1964 ഡിസംബർ 22 ലെ ഒരു തണുത്ത രാത്രി, പാമ്പൻ -ധനുഷ്കോടി പാസഞ്ചർ ട്രെയിനിലെ യാത്രക്കാർ പലരും പാതിയുറക്കത്തിലേക്ക് കടന്നിരുന്നു. പുറത്തു മഴപെയ്യുന്നുണ്ടെങ്കിലും അത് മറ്റേതുദിവസത്തേയും പോലെയാകുമെന്നവർ കരുതി. കാറ്റിൻ്റെ ശക്തി ചെറുതായി കൂടിവരുന്നു. ഉറക്കം തുടങ്ങിയവർ അതവരുടെ അവസാനമയക്കമാകുമെന്ന് ഒരിക്കലും കരുതിയില്ല. പിറ്റേന്ന് നേരം പുലർന്നപ്പോൾ മറ്റുള്ളവർ കേട്ടത് രാജ്യത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിന്റെ കഥയാണ്. ഒറ്റ രാത്രികൊണ്ട് ഒന്നുമല്ലാതായിത്തീർന്ന ഒരു പട്ടണത്തിന്റെ കഥയായിരുന്നു അത്. അതെ ധനുഷ്കോടിയുടെ കഥ. 1964 ലെ ചുഴലിക്കൊടുങ്കാറ്റ് കവർന്നെടുത്തത് ആയിരത്തി എണ്ണൂറോളം മനുഷ്യ ജീവനുകളായിരുന്നു. അതിൽ പാമ്പൻ -ധനുഷ്കോടി പാസഞ്ചർ ട്രെയിനിലെ 115 യാത്രക്കാരും ഉണ്ടായിരുന്നു. ദുരന്തനന്തരം ധനുഷ്കോടി ഒരു പ്രേതനഗരമായി മാറി. വാസയോഗ്യമല്ലാത്തതായി തമിഴ്നാട് സർക്കാർ ധനുഷ്കോടിയെ പ്രഖ്യാപിച്ചു.
പാമ്പൻ പാലവും കടന്നു രാമേശ്വരത്തു ചെന്നുകേറുമ്പോൾ ആദ്യം കണ്ണിലുടക്കുന്നതു ഒരു വലിയ ടവറാണ്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ദൂരദർശൻ ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗിന് ഉപയോഗിക്കുന്ന ഒരു ടീവി ടവറാണത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയാണത് 323 മീറ്റർ നീളമുണ്ടിതിന്.രാമേശ്വരത്ത് എവിടെനിന്നു നോക്കിയാലും കാണാവുന്നതാണ് ഈ ടവർ. രാമേശ്വരത്തും, ധനുഷ്കോടിയിലുമായിട്ടാണ് ഇനിയുള്ള രണ്ട് മൂന്നു ദിവസത്തെ യാത്ര. കേരളത്തിൽ നിന്നും ഇവിടേക്കെത്താനായി ഒട്ടനവധി മാർഗങ്ങളുണ്ട്. അതിൽ മധുരൈ ആണ് ഏറ്റവും അടുത്തുള്ളതും , സൗകര്യപ്രദവുമായ ഒരു പ്രധാന നഗരം. മധുരയിൽ നിന്ന് കൂടെക്കൂടെ രാമേശ്വരത്തേക്ക് ബസ് സർവീസുകൾ ഉണ്ട്. അതുമല്ലെങ്കിൽ മധുരയിൽനിന്ന് രാമനാഥപുരം വരെ ട്രെയിനിൽ വരാം. അവിടുന്നു ബസ്സുമാർഗം രാമേശ്വരത്തെത്താം. കുറച്ചുകാലം മുൻപ് വരെ പാമ്പൻ പാലം വഴി രാമേശ്വരത്തേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. 2023 മുതൽ അത് നിർത്തിവച്ചിരിക്കുകയാണ്. രാമേശ്വരത്തുനിന്നും ധനുഷ്കോടിയിലേക്ക് ഇരുപതു കിലോമീറ്ററോളമാണ് ദൂരം. ബസ്സോ, ഓട്ടോയോ, ജീപ്പോ പിടിച്ച് ഇവിടെ എത്താം.
വില്ലൂന്നി തീർത്ഥം
രാമേശ്വരത്ത് ഞങ്ങൾ ആദ്യം സന്ദർശിച്ചത് വില്ലൂന്ദി അഥവാ വില്ലൂന്നി തീർത്ഥമാണ്. രാമായണകാലത്ത് ദാഹിച്ച സീതക്കായി രാമൻ കടൽക്കരയിൽ വില്ലൂന്നി നിർമ്മിച്ച തീർത്ഥമാണത്രെ വില്ലൂന്നി. ഇവിടെ ഒരു കിണറുണ്ട്. അതിൽ നിന്നെടുക്കുന്ന തീർത്ഥത്തിനു ഒരേ സമയം മധുരവും, പുളിപ്പും ഉണ്ടാകുമത്രേ. രാമേശ്വരത്തു പലയിടത്തും ഇത്തരം കിണറുകൾ കാണാൻ സാധിക്കും. ആളുകൾ കുടിക്കാനായി ഉപയോഗിക്കുന്നത് ഇതിലെ വെള്ളമാണ്. കടലിനാൽ ചുറ്റപ്പെട്ടതാണെങ്കിലും ഇത്തരം കിണറുകളിലെ വെള്ളത്തിൽ ഉപ്പിൻറെ സാന്നിധ്യമില്ല.
കലാം മെമ്മോറിയൽ
ഇന്ത്യയുടെ മിസൈൽ മാനും, രാഷ്ട്രപതിയും ആയിരുന്നു Dr. A.P.J. അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം DRDO നിർമ്മിച്ച് 2017 -ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്ഘാടനം നിർവഹിച്ച ഒരു സ്മാരകമാണിത്. കലാമിന്റെ ശവകുടീരവും, അതിനോടനുബന്ധിച്ച ഒരു മ്യൂസിയവുമാണിവിടെ. കലാം ഉപയോഗിച്ചിരുന്ന ഒരുപാട് വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ശരിക്കും സന്ദർശകരെ പ്രചോദിപ്പിക്കുന്ന വിധമാണ് ഇതിന്റെ നിർമ്മാണം. ഇവിടെ കേറിയിറങ്ങുമ്പോൾ കലാമിന്റെ ജീവിതത്തിന്റെ ഒരു പൂർണരൂപം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ചും എടുത്തുപറയേണ്ടത് ഇതിന്റെ പരിപാലനമാണ്. ഒരു ഗ്ലോബൽ സ്റ്റാൻഡേർഡിലാണ് ഈ സ്മാരകം ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. മൊബൈലും, ബാഗുമൊന്നും ഇതിനകത്ത് പ്രവേശിപ്പിക്കുകയില്ല.
കലാം മെമ്മോറിയലിൽ നിന്നറങ്ങുമ്പോൾ ഏതോ ഒരു ചാരിറ്റി സംഘടനയിലേക്ക് സംഭാവന അഭ്യർത്ഥിച്ചുകൊണ്ട് ഒരു ചേച്ചി പുറകെക്കൂടി. പൈസ കൊടുത്താൽ അതവിടെത്തന്നെ എത്തുമോ എന്നറിയാത്തതിനാൽ ഞങ്ങൾ അവരെ പറഞ്ഞുവിട്ടു. കലാം മെമ്മോറിയലും പിന്നിട്ട ഞങ്ങൾ രാമേശ്വരത്തെ പ്രധാന കവലയിൽ എത്തി. ലക്ഷ്മണ തീർത്ഥവും, പഞ്ചമുഖി ഹനുമാൻ ക്ഷേത്രവും ഇവിടെയാണ് ഉള്ളത് .
ലക്ഷ്മണ തീർത്ഥം
രാമ-രാവണ യുദ്ധാനന്തരം തൻ്റെ പാപങ്ങൾ കഴുകിക്കളയാനായി ലക്ഷ്മണൻ സ്നാനം ചെയ്ത സ്ഥലം എന്നാണ് ലക്ഷ്മണ തീർത്ഥം അറിയപ്പെടുന്നത്. ഒരു കുളവും, സമീപത്തൊരു ക്ഷേത്രവുമുണ്ട്. വെയിലുകൊണ്ടു തളർന്നതിനാൽ ഞങ്ങൾ കുറെ നേരം അവിടെയിരുന്നു. ക്ഷേത്രത്തിനകത്തു നല്ല തണുത്ത കാറ്റുവീശുന്നുണ്ടായിരുന്നു. എണീറ്റുപോകാനേ തോന്നിയില്ല.
പഞ്ചമുഖി ഹനുമാൻ ക്ഷേത്രം
ലക്ഷ്മണ തീർത്ഥത്തിനടുത്തു തന്നെയാണ് പഞ്ചമുഖി ഹനുമാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ഹനുമാൻ ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററേ രാമേശ്വരത്തെ പ്രധാന ക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിലേക്കുള്ളൂ. അഞ്ച് മുഖങ്ങളുള്ള ഒരു വിഗ്രഹമാണിവിടുത്തെ പ്രത്യേകത. മധ്യത്തിൽ ഹനുമാനും, വശങ്ങളിൽ നരസിംഹം, വരാഹം, പാർശ്വങ്ങളിൽ ഹയഗ്രിവാ, ഗരുഡൻ എന്നിവയാണാ അഞ്ചുമുഖങ്ങൾ. ധനുഷ്കോടിയിയിലെ ചുഴലിക്കൊടുങ്കാറ്റിനുശേഷം അവിടുത്തെ തകർന്ന അമ്പലത്തിൽ നിന്നും കൊണ്ടുവന്ന രാമന്റെയും, സീതയുടെയും വിഗ്രഹങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. രാമായണകഥയിൽ പ്രതിപാദിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ നമുക്കിവിടെ കാണാൻ സാധിക്കും. ധനുഷ്കോടിയിൽ നിന്ന്, ലങ്കയിലേക്ക് പാലം പണിയാൻ വാനരസേന ഇത്തരം കല്ലുകളാണ് ഉപയോഗിച്ചതത്രെ. ശാസ്ത്രീയമായി പറഞ്ഞാൽ നിറയെ സുഷിരങ്ങളുള്ള, സാന്ദ്രത വളരെ കുറഞ്ഞ കല്ലുകളാണിവ. അതോടൊപ്പം ഉള്ളിലെ സുഷിരങ്ങളിൽ അകപ്പെട്ടുകിടക്കുന്ന വായുകുമിളകൾ ഇവയെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പാകമാക്കുന്നു.
സമയം ഉച്ചയായി. ക്ഷേത്രത്തിൽനിന്നിറങ്ങി അടുത്തുകണ്ട ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. പുറത്തിറങ്ങുമ്പോൾ മുന്നിൽ കുറേ കച്ചവടക്കാർ ശംഖുമായി വന്നു. രാമേശ്വരത്തെ ശംഖുകൾ പ്രശസ്തമാണല്ലോ, ഒരു ഓർമ്മക്കായി ഒന്നുരണ്ട് ശംഖുകൾ വാങ്ങിച്ചു. നൂറുരൂപയിൽ താഴയേ ഉള്ളൂ വില. അതും കഴിഞ്ഞുനേരെ ഞങ്ങൾ താമസ സ്ഥലത്തേക്ക് വിട്ടു. രാമേശ്വരത്തെ CPWD ഗസ്റ്റ്ഹൌസ് നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.
ഹൌസ് ഓഫ് കലാം
അൽപ്പനേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ പുറത്തിറങ്ങി. സാക്ഷാൽ Dr. A.P.J. അബ്ദുൽ കലാമിന്റെ ജന്മഗൃഹം കാണാനാണിനി നമ്മൾ പോകുന്നത്. പ്രധാനറോഡിൽ നിന്ന് ചെറിയൊരു തെരുവിലേക്കിറങ്ങിയാണിത് സ്ഥിതി ചെയ്യുന്നത്. അതിന്റെ ഒന്നാം നിലയിൽ കലാം ഉപയോഗിച്ച കുറെ വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിൽ നിന്നായി കലാമിന് കിട്ടിയ അംഗീകാരങ്ങളും, സർട്ടിഫിക്കറ്റുകളും ഇവിടെ കാണാം. അതിന്റെ മുകളിലെ നിലയിൽ കലാം ആർക്കേഡ് എന്നപേരിൽ ഒരു സുവനീർ ഷോപ്പാണുള്ളത്.
രാമർ പാദം ക്ഷേത്രം
കലാമിന്റെ വീട്ടിൽ നിന്നിറങ്ങി. ഇനി പോകുന്നത് രാമർപാദം ക്ഷേത്രത്തിലേക്കാണ്. ഒരു ചെറിയ പാറക്കുന്നിന്റെ മുകളിലാണീ ക്ഷേത്രം. രാമന്റെ പാദസ്പര്ശമേറ്റതാണത്രേ ഈ സ്ഥലം. ക്ഷേത്രത്തിനുള്ളിൽ ഒരു പാറയിൽ ഒരു വലിയ പാദമുദ്ര കാണാൻ സാധിക്കും. ഹനുമാൻ ലങ്കയിലേക്ക് ചാടിയതു ഈ കുന്നിന്റെ മുകളിൽ നിന്നാണെന്നും രാമായണത്തിൽ പറയുന്നുണ്ട്. ഇവിടേക്ക് പോകുന്നവഴിയാണ് ദൂരദർശൻ കേന്ദ്രം സ്ഥിതിചെയ്യുന്നത്. അവിടെയാണ് ഞാൻ നേരത്തെ പറഞ്ഞ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ടവർ സ്ഥാപിച്ചിട്ടുള്ളത്. 323 മീറ്റർ നീളമുള്ള TV ബ്രോഡ്കാസ്റ്റിംഗ് ടവർ. ഈ വഴി വന്നതിനാൽ ഈയൊരു അസാധ്യമായ എഞ്ചിനീയറിംഗ് അത്ഭുതത്തെ അടുത്തുകാണാൻ സാധിച്ചു.
രാമനാഥസ്വാമി ക്ഷേത്രം
ഇന്ത്യയിലെ ചാർ ധാം ക്ഷേത്രങ്ങളിലൊന്നാണ് രാമേശ്വരത്തെ ഈ ക്ഷേത്രം. ബദരീനാഥ്, ദ്വാരക, പുരി ജഗന്നാഥ് ഇവയാണ് മറ്റുള്ളവ. വിശ്വാസികക്ക് ഈ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് മോക്ഷം നേടുന്നതിനുള്ള ഒരു പാതയായി മാറി. രാമായണം കഥ പ്രകാരം യുദ്ധാനന്തരം രാമനും സീതയും രാമേശ്വരത്ത് യുദ്ധക്കറ കഴുകിക്കളയാനായി ശിവനെ പ്രാർത്ഥിക്കാൻ തീരുമാനിക്കുന്നു. അതിനായി ഒരു ശിവലിംഗം കൊണ്ടുവരാനായി ഹനുമാനെ ഹിമാലയത്തിലേക്ക് അയക്കുകയാണ്. എന്നാൽ ഹനുമാന്റെ വരവിൽ കാലതാമസം വന്നത് കാരണം സീത സമീപത്തെ കടൽക്കരയിലെ മണലെടുത്ത് ഒരു ശിവലിംഗം ഉണ്ടാക്കുന്നു. തിരിച്ചു വന്ന ഹനുമാൻ താനെത്തും മുൻപേ മറ്റൊരു ശിവലിംഗം വച്ച് പൂജകൾ തുടങ്ങിയതായിക്കണ്ട് തൻ്റെ വാലുപയോഗിച്ചു സീതയുടെ ശിവലിംഗം എടുത്തുമാറ്റാൻ ശ്രമിച്ചു പരാജയപ്പെടുന്നു. രാമൻ ഇതുകണ്ട് ഹനുമാനെ ആശ്വസിപ്പിക്കുകയും രണ്ട് ശിവലിംഗങ്ങളും അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇപ്പോൾക്കാണുന്ന ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത് പതിനേഴാം നൂറ്റാണ്ടിലാണ്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യ അത്ഭുതപ്പെടുത്തുന്നതാണ്. എണ്ണിയാലൊടുങ്ങാത്തത്ര കൽത്തൂണുകളിൽ ഏകദേശം പതിഞ്ചേക്കറോളം വിസ്തൃതിയിലാണീ ക്ഷേത്രം നിലകൊള്ളുന്നത്. ഒരു വലിയ മതിക്കെട്ടിനകത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ നാലു വശങ്ങളിലും പ്രവേശന കവാടങ്ങളുണ്ട്. ക്ഷേത്രത്തിനകത്തു മൊബൈൽ, ബാഗ് എങ്ങനെ ഒന്നും പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ല. ഇവയൊക്കെ സൂക്ഷിക്കുവാനായി ക്ഷേത്രപരിസരത്തായി ലോക്കറുകൾ സജ്ജമാണ്. കൂടാതെ തിരക്ക് കാരണം
ക്ഷേത്രത്തിന്റെ മുൻവശത്തേക്കായി വാഹനങ്ങൾ കൊണ്ട് പോകുന്നതും ബുദ്ധിമുട്ടാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിശാലമായ ഗ്രൗണ്ടുകൾ ക്ഷേത്രത്തിനകലെ ഒരുക്കിയിട്ടുണ്ട്. ഏകദേശം ആറരയോട് കൂടിയാണ് ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. ഇന്ന് തിരക്കൽപ്പം കുറവാണ്. അതുകൊണ്ട് സ്വസ്ഥമായി കുറെ നേരം ക്ഷേത്ര ഇടനാഴിയിൽ ഇരിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ കെട്ടിട ഇടനാഴിയാണ് രാമേശ്വരം ക്ഷേത്രത്തിലേത്. ക്ഷേത്രത്തിന്റെ പുറത്തായി ഒരുപാട് വെജിറ്റേറിയൻ റെസ്റ്റോറന്റുകളുണ്ട്. നല്ല കിടിലൻ മസാലദോശയും, നെയ്റോസ്റ്റുമോക്കെ കിട്ടുന്നവ. അത്തരത്തിലൊന്നിൽ കയറി ഞങ്ങൾ രാത്രി ഭക്ഷണം കഴിച്ചു.
ഇനി തിരിച്ച് ഗസ്റ്റ് ഹൌസിലേക്ക്. രാമേശ്വരത്തെ റോഡുകൾ വീതികുറഞ്ഞവയാണ്. അതും പോരാഞ്ഞിട്ട് ഒരു ലക്കും ലഗാനുമില്ലാത്ത രീതിയിലാണ് ആൾക്കാർ വണ്ടി ഓടിക്കുന്നത്. പ്രത്യേകിച്ച് ഓട്ടോക്കാരും, ടൂ വീലറുകാരും. മാത്രമുമല്ല റോഡിൽ അങ്ങുമിങ്ങായി ആടും , പശുവും എല്ലാമുണ്ട്. അതുകൊണ്ട് തന്നെ ഈ തെരുവിൽക്കൂടിയുള്ള യാത്ര ഇച്ചിരി ദുസ്സഹമാണെന്ന് പറയാതെ വയ്യ. ഒരു ഒൻപതുമണിയോടെ ഇതെല്ലം താണ്ടി ഞങ്ങൾ ഗസ്റ്റ് ഹൌസിലെത്തി. തണുത്ത വെള്ളത്തിൽ നന്നായിക്കുളിച്ച് കിടന്നുറങ്ങി.
ധനുഷ്കോടി
രാവിലെ നേരത്തെ എണീറ്റു. ഇന്നത്തെ യാത്ര ധനുഷ്കോടിയിലേക്കാണ്. തമിഴ്നാട്ടിലെ പ്രേതനഗരത്തിലേക്ക്. രാമേശ്വരത്തിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്ററോളമാണ് ധനുഷ്കോടിയിലേക്ക്. രാമായണം കഥ പ്രകാരം രാമസേതു തുടങ്ങുന്നത് ധനുഷ്കോടിയിൽ നിന്നായിരുന്നു. രാമ -രാവണ യുദ്ധാനന്തരം വിഭീഷണന്റെ അപക്ഷ പ്രകാരം രാമൻ തൻ്റെ അമ്പിന്റെ കൂർത്ത അഗ്രത്താൽ (ധനുഷ് = അമ്പ് , കോടി = അഗ്രം/അവസാനം) ഈ പാലത്തെ തകർത്തു കളഞ്ഞു. അങ്ങനെയാണത്രെ ധനുഷ്കോടിക്ക് ആപ്പേരു വന്നത്. ധനുഷ്കോടി വരെ നീണ്ടു നിവർന്നു കിടക്കുന്ന റോഡാണ്. ഇരുവശത്തും കടൽ. രാമേശ്വരം റോഡ് പോലെയല്ല. വീതിയുമുണ്ട്. ട്രാഫിക്കും കുറവ്. വണ്ടിയോടിക്കാൻ പറ്റിയ സ്ഥലം. അൾട്രോസ് ടോപ് ഗിയറിൽ മുന്നോട്ട് കുതിച്ചു. പല കാർ കമ്പനികളും, ഓട്ടോമോബൈല് വ്ളോഗർമ്മാരും ഇവിടെ വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാറുണ്ട്. അത്രയ്ക്ക് നല്ല റോഡാണ്. ഈ റോഡ് അവസാനിക്കുന്നത് സൗത്ത് ഇന്ത്യയുടെ കിഴക്കേ അറ്റമായ അരിച്ചൽ മുനയിലേക്കാണ്. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് ധനുഷ്കോടി പാതയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരുപാട് സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഒരു പ്രദേശം കൂടിയാണ് ധനുഷ്കോടി. മണി രത്നം ചിത്രമായ 'കണ്ണത്തിൽ മുത്തമിട്ടാൽ', 'കടൽ', മലയാള ചിത്രം 'മായനദി' അങ്ങനെ ഒട്ടേറെ സിനിമകൾ
അരിച്ചൽ മുന
അരിച്ചൽ മുനയോടടുക്കും തോറും റോഡിൽ മണൽ നിറഞ്ഞിരിക്കുന്നു. ഇരുവശത്തുമുള്ള കടൽത്തീരത്തുനിന്നും കാറ്റിൽ വന്നടിയുന്നതാണിത്. ഞങ്ങളുടെ മുന്നിൽ പോയ വണ്ടിയുടെ ടയറുകൾ മണലിൽ കുടുങ്ങി കറങ്ങുകയാണ്. ഇനി സൂക്ഷിച്ചു പോണം. റോഡിൽ ഒരുപാട് തട്ടുകടകളുണ്ട്. നല്ല കടൽ വിഭവങ്ങൾ തയ്യാറാക്കി നല്കുന്നവ. ഇവരാരും ഇവിടെ താമസിക്കുന്നവല്ല. ഗവണ്മെന്റ് ഓർഡർ അനുസരിച്ച് ഇവിടെ താമസിക്കാൻ പാടില്ല. എല്ലാവരും രാവിലെ വന്ന് കച്ചവടം നടത്തി വൈകുന്നേരം തിരിച്ചു പോകുന്നവരാണ്. രാവിലെ ചായയും, വെള്ളവും, ബ്രഡ് ഓംലെറ്റും കിട്ടും. ഉച്ചക്ക് നല്ല മീന്കൂട്ടിയുള്ള ഊണും.ധനുഷ്കോടിയുടെ കടൽത്തീരങ്ങൾക്ക് ഓരോ ദിവസവും ഒരോ ജിയോമെട്രിയാണ്. ഇന്ന് റോഡിന്റെ ഒരുവശത്തുള്ള കടൽ വളരെ ക്ഷോഭിച്ചാണിരിക്കുന്നത്, എന്നാൽ മറുവശം വളരെ ശാന്തമാണ്. ഒരോ ദിവസത്തെയും കടലിന്റെ സ്വഭാവം പലതരത്തിൽ കരയിൽ പ്രതിഫലിക്കുന്നു. ചില ദിവസങ്ങളിൽ അരിച്ചാൽ മുനയിൽ നിന്ന് കടലിലേക്ക് ചെറിയ തുരുത്ത് രൂപപ്പെടാറുണ്ട്. ആഡംസ് ബ്രിഡ്ജ് അഥവാ രാമസേതുവിന്റെ തുടക്കം അത്തരത്തിൽ ദൃശ്യമാകാറുണ്ട്. അരിച്ചൽ മുനയുടെ മുൻപായി വാഹനങ്ങൾ പാർക്ക് ചെയ്യണം. മുനയിലേക്ക് വണ്ടികൾ കടത്തിവിടില്ല.ശ്രീലങ്കയിലേക്ക് ഇവിടുന്നു ഏകദേശം മുപ്പതു കിലോമീറ്റർ ദൂരമേയുള്ളൂ. കടൽ ശാന്തമാണെങ്കിൽ ശ്രീലങ്കയുടെ കടൽത്തീരം ഇവിടെനിന്നു നോക്കിയാൽ കാണാം. ശ്രീലങ്കൻ ആഭ്യന്തര യുദ്ധക്കാലത്തു ഒരുപാട് അഭയാർത്ഥികൾ ഇതുവഴി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. അരിച്ചൽ മുനയുടെ ഒരുഭാഗത്ത് ബംഗാൾ ഉൾക്കടലും, മറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവും ആണ്. അവധി ദിവസങ്ങളിൽ സഞ്ചാരികൾക്കായി ഇവിടെ ടെലിസ്കോപ്പുകൾ ലഭ്യമാണ്. ഇതിനടുത്തായി ചുഴലിക്കാറ്റിൽ തകർന്ന പഴയ ധനുഷ്കോടി റെയിൽവേ സ്റേഷന്റെയും, ഒരു പള്ളിയുടെയും അവശിഷ്ടങ്ങൾ ഉണ്ട്. ധനുഷ്കോടി ലൈറ്റ് ഹൌസും സമീപത്താണ്. അരിച്ചൽ മുനയിൽ നിന്നിറങ്ങുമ്പോൾ കുറച്ചു മലയാളികളെ പരിചയപ്പെട്ടു. മൂന്നാറിൽ പഠിക്കുന്ന കോളജ് വിദ്യാർത്ഥികളായിരുന്നു അവർ. അവരോട് യാത്ര പറഞ്ഞു ഞങ്ങൾ വണ്ടിയിലേക്ക് കയറി.
രാമേശ്വരത്തെ വിശേഷങ്ങൾ ഇനിയും ബാക്കിയുണ്ട്. ആ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ വായിക്കാം
(തുടരും)
#oru_tamizh_kadha
#tn_road_trip_diary_part_4