"അല്ലേലും നീയെവിടെയാ പോയിട്ടുള്ളത്, പനി വരുമ്പോ ഡോക്ടറെ കാണിക്കാൻ പോകുന്നതല്ലാതെ ?"
-വര്ഷങ്ങള്ക്കു
മുൻപ് കസിൻ ബ്രദർ ചോദിച്ച
ഈ ചോദ്യത്തിൽ നിന്നാണ് ഞാൻ യാത്രകൾ ചെയ്തു
തുടങ്ങുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. പിന്നീട് കേരളത്തിനകത്തും, പുറത്തുമായി ഒരുപാടിടങ്ങളിൽ കറങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ മെയിൻ ലാൻഡ് വിട്ടുള്ള യാത്ര ഇതാദ്യമായാണ്. ഇത്തവണത്തെ യാത്ര അങ്ങ് ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലേക്കാണ്.
ആൻഡമാൻ
& നിക്കോബാർ, ഇന്ത്യൻ
മെയിൻ ലാൻഡിൽ നിന്നും തെക്കു കിഴക്ക് ദിശയിൽ ഏകദേശം 1300 ഓളം കിലോമീറ്റർ അകലത്തിൽ സ്ഥിതി
ചെയ്യുന്ന ദ്വീപ് സമൂഹമാണ്. ഇന്ത്യയുടെ ഭാഗമാണെങ്കിലും, മ്യാന്മാർ , ഇൻഡോനേഷ്യ, തായ്‌ലൻഡ്
എന്നിവയാണ് ആന്ഡമാനിനോട് ഏറ്റവും അടുത്തുള്ള
മെയിൽ ലാൻഡുകൾ. മ്യാൻമറിൽ നിന്നും വെറും 130 കിലോമീറ്ററിൽ താഴെ ദൂരമേ ഇങ്ങോട്ടുള്ളൂ.
അതുകൊണ്ട് തന്നെ മ്യാൻമറിൽ നിന്ന് കപ്പലുകേറി വന്നു, ആൻഡമാൻ കാടുകളിലെ മരം മുറിച്ചു
കടത്തിയ ഒട്ടേറെ കുറ്റവാളികൾ ഇന്ന് നമ്മുടെ ജയിലറകൾക്കുള്ളിലുണ്ട്. ആന്ഡമാനും , നിക്കോബാറും
ഒരൊറ്റ കേന്ദ്രഭരണ പ്രദേശമാണെങ്കിലും, ഏകദേശം 150 കിലോമീറ്റർ ദൂരത്തിൽ സമുദ്രം ഈ രണ്ട്
ദ്വീപ് സമൂഹങ്ങളെയും വേർതിരിക്കുന്നു. രണ്ടിടങ്ങളിലുമായിട്ട് ഏകദേശം 572 ഉപ ദ്വീപുകളാണുള്ളത്.
അതിൽ 37 എണ്ണത്തിൽ മാത്രമാണ് മനുഷ്യവാസം ഉള്ളത്.
ഇന്ത്യൻ ഡിഫൻസിൻ്റെ തന്ത്രപ്രധാനമായ ഒരിടം എന്ന നിലയിലും, ആധുനിക മനുഷ്യരിൽ നിന്ന്
അകന്നു ജീവിക്കുന്ന ഒരുപാട് ആദിമവാസികൾ ഉള്ളതിനാലും നിക്കോബാറിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ടൂറിസ്റ്റുകൾക്ക്
പ്രവേശനം ഇല്ല. അതുകൊണ്ട്
തന്നെ ഞങ്ങളുടെ ടൂർ പ്ലാനിൽ ആൻഡമാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാഴ്ചത്തെ സമയമേ ഉള്ളൂ
എന്നതിനാൽ ആൻഡമാനിൽ വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമേ ഞങ്ങൾ കാണാൻ ലക്ഷ്യമിട്ടിരുന്നുള്ളു. ആന്ഡമാനിന്റെ തെക്കു മുതൽ
വടക്കേ അറ്റം വരെയുള്ള ദൂരം ഏകദേശം 467 കിലോമീറ്ററാണ്. കൂടിയ വീതി 58 കിലോമീറ്ററും.
ഇതിൽ നിന്നും ഈ ദ്വീപ് സമൂഹത്തിന്റെ ഏകദേശ വലുപ്പം നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.
നമ്മുടെ കേരളത്തെക്കാളും ചെറിയ ഒരു ഭൂപ്രദേശമാണിത്
അങ്ങനെ ഒരു കൊച്ചുവെളുപ്പാൻ കാലത്ത്, ഞാനും എന്റെ കെട്ട്യോളും കൂടെ തിരുവനന്തപുരത്തു നിന്നും ആന്ഡമാനിലേക്ക് ബീമാനം കയറി. ചെന്നൈ , ബാംഗ്ലൂർ , വിശാഖപട്ടണം, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മാത്രമേ പോർട്ട് ബ്ലെയറിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഉള്ളൂ. തിരുവനന്തപുരം - ചെന്നൈ - പോർട്ട് ബ്ലെയർ ഇതായിരുന്നു ഞങ്ങളുടെ ഫ്ലൈറ്റ് റൂട്ട്. ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമാണ് പോർട്ട് ബ്ലെയർ. ഫ്ലൈറ്റ് കൂടാതെ ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കപ്പൽ വഴിയും പോർട്ബ്ലെയറിൽ എത്താം. ഏകദേശം രണ്ട് -മൂന്ന് ദിവസം പിടിക്കും ആ യാത്ര. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ അതിൽ കൂടുതലും. സെപ്റ്റംബർ മുതലാണ് ആൻഡമാനിൽ ടൂറിസ്റ്റ് സീസൺ തുടങ്ങുന്നത്. നേരത്തെ കാലത്തേ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ ഫ്ലൈറ്റിൽ കുറഞ്ഞ റേറ്റിന് പോയി വരാം. ചെന്നൈയിൽ വച്ച് എന്റെ സുഹൃത്തായ നബീലും, ഓൻ്റെ കെട്യോളും കൂടെക്കൂടി. അവര് രണ്ട് പേരും കോഴിക്കോട് നിന്ന് രാവിലെ ചെന്നൈയിൽ എത്തിയതാണ്.
ചെന്നൈയിൽ നിന്ന്
, പോർട്ട് ബ്ലെയർ വരെ ഏകദേശം രണ്ട് - രണ്ടേകാൽ മണിക്കൂർ സമയമെടുക്കും. ഞങ്ങളുടെ പൈലറ്റ്
രാഹുൽ പണ്ട് മലബാർ ഭാഗത്തെ ഏതെങ്കിലും പ്രൈവറ്റ് ബസ്സിലെ ഡ്രൈവർ ആയിരുന്നോ എന്ന് സംശയം
ഉളവാക്കുന്ന രീതിയിൽ ഫ്ലൈറ്റ് മുന്നോട്ടെടുത്തു. ടാക്സി-വെയിൽനിന്നു , റൺവേയിലേക്കെടുത്ത
ഒരു യൂ -ടേണിൽ, യാത്രക്കാർക്ക് സേഫ്റ്റി ഇൻസ്‌ട്രുക്ഷൻസ്
നൽകിക്കൊണ്ടിരുന്നു എയർ ഹോസ്റ്റസ് , ദേ കിടക്കുന്നു തലേം കുത്തി താഴെ..!
ആരും പേടിക്കേണ്ട, പത്തു മിനിറ്റ് ലേറ്റ് ആയെങ്കിലും , അത് ഓട്ടത്തിൽ പിടിച്ചോളാം എന്ന് രാഹുൽ ഇടക്കിടെ മൈക്ക് വഴി അന്നൗൻസ് ചെയ്യുന്നുണ്ടായിരുന്നു. ആകാശത്തുനിന്നു താഴെ ഇറങ്ങുമ്പോൾ, കടലിൽ ചെറു ചെറു ദ്വീപുകൾ കാണാറായി. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു North Sentinal Island. പുറം ലോകത്തുനിന്നും സ്വയം ഒറ്റപ്പെട്ടു ജീവിക്കുന്ന , സെന്റിനലീസ് ഗോത്രക്കാരുടെ ദ്വീപ്. പുറത്തു നിന്നുള്ളവരെ, കുന്തവും അമ്പും കൊണ്ട് നേരിട്ടവരായിരുന്നു സെന്റിനലീസ്. മറ്റുള്ളവർ ഈ ദ്വീപിൽ കാലുകുത്തുന്നത് ഇവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇടക്കിവിടെ അതിക്രമിച്ചു കയറാൻ ശ്രമിച്ചവരിൽ ഭൂരിഭാഗവും സെന്റിനലീസുകളുടെ അമ്പിനും , കുന്തത്തിനും ഇരയായി. ഇപ്പോഴും ശിലായുഗത്തിൽ തന്നെ കഴിയുന്നവരാണിവർ. പുറം ലോകത്തെ കുറിച്ച് ഒരു ധാരണയും ഇവർക്കില്ല. ഇവരുമായി അടുപ്പമുണ്ടാക്കാൻ ഇന്ത്യ ഗവർമെന്റിന്റെ ഭാഗത്തുനിന്നും ചില ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും, പിന്നീടെല്ലാം നിർത്തി വെക്കുകയായിരുന്നു. നൂറിൽ താഴെ മാത്രം വരുന്ന സെന്റിനലീസുകളുടെ സംരക്ഷണത്തിനായി ഈ സ്ഥലം ഇന്നൊരു സംരക്ഷിത ദ്വീപായി മാറ്റിയിരിക്കുകയാണ്. നിയമപരമായി ഇവിടെ ആർക്കും സന്ദർശനം നടത്തുവാൻ സാധിക്കുകയില്ല. അല്ലാതെ പോയാൽ ജീവനോടെ തിരിച്ചെത്തുവാൻ സാധ്യതയുമില്ല. ആന്ഡമാനിലും , നിക്കോബാറിലുമായി Nicobari, Jarawa, Onge, Shompen, Andamanese, Sentinelese എന്നിങ്ങനെ ആറോളം ഗോത്ര വിഭാഗങ്ങളാണുള്ളത്. അതിൽ സെന്റിനലീസും, ജാർവകളും ഒഴികെ മറ്റു ഗോത്രങ്ങളെല്ലാം പുറം ലോകവുമായി ഒത്തിണങ്ങിക്കഴിയുന്നവരാണ്.
പോർട്ട് ബ്ലെയർ
എത്തുമ്പോഴേക്കും സമയം ഉച്ചയായി. പോർട്ട് ബ്ലെയർ എയർപോർട്ട് ഒരു ഡിഫൻസ് എയർപോർട്ട്
ആണ്. അതുകൊണ്ട് തന്നെ ഇവിടെ ഫോട്ടോഗ്രാഫിയും , വീഡിയോഗ്രഫിയും ഒന്നും അനുവദനീയമല്ല.
ഒരു ടെർമിനൽ മാത്രമുള്ള ചെറിയ ഒരു
എയർപോർട്ട് ആണിത്. സമീപത്തായി പുതിയൊരു ടെർമിനലിന്റെ പണി നടക്കുന്നുണ്ട്. എയർപോർട്ടിൽ
നിന്ന് നേരെ ഹോട്ടലിലേക്ക്. ആൻഡമാനിൽ പൊതുവെ ഹോട്ടലുകൾക്ക് ഇച്ചിരി റേറ്റ് കൂടുതലാണ്. എയർപോർട്ടിനടുത്തു തന്നെയായിരുന്നു ഞങ്ങളുടെ താമസം.
കിങ്‌സ് സഫയർ എന്ന ഞങ്ങൾ താമസിച്ച ഹോട്ടൽ അത്യാവശ്യം മികച്ച രീതിയിലുള്ളതായിരുന്നു.
സെല്ലുലാർ
ജയിൽ
ഒരൽപം നേരം ഹോട്ടലിൽ വിശ്രമിച്ചശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. ആദ്യം പോയത് സെല്ലുലാർ ജയിൽ കാണാനാണ്. അതെ നമ്മുടെ കാലാപാനി സിനിമയൊക്കെ ഷൂട്ട് ചെയ്ത അതെ ജയിൽ തന്നെ. കാലാപാനി എന്നത് ഈ ജയിലിന്റെ മറ്റൊരു പേരാണ്. ഞങ്ങളുടെ ഹോട്ടലിൽ നിന്ന് ഒരു അഞ്ചു കിലോമീറ്ററോളമേ ഇങ്ങോട്ടുള്ളൂ. ബ്രിട്ടീഷ് ഭരണ കാലത്തു ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയ തടവുകാരെയും, സ്വതന്ത്ര സമര സേനാനികളെയും നാടുകടത്തി തടവിൽ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. ഇതോടൊപ്പം ബർമയിലെ തടവുകാരെയും ഇവിടെ പാർപ്പിച്ചിരുന്നു. ഒരു കാലത്തു മനുഷ്യാവകാശ ധ്വംസനത്തിനു കുപ്രസിദ്ധിയാർജിച്ച ഒരിടമായിരുന്നു ഇവിടം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഈ ജയിലിന്റെ നിർമ്മാണം നടക്കുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഡേവിഡ് ബാരിയുടെ നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കിയത്. അക്കാലത്തു ബാരിയും കൂട്ടരും , തടവുകാരോട് കാണിച്ച ക്രൂരതകൾക്ക് കയ്യും, കണക്കുമില്ലായിരുന്നു. ഇന്ത്യൻ സ്വതന്ത്ര സമരത്തിന്റെ സഹന കഥകൾ ഈ ജയിൽ നമ്മോട് പറഞ്ഞു തരും. ആൻഡമാൻ ഒരു കാലത്തു യൂറോപ്യൻ കോളനിയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്തു പൊട്ടിപ്പുറപ്പെട്ട മലേറിയ യൂറോപ്പ്യരെ ഇവിടെ വിടാൻ പ്രേരിപ്പിച്ചു. അതിനുശേഷമാണ് ബ്രിടീഷുകാർ ഇവിടം കൈയേറുന്നതു. ഇടക്കിടെ പരന്നു പിടിച്ച മലേറിയ കാരണം ബ്രിട്ടിഷുകാരും ഇടക്ക് ഈ ദ്വീപ് ഉപേക്ഷിച്ചു. പിന്നീട് വര്ഷങ്ങള്ക്കു ശേഷം തിരിച്ചു വന്ന അവർ 1858-ൽ പോർട്ട് ബ്ലെയറിൽ ഒരു കോളനി സ്ഥാപിച്ചു. തടവുകാരെ പാർപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അങ്ങനെയാണ് സെല്ലുലാർ ജയിലിന്റെ പണി തുടങ്ങുന്നതു. പിന്നീട് രണ്ടാം ലോക മഹായുദ്ധസമയത്തു ജപ്പാൻകാർ ഇവിടം പിടിച്ചടക്കുകയും, ബ്രിടീഷുകാരായ യുദ്ധത്തടവുകാരെ ജെയിലിൽ പാർപ്പിക്കുകയും ചെയ്തു. ജപ്പാൻകാർ ഈ ദ്വീപുകളെ പിന്നീട് സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള INA (ഇന്ത്യൻ നാഷണൽ ആർമി) ക്ക് കൈമാറി. 1943 ഡിസംബർ 30ന് നേതാജി പോർട്ട് ബ്ലെയറിൽ ഇന്ത്യൻ പതാക ഉയർത്തി, ബ്രിടീഷ് ഭരണത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രദേശമായി ദ്വീപിനെ പ്രഖ്യാപിച്ചു. എന്നാൽ രണ്ടാം ലോക മഹാ യുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ 1945-ൽ ബ്രിടീഷുകാർ വീണ്ടും ദ്വീപിന്റെയും, ജയിലിന്റെയും ഭരണം ഏറ്റെടുക്കുകയാണുണ്ടായത്.
ജയിലിന്റെ വലിയ
കവാടം കടന്നു ഉള്ളിൽ ചെന്നാൽ ഇടതും വലതും വശങ്ങളിലെ
മുറികളിൽ ജയിലിന്റെ ചരിത്രം വിവരിക്കുന്ന ചിത്രങ്ങൾ
പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനു മുന്നിലായി ജയിലിലെ രക്തസാക്ഷികളുടെ ഓർമ്മക്കായി നിർമ്മിച്ച
രണ്ട് കെടാവിളിക്കുകളുമുണ്ട്. ഈ വിളിക്കുകൾ
കത്തിക്കാനായി ഒരു മാസം അമ്പതു സിലണ്ടർ ഗ്യാസ് ആവശ്യമുണ്ട്. ഇതത്രയും ഇന്ത്യൻ ഓയിൽ
കോർപറേഷൻ സൗജന്യമായി കൊടുക്കുകയാണ്. ഇതും കടന്നു മുന്നോട്ടു പോയാൽ മൂന്നു നിലകളിലായി
പണിത ജയിലറകൾ കാണാം. മധ്യത്തിലായുള്ള വാച്ച് ടവറിൽ നിന്നാരംഭിക്കുന്ന രീതിയിൽ ഏഴു വശങ്ങളിലേക്ക്
ജയിൽ കെട്ടിടം നിർമ്മിച്ചിരുന്നത്. കണ്ടാൽ സൈക്കിൾ ടയറിന്റെ സ്പോക്കുകൾ പോലെയിരിക്കുന്ന
ഈ ഏഴു കെട്ടിടങ്ങളേയും മധ്യത്തിലുള്ള വാച്ച് ടവറിലെക്ക് കണക്ട് ചെയ്തിരിക്കുന്നു. എന്നാൽ
ഇന്ന് ഇതിൽ മൂന്നു വശങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ബാക്കിയെല്ലാം പല സമയങ്ങളിലായി തകരുകയോ
, പൊളിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. എല്ലാ
ദിവസവും വൈകുന്നേരം ജയിലിന്റെ ചരിത്രവും, സ്വതന്ത്ര സമര സേനാനികളെക്കുറിച്ചും വിവരിക്കുന്ന
ലൈറ്റ് & സൗണ്ട് ഷോ ഉണ്ടാകാറുണ്ട്. എന്നാൽ ചില അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ
ഞങ്ങൾ പോയ ദിവസം ഷോ ഇല്ലായിരുന്നു.
കോർബിൻ'സ് കോവ് ബീച്ച് (Corbyn's
cove beach )
ജയിലിൽ നിന്നിറങ്ങി നേരെ പോയത് കോർബിൻ ബീച്ചിലേക്കാണ്. ആൻഡമാനിൽ കോളനി നിർമ്മിക്കാൻ ബ്രിട്ടീഷുകാർ അയച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന Henry Fisher Corbyn എന്ന പാതിരിയുടെ പേരിൽ നിന്നാണ് ബീച്ചിന് ഈ പേര് വന്നത്. നല്ല തിരക്കുള്ള ഒരു ബീച്ചാണ് കോർബിൻ. എന്നാൽ വളരെ വിശാലവും. ഞങ്ങൾ എത്തുമ്പോൾ അവിടെ വേൾഡ് ടൂറിസം ഡേയുടെ പരിപാടികൾ നടക്കുകയാണ്. ഏതോ ഒരു ബാൻഡിന്റെ മ്യൂസിക് പ്രോഗ്രാം ആണ്. കൊറേ ഹിന്ദി പാട്ടുകളും കേട്ട് ഞങ്ങൾ അവിടെ ഇരുന്നു. നമ്മുടെ നാട്ടിലെ ഗാനമേളയുടെ ഒരു വൈബ്. ആൻഡമാൻ ഒരു മിനി ഇന്ത്യയാണ്. മലയാളികളും, തമിഴൻമാരും, ഹിന്ദിക്കാരും, ബംഗാളികളും അങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ ജീവിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ ഭാഷയും , സംസ്ക്കാരവും പല നാട്ടുകാരുടേതുമായി ഇട കലർന്നതാണ്. ദക്ഷിണേന്ത്യൻ ഭാഷകൾ മുതൽ ഹിന്ദി , ബംഗാളി വരെ ഇവിടത്തുകാർ നന്നായി കൈകാര്യം ചെയ്യും. ഈ ഭാഷ -സംസ്ക്കാര വൈവിധ്യം മ്യൂസിക് പ്രോഗ്രാം കാണാനെത്തിയ നാട്ടുകാരിൽ ദൃശ്യമായിരുന്നു. ഒരു ഭാഗത്തു നോക്കിയാൽ കേരള സാരിയൊക്കെ ഉടുത്ത ചേച്ചിമാർ, പക്ഷെ സംസാരിക്കുന്നത് മലയാളമല്ല. മറു ഭാഗത്തു ബംഗാളി വേഷക്കാർ. നാട്ടിൽ കാണുന്ന രീതിയിൽ കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങൾ. സ്റ്റേജിനു മുന്നിൽ നിറപറയും , തെങ്ങിൽ പൂക്കുലയും. സമയം അഞ്ചു മണി ആയിക്കാണില്ല. നേരം ഇരുട്ടി. ഇനി വാച്ചിൽ സമയം തെറ്റിയതാണോ ? മൊബൈൽ എടുത്തു നോക്കി, അല്ല അഞ്ചു മണി തന്നെ. ആൻഡമാനിൽ മറ്റൊരു രസകരമായ കാര്യം ഇതാണ്. കേരളത്തിലെ സമയം വച്ച് നോക്കിയാൽ ഇവിടെ സൂര്യാസ്തമയവും, ഉദയവും വളരെ നേരത്തെ ആണ്. മുൻപ് മേഘാലയ പോയപ്പോഴും ഇതുപോലെ ആയിരുന്നു. പോർട്ട് ബ്ലെയറിൽ ഒരു വൈകുന്നേരം അഞ്ചു മണി ആകുമ്പോഴേക്കും സൂര്യൻ അസ്തമിക്കും നേരമിരുട്ടും. പുലരുന്നതും വളരെ നേരത്തെയാണ്. രാവിലെ ഒരു അഞ്ച് -അഞ്ചര ആകുമ്പോഴേക്കും നേരം പര-പരാ വെളുക്കും. തുടക്കത്തിൽ ഈ സമയ വ്യത്യാസവുമായി അഡ്ജസ്റ്റ് ആയി വരാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു. സ്റ്റേജിൽ ഏതോ ഒരു ഗായിക ബംഗാളി ഗാനം ആലപിക്കുന്നു. സമയം ഇരുട്ടിയതിനാൽ ഞങ്ങൾ തിരിച്ചിറങ്ങി.
ഞങ്ങളുടെ
ഹോട്ടലിൽ റെസ്റ്റോറന്റ്റ് ഉണ്ടെങ്കിലും നല്ല മീൻ വിഭവങ്ങൾ
കഴിക്കാൻ ആഗ്രഹിച്ചു പോയത് കാരണം അത്താഴം പുറത്തെവിടെയെങ്കിലും ആക്കാം എന്ന് വിചാരിച്ചു. ഇവിടുത്തെ റെസ്റ്റോറൻറ്റുകൾ മിക്കതും ഒൻപതു മണിക്ക് മുൻപേ അടക്കുമെന്ന ഞങ്ങളുടെ ഡ്രൈവർ പറഞ്ഞിരുന്നു. കെട്ട്യോളുമാരെ ഹോട്ടലിൽ ആക്കി ഞാനും നബീലും സീ ഫുഡ് റെസ്റ്റോറന്റ്
തപ്പി പുറത്തിറങ്ങി. ഒരു പത്തു മിനിട്ട്
നടന്നപ്പോൾ
"Pakwan Sea food restaurant" കണ്ണിൽ
പെട്ടു. കേറി നോക്കി, ആരുമില്ല, ടേബിൾ
എല്ലാം ഒഴിഞ്ഞു കിടക്കുന്നു. റിസപ്ഷനിൽ ഇരിക്കുന്ന ചേട്ടൻ
മാത്രം. ആളുകേറാത്ത ഹോട്ടലിൽ ഫുഡ് പറഞ്ഞാൽ കുളമാകുമോ
എന്ന് പേടി. പക്ഷെ സമീപത്തൊന്നും മറ്റൊരു സീ ഫുഡ് റെസ്റ്റോറന്റ്
കാണാത്തതിനാൽ ഓർഡർ ചെയ്തു. ഫുഡ്
എത്തുമ്പോഴേക്കും ഞങ്ങളുടെ കെട്യോളുമാരും ഗൂഗിൾ മാപ്പ് നോക്കി അങ്ങോട്ടെത്തി. ഇവിടെ കസ്റ്റമേഴ്സ് പറയുന്ന മീൻ അപ്പൊ തന്നെ
വെട്ടി കറി വച്ചോ, ഫ്രൈ
ചെയ്തോ തരികയാണ്. മീനിന്റെ
വലിപ്പത്തിനനുസരിച്ചാണ്
ഡിഷിന്റെ വില. തവ ഫിഷും,
തന്തൂരി ഫിഷുമാണ് ഞങ്ങൾ പറഞ്ഞത്. സാധനം വന്നു. ഒരു രക്ഷയുമില്ല. കിടിലൻ
ടേസ്റ്റ്. നാട്ടിൽപോലും ഇത്രയും സ്വാദുള്ള മീൻ കഴിച്ചിട്ടില്ല. എന്തായാലും
ആൻഡമാനിൽ ആദ്യത്തെ ഫിഷ് ഫുഡ് എൻകൗണ്ടർ
മോശമായില്ല. അത്താഴവും കഴിഞ്ഞു നേരെ ഞങ്ങളുടെ താമസ
സ്ഥലത്തേക്ക് നടന്നു. സമയം പത്താവാറായി. ഇവിടുത്തെ
സമയം വച്ച് നോക്കുമ്പോ നട്ടപ്പാതിരയോടടുക്കാറായി. നാളെ
നേരത്തെ എണീക്കാൻ ഉള്ളതിനാൽ നേരെ ബെഡിലേക്ക് ചാഞ്ഞു.
നാളെ
പോകാനുള്ളത് റോസ്സ് , നോർത്ത് ബേ ദ്വീപുകളിലേക്കാണ്. അതിന്റെ വിശേഷങ്ങൾ
അടുത്ത അധ്യായത്തിൽ.
(തുടരും..)
Nice one…..
ReplyDeleteThnQ
Deletewoh
ReplyDeleteThnQ
DeleteAdipoli
ReplyDeleteThnQ
DeleteSabash
ReplyDeleteThnQ
Delete