Monday, April 8, 2019

Sanchari Notebook Season 4


പുതുതായി മേഞ്ഞ പുരപ്പുറത്ത് മഴ പെയ്തിറങ്ങുന്ന ശബ്ദവും കാതോർത്തു ഞാൻ കിടന്നു. 🌧നാളെ സ്‌കൂൾ തുറക്കും. കഴിഞ്ഞാഴ്ച വാങ്ങിയ ബാഗും , കുടയും , ബ്രൗൺ പേപ്പർ പൊതിഞ്ഞ നോട്ടുബുക്കുകളും കൂട്ടുകാരെ കാണിക്കേണ്ട ത്രില്ലിൽ എനിക്കുറക്കം വന്നില്ല.☔

നനുത്ത പ്രഭാതത്തിൽ, സൂര്യ കിരണങ്ങൾ തെച്ചിക്കാടിനും , കാട്ടുചെമ്പരുത്തിക്കും ഇടയിലൂടെ മുറ്റത്തേക്ക് ഓടിക്കളിക്കാൻ എത്തുന്നതിനും മുൻപേ തന്നെ എണീറ്റു. മഴ ഇന്നലത്തേതിലും ശക്തിയായി പെയ്യുന്നു. ഉമിക്കരി കൊണ്ട് പല്ലു തേച്ച് , ഒലിച്ചുപോകുന്ന മഴവെള്ളത്തിലേക്ക് ആഞ്ഞു തുപ്പി. ഉമിക്കരിക്കറ വെള്ളത്തിൽ അലിഞ്ഞില്ലാതാകുന്നതും നോക്കി നിൽക്കെ അമ്മ അടുക്കളയിൽ നിന്ന് വെളിച്ചെണ്ണയുമായി  വന്നു. തലയിൽ നല്ലോണം എണ്ണ തേച്ചുപിടിപ്പിച്ചൊരു പള്ളി നീരാട്ട്.💦 പിന്നെ പച്ചമുളകും, കടുകും ചേർത്ത് അമ്മിയിലരച്ച തേങ്ങാച്ചമ്മന്തിയും കൂട്ടിയൊരു ചോറൂണ്. അതു തന്നെ ഉച്ചത്തേക്കായി പൊതിഞ്ഞെടുത്തു.  🍚മുട്ടറ്റം വെള്ളം പൊന്തിപ്പരന്നു കിടക്കുന്ന പാടത്തിലൂടെ നനഞ്ഞൊലിച്ച്  സ്‌കൂളിൽ ചെന്നപ്പോഴേക്കും ബെല്ലടിക്കാറായിരുന്നു. ഒരു ഭാഗത്ത് നവാഗതരുടെ കരച്ചിലും, പിഴിച്ചിലും. മറു ഭാഗത്തു 'സീനിയേഴ്സിന്റെ'  ആർത്തട്ടഹാസങ്ങൾ. ബാലമംഗളത്തിന്റെ കൂടെ കിട്ടിയ ഡിങ്കന്റെ സ്റ്റിക്കറിനായുള്ള അടിപിടി. നുള്ളിയതിന്റെ കംപ്ലയിന്റ് കൊടുക്കാൻ ടീച്ചറുടെ മുന്നിൽ ക്യൂ നിൽക്കുന്ന കുട്ടിക്കുറുമ്പുകൾ. അതിനിടയിൽ ആരോ ട്രൗസറിൽ മുള്ളിയത്രെ..!😋

വൈകുന്നേരം തിരിച്ചു വീട്ടിലേക്കുള്ള വരവ്  പരാതികളും, പരിഭവങ്ങളുമായിട്ടാണ്.  പെൻസിലിന്റെ മുനയൊടിഞ്ഞതിന്റെ, പുതിയ ഡ്രെസ്സിൽ ചളി പുരണ്ടതിന്റെ, മണമുള്ള 'മയക്ക്  ഡബ്ബർ' കാണാതെപോയതിന്റെ, ഉണ്ണിക്കുട്ടന്റെ കുടയിൽ വിസിലടിക്കുന്ന യന്ത്രം ഉണ്ടെന്നതിന്റെ. അങ്ങനെ പലവിധ പരിഭവങ്ങൾ.😭

കൊതിക്കുന്നില്ലേ ഒരിക്കൽക്കൂടി ആ പഴയ സ്‌കൂൾ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാൻ, പഴയ കൂട്ടുകാരെ തേടിപ്പോകാൻ,  ചെയ്ത കുസൃതികൾ ആവർത്തിക്കാൻ ? 😍

അത്തരമൊരു തിരിച്ചു പോക്ക് അസാധ്യമാണ്. പക്ഷെ നമുക്ക് സാധിക്കുന്ന ഒന്നുണ്ട്. അത്തരമൊരു കുട്ടിക്കാലം ചിലർക്ക് സമ്മാനിക്കാൻ.😗

ഒരു സ്‌കൂൾ ബാഗും , കുറച്ചു നോട്ടുബുക്കുകളും വാങ്ങാൻ കാശില്ലാത്തതിനാൽ പഠിത്തം ഉപേക്ഷിക്കേണ്ടി വന്നവർ. മുനയൊടിയാത്ത പെൻസിലും , മഷിയുള്ള പേനയും ആഡംബരമായി കരുതുന്നവർ, എത്രയോ കുട്ടികൾ നമുക്ക് ചുറ്റിലും ഉണ്ട്. കുട്ടിക്കാലത്തെ തന്നെ ജീവിതം കരിപുരണ്ടുപോയവർ.😢

അത്തരക്കാർക്ക് ഒരു നല്ല കുട്ടിക്കാലം തിരിച്ചു കൊടുക്കുവാൻ ഇത്തവണയും ഞങ്ങൾ ഇറങ്ങുന്നു. നിരാലംബരും , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികളെ കൈപിടിച്ചു സ്‌കൂളിലേക്കയക്കാൻ ഈ വർഷവും സഞ്ചാരി എന്ന ഞങ്ങളുടെ യാത്രാ കൂട്ടായ്മ ഒരുങ്ങിക്കഴിഞ്ഞു. പുതുമ മണക്കുന്ന നോട്ടുബുക്കും, കുഞ്ഞു ബാഗും വർണ്ണക്കുടയുമായി നമ്മുടെ കുട്ടികളോടൊപ്പം അവരും പറക്കട്ടെ , പുതിയ ഒരു ലോകത്തേക്ക്. ഒരു സ്‌കൂൾ കിറ്റോ അതിനുള്ള തുകയോ സംഭാവന ചെയ്തു നിങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം. 🤝

ഇനിയിപ്പോ ഒരു പെൻസിൽ മാത്രമായാൽപ്പോലും ഡൊണേറ്റ് ചെയ്യാം. അത് തിരുവനന്തപുരത്തു എവിടെയായാലും കളക്ട് ചെയ്യാൻ ഞങ്ങളുടെ വളണ്ടിയർമാർ സസന്തോഷം തയ്യാറാണ്.😎

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന സഞ്ചാരി വോളണ്ടിയർമ്മാരുടെ നമ്പറിൽ ബന്ധപ്പെടാം.☎

Ajith Kumar : 8129474746
Ram Kumar : 9995115764
Prashobh I.l : 9895673076
Sree : 9746176044

അപ്പൊ എങ്ങനാ, കൂടുന്നോ ഞങ്ങളുടെ കൂടെ,ഒരു നൂറു പിഞ്ചു മുഖങ്ങളിൽ പുഞ്ചിരി വിടർത്താൻ..?


Friday, April 5, 2019

ഒരു വീടുണ്ടാക്കിയ കഥ – How to design and build a budget home on your own?

Dream home


ആമുഖം

വീടുപണി എന്നത് നമ്മൾ മലയാളികളെ സംബന്ധിച്ചു ജീവിതത്തിലെ ഒരു പ്രധാന ഏടാണ്. അപ്പുറത്തെ വീട്ടിനേക്കാളും ഒരു ഇഞ്ചെങ്കിലും തന്റെ വീട് ഉയർന്നു നിൽക്കണം എന്ന് ഏതൊരു ശരാശരി മലയാളിയും പുറത്തു കാണിച്ചില്ലെങ്കിലും , മനസ്സിലെങ്കിലും ആഗ്രഹിക്കാറുണ്ട്. വീടിനെ ഒരു സ്വകാര്യ അഹങ്കാരമായി കരുതുന്നവരാണ് നമ്മളിൽ പലരും. അതിനായി നെട്ടോട്ടമോടുകയും ഇല്ലാത്ത കാശ് മുടക്കി നെടുങ്കൻ വീടുകൾ ഉണ്ടാക്കിയിടുകയും ചെയ്യുന്നു. എന്നാൽ ഇത്തരം അമിത ആഗ്രഹങ്ങളും , ആരംഭ ശൂരത്തമായി മാത്രം ഒതുങ്ങിയേക്കാവുന്ന ആഡംബര അലങ്കാരപ്പണികളും മാറ്റി നിർത്തിയാൽ ഏതൊരാൾക്കും തങ്ങളുടെ ആവശ്യങ്ങൾക്കുതകുന്ന ചെലവ് കുറഞ്ഞ വാസ സ്ഥലങ്ങൾ ഒരുക്കിയെടുക്കാൻ സാധിക്കും. അതിനു കൃത്യമായ പ്ലാനിങ്ങും , സ്വന്തം ആവശ്യങ്ങളെ വ്യക്തമായി മനസ്സിലാക്കാനുള്ള കഴിവും മാത്രം മതി.  ഒരു തവണ വീട് പണിതു തീരുമ്പോഴായിരിക്കും നമുക്ക് ചില കാര്യങ്ങൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു , അതുമല്ലെങ്കിൽ ഇതിങ്ങനെ ചെയ്യേണ്ടിയിരുന്നില്ല , വേറൊരു രീതിയിൽ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നൊക്കെ തോന്നി തുടങ്ങുന്നത്. എന്നാൽ രണ്ടാമതൊരു തവണ വീട് പണിയുന്നവർ വളരെ ചുരുക്കമായതിനാൽ ഇത്തരം തിരിച്ചറിവുകളും , പാഠങ്ങളും ഉപകരിക്കപ്പെടാതെ പോകുന്നു. 

ഇങ്ങനെയൊരു ബ്ലോഗ് പോസ്റ്റ് എഴുതുന്നതിന്റെ കാരണവും അത് തന്നെയാണ്. വീട്ടുപണിയിൽ ഞാൻ പഠിച്ച പാഠങ്ങളും,ചെയ്ത തെറ്റുകളും, മെച്ചപ്പെടുത്തലുകളും ഇവിടെ കുറിച്ചിടുന്നു. ബഡ്ജറ്റ് കുറക്കാൻ ചെയ്ത മാർഗങ്ങളും പ്രതിപാദിക്കുന്നുണ്ട്.  ഇത് പുതിയ  വീടുപണിയാൻ തുടങ്ങുന്ന ആർക്കെങ്കിലും ഉപകാരപ്പെടുകയാണെങ്കിൽ സന്തോഷം. വീട്ടുപണിഞ്ഞ അനുഭവത്തിന്റെ മാത്രം വെളിച്ചത്തിൽ എഴുതുന്നതാണ് , അതിനാൽ തന്നെ ഇതൊരു എക്സ്പേർട് അഡ്വൈസ് ആയിട്ടൊന്നും കണക്കാക്കരുത്.



ഫ്‌ളാഷ്ബാക്ക്

ചോര്‍ന്നൊലിക്കുന്ന ഒരോലപ്പുരയിൽ, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ഓരോ ഇടവപ്പാതിയും , കൊല്ലവർഷവും വീട്ടിനുള്ളിലേക്ക് തുള്ളിക്കൊരുകുടം കണക്കിന് വെള്ളം കോരിയൊഴിച്ചു കൊണ്ട് കടന്നുപോയപ്പോൾ,  സ്‌കൂൾ പുസ്തകങ്ങൾ മഴയത്തു നനയാതിരിക്കാൻ പ്ലാസ്റ്റിക് ചാക്കിൽ കെട്ടി  സൂക്ഷിക്കേണ്ടി വന്നു.  മഴക്ക് കൂട്ടായെത്തുന്ന കാറ്റ് പഴയ സാരിത്തുമ്പ് വലിച്ചു കെട്ടിയ ജനാലയുടെ വിടവിലൂടെ ഒളിച്ചു കടന്ന്, മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനെ വീണ്ടും വീണ്ടും കെടുത്തുന്നതിൽ ഹരം കണ്ടെത്തി. 
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വീട്ടില്‍ വൈദ്യുതി കണക്ഷന്‍ എടുക്കുവാന്‍ സാധിച്ചിരുന്നില്ല. 

“വൈദ്യുതി വകുപ്പ് മന്ത്രിക്ക് ഒരു നിവേദനം കൊടുത്തു നോക്കൂ, ചിലപ്പോ സഹായിച്ചേക്കും” - എന്ന് ആരോ പറഞ്ഞു. 

അങ്ങനെ പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ മാര്‍ക്ക് ലിസ്റ്റ് സഹിതം അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. AK ബാലന് ഒരു കത്ത് അയച്ചു. വീട്ടില്‍ വൈദുതി എത്തിച്ചു  തരാന്‍ എന്തെങ്കിലും സഹായം ചെയ്യണം എന്നു അഭ്യര്‍ഥിച്ചു കൊണ്ടു. മിക്കവാറും എന്‍റെ നിവേദനം മന്ത്രി മന്ദിരത്തിലെ ഏതെങ്കിലും ചവറ്റു കുട്ടയില്‍ സ്ഥാനം പിടിക്കാനേ പോകുന്നുള്ളൂ എന്നു ഞാന്‍ കരുതി. പക്ഷെ ഒരു മാസത്തിനകം തന്നെ ¬-ഉചിതമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടു ബാലുശ്ശേരി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വന്ന മന്ത്രിയുടെ ഓര്‍ഡര്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വീട്ടില്‍ വൈദ്യുതി കണക്ഷനും ലഭിച്ചു. ഉച്ചഭാഷിണിക്കു മുന്നില്‍ വാചാലരാകുകയും എന്നാല്‍ സഹായത്തിനായി ചെന്നാല്‍ കൈ മലര്‍ത്തുകയും ചെയ്യുന്നവരാണ് രാഷ്ട്രീയക്കാര്‍ എന്ന എന്റെ മിഥ്യാ ധാരണ അങ്ങനെ പൊളിച്ചെഴുതപ്പെട്ടു. 

അടച്ചുറപ്പുള്ള ഒരു വീട് നൽകുന്ന സുരക്ഷിതത്വം അന്നേ കൊതിച്ചതാണ്. വർഷങ്ങളായി അത് മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു. അന്ന് കണ്ട സ്വപ്നം, എന്റെ സ്വന്തം വീട് എന്ന സ്വപ്നം ഇന്ന് യാഥാർഥ്യമായിരിക്കുകയാണ്. 

ആദ്യ ജോലി കിട്ടി ഹൈദരാബാദിൽ ചെന്നെത്തിയപ്പോഴാണ് വീടെന്ന സ്വപ്നത്തിനു ചിറകുകൾ വെക്കാൻ തുടങ്ങിയത്. രണ്ടു മുറിയുള്ള ഒരു നില വീട് , അതായിരുന്നു മനസ്സിൽ. പിന്നീട് ISRO-യിൽ ജോലി കിട്ടി ബാംഗ്ലൂർക്ക് 
വണ്ടി കയറി. കൈയിൽ അൽപ്പം കാശ് വന്നുകേറിയപ്പോൾ നാട്ടിൽ റോഡ് സൈഡിൽ കുറച്ചു സ്ഥലം വാങ്ങിച്ചു. കിണറും കുഴിച്ചു. അടുത്ത വര്ഷം തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ കിട്ടി. അതോടൊപ്പം തന്നെ ഒരു നില വീട് എന്ന പ്ലാൻ രണ്ടു നിലയിലേക്ക് വളർന്ന് പന്തലിച്ചു.



പാഠം ഒന്ന് : വീടുപണി എങ്ങനെ ബഡ്ജറ്റ് ഫ്രണ്ട്‌ലിയാക്കാം

ലോൺ എടുത്തു വീട് നിര്മിക്കുന്നതിനാൽ തന്നെ വീട്ടിലെ സൗകര്യങ്ങൾ എന്തൊക്കെ വേണം എന്നതിനേക്കാൾ കൂടുതൽ എങ്ങനെ വീടിന്റെ ബഡ്ജറ്റ് കുറക്കാം എന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവൻ. അവസാന ഘട്ടം വരെ ഒരു നില വീട് മതി എന്നതായിരുന്നു തീരുമാനം. എന്നാൽ ഭാവിയിൽ വന്നേക്കാവുന്ന ആവശ്യങ്ങൾ മുന്നിൽ കണ്ട്, രണ്ടു നില വീട് എന്നതിലേക്ക് തീരുമാനം മാറ്റി. പലപ്പോഴും താൽക്കാലിക സാമ്പത്തിക ലാഭം മുന്നിൽ കണ്ടുകൊണ്ടു സൗകര്യങ്ങൾ കുറച്ചു വീട് നിർമിക്കുകയും, എന്നാൽ പിന്നീട് ആവശ്യങ്ങൾ കൂടുമ്പോൾ പുതിയൊരു വീട് വെക്കുന്നത്രയും പണം മുടക്കി പഴയ വീട് പുതുക്കി പണിയുകയും ചെയ്ത ഒരുപാട് പേരെ നേരത്തെ കണ്ടിട്ടുള്ളതിനാൽ ഈ തീരുമാനം ഇപ്പോൾ നന്നായി എന്ന് തോന്നുന്നു. 

നമ്മുടെ സാമ്പത്തിക സ്ഥിതിയും , അതിനനുസരിച്ചുള്ള ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കിയാൽ ഒരു പരിധി വരെ വീട്ടുപണിയിൽ ബഡ്ജറ്റ് കുറക്കാൻ സാധിക്കും.  വീടിനു മോടി കൂട്ടാൻ നമ്മൾ ചെയ്യുന്ന പല അലങ്കാരപ്പണികളും തുടക്കത്തിലെ ഒരു എക്സൈറ്റ്മെന്റ്  മാത്രമേ തരുകയുള്ളൂ , പിന്നീട് വളരെ വിരസമായിരിക്കും. അത്തരം കാര്യങ്ങൾ പ്ലാനിങ് ഫേസിൽ തന്നെ കണ്ട് പിടിച്ചു ദൂരെ മാറ്റി നിർത്തണം. ഇതും ബഡ്ജറ്റ് പിടിച്ചു കെട്ടാൻ സഹായിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീടിന്റെ മൊത്തം ബഡ്ജറ്റിന്റെ സിംഹഭാഗവും ചിലവാക്കുന്നത് പ്ലാസ്റ്ററിങ് കഴിഞ്ഞുള്ള പ്രവർത്തികൾക്കാണ്. പ്രത്യേകിച്ചും പ്ലംബിങ് , വയറിങ്, പെയിന്റിങ് , ഇന്റീരിയർ മുതലായവയ്ക്ക്. എന്റെ കാര്യത്തിൽ പകുതി തുകക്ക് തന്നെ പ്ലാസ്റ്ററിങ് വരെയുള്ള കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിച്ചു , ഇതിന്റെ ആത്മവിശ്വാസത്തിൽ മറ്റു ചിലവുകളും അനായാസം  കുറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ബഡ്ജറ്റ് കൈവിട്ടു പോകാതിരിക്കാൻ കഠിന പ്രയത്നം തന്നെ വേണ്ടി വന്നു. പ്ലാൻ ചെയ്ത പല കാര്യങ്ങളും അവസാനഘട്ടത്തിൽ വെട്ടിച്ചുരുക്കേണ്ടി വന്നു.



പ്ലാനിങ് & ഡിസൈൻ  

വീടുപണിയുടെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലരും കാര്യമായ പ്രാധാന്യം കൊടുക്കാത്തതുമായ ഒരു ഘട്ടമാണിത്. പ്ലാനിങ് എന്നത് വീടിന്റെ പ്ലാനും , എലിവേഷനും വരക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച്  വീടുപണിയുടെ  A - Z  കാര്യങ്ങൾ മുന്നിൽ കാണേണ്ടത് പ്ലാനിങ് സമയത്താണ്. പ്രത്യേകിച്ചും ഒരു ബഡ്ജറ്റ് ഹോം പണിയുമ്പോൾ.
ആദ്യമായിട്ട് വേണ്ടത് വീടിനകത്തു ആവശ്യമുള്ള കാര്യങ്ങൾ എന്തെല്ലാമെന്ന് തീരുമാനിക്കലാണ്. അത് നമ്മുടെ ബഡ്ജറ്റും , കുടുംബാംഗങ്ങളുടെ എണ്ണവും , ഓരോരുത്തർക്കും ഉള്ള സ്പെസിഫിക് റിക്വയർമെൻറ്സും,  ഭാവിയിലേക്ക് മുൻകൂട്ടി കാണുന്ന ആവശ്യങ്ങൾക്കും അനുസരിച്ച് പലർക്കും പല രീതിയിൽ പ്ലാൻ ചെയ്യാം. വീട്ടിലെ മുറികളുടെ എണ്ണം, ഏരിയ, അവയുടെ സ്ഥാനം മുതലായവ  ഈയവസരത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ ചർച്ച ചെയ്തു തീരുമാനമെടുക്കാം. ഇങ്ങനെ ഉരുത്തിരിഞ്ഞു വന്ന  ആവശ്യങ്ങളെ ലിസ്റ്റ് ചെയ്യുകയാണ്  ഞാൻ ആദ്യം ചെയ്തത്. പിന്നീട് ഈ ലിസ്റ്റിനെ ആവശ്യങ്ങളുടെ പ്രാധാന്യമനുസരിച്ച് പലതായി തരം തിരിച്ചു. നിർബന്ധമായും ആവശ്യമുള്ളവ, പിന്നത്തേക്ക് മാറ്റി വെക്കാവുന്നവ, ഒട്ടും പ്രാധാന്യമില്ലാത്തവ എന്നിങ്ങനെ. ഇതിൽ നിന്നും ചില അപ്രധാന ആവശ്യങ്ങളെ വെട്ടി മാറ്റി ലിസ്റ്റ് ചെറുതാക്കി. ബഡ്ജറ്റ് കട്ടിങ്ങിന്റെ ഒന്നാമത്തെ സ്റ്റെപ്പായിരുന്നു അത്. 

അങ്ങനെ ഫൈനലൈസ് ചെയ്ത ആവശ്യങ്ങൾ വച്ചുകൊണ്ടു വീടിന്റെ ഒരു പ്ലാൻ വരക്കലാണ് ഞാൻ രണ്ടാമത് ചെയ്തത്. അച്ഛൻ ഒരു കൺസ്ട്രക്ഷൻ വർക്കർ ആയതിനാൽ അളവുകൾക്കും  മറ്റു ടെക്നിക്കൽ ഡീറ്റെയിൽസിനും അച്ഛന്റെ സഹായമുണ്ടായിരുന്നു.  മാത്രവുമല്ല പണിക്കാർക്കായി അലഞ്ഞു തിരിയേണ്ട ആവശ്യവും വന്നിട്ടില്ല. ഫൌണ്ടേഷൻ മുതൽ ഫിനിഷിങ് വരെ  എല്ലാത്തിനും അച്ഛന്റെ സുഹൃത്തുക്കളും, പരിചയക്കാരും ഉണ്ടായിരുന്നു. ആ ഒരു ധൈര്യമാണ്  സ്വന്തമായി വീട് ഡിസൈൻ ചെയ്തു നിർമ്മിക്കാം എന്ന തീരുമാനത്തിലേക്കെത്തിച്ചത്. പ്ലാൻ വരക്കാനായി ഓൺലൈനിൽ ലഭ്യമായ ഡ്രോയിങ് സോഫ്ട്വെയറുകൾ ഉപയോഗപ്പെടുത്തി. കൂടാതെ ഓട്ടോ -കാഡ്  ചെറുതായി പഠിക്കുകയും ചെയ്തു. വീടിന്റെ പ്ലാൻ വരക്കൽ മുതൽ വീട്, പണി പൂർത്തിയായാൽ എങ്ങനെയിരിക്കും എന്ന് വിഷ്വലൈസ് ചെയ്യാൻ വരെയുള്ള ടൂളുകൾ ഓൺലൈനിൽ ലഭ്യമാണ്. കൂടാതെ ഫർണീച്ചറുകളുടെയും, മറ്റു സാധനങ്ങളുടെയും സ്ഥാനം നിർണയിക്കാൻ വരെ ഇത്തരം ടൂളുകൾ ഉപയോഗപ്പെടുത്താം. പഞ്ചായത്തിൽ പെർമിഷൻ എടുക്കാനുള്ള ഡ്രോയിങ് മാത്രം ഒരു ആർക്കിടെക്ടിനെ കൊണ്ട് വരപ്പിച്ചു. അങ്ങനെ വീടിന്റെ ഡിസൈൻ സ്വന്തമായി ചെയ്തതിനാൽ ആർക്കിടെക്ടിനു കൊടുക്കേണ്ട കാശ് ലാഭിച്ചു. ഇത് കൂടാതെ ഇലക്ട്രിക്കൽ പോയിന്റുകൾ , പെയിന്റിംഗ് സ്കീംസ് , ഇന്റീരിയൽ ആൻഡ് എക്സ്റ്റീരിയർ ഡിസൈൻ  എല്ലാം ആദ്യമേ തീരുമാനിച്ചു. ഈ പ്ലാനുകളിൽ യാതൊരുവിധ  മാറ്റങ്ങളും ഇനി വരുത്തുകയില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.  വീടുപണി തുടങ്ങി പാതിവഴിയിൽ എത്തുമ്പോഴായിരിക്കും സുഹൃത്തുക്കളും, ബന്ധുക്കളുമടക്കം പലരും പല അഭിപ്രായങ്ങളുമായി  നമ്മെ കാണാൻ വരുന്നത്. ഇത്തരം അഭിപ്രായങ്ങൾ നമ്മുടെ പ്ലാൻ പലപ്പോഴും മാറ്റി മറിക്കും . ഇതൊക്കെ വീണ്ടും ബജറ്റ് കൂട്ടും എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ടാണ് അത്തരമൊരു തീരുമാനം ആദ്യമേ എടുത്തത്. 

പിന്നെ മറ്റൊരു കാര്യം പറയാൻ മറന്നു. അത് വാസ്തുവിനെ കുറിച്ചാണ്. വീട്ടിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടണം എന്നതിൽ കൂടുതൽ വാസ്തുവിൽ വിശ്വാസം ഇല്ലാതിരുന്നിട്ടും, വാസ്തു പ്രകാരം തന്നെയാണ് വീട് പണിതിരിക്കുന്നത്. ഭാവിയിൽ വീട് വിൽക്കേണ്ടി വന്നാലോ എന്നാലോചിച്ചിട്ടാണ് ഇങ്ങനെ ചെയ്തത്. അത്തരമൊരു ഘട്ടം വന്നാൽ വാസ്തു പ്രകാരമല്ലാതെ വീട് നിർമിച്ചാൽ അത് വീടിന്റെ ഡിമാന്റ് കുറച്ചേക്കാം. 
പിന്നെ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം. വീടുപണിയുടെ ഓരോ ഘട്ടവും കൃത്യമായി റെക്കോർഡ് ചെയ്തു വെക്കുക എന്നതാണ്. ഒരു 200 പേജ് നോട്ടുബുക്ക് വാങ്ങേണ്ട കാര്യമേ ഉള്ളൂ. ഓരോ ദിവസത്തെയും കാര്യങ്ങൾ അന്നന്നു തന്നെ രേഖപ്പെടുത്തി വച്ചു. ഓരോ ദിവസവും  ചിലവാകുന്ന  തുകയും , ജോലിക്കാരുടെ എണ്ണവും , കൊടുത്ത കൂലിയും, മെറ്റീരിയൽ ചാർജസ്സും എല്ലാം എഴുതി വച്ചു. ഓരോ സ്റ്റേജിലും ചെലവാക്കേണ്ട മാക്സിമം തുക ആദ്യമേ തീരുമാനിച്ചു.  ബഡ്‌ജറ്റ്‌ കൃത്യമായി ട്രാക്ക് ചെയ്യാനും, പലതുള്ളി പെരുവെള്ളം എന്ന രീതിയിൽ വീടുപണിയുടെ ഓരോ ചെറിയ സ്റ്റേജിലും ചെലവ് കുറക്കാനും ഈ രീതി സഹായകമായി. 



ഹോം ലോൺ

ഒരു വീട് വെക്കാനുള്ള കാശ് സമ്പാദിച്ചിട്ട് പണി തുടങ്ങാം എന്ന് വിചാരിച്ചാൽ റിട്ടയർമെന്റ് പ്രായമായാലും വീടുപണി എങ്ങുമെത്തണമെന്നില്ല. അതുകൊണ്ടാണ് പലരും ഹോം ലോണിലേക്ക് തിരിയുന്നത്. പിന്നെ തിരിച്ചടവ് തുകയിൽ ഇൻകം ടാക്സ് ആനുകൂല്യങ്ങൾ കിട്ടുമെന്നത് മറ്റൊരു പ്ലസ് പോയിന്റുമാണ്. തിരിച്ചടവിനുള്ള സാവകാശവും , നാണയപ്പെരുപ്പവും കണക്കിലെടുത്താൽ കിട്ടാവുന്നതിൽ മാക്സിമം കാലയളവിലേക്ക് ലോൺ എടുക്കുക എന്നതാണ് എന്റെയൊരു അഡ്വൈസ്. മറിച്ചുള്ള അഭിപ്രായക്കാരും ഉണ്ട്.  തിരിച്ചടവ് കാലാവധി കൂടിയാൽ തിരിച്ചടക്കേണ്ട തുകയും കൂടും എന്നത് സ്വാഭാവികം. എന്നാൽ ഇന്ന് നമ്മൾ ഓരോ മാസവും അടക്കുന്ന തിരിച്ചടവ് തുക ഒരു 10 -20 വർഷങ്ങൾ കഴിഞ്ഞാൽ നമുക്ക് വെറും പോക്കറ്റ് മണി പോലെയെ ഉണ്ടാവൂ എന്ന കാര്യം മറക്കണ്ട. അത് മാത്രവുമല്ല കൂടിയ ദൈർഖ്യത്തിൽ ലോൺ എടുത്താലും കൈയിൽ കാശ് വന്നാൽ പെട്ടന്ന് ക്ലോസ്സ് ചെയ്യാവുന്നതാണ്. പല ബാങ്കുകൾക്കും ലോക്കിൻ പിരീഡ് കഴിഞ്ഞാൽ  പ്രീ -ക്ലോഷർ ചാർജ്ജസ് ഒന്നും തന്നെയില്ല. ഹോം ലോണിന് ഹാജരാക്കേണ്ട പ്രമാണങ്ങൾ എന്തൊക്കെയാണെന്ന് അതതു ബാങ്കുകളിൽ അന്വേഷിച്ചാൽ മനസ്സിലാകും. ഹോം ലോണിനോടൊപ്പം തന്നെ ലോൺ പ്രൊട്ടക്ടർ ഇൻഷുറൻസുകളും ലഭ്യമാണ്. ഇത് വഴി ഹോം ലോൺ എടുത്ത ആൾക്കോ വീടിനോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ തുടർന്നുള്ള തിരിച്ചടവ് ഇൻഷുറൻസ് കമ്പനി ഏറ്റെടുക്കുന്നതാണ്. എന്നാൽ ഹോം ലോണിനോടൊപ്പം ഇൻഷുറൻസ് എടുക്കണം എന്നത് നിർബന്ധമല്ല. അത് നിങ്ങളുടെ താൽപ്പര്യത്തിന് തീരുമാനിക്കാവുന്നതാണ്. ഇൻഷുറൻസ് തുകക്കും ഇൻകംടാക്സ് ആനുകൂല്യങ്ങൾ ലഭിക്കും. ലോൺ അപ്പ്രൂവ് ആയതിനു ശേഷം വീടുപണിയുടെ ഓരോ ഘട്ടത്തിലുമാണ് തുക വിതരണം ചെയ്യുന്നത്. മുഴുവൻ തുകയും ഒരുമിച്ചു ചില ബാങ്കുകൾ ലഭ്യമാക്കുമെങ്കിലും ഘട്ടം ഘട്ടമായി വാങ്ങിക്കുന്നതാണ് ഉത്തമം. അതാകുമ്പോൾ വാങ്ങിച്ച തുകക്ക് മാത്രം പലിശ കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ ഘട്ടത്തിലും വാങ്ങിക്കേണ്ട തുക കൃത്യമായി പ്ലാൻ ചെയ്യേണ്ടതാണ്. അടുത്ത ഘട്ടം പൂർത്തിയാക്കാൻ പണം തികയാത്ത അവസ്ഥ വരരുത്. ബാങ്കുകൾ ലോൺ തിരിച്ചടവിനു അവധി (Moratorium period ) അനുവദിക്കാറുണ്ട്. സാധാരണായായി ഇത് വീടിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെയോ , അതുമല്ലെങ്കിൽ ഒരു നിശ്ചിത കാലയളവ് വരെയോ ആയിരിക്കും. ഇക്കാലയളവിൽ വാങ്ങിച്ച തുകയുടെ പലിശ മാത്രം തിരിച്ചടച്ചാൽ മതിയാകും (Pre -EMI).

ഫൌണ്ടേഷൻ



ചെങ്കൽപ്രദേശമായതിനാൽ ഫൌണ്ടേഷൻ പണിയാൻ പൈലിങ്ങിന്റെയോ, ബെൽറ്റ് വാർക്കേണ്ടതോ ആയ ആവശ്യം വന്നില്ല. കരിങ്കല്ല് കൊണ്ടാണ് ഫൌണ്ടേഷൻ പണിതത്. കിണറു കുഴിക്കുമ്പോൾ പൊട്ടിച്ചെടുത്ത പാറക്കഷണങ്ങൾ മാത്രമാണ് ഇതിനു ഉപയോഗിച്ചത്. വീടിന്റെ ചുറ്റുമതിലിന്റെ ഒരു വശം പണിയാനും ഇതുപയോഗിച്ചു. അങ്ങനെ വലിയൊരളവിൽ കോസ്റ്റ് കട്ടിങ് ഇവിടെ സാധ്യമായി. ഫൌണ്ടേഷൻ തുടങ്ങുന്നതിനു മുൻപായി പഞ്ചായത്ത് /മുനിസിപ്പാലിറ്റി / കോർപറേഷനിൽ നിന്ന് ബിൽഡിംഗ് പെർമിറ്റ്  വാങ്ങേണ്ടതാണ്.  അംഗീകൃത ആർക്കിടെക്റ്റോ അല്ലെങ്കിൽ എൻജിനീയറോ വഴിയാണ് ഇതിനു അപേക്ഷിക്കേണ്ടത്. ബിൽഡിങ് പെർമിറ്റ് ലഭ്യമായാൽ KSEB-യിൽ  ടെമ്പററി ഇലെക്ട്രിസിറ്റി കണക്ഷന് വേണ്ടി അപേക്ഷിക്കാം. വീടുപണിക്കാവശ്യമായ ഇലെക്ട്രിസിറ്റിക്ക് വേണ്ടിയാണിത്. 

ചുമര്



ചുമര് കെട്ടാനായി ചെങ്കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. പൊതുവെ മലബാറിലെ വീടുപണിക്ക് കൂടുതലായി ഉപയോഗിക്കുന്നത് ചെങ്കല്ലാണ്. എന്നാൽ തെക്കൻ കേരളത്തിൽ ഇഷ്ടികയാണ് കൂടുതൽ കണ്ടു വരുന്നത്. ചെങ്കല്ല് കണ്ണൂരിലെ ശ്രീകണ്ഠപുരത്തു നിന്ന് നേരിട്ട് എത്തിച്ചതിനാൽ നാട്ടിൽ നിന്ന് വാങ്ങിക്കുന്നതിലും കുറഞ്ഞ റേറ്റിന് കിട്ടി. ഒരു കല്ലിന് ട്രാൻസ്‌പോർട്ടേഷൻ അടക്കം 45 രൂപയാണ് ചെലവായത്. ചുമര് കെട്ടുന്ന ജോലിയും,  പ്ലാസ്റ്ററിങ്ങും കോൺട്രാക്ട് കൊടുക്കുകയാണ് ചെയ്തത്.

മേൽക്കൂര 



ഫ്ലാറ്റ് റൂഫിന് ചരിഞ്ഞ മേൽക്കൂരയെ അപേക്ഷിച്ച് നിർമ്മാണ ചിലവ് കുറവാണ്. അത് മാത്രവുമല്ല ഫ്ലാറ്റ് റൂഫ്  ആയാൽ ഭാവിയിൽ മുകൾ നിലയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ ആവശ്യമെങ്കിൽ  അതും ചെയ്യാനും സാധിക്കും. ഇതെല്ലം കണക്കിലെടുത്ത് മിനിമലിസ്റ്റിക് ശൈലിയിൽ ഫ്ലാറ്റ് ആയിട്ടാണ് റൂഫ് പണിതിരിക്കുന്നത്. കോൺക്രീറ്റിനുള്ള സിമന്റ്, കമ്പനി ഗോഡൗണിൽ നിന്ന് നേരിട്ട് സൈറ്റിൽ എത്തിച്ചത് കാരണം മാർക്കറ്റ് റേറ്റിലും കുറഞ്ഞ നിരക്കിൽ സിമന്റ് ലഭ്യമായി. അച്ഛൻ ഒരു കൺസ്ട്രക്ഷൻ വർക്കർ ആണെന്ന് പറഞ്ഞിരുന്നുവല്ലോ, അച്ഛന്റെ കൂട്ടുകാർ തന്നെയാണ് വീടിന്റെ കോൺക്രീറ്റും ചെയ്തത്. അതും ചെലവ് കുറക്കാൻ സഹായകരമായിട്ടുണ്ട്. ബാൽക്കണിയുടെ റൂഫിൽ പർഗോളകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തപ്പോൾ തന്നെ കൺസീൽഡ് LED ലൈറ്റുകൾക്കുള്ള ഇലക്ട്രിക്ക് പോയിന്റുകളും ബോക്‌സും ഇട്ടു വച്ചിരുന്നു. അങ്ങനെ ഫാൾസ് സീലിംഗ് ഇല്ലാതെ തന്നെ സീലിംഗ് ലൈറ്റ്‌സ് ഫിറ്റ് ചെയ്യാൻ സാധിച്ചു.

പ്ലമ്പിങ് , വയറിങ്



നിർമ്മാണ പ്രവർത്തിയിൽ ബഡ്ജറ്റിൽ ഒരു വലിയഭാഗം കയ്യാളുന്നതാണ് പ്ലംബിങ്ങും, വയറിങ്ങും. എന്നാൽ ഇതിൽ കോസ്റ്റ് കട്ടിങ്ങിനെക്കാൾ കൂടുതൽ ക്വാളിറ്റിയിലാണ് ശ്രദ്ധിക്കേണ്ടത്. ചുമരിനു വെളിയിൽ വരുന്ന സാധനങ്ങളെല്ലാം തന്നെ നമുക്ക് ആവശ്യമെങ്കിൽ റീപ്ലേസ് ചെയ്യാൻ സാധിക്കും , എന്നാൽ വയറിങ്ങും , പ്ലംബിങ്ങും ഒരിക്കൽ ചെയ്തു കഴിഞ്ഞാൽ അത് അഴിച്ചു പണിയുക എന്നത് വളരെ ഭാരിച്ചതാണ്. അതുകൊണ്ടു കുറച്ചു കാശ് കൂടിയാലും , നല്ല ക്വാളിറ്റിയുള്ള മെറ്റീരിയൽസ് എടുക്കാൻ ശ്രദ്ധിക്കുക. നേരത്തെ പറഞ്ഞത് പോലെ പ്ലംബിംഗ് ആൻഡ് വയറിങ് പോയന്റുകൾ എല്ലാം തന്നെ ആദ്യമേ ആലോചിച്ചുറപ്പിക്കേണ്ടതാണ്. ഭാവിയിലുള്ള ഒരു റീവർക്ക് ഒഴിവാക്കാനാണിത്. രണ്ടു റൂമുകളിലാണ് അറ്റാച്ചഡ് ബാത്റൂമുകൾ നൽകിയിട്ടുള്ളത്. ബാത്റൂമിനെ വെറ്റ് / ഡ്രൈ ഏരിയകളായി തിരിച്ചാണ് സാനിറ്ററി ഐറ്റംസ് പ്ലേസ് ചെയ്തിട്ടുള്ളത്. കൺസീൽഡ് ക്ലോസെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരു നിലകളിലുമുള്ള ബാത്റൂമുകൾ വീടിന്റെ ഒരേ ഭാഗത്തു വരുന്നതിനാൽ, പ്ലംബിംഗ് ലൈനുകളുടെ ദൈർഘ്യം കുറക്കാൻ സഹായകമായി. രണ്ടു ബാത്റൂമുകളിലേക്കായി ഒരു ഹീറ്റർ യൂണിറ്റ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. മുകളിലെ നിലയിൽ സ്ഥാപിച്ച ഹീറ്ററിൽ നിന്ന് , താഴത്തെ ബാത്റൂമിലേക്ക് ഹോട്ട് ലൈനുകൾ ഇട്ടിട്ടുണ്ട്. രണ്ടു ബാത്റൂമിൽ നിന്നും ഓൺ ചെയ്യാവുന്ന രീതിയിലാണ് ഹീറ്റർ പവർ സ്വിച്ച് ക്രമീകരിച്ചിട്ടുള്ളത്. CCTV , ഫാൾസ് സീലിംഗ്/ഇന്റീരിയർ,  വർക്സ് മുതലായവ ഉടൻ തന്നെ ചെയ്യാൻ പ്ലാൻ ഇല്ലെങ്കിൽപ്പോലും അതിനുള്ള വയറിങ് പോയിന്റുകൾ നേരത്തെ തന്നെ ചെയ്ത് വെക്കുന്നതാണ് നല്ലതു. കിണർ റീചാർജിനുള്ള പൈപ്പുകളും നേരത്തെ തന്നെ ഇട്ടു വച്ചു.



പ്ലാസ്റ്ററിങ്



മിനിമലിസ്റ്റിക് ഡിസൈൻ ആയതിനാൽ പ്ലാസ്റ്ററിങ്ങിന് മെറ്റീരിയൽ കോസ്റ്റ് കുറവായിരുന്നു. നിർമ്മാണ സമയവും കുറഞ്ഞു. ഇത്തവണയും സിമന്‍റ്, കമ്പനി ഗോഡൗണിൽ നിന്ന് നേരിട്ട് ഇറക്കുകയാണ് ചെയ്തത്. പുട്ടി ഇടാൻ പ്ലാൻ ചെയ്യുന്ന ചുമരുകളിൽ പ്രതലം മിനുസപ്പെടുത്താതെ , പരുക്കനാക്കി ഇടുന്നതാണ് നല്ലത്. 

ഫ്ലോറിങ് 



വിട്രിഫൈഡ് ടയിലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. എളുപ്പം ലഭ്യമാകുന്ന, എന്നാൽ എലഗന്റ് ലുക്ക് നൽകുന്ന ഐവറി കളറാണ് തിരഞ്ഞെടുത്തത്. അടുക്കളയിൽ മാറ്റ് ഫിനിഷുള്ള ടയിലുകളാണ് ഉചിതം. സ്ഥിരമായി വെള്ളം നനയുന്ന അടുക്കള ഫ്ലോറിൽ  സ്ലിപ് ആകുന്നതു ഒരു പരിധിവരെ ഇതുവഴി തടയാം.  ഓപ്പൺ ടെറസിലും മാറ്റ് ഫിനിഷ് ടയിലുകൾ ഉപയോഗിച്ചു. സ്റ്റെയറിനു ബ്ളാക്ക് ഫുൾ ബോഡി ടയിൽ ഉപയോഗിച്ചു. ബാക്കി വരുന്ന ടയിലുകൾ പൊട്ടലും , പോറലും ഇല്ലെങ്കിൽ മിക്ക ഷോപ്പുകളും തിരിച്ചെടുക്കാറുണ്ട്. ഭാവിയിൽ വല്ല റീപ്ലേസ്‌മെന്റ് ആവശ്യം വന്നാൽ, നമ്മൾ ഉപയോഗിച്ച ഡിസൈനിലുള്ള ടൈൽ മിക്കപ്പോഴും വീണ്ടും ലഭിച്ചെന്നു വന്നേക്കില്ല. അതുകൊണ്ട് ഓരോ ഡിസൈനിലുമുള്ള  രണ്ടോ - മൂന്നോ പീസ് ടൈലുകൾ നമ്മുടെ കൈയിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം.

പെയിന്റിങ് 


ഓഫ് വൈറ്റ് , ഗ്രേ എന്നീ രണ്ടു നിറങ്ങൾ മാത്രമേ പെയിന്റിങ്ങിനു ഉപയോഗിച്ചിട്ടുള്ളൂ. പാരപ്പെറ്റിനും ഷേഡിനുമാണ് ഗ്രേ കൂടുതലായി ഉപയോഗിച്ചത്. മറ്റിടങ്ങളെല്ലാം ഓഫ് വൈറ്റ് ആണ്. കൂടുതൽ നിറങ്ങൾ ഉപയോഗിക്കുന്നത് ചിലവ് കൂട്ടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ആവശ്യമുള്ളിടങ്ങളിൽ മാത്രമേ പുട്ടി ഇട്ടുള്ളൂ. 


ജനലും വാതിലും 



വീടുനിർമ്മാണത്തിനു മരത്തിന്റെ ഉപയോഗം പരമാവധി കുറക്കുക എന്നത് തുടക്കം മുതലേ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കഴിയാവുന്നിടത്തോളം മരത്തിനു പകരം ഇതര മാർഗങ്ങൾ അവലംബിച്ചു. ജനലിന്റെയും വാതിലിന്റെയും കട്ടിള സ്‌ക്വയർ GI പൈപ്പുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇരുമ്പു പൈപ്പുകൾ മൊത്തത്തിൽ വാങ്ങിച്ചു വീട്ടിൽത്തന്നെ വെൽഡ് ചെയ്താണുണ്ടാക്കി.  അലുമിനിയവും ഗ്ലാസ്സും ഉപയോഗിച്ചാണ് ജനൽപ്പാളികകൾ നിർമ്മിച്ചത്. വാതിലുകൾക്കായി മോൾഡഡ് പാനൽ ഡോറുകൾ വാങ്ങിച്ചു. മരം വാങ്ങുന്നവകയിൽ ഒരു നല്ല തുക അങ്ങനെ കയ്യിൽത്തന്നെ ഇരുന്നു. പരമാവധി ക്രോസ്‌ വെന്റിലേഷൻ ലഭിക്കുന്ന രീതിയിലാണ് ജനലും വാതിലും നൽകിയിട്ടുള്ളത്. ഹാളിലെ ചൂടുവായു പുറത്തുപോകാനായി സ്റ്റെയറിനു മുകളിലുള്ള ജനലിന്റെ ഒരു ഭാഗത്തു ജനൽപ്പാളി നൽകാതെ പകരം വീതികുറഞ്ഞ GI പൈപ്പുകൾ ആവശ്യത്തിന് വിടവിട്ടു ചരിച്ചു വെൽഡ് ചെയ്തു..

ഇന്റീരിയർ



മോഡുലാർ കിച്ചൻ ചെയ്യണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ അവസാനമാകുമ്പോഴേക്കും ബഡ്ജറ്റ് ബാക്കിയുണ്ടാകുമോ എന്നായിരുന്നു സംശയം, ബഡ്ജറ്റ് ചെറുതായിട്ട് കൈവിട്ടു പോയെങ്കിലും ഇന്റീരിയർ വർക്കുകൾ ചെയ്യാനുള്ള ഫണ്ട് ബാക്കിയുണ്ടായിരുന്നു. മറൈൻ പ്ലൈയും, മൈക്കയും ആണ് കിച്ചണിൽ യൂസ് ചെയ്തത്. നാനോ വൈറ്റ് നൽകാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും മെറ്റീരിയൽ കോസ്റ്റ് കൂടുതൽ ആയതിനാൽ ഗ്രാനൈറ്റ് ആണ് കിച്ചൻ ടോപ്പ് ആയി യൂസ് ചെയ്തത്.
ബെഡ് റൂമുകളിലെ കട്ടിൽ, വാർഡ്രോബ്, ഡ്രസിങ് ടേബിൾ എന്നിവ  മറൈൻ പ്ലൈയും, വിനീറും ഉപയോഗിച്ചാണ് നിർമ്മിച്ചത്. കട്ടിലിനുള്ളിൽ സ്റ്റോറേജ് സ്‌പേസ് നൽകി.  
പ്ലൈ ഉപയോഗിച്ചുണ്ടാക്കിയ വാഷ് കൗണ്ടറുകളിൽ ഗ്രാനൈറ്റ് ടോപ്പിംഗ് ആണ് നൽകിയത്.

ടീവി വാൾ, ഷോകേസ് മുതലായവയും മറൈൻ പ്ലൈ ഉപയോഗിച്ചാണ് ചെയ്തത്.
സ്റ്റെയർകേസിന്റ്റെ ഹാൻഡ്റെയിലിനു സ്‌ക്വയർ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചു. ബാൽക്കണിയിലെ പർഗോള കവർ ചെയ്യാൻ ഗ്ലാസിന് പകരം കളേർഡ് പോളികാർബണേറ്റ് ഉപയോഗിച്ചത് ബഡ്ജറ്റ് സേവ് ചെയ്തു.
ഇലക്ട്രിക്ക് ഫിറ്റിങ്ങുകളും , വീട്ടുപകരണങ്ങളും മിക്കതും ഓൺലൈനിൽ ആണ് വാങ്ങിച്ചത്. പല പ്രോഡക്റ്റുകളും വില കമ്പയർ ചെയ്തും, ഓഫറുകൾ വരുമ്പോഴും വാങ്ങിക്കാൻ ഇത് മൂലം സാധിച്ചു.



എക്സ്റ്റീരിയർ

റെഡിമേഡ് കോൺക്രീറ്റ് ഷട്ടറുകൾ ഉപയോഗിച്ചാണ് ഒരു ഭാഗത്തെ  കോമ്പൗണ്ട് വാൾ ചെയ്തിരിക്കുന്നത്. മറു ഭാഗത്തു കിണറു കുഴിച്ചപ്പോൾ കിട്ടിയ കരിങ്കല്ലും ഉപയോഗിച്ചു. മുൻവശത്തെ മതിലിനു ചെങ്കല്ല് ഉപയോഗിച്ചു. ഗേറ്റ് GI സ്‌ക്വയർ പൈപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ചു.
സിമന്റ് ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച് കാർ പോർച്ചും വീടിന്റെ ചുറ്റുഭാഗവും ചെയ്തു. മുറ്റത്തു കല്ല് പാകാൻ നിന്നില്ല. മഴവെള്ളത്തെ മണ്ണിലേക്കിറങ്ങാൻ വിട്ടു.
നിർമ്മാണം ഈ സ്റ്റേജിൽ എത്തിയപ്പോഴേക്കും വീട്ടുനമ്പർ കിട്ടാനുള്ള അപേക്ഷ പഞ്ചായത്തിൽ കൊടുത്തു. നമ്പർ കിട്ടിയ ഉടനെ തന്നെ പെര്മനെന്റ് ഇലെക്ട്രിസിറ്റി കണക്ഷനും അപേക്ഷിച്ചു


ഉപസംഹാരം

അങ്ങനെ ജീവിതത്തിൽ ആകെ കണ്ട ഒരു സ്വപ്നം പൂർത്തിയായിരുന്നു.  എന്റെ സ്വന്തം വീടെന്ന സ്വപ്നം. അതും സ്വന്തമായി ഡിസൈൻ ചെയ്തു നിർമ്മിക്കാൻ സാധിച്ചു എന്നത് ഇരട്ടി മധുരം തരുന്നു.   ഇനിയുള്ള സ്വപ്നങ്ങൾ ഇവിടെ നിന്ന് തുടങ്ങുന്നു.