ഭാഗം-2 ചിത്രദുർഗ
ഒരു കഥ സൊല്ലട്ടുമാ സാർ .?
ഹൈദർ അലിയുടെ പടയോട്ട കാലത്ത് ഒബാവ എന്ന ധീര വനിത നടത്തിയ വീരോജ്വലമായ ചെറുത്തു നിൽപ്പിന്റെ കഥ. പതിനെട്ടാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ചിത്രദുർഗയിലെ ഭരണാധികാരി കൂറ് മാറിയതിന് പകരം ചോദിക്കാൻ ഹൈദരലിയും കൂട്ടരും പല തവണ ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടു. എത്ര ശ്രമിച്ചിട്ടും അവർക്ക് ചിത്രദുർഗയിലെ കോട്ട പിടിച്ചടക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ചാരന്മാരിൽ നിന്ന് ഒരു രഹസ്യ വിവരം ഹൈദരാലിയുടെ സൈന്യത്തിന് ലഭിച്ചു. ചിത്രദുർഗ കോട്ടയുടെ ചുമരിൽ ഒരു രഹസ്യ ദ്വാരമുണ്ട്. ഏകദേശം ഒരാൾക്ക് കഷ്ട്ടിച്ചു കടന്നുപോകാൻ പാകത്തിൽ. ഇത് മാത്രവുമല്ല ഇവിടുത്തെ കാവൽക്കാരൻ എന്നും ഉച്ചക്ക് ഭക്ഷണം കഴിക്കാനായി കുറച്ചു നേരം ഇവിടെ നിന്ന് മാറി നിൽക്കാറുമുണ്ട്. ഇത് കേട്ട പാതി , കേൾക്കാത്ത പാതി ഹൈദരാലിയുടെ സൈന്യം ചിത്രദുർഗ ലക്ഷ്യമാക്കി നീങ്ങി. കാവൽക്കാരൻ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിൽ പോയ തക്കം നോക്കി അവർ ഓരോരുത്തരായി ചുമരിലെ ദ്വാരം വഴി ഉള്ളിലേക്ക് കയറാനായി തയ്യാറായി നിന്നു. ഈ സമയത്താണ് കാവൽക്കാരൻ്റെ ഭാര്യയായ, നമ്മുടെ ഒബാവ വീട്ടിലേക്ക് വെള്ളമെടുക്കാനായി അത് വഴി വന്നത്. പുറത്തു നിന്നും എന്തോ ശബ്ദം കേട്ട അവർ അവിടെ കാത്തു നിന്നു. അൽപ്പനേരം കഴിഞ്ഞപ്പോൾ ദേ ഒരാൾ ചുമരിലെ ദ്വാരം വഴി ഉള്ളിലേക്ക് നുഴഞ്ഞു കയറുന്നു. ഒബാവക്ക് കാര്യം പിടി കിട്ടി. ശത്രുക്കൾ കോട്ട അക്രമിക്കനുള്ള ശ്രമത്തിലാണ്. ഒബാവ ഒന്നും ആലോചിച്ചില്ല. അടുത്തു കിടന്ന ഒരു ഉലക്കയെടുത്തു അയാൾക്ക്‌നേരെ ആഞ്ഞു വീശി. അടി കൊണ്ട് മരിച്ചു വീണ ശത്രുവിനെ ഒബാവ വലിച്ചിഴച്ചു ദൂരേക്ക് മാറ്റിയിട്ടു. ഇതൊന്നുമറിയാതെ ഉള്ളിൽ കേറാൻ ശ്രമിച്ച അടുത്ത ആളെയും ഒബാവ ഉലക്കകൊണ്ട് അടിച്ചു വീഴ്ത്തി. ഊണ് കഴിച്ചു തിരിച്ചെത്തിയ ഒബാവയുടെ ഭർത്താവ് കണ്ടത് മരിച്ചു കിടക്കുന്ന അനേകം ശത്രു സൈനികരെയും , അടുത്തായി രക്തത്തിൽ കുളിച്ച ഉലക്കയുമായി നിൽക്കുന്ന ഒബാവയെയും ആണ്. അയാൾ ഉടൻ തന്നെ അപായ മാണി മുഴക്കി കൂടുതൽ കാവൽക്കാരെ വിളിച്ചു വരുത്തി ഹൈദരാലിയുടെ മുഴുവൻ സൈന്യത്തെയും തുരത്തി ഓടിച്ചു. അങ്ങനെ മനഃസാന്നിധ്യം കൊണ്ട് കോട്ടയെ രക്ഷിച്ച ഒബാവ ചിത്രദുർഗയിൽ ഒരു ധീര വനിതയായി അറിയപ്പെട്ടു. വര്ഷങ്ങളായി ഈ കഥ ഇന്നാട്ടുകാരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒബാവ ശത്രുസൈന്യത്തെ വക വരുത്തിയ ആ ചെറിയ ദ്വാരം ഇന്ന് 'ഒണകെ ഒബാവ കിണ്ടി' എന്നറിയപ്പെടുന്നു. 'ഒണകെ' എന്നാൽ ഉലക്ക എന്നാണർത്ഥം. 'കിണ്ടി' എന്നാൽ ദ്വാരമെന്നും. എന്നാൽ ഈ കഥയിലെ ദുഖകരമായ കാര്യമെന്തെന്നാൽ, ഒബാവ അന്ന് തന്നെ മരിച്ചു എന്നതാണ്. ഉള്ളിൽ കയറിയ ഏതോ ഒരു സൈനികൻ ഒബാവയെ കൊലപ്പെടുത്തി എന്നും , അതല്ല ഇത്രയും പേരെ കൊന്നതിന്റെ ആഘാതം ഒബാവയുടെ ജീവനെടുത്തു എന്നൊക്കെയാണ് പ്രചാരത്തിലുള്ള കഥകൾ.
ഉച്ചയോടെ തന്നെ ചിത്രദുർഗ ഡിസ്ട്രിക്ട് എത്തി. ബാംഗളൂരിൽ നിന്ന് വടക്കു പടിഞ്ഞാറു ദിശയിൽ ഇരുന്നൂറു കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് ചിത്രദുർഗ. കർണാടക ടൂറിസത്തിലെ ഒരു അവിഭാജ്യ കേന്ദ്രമാണ് ഇന്ന് ചിത്രദുർഗ. ചരിത്രപരമായ ഒരുപാട് ശേഷിപ്പുകൾ ഇവിടെ ഇന്നും നിലനിൽക്കുന്നുണ്ട്. ചിത്രദുർഗ ജില്ലയിൽ ഒട്ടേറെ ടൂറിസ്റ്റു കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഇവിടുത്തെ കോട്ട മാത്രമേ ഞങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നുള്ളൂ.
ചിത്രദുർഗ ജില്ലയിൽത്തന്നെയുള്ള മറ്റൊരു പട്ടണമാണ് 'ചല്ലക്കരെ'. ഇന്ത്യയിലെ ഒരു പ്രധാന സയൻസ് സിറ്റിയായി വികസിച്ചുകൊണ്ടിരിക്കുന്ന ഇവിടെ IISC (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്), ISRO (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ), BARC (ബാബ അറ്റോമിക്ക് റിസർച്ച് സെന്റർ), DRDO (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ), HAL (ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്കൽ ലിമിറ്റഡ് ) എന്നീ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 32 കിലോമീറ്ററോളം വിസ്തൃതിയുള്ള ടൗൺഷിപ്പാണ് മേൽപ്പറഞ്ഞ സ്ഥാനങ്ങൾ എല്ലാം ചേർന്ന് ഇവിടെ വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ UAV (Unmanned Aerial Vehicle) പ്രോജക്ടിന്റെ ഫ്‌ളൈറ്റ് ടെസ്റ്റിംഗും നടക്കുന്നത് ചല്ലക്കരയിലാണ്. ഒഫീഷ്യൽ വിസിറ്റിനായി ഞാൻ ഏതാനും മാസങ്ങൾക്കു മുൻപ് ചല്ലക്കരയിൽ വന്നിട്ടുണ്ട്. അന്ന് നിർഭാഗ്യവശാൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
വിശപ്പിന്റെ വിളി തുടങ്ങിക്കഴിഞ്ഞു. ഉച്ചഭക്ഷണം കഴിക്കാനായി ഞാൻ ചെല്ലക്കരയിലേക്കാണ് ഡ്രൈവ് ചെയ്തത്. അതിനു രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ചല്ലക്കരയിലേ സയൻസ് സിറ്റി ടൗൺഷിപ് കെട്ട്യോളെ കാണിച്ചു കൊടുക്കണം. രണ്ടാഴ്ച ഇവിടെ വന്ന് പണിയെടുത്തതാണല്ലോ. രണ്ടാമത് ഇതിനടുത്തായി ഒരു ചെറിയ ധാബയുണ്ട്. കൃത്യമായി പറഞ്ഞാൽ DRDO എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൻ്റെ ഗേറ്റിനടുത്ത് തന്നെ. ഒരു ചെറിയ സെറ്റപ്പ് ആണെങ്കിലും ഇവിടുത്തെ ഫുഡ് എനിക്കങ്ങു വല്ലാണ്ട് ഇഷ്ടപ്പെട്ടിരുന്നു. അവിടെച്ചെന്നു ഭക്ഷണം കഴിക്കണം. രണ്ട് ലക്ഷ്യങ്ങളും ഒറ്റയടിക്കങ്ങു സാധിച്ചു. ധാബയിലെ ഫുഡ് പതിവുപോലെതന്നെ കിടിലോസ്‌കിയായിരുന്നു. നാനും , കോലാപ്പൂരി ചിക്കനും, മിൻറ്റ് ചിക്കനും ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ ഞങ്ങൾ അടിച്ചു കേറ്റി. എന്തായാലും ഫുഡ് കെട്ട്യോൾക്കും നന്നായിഷ്ടപ്പെട്ടു. ഭക്ഷണാനന്തരം നേരെ ചിത്രദുർഗ കോട്ടയിലേക്ക് അൾട്രോസ് കുതിച്ചു. പോകും വഴിയിൽ പലയിടത്തായി ചെമ്മരിയാടിൻ കൂട്ടങ്ങളെ കാണാറായി. ചല്ലക്കര കമ്പിളി നിർമാണത്തിലും പ്രശസ്തമാണ്. ഓയിൽ സിറ്റി എന്നൊരു പേര് കൂടി ചല്ലക്കരക്കുണ്ട് . മുംബൈ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഉൽപ്പാദിപ്പിക്കുന്ന നഗരമാണിത്. ഏകദേശം അറുപതിലധികം ഓയിൽ മില്ലുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇവിടുത്തെ ആൾക്കാരും വളരെ നല്ല സ്വഭാവക്കാരാണ്. പലപ്പോഴും ഗൂഗിൾ മാപ്പ് ചതിച്ചു വഴി തെറ്റിയപ്പോൾ ഇവിടുത്തുകാർ ക്ഷമയോടെ , ഞങ്ങളെ സഹായിച്ചിട്ടുണ്ട് എന്ന കാര്യം നന്ദിയോടെ ഇവിടെ സ്മരിക്കുന്നു.
ചിത്രദുർഗ ഫോർട്ടിൽ തിരക്ക് കുറവാണു. ഒരു പക്ഷെ ഇന്ത്യയിലെ തന്നെ മികച്ചൊരു കോട്ടയാണ് ചിത്രദുർഗ ഫോർട്ട്. എന്നാൽ അധികം ആളുകൾ ഒന്നും തന്നെ ഇവിടേക്ക് ആകർഷിക്കപ്പെട്ടിട്ടില്ല എന്ന് ഇവിടം സന്ദർശിച്ചപ്പോൾ ഞങ്ങൾക്ക് തോന്നി. ഫോർട്ടിന് വെളിയിൽ പ്രദർശിപ്പിച്ച QR Code സ്കാൻ ചെയ്താണ് ടിക്കറ്റ് എടുക്കുന്നത്. കർണാടകയിലെ പല ടൂറിസ്റ്റു കേന്ദ്രങ്ങളും ഇപ്പൊ ഈ രീതിയാണ് പിന്തുടർന്നു പോരുന്നത്. വളരെ സൗകര്യപ്രദമാണിത്. ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് വലയേണ്ട ആവശ്യമില്ല. ഞങ്ങൾ ടിക്കറ്റെടുത്തു ഉള്ളിൽ കയറി. വലിയ ഉയരമുള്ള അധികം വീതിയില്ലാത്ത ഒരു പ്രവേശന മാർഗമാണ് ആദ്യം നമ്മളെ സ്വാഗതം ചെയ്യുന്നത്. അത് കഴിഞ്ഞാൽ വിശാലമായ കോട്ട തുടങ്ങുകയായി. മെല്ലെ മെല്ലെ മുകളിലേക്ക് കയറിപ്പോകുന്ന രീതിയിലാണ് നടപ്പാത. ചിത്രദുർഗ ഫോർട്ടിന്റെ മറ്റൊരു പേരാണ് 'കല്ലിനെ കോട്ട'. കല്ലുകൊണ്ടുള്ള കോട്ട എന്നാണ് ഇതിനർത്ഥം. പതിനൊന്നാം നൂറ്റാണ്ടിലാണ് കോട്ടയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ചാലൂക്യ രാജാക്കൻമാർ തുടങ്ങി വച്ച നിർമ്മാണം ഹൊയ്സല, നായക രാജവംശങ്ങൾ ഏറ്റെടുത്തു നടത്തി. പിന്നീട് 15 , 18 നൂറ്റാണ്ടുകളിലായിട്ടാണ് കോട്ടയെ ഇന്ന് കാണുന്ന രീതിയിൽ വികസിപ്പിച്ചത്. സൗത്ത് ഇന്ത്യയിൽ ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ചിത്രദുർഗ ഫോർട്ട് ആണ്. ഹൈദരാബാദിലെ ഗോൽക്കൊണ്ടയെക്കാൾ വലുതാണ് ഈ കോട്ട. നടപ്പാത കയറി മുന്നോട്ടു പോയാൽ ഇരു വശങ്ങളിലും ഒട്ടേറെ അമ്പലങ്ങളുണ്ട്. കോട്ടക്കകത്തെ ക്ഷേത്രങ്ങളിൽ പ്രമുഖമായതു ഹിഡിംബീശ്വര ക്ഷേത്രമാണ്. മഹാഭാരത കഥ പ്രകാരം ഹിഡിംബാസുരൻ വസിച്ചിരുന്നത് ചിത്രദുർഗയിൽ ആയിരുന്നത്രേ. ഏകദേശം പത്തൊൻപതോളം അമ്പലങ്ങളും , ഒരു പള്ളിയും ഇതിനകത്തുണ്ട്. പള്ളി 1779 -ൽ ഹൈദരലി ഈ കോട്ട കീഴടക്കിയതിനു ശേഷം നിർമ്മിച്ചതാണ്. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഈ കോട്ട കൈയേറി. ധാന്യങ്ങൾ ശേഖരിക്കാനുള്ള കാലവറകളും, ജല സംഭരണികളും ഇതിനകത്തുണ്ട്. കല്ല് കൊത്തി നിർമിച്ച ക്ഷേത്രങ്ങൾ കാഴ്ചയിൽ അതി മനോഹരങ്ങളാണ്. ആളുകൾ കുറവായതിനാൽ സ്വസ്ഥമായി കൊറേ നേരം ഇവിടെ മനസ്സലിഞ്ഞു ഇരിക്കാനായി. കുറച്ചു കൂടി മുന്നോട്ടുപോയാൽ ചെറിയ ഇറക്കം തുടങ്ങുകയാണ്. കല്ല് വഴിയിൽ താഴേക്ക് ഇറങ്ങി ചെന്നാൽ ഒരു ചെറിയ അരുവി കാണാം. പാറക്കെട്ടുകൾക്കുള്ളിൽ നിന്നുത്ഭവിച്ചു താഴേക്കിറങ്ങുന്ന ഒരു ചെറിയ അരുവി. അത് നേരെ ചെല്ലുന്നതു തുടക്കത്തിൽ നമ്മൾ പറഞ്ഞ 'ഒണകെ ഒബാവ കിണ്ടി' യിലേക്കാണ്. ഒരാൾക്ക് കഷ്ട്ടിച്ചു ഇറങ്ങാൻ കഴിയുന്ന ഒരു ചെറിയ ദ്വാരാം. ഇത് വഴിയാണ് ഹൈദരാലിയുടെ സൈന്യം കോട്ടയ്ക്കുള്ളിൽ അതിക്രമിച്ചു കേറാൻ ശ്രമിച്ചത്. എന്തായാലും ഒബാവയുടെ സ്മരണയിൽ ഈ സ്ഥലം കൂടുതൽ ഉജ്വലമായി തോന്നി. വീണ്ടും ഞങ്ങൾ തിരിച്ചു മുകളിലേക്ക് നടന്നു. ഇവിടെ നിന്ന് നോക്കുമ്പോൾ നാലുപാടുമായി വ്യാപിച്ചു കിടക്കുന്ന കോട്ടയുടെ ഒരു പനോരാമിക് വ്യൂ കാണാൻ സാധിക്കും. പഴയ രാജഭരണ കാലം ഇവിടെ നിന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കിയാൽ ഒരു ചരിത്ര സിനിമയുടെ രംഗം പോലെ ജ്വലിച്ചു നിൽക്കും. കോട്ടയിൽ നിറയെ പടയാളികളും. രാത്രിയിൽ എങ്ങും കത്തുന്ന തീപ്പന്തങ്ങളും , അങ്ങുമിങ്ങും ഓടിനടക്കുന്ന അന്തേവാസികളും, അലങ്കരിച്ച രാജ വീഥികളും, ക്ഷേത്രങ്ങളിൽ നിന്നുയരുന്ന ശംഖ് , മണി നാദങ്ങളും എല്ലാം ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. ഞാനും കെട്യോളും നടന്നു , നടന്നു ക്ഷീണിച്ചു. കയ്യിലുണ്ടായ കുപ്പി വെള്ളം തീരാറായി. ഇനി ഒരിടം കൂടി കാണുവാനുണ്ട്. അതീ കോട്ടയിലെ ഏറ്റവും ഉയർന്ന ഭാഗമാണ്. പാറക്കെട്ടിലൂടെ വലിഞ്ഞു കേറിയാൽ അതിനു മുകളിലെത്താം. പക്ഷെ അങ്ങോട്ടുള്ള വഴി കണ്ടിട്ടു അത്ര സുരക്ഷിതമായി തോന്നിയില്ല. അതിനാൽ ആ ശ്രമം ഉപേക്ഷിച്ചു തിരിച്ചു നടന്നു. സമയം വൈകുന്നേരമായി ഞങ്ങൾ ചിത്രദുർഗ ഫോർട്ടിനോട് വിട പറഞ്ഞു. അടുത്ത ലക്‌ഷ്യം ഹംപിയാണ്. സമയം ഏകദേശം ആറു മണിയായി. ഇന്ന് ചിത്രദുർഗയിൽ താമസിച്ചു നാളെ രാവിലെ ഹംപിയിലേക്ക് പോകാം എന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. ചിത്രദുർഗയിൽ നിന്ന് ഹംപിയിലേക്ക് ഏകദേശം 150 കിലോമീറ്റർ ദൂരമുണ്ട്. അതിൽ ഹൊസ്‌പ്പേട്ട് വരെയുള്ള 135 കിലോമീറ്റർ എക്സ്പ്രസ്സ് വേയാണ്. ഇപ്പൊ വിട്ടാൽ രാത്രി ഒൻപതു മണിക്ക് മുൻപേ ഹംപിയെത്താം എന്ന് ഗൂഗിൾ അമ്മായി പറഞ്ഞപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല. എക്സ്പ്രസ്സ് വേയിലെ ആറുവരിപ്പാതയിലൂടെ അൾട്രോസ് ഹംപി ലക്ഷ്യമാക്കി കുതിച്ചു. പോകും വഴി ഹംപിയിലെ താമസവും ബുക്ക് ചെയ്തു. നാളത്തെ പ്രഭാതം , അത് ഹംപിയിലേതാണ്. ഹംപി വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.
(തുടരും )