Thursday, May 20, 2021

സ്ക്രാച്ച് വന്ന വഴികൾ ... ഒരവലോകനം

Tata Altroz

2020 ഒക്ടോബർ തുടക്കത്തിലാണ് അൾട്രോസ് കൈയിൽ കിട്ടുന്നത്. എല്ലാവരെയും പോലെ ആദ്യത്തെ മൂന്നാലാഴ്ച വണ്ടി ദിവസേനെയെന്ന കണക്കിന് തുടച്ചും കഴുകിയും സൂക്ഷിച്ചു പോന്നു. മാസം ഒന്ന് കഴിഞ്ഞു നവംബറിൽ എന്റെ കല്യാണം വന്നു. രണ്ട് ദിവസം വണ്ടി വീടിന്റെ കോമ്പൗണ്ടിനു വെളിയിലാണ് നിർത്തിയിട്ടിരുന്നത്. എന്താ ചെയ്യാ ..! ഏതോ വികൃതിപ്പിള്ളേർ ഡോറിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പെന്നോ പെന്സിലോ വച്ച് നല്ല നീളത്തിൽ വരച്ചിട്ടിരിക്കുന്നു. അതും രണ്ടു സൈഡിലും. മൂന്നാം ദിവസം വണ്ടി കഴുകാൻ എടുത്തപ്പോഴാ കണ്ടത്. പുതിയ വണ്ടിയിലെ ആദ്യത്തെ സ്ക്രാച്ചല്ലേ. ചങ്ക് തകർന്നു പോയി. കല്യാണാനന്തര തിരക്കുകൾ കാരണം വണ്ടി കൊണ്ടുപോയി സ്ക്രാച്ച് മാറ്റാൻ സമയം കിട്ടിയില്ലായിരുന്നു. 

എന്തായാലും അത് നന്നായെന്ന് ഇപ്പൊ തോന്നുന്നു. പിന്നീടങ്ങോട്ട് സ്ക്രാച്ചിന്റെ അയ്യരുകളിയായിരുന്നു. കെട്യോളേം  കൂട്ടി അടുത്ത ബന്ധു വീട്ടിൽ പോയതായിരുന്നു. ഇടുങ്ങിയ വീട്ടുമുറ്റത്തു നിന്ന് വണ്ടി വളക്കേണ്ടി വന്നു. നാലു പേര് സൈഡ് പറയാനുണ്ടായിരുന്നു. എന്ത് ചെയ്യാൻ, ഗതികേട് എന്നല്ലാതെ എന്ത് പറയാൻ. ബംമ്പറിന്റെ സൈഡ് താഴെ കിടന്ന ഒരു കല്ലിൽ ഉമ്മ വച്ചപ്പോഴാണ് എനിക്കും അവർക്കും ബോധം വന്നത്. രണ്ടാം തിരുമുറിവ്  നൈസായിട്ടു കിട്ടി. വീണ്ടും കലങ്ങി ചങ്ക്. പിന്നീട് കഴകൂട്ടം ജംഗ്ഷനിൽ നിർത്തിയിട്ടു പോയ എന്റെ വണ്ടീടെ പുറകിൽ ഏതോ ഒരുത്തൻ ഉരച്ചിട്ടു പോയി. അത് കഴിഞ്ഞു ഇടപ്പള്ളി - ആലുവ റൂട്ടിൽ ഒരു വൈകുന്നേരം നല്ല തിരക്കുള്ള സമയത്ത് ഒരു ലോറിക്കാരൻ സൈഡ് ഗ്ലാസിന് സ്ക്രാച്ച് സമ്മാനിച്ച് കൊണ്ട് കടന്നുപോയി. ഇത്രേം ആയപ്പോഴേക്കും മനസ്സൊന്നു പാകപ്പെട്ടു വന്നു. സ്ക്രാച്ചോ ..പോട്ടെ പുല്ല് എന്ന അവസ്ഥയിലേക്ക് അതെന്നെ കൊണ്ടെത്തിച്ചു. സ്ക്രാച്ചിന്റെ കളി പിന്നെയും ബാക്കി. മൂന്നാറിൽ പോയി വരുമ്പോ പുറകിൽ വന്നിടിച്ച ബുള്ളറ്റുകാരനും , കാലടിയിൽ വച്ച് സൈഡ് സ്കർട്ടിൽ കുത്തിക്കേറ്റിയ സ്കൂട്ടറുകാരനും സ്‌ക്രാച്ചുകൾ സമ്മാനിച്ച് കൊണ്ടേയിരുന്നു. ഏറ്റവും അവസാനം ഭാര്യ വീട്ടിൽ പോയപ്പോ അവിടുത്തെ അലക്കു കല്ല് ഇടിച്ചിളക്കി ഞാനും മാതൃകയായി. നമ്പർ  പ്ലേറ്റിലെ ആ ചളുക്ക് ഇപ്പോഴും എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്.



സ്ക്രാച്ച് ഒരു പ്രതിഭാസമാണ്. അത് കണ്ട് തളരരുത് സുഹൃത്തുക്കളെ. സ്‌ക്രാച്ചുകൾ വരും പോകും. കിട്ടിയ സ്‌ക്രാച്ചുകളെല്ലാം ഇന്നും എന്റെ വണ്ടിയിൽ കിടക്കുന്നുണ്ട്, ഒരോർമ്മക്കുറിപ്പെന്ന പോലെ.








Saturday, January 2, 2021

മ്മടെ താമരശ്ശേരി ചൊരം

image courtesy: Wikipedia


ഇപ്പൊ ശരിയാക്കിത്തരാ..! ഈ  ചെറിയോര് വളവൂടിക്കഴിഞ്ഞാൽ താമരശ്ശേരി ചൊരം ആയി. രാവിലെതന്നെ കെട്ട്യോളേം കൊണ്ട് ബാങ്കിലേക്കിറങ്ങിയതാണ് . കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്നേ ആയുള്ളൂ. ഓൾടെ ഇച്ചിരി ഗോൾഡുണ്ട് , അതൊന്ന് ലോക്കറിൽ വെക്കണം. അല്ലേലും കല്യാണത്തിന്റെ പിറ്റേന്ന് ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങുന്നത് നാട്ടിൽ പതിവാണല്ലോ. ബാങ്കീന്നിറങ്ങിയപ്പോ സമയം 11 മണി കഴിഞ്ഞതേ ഉള്ളൂ. ഉച്ചക്കുശേഷം പുതിയാപ്പളേം, കെട്ട്യോളേം മാമൻ വിരുന്നിനു വിളിച്ചിട്ടുണ്ട്. അതുകൊണ്ട്   ഉച്ചക്കുമുമ്പേ വീടെത്തിയാൽ മതി. എന്നാ പിന്നെ ഓളെ ഒന്ന് നാട് ചുറ്റിക്കാണിച്ചു വരാന്നു കരുതി. അല്ലേലും ഈ കണ്ണൂരുകാരിക്ക്  കോഴിക്കോടൊക്കെ ഒരു പുതുമയല്ലേ. നന്മണ്ടയിൽ  ലുലു മാൾ ഉണ്ടെന്നും , മെട്രോ സർവീസ് ഉടൻ തുടങ്ങാൻ പോകുകയാണെന്നുമൊക്കെ തട്ടിവിട്ടിട്ടാണ് കുട്ടി കെട്ടാൻ റെഡിയായത്. ഇനിയിപ്പം നന്മണ്ടയിലെ അംബരചുംബികളായ കെട്ടിടങ്ങൾ കാണാതെ ഓള് ബേജാറാവണ്ടാന്ന് കരുതിയാണ് , ഇച്ചിരെ വല്യ ടൌൺ ആയ താമരശ്ശേരിയിലേക്ക് ഞാൻ വണ്ടി വിട്ടത്. അംബരചുംബികളെ കണ്ടില്ലേലും കുറച്ചു പൗരാണിക  കെട്ടിടങ്ങൾ കാണിച്ചു സായൂജ്യമടയിപ്പിക്കാം എന്ന് കരുതി. അങ്ങനെ ബാലുശ്ശേരി റോഡിൽ നിന്ന്  താമരശ്ശേരിയിലേക്ക് കേറിയതും , ദാ കെടക്കുന്നു മുന്നിൽ കോഴിക്കോട് -വയനാട് ഹൈവേ..!


"താമരശ്ശേരി വരെ വന്നിട്ട് ഒന്ന് ചൊരം കാണാതെ പോകുന്നത് മോശമല്ലേ ജയേഷേ" - എന്ന ചിന്ത എന്റെ മനസിനെ വല്ലാതെ വിഷമിപ്പിച്ചു. അല്ലേലും ഞാനൊരു ലോല ഹൃദയനാന്നെ. രണ്ടുമണിക്ക് മുന്നേ വീടെത്തിയാൽ മതി. സമയം ഇനിയുമുണ്ട്. മനസ്സിന്റെ വഴിയേ പോകാൻ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. കഴിഞ്ഞ ഏഴെട്ടു മാസത്തോളമായി കൊറോണ കാരണം വീടുവിട്ടു പുറത്തിറങ്ങിയിട്ടു. ഇപ്പോഴാണെങ്കിൽ എല്ലാ ടൂറിസ്റ്റു കേന്ദ്രങ്ങളും തുറന്നിട്ടുമുണ്ട്. വണ്ടിയിലല്ലേ , ചുമ്മാ പോയി ചുരം കേറി  എങ്ങും ഇറങ്ങാതെ തിരിച്ചുവരാം അത്രേ കരുതിയുള്ളൂ. ചലോ താമരശ്ശേരി ചുരം. അൾട്രോസിന്റെ തൻ്റെ  ചിറകുകൾ ആഞ്ഞടിച്ചു മുന്നോട്ടു കുതിച്ചു. ചുരം കേറുമ്പോൾ നല്ല ചാറ്റൽ മഴ തുടങ്ങിയിട്ടുണ്ട്. കൂടെ  കാർ സ്റ്റീരിയോയിൽ നിന്നുള്ള നേർത്ത സംഗീതവും. മഴ , പാട്ട് , നിഖിത വിജയൻ ..ആഹാ അന്തസ്സ്. ഓളാണെങ്കിൽ സൈഡ് സീറ്റിലിരുന്നു എന്തൊക്കെയോ കലപില പറയുന്നു. ഏസിയൊക്കെ ഓഫ് ചെയ്തു, വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ട്, തണുത്ത കാറ്റും കൊണ്ട് ചുരം കേറുന്ന ഫീൽ ഒന്ന് വേറെ തന്നെയാ സാറെ.

Thamarassery Churam, Waynad


दिल दीयां गल्लां..!! അൾട്രോസ് പാടിക്കൊണ്ടേയിരുന്നു. ചുരത്തിൽ ട്രാഫിക് കുറവാണെങ്കിലും കാഴ്ചകൾ കണ്ട് പതിയെയാണ് ഞങ്ങൾ വഴികൾ പിന്നിട്ടത്. സമയം പോയതറിഞ്ഞില്ല. ചുരത്തിലെ വ്യൂ പോയിന്റുകളിൽ  എല്ലാം തന്നെ പോലീസ് കയറുകെട്ടി പ്രവേശനം തടഞ്ഞിട്ടുണ്ട്. എങ്കിലും മറ്റിടങ്ങളിൽ അങ്ങിങ്ങായി ആളുകൾ വണ്ടി നിർത്തി കാഴ്ചകൾ കാണുന്നുണ്ട്. ഞങ്ങൾ എങ്ങും ഇറങ്ങിയില്ല . അങ്ങനെ ചുരം കയറി മോളിലെത്തി. മുന്നിൽ എന്തോ പോലീസ് ചെക്കിങ്ങുണ്ട്. അതുകാരണം റോഡരികിൽ നിറയെ വണ്ടികളാണ്. ഇച്ചിരൂടി മുന്നോട്ടു പോയിട്ട് വളക്കാം എന്ന് കരുതി. അങ്ങനെ വണ്ടി വളച്ച് തിരികെ നാട്ടിലോട്ട് തിരിച്ചു വിടാൻ റെഡിയായിരിക്കുമ്പോൾ ദേ കിടക്കുന്നു മുന്നിൽ ഒരു ബോർഡ്. പൂക്കോട് തടാകം 2 കിലോമീറ്റര് എന്ന്. ദൈവമേ എന്തൊരു പരീക്ഷണം. നിക്കണോ അതോ പോണോ ? എന്തായാലും ഇത്രടം വരെ എത്തിയില്ല ഇനി കേറീട്ടു തന്നെ പോകാം. വണ്ടി ആ കണ്ട ബോർഡിന് പുറകെപ്പോയി. പൂക്കോട് തടാകത്തിൽ പണ്ടെങ്ങോ വന്നതാണ്. ഒരു കോളേജ് ടൂറിന്റെ ഭാഗമായി , പിന്നെ സ്ഥിരം ബാംഗ്ലൂര് നിന്നും വരുമ്പോ ഈ വഴി വരാറുണ്ടായിരുന്നെങ്കിലും ഇവിടെ കയറിയിട്ടെ ഇല്ല. കോവിഡാനന്തരം പൂക്കോട് തുറന്നിട്ട് കാലം കുറച്ചേ ആയുള്ളൂ. എങ്കിലും കുട്ടികൾക്കും , പ്രായം ചെന്നവർക്കും ആരോഗ്യസുരക്ഷ പരിഗണിച്ച് ഇങ്ങോട്ടു പ്രവേശനം ഇല്ല. കുട്ടികളുമായി വന്നവരെ ഗാർഡ്‌സ് തിരിച്ചു വിടുന്നത് കണ്ടു. പൂക്കോട് അധികം ആൾക്കൂട്ടമില്ലാത്ത സ്ഥലങ്ങളിൽ മാറി നിന്ന് ഞങ്ങൾ തടാക ഭംഗി ആസ്വദിച്ചു. പിന്നെ തടാകക്കരയിലൂടെ ചുമ്മാ നടന്നു. 

അയ്യോ സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. മാമന്റെ വീട്ടിലെ വിരുന്ന് ..!? ഇനിയിപ്പോ എങ്ങനെ പോയാലും ഒരു നാലഞ്ച് മണിയാകാതെ വീടെത്തില്ല. 'അമ്മ കലിപ്പ് കബൂറ് സീനാക്കിയാലോ. രണ്ടും കൽപ്പിച്ച് സുമതിക്കുട്ടിയെ  ഫോൺ വിളിച്ചു. ഞങ്ങൾ രണ്ടുപേരും ബാങ്കിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ ചെറുതായി വഴിതെറ്റി ഇങ്ങ് വയനാട് എത്തിയകാര്യം ഉണർത്തിച്ചു. ഭാഗ്യം അമ്മ തങ്കമ്മയല്ല , പൊന്നമ്മയാ. വഴക്കൊന്നും   പറഞ്ഞില്ല ,  ന്നാ പിന്നെ സമയം കളയാതെ മക്കള് വീട് പിടിക്കാൻ നോക്കെന്ന് പറഞ്ഞു. അങ്ങനെ പൂക്കോട് നിന്നും തിരിച്ചുള്ള യാത്ര തുടങ്ങി. പൂക്കോട് തടാകത്തിന്റെ പാർക്കിങ് ലോട്ടിനടുത്ത് ഒരു നഴ്സറിയുണ്ട്. മദർ എർത്ത് എന്ന പേരിൽ. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന ഒരു ചേട്ടനാണ് അതിന്റെ പ്രൊപ്രൈറ്റർ. ഒരുപാട് വെറൈറ്റി ചെടികളും , പച്ചക്കറിയിനങ്ങളും വളരെ കുറഞ്ഞ വിലയിൽ കിട്ടും , കൂടെ ഫ്രീയായി കൃഷി രീതികളെക്കുറിച്ചുള്ള പരിജ്ഞാനവും. സാധനം വാങ്ങി അതിന്റെ പരിപാലനത്തിലോ , നടുന്നതിനെക്കുറിച്ചോ എന്തേലും ഡൌട്ട് ഉണ്ടേൽ അവരുടെ വാട്സാപ്പ് നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി , എല്ലാ സംശയദൂരീകരണത്തിനും ചേട്ടൻ റെഡിയാണ്. ഞങ്ങൾ കുറെ നേരം സംസാരിച്ചു. ചേട്ടൻ ആളൊരു സഞ്ചാരിയാണ്. ഇന്ത്യയിലെ പല സ്ഥലങ്ങളിൽ പോയിട്ടുണ്ട്. മോനെ നേരെ ചൊവ്വേ കാണാൻ കിട്ടാതിരുന്നപ്പോ  അവസാനം വീട്ടുകാര് പിടിച്ചങ്ങ് കെട്ടിച്ചു. അങ്ങനെ ഇപ്പൊ വയനാട് സെറ്റിൽഡായി. അവിടുന്ന് കുറെ ചെടികളും വാങ്ങി വണ്ടിയിൽ വച്ച് ഞങ്ങൾ തിരിച്ചു ചുരമിറങ്ങി. 

തിരിച്ച് വീടെത്തിയപ്പോ സമയം നാലരയായി. എല്ലാരും ഞങ്ങളെ കാത്ത് പോസ്റ്റായിരിക്കുകയായിരുന്നു. ഇതിപ്പോ പണ്ട് ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ മീൻ മേടിക്കാൻ പോയപോലെയായി. തൽക്കാലം സുമതിയമ്മയെ വാങ്ങിയ ചെടിച്ചട്ടികൾ കാണിച്ച് കൂളാക്കി. താമരശ്ശേരി ടൗണിൽ കേറിയപ്പോ മുന്നിൽ കണ്ട വയനാട് റോഡാണ് എല്ലാത്തിനും കാരണമായത്. ആ റോഡിന്റെ അറ്റം അങ്ങ് നീളുന്നത് മൈസൂർ വഴി ബാഗ്ലൂർലേക്കാണ് എന്ന കാര്യം ആ സമയത്ത് ഓർമ്മയിൽ വരാഞ്ഞത് നന്നായി. അല്ലേലും എല്ലാത്തിനും അതിന്റെതായ  സമയമുണ്ടല്ലോ ദാസാ ..അല്ലെ ?

- ശുഭം-


Wednesday, July 8, 2020

കൊറോണക്കാലം ഒരു അവലോകനം

Covid


" അല്ല ദിനേശാ , എന്തെന്നാ ഈ ക്വാറന്റീൻ !? "

" അത് കണാരേട്ടാ , ഈ കൊറോണ ഇള്ള ആള്ക്കാര് , അല്ലേൽ അയിന്റെ ലക്ഷണൊക്കെ  ഇള്ളോല്  ബാക്കി മൻഷൻമാര്ക്ക് അത് പകരാതിരിക്കാൻ പൊരേല് അടച്ചിട്ടിരിക്ക്ന്ന പരിപാട്യാണ് ക്വാറന്റീൻ "

" അത് ശരി. ഇവര്ക്കൊക്കെ  എന്തിനാ ഈനെ ഇത്തറ പേടി ? കൊറോണ അങ്ങ് വന്ന് പോട്ടേന്ന്, മ്മക്ക് ഈ പനിയൊക്കെ വരുമ്പോലെ. ഇനിക്ക് ഇതൊന്നും ഒരു പേടിയും ഇല്ല, ഹല്ല പിന്നെ "  

കണാരേട്ടനും, ദിനേശനും പീട്യേക്കോലായിൽ  തോളത്ത് കൈയൊക്കെയിട്ട് 'സാമൂഹിക അകലം' പാലിച്ചിരുന്നു സൊറ പറയുകയാണ്. മാസ്‌ക്കൊക്കെ ഇട്ടിട്ടുണ്ട് രണ്ടാളും. ന്നാലത്‌ താടിയിലും കഴുത്തിലും ആണെന്ന് മാത്രം.

**********************************************

ലോക്ക്ഡൗൺ ’, ‘ ക്വാറന്റീൻ ’ :- കഴിഞ്ഞ മൂന്നുനാലു മാസക്കാലയളവിൽ നമ്മൾ പഠിച്ച പുതിയ വാക്കുകളാണിവ. കൊറോണ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിച്ചോടിക്കാൻ ശ്രമിച്ചിട്ടും വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന അശ്രീകരം. വലിയവനെന്നു സ്വയം മേനി നടിച്ചുകൊണ്ടിരുന്ന നമ്മളെയൊക്കെ കണ്ണുകൊണ്ടു കാണാനുള്ള വലിപ്പം പോലുമില്ലാത്ത ഒരു സൂക്ഷ്മാണു മുട്ടുകുത്തിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.

അങ്ങനെ മൂന്നുനാല് മാസങ്ങൾക്ക് ശേഷം നാട്ടിൽ ഒന്നുപോയി വന്നു. ട്രെയിനും , ബസ്സും ഓടിത്തുടങ്ങിയെങ്കിലും വഴിയെപ്പോകുന്ന കൊറോണയെ ഇങ്ങോട്ടു വിളിച്ചുവരുത്തണ്ടാലോന്നു കരുതി തിരുവനന്തപുരത്തു നിന്ന് ഡ്രൈവ് ചെയ്താണ് പോയത്. പൊതുജനസമ്പർക്കം പരമാവധി ഒഴിവാക്കാനായി കഴിക്കാനുള്ള ഭക്ഷണവും വെള്ളവുമൊക്കെ കൈയിൽ കരുതിയാണ് യാത്ര ചെയ്തത്. ഒരു പത്തു മണിക്കൂറോളമെടുത്തു നാടെത്താൻ. നാലഞ്ചു ദിവസം നാട്ടിൽ ചെലവഴിച്ച് വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചു. വഴിയിലൊക്കെ ആളുകൾ നിരത്തിൽ ഇറങ്ങിത്തുടങ്ങിയിരിക്കുന്നത് കാണാമായിരുന്നു. ചായക്കടകളിൽ കൂട്ടം കൂടി നിന്ന് ചായകുടിക്കുന്നവർ, കടത്തിണ്ണയിൽ ചുമ്മാ ഇരുന്നു വർത്താനം പറയുന്നവർ. സാമൂഹിക അകലമൊക്കെ പലരും മറന്നു തുടങ്ങിയിരിക്കുന്നു. എല്ലാം ഒരു പ്രഹസനമെന്ന കണക്കെ.

നാല് മാസത്തോളമായി തിരുവനന്തപുരത്ത് ഇങ്ങനെ അടച്ചിരിക്കാൻ തുടങ്ങിയിട്ട്. സാധാരണയായി ഓഫീസിൽ പോകാൻ മടിപിടിച്ചിരിക്കുമായിരുന്നു. എന്നാൽ ഇപ്പൊ എങ്ങനെയേലും ഓഫീസ് തുറന്നിരുന്നേൽ എന്നാണ് ആലോചന. ഇടയ്ക്കൊന്ന് തുറന്നിരുന്നു എന്നാൽ സമീപ പ്രദേശം കണ്ടൈൻമെൻറ് സോണായതിനാൽ വീണ്ടും അടച്ചു. ലോക്ക് ഡൗൺ കാലത്തെ ഒറ്റക്കുള്ള ജീവിതം പരമ ബോറായിത്തുടങ്ങിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ലോക്ക് ഡൗൺ  രണ്ടു വശമുള്ള നാണയമാണ്. ഒരു വശത്ത് ഇൻഡിപെൻഡന്റ് ആയി ജീവിച്ചു പഠിക്കാനുള്ള അവസരം കൈ വന്നിരിക്കുന്നു. പുതിയ ഹോബികളും, ശീലങ്ങളും വളർത്താനുള്ള അവസരം, ഒപ്പം ജോലിത്തിരക്കുകളിൽ നിന്നുള്ള ചെറിയൊരു ഇടവേളയും. എല്ലാം സ്വയം ചെയ്തു പഠിക്കാൻ കഴിയുന്നു. ഒറ്റക്ക് ജീവിക്കുന്നു, ഒറ്റക്ക് ഭക്ഷണം പാകം ചെയ്യുന്നു. സ്വയം മനസ്സിലാക്കാനും, സ്വയം സ്നേഹിക്കാനും പഠിക്കുന്നു. സമൂഹ ജീവിയിൽ നിന്നും, നാല് ചുമരുകൾക്കിടയിലേക്ക് ഒതുങ്ങിയ  മാറ്റം തുടക്കത്തിൽ ഉൾക്കൊള്ളാൻ പലർക്കും പ്രയാസമായിരിക്കാം. ജീവിതം അങ്ങനെയാണ്. അത് നമ്മളെ ഒരിക്കലും ചിന്തിക്കാത്തിടത്തു കൊണ്ടെത്തിക്കുന്നു. 

എന്നാൽ മറുവശത്ത് , തൊഴിൽ നഷ്ടപ്പെട്ടവർ, കൂലിയില്ലാത്ത ദിവസ വേതനക്കാർ, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവർ, എല്ലാം നഷ്ട്ടപെട്ട് ജന്മനാട്ടിലേക്കുള്ള പ്രയാണത്തിനിടെ റെയിൽവേ ട്രാക്കുകളിലും, നടുറോഡുകളിലും ജീവിതം ഹോമിച്ചവർ, കുടുംബത്തിൽ നിന്ന് അകന്നു  കഴിയേണ്ടി വരുന്നവർ, മാസങ്ങളായി നാട് കണ്ടിട്ടില്ലാത്തവർ, ഉള്ളതെല്ലാം വിറ്റുപെറുക്കി വലിയ പ്രതീക്ഷയിൽ വിദേശത്തേക്ക് വിമാനം കയറി അവസാനം ഒന്നുമില്ലാതെ തിരിച്ചു വരേണ്ടി വരുന്ന പ്രവാസികൾ, ഒറ്റപ്പെട്ടുപോയ, ബംഗാളികൾ എന്ന് നമ്മൾ വിളിക്കുന്ന അതിഥി തൊഴിലാളികൾ. ലോക്ക്ഡൗണിന്റെ മറുവശം അത്യന്തം ശോകമൂകമാണ്. ഇതിനിടയിൽ കമ്മ്യൂണിറ്റി കിച്ചണിലെ ചോറും സാമ്പാറും പോരായെന്നു വാശിപിടിച്ച അതിഥി തൊഴിലാളികൾക്ക് ഇഷ്ട ഭക്ഷണം എത്തിച്ചു കൊടുക്കാനോടുന്ന മലയാളി ഒരുവശത്ത്, എന്നാൽ മണലാരണ്യത്തിലെ ലേബർ ക്യാമ്പുകളിൽ കുബ്ബൂസും , പച്ചവെള്ളവും കുടിച്ചു വയറു നിറക്കുന്ന  മലയാളി മറുവശത്ത്. 

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍ ”- ലോകം കീഴ്മേൽ മറിയുകയാണ്. മലയാളികൾ പുതിയ ശീലങ്ങൾ പഠിച്ചു തുടങ്ങിയിരിക്കുന്നു. പണ്ട് ചെറിയൊരു തുമ്മൽ വന്നാൽ പോലും മൾട്ടി സ്പെഷയാലിറ്റി ആശുപത്രിയികളിലേക്ക്  ഓടിയവർ  ഇന്ന് ആശുപത്രികളെ  ആവശ്യത്തിനുമാത്രം ഉപയോഗിക്കിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. പലരും ആദ്യമായി പ്രൈമറി ഹെൽത്ത് സെന്ററുകളെയും മറ്റും ആശ്രയിച്ചും തുടങ്ങിയിരിക്കുന്നു.

പുതിയ സാമ്പത്തിക ശീലങ്ങളും നമ്മൾക്കിടയിലേക്ക് വേരൂന്നിയിരിക്കുന്നു. ഒന്നോ രണ്ടോ മാസം വരുമാനമില്ലാതായാൽ എന്തുചെയ്യണമെന്ന് വരെ നമ്മളിൽ പലരും ചിന്തിച്ചു പ്ലാൻ ചെയ്ത് തുടങ്ങിയിട്ടുണ്ട്. പഴയ കാലത്തേതുപോലെ അടുക്കളത്തോട്ടങ്ങൾ വീണ്ടും മുളച്ചുപൊങ്ങി. പലരും ജൈവ കൃഷിയിലേക്ക് കടന്നു. ചക്കയായിരുന്നു നമ്മുടെ പ്രധാന ഇര. പ്ലാവിന്റെ തടിയൊഴികെ എല്ലാം നമ്മളെടുത്തു കറിയും , തോരനും വച്ചു. എന്തായാലും  തമിഴന്റെ പച്ചക്കറിവണ്ടി അതിർത്തികടന്നെത്തിയില്ലേലും രണ്ടുമൂന്നാഴ്ച്ചയൊക്കെ ഇനി നമുക്ക് പിടിച്ചു നിൽക്കാം എന്ന് തോന്നുന്നു. വീട്ടിൽ വെറുതെയിരുന്ന് പലരും കുക്കിങ്ങും, ബോട്ടിൽ ആർട്ടും , ചിത്രം വരക്കാനും പഠിച്ചു. സ്‌കൂൾ ക്‌ളാസുകൾ ഓൺലൈനായി. മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കേരളത്തിൽ മദ്യത്തിന്റെ ഉപഭോഗം പണ്ടത്തേതിനേക്കാൾ ഒത്തിരി കുറഞ്ഞു എന്നത് ആശ്വാസകരമാണ്. അതിനിടയിൽ വന്ന BEVQ ആപ്പ് , പലരെയും ആപ്പിലാക്കി. മുടിയും , താടിയും നീട്ടിവളർത്തിയ ന്യൂജൻ പിള്ളേരെ കുറ്റം പറഞ്ഞവർ പോലും , ബാർബർ ഷോപ്പുകളിൽ കയറാനുള്ള പേടിയിൽ  ഹിപ്പിയും , ഫ്രഞ്ച്  ബിയേർഡും ആയി നടക്കാൻ തുടങ്ങി. ഒരു ചെറിയ വൈറസ് വന്നാൽ മാറി മറയുന്നതാണീ ലോകം എന്ന വലിയ പാഠം നാമോരോരുത്തരും പഠിച്ചു. 
ലോക നേതാവെന്നഹങ്കരിച്ച അമേരിക്ക വരെ വൻ സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിഞ്ഞു. രണ്ടു മാസം അടച്ചിട്ടാൽ തീരാവുന്നതേയുള്ളൂ ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വം. ലോക സമവാക്യങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ലോകത്തെ മലിനീകരണ തോത് കുറഞ്ഞു എന്നുള്ളതാണ് ഇക്കാലയളവിൽ ആശ്വാസത്തിന് വകനൽകുന്ന മറ്റൊരു കാര്യം. തൽഫലമായി ഓസോൺ പാളിയിലെ വിള്ളലുകൾ പലതും അടഞ്ഞു എന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

സൂപ്പർ ഹീറോസ് എന്നാൽ നമക്കിക്കാലമത്രയും സൂപ്പർ മാനും, സ്പൈഡർ മാനും ഒക്കെയായിരുന്നു. എന്നാൽ പുതിയൊരുകൂട്ടം സൂപ്പർ ഹീറോകളെയാണ് നമ്മളീ കോവിഡ് കാലത്തു കണ്ടത്. ഡോക്ടർമാരും , നേഴ്‌സുമാരുമടങ്ങിയ ആരോഗ്യ പ്രവർത്തകരായിരുന്നു അവർ. സ്വന്തം ആരോഗ്യത്തെയും , കുടുംബത്തെയും മാറ്റിനിർത്തിക്കൊണ്ടു അവർ നമുക്കുവേണ്ടി കൊറോണയെ നേരിടുന്നു. PPE കിറ്റിനുള്ളിലെ ചൂടിൽ ഉരുകിയൊലിച്ചു കൊണ്ട്  രാത്രിയും പകലുമെന്നില്ലാതെ അവർ ഡ്യൂട്ടി ചെയ്യുന്നു. എന്നാൽ കോവിഡ് കാലം കഴിഞ്ഞാൽ പതിവുപോലെ നമ്മൾ അവരെ മറക്കും. വെളുത്ത കുപ്പായമണിഞ്ഞ മാലാഖമാരുടെ വീട്ടിൽ അടുപ്പെരിയുന്നുണ്ടോ എന്ന ചോദ്യം വീണ്ടും അവശേഷിക്കും. നിപ്പാനന്തരം സംഭവിച്ച കാര്യങ്ങൾ നമുക്കറിവുള്ളതാണ്. എന്തൊരു നന്ദികെട്ട ലോകം.

കോവിഡ് കാലത്തെ സുത്യർഹസേവനത്തിന്  ഓർമ്മിക്കപ്പെടേണ്ട മറ്റൊരു കൂട്ടരാണ് നമ്മുടെ സ്വന്തം പോലീസുകാർ. പൊരിവെയിലത്തും, മഴയത്തും കൊറോണയെക്കാൾ ഭീകരരായ കൊറേയെണ്ണത്തിനെ സാമൂഹിക അകലം പാലിക്കാനും, വീട്ടിലിരിക്കാനും പഠിപ്പിച്ച പോലീസുകാർ പ്രത്യേകം കയ്യടി അർഹിക്കുന്നു. സുഹാസിനേയും , നൂഹിനെയും , അദീല അബ്‌ദുള്ളയെയും പോലെയുള്ള ജില്ലാധികാരികളും ശ്രദ്ധേയമായ സംഭവനകളാൽ വേറിട്ടുനിന്നു. ലോക്ക്ഡൗൺ കാലത്ത്  നമ്മളെല്ലാം സുരക്ഷിതരായി വീട്ടിൽ ഇരുന്നപ്പോഴും, നമുക്ക് വേണ്ടി ജോലിക്കിറങ്ങിയ, മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ പോയ ചിലരുണ്ട്. മുകളിലത്തെ സൂപ്പർ ഹീറോസിന്റെ താഴെയോ അതല്ലെങ്കിൽ അവർക്കൊപ്പമോ പ്രതിഷ്ഠിക്കപ്പെടേണ്ടവർ. കൊറോണ ഭയം ഉണ്ടായിരുന്നിട്ടും നമുക്കുവേണ്ടി പച്ചക്കറി , പലവ്യഞ്ജനക്കടകൾ തുറന്നിട്ടവർ, അന്യദേശത്തു ഒറ്റപ്പെട്ടുപോയവരെ ഊട്ടിയ ഹോട്ടലുകാർ, ഡെലിവറി ബോയ്സ് , കോവിഡ് വളണ്ടിയർമാർ, പെട്രോൾ പമ്പ് ജീവനക്കാർ,  IT ജീവനക്കാർ , ബാങ്ക് എംപ്ലോയീസ്. അങ്ങനെ നാം വീട്ടിൽ ഇരുന്നപ്പോഴും നമുക്കുവേണ്ടി  റോഡിലിറങ്ങിയ എത്രയോപേർ. ഒപ്പം സാമൂഹിക അകലം പാലിച്ചും , പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നുകൊണ്ടും നമ്മളോരോരുത്തരും സൂപ്പർ ഹീറോകളായി. ഇതിന്റെകൂടെ  ഇച്ഛാശക്തിയുള്ള ക്രിയാത്മക ഭരണ നേതൃത്വവും ചേർന്നപ്പോൾ കേരളം ലോകത്തിനു തന്നെ അഭിമാനമായി മാറി. ലോകമാധ്യമങ്ങൾ നമ്മളെ വാഴ്ത്തി. മറ്റിടങ്ങളിൽ കോവിഡ് നിരക്കുകൾ റോക്കറ്റുപോലെ ഉയർന്നപ്പോഴും, കേരളത്തിൽ കാഷ്വാൽറ്റി നിരക്ക് കുറക്കാൻ നമ്മുടെ സൂപ്പർ ഹീറോസിന് സാധിക്കുന്നു. 

ലോക്ക്ഡൗൺ നിബന്ധനകൾ കുറച്ചുകൊണ്ട് രാജ്യം പഴയ സ്ഥിതിയിലേക്ക് മാറാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൊറോണ കേസുകൾ കൂട്ടുന്നുണ്ടങ്കിലും ഇനിയുമേറെക്കാലം അടച്ചിടുന്നത് രാജ്യത്തിന്റെയും , സംസ്ഥാനങ്ങളുടെയും ധനസ്ഥിതിക്ക് അഭികാമ്യമല്ല.  അൺലോക്ക് നിർദേശങ്ങൾ ഇതിനകം വന്നുകഴിഞ്ഞു, എന്നാൽ ലോക്ക്ഡൗൺ  എടുത്തുകളയുക എന്നാൽ, കൂട്ടത്തോടെ വെളിയിലിറങ്ങാനുള്ള സ്വാതന്ത്രമല്ല എന്ന് നാം മനസ്സിലാക്കണം. കൊറോണയോടൊപ്പം ജീവിക്കലാണ് ഇനിയുള്ള വെല്ലുവിളി. സാമൂഹിക അകലം പാലിച്ചും, വ്യക്തിശുചിത്വം പാലിച്ചും മുന്നോട്ടുപോയില്ല എങ്കിൽ നമ്മെ കാത്തിരിക്കുന്നത് വലിയൊരു ദുരന്തമാകും. എല്ലാ കരിനിഴലുകളും മാറി പുതിയൊരാകാശം നമുക്ക് മുന്നിൽ തുറക്കുന്ന ദിനങ്ങൾക്കായി കാത്തിരിക്കാം. 

**********************************************

ഫോൺ നീട്ടി ബെല്ലടിക്കുന്നു, ഇതാരാണാവോ ഈ നട്ടപ്പാതിരക്ക്. 

" ഹാലോ ദിനേശനല്ലേ ?, ഞാൻ മെംബറാ "

" എന്താ മെമ്പറെ ഈ നട്ടപ്പാതിരക്ക് ? "

" കുന്നുമ്മലെ കണാരേട്ടൻ കൊറോണ പിടിച്ച് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആണ്. കാര്യം ഒരിച്ചിരി സീരിയസ്സാ, വെന്റിലേറ്റർ വച്ചാണ് ഇപ്പൊ ജീവൻ നിലനിർത്തുന്നത്. അയാളുമായിട്ടുള്ള പ്രൈമറി കോൺടാക്ട് നിങ്ങൾ ഒരാള് മാത്രമാണ്.  വീട്ടീന്ന് പുറത്തിറങ്ങരുത്. ഒരു ആംബുലൻസ് അങ്ങോട്ട് അയക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ പോയി ഒന്ന് കോവിഡ് ടെസ്റ്റ് ചെയ്യണം "

" ഹലാക്കിലെ അവിലുംകഞ്ഞി, ഏതു നേരത്താണ് പടച്ചോനേ അങ്ങാടീലേക്ക് എറങ്ങാൻ തോന്നിയത്, പൊരേൽ തന്നെ ഇര്ന്നാ മത്യാര്ന്ന് ..!! "

ആ സമയം, കഴുത്തിൽക്കെട്ടി അഴിച്ചിട്ട മാസ്ക്ക് വരാന്തയുടെ മൂലക്കിരുന്നു അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

- ശുഭം -

#breakthechain #stay_home_stay_safe #we_shall_overcome
Together we will survive..!!

Wednesday, April 1, 2020

അങ്ങനെ ഒരു കൊറോണക്കാലത്ത്



"ചേട്ടാ , പയറ് രണ്ടു കിലോ , പരിപ്പ് ഒരു കിലോ , ഒരു കിലോ അവിൽ , ഒരു കിലോ ശർക്കര , പിന്നെ രണ്ട് രാധാസും."

സ്ഥിരമായി കാൽക്കിലോ പയറും പരിപ്പും തികച്ചു വാങ്ങാത്ത ഞാൻ കിലോക്കണക്ക് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല ബില്ലടിക്കാനിരുന്ന ചേട്ടൻ എന്നെ അത്ഭുതപരതന്ത്രനായി ആകെയൊന്നു നോക്കി.

"അത് പിന്നെ സേട്ടാ , കൊറോണയൊക്കെയല്ലേ, പോരാത്തതിന് ലോക്ക് ഡൗണും, ഒന്ന് രണ്ടാഴ്ചത്തേക്കുള്ളത് ഇരിക്കട്ടേന്ന് കരുതി"
ബില്ല് വാങ്ങിയിറങ്ങുമ്പോൾ പുറകിൽ ഒരുമീറ്റർ ഇടവിട്ടു ക്യൂ  നിൽക്കുന്നവരുടെ ബഹളം അങ്ങ് ഉച്ചസ്ഥായിയിൽ എത്തിയിരുന്നു.

കേരളക്കരയിൽ എല്ലാവർഷവും എന്തെങ്കിലുമൊന്ന് ബ്രേക്കിംഗ് ന്യൂസാവാതെ പോയിട്ടില്ല. നിപ്പയ്ക്കും, രണ്ടുതവണ വന്നിട്ടുപോയ വെള്ളപ്പൊക്കത്തിനും ശേഷം ഇത്തവണത്തെ സ്പെഷ്യൽ കൊറോണയാണ്. കേൾക്കാൻ നല്ല ഇമ്പമുള്ള പേരാണെങ്കിലും, അളിച്ചിരി പെശകാണെന്നത് കാലം തെളിയിച്ചു കഴിഞ്ഞു. ചൈനയിൽ നിന്ന് പുറപ്പെട്ട് ഇറാനിലും , ഇറ്റലിയിലും സുഖവാസം കഴിഞ്ഞു പുള്ളി ഇപ്പൊ കേരളത്തിൽ എത്തിയിരിക്കുന്നത്രെ.

എന്തായാലും ഓഫീസ് അടച്ചു. തിരുവനന്തപുരത്തു കൊറോണക്കാലത്ത്  ഒറ്റയ്ക്ക് താമസിച്ചു കൊണ്ട്  അതിജീവിക്കാൻ  ബുദ്ധിമുട്ടാണെന്ന് മനസ്സുപറഞ്ഞു. എന്നാൽ വീട്ടിൽ പോയേക്കാം എന്നും കരുതി ബാഗും പാക്ക് ചെയ്തു നിൽക്കുകയായിരുന്നു ഞാൻ. സഹ പണിയനായ കിരൺ എന്തായാലും നാട്ടിൽ പോകാൻ പ്ലാൻ ഇട്ടു കഴിഞ്ഞു, അവന്റെ കൂടെ പോകാമെന്നു ഞാനും കരുതി.  കൊറോണയെ ഇങ്ങോട്ടു വിളിച്ചുവരുത്താതിരിക്കാനും, മറ്റുള്ളവർക്ക് ദാനം കൊടുക്കാതിരിക്കാനും വേണ്ടി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ വഴിയിലെവിടെയും നിർത്താതെ വണ്ടി ഓടിച്ചു പോകാമെന്നാണ് കരുതിയത്. യാത്രക്കുള്ള ഫുൾ ഡേയ് മീലും , വെള്ളവും എല്ലാം തന്നെ പാക്ക് ചെയ്തിരിക്കുമ്പോഴാണ്  ഇടിത്തീപോലെ ലോക്ക് ഡൗൺ അനൗൺസ്‌മെന്റ് വന്നത്. ഒപ്പം ഹെഡ് ക്വാർട്ടേഴ്‌സ് വിട്ടു പുറത്തു പോകരുതെന്ന് ഓഫിസിൽ നിന്നുള്ള ഓർഡറും. ഇനിയിപ്പം എന്ത് ചെയ്യാനാ, വല്ലോം വെച്ചുണ്ടാക്കി ഇവിടെ തന്നെയങ്ങു കൂടുക. അത്ര തന്നെ. എന്തായാലും നാടിനു വേണ്ടിയല്ലേ, നാട്ടുകാർക്ക് വേണ്ടിയല്ലേ. വീട്ടിലെ ചുമരിലെ ഫോട്ടോ ഫ്രയിമിൽ കേറുന്നതിലും നല്ലതു കുറച്ചീസം അടങ്ങി ഒതുങ്ങി നിൽക്കുന്നതല്ല ?

അങ്ങനെ ആ വിജ്രംഭിത വൈകുന്നേരത്തിൽ മാർജിൻ ഫ്രീയിൽപ്പോയി ഒന്ന് രണ്ടാഴ്ചത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങി വച്ചു. വീട്ടിൽ പ്രധാനമായും കുക്കിങ് നടക്കുന്നത് വീക്ക് എൻഡിലാണ്. അല്ലാത്ത ദിവസങ്ങളിൽ പകൽ ഓഫീസിൽ നിന്ന് കഴിക്കും. രാത്രി വല്ല ഓട്സോ, കോൺ ഫ്ലാക്‌സോ, ബ്രെഡ് ഓംലെറ്റോ വച്ചങ്ങു അഡ്ജസ്റ്റ് ചെയ്യും.  "ഓ ..!, കുട്ടി മോഡേൺ ഡയറ്റ് ആണല്ലേ ഫോളോ ചെയ്യുന്നത് ? " എന്ന് ഡൌട്ട് അടിച്ചെങ്കിൽ തെറ്റി. അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. വേറൊന്നുമല്ല ഓഫിസിൽ നിന്ന് വന്നതിനു ശേഷം ഫുഡ് ഉണ്ടാക്കാനുള്ള മടി ഒന്നുകൊണ്ടു മാത്രമാണ് ഇപ്പരിപാടി.

ലോക്ക് ഡൗൺ ദിനങ്ങൾ അഞ്ചെട്ടെണ്ണം കഴിഞ്ഞു. ഒറ്റക്കിരുന്നു ബോറടിച്ചു തുടങ്ങി. ലാപ്ടോപ്പിലെ മൂവി ഫോൾഡർ പൊടി തട്ടിയെടുത്തു. സിനിമ കാണലും , വീട്ടിൽ ഫോൺ വിളിക്കലും, ഫുഡ് അടിക്കലുമല്ലാതെ വേറെ ഒരു പണിയുമില്ല. സമയം കൊല്ലാൻ ഇനി ഓപ്ഷനുകൾ ഒന്നുമില്ല. ബോറടി ജീവിതത്തിൽ അല്പമൊരാശ്വാസം കുക്കിങ് ആണ്. പുതിയ പരീക്ഷണങ്ങൾ ഓരോന്നോരോന്നായി നടത്തി നോക്കി. എന്തായാലും ശൈശവാവസ്ഥയിലുള്ള എൻ്റെ കുക്കിങ്  സ്‌കിൽസ് അൽപ്പം മെച്ചപ്പെടാൻ  ഈ ലോക്ക് ഡൗൺ പീരീഡ് സഹായകമായി എന്ന് പറഞ്ഞാൽ തെറ്റില്ല. എന്നാലും ഡെയിലി മൂന്നു നേരത്തെ ഭക്ഷണം പാകം ചെയ്യുന്നത് ഇച്ചിരി പാടുള്ള പണിതന്നെയാണ്. വീട്ടിൽ ദിവസവും മൂന്നുനേരം വെച്ചുവിളമ്പുന്ന അമ്മയെ സമ്മതിച്ചു കൊടുത്തേ മതിയാവൂ. ഇത്തരം വെളിപാടുകളുടെ ദിനങ്ങൾ കൂടിയാണ് കടന്നു പോയത്.

കൊറോണക്കാലത്തു കൂട്ടം കൂടി പാത്രം മുട്ടി ഘോഷയാത്ര നടത്തി, അങ്ങ് നോർത്ത് ഇന്ത്യയിൽ. ബിവറേജിൽ കൂട്ടം കൂടി ക്യൂ നിന്ന് അടിയുണ്ടാക്കിയും, കൊറോണയെ വഴിയിൽ ചെന്ന് വിളിച്ചോണ്ട് വരാൻ, ലോക്ക് ഡൗൺ കാലത്തു വണ്ടിയുമെടുത്തു റോട്ടിൽ ഇറങ്ങിയും, ഹോം ക്വാറന്റീനിൽ കിടന്നു ബോറടിച്ചപ്പോൾ ബന്ധുക്കളെ കാണാൻ നാട്ടുമൊത്തം കറങ്ങിയും, നമ്മൾ മലയാളികളും മാതൃകയായി. പ്രളയക്കാലത്തു ഹെലികോപ്റ്ററിൽ ലിഫ്റ്റ് അടിച്ച ടീമാണ്. ഇങ്ങനെയൊന്നും കാണിച്ചു കൂട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നാടുമൊത്തം കറങ്ങി നടന്നിരുന്ന സോ കോൾഡ് റൈഡേഴ്‌സ് ത്രോ ബാക്ക് പിക്‌സ് പോസ്റ്റ് ചെയ്തു ആത്മനിർവൃതി കണ്ടെത്തി. വർക്ക് ഫ്രം ഹോം എന്നാൽ വീട്ടിലെ വർക്ക് ചെയ്യൽ ആണോയെന്ന് ടെക്കികൾ. കോൺഫറൻസ് കോളിൽ പിള്ളേരെയും കൂടെ കൂട്ടി ചിലർ. പലരും വീട്ടിലെ അടുക്കള ആദ്യമായി കണ്ടതുപോലെയാണ്. മുൻപ് ശ്രദ്ധിക്കാൻ സമയം കിട്ടാഞ്ഞതുകൊണ്ടാവും. മാരീ ഗോൾഡിലെ തുളയെണ്ണിയും, മാഗീ നൂഡിൽസിന്റെ മടക്ക് നിവർത്തിയും പലരും സമയം കളഞ്ഞു. സീരിയലുകൾ നിർത്തിയതിനാൽ അമ്മായിയമ്മപ്പോരിനും, കുശുമ്പുപറച്ചിലിനും ഇച്ചിരി കുറവ് വന്നിട്ടുണ്ട് നാട്ടിൽ. അല്ലേൽ പടിപ്പുരവീട്ടിലെ പദ്മാവതിയും,  ദീപ്തി IPS -ഉം,  ജാനിക്കുട്ടിയുമൊക്കെയായിരുന്നു വീട്ടമ്മമാരുടെ വൈകുന്നേരങ്ങളിലെ ചിന്താ വിഷയം.

ഇന്ന് എൻ്റെ ജന്മദിനമാണ്. സാധാരണ പിറന്നാൾ ആഘോഷങ്ങൾ പതിവില്ലെങ്കിലും ഒരു ഗ്ലാസ് പായസമോ , മധുരമോ അന്നേ ദിവസം കഴിക്കാറുണ്ട് . ലോക്ക് ഡൗൺ ആണെങ്കിലും ഇത്തവണ അതിനു മുടക്കമൊന്നും വരുത്തിയിട്ടില്ല. രാവിലെ ചായക്ക്  വാങ്ങിച്ച പാലിൽ , അടുക്കളയിൽ പകുതി ബാക്കിയുണ്ടായിരുന്ന പായസം മിക്സെടുത്തിട്ട്  അതങ്ങട് ഉണ്ടാക്കി. ഒറ്റക്കിരിക്കുമ്പോഴും , ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുമാണ് നമ്മൾ നമ്മളെ തിരിച്ചറിയുന്നതും, സ്വയം ഇഷ്ടപ്പെടുന്നതും. അങ്ങനെ ഇത്തവണത്തെ പിറന്നാൾ അത്തരം തിരിച്ചറിയലിന്റെ വേളകൂടിയായി മാറി. പിറന്നാൾ ആശംസകൾ നേർന്ന എല്ലാ പ്രിയപ്പെട്ടവരും ആ വേള ഒന്നുകൂടി മധുരതരമാക്കി മാറ്റി.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവരാണ് നമ്മൾ. നിപ്പയെ , കപ്പ പോലെ മൂടോടെ പിഴുതെടുത്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിനെ മനക്കരുത്തുകൊണ്ട് നേരിട്ടവരാണ്. ഇനി കൊറോണയല്ല അതുപോലത്തെ കൊറേയെണ്ണം വന്നാലും നമ്മള്  മുട്ടുമടക്കില്ല. 56 ഇഞ്ച് നെഞ്ചുകാരനും , ഇരട്ടച്ചങ്കനും മുന്നിൽനിന്ന് നയിക്കുമ്പോൾ നമ്മൾ എന്തിനു പേടിക്കണം. അതിജീവിക്കും ഇതിനെയും നമ്മൾ. സ്വയം സുരക്ഷിതരായി വീട്ടിൽ ഇരിക്കുകയും, അതുവഴി വഴി മറ്റുള്ളവരെ സുരക്ഷിതരാക്കി നിർത്തുകയും ചെയ്യുന്ന ഒരു വീരോചിത പ്രവൃത്തി തന്നെയാണ് അറിയാതെയാണെങ്കിലും നമ്മൾ ഓരോരുത്തരും ചെയ്യുന്നത്. അത് തുടരുക. സംസ്ഥാന - കേന്ദ്ര സർക്കാർ നിർദേശങ്ങൾ പാലിക്കുക. അനാവശ്യമായി വെളിയിൽ ഇറങ്ങാതിരിക്കുക. ലോക്ക് ഡൗൺ സമയം ക്രിയാത്മകമായി ചെലവഴിച്ചാൽ അനാവശ്യ  വിരസത ഒഴിവാക്കാനാകും. പഴയ ഹോബീസ് പൊടി തട്ടിയെടുക്കാം,  ഒപ്പം പഴയ പുസ്തകങ്ങളും. വായനാ ശീലം പുനരാരംഭിക്കാം, കുംടുംബത്തോടൊപ്പം മൊബൈലും, ടീവിയും മാറ്റിവച്ചു കഥ പറഞ്ഞിരിക്കാം. എല്ലാം നല്ലതിനാവട്ടെ.  ഈ സമയവും കടന്നു പോകും

 this too shall pass..!!


#breakthechain #stay_home_stay_safe #we_shall_overcome