Friday, October 27, 2017

ഒരു ബീമാനക്കിസ്സ




                  തെക്കേടത്തു കൃഷ്ണൻ മാഷിന്റെ വീടിന് പെയിന്റടിക്കുമ്പോഴാണ് കണാരേട്ടൻ പെയിന്റർ ഷാജിയേട്ടനോട് ഇങ്ങനെ ചോദിച്ചത്.

"അല്ല ഷാജ്യെ ഇതിപ്പോ ഒരാഴ്ച കഴിഞ്ഞില്ലേ,  വീടിന്റെ  പെയിന്റടി ഇതുവരെ തീർന്നില്ലല്ലോ ? ഇക്കണക്കിനു ഒരു വിമാനൊക്കെ പെയിന്റടിക്കണെങ്കിൽ കൊറേ ദെവസം എടുക്വല്ലോ ?"

"കണാരേട്ടാ ഇങ്ങളോട്‌ ആരാ പറഞ്ഞെ ?  ബീമാനം പെയിന്റടിക്കാൻ ഇത്രേം പണില്ല. ഒരഞ്ചു മിനിട്ടു നേരത്തെ പണിയേ ഇള്ളൂ.

"അതെങ്ങനെ !?"

"ഇങ്ങള് കണ്ടില്ലേ , ബീമാനം പൊങ്ങുമ്പോ ചെറുതാവുന്നതു. അന്നേരം ഒരു ബ്രഷിൽ പെയിന്റടുത്തു തെക്കോട്ടും വടക്കോട്ടും ഒന്നടിച്ചാ മതി. അത്രേ ഉള്ളൂ "

ഈ തമാശ നിങ്ങളെപ്പോലെ തന്നെ കുട്ടിക്കാലത്തു ഞാനും കേട്ടിട്ടുള്ളതാണ്. വിമാനം ആകാശത്തേക്കുയരുബോൾ എന്തുകൊണ്ട് ചെറുതായി ഒരു തീപ്പെട്ടിക്കൂട്ടിന്റെ അത്രയുമാകുന്നു എന്ന സമസ്യക്ക് ഉത്തരം കിട്ടാൻ പിന്നെയും  കൊല്ലം കൊറേയെടുത്തു. എല്ലാ ശരാശരി മലയാളിയെയും പോലെ വിമാനത്തിൽ ഒന്ന് കയറണം എന്നുള്ള പൂതി എന്റെ മനസ്സിലും ഇക്കാലയളവിൽ പൂവണിഞ്ഞിരുന്നു. ആദ്യ ട്രെയിൻ യാത്രയും , വിമാന യാത്രയുമെല്ലാം  പലർക്കും ഒരു അവിസ്മരണീയ അനുഭവമാണ്. അത് കൊണ്ടാണ് പ്രഥമ വിമാന യാത്രക്ക് തെയ്യാറെടുക്കുന്നവർക്കും , പറക്കാൻ  ആഗ്രഹിക്കുന്നവർക്കും,  വിമാനത്തിൽ ഇത് വരെ കയറാത്തവർക്കും  ഉപകാരപ്പെടുമെന്ന പ്രതീക്ഷയിൽ എന്റെ ആദ്യ വിമാന യാത്രാ അനുഭവം ഇവിടെ എഴുതുന്നത്.

*********************************************************************************

"ഡിങ് ഡോങ്, ഡിങ് ഡോങ്" 

മൊബൈലിൽ നീട്ടിക്കരഞ്ഞ അലാറത്തെ മയക്കി കിടത്തി ഞാൻ തിരിഞ്ഞു കിടന്നു. ഒരു പത്തു മിനിട്ടു കൂടി കഴിഞ്ഞിട്ട് എഴുന്നേൽക്കാം എന്ന ചിന്തയോടെ. എന്നാൽ മൊബൈൽ രണ്ടാമത് കരഞ്ഞില്ല എന്ന നഗ്ന സത്യം മനസ്സിലാക്കുമ്പോഴേക്കും സമയം അര മണിക്കൂർ പിന്നിട്ടിരുന്നു. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു നേരെ ബാത്റൂമിലേക്കോടി. പല്ലു തേപ്പും കുളിയും കഴിഞ്ഞു സുന്ദരക്കുട്ടപ്പനായി. തലേന്ന് തന്നെ എയർപോർട്ടിലേക്ക് ഓല കാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ വണ്ടി വരേണ്ട സമയമായപ്പോൾ പകരം വന്നത് മൊബൈലിലേക്ക്  ഒരു മെസ്സേജ് ആണ്. ഈ നട്ടപ്പാതിരക്കു അനക്ക് തരാൻ ഞമ്മളെ കൈയിൽ വണ്ടി ഒന്നുംല്ല ഹിമാറെ എന്ന രീതിയിൽ. ഓല പോയാൽ പോട്ടെ നമ്മക്ക് ഊബർ ഉണ്ടല്ലോ. വണ്ടി ബുക്ക് ചെയ്യാൻ ഊബർ ആപ്പ് തുറന്നപ്പോൾ അവിടുത്തെ അവസ്ഥ ഇതിലും പരിതാപകരമാണ്. ഒറ്റ വണ്ടിയില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല. പുലർച്ചക്ക് ഈ സമയത്തൊക്കെ ആര് വിളിക്കാനാ ?

ഇനിയിപ്പോ എന്ത് ചെയ്യും ? 

ഇനി വിളിക്കാൻ ഒരാളേയുള്ളൂ. ശക്തരിൽ ശക്തൻ , ആപത്തിൽ സഹായിക്കുന്നവൻ  , എതിരാളിക്കൊരു പ്രതിയോഗി

ഡിങ്ക ഭഗവാൻ ആണോ ? 

അല്ല രാജേട്ടൻ , വെറും രാജേട്ടനല്ല ബുള്ളറ്റ് രാജേട്ടൻ. എന്റെ സഹ മുറിയനാണ്. ഒറങ്ങിക്കിടക്കുന്ന രാജേട്ടനെ ചവിട്ടിയുണർത്തി എയർപോർട്ട് വരെ ഒന്ന് ഡ്രോപ്പ് ചെയ്തു തരാമോയെന്നു ചോദിച്ചു. ചോദിക്കേണ്ട താമസം ആപൽബാന്ധവൻ ബുള്ളറ്റുമെടുത്തു റെഡിയായി നിന്നു. അങ്ങനെ അഞ്ചരക്ക് മുൻപേ തന്നെ എയർപോർട്ടിൽ എത്തി.

ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം. ഒറ്റതവണയെ പറയൂ , കേട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്. 

ബീമാന യാത്ര ചെയ്യണമെങ്കിൽ ആദ്യം വേണ്ടത് എന്താണ് ?

എന്താണ്?

ടിക്കറ്റ് ..!! 

ആദ്യം ടിക്കറ്റ് എടുക്കണം . ടിക്കറ്റ് ഇല്ലെങ്കിൽ വിമാനത്തിൽ എന്നല്ല KSRTC ബസ്സിൽ പോലും കയറ്റൂല.

"പ്ഭാ..!! ഇജ്ജെന്താ ആളെ കളിയാക്കാ ? ഇതൊക്കെ ഏതു പൊട്ടനും അറിയിന്ന കാര്യല്ലേ ?"

അതായത് ഉത്തമാ .. ഞാൻ പറഞ്ഞു വന്നത് വേറൊരു കാര്യമാണ്.  ബാലുശ്ശേരി മുതൽ കോഴിക്കോട് വരെ പോകാൻ യുണൈറ്റഡ് ബസ്സിൽ എന്ന് കേറിയാലും ഇരുപതു ഉറുപ്പിക കൊടുത്താൽ മതി.  ഈ വിമാന ടിക്കറ്റെന്ന് പറയുമ്പോ, കൊല്ലം മുഴുവൻ ഒരേ  നിരക്കല്ല. ഉത്സവ സീസണുകളിലും, അവധിക്കാലത്തും ടിക്കറ്റു നിരക്ക് കുത്തനെ കൂടും. പിന്നെ യാത്രയുടെ തലേന്ന് ടിക്കറ്റെടുത്താൽ ഒരു റേറ്റ് , ഒരാഴ്ച മുന്പെടുത്താൽ വേറൊരു റേറ്റ് , ഒരു മാസം മുന്പാണെങ്കിൽ അതിലും കുറഞ്ഞ റേറ്റ്. രാവിലത്തേയും , വൈകുന്നത്തെയും ഫ്ലൈറ്റുകളിൽ വരെ റേറ്റിൽ വ്യത്യാസം ഉണ്ട്. അത് കൊണ്ട് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടണമെങ്കിൽ വളരെ നേരത്തെ തന്നെ ബുക്ക് ചെയ്യുന്നതാണ് നല്ലതു. ഒന്നര മാസം മുൻപേ ബുക്ക് ചെയ്തതിനാൽ, ദീപാവലി അവധി ആയിരുന്നിട്ടു പോലും എനിക്ക് വെറും 1800 രൂപയ്ക്കു തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റു കിട്ടി. 

ടിക്കറ്റു ബുക്ക് ചെയ്തു കഴിഞ്ഞാൽ അതിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്തു കൈയിൽ വച്ചേക്കുക. കാരണം ടിക്കറ്റു കാണിച്ചാൽ മാത്രമേ സുരക്ഷാ ചുമതലയുള്ള CISF ഉദ്യോഗസ്ഥർ നിങ്ങളെ എയർപോർട്ടിന് ഉള്ളിലേക്ക് കടത്തി വിടുകയുള്ളൂ. മൊബൈൽ ടിക്കറ്റോ , അതുമല്ലെങ്കിൽ എയർലൈൻ കമ്പനി അയക്കുന്ന ടിക്കറ്റ് കൺഫർമേഷൻ ഈ-മെയിലോ കാണിച്ചാലും മതി. എന്നാൽ ചില സന്ദർഭങ്ങളിൽ പേപ്പർ ടിക്കറ്റു തന്നെ കാണിക്കാൻ യാത്രക്കാർ നിർബന്ധിക്കപ്പെടാറുണ്ട്. പിന്നെ മൊബൈലിന്റെ ചാർജ് തീരുകയോ , ഫോൺ ഓണാവാതിരിക്കുകയോ ചെയ്‌താൽ കാണിക്കാനുള്ള ഇതര മാർഗം എന്ന രീതിയിലും ടിക്കറ്റിന്റെ പ്രിന്റ് ഔട്ട്  കൈയിൽ കരുതാം. 

വിമാനത്താവളത്തിൽ കയറിക്കഴിഞ്ഞാൽ ഇനി ചെയ്യേണ്ട കാര്യമാണ് ചെക്കിൻ. യാത്ര ചെയ്യേണ്ട വിമാന കമ്പനിക്ക് റിപ്പോർട്ട് ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി എയർലൈൻ കമ്പനിയുടെ ചെക്കിൻ കൌണ്ടർ കണ്ടു പിടിക്കണം. ഇത് വളരെ എളുപ്പമാണ്. ചെക്കിൻ കൗണ്ടറുകളുടെ സമീപത്തു, കമ്പനിയുടെ പേരോ , പോകേണ്ട ഫ്ലൈറ്റിന്റെ നമ്പറോ സ്‌ക്രീനിൽ ഡിസ്പ്ലേ ചെയ്യുന്നുണ്ടാകും. ഇത് നോക്കി കണ്ടു പിടിച്ചാൽ മതി. അതുമല്ലെങ്കിൽ എയർപോർട്ട് സ്റ്റാഫിനോടോ , സഹ യാത്രക്കാരോടോ ചോദിച്ചു മനസ്സിലാക്കാം. ചെക്കിൻ കൌണ്ടർ വിമാനം യാത്ര പുറപ്പെടുന്നതിനു വളരെ മുൻപേ തന്നെ അടക്കും. സാധാരണയായി ഒരു മണിക്കൂറോ , അര മണിക്കൂറോ മുൻപ് വരെ മാത്രമേ ഇവ പ്രവർത്തിക്കുകയുള്ളൂ. ചെക്കിൻ അടക്കുന്ന സമയം ടിക്കെറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ സമയത്തിന് മുൻപേ എത്തേണ്ടത് അത്യാവശ്യമാണ്. ചെക്കിൻ കൗണ്ടറിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ നമ്മുടെ ഐഡി കാർഡും ടിക്കറ്റും പരിശോധിച്ചു ബോർഡിങ് പാസ് തരും. ബോർഡിങ് പാസ് ഉണ്ടെങ്കിൽ മാത്രമേ വിമാനത്തിൽ കയറാൻ കഴിയുകയുള്ളൂ.ചെക്കിൻ ചെയ്യുമ്പോൾ തന്നെ നമ്മൾക്ക് ഇരിക്കേണ്ട സീറ്റ് തെരഞ്ഞെടുക്കാവുന്നതാണ്. ഇത് ടിക്കറ്റു ബുക്ക് ചെയ്യുമ്പോൾ തന്നെ ചെയ്യാവുന്നതുമാണ്. ചിലപ്പോൾ ചെറിയൊരു തുക ഫീയായി ഈടാക്കിയേക്കും.

വിമാനത്തിനകത്തേക്ക് സാധാരണ ഒരു ഹാൻഡ് ബാഗ് മാത്രമേ കടത്തി വിടുകയുള്ളൂ. മറ്റുള്ള ലഗേജുകൾ ചെക്കിൻ കൗണ്ടറിൽ ഏൽപ്പിക്കേണ്ടതാണ്. അവരതു നേരിട്ട് വിമാനത്തിലെ കാർഗോ ഏരിയയിലേക്ക് കൊണ്ട് പോകും. വിമാന യാത്രയിൽ കൂടെ കൊണ്ട് പോകാവുന്ന ലഗേജുകൾക്ക് ചില ഭാര പരിധികൾ ഉണ്ട്. ഉദാഹരണത്തിന് എയർ ഇന്ത്യയിൽ അനുവദിച്ചിട്ടുള്ള  ഹാൻഡ് ബാഗിന്റെ ഭാരം 7 കിലോയും , ചെക്ക്ഡ് ഇൻ ബാഗേജിന്റെ ഭാരം 25 കിലോയും ആണ്. ഇതിൽ കൂടുതൽ ഉണ്ടെങ്കിൽ അധികമുള്ള ഓരോ കിലോയ്ക്കും ഫീ അടക്കേണ്ടതാണ്. ഇതും ചെക്കിൻ കലാ പരിപാടിയുടെ ഭാഗമാണ്.
Boarding Pass
Boarding Pass
വിമാന കമ്പനിക്കാർക്കുള്ള പ്രധാന വരുമാന മാർഗമാണ് ഇതെന്നുള്ളത് പ്രത്യേകം മനസ്സിലാക്കുക.  മാക്സിമം സാധനങ്ങൾ പോക്കറ്റിൽ കുത്തി നിറക്കാൻ പറ്റുമെങ്കിൽ ബാഗിന്റെ ഭാരം കുറക്കാവുന്നതാണ്. ജാക്കറ്റ് , ഷൂ മുതലായവ ഉണ്ടെങ്കിൽ  ബാഗിൽ വെക്കാതെ , ശരീരത്തിൽ ധരിച്ചു തന്നെ പോവുക. കുറഞ്ഞത് ഒരു രണ്ടു - മൂന്നു കിലോയെങ്കിലും ഭാരം ഇങ്ങനെ കുറച്ചെടുക്കാവുന്നതാണ്. അധികം വരുന്ന ഓരോ കിലോയ്ക്കും 300 - മുതൽ 500 രൂപ വരെ ഈടാക്കുമെന്നതും ഓർക്കുക.  വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം തന്നെ ഹാൻഡ് ബാഗിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ചെക്കഡ്ഇൻ ബാഗേജ് പലപ്പോഴും മോഷ്ടിക്കപ്പെടാനും , സ്ഥലം മാറി അയക്കപ്പെടാനുമുള്ള സാധ്യത കൂടുതൽ ആയതിനാലാണിത്. ലാപ്ടോപ്പ് ഉണ്ടെകിൽ അതും ഹാൻഡ് ബാഗിൽ പാക്ക് ചെയ്യുക.  ചെക്കിൻ കൗണ്ടറിൽ നിന്ന് ബോർഡിങ് പാസ്സ് വാങ്ങിക്കഴിഞ്ഞാൽ അടുത്ത പരിപാടി സെക്യൂരിറ്റി ചെക്ക് ആണ്. അന്താരാഷ്ട്ര യാത്രക്കാർ ആണെങ്കിൽ ഇതിനു മുൻപ് ഇമിഗ്രേഷൻ ചെക്ക് കൂടി കംപ്ലീറ്റ് ചെയ്യേണ്ടതുണ്ട്.

അങ്ങനെ ചെക്കിൻ കൗണ്ടെറിനോട് സലാം പറഞ്ഞു ഞാൻ സെക്യൂരിറ്റി ചെക്ക് എന്ന ബോർഡും നോക്കി നടന്നു. ഒരിടത്തു ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർ നിൽക്കുന്നുണ്ട്. സംഭവം ഇത് തന്നെ. ബോർഡിങ് പാസ് കാണിച്ചു ആഗ്രഹമറിയിച്ചു. പിന്നെ വേറൊരു കാര്യം , ഫ്ലൈറ്റ് ടിക്കറ്റു ചെക്കിൻ കൗണ്ടറിൽ മാത്രമേ ആവശ്യമുള്ളൂ. ഇനിയങ്ങോട്ട് ബോർഡിങ് പാസ് ആണ് താരം . ചോദിക്കുന്നിടത്തെല്ലാം ഇത് മാത്രം കാണിച്ചാൽ മതി.
സെക്യൂരിറ്റി മാമൻമ്മാർ ഹാൻഡ് ബാഗിലെ ഇലക്ട്രോണിക്സ് സാധനങ്ങളെല്ലാം ഒഴിവാക്കി ബാഗ് സ്കാനറിലൂടെ കടത്തി വിടാൻ ആവശ്യപ്പെട്ടു. വാച്ച് , പേഴ്‌സ് , ബെൽറ്റ് , മൊബൈൽ അടക്കമുള്ള ഇലക്ട്രോണിക്സുകൾ എല്ലാം പ്രത്യേകമായി വേറൊരു ട്രേയിൽ വച്ച് സ്കാൻ ചെയ്യണം.  

വിമാന യാത്രക്കായി ബാഗ് പാക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഹാൻഡ് ബാഗിൽ കൊണ്ടുപോകാൻ പാടില്ലാത്ത ഒരുപാട് സാധനങ്ങൾ ഉണ്ട്. ഉദാഹരണമായി താടി വടിക്കാനുള്ള ട്രിമ്മർ , കത്തി ,  100 മില്ലിയിൽ കൂടുതൽ ഉള്ള ദ്രാവകങ്ങൾ (ഷേവിങ്ങ് ജെൽ, ഫേസ് ക്രീം ...) മുതലായവ. എന്നാൽ ഇവ ചെക്കഡ്ഇൻ ബാഗേജിൽ കയറ്റി വിടാം. എന്തിനേറെ ചിലയിടങ്ങളിൽ വെള്ളക്കുപ്പി പോലും കൊണ്ടുപോകാൻ സമ്മതിക്കില്ല. അതുകൊണ്ട് ഒഴിഞ്ഞ കുപ്പി കയ്യിൽ കരുതുക  , സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു വെള്ളം നിറക്കാവുന്നതാണ്. ഇതുവഴി എയർപോർട്ടിലെ വില കൂടിയ കുപ്പി വെള്ളം വാങ്ങുന്നതിൽ നിന്ന്  രക്ഷപ്പെടുവാനും സാധിക്കും. ഹാൻഡ് ബാഗിൽ എന്തൊക്കെ സാധനങ്ങൾ കൊണ്ട് പോകാം എന്നുള്ളത് ആദ്യമേ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 

സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു . ഇനി വിമാനത്തിൽ കയറാനുള്ള ഗേറ്റ് നമ്പർ കണ്ടു പിടിക്കണം. എയർപോർട്ടിലെ വലിയ ഡിസ്‌പ്ലെയിൽ എനിക്ക് പോകാനുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം IX373 - യുടെ ബോർഡിങ് ഗേറ്റ് നമ്പറും , ഗേറ്റ് തുറക്കുന്ന സമയവും എഴുതിയിട്ടുണ്ട്.അങ്ങനെ ഗേറ്റ് നമ്പർ നാല് കണ്ടു പിടിച്ച്, അതിനു മുൻപിൽ ഞാൻ ഇരുപ്പുറപ്പിച്ചു. ബോർഡിങ് ഗേറ്റ്, വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപേ തുറക്കുകയുള്ളൂ. അത് വരെയുള്ള സമയം , വിമാനത്തിൽ ഇന്ധനം നിറക്കാനും , ലഗേജ് ലോഡ് ചെയ്യാനും ഉള്ളതാണ്. ഗേറ്റിനു വെളിയിൽ മ്മടെ സണ്ണിക്കുട്ടൻ IX373 പാർക്ക് ചെയ്തിരിക്കുന്നു. ബോയിങ്ങിന്റെ 737-800 സീരീസിലുള്ള B738 എന്ന, ഇരട്ടച്ചങ്കുള്ള ഈ പഹയന് മൊത്തം 189 സീറ്റ് ആണുള്ളത്. 40 മീറ്റർ നീളവും , 12 മീറ്റർ വീതിയും , ഒപ്പം 35 മീറ്ററിൽ വിരിഞ്ഞ ചിറകുകളും.  26000 ലിറ്ററോളം ശേഷിയുള്ള ഇന്ധന ടാങ്ക് വിമാനത്തിന്റെ പള്ളയിലും ചിറകിലുമായി നീണ്ടു കിടക്കുന്നു. മൈലേജ് എത്ര കിട്ടുമെന്ന് അടുത്ത തവണ പോകുമ്പോൾ ചോദിച്ചു പറഞ്ഞു തരാം . അല്ലെങ്കിലും ഏതു വണ്ടി കണ്ടാലും എത്ര കിട്ടും എന്ന് ചോദിക്കുന്നത്  നമ്മളുടെ ഒരു പതിവാണല്ലോ. 

റൈറ്റ് സഹോകളെ സമ്മതിക്കണം ട്ടോ ..!! വിമാനം വരെ കണ്ടുപിടിച്ചു കളഞ്ഞില്ല .! കളഞ്ഞു പോയ അഞ്ചു രൂപ കോയിൻ പോലും കണ്ടു പിടിക്കാൻ പറ്റാത്ത നമ്മൾക്ക് മുൻപിൽ ഇവർ എത്ര മഹാൻമാർ. 

ബോർഡിങ് ഗേറ്റ് തുറക്കാൻ ഇനിയും സമയമുണ്ട്. വെറുതെ ഇരിക്കുകയല്ലേ ഒരു ചായ കുടിക്കാം എന്നാലോചിച്ചു അടുത്ത ഫുഡ് കിയോസ്‌കിലേക്ക് പതിയെ നടന്നു. ഒരു കുഞ്ഞു കപ്പിൽ ചായയും വാങ്ങിച്ചു ബില്ലടയ്ക്കാൻ പോയപ്പോൾ കണ്ണ് നിറഞ്ഞുപോയി. വെറും 60 രൂപയെ ആയിട്ടുള്ളൂ..!! രാമേട്ടന്റെ പീട്യേല് ഈ കാശിനെ ചായയും കുടിക്കാം , അതിന്റൊപ്പം രണ്ടു പൊറോട്ടയും , ഒരു ബീഫും കഴിക്കുകേം ചെയ്യാം. എന്താല്ലേ  ?

നിറഞ്ഞ കണ്ണും തുടച്ചു ചായയും കുടിച്ചു ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു. ഇനിയിപ്പോ അവിടെ നിന്നതിനും കാശ് കൊടുക്കേണ്ടി വന്നാലോ. ബിടെക് കഴിഞ്ഞു ജോലി തപ്പി നടക്കുന്ന സഹോകൾക്ക് തരാനുള്ള എന്റെയൊരു ഉപദേശം ഇത്രയേ ഉള്ളൂ. വല്ലവന്റേം ആട്ടും തുപ്പും സഹിച്ചു പണിയെടുക്കാൻ നിക്കാതെ എയർപോർട്ടിലെങ്ങാനും ഒരു ചായക്കടയിടാൻ നോക്ക്. ലക്ഷാധിപതിയാവാം. എടാ ദാസാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതു ?

ബോർഡിങ് ഗേറ്റ് തുറക്കാറായി . ആളുകൾ ശ്രീകോവിൽ നട തുറക്കുമ്പോഴുള്ള പോലെ രണ്ടു വശങ്ങളിലായി നിലയുറപ്പിച്ചു. ഒരു ചേച്ചി ബോർഡിങ് പാസ്സിൽ സീൽ അടിച്ചു, ആളുകളെ ഓരോരുത്തരായി ബീമാനത്തിനുള്ളിലേക്ക് പറഞ്ഞയക്കുന്നു. എന്റെ ഊഴവും വന്നു. പടച്ചോനെ ഇങ്ങള് കാത്തോളീ എന്നും പറഞ്ഞോണ്ട് ഞാനും ഉള്ളിൽ കയറി. അവിടെ സാരിയൊക്കെ ഉടുത്തു എല്ലാർക്കും നമസ്ക്കാരം പറഞ്ഞു  മ്മടെ എയർ ഹോസ്റ്റസ് ഹിമാനി ചേച്ചി നിക്കുന്നു. എനിക്കും കിട്ടി ഒരു 'നമഷ്‌കാർ'. പകരം ഒരു ഹാപ്പീ ദീപാവലി ഞാനും തിരിച്ചു കൊടുത്തു.  അല്ല പിന്നെ , നമ്മളോടാ കളി.!

എയർ ഇന്ത്യയുടെ ഇക്കോണമി ക്ലാസ് ടിക്കറ്റു എടുത്തപ്പോ പണ്ടെങ്ങോ ശശി തരൂർ  പറഞ്ഞപോലെ ഒരു കേറ്റിൽ ക്ലാസ് ആണ് പ്രതീക്ഷിച്ചതു. പക്ഷെ ഇത് ക്ലാസാണ് ട്ടോ. ആംബിയൻസ് കൊള്ളാം. ഓരോ നിരയിലും ഇരു വശങ്ങളിലുമായി ആറു സീറ്റുകൾ വീതം മൊത്തം 189 സീറ്റുകൾ ഉണ്ടിതിൽ. ഒരു നിരയിലെ സീറ്റുകൾക്ക് എല്ലാം ഒരേ നമ്പർ ആണ്. സീറ്റ് നമ്പറിന്റെ കൂടെ ഇംഗ്ലീഷ് അൽഫബെറ്റ്‌സ് ഉപയോഗിച്ചാണ് ഇവയെ വേർതിരിച്ചറിയുന്നതു.ഉദാഹരണമായി 1A , 1B ...1F എന്നിങ്ങനെ. സീറ്റു നമ്പർ മുൻകൂട്ടി സെലക്ട് ചെയ്തതിനാൽ വിന്ഡോയ്ക്കടുത്തു തന്നെ ഇരിക്കാൻ കഴിഞ്ഞു. സീറ്റ് നമ്പർ 13 ആണ് എന്റെ ഫേവറൈറ്റ് നമ്പർ. ഇതിനൊരു കാരണമുണ്ട്  സാധാരണ 13 ആരും ബുക്ക് ചെയ്യാറില്ല.അതുകൊണ്ടു തന്നെ വിമാനത്തിൽ നെഞ്ചും വിരിച്ചു ഇരിക്കാനായി. തൊട്ടടുത്തുള്ള 13-ആം നമ്പർ സീറ്റുകൾ രണ്ടും ഒഴിഞ്ഞു തന്നെ കിടന്നിരുന്നു. സീറ്റിൽ ഇരുന്നു ഏതാനും സമയത്തിനുള്ളിൽ വേറൊരു എയർ ഹോസ്റ്റസ് ആയ നയന ചേച്ചി വന്ന് ഒരു കുപ്പി വെള്ളവും കഴിക്കാൻ ഒരു കൊച്ചു പാക്കറ്റ് സ്‌നാക്‌സും തന്നു. ഹിമാനിയെയും , നയനയെയും കൂടാതെ ഫ്ലൈറ്റ് അറ്റൻഡന്റ്റ് ആയി കൂടെയുള്ള നന്ദു യാത്രക്കാരെ ഹാൻഡ് ബാഗ് എടുത്തു മുകളിൽ വെക്കാൻ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ വിമാനം ഉടൻ പുറപ്പെടുമെന്നറിയിച്ചുകൊണ്ടു ക്യാപ്റ്റൻ മുകുൾ മാധവിന്റെ അനൗണ്സ്മെന്റ്റ് വന്നു. എയർ ഹോസ്റ്റസ്സുമാർ വിമാനത്തിന്റെ വാതിൽ അടച്ചുകൊണ്ടു ക്യാപ്റ്റന് റെഡി സിഗ്നൽ കൊടുത്തു. 

ഇതാ സൂർത്തുക്കളെ…  മ്മടെ വിമാനം പതുക്കെ റൺവെയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.ഈ പരിപാടിയെ പറയുന്ന പേര് ടാക്സിയിങ് എന്നാണ്. ഏതാണ്ട് KSRTC ബസ് സ്റ്റാൻഡിലെ ഓടിക്കുമ്പോലെയാണ് ക്യാപ്റ്റൻ വിമാനം ഓടിക്കുന്നത്. ഇതിനിടയിൽ ഇവിടെ ഒരു സൈഡിൽ വേറൊരു കലാ  പരിപാടി അരങ്ങേറുന്നു. നന്ദു സീറ്റിന്റെ മുന്നിൽ വന്നു നിന്ന് എന്തൊക്കെയോ ആംഗ്യം കാണിക്കുന്നു. വിമാനത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വിവരിക്കുകയാണ്. എമർജൻസി വാതിലുകൾ എവിടെയൊക്കെയാണ്, ഓക്സിജൻ മാസ്ക് എങ്ങനെ ഉപയോഗിക്കണം  എന്നൊക്കെയാണ് ഈ പറയുന്നത്.  വിമാനത്തിന്റെ ടേക്ക് ഓഫിലും , ലാൻഡിങ്ങിലും സീറ്റ് ബെൽറ്റ് ധരിക്കണം എന്നതാണ് സാധാരണ യാത്രയിൽ യാത്രക്കാർ പാലിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതൽ.  പിന്നണിയിൽ ഹിമാനിയുടെ വോയിസ് ഓവർ ഉണ്ടായതുകൊണ്ട് സംഗതി മനസ്സിലായി. വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടയിൽ അസാധാരണമായ ഒരു ശബ്ദം കേട്ടു. എയർ ഇന്ത്യയുടെ ഫ്ലൈറ്റ് അല്ലെ , ഇതല്ല ഇതിനപ്പുറം വരെ കേൾക്കും എന്നാലോചിച്ചു നിന്നപ്പോഴാണ് സംഗതി മനസ്സിലായത്. വിമാനത്തിനകത്തെ അന്തരീക്ഷ സമ്മർദ്ദം ക്രമീകരിക്കാനുള്ള ഏർപ്പാടാണിത്. വിമാനം പറക്കുന്നത് 8-10 കിലോമീറ്റർ ഉയരത്തിലാണ്. ഈ ഉയരത്തിൽ പുറത്തെ മർദ്ദം വളരെ കുറവായിരിക്കും. കുറഞ്ഞ മർദ്ദം യാത്രക്കാർക്കും , വിമാനത്തിനും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാനാണ് വിമാനത്തിനകത്തെ മർദ്ദം ക്രമീകരിക്കുന്നത്. 

ക്യാപ്റ്റൻ വിമാനത്തെ ഒടിച്ചും , വളച്ചും .തിരുവനന്തപുരം എയർപോർട്ടിലെ 3.4 കിലോമീറ്റർ നീളമുള്ള റൺവേയുടെ ഒരറ്റത്ത് കൊണ്ട് നിർത്തി.ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ട്രാഫിക് സിഗ്നൽ വീഴുമ്പോൾ ചില ഫ്രീക്ക് ബ്രോസ് വണ്ടിയെടുക്കുന്നതുപോലെ വിമാനം പെട്ടന്ന്  മുന്നോട്ടു കുതിച്ചു. റൺവേയിലെ നൂറു കണക്കിന് സിഗ്നൽ ലൈറ്റുകൾ അത് നിമിഷ നേരം കൊണ്ട് പുറകിലാക്കി. 200-250 കിലോമീറ്റർ സ്പീഡിലാണ് ടേക്ക്ഓഫിനായി സാധാരണയായി വിമാനം പായുന്നത്. ക്ഷണ നേരത്തിനുള്ളിൽ ഞങ്ങൾ നിലം വിട്ടു ആകാശത്തേക്ക് പറന്നു. അൽപ്പനേരത്തേക്ക് ചെവി രണ്ടും അടഞ്ഞു പോകുന്നതായി തോന്നി. ഒന്നും കേൾക്കാൻ കഴിയുന്നില്ല. വയനാട് ചുരം കയറുമ്പോൾ ഇടക്ക് ഇതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്. എല്ലാത്തിനും കാരണം മർദ്ദ വ്യത്യാസം തന്നെ. ഞാൻ പതിയെ ജാലകത്തിലൂടെ പുറത്തേക്കു നോക്കി. കാടും, വീടും, റോഡും എല്ലാം കുഞ്ഞായിരിക്കുന്നു. വാഹനങ്ങൾ തീപ്പെട്ടിക്കൂട്ടുകൾ വെള്ളത്തിനു മുകളിൽ  ഒഴുകി നീങ്ങുന്നതുപോലെ കാണപ്പെട്ടു. ആളുകളെ കാണാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഇപ്പോൾ ഒരുറുമ്പിന്റെ പോലും വലുപ്പമില്ലാത്ത നമ്മളാണോ ഞാൻ തന്നെ വലിയവൻ എന്ന ധാർഷ്ട്യവും കാണിച്ചു നടക്കുന്നത്. കഷ്ട്ടം തന്നെ ..!!  ചെവി വീണ്ടും തുറക്കുമ്പോഴേക്കും 180-ഓളം ആളുകളെ IX373 കിലോമീറ്ററുകൾക്കു മുകളിൽ എത്തിച്ചിരുന്നു. മുകളിൽ നിന്ന് ഭൂമിയെ നോക്കിക്കാണാൻ നല്ല രസമാണ്. എന്നാൽ ഈ കാഴ്ച അധികം നീണ്ടു നിന്നില്ല. പഞ്ഞികെട്ടുപോലുള്ള വെളുത്ത മേഘപടലങ്ങൾ ആ രസച്ചരട് പൊട്ടിച്ചു. മുകളിൽ എത്തിയാൽ  പിന്നെ വിമാനം നീങ്ങുന്നതായേ തോന്നില്ല. ആകാശത്തിനു മുകളിൽ നിശ്ചലമായി നിൽക്കുന്നതുപോലെ അനുഭവപ്പെടും. എന്നാൽ ഏകദേശം 900 മുതൽ 1000 കിലോമീറ്റർ സ്പീഡിലാണ് ഇപ്പോൾ ഇവന്റെ പറക്കൽ എന്നതാണ് തമാശ.  ഇതിനായി കുറഞ്ഞത് രണ്ടു ലിറ്ററോളം ഇന്ധനം ഓരോ സെക്കന്റിലും ചിലവാകുന്നുണ്ട് പോലും. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 450 കിലോമീറ്റർ ദൂരം വെറും 35 മിനിറ്റുകൊണ്ട് ഞങ്ങൾ പറന്നെത്തി. താഴെ കരിപ്പൂരും സമീപ പ്രദേശങ്ങളും ഒന്നൊന്നായി തെളിഞ്ഞു തുടങ്ങി.  ലാൻഡിങ്ങിന്റെ സമയത്തും സീറ്റ് ബെൽറ്റ് ധരിക്കാൻ മറക്കരുത്. ലാൻഡ് ചെയ്തു കഴിഞ്ഞാലും സീറ്റിനു മുകളിലെ സീറ്റ് ബെൽറ്റ് വാണിങ് ലൈറ്റ് ഓഫ് ആകുന്നതു വരെ ബെൽറ്റ് അഴിക്കാതെ സീറ്റിൽ തന്നെ ഇരിക്കണം. നിങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണിത്. എയർഹോസ്റ്റസ് എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് ഞങ്ങളെ യാത്രയാക്കി. യാത്ര കഴിഞ്ഞു എയർപോർട്ടിൽ നിന്ന് ഇറങ്ങുന്നത് വരെയും ബോർഡിങ് പാസ്സ് കൈയിൽ കരുതണം. 

നാനാ  തരക്കാരായ ആളുകളെ ഞാൻ ഇന്നത്തെ യാത്രയിൽ കണ്ടു. വിനോദ സഞ്ചാരികൾ മുതൽ, പ്രതീക്ഷയുടെ ഭാണ്ഡവും തോളിലേറ്റി നാട് കടക്കുന്നവർ വരെ. അങ്ങനെ എത്രയെത്ര ജീവിതങ്ങളാണ് ഓരോ ദിവസവും വിമാനത്താവളത്തിലെ ഇടനാഴികൾ നടന്നു കേറുന്നത്. ചിലർക്ക് ഈ യാത്ര ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും , മറ്റു ചിലരെ അത് സ്വപ്നം കാണാൻ പഠിപ്പിക്കുന്നു.  ഓരോ യാത്രയിലും എനിക്ക് മുതൽക്കൂട്ടാകുന്നത് അവ പകർന്നു തരുന്ന ഇത്തരം ചിന്തകളും അനുഭവങ്ങളുമാണ്. ഒരു പക്ഷെ ഒരു ക്ലാസ് മുറിയിലും പഠിപ്പിച്ചു കേട്ടിട്ടില്ലാത്ത, ഒരു അദ്ധ്യാപകനും പറഞ്ഞു തന്നിട്ടില്ലാത്ത ചില ജീവിത പാഠങ്ങൾ,  ഇത്തരം യാത്രകളിലൂടെ നമ്മളറിയാതെ തന്നെ നമുക്കുള്ളിൽ പ്രതിഷ്ഠിക്കപ്പെടുന്നു.

വിമാനത്താവളത്തിലെ തിരക്കിൽ നിന്നും രക്ഷപ്പെട്ട്  ഞാൻ പുറത്തിറങ്ങി. ഇനി ലക്‌ഷ്യം വീടാണ്. ബ്രെക്ഫാസ്റ്റു കഴിച്ചിട്ടില്ല. നേരെ ചെന്ന് അമ്മേടെ കയ്യീന്ന് വല്ലതും വാങ്ങിച്ചു കഴിക്കണം. ഓടിയെത്തിയ ടാക്സി ഡ്രൈവർമാർക്ക് ഒരു പുഞ്ചിരി മാത്രം തിരിച്ചു കൊടുത്തുകൊണ്ട്, ഒരോട്ടോയും പിടിച്ച്, ഞാൻ നേരെ കൊണ്ടോട്ടി  ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നീങ്ങി. 

അങ്ങനെ മനസ്സ് നിറഞ്ഞ മറ്റൊരു യാത്രയും കൂടെ ഇവിടെ അവസാനിക്കുന്നു… ശുഭം


No comments:

Post a Comment

Please add your comment here...