സമയം നട്ടപ്പാതിര മൂന്നര മണി. നല്ലപോലെ കിടന്നുറങ്ങിയ ഞാൻ അറിയാതൊന്നുണർന്നു. തിരുച്ചിറപ്പള്ളി 30 കിലോമീറ്റർ എന്ന ബോർഡ് റോഡിലെ അരണ്ട വെളിച്ചത്തിലും ഞാൻ വ്യക്തമായി കണ്ടു. തിരിഞ്ഞു കിടന്നു പക്ഷെ ഉറക്കം വന്നില്ല. എന്തോ ഒരു പന്തികേട് പോലെ. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുന്നു. ചുറ്റിലും നോക്കി. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. വീണ്ടും അതെ ശബ്ദം ആവർത്തിക്കപ്പെടുന്നു. എന്തായിരിക്കുമത് ? ഞാൻ ചുറ്റിലും കാതോർത്തു... ദൈവമേ ..അത് ??!!
*********************************
നീലക്കുറിഞ്ഞി പൂത്തത് കാണണമെങ്കിൽ എന്ത് ചെയ്യണം ? കൊച്ചിക്ക് ട്രെയിന് കേറണം അവിടുന്നങ്ങോട്ട് ബസ്സും. രാവിലെ മൂന്നാറിൽ എത്തുന്നു, കാണുന്നു, വൈകുന്നേരം തിരിക്കുന്നു. സോ സിമ്പിൾ ല്ലേ ? ഞാനും അത്രേ വിചാരിച്ചുള്ളൂ. പക്ഷെ എൻ്റെ കുറിഞ്ഞി കാണാനുള്ള യാത്ര പക്ഷെ ഒട്ടനവധി ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു.
മാസങ്ങൾ മുന്നേ തന്നെ ഇരവികുളത്തേക്കുള്ള എൻട്രി പാസ്സും, മുന്നാറിലേക്കുള്ള ബസ് ടിക്കറ്റും മുൻകൂട്ടി തന്നെ ബുക്ക് ചെയ്തിരുന്നു. അപ്പോഴാണ് ഒന്നാമത്തെ ട്വിസ്റ്റ് കടന്നു വരുന്നത്. ഉരുൾ പൊട്ടലും കനത്ത മഴയും കാരണം മൂന്നാറിലേക്കുള്ള ഗതാഗതം സ്തംഭിച്ചു, ട്രിപ്പ് മുടങ്ങി. പക്ഷെ ഭാഗ്യത്തിന് വിസിറ്റിംഗ് ഡേറ്റ് മാറ്റിക്കിട്ടി. അങ്ങനെ രണ്ടാമത്തെ തവണ പോകാനിരുന്നപ്പോഴാണ് രണ്ടാമത്തെ ട്വിസ്റ്റ്. കഷ്ടകാലം റോക്കറ്റും കേറി വന്നിരിക്കുന്നു. ശ്രീഹരിക്കോട്ടയിലേക്കൊരു ഒഫീഷ്യൽ ടൂർ. അങ്ങനെ നീലക്കുറിഞ്ഞിയെ അടുത്ത സീസണിലേക്ക് വിട്ടുകൊണ്ട് ഞാൻ ശ്രീഹരിക്കോട്ടയ്ക്ക് വച്ച് പിടിച്ചു. പക്ഷെ വീണ്ടും പടച്ചോൻ കാ ബഹുത് വലിയ കനിവ്. ശ്രീഹരിക്കോട്ടെലെ മ്മടെ പണി മൂന്നാർ പ്ലാനിന്റെ രണ്ടീസം മുന്നേ തന്നെ തീർന്നു. പിന്നെ ഒന്നും നോക്കാൻ നിന്നില്ല, ചെന്നെയിൽ നിന്ന് രാത്രി മൂന്നാറിലേക്ക് വണ്ടി കേറി. അപ്പൊ ദാ വരുന്നു കഥയിലെ മൂന്നാമത്തെ ട്വിസ്റ്റ്.
സമയം നട്ടപ്പാതിര മൂന്നര മണി. നല്ലപോലെ കിടന്നുറങ്ങിയ ഞാൻ അറിയാതൊന്നുണർന്നു. തിരുച്ചിറപ്പള്ളി 30 കിലോമീറ്റർ എന്ന ബോർഡ് റോഡിലെ അരണ്ട വെളിച്ചത്തിലും ഞാൻ വ്യക്തമായി കണ്ടു. തിരിഞ്ഞു കിടന്നു പക്ഷെ ഉറക്കം വന്നില്ല. എന്തോ ഒരു പന്തികേട് പോലെ. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുന്നു. ചുറ്റിലും നോക്കി. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. വീണ്ടും അതെ ശബ്ദം ആവർത്തിക്കപ്പെടുന്നു. എന്തായിരിക്കുമത് ?? ദൈവമേ ..അത് ??!!
അപ്പോഴാണ് ഞാനാ നഗ്ന സത്യം മസ്സിലാക്കിയത്. ശബ്ദം വേറെവിടുന്നുമല്ല എന്റെ വയറ്റിൽ നിന്ന് തന്നെയാണ്. കൂടെ വയറ്റിലാകെ ഒരു ഉരുണ്ടുകയറ്റവും. ഫുഡ് ഇൻഫെക്ഷൻ ആയോ എന്നൊരു സംശയം. ഇത് അത് തന്നെ, രാത്രി കഴിച്ച ഹൈദരാബാദ് ദം ബിരിയാണി പണി തന്നതാണ്. ശെടാ ആ ഹോട്ടലിനാണല്ലോ ഞാനിന്നലെ അടിപൊളി ഫുഡാണ്, മസ്റ്റ് ഈറ്റ് എന്നൊക്കെ പറഞ്ഞു റിവ്യൂ ഇട്ടതു. സോറി, റിവ്യൂ തിരിച്ചെടുത്തിരിക്കുന്നു.
ഞാൻ ബസ്സിന്റെ പുറകിൽ നിന്ന് മുന്നിലേക്കും തിരിച്ചും രണ്ടു മൂന്ന് തവണ നടന്നു. വയറ്റിലെ അസ്വസ്ഥത കൂടിക്കൂടി വരുന്നു. ഉറങ്ങാനാണേൽ പറ്റുന്നുമില്ല. അവസാനം ഡ്രൈവർ ഉസ്താദിനെ ആവശ്യമറിയിച്ചു. ഉസ്താദ് ദക്ഷിണ വെക്കാനൊന്നും പറഞ്ഞില്ല. തിരുച്ചിറപ്പള്ളി ജംഗ്ഷനിലുള്ള അവരുടെ ഓഫീസിൽ ചേർത്തങ്ങട് നിർത്തി. അവിടെ ടോയ്ലറ്റും , റെസ്റ്റ്റൂമും ഉണ്ടായിരുന്നു. ഉസ്താദ് വണ്ടി വിട്ടു. ഞാൻ ഒരു രണ്ടു മണിക്കൂറോളം അവിടെ വിശ്രമിച്ചു. അവിടുത്തെ സെക്യൂരിറ്റി സെൽവൻ ചേട്ടനെ പരിചയപ്പെട്ടു. ചേട്ടനാണ് അവിടുന്നു മൂന്നാറിലേക്കുള്ള റൂട്ട് പറഞ്ഞു തന്നത്. , പോരാത്തതിന് ബസ്സ്റ്റാൻഡ് വരെ വന്നു എന്നെ വണ്ടികയറ്റി വിട്ടിട്ടാണ് സെൽവൻ ചേട്ടൻ തിരിച്ചു പോയത് . നല്ല സ്നേഹമുള്ള മനുഷ്യൻ.
മൂന്നാറിലേക്ക് ഡയറക്റ്റ് വണ്ടി കിട്ടിയില്ല, അതുകൊണ്ടു തേനിയിലേക്കു കയറി. തണുത്ത കാറ്റ് അടിച്ചു കയറുന്നു , വെളിച്ചം ശരിക്കും വീണുതുടങ്ങിയിട്ടില്ല. നാല് മണിക്കൂറെടുത്തു തേനിയിലെത്താൻ. അവിടെ ഇറങ്ങി ബ്രേക്ഫാസ്റ് കഴിച്ചു. TNSRTC -യുടെ ബസ്സിൽ മൂന്നാറിലേക്ക്.
ഉർവശി ശാപം ഉപകാരം എന്നല്ലേ., സത്യം , തിരുച്ചിറപ്പള്ളിയിൽ ഇറങ്ങേണ്ടി വന്നത് നന്നായെന്ന് ഇപ്പൊ തോന്നുന്നു. കാരണം തേനി മുതൽ മൂന്നാർ വരെയുള്ള റൂട്ട്അ തിശയിപ്പിക്കും വിധം മനോഹരമായിരുന്നു. പ്രത്യേകിച്ചും ബോധിമെട്ട് വരെയുള്ള ഭാഗം. വെളുത്തവര അതിർത്തിയിടുന്ന പാത , കുണ്ടും കുഴിയും പേരിനു പോലുമില്ല , രണ്ടു വശങ്ങളിലും വയലുകളും , പച്ചപ്പും. ഇത് തമിഴ്നാട് തന്നെയാണോ എന്ന് സംശയിച്ചുപോയാൽ കുറ്റം പറയാനൊക്കില്ല. പ്രത്യേകിച്ചും ബൈക്ക് യാത്രക്ക് പറ്റിയ ഇടം. രാത്രിയാത്ര ആയിരുന്നെകിൽ ഇതെല്ലം മിസ്സ് ചെയ്തേനെ.
നാഷണൽ ഹൈവേ 85 ന്റെ ഭാഗമാണ് ഈ വഴി. ബോഡിനായ്ക്കന്നൂർ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു പോയാൽ കോട്ടഗുഡി റോഡ് ജംഗ്ഷൻ എത്തും, ഇവിടെനിന്ന് ഒരു വഴി കുരങ്ങാണി ട്രെക്കിങ്ങ് ക്യാംപിലേക്കും , മറ്റേ വഴി മുന്നാറിലേക്കും നീളുന്നു. മൂന്നാർ റൂട്ടിലെ ചുരം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ചുരം റോഡിന്റെ ഭംഗി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ വയനാട് ചുരമൊക്കെ തോറ്റുപോകും. ചുരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗമാണ് ബോഡിമെട്ട്. സഹ്യന്റെ ഒരു വശത്തുകൂടി ചുരം കയറി , മറ്റേ വശത്തുകൂടി മുന്നാറിലേക്കിറങ്ങുന്നു. ബോഡിമെട്ട് കഴിഞ്ഞല്പ്പനേരം കൂടി പോയാൽ കേരള ബോർഡറായി. പിന്നീടങ്ങോട്ടുള്ള കാഴ്ചകൾ കുറച്ചു പേടിപ്പെടുത്തുന്നതായിരുന്നു. നിരവധി പേരുടെ ജീവനെടുത്ത പ്രളയത്തിന്റെയും, ഉരുള്പൊട്ടലിന്റെയും ബാക്കി പത്രങ്ങൾ. ഇവിടുന്നു മൂന്നാർ വരെയുള്ള റോഡ് മൊത്തം തകർന്നു കിടക്കുകയാണ്. നിറയെ ട്രാഫിക് ബ്ലോക്കും. മണ്ണിടിഞ്ഞ കുന്നുകളും , റോഡിലേക്കിറങ്ങിയ കൂറ്റൻ പാറക്കൂട്ടങ്ങളും കണ്ടാൽ തന്നെ അന്നത്തെ ദുരന്തത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷെ എല്ലായിടത്തും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്. നമ്മൾ അതിജീവിക്കും, കാരണം നമ്മൾ മലയാളികളാണ്.
വൈകുന്നേരത്തോടെ തന്നെ മൂന്നാറിലെത്തി , ചെറുതായി മഴ പെയ്യുന്നുണ്ട്. നല്ല തണുപ്പും. റൂമിലേക്ക് നടന്നു. ഒരാൾ കൂടി വരാനുണ്ട്. വേറാരുമല്ല എന്റെ കസിൻ നന്ദു. അവനുമുണ്ട് ഇത്തവണ കൂടെ. കഴിഞ്ഞ തവണ തിരുവനന്തപുരം കറങ്ങാൻ വന്നപ്പോ ബ്രഷും , പേസ്റ്റും എന്തിനു ഒരു ജെട്ടി പോലും എടുക്കാതെ എത്തിയ ആളാ. അതുകൊണ്ടു ഇത്തവണ കൊണ്ട് വരേണ്ട ലിസ്റ്റ് മുഴുവൻ ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. അവൻ എത്തിയപ്പോഴേക്കും സമയം ഏഴു കഴിഞ്ഞു. ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാൻ കിടന്നു.
മൊബൈലിൽ അലാറം അടിക്കുന്നതിനു മുൻപേ തന്നെ എഴുന്നേറ്റു. കുളിച്ചു റെഡിയായി. ഹോട്ടൽ റിസപ്‌ഷനിൽ ചോദിച്ചു രാജമലക്ക് പോകേണ്ട വഴി മനസ്സിലാക്കി. പഴയ മൂന്നാർ , അതായത് ഇപ്പൊ KSRTC ബസ്സ്റ്റാൻഡ് നിൽക്കുന്ന സ്ഥലം, അവിടുന്നു ജീപ്പ് കിട്ടും. 25 രൂപയാണ് ഒരാൾക്ക് ചാർജ്. കൂടാതെ, KSRTC -യുടെ സ്പെഷ്യൽ ബസ്സുമുണ്ട്. പണ്ടേ KSRTC ഒരു വീക്നെസ് ആയതിനാൽ അതിൽ തന്നെ കേറി. ഫ്രണ്ട് സീറ്റിൽ തന്നെ ഇരുന്നു. മൂവാറ്റുപുഴക്കാരൻ പ്രദീപൻ ചേട്ടനാണ് വണ്ടിയുടെ സാരഥി. ഒരു പത്തിരുപത്തഞ്ചു മിനിറ്റിൽ രാജമല എത്തി. എൻട്രി പാസ്സ് വെരിഫൈ ചെയ്യാൻ ക്യൂ നിന്ന്. പാസിന്റെ എഴുപതു ശതമാനവും ഓൺലൈൻ വഴിയാണ് കൊടുക്കുന്നത്. ബാക്കി കൗണ്ടറുകൾ വഴിയും. രാജമലയിൽ പാസ്സ് കൊടുക്കുന്നില്ല. ഓൾഡ് മുന്നാറിലെ കൗണ്ടറിൽ നിന്ന് തന്നെ വാങ്ങണം. അതിനു തന്നെ ഒടുക്കത്തെ തിക്കും തിരക്കുമാണ്. രാജമലയിൽ വന്നു പലരും പാസ്സ് കിട്ടാതെ വിഷമിച്ചു പോകുന്നത് കണ്ടു.
രാജമല ഇരവികുളം നാഷണൽ പാർക്കിന്റെ ബസ്സിലാണ് പിന്നീടങ്ങോട്ടുള്ള യാത്ര. പോകും വഴിയിൽ അങ്ങിങ്ങായി നീലക്കുറിഞ്ഞികൾ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത് കണ്ടു. ഏതോ സെലിബ്രറ്റിസിനെ പോലെ. ശരിയാണ് കൊല്ലം കൊറേ കഴിഞ്ഞാലല്ലേ ഇവരെ ഇനി ഈ കോലത്തിൽ കാണാൻ കഴിയുകയുള്ളൂ. അപ്പൊ കുറച്ചു ജാഡ കാണിച്ചാലും കുഴപ്പമില്ല. Strobilanthes Kunthianus എന്നാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം. 12 വര്ഷത്തിലൊരിക്കലാണ് ഇവ പൂക്കുന്നത്. നമ്മുടെ മുളയെപ്പോലെ പൂവിട്ടാൽ നശിച്ചു പോകുന്ന Monocarpic plants എന്ന വിഭാഗത്തിൽ പെടുന്നവയാണ് കുറിഞ്ഞിയും. പൂവ് കരിഞ്ഞു അൽപ്പം കഴിയുമ്പോഴേക്കുതന്നെ നീലക്കുറിഞ്ഞി ചെടിയും നശിക്കുന്നു. ഇപ്പോഴത്തെ തലമുറയിലെ വിത്തുകളിൽ നിന്നാണ് അടുത്ത തലമുറ ചെടികൾ ഉണ്ടാകുന്നത്.
അൽപ്പ ദൂരം ബസ്സിൽ യാത്ര ചെയ്താൽ നമ്മൾ മലയുടെ മുകളിൽ എത്തും , അവിടെ കുറച്ചു ദൂരം നടക്കാനുണ്ട്. ദൂരെ അങ്ങിങ്ങായി വരയാടുകളെ കാണാമായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോ കുറേയെണ്ണത്തിനെ അരികിൽ കണ്ടതാ, പക്ഷെ ഇത്തവണ എല്ലാം ദൂരെയൊളിച്ചിരിക്കുന്നു. കിഴക്കാംതൂക്കായ പാറക്കുന്നിൽ നടന്നു കേറുന്ന വരയാടുകൾ ഒരദ്‌ഭുതം തന്നെയാണ്.
പാതയുടെ രണ്ടു വശങ്ങളിലും നീലകുറിഞ്ഞികൾ പൂത്തു നിൽക്കുന്നു, ഇതിൽ ചിലവ 8 വർഷത്തിൽ പൂക്കുന്നവയാണെന്നു അവിടുത്തെ ഗാർഡ് പറഞ്ഞു. സന്ദർശകർ നീലക്കുറിഞ്ഞി പറിക്കാതെ നോക്കുക എന്ന ശ്രമകരമായ ദൗത്യം കൂടി ഇത്തവണ ഇവർക്കുണ്ട്. ഇതിനിടയിൽ പൂ നുള്ളാൻ ശ്രമിച്ച ആൾക്ക് 2000 രൂപ ഫൈൻ എഴുതിക്കൊടുത്ത് മാതൃകയായി വേറൊരു ഗാർഡ്. പഴയ സീസണിലെ ഫോട്ടോയും കണ്ട് കുറിഞ്ഞി കാണാൻ പോയാൽ നിരാശയായിരിക്കും ഫലം. കാരണം ഇത്തവണ വളരെ ചെറിയ അളവിലെ പൂത്തിട്ടുള്ളൂ, അതിൽ പലതും കരിഞ്ഞും തുടങ്ങി. കൊളുക്കുമലയിലും സ്ഥിതി ഇതുതന്നെയാണ്. ഇടക്ക് പെയ്ത കനത്ത മഴ കുറിഞ്ഞിക്കാലത്തെയാകെ ബാധിച്ചിട്ടുണ്ട്.
പ്രതീക്ഷിച്ച രീതിയിലുള്ളൊരു പൂക്കാലം കാണാനൊത്തില്ല എങ്കിലും, വര്ഷങ്ങളായുള്ളൊരു ആഗ്രഹം സഫലീകരിച്ച നിർവൃതിയിൽ വെയിൽ കനക്കുംമുമ്പേ ഞങ്ങൾ കുന്നിറങ്ങി. ഇനി ഒരു ദ്വാദശാബ്ദത്തിനു ശേഷം വീണ്ടും കാണാം എന്ന് വാക്കു കൊടുത്തുകൊണ്ട് .
വാൽക്കഷ്ണം : ഇത്രയും വിപുലമായൊരു ടൂറിസ്റ്റു സീസണിൽ, സന്ദർശകരിൽ നിന്ന് വലിയൊരു തുക പ്രവേശന ഫീസായി വാങ്ങിയിട്ടും, ശുചിമുറികളും , വെയ്റ്റിംഗ് സ്ഥലങ്ങളും വൃത്തിരഹിതമായി സൂക്ഷിച്ചത് ശരിയായില്ല. പ്രത്യേകിച്ചും വിദേശികൾ ഉൾപ്പടെയുള്ളവർ വരുന്ന സ്ഥിതിക്ക്. പിന്നെ രാജമലയിലും ഓഫ്‌ലൈൻ ടിക്കറ്റിങ് കൗണ്ടറുകൾ തുടങ്ങാമായിരുന്നു . നിരവധി പേര് ഏറെദൂരം സഞ്ചരിച്ചു വന്നിട്ട് , ടിക്കറ്റു കിട്ടാതെ തിരിച്ചു പോയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റു വെരിഫിക്കേഷന് ഒരേയൊരു കൗണ്ടർ മാത്രമാണ് ഇപ്പോൾ ഉള്ളത് , അതിനു മുന്നിലാണെങ്കിലും വലിയ ക്യൂവും. കൗണ്ടറുകളുടെ എണ്ണം കൂട്ടിയാൽ നല്ലത്
No comments:
Post a Comment
Please add your comment here...