'ജീവിതത്തില്‍ ഇടയ്‌ക്കെല്ലാം നമ്മുടെ കണ്ണുകളെ കണ്ണുനീരാല്‍ കഴുകേണ്ടതുണ്ട്. അതു ജീവിതത്തെ വീണ്ടും വ്യക്തമായിക്കാണാന്‍ നമ്മെ സഹായിക്കും'
അഗസ്ത്യവനത്തിനോട് ചേർന്ന വാലിപ്പാറയിലെ ഉറവ് സാംസ്കാരികവേദി ഗ്രന്ഥശാല ചുമരിൽ കുറിച്ചിട്ട ഈ വാചകങ്ങൾ വെറുമൊരു ഉദ്ധരണി എന്നതിനപ്പുറം മറ്റൊരുപാട് തലങ്ങളിലേക്ക് ചിന്തിക്കപ്പെടേണ്ടതായിട്ടുള്ളതാണ്.
കാരണം ഇവിടെയാണ് ഇല്ലായ്മകൾക്കും, കുറവുകൾക്കും ഇടയിൽനിന്ന് കാട്ടിനകത്തെ ഊരുകളിലെ കുട്ടികൾ പഠിക്കാനായെത്തുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്നതിന്റെയും, ചൂഷണം ചെയ്യപ്പെടുന്നതിന്റെയും ഇടയിൽ വിശപ്പാണ് ഏറ്റവും വലിയ വിപ്ലവം എന്ന് തിരിച്ചറിഞ്ഞ ഒരു സമൂഹത്തിന്റെ പ്രതിനിധികളായ ഇവർ നിഷ്കളങ്കമായ പുഞ്ചിരിയോടെ ഇവിടേക്കെത്തുന്നത്, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീരാനാണ്. അവർക്കു മുന്നിൽ വെക്കാനായി ഇതിലും വലിയ ഒരു ഉദ്ധരണി വേറെ കാണുമോ എന്നറിയില്ല.
സഞ്ചാരി എന്ന കൂട്ടായ്മയുടെ നോട്ട്ബുക്ക് പ്രോജക്ടിന്റെ ഭാഗമായി, കുട്ടികൾക്കുള്ള സ്‌കൂൾ കിറ്റിന്റെ വിതരണത്തിന് എത്തിയതായിരുന്നു ഞങ്ങൾ കോട്ടൂരിലുള്ള വാലിപ്പാറയിൽ. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്ററോളം മാറി അഗസ്ത്യമലയുടെ താഴ്വാരത്താണ് വാലിപ്പാറ സ്ഥിതി ചെയ്യുന്നത്. പരിമിതമായ സൗകര്യങ്ങളോട് കൂടിയ എന്നാൽ കാടിന്റെ പച്ചപ്പും, ഗ്രാമീണതയുടെ നാട്ടുഭംഗിയും ആവശ്യത്തിലധികമുള്ള ഒരു കൊച്ചു ഗ്രാമം. അഗസ്ത്യവനം ബയോളജിക്കൽ റേഞ്ചിന്റെ ചെക്‌പോസ്റ്റിൽ പേരും, വാഹനങ്ങളുടെ വിവരവും രേഖപ്പെടുത്തി ഞങ്ങൾ കാടുകേറി. ഇതിനോട് ചേർന്ന് തന്നെയാണ് ചെറുകിട വന വിഭവ ശേഖരണ വിപണന കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. കാട്ടിൽ നിന്ന് ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ നമുക്കിവിടെ നേരിട്ട് വാങ്ങിക്കാൻ സാധിക്കും. ഒരു കുപ്പി തേനും, ഒരു ചെറിയ സഞ്ചി നിറയെ മാങ്ങയും ഞങ്ങളിവിടെ നിന്ന് വാങ്ങിച്ചു.
പത്തിരുപതു മിനിട്ടു നീണ്ട ഓഫ്‌റോഡ് യാത്രക്കൊടുവിൽ ഞങൾ ഉറവ് കലാ കായിക സാംസ്‌കാരിക വേദിയുടെ ചെറിയ ഒരു ഗ്രന്ഥശാലാ കെട്ടിടത്തിൽ എത്തിച്ചേർന്നു. അവിടെ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു മുപ്പതോളം കുട്ടികൾ. സമീപത്തെ ഊരുകളിൽ താമസിക്കുന്ന ഇവർ കമ്പ്യൂട്ടർ പഠിക്കാനും, കല-കായിക വിദ്യാഭ്യാസത്തിനും ഒത്തുചേരുന്ന ഇടമാണ് ഈ ഗ്രന്ഥശാല. അവരുടെ പുഞ്ചിരിയും, കളിചിരികളും പഴയ സ്‌കൂൾ ഓർമ്മകളുടെ ഗൃഹാതുരത ഒരു നിമിഷത്തേക്ക് പൊടിതട്ടിയെടുക്കാൻ പര്യാപ്തമായിരുന്നു. കോട്ടൂർ സെക്ഷനിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ സുധീർ സാറും, സഞ്ചാരിയിലെ അംഗങ്ങളും ചേർന്ന് നിലവിളക്കു കൊളുത്തി ചടങ്ങു ഉത്‌ഘാടനം ചെയ്തു. സ്‌കൂൾ ബാഗും , പുസ്തകങ്ങളും , കുടയും , വാട്ടർ ബോട്ടിലും കിട്ടിയ കുരുന്നുകളുടെ വിടർന്ന മുഖം, അത് മാത്രം മതിയായിരുന്നു ഹൃദയം നിറയാൻ. അവസാനം ഒന്ന് മാത്രമാണ് ഞങ്ങൾ അവരോട് ആവശ്യപ്പെട്ടത്. വളർന്നു വലുതാകുമ്പോ തിരിച്ച് ഇതുപോലെ മറ്റുള്ളവരെയും സഹായിക്കണം എന്ന്. പുതിയ കണ്ണികൾ ചേർക്കപ്പെട്ടു മനുഷ്യത്വത്തിന്റെയും , സഹായമനസ്കതയുടെയും ചങ്ങല അങ്ങനെ വളർന്നു വലുതാകട്ടെ.
ചടങ്ങു കഴിഞ്ഞു, നീട്ടി വെട്ടിയ വാഴയിലയിൽ നടൻ കപ്പയും, കോഴിക്കറിയും വിളമ്പി അവിടുത്തുകാർ ഞങ്ങളോട് സ്നേഹം പ്രകടിപ്പിച്ചപ്പോൾ നിറഞ്ഞതു വയറു മാത്രമായിരുന്നില്ല മനസ്സും കൂടിയായിരുന്നു. ഒരുമിച്ച് ഒരിലയിൽ, സുധീർ സാറടക്കമുള്ളവർ നിലത്തു വട്ടം കൂടിയിരുന്നു ഭക്ഷണം കഴിച്ചപ്പോൾ, പദവിയും , പ്രായവും മറന്ന, വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാത്ത ഒരു കൂട്ടം മനുഷ്യരെയാണ് അവിടെ കാണാൻ സാധിച്ചത്.
ഉച്ചയോടെ യാത്ര പറഞ്ഞു പോകും വഴി കല്ലാറിന്റെ തീരത്തു ഒരല്പ നേരം ചെലവഴിച്ചു, പാഴാകാത്ത ഒരു ദിവസത്തിന്റെ ആത്മനിർവൃതിയോടെ.
ഇനി തിരിച്ചു വീണ്ടും പഴയ ഓഫിസ് തിരക്കുകൾക്കും, ഡെഡ് ലൈനിന്റെയും ഇടയിലേക്ക്.
Photo courtesy: Vishnu Venkitesh, Ram Kumar
No comments:
Post a Comment
Please add your comment here...