Saturday, December 18, 2021

കെട്ട്യോളോടൊപ്പം ഹംപിയിലേക്കൊരു ഡ്രൈവ് Part-2

Chitradura Fort

ഭാഗം-2  ചിത്രദുർഗ


ഒരു കഥ സൊല്ലട്ടുമാ സാർ .? 


ഹൈദർ അലിയുടെ പടയോട്ട കാലത്ത് ഒബാവ  എന്ന ധീര വനിത നടത്തിയ വീരോജ്വലമായ ചെറുത്തു നിൽപ്പിന്റെ കഥ. പതിനെട്ടാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ചിത്രദുർഗയിലെ ഭരണാധികാരി കൂറ് മാറിയതിന് പകരം ചോദിക്കാൻ ഹൈദരലിയും കൂട്ടരും പല തവണ ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടു. എത്ര ശ്രമിച്ചിട്ടും അവർക്ക് ചിത്രദുർഗയിലെ കോട്ട പിടിച്ചടക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ചാരന്മാരിൽ നിന്ന് ഒരു രഹസ്യ വിവരം ഹൈദരാലിയുടെ സൈന്യത്തിന് ലഭിച്ചു. ചിത്രദുർഗ കോട്ടയുടെ ചുമരിൽ ഒരു രഹസ്യ ദ്വാരമുണ്ട്. ഏകദേശം ഒരാൾക്ക് കഷ്ട്ടിച്ചു കടന്നുപോകാൻ പാകത്തിൽ. ഇത് മാത്രവുമല്ല ഇവിടുത്തെ കാവൽക്കാരൻ എന്നും ഉച്ചക്ക് ഭക്ഷണം കഴിക്കാനായി കുറച്ചു നേരം ഇവിടെ നിന്ന് മാറി നിൽക്കാറുമുണ്ട്. ഇത് കേട്ട പാതി , കേൾക്കാത്ത പാതി ഹൈദരാലിയുടെ സൈന്യം ചിത്രദുർഗ ലക്ഷ്യമാക്കി നീങ്ങി. കാവൽക്കാരൻ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിൽ പോയ തക്കം നോക്കി അവർ ഓരോരുത്തരായി ചുമരിലെ ദ്വാരം വഴി ഉള്ളിലേക്ക് കയറാനായി തയ്യാറായി നിന്നു. ഈ സമയത്താണ് കാവൽക്കാരൻ്റെ ഭാര്യയായ, നമ്മുടെ ഒബാവ   വീട്ടിലേക്ക് വെള്ളമെടുക്കാനായി അത് വഴി വന്നത്. പുറത്തു നിന്നും എന്തോ ശബ്ദം കേട്ട അവർ അവിടെ കാത്തു നിന്നു. അൽപ്പനേരം കഴിഞ്ഞപ്പോൾ ദേ ഒരാൾ ചുമരിലെ ദ്വാരം വഴി ഉള്ളിലേക്ക് നുഴഞ്ഞു കയറുന്നു. ഒബാവക്ക് കാര്യം പിടി കിട്ടി. ശത്രുക്കൾ കോട്ട അക്രമിക്കനുള്ള ശ്രമത്തിലാണ്. ഒബാവ ഒന്നും ആലോചിച്ചില്ല. അടുത്തു കിടന്ന ഒരു ഉലക്കയെടുത്തു അയാൾക്ക്‌നേരെ ആഞ്ഞു വീശി. അടി കൊണ്ട് മരിച്ചു വീണ ശത്രുവിനെ ഒബാവ വലിച്ചിഴച്ചു ദൂരേക്ക് മാറ്റിയിട്ടു. ഇതൊന്നുമറിയാതെ ഉള്ളിൽ കേറാൻ ശ്രമിച്ച അടുത്ത ആളെയും ഒബാവ ഉലക്കകൊണ്ട് അടിച്ചു വീഴ്ത്തി. ഊണ് കഴിച്ചു തിരിച്ചെത്തിയ ഒബാവയുടെ ഭർത്താവ് കണ്ടത് മരിച്ചു കിടക്കുന്ന അനേകം ശത്രു സൈനികരെയും , അടുത്തായി രക്തത്തിൽ കുളിച്ച ഉലക്കയുമായി നിൽക്കുന്ന ഒബാവയെയും ആണ്. അയാൾ ഉടൻ തന്നെ അപായ മാണി മുഴക്കി കൂടുതൽ കാവൽക്കാരെ വിളിച്ചു വരുത്തി ഹൈദരാലിയുടെ മുഴുവൻ സൈന്യത്തെയും തുരത്തി ഓടിച്ചു. അങ്ങനെ മനഃസാന്നിധ്യം കൊണ്ട് കോട്ടയെ രക്ഷിച്ച ഒബാവ ചിത്രദുർഗയിൽ ഒരു ധീര വനിതയായി അറിയപ്പെട്ടു. വര്ഷങ്ങളായി ഈ കഥ ഇന്നാട്ടുകാരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒബാവ ശത്രുസൈന്യത്തെ വക വരുത്തിയ ആ ചെറിയ ദ്വാരം ഇന്ന്  'ഒണകെ ഒബാവ കിണ്ടി' എന്നറിയപ്പെടുന്നു. 'ഒണകെ' എന്നാൽ ഉലക്ക എന്നാണർത്ഥം. 'കിണ്ടി' എന്നാൽ ദ്വാരമെന്നും. എന്നാൽ ഈ കഥയിലെ ദുഖകരമായ കാര്യമെന്തെന്നാൽ, ഒബാവ അന്ന് തന്നെ മരിച്ചു എന്നതാണ്. ഉള്ളിൽ കയറിയ ഏതോ ഒരു സൈനികൻ ഒബാവയെ കൊലപ്പെടുത്തി എന്നും , അതല്ല ഇത്രയും പേരെ കൊന്നതിന്റെ ആഘാതം ഒബാവയുടെ ജീവനെടുത്തു എന്നൊക്കെയാണ് പ്രചാരത്തിലുള്ള കഥകൾ.


Chitradurga Fort
അപ്പോൾ ഇത്രയും പറഞ്ഞു വന്നതെന്തെന്നാൽ, ഇന്ന് നമ്മൾ പോകുന്നത് ഇപ്പറഞ്ഞ ചിത്രദുർഗ കോട്ട സന്ദർശിക്കാനാണ്. ഇപ്പോൾ ഞങ്ങൾ മൈസൂരാണുള്ളത്. സമയം രാവിലെ ആറുമണി കഴിഞ്ഞു. മൈസൂരിൽ നിന്നും ചിത്രദുർഗയിലേക്ക് ഏകദേശം മുന്നൂറ് കിലോമീറ്ററോളം ഉണ്ട്. അതുകൊണ്ട് നേരത്തെ തന്നെ ഹോട്ടൽ വെക്കേറ്റ് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി. ആദ്യത്തെ പത്തിരുപത്തഞ്ചു കിലോമീറ്റർ റോഡ് വളരെ മോശമായിരുന്നു. കെട്ട്യോൾ സൈഡ് സീറ്റിൽ ഗൂഗിൾ മാപ്പൊക്കെ നോക്കി നാവിഗേറ്റർ ആയി ഇരിക്കുന്നുണ്ട്. പിന്നീടങ്ങോട്ട് തുംകൂർ വരെ അത്യാവശ്യം മോശമല്ലാത്ത റോഡായിരുന്നു. പക്ഷെ ഇടക്കിടെ വരുന്ന ചെറു പട്ടണങ്ങളിൽ നല്ല തിരക്കുണ്ട്, ഇതിനിടയിൽ ഒമ്പതുമണിയോടെ ബ്രേക്ഫാസ്റ് കഴിച്ചു. തുംകൂർ നിന്ന് നേരെ നേരെ ബാംഗ്ലൂർ - പൂനെ AH47 ഹൈവെയിലേക്ക്. അതൊരൊന്നൊന്നര യാത്രയായിരുന്നു. ആറുവരിയിൽ നീണ്ടു കിടക്കുന്ന ഒരു കിടിലോസ്‌കി ഹൈവേ. ആദ്യമായിട്ടാണ് എൻ്റെ അൾട്രോസിൽ മണിക്കൂറുകളോളം ക്രൂയിസ് കൺട്രോൾ ഓണായി കിടന്നതു. മൈൽക്കുറ്റികൾ പുറകിലേക്ക് മറയുന്നത് അറിയുന്നേ ഇല്ല. ട്രാഫിക്കും നന്നേ കുറവ്. നമ്മുടെ നാട്ടിലൊക്കെ എന്നാണാവോ ഇമ്മാതിരി റോഡൊക്കെ വരുന്നത്. കേരളത്തിൽ റോഡുണ്ടാക്കിയാൽ കൊല്ലമൊന്ന് തികയും മുൻപേ അതിൽ ഗട്ടറു വീഴും. ഇനിയിപ്പോ ഗട്ടറില്ലാത്ത റോഡ് വല്ലതും ഉണ്ടേൽ തന്നെ അത് വാട്ടർ അതോറിറ്റിക്കാർ കിളച്ചു മറിക്കും. ഹാ , എന്ത് ചെയ്യാൻ. തല്ക്കാലം ഇതൊക്കെ കൊണ്ട് ആശ്വസിക്കുക തന്നെ. അല്ലാതെന്തു ചെയ്യാൻ.


Chitradurga Fort

ഉച്ചയോടെ തന്നെ ചിത്രദുർഗ ഡിസ്ട്രിക്ട് എത്തി. ബാംഗളൂരിൽ നിന്ന് വടക്കു പടിഞ്ഞാറു ദിശയിൽ  ഇരുന്നൂറു കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് ചിത്രദുർഗ. കർണാടക ടൂറിസത്തിലെ ഒരു അവിഭാജ്യ കേന്ദ്രമാണ് ഇന്ന് ചിത്രദുർഗ. ചരിത്രപരമായ ഒരുപാട് ശേഷിപ്പുകൾ ഇവിടെ ഇന്നും നിലനിൽക്കുന്നുണ്ട്. ചിത്രദുർഗ ജില്ലയിൽ ഒട്ടേറെ ടൂറിസ്റ്റു കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഇവിടുത്തെ കോട്ട മാത്രമേ ഞങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നുള്ളൂ. 

ചിത്രദുർഗ ജില്ലയിൽത്തന്നെയുള്ള മറ്റൊരു പട്ടണമാണ് 'ചല്ലക്കരെ'. ഇന്ത്യയിലെ ഒരു പ്രധാന സയൻസ് സിറ്റിയായി വികസിച്ചുകൊണ്ടിരിക്കുന്ന ഇവിടെ IISC (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്), ISRO (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ), BARC (ബാബ അറ്റോമിക്ക് റിസർച്ച് സെന്റർ), DRDO (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ), HAL (ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്കൽ ലിമിറ്റഡ് ) എന്നീ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 32 കിലോമീറ്ററോളം വിസ്തൃതിയുള്ള ടൗൺഷിപ്പാണ് മേൽപ്പറഞ്ഞ സ്ഥാനങ്ങൾ എല്ലാം ചേർന്ന് ഇവിടെ വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ UAV (Unmanned Aerial Vehicle)  പ്രോജക്ടിന്റെ ഫ്‌ളൈറ്റ് ടെസ്റ്റിംഗും നടക്കുന്നത് ചല്ലക്കരയിലാണ്. ഒഫീഷ്യൽ വിസിറ്റിനായി  ഞാൻ ഏതാനും മാസങ്ങൾക്കു മുൻപ് ചല്ലക്കരയിൽ വന്നിട്ടുണ്ട്. അന്ന് നിർഭാഗ്യവശാൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.


Chitradurga Fort

വിശപ്പിന്റെ വിളി തുടങ്ങിക്കഴിഞ്ഞു. ഉച്ചഭക്ഷണം കഴിക്കാനായി ഞാൻ  ചെല്ലക്കരയിലേക്കാണ്  ഡ്രൈവ് ചെയ്തത്. അതിനു രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ചല്ലക്കരയിലേ സയൻസ് സിറ്റി ടൗൺഷിപ് കെട്ട്യോളെ കാണിച്ചു കൊടുക്കണം. രണ്ടാഴ്ച ഇവിടെ വന്ന് പണിയെടുത്തതാണല്ലോ. രണ്ടാമത് ഇതിനടുത്തായി ഒരു ചെറിയ ധാബയുണ്ട്. കൃത്യമായി പറഞ്ഞാൽ DRDO എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൻ്റെ ഗേറ്റിനടുത്ത് തന്നെ. ഒരു ചെറിയ സെറ്റപ്പ് ആണെങ്കിലും ഇവിടുത്തെ ഫുഡ് എനിക്കങ്ങു വല്ലാണ്ട് ഇഷ്ടപ്പെട്ടിരുന്നു. അവിടെച്ചെന്നു ഭക്ഷണം കഴിക്കണം. രണ്ട് ലക്ഷ്യങ്ങളും ഒറ്റയടിക്കങ്ങു സാധിച്ചു. ധാബയിലെ ഫുഡ് പതിവുപോലെതന്നെ കിടിലോസ്‌കിയായിരുന്നു. നാനും , കോലാപ്പൂരി ചിക്കനും, മിൻറ്റ് ചിക്കനും ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ ഞങ്ങൾ അടിച്ചു കേറ്റി. എന്തായാലും ഫുഡ് കെട്ട്യോൾക്കും നന്നായിഷ്ടപ്പെട്ടു. ഭക്ഷണാനന്തരം നേരെ ചിത്രദുർഗ കോട്ടയിലേക്ക് അൾട്രോസ് കുതിച്ചു. പോകും വഴിയിൽ പലയിടത്തായി ചെമ്മരിയാടിൻ കൂട്ടങ്ങളെ കാണാറായി. ചല്ലക്കര കമ്പിളി നിർമാണത്തിലും പ്രശസ്തമാണ്. ഓയിൽ സിറ്റി എന്നൊരു പേര് കൂടി ചല്ലക്കരക്കുണ്ട് . മുംബൈ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഉൽപ്പാദിപ്പിക്കുന്ന നഗരമാണിത്. ഏകദേശം അറുപതിലധികം ഓയിൽ മില്ലുകൾ ഇവിടെ പ്രവർത്തിക്കുന്നു.  ഇവിടുത്തെ ആൾക്കാരും വളരെ നല്ല സ്വഭാവക്കാരാണ്. പലപ്പോഴും ഗൂഗിൾ മാപ്പ് ചതിച്ചു വഴി തെറ്റിയപ്പോൾ ഇവിടുത്തുകാർ ക്ഷമയോടെ , ഞങ്ങളെ സഹായിച്ചിട്ടുണ്ട് എന്ന കാര്യം നന്ദിയോടെ ഇവിടെ സ്മരിക്കുന്നു. 

Chitradurga Fort

ചിത്രദുർഗ ഫോർട്ടിൽ തിരക്ക് കുറവാണു. ഒരു പക്ഷെ ഇന്ത്യയിലെ തന്നെ മികച്ചൊരു കോട്ടയാണ് ചിത്രദുർഗ ഫോർട്ട്. എന്നാൽ അധികം ആളുകൾ ഒന്നും തന്നെ ഇവിടേക്ക് ആകർഷിക്കപ്പെട്ടിട്ടില്ല എന്ന് ഇവിടം സന്ദർശിച്ചപ്പോൾ ഞങ്ങൾക്ക് തോന്നി. ഫോർട്ടിന് വെളിയിൽ പ്രദർശിപ്പിച്ച QR Code സ്കാൻ ചെയ്താണ് ടിക്കറ്റ് എടുക്കുന്നത്. കർണാടകയിലെ പല ടൂറിസ്റ്റു കേന്ദ്രങ്ങളും ഇപ്പൊ ഈ രീതിയാണ് പിന്തുടർന്നു പോരുന്നത്. വളരെ സൗകര്യപ്രദമാണിത്. ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് വലയേണ്ട ആവശ്യമില്ല. ഞങ്ങൾ ടിക്കറ്റെടുത്തു ഉള്ളിൽ കയറി. വലിയ ഉയരമുള്ള അധികം വീതിയില്ലാത്ത ഒരു പ്രവേശന മാർഗമാണ് ആദ്യം നമ്മളെ സ്വാഗതം ചെയ്യുന്നത്. അത് കഴിഞ്ഞാൽ വിശാലമായ കോട്ട തുടങ്ങുകയായി. മെല്ലെ മെല്ലെ മുകളിലേക്ക് കയറിപ്പോകുന്ന രീതിയിലാണ് നടപ്പാത. ചിത്രദുർഗ ഫോർട്ടിന്റെ മറ്റൊരു പേരാണ് 'കല്ലിനെ കോട്ട'. കല്ലുകൊണ്ടുള്ള കോട്ട എന്നാണ് ഇതിനർത്ഥം. പതിനൊന്നാം നൂറ്റാണ്ടിലാണ് കോട്ടയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ചാലൂക്യ രാജാക്കൻമാർ തുടങ്ങി വച്ച നിർമ്മാണം ഹൊയ്സല, നായക രാജവംശങ്ങൾ ഏറ്റെടുത്തു നടത്തി. പിന്നീട് 15 , 18 നൂറ്റാണ്ടുകളിലായിട്ടാണ് കോട്ടയെ ഇന്ന് കാണുന്ന രീതിയിൽ വികസിപ്പിച്ചത്. സൗത്ത് ഇന്ത്യയിൽ ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ചിത്രദുർഗ ഫോർട്ട് ആണ്. ഹൈദരാബാദിലെ ഗോൽക്കൊണ്ടയെക്കാൾ വലുതാണ് ഈ കോട്ട. നടപ്പാത കയറി മുന്നോട്ടു പോയാൽ ഇരു വശങ്ങളിലും ഒട്ടേറെ അമ്പലങ്ങളുണ്ട്. കോട്ടക്കകത്തെ ക്ഷേത്രങ്ങളിൽ പ്രമുഖമായതു ഹിഡിംബീശ്വര ക്ഷേത്രമാണ്. മഹാഭാരത കഥ പ്രകാരം ഹിഡിംബാസുരൻ വസിച്ചിരുന്നത് ചിത്രദുർഗയിൽ ആയിരുന്നത്രേ. ഏകദേശം പത്തൊൻപതോളം അമ്പലങ്ങളും , ഒരു പള്ളിയും ഇതിനകത്തുണ്ട്. പള്ളി 1779 -ൽ ഹൈദരലി ഈ കോട്ട കീഴടക്കിയതിനു ശേഷം നിർമ്മിച്ചതാണ്. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഈ കോട്ട കൈയേറി. ധാന്യങ്ങൾ ശേഖരിക്കാനുള്ള കാലവറകളും, ജല സംഭരണികളും ഇതിനകത്തുണ്ട്. കല്ല് കൊത്തി നിർമിച്ച ക്ഷേത്രങ്ങൾ കാഴ്ചയിൽ അതി മനോഹരങ്ങളാണ്. ആളുകൾ കുറവായതിനാൽ സ്വസ്ഥമായി കൊറേ നേരം ഇവിടെ മനസ്സലിഞ്ഞു ഇരിക്കാനായി. കുറച്ചു കൂടി മുന്നോട്ടുപോയാൽ ചെറിയ ഇറക്കം തുടങ്ങുകയാണ്. കല്ല് വഴിയിൽ താഴേക്ക് ഇറങ്ങി ചെന്നാൽ ഒരു ചെറിയ അരുവി കാണാം. പാറക്കെട്ടുകൾക്കുള്ളിൽ നിന്നുത്ഭവിച്ചു താഴേക്കിറങ്ങുന്ന ഒരു ചെറിയ അരുവി. അത് നേരെ ചെല്ലുന്നതു തുടക്കത്തിൽ നമ്മൾ പറഞ്ഞ 'ഒണകെ ഒബാവ കിണ്ടി'  യിലേക്കാണ്. ഒരാൾക്ക് കഷ്ട്ടിച്ചു ഇറങ്ങാൻ കഴിയുന്ന ഒരു ചെറിയ ദ്വാരാം. ഇത് വഴിയാണ് ഹൈദരാലിയുടെ സൈന്യം കോട്ടയ്ക്കുള്ളിൽ അതിക്രമിച്ചു കേറാൻ ശ്രമിച്ചത്. എന്തായാലും ഒബാവയുടെ സ്മരണയിൽ ഈ സ്ഥലം കൂടുതൽ ഉജ്വലമായി തോന്നി. വീണ്ടും ഞങ്ങൾ തിരിച്ചു മുകളിലേക്ക് നടന്നു. ഇവിടെ നിന്ന് നോക്കുമ്പോൾ നാലുപാടുമായി വ്യാപിച്ചു കിടക്കുന്ന കോട്ടയുടെ ഒരു പനോരാമിക് വ്യൂ കാണാൻ സാധിക്കും. പഴയ രാജഭരണ കാലം ഇവിടെ നിന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കിയാൽ ഒരു ചരിത്ര സിനിമയുടെ രംഗം പോലെ ജ്വലിച്ചു നിൽക്കും. കോട്ടയിൽ നിറയെ പടയാളികളും. രാത്രിയിൽ എങ്ങും കത്തുന്ന തീപ്പന്തങ്ങളും , അങ്ങുമിങ്ങും ഓടിനടക്കുന്ന അന്തേവാസികളും, അലങ്കരിച്ച രാജ വീഥികളും, ക്ഷേത്രങ്ങളിൽ നിന്നുയരുന്ന ശംഖ് , മണി നാദങ്ങളും എല്ലാം ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. ഞാനും കെട്യോളും നടന്നു , നടന്നു ക്ഷീണിച്ചു. കയ്യിലുണ്ടായ കുപ്പി വെള്ളം തീരാറായി. ഇനി ഒരിടം കൂടി കാണുവാനുണ്ട്. അതീ കോട്ടയിലെ ഏറ്റവും ഉയർന്ന ഭാഗമാണ്. പാറക്കെട്ടിലൂടെ വലിഞ്ഞു കേറിയാൽ അതിനു മുകളിലെത്താം. പക്ഷെ അങ്ങോട്ടുള്ള വഴി കണ്ടിട്ടു അത്ര സുരക്ഷിതമായി തോന്നിയില്ല. അതിനാൽ  ആ ശ്രമം ഉപേക്ഷിച്ചു തിരിച്ചു നടന്നു. സമയം വൈകുന്നേരമായി ഞങ്ങൾ ചിത്രദുർഗ ഫോർട്ടിനോട് വിട പറഞ്ഞു. അടുത്ത ലക്‌ഷ്യം ഹംപിയാണ്.  സമയം ഏകദേശം ആറു മണിയായി. ഇന്ന് ചിത്രദുർഗയിൽ താമസിച്ചു നാളെ രാവിലെ ഹംപിയിലേക്ക് പോകാം എന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. ചിത്രദുർഗയിൽ നിന്ന് ഹംപിയിലേക്ക് ഏകദേശം 150 കിലോമീറ്റർ ദൂരമുണ്ട്. അതിൽ ഹൊസ്‌പ്പേട്ട് വരെയുള്ള 135 കിലോമീറ്റർ എക്സ്പ്രസ്സ് വേയാണ്. ഇപ്പൊ വിട്ടാൽ രാത്രി ഒൻപതു മണിക്ക് മുൻപേ ഹംപിയെത്താം എന്ന് ഗൂഗിൾ അമ്മായി പറഞ്ഞപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല. എക്സ്പ്രസ്സ് വേയിലെ ആറുവരിപ്പാതയിലൂടെ അൾട്രോസ് ഹംപി ലക്ഷ്യമാക്കി കുതിച്ചു. പോകും വഴി ഹംപിയിലെ താമസവും ബുക്ക് ചെയ്തു. നാളത്തെ പ്രഭാതം , അത് ഹംപിയിലേതാണ്. ഹംപി വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.


(തുടരും )


Friday, December 10, 2021

കെട്ട്യോളോടൊപ്പം ഹംപിയിലേക്കൊരു ഡ്രൈവ് Part-1

 ഭാഗം-മഹിഷുരു എന്ന മൈസൂർ



Mysore Palace


                        "ഇനി ഞാൻ എങ്ങോട്ടും ഒറ്റക്ക് വിടൂല, കല്യാണം കഴിക്ക്, ന്നിട്ട് ഓളേം കൂട്ടി എങ്ങോട്ടാച്ചാ പൊയ്ക്കോ" - ഓരോ ട്രിപ്പ് കഴിഞ്ഞു വരുമ്പോഴും 'അമ്മ ഇത് പറയാൻ തുടങ്ങിയിട്ട് കാലം കൊറേ ആയി. വളർന്നു കെട്ടുപ്രായം ആയിട്ടും എന്നെ ഒറ്റക്ക് എങ്ങോട്ടേലും വിടാൻ സുമതിക്കുട്ടിക്ക് പേടിയാണ്. ഞാൻ വെള്ളത്തിലിറങ്ങുമോ ? , കുന്നിൽ കേറുമോ ?, കാട്ടിൽ കിടക്കുമോ ? എന്നൊക്കെയാണ് മൂപ്പത്തിയുടെ ആധി.എന്തായാലും കെട്ടാൻ പോകുന്ന കുട്ടി ട്രിപ്പ് അടിക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാകണേ എന്നായിരുന്നു എന്റെ പ്രാർത്ഥന , കുറഞ്ഞത് യാത്ര ചെയ്യുമ്പോ വാളുവെക്കാതിരുന്നാലെങ്കിലും  മതിയായിരുന്നു. അങ്ങനെ കൊറോണ അതിന്റെ ശൈശവാവസ്ഥയിൽ ഇരിക്കുന്ന സമയത്ത് എന്റെ കല്യാണം ഭേഷായങ്ങട് നടന്നു. പടച്ചോൻ കാത്തു. ഓൾക്ക് അത്യാവശ്യം ട്രിപ്പടിക്കാനൊക്കെ താല്പര്യമുണ്ട്. പക്ഷെ എന്താ ചെയ്യാ ..! അത്തിപ്പഴം പഴുത്തപ്പോ , കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ അവസ്ഥ. കൊറോണ , ലോക്ക്ഡൌൺ , കർഫ്യൂ എല്ലാം കൂടി ട്രിപ്പും , ടൂറും ഗുദാഫിസ്.!

 

അങ്ങനെ കൊറോണയെയും പഴിച്ചുകൊണ്ട് കുറച്ചുകാലം കഴിച്ചു കൂട്ടി. പിന്നെ ലോക്ക്ഡൗൺ മാറിയപ്പോ അല്ലറ ചില്ലറ യാത്രകളൊക്ക നടത്തി സന്തോഷം കണ്ടെത്തി. അത് കഴിഞ്ഞു കൊറോണയുടെ രണ്ടാം തരംഗം വന്നു , ബ്ലാക്ക് ഫംഗസ് വന്നു, മൂന്നാം തരംഗം ഇന്ന് വരും , നാളെ വരും എന്നും പറഞ്ഞു മാറി നിൽക്കുന്നുഅവസാനം ഓമിക്രോൺ വരെ എത്തി. അതും കൂടാതെ അറബിക്കടലിൽ നിന്നും , ബംഗാൾ ഉൾക്കടലിൽ നിന്നും ഇടമുറിയാതെ വന്നോണ്ടിരിക്കുന്ന ന്യൂന മർദ്ദങ്ങളും , മഴയും , വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും , ഉരുൾപൊട്ടലും , എല്ലാം കൊണ്ടും ഒരു യാത്ര നടത്താൻ ഒട്ടും പറ്റാത്ത ആംബിയൻസ്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അവസാനം ഒരു ഗ്യാപ് കിട്ടി. ഒന്നും നോക്കിയില്ല ഒരു ട്രിപ്പ് അങ്ങട് സെറ്റാക്കി. പോസ്റ്റ് മാര്യേജ് ക്ലിഷേ ആയ ഊട്ടി , കൊടൈക്കനാൽ ആയിരുന്നു തുടക്കത്തിൽ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ തമിഴ് നാട്ടിലെ പൊളപ്പൻ മഴ അതിനെ ഹംപിയിലേക്ക് ഡൈവർട്ട് ചെയ്തു വിട്ടു. ഒരാഴ്ച ലീവെടുത്തു നവംബർ മാസത്തിലെ ആ തണുത്ത വീക്കെൻഡിൽ തിരുവനന്തപുരത്തു നിന്ന് ഞാനും , കാസർഗോഡ് നിന്ന് ൻ്റെ കെട്ട്യോളും കോഴിക്കോട് ലക്ഷ്യമാക്കി ട്രെയിൻ കേറി. വീട്ടിലെത്തി യാത്ര  പോകാനുള്ള സാധനങ്ങളെല്ലാം പാക്ക് ചെയ്തു.

Mysore Palace
അൾട്രോസ് - ഓനാണ്‌ ഞങ്ങടെ രഥം. കഴിഞ്ഞ ഒരു വർഷത്തെ പല യാത്രകളിലും കൂടെയുണ്ടായിരുന്നു. ലോക്ക് ഡൌൺ സമയത്തു കോഴിക്കോട്  - തിരുവനന്തപുരം റൂട്ടിൽ സ്ഥിരം ഷട്ടിലടിച്ചവനാണ്. കേരളത്തിലെ ഗട്ടറൊഴിയാത്ത റോഡുകളിൽ പോലും നല്ല കംഫർട്ട് ആയിരുന്നു ആ പഹയനെ ഡ്രൈവ് ചെയ്യാൻ. പെരുത്ത് ഇഷ്ടായി ഞമ്മക്കോനെ. അതുകൊണ്ട് തന്നെ ഹംപി യാത്ര പ്ലാൻ ചെയ്തപ്പോ റോഡ് ട്രിപ്പ് ആയാലോന്നു  രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. അൾട്രോസിന്റെ എയറൊക്കെ ചെക്ക് ചെയ്തു, ഇച്ചിരി പെട്രോളും അടിച്ചു റെഡിയാക്കി നിർത്തി. കർണാടകയിൽ പെട്രോൾ വില ഒരൽപം കുറവായതിനാൽ ബാക്കി ബോർഡർ കടന്നിട്ട് അടിക്കാന്നു വിചാരിച്ചു. കോഴിക്കോട് നിന്ന് ഹംപിയിലേക്ക് ഒരു പത്തറുനൂറ്റമ്പത്‌ കിലോമീറ്റര് ഉണ്ട്. നിർത്താതെ വണ്ടിയോടിച്ചാൽ ഒരു പതിനഞ്ചു മണിക്കൂറിൽ കവർ ചെയ്യാം. ഇത്രേം ദൂരം ഒറ്റയടിക്ക് ഓടിച്ചു ബോറടിക്കുന്നതിലും പകരം പോകുന്ന വഴിയിലുള്ള വേറെ ഒന്നോ രണ്ടോ ഡെസ്റ്റിനേഷനുകൾ കൂടി കണ്ടിട്ടുപോകാം എന്ന് വിചാരിച്ചു. അങ്ങനെയാണ് മൈസൂരും , ചിത്രദുർഗയും ഞങ്ങടെ ലിസ്റ്റിൽ കേറിക്കൂട്ടിയതു. ചിത്രദുർഗ ഹംപിക്ക് പോകുന്ന വഴിയിൽ അല്ലേലും , ഇച്ചിരി ഒന്ന് ഡൈവേർട് ചെയ്താൽ കണ്ട് വരാവുന്നതേ ഉള്ളൂ.

 

തിങ്കളാഴ്ച രാവിലെ 7 മണിക്ക് തന്നെ ഞങ്ങൾ പ്രയാണം തുടങ്ങി. താമരശ്ശേരി ചുരം വഴി അൾട്രോസ് വയനാട് കേറി. ചുരത്തിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലത്തെ തിരക്ക്. അവിടുന്നു കൽപ്പറ്റ , സുൽത്താൻ ബത്തേരി , മുത്തങ്ങ വഴി നേരെ കർണാടക ബോർഡർ പിടിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി RTPCR സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ബോർഡർ കടത്തി വിടുന്നുള്ളൂ. കർണാടക ബോർഡർ കഴിഞ്ഞുള്ള യാത്ര ശരിക്കും എന്ജോയ് ചെയ്തു. ബന്ദിപ്പൂർ നാഷണൽ പാർക്കിനുള്ളിലൂടെയുള്ള റോഡിൽ ഞാനും , കെട്യോളും , അൾട്രോസും മാത്രം. ആഹാ അന്തസ്സ് .!! ഇടക്കെപ്പോഴോ തൊഴിലാളികളെയും കയറ്റി പോകുന്ന ഒരു പിക്കപ്പ് കേറി വന്നു. ഗുണ്ടൽപേട്ട് കഴിഞ്ഞപ്പോഴേക്കും വിശപ്പിന്റെ വിളി വന്നിരുന്നു. ബ്രേക്ക്ഫാസ്റ്റ് ഇന്ന് വളരെ നേരത്തെ വീട്ടിൽ നിന്നിറങ്ങുമ്പോ കഴിച്ചതാണ്. അതുകൊണ്ട് തന്നെ വിശപ്പിൻ്റെ വിളി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ തന്നെ ആയിരുന്നു. വണ്ടി സൈഡാക്കി അവിടെ കണ്ട മലബാർ ഹോട്ടെലിൽ നിന്ന് ഭക്ഷണം കഴിച്ചു.

 

Mysore Palace

ഉച്ചയാകുമ്പോഴേക്കും മൈസൂരെത്തി.  ചാമുണ്ഡി ഹിൽസിനു താഴെയുള്ള പ്രശാന്ത സുന്ദരമായ മൈസൂർ നഗരം. വൊഡെയാർ  രാജാക്കന്മാരുടെ തലസ്ഥാന നഗരി. ബാംഗ്ലൂർ നഗരത്തെക്കാൾ എനിക്കേറെയിഷ്ടം മൈസൂരാണ്. കുറച്ചുകൂടി വൃത്തിയും , വെടിപ്പുമുള്ളത് മൈസൂറിനാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലതവണ മൈസൂരിൽ വന്നപ്പോഴും ആ ഒരു തോന്നൽ കൂടിക്കൂടി വന്നതേ ഉള്ളൂ. ഇനി കുട്ടികളെല്ലാം ഇവിടെ ശ്രദ്ധിക്കൂ .. ഒരൽപം ചരിത്രം പറയാം  വിശാലമായ വിജയനഗര സാമ്രാജ്യത്തിന്റെ ഐശ്വര്യകാലത്തു , അവിടുത്തെ ഒരു നാട്ടുരാജ്യമായിരുന്നു മൈസൂർ. മഹിഷൂര് എന്നായിരുന്നു അക്കാലത്തു മൈസൂർ അറിയപ്പെട്ടിരുന്നത്. ഇന്നത്തെ മൈസൂരിലെ ചാമുണ്ഡി ഹിൽസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു വച്ചാണത്രെ ഉഗ്രരൂപിണിയായ ചാമുണ്ഡി മഹിഷാസുരൻ്റെ കഥ  കഴിച്ചത്. ഇത് ഐതിഹ്യം. അങ്ങനെയാണ് അക്കാലത്തു മൈസൂർ, മഹിഷൂര് എന്ന പേരിൽ അറിയപ്പെട്ടത്. പിന്നീട് ബ്രിട്ടീഷുകാരാണ് മഹിഷൂരിനെ മൈസൂർ ആക്കി മാറ്റിയത്. പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയോടെ മൈസൂർ ഒരു സ്വതന്ത്ര രാജ്യമായി മാറി. ശ്രീരംഗപട്ടണമായിരുന്നു അക്കാലത്ത് മൈസൂരിന്റെ തലസ്ഥാനം. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിനെ പകുതിയോടെ മൈസൂർ ഹൈദർ അലിയുടെയും , പുത്രൻ ടിപ്പുവിന്റെയും ഭരണത്തിന്റെ കീഴിലായി. പിന്നീട് ബ്രിട്ടീഷുകാരുടെയും. 1973 വരെ കർണ്ണാടക സംസ്ഥാനം അറിയപ്പെട്ടിരുന്നത് മൈസൂർ എന്ന പേരിലായിരുന്നു എന്ന കാര്യം എത്ര പേർക്കറിയാം ?.  ബാക്കി ചരിത്രം പിന്നെ പറഞ്ഞു തരാം

 

അങ്ങനെ നേരെ തിരക്കേറിയ മൈസൂർ നഗരത്തിലേക്ക് കാറോടിച്ചു കയറ്റിയ ഞങ്ങൾ , ആദ്യമായി മൈസൂർ പാലസ് തന്നെ കണ്ട് കളയാം എന്ന് കരുതി. എന്നാൽ ഒന്ന് രണ്ട് വട്ടം ചുറ്റിക്കറങ്ങിയിട്ടും , മൈസൂർ പാലസിന്റെ എൻട്രൻസ് കണ്ട് പിടിക്കാൻ പറ്റിയില്ല. ഗൂഗിൾ മാപ് കാണിക്കുന്ന എല്ലാ എൻട്രൻസും പോലീസ് ബാരിക്കേഡ് വച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്, എന്റെ ശിവനെ ഇനിയിപ്പോ എങ്ങനെ ഉള്ളിൽ കേറും എന്നറിയാതെ നിക്കുമ്പോ ഒരു ഓട്ടോക്കാരൻ ചേട്ടൻ ഞങ്ങളെ കൈകാട്ടി നിർത്തിച്ചു. പുള്ളിക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു. എൻട്രൻസൊക്കെ കാണിച്ചു തരാം , ഒപ്പം കർണാടക ഗവണ്മെന്റ്ൻ്റെ ഹാൻഡിക്രാഫ്റ്റ്  എംപോറിയവും കൂടെ കാണിച്ചു തരാം, മുപ്പതു രൂപ തന്നാൽ മതിയെന്ന് പറഞ്ഞു. വെറുതെ മൈസൂർ സിറ്റിയിൽ കറങ്ങി പെട്രോൾ കത്തിക്കണ്ടല്ലോ , ഞങ്ങൾ അങ്ങേരുടെ പുറകെ പോയി. നേരെ കർണാടക സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്  എംപോറിയത്തിലേക്ക്. ആദ്യമായിട്ടാണ് , സ്ഥലം പോലും കാണാതെ ഒരു സിറ്റിയിൽ ഷോപ്പിങ്ങിനിറങ്ങുന്നതു. മൈസൂർ സിൽക്കിന്റെയും , സാൻഡലിന്റെയും ഒരുപാട് ഐറ്റംസ് ഉണ്ടവിടെ. എല്ലാം കറങ്ങി കണ്ട് , രണ്ടുമൂന്നു സാധനങ്ങളും വാങ്ങി പുറത്തിറങ്ങി. ഓട്ടോ ചേട്ടൻ പുറത്തു കത്ത് നിൽക്കുന്നുണ്ട്. പുള്ളി ഞങ്ങളെ മൈസൂർ പാലസിന്റെ എൻട്രൻസിൽ കൊണ്ട് പോയി വിട്ടു. മൈസൂർ പാലസിൽ മുൻപൊരിക്കൽ ഞാൻ വന്നിട്ടുണ്ട്. അന്ന് എൻട്രി സമയം കഴിഞ്ഞതിനാലോ മറ്റോ  ഉള്ളിൽ കേറാൻ കഴിഞ്ഞിരുന്നില്ല. ആ ക്ഷീണം ഇന്ന് തീർക്കണം. കേട്ടറിവിനേക്കാൾ വലുതാവും മൈസൂർ പാലാസെന്ന സത്യം എന്ന് പ്രത്യാശിച്ചുകൊണ്ട്  ഉള്ളിൽ കേറി. പക്ഷെ പ്രതീക്ഷയുടെ അമിതഭാരം, നട്ടപ്പാതിരക്ക് ഉറക്കമൊഴിച്ചു കണ്ട മരക്കാർ സിനിമ പോലെ നിരാശപ്പെടുത്തി. കാര്യമായിട്ടൊന്നും കാണാനില്ല, ഇനിയിപ്പോ സന്ദർശകരെ കാണിക്കാത്തതുകൊണ്ടാണോ എന്നറിയില്ല. കൊട്ടാരത്തിലെ മുറികളിലൊന്നും പ്രവേശനം ഇല്ലായിരുന്നു. ഒരു ചെറിയ മ്യൂസിയം കണ്ട് തിരിച്ചിറങ്ങിയപോലെ. മുൻപ് ഇവിടെ ഫോട്ടോഗ്രാഫി അനുവദനീയമല്ലായിരുന്നു. ഫോട്ടോ എടുത്താൽ നല്ല കനത്ത ഫൈനും കിട്ടുമായിരുന്നു. ആ ഓർമ്മയിൽ മൊബൈലെടുത്തു പോക്കറ്റിൽ തിരുകിയ ഞാൻ, മറ്റുള്ളവർ ഫോട്ടോയെടുക്കുന്നതു നോക്കി മനസ്സിൽ വിചാരിച്ചു , "പുവർ ഗെയ്‌സ് , ഇപ്പൊ വന്നു സെക്യൂരിറ്റി പൊക്കും ..!" പക്ഷെ സെക്യൂരിറ്റിയും വന്നില്ല , ജ്യോതിയും വന്നില്ല , ഒരു മണ്ണാങ്കട്ടയും വന്നില്ല. ശെടാ .. ഇതെന്തു കൂത്ത്. പിന്നെയല്ലേ കാര്യം മനസ്സിലായത്. ഇപ്പൊ പടം പിടുത്തതിന് നിയന്ത്രണങ്ങൾ ഒന്നുമില്ല. എന്തായാലും ചമ്മൽ കെട്യോളെ കാണിക്കാതെ പതിയെ ഞാനും മൊബൈലെടുത്തു പടം പിടുത്തം തുടങ്ങി. കൊട്ടാരത്തിന്റെ ആർക്കിടെക്ച്ചറോ, മുറികളോ ഒന്നും കാണാൻ കിട്ടിയില്ല എന്ന നിരാശയുണ്ട്. എന്നാൽ ചില വിശാലമായ നടുത്തളങ്ങളും , നടുമുറ്റവും ഒരു വൗ വായിൽ നിന്നും പുറത്തു ചാടിക്കാൻ ഉതകുന്നവയായിരുന്നു. വോഡയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു മൈസൂർ പാലസ്.പതിനാലാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ യദുരായ വോഡയരാണ് ആദ്യമായി ഇവിടെ ഒരു പാലസ് നിർമ്മിച്ചത്. മരം കൊണ്ട് നിർമ്മിച്ച പാലസ് പല അവസരങ്ങളിലായി കത്തി നശിക്കയുണ്ടായി. 1897 ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള പാലസിന്റെ നിർമ്മാണം തുടങ്ങിയത്. ഏകദേശം പതിനഞ്ചു വര്ഷത്തോളമെടുത്തു അത് പൂർത്തിയാക്കാൻ.

Brindavan Garden

 

അങ്ങനെ മൈസൂർ പാലസും കണ്ട് , നേരെ വണ്ടിയെടുത്തു , അടുത്ത സ്ഥലത്തേക്ക്. ബ്രിന്ദാവൻ ഗാർഡൻ. മൈസൂർ പാലസിൽ നിന്നും ഏകദേശം 22 കിലോമീറ്റര് ഉണ്ട് ഇവിടേക്ക്. പക്ഷെ പതിവുപോലെ ഗൂഗിൾ മാപ് വീണ്ടും ചതിച്ചു. ബ്രിന്ദാവൻ ഗാർഡൻ എന്ന് പറഞ്ഞിട്ട് അവസാനം വേറെവിടെയോ കൊണ്ടുപോയി വിട്ടു മ്മടെ ഗൂഗിൾ അമ്മായി. ഏതൊരു നാട്ടിന്പുറത്തും എന്ന പോലെ അവിടെയും ഉച്ചക്കത്തെ ചോറും തിന്ന് പല്ലിൽ തോണ്ടി വെറുതെ ഇരിക്കുന്ന ഒരു ചേട്ടനുണ്ടായിരുന്നു. പുള്ളിക്കാരന്റെയെടുത്തു വഴി ചോദിച്ചു. "സബാറോം കി സിന്ദഗി ജോ കഭി ഖതം നഹി ഹോ ജാത്തീ ഹേ ", അതായതു ഇവിടുന്നു നേരെ പോയി , ലെഫ്റ്റ് പിടിച്ചാൽ അങ്ങോട്ടേക്ക് എത്താം ന്ന്. ചോറിന്റെ കാര്യം പറഞ്ഞപ്പോഴാ ആലോചിച്ചത് ഇന്ന് ഉച്ചയൂണ് ഇതുവരെ കഴിച്ചിട്ടില്ല. സമയം മൂന്നു മാണി കഴിഞ്ഞേ.  അല്ലേലും കെട്യോൾക്ക് സ്ഥിരം പരാതിയാണ്. എവിടേലും ട്രിപ്പടിക്കാൻ പോയാൽ ഞാൻ ഓൾക്ക് ഫുഡ് വാങ്ങിച്ചു കൊടുക്കുന്നില്ലാന്നു. പറയുന്നതിലും ചെറിയ കാര്യം ഇല്ലാതില്ലഹണിമൂൺ ട്രിപ്പ് മുതൽ തുടങ്ങിയതാ. മനപ്പൂർവ്വമല്ല. ട്രിപ്പിന്റെ എക്സൈറ്റ്മെന്റിൽ ഫുഡ് അടിക്കാൻ മറന്നു പോകുന്നതാ. എന്തായാലും ബ്രിന്ദാവന് ഗാർഡൻ കേറുന്നതിന്റെ മുന്നേ ഫുഡ് അടിക്കാം ന്നു വച്ചു. കേറി ചെന്ന് നോക്കുമ്പോ അതും ഒരു മലയാളി ഹോട്ടൽ. മൈസൂർ വന്നിട്ട് കഴിക്കാൻ കിട്ടുന്നത് മൊത്തം കേരള ഫുഡ് ആയിപ്പോയല്ലോ ഭഗവാനെ. അങ്ങനെ ഫുഡും കഴിച്ചു ബ്രിന്ദാവന് ഗാർഡനിലേക്കുള്ള ടിക്കറ്റെടുത്തു. അതിനിടയിൽ ഇന്ന് താമസിക്കാനായി ബ്രിന്ദാവന് ഗാർഡനിനടുത്തു തന്നെ ഒരു റൂം ബുക്ക് ചെയ്തു. നാളെ യാത്ര ചിത്രദുർഗക്കാണ്. മൈസൂരിൽ തിരിച്ചു പോകാതെ ഇവിടുന്നു തന്നെ നേരിട്ട് പോകുന്നതാണ് എളുപ്പം. അത് കൊണ്ടാണ് റൂമും ഇതിനടുത്ത് തന്നെ ബുക്ക് ചെയ്തത്.

 

Brindavan Garden

കാവേരി നദിക്കു കുറുകെ നിർമ്മിച്ച കൃഷ്ണരാജസാഗര അണക്കെട്ടിന്റെ ഒരു വശത്തായാണ് ബ്രിന്ദാവൻ  ഗാർഡൻ സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായി പരിപാലിച്ച വിശാലമായൊരു ഉദ്യാനമാണിത്. ഏകദേശം ഇരുപതു ലക്ഷത്തോളം പേരാണ് ഓരോ വർഷവും ഇവിടെ സന്ദർശിക്കുന്നത്. ഇടക്കിടെ ചെറിയ സിനിമ , സീരിയൽ ഷൂട്ടിങ്ങുകളും ഇവിടെ നടക്കാറുണ്ട്. ബോട്ടിങ് സൗകര്യമുള്ള ഒരു വിശാലമായ തടാകവും ഇതിനകത്തുണ്ട്. ഞങ്ങൾ ഉദ്യാനത്തിനകത്തുകൂടെ മുകളിലേക്ക് നടന്നു കയറാൻ തുടങ്ങി. മുകളിൽ എത്തിയപ്പോ ഭയങ്കര ദാഹം. വെള്ളത്തിന്റെ ബോട്ടിൽ വണ്ടിക്കകത്തു വച്ച് മറന്നത് വലിയ അബദ്ധമായി. പലയിടത്തും ഡ്രിങ്കിങ് വാട്ടർ എന്ന ബോർഡ് കാണുന്നുണ്ട് , എന്നാൽ വെള്ളം എവിടെയും കണ്ടില്ല. അവസാനം തിരിച്ചു നടന്നു താഴെ എത്തേണ്ടി വന്നു ദാഹമകറ്റാൻ. സമയം ആറ് കഴിഞ്ഞു. ആറരക്ക് ഇവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിക്കും. തടാകത്തിന്റെ മറുകരയിലാണത്. അങ്ങോട്ട് പോകാൻ ടൂറിസം ഡിപ്പാർട്മെന്റിന്റെ ബോട്ടുകൾ റെഡിയാണ്. അവർ ആളുകളെ തടാകത്തിൽ റൗണ്ടടിച്ചു മറുകരയിൽ എത്തിക്കും. എന്നാൽ തടാകത്തിന്റെ വശത്തിലൂടെയുള്ള നടപ്പാതയിലൂടെ നടന്നും മറു വശത്തെത്താം. ഞങ്ങൾ നടന്നാണ് പോയത്. ഒരു ഇരുപതു മിനിറ്റ് ദൈർഖ്യമേ ലൈറ്റ് ആൻഡ് സൗണ്ട് ഷോക്കുള്ളൂ. അതും കഴിഞ്ഞു ഞങ്ങൾ നേരെ റൂമിലേക്ക് വിട്ടു. എന്റെ കഷ്ടകാലത്തിനു ഓയോ റൂംസ് വഴിയായിരുന്നു റൂം ബുക്ക് ചെയ്തത്. മുൻപുണ്ടായ ദുരനുഭവങ്ങളുടെ വെളിച്ചത്തിലും , വീണ്ടും ഓയോ വഴി തന്നെ ബുക്ക് ചെയ്തത് എൻ്റെ മണ്ടത്തരം എന്നല്ലാതെ എന്ത് പറയാൻ. ഹോട്ടലിൽ ചെന്നപ്പോ റൂം ഇല്ലാന്ന്. ഓയോ വഴിയുള്ള ബുക്കിംഗ് ഇവർ അറിഞ്ഞില്ലത്രേ. അവൻമ്മാരുടെ സ്ഥിരം നമ്പർ. കസ്റ്റമർ കെയറിൽ വിളിച്ചു ഫോണിന്റെ ചാർജ് തീർക്കേണ്ടി വന്നു ഇതിനൊരു പരിഹാരമാകാൻ. അര -മുക്കാൽ മണിക്കൂറിൻ്റെ യുദ്ധം   കഴിഞ്ഞപ്പോ ഇല്ലാത്ത റൂം താനെ കിട്ടി. എന്തായാലും ഒയോയുമായുള്ള കൂട്ട് ഞാൻ ഇതോട് കൂടി വിട്ടു. ഫുഡും കഴിച്ചു നേരെ ഉറങ്ങാൻ കിടന്നു. ഇപ്രാവശ്യം എന്തായാലും കർണാടക സ്റ്റൈൽ ഫുഡ് തന്നെ കിട്ടി.  രാത്രി നല്ല മഴയുണ്ടായിരുന്നു. നല്ല ക്ഷീണവും, കിടന്നതേ അറിഞ്ഞുള്ളൂ. പിന്നെ എണീക്കുന്നതു രാവിലെ അലാറം അടിക്കുമ്പോഴാണ്. അടുത്ത ലക്ഷ്യം ചിത്രദുർഗ്ഗയാണ്. അതിന്റെ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ

 

(തുടരും ..)