കന്യാകുമാരി
ഒരു മയിലിൻ്റെ കരച്ചിൽ കേട്ടാണ് രാവിലെ ഞെട്ടിയെണീറ്റത്. ഇന്നലെ വൈകുന്നേരം റൂമിനു വെളിയിൽ കുറെ മയിലുകളെ കണ്ടിരുന്നു. കെട്ട്യോൾ ട്രാൻസ്ഫർ കിട്ടി തിരുവനന്തപുരം വന്നു താമസം തുടങ്ങിയ സമയം, എന്നും രാവിലെ എട്ടുമണിയോടെ ഞങ്ങളുടെ ക്വാർട്ടേഴ്സിൽ ഇതുപോലെ മയിലിൻ്റെ ശബ്ദം കേൾക്കുമായിരുന്നു. എന്നാലും ഡെയിലിഎട്ട് മണിക്ക് കറക്ടായി കരയുന്ന മയിൽ ഏതാണെന്നുള്ള അന്വേഷണം എത്തി നിന്നത് രാവിലെ വരുന്ന പാൽക്കാരൻ ചേട്ടനിലേക്കാണ്. ചേട്ടൻ്റെ ഹോണിൻ്റെ ശബ്ദമായിരുന്നു അത്. കെട്ട്യോൾ വിചാരിച്ചത് ഞാൻ അവളെ പറ്റിച്ചതാണെന്നാണ്. എന്നാൽ സത്യത്തിൽ ഞാനും അത് മയിൽശബ്ദം ആണെന്നാണ് അത്രയും കാലം വിചാരിച്ചിരുന്നത്. എന്തായാലും ഇന്ന് കേട്ട ശബ്ദം ഒറിജിനൽ മയിലിൻ്റെതു തന്നെയായിരുന്നു.
എണീറ്റ് പല്ലുതേച്ചു സൂര്യോദയം കാണാൻ ഇറങ്ങി. കന്യാകുമാരിയിൽ വന്നിട്ട് സൂരോദയം കാണാതെ തിരിച്ചു പോകുന്നത് എങ്ങനെയാണു ?. ഞങ്ങൾ എത്തുമ്പോഴേക്കും സൺറൈസ് പോയിന്റിലൊക്കെ നല്ല തിരക്കായിട്ടുണ്ട്. ആൾക്കാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥ. പ്രത്യേകിച്ചും വാരാന്ത്യം കൂടിയാണല്ലോ. കന്യാകുമാരി പീറിലേക്ക് നടന്നു. കടലിൽ കല്ലിട്ടുണ്ടാക്കിയ ഒരു കടൽപ്പാലമാണിത്. കുറേദൂരം കടലിലേക്ക് നടക്കാം ഇതുവഴി. അതിൻ്റെ അറ്റത്തു സ്ഥാനം പിടിച്ചുകൊണ്ട് അരുണകിരണ ദർശനത്തിനായി കണ്ണുകൾ പരക്കെ തുറന്നു. അല്പനേരത്തിനുള്ളിൽത്തന്നെ ചക്രവാളത്തിൽ സൂര്യോദയം കണ്ട് തുടങ്ങി. ആളുകൾ ആരവം മുഴക്കിത്തുടങ്ങി. മൊബൈൽ ക്യാമറകൾ ചറപറാ കൺചിമ്മിത്തുറന്നു. ചെറുമഴയത്ത്, ആ തണുത്ത കാറ്റിൽ സൂര്യോദയം കണ്ടത് മറക്കാനാവാത്ത ഒരോർമ്മയായിരുന്നു
ഭഗവതിയമ്മൻ ക്ഷേത്രം
വിശപ്പിൻ്റെ വിളി വന്നു തുടങ്ങിയിരിക്കുന്നു. അടുത്തുള്ള കടയിൽ നിന്ന് നല്ല നെയ്റോസ്റ്റിന്റെ മണം. നേരെയങ്ങു കേറി ആഗ്രഹമറിയിച്ചു. പക്ഷെ ചായേം ദോശയും വരാൻ കുറെയേറെ കാത്തിരിക്കേണ്ടി വന്നു. അത്രക്ക് തിരക്കുണ്ടായിരുന്നു. വരുന്ന വഴി കന്യാകുമാരി ഭഗവതിയമ്മൻ ക്ഷേത്രത്തിലും കയറി. ബാണാസുരൻ കന്യാകുമാരി അടക്കി വാണ സമയം, അസുരൻ്റെ ക്രൂരതകളിൽ ദേവൻമാർ നെട്ടോട്ടമോടുന്ന സമയം. ഭഗവതി ബാണാസുര നിഗ്രഹത്തിനായി കന്യാകുമാരിയിൽ കുമാരിയെന്നപേരിൽ ഭൂജാതയായി. കന്യകയായ ഒരു പെൺകുട്ടിയെ കൊണ്ട് മാത്രമേ ഈ അസുരനെ നിഗ്രഹിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പെൺകുട്ടി വളർന്നു വരികെ ശിവ ഭഗവാനിൽ ആകൃഷ്ടയായി. ശിവൻ ഭഗവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. സൂര്യോദയത്തിനു മുൻപുള്ള ബ്രഹ്മമുഹൂർത്തമായിരുന്നു കല്യാണസമയമായി തീരുമാനിച്ചിരുന്നത്. കല്യാണത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ശിവൻ പുലർച്ചെ തന്നെ കന്യാകുമാരിക്കടുത്തുള്ള ശുചീന്ദ്രത്തിൽ നിന്ന് വിവാഹത്തിനായി യാത്ര ആരംഭിച്ചു. എന്നാൽ കല്യാണം നടന്നാൽ ദേവിയുടെ ബാണാസുര നിഗ്രഹം നടക്കില്ല എന്ന് മനസ്സിലാക്കിയ നാരദൻ ഒരു കോഴിയായി കൂവി. കോഴിക്കൂവൽ കേട്ട ശിവൻ നേരം പുലർന്നെന്നും, മുഹൂർത്തം കഴിഞ്ഞുപോയെന്നും കരുതി ശുചീന്ദ്രത്തിലേക്ക് തിരിച്ചു പോയി. എന്നാൽ ഏറെനേരം ശിവനെ കാത്തിരുന്ന കുമാരി താൻ കബളിക്കപ്പെട്ടെന്ന് കരുതി രോഷാകുലയായി. വിവാഹത്തിനായി ഒരുക്കിവച്ച ഭക്ഷണമെല്ലാം വലിച്ചെറിഞ്ഞു. കന്യാകുമാരിയിലാകെ ചിതറിപ്പോയ ഈ ആഹാരപദാർത്ഥങ്ങൾ ആണത്രേ ഇവിടുത്തെ മണ്ണിനു പലനിറങ്ങൾ നൽകിയത്. പിന്നീട് കുമാരി ബാണാസുരനെ വധിക്കുകയും ശിവനെ വിവാഹം ചെയ്യുകയുമാണ് ഉണ്ടായത്.ഇതാണത്രേ കന്യാകുമാരി ഭഗവതി അമ്മാൻ ക്ഷേത്രത്തിൻ്റെ ഐതിഹ്യം. ഇതിനോടനുബന്ധിച്ചു മറ്റൊരു കഥകൂടി പ്രചാരത്തിൽ ഉണ്ട്. കുമാരിയുടെ വിവാഹവേഷത്തിലുള്ളതാണ് ഭഗവതിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുമാരിയുടെ മൂക്കുത്തിയിൽ നിന്ന് പ്രതിഫലിക്കുന്ന വെളിച്ചം ഒരിക്കൽ ഒരു നാവികനെ തെറ്റിദ്ധരിപ്പിച്ചു. മൂക്കുത്തിയിലെ വെളിച്ചം ഏതോ ലൈറ്റ് ഹൌസിൽ നിന്നുള്ളതാണെന്നു തെറ്റിദ്ധരിച്ച് അയാൾ കന്യാകുമാരിയിലേക്ക് കപ്പൽ അടുപ്പിക്കുകയും, കരയിലെ കൽക്കെട്ടിലിടിച്ച് കപ്പൽ തകരുകയും ചെയ്തു. ഇതിനെത്തുടർന്ന് വീണ്ടും ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനായി ക്ഷേത്രത്തിലെ കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുകയാണ് ഉണ്ടായത്. വർഷത്തിൽ അഞ്ചുദിവസം മാത്രമാണ് ഇപ്പോൾ ഈ വാതിൽ തുറക്കുന്നത്. ആയിരക്കണക്കിന് ഭക്തരും, സഞ്ചാരികളും ഇന്നിവിടം സന്ദർശിക്കുന്നു. ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ വിവേകാനന്ദപ്പാറയിലേക്ക് ബോട്ട്കയറാൻ ആളുകൾ ക്യൂ നിക്കുന്നത് കാണാമായിരുന്നു. എട്ടുമണിക്കേ ബോട്ട് സർവീസ് തുടങ്ങുകയുള്ളൂ. എന്നാൽ ഇപ്പോൾത്തന്നെ ക്യൂവിൽനിറയെ ആൾക്കാരുണ്ട്.
വിവേകാനന്ദപ്പാറ
ബോട്ട് സർവീസ് തുടങ്ങാൻ ഇനിയും സമയം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ഗസ്റ്റ് ഹൌസിൽ പോയി റെസ്റ്റ് എടുത്തു തിരിച്ചു വന്നു. വന്നപ്പോഴും ക്യൂവിന് മാറ്റമൊന്നും ഇല്ല. ക്യൂ നീണ്ട് നീണ്ടു പുറത്തെ മെയിൻ റോഡ് വരെ നീളുന്നുണ്ട്. ടിക്കറ്റ് എടുക്കാനുള്ള ക്യൂവിൽ യാത്ര ചെയ്യാനുള്ള എല്ലാ ആളുകളും കേറി നിൽക്കണം എന്നതാണ് മറ്റൊരു പ്രശ്നം. ആരെക്കിലും ഒരാൾ മാത്രം ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. അങ്ങനെ ഞങ്ങൾ നാലുപേരും ക്യൂവിൽ കുറെ നേരം വെയിലുകൊണ്ട് നിന്നു. രാവിലെയാണെങ്കിലും നല്ല ചൂടുണ്ട്. കുട്ടികളൊക്കെ അസ്വസ്ഥരായി കരയുന്നു. ക്യൂ വളഞ്ഞുപുളഞ്ഞങ്ങനെ പോകുന്നു. അവസാനം ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ ടിക്കറ്റു കിട്ടി. അമ്പതു രൂപയാണ് ഒരാൾക്ക് നിരക്ക്. 200 രൂപ കൊടുത്താൽ സ്പെഷ്യൽ ടിക്കറ്റു കിട്ടും. അതെടുത്താൽ ടിക്കറ്റ് കൌണ്ടർ വരെയുള്ള വലിയ ക്യൂ ഒഴിവാക്കാം. ടിക്കറ്റ് എടുത്തു വീണ്ടും അടുത്ത ക്യൂവിലേക്ക്. ബോട്ടിൽ കയറാനുള്ള തിരക്കാണ്. രണ്ട് ബോട്ടുകളാണ് ഇവിടെ ഉള്ളത്. അത് തുടർച്ചയായി അങ്ങോട്ടും ഇങ്ങോട്ടും ഷട്ടിൽ അടിച്ചുകൊണ്ടിരിക്കുകയാണ്. വീണ്ടും ഒരുമണിക്കൂറോളം എടുത്തു ബോട്ടിനകത്ത് കയറിപ്പറ്റാൻ. സാധാരണയായി വിവേകാന്ദന്ദപ്പാറയും അതിനടുത്തുള്ള തിരുവള്ളുവർ പ്രതിമയും സന്ദർശിച്ചാണ് ബോട്ട് തിരികെയെത്തിക്കുന്നത്. എന്നാൽ ഇത്തവണ തിരുവള്ളുവർ പ്രതിമയിലേക്കുള്ള പ്രവേശനം അറ്റകുറ്റപ്പണികൾ കാരണം നിർത്തിവച്ചിരിക്കുകയായിരുന്നു. തമിഴ് കവി തിരുവള്ളുവരുടെ സ്മരണാർത്ഥം നിർമ്മിച്ചിട്ടുള്ള, 41 മീറ്റർ ഉയരമുള്ള ഈ പ്രതിമ 2000 ജനുവരി ഒന്നാം തീയതിയാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. കഴിഞ്ഞ തവണ വന്നപ്പോഴും എനിക്കിവിടം സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. കരയിൽ നിന്ന് അഞ്ചുപത് മിനിറ്റിൽ തന്നെ വിവേകാനന്ദപ്പാറയിൽ എത്തും. 20 രൂപ കൊടുത്ത് ഇവിടുത്തെ പ്രവേശനനത്തിനു വീണ്ടും ടിക്കറ്റ് എടുക്കണം. പാവനമായ ഈ പാറയിൽ പാദരക്ഷകൾ അനുവദിച്ചിട്ടില്ല. ചെരുപ്പ് സൂക്ഷിക്കാൻ പ്രത്യേകം സ്ഥലം ഉണ്ട്. ചെരിപ്പിടാതെ ചൂടുപിടിച്ച പാറയിൽ ചവിട്ടുന്നത് ഒരു ബൂംചിക്കാ വൗ വൗ മൊമെൻറ്റ് ആയിരുന്നു. വെയിൽ മാറ്റി നിർത്തിക്കഴിഞ്ഞാൽ വളരെ ശാന്തവും സമാധാനം തരുന്നതുമായ ഒരന്തരീക്ഷമാണ് ഇവിടുത്തേത്. നല്ല തണുത്ത കാറ്റും. വിവേകാനന്ദൻ ധ്യാനത്തിനായി ഈ സ്ഥലം തിരഞ്ഞെടുത്തതിൽ അദ്ഭുതമില്ല. മൂന്നു ദിനരാത്രങ്ങളാണത്രെ വിവേകാനന്ദൻ ഇവിടെ ധ്യാന നിമഗ്നനായിരുന്നത്. സ്വാമി വിവേകാനന്ദൻ്റെ സ്മരണാർത്ഥം ഇവിടെ 1970-ൽ ഒരു സ്മാരകം നിർമ്മിച്ചു വിവേകാനന്ദൻ്റെ ഒരു പൂർണകായ പ്രതിമയും ഇതിനകത്തുണ്ട്. ഇതിൻ്റെ ഒരു ധ്യാനമുറിയും പണി കഴിപ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് ധ്യാനിക്കാനായി ഈ മുറി ഉപയോഗപ്പെടുത്താം.
വെയിൽ കനക്കും മുൻപ് ഞങ്ങൾ അവിടെനിന്നും ഇറങ്ങി. എന്നാലും ഉള്ളവയിലിൻ്റെ കാഠിന്യത്തിൽ തന്നെ എല്ലാരും തളർന്നിരുന്നു. വെളിയിൽ എത്തി ഒരു ജ്യൂസും കുടിച്ച് നേരെ ഗസ്റ്റ്ഹൌ സിലേക്ക് വിട്ടു. ഊണ് അവിടെ നേരത്തെ തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഭക്ഷണവും കഴിച്ചു ഒരുറക്കവും പാസ്സാക്കി ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് നടന്നു.
കന്യാകുമാരി ലൈറ്റ് ഹൌസ്
ഞങ്ങളുടെ ഗസ്റ്റ് ഹൌസിൻ്റെ നേരെ മുൻപിൽ തന്നെയായിരുന്നു കന്യാകുമാരിയിലെ ലൈറ്റ് ഹൌസ്. സാധാരണ ഞാൻ കണ്ടിട്ടുള്ള ലൈറ്റ് ഹൌസുകളിൽ നിന്നും ഒരൽപ്പം വ്യത്യസ്തമാണ് ലൈറ്റ് ഹൌസ്. വൃത്താകൃതിയിലുള്ള ഗോപുരമാണ് ഒട്ടുമിക്കയിടങ്ങളിലും കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ചതുരാകൃതിയിലുള്ള ഗോപുരമാണ്. അതിനു മുകളിൽ റഡാർ പോലെ എന്തോ ഒന്ന് കറങ്ങുന്നുണ്ട്. അതിനു താഴെയാണ് കറങ്ങുന്ന ലൈറ്റ് ഉള്ളത്. മുകളിലേക്ക് കയറാൻ ലിഫ്റ്റ് സൗകര്യമുണ്ട്. ഗ്ലാസ് ചുമരുകളുള്ള ലിഫ്റ്റിൽ പതിയെ മുകളിലോട്ട് പോകുമ്പോൾ പതുക്കെ കന്യാകുമാരിയുടെ പനോരാമിക് ദൃശ്യം വ്യക്തമായി തുടങ്ങും. സന്ദർശകർ കുറവായതിനാൽ കുറേനേരം ഞങ്ങൾ അവിടെ ചിലവഴിച്ചു.
മായാപുരി മെഴുകു മ്യൂസിയം
കന്യാകുമാരി റെയിൽവെ സ്റ്റേഷൻ എൻട്രൻസിനടുത്തായാണ് മായാപുരി സ്ഥിതി ചെയ്യുന്നത്.ഇന്ത്യയിലെ തന്നെ പ്രശസ്തനായ മെഴുകു ശില്പി, മലയാളിയായ സുനിൽ കാന്തല്ലൂരാണ് ഇവിടെ ഇങ്ങനെ ഒരു വാക്സ് മ്യൂസിയം ഒരുക്കിയത്. ലോക പ്രശസ്തമായ മാഡം തുസാഡ്സ് മെഴുകു മ്യൂസിയം പോയിക്കാനാണ് പറ്റാത്തതുകൊണ്ട് ഈ മ്യൂസിയം എന്നെ തൃപ്തിപ്പെടുത്തി. എപിജെ അബ്ദുൽ കാലം, അമിതാബ് ബച്ചൻ ,ഐൻസ്റ്റീൻ, ഒബാമ അങ്ങനെ ഒരുപാട് പ്രമുഖരുടെ മെഴുകു പ്രതിമകൾ ഇവിടെ കാണാം, ഇത് കൂടാതെ ഒരു 3D ആര്ട്ട് ഗാലറി, VR തിയേറ്റർ, 9D മൂവീ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മെഴുകു മ്യൂസിയം മാത്രമായി 120 രൂപയാണ് ടിക്കറ്റ് നിരക്ക്. എല്ലാം വേണെമെന്നുണ്ടെങ്കിൽ 400 രൂപയുടെ കോംബോ ടിക്കറ്റെടുക്കാം. അവിടെത്തെ സ്റ്റാഫുകൾ മിക്കവരും മലയാളികളാണ്. സുനിൽ കാന്തല്ലൂരിന് തിരുവനന്തപുരത്തും ഒരു മെഴുകു മ്യൂസിയം ഉണ്ട്.
ത്രിവേണി സംഗമം
മെഴുകു മ്യൂസിയത്തിൽ നിന്നിറങ്ങി ഒരു ചായയും കുടിച്ചു ഞങ്ങൾ നേരെ ചെന്നത് ത്രിവേണി സംഗമം കാണാനായിട്ടാണ്. അറബിക്കടലും , ഇന്ത്യൻ മഹാസമുദ്രവും , ബംഗാൾ ഉൾക്കടലും ഒന്നിച്ചു ചേരുന്നിടം. ഇന്നൊരല്പം രൗദ്രഭാവത്തിലാണ് കടലുള്ളത്, എന്നാലും ആളുകൾ വെള്ളത്തിലിറങ്ങി സ്നാനം ചെയ്യുന്നുണ്ടായിരുന്നു. അതിന് പുറകിലായി ഒരു കൽമണ്ഡപമുണ്ട്. കുറേപ്പേർ അവിടെയും ഇരുന്നു വിശ്രമിക്കുന്നുണ്ട്. കടൽക്കാറ്റേറ്റ് ഇങ്ങനെ നിൽക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല. ഇരുട്ടവാറായി. ഞങ്ങൾ മുന്നോട്ടു നീങ്ങി. അതിനടുത്തായി കുറെ കൊച്ചുകൊച്ചു കടകളുണ്ട്. കന്യാകുമാരിയുടെ ഓർമ്മക്കായി എന്തെങ്കിലും വാങ്ങിക്കണമെന്നു വിചാരിക്കുകയായിരുന്നു. എല്ലാത്തിനും നല്ല വിലക്കുറവാണ്. ആവശ്യത്തിലേറെ സാധനങ്ങൾ വാങ്ങിച്ചു. ഷെല്ലുകൊണ്ടുള്ള മാലയും, വളയും, അലങ്കാരവസ്തുക്കളും അങ്ങനെ കുറെ.
ഇരുട്ടുവീണിരിക്കുന്നു. കടൽത്തീരത്തായി ഒരു ഫുഡ്കോർട്ടുണ്ട്, Sea shore food court. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, സീ ഫുഡ്, ചാട്ട്, വെജിറ്റേറിയൻ എല്ലാത്തിനും പ്രത്യേകം , പ്രത്യേകം കൗണ്ടറുകൾ ഉണ്ട്. എല്ലാത്തിനുംകൂടി ഒരു ബില്ലിംഗ് കൌണ്ടർ ആണുള്ളത്. ആദ്യമേ ബില്ലിംഗ് കൗണ്ടറിൽ പൈസ കൊടുത്തു ഒരു പ്രീപെയ്ഡ് കാർഡ് മേടിക്കണം. അത് വച്ചാണ് ഇവിടുത്തെ കൗണ്ടറുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യുന്നത്. ഓർഡർ തുകക്കനുസരിച്ചു കാർഡിൽനിന്നും ബാലൻസ് കുറയ്ക്കും. പ്രീപെയ്ഡ് കാർഡിൽ ബാലൻസ് ബാക്കിയുണ്ടേൽ അത് റീഫണ്ട് ചെയ്തെടുക്കാം. ഇവിടെ ഫുഡിന് റേറ്റ് ഒരൽപം കൂടുതലാണ്, എന്നാൽ ആംബിയൻസും, സർവീസും അതിനെ ഒരു പരിധിവരെ മറച്ചുവയ്ക്കും. ഫുഡും കഴിച്ച് നേരെ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു. ഇനി നല്ലൊരുറക്കം പാസാക്കണം. നാളെ രാവിലെ കന്യാകുമാരിയിൽ നിന്നും യാത്ര തിരിക്കും. തിരുനെൽവേലി - തൂത്തുക്കുടി വഴി ധനുഷ്കോടി ചെന്നെത്തണം. അപ്പോ അതിൻ്റെ വിശേഷങ്ങളുമായി അടുത്ത ഭാഗത്തിൽ കാണാം.
(തുടരും)
#oru_tamizh_kadha
#tn_road_trip_diary_part_2
വായിക്കാൻ നല്ല രസം😊
ReplyDelete