Thursday, March 24, 2016

പത്തു കിട്ടുകിൽ


          നാളെ കിളിയനംകണ്ടി ക്ഷേത്രത്തിലെ ഉത്സവമാണ്. അതുകൊണ്ട് തന്നെ, എത്രയും പെട്ടെന്ന് നാട്ടില്‍ എത്തണമെന്ന ചിന്ത മാത്രമേ ശ്രീഹരി കോട്ടയില്‍ നിന്നു ചെന്നയിലെക്കുള്ള ബസ്‌ കയറുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ചെന്നെയില്‍ നിന്ന് കൊഴിക്കോടെക്കുള്ള ഒരു ട്രെയിനില്‍ പോലും ടിക്കറ്റ്‌ ഇല്ല. പാലക്കാടു വരെ ട്രെയിൻ യാത്ര ചെയ്തു അവിടുന്ന് വല്ല ബസ്സും പിടിച്ചു പോവേണ്ടി വരും നാട്ടിലേക്ക്. എന്തായാലും വൈകുന്നേരത്തെ താലപ്പൊലി എഴുന്നള്ളത്തിനു മുന്‍പേ വീടെത്താം.

          ചെന്നൈ ഹൈവയിലെ കടുത്ത ചൂടില്‍, ബസ്സിനകത്ത് ഉരുകി ഒലിച്ചിരുക്കുകയാണ് ഞാന്‍. സ്വതേ സംസാരപ്രിയനായ എന്റെ സഹ പണിയന്‍ (ആംഗലേയത്തില്‍ Co-Worker ) ഒന്നും മിണ്ടാതെ മൊബൈലിലേക്ക് മുഖം കുനിച്ചിരിക്കുന്നു. ബസ്സിലെ TV-യില്‍ ഏതോ തട്ടുപൊളിപ്പന്‍ തെലുഗു സിനിമയിലെ പഞ്ച് ഡയലോഗുകള്‍. റോഡില്‍ ട്രാഫിക് കുറവായതിനാല്‍ വളരെ പെട്ടന്ന് തന്നെ ചെന്നെയില്‍ എത്തി

           സമയം ഏഴ് മണി ആകുന്നെ ഉള്ളൂ. ഇനിയും നാലഞ്ചു മണിക്കൂര്‍ കഴിഞ്ഞാണ് എന്റെ ട്രെയിന്‍. ഞാന്‍ പതുക്കെ വെയിറ്റിംഗ് റൂമിലേക്ക്‌ നടന്നു. അടുത്ത് കണ്ട ഇരിപ്പിടത്തില്‍ സ്ഥാനമുറപ്പിച്ചു കൊണ്ട് ചുറ്റും കണ്ണോടിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥിരം കണ്ടു മടുത്ത ദൃശ്യങ്ങള്‍. എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്നവര്‍. ടാബ്ലെറ്റിലും, മൊബൈലിലും കണ്ണും നട്ട് “ഞങ്ങള്‍ ഈ നാട്ടുകാര്‍ അല്ലേ” എന്ന മട്ടിലിരിക്കുന്നവര്‍, ട്രങ്ക് പെട്ടികളുമായി ഏതാനും പട്ടാളക്കാര്‍, മൊബൈല്‍ ചര്‍ജിംഗ് പോയിന്റിന്റെ ഉടമസ്ഥാവകാശം മണിക്കൂറുകളായി കൈയേറിയവര്‍. വലിയ വായില്‍ സംസാരിക്കുന്നവര്‍, ഇവരെ കൂടാതെ ജെയിന്‍ ഒസ്റ്റെന്റെയും, ചേതന്‍ ഭഗത്തിന്റെയും, അമീഷിന്റെയും ആംഗലേയ പുസ്തകങ്ങള്‍ വായിച്ചിരിക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ധി ജീവികളും. എന്റെ കൈയിലും ഉണ്ടായിരുന്നു ഇതുപോലൊരു പുസ്തകം. ട്രെയിനില്‍ തരുണീമണികളുടെ മുന്‍പില്‍ ജാഡ കാണിക്കാനായി കൂടെ കരുതിയതാണ്. ബാഗില്‍ നിന്നു പുസ്തകമെടുത്തു ഞാനും വായന തുടങ്ങി. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു. പുസ്തകം വായന എങ്ങുമെത്തുന്നില്ല. സാവധാനം പുസ്തകം മടക്കി വച്ചു. ബോറടി അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. ഒപ്പം വെയിറ്റിംഗ് റൂമിലെ കൊതുകിന്‍റെ കടിയും. ബാഗുമെടുത്ത്‌ ഞാന്‍ പതുക്കെ താഴെക്കിറങ്ങി. ആ വലിയ സ്റ്റേഷന്റെ മുക്കിലും മൂലയിലും ചുമ്മാ കറങ്ങി നടന്നു. അവസാനം പ്ലാട്ഫോമിലെ ഒരു ചാരു ബെഞ്ചില്‍ വന്നിരുന്നു.

              ട്രെയിന്‍ വരാന്‍ ഇനി അല്‍പ്പ സമയം കൂടിയുണ്ട്. യാദൃശ്ചികമായാണ് എന്റെ മുന്‍പിലെ സീറ്റിലേക്ക് വന്നിരുന്ന നാടോടി സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്. മാസങ്ങളായി വെള്ളം തൊടാത്ത തലമുടി. ഇരു കൈകളിലും വലിയ പ്ലാസ്റ്റിക്‌ സഞ്ചികള്‍. തോളത്തു ഒരു പഴയ ബാഗ്. എന്റെ മുന്‍പിലെ സീറ്റില്‍ വന്നിരുന്നു അവര്‍ തന്റെ കൈയില്‍ കരുതിയ ഏതോ ഭക്ഷണ സാമാനം അകത്താക്കാന്‍ തുടങ്ങി. സമയം വീണ്ടും മോന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. ഞാന്‍ ആ സ്ത്രീയെ വീണ്ടും ശ്രദ്ധിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു അങ്ങുമിങ്ങും ചുറ്റി നടന്നവര്‍ വീണ്ടും എന്റെ സമീപം വന്നെത്തി. ഇത്തവണ എന്റെ മുന്‍പില്‍ വന്നു നിന്നു അടുത്ത കടയിലേക്ക് വിരല്‍ ചൂണ്ടി ഒരു പഴം വാങ്ങിച്ചു തരാമോ എന്നു ചോദിച്ചു. എന്റെ മനസ്സ് വേദനിച്ചു. ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ മുന്‍പില്‍ കൈ നീട്ടെണ്ടി വരുന്നവരെ കുറിച്ചോര്‍ത്തു സഹതപിച്ചു. ഇങ്ങനെയൊരു ഗതി എനിക്കുണ്ടായില്ലല്ലോ എന്നതില്‍ ദൈവത്തിനു നന്ദി പറഞ്ഞു. ഞാന്‍ വാലെറ്റ് തുറന്നു 50 രൂപയുടെ നോട്ടെടുത്ത് അവര്‍ക്ക് നേരെ നീട്ടി. നന്ദിപൂര്‍വ്വം എന്നെ നോക്കിയിട്ടവര്‍ ആ നോട്ടു വാങ്ങി കടയിലേക്ക് നടന്നു. 

                 ഒരാളുടെയെങ്കിലും അന്നത്തിനു വഴികാട്ടിയാകാന്‍ സാധിച്ചതില്‍ എനിക്ക് വളരെ സന്തോഷം തോന്നി. ഒരു ചെറിയ പ്ലാസ്റ്റിക്‌ കവര്‍ നിറയെ പഴങ്ങളുമായി ആ സ്ത്രീ എന്റെ നേരെ നടന്നു വരുന്നത് ഞാന്‍ നോക്കി നിന്നു. പൈസ കൊടുത്തതിനു നന്ദി പറയാന്‍ ആയിരിക്കും ആ വരവു ഞാന്‍ ഞാന്‍ ഉള്ളിലുറപ്പിച്ചു. എന്റെ മുന്നില്‍ വന്നു നിന്നു ഒരു ചെറു മന്ദഹാസത്തോടെ അവര്‍ പറഞ്ഞു.

“മോനെ, എനിക്ക് കുറച്ചു അപ്പിളുകൂടി വേണം ?!”

പ്ലിംഗ്..! എങ്ങനെ പ്രതികരിക്കണം എന്നറിയാതെ എന്റെ ശരീരം ഒരു നിമിഷം കിളി പോയ അവസ്ഥയില്‍ ഇരുന്നു. പ്ലാട്ഫോം 8-ലേക്ക് എന്റെ വണ്ടി വന്നടുക്കുന്നു. ഞാന്‍ പതുക്കെ എഴുന്നേറ്റു തിരിഞ്ഞു നോക്കാതെ നടന്നു. പൂന്താനത്തിന്റെ ഞാനപ്പാനയിലെ വരികള്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനിലെ ഉച്ചഭാഷിണിയിലൂടെ പതിഞ്ഞ ശബ്ദത്തില്‍ പുറത്തു വരുന്നത് പോലെ എനിക്ക് തോന്നി.

“പത്തു കിട്ടുകില്‍ നൂറു മതിയെന്നും, ശതമാകില്‍ സഹസ്രം മതിയെന്നും

ആയിരം പണം കൈയില്‍ ഉണ്ടാകുമ്പോള്‍, ആയുതമാകില്‍ ആശ്ച്ചര്യമെന്നതും”

2 comments:

  1. നന്നഞ്ഞിടം കുഴിക്കുക എന്നത് പണ്ട് മുതലേ ഉള്ള ഒരു പ്രയോഗം ആണ്.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി സഖാവേ

      Delete

Please add your comment here...