട് യാത്ര പറഞ്ഞു. ഇനി യാത്ര, തിരിച്ചു മൂന്നാർ ടൗണിലേക്ക്. അത് വഴി തിരുവനന്തപുരത്തേക്കും.  തിരിച്ച് ബസ്സ് കേറും മുൻപ് മൂന്നാറിൻ  മണമുള്ള ഒരു പാക്കറ്റ് തേയിലപ്പൊടി വാങ്ങി ബാഗിലിട്ടു. കൂടെ കൃപലേഷും കൂട്ടുകാരും സ്നേഹത്തോടെ നിർബന്ധിച്ചു കവറിലിട്ടു തന്ന നല്ല ചുവന്നു തുടുത്ത സ്ട്രോബറി പഴങ്ങളും. ആ സ്നേഹത്തിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് പിറ്റേന്ന് രാവിലെയാണ് ഞാൻ മനസ്സിലാക്കിയത്.

Vattavada Munnar
Vattavada village


**********

തിങ്കളാഴ്ച രാവിലെ സമയം 7 മണി , കഴക്കൂട്ടത്ത്  ബസ്സിറങ്ങി ഞാൻ റൂമിലേക്ക് നടന്നു.ബാഗിൽ നിന്ന് ജീൻസും , ടീ  ഷർട്ടും എടുത്തു പുറത്തേക്കു വച്ചപ്പോൾ കണ്ട കാഴ്ച , എന്നെ ഒരു നിമിഷം ഞെട്ടിച്ചു. കഴിഞ്ഞ ആഴ്ച വാങ്ങിച്ച എന്റെ പുതിയ ടീ ഷർട്ടിൽ നിറയെ രക്തക്കറ. കട്ടച്ചോരയുടെ ചെഞ്ചുവപ്പ്.  ഇതെങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ഇന്നലെ  കിട്ടിയ  സ്നേഹത്തിന്റെ ബാക്കി പത്രം 

"എന്നാലും എന്റെ സ്ട്രോബറീ  ..എന്നോട് നീ ഈ ചതി ചെയ്തല്ലോ .!!"


തല്ക്കാലം ഇവിടെ നിര്ത്തുന്നു. പോയിട്ട് കുറച്ചു പണിയുണ്ട്. ഇന്നലെ മുതൽ സർഫ് എക്സൽ ഇട്ടു ഉരച്ചോണ്ടിരിക്കുവാ. ടീ ഷർട്ടിലെ സ്ട്രോബറി കറ ഇന്നെങ്കിലും പോയിക്കിട്ടിയാൽ മതിയായിരുന്നു. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും , പുതിയതൊരെണ്ണം വാങ്ങിക്കാൻ.


Wednesday, May 10, 2017

ആനയെക്കാണാൻ



Route Map"എടാ ശങ്കൂ എണീക്കെടാ , മണി ആറുകഴിഞ്ഞു..!! എത്ര നേരായി വിളിക്കുന്നു". അതി രാവിലെ യാത്ര പോകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കൂട്ടത്തില്‍ വരുന്ന ഒട്ടുമിക്കവന്മ്മാര്‍ക്കും ഉണ്ടാവാറുള്ള സ്ഥിരം അസുഖമാണിത്. രാവിലെ ആറു മണിക്ക് തന്നെ വീട്ടില്‍ നിന്നെറങ്ങണം എന്നു പ്ലാന്‍ ചെയ്തിട്ടാണ് രാത്രി എല്ലാരും ഒറങ്ങാന്‍ കെടന്നത്. ഇപ്പൊ സമയം ആറു കഴിഞ്ഞിരിക്കുന്നു. ശങ്കു എന്നു ഞങ്ങള്‍ വിളിക്കുന്ന സുജിത്ത് ഇത് വരെ എണീറ്റില്ല, ഞാനും രെജുല്‍ ബ്രോയും എപ്പഴേ റെഡിയായി നില്‍ക്കുകയാണ്. അവസാനം ശങ്കുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു പല്ല് തേപ്പിച്ചു കുട്ടപ്പനാക്കി വരുമ്പോഴേക്കും ക്ലോക്കില്‍ സമയം ഏഴു കഴിഞ്ഞിരിക്കുന്നു. അപ്പോ പറഞ്ഞു വരുന്നത്, കുറച്ചു നാള്‍ മുന്‍പ് കോട്ടൂര്‍ ആന സാങ്കേതത്തിലേക്ക് ഞങ്ങള്‍ നടത്തിയൊരു ചിന്ന യാത്രയെ കുറിച്ചാണ്. തിരുവനന്തപുരം ജില്ലയില്‍ അഗസ്ത്യകൂടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര വന പ്രദേശമാണ് കോട്ടൂര്‍. ഇവിടെ കാപ്പുകാട് എന്ന സ്ഥലത്താണ് ഞാന്‍ മേല്‍പ്പറഞ്ഞ ആന വളര്‍ത്തു കേന്ദ്രം ഉള്ളത്. തിരുവനന്തപുരം നഗരത്തില്‍ നിന്നു ഏകദേശം 35 കിലോമീറ്റര്‍ ദൂരം ഉണ്ട്. ഇടക്കിടെയുള്ള വീക്ക്‌എന്ഡ് ട്രിപ്പില്‍ ഇത്തവണ പോകാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലം കോട്ടൂര്‍ ആയിരുന്നു.

Kottur
ഇവിടെ ആനകളെ കാണുന്നതോടൊപ്പം തന്നെ, രാവിലെ ആനകളെ കുളിപ്പിക്കുമ്പോള്‍ കൂടെ കൂടുകയും ചെയ്യാം. ആനപ്പുറത്ത് കയറാം. പുഴ വെള്ളത്തില്‍ ആനകളോട് കൂട്ട് കൂടാം. അതാണ്‌ രാവിലെ നേരത്തെ തന്നെ വീട്ടില്‍ നിന്നിറങ്ങാന്‍ പ്ലാന്‍ ചെയ്തത്. പക്ഷെ അത് മിക്കവാറും ശങ്കുവിന്റെ ആനയുറക്കം കാരണം നടക്കാതെ പോകുമെന്ന് തോന്നുന്നു.
 

    അങ്ങനെ എല്ലാം കഴിഞ്ഞു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ സമയം 7:30 കഴിഞ്ഞിരുന്നു. ഗൂഗിള്‍ മാമന്‍ പറഞ്ഞ പ്രകാരം കഴക്കൂട്ടത്ത് നിന്ന് പോത്തന്‍കോട് വഴി നെടുമങ്ങാട് പിടിക്കണം. അത് കഴിഞ്ഞു കാട്ടാക്കട റോഡ്‌. ബാക്കി റൂട്ട് അവിടെ എത്തിയിട്ട് നോക്കാം. ശങ്കുവും രെജുലും ഒരു ബൈക്കിലും ഞാന്‍ എന്റെ സന്തത സഹചാരിയായ സ്കൂട്ടറിലും വച്ചു പിടിച്ചു. നേരത്തെ എഴുന്നേറ്റത് കൊണ്ടും രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ടും, അധികം വൈകാതെ തന്നെ വിശപ്പിന്‍റെ വിളി തുടങ്ങി. വെമ്പായം ജംക്ഷനിലെ ഇലവുങ്കല്‍ ഹോട്ടെലില്‍ കയറി നല്ല ചൂടു പൂരിയും, കിഴങ്ങ് കറിയും കഴിച്ചു. തനി നാട്ടുമ്പുറത്തെ ഭക്ഷണം. കുറെയേറെ ദിവസങ്ങള്‍ക്കു ശേഷം രുചിയുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിന്റെ സംതൃപ്തിയില്‍ മനസ്സു നിറഞ്ഞു.

    വെമ്പായത്തു നിന്നു നേരെ നെടുമങ്ങാട്‌ എത്തി. അവിടുന്ന് കാട്ടാക്കട റോഡിലേക്ക് തിരിഞ്ഞു. ഈ റൂട്ട് ഒരു 10-15 കിലോമീറ്റര്‍ വന്നാല്‍ ചെന്നെത്തുന്നത് കോട്ടൂര്‍-കുറ്റിച്ചാല്‍ റോഡിലെക്കാണ്. ഒരു അഞ്ചു കിലോമീറ്റര്‍ കൂടി വന്നാല്‍ കോട്ടൂര്‍ ജങ്ക്ഷന്‍ എത്തും. ഇവിടെ നിന്നും ആരോടു ചോദിച്ചാലും കപ്പുകാടെക്കുള്ള വഴി പറഞ്ഞു തരും. ചോയ്ച്ചുചോയ്ച്ചോണ്ട് പോയാ മതി. ഇവിടെ നിന്നുള്ള റോഡ്‌ പക്ഷെ ഒരല്‍പം മോശമാണ്. ഭാഗ്യം രണ്ടു കിലോമീറ്റര്‍ പോയപ്പോഴേക്കും കേരള ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബോര്‍ഡ്‌ കണ്ടു.

Kottur
സമയം പത്ത് ആകാറായി. വണ്ടി പാര്‍ക്ക് ചെയ്തു. 20 രൂപയെ എന്ട്രന്‍സ് ഫീ ഉള്ളൂ. ഇനിയിപ്പോ ആന സവാരി വേണമെങ്കില്‍ 200 രൂപ കൂടി കൊടുക്കണം. മുന്‍പ് പല തവണ ആനപ്പുറത്ത് കയറിയിട്ടുള്ളതിനാല്‍ ഇത്തവണ അത് വേണ്ടെന്നു വച്ചു.  

    അങ്ങനെ ടിക്കറ്റുമെടുത്തു കരി വീരന്മാര്‍ക്കിടയിലേക്ക് വലതു കാല്‍ വച്ചു കയറി. എന്ട്രന്സില്‍ തന്നെ ചുക്ക് മുതല്‍ കാട്ടു തേന്‍ വരെയുള്ള സാധനങ്ങള്‍ വില്കുന്ന ഒരു സുവനീര്‍ ഷോപ്പ് ഉണ്ട്. അത് കഴിഞ്ഞാല്‍ ഫോറെസ്റ്റ് കോട്ടേജുകള്‍ ആണ്. ഒരു ദിവസം വന്നു ഇവിടെ താമസിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടിയിട്ടുള്ളത്. 4 പേര്‍ക്ക് വരെ താമസിക്കാന്‍ സൗകര്യം ഉള്ളതാണ് ഓരോ കോട്ടെജും. AC റൂമുകള്‍ക്ക് Rs.2000, Non-AC ആണെങ്കില്‍ 1000 എന്ന നിരക്കിലാണ് ചാര്‍ജ്. എന്തായാലും അടുത്ത തവണ ഇവിടെ താമസിച്ചിട്ട് തന്നെ കാര്യം എന്നു ചിന്തിച്ചു മുന്നോട്ടു നടന്നു. ഒന്ന് രണ്ടടി മുന്നോട്ടു വച്ചപ്പോഴേക്കും കാടു നടുങ്ങുന്ന രീതിയിലുള്ള അലര്‍ച്ച കേട്ട് തുടങ്ങി. കുറച്ചുകൂടി മുന്നോട്ടു പോയപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് വശം മനസ്സിലായത്‌. എകദേശം ഒരു വയസ്സില്‍ താഴെയുള്ള രണ്ടു കുഞ്ഞിക്കൊമ്പന്മ്മാരെ ഒരു വലിയ തൂണില്‍ തളച്ചിട്ടിരിക്കുന്നു. കുറുമ്പന്‍മ്മാരായ ഈ കറുമ്പന്‍മ്മാരുടെ കുഞ്ഞി വായില്‍ നിന്നാണ് ഇത്രേം വലിയ അലര്‍ച്ച. അടുത്ത കൂട്ടില്‍ കിടന്ന വേറൊരു കറുമ്പനെ ഭക്ഷണം കൊടുക്കാന്‍ കൂട്ടില്‍ നിന്നു ഇറക്കി കൊണ്ടു പോകുന്നുണ്ട്. അത് കണ്ടിട്ടാണ് ഇവന്മ്മാര്‍ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നതെന്ന് തോന്നുന്നു. പാവങ്ങള്‍ വിശക്കുന്നുണ്ടാകാം. വലതു വശത്ത് ഒരു വലിയ ബോര്‍ഡില്‍ അന്തേവാസികളായ ആനകളുടെ പേരും വയസ്സുമൊക്കെ എഴുതി വച്ചിരിക്കുന്നു. രാജ, റാണ, പൊടിച്ചി, മിന്ന, ഉണ്ണികൃഷ്ണന്‍ എന്നൊക്കെയാണ് പേരുകള്‍. ഇതൊക്കെ ആരിട്ടതാണോ ആവോ? ആനകള്‍ക്കിടയിലും ഉണ്ടാകുമോ ശശി, സോമന്‍ എന്നീ പേരുകാര്‍.

Kottur
എന്തായാലും സ്വന്തം പേരു ഇഷ്ടപെട്ടില്ലെങ്കില്‍ ഗസറ്റില്‍ പബ്ലിഷ് ചെയ്തു മാറ്റാനൊന്നും ആനകള്‍ക്ക് പറ്റില്ലല്ലോ. ഇവരുടെ സങ്കടം ആരറിയാന്‍ . എന്താല്ലേ ? കാര്യമെന്തൊക്കെയായാലും 4 മാസം പ്രായമുള്ള അര്‍ജുന്‍ മുതല്‍ 70 വയസ്സുള്ള മോനി വരെ ഇവിടെ സസുഖം വാഴുന്നു. മൂന്നു നേരം  കുശാലായ ഭക്ഷണം, രാവിലെ വിസ്തരിച്ചുള്ള കുളി, പിന്നെ അത്യാവശ്യം കസര്‍ത്തുകളും. ജീവിതം ഒരു രാജാവിനെ പോലെ അടിച്ചു പൊളിക്കുകയാണിവര്‍. കാട്ടില്‍ നിന്നു നാട്ടിലെത്തി ഒറ്റപ്പെട്ടു പോയവരും, പരിക്കേറ്റവരും, ചെറിയ അനുസരണക്കേടുള്ള ഒറ്റയാന്മാരുമാണ് ഇവിടുത്തെ താമസക്കാര്‍. ഇവരെ കുറച്ചു കാലം ഇവിടെ താമസിപ്പിച്ചു പരിശീലനം കൊടുത്ത് കാട്ടിലേക്ക് വിടുകയാണ് പതിവ്.


    അയ്യോ !! സമയം പോയതറിഞ്ഞില്ല ആനക്കുളി കാണാനാണ് ഇത്രേം നേരത്തെ വീട്ടീന്നെറങ്ങിയത്. സമയം പത്തായി ഇനിയിപ്പോ അത് കഴിഞ്ഞു കാണുമോ?. മുന്നോട്ടുള്ള നടത്തത്തില്‍ ‘Elephant Bath’ എന്ന ബോര്‍ഡ് കണ്ടു. അത് ഇടതു വശത്തുള്ള വലിയ ജലാശയത്തിലേക്കാണ് വഴി കാട്ടുന്നത്. നെയ്യാര്‍ ഡാമിന്റെ റിസര്‍വോയര്‍ ആണിത്. ഇവിടെ അനക്കുളി പോയിട്ട് ആന കിടന്ന പൂട പോലുമില്ല. കഷ്ടം എത്താന്‍ കുറച്ചു താമസിച്ചു പോയി. നമ്മളെ പോലെ ആസനത്തില്‍ വെയിലടിക്കുന്നത് വരെ കെടന്നുറങ്ങി, നട്ടുച്ചക്ക് കാക്കക്കുളി നടത്തുന്നവരല്ല ആനകള്‍ എന്നു മനസ്സിലായി. ശങ്കൂ നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ. അവന്‍റെ രാവിലത്തെ ഉറക്കമാണ് എല്ലാം താളം തെറ്റിച്ചത്. ഇനിയിപ്പോ എന്തു ചെയ്യും കുളിയും കഴിഞ്ഞു തിരിച്ചു പോകുന്ന ആനകളുടെ കുറച്ചു ഫോട്ടോ എടുത്തു സ്ഥലം വിടാം. ഞങ്ങളെപ്പോലെ തന്നെ  ആനക്കുളി മിസ്സ്‌ ചെയ്ത കുറച്ചു സായിപ്പന്മാരും , മദാമ്മമാരും അവിടെയുള്ള  ചെറിയ വ്യൂ പോയിന്‍റില്‍ നില്‍ക്കുന്നുണ്ട്. സായിപ്പന്മാരെയും, ആനയെയും ഒറ്റ ഫ്രേമില്‍ കിട്ടിയപ്പോ അതൊരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് മൂവി പോലെ തോന്നിയോ എന്നൊരു സംശയം നോമിനു വരാതിരുന്നില്ല.

Kottur
ഭാഗ്യം, ദെ വൈകി എണീറ്റ ഒരുത്തനെ പാപ്പന്മ്മാര്‍ കുളിപ്പിക്കാന്‍ കൊണ്ടു പോകുന്നു. പിന്നാലെ പോയി. അങ്ങനെ പേരിനു ഒരു ആനക്കുളി കണ്ടു. കുറച്ചു ഫോട്ടോസും എടുത്തു.


    കുറച്ചു മുന്‍പില്‍ നോക്കിയപ്പോള്‍ കുറേ ലൈഫ് ജാക്കറ്റുകള്‍ ഒരു കയറില്‍ തൂക്കിയിട്ടിരുന്നത് കണ്ടു. ബാംബൂ റാഫ്ടിങ്ങിനു വേണ്ടി വച്ചിരിക്കുകയാണ്. മുള കൊണ്ടുള്ള ചങ്ങാടത്തില്‍ റിസര്‍വോയറില്‍ കൂടിയുള്ള ഒരു ചെറിയ യാത്ര. അയിനാണ്. എന്നാല്‍ പിന്നെ അതും കൂടി ആയിക്കോട്ടെ. ഒട്ടും അമാന്തിക്കാതെ ടിക്കറ്റ് എടുത്തു. രണ്ടു ചങ്ങാടങ്ങള്‍ ഉണ്ടിവിടെ. ഓരോന്നിലും അഞ്ചെട്ടു പേര്‍ക്ക് കയറാം. അങ്ങനെ ഞങ്ങള്‍ മൂന്നു പേരും റാഫ്ടിങ്ങിനു റെഡിയായി ആദ്യത്തെ ചങ്ങാടത്തില്‍ കയറി. രണ്ടാമത്തെ ചങ്ങാടത്തില്‍ മറ്റൊരു ഗ്രൂപ്പും. മുള കൊണ്ടു തന്നെയുള്ളതാണ് തുഴയാനുള്ള പങ്കായവും. 15-20 മിനുട്ടോളം വെള്ളത്തില്‍ യാത്ര ചെയ്യാം. ഇത്തവണ മഴ കുറവായതിനാല്‍ ഡാമില്‍ വെള്ളം നന്നേ കുറവാണെന്ന് പങ്കായം പിടിച്ച ചേട്ടന്‍ പറഞ്ഞു. ശരിയാണ്, മുന്‍പെങ്ങോ മുട്ടറ്റം  വരെ കയറിയ വെളളത്തിന്റെ പാടുകള്‍ റിസര്‍വോയറിനു ചുറ്റുമുള്ള പല മരങ്ങളിലും കാണാമായിരുന്നു. ഇപ്പൊ അതില്‍ നിന്നും കുറഞ്ഞത്‌ പത്തടിയോളം താഴ്ചയിലാണ് ഇപ്പോള്‍ വെള്ളമുള്ളത്. ചുറ്റുമുള്ള കാടുകളില്‍ വന്യ ജീവികള്‍ ഉണ്ടെന്നും, ഇടയ്ക്കിടെ അവ വെള്ളം കുടിക്കാന്‍ റിസര്‍വോയറില്‍ വരാറുണ്ടെന്നും ചങ്ങാടം തുഴയുന്ന ചേട്ടന്‍ പറഞ്ഞു. ദൈവമേ, ഇനിയിപ്പോ വെള്ളത്തിലൂടെ പോകുന്ന ഞങ്ങളെ നോക്കി ആരെങ്കിലും കാട്ടില്‍ പതുങ്ങി ഇരിക്കുന്നുണ്ടാകുമോ. വെള്ളത്തിനോടോപ്പം ഫ്രീ മീല്‍സും കൂടെ കിട്ടിയാല്‍ ആരാണ് വെറുതെ ഇരിക്കുക.
Kottur
എന്തായാലും ഇടക്കിടെ കാട്ടിലേക്ക് നോട്ടമെറിഞ്ഞു കൊണ്ടാണ് പിന്നീടുള്ള യാത്ര തുടര്‍ന്നത്. അധികം താമസിച്ചില്ല അതാ ദൂരെ എന്തോ ഒരു ഇലയനക്കം. കാട്ടു കുറുക്കനാണ്. കൊള്ളാലോ, കുറുക്കന് നീന്താനൊക്കെ അറിയുമായിരിക്കും അല്ലെ ?. അതെങ്ങാനും വെള്ളത്തില്‍ ചാടി ഞങ്ങളെ ഉപദ്രവിക്കാന്‍ വരുമോ. ഏയ്‌ ഉണ്ടാവില്ല, കുറുക്കന്‍ കോഴികളെ അല്ലെ തിന്നുന്നത്. പക്ഷെ എന്റെ കൂടെ രണ്ടു കോഴികള്‍ ഉണ്ടല്ലോ.(സത്യമായിട്ടും ശങ്കുവിനെയും , രെജുല്‍ ബ്രോയെയും ഉദ്ദേശിച്ചല്ല) ഇങ്ങനെ പല ചിന്തകളും മനസ്സിലൂടെ കടന്നു പോയി. എല്ലാരും സൌണ്ട് ഒന്നും ഉണ്ടാക്കാതെ നോക്കിയിരിക്കുകയാണ്. ചങ്ങാടം മുന്നോട്ടു പോകും തോറും കുറുക്കന്‍ കൂടുതല്‍ അടുത്ത് കാണപ്പെട്ടു. അയ്യേ ..ഇതിനെയാണോ...ഛെ.. ചുമ്മാ പേടിപ്പിച്ചു. പാവം ഏതോ ഒരു ചാവാലി പട്ടി വെയില് കൊള്ളാന്‍ ഇരിക്കുകയാണ്. അതിനെയാണ് ദൂരേന്നു കണ്ടപ്പോള്‍ കുറുക്കനെന്നു തെറ്റിധരിച്ചത്. സമയം നട്ടുച്ചയോടടുക്കുന്നു എന്ന കാര്യം അപ്പോഴാണ്‌ ശ്രദ്ധിച്ചത്. വേറൊന്നുമല്ല നല്ല കട്ട വെയില്. മേലാകെ പൊള്ളുന്നത് പോലെ. ചങ്ങാടത്തിനു മേല്‍ക്കൂരയില്ല, അത് കൊണ്ടു തന്നെ കത്തുന്ന സൂര്യനില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല. എന്തോ ഭാഗ്യത്തിന് ബാഗില്‍ എന്റെ കുട ഇരിപ്പുണ്ടായിരുന്നു. രണ്ടു ദിവസം മുന്‍പേ മഴ പെയ്തപ്പോള്‍ എടുത്തിട്ടതാണ്. അതിപ്പോ എങ്ങനെ ഉപകാരപ്പെടുമെന്ന് വിചാരിച്ചില്ല. രെജുല്‍ ബ്രോ കയിലുള്ള എക്സ്ട്രാ ഷര്‍ട്ട് എടുത്തു തല മൂടി. ചങ്ങാടം തുഴയുന്ന ചേട്ടനെ സമ്മതിക്കണം.
Kottur
പുള്ളി രാവിലെ മുതല്‍ വൈകുന്നേരം വരെ ഇതേ പണി ചെയ്യുന്നു. ഒരു കുട പോലും ചൂടാതെ. ഇദ്ദേഹത്തെ പോലെ നാട്ടുകാരായ പത്തു ഇരുപതോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടത്രേ. പാവം രണ്ടാമത്തെ ചങ്ങാടത്തില്‍ പോയ ഘടികള്‍ വെയിലു കൊണ്ടു കഷ്ടപ്പെടുകയാണ്. ഇതിനിടക്ക് അവരുടെ ഒരു തുഴ വെള്ളത്തില്‍ വീണു പോയി. ഇനിയിപ്പോ ഞങ്ങളെ കരക്കെത്തിച്ചിട്ടു വേണം അവര്‍ക്കൊരു പുതിയ തുഴ എത്തിച്ചു കൊടുക്കാന്‍. കുറച്ചു നേരം കൂടി വെള്ളത്തില്‍ ചുറ്റി കറങ്ങി ഞങ്ങള്‍ കരയിലെത്തി. ലൈഫ് ജാക്കറ്റ് ഒക്കെ ഊരി അയലിലിട്ടു. ചങ്ങാടത്തിന്റെ സാരഥിക്ക് ഒരു താങ്ക്സ് പറയാന്‍ വേണ്ടി നോക്കുമോഴേക്കും, ചേട്ടന്‍ പുതിയ തുഴയുമായി തുഴ പോയ ചങ്ങാതിയെ ലക്ഷ്യം വച്ചു പോയിരുന്നു


    സമയം ഉച്ചയായി. വിശപ്പ് ഡോറില്‍ മുട്ടാന്‍ റെഡിയായി നില്‍ക്കുന്നു. അടുത്തെങ്ങും ഊണ് കിട്ടുന്ന കടകള്‍ ഒന്നുമില്ല. ആകെയുള്ളത് ‘ഓര്‍ക്കിഡ്’ എന്നു പേരുള്ള ചെറിയ ഒരു കഫെ ആണ്. ഗ്രൌണ്ട് ലെവലില്‍ നിന്നും ഒന്ന് രണ്ടു മീറ്റര്‍ ഉയരത്തില്‍ മുളം കാലുകള്‍ നാട്ടി, അതിന്റെ മുകളില്‍ ആണ് ഈ കഫെ സെറ്റപ്പ് ചെയ്തിരിക്കുന്നത്. ഇവിടുത്തെ ചുമരും വാതിലും എന്തിനേറെ പറയുന്നു ഇരിക്കുന്ന കസേര വരെ മുള കൊണ്ടു ഉള്ളതാണ്. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു എക്കോ -ഫ്രെണ്ടിലി കട.
Orchid Cafe, Kottur
നേരെ കയറി ലാവിഷ് ആയിട്ട് മൂന്നു കോഫി ഓര്‍ഡര്‍ ചെയ്തു. കടയുടെ ഉള്‍വശം മൊത്തം പെയിന്റ് അടിച്ചു കളര്‍ഫുള്‍ ആക്കിയിരിക്കുന്നു. ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലം എന്നു മനസ്സില്‍ വിചാരിക്കുമ്പോഴേക്കും ചില ആളുകള്‍ പോസ് ചെയ്തു തുടങ്ങിയിരുന്നു. എന്റെ തല , എന്റെ ഫുള്‍ ഫിഗര്‍ എന്നു പറഞ്ഞത് പോലെ. (അങ്ങനെ എടുത്ത ഫോട്ടോ മാട്രിമോണി സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തു കല്യാണം കഴിച്ചു പോയ ആളുകള്‍ നമ്മുടെ കൂടെ ഉണ്ടേ. രെജുല്‍ ബ്രോ നിങ്ങളെ ഉദ്ദേശിച്ചല്ല കേട്ടോ ;) ). ക്ലോസപ്പ്, സോളോ, ഗ്രൂപ്പ്‌, മാക്രോ എല്ലാ വിദ്യയും പരീക്ഷിച്ചു. കാഷ് കൌണ്ടറില്‍ ഇരിക്കുന്ന ചേച്ചി ഇടക്കിടെ ഞങ്ങളുടെ സാഹസങ്ങള്‍ ഒളി കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. മൂന്ന് കോഫിയും വാങ്ങിച്ചു മൂന്നു മണിക്കൂര്‍ ഇരിക്കാന്‍ ഇത് നിങ്ങളുടെ തറവാട്ടു സ്വത്തല്ല എന്നു ചേച്ചിയെ കൊണ്ടു എന്തിനാ വെറുതെ പറയിപ്പിക്കുന്നത്. ഇനിയും അവിടെ നിന്നാല്‍ ഒരു പക്ഷെ അവരതു പറഞ്ഞേക്കാം. സോ, പെട്ടന്ന് കാശു കൊടുത്തു പടിയിറങ്ങി.




         കൊള്ളാം എന്തായാലും ഇന്നത്തെ ദിവസം വെറുതെയായില്ല. കഴക്കൂട്ടത്തെ ചൂടില്‍ നിന്നും, ട്രാഫിക്കില്‍ നിന്നും, വിരസമായ ജോലിത്തിരക്കില്‍ നിന്നും മാറി ഒരു ദിവസം. എത്രയൊക്കെ സമ്പാദിച്ചാലും, എവിടെയൊക്കെ എത്തിയാലും ഇത്തരത്തിലുള്ള ഏതാനും മണിക്കൂറുകള്‍, അത് വില മതിക്കാനാവാത്തതാണ്. പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള പല അനുഭവങ്ങളും ഒരു ബോണസ് പോയിന്‍റായി അത് നമ്മളിലെക്കെത്തിക്കുന്നു. ആനക്കുളി മിസ്സ്‌ ആയെങ്കിലെന്താ , രെജുല്‍ ബ്രോ, ശങ്കൂ നന്ദി.


         ഉച്ചക്കു ശേഷം ഞങ്ങള്‍ പോയത് നെയ്യാര്‍ ഡാമിലേക്കാണ്. ശങ്കുവിന്റെ പൂച്ചപ്പേടിയും, കാട്ടാക്കടയിലെ ചുവന്ന കാറുള്ള മുടിയന്‍ ചേട്ടനെപ്പറ്റിയും, നെയ്യാര്‍ വിശേഷങ്ങളും,  വേറൊരു പോസ്റ്റില്‍ പറയാം. അത് വരേയ്ക്കും, വിട.

Saturday, November 19, 2016

കള്ളപ്പണക്കാരേ 'നമോ'വാകം

          
Demonetisation of 500 and 1000


           റേഷന്‍ കട കമ്പ്യൂട്ടര്‍ വലക്കരിച്ചതിന്റെ പരിണിതഫലമായി സ്മാര്‍ട്ട് ആയ കണാരേട്ടനെ പോലെയുള്ളവരെ കുറിച്ച് മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇത്തവണ പക്ഷെ അതുക്കും മേലെയുള്ള ചില കാര്യങ്ങളാണ് പറയാന്‍ ഉദേശിക്കുന്നത്. പറഞ്ഞു വരുന്നത് വേറൊന്നിനെയും കുറിച്ചല്ല. അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ടു നിരോധനത്തെ കുറിച്ചാണ്. കള്ളപ്പണക്കാരുടെ പെടലിക്ക്‌ പിടിക്കാനായി തുടങ്ങിയ സംഗതി പക്ഷെ ഇപ്പൊ കണാരേട്ടനെ പോലെയുള്ളവരുടെ നെഞ്ചത്താണ് കൊള്ളുന്നത്‌. 

             തൊഴിലുറപ്പ് പദ്ധതിയുടെ കൂലി ബാങ്ക് വഴി കൊടുക്കാന്‍ തുടങ്ങിയപ്പോ ആദ്യം ആശ്വസിച്ചതു ദാക്ഷായണിയേടത്തിയാണ്. കൂലി കൈയില്‍ കിട്ടാത്തത് കൊണ്ടു , ടൌണിലെ ATM വരെ പോയി കാശെടുത്ത് കള്ളുഷാപ്പിലേക്കോടാന്‍ കണാരേട്ടന്‍ മുതിരാറില്ല. അതോണ്ട് തന്നെ വൈകുന്നേരത്തെ പാമ്പുകളിയും പൂരപ്പാട്ടും ഏതാണ്ട് അവസാനിച്ച മട്ടാണ്. ബാങ്ക് അക്കൌണ്ടില്‍ ആണെങ്കില്‍ അത്യാവശ്യം ബാലന്സുമായി. അങ്ങനെ വീട്ടില്‍ ശാന്തിയും സമാധാനവും വിളയാടിയ സമയത്താണ് ഇടിത്തീ പോലെ നോട്ടു നിരോധനം വന്നത്. 

         ഇതോടൊപ്പം തന്നെ നാട്ടിലെ ATM-മ്മുകള്‍ എല്ലാം തന്നെ കാലിയായി ഷട്ടറിട്ടു കിടക്കുകയും ചെയ്തു. അഞ്ഞൂറും ആയിരവും വല്ലപ്പോഴും മാത്രം കണി കാണുന്ന തന്നെ പോലുള്ളവരെയൊന്നും ഇത് ഒരു വിധത്തിലും ബാധിക്കാന്‍ പോകുന്നില്ല എന്നു കരുതിയ കണാരേട്ടന്‍, കാര്യങ്ങള്‍ പിടിവിട്ടു പോകുന്നത് പിന്നീടാണറിഞ്ഞത്. നയാ പൈസയില്ല , കൈയിലൊരു നയപൈസയില്ല എന്നാ പാട്ട് അന്വര്തമായി. അത്യാവശ്യം വേണ്ട പച്ചക്കറിയും , പലവ്യഞ്ജനങ്ങളും വീട്ടില്‍ സ്റ്റോക്ക്‌ ഉണ്ടായത് കാരണം രണ്ടു മൂന്നു ദിവസം കഴിഞ്ഞു കൂടി. പക്ഷെ പിന്നീട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. മുന്‍പ്  സ്ഥിരമായി കടം തന്നവരെല്ലാം ഇപ്പൊ ഇങ്ങോട്ട് കടം ചോദിക്കുന്നു. ATM-മ്മുകള്‍ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു. ഇനിയിപ്പോ തുറന്ന ATM-മ്മുകള്‍ വല്ലതും ഉണ്ടെങ്കില്‍ തന്നെ അതെല്ലാം മൂന്നും, നാലും ATM കാര്‍ഡുകള്‍ ഉള്ള ബൂര്‍ഷ്വാസികള്‍ അപ്പൊ തന്നെ കാലിയാക്കുന്നു. ബാങ്കില്‍ നിന്നു പൈസ പിന്‍വലിക്കാനാണെങ്കില്‍ ഒരു കിലോമീറ്റര്‍ നീളത്തിലെങ്കിലും ക്യൂ നിക്കണം. ഒരു ദിവസത്തെ പണിക്കൂലിയും കളഞ്ഞു ബാങ്കിന്‍റെ മുന്‍പില്‍ ക്യൂ നിന്നാല്‍ വീട്ടില്‍ അടുപ്പു പുകയില്ലാ എന്നു കണാരേട്ടനറിയാം. 

                  ഇനിയിപ്പോ പൈസ സംഘടിപ്പിക്കാന്‍ എന്താണൊരു വഴി എന്നാലോചിച്ചു ഉത്തരം നോക്കി കിടക്കുമ്പോള്‍ അതാ വരുന്നു ദാക്ഷായണിയേടത്തി. അടുക്കളയിലെ പഴയ തകരപ്പെട്ടി തുറന്നു പുറത്തെടുത്ത ഒരു പഴയ ബാലരമയുമായി.

“ഫ..!! കൈയില്‍ അഞ്ചിന്റെ പൈസയില്ലാതിരിക്കുമ്പോഴാ അവളുടെ ഒരു ബാലരമ വായന” കണാരേട്ടന്‍ മനസ്സില്‍ പറഞ്ഞു. (നോട്ട് ദ പോയിന്‍റ്,  ‘മനസ്സില്‍ പറഞ്ഞു’- ഇതൊരു ഗുണപാഠമാണ്, ഇത്തരം അവസ്ഥകളില്‍ ഭാര്യമാരോട് മനസ്സില്‍ മാത്രമേ പറയാവൂ, പ്രത്യേകിച്ചും കൈയില്‍ കാശില്ലാതെ നമ്മുടെ ഡിഫെന്‍സ് വീക്കായിരിക്കുമ്പോള്‍. അല്ലെങ്കില്‍ ഒരു കുടുംബ കലഹമോ, ഇറങ്ങിപ്പോക്കോ ഒക്കെ പ്രതീക്ഷിക്കാം)

           ദാക്ഷായണിയേടത്തി ബാലരമ തുറന്നു, അതില്‍ നിന്നും നൂറിന്‍റെ പഴയ കുറച്ചു നോട്ടുകള്‍ പുറത്തെടുത്തു കണാരേട്ടന്റെ കൈയില്‍ കൊടുത്തു. തന്റെ മുന്നില്‍ അവതരിച്ച രക്ഷകയെപ്പോലെ കണാരേട്ടന്‍ ദാക്ഷായണിയേടത്തിയെ അന്തം വിട്ടു നോക്കി നിന്നു. സംശയാസ്പദമായ പല സാഹചര്യങ്ങളിലും അവളുടെ കൈയില്‍ ഈ ബാലരമ താന്‍ കണ്ടിട്ടുണ്ട്. പ്രായാവുമ്പോള്‍ മനുഷ്യര്‍ കുട്ടികളെ പോലെയാവും എന്നു കേട്ടിട്ടുണ്ട്, ചിലപ്പോ ആ കുട്ടികള്‍ക്ക് ബാലരമ വായിക്കാന്‍ തോന്നുമായിരിക്കും, അത്രയേ താനും കരുതിയുള്ളൂ.  പക്ഷെ ഇതിനു പിന്നില്‍ ഇങ്ങനെയൊരു രഹസ്യ നിക്ഷേപം ഒളിഞ്ഞിരിക്കുന്നുണ്ടെന്നു കണാരേട്ടന്‍ അപ്പോഴാണ്‌ മനസ്സിലാക്കിയത്.

            അങ്ങനെ ബോണസ്സായി കിട്ടിയ കാശുമായി ഏതാനും ദിവസം കൂടി തള്ളി നീക്കാന്‍ കണാരേട്ടനും കുടുംബവും തയ്യാറായി കഴിഞ്ഞു.

              ഇത് കണാരേട്ടന്റെ മാത്രം അവസ്ഥയല്ല. നാട്ടിലെ പല വീടുകളിലും ഇപ്പോള്‍ നടക്കുന്നതാണ്. ഊണും ഉറക്കവും വെടിഞ്ഞു, ജോലി ലീവ് എടുത്തും , കൂലി വേണ്ടാന്നു വച്ചുമാണ് പലരും ATM-ലും ബാങ്കിന്‍റെ മുന്‍പിലും ക്യൂ നില്‍ക്കാന്‍ ഇറങ്ങി തിരിക്കുന്നത്. ലക്ഷങ്ങള്‍ ഒരു കൈ അകലത്തില്‍ ഉണ്ടായിട്ടും ഉപയോകപ്പെടുത്താന്‍ പറ്റാത്ത അവസ്ഥ. പഴയ കാലത്തിലേക്കുള്ള മടങ്ങി പോക്കാണ് ഇത് പലര്‍ക്കും. കാശ് കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ക്ക് പകരം, ചീരയും, മുരിങ്ങയിലയും, വാഴക്കാമ്പും പലരുടെയും അടുക്കളയില്‍ വീണ്ടും സ്ഥാനം പിടിച്ചു തുടങ്ങി. മീന്‍ വാങ്ങിക്കാന്‍ പോലും കാറെടുത്ത് പോകുന്നവര്‍ ഇപ്പോള്‍ KSRTC ബസ്സിനു പുറകെയുള്ള ഓട്ടത്തിലാണ്. സത്യം , പൂന്താനം ഞാനപ്പാനയില്‍ പാടിയത് എത്ര ശരിയാണ്.

              ഇപ്പോ ATM ആണ് നാട്ടിലെ താരം. സര്‍വ്വ മതസ്ഥരെയും, പണക്കാരനെയും, പാവപ്പെട്ടവനെയും, പരസ്പ്പരം തമ്മിലടിച്ചവരെയും, പാര വച്ചവരെയും ഒരേ ക്യൂവില്‍ ഒന്നിച്ചു നിര്‍ത്താനുള്ള കഴിവ് ഇപ്പൊ ATM-നു മാത്രമേ ഉള്ളൂ. ചന്ദ്രനില്‍ നിന്നു നഗ്ന നേത്രങ്ങളാല്‍ കാണാവുന്ന ഭൂമിയിലെ മറ്റൊരു സംഭവമായി ATM-ലെ ക്യൂ മാറിക്കഴിഞ്ഞു എന്നാണു ഇപ്പൊ അറിയാന്‍ കഴിഞ്ഞത്. BPL ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ ക്യൂ നിന്നവര്‍ ഇപ്പൊ കൈയിലുള്ള ലക്ഷങ്ങള്‍ ബാങ്കിലിടാന്‍ ക്യൂ നിക്കുന്നു. എന്തൊരു വിരോധാഭാസം അല്ലെ

വാല്‍ക്കഷണം: അമ്മ അരിക്കലത്തിലും , പുട്ട് കുറ്റിയിലും പൂഴ്ത്തി വച്ച കള്ളപ്പണം മുഴുവന്‍ പുറത്തു വന്നു എന്നതാണ് എനിക്ക് ഇതുകൊണ്ടുണ്ടായ ഒരു നേട്ടം. അല്‍പ്പം ബുദ്ധിമുട്ട് അനുഭവിച്ചാലും ഉദ്ദേശശുദ്ധിയെ ചൊല്ലി നാട്ടുകാര്‍ നോട്ടു നിരോധനത്തെ പിന്തുണക്കും എന്നു തന്നെ കരുതാം..

...ശുഭം..!!

Friday, September 9, 2016

യാത്രകള്‍ അവസാനിക്കുന്നില്ല, A tiny travelogue



Route Map
Route Map
    “പനിക്ക് പാരസെറ്റമോള്‍ വാങ്ങിക്കാന്‍ ഡോക്ടറുടെ അടുത്ത് പോകുന്നതല്ലാതെ നീ വീട് വിട്ടു എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ ?” - ഇത് പറഞ്ഞു എന്റെ കസിന്‍ എന്നെ പല തവണ കളിയാക്കിയിട്ടുണ്ട്. ശരിയാണ് , വീട്ടിലെ ഒരേ ഒരു സന്താനമായതുകൊണ്ടായിരിക്കാം കുട്ടിക്കാലത്ത് എന്നെ അധികമൊന്നും വീടിനു പുറത്തേക്കു വിട്ടിരുന്നില്ല. കോളേജില്‍ പഠിക്കുന്ന കാലം വരെ ഞാന്‍ കോഴിക്കോടു വിട്ടു പുറത്തു പോയിട്ടുള്ളത് വെറും രണ്ടേ രണ്ടു തവണ മാത്രമാണ്. ഒരിക്കല്‍ അച്ഛന്റെ ഒരു പരിചയക്കാരന്റെ കല്യാണത്തിന് കണ്ണൂര് വരെയും, മറ്റൊരിക്കല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വരെയും. ഇതുകൊണ്ടാണോ എന്നറിയില്ല ഇപ്പോള്‍ യാത്രകള്‍ എനിക്ക് പെരുത്ത്‌ ഇഷ്ടമുള്ള ഒരു സംഗതിയാണ്.

                          കുട്ടിക്കാലത്തെ യാത്രാ ദാരിദ്ര്യം തീര്‍ക്കാനെന്നവണ്ണമാണ് കോളേജ് പഠനാനന്തരം ഒരുപാട് യാത്രകള്‍ എന്റെ ഈ എളിയ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ആദ്യമായി ജോലി കിട്ടി ഹൈദരാബാദില്‍ പോയതില്‍ തുടങ്ങി, ശ്രീഹരികോട്ടയിലെക്കുള്ള ഔദ്യോഗിക യാത്രകളില്‍ വരെ അതെത്തിനില്‍ക്കുന്നു.പത്തു വര്‍ഷം സ്കൂളില്‍ പടിച്ചതിനപ്പുറം, വിക്കിപീഡിയ-ക്കും ഗൂഗിളിനും പറഞ്ഞു തരാന്‍ കഴിയുന്നതിലും കൂടുതല്‍ അനുഭവങ്ങള്‍ ഓരോരോ യാത്രയും നമ്മളിലെക്കെത്തിക്കുന്നു. കോട്ടി മാര്‍ക്കറ്റിലെ പച്ച വെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന തെരുവ് കച്ചവടക്കാരും, നന്ദി ഹില്ല്സിലെ കോടമഞ്ഞും, പൊന്മുടിയുടെ തണുപ്പും, ചിക്കമഗളൂരും, കൂര്‍ഗും, മസബ് ടാങ്ക് പാര്‍ക്കിലെ വൈകുന്നേരങ്ങളും മനസ്സിന്‍റെ പുസ്തകത്തില്‍ നിന്നു ഒരിക്കലും പറിച്ചു കഴിയാന്‍ പറ്റാത്ത ഏടുകളാണ്.

                              എന്റെ യാത്രകള്‍ പലതും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതോ, മുന്‍പേ തീരുമാനിച്ചുറപ്പിച്ചവയോ ആയിരുന്നില്ല. തലേ ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ തോന്നുന്ന ചിന്തകള്‍ പിറ്റേന്നത്തെ യാത്രകളായി പരിണമിക്കുന്നു. അതുമല്ലെങ്കില്‍ കൂട്ടുകാരുമൊത്തുള്ള സൗഹൃദ സംഭാഷണങ്ങള്‍ ചില യാത്രകളിലേക്ക് വഴി മാറുന്നു. ഈയിടെ ശ്രിഹരികോട്ടയില്‍ നിന്നു മടങ്ങി വരുമ്പോള്‍ തലയില്‍ മിന്നിയ ഒരു ആശയമായിരുന്നു പുതിയതായി വാങ്ങിയ സ്കൂട്ടരില് ഒരു മണ്‍സൂണ്‍ യാത്ര നടത്തുക എന്നുള്ളത്. ഉടന്‍ തന്നെ ട്രെയിനില്‍ കൂടെ ഉണ്ടായിരുന്ന മനുവിനോട് കാര്യം പറഞ്ഞു. മനു എന്റെ കൂടെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവനാണ്. ഒട്ടും താമസിച്ചില്ല അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നു ആലപ്പുഴ വഴി എറണാകുളം വരെ പോയി വരാന്‍ തീരുമാനിച്ചു. 110 CC സ്കൂട്ടറില്‍ ഇത്രേം ദൂരം പോയി വരുന്നത് ഇത്തിരി ബുദ്ധിമുട്ടാണെന്ന് പലരും പറഞ്ഞു. പ്രത്യേകിച്ച് നാട്ടിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍. അതും ബാക്ക് സസ്പെന്‍ഷന്‍ ഇല്ലാത്ത വണ്ടിയില്‍. പക്ഷെ ഞങ്ങളുടെ ആവേശത്തെ കെടുത്താന്‍ PWD-യുടെ ഗട്ടറിനു കഴിഞ്ഞില്ല.
My ride
My ride

                            ജൂണ്‍-18 ശനിയാഴ്ച രാവിലെ തന്നെ കുളിച്ചു റെഡിയായി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. കഴിഞ്ഞ ആഴ്ച സര്‍വീസ് കഴിഞ്ഞിട്ടേ ഉള്ളൂ. എന്നാലും സ്കൂട്ടര്‍ വഴിയിലാകരുതെ എന്നു പടച്ചോനോട് പ്രാര്‍ത്ഥിച്ചു. ഞാന്‍ ഈ പോളിടെക്നിക്കില്‍ പഠിച്ചിട്ടുണ്ടെങ്കിലും യന്ത്രങ്ങളുടെ പ്രവര്‍ത്തനം അത്രയ്ക്ക് വശമില്ല. അത് കൊണ്ടാ. 6 മണിക്ക് യാത്ര തുടങ്ങി. മനുവിന്റെ വീട് കൊല്ലത്താണ്. അവന്‍ അവിടുന്ന് ജോയിന്‍ ചെയ്തോളാം എന്നാണ് പറഞ്ഞിരിക്കുന്നത്. മണ്‍സൂണ്‍ റൈഡ് എന്നൊക്കെ പറഞ്ഞെങ്കിലും മഴയുടെ ഒരു തുള്ളി പോലും കാണാനില്ല. പക്ഷെ അധികം താമസിക്കേണ്ടി വന്നില്ല കൊല്ലം ടൌണ്‍ എത്തുന്നതിനു മുന്‍പേ തന്നെ മഴ തുടങ്ങി. നല്ല കട്ട കലിപ്പ് മഴ. അത് കൊച്ചി എത്തുന്നത്‌ വരെ തുടരുകയും ചെയ്തു.

                                 7:30-ഓടു കൂടിയാണ് കൊല്ലത്തെത്തിയത്. ചാവറ KMMLഫാക്ടറി എത്തുമ്പോഴേക്കും മനു കൂടെ കൂടി. അല്‍പ്പം കൂടി പോയി ഹരിപ്പാട്‌ ടൌണില്‍ വണ്ടി നിര്‍ത്തി പ്രഭാത ഭക്ഷണം കഴിച്ചു. ഏതാനും മിനിട്ടുകള്‍ വിശ്രമിച്ചു വീണ്ടു വണ്ടിയെടുത്തു. ഇതുവരെയുള്ള റോഡിന്‍റെ അവസ്ഥ വല്ല്യ കുഴപ്പമില്ലായിരുന്നു. പക്ഷെ ആലപ്പുഴ എത്തുമ്പോഴേക്കും റോഡില്‍ അങ്ങിങ്ങായി അത്യാവശ്യം വലിയ കുഴികള്‍ കണ്ടു തുടങ്ങി. പക്ഷെ റോഡില്‍ ട്രാഫിക് കുറവായിരുന്നു. ഉച്ചക്കു മുന്‍പേ ആലപ്പുഴ എത്തി. മഴ അപ്പോഴും പെയ്തു കൊണ്ടേയിരുന്നു. ദിവസങ്ങളായി പെയ്ത മഴയില്‍ റോഡ്‌ മുഴുവന്‍ കുളമായി കിടക്കുന്നു.


Revi Karunakaran Museum
Revi Karunakaran Museum             ആദ്യം പോയത് രെവികരുണാകരന്‍ മ്യുസിയത്തിലേക്കാണ്. ആലപ്പുഴയില്‍ രണ്ടു മൂന്നു തവണ വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഈ മ്യുസിയം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ വിഷമം ഇത്തവണ തീര്‍ത്തേക്കാം എന്നു കരുതി. വളരെ നല്ല രീതിയില്‍ പരിപാലിച്ചു പോരുന്ന ഒരു പ്രൈവറ്റ് മ്യുസിയമാണിത്. പഴയ കാല ആലപ്പുഴയിലെ പ്രമുഖ കയര്‍ വ്യവസായി ആയിരുന്ന രെവി കരുണാകരന്‍റെ സ്മരണാര്‍ത്ഥം അദ്ധേഹത്തിന്റെ പത്നി പണി കഴിപ്പിച്ചതാണ്‌ ഈ മ്യുസിയം. 150/- രൂപയാണ് എന്ട്രി ഫീ. ഇതല്‍പ്പം കൂടുതലല്ലേ എന്നു തോന്നിയെങ്കിലും ഉള്ളിലെ കാഴ്ചകള്‍ ആ ചിന്തയെ മാറ്റിയെടുത്തു. ഒരു മ്യുസിയം എന്നതിനേക്കാളുപരി ഒരു ആന്റ്റിക്‌ സ്റ്റോറില്‍ അല്ലെങ്കില്‍ ഒരു ജൂവലറിയില്‍ കയറിയ പ്രതീതി. രെവി കരുണാകരനും കുടുംബവും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച അമൂല്യ വസ്തുക്കളാണ് ഇവിടെയുള്ളത്. ആനകൊമ്പിലും, മരത്തിലും, ക്രിസ്റ്റലിലും പണിത ഒരു വലിയ കളക്ഷന്‍ തന്നെ ഇവിടെയുണ്ട്. ഇതു കൂടാതെ ഒട്ടനവധി പെയിന്റിങ്ങുകളും, പഴയകാല നാലുകെട്ട് തറവാടുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഒരു ‘കേരള റൂമും’ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതേ കെട്ടിടത്തിനോട് ചേര്‍ന്നു തന്നെയാണ് രവി കരുണാകരന്‍റെ ഭാര്യയും കുടുംബവും താമസിക്കുന്നത്. വളരെ നന്നായി പെരുമാറുന്ന ഗൈഡുകള്‍ ഇവിടുത്തെ ഒരു ബോണസ് പോയിന്റ്‌ ആണ്. ഫോട്ടോഗ്രഫി അനുവദിക്കുന്നില്ല എന്നതാണ് ആകെ ഉണ്ടായ ഒരു വിഷമം.


International Coir Museum 


                 ഇവിടെ നിന്നിറങ്ങി നേരെ പോയത് മറ്റൊരു മ്യുസിയത്തിലെക്കാണ്. കേരള കയര്‍ ബോര്‍ഡിന്‍റെ കീഴിലുള്ള ഇന്റര്‍നാഷനല്‍ കയര്‍ മ്യുസിയം. ആലപ്പുഴ ടൌണില്‍ നിന്നു ഏകദേശം എട്ടു കിലോമീറ്ററോളം മാറി കന്യാകുമാരി-കൊച്ചി ദേശീയ പാതയില്‍ കലവൂര്‍ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മുന്‍പ് പല തവണ കണ്ടിട്ടുണ്ടെങ്കിലും കയര്‍ ഒരത്ഭുതമായി തോന്നിയത് ഇവിടെ വന്നപ്പോഴാണ്. നാനാ വിധത്തിലുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കയര്‍ വ്യവസായത്തിന്റെ ചരിത്രവും പ്രക്രിയകളും വരെ ലളിതമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. തിരിച്ചു പോകുമ്പോള്‍ കയറോര്‍മ്മക്കായി എന്തെങ്കിലും കൂടെ കരുതണമെങ്കില്‍ അതിനായി ഒരു സുവനീര്‍ ഷോപ്പും ഇതിനോടനുബന്ധിച്ചുണ്ട്. 50/- രൂപയാണ് ഇവിടുത്തെ എന്‍ട്രി ഫീ, ഫോടോഗ്രാഫിക്കായി ഒരു 50 രൂപ കൂടി അധികം കൊടുക്കേണ്ടി വരും.

                               സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. വിശപ്പ്‌ പതുക്കെ മാടി വിളിച്ചു തുടങ്ങി. ഹൈവേയില്‍ തന്നെയുള്ള ഒരു നാടന്‍ ഭക്ഷണശാലയില്‍ കയറി. ഊണും മീന്‍ വറുത്തതും, കക്ക ഫ്രൈയും നല്ല കുശാലായി കഴിച്ചു. എന്തൊക്കെ പറഞ്ഞാലും ആലപ്പുഴക്കാരുടെ കൈപ്പുണ്യം അതൊരു വേറെ ലെവലാണ്. കഴിഞ്ഞ തവണ വന്നപ്പോള്‍ കഴിച്ച താറാവിറച്ചിയുടെ ടേസ്റ്റ് ഇപ്പോഴും നാവിലുണ്ട്. ഇനി നേരെ കൊച്ചിക്ക്

         കൊച്ചിയില്‍ എത്തേണ്ട താമസം, മഴ സ്വിച്ചിട്ട പോലെ നിന്നു. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ പെയ്ത മഴയൊന്നും കൊച്ചിയെ ബാധിച്ച മട്ടില്ല. പതിവുപോലെ പാലാരിവട്ടത്തെ ട്രാഫിക് ബ്ലോക്ക്‌ ഇത്തവണയും വളരെ ശക്തമായി നിലകൊണ്ടു. കൊച്ചി DRDO-യ്ക്കടുത്തു മനുവിന്റെ ഒരു ബന്ധു വീടുണ്ട്. അതാണ്‌ അടുത്ത ലക്ഷ്യം.

                          ബന്ധു വീട്ടിലെ സൗഹൃദ സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടു ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. ലുലു മാളില്‍ ഒന്ന് കയറി. സമയം വൈകുന്നേരമായി. ഇനി വിശ്രമിക്കാനൊരിടം കണ്ടു പിടിക്കണം. OYO-റൂംസില്‍ അത്യാവശ്യം കുറഞ്ഞ റേറ്റില്‍ ഒരു റൂം കിട്ടി. രാത്രി ഭക്ഷണവും കഴിഞ്ഞു പിറ്റേന്നു രാവിലെ 5 മണിക്ക് എണീക്കാന്‍ അലാറം സെറ്റ് ചെയ്തു കിടന്നു. M.G റോഡിലെ ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും, യാത്ര ക്ഷീണത്താല്‍ ഉറക്കം വന്നത് പോലും അറിഞ്ഞില്ല.

     രാവിലെ ഞെട്ടിയുണര്‍ന്നു സമയം നോക്കിയപ്പോള്‍ മണി 6 കഴിഞ്ഞിരിക്കുന്നു. അലാറം അടിഞ്ഞതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പെട്ടന്നെഴുന്നേറ്റു കുളിച്ചു റെഡിയായി. അപ്പോഴേക്കും റൂം ബോയ്‌ പ്രഭാത ഭക്ഷണവുമായെത്തി.

SNC Maritime museum , Kochi INS Dronacharya                 SNC Maritime മ്യുസിയം, Southern Naval Command-ന്‍റെ കീഴിലുള്ള ഇന്ത്യന്‍ നേവി ഓഫീസേര്‍സ് ട്രെയിനിംഗ് അക്കാദമിയുടെ സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നു K.J Herschel റോഡില്‍ ഏകദേശം ഒരു കിലോമീറ്ററോളം വന്നാല്‍ മ്യുസിയതിന്റെ എന്ട്രന്‍സ് കാണാം. 40/- രൂപയാണ് എന്ട്രി ഫീ. ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന, ലളിതവും എന്നാല്‍ വളരേയധികം അറിവ് നല്‍കുന്നതുമായ ഒരു മ്യുസിയമാണിത്. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ കണ്ടു തീര്‍ക്കാന്‍ സാധിക്കും. നേവി ഷിപ്പുകളുടെയും ആയുധങ്ങളുടെയും മാതൃകകളാണ് പ്രധാന ആകര്‍ഷണം. ഇത് കൂടാതെ ഇന്ത്യന്‍ നേവിയേക്കുറിച്ചുള്ള ഒരു ഹ്രസ്വ ചിത്ര പ്രദര്‍ശനം കൂടെയുണ്ട്.
SNC Maritime museum , Kochi INS Dronacharya
നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഷോ ഇല്ലായിരുന്നു. Maritime മ്യുസിയതിനടുത്തു തന്നെയാണ് ഇന്‍ഡോ-പോര്‍ച്ചുഗീസ് മ്യുസിയവും. കൊച്ചിന്‍ ബിഷപ്പ് ഹൌസിനോട് ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ മാസവും ആദ്യത്തെ വ്യാഴായ്ച്ച ഇവിടെ പ്രവേശനം സൌജന്യമാണ്. അല്ലാത്ത ദിവസങ്ങളില്‍ 10/- രൂപയാണ് ഫീ. വളരെ ശാന്തമായ അന്തരീക്ഷം, അധികം സന്ദര്‍ശകരെ ഇവിടെ കണ്ടില്ല. ഇന്‍ഡോ -പോര്‍ച്ചുഗീസ് പൈതൃകത്തിന്റെ ഒട്ടേറെ അവശേഷിപ്പുകള്‍ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. ചരിത്രത്തില്‍ അറിവ് കുറവായതുകൊണ്ടാണോ എന്നറിയില്ല. ഇവിടം എനിക്കത്ര ആകര്‍ഷണീയമായി തോന്നിയില്ല. ഒരു പത്തു പതിനഞ്ചു മിനിട്ടിനുള്ളില്‍ ഞങ്ങള്‍ അവിടന്നിറങ്ങി.
Indo - Portuguese Museum Kochi

                  പിന്നെ നേരെ പോയത് ഫോര്‍ട്ട്‌ കൊച്ചിബീച്ചിലേക്കാണ്. നാട്ടുച്ചയായതുകൊണ്ടാവും ബീച്ചില്‍ അധികം ആളുകളില്ല. ഒരു ചെറിയ ഐസ്ക്രീമും നുണഞ്ഞുകൊണ്ട് ഞങ്ങള്‍ അല്‍പ്പ നേരം കാറ്റും കൊണ്ടിരുന്നു. കടലും , ആകാശവും എന്നെ ഒരിക്കലും മടുപ്പിക്കാത്ത രണ്ടു സംഗതികളാണ്. കടലിന്‍റെ അപാരതയിലേക്കു കണ്ണും നട്ട് എത്രനേരം വേണമെങ്കിലും എനിക്കിരിക്കാന്‍ പറ്റുന്നതും അതുകൊണ്ട് തന്നെയാണ്. ഒരിക്കലും നിലക്കാത്ത ഓളങ്ങള്‍ക്കൊപ്പം തെന്നി നീങ്ങുന്ന ചെറു വഞ്ചികളെ ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ നോക്കി നില്‍ക്കാന്‍ എനിക്കിപ്പോഴും ഇഷ്ടമാണ്. കടല്‍ എന്തിന്‍റെയൊക്കയോ പ്രതീകമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരേ സമയം രൌദ്രതയുടെയും, ശാന്തതയുടെയും ഭാവത്തില്‍ അത് നില കൊള്ളുന്നു. ചിലര്‍ക്ക് അതൊരു വിനോദ ഉപാധിയാണ്, മറ്റു ചിലര്‍ക്ക് ജീവിത ഉപാധിയും. സന്ധ്യ മയങ്ങും വരെ കടലിന്‍റെ കണ്ണില്‍ കണ്ണും നട്ടിരിക്കണമെന്നുണ്ട്, പക്ഷെ വൈകുന്നേരത്തിനു മുന്‍പേ തിരിച്ചു തിരുവനന്തപുരത്ത് എത്തേണ്ടതിനാല്‍ ഫോര്‍ട്ട്‌ കൊച്ചി ബീച്ചില്‍ അധിക നേരം ചിലവഴിച്ചില്ല.

Fort Kochi beach

Fort Kochi beach


                               ഇനി മടക്ക യാത്ര, തിരിച്ചുള്ള യാത്ര ദേശീയ പാത ഒഴിവാക്കി പകരം കൊച്ചി - ആര്‍ത്തുങ്കല്‍ - ആലപ്പുഴ തീരദേശ പാത വഴിയായിരുന്നു. റോഡിനു വീതി കുറവാണെങ്കിലും ദേശീയ പാതയില്‍ കണ്ട പോലെ ഗട്ടറും , ട്രാഫിക്കും ഇല്ലായിരുന്നു. ആലപ്പുഴ എത്തുമ്പോഴേക്കും വിശന്നു തുടങ്ങി. അടുത്ത് കണ്ട ഇന്ത്യന്‍ കോഫി ഹൌസില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. കേരളത്തിന്‍റെ വടക്ക് നിന്നു തെക്കോട്ടു പോകും തോറും ഇന്ത്യന്‍ കോഫീ ഹൌസിലെ ഭക്ഷണത്തിന്റെ സ്വാദ് കുറഞ്ഞു വരുന്നതായിട്ടാണ്‌ എനിക്ക് തോന്നിയത്. ടേസ്റ്റ്ന്‍റെ കാര്യത്തില്‍ മലബാറിലെ കോഫീ ഹൌസുകളോട് കിട പിടിക്കാന്‍ മറ്റുള്ളവയ്ക്ക് കഴിയാറില്ല. തിരുവനന്തപുരത്തെ ഇന്ത്യന്‍ കോഫീ ഹൌസുകളില്‍ പലപ്പോഴും കയറിയിട്ടുണ്ടെങ്കിലും ഭക്ഷണം ഒട്ടും ആസ്വാദ്യകരമായി തോന്നിയിട്ടില്ലായിരുന്നു.

                    ഭക്ഷണം കഴിഞ്ഞു, കാണാനുദ്ദേശിച്ച സ്ഥലങ്ങളൊക്കെ കണ്ടു കഴിഞ്ഞു. ഇന്നത്തെ ദിവസം മഴയുടെ ഒരു തുള്ളി പോലും കണ്ടില്ല. അതുകൊണ്ട് തന്നെ വെയിലും പൊടിയും കാരണം യാത്ര ക്ഷീണം നന്നായിട്ട് അനുഭവപ്പെട്ടു തുടങ്ങി. ഇനി നേരെ വീട്ടിലേക്കു വച്ചു പിടിക്കണം. ആക്സിലേറ്ററില്‍ കൈകള്‍ അമര്‍ന്നു. സ്കൂട്ടറിന്റെ ചക്രങ്ങള്‍ വീണ്ടും ഉരുണ്ടു തുടങ്ങി. ………ശുഭം..!!


വാല്‍ക്കഷണം: രാഷ്ട്രീയവും, തൊഴുത്തില്‍ കുത്തും, ബന്ദും, ഹര്‍ത്താലും, ഏഷണിയും, പാര പണിയും ഒക്കെയുണ്ടെങ്കിലും നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാടിന്റെ മഹത്വവും മൂല്യവും തിരിച്ചറിയണമെങ്കില്‍ കുറഞ്ഞത്‌ ഒരു മാസം കേരളത്തിന്‌ വെളിയില്‍ പോയി താമസിച്ചാല്‍ മതിയാകും എന്നാണ് എന്റെ ഒരു ഇത്. പൂവും പൂക്കൂടയും, കൊയ്ത്തുപാട്ടും, തെയ്യവും, തിറയും, ഓണപ്പൊട്ടനും, പച്ചക്കര മുണ്ട് ചുറ്റിയ വയലേലകളും മറ്റേതു ദേശത്താണ് ഇത്രയേറെ കാന്തിയില്‍ കാണാന്‍ കഴിയുന്നത്‌. മുറ്റത്തെ തുമ്പപ്പൂവിന്റെ വിശുദ്ധിയും, നാക്കിലയില്‍ ഒലിച്ചൂറുന്ന അടപ്പായസത്തിന്റെ സ്വാദും, നൂറു കൂട്ടം കറികളുടെ മനം മയക്കുന്ന ഗന്ധവും, പുസ്തകങ്ങള്‍ക്കും സ്കൂള്‍ മുറിയിലെ ബഡായി പറച്ചിലുകള്‍ക്കും അവധി കൊടുത്തുകൊണ്ട് തൊടിയില്‍ ഓലപ്പീപ്പിയും, ഓലപ്പന്തും ഉണ്ടാക്കിക്കളിച്ച പഴയ ബാല്യ കാല സ്മരണകളും, പുലര്‍കാലത്തു പൂവട്ടിയുമായി പറമ്പുകള്‍ കേറിയിറങ്ങിയ ഓര്‍മ്മകളുമായി കടന്നു വരുന്ന ഓണക്കാലവും മലയാളിക്കല്ലാതെ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ല. എല്ലാവര്‍ക്കും മനസ്സു നിറഞ്ഞ ഓണാശംസകളുമായി അടുത്ത പോസ്റ്റ്‌ വരെ വിട.

Happy Onam





Revi Karunakaran museum and Maritime museum image courtesy Google Images