Tuesday, October 2, 2018

നീലക്കുറിഞ്ഞി പൂത്തപ്പോൾ


                        സമയം നട്ടപ്പാതിര മൂന്നര മണി. നല്ലപോലെ കിടന്നുറങ്ങിയ ഞാൻ അറിയാതൊന്നുണർന്നു. തിരുച്ചിറപ്പള്ളി 30 കിലോമീറ്റർ എന്ന  ബോർഡ് റോഡിലെ അരണ്ട വെളിച്ചത്തിലും ഞാൻ വ്യക്തമായി കണ്ടു. തിരിഞ്ഞു കിടന്നു പക്ഷെ ഉറക്കം വന്നില്ല. എന്തോ ഒരു പന്തികേട് പോലെ. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുന്നു. ചുറ്റിലും നോക്കി. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. വീണ്ടും അതെ ശബ്ദം ആവർത്തിക്കപ്പെടുന്നു. എന്തായിരിക്കുമത് ? ഞാൻ ചുറ്റിലും കാതോർത്തു... ദൈവമേ ..അത് ??!!

*********************************

നീലക്കുറിഞ്ഞി പൂത്തത് കാണണമെങ്കിൽ എന്ത്  ചെയ്യണം ? കൊച്ചിക്ക് ട്രെയിന് കേറണം അവിടുന്നങ്ങോട്ട് ബസ്സും. രാവിലെ മൂന്നാറിൽ എത്തുന്നു, കാണുന്നു, വൈകുന്നേരം തിരിക്കുന്നു. സോ സിമ്പിൾ ല്ലേ ? ഞാനും അത്രേ വിചാരിച്ചുള്ളൂ. പക്ഷെ എൻ്റെ കുറിഞ്ഞി കാണാനുള്ള യാത്ര പക്ഷെ  ഒട്ടനവധി ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. 

മാസങ്ങൾ  മുന്നേ തന്നെ ഇരവികുളത്തേക്കുള്ള എൻട്രി പാസ്സും, മുന്നാറിലേക്കുള്ള ബസ് ടിക്കറ്റും മുൻകൂട്ടി തന്നെ ബുക്ക് ചെയ്തിരുന്നു. അപ്പോഴാണ് ഒന്നാമത്തെ ട്വിസ്റ്റ് കടന്നു വരുന്നത്. ഉരുൾ പൊട്ടലും കനത്ത മഴയും കാരണം മൂന്നാറിലേക്കുള്ള ഗതാഗതം സ്തംഭിച്ചു, ട്രിപ്പ് മുടങ്ങി. പക്ഷെ ഭാഗ്യത്തിന് വിസിറ്റിംഗ് ഡേറ്റ് മാറ്റിക്കിട്ടി. അങ്ങനെ രണ്ടാമത്തെ തവണ പോകാനിരുന്നപ്പോഴാണ് രണ്ടാമത്തെ ട്വിസ്റ്റ്. കഷ്ടകാലം റോക്കറ്റും കേറി വന്നിരിക്കുന്നു.  ശ്രീഹരിക്കോട്ടയിലേക്കൊരു ഒഫീഷ്യൽ ടൂർ. അങ്ങനെ നീലക്കുറിഞ്ഞിയെ അടുത്ത സീസണിലേക്ക് വിട്ടുകൊണ്ട്  ഞാൻ  ശ്രീഹരിക്കോട്ടയ്ക്ക് വച്ച് പിടിച്ചു. പക്ഷെ വീണ്ടും പടച്ചോൻ കാ ബഹുത്  വലിയ കനിവ്. ശ്രീഹരിക്കോട്ടെലെ മ്മടെ പണി മൂന്നാർ പ്ലാനിന്റെ രണ്ടീസം മുന്നേ തന്നെ തീർന്നു. പിന്നെ ഒന്നും നോക്കാൻ നിന്നില്ല, ചെന്നെയിൽ നിന്ന് രാത്രി മൂന്നാറിലേക്ക് വണ്ടി കേറി. അപ്പൊ ദാ വരുന്നു കഥയിലെ മൂന്നാമത്തെ ട്വിസ്റ്റ്.

സമയം നട്ടപ്പാതിര മൂന്നര മണി. നല്ലപോലെ കിടന്നുറങ്ങിയ ഞാൻ അറിയാതൊന്നുണർന്നു. തിരുച്ചിറപ്പള്ളി 30 കിലോമീറ്റർ എന്ന  ബോർഡ് റോഡിലെ അരണ്ട വെളിച്ചത്തിലും ഞാൻ വ്യക്തമായി കണ്ടു. തിരിഞ്ഞു കിടന്നു പക്ഷെ ഉറക്കം വന്നില്ല. എന്തോ ഒരു പന്തികേട് പോലെ. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുന്നു. ചുറ്റിലും നോക്കി. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. വീണ്ടും അതെ ശബ്ദം ആവർത്തിക്കപ്പെടുന്നു. എന്തായിരിക്കുമത് ?? ദൈവമേ ..അത് ??!!

 അപ്പോഴാണ് ഞാനാ നഗ്ന സത്യം മസ്സിലാക്കിയത്. ശബ്ദം വേറെവിടുന്നുമല്ല എന്റെ വയറ്റിൽ നിന്ന് തന്നെയാണ്. കൂടെ വയറ്റിലാകെ ഒരു ഉരുണ്ടുകയറ്റവും. ഫുഡ് ഇൻഫെക്ഷൻ ആയോ എന്നൊരു സംശയം. ഇത് അത് തന്നെ, രാത്രി കഴിച്ച ഹൈദരാബാദ് ദം ബിരിയാണി പണി തന്നതാണ്. ശെടാ ആ ഹോട്ടലിനാണല്ലോ ഞാനിന്നലെ അടിപൊളി ഫുഡാണ്, മസ്റ്റ് ഈറ്റ് എന്നൊക്കെ പറഞ്ഞു റിവ്യൂ ഇട്ടതു. സോറി, റിവ്യൂ തിരിച്ചെടുത്തിരിക്കുന്നു.
ഞാൻ ബസ്സിന്റെ പുറകിൽ നിന്ന് മുന്നിലേക്കും തിരിച്ചും രണ്ടു മൂന്ന്‌ തവണ നടന്നു. വയറ്റിലെ അസ്വസ്ഥത കൂടിക്കൂടി വരുന്നു. ഉറങ്ങാനാണേൽ പറ്റുന്നുമില്ല. അവസാനം ഡ്രൈവർ ഉസ്താദിനെ ആവശ്യമറിയിച്ചു. ഉസ്താദ് ദക്ഷിണ വെക്കാനൊന്നും പറഞ്ഞില്ല. തിരുച്ചിറപ്പള്ളി ജംഗ്ഷനിലുള്ള അവരുടെ ഓഫീസിൽ ചേർത്തങ്ങട് നിർത്തി. അവിടെ ടോയ്ലറ്റും , റെസ്റ്റ്റൂമും ഉണ്ടായിരുന്നു. ഉസ്താദ് വണ്ടി വിട്ടു. ഞാൻ ഒരു രണ്ടു മണിക്കൂറോളം അവിടെ വിശ്രമിച്ചു. അവിടുത്തെ  സെക്യൂരിറ്റി സെൽവൻ ചേട്ടനെ പരിചയപ്പെട്ടു. ചേട്ടനാണ് അവിടുന്നു മൂന്നാറിലേക്കുള്ള റൂട്ട് പറഞ്ഞു തന്നത്. , പോരാത്തതിന് ബസ്സ്റ്റാൻഡ് വരെ വന്നു എന്നെ വണ്ടികയറ്റി വിട്ടിട്ടാണ്  സെൽവൻ ചേട്ടൻ തിരിച്ചു പോയത് . നല്ല സ്നേഹമുള്ള മനുഷ്യൻ. 

മൂന്നാറിലേക്ക് ഡയറക്റ്റ് വണ്ടി കിട്ടിയില്ല, അതുകൊണ്ടു തേനിയിലേക്കു കയറി. തണുത്ത കാറ്റ് അടിച്ചു കയറുന്നു , വെളിച്ചം ശരിക്കും വീണുതുടങ്ങിയിട്ടില്ല. നാല് മണിക്കൂറെടുത്തു തേനിയിലെത്താൻ. അവിടെ ഇറങ്ങി ബ്രേക്ഫാസ്റ് കഴിച്ചു. TNSRTC -യുടെ ബസ്സിൽ മൂന്നാറിലേക്ക്.
 ഉർവശി ശാപം ഉപകാരം എന്നല്ലേ., സത്യം , തിരുച്ചിറപ്പള്ളിയിൽ ഇറങ്ങേണ്ടി വന്നത് നന്നായെന്ന് ഇപ്പൊ തോന്നുന്നു. കാരണം തേനി മുതൽ മൂന്നാർ വരെയുള്ള റൂട്ട്അ തിശയിപ്പിക്കും വിധം മനോഹരമായിരുന്നു. പ്രത്യേകിച്ചും ബോധിമെട്ട് വരെയുള്ള ഭാഗം. വെളുത്തവര അതിർത്തിയിടുന്ന പാത , കുണ്ടും കുഴിയും പേരിനു പോലുമില്ല , രണ്ടു വശങ്ങളിലും വയലുകളും , പച്ചപ്പും. ഇത് തമിഴ്നാട് തന്നെയാണോ എന്ന് സംശയിച്ചുപോയാൽ കുറ്റം പറയാനൊക്കില്ല. പ്രത്യേകിച്ചും ബൈക്ക് യാത്രക്ക് പറ്റിയ ഇടം. രാത്രിയാത്ര ആയിരുന്നെകിൽ ഇതെല്ലം മിസ്സ് ചെയ്തേനെ. 

നാഷണൽ ഹൈവേ 85 ന്റെ ഭാഗമാണ് ഈ വഴി. ബോഡിനായ്ക്കന്നൂർ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു പോയാൽ കോട്ടഗുഡി റോഡ് ജംഗ്ഷൻ എത്തും, ഇവിടെനിന്ന് ഒരു വഴി കുരങ്ങാണി ട്രെക്കിങ്ങ് ക്യാംപിലേക്കും , മറ്റേ വഴി മുന്നാറിലേക്കും നീളുന്നു. മൂന്നാർ റൂട്ടിലെ ചുരം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ചുരം റോഡിന്റെ ഭംഗി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ വയനാട് ചുരമൊക്കെ തോറ്റുപോകും. ചുരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗമാണ് ബോഡിമെട്ട്. സഹ്യന്റെ ഒരു വശത്തുകൂടി ചുരം കയറി , മറ്റേ വശത്തുകൂടി മുന്നാറിലേക്കിറങ്ങുന്നു. ബോഡിമെട്ട് കഴിഞ്ഞല്പ്പനേരം കൂടി പോയാൽ കേരള ബോർഡറായി. പിന്നീടങ്ങോട്ടുള്ള കാഴ്ചകൾ കുറച്ചു പേടിപ്പെടുത്തുന്നതായിരുന്നു. നിരവധി പേരുടെ ജീവനെടുത്ത പ്രളയത്തിന്റെയും, ഉരുള്പൊട്ടലിന്റെയും ബാക്കി പത്രങ്ങൾ. ഇവിടുന്നു മൂന്നാർ വരെയുള്ള റോഡ് മൊത്തം തകർന്നു കിടക്കുകയാണ്. നിറയെ ട്രാഫിക് ബ്ലോക്കും.  മണ്ണിടിഞ്ഞ കുന്നുകളും , റോഡിലേക്കിറങ്ങിയ കൂറ്റൻ പാറക്കൂട്ടങ്ങളും കണ്ടാൽ തന്നെ അന്നത്തെ ദുരന്തത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷെ എല്ലായിടത്തും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്. നമ്മൾ അതിജീവിക്കും, കാരണം നമ്മൾ മലയാളികളാണ്. 

വൈകുന്നേരത്തോടെ തന്നെ മൂന്നാറിലെത്തി , ചെറുതായി മഴ പെയ്യുന്നുണ്ട്. നല്ല തണുപ്പും. റൂമിലേക്ക് നടന്നു. ഒരാൾ കൂടി വരാനുണ്ട്. വേറാരുമല്ല എന്റെ കസിൻ നന്ദു. അവനുമുണ്ട് ഇത്തവണ കൂടെ. കഴിഞ്ഞ തവണ തിരുവനന്തപുരം കറങ്ങാൻ വന്നപ്പോ ബ്രഷും , പേസ്റ്റും എന്തിനു ഒരു ജെട്ടി പോലും എടുക്കാതെ എത്തിയ ആളാ. അതുകൊണ്ടു ഇത്തവണ കൊണ്ട് വരേണ്ട ലിസ്റ്റ് മുഴുവൻ ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. അവൻ എത്തിയപ്പോഴേക്കും സമയം ഏഴു കഴിഞ്ഞു. ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാൻ കിടന്നു.

മൊബൈലിൽ അലാറം അടിക്കുന്നതിനു മുൻപേ തന്നെ എഴുന്നേറ്റു. കുളിച്ചു റെഡിയായി. ഹോട്ടൽ റിസപ്‌ഷനിൽ ചോദിച്ചു രാജമലക്ക് പോകേണ്ട വഴി മനസ്സിലാക്കി. പഴയ മൂന്നാർ , അതായത് ഇപ്പൊ KSRTC ബസ്സ്റ്റാൻഡ് നിൽക്കുന്ന സ്ഥലം, അവിടുന്നു ജീപ്പ് കിട്ടും. 25 രൂപയാണ് ഒരാൾക്ക് ചാർജ്.  കൂടാതെ, KSRTC -യുടെ സ്പെഷ്യൽ ബസ്സുമുണ്ട്. പണ്ടേ KSRTC ഒരു വീക്നെസ് ആയതിനാൽ അതിൽ തന്നെ കേറി. ഫ്രണ്ട് സീറ്റിൽ തന്നെ ഇരുന്നു. മൂവാറ്റുപുഴക്കാരൻ പ്രദീപൻ ചേട്ടനാണ് വണ്ടിയുടെ സാരഥി. ഒരു പത്തിരുപത്തഞ്ചു മിനിറ്റിൽ രാജമല എത്തി. എൻട്രി പാസ്സ് വെരിഫൈ ചെയ്യാൻ ക്യൂ നിന്ന്. പാസിന്റെ എഴുപതു ശതമാനവും ഓൺലൈൻ വഴിയാണ് കൊടുക്കുന്നത്. ബാക്കി കൗണ്ടറുകൾ വഴിയും. രാജമലയിൽ പാസ്സ് കൊടുക്കുന്നില്ല. ഓൾഡ് മുന്നാറിലെ കൗണ്ടറിൽ നിന്ന് തന്നെ വാങ്ങണം. അതിനു തന്നെ ഒടുക്കത്തെ തിക്കും തിരക്കുമാണ്. രാജമലയിൽ വന്നു പലരും പാസ്സ് കിട്ടാതെ വിഷമിച്ചു പോകുന്നത് കണ്ടു.

രാജമല ഇരവികുളം നാഷണൽ പാർക്കിന്റെ ബസ്സിലാണ് പിന്നീടങ്ങോട്ടുള്ള യാത്ര. പോകും വഴിയിൽ അങ്ങിങ്ങായി നീലക്കുറിഞ്ഞികൾ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത് കണ്ടു. ഏതോ സെലിബ്രറ്റിസിനെ പോലെ. ശരിയാണ് കൊല്ലം കൊറേ കഴിഞ്ഞാലല്ലേ  ഇവരെ ഇനി ഈ കോലത്തിൽ കാണാൻ കഴിയുകയുള്ളൂ. അപ്പൊ കുറച്ചു ജാഡ കാണിച്ചാലും കുഴപ്പമില്ല. Strobilanthes Kunthianus എന്നാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം. 12 വര്ഷത്തിലൊരിക്കലാണ് ഇവ പൂക്കുന്നത്. നമ്മുടെ മുളയെപ്പോലെ പൂവിട്ടാൽ നശിച്ചു പോകുന്ന Monocarpic plants എന്ന വിഭാഗത്തിൽ പെടുന്നവയാണ് കുറിഞ്ഞിയും. പൂവ് കരിഞ്ഞു അൽപ്പം കഴിയുമ്പോഴേക്കുതന്നെ നീലക്കുറിഞ്ഞി ചെടിയും നശിക്കുന്നു. ഇപ്പോഴത്തെ തലമുറയിലെ വിത്തുകളിൽ നിന്നാണ് അടുത്ത തലമുറ ചെടികൾ ഉണ്ടാകുന്നത്.

അൽപ്പ ദൂരം ബസ്സിൽ യാത്ര ചെയ്താൽ നമ്മൾ മലയുടെ മുകളിൽ എത്തും , അവിടെ കുറച്ചു ദൂരം നടക്കാനുണ്ട്. ദൂരെ അങ്ങിങ്ങായി വരയാടുകളെ കാണാമായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോ കുറേയെണ്ണത്തിനെ അരികിൽ കണ്ടതാ, പക്ഷെ ഇത്തവണ എല്ലാം ദൂരെയൊളിച്ചിരിക്കുന്നു. കിഴക്കാംതൂക്കായ പാറക്കുന്നിൽ നടന്നു കേറുന്ന വരയാടുകൾ ഒരദ്‌ഭുതം തന്നെയാണ്.

പാതയുടെ രണ്ടു വശങ്ങളിലും നീലകുറിഞ്ഞികൾ പൂത്തു നിൽക്കുന്നു, ഇതിൽ ചിലവ 8 വർഷത്തിൽ പൂക്കുന്നവയാണെന്നു അവിടുത്തെ ഗാർഡ് പറഞ്ഞു. സന്ദർശകർ നീലക്കുറിഞ്ഞി പറിക്കാതെ നോക്കുക എന്ന ശ്രമകരമായ ദൗത്യം കൂടി ഇത്തവണ ഇവർക്കുണ്ട്. ഇതിനിടയിൽ പൂ നുള്ളാൻ ശ്രമിച്ച ആൾക്ക് 2000 രൂപ ഫൈൻ എഴുതിക്കൊടുത്ത്‌ മാതൃകയായി വേറൊരു ഗാർഡ്. പഴയ സീസണിലെ ഫോട്ടോയും കണ്ട് കുറിഞ്ഞി കാണാൻ പോയാൽ നിരാശയായിരിക്കും ഫലം. കാരണം ഇത്തവണ വളരെ ചെറിയ അളവിലെ പൂത്തിട്ടുള്ളൂ, അതിൽ പലതും കരിഞ്ഞും തുടങ്ങി. കൊളുക്കുമലയിലും സ്ഥിതി ഇതുതന്നെയാണ്. ഇടക്ക് പെയ്ത കനത്ത മഴ കുറിഞ്ഞിക്കാലത്തെയാകെ ബാധിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ച രീതിയിലുള്ളൊരു പൂക്കാലം കാണാനൊത്തില്ല എങ്കിലും, വര്ഷങ്ങളായുള്ളൊരു ആഗ്രഹം സഫലീകരിച്ച നിർവൃതിയിൽ വെയിൽ കനക്കുംമുമ്പേ ഞങ്ങൾ കുന്നിറങ്ങി. ഇനി ഒരു ദ്വാദശാബ്ദത്തിനു ശേഷം വീണ്ടും കാണാം എന്ന് വാക്കു കൊടുത്തുകൊണ്ട് .

വാൽക്കഷ്ണം : ഇത്രയും വിപുലമായൊരു ടൂറിസ്റ്റു സീസണിൽ, സന്ദർശകരിൽ നിന്ന് വലിയൊരു തുക പ്രവേശന ഫീസായി വാങ്ങിയിട്ടും, ശുചിമുറികളും , വെയ്റ്റിംഗ് സ്ഥലങ്ങളും വൃത്തിരഹിതമായി സൂക്ഷിച്ചത് ശരിയായില്ല. പ്രത്യേകിച്ചും വിദേശികൾ ഉൾപ്പടെയുള്ളവർ വരുന്ന സ്ഥിതിക്ക്. പിന്നെ രാജമലയിലും ഓഫ്‌ലൈൻ ടിക്കറ്റിങ് കൗണ്ടറുകൾ തുടങ്ങാമായിരുന്നു . നിരവധി പേര് ഏറെദൂരം സഞ്ചരിച്ചു വന്നിട്ട് , ടിക്കറ്റു കിട്ടാതെ തിരിച്ചു പോയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റു വെരിഫിക്കേഷന് ഒരേയൊരു കൗണ്ടർ മാത്രമാണ് ഇപ്പോൾ ഉള്ളത് , അതിനു മുന്നിലാണെങ്കിലും വലിയ ക്യൂവും. കൗണ്ടറുകളുടെ എണ്ണം കൂട്ടിയാൽ നല്ലത്

Wednesday, August 22, 2018

Its time to say thanks


#TogetherWeCan #KeralaFlood #StandWithKerala #DoForKerala


ന്യൂ ജെനറേഷൻ - സാമൂഹ്യ രാഷ്ട്രീയ ബോധമില്ലാത്തവർ, ചുറ്റും നടക്കുന്നതൊന്നും അറിയാതെ മൊബൈലിൽ തലയും കുത്തി ഇരിക്കുന്നവർ, മുടിയും താടിയും നീട്ടി കഞ്ചാവടിച്ചു നടക്കുന്നവർ. ഇത്തരത്തിലുള്ള പല അബദ്ധ  ധാരണകളേയും കാറ്റിൽ പറത്തുന്ന കാഴ്ച്ചകളാണു കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം കണ്ടത്‌.

ഫ്ലഡ്‌ റിലീഫ്‌ വളണ്ടിയറിങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്തെ രണ്ടു മൂന്നു ക്യാമ്പുകളിൽ ഞാനും പോയിരുന്നു. ഇവിടങ്ങളിലെ പുതു തലമുറയുടെ ഇടപെടൽ വളരെയധികം അദ്ഭുതകരമായിരുന്നു. ക്യാമ്പ്‌ വളണ്ടിയർമ്മാരിൽ മുക്കാൽ പങ്കും ഇന്നത്തെ തലമുറയിൽ ഉള്ളവർ ആയിരുന്നു. ജാതി മത രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ എല്ലാവരും  ഒരേ മനസ്സോടെ ആത്മാർഥമായി പ്രവർത്തിക്കുന്നത് കണ്ടു മനസ്സ് നിറഞ്ഞു.  എന്തായാലും , കേരളത്തിന്റെ ഭാവി പുതു തലമുറയിൽ തീർത്തും സുരക്ഷിതമായിരിക്കും എന്ന കാര്യം ഉറപ്പാണ്.

ആപത്തു കാലത്തു കേരളത്തെ കൂടെ നിന്നു കൈപിടിച്ചുർത്തിയ എല്ലാ വളണ്ടിയേഴ്സിനും ഒരായിരം നന്ദി.

വീട്ടിൽ തീ പുകഞ്ഞില്ലെങ്കിലും, ചെറുതായാലും തങ്ങളാൽ കഴിയുന്ന സാധനങ്ങൾ ക്യാമ്പുകളിൽ സംഭാവന ചെയ്യാനായി ഓടിയ എല്ലാ നല്ലവരായ നാട്ടുകാർക്കും, പലപ്പോഴും വണ്ടിക്കൂലി പോലും വാങ്ങാതെ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ സഹായിച്ച അനന്തപുരിയിലെ ഓട്ടോ / ടാക്സി / ലോറി ചേട്ടൻമ്മാർക്കും, സ്വന്തം ജീവൻ പണയംവച്ചു മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങി നാടിന്റെ അഭിമാനമായി മാറിയ തുമ്പയിലെയും, കോവളത്തെയും, വർക്കലയിലെയും മത്സ്യത്തൊഴിലാളി സഹോദരൻമ്മാർക്കും, എപ്പോ വിളിച്ചാലും കൂടെയെത്തുന്ന സൈന്യത്തിനും, സർവോപരി ഒരു കുടുംബാംഗത്തെപ്പോലെ ക്യാമ്പുകളിൽ വളണ്ടിയേഴ്സിന്റെ കൂടെ നിന്ന തിരുവനന്തപുരത്തിന്റെ സ്വന്തം കളക്ടർ ചേച്ചിക്കും,  ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്‌സിനും തീർത്താൽ തീരാത്തത്രയും നന്ദി

ചെറുതെങ്കിലും എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുവാനായി ഒരു പ്ലാറ്റഫോം തന്ന ട്രിവാൻഡ്രം ഹോപ്പ് ഫൗണ്ടേഷനും താങ്ക്സ് എ ടൺ. പ്രത്യേകിച്ചും വിനോദേട്ടനും , ഗായത്രിക്കും.

കുറച്ചു ദിവസമായി ഫേസ്ബുക്കിലും , വാട്സാപ്പിലും‌ കാണാത്തതിനാൽ 'ജയേഷേ നീ സേഫ്‌ അല്ലെ' എന്നു വിളിച്ചന്വേഷിച്ച എല്ലാ നോൺ മലയാളീ ഫ്രെൻഡ്സിനും ഒരായിരം നന്ദി.

Thanks to all my non-Malayali friends for their support and  prayers showered on us during these bloody floody days

ക്യാമ്പ് പ്രവർത്തനങ്ങൾക്കിടയിൽ നേരിട്ട് കാണാൻ സാധിച്ചില്ല എങ്കിലും , പ്രവർത്തിയിൽ പ്രചോദനമായിത്തീർന്ന ട്രിവാൻഡ്രം സഞ്ചാരിയിലെ സന്നദ്ധ പ്രവർത്തകർക്കും, ഒറ്റദിവസത്തത്തെ പരിചയം കൊണ്ട് ഒരായുസ്സിലേക്കുള്ള ഫ്രണ്ട്ഷിപ്പും തന്നു വണ്ടി കയറിപ്പോയ ഷഫീക്ക് ഭായിക്കും, പ്രളയത്തിൽ പുതുതായി കിട്ടിയ സൗഹൃദങ്ങൾക്കും നന്ദി ..ഒരായിരം നന്ദി

തിരിച്ചു വരും നമ്മൾ, മുൻപത്തേക്കാളും മികച്ചതായി

#LetsUnite

Friday, June 8, 2018

(ചില) നാട്ടുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്



(ഈ കഥ സാങ്കൽപ്പികമല്ല , എന്നാൽ കഥാപാത്രങ്ങൾ തികച്ചും സങ്കല്പ്പികം മാത്രം)




       തിരുവനന്തപുരത്തു നിന്നും വണ്ടി കേറി നന്മണ്ട - 13ൽ  ചെന്നിറങ്ങുമ്പോഴേക്കും കനത്ത മഴ തുടങ്ങിയിരുന്നു. രാവിലെ തന്നെ പെയ്ത മഴയെ ശപിച്ചുകൊണ്ട് ബസ് സ്റ്റോപ്പിന്റെ സൈഡിലേക്ക് കേറി നിന്നു. അപ്പൊ ദേ വരുന്നു റോഡിന്റെ മറു തലക്കൽ നിന്ന് കൈ ഉയർത്തിക്കാണിച്ചുകൊണ്ടു മ്മടെ അയൽക്കാരനായ ദിവാകരേട്ടൻ. 

"കൊടേലേക്ക് കേറിക്കോ, ഞാൻ കൊണ്ടാകാം"

"അയ്യോ വേണ്ട , അച്ഛൻ ഇപ്പൊ വണ്ടിയുമായി വരും"

"ഇവിടെ ഇങ്ങനെ മഴേം കൊണ്ട് നിക്കണ്ട , അപ്പറത്തെ പീട്യെക്കോലായിലേക്ക് ഞാൻ കൊണ്ടാകാം"

ങേ .. ഇങ്ങേർക്കിതെന്തു പറ്റി , വഴിയിൽ കണ്ടാൽപ്പോലും തിരിഞ്ഞു നോക്കാത്ത ആളാ , ഇപ്പൊ എന്താ ഇത്ര സ്നേഹം ? ഹാ എന്തേലും ആകട്ടെ . അടുത്ത കട വരാന്ത വരെ ഒരു ലിഫ്റ്റ് കിട്ടിയല്ലോ എന്നാലോചിച്ചു ഞാൻ കുടയിലേക്ക് കയറി. രണ്ടു ചുവടുവച്ചില്ല 

ദിവാരേട്ടൻ  : "പിന്നെ , ഞാളറിഞ്ഞു ട്ടോ"

ഞാൻ : "എന്ത് ?"

"കല്യാണക്കാര്യം "

"ആരുടെ "

"അന്റെ  തന്നെ "

"എന്റെയോ ? "

"പിന്നല്ലാണ്ട് , ഞാളാരും ഇതൊന്നും അറിഞ്ഞില്ലാന്നു വിചാരിച്ചല്ലേ , ഇങ്ങള് തമ്മില് പ്രേമായിരുന്നല്ലേ ? "

പടച്ചോനെ ഇയാളിതെന്തൊക്കെയാ പറയുന്നത്. എനിക്കൊന്നും മനസ്സിലായില്ല. കട വരാന്തയിൽ കേറിയത് മുതൽ എന്റെ ചിന്ത അതായിരുന്നു. 

ഉടൻ ദാ വരുന്നു അടുത്ത അവതാരം. തെക്കേതിലെ ഉണ്ണിക്കുട്ടൻ.

"അല്ല , ജയേഷേട്ടാ കല്യാണം ഒക്കെ ആയല്ലേ ?"

ദൈവമേ ഈ നാട്ടുകാർക്കിതെന്തു പറ്റി.എനിക്ക്  വട്ടായതാണോ , അതോ നാട്ടുകാർക്ക് മൊത്തത്തിൽ വട്ടായതാണോ ?

"ആരുടെ കല്യാണത്തിന്റെ കാര്യമായ ഈ പറയുന്നത് "

"അത് പിന്നെ ഇങ്ങളും ആ പടിഞ്ഞാറേ കുന്നുമ്മലെ സോമേട്ടന്റെ മോളുമായിട്ട് "

"ഏതു സോമൻ , ഏതു മോള് , ഇങ്യെന്താ ഇന്നെ ശശിയാക്കാ "

"ഇങ്ങള് ഓളെ കെട്ടാൻ പോകുന്നെന്നാണല്ലോ ഇവിടെ നാട്ടുകാര് മൊത്തം പറയുന്നത്"

അത് ശരി അപ്പൊ അതാണ് കാര്യം. ഞാൻ പോലുമറിയാതെ എന്റെ കല്യാണം ഞാൻ അറിയാത്ത, ഞാൻ കണ്ടിട്ടുപോലുമില്ലാത്ത ഏതോ ഒരു പെൺകുട്ടിയുമായി നാട്ടുകാര് നിശ്ചയിച്ചിരിക്കുന്നു. അടിപൊളി. 

കുടുംബ ശ്രീകൾ , കുടുംബ സ്ത്രീകൾക്ക് പരദൂഷണം പറയാൻ ഉള്ള ഒരിടമായി മാറിയ നമ്മുടെ നാട്ടിൽ ഇതല്ല ഇതിനപ്പുറവും കേട്ടാലേ അദ്ഭുതമുള്ളൂ . ഞങ്ങൾ രണ്ടാളും കൂടി ഒളിച്ചോടി എന്നൊന്നും അടിച്ചിറക്കാഞ്ഞത് ഭാഗ്യം. ഇതിപ്പോ എന്റെ കല്യാണക്കഥ അറിയാത്തവരായിട്ടു ഇതുവരെ ഞാനും എന്റെ അച്ഛനും , അമ്മയും മാത്രമേ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

എന്തായാലും എനിക്ക് കല്യാണം 'ഒണ്ടാക്കാനായി' നടക്കുന്ന (ചില) നാട്ടുകാരോട് പ്രത്യേകം പറഞ്ഞോട്ടെ. എന്നെ കല്യാണം കഴിപ്പിക്കാനും,  പെണ്ണ് കണ്ടുപിടിക്കാനും എന്റെ വീട്ടിൽ അച്ഛനും , അമ്മയും , കുടുംബക്കാരും ഉണ്ട്. അതിനു നിങ്ങൾ വെറുതെ കഷ്ടപ്പെട്ട് തടി കേടാക്കണം എന്നില്ല. 

ഈ നാട്ടുകാരൊക്കെ എന്താ ഇങ്ങനെ ? അതല്ലേലും അങ്ങനെയാ, മാങ്ങയുള്ള കൊമ്പിലല്ലേ എറിഞ്ഞിട്ടു കാര്യമുള്ളൂ..!! 

Friday, May 25, 2018

Sanchari Notebook Season 3

Sanchari Notebook Season 3
വർഷങ്ങൾക്ക് മുൻപുള്ള ഒരു വേനൽക്കാലം. L P സ്‌കൂളിലെ കൊല്ലപ്പരീക്ഷ തുടങ്ങുന്നതിന്റെ തലേന്നാൾ.
വള്ളി പൊട്ടിയ സ്‌കൂൾ ബാഗിൽ ആകെയുണ്ടായിരുന്ന കറുത്ത സെല്ലോ പെന്നിന്റെ ആയുസ്സ് ഏതാണ്ട് കഴിഞ്ഞ മട്ടാണ്. റീഫില്ലിന്റെ വാലിൽ ആഞ്ഞൂതിയിട്ടും നോ രക്ഷ. നിബ്ബിന്റെ സൈഡിലൂടെ ഒലിച്ചിറങ്ങിയ കറുത്ത മഷി തലയിൽ തുടച്ചു നിസ്സഹായനായി ഞാനിരുന്നു.

എവിടെ നിന്നൊക്കെയോ അമ്മ നുള്ളിപ്പെറുക്കിത്തന്ന ഇരുപത്തഞ്ചും , അമ്പതും പൈസാ നാണയത്തുട്ടുകളും  കൊണ്ട് ഞാൻ റീഫിൽ വാങ്ങാനിറങ്ങി. വീടിനടുത്തെ ആകെയുണ്ടായിരുന്ന കടയിൽ റീഫിൽ ഇല്ല. പേന മാത്രമേയുള്ളൂ , അത് വാങ്ങിക്കണമെങ്കിൽ മൂന്നു രൂപാ കൂടി അധികം വേണം. കടക്കാരൻ ചേട്ടനാണെങ്കിൽ പരിചയമുള്ള ആളും.

ഒരു പേന കടം തരുമോ എന്ന് ചോദിച്ചു. പക്ഷെ കിട്ടിയില്ല , നാളെ പരീക്ഷയാണെന്നു പറഞ്ഞു കെഞ്ചി നോക്കി. തന്നില്ല. കുറച്ചു നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്ന് നോക്കി.
തന്നില്ല എന്ന് മാത്രമല്ല , പൈസയില്ലാതെ ഇനി ഇങ്ങോട്ടു വന്നേക്കരുതെന്നും പറഞ്ഞു ഇറക്കി വിടുകയും ചെയ്‌തു.

കണ്ണ് നിറഞ്ഞിരുന്നതിനാൽ ചുറ്റും നിന്ന് കളിയാക്കി ചിരിച്ചവരുടെ  മുഖങ്ങൾ അന്നെനിക്ക് കാണാൻ കഴിഞ്ഞില്ല.
കലങ്ങിയ കണ്ണുകളുമായി വീട്ടിൽ ചെന്ന എന്നെ അമ്മ സമാധാനിപ്പിച്ചു. അടുത്ത വീട്ടിൽ നിന്ന് കടം വാങ്ങിയ മുഷിഞ്ഞ അഞ്ചു രൂപാ നോട്ടുമായി അമ്മ കടയിൽ പോയി പേന വാങ്ങിത്തന്നു.
പേനയും തന്നു അടുക്കളയിലേക്കു കേറിപ്പോയ അമ്മയുടെ കൺകോണുകളിൽ തളം കെട്ടിയ കണ്ണുനീർ  ഉള്ളി മുറിച്ചതിന്റെയോ , അടുപ്പിൽ ഊതിയതിന്റെയോ ആയിരുന്നില്ല. ആ നീറ്റൽ ഇന്നും എന്റെ മനസ്സിന്റെ ഉള്ളറകളിൽ ഒളിച്ചിരിക്കുന്നുണ്ട്.

ഇതുപോലെ നൊമ്പരപ്പെട്ട ഒരുപാട് കുഞ്ഞു ഹൃദയങ്ങൾ അന്നും ഇന്നും നമുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്. മുനയൊടിയാത്ത പെൻസിലും , മഷിയുള്ള പേനയും ആഡംബരമായി കരുതുന്നവർ, ഒരു സ്‌കൂൾ ബാഗും  , കുറച്ചു നോട്ടുബുക്കുകളും വാങ്ങാൻ  കാശില്ലാത്തതിനാൽ പഠിത്തം ഉപേക്ഷിക്കേണ്ടി വരുന്നവർ. അങ്ങനെ എത്രയോ കുട്ടികൾ. ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കുവാനുള്ള ശക്തി സ്‌കൂൾ വിദ്യാഭ്യാസത്തിനുണ്ട് എന്നനുഭവിച്ചറിഞ്ഞതിനാൽ  ചോദിക്കുകയാണ് .

"കൂടുന്നോ ഞങ്ങളുടെ കൂടെ,ഒരു നൂറു പിഞ്ചു മുഖങ്ങളിൽ പുഞ്ചിരി വിടർത്താൻ"

നിരാലംബരും , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികളെ കൈപിടിച്ചു സ്‌കൂളിലേക്കയക്കാൻ ഈ വർഷവും സഞ്ചാരി എന്ന ഞങ്ങളുടെ യാത്രാ കൂട്ടായ്മ ഒരുങ്ങിക്കഴിഞ്ഞു. പുതുമ മണക്കുന്ന നോട്ടുബുക്കും, കുഞ്ഞു ബാഗും വർണ്ണക്കുടയുമായി നമ്മുടെ കുട്ടികളോടൊപ്പം അവരും പറക്കട്ടെ , പുതിയ ഒരു  ലോകത്തേക്ക്.

ഒരു സ്‌കൂൾ കിറ്റോ അതിനുള്ള തുകയോ  സംഭാവന ചെയ്തു നിങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം

അതിൽ 10 നോട്ടുബുക്ക് വേണം.
5 പേന വേണം, 5 പെൻസിൽ വേണം
2 ഇറേസർ, 2 ഷാർപ്നേർ, 1 പെൻസിൽ ബോക്സ്
1 കുട , 2 റോൾ ബ്രൗണ് പേപ്പർ, 2 ഷീറ്റ് നെയിം സ്ലിപ്....

പിന്നെ.. കുട്ടിക്കാലത്തു കിട്ടിയെങ്കിൽ എന്നു നിങ്ങൾ ആശിച്ച എന്തെങ്കിലും ഉണ്ടെങ്കിൽ അതും..

അതുമല്ല ഒരു പെന്സിലോ, പേനയോ മാത്രമായാൽപ്പോലും നിങ്ങൾക്ക് ഡൊണേറ്റ് ചെയ്യാം. അത് തിരുവനന്തപുരത്തു എവിടെയായാലും കളക്ട് ചെയ്യാൻ ഞങ്ങളുടെ വളണ്ടിയർമാർ സസന്തോഷം തയ്യാറാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന സഞ്ചാരി വോളണ്ടിയർമ്മാരുടെ നമ്പറിൽ ബന്ധപ്പെടാം.

രാം   :   +91 9995115764
ലിജി :   +91 9496100303
അജിത്ത് : +91  8129474746


#P2BS
#sanchari_notebook_season3
#sasneham_sanchari