കെട്ട്യോളും ഞാനും കൂടി മാസങ്ങൾക്ക് മുന്നേ പ്ലാൻ ചെയ്ത ട്രിപ്പായിരുന്നു മണാലി. എന്നാൽ ചില ‘സാങ്കേതിക’ കാരണങ്ങളാൽ ഓൾക്ക് വരാൻ പറ്റിയില്ല. ഹോട്ടലും മറ്റും ബുക്ക് ചെയ്തു സെറ്റ് ആയ സ്ഥിതിക്ക് ഒരു സോളോ അടിച്ചാലോന്ന് ഞാൻ വിചാരിച്ചു. മനസ്സില്ലാ മനസ്സോടെ ഓള് ഞമ്മളെ യാത്രയാക്കി. മാർച്ച് ഒമ്പത് ശനിയാഴ്ച ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ ഡൽഹിക്ക് പിടിച്ചു. ഡയറക്റ്റ് ഫ്ലൈറ്റ് കിട്ടാതിരുന്നതിനാൽ മുംബൈ വഴിയാണ് പോയത്. മുംബൈയിൽ രണ്ട് മണിക്കൂർ ലേഓവർ ഉണ്ടായിരുന്നു. എന്നാൽ വന്നിറങ്ങിയ ടെർമിനലും ഇനി പോകാനുള്ള ടെർമിനലും തമ്മിൽ കിലോമീറ്ററിന്റെ ദൂരം ഉണ്ടായിരുന്നതിനാലും, എയർപോർട്ട് എൻട്രൻസിൽ നിൽക്കുന്ന CISF ചേട്ടൻ നാട്ടുകാരുടെ സുഖവിവരം മുഴുവനായി കേട്ടറിഞ്ഞ് മാത്രം കയറ്റിവിട്ടതിനാലും ഉള്ളിൽ കയറുമ്പോഴേക്കും ബോർഡിംഗ് തുടങ്ങിയിരുന്നു. ലേറ്റ് ആയി വന്നാൽ ഒരു മയവും കാണിക്കാത്തവരാണ് ഇൻഗിഗോക്കാർ. എന്തോ ഭാഗ്യത്തിന് സെക്യൂരിറ്റി ചെക്ക് പെട്ടെന്ന് കഴിഞ്ഞു. അങ്ങനെ ഒരു വിധം ഫ്ലൈറ്റ് മിസ്സ് ആകാതെ ഡൽഹിയിൽ എത്തി. അക്ഷർധാമിനടുത്തുള്ള CPWD ഗസ്റ്റ് ഹൗസിൽ മുറിയെടുത്തിരുന്നു.
പിറ്റേന്ന് രാവിലെ നേരം പുലർന്നപ്പോൾ ഒരോട്ടോ പിടിച്ച് നേരെ ഇന്ത്യാ ഗേറ്റിൽ ചെന്നു. ഇന്നൊരു ദിവസം മുഴുവൻ ഡൽഹിയിലുണ്ട്. ഇന്ത്യാ ഗേറ്റും , വാർ മെമ്മോറിയലും കണ്ട് നിന്നപ്പോഴാണ് വരുന്ന വഴിയിലെവിടെയോ ഒരു ആർട്ട് ഗ്യാലറിയുടെ ബോർഡ് കണ്ടത് ഓർമ്മ വന്നത്. ഗൂഗിൾ മേപ്പുമിട്ട് അതും തപ്പി നടന്നു. അങ്ങനെ ചെന്നെത്തിയത് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിന്റെ മുന്നിൽ. എന്റെ ഭാഗ്യത്തിന് ജി20 മീറ്റിന്റെ ഡെലിഗേറ്റ്സിനായി ഇവിടെയുള്ള ജയ്പൂർ ഹൗസിൽ ഒരു എക്സിബിഷൻ ഒരുക്കിയിരുന്നു. ജി20 കഴിഞ്ഞെങ്കിലും അതിപ്പോൾ ഈ ആഴ്ച വരെ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടുണ്ട്. വന്ന സമയം നന്നായിരുന്നതിനാൽ അതും കൂടെ കാണാൻ സാധിച്ചു. അവിടെ വച്ച് മലയാളിയായ ഒരു CISF ഉദ്യോഗസ്ഥനെ പരിചയപ്പെടാനും സാധിച്ചു. അഭിഷേക്, എറണാകുളത്തുകാരനാണ്. അവിടുന്നിറങ്ങി നേരെ ഊണും കഴിച്ചു ജന്തർ-മന്തറിലേക്ക് മെട്രോ പിടിച്ചു. ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ മകുടോദാഹരണങ്ങളായിട്ടുള്ള astronomy instruments- കൾ നേരിൽ കണ്ട് നേരെ ഗസ്റ്റ് ഹൗസിലേക്ക്. കുറച്ചുനേരം അവിടെ വിശ്രമിച്ചതിനുശേഷം മണാലിയിലേക്കുള്ള ബസ് പിടിക്കാനായി കാശ്മീരിഗേറ്റിലേക്ക് ഒരു ഊബർ വിളിച്ചു.
തിങ്കളാഴ്ച രാവിലെ 8:30 ഓടെ മണാലിയിലെത്തി. മാൾറോഡിൽ നിന്ന് നല്ല ചന്നാ ഭട്ടൂര കഴിച്ചു. ഹിമാചൽ പ്രദേശ് ടൂറിസത്തിന്റെ ഒരു ഇൻഫർമേഷൻസെന്റർ അടുത്ത് തന്നെയുണ്ട്. അവിടെ പോയി അവരുടെ കുളുവിലേക്കുള്ള ഡേ പാക്കേജിന്റെ വിവരങ്ങൾ അന്വേഷിച്ചു വന്നു. റിസോർട്ടിൽ ചെക്കിന് ചെയ്യാൻ ഉച്ചവരെ സമയം ഉണ്ട്. അതുകൊണ്ട് ആ സമയം അടുത്തെവിടെയേലും കറങ്ങാമെന്ന് വിചാരിച്ചു. റിസോർട്ടിൽ ഡ്രോപ്പ് ചെയ്യാനായി വരാമെന്ന് പറഞ്ഞ ഡ്രൈവറെ വിളിച്ചു കാര്യം പറഞ്ഞു. പുള്ളി എന്നെ നഗ്ഗർ വില്ലേജിൽ കൊണ്ടുപോയി , അവിടുത്തെ കാസിലൊക്കെ പോയി കണ്ടു. അതും കഴിഞ്ഞുനേരെ ലാ എയറോ (La Aero) റിസോർട്ടിലേക്ക്. ഉച്ചഭക്ഷണവും കഴിച്ച് വീണ്ടും ഊര് തെണ്ടാനിറങ്ങി. റിസോർട്ടിന് ചുറ്റും നല്ല മഞ്ഞിൻ കട്ടകൾ കിടക്കുന്നു. രണ്ട് ദിവസം മുന്നേ വരെ ഉച്ചക്ക് ശേഷം നല്ല മഞ്ഞ് വീഴ്ച ആയിരുന്നുവത്രെ. നടന്നു നടന്നു നെഹ്റു കുണ്ട് പാലം വരെ പോയി. ആള് തികയാഞ്ഞതിനാൽ നാളത്തെ കുളു യാത്ര മാറ്റിവച്ചതായി ഹിമാചൽ ടൂറിസം ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞു. ഇനി നാളത്തേക്ക് വേറെ എന്തേലും പ്ലാൻ നോക്കണം. പോകും വഴി ഒരു ബൈക്ക് റെന്റൽ ഷോപ്പിന്റെ കോണ്ടാക്ട് നമ്പര് കണ്ടു. നാളെ സ്കൂട്ടർ എടുത്തു കറങ്ങാം. നേരെ അക്കണ്ട നമ്പറിൽ വിളിച്ചു. ആശാൻ രണ്ട് മിനിറ്റിൽ പാലത്തിലെത്തി. അങ്ങനെ നാളത്തേക്കുള്ള വണ്ടി റെഡി.
രാവിലെ ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞ് നേരെ ചെന്ന് സ്കൂട്ടർ എടുത്തു. 700 രൂപയാണ് ഒരുദിവസത്തേക്കുള്ള റെന്റ്. മാൾ റോഡിൽ 500 രൂപക്ക് സ്കൂട്ടർ കിട്ടും എന്നാൽ അവിടം വരെ പോകാൻ ഞാൻ 500 രൂപ ടാക്സിക്ക് കൊടുക്കണം , അപ്പോ ഇതാണ് ലാഭം. ഓൾഡ് മണാലി ലക്ഷ്യമാക്കി വണ്ടിവിട്ടു. കോഴിക്കോട്ടു നിന്നും വന്ന ഒരു മലയാളി ഫാമിലിയെ റിസോർട്ടിലെ റെസ്റോറന്റിൽ വച്ച് രാവിലെ പരിചയപ്പെട്ടിരുന്നു. അവരും ഇവിടെ അടുത്തെവിടെയോ ഉണ്ട്. ഓൾഡ് മണാലിയിലെ ബുദ്ധിസ്റ്റ് മോണാസ്ട്രീയിലേക്കാണ് ആദ്യം പോയത്, അത് കഴിഞ്ഞ് ഹടിംബ ടെമ്പിൾ. അവിടെ നല്ല തിരക്കുണ്ടായിരുന്നു. ഹടിംബയുടെ പുറകിലായി ഒരു നാച്ചുറൽ പാർക്ക് ഉണ്ട്. കുറച്ച് നേരം സ്വസ്ഥമായി ഇരിക്കാൻ പറ്റിയ ഇടം. പാർക്ക് മുഴുവൻ കറങ്ങി നടക്കാൻ ഒരു നടപ്പാതയും ഉണ്ട്. ഹിമാചൽ ടൂറിസത്തിന്റെ ഒരു മ്യൂസിയവും സമീപത്തായുണ്ട്. എന്നാൽ എന്തോ പണി നടക്കുന്നത് കാരണം ഇന്നത് അടച്ചിട്ടിരിക്കുകയായിരുന്നു. അത് കഴിഞ്ഞ് മനു ടെമ്പിളും, ക്ലബ്ബ് ഹൗസും കണ്ടു കഴിഞ്ഞപ്പോഴേക്കും ഉച്ചയായി. ഇന്നലെ നഗ്ഗർ വില്ലേജിൽ പോയപ്പോൾ റോറിച്ച് ആർട്ട് ഗാലറിയും, മ്യൂസിയവും അവധി കാരണം അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ച ഭക്ഷണവും കഴിഞ്ഞ് നേരെ അങ്ങോട്ട് വിട്ടു. വഴി ചോയ്ച്ചു ചോയ്ച്ചാണ് പോയത്. ഇന്ത്യയിൽ ജീവിച്ചിരുന്ന റഷ്യൻ ആർട്ടിസ്റ്റും, എഴുത്തുകാരനുമായ നിക്കോളാസ് റോറിച്ചിന്റെ വരകളും, ശേഖരണങ്ങളുമാണ് ഇവിടെയുള്ളത്. വൈകുന്നേരം അവിടുന്നിറങ്ങാൻ നേരത്ത് മറ്റന്നാളത്തെ കുളു ട്രിപ്പ് കൺഫേം ആയിട്ടുണ്ടെന്നും, പൈസ അടക്കണം എന്നും പറഞ്ഞു ഹിമാചൽ ടൂറിസം ഓഫീസിൽ നിന്ന് കോൾ വന്നു. അവരുടെ മാൾ റോഡിലുള്ള ഓഫീസിൽ പോയി പൈസ അടച്ചു. 600 രൂപയാണ് കുളു പോയി വരാനുള്ള ഡേ ട്രിപ്പിന്റെ ചാർജ്ജ്. ടൂറിസം ഓഫീസിന്റെ മുന്നിൽ സിഡു എന്നൊരു പലഹാരം വിൽക്കുന്ന കട കണ്ടു. സിഡു എന്ന പേര് മണാലിയിൽ പല കടകളിലും കണ്ടിട്ടുണ്ട്, ഒരെണ്ണം ഞാനും ഓർഡർ ചെയ്തു കഴിച്ചു. ബൺ ഷേപ്പിൽ ഉള്ളിൽ മോമോസിന്റേ ഉള്ളിലെത്തുപോലത്തെ മസാല നിറച്ച ഒരു വിഭവം. നല്ല ഹെവി ആയതിനാൽ ഇനി ഡിന്നർ കഴിക്കാൻ പറ്റുമെന്ന് തോന്നില്ല. തുപ്ക എന്ന മറ്റൊരു വിഭവം കൂടിയുണ്ട് മണാലിയിൽ. അത് അടുത്ത ദിവസം കഴിച്ചുനോക്കാം.
പിറ്റേന്ന് രാവിലെ എണീറ്റ് ബ്രേക്ക്ഫാസ്റ്റും കഴിച്ച് സ്കൂട്ടർ സ്റ്റാർട്ട് ആക്കി. മണാലിയിലെ മൂന്നാം ദിനമാണിന്ന്. നേരെ വിശിഷ്ട് ടെമ്പിൾ-ലേക്കാണ് പോയത്. അവിടെ ഒരു ചൂട് നീരുറവയുണ്ട്. അന്തരീക്ഷം എത്ര തണുത്താലും മഞ്ഞ് പെയ്താലും ഇവിടുത്തെ വെള്ളത്തിന് നല്ല ചൂടായിരിക്കും. ഇവിടെ കുളിക്കാനുള്ള സൗകര്യവുമുണ്ട്. മണാലി വരാൻ പ്ലാൻ ഇട്ടപ്പോഴൊന്നും സഞ്ചാരികൾക്കിടയിൽ മണാലിയിലെ ജിന്ന് എന്നറിയപ്പെടുന്ന ബാബുക്കയെക്കുറിച്ച് (Babz Sager) ഞാൻ ഓർത്തില്ലായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് ബാബുക്കയെ കുറിച്ച് ഓർമ്മിച്ചതും ഒന്നും കാണാൻ ആഗ്രഹിച്ചതും. പക്ഷേ നിർഭാഗ്യവശാൽ ആള് സ്ഥലത്തില്ലായിരുന്നു. അമ്പലത്തിൽ നിന്ന് നടന്നുകേറാനുള്ള ദൂരമേയുള്ളൂ ബാബുക്കയുടെ മൗണ്ടൈൻ ഹോമിലേക്ക്. വെയിൽമരങ്ങൾ സിനിമ ചിത്രീകരിച്ച ഇടമല്ലെ, കാണാതെ പോകുന്നത് ഒരു നഷ്ടമായേക്കാം. എന്തായാലും ഇത്രടം വരെ വന്ന സ്ഥിതിക്ക് അവിടം വരെ ഒന്ന് പോയേക്കാം എന്ന് കരുതി. ബാബുക്ക പറഞ്ഞ വഴിയെ മുകളിലേക്ക് നടന്നു. കേറി ചെന്നെത്തുന്നത് ശരിക്കും സ്വർഗ്ഗത്തിലേക്കായിരുന്നു. അവിടെ ഷേഡി എന്നെ സ്വാഗതം ചെയ്തു. ഒപ്പം ബിജോഷ് ബായിയും, നാട്ടിൽ നിന്നെത്തിയ സഞ്ചാരിയായ ലക്ഷ്മണും. അത്രയും മനോഹരമായൊരിടം ഈ ഭൂമിയിൽ മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. മഞ്ഞുവിരിച്ചു നിൽക്കുന്ന പർവതശിഖരങ്ങളുടെ അവർണനീയമായ ഭംഗി. ജിന്ന് മണാലി വിടാത്തത് വെറുതെയല്ല. ഒരു കട്ടനടിച്ച് ഞങ്ങൾ കുറെ നേരം സംസാരിച്ചു നിന്നു. പിന്നെ ഞാനും , ലക്ഷ്മണും ജോഗിനി വെള്ളച്ചാട്ടം കാണാനിറങ്ങി. ബിജേഷ് ഭായി സഹായിയെ കൂടെ വിട്ടുതന്നു. ഷേഡി പാതിവഴിവരെ ഞങ്ങളെ അനുഗമിച്ചു. ഒരു മണിക്കൂറോളം സമയം കുന്നിഞ്ചെരുവിലൂടെയും, മഞ്ഞിലൂടെയും നടന്ന് ഞങ്ങൾ മുകളിലെത്തി. നടന്നുകയറിയതിന്റെ ക്ഷീണമെല്ലാം മുകളിലെത്തിയപ്പോൾ അലിഞ്ഞില്ലാതായി. അത്രക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു കുന്നിൻ മുകളിലെ വെള്ളച്ചാട്ടം. തിരിച്ചിറങ്ങി ഉച്ചഭക്ഷണമായി മോമോസും കഴിച്ച് ഞങ്ങൾ സോളങ് വാലി കാണാനിറങ്ങി.
റോത്താങ് പാസും, അടൽ ടണലും സ്നോഫാൾ കാരണം അടച്ചിട്ടിരിക്കുകയാണ്. വഴിയിൽ ചെറുതായി മഴയുണ്ടായിരുന്നു. കൈയൊക്കെ തണുത്തു മരവിക്കുന്നു. മുകളിൽ അൽപ്പസമയം ചിലവഴിച്ചപ്പോഴേക്കും മഴയുടെ കൂടെ മഞ്ഞ് പെയ്യാൻ തുടങ്ങി. റോഡിൽ ഐസ് അടിഞ്ഞു തുടങ്ങി. എത്രയും പെട്ടെന്ന് തിരിച്ചിറങ്ങണം. പക്ഷേ ഞങ്ങൾ രണ്ടുപേരും നന്നായി തണുത്തുവിറയ്ക്കുന്നുണ്ടായിരുന്നു.അടുത്ത കടയിൽക്കേറി കുറച്ചുനേരം തീ കാഞ്ഞു. ഒപ്പം ഒരു ചായയും , ചൂട് മാഗിയും ഓർഡർ ചെയ്തു. പഹാഡികളുടെ ദേശീയ ഭക്ഷണമാണ് മാഗി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലായിടത്തും മാഗിക്കടകൾ ഉണ്ട്. തീയിൽ കൈയ്യിട്ടാൽ പോലും അറിയാത്തത്ര തണുപ്പ്. റോഡിൽ ഐസ് പാളിയുടെ കനം കൂടുന്നു. ഞങ്ങൾ വേഗമിറങ്ങി. സ്കൂട്ടർ ഒന്നുരണ്ട് തവണ സ്കിഡായി. കുറച്ചുദൂരം വണ്ടി ഓഫ് ചെയ്ത് ഇറങ്ങി തള്ളേണ്ടിവന്നു. പിന്നെ മുന്നിൽപോകുന്ന വണ്ടികൾ ഉണ്ടാക്കുന്ന ചാലിലൂടെ മെല്ലെ വണ്ടിയോടിച്ചു. ഒരു നാലഞ്ച് കിലോമീറ്റർ താഴെ എത്തിയപ്പോഴേക്കും റോഡിൽ മഞ്ഞിൻ പാളിയുടെ കനം കുറഞ്ഞുവന്നു. തിരിച്ച് റിസോർട്ടിൽ എത്തിയപ്പോഴേക്കും അവിടം മൊത്തം ഐസ് നിറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭവമായി അങ്ങനെ മണാലിയിലെ സ്നോഫാൾ മാറി. ചൂടുവെള്ളത്തിൽ ഒരു നല്ല കുളിപാസാക്കി ഉറങ്ങാൻ കിടന്നു.
ഇന്ന് കുളു-കസോൾ-മണികരൺ യാത്രയാണ്. ഹിമാചൽ ടൂറിസത്തിന്റെ ടെമ്പോയിൽ 600 രൂപയുടെ ടിക്കറ്റ് എടുത്തിട്ടുണ്ട്. രാവിലെ ഒമ്പതരക്ക് മാൾ റോഡിൽനിന്നു തുടങ്ങുന്ന യാത്ര വൈകുന്നേരം ആറുമണിയോടെ തിരിച്ചെത്തും. ബ്രേക്ഫാസ്റ്റ്ഹി സമയത്തിനുമുമ്പ് തന്നെ റിസോർട്ടിൽ നിന്ന് ഇറങ്ങേണ്ടിവരും. പക്ഷേ റിസോർട്ടുകാർ എനിക്കുവേണ്ടി നേരത്തെതന്നെ ഫുഡ് റെഡിയാക്കിതന്നു. ഹിമാചലുകാരുടെ സ്നേഹവും സഹകരണവും എടുത്തുപറയേണ്ടതാണ്. ഇന്നലെ രാത്രി സ്നോഫാളിൽ തണുത്തുവിറച്ചു ഞാനും ലക്ഷ്മണും ഒരു കടയിൽ കേറിച്ചെന്നു. കടയടക്കാൻ പോകുവായിരുന്നു ചേട്ടൻ ഞങ്ങൾക്ക് നല്ല ചൂട് ചായ ഉണ്ടാക്കിത്തന്നു. ഞങ്ങൾക്ക് വേണ്ടിമാത്രം പുള്ളിക്കാരൻ കട തുറന്നിട്ടു. മൊത്തം പതിനാല് പേരുണ്ടായിരുന്നു ഹിമാചൽ ടൂറിസത്തിന്റെ വണ്ടിയിൽ. കുളുവിൽ ആദ്യം പോയത് ബീസ് നദിയിലെ ഒരു റിവർ റാഫ്റ്റിംഗ് പോയിന്റിലേക്കാണ്. റിവർ റാഫ്റ്റിംഗിൽ വലിയ ഇന്ററസ്റ്റ് ഇല്ലാതിരുന്നതിനാൽ ഞാൻ ചുമ്മ അവിടെയൊക്കെ ചുറ്റിക്കറങ്ങി. അത് കഴിഞ്ഞ് നേരെ പോകുന്നത് കുളു ടൗണിലുള്ള ഒരു ഷാൾ നിർമ്മാണ കേന്ദ്രത്തിലേക്കാണ്. യാക്കിന്റെയും മുയലിന്റെയും രോമമുപയോഗിച്ച് തുന്നിയ വസ്ത്രങ്ങൾ അവിടുന്ന് വിലകൊടുത്തുവാങ്ങിക്കാം. തുണി നെയ്യുന്നത് കാണുകയും ചെയ്യാം. മണികരനിൽ എത്തുന്നതിനു മുൻപായാണ് പാർവ്വതി നദിയുടെ തീരത്തുള്ള കസോൾ ഗ്രാമം. ഇസ്രായേലികൾ ഒരുപാടുപേർ ഇവിടെ താമസിക്കുന്നതിനാൽ മിനി ഇസ്രായേൽ എന്നാണ് ഇവിടം അറിയപ്പെടുന്നത്. കസോളിനടുത്താണ് (കു)പ്രസിദ്ധമായ മലാന ഗ്രാമം. ഉച്ച കഴിയുമ്പോഴേക്കും ഞങ്ങൾ മണികരൺ എത്തി. രണ്ട് ക്ഷേത്രങ്ങളും ഒരു ഗുരുദ്വാരയുമാണ് ഇവിടെയുള്ളത്. ഉച്ചഭക്ഷണം ഗുരുദ്വാരയിലെ ലംഗറിൽ നിന്നുകഴിച്ചു. പാർവ്വതി നദിയിൽ പലയിടത്തായുള്ള ചൂടു നീരുറവകളാണ് ഇവിടുത്തെ പ്രത്യേകത. 80 മുതൽ 90 ഡിഗ്രി വരെ ചൂടുള്ള വെള്ളമാണ്. ഏകദേശം അഞ്ചുമണിയോടെ ഞങ്ങൾ തിരിച്ച് കുളുവിലെത്തി. കുളു വൈഷ്ണോദേവി ക്ഷേത്രവും കണ്ട് മടങ്ങി. മാൾറോഡിൽ ബസ്സിറങ്ങി ഒരു ഓട്ടോയും പിടിച്ച് നേരെ റിസോർട്ടിലേക്ക് പോയി. പോകും വഴി അടുത്തുകണ്ട ബേക്കറിയിൽ നിന്ന് ഇച്ചിരി ജിലേബി വാങ്ങിച്ചു. ഒരോട്ടോപിടിച്ച് റിസോർട്ടിൽ എത്തിയപ്പോ അവിടെ നല്ല തന്തൂരി ചിക്കനും റെഡിയായിരിക്കുന്നു. ആഹാ ഇന്നത്തെ ദിവസം കൊള്ളാം.
പിറ്റേന്ന് വളരെ ലേറ്റായാണ് എണീറ്റത്. മണാലിയിലെ അവസാന ദിനമാണിന്ന്. ഇന്ന് പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല. ഉച്ചയോടെ റിസ്സോർട്ട് വെക്കേറ്റ് ചെയ്തിറങ്ങി. നേരെ മാൾ റോഡിലേക്കാണ് പോയത്. മാൾ റോഡിൽ ഒന്നുകറങ്ങി. കുറച്ച് സുവനീറുകൾ വാങ്ങിച്ച്. കടകളിൽ കേറിയിറങ്ങി സമയം പോയതറിഞ്ഞില്ല. എന്റെ നാലുമണിയുടെ ഡെൽഹി ബസ്സ് ബുക്കിംഗ് കുറവായതുകാരണം ക്യാൻസൽ ആയിരിക്കുന്നു. പകരം മൂന്നുമണിയുടെ ബസ്സിൽ സീറ്റ് കൺഫേം ആക്കിത്തന്നിട്ടുണ്ട്. മണാലി ഡെൽഹി റൂട്ട് വരുന്നസമയത്ത് രാത്രി ആയതിനാൽ ശരിക്ക് കാണാൻ കഴിഞ്ഞില്ലായിരുന്നു. ഇപ്പോ ശരിക്കും കണ്ടു. മണ്ഡി മുതൽ മണാലി വരെ ഒരുപാട് തുരങ്കങ്ങളിലൂടെയാണ് ബസ്സ് കടന്നുപോകുന്നത്. എന്റെ അടുത്ത സീറ്റിലുള്ള ആൾ മണ്ഡിയിൽ നിന്ന് കയറി. മണ്ഡി ശിവക്ഷേത്രത്തിലെ മഹോത്സവം കൂട്ടാനായി വന്നതായിരുന്നു അയാൾ. പിറ്റേന്ന് പുലർച്ചെ നാല് മണിയോടെ ബസ്സ് ഡൽഹി കശ്മീരി ഗേറ്റ് ഇന്റർസ്റ്റേറ്റ് സ്റ്റാൻഡിൽ എത്തി.
ഇന്ന് ശനിയാഴ്ചയായി. വീട്ടിൽ നിന്നിറങ്ങിയിട്ട് ആഴ്ച ഒന്നു കഴിഞ്ഞിരിക്കുന്നു. രാവിലെ ഡൽഹിയിൽ ബസ്സിറങ്ങി നേരെ ഗസ്റ്റ് ഹൗസിൽ പോയി കിടന്നുറങ്ങുകയാണ്ടായത്. സമയം രാവിലെ ഒൻപത് കഴിഞ്ഞിരിക്കുന്നു. മെട്രോ പിടിച്ച് ഞാൻ നേരെ സരോജിനി മാർക്കറ്റിലേക്ക് പോയി. വീട്ടിലേക്ക് എന്തേലും വിലകുറച്ചു കിട്ടുമോ എന്നറിയാനാണ് ഈ യാത്ര. മാർക്കറ്റിൽ നല്ല തിരക്കുണ്ടായിരുന്നു. അങ്ങുമിങ്ങും നടന്നു ഞാൻ വിലപേശാൻ തുടങ്ങി. കുറച്ച് സാധനങ്ങളൊക്കെ വാങ്ങിച്ചു. പിന്നെ അത്യാവശ്യം പോക്കറ്റടിയൊക്കെ നടക്കുന്ന സ്ഥലമായതിനാൽ അധികനേരം അവിടെ തുടരാൻ മനസ്സ് അനുവദിച്ചില്ല. എന്റെ സുഹൃത്ത് റിജോ ഇവിടെ ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി ചെയ്യുന്നുണ്ട്. അവനെ ഒന്ന് കാണണം. കഴിഞ്ഞ ആഴ്ച കാണാൻ സാധിച്ചില്ലായിരുന്നു. അവന് കൊടുക്കാൻ വീട്ടിൽ നിന്ന് തന്നുവിട്ട അരിയുണ്ട ഇപ്പോഴും എന്റെ ബാഗിലുണ്ട്. യൂബർ വിളിച്ച് റിജോയുടെ താമസസ്ഥലത്തേക്ക് പോയി. ഉച്ചഭക്ഷണം അവന്റെ കൂടെ കഴിച്ചു. അത് കഴിഞ്ഞ് ഞങ്ങൾ മ്യൂസിയം ഓഫ് ടോയ്‌ലറ്റ് കാണാൻ പോയി. കണ്ണ് മിഴിക്കണ്ട..! ശരിക്കും ടോയ്‌ലെറ്റുകൾക്ക് വേണ്ടിയുള്ള ഒരു മ്യൂസിയം തന്നെയാണിത്. ടോയ്‌ലെറ്റിൻ്റെ ചരിത്രവും, പലതരം ടോയ്‌ലെറ്റുകളെ കുറിച്ചുള്ള കൗതുകരമായ പ്രദർശനവും അടങ്ങിയ ഒരു മ്യൂസിയം. ഡൽഹിയിൽ അധികമാർക്കും അറിയാത്ത ഒരിടമാണിത്. റിജോ തന്നെ ഇതിനടുത്ത് താമസിച്ചിട്ടുപോലും ഇതുവരെ ഇവിടം സന്ദർശിച്ചിട്ടില്ലായിരുന്നു. ISRO-യിലാണു ജോലി എന്നുപറഞ്ഞപ്പോൾ അവിടുത്തെ ജീവനക്കാർക്കെല്ലാം എന്നോട് പെരുത്ത് സ്നേഹം. മ്യൂസിയം ഡയറക്ടർ വരെ നേരിട്ട് വന്നു സംസാരിച്ചു. മ്യൂസിയത്തിൽ നിന്നിറങ്ങി ഞാൻ നേരെ റിജോയെ വീട് സന്ദർശിച്ചു. ഇന്നിവിടെ കഴിയാമെന്നായി അവൻ. അങ്ങനെ ഗസ്റ്റ് ഹൗസിൽപോയി ബാഗും, സാധന സാമഗ്രികളും എടുത്തുകൊണ്ട് വന്നു. വരുന്ന വഴിക്ക് ഒരു മലയാളിക്കടയിൽ കയറി നല്ല കപ്പയും, മീനും കൂടി വാങ്ങിച്ചുകൊണ്ട് വന്നു. രാത്രി കപ്പയും മീനും ഉണ്ടാക്കിക്കഴിച്ച് ഞങ്ങൾ കുറെ നേരം വർത്തമാനം പറഞ്ഞിരുന്നു. സമയം പോയതറിഞ്ഞില്ല, അർദ്ധരാത്രിയായി കിടന്നുറങ്ങാൻ.
ഇന്ന് ഡെൽഹിയോട് വിട പറയുകയാണ്. രാവിലെ എണീറ്റ് ബ്രേക്ക്ഫാസ്റ്റും കഴിച്ച് ഞങ്ങൾ എയർഫോഴ്സ് മ്യൂസിയം കാണാൻ ഇറങ്ങി. റിജോ ഇതിനടുത്തുള്ള ക്യാമ്പസിലാണ് ജോലി ചെയ്യുന്നത്. ഒരുപാട് വിന്റേജ് എയർക്രാഫ്റ്റുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ എന്നെ ആകർഷിച്ചത് സോവിയറ്റ് യൂണിയന്റെ Mig-25 ആയിരുന്നു. അക്കാലത്തെ ഏറ്റവും വേഗതയേറിയതും, ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിയുന്നതുമായ ഒരു ഫൈറ്റർ ജെറ്റ്. പന്ത്രണ്ട് മണി കഴിഞ്ഞതും റിജോയോട് ബൈ പറഞ്ഞ് ഞാൻ ഇറങ്ങി. ഡൽഹി എയർപോർട്ടിലേക്ക് ഒരു ടാക്സി വിളിച്ചു. ഉച്ചഭക്ഷണം എയർപോർട്ട് ലോഞ്ചിൽ നിന്ന് കഴിച്ചു. ഫ്ലൈറ്റിൽ വൈകുന്നേരം കിട്ടിയ സ്നാക്സും ഇച്ചിരി ഹെവിയായിരുന്നു. അങ്ങനെ ഒരാഴ്ചത്തെ തെണ്ടിത്തിരിയലിന് ശേഷം ഏഴുമണിയോടെ തിരുനന്തപുരത്തെത്തി.
കുറെക്കാലത്തിനുശേഷമാണ് ഒറ്റക്കൊരു യാത്ര പോകുന്നത്. കഴിഞ്ഞ ഒരാഴ്ചക്കാലം ഒരുപാട് അനുഭവങ്ങളുടേതായിരുന്നു. പുതിയ മനുഷ്യരെ കണ്ടുമുട്ടി, കുശലാന്വേഷണങ്ങൾ നടത്തി, അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ചു, പുതിയ സ്ഥലങ്ങൾ പരിചയപ്പെട്ടു, വ്യത്യസ്തമായ കാലാവസ്ഥകൾ നേരിൽകണ്ടു അങ്ങനെയങ്ങനെ. പുഞ്ചിരിയോടെ മാത്രം മിണ്ടാൻ വരുന്ന പഹാടികളും, വശിഷ്ടിൽ വച്ച് കണ്ടുമുട്ടിയ ലക്ഷ്മണും, സോളങ്ങിലെ മഞ്ഞിൽ സൂക്ഷിച്ചു പോകാമെന്ന് കരുതലോടെ പറഞ്ഞ നാട്ടുകാരും, തണുത്തുവിറച്ചപ്പോ ചായ ഇട്ടുതന്ന് കൂട്ടിരുന്ന പേരറിയാത്ത ചേട്ടനും അങ്ങനെ എത്രയോ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് ഈ യാത്ര കടന്നുപോയത്. ഓരോയാത്രകളും ജീവിതത്തിൽ മുതൽക്കൂട്ടാവുന്ന വിലമതിക്കാനാവാത്ത അനുഭവങ്ങളാണ്. പുതിയ യാത്രയ്ക്കായുളള കാത്തിരി പ്പിലാണ് ഇനി ഞാൻ.
-ശുഭം-
#manju_moodiya_manaliyilekk
#manali_travelogue
രസമുണ്ട് വായിക്കാൻ
ReplyDeleteThank you
DeleteSuperb bro...
ReplyDeleteThank you
Delete