"മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കണ്ടിട്ടുണ്ടോ " - കുഞ്ഞിക്കാ പറഞ്ഞ ഈയൊരൊറ്റ ഡയലോഗാണ് എല്ലാത്തിനും കാരണം.
"അല്ലപ്പാ , അതിനിപ്പോ മീശപ്പുലിമല തന്നെ വേണോ ? മഞ്ഞു പെയ്യുന്ന വേറെ എത്ര സ്ഥലങ്ങളുണ്ട് ".
അതായിരുന്നു ഞാനും വിചാരിച്ചിരുന്നത് . പക്ഷെ ഇത് വേറെ ലെവലാണ്. മീശപ്പുലിമലയെ പറഞ്ഞു തരാൻ പറ്റില്ല , അത് അനുഭവിച്ചു തന്നെ അറിയണം
ചാർളി ഇറങ്ങിയതിനു ശേഷം ഏതൊരു ശരാശരി മലയാളിയെയും പോലെ , മീശപ്പുലിമല എന്ന സ്വർഗം എന്റെ മനസ്സിൽ കേറിക്കൂടിയിരുന്നു. പല തവണ കാണാൻ കൊതിച്ചുവെങ്കിലും പല പല കാരണങ്ങളാൽ ആ പ്ലാൻ വഴുതി മാറിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെയാണ് അത് സംഭവിച്ചത് .. എന്ത് ?
"എന്താണ് ചോദിക്ക് "
"എന്താ "
മ്മടെ തിരുവനതപുരം സഞ്ചാരിയുടെ മീശപ്പുലിമല ട്രെക്ക് . പടച്ചോനെ ഇങ്ങള് കാത്തോളീന്നും പറഞ്ഞു ഒരു സീറ്റ് ഞാനങ്ങു ബുക്ക് ചെയ്തു. പിന്നീടുള്ള ദിവസങ്ങൾ വിരലിൽ എണ്ണി കാത്തിരുന്നു.
മീശപ്പുലിമലക്കുള്ള യാത്രക്കാർ KFDC വഴി മുൻകൂട്ടി യാത്ര ബുക്ക് ചെയ്യേണ്ടതാണ്. ദിവസേന 40 പേർക്ക് മാത്രമേ ഇവിടേക്ക് പ്രവേശനം ഉള്ളൂ. പ്രധാനമായും രണ്ടു പാക്കേജുകൾ ഉണ്ട്. ഒന്ന് ബേസ് ക്യാമ്പിൽ നിന്നുള്ള ട്രെക്കിങ്ങ്. മുകളിൽ പോയി തിരിച്ചു വരാൻ ഏകദേശം 20 കിലോമീറ്ററോളം എടുക്കും. രണ്ടാമത്തേത് റോഡോവാലിയിൽ സ്റ്റാർട് ചെയ്യുന്നു. ബേസ് ക്യാമ്പിൽ നിന്നുള്ളതിന്റെ പകുതിയോളം ദൂരമേ ഈ ട്രെക്കിനുള്ളൂ. അങ്ങനെ ആ വീക്കെൻഡ് വന്നെത്തി. മാസങ്ങളായി കാത്തിരുന്ന ആ സ്വപ്ന യാത്ര. തലേന്ന് രാത്രി തന്നെ മൂന്നാറിലേക്ക് വണ്ടി കയറി. പോകുന്ന വഴി മറ്റൊരു സഞ്ചാരിയായ വഞ്ചിയൂർ കോടതിയിലെ അഡ്വക്കേറ്റ് ബിപിൻ ചേട്ടനെ കൂട്ടിനു കിട്ടി.
രാവിലെ നേരത്തെ തന്നെ മൂന്നാർ ടൗണിൽ കാലു കുത്തി. KSRTC ആയതു കൊണ്ട് യാത്രാ ക്ഷീണം നന്നായി ഉണ്ടായിരുന്നു, ഫ്രഷ് ആവാനായി ഒരു റൂം എടുത്തു. സഞ്ചാരിക്കൂട്ടത്തിലെ വിനോദേട്ടനും കസിനും കൂടെ ഉണ്ടായിരുന്നു.
ഫ്രഷ് ആയി ബ്രേക്ഫാസ്റ്റും കഴിച്ചു കുറച്ചു നേരം കിടന്നുറങ്ങി.ഉച്ചക്ക് റൂം ബോയി വന്നു വാതിലിൽ മുട്ടിയപ്പോഴാണ് ഉറക്കമുണർന്നത്. റൂം ചെക്ക്‌ഔട് ചെയ്യാൻ സമയമായി പോലും .. ബ്ലഡി ഫെല്ലാസ് .. കുറച്ചു സിംഗപ്പൂർ ഡോളേഴ്‌സ് കൈയിൽ ഉണ്ടായിരുന്നേൽ എറിഞ്ഞിട്ടു കൊടുക്കാമായിരുന്നു. എന്തായാലും പുറത്താക്കുന്നതിനു മുൻപേ ഇറങ്ങിപ്പോകാം അതല്ലേ ഹീറോയിസം
KFDC Base Camp |
പിന്നെ നേരെ KFDC ഓഫീസിലേക്ക് വച്ച് പിടിച്ചു. അതിനിടയിൽ ശരവണ ഭവനിൽ ചെന്ന് ഉച്ചയൂണും കഴിച്ചു. ഇത്ര സ്വാദുള്ള വെജിറ്റേറിയൻ ഭക്ഷണം ഞാൻ ഈ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല (അമ്മ കേൾക്കണ്ട ). KFDC ഓഫീസിൽ നിന്ന് ഞാനടക്കം ഏഴു പേർക്ക് ഒരു ജീപ്പ് അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു. ബേസ് ക്യാമ്പ് വരെ സ്വന്തം വാഹനത്തിൽ പോകാം , അല്ലാത്തവർക്ക് ഫോറെസ്റ് ഓഫീസിൽ പറഞ്ഞാൽ ജീപ്പ് ഒരുക്കിത്തരും.
അങ്ങനെ അത് വരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഞാനും , റഫീഖ് ഭായിയും, ബിപിൻ ചേട്ടനും, മാക്സും , ജാബിറും, സച്ചിനും , മാത്യൂസും ആ ഒരൊറ്റ ഓഫ് റോഡിൽ കട്ട കൂട്ടായി മാറി. ഓരോരോ യാത്രകളും ഇത്തരത്തിൽ ഒരു നൂറു പേരെ നമുക്ക് പരിചയപ്പെടുത്തി തരുന്നു. മതത്തിനും , ജാതിക്കും , നിറത്തിനും അതീതരാണ് സഞ്ചാരികൾ എന്ന് പറയുന്നത് എത്ര സത്യം.
വളരെ നന്നായി മൈന്റയിൻ ചെയ്ത ഒരു ലാൻഡ്‌സ്‌കേപ്പിലാണ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. താമസം ടെന്റിനകത്തു സ്ലീപ്പിങ് ബാഗുകളിലും. ക്യാംപിലേക്കുള്ള വൈദ്യുതി ഒരു മൈക്രോ ടർബൈൻ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. മലമുളകിൽ നിന്ന് വെള്ളം പൈപ്പുകളിൽ താഴെ എത്തിച്ചു ടർബൈൻ പ്രവർത്തിപ്പിക്കുന്നു. ക്യാംപിനു ചുറ്റും ഇലക്ട്രിക് വേലി കെട്ടിയിട്ടുണ്ട്. ബേസ് ക്യാംപിനു മുകളിൽ കരിമ്പുലിയൊക്കെ ഉണ്ടെന്നാണ് ജീപ്പ് ഓടിച്ച ചേട്ടൻ പറഞ്ഞത്. വൈദ്യുത വേലി ഉള്ളത് കാരണം ഒന്നും പേടിക്കാനില്ല.
നല്ല തണുത്ത കാലാവസ്ഥ. തെര്മോമീറ്ററിൽ 18 ഡിഗ്രി കാണിക്കുന്നു. ഒന്ന് കുളിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ തണുപ്പ് എന്നെ പുറകോട്ടു വലിക്കുന്നു. അവസാനം രണ്ടും കൽപ്പിച്ചു ബാത്റൂമിൽ കയറി. വെള്ളത്തിനൊക്കെ ഐസിന്റെ തണുപ്പ്. ഒരു വിധം കുളിച്ചു പുറത്തിറങ്ങി. അങ്ങനെ ബേസ് ക്യാംപിൽ കുളിച്ച സൗത്ത് ഇന്ത്യയിലെ ചുരുക്കം ചില പേരിൽ ഒരാളായി എന്റെ പേരും സ്വർണ ലിപികളിൽ കൊത്തി വെക്കപ്പെട്ടു. ഫ്രെയ്‌ഡ് റൈസും ചിക്കനും ഡ്യുവറ്റ് പാടിയ ആ രാത്രി ഞങ്ങൾ എല്ലാവരും നന്നായി ആസ്വദിച്ചു. ക്യാമ്പ് ഫയറും , അന്താക്ഷരിയും മേമ്പൊടിയായി ചില യാത്രാ അനുഭവങ്ങളും.
സ്ലീപ്പിങ് ബാഗിനുള്ളിൽ ഉറക്കം എനിക്കൊരു ആദ്യാനുഭവമായിരുന്നു. ടെന്റിൽ വീഴുന്ന ചാറ്റൽ മഴയും , ചീവീടിന്റെ കിരുകിരുപ്പും ചേർന്നുള്ള ഒരു അഡാർ ആംബിയൻസ്. ഉറക്കം കിട്ടാൻ അൽപ്പം താമസിച്ചെങ്കിലും , രാവിലെ അലാറം രണ്ടാമത്തെ തവണ അടിച്ചപ്പോഴാണ് ഉറക്കം വിട്ടത്. 9 മണിയോടെ ബ്രേക്ഫാസ്റ്റും കഴിച്ച് ട്രെക്കിങ്ങിനു റെഡിയായി നിന്ന്. ക്യാമ്പ് നിൽക്കുന്ന സ്ഥലത്തിന് മുകളിലൂടെയെയാണ് ട്രെക്കിങ്ങ് പാത.
മൊത്തം നാൽപ്പതു പേരുണ്ടായിരുന്നു. അതിൽ എട്ടു പേര് മംഗലാപുരത്തു നിന്ന് വന്നവരും ബാക്കിയുള്ളവർ സഞ്ചാരി സഹയാത്രികരും ആയിരുന്നു . ഗൈഡിന്റെ കൂടെ ഞങ്ങൾ മുന്നോട്ടു നടന്നു. ഇലക്ട്രിക്ക് വേലി കടന്നു മുന്നോട്ടു പോണം. വേലിയിൽ എവിടെയും തുറക്കുന്ന ഗേറ്റു കണ്ടില്ല.
"അപ്പൊ ഇതിനപ്പുറം എങ്ങനെ കടക്കും ?"
ഗൈഡ് വന്നു നല്ല കൂളായി വൈദുതി കടത്തി വിടുന്ന ലൈൻ എടുത്തു മാറ്റി വഴിയൊരുക്കി
"ദൈവമേ അപ്പൊ അതിനകത്തു കൂടി കരണ്ടു കടത്തി വിടുന്നി ല്ലേ !!?"
ആ ഒരൊറ്റ ധൈര്യത്തിലാണ് ഇന്നലെ ക്യാംപിൽ കിടന്നതു. ഇത് വെറും ഡമ്മിയായിരുന്നല്ലേ.
"ഓ മൈ ഗോഡ് , കരിമ്പുലി വെക്കേഷനിൽ ആയതു നന്നായി "
നന്നായി നനവുള്ള പ്രദേശത്തു കൂടിയാണ് ഇനിയുള്ള യാത്ര. യാത്രയുടെ പകുതിയോളമെത്തുന്ന റോഡോ മെൻഷൻ വരെയുള്ള വഴി മുഴുവൻ ഏകദേശം ഇതേ പരുവമാണ്. അത് കൊണ്ട് തന്നെ അട്ട ശല്യം അതി ഭീകരം. ഓരോ മിനിട്ടിലും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തേണ്ട (We Killed those bastards) ഗതികേട്. 9 :30 നു തുടങ്ങിയ നടത്തം 11 :30 പിന്നിടുമ്പോൾ ഞങ്ങൾ റോഡോ മാൻഷൻ എത്തിയിരുന്നു. അൽപ്പ നേരം അവിടെ വിശ്രമിച്ചു നടത്തം വീണ്ടും തുടർന്ന്. ദൂരെ ഒരു വലിയ മല കാണുന്നു.
"ചേട്ടാ ഇതാണോ മീശപ്പുലിമല " ഗൈഡ് ചേട്ടനോട് വെറുതെ ചോദിച്ചു.
"ഏയ് ഇതൊന്നും കണ്ടു നിങ്ങൾ പേടിക്കേണ്ട , ഇതുപോലത്തെ രണ്ടു മൂന്നെണ്ണം ഇനിയും കയറാനുണ്ട് "
മറുപടി കിട്ടി. സമാധാനായല്ലോ ?
അപ്പൊ പിക്ച്ചർ അഭീ ഭീ ബാക്കി ഹേ ഭായ്. എന്നാ പിന്നെ മിണ്ടാതെ നടക്കുവല്ലേ. ഓ ആയിക്കോട്ടെ.
Mass entry of our guide ;) |
ഗൈഡ് പാണ്ട്യൻ ചേട്ടനെ സമ്മതിക്കണം. കുന്നും മലയും നല്ല കൂളായി ചാടിച്ചാടി കേറുകയാണ്. ചേട്ടന് മീശപ്പുലിമലയിൽ കേറാൻ വെറും ഒരു മണിക്കൂർ മതിയത്രെ. ഇവിടെ കുറച്ചു പേര് കയറാൻ തുടങ്ങിയിട്ടു മണിക്കൂർ മൂന്നായി , പകുതി പോലും എത്തിയില്ല ഇത് വരെ. പലരുടെയും നടത്തത്തിന്റെ വേഗത വ്യത്യാസപ്പെട്ടു തുടങ്ങി. അത് വരെ ഒരുമിച്ച് നടന്ന 32 പേർ , നടത്തത്തിന്റെ വേഗതയിലെ ഏറ്റക്കുറച്ചിൽ കാരണം പല പല ഗ്രൂപ്പുകളായി സ്‌പ്ലിറ് ചെയ്യപ്പെട്ടു. ക്ഷീണം നന്നായി വന്നു തുടങ്ങി. വെള്ളം ഒരു കവിൾ കുടിച്ചു. അധികം വെള്ളം കുടിച്ചാൽ നടക്കാൻ പറ്റില്ല. ഉച്ചക്കെക്കുള്ള ഭക്ഷണം ബേസ് ക്യാമ്പിൽ നിന്ന് പൊതിഞ്ഞു തന്നിരുന്നു. മണി ഒന്ന് കഴിഞ്ഞു. വിശക്കുന്നുണ്ട്. പക്ഷെ ആർക്കും ലഞ്ച് ബ്രേക്ക് എടുക്കേണ്ട ഇന്ട്രെസ്റ് കണ്ടില്ല.
അങ്ങനെ കുന്നുളളും താഴ്വാരങ്ങളും കയറി ഇറങ്ങി ഞങ്ങൾ മുന്നോട്ടു പോയി കൊണ്ടിരുന്നു. വഴിയിൽ തെളിനീരുറവകളും ചെറിയ വെള്ളച്ചാട്ടങ്ങളും. ഇടക്ക് ഒരു പുൽമേട്ടിൽ അപൂർണ്ണമായ ഒരു ഹൃദയ തടാകം കണ്ടു. അത് ചെമ്പ്ര കുന്നിൻ അനുസ്മരിപ്പിച്ചു. മനുഷ്യന്റെ നോട്ടക്കുറവിന്റെ ഫലമായി ചെമ്പ്ര കത്തിയിട്ടു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയും പഴയ ആ ചുറുചുറുക്ക് ഇതുവരെ ചെമ്രക്ക് തിരിച്ചു കിട്ടിയിട്ടില്ല. ഒരു നിമിഷത്തെ അശ്രദ്ധക്കു ഒരു നൂറ്റാണ്ടിന്റെ ചേർത്ത് വെക്കലുകളെ മുഴുവൻ ചാരമാക്കാൻ കഴിയും. പ്രകൃതി നമുക്ക് മാത്രമുള്ളതല്ല എന്നുള്ള കാര്യം ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഉത്തരവാദിത്വ ബോധമുള്ള യാത്രക്കാരാകാൻ നമുക്കോരോരുത്തർക്കും കഴിയണം.
ഞങ്ങളുടെ തളർന്നു പതിഞ്ഞ കാലടികൾ ഇപ്പോൾ ചെന്നെത്തിയിരിക്കുന്നതു ഒരു ഷൂട്ടിങ് പോയിന്റിലാണ്. ഇവിടെയാണ് ചാർളി സിനിമയിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അത് ഏതൊക്കെ സീനുകളാണെന്നു എനിക്ക് മനസ്സിലായില്ല. എന്തായാലും വീട്ടിലെത്തിയിട്ടു ചാർളി ഒന്നൂടെ കാണണം. ഈ സ്ഥലത്തിന് ഞങ്ങളിട്ട പേര് ജിയോ മാൻഷൻ എന്നാണ്.
കാരണമെന്താണെന്നല്ലേ ?
പറയാം . ബേസ് ക്യാമ്പ് കഴിഞ്ഞാൽ പിന്നെ എവിടെയും മൊബൈൽ കവറേജില്ല. എന്തിനു ബേസ് ക്യാംപിൽ പോലും റേഞ്ച് കിട്ടാൻ വീണ്ടും അരക്കിലോമീറ്റർ താഴേക്ക് പോണം. പക്ഷെ ഇവിടെ ജിയോക്ക് റേഞ്ച് കിട്ടിയിരിക്കുന്നു. അത് കൊണ്ട് ഇന്ന് മുതൽ ഈ സ്ഥലം ജിയോ മാൻഷൻ എന്ന പേരിൽ അറിയപ്പെടും. കിട്ടിയ അവസരത്തിൽ പലരും ഫേസ്ബൂക് ലൈവും, സ്റ്റാറ്റസ് അപ്‌ഡേറ്റും തുടങ്ങി
ഗൈഡ് ചേട്ടൻ മുറിഞ്ഞു പോയ ഗ്രൂപ്പുകളെ കൂട്ടി ചേർക്കാൻ വേണ്ടി കുന്നിന്റെ മുകളിലേക്കും താഴേക്കും ഓടി നടക്കുന്നുണ്ട്. ജിയോ മാൻഷൻ കഴിഞ്ഞു മുന്നോട്ടു പോകുമ്പോഴേക്കും മീശപ്പുലിമലയുടെ ഉയർന്ന ഭാഗം ഞങ്ങൾക്ക് കാണാറായി. ഇനിയും ഒരൊന്നൊന്നര മണിക്കൂർ കൂടി നടക്കേണ്ടി വരും. പക്ഷെ അപ്പോഴേക്കും ഞങ്ങളുടെ മുന്നിൽ പോയ വക്കീലും , റഫീഖ് ഭായിയും അതിന്റെ മുകളിൽ എത്തിക്കഴിഞ്ഞിരുന്നു. ഇനിയെന്തായാലും വെയിറ്റ് ചെയ്യാൻ പറ്റില്ല. വിശന്നിട്ടു കണ്ണ് കാണുന്നില്ല. ഒരു മരച്ചുവട്ടിലിരുന്നു ഭക്ഷണപ്പൊതി തുറന്നു. ചപ്പാത്തിക്കും , കിഴങ്ങു കറിക്കും ഇത്രക്കും ടേസ്റ്റ് തോന്നിയത് അന്നാദ്യമായാണ്. വീണ്ടും നടത്തം. നടന്നു തളർന്ന ഫൈസിയും ബ്രദറും എന്നെ നോക്കുന്നു. നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ എന്ന മട്ടിൽ. കാരണം അവരെ വിളിച്ചോണ്ട് വന്നത് ഞാനാണ്. അങ്ങനെ മൂന്നു മണിയോട് കൂടെ ഞങ്ങൾ മീശപ്പുലിമലയുടെ മുകളിൽ എത്തി. മാസങ്ങൾ നീണ്ട സ്വപ്നം ഇന്ന് യാഥാർഥ്യമായിരിക്കുന്നു. ഞാൻ ഉറക്കെ കൂക്കി വിളിച്ചു. ചെറിയ രീതിയിൽ അത് മല മടക്കുകളിൽ തട്ടി പ്രതിധ്വനിച്ചു. കഴിഞ്ഞ മാസം മൂന്നാർ ടോപ് സ്റ്റേഷനിൽ നിന്ന് ഞാൻ ദൂരെ മീശപ്പുലിമലയെ നോക്കി കണ്ടിട്ടുണ്ട്. ഇന്ന് തിരിച്ചു കാണാൻ പോകുന്നു. പക്ഷെ നിർഭാഗ്യവശാൽ ചുറ്റും മഞ്ഞു വന്നു മൂടിയിരിക്കുന്നു. പക്ഷെ ഞാൻ വന്നത് മഞ്ഞുപെയ്യുന്നതു കാണാനാണല്ലോ എന്ന ചിന്ത എന്നെ ആശ്വസിപ്പിച്ചു. മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നതു കണ്ടാലുണ്ടല്ലോ എന്റെ സാറേ വേറെ ഒന്നും കാണാൻ പറ്റൂല്ല.
അത് വരെ ഉണ്ടായിരുന്ന ക്ഷീണവും, വേദനയും എല്ലാം ഈയൊരു കാഴ്ചയിൽ അലിഞ്ഞില്ലാതായി. പശ്ചിമ ഘട്ടത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മലയാണ് മീശപ്പുലിമല. കീഴടക്കാൻ ഏറ്റവും പ്രയാസമേറിയതും ഇത് തന്നെ. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 8660 അടിയാണ് ഉയരം. ആനമുടിക്ക് ഇതിനേക്കാൾ 200 അടിയേ ഉയരക്കൂടുതലുള്ളൂ.
അങ്ങനെ ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിനു ശേഷം മടക്ക യാത്ര. തിരിച്ചു പോരാൻ തോന്നുന്നില്ല. പക്ഷെ ഇനിയും നിന്നാൽ നേരമിരുട്ടും എന്ന ചിന്തയിൽ തിരിച്ചു നടന്നു. മടക്ക യാത്രയിൽ കയറ്റങ്ങൾ കുറവായിരുന്നു. വഴിയിൽ കാട്ടു പോത്തിന്റെ കാലടിപ്പാടുകൾ കാണപ്പെട്ടു. പുൽമേടുകൾ പിന്നിട്ട് ആറു മണിയോട് ബേസ് ക്യാമ്പിൽ തിരിച്ചെത്തി. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. തിരികെ നാട്ടിലേക്ക്. നാട്ടിലെത്തുമ്പോൾ പറയേണ്ട കഥകൾ ആലോചിക്കുകയായിരുന്നു എല്ലാവരും. കാട്ടാടിനെ കാട്ടുപോത്താക്കിയും, കാട്ടുമുയലിനെ , ഒറ്റയാനാക്കിയും അവർ തങ്ങളുടെ ഫാന്റസികൾ നെയ്തു.
പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ രണ്ടു ദിവസങ്ങൾ. രണ്ടു ദിവസം മുൻപ് വരെ അന്യരായിരുന്ന 32 പേർ ഇന്ന് ചങ്ക് ബ്രോസ് ആയിരിക്കുന്നു. ഈ യാത്ര , അതൊരിക്കലും മറക്കാനാകില്ല. ഒരുപിടി നല്ല സുഹൃത്തുക്കളെയും , നല്ല അനുഭവങ്ങളെയും സമ്മാനിച്ച മണിക്കൂറുകൾ കൊഴിഞ്ഞു വീഴാറായി എന്ന വിഷമത്തിൽ, വീണ്ടുമെവിടെയെങ്കിലും വച്ച് കണ്ടു മുട്ടാം എന്ന പ്രത്യാശയിൽ ഞാൻ കാടിനേയും കൂട്ടുകാരെയും പിരിഞ്ഞു.
സ്വർഗത്തിലേക്കുള്ള വഴി ... ഇത്രേം നേരം നടന്നതിന്റെ ക്ഷീണമെല്ലാം ഇത് കണ്ടപ്പോ അലിഞ്ഞില്ലാതായി |
No comments:
Post a Comment
Please add your comment here...