" നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട് "
ജനിച്ച വീടും നാടും മണ്ണും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. പ്രവാസികളെ തിരികെ വിളിക്കുന്നതും, സ്വദേശികളെ ചേർത്ത് നിർത്തുന്നതും ഈയൊരു വികാരമാണ്. വർഷങ്ങളായി ജീവിച്ചു പോന്ന പുരയിടങ്ങളിൽ നിന്നും ഒരു ദിവസം ഇറങ്ങിപ്പോരേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? യുദ്ധവും പ്രകൃതി ക്ഷോഭങ്ങളും അത്തരം പാലായനങ്ങളിലേക്ക് പലപ്പോഴും മനുഷ്യ സമൂഹത്തെ നയിച്ചിട്ടുണ്ട്. ഇതുപോലൊരു ഗതികേടിലൂടെ കടന്നു പോകുന്ന ഒരു ജനതയാണ് ഇന്ന് 'മൺറോ' തുരുത്തിലുള്ളത്. ഒരു കാലത്തു കണ്ടൽ ചെടികൾ തിങ്ങി നിറഞ്ഞു വളർന്നിരുന്ന ഇവിടെ കയറു പിരിക്കലും, മീൻ പിടുത്തവും ജീവിതമാർഗമാക്കിയ ഒരു കൂട്ടം ആളുകൾ സന്തോഷത്തോടെ ജീവിച്ചിരുന്നു. എന്നാൽ ചോര നീരാക്കി വാങ്ങിയ ഒരു തുണ്ടു ഭൂമിയും, അതിന്മേൽ പടുത്തുയർത്തിയ കൊച്ചു വീടും ഉപേക്ഷിച്ചു, കൈയിൽ കിട്ടിയതെല്ലാം വാരിക്കെട്ടി, എങ്ങോട്ടുപോകണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഒരു കൂട്ടമാളുകൾ അതാണ് ഇന്നത്തെ 'മൺറോ തുരുത്ത്'.
കേരളത്തിലെ കൊല്ലം ജില്ലയിൽ അഷ്ടമുടി കായലും , കല്ലടയും വലം വയ്ക്കുന്ന ഒരു കൊച്ചു ഭൂപ്രദേശമാണ് മൺറോ തുരുത്ത്. ഏകദേശം 13 കിലോമീറ്റര് വിസ്തൃതി മാത്രമുള്ള ഒരു കുഞ്ഞു ദ്വീപ്. 1800-കളിൽ തിരുവിതാംകൂർ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ജോൺ മൺറോയുടെ സ്മരണാർത്ഥമാണ് മൺറോ തുരുത്തിനു ഈ പേര് വന്നത്. 200-ൽ അധികം കുടുംബങ്ങളിലായി ഏകദേശം പതിനായിരത്തോളം ആളുകൾ ഇവിടെ ഇന്ന് താമസിക്കുന്നുണ്ട്.
തിരുവനന്തപുരത്തു നിന്നുള്ള ട്രെയിൻ യാത്രകൾക്കിടയിൽ പല തവണ ഈ പ്രദേശം ദൂരെ നിന്ന് കണ്ടിട്ടുണ്ടെങ്കിലും മൺറോയുടെ പ്രകൃതി ഭംഗി എല്ലാരേയും പോലെ എന്നെയും വല്ലാതെ ആകർഷിച്ചു. അങ്ങനെയാണ് ഒരു വാരാന്ത്യത്തിൽ മൺറോ തുരുത്തിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത്. ടെക്നോപാർക്കിലെ ജീവനക്കാരും സർവോപരി എന്റെ സഹ മുറിയൻമ്മാരും ആയ രാജേട്ടനും , വെങ്കട്ടും കൂടെ വരാമെന്നേറ്റു. കഴകൂട്ടം ടെക്നോപാർക്കിനടുത്തുള്ള ഞങ്ങളുടെ താമസ സ്ഥലത്തു നിന്നും ഏകദേശം 70 കിലോമീറ്റർ ദൂരമുണ്ട് മൺറോ തുരുത്തിലേക്ക്
പ്രകൃതി സൗന്ദര്യം തുടിച്ചു നിക്കുന്ന മൺറോയെ ശരിക്കു കാണണമെങ്കിൽ തോണിയിൽ തന്നെ പോണം. കല്ലടയുടെ ഓരങ്ങളിൽ നിന്നും നിർമിച്ച ചെറിയ കനാലുകൾ മൺറോയുടെ മുക്കിലും മൂലയിലും ചെന്നെത്തുന്നു. 19- ആം നൂറ്റാണ്ടിൽ മൺറോ സായിപ്പിന്റെ ബുദ്ധിയിൽ ഉദിച്ച ആശയം. യന്ത്രവൽകൃത വാഹനങ്ങൾ നിലവിലില്ലാത്ത അക്കാലത്തു തുരുത്തിലെ ആളുകൾക്ക് സഞ്ചരിക്കാനും , കയറുൾപ്പെടെയുള്ള ചരക്കുകൾ കൊണ്ടുപോകാനും കിലോമീറ്റർ നീളത്തിൽ കനാലുകൾ നിർമ്മിച്ചിട്ടുണ്ട് മൺറോയിൽ ഉടനീളം. JCB-യോ അതുപോലെയുള്ള യന്ത്രങ്ങളോ നിലവിൽ ഇല്ലാതിരുന്ന അക്കാലത്തു ഏകദേശം രണ്ടു-മൂന്നു മീറ്റർ വീതിയിൽ നിർമ്മിച്ച ഈ ജലപാതകൾ ശരിക്കും ഒരു അത്ഭുതമാണ്. ഈ കനാലുകളിലൂടെയുള്ള വഞ്ചി യാത്ര ഒരു അവിസ്മരണീയ അനുഭവമായിരിക്കും. ഒരു സഞ്ചാരി സുഹൃത്തിൽ നിന്ന് എനിക്ക് കിട്ടിയ മൺറോ തുരുത്തിലെ വിമലൻ ചേട്ടന്റെ നമ്പറിൽ വിളിച്ചു, പിറ്റേന്ന് രാവിലത്തേക്കു ഒരു വഞ്ചി ഞങ്ങൾ സംഘടിപ്പിച്ചു.
പിറ്റേന്ന് രാവിലെ അഞ്ചു മണിയോടെ ഞങ്ങൾ കഴക്കൂട്ടത്ത് നിന്ന് യാത്ര തുടങ്ങി. കഴകൂട്ടം - കൊട്ടിയം - കുണ്ടറ - മൺറോ ഇതായിരുന്നു റൂട്ട്. പോകുന്ന വഴിയിൽ കൊട്ടിയത്തു ആദ്യത്തെ പിറ്റ് സ്റ്റോപ്പെടുത്ത്, ഒരു ചായയും കുടിച്ചു യാത്ര തുടർന്നു. ആറേ മുക്കാലോടെ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി. വിമലൻ ചേട്ടൻ ഞങ്ങളെ കാത്തു വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. വിമലൻ ചേട്ടൻ സ്വന്തമായി ഒരു ഹോം സ്റ്റെയും നടത്തുന്നുണ്ട്. ആരോഗ്യം ശരിയല്ലാത്തതിനാൽ ചേട്ടൻ ഞങ്ങളുടെ കൂടെ വന്നില്ല , പകരം ബന്ധുവായ വേറൊരു ചേട്ടനാണ് വന്നത്. അങ്ങനെ വിമലൻ ചേട്ടന് പകരം രമണൻ ചേട്ടൻ ഞങ്ങളുടെ സാരഥിയായി. മുതലാളീ ജങ്ക ജഗ ജഗ ..!!
കല്ലടയുടെ കൈവഴികളെ പോലെ തോന്നിപ്പിച്ച ആ ചെറിയ കനാലുകളിലൂടെ ഞങ്ങളുടെ വഞ്ചി തെന്നി നീങ്ങിക്കൊണ്ടിരുന്നു. രമണൻ ചേട്ടൻ ഞങ്ങൾക്ക് മൺറോയുടെ വിശേഷങ്ങൾ ഓരോന്നോരോന്നായി പറഞ്ഞു തന്നുകൊണ്ടിരുന്നു. തിരുവിതാകൂറിലെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മൺറോ സായിപ്പ് ഈ ചെറു തുരുത്തിന്റെ സാമ്പത്തികവും, സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്. തുരുത്തിലെ കാനാലുകളുടെ നിർമ്മാണത്തിൽ തുടങ്ങി, മൺറോ ദ്വീപിലെ അടിമ സമ്പ്രദായം അവസാനിച്ചതിൽ വരെ എത്തി നിൽക്കുന്ന സായിപ്പിന്റെ നല്ല മനസ്സിനോടുള്ള നന്ദി സൂചകമായിട്ടാണ് ഈ തുരുത്ത് ഇന്ന് മൺറോ തുരുത്തു എന്ന പേരിൽ എന്നറിയപ്പെടുന്നത്. മൺറോയുടെ ഉൾവഴികളിലൂടെയാണ് ഞങ്ങൾ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. മൺറോ സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം രാവിലെയാണ്. സൂര്യോദയത്തിനു മുൻപേ കണ്ടു തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം. രണ്ടു വശങ്ങളിലും ഇടവിട്ടിടവിട്ടു വീടുകൾ ഉണ്ട്. രണ്ടു വശത്തും നല്ല പച്ചപ്പ്. ചിലയിടങ്ങളിൽ കണ്ടൽ കാടുകൾ. കണ്ടൽ കാടുകൾക്കിടയിൽ മീൻ പിടിച്ചു നടക്കുന്ന പേരറിയാത്ത അനേകം പക്ഷികൾ. ചിലയിടങ്ങളിൽ ചെമ്മീൻ കൃഷി നടത്തുന്നുണ്ട്. പുഴയിലെ എക്കൽ മണ്ണ് വഞ്ചിയിൽ നിറച്ചു തെങ്ങിന്തോട്ടങ്ങളിൽ കൊണ്ടുപോയി തടമിട്ടു നിറക്കുന്ന കർഷകർ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതുപോലെ എന്ന് നമുക്ക് തോന്നിപ്പോയാൽ കുറ്റം പറയാനൊക്കില്ല.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായൊരു മുഖം മൺറോയ്ക്കുണ്ട്. മൺറോ ഒരു സിങ്കിങ് ഐലൻഡ് ആണ് . അതായത് ഓരോ ദിവസവും അൽപ്പാൽപ്പമായി മുങ്ങിക്കൊണ്ടിരിക്കുന്ന ഭൂപ്രദേശം. ഒരുപക്ഷെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഭൂപടത്തിൽ ഇല്ലാത്തൊരിടമായി മൺറോ മാറിയേക്കാം. 2004 -ലെ സുനാമി ദുരന്തത്തിന് ശേഷം മൺറോ തുരുത്തിൽ പാരിസ്ഥിതികമായ പല മാറ്റങ്ങളും വന്നു. തുരുത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറാൻ തുടങ്ങി. വേലിയേറ്റ സമയങ്ങളിൽ ഉണ്ടാകുന്നത് പോലെ. വീടുകളിൽ പലതിലും മുട്ടറ്റം വരെ വെള്ളം നിറഞ്ഞു. ചുറ്റിലും വെള്ളം നിറഞ്ഞു കിടന്നെങ്കിലും ശുദ്ധ ജലത്തിന്റെയും കുടിവെള്ളത്തിന്റെയും ലഭ്യത കുറഞ്ഞു വന്നു. പലയിടത്തും വെള്ളം കെട്ടിക്കിടന്നത് കാരണം ജലജന്യ രോഗങ്ങളും പതിയെ മുൻറോയെ തേടിയെത്തി. ദിനംപ്രതി മൺറോ ഇഞ്ചിഞ്ചായി വെള്ളക്കെട്ടിൽ മുങ്ങിക്കൊണ്ടിരിക്കുന്നു. വിളിക്കാത്ത അതിഥിയായി വരാന്തയിലും കിടപ്പറയിലും വരെ കയറിയ വെള്ളം കോരിക്കളയുന്നതു തുരുത്തിലെ പല വീടുകളിലെയും ദിനചര്യയായി വരെ മാറി. പലർക്കും ഇവിടം വിട്ടൊഴിയേണ്ടതായി വന്നു , അത് വരെ കൂടെ കൂട്ടിയതെല്ലാം ഉപേക്ഷിച്ചുകൊണ്ട്. മൺറോയിലെ യുവാക്കൾക്ക് വിവാഹത്തിന് പെണ്ണ് കിട്ടാത്ത അവസ്ഥ വരെ വന്നു. മൺറോയുടെ ഇപ്പോഴത്തെ അവസ്ഥയെ പഠിക്കാനും , തുരുത്തുകാരുടെ പുനരധിവാസത്തിനും വേണ്ട ചില നടപടികൾ കേന്ദ്ര / സംസ്ഥാന സർക്കാരുകൾ ഇപ്പോൾ എടുക്കാൻ തുടങ്ങുന്നു എന്നുള്ളത് അൽപ്പം ആശ്വാസകരം ആണ്. എങ്കിലും സ്വവാസസ്ഥലം ഉപേക്ഷിക്കപ്പെടേണ്ടി വരുന്നു എന്ന വലിയ പ്രശ്നം എത്രത്തോളം പരിഹരിക്കപ്പെടും എന്നുള്ളത് കണ്ടു തന്നെ അറിയേണ്ടി വരും.
രമണൻ ചേട്ടൻ ഞങ്ങളെ മൺറോ തുരുത്തിന്റെ ഉള്ളിലേക്ക് കൊണ്ട് പോകുകയാണ്. മൺറോയുടെ കറുത്ത യാഥാർഥ്യം ഒന്നും ചേട്ടനെ ബാധിക്കുന്നതായി തോന്നുന്നില്ല. പുള്ളി ഇപ്പോഴും നല്ല ഹാപ്പിയാണ്. ഒരുപക്ഷെ ആ ചിരിയുടെ മറവിൽ ഉരുണ്ടു കൂടിയ ഇരുണ്ട മേഘങ്ങളെ ഞങ്ങൾ കാണാതെ പോയതാണോ ? അറിയില്ല. പലയിടത്തും കനാലിനു മുകളിലൂടെ ചെറിയ കോൺക്രീറ്റ് പാലങ്ങൾ പണിതിട്ടുണ്ട്. സൂക്ഷിച്ചിരുന്നില്ലേൽ തലയിടിക്കും. രാജേട്ടനും , വെങ്കടും സെൽഫിയെടുക്കുന്ന തിരക്കിലാണ്. ഒപ്പം തന്നെ ഞാൻ എന്റെ ക്യാമറയിൽ അവരുടെ ചിത്രങ്ങൾ എടുക്കുന്നില്ല എന്ന പരാതിയും പറഞ്ഞു കൊണ്ടിരിക്കുന്നു. നാട്ടുകാർ ഇവിടം വിട്ടു പോകുമോഴും കച്ചവട താൽപ്പര്യത്തോടെ ഇങ്ങോട്ടു കടന്നു വരുന്ന മറ്റൊരു കൂട്ടരുണ്ട്. സ്വകാര്യ റിസോർട്ടുകാർ. ഞങ്ങൾ പോകുന്ന വഴിയിൽ തന്നെ മൂന്നു - നാല് ചെറിയ റിസോർട്ടുകൾ കണ്ടു. പലരും സ്വന്തം വീടുകളിൽ ഹോം സ്റ്റേകൾ തുടങ്ങിയിട്ടുണ്ട്. നാട്ടുകാർ വിട്ടൊഴിഞ്ഞ സ്ഥലങ്ങൾ റിസോർട്ടുകാർ ചുളു വിലക്ക് കൈക്കലാക്കുന്നു. തുരുത്തിലെ കച്ചവടവൽക്കരിക്കുന്നതിന്റെ പല ലക്ഷണങ്ങളും കണ്ടു തുടങ്ങി. ഉള്ളിലേക്ക് പോകും തോറും യാത്രയുടെ ആസ്വാദ്യത കുറഞ്ഞ തുടങ്ങി. ചിലയിടത്തെങ്കിലും ഒഴുകിയെത്തുന്ന മാലിന്യങ്ങളും , നേരിയ ദുർഗന്ധമുള്ള വെള്ളവും ചെറുതായി രസം കെടുത്തി. എങ്കിലും എവിടെയോ നഷ്ടമായ പഴയ നാട്ടിൻപുറത്തിന്റെ ഗൃഹാതുരത അതിനെ മറച്ചു പിടിച്ചുകൊണ്ടു കൂടെ പോന്നു. സമയം ഒൻപതു മണിയോടടുക്കാറായി. ഓളമുണ്ടാക്കാതെ ഒഴുകി നീങ്ങുന്ന താറാക്കൂട്ടങ്ങളും, ഒറ്റക്കാലിൽ തപസ്സിരിക്കുന്ന വെള്ള കൊക്കുകളും സൂര്യന്റെ സ്വർണ വെളിച്ചത്തിൽ മൺറോയുടെ സൗന്ദര്യം ഒന്നുകൂടി ജ്വലിപ്പിച്ചു. കാനാലുകളിൽ നിന്ന് പിൻവാങ്ങിയ രമണൻ ചേട്ടന്റെ തോണി ഇപ്പോൾ കായൽപ്പരപ്പിലേക്ക് കടന്നിരിക്കുന്നു. മറു കരയിലെ അമ്പലങ്ങളിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന പാട്ടുകൾ ഇങ്ങേക്കരയിൽ അലയടിക്കുന്നു. പോകുന്ന വഴി സൈക്കിളിൽ എത്തിയ രണ്ടു അന്യസംസ്ഥാന തൊഴിലാളികൾ കായൽക്കരയിൽ സെൽഫി എടുക്കുന്നത് കണ്ടു. ജീവിതം ആസ്വദിക്കാൻ അവരും പഠിക്കട്ടെ.
രമണൻ ചേട്ടൻ തോണി കരയിൽ അടുപ്പിച്ചു. എന്തായാലും മൺറോയുടെ ദ്രവിച്ച ഭാഗങ്ങളിലൂടെയൊന്നും ചേട്ടൻ ഞങ്ങളെ കൊണ്ടുപോയില്ലായിരുന്നു. മൺറോയിൽ ഇനിയും ശേഷിക്കുന്ന പ്രസന്നതയിലൂടെ മാത്രമുള്ളൊരു യാത്ര. അത് മനഃപൂർവമായിരുന്നോ എന്തോ ?
മൺറോയുടെ ഇന്നത്തെ അവസ്ഥയ്ക്കുള്ള കാരണമെന്തെന്ന് പല വാഗ്‌വാദങ്ങളും നടക്കുന്നുണ്ട്. കേരളത്തിലെ മറ്റു ഭൂപ്രദേശങ്ങൾ അപേക്ഷിച്ച് വളരെ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളതാണ് മൺറോ തുരുത്ത്. അതുകൊണ്ടു തന്നെ ഇത്തരം ഭൂഭാഗങ്ങളിൽ സ്വാഭാവികമായും ഉണ്ടാകുന്ന ഇരുത്തമാണ് (stabilization) പലരും മൺറോ മുങ്ങുന്നതായി തെറ്റിദ്ധരിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുന്നു. എന്നാൽ 2004 -ലെ സുനാമിയാണ് എല്ലാത്തിനും കാരണമെന്ന് വിശ്വസിക്കുന്നവരാണ് മറ്റൊരു കൂട്ടർ. കല്ലട ഡാമിന്റെ നിർമ്മാണാനന്തരം മൺറോയിൽ എക്കൽ മണ്ണിന്റെ നിക്ഷേപം കുറഞ്ഞതും, കണ്ടൽച്ചെടികൾ നശിച്ചതും , എന്തിനേറെ സമീപത്തെ റെയിൽപാലങ്ങളിൽ ട്രെയിൻ പോകുമ്പോഴുണ്ടാകുന്ന പ്രകമ്പനം വരെ മൺറോ മുങ്ങുന്നതിനു കാരണമായി പലരും പറയുന്നു. എന്നാൽ ശാസ്ത്രീയമായ ഒരു പഠനം ഇവിടെ നടക്കേണ്ടത് അനിവാര്യമായിക്കൊണ്ടിരിക്കുന്നു. അതിൽ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങൾക്ക് ഒരു പക്ഷെ മൺറോയെ പോയകാലങ്ങളിലേക്കു കൂട്ടികൊണ്ടു പോകാൻ കഴിഞ്ഞേക്കും
രമണൻ ചേട്ടനോടും , നല്ല കുറച്ചു സമയവും, ചെറിയ ചില ചിന്തകളും സമ്മാനിച്ച മൺറോയോടും വിടപറഞ്ഞുകൊണ്ടു ഞങ്ങൾ മടങ്ങി , ഇനി വരുമ്പോൾ ഈ തുരുത്തിനെ ഇതേ രൂപത്തിൽ കാണാനൊക്കുമോ എന്ന ആശങ്കയും ചുമന്നുകൊണ്ട്.