ഭാഗം-1 മഹിഷുരു എന്ന മൈസൂർ
"ഇനി ഞാൻ
എങ്ങോട്ടും ഒറ്റക്ക് വിടൂല, കല്യാണം കഴിക്ക്,
ന്നിട്ട് ഓളേം കൂട്ടി എങ്ങോട്ടാച്ചാ
പൊയ്ക്കോ" - ഓരോ ട്രിപ്പ് കഴിഞ്ഞു വരുമ്പോഴും 'അമ്മ ഇത് പറയാൻ തുടങ്ങിയിട്ട് കാലം കൊറേ ആയി. വളർന്നു
കെട്ടുപ്രായം ആയിട്ടും എന്നെ ഒറ്റക്ക് എങ്ങോട്ടേലും വിടാൻ സുമതിക്കുട്ടിക്ക്
പേടിയാണ്. ഞാൻ വെള്ളത്തിലിറങ്ങുമോ ? , കുന്നിൽ കേറുമോ ?, കാട്ടിൽ
കിടക്കുമോ ? എന്നൊക്കെയാണ്
മൂപ്പത്തിയുടെ ആധി.എന്തായാലും കെട്ടാൻ പോകുന്ന കുട്ടി ട്രിപ്പ് അടിക്കാൻ
ഇഷ്ടപ്പെടുന്ന കൂട്ടത്തിലാകണേ എന്നായിരുന്നു എന്റെ പ്രാർത്ഥന ,
കുറഞ്ഞത് യാത്ര ചെയ്യുമ്പോ വാളുവെക്കാതിരുന്നാലെങ്കിലും
മതിയായിരുന്നു. അങ്ങനെ കൊറോണ അതിന്റെ
ശൈശവാവസ്ഥയിൽ ഇരിക്കുന്ന സമയത്ത് എന്റെ കല്യാണം ഭേഷായങ്ങട് നടന്നു. പടച്ചോൻ
കാത്തു. ഓൾക്ക് അത്യാവശ്യം ട്രിപ്പടിക്കാനൊക്കെ താല്പര്യമുണ്ട്. പക്ഷെ എന്താ
ചെയ്യാ ..! അത്തിപ്പഴം പഴുത്തപ്പോ , കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ അവസ്ഥ. കൊറോണ , ലോക്ക്ഡൌൺ , കർഫ്യൂ എല്ലാം
കൂടി ട്രിപ്പും , ടൂറും ഗുദാഫിസ്.!
അങ്ങനെ കൊറോണയെയും
പഴിച്ചുകൊണ്ട് കുറച്ചുകാലം കഴിച്ചു കൂട്ടി. പിന്നെ ലോക്ക്ഡൗൺ മാറിയപ്പോ അല്ലറ
ചില്ലറ യാത്രകളൊക്ക നടത്തി സന്തോഷം കണ്ടെത്തി. അത് കഴിഞ്ഞു കൊറോണയുടെ
രണ്ടാം തരംഗം വന്നു , ബ്ലാക്ക് ഫംഗസ് വന്നു, മൂന്നാം തരംഗം ഇന്ന് വരും ,
നാളെ വരും എന്നും പറഞ്ഞു
മാറി നിൽക്കുന്നു, അവസാനം ഓമിക്രോൺ
വരെ എത്തി. അതും കൂടാതെ അറബിക്കടലിൽ നിന്നും , ബംഗാൾ ഉൾക്കടലിൽ നിന്നും
ഇടമുറിയാതെ വന്നോണ്ടിരിക്കുന്ന ന്യൂന മർദ്ദങ്ങളും , മഴയും , വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും , ഉരുൾപൊട്ടലും , എല്ലാം കൊണ്ടും ഒരു യാത്ര നടത്താൻ ഒട്ടും പറ്റാത്ത ആംബിയൻസ്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അവസാനം ഒരു
ഗ്യാപ് കിട്ടി. ഒന്നും നോക്കിയില്ല ഒരു ട്രിപ്പ് അങ്ങട് സെറ്റാക്കി. പോസ്റ്റ് മാര്യേജ് ക്ലിഷേ ആയ ഊട്ടി , കൊടൈക്കനാൽ ആയിരുന്നു തുടക്കത്തിൽ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ തമിഴ്
നാട്ടിലെ പൊളപ്പൻ മഴ അതിനെ ഹംപിയിലേക്ക് ഡൈവർട്ട് ചെയ്തു വിട്ടു. ഒരാഴ്ച ലീവെടുത്തു നവംബർ മാസത്തിലെ ആ തണുത്ത
വീക്കെൻഡിൽ തിരുവനന്തപുരത്തു നിന്ന് ഞാനും , കാസർഗോഡ് നിന്ന് ൻ്റെ
കെട്ട്യോളും കോഴിക്കോട് ലക്ഷ്യമാക്കി ട്രെയിൻ കേറി. വീട്ടിലെത്തി യാത്ര പോകാനുള്ള സാധനങ്ങളെല്ലാം പാക്ക് ചെയ്തു.
തിങ്കളാഴ്ച രാവിലെ 7 മണിക്ക് തന്നെ ഞങ്ങൾ പ്രയാണം തുടങ്ങി. താമരശ്ശേരി ചുരം
വഴി അൾട്രോസ് വയനാട് കേറി. ചുരത്തിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലത്തെ തിരക്ക്. അവിടുന്നു കൽപ്പറ്റ , സുൽത്താൻ ബത്തേരി , മുത്തങ്ങ വഴി നേരെ കർണാടക ബോർഡർ പിടിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി RTPCR സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ബോർഡർ കടത്തി
വിടുന്നുള്ളൂ. കർണാടക ബോർഡർ കഴിഞ്ഞുള്ള യാത്ര ശരിക്കും എന്ജോയ് ചെയ്തു. ബന്ദിപ്പൂർ
നാഷണൽ പാർക്കിനുള്ളിലൂടെയുള്ള റോഡിൽ ഞാനും , കെട്യോളും , അൾട്രോസും മാത്രം. ആഹാ അന്തസ്സ് .!! ഇടക്കെപ്പോഴോ തൊഴിലാളികളെയും കയറ്റി
പോകുന്ന ഒരു പിക്കപ്പ് കേറി വന്നു. ഗുണ്ടൽപേട്ട് കഴിഞ്ഞപ്പോഴേക്കും വിശപ്പിന്റെ
വിളി വന്നിരുന്നു. ബ്രേക്ക്ഫാസ്റ്റ്
ഇന്ന് വളരെ നേരത്തെ വീട്ടിൽ
നിന്നിറങ്ങുമ്പോ കഴിച്ചതാണ്. അതുകൊണ്ട് തന്നെ വിശപ്പിൻ്റെ വിളി അതിന്റെ
മൂർദ്ധന്യാവസ്ഥയിൽ തന്നെ ആയിരുന്നു. വണ്ടി സൈഡാക്കി
അവിടെ കണ്ട മലബാർ ഹോട്ടെലിൽ നിന്ന് ഭക്ഷണം കഴിച്ചു.
ഉച്ചയാകുമ്പോഴേക്കും മൈസൂരെത്തി. ചാമുണ്ഡി ഹിൽസിനു താഴെയുള്ള പ്രശാന്ത സുന്ദരമായ മൈസൂർ നഗരം. വൊഡെയാർ രാജാക്കന്മാരുടെ തലസ്ഥാന നഗരി. ബാംഗ്ലൂർ നഗരത്തെക്കാൾ എനിക്കേറെയിഷ്ടം മൈസൂരാണ്. കുറച്ചുകൂടി വൃത്തിയും , വെടിപ്പുമുള്ളത് മൈസൂറിനാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലതവണ മൈസൂരിൽ വന്നപ്പോഴും ആ ഒരു തോന്നൽ കൂടിക്കൂടി വന്നതേ ഉള്ളൂ. ഇനി കുട്ടികളെല്ലാം ഇവിടെ ശ്രദ്ധിക്കൂ .. ഒരൽപം ചരിത്രം പറയാം വിശാലമായ വിജയനഗര സാമ്രാജ്യത്തിന്റെ ഐശ്വര്യകാലത്തു , അവിടുത്തെ ഒരു നാട്ടുരാജ്യമായിരുന്നു മൈസൂർ. മഹിഷൂര് എന്നായിരുന്നു അക്കാലത്തു മൈസൂർ അറിയപ്പെട്ടിരുന്നത്. ഇന്നത്തെ മൈസൂരിലെ ചാമുണ്ഡി ഹിൽസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു വച്ചാണത്രെ ഉഗ്രരൂപിണിയായ ചാമുണ്ഡി മഹിഷാസുരൻ്റെ കഥ കഴിച്ചത്. ഇത് ഐതിഹ്യം. അങ്ങനെയാണ് അക്കാലത്തു മൈസൂർ, മഹിഷൂര് എന്ന പേരിൽ അറിയപ്പെട്ടത്. പിന്നീട് ബ്രിട്ടീഷുകാരാണ് മഹിഷൂരിനെ മൈസൂർ ആക്കി മാറ്റിയത്. പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയോടെ മൈസൂർ ഒരു സ്വതന്ത്ര രാജ്യമായി മാറി. ശ്രീരംഗപട്ടണമായിരുന്നു അക്കാലത്ത് മൈസൂരിന്റെ തലസ്ഥാനം. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിനെ പകുതിയോടെ മൈസൂർ ഹൈദർ അലിയുടെയും , പുത്രൻ ടിപ്പുവിന്റെയും ഭരണത്തിന്റെ കീഴിലായി. പിന്നീട് ബ്രിട്ടീഷുകാരുടെയും. 1973 വരെ കർണ്ണാടക സംസ്ഥാനം അറിയപ്പെട്ടിരുന്നത് മൈസൂർ എന്ന പേരിലായിരുന്നു എന്ന കാര്യം എത്ര പേർക്കറിയാം ?. ബാക്കി ചരിത്രം പിന്നെ പറഞ്ഞു തരാം
അങ്ങനെ നേരെ തിരക്കേറിയ മൈസൂർ നഗരത്തിലേക്ക് കാറോടിച്ചു കയറ്റിയ ഞങ്ങൾ , ആദ്യമായി മൈസൂർ പാലസ് തന്നെ കണ്ട് കളയാം എന്ന് കരുതി. എന്നാൽ ഒന്ന് രണ്ട് വട്ടം ചുറ്റിക്കറങ്ങിയിട്ടും , മൈസൂർ പാലസിന്റെ എൻട്രൻസ് കണ്ട് പിടിക്കാൻ പറ്റിയില്ല. ഗൂഗിൾ മാപ് കാണിക്കുന്ന എല്ലാ എൻട്രൻസും പോലീസ് ബാരിക്കേഡ് വച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്, എന്റെ ശിവനെ ഇനിയിപ്പോ എങ്ങനെ ഉള്ളിൽ കേറും എന്നറിയാതെ നിക്കുമ്പോ ഒരു ഓട്ടോക്കാരൻ ചേട്ടൻ ഞങ്ങളെ കൈകാട്ടി നിർത്തിച്ചു. പുള്ളിക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു. എൻട്രൻസൊക്കെ കാണിച്ചു തരാം , ഒപ്പം കർണാടക ഗവണ്മെന്റ്ൻ്റെ ഹാൻഡിക്രാഫ്റ്റ് എംപോറിയവും കൂടെ കാണിച്ചു തരാം, മുപ്പതു രൂപ തന്നാൽ മതിയെന്ന് പറഞ്ഞു. വെറുതെ മൈസൂർ സിറ്റിയിൽ കറങ്ങി പെട്രോൾ കത്തിക്കണ്ടല്ലോ , ഞങ്ങൾ അങ്ങേരുടെ പുറകെ പോയി. നേരെ കർണാടക സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ് എംപോറിയത്തിലേക്ക്. ആദ്യമായിട്ടാണ് , സ്ഥലം പോലും കാണാതെ ഒരു സിറ്റിയിൽ ഷോപ്പിങ്ങിനിറങ്ങുന്നതു. മൈസൂർ സിൽക്കിന്റെയും , സാൻഡലിന്റെയും ഒരുപാട് ഐറ്റംസ് ഉണ്ടവിടെ. എല്ലാം കറങ്ങി കണ്ട് , രണ്ടുമൂന്നു സാധനങ്ങളും വാങ്ങി പുറത്തിറങ്ങി. ഓട്ടോ ചേട്ടൻ പുറത്തു കത്ത് നിൽക്കുന്നുണ്ട്. പുള്ളി ഞങ്ങളെ മൈസൂർ പാലസിന്റെ എൻട്രൻസിൽ കൊണ്ട് പോയി വിട്ടു. മൈസൂർ പാലസിൽ മുൻപൊരിക്കൽ ഞാൻ വന്നിട്ടുണ്ട്. അന്ന് എൻട്രി സമയം കഴിഞ്ഞതിനാലോ മറ്റോ ഉള്ളിൽ കേറാൻ കഴിഞ്ഞിരുന്നില്ല. ആ ക്ഷീണം ഇന്ന് തീർക്കണം. കേട്ടറിവിനേക്കാൾ വലുതാവും മൈസൂർ പാലാസെന്ന സത്യം എന്ന് പ്രത്യാശിച്ചുകൊണ്ട് ഉള്ളിൽ കേറി. പക്ഷെ പ്രതീക്ഷയുടെ അമിതഭാരം, നട്ടപ്പാതിരക്ക് ഉറക്കമൊഴിച്ചു കണ്ട മരക്കാർ സിനിമ പോലെ നിരാശപ്പെടുത്തി. കാര്യമായിട്ടൊന്നും കാണാനില്ല, ഇനിയിപ്പോ സന്ദർശകരെ കാണിക്കാത്തതുകൊണ്ടാണോ എന്നറിയില്ല. കൊട്ടാരത്തിലെ മുറികളിലൊന്നും പ്രവേശനം ഇല്ലായിരുന്നു. ഒരു ചെറിയ മ്യൂസിയം കണ്ട് തിരിച്ചിറങ്ങിയപോലെ. മുൻപ് ഇവിടെ ഫോട്ടോഗ്രാഫി അനുവദനീയമല്ലായിരുന്നു. ഫോട്ടോ എടുത്താൽ നല്ല കനത്ത ഫൈനും കിട്ടുമായിരുന്നു. ആ ഓർമ്മയിൽ മൊബൈലെടുത്തു പോക്കറ്റിൽ തിരുകിയ ഞാൻ, മറ്റുള്ളവർ ഫോട്ടോയെടുക്കുന്നതു നോക്കി മനസ്സിൽ വിചാരിച്ചു , "പുവർ ഗെയ്‌സ് , ഇപ്പൊ വന്നു സെക്യൂരിറ്റി പൊക്കും ..!" പക്ഷെ സെക്യൂരിറ്റിയും വന്നില്ല , ജ്യോതിയും വന്നില്ല , ഒരു മണ്ണാങ്കട്ടയും വന്നില്ല. ശെടാ .. ഇതെന്തു കൂത്ത്. പിന്നെയല്ലേ കാര്യം മനസ്സിലായത്. ഇപ്പൊ പടം പിടുത്തതിന് നിയന്ത്രണങ്ങൾ ഒന്നുമില്ല. എന്തായാലും ചമ്മൽ കെട്യോളെ കാണിക്കാതെ പതിയെ ഞാനും മൊബൈലെടുത്തു പടം പിടുത്തം തുടങ്ങി. കൊട്ടാരത്തിന്റെ ആർക്കിടെക്ച്ചറോ, മുറികളോ ഒന്നും കാണാൻ കിട്ടിയില്ല എന്ന നിരാശയുണ്ട്. എന്നാൽ ചില വിശാലമായ നടുത്തളങ്ങളും , നടുമുറ്റവും ഒരു ‘വൗ’ വായിൽ നിന്നും പുറത്തു ചാടിക്കാൻ ഉതകുന്നവയായിരുന്നു. വോഡയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു മൈസൂർ പാലസ്.പതിനാലാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ യദുരായ വോഡയരാണ് ആദ്യമായി ഇവിടെ ഒരു പാലസ് നിർമ്മിച്ചത്. മരം കൊണ്ട് നിർമ്മിച്ച പാലസ് പല അവസരങ്ങളിലായി കത്തി നശിക്കയുണ്ടായി. 1897 ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള പാലസിന്റെ നിർമ്മാണം തുടങ്ങിയത്. ഏകദേശം പതിനഞ്ചു വര്ഷത്തോളമെടുത്തു അത് പൂർത്തിയാക്കാൻ.
അങ്ങനെ മൈസൂർ പാലസും
കണ്ട് , നേരെ വണ്ടിയെടുത്തു ,
അടുത്ത സ്ഥലത്തേക്ക്. ബ്രിന്ദാവൻ
ഗാർഡൻ. മൈസൂർ പാലസിൽ നിന്നും
ഏകദേശം 22 കിലോമീറ്റര് ഉണ്ട് ഇവിടേക്ക്. പക്ഷെ പതിവുപോലെ ഗൂഗിൾ മാപ് വീണ്ടും ചതിച്ചു. ബ്രിന്ദാവൻ
ഗാർഡൻ എന്ന് പറഞ്ഞിട്ട് അവസാനം വേറെവിടെയോ കൊണ്ടുപോയി വിട്ടു മ്മടെ ഗൂഗിൾ അമ്മായി.
ഏതൊരു നാട്ടിന്പുറത്തും എന്ന പോലെ അവിടെയും ഉച്ചക്കത്തെ ചോറും തിന്ന് പല്ലിൽ
തോണ്ടി വെറുതെ ഇരിക്കുന്ന ഒരു ചേട്ടനുണ്ടായിരുന്നു. പുള്ളിക്കാരന്റെയെടുത്തു വഴി
ചോദിച്ചു. "സബാറോം കി
സിന്ദഗി ജോ കഭി ഖതം നഹി ഹോ ജാത്തീ ഹേ ", അതായതു ഇവിടുന്നു
നേരെ പോയി , ലെഫ്റ്റ് പിടിച്ചാൽ
അങ്ങോട്ടേക്ക് എത്താം ന്ന്. ചോറിന്റെ കാര്യം പറഞ്ഞപ്പോഴാ ആലോചിച്ചത് ഇന്ന്
ഉച്ചയൂണ് ഇതുവരെ കഴിച്ചിട്ടില്ല. സമയം മൂന്നു മാണി കഴിഞ്ഞേ. അല്ലേലും കെട്യോൾക്ക് സ്ഥിരം പരാതിയാണ്.
എവിടേലും ട്രിപ്പടിക്കാൻ പോയാൽ ഞാൻ ഓൾക്ക് ഫുഡ് വാങ്ങിച്ചു കൊടുക്കുന്നില്ലാന്നു.
പറയുന്നതിലും ചെറിയ കാര്യം ഇല്ലാതില്ല, ഹണിമൂൺ ട്രിപ്പ് മുതൽ തുടങ്ങിയതാ. മനപ്പൂർവ്വമല്ല. ട്രിപ്പിന്റെ എക്സൈറ്റ്മെന്റിൽ
ഫുഡ് അടിക്കാൻ മറന്നു പോകുന്നതാ. എന്തായാലും ബ്രിന്ദാവന് ഗാർഡൻ കേറുന്നതിന്റെ
മുന്നേ ഫുഡ് അടിക്കാം ന്നു വച്ചു. കേറി
ചെന്ന് നോക്കുമ്പോ അതും ഒരു മലയാളി ഹോട്ടൽ. മൈസൂർ വന്നിട്ട് കഴിക്കാൻ കിട്ടുന്നത്
മൊത്തം കേരള ഫുഡ് ആയിപ്പോയല്ലോ ഭഗവാനെ. അങ്ങനെ ഫുഡും കഴിച്ചു ബ്രിന്ദാവന് ഗാർഡനിലേക്കുള്ള
ടിക്കറ്റെടുത്തു. അതിനിടയിൽ ഇന്ന്
താമസിക്കാനായി ബ്രിന്ദാവന് ഗാർഡനിനടുത്തു തന്നെ ഒരു റൂം ബുക്ക് ചെയ്തു. നാളെ യാത്ര
ചിത്രദുർഗക്കാണ്. മൈസൂരിൽ തിരിച്ചു പോകാതെ ഇവിടുന്നു തന്നെ നേരിട്ട് പോകുന്നതാണ്
എളുപ്പം. അത് കൊണ്ടാണ് റൂമും ഇതിനടുത്ത് തന്നെ ബുക്ക് ചെയ്തത്.
കാവേരി നദിക്കു കുറുകെ
നിർമ്മിച്ച കൃഷ്ണരാജസാഗര അണക്കെട്ടിന്റെ ഒരു വശത്തായാണ് ബ്രിന്ദാവൻ ഗാർഡൻ സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായി
പരിപാലിച്ച വിശാലമായൊരു ഉദ്യാനമാണിത്. ഏകദേശം ഇരുപതു ലക്ഷത്തോളം പേരാണ് ഓരോ വർഷവും
ഇവിടെ സന്ദർശിക്കുന്നത്. ഇടക്കിടെ ചെറിയ
സിനിമ , സീരിയൽ ഷൂട്ടിങ്ങുകളും ഇവിടെ നടക്കാറുണ്ട്. ബോട്ടിങ്
സൗകര്യമുള്ള ഒരു വിശാലമായ തടാകവും ഇതിനകത്തുണ്ട്. ഞങ്ങൾ
ഉദ്യാനത്തിനകത്തുകൂടെ മുകളിലേക്ക് നടന്നു കയറാൻ തുടങ്ങി. മുകളിൽ എത്തിയപ്പോ ഭയങ്കര
ദാഹം. വെള്ളത്തിന്റെ ബോട്ടിൽ വണ്ടിക്കകത്തു വച്ച് മറന്നത് വലിയ അബദ്ധമായി.
പലയിടത്തും ഡ്രിങ്കിങ് വാട്ടർ എന്ന ബോർഡ് കാണുന്നുണ്ട് , എന്നാൽ വെള്ളം എവിടെയും കണ്ടില്ല. അവസാനം തിരിച്ചു നടന്നു താഴെ എത്തേണ്ടി
വന്നു ദാഹമകറ്റാൻ. സമയം ആറ് കഴിഞ്ഞു. ആറരക്ക് ഇവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ
ആരംഭിക്കും. തടാകത്തിന്റെ മറുകരയിലാണത്. അങ്ങോട്ട് പോകാൻ ടൂറിസം
ഡിപ്പാർട്മെന്റിന്റെ ബോട്ടുകൾ റെഡിയാണ്. അവർ ആളുകളെ തടാകത്തിൽ റൗണ്ടടിച്ചു
മറുകരയിൽ എത്തിക്കും. എന്നാൽ തടാകത്തിന്റെ വശത്തിലൂടെയുള്ള നടപ്പാതയിലൂടെ നടന്നും
മറു വശത്തെത്താം. ഞങ്ങൾ നടന്നാണ് പോയത്. ഒരു ഇരുപതു മിനിറ്റ് ദൈർഖ്യമേ ലൈറ്റ് ആൻഡ്
സൗണ്ട് ഷോക്കുള്ളൂ. അതും കഴിഞ്ഞു ഞങ്ങൾ നേരെ റൂമിലേക്ക് വിട്ടു. എന്റെ കഷ്ടകാലത്തിനു ഓയോ റൂംസ് വഴിയായിരുന്നു
റൂം ബുക്ക് ചെയ്തത്. മുൻപുണ്ടായ ദുരനുഭവങ്ങളുടെ വെളിച്ചത്തിലും , വീണ്ടും ഓയോ വഴി തന്നെ ബുക്ക് ചെയ്തത് എൻ്റെ മണ്ടത്തരം എന്നല്ലാതെ എന്ത്
പറയാൻ. ഹോട്ടലിൽ ചെന്നപ്പോ റൂം ഇല്ലാന്ന്. ഓയോ വഴിയുള്ള ബുക്കിംഗ് ഇവർ
അറിഞ്ഞില്ലത്രേ. അവൻമ്മാരുടെ സ്ഥിരം നമ്പർ. കസ്റ്റമർ കെയറിൽ വിളിച്ചു ഫോണിന്റെ
ചാർജ് തീർക്കേണ്ടി വന്നു ഇതിനൊരു പരിഹാരമാകാൻ. അര -മുക്കാൽ മണിക്കൂറിൻ്റെ
യുദ്ധം കഴിഞ്ഞപ്പോ ഇല്ലാത്ത റൂം താനെ
കിട്ടി. എന്തായാലും ഒയോയുമായുള്ള കൂട്ട് ഞാൻ ഇതോട് കൂടി വിട്ടു. ഫുഡും കഴിച്ചു നേരെ ഉറങ്ങാൻ കിടന്നു. ഇപ്രാവശ്യം എന്തായാലും കർണാടക സ്റ്റൈൽ ഫുഡ് തന്നെ കിട്ടി. രാത്രി നല്ല മഴയുണ്ടായിരുന്നു. നല്ല ക്ഷീണവും, കിടന്നതേ അറിഞ്ഞുള്ളൂ. പിന്നെ എണീക്കുന്നതു രാവിലെ അലാറം അടിക്കുമ്പോഴാണ്. അടുത്ത
ലക്ഷ്യം ചിത്രദുർഗ്ഗയാണ്. അതിന്റെ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ
(തുടരും ..)
Good one. Keep writing....
ReplyDeleteEnjoyed 👌👌👌👌
ReplyDeleteNice🙂🙂
ReplyDeleteNice😍
ReplyDeleteNice
ReplyDelete