Thursday, November 21, 2019

മേഘാലയ – “മനം മയക്കുന്ന മഹാത്ഭുതം” - Travelogue Part-2

meghalaya

Day-4 ചെറാപുഞ്ചി (Cherrapunji) 

          രാവിലെ സൂര്യകിരണങ്ങൾ കണ്ണിലടിച്ചപ്പോ തന്നെ ഉറക്കം പോയി. പക്ഷേ സമയം അഞ്ചു മണിപോലും ആയിട്ടില്ല. ഇന്നത്തെ യാത്ര ചെറാപുഞ്ചിയിലേക്കാണ്. ഇവിടുന്നു ഒരു പത്തെഴുപത് കിലോമീറ്റര് ഡ്രൈവ് ചെയ്യാനുണ്ട്. ചെറാപുഞ്ചിയിലെ റോഡിന്റെ അവസ്ഥ എന്താണെന്ന് അറിഞ്ഞുകൂടാത്തതിനാൽ കുറച്ചു നേരത്തെ തന്നെ ഇറങ്ങാമെന്നു വിചാരിച്ചു. കുളിയും കഴിഞ്ഞു പുറത്തിറങ്ങിയപ്പോ നല്ല തണുപ്പ്. ഗസ്റ്റ് ഹൌസും പരിസരവും മഞ്ഞിൽ കുളിച്ചു നിൽക്കുന്നു. നാളയേ തിരിച്ചു വരൂ എന്ന് റിസപ്ഷനിൽ അറിയിച്ചു. ഇന്ന് ചെറാപുഞ്ചിയിൽ താങ്ങാനാണ് പ്ലാൻ. അതി രാവിലെ ആയിരുന്നതിനാൽ ഷില്ലോങ് നഗരത്തിൽ ഒട്ടും തിരക്കിലായിരുന്നു. ഇന്നലെ ഷില്ലോങ് പീക്കിലേക്ക് പോയ വഴി തന്നെയാണ് കുറച്ചു ദൂരം പോകേണ്ടത്. പിന്നീടാവഴി NH 206 -ൽ ചെന്നുചേരുന്നു, അത് കഴിഞ്ഞു സ്റ്റേറ്റ് ഹൈവെ 5 -ലേക്കും. ചെറാപുഞ്ചിയിലേക്കുള്ള ഡ്രൈവ് ഒരു പ്രത്യേക അനുഭവമാണ്. പച്ച പിടിച്ച കുന്നുകൾക്കിടയിലൂടെ മുകളിലേക്ക് കേറിക്കേറി പോകുന്ന യാത്ര. ഇടക്കിടെ റോഡിൽ കേറിക്കൂടുന്ന കോടയും, മഞ്ഞും. രണ്ടു വശത്തേക്ക് നോക്കിയാലും അതി മനോഹരമായ കാഴ്ചകളാണ്. രണ്ട് മൂന്നിടത്ത് ഞങ്ങൾ കാഴ്ച്ച കാണാനായി വണ്ടി നിർത്തിയിറങ്ങി. പിന്നീട് മനസ്സിലായി ഇങ്ങനെ പോയാൽ ചെറാപുഞ്ചിയിൽ എത്തുന്നത് വരെ വണ്ടി നിർത്താനേ  സമയം കാണുകയുള്ളൂ. കാരണം പറഞ്ഞറിയിക്കാനാവുന്നതിലുമപ്പുറം ഭംഗിയാണ് റോഡിലെ കാഴ്ചകൾക്ക്. ഷില്ലോങ്ങിൽ നിന്ന് ചെറാപുഞ്ചിയിലേക്ക്  പബ്ലിക്ക് ട്രാൻസ്‌പോർട്ട് കുറവാണ്. പിന്നെ ഉള്ളത് ഷെയർ ടാക്‌സികളും മറ്റുമാണ്. കാഴ്ചകൾ കണ്ടു രസിക്കണമെങ്കിൽ മേഘാലയയിൽ പൊതുവെ കാറോ , ബൈക്കോ റെൻറ്റ് ചെയ്തു പോകുന്നതാണ് നല്ലത്.

മേഘാലയ ഒരത്ഭുതമാണെങ്കിൽ, ചെറാപുഞ്ചി അതിനകത്തെ മഹാത്ഭുതമാണ്. മറ്റെങ്ങും പോയില്ലെങ്കിലും, മേഘാലയയിൽ വന്നാൽ ചെറാപുഞ്ചി കാണാതെപോകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവുമായിരിക്കും. ചെറാപുഞ്ചിയുടെ യഥാർത്ഥ നാമം സോറാ  (Sohra) എന്നാണ്. മേഘാലയക്ക് പുറത്തുനിന്നുള്ള ടൂറിസ്റ്റുകളാണ് 'The land of oranges' എന്നർത്ഥം വരുന്ന ചെറാപുഞ്ചി എന്ന പേര് ഉപയോഗിച്ച് തുടങ്ങിയത്. മേഘാലയയെ കുറിച്ച് കേൾക്കുന്നതിന് മുൻപേ തന്നെ ചെറാപുഞ്ചി എന്ന സ്ഥലനാമം കേട്ടവരാണ് നമ്മളിൽ പലരും. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം എന്ന് സ്‌കൂൾ പുസ്തകങ്ങളിൽ പഠിച്ചപ്പോൾ. ഏകദേശം 11000 മില്ലീമീറ്റർ ആണ് ഇവിടെ ഒരു വർഷത്തിൽ ലഭിക്കുന്ന മഴയുടെ കണക്ക്. കേരളത്തിൽ ലഭിക്കുന്ന മഴ 3000 മില്ലീമീറ്റർ ആണ് എന്നും അറിയുക. ഈയടുത്ത കാലം വരെയും ചെറാപുഞ്ചിക്ക്  തന്നെയായിരുന്നു ആ റെക്കോർഡ്. പക്ഷെ  ഇപ്പൊ അത് മേഘാലയയിലെ തന്നെയുള്ള മൗസിൻറാം (Mawsynram) എന്ന പ്രദേശത്തിനാണ്. 

രാവിലെ പണിക്കു പോകാൻ ഇറങ്ങിയ ഒരാൾ വണ്ടിക്ക് കൈ കാണിച്ചു. അടുത്തുള്ള ക്വാറിയിലെ പണിക്കാരനാണ്. ചെറാപുഞ്ചിയിലും പ്രകൃതി ചൂഷണം  ആശങ്കപ്പെടുത്തും വിധം ആരംഭിച്ചുകഴിഞ്ഞു. വഴിയരികെ രണ്ടു മൂന്നിടത്ത് പാറപൊട്ടിക്കലും, മണ്ണെടുപ്പും കാണാറായി. റോഡിൽ പാറക്കല്ലുകൾ ചുമന്നു കൊണ്ടുപോകുന്ന വണ്ടികളും. മഴക്കാലം കഴിഞ്ഞുള്ള സമയമാണ്  ചെറാപുഞ്ചി സന്ദർശിക്കാൻ പറ്റിയ സമയം. ഒരു ഒക്ടോബർ മുതൽ മെയ് വരെയുള്ള സമയത്തു ഇവിടെ സന്ദർശകർ ധാരാളമായി വരുന്നു. ഡിസംബറിൽ ഇവിടെ ചെറാപുഞ്ചി ഫെസ്റ്റ് നടക്കാറുണ്ട്. തനത് നാടൻ കലാ രൂപങ്ങളും, തനി നാടൻ ഭക്ഷണവും ആസ്വദിക്കണമെങ്കിൽ ഈ സമയമാണുചിതം. എന്നാൽ ചെറാപുഞ്ചിയിലെ വെള്ളച്ചാട്ടങ്ങളെ അതിൻ്റെ പൂർണ രൂപത്തിൽ കാണണമെങ്കിൽ മഴക്കാലത്തു തന്നെ വരണം. മെയ് മാസം മുതലാണ് മഴ തുടങ്ങുന്നത്. ഇവിടുത്തെ ഒട്ടേറ വെള്ളച്ചാട്ടങ്ങളും മഴക്കാലത്ത് മാത്രം നിറഞ്ഞു കവിയുന്നവയാണ്. 

മൗക്ക്ഡോക്ക് (Mawkdok) ബ്രിഡ്‌ജ്‌

          ചെറാപുഞ്ചിയിൽ എത്തുന്നതിനു മുൻപ്  ഒരു വലിയ പാലമുണ്ട്. മൗക്ക്ഡോക്ക് (Mawkdok) ബ്രിഡ്‌ജ്‌  എന്നാണ് പേര്. രണ്ടു കുന്നുകളെ ബന്ധിപ്പിച്ചുണ്ടാക്കിയതാണിത്. ചെറാപുഞ്ചി പാതയിലെ ഒരു പ്രധാന വ്യൂ പോയിന്റാണിത്. പാലത്തിന്റെ ഒരു ഭാഗത്തു മൗക്ക്ഡോക്ക് ഡിംപെപ്പ് താഴ്വര (Mawkdok Dympep Valley) കാണാൻ സാധിക്കും. ഈ താഴ്വര അതിൻെറ പൂർണതയിൽ ദർശിക്കുവാനായിട്ട്, പാലത്തിൽ നിന്നുമകലെ മറ്റൊരു വ്യൂപോയിന്റ്റ് കൂടെ സജീകരിച്ചിട്ടുണ്ട്.  ഡിംപെപ്പ് താഴ്വര താഴ്വര സിപ്പ് ലൈനിങ് പോലെയുള്ള അഡ്വഞ്ചർ സ്പോർട്സുകൾക്ക് പ്രസിദ്ധമാണ്. മൗക്ക്ഡോക്ക് ബ്രിഡ്ജിനരികിലുള്ള ചെറിയൊരു റെസ്റ്റോറന്റിൽ നിന്നാണ് ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചത്.  വിശപ്പുകൊണ്ടാണോ എന്നറിയില്ല , അവിടുന്നു കഴിച്ച പൂരിക്കും കറിക്കും ഒടുക്കത്തെ സ്വാദായിരുന്നു. ബ്രേക്ഫാസ്റ്റിൻറെ കൂടെ വരെ ഇവിടുത്തുകാർ പച്ചമുളകും, സവാളയും കഴിക്കുന്നു. ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും മൗക്ക്ഡോക്ക് പാലം നിറയെ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു.

ഗാർഡൻ ഓഫ് കേവ്സ് (Garden of caves)

          ചെറാപുഞ്ചിയിൽ  എത്തിയിട്ട് ഇതുവരെ സൂര്യനെ ഒരുനോക്ക് കാണുവാൻ കഴിഞ്ഞിട്ടില്ല. മൊത്തം അന്തരീക്ഷം മേഘാവൃതവും, മഞ്ഞു പുതച്ചതുമാണ്. ഇനി നമ്മൾ പോകുന്നത് ഗാർഡൻ ഓഫ് കേവ്സ് (Garden of caves) കാണാനാണ്. Ka Bri Synrang എന്നാണ് പ്രാദേശിക ഭാഷയിൽ ഈ സ്ഥലം അറിയപ്പെടുന്നത്.  2.5 ഹെക്ടറിൽ ഗുഹകളും, വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഒരു വനപ്രദേശമാണ് Garden of caves. സോറാ വില്ലേജിൽ എത്തുന്നതിനും അൽപ്പം മുൻപാണ് ഈ സ്ഥലം. വെറും 20 രൂപയെ എൻട്രി ഫീ ഉള്ളൂ, പക്ഷെ ഇരുപതിനായിരം കൊടുത്താലും കൂടിപ്പോയെന്നു തോന്നാത്ത വിധമുള്ള അനുഭങ്ങളാണ് ഇതിനകത്ത് നമ്മളെ കാത്തിരിക്കുന്നത്. രാജാവിന്റെ ഗുഹ, Sum Syiem Falls, Warrior rocks , Arsdad Falls, Riat Umlwai Falls, ഹൃദയ ആകൃതിയിലുള്ള പാറ, Baby rock ഇങ്ങനെ ഏഴു പ്രധാന ആകർഷണങ്ങളാണ് ഇവിടെയുള്ളത്. 

എൻട്രി ടിക്കറ്റുമെടുത്തു ഉള്ളിലേക്കെറിയാൽ അവിടെയുള്ള ഗൈഡ് നമ്മളെ രാജാവിന്റെ ഗുഹയിലേക്ക് നയിക്കും. എല്ലാ പോയിന്റുകളിലും ഗൈഡുകളുടെ സേവനം ഫ്രീ ആയി ലഭിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.  അത് കൂടാതെ കാണേണ്ട സ്ഥലങ്ങളും , പാതയും കൃത്യമായി വഴിയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ക്രോ എന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ച ഗൈഡിന്റെ പേര്. ഇഗ്ലീഷ് നന്നായി സംസാരിക്കാനറിയുന്ന ഒരു ഖാസി യുവാവ്. ക്രോ ഞങ്ങൾക്ക് അവിടം മുഴുവൻ കാണിച്ചു തരികയും, കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ക്രോയുടെ സുഹൃത്തുക്കൾ കുറച്ചു പേർ കൊച്ചിയിൽ ജോലി ചെയ്യുന്നുണ്ടത്രേ.  ടിക്കറ്റ് കൗണ്ടറിന്റെ ഇടതു ഭാഗത്താണ് Kings Cave അഥവാ രാജാവിന്റെ ഗുഹ. രണ്ടുമൂന്നു ഗുഹകളും ഒരു സമുച്ചയമാണ് ഇത്. ഖാസി ഗോത്രക്കാർ ബ്രിട്ടീഷുകാരിൽ നിന്ന് ഒളിച്ചു താമസിക്കാൻ ഉപയോഗിച്ചവയായിരുന്നു ഈ ഗുഹകൾ. ഗുഹയിലെ തറയിലൂടെ വെള്ളം ഒലിച്ച് താഴേക്കൊഴുകുന്നു. വളരെ വൃത്തിയിൽ പരിപാലിച്ചു പോരുന്നതാണ് Garden of Caves എന്ന് ഒറ്റ നോട്ടത്തിൽ തന്നെയറിയാം. ഒരു പ്ലാസ്റ്റിക്ക് വേസ്റ്റ് പോലും കാണാനില്ല.

ഗുഹയുടെ ഒരു വശത്ത്  Sum Syiem വെള്ളച്ചാട്ടമാണ്. ഗുഹയിലേക്ക് അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ വെള്ളം ചേരുമ്പോഴുള്ള ആ കാഴ്ച നയന മനോഹരം തന്നെയാണ്. Sum Syiem വെള്ളച്ചാട്ടത്തിലെ വെള്ളം അവിടുന്നു താഴെയുള്ള മറ്റ് വെള്ളച്ചാട്ടങ്ങളിലേക്കൊഴുകുന്നു. ഇവിടെ നിന്നും താഴേക്കിറങ്ങിയാൽ Warrior rocks എന്ന സ്പോട്ട് ആണ്. യുദ്ധവീരൻമ്മാരുടെ പരിച കണക്കെയുള്ള രണ്ടു വലിയ പാറകളാണ് ഇവിടെ കാണാൻ സാധിച്ചത്. മുകളിൽ നിന്നൊഴുകുന്ന വെള്ളം പാറക്കു പുറകിൽ വന്നു ചേർന്ന് അപ്രത്യക്ഷമാകുന്നു. പിന്നീടത് ഭൂഗർഭപാതയിലൂടെയാണ് ഒഴുകുന്നത്. പാറക്കു മുന്നിൽ കുറച്ചു മണലും , മണ്ണും മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. വെള്ളത്തിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. വീണ്ടും താഴേക്കിറങ്ങിയാൽ  Arsdad , Riat Umlwai എന്നീ വെള്ളച്ചാട്ടങ്ങൾ കാണാം. Warrior rocks -ൽ അപ്രത്യക്ഷമാകുന്ന വെള്ളം വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഇവിടെക്കാണ്‌. Arsdad ഫാൾസിൽ വെള്ളം വീഴുന്നതിന്റെ  പുറകുവശം ഒരു ഗുഹ പോലെയാണ്. അത് കാരണം  വെള്ളച്ചാട്ടത്തെ അതിന്റെ പുറകിൽപ്പോയി നിന്ന് കാണാൻ സാധിക്കും.  മഴയെ മാത്രം ആശ്രയിച്ചു കഴിയുന്നയാണ് മേഘാലയയിലെ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളും, അതുകൊണ്ടു തന്നെ മുകളിലെ വൃഷ്ടിപ്രദേശത്ത് മഴപെയ്താൽ താഴെ വെള്ളച്ചാട്ടത്തിൽ വെള്ളം പ്രവചനാതീതമാണ് കൂടും. അതുകൊണ്ടു തന്നെ ഇവിടുത്തെ മിക്ക വെള്ളച്ചാട്ടങ്ങളിലും കുളി, നീന്തൽ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.
വെള്ളച്ചാട്ടങ്ങൾ കടന്നു വീണ്ടും മുന്നോട്ടുപോയാൽ ഒരു പാറ കാണാം. Baby Rock എന്നാണതിന്റെ പേര്. ഗർഭപാത്രത്തിൽ ഇരിക്കുന്ന ഒരു ശിശുവിന്റെ ആകൃതിയിൽ പാറയിൽ പ്രകൃതി നടത്തിയ കരവിരുതുകാണാം. അടുത്തത് Heart shaped stone അഥവാ ഹൃദയ ആകൃതിയിലുള്ള പാറയാണ്. നമ്മുടെ ചെമ്പ്ര പീക്കിലുള്ള ഹൃദയ തടാകത്തിന്റെ ഒരു മിനിയേച്ചർ രൂപം. ഇത് പക്ഷെ ഒരു പാറയിൽ ആണെന്ന് മാത്രം. പാറയിൽ ഹൃദയാകൃതിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു. പാറയുടെ സൈഡിലുള്ള ഒരു ചെറിയ ഉറവാണ് ഈ വെള്ളത്തിന്റെ ശ്രോതസ്സ്. വെള്ളത്തിൽ ആളുകൾ നാണയത്തുട്ടുകൾ നിക്ഷേപിച്ചിട്ടുണ്ട്. പ്രണയ സാഫല്യത്തിനും, വിവാഹം നടക്കാനും ഇവിടെ പണമിടുന്നത് നല്ലതാണെന്നത്രെ വിശ്വാസം. 

ക്രോയോട് ഞാൻ പറഞ്ഞു : "ഇത്രയും മനോഹരമായ ഈ സ്ഥലത്ത് താമസിക്കുന്ന നിങ്ങൾ ഭാഗ്യവാൻമ്മാർ തന്നെ "

പക്ഷെ ക്രോയുടെ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി. വെളിച്ചം ശരിക്ക് കാണാത്ത, ദിവസവും മഴയത്തു ഉണരുകയും, മഴയത്തു ഉറങ്ങുകയും ചെയ്യുന്ന ഇവിടുത്തെ ജീവിതം പരമ ബോറാണത്രേ. അല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നല്ലേ.
Garden of caves -ൽ ഇനി കാണാനുള്ളത്, ഔഷധ ഗുണമുള്ള വെള്ളം (Medicinal water) ഉത്ഭവിക്കുന്ന മറ്റൊരു പാറയാണ്. അവിടേക്ക് പ്രവേശിക്കാൻ 20 രൂപ കൊടുത്ത് വീണ്ടുമൊരു ടിക്കറ്റ് എടുക്കണം. ഒരു വലിയ പാറക്കിടയിലൂടെ ഒഴുകിയെത്തുന്ന ഒരുറവാണ് ഇത്. ഈ വെള്ളത്തിനു ആരോഗ്യം കാത്തു സൂക്ഷിക്കുവാനും, ആയുസ്സു കൂട്ടുവാനുമുള്ള കഴിവുണ്ടെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു. ഉറവിൽ നിന്ന് വരുന്ന വെള്ളം കോരിക്കുട്ടിക്കുവാനായിട്ട് മുളയുടെ പാത്രങ്ങളും ഇവിടെ വച്ചിട്ടുണ്ട്. നല്ല തണുത്ത വെള്ളം. രണ്ടു മൂന്നു കവിൾ ഒറ്റവലിക്ക് കുടിച്ചു. ഇവിടേക്ക് എത്താനുള്ള വഴി ഒരു മുളകൊണ്ട് നിർമ്മിച്ച പാലമാണ്. വലിയ മരച്ചില്ലകൾക്കു മുകളിലൂടെ മുള വച്ച് നിർമ്മിച്ച ഒരു പാലം. ഏറുമാടം വലിച്ചു നീട്ടിയ കണക്കെ. Garden of caves കണ്ടു കഴിഞ്ഞു ഗൈഡ് ക്രോയോട് നന്ദി പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. എടുത്ത ഫോട്ടോസ് അയച്ചു കൊടുക്കാൻ ക്രോ അയാളുടെ നമ്പർ ഞങ്ങൾക്ക് തന്നിരുന്നു.

വാ-കാബാ വെള്ളച്ചാട്ടം (Wah-Kaba falls)

          Garden of caves -ൽ നിന്ന് നേരെ പോയത് വാ-കാബാ വെള്ളച്ചാട്ടം കാണാനാണ്. Garden of caves -ൽ നിന്ന് ഒരു ഏഴെട്ടു കിലോമീറ്ററേ ഇങ്ങോട്ടുള്ളൂ. വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ സ്റ്റെപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. പ്രായമായവർക്കും വളരെ അനായാസം ഇവിടെ ചെന്നെത്താം. സ്റ്റെപ്പുകൾ നമ്മളെ നയിക്കുന്നത് വെള്ളച്ചാട്ടത്തിന്റെ ഏകദേശം മധ്യ ഭാഗത്തേക്കാണ്. രൗദ്ര ഭാവത്തിൽ താഴേക്ക് കുതിക്കുന്ന വാ-കബയെ ആശ്ചര്യത്തോട് കൂടിയല്ലാതെ അവിടുന്നു നോക്കിക്കാണാൻ സാധിക്കുകയില്ല. വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തേക്കും സ്റ്റെപ്പുകളുണ്ട്. എന്നാൽ മുകൾ ഭാഗത്തെ കാഴ്ച നമ്മളെ വീണ്ടും അത്ഭുതപ്പെടുത്തും. മുകൾ ഭാഗം വളരെ ശാന്തമാണ്. താഴത്തെ  അസുരഭാവം ഇവിടെ ഒട്ടും പ്രകടമല്ല. 
കഥകൾ പറയുന്നവയാണ് മേഘാലയയിലേ പല വെള്ളച്ചാട്ടങ്ങളും. വാ-കബക്കുമുണ്ട്  അത്  പോലൊരു കഥ. ഒരു ചെറിയ യക്ഷിക്കഥ. ഒരു കറുത്ത യക്ഷിയും , വെളുത്ത യക്ഷിയും ഇവിടെ താമസിച്ചിരുന്നതായി ഇവിടുത്തുകാർ കരുതുന്നു. അവർ സാധാരണ ആളുകളെപ്പോലെ സോറാ ഗ്രാമത്തിൽ കറങ്ങി നടക്കും. എന്നിട്ടു ആളുകളെ വശീകരിച്ചു കൊണ്ട് പോകും, പ്രത്യേകിച്ചും യുവാക്കളെ. എന്നാൽ ഗ്രാമത്തിലെ ചില ആളുകൾക്ക് ഇവരെ തിരിച്ചറിയാൻ കഴിയുമത്രേ. വെറുതെയല്ല വാ -കബ കാണുമ്പോൾ തന്നെ ഒരു ഭീകരത ഫീൽ ചെയ്യുന്നത്

Siat Synteng Fall

          നോക്കലിക്കൈ വെള്ളച്ചാട്ടമായിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം, വാ - കബയിൽ നിന്ന് സോറാ ടൗണും കടന്നു കുറച്ചു ദൂരം പോയാൽ നോക്കലിക്കൈ എത്തും. പക്ഷെ പോകും വഴി മറ്റൊരു ബോർഡ് വഴിയിൽ കണ്ടു, Siat Synteng Fall. എന്തായാലും കേറി നോക്കാം എന്നുകരുതി. അത് വെറുതെയായില്ല. വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയെ ഒരു ഹെറിറ്റേജ് സൈറ്റായി മാറ്റിയെടുത്തിട്ടുണ്ട്. ഖാസി കുടിലുകളും മറ്റും ഇവിടെ പുനർനിർമ്മിച്ചിട്ടുണ്ട്. അതെല്ലാം കണ്ട് മുന്നോട്ടുപോയാൽ ദൂരെ വെള്ളച്ചാട്ടം കാണാനാകും. കുന്നിറങ്ങിച്ചെന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. മനോഹരമായ മറ്റൊരു വെള്ളച്ചാട്ടം. വീതിയേറിയ വലിയൊരു പാറക്കെട്ടിനു മുകളിൽ നിന്നും താഴേക്ക് കുതിക്കുന്നു. എത്ര കണ്ടാലും മതിയാവില്ല ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ, എല്ലാത്തിനും എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ കാണും. നമ്മുടെ നാട്ടിലെ വാട്ടർ ഫാൾസിനെ അപേക്ഷിച്ച് ഇവിടെയുള്ളവ വീതിയും, ഉയരവും കൂടിയവയാണ്. അതുകൊണ്ടു തന്നെ വെള്ളച്ചാട്ടത്തെ ദൂരെ നിന്ന്  നോക്കിക്കാണാനേ പലയിടത്തും സാധിക്കുകയുള്ളൂ. വെള്ളച്ചാട്ടവും കണ്ട് മുകളിൽക്കയറുമ്പോഴേക്കും അവിടെ മൊത്തം മഞ്ഞുവന്നു നിറഞ്ഞിരുന്നു. ഞങ്ങൾക്ക് ശേഷം വന്നവരൊക്കെ ആ നയനാന്ദകരമായ കാഴ്ച കാണാനാകാതെ തിരിച്ചു പോകുന്നത് കണ്ടു

നോക്കലിക്കൈ ഫാൾസ് (Noh-Kalikai Falls)

          കഥ പറയുന്നവയാണ് മേഘാലയയിലെ വെള്ളച്ചാട്ടങ്ങൾ എന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഇനി നോക്കലിക്കയ്ക്കു പറയാനുള്ളതെന്തെന്നു കേൾക്കാം. പക്ഷെ ഇതൊരു കഥന കഥയാണ്. നോക്കലിക്കൈ വെള്ളച്ചാട്ടത്തിനു മുകൾ ഭാഗത്തെ ഗ്രാമത്തിൽ താമസിച്ചിരുന്ന ലികൈ ( Likai) എന്ന സ്ത്രീയുടെ ദുരന്തപര്യവസായിയായ കഥ. ചെറുപ്പത്തിലേ തന്നെ വിധവയാകേണ്ടി വന്ന ലികൈ തൻ്റെ മകളെ വളർത്തിയെടുക്കാൻ ഒരുപാട് പാടുപെട്ടിരുന്നു. ഗ്രാമത്തിൽ ചുമടെടുത്തായിരുന്നു അവൾ തൻ്റെ ജീവിതച്ചെലവുകൾ നടത്തിപ്പോന്നതു. മകൾക്ക് ഒരച്ഛനെ ആവശ്യമാണെന്നു തോന്നിയപ്പോ ലികൈ രണ്ടാമതും വിവാഹം ചെയ്തു. പക്ഷെ തന്നെക്കാൾ മകളെയാണ് ലികൈ സ്നേഹിക്കുന്നതെന്നു മനസ്സിലാക്കി അസൂയപൂണ്ട രണ്ടാനച്ഛൻ, ലികൈയുടെ മകളെ കൊന്നു കറിവച്ചു ലികയ്ക്കു തന്നെ ഭക്ഷണമായി കൊടുക്കുന്നു. എന്നാൽ സ്വന്തം മകളുടെ മാംസമാണ്  താൻ കഴിച്ചതെന്ന് മനസ്സിലാക്കിയ ആ സ്ത്രീ കുറ്റബോധത്തിൽ വെന്തു നീറി. അവസാനം സങ്കടം സഹിക്കവയ്യാതെ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നുചാടി ആത്മഹത്യ ചെയ്തു. അങ്ങനെയാണ്  Ka Likai (സ്ത്രീകളുടെ പേരിനു മുൻപ് ഉപയോഗിക്കുന്നതാണ് Ka എന്ന വാക്ക്) ചാടിയ സ്ഥലം എന്നർത്ഥം വരുന്ന Noh-Kakikkal എന്ന പേര് ഉണ്ടായത്.
നോക്കലിക്കയിൽ ഞങ്ങൾ എത്തുമ്പോഴേക്കും പരിസരമാകെ മഞ്ഞു മൂടിയിരുന്നു. വെള്ളച്ചാട്ടത്തിന്റെ പൊടിപോലും കാണാൻ സാധിക്കുമായിരുന്നില്ല. എന്നാൽ താഴെ നിന്നുള്ള ഹുങ്കാര ശബ്ദം മാത്രം മതിയായിരുന്നു അത് എത്രത്തോളം വലുതാണ് എന്ന് മനസിലാക്കാൻ. അതുകൊണ്ടുതന്നെ കാണാതെ തിരിച്ചു പോകാൻ  മനസ്സ് വന്നില്ല. അര മണിക്കൂറോളം പാർക്കിങ് ഏരിയയിൽ കാത്തിരുന്നു. പക്ഷെ നോ രക്ഷ. തിരിച്ചിറങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ പാർക്കിങ്ങിൽ പൈസ വാങ്ങിക്കാൻ നിന്ന ചേട്ടൻ ദൂരെ മേഘങ്ങൾക്കിടയിലൂടെ താഴേക്ക് എത്തിനോക്കാൻ ശ്രമിക്കുന്ന സൂര്യനെ ചൂണ്ടിക്കാണിച്ച്‌  കുറച്ചുനേരം കൂടി കാത്തിരിക്കാൻ ഉപദേശിച്ചു. ഒരു പത്തു പതിനഞ്ചു മിനിട്ടുകൂടി അവിടെ നിൽക്കാം എന്നുറപ്പിച്ചു. പത്തു മിനിട്ടു കഴിഞ്ഞു കാണും , മഞ്ഞുമാറി. താഴെ നോക്കലിക്കൈ പൂർണ്ണമായി കാണാറായി. അതൊരൊന്നൊന്നര കാഴ്ചയായിരുന്നു.  ഖാസി കുന്നിലെ വിശാലമായൊരു പീഠഭൂമിയിൽ നിന്ന് കുത്തനെ മറ്റെങ്ങും തൊടാതെ താഴേക്ക് ഊളിയിടുന്ന നോക്കലിക്കൈ ഏതൊരു സഞ്ചാരിക്കും മനസ്സിൽ മറക്കാതെ സൂക്ഷിക്കാവുന്ന ഒരനുഭവമായിരിക്കും. സാധാരണ നമ്മൾ കണ്ടിട്ടുള്ള വെള്ളച്ചാട്ടങ്ങളിൽ പലതും പാറക്കെട്ടുകളിലൂടെയും, കുന്നിൻ ചെരുവുകളിലൂടെയും  ഒലിച്ചു താഴേക്കിറങ്ങുന്നവയാണ്. എന്നാൽ മുന്നോട്ടുന്തിയ പ്രതലത്തിൽ നിന്ന് താഴേക്ക് മറ്റെങ്ങും തൊടാതെ കുത്തനെ ചാടിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ നമ്മൾ കുറച്ചേ കണ്ട് കാണുള്ളൂ. അത്തരത്തിലുള്ളവയിൽ (Plunge waterfall) ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് നോക്കലിക്കൈ. 340 മീറ്ററാണ് ഇതിന്റെ ഉയരം . നമ്മുടെ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഉയരം വെറും  25 മീറ്ററാണ് എന്നോർക്കണം. അപ്പോൾത്തന്നെ ഇതിന്റെ വലിപ്പം നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. പാർക്കിങ്ങിലെ ചേട്ടന് നന്ദിപറഞ്ഞുകൊണ്ടു ഞങ്ങൾ നോക്കലിക്കയോട് വിട പറഞ്ഞു.

Seven Sisters Falls


          നോക്കലിക്കയിൽ നിന്ന് ഒരു പത്തു കിലോമീറ്റർ മാറിയാണ് Seven Sisters Falls അഥവാ Mawsmai falls എന്ന വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. 70 മീറ്റർ വീതിയിൽ 300 മീറ്ററിലധികം നീളമുള്ളൊരു എമണ്ടൻ വെള്ളച്ചാട്ടം. ഏഴു കഷണങ്ങളായി ഒഴുകുന്നതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്. Seven Sisters Falls എന്ന് ഗൂഗിൾ മാപ്പിൽ നാവിഗേറ്റ് ചെയ്താണ് അങ്ങോട്ട് യാത്ര തിരിച്ചത്. പക്ഷെ ഗൂഗിൾ അമ്മായി ചെറുതായിട്ട് പണി തന്നു. വെള്ളച്ചാട്ടത്തിന്റെ ഉത്ഭവസ്ഥാനത്തേക്കാണ് ഗൂഗിൾ ഞങ്ങളെ നയിച്ചത്. പക്ഷെ അവിടെ പോയാൽ ഒന്നും കാണാൻ സാധിക്കുമായിരുന്നില്ല. മേഘാലയയിലെ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളും വളരെ വലുതാണ്. ഒരുപക്ഷെ നമ്മുടെ പ്രതീക്ഷക്കുമപ്പുറം. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടത്തെ പലയിടങ്ങളിലും അടുത്തുപോയിക്കാണുക സാധ്യമല്ല. വെള്ളച്ചാട്ടത്തിൽ നിന്ന് അകലെ മാറിയിട്ടാവും അതിന്റെ വ്യൂ പോയിന്റ്റ് ഇരിക്കുന്നത്. ആ ഒരു അബദ്ധമാണ് ഞങ്ങൾക്കിവിടെ സംഭവിച്ചത്. ഞങ്ങളെപ്പോലെ തന്നെ വഴി തെറ്റിതിരിച്ചു പോകുന്ന പലരെയും അവിടെ കണ്ടു.  seven sisters view point എന്ന് ഗൂഗിളിൽ തിരഞ്ഞാൽ അത് നമ്മളെ കൃത്യം വ്യൂ പോയിന്റിലേക്ക് എത്തിക്കും. വ്യൂ പോയിന്റിൽ എത്തുമ്പോഴേക്കും സമയം വൈകുന്നേരമായിരുന്നു. പക്ഷെ ഇത്തവണ ഭാഗ്യം ഞങ്ങളെ കടാക്ഷിച്ചില്ല. മൊത്തം മഞ്ഞുമൂടിക്കിടക്കുന്നു. വെള്ളച്ചാട്ടം ഒട്ടും ദൃശ്യമല്ല.  ചെറാപുഞ്ചിയിൽ മഞ്ഞുവരുന്നതും പോകുന്നതുമായ സമയം പ്രവചനാതീതമാണ്. ഇച്ചിരി ഭാഗ്യം കൂടിയുണ്ടെങ്കിൽ പല സ്ഥലങ്ങളും മഞ്ഞുമാറി നേരിൽക്കാനാണ് സാധിക്കൂ. കുറെ നേരം കാത്തിരുന്നു. പക്ഷെ നോ രക്ഷ. ഇനിയും കാത്തിരുന്നാൽ നേരം ഇരുട്ടും. നാളെ സമയമുണ്ടെകിൽ ഒന്ന് കൂടി വരാം എന്ന് പ്ലാൻ ചെയ്തു അവിടെ നിന്നിറങ്ങി.


Mawsmai Cave

          Seven Sisters Falls -നടുത്തു തന്നെയാണ് പ്രശസ്തമായ Mawsmai Cave. Seven Sisters വ്യൂ പോയിന്റിൽ നിന്നും കഷ്ടിച്ച് ഒരൊന്നൊന്നര കിമോമീറ്റർ പോയാൽ മതി. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ഏറെക്കൂറെ ക്ലോസിങ് ടൈം ആയിരുന്നു. നീളമേറിയൊരു ഗുഹയാണ് Mawsmai Cave. പക്ഷെ അതിൽ ഏകദേശം 150 മീറ്റർ മാത്രമേ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളൂ. ബാക്കി ഭാഗം പര്യവേഷകർക്കും, പ്രത്യേക പെർമിഷൻ  എടുത്തവർക്കും മാത്രമായി ചുരുക്കിയിരിക്കുന്നു. ഒരു ആന്ധ്രാ ഫാമിലിയാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്. ചുണ്ണാമ്പുകല്ലിലൂടെ വെള്ളമൊഴുകി വര്ഷങ്ങളെടുത്തു രൂപപ്പെട്ടതാണീ ഗുഹയെന്നത് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. വെള്ളത്തിന്റെ ഒഴുക്ക് ഗുഹക്കുള്ളിൽ പലവിധ രൂപങ്ങളും നിർമ്മിച്ചിട്ടുണ്ട്. സമയം ഇരുട്ടിയതിനാലും , ആളുകൾ കുറവായതിനാലും ഒരു ഹൊറർ അന്തരീക്ഷമാണ് അവിടെ ഫീൽ ചെയ്തത്. അത് പൂര്ണമാക്കാൻ കൂടെ പാറിപ്പറക്കുന്ന വാവലുകളും. ഒരു പത്തിരുപത് മിനുട്ടോളം അവിടെ ചിലവഴിച്ചു. തിരിച്ചുപോരും വഴി Seven Sisters Falls -ൽ ഒന്ന് കൂടി കയറി നോക്കി , മഞ്ഞുകുറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല


വളരെ ചെറിയ ഒരു പ്രദേശമാണ് ചെറാപുഞ്ചി ടൌൺ. ഏകദേശം 15000-ത്തിൽ താഴെ മാത്രം ആളുകളാണ് ഇവിടെ ഉള്ളത്. പോസ്റ്റ് ഓഫിസും, പോലീസ് സ്റ്റേഷനും, പെട്രോൾ പമ്പും എല്ലാം ഈ ടൗണിന്റെ മധ്യത്തിലാണുള്ളത്. ടൗൺ പിന്നിട്ടാൽ ബാക്കിയുള്ള സ്ഥലങ്ങളെല്ലാം വിജനമാണ്. ഒരു ചെറിയ കടപോലും കാണാൻ കിട്ടുകയില്ല. 'മെ മെ ഐ ഹവൻ' (Me Me Ai Haven: Contact: 96129 45658) എന്ന ഹോട്ടലിലാണ് ഇന്ന് രാത്രിയിലെ താമസം.  ചെറാപുഞ്ചി ടൗണിൽ നിന്ന് ഒരു മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് ഈ ഹോട്ടൽ. പക്ഷെ ഹോട്ടലിലേക്കുള്ള യാത്ര പലയിടത്തും നമ്മെ വഴി തെറ്റിയോ ഒന്ന് ചിന്തിപ്പിച്ചു. ഒരു വിജനമായ സ്ഥലത്താണ് അവസാനം ചെന്നെത്തിയത്. മുന്നിൽ ഞങ്ങളുടെ ഹോട്ടൽ മാത്രം. ഒരു വീടുപോലുമില്ല അടുത്തെങ്ങും. ഒരു വീടിനെ ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. പൊതുവെ ചെറാപുഞ്ചിയിൽ ഭക്ഷണവും താമസവും ഇച്ചിരി കോസ്റ്റ്ലിയാണ്. ചെക്കിങ് ചെയ്തു. നല്ല സൗകര്യങ്ങളുള്ള മുറിയാണ്. ചെറാപുഞ്ചി പോലൊരു ചെറിയ പ്രദേശത്തും ഇത്രയും നല്ല ഹോട്ടൽ റൂം കണ്ടപ്പോൾ ഞങ്ങൾ ശരിക്കും അതിശയപ്പെട്ടു. ഹോട്ടലിനു പുറകിൽ ഒരു ചെറിയ കുളവും , പുൽത്തകിടിയുമുണ്ട്. നാല് വശത്തും മഞ്ഞിൽപൊതിഞ്ഞ  ഖാസി മലനിരകൾ. അത് പിറ്റേന്ന് രാവിലെ നേരം വെളുത്തപ്പോഴാണ് കണ്ടത്. ഹോട്ടൽ ടെറസ്സിൽ നിന്ന് സൂര്യോദയവും ,അസ്തമയവും കാണാൻ സാധിക്കും.

നോർത്ത് ഇന്ത്യനും ,  ചൈനീസും , ട്രഡീഷണൽ ഖാസി ഫുഡും ഇവിടെത്തന്നെ കിട്ടും. രാത്രിയിൽ കഴിക്കാൻ ജദോ (Jadoh) എന്നൊരൈറ്റം ഓർഡർ ചെയ്തു. നമ്മുടെ പുലാവ് പോലൊരു സാധനം. പോർക്കിട്ടു വേവിച്ചത്. ഭക്ഷണം കൊള്ളാമായിരുന്നു. ക്വാണ്ടിറ്റി കൂടുതലായതിനാൽ മുഴുവൻ കഴിച്ചു തീർക്കാൻ കഴിഞ്ഞില്ല എന്നൊരു വിഷമം മാത്രം.


പിന്നെ മറ്റൊരു കാര്യം പറയാൻ മറന്നു പോയി അത് ചെറാപുഞ്ചിയിലെ ഡ്രൈവിങിനെ കുറിച്ചാണ്. ടൗണിലെ ഒരേയൊരു പെട്രോൾ പമ്പാണ് അവിടെ വരുന്ന എല്ലാ വണ്ടികൾക്കും ആശ്രയം. അതുകഴിഞ്ഞാൽ പമ്പുകൾ മഷിയിട്ടുനോക്കിയാൽ പോലും കാണാൻ കിട്ടുകയില്ല. ഡ്രൈവ് ചെയ്തു വരുന്നവർ ആവശ്യത്തിന് ഇന്ധനം വണ്ടിയിൽ ഉണ്ടെന്ന്  വരുത്തുക. അതുപോലെ തന്നെ വണ്ടിയിൽ ആവശ്യമുള്ള ടൂളുകളും, സ്പെയർ ടയറും ഉറപ്പുവരുത്തുക. വഴിയിൽ വണ്ടി പഞ്ചറായാൽപ്പോലും സഹായത്തിനു ഒരാളെ കിട്ടുക വളരെ പ്രയാസമാണ്. വർക്ക് ഷോപ്പുകളും ഇല്ല. നേരത്തെ പറഞ്ഞതുപോലെ റോഡിൽ കോടയിറങ്ങുന്നതും, പോകുന്നതും ഇവിടെ പ്രവചനാതീതമാണ്. മഞ്ഞുണ്ടെങ്കിൽ വണ്ടി പരമാവധി വേഗത കുറച്ച് ഓടിക്കുക. ഒപ്പം ഹസാഡ് ലൈറ്റും, ഫോഗ്ഗ് ലാമ്പും ഉൾപ്പടെയുള്ളവ ഓൺ ചെയ്തിടാനും മറക്കണ്ട. പലപ്പോഴും റോഡിൽ വിസിബിലിറ്റി വളരെ കുറവായിരിക്കും


- “അടുത്ത ഭാഗത്തിൽ നോൺഗ്രിയാറ്റിലെ ട്രെക്കിങ്ങ് അനുഭവങ്ങൾ ...Stay tuned”

Friday, November 15, 2019

മേഘാലയ – “മനം മയക്കുന്ന മഹാത്ഭുതം” - Travelogue Part-1



                  ഒരു യാത്ര പോകുകയാണ്. ചെറാപുഞ്ചിയിൽ മഴ നനയാൻ, ഡൗക്കിയിലെ തെളിനീരുകാണാൻ, ഷില്ലോങ്ങിലെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങാൻ, ജോലിത്തിരക്കുകളിൽ നിന്നും നഗരത്തിരക്കുകളിൽ നിന്നുമൊരൊളിച്ചോട്ടം , അങ്ങ് ദൂരെ മേഘാലയയിലേക്ക്.

മേഘാലയ, പേര് അന്വര്ഥമാകും വിധം ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നിടം. പ്രകൃതിയെയും , മരങ്ങളെയും , കല്ലിനെയും, പക്ഷിമൃഗാദികളെയും ദൈവമായി കണ്ട് ആരാധിക്കുന്നവരുടെ നാട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴയടുപ്പം ഇത്രയേറെ ദൃശ്യമാകുന്ന മറ്റൊരിടം ഉണ്ടാകുമോ എന്നറിയില്ല.

കുറേ കാലമായി ആഗ്രഹിക്കുന്നതാണ്, മേഘാലയയിലേക്ക് ഒരു യാത്ര പോകണം എന്നുള്ളത്. ഇതറിഞ്ഞപ്പോ സുഹൃത്തായ മനുവും കൂടെ വരാമെന്നേറ്റു. അങ്ങനെ കഴിഞ്ഞ സ്വതന്ത്ര ദിനത്തിന്റെ പിറ്റേന്ന് , ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് യാത്ര തുടങ്ങുന്നത്. 

തിരുവനന്തപുരത്തു നിന്ന് അന്നേ ദിവസം ഡയറക്ട് ഫ്‌ളൈറ്റ് ഒന്നും തന്നെ ഇല്ലായിരുന്നു. തിരുവനന്തപുരം -ഡൽഹി -ഗുവാഹത്തി ഇതാണ് റൂട്ട്. ഗുവാഹത്തി ആസ്സാമിലാണ് എന്നറിയാമല്ലോ. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് ഇവിടുന്നു ഒരു 100 കിലോമീറ്റർ ദൂരമേയുള്ളൂ. പിന്നെ ഷില്ലോങ്ങിൽ ഒരു ചെറിയ എയർപോർട്ട് ഉണ്ടെങ്കിലും , അവിടെ നിന്ന് വിരലിൽ എണ്ണാവുന്ന സർവീസുകൾ മാത്രമേ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് ഗുവാഹാട്ടിക്ക് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരത്തു നിന്ന് കൊൽക്കത്ത വഴിയും ഒരുപാട് ഫ്‌ളൈറ്റുകൾ ഉണ്ട്. മനു കൊച്ചിയിൽ നിന്ന് കൊൽക്കത്ത വഴിയാണ് വരുന്നത്. എയർപോർട്ട് ലോഞ്ചിൽ നിന്ന് ഡിന്നറും കഴിച്ചു ഏഴരയോട് കൂടി ഞാൻ തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് വിമാനം കയറി.

എയർ ഇന്ത്യയുടെ മാലിയിൽ നിന്ന് വരുന്ന AI 264,  Airbus A321 (Sharklets) സീരീസിലുള്ള ഇന്റർനാഷണൽ ഫ്‌ളൈറ്റ് ആണ്. സാധാരണ വിമാനങ്ങളിൽ നിന്നും വ്യത്യസ്തമായി  Sharklets വിമാനങ്ങളുടെ ചിറകുകൾ സ്രാവിന്റെ ചിറകിനു സമാനമായി മുകളിലേക്ക് വളഞ്ഞിരിക്കും.  ഇങ്ങനെ ലഭിക്കുന്ന മികച്ച എയറോഡൈനാമിക്സ് കാരണം ഇത്തരം വിമാനങ്ങൾക്ക്  ഇന്ധന ഉപയോഗം 3-5 ശതമാനം കുറവായിരിക്കും. ഡൽഹിയിലേക്ക് മൂന്നേകാൽ മണിക്കൂർ യാത്രയുണ്ട്. ഏകദേശം രാത്രി  പതിനൊന്നുമണിയോടെ ഡൽഹിയിൽ എത്തി. അന്നേ ദിവസം ഡൽഹിയിൽ താമസിച്ചു.


Day-1 ഡൽഹി

          രാവിലെ നേരത്തെ എണീറ്റു. ഡൽഹിയിൽ നിന്ന് വൈകുന്നേരമാണ് ഗുവാഹത്തി ഫ്‌ളൈറ്റ്. അത് കൊണ്ട് ഡൽഹി സിറ്റിയിൽ ഒന്ന് കറങ്ങാം എന്ന് കരുതി. ഡൽഹി നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മെട്രോ റെയിൽ വന്നു കഴിഞ്ഞു.  ഏകദേശം 8 ലൈനുകളിലായി 250 ഓളം മെട്രോ സ്റ്റേഷനുകൾ ഡൽഹിയിൽ വ്യാപിച്ചുകിടക്കുന്നു. ഡൽഹി എയർ പോർട്ടിലേക്ക് എയർപോർട്ട് മെട്രോ എക്സ്പ്രസ്സ് എന്ന പേരിൽ ഒരു സ്പെഷ്യൽ റൂട്ടും ഉണ്ട്. അത് കൊണ്ട് നഗരപ്രദക്ഷിണത്തിനു മെട്രോ തന്നെ തിരഞ്ഞെടുത്തു. ഒരു കറക്കം കഴിഞ്ഞു ഉച്ചയോടെ തിരിച്ചെത്തി. ബാഗുമെടുത്തു എയർപോർട്ടിലേക്ക് വിട്ടു. ഡൽഹി എയർപോർട്ട് പ്രതീക്ഷിച്ചതിലും വളരെ വലുതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്ക് പിടിച്ച വിമാനത്താവളം. മൂന്ന് ടെർമിനലുകളാണ് ഇവിടെ ഉള്ളത്. ടെർമിനൽ-1 പ്രധാനമായും ആഭ്യന്തര യാത്രാൾക്കു വേണ്ടിയും ടെർമിനൽ-3 അന്താരാഷ്ട്ര യാത്രകൾക്കും വേണ്ടിയുമാണ് ഉപയോഗിക്കുന്നത്. എന്നാൽ പതിവുപോലെ എയർ ഇന്ത്യ വിമാനങ്ങൾ  അന്താരാഷ്ട്ര ടെർമിനലിൽ നിന്നും പറന്നുയരുന്നു. ചില ലോ കോസ്റ്റ് എയർ ലൈനുകളാണ് ടെർമിനൽ-2 വിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. അന്താരാഷ്ട്ര -ആഭ്യന്തര ടെര്മിനലുകൾക്കിടയിൽ ഏകദേശം ഏഴെട്ടു കിലോമീറ്റർ ദൂരമുണ്ട്. ടെർമിനലുകൾക്കിടയിൽ യാത്ര ചെയ്യാനായി ഡൽഹി ട്രാൻസ്‌പോർട് കോർപ്പറേഷന്റെ ഷട്ടിൽ ബസ്സുകൾ ലഭ്യമാണ്. 25 രൂപയായിരുന്നു ടിക്കറ്റു ചാർജ്. കണക്ഷൻ ഫ്‌ളൈറ്റ് പിടിക്കാൻ പോകുന്നവർക്ക് യാത്ര സൗജന്യമാണ്. അതിനായി എയർപോർട്ടിന് വെളിയിലുള്ള ബസ്സ് കൗണ്ടറിൽ വിമാന ടിക്കറ്റു കാണിച്ചു പാസ്സ് എടുക്കേണ്ടതാണ്. മെട്രോ ആണെങ്കിൽ ടെർമിനൽ-3 യിൽ നിന്ന് എയർപോർട്ട് മെട്രോ എക്സ്പ്രസ്സിൽ കയറി ദ്വാരക സെക്ടർ -21 ൽ വന്നു ടെർമിനൽ-1 ലേക്കുള്ള റൂട്ടിൽ മാറിക്കേറിയാൽ മതി.


സമയം ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പുണ്ട്. വിമാനത്താവളത്തിൽ വച്ച് ഫുഡ് കഴിക്കുന്നത് കീശ കീറുന്ന ഏർപ്പാടാണ്. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ ഒരു ചായ വാങ്ങിച്ചു കുടിച്ചത് ഇപ്പോഴും മറന്നിട്ടില്ല. എന്നാൽ എയർപോർട്ടിൽ ഓസിനു ഫുഡടിക്കാൻ ഒരു വഴിയുണ്ട്. അതാണ് എയർപോർട്ട് ലോഞ്ചുകൾ. അൺലിമിറ്റഡ് ഫുഡ് , കുളിക്കാനും , റസ്റ്റ് ചെയ്യാനും, കിടന്നുറങ്ങാനും ഉള്ള സൗകര്യവും, ഫ്രീ വൈഫൈ തുടങ്ങീ ഒരുപാട് സൗകര്യങ്ങൾ എയർപോർട്ട് ലോഞ്ചുകളിൽ ലഭിക്കും.  സാധാരണ പ്രീമിയം ലോഞ്ചിൽ കയറണമെങ്കിൽ ആയിരവും , രണ്ടായിരവും അതിനു മുകളിലുമാണ് എൻട്രി ഫീ. എന്നാൽ ചില ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് , അല്ലേൽ മുന്തിയ ഇനം ഡെബിറ്റ് കാർഡ് എടുത്തിട്ടുള്ള കസ്റ്റമേഴ്സിന് ഫ്രീ ലോഞ്ച് അക്സസ്സ് കൊടുക്കാറുണ്ട്. ഇനി ഇതും കൈയിൽ ഇല്ലേൽ മറ്റൊരു എളുപ്പ വഴിയുണ്ട്. Paytm അക്കൗണ്ട് ഉള്ള ആളാണ് നിങ്ങൾ എങ്കിൽ മൊബൈൽ ആപ്പ് വഴി തന്നെ Paytm ന്റെ പ്ലാറ്റിനം ഡെബിറ്റ് കാർഡിന് അപ്ലൈ ചെയ്യാവുന്നതാണ്. ഒരാഴ്ചക്കുള്ളിൽ കാർഡ് വീട്ടിൽ എത്തും. ഇന്ത്യയിലെ ഒട്ടുമിക്ക ലോഞ്ചുകളിലും Paytm കാർഡ് ഉപയോഗിച്ച് ഫ്രീ ആയി കയറാവുന്നതാണ്. 

അങ്ങനെ ഫുഡും കഴിച്ചു ഗുവാഹാട്ടിക്കുള്ള ഫ്‌ളൈറ്റിൽ കയറി. K കാന്താ എന്നൊരു വനിതാ പൈലറ്റ് ആണ് വിമാനത്തിന്റെ സാരഥി. ആദ്യമായിട്ടാണ് ഒരു വനിതാ പൈലറ്റ് പറത്തുന്ന വിമാനത്തിൽ കയറുന്നത്. ഗുവാഹത്തിയിൽ അര മണിക്കൂർ ലേറ്റായിട്ടാണ് വിമാനം ലാൻഡ് ചെയ്തത്.

വൈകുന്നേരമായെങ്കിലും പുറത്തിറങ്ങിയപ്പോ നല്ല ചൂട് , ഏറെക്കൂറെ നമ്മുടെ നാട്ടിലെ കാലാവസ്ഥ. നോർത്ത് ഈസ്റ്റിൽ മുഴുവൻ നല്ല തണുപ്പായിരിക്കും എന്നായിരുന്നു എന്റെ ധാരണ. എന്നാൽ ഗുവാഹത്തി ആ ചിന്തയെ മാറ്റിയെഴുതി. ആസാമിന്റെ തലസ്ഥാനമാണ് ഗുവാഹത്തി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഈ യാത്ര തുടങ്ങുന്നത് വരെ ഞാനും. പക്ഷെ ശരിക്കും ആസാമിന്റെ തലസ്ഥാനം ഗുവാഹാട്ടിക്കടുത്തു തന്നെയുള്ള ദിസ്പൂർ ആണ്. എയർപോർട്ടിന് വെളിയിൽ ഇറങ്ങിയപ്പൊത്തന്നെ ഓട്ടോക്കാരും ടാക്സിക്കാരും പുറകെ കൂടി. എന്റെ താമസസ്ഥലത്തേക്ക് 100 രൂപയാണ് ഓട്ടോ ചാർജ് പറഞ്ഞത്. എന്നാൽ കുറച്ചു കൂടി മുന്നോട്ടു നടന്ന് എയർപോർട്ട് കോമ്പൗണ്ടിനു വെളിയിൽ വന്നാൽ ഇതിന്റെ പകുതി കാശിനു വണ്ടി കിട്ടും. ഇവിടെ നിന്ന് ഷില്ലോങ്ങിലേക്കുള്ള ടാക്‌സിയും ലഭ്യമാണ്. ഹോട്ടൽ അടുത്തുതന്നെയായിരുന്നതിനാൽ ഞാൻ നടക്കാൻ തീരുമാനിച്ചു. ഒരുപാട് ഇലക്ട്രിക്ക് റിക്ഷകളും റോഡിൽ കാണാനുണ്ട്. ഹോട്ടലിൽ ചെക്കിൻ ചെയ്തു ഒരു കുളി പാസാക്കുമ്പോഴേക്കും മനുവും സ്ഥലത്തെത്തി.
ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി. ഹുവാഹട്ടി എയർപോർട്ടിന് സമീപം ഒരുപാട് സൗത്ത് ഇന്ത്യൻ കടകൾ ഉണ്ട്. തമിഴ്, ആന്ധ്രാ സ്റ്റൈൽ ഫുഡുകൾ കിട്ടുന്നവ. എന്നാൽ ഇവിടം വരെ വന്നിട്ട് ഇഡലിയും, ദോശയും കഴിച്ചു പോകുന്നതിൽ കാര്യമില്ലല്ലോ. ലോക്കൽ ഫുഡ് തിരഞ്ഞു അധികം നടക്കേണ്ടി വന്നില്ല. ഞങ്ങളുടെ താമസസ്ഥലത്തിന് തൊട്ടടുത്തു തന്നെയൊരു ആസാമീസ് കടയുണ്ട്. ഹോട്ടൽ നിഷ. ഗുവാഹത്തി എയർപോർട്ടിന് അടുത്തു തന്നെയാണ്. അവിടെ ചെന്ന് ആസാമീസ് ഫിഷ് താലി ഓർഡർ ചെയ്തു.  വെളുത്ത അരിയുടെ ചോറും, പരിപ്പിന്റെ ധാരാളിത്തമുള്ള, സാമ്പാറുപോലെ തോന്നിക്കുന്ന ഒരു കറിയും,  പിന്നെ മീൻ കറിയും വന്നു. കൂടെ ക്യാരറ്റ് ഉപ്പേരിയും, മെഴുക്കുപുരട്ടിയും, മാങ്ങ അച്ചാറും, പച്ചമുളകരച്ച ചമ്മന്തിയും. ചമ്മന്തിക്ക് ഒടുക്കത്തെ എരിവാണ്. അതൊഴികെ ബാക്കിയെല്ലാം ഒറ്റയടിക്ക് അകത്താക്കി. കൊള്ളാം ..! നല്ല ടേസ്റ്റുണ്ട്. നമ്മുടെ നാട്ടിലെ ഊണിൽ നിന്ന് വ്യത്യസ്തമായൊരു രുചി. മീൻ കറിയും കൊള്ളാം. മീൻ മുറിച്ച രീതി നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണ്. മീനിനെ തിരശ്ചീനമായി മുറിച്ചെടുത്താണ് കറി വച്ചിരിക്കുന്നത്. എല്ലാ ഹോട്ടലുകളിലും ഊണിന്റെ കൂടെ സവാളയും, മുളകും, ചെറു നാരങ്ങയും തരും. ചെറു നാരങ്ങ എന്നുവിളിക്കാൻ പറ്റില്ല, നീര് കുറഞ്ഞ വലിയ സൈഡിലുള്ള നാരങ്ങാ തന്നെയാണ് ആസ്സാമിലും, മേഘാലയയിലെ ലഭിച്ചത്. ഏകദേശം നമ്മുടെ മധുര നാരങ്ങയെപ്പോലെ. ഫുഡും കഴിച്ച് നേരെ ബെഡിലേക്ക് ചാഞ്ഞു


Day-2 ഗുവാഹത്തി 

          പിറ്റേന്ന് രാവിലെ അലാം അടിക്കുന്നതിനു മുമ്പേ തന്നെ എണീറ്റു. സമയം രാവിലെ അഞ്ചു മണി ആയിട്ടില്ല. പുറത്തെങ്ങും നല്ല വെളിച്ചം. ഇവിടെ ഓഗസ്റ്റ് മാസത്തിൽ നാലരയോടുകൂടിത്തന്നെ സൂര്യൻ ഉദിക്കുമത്രേ. ഇന്നത്തെ ദിവസം ഗുവാഹാട്ടിക്കുള്ളതാണ്. മേഘാലയയിലേക്ക് തിരിക്കും മുൻപ് ഒരു ദിവസം ഗുവാഹത്തി സിറ്റിക്കുള്ളിൽ കറങ്ങുകയാണ് ലക്‌ഷ്യം. ഒരാഴ്ചത്തേക്ക് ഇവിടെ നിന്നൊരു കാർ വാടകക്ക് എടുത്തിട്ടുണ്ട്. Zoom കാറിൽ ഓഫർ കിട്ടിയപ്പോ ബുക്ക് ചെയ്തതാണ്. ഇതല്ലാതെ ഗുവാഹത്തിയിൽ കാറും , ബൈക്കും , സ്‌കൂട്ടറും വാടകക്ക് കൊടുക്കുന്ന ഒരുപാട് കടകളും , ഏജൻസികളും ഉണ്ട്. (Car/bike rental at Guwahati : Awe Rides 98540 05002, Zoom Cars 08638185472
) ടു വീലറിന് 400 മുതൽ മുകളിലോട്ടും, കാറിനു 1500 നു മുകളിലോട്ടുമാണ് പ്രതിദിന റേറ്റ്. ഷില്ലോങ്ങിൽ ചെന്നാലും വാടകക്ക് വണ്ടി കിട്ടും. ടാക്സികളും ലഭ്യമാണ്. (Car/bike rental at Shillong : Auto rides 085880 68965, ACE Bikes 09774762192
) എന്തായാലും മുൻകൂട്ടി വിളിച്ചു ബുക്ക് ചെയ്യുന്നതാവും ഉചിതം. ഗുവാഹത്തി എയർപോട്ടിന്റെ മുന്നിൽ ചെന്നാൽ ഷില്ലോങ്ങിലേക്ക് ഷെയർ ടാക്‌സികളും കിട്ടും. 

ആസ്സാം മൃഗശാല

          കാറെടുത്തു നേരെ പോയത് ആസാം മൃഗശാലയിലേക്കാണ്. എയർപോർട്ടിൽ നിന്ന് ഏകദേശം 25 കിലോമീറ്റര് ഉണ്ട് അവിടേക്ക്. ഞങ്ങൾ എത്തുമ്പോൾ ആളുകൾ വന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അത്ര വലുതൊന്നുമല്ലാത്തൊരു മൃഗശാലയാണിത്. മൃഗങ്ങളും കുറവ്. മൃഗശാലക്കുള്ളിൽ സൈക്കിളുകൾ ലഭ്യമാണ്. ആവശ്യക്കാർക്ക് കാശ് കൊടുത്ത് ഉപയോഗിക്കാം. പക്ഷെ സൈക്കിളിൽ സഞ്ചരിച്ചു കാണാന്മാത്രമുള്ള വലുപ്പമൊന്നും മൃഗശാലക്കില്ല. അധികം വെയിലുകൊണ്ടു സമയം കളയാതെ ഞങ്ങൾ അവിടിന്നു തിരിച്ചു

ആസ്സാം സ്റ്റേറ്റ് മ്യൂസിയം

                    അടുത്ത ലക്‌ഷ്യം സ്റ്റേറ്റ് മ്യൂസിയമാണ്. മൃഗശാലയിൽ നിന്ന് അഞ്ചു കിലോമീറ്റർ ഉണ്ട്. നഗരത്തിരക്കിനുള്ളിൽ തന്നെയാണ്. ഇവിടെ പാർക്കിങ് സൗകര്യവും കുറവാണ്. വലിയൊരു കളക്ഷൻ തന്നെ ഇവിടെയുണ്ട്. സ്വതന്ത്ര സമരത്തിൽ തുടങ്ങി, നോർത്ത് ഈസ്റ്റിന്റെ ചരിത്രം വരെ പറയുന്ന പതിനഞ്ചോളം ഗ്യാലറികളാണ് ഇതിനകത്ത് ഉള്ളത്. വേണമെങ്കിൽ ഒരു ദിവസം വരെ ചിലവഴിക്കാൻ സാധിക്കും. പക്ഷെ ഒട്ടും ആകർഷകമല്ലാതെയുള്ള പ്രദർശന രീതിയും, കാര്യങ്ങൾ വിശദീകരിച്ചു തരാൻ ആളില്ലാത്തതും മനം മടുപ്പിക്കുന്നു. അവിടെ നിന്നിറങ്ങുമ്പോഴേക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരുന്നു. മ്യൂസിയത്തിന്റെ മുൻപിൽ ഒരുപാട് ഹോട്ടലുകൾ ഉണ്ട്. പക്ഷെ ഞായറാഴ്ച ആയതു കൊണ്ടാണോ എന്നറിയില്ല ഒട്ടു മിക്കതും അടച്ചിട്ടിരിക്കുകയായിരുന്നു. കുറച്ച് മുന്നോട്ടു ചെന്നപ്പോൾ റോഡ് സൈഡിൽ ഒരു ചൈനീസ് ഫുഡ് കട കണ്ട്. ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു കഴിച്ചു.

ഗുവാഹത്തി പ്ലാനറ്റോറിയം

          മ്യൂസിയത്തിന്റെ തൊട്ടടുത്ത തന്നെയാണ് പ്ലാനറ്റെറിയവും സ്ഥിതി ചെയ്യുന്നത്.  ഒരു കൗതുകത്തിന്റെ പുറത്ത് കയറിയതാണ്. നമ്മുടെ നാട്ടിലേതിൽ നിന്നും എന്തേലും വ്യത്യാസമുണ്ടോ എന്നറിയാൻ മാത്രം. ഞങ്ങൾ പോയ സമയത്ത് ആസാമീസ് ഷോ ആയിരുന്നു. എന്നാലും കേറിയിരുന്നു കണ്ടു.

നെഹ്‌റു പാർക്ക്

          പ്ലാനറ്റോറിയത്തിന്റെ അടുത്തു തന്നെ ഒരു പാർക്ക് ഉണ്ട് . നെഹ്‌റു പാർക്ക് . അത്യാവശ്യം നന്നായിത്തന്നെ മെയിന്റയിൻ ചെയ്തു പോരുന്നൊരു പാർക്കാണിത്. യുവതീ യുവാക്കളാണ് കൂടുതൽ സന്ദർശകരും. വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ പറ്റിയ ഇടം. വെയിലുകൊണ്ടു വാടിത്തളർന്ന ഞങ്ങൾക്ക്  അൽപ്പം ആശ്വാസമായി ഇവിടം. ഗുവാഹത്തിയിലെ ചൂട് ഒരു രക്ഷയും ഇല്ല. രാവിലെ മുതൽ വിയർത്തൊലിക്കുകയാണ്. ലഗ്ഗേജ് കുറയ്ക്കാനായി ഡ്രെസ്സുകളുടെ എണ്ണം വെട്ടിച്ചുരുക്കിയാണ് വന്നിരിക്കുന്നത്. എന്നാൽ വിയർത്തൊലിച്ച് ദിവസം രണ്ട് നേരം ഡ്രസ്സ് മാറേണ്ട അവസ്ഥയാണ് ഇവിടെ. ഒരു മണിക്കൂറോളം നെഹ്‌റു പാർക്കിൽ ചിലവഴിച്ചു പുറത്തിറങ്ങി. പുറത്തു ഉന്തു വണ്ടികളിൽ കരിമ്പ് ജ്യൂസും, ചോളവും, പൈനാപ്പിളും വിൽക്കുന്നു. ഒരു ജ്യൂസ് വാങ്ങിക്കഴിച്ചു. വെള്ളം ചേർക്കാത്തതിനാൽ ധൈര്യമായി കുടിക്കാം. അടുത്ത ലക്‌ഷ്യം ഉമാനന്ദ ഐലൻഡാണ്. നടക്കാനുള്ള ദൂരമേ ഉള്ളൂ എന്നാണ് ഗൂഗിൾ മാപ്പ് പറയുന്നത്. അത് കൊണ്ട് വണ്ടി പാർക്കിനടുത്തു തന്നെ പാർക്ക് ചെയ്തു.

ഉമാനന്ദ ഐലൻഡ്

          ബ്രഹ്മപുത്ര നദിയിൽ ദക്ഷിണ-ഉത്തര ഗുവാഹാട്ടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് ഉമാനന്ദ. പീകോക്ക് ഐലൻഡ് എന്നും ഇത് അറിയപ്പെടുന്നു. പത്നിയായ പാർവതിക്ക് വേണ്ടി ശിവൻ നിർമിച്ചെടുത്തതാണ് ഈ ദ്വീപ് എന്നാണ് ഐതിഹ്യം. ശിവ പ്രതിഷ്ഠയുള്ളൊരു അമ്പലമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. ഇതോടൊപ്പം തന്നെ ഹനുമാന്റെയും, ഗണപതിയുടെയും പ്രതിഷ്ഠകളും ഉണ്ട്. ടൂറിസ്റ്റുകളെക്കാൾ കൂടുതൽ വിശ്വാസികളാണ് ഇവിടേക്ക് വന്നെത്തുന്നത്. ഉമാനന്ദയിലെ ശിവരാത്രി ആഘോഷം വളരെ പ്രസിദ്ധമാണ്.

ഉമാനന്ദയിലേക്കുള്ള വഴി തേടി ഗൂഗിൾ മാപ്പിന്റെ പുറകെ പത്തു മിനുട്ടോളം ഞങ്ങൾ നടന്നു. അവസാനം ചെന്നെത്തിയത് ഏതോ ഒരു സർക്കാർ ആപ്പീസിന്റെ മുറ്റത്ത് . മുന്നിലേക്ക് വേറെ വഴിയില്ല. അവിടെ കണ്ട ചേട്ടനോട് ചോദിച്ചു. പുള്ളി ഉമാനന്ദയിലേക്ക് ഫെറി കിട്ടുന്ന സ്ഥലം പറഞ്ഞു തന്നു. വീണ്ടും നടക്കാൻ നിന്നില്ല. വണ്ടിയെടുത്തു തിരിച്ചു വന്നു. വൈകുന്നേരം നാല് മണിവരെ ഇവിടെ നിന്ന് ഉമാനന്ദയിലേക്ക് സർക്കാർ ഫെറി സർവീസ് ഉണ്ട്. ടിക്കറ്റ് എടുത്തു കയറി. 

ഐലൻഡിൽ ഫെറി ഇറങ്ങിയാൽ മുകളിലേക്ക് കുറേ പടികൾ കാണാം, പടികൾ കേറിചെന്നാൽ എത്തുന്നത് ഉമാനന്ദ ക്ഷേത്രത്തിന്റെ ചെറിയൊരു കോമ്പൗണ്ടിലേക്കാണ്. ഭക്തിയുടെ പേരിൽ സാമ്പത്തിക മുതലെടുപ്പ് നടത്തുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇവിടം. കേറിചെല്ലുമ്പോൾ തന്നെ ഒരു ഭാഗത്തു നിന്ന് ഒരു പൂജാരി സന്ദർശകരെ ചാക്കിട്ടുപിടിക്കുന്നു. അമ്പലത്തിൽ കേറും മുൻപ് ഗണപതിക്ക് വഴിപാട് കഴിപ്പിക്കണമത്രേ. നൂറും , ഇരുനൂറും കൊടുത്തു പലരും ഇൻസ്റ്റന്റ് പൂജകളും കഴിഞ്ഞു മടങ്ങുന്നു. കുറച്ചുകൂടി മുന്നോട്ടുചെന്നാൽ മുഖ്യ ക്ഷേത്രമാണ്. ഇവിടെ ഒരു ഭൂഗർഭ അറയിലാണ് ശിവപ്രതിഷ്ഠ. പുറത്തു നിന്ന് വിലകൊടുത്തു വാങ്ങിക്കുന്ന പൂജാദ്രവ്യങ്ങളുമായി ചെന്നാലേ വിഗ്രഹത്തിലേക്ക് എത്താൻ കഴിയൂ. കൊടുക്കുന്ന കാശിന്റെ അളവനുസരിച്ച് സന്ദർശന സമയവും കൂട്ടിക്കിട്ടും. ഫോട്ടോഗ്രാഫി അനുവദനീയമല്ല. പക്ഷെ പൂജാരിക്ക് കാശ് കൊടുത്താൽ ദൈവത്തിന്റെ കൂടെ സെൽഫി വരെ എടുക്കാം. സെൽഫീ വിത്ത് ശിവൻ ബ്രോ, എന്ത് മനോഹരമായ ആചാരങ്ങൾ അല്ലെ !?. ശിവപ്രതിഷ്ഠ കാണാൻ പുറകിൽ നിന്ന് എന്തിനോക്കിയെങ്കിലും കുന്നുകൂടിയ കറൻസി നോട്ടുകൾ മാത്രമേ കാണാനൊത്തുള്ളൂ. അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. വേഗം പുറത്തിറങ്ങി. മനു അപ്പോൾ പുറത്തെവിടേയോ ഫോട്ടോയെടുക്കാൻ കറങ്ങി നടക്കുകയായിരുന്നു.


സാരായ്  ഗാട്ട് പാലം

          ഉമാനന്ദയിൽ നിന്നും ഒരു പത്തുകിലോമീറ്ററോളം സഞ്ചരിച്ചാൽ സാരായ്  ഗാട്ട് പാലത്തിൽ എത്തും. ഇന്ത്യൻ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിൽ ഒന്നാണ്, ബ്രഹ്മപുത്രക്കു കുറുകെ നിർമ്മിച്ച 1.5 കിലോമീറ്റർ നീളുന്ന ഈ ഡബിൾ ഡെക്കർ പാലം. അടിയിൽക്കൂടെ റെയിൽവേ ലൈനും, മുകളിൽകൂടെ റോഡും കടന്നുപോകുന്നു. 1962 ലാണ് ഇതിന്റെ പണി പൂർത്തിയായത്. ഇപ്പോൾ ഇതിനു സമാന്തരമായി ഒരു പുതിയ പാലം കൂടി നിർമ്മിച്ചിട്ടുണ്ട്. സാരായ്  ഗാട്ട് പാലം കടന്നു ചെന്നാൽ IIT ഗുവാഹത്തിയായി. ഗാട്ടിൽ നിന്നു കാണുന്ന സൂര്യാസ്തമയം അതി മനോഹരമാണ്. നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്രക്കതിരിട്ട  കുന്നുകളിൽ സൂര്യൻ താഴ്ന്നിറങ്ങുന്നത് കാണാൻ ഒരു പ്രത്യേക മൊഞ്ചാണ്. ഇരുട്ട് വീണതും ഞങ്ങൾ ഹോട്ടലിലേക്ക് മടക്ക യാത്ര തുടങ്ങി.


Day-3 ഷില്ലോങ് - മേഘാലയ

         തലേന്ന് വെയിലുകൊണ്ടു തളർന്നുറങ്ങിയതിനാൽ, അലാറം രണ്ടു തവണ അടിച്ചതിനു ശേഷമാണ് ഞാൻ ഉണർന്നത്. ഇന്നാണ് ശരിക്കും മേഘാലയ എക്സ്പ്ലൊറേഷൻ തുടങ്ങുന്നത്. നേരെ ഷില്ലോങ്ങിലേക്ക് വച്ച് പിടിക്കണം. 1972 വരെ മേഘാലയ ആസ്സാമിന്റെ ഭാഗമായിരുന്നു. പിന്നീട് ഖാസി , ഗാരോ , ജൈന്ത്യാ ജില്ലകളെ വേർപെടുത്തിയാണ് മേഘാലയ രൂപീകരിച്ചത്. വന വിഭവങ്ങളും , കൃഷിയുമാണ് മേഘാലയയുടെ പ്രധാന വരുമാന മാർഗം. ഇന്ത്യയിൽ ഇംഗ്ലീഷ് ഒഫീഷ്യൽ ലാംഗ്വേജ് ആയിട്ടുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് മേഘാലയ എങ്കിലും പൊതുവെ പുറത്തുനിന്നും വരുന്നവരോട് സംസാരിക്കാൻ ഹിന്ദിയാണ് ഇവിടുത്തുകാർ പൊതുവെ തെരെഞ്ഞെടുക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. മൂന്നു ലക്ഷത്തോളം വരുന്ന മേഘാലയയിലെ ജനസംഘ്യയുടെ മൂന്നിൽ ഒരു ഭാഗവും ഖാസി വിഭാഗക്കാരാണ്. ഖാസി ഭക്ഷണം മേഘാലയയിലെ പോയാൽ നിർബന്ധമായും പരീക്ഷിച്ചു നോക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും നോൺ വെജ്. ആസാമീസ് ഫുഡിനെ അപേക്ഷിച്ചു , ഖാസി ഊണിൽ വിഭവങ്ങൾ കുറവാണ്.
ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്ക് ഏകദേശം നൂറ് കിലോമീറ്ററോളം യാത്രയുണ്ട് . അതുകൊണ്ടു രാവിലെ നേരത്തെ തന്നെ ഹോട്ടൽ വെക്കേറ്റ് ചെയ്തിറങ്ങി. ഷില്ലോങ് ഹൈവേയിലുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഒരു പക്ഷെ നോർത്ത് ഈസ്റ്റിലെ തന്നെ ഏറ്റവും മികച്ച റോഡ് ആയിരിക്കും ഇത്. വീതിയേറിയ ട്രാഫിക്ക് കുറഞ്ഞ  നാലുവരിപ്പാത, ഇരുവശങ്ങളിലും കുന്നും , മരങ്ങളും , കാടും. മേഘാലയയിലെ വരുന്നവർ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു യാത്രയായിരിക്കും ഈ റൂട്ടിൽ. പോകുന്ന വഴിയിൽ ചെറിയ ചെറിയ ടൗണുകൾ ഉണ്ട്. അത്യാവശ്യം ഹോട്ടലുകളും , ടോയ്‌ലറ്റ് സൗകര്യവും, പെട്രോൾ പമ്പുകളും ഇവിടെ കാണും.

പോകും വഴി ചെറിയൊരു പണി കിട്ടി. ഷില്ലോങ് ഹൈവെയിൽ പെട്രോൾ അടിക്കാൻ നിർത്തിയപ്പോഴാണ് ശ്രദ്ധിച്ചത്. പുറകിലെ ടയറുകളിലൊന്ന് പഞ്ചർ ആണ്. ടയർ മാറ്റാനായി കുറച്ചേറെ സമയം അവിടെ ചിലവഴിക്കേണ്ടി വന്നു. സ്റ്റെപ്പിനിയെടുത്ത് മാറ്റിയിട്ട് യാത്ര തുടർന്നു. വഴിയേ റോഡിന്റെ വശങ്ങളിൽ ചെറിയ കടകൾ ഉണ്ട്. അവിടെ പൈനാപ്പിളും, പപ്പായയും, തേനും, ഹോം മേഡ് മിഠായികളും, അച്ചാറുകളും വാങ്ങിക്കാൻ കിട്ടും. പൈനാപ്പിൾ ഒന്ന് വാങ്ങിച്ചു കഴിച്ചു നോക്കണം. ഇരുപതോ മുപ്പതോ രൂപയെ വരൂ. നല്ല തേൻ മധുരമാണ്. ഇത് കഴിച്ചാൽ നാട്ടിലെ പൈനാപ്പിളിനെ എടുത്തു കിണറ്റിലിടാൻ തോന്നിപ്പോയാൽ അത്ഭുതമില്ല. പിന്നീടുള്ള പല ദിവസങ്ങളിലും ഞങ്ങളുടെ ബ്രേക്ഫാസ്റ്റും , ലഞ്ചുമായി വരെ ഈ പൈനാപ്പിളുകൾ മാറിയിട്ടുണ്ട്.  പൊതുവെ എല്ലായിടത്തും, തുച്ഛമായ വിലയ്ക്ക് ലഭ്യമായ ഒന്നാണ് ഈ പൈനാപ്പിളുകൾ. മേഘാലയയുടെ കൃഷി വരുമാനത്തിന്റെ ഏറിയ പങ്കും പൈനാപ്പിളിന്റെ സംഭാവനയാണ് എന്നും ഓർക്കണം.


ഒരു പത്തു പത്തരയോടെ ഷില്ലോങ് ടൗണിൽ എത്തി. ഗുവാഹത്തിയിൽ നിന്നും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേത്. നല്ല തണുത്ത അന്തരീക്ഷം. വേനല്ക്കാലത്തുപോലും 25 ഡിഗ്രിയോളമേ ഇവിടെ ചൂട് രേഖപ്പെടുത്താറുള്ളൂ. ബ്രിട്ടീഷുകാർ കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നാണ് ഷില്ലോങ്ങിലെ വിളിച്ചിരുന്നത്. മേഘാലയയും, ആസാമും രണ്ടാകുന്നതിനുമുമ്പ് ഷില്ലോങ് ആസ്സാമിന്റെ തലസ്ഥാനമായിരുന്നു. പിന്നീട് ഖാസി , ഗാരോ ,  ജൈന്ത്യാ ജില്ലകൾ ചേർത്ത് മേഘാലയ രൂപീകരിച്ചപ്പോൾ ആസ്സാമിന് ദിസ്പൂരും , മേഘാലയക്ക് ഷില്ലോങ്ങും തലസ്ഥാനമായി മാറി. ഗുവാഹത്തിയെ അപേക്ഷിച്ച് വളരെ ചെറുതാണ് ഷില്ലോങ്. ഒന്നരലക്ഷത്തോളമാണ് ജനസംഖ്യ. ഇവിടുത്തെ ആളുകൾ വളരെ മോഡേൺ ആയിട്ടുള്ള  വേഷഭൂഷാദികൾ ഇഷ്ടപെടുന്നവരാണ്. മീൻ വിൽക്കുന്ന അമ്മച്ചിമാർ വരെ ലിപ്സ്റ്റിക്കും, ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് നിൽക്കുന്നത്. മെട്രോ നഗരത്തിൽ നിന്ന് വരുന്നവർ പോലും നാണിക്കും വിധമാണ്  ഷില്ലോങ് നിവാസികളുടെ ഫാഷൻ ട്രെൻഡുകൾ. ഒട്ടു മിക്ക ബ്രാൻഡുകളുടെയും ഡ്യൂപ്ലിക്കേറ്റ് ഇവിടുത്തെ മാർക്കറ്റിൽ ലഭ്യമാണ്. പോപ്പ് കൾച്ചർ വലിയ തോതിൽ ഷില്ലോങ്ങിലെ ആളുകളെ സ്വാധീനിച്ചിട്ടുണ്ട്.  ഷില്ലോങ്ങിൽ റെയിൽവേ ലൈനുകൾ ഇല്ലാ എന്ന കാര്യം അറിയാമല്ലോ ? ആകെ ഉള്ള ഒരു ചെറിയ എയർപോർട്ടിൽ നിന്ന് ദിവസേനെ വിരലിൽ എണ്ണാവുന്ന ഫ്‌ളൈറ്റ് സർവീസുകളെ ഉള്ളൂ. അതുകൊണ്ടു റോഡ് സർവീസ് തന്നെയാണ് ഇവിടുത്തെ ആളുകൾ യാത്രകൾക്കും, ചരക്കു നീക്കത്തിനും ഉപയോഗപ്പെടുത്തുന്നത്. ഷില്ലോങ്ങിനെ  ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്ന NH 40 -ഉം , ത്രിപുര , മിസോറാം സംസ്ഥാനങ്ങളുമായി കണക്റ്റ് ചെയ്യുന്ന NH 44 -ലുമാണ് ഇവിടുത്തെ പ്രധാന ദേശീയ പാതകൾ. റോഡ് തകരുന്നതിനു മഴയെ കുറ്റം പറയുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും, PWD ക്കാരും വർഷം മുഴുവൻ വർഷം ലഭിക്കുന്ന മേഘാലയയിലെ റോഡുകൾ കണ്ട് പഠിക്കണം. ഇത്രയേറെ മഴ പെയ്തിട്ടും മേഘാലയയിലെ റോഡുകൾ ഒരു കൂസലുമില്ലാതെ തലയുയർത്തി നിൽക്കുന്നു. ഗുവാഹത്തി-ഷില്ലോങ് ഹൈവെയിൽ ഒരു ഗട്ടറുപോലും കാണാനില്ലായിരുന്നു. നമ്മുടെ നാട്ടിൽ ഓട്ടോ പോലെയാണ് ഷില്ലോങ്ങിൽ മാരുതി 800 വണ്ടികൾ. നിരത്തിലിറങ്ങിയാൽ നൂറുകണക്കിന് മാരുതി 800 കാറുകൾ കാണാം. ആളുകൾ ഷെയർ ടാക്സിയായി ഉപയോഗിക്കുകയാണവ. ഓട്ടോകൾ ഒന്നുപോലും ഷില്ലോങ് നഗരത്തിൽ കണ്ടില്ല. എല്ലാവരും ടാക്സിയാണ് ഉപയോഗിക്കുന്നത്. 

ഷില്ലോങ് പീക്ക്

          ഷില്ലോങ്ങിലെ നമ്മുടെ ആദ്യ ലക്‌ഷ്യം ഷില്ലോങ് പീക്ക് ആണ്. ഷില്ലോങ് ടൗണും കടന്നു പത്തു കിലോമീറ്ററോളം മുന്നോട്ടുപോയാൽ ഷില്ലോങ് പീക്ക് എത്തും. ഷില്ലോങ് ടൗണിലെ റോഡുകൾ മികച്ചതാണെങ്കിലും പലയിടങ്ങളിലും നന്നേ ഇടുങ്ങിയതാണ്. പോരാത്തതിന് ഇടക്കിടെ കയറ്റവും ഇറക്കവും. രാവിലെയും വൈകുന്നേരവും ഇതുവഴി വന്നാൽ ട്രാഫിക് ബ്ലോക്കിൽ പെട്ടുകിടക്കും എന്ന കാര്യം ഉറപ്പാണ്.  ഷില്ലോങ് ടൗൺ കടന്നു കിട്ടാൻ ഏകദേശം ഒന്നര മണിക്കൂറോളമെടുത്തു. 

ടൗൺ കഴിഞ്ഞതും റോഡിനു വീതിയേറി. ഈസ്റ്റേൺ എയർ കമാൻഡിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് ഓഫിസുകൾ റോഡിനിരുവശത്തും കാണാം. ചിലയിടങ്ങളിൽ ഫൈറ്റർ എയർ ക്രാഫ്റ്റുകളുടെ മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്നും  ഏകദേശം 2000 മീറ്റർ  ഉയരത്തിലാണ് ഷില്ലോങ് പീക്ക് സ്ഥി ചെയ്യുന്നത്. ഷില്ലോങ്ങിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. മുകളിൽ നിന്ന് നോക്കിയാൽ ഷില്ലോങ്ങിലെ ഒരു പനോരാമിക് വ്യൂ കാണാം. മഞ്ഞുകുറവാണെങ്കിൽ അങ്ങ് ദൂരെ ബംഗ്ലാദേശിലെ സമതലങ്ങളും. ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ഒരു റഡാർ സ്റ്റേഷൻ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ഏരിയ മൊത്തം അവരുടെ കൺട്രോളിലാണ്. എയർഫോഴ്സ് ഫെസിലിറ്റിയിൽ കൂടിയാണ് ഇങ്ങോട്ടു പ്രവേശിക്കുന്നതും. രാവിലെ ഒൻപതു മുതൽ വൈകീട്ട് 3:30 വരെയാണ് ഇവിടുത്തെ പ്രവേശന സമയം. പോകുന്ന ആളുകളുടെ ID Card എൻട്രൻസിൽ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കൈയിൽ ഏൽപ്പിച്ചു, വാഹനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തി പാസ്സ് വാങ്ങിച്ചാൽ ഉള്ളിൽ കയറാം. തിരിച്ചു വരുമ്പോൾ ഇതേ പാസ് തിരിച്ചേൽപ്പിച്ചു, ID Card -കൾ തിരികെ വാങ്ങാം. അവധി ദിവസങ്ങളിൽ ആണെങ്കിൽ ഇവിടെ തിരക്ക് ക്രമാതീതമായിരിക്കും. ചിലപ്പോൾ 2-3 മണിക്കൂർ വരെ വണ്ടിയിൽ ക്യൂ നിൽക്കേണ്ടി വരും. അത് കൊണ്ട് പ്രവേശന സമയത്തിനും മുമ്പേതന്നെ ഇവിടെ എത്തിച്ചേരുന്നതാണ് അഭികാമ്യം.

ഷില്ലോങ് പീക്കിൽ ഇന്ന് അധികം തിരക്ക് ഇല്ല. വ്യൂ പോയിന്റ് വരെ വണ്ടി പോകും. ഷില്ലോങ്ങിലെ 180 ഡിഗ്രിയിലുള്ളൊരു കിടിലൻ പനോരമയാണ് ഇവിടുത്തെ ആകർഷണം. നഗരത്തിലെ റോഡുകളും, വാഹനങ്ങളുടെ ചലനവും, കുന്നുകളും , വെള്ളച്ചാട്ടങ്ങളും വരെ നോക്കിക്കാണാം. മനു ഷില്ലോങ്ങിനെ തൻ്റെ ടൈം ലാപ്സ് വീഡിയോയിൽ പകർത്തിക്കൊണ്ടിരിക്കുകയാണ്. പീക്കിന്റെ ഇടതും വലതും ഭാഗത്തു ഉയരത്തിൽ നിർമ്മിച്ച രണ്ടു വ്യൂ പോയിന്റുകൾ ഉണ്ട്. അതിലൊന്നിൽ ഒരു ടെലിസ്കോപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ മിനിട്ടു വീതം ഫ്രീയായി ഇതിലൂടെ താഴ്വാരത്തെ കാഴ്ച്ചകൾ കാണാം. ഖാസി ട്രെഡീഷണൽ വസ്ത്രത്തിൽ ഷില്ലോങ് നഗരത്തിനെ പശ്ചാത്തലമാക്കിക്കൊണ്ടു ഫോട്ടോയെടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. താഴെ ഒരു ഫാമിലി മൊത്തത്തിൽ ഖാസി വസ്ത്രങ്ങളണിഞ്ഞു ഫോട്ടോഷൂട്ടിനു റെഡിയായി നിൽക്കുന്നു. വ്യൂ പോയന്റിലെ കടകളിലും പൈനാപ്പിളുകൾ വിൽക്കാൻ വച്ചിട്ടുണ്ട്. പൈനാപ്പിൾ ഇവിടെ കണ്ടാലും ഞങ്ങൾ വാങ്ങിച്ചു കഴിക്കും. ഇവിടെയും ആ ശീലം തെറ്റിച്ചില്ല.

എലിഫന്റ് ഫാൾസ് (Elephant Falls)

           ഷില്ലോങ് പീക്കിൽ നിന്ന് തിരിച്ചിറങ്ങും വഴിയാണ് എലിഫന്റ് ഫാൾസ് എന്ന വെള്ളച്ചാട്ടം. പീക്കിൽ നിന്ന് ഒരു അഞ്ചു കിലോമീറ്ററിൽ താഴെയാണിത് സ്ഥിതി ചെയ്യുന്നത്. മൂന്നു തട്ടുകളായി താഴേക്ക് പതിക്കുന്നൊരു വെള്ളച്ചാട്ടമാണിത്. ഇന്നാട്ടുകാർ ഇതിനെ വിളിക്കുന്നത് 'Ka Kshaid Lai Pateng Khohsiew' എന്നാണ്. മലയാളത്തെ ഇതെങ്ങനെ വായിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. പിന്നീട് ബ്രിട്ടീഷുകാരാണ് ഇതിനെ എലിഫന്റ് ഫാൾസ് എന്ന് വിളിച്ചു തുടങ്ങിയത്. ഈ വെള്ളച്ചാട്ടത്തിന്റെ ഇടതു ഭാഗത്ത് സ്ഥിതി ചെയ്തിരുന്നൊരു കൂറ്റൻ പാറക്ക് ആനയുടെ ആകാരമായിരുന്നത്രെ. അങ്ങനെയാണ് ഈ പേര് കിട്ടിയത്. എന്നാൽ 1897 -ലെ ഭൂമികുലുക്കത്തിൽ ഈ പാറ അടർന്നു വീഴുകയാണുണ്ടായത്. പക്ഷെ എലിഫന്റ് ഫാൾസ് എന്ന പേര് ഇന്നും നിലനിന്നു പോരുന്നു. 2016 -ഇൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവിടം സന്ദർശിക്കുകയുണ്ടായി. 2019 -ഇൽ ഈ ഞാനും ;) 

വാർഡ്സ് തടാകം (Ward’s lake)

           ഷില്ലോങ്ങ് ബക്കറ്റ് ലിസ്റ്റിൽ ഇനിയുള്ളത് രണ്ട് തടാകങ്ങളാണ്. ഒന്ന് വാർഡ്സ് തടാകവും , രണ്ടാമത്തേത് ഉമിയം തടാകവും. 
ഷില്ലോങ്ങ് നഗര മധ്യത്തിൽ പോലീസ് ബസാറിനടുത്തു സ്ഥിതി ചെയ്യുന്ന, കൃത്രിമമായി നിർമ്മിച്ച ഒരു തടാകമാണ് വാർഡ്സ്. 1894 -ൽ കേണൽ ഹോപ്കിൻസാണിത് നിർമ്മിച്ചത്. അക്കാലത്തെ ആസ്സാമിലെ ചീഫ് കമ്മീഷണർ ആയിരുന്ന സർ വില്യം വാർഡ്‌സിന്റെ പേരാണ് ഈ തടാകത്തിനു കൊടുത്തിരിക്കുന്നത്. തടാകത്തിനു ചുറ്റും പുല്ലുവച്ചു പിടിപ്പിച്ചു അതിനിടയിലൂടെ നടപ്പാതകൾ നിർമ്മിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ നല്ല തിരക്കാണിവിടെ. നടക്കാനും, കഥ പറഞ്ഞിരിക്കാനും, സല്ലപിക്കാനും ആളുകൾ ഇങ്ങോട്ടെത്തുന്നു. തടാകത്തിനു നടുവിലൂടെ ഇരു കരകളെ ബന്ധിപ്പിക്കുന്ന ഒരു മരപ്പാലമുണ്ട്. അതിനു മുകളിൽ കയറിനിന്നു ഫോട്ടോയെടുക്കാനും ആളുകളുടെ തിരക്കാണ്. വാർഡ്‌സ് തടാകത്തിലെ ബോട്ട് യാത്രക്കും സൗകര്യമുണ്ട്. 
വാർഡ്‌സ് തടാകം കണ്ട് കഴിഞ്ഞപ്പോഴേക്കും സമയം ഇരുട്ടിതുടങ്ങി. നഗരത്തിൽ തിരക്കും കൂടി വന്നു. ഇതിനടുത്ത് തന്നെയാണ്, ഷില്ലോങ്ങിലെ കച്ചവട കേന്ദ്രമായ പോലീസ് ബസാർ. ഇരുട്ടിയതിനാൽ പോലീസ് ബസാറും, ഉമിയും തടാകവും മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. ഷില്ലോങ്ങിൽ ഉമിയം തടാകത്തിനടുത്ത്  ഞങ്ങളുടെ ഒരു ഡിപ്പാർട്മെന്റ് ഗസ്റ്റ് ഹൌസ്  ഉണ്ട്,  ഇനിയുള്ള ദിവസങ്ങളിൽ താമസം അവിടെയാണ്. ഇവിടുന്നു ഒരു 20 കിലോമീറ്റർ പോകാനുണ്ട് അങ്ങോട്ടേക്ക്. ഷില്ലോങ്ങിലെ ട്രാഫിക്ക് കണക്കിലെടുത്തു നേരത്തെ തന്നെ ഗസ്റ്റ് ഹൌസിലേക്ക് തിരിക്കാമെന്നു വച്ചു.


"ഒന്നാം ഭാഗം ഇവിടെ തീരുന്നു. നാളത്തെ യാത്ര ചെറാപൂഞ്ചിയിലേക്കാണ്, അതിൻ്റെ വിശേഷങ്ങളുമായി അടുത്ത ഭാഗത്തിൽ കാണാം…Stay tuned"

Thursday, August 1, 2019

"സൂര്യകാന്തി പാടവും കടന്ന് സിരുമലയിലേക്ക് "


"മൊയ്‌ദീനേ ആ ചെറിയേ സ്പേനർ ഇങ്ങെടുത്തേ..... ദിപ്പൊ ശെരിയാക്കിത്തരാ" 

ശംഭുഅണ്ണൻ ടൂൾസുമായി വണ്ടിക്കടിയിലേക്ക് കേറിയിട്ടു സമയം കുറച്ചായി. രാത്രി എട്ട് കഴിഞ്ഞു. മധുര - തിരുനെൽവേലി ഹൈവേയിൽ കോവിൽപ്പട്ടിക്കടുത്തുള്ള ഒരു പെട്രോൾ പമ്പിന് മുൻപിൽ  കുറച്ചു നേരമായി ഞങ്ങൾ കാത്തു കിടക്കുകയാണ്. വണ്ടി സ്റ്റാർട്ട് ആകുന്നില്ല. ഇനിയും പത്തിരുന്നൂറു കിലോമീറ്റർ ദൂരം പോകാനുണ്ട്. തിരുവനന്തപുരത്തു തിരിച്ചെത്തുമ്പോഴക്കും സമയം അർധരാത്രി കഴിയുമെന്ന കാര്യത്തിൽ ലവലേശമില്ല സംശയം. എന്തരാകുമോ എന്തോ !?


ചന്ദ്രയാൻ വിക്ഷേപണവും കഴിഞ്ഞു ശ്രീഹരിക്കോട്ടയിൽ നിന്ന് തിരിക്കുമ്പോൾ മനസ്സ് നിറയെ അടുത്ത ആഴ്ച പ്ലാൻ ചെയ്തിരിക്കുന്ന ട്രിപ്പിനെ കുറിച്ചായിരുന്നു. മണിമുത്താറിന് ശേഷം സഞ്ചാരി സുഹൃത്തുക്കളോടൊപ്പം വീണ്ടും ഒരു യാത്ര കൂടി. ഇത്തവണ സിരുമലയിലേക്കാണ്.
ദിണ്ടിഗലിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷൻ ആണ് സിരുമലൈ. രാമായണത്തിലും, തമിഴ് ഇതിഹാസങ്ങളിലൊന്നായ ചിലപ്പതികാരത്തിലും വരെ പ്രതിപാദിച്ചിട്ടുണ്ട് സിരുമലയെ കുറിച്ച്. ഹനുമാൻ മരുത്വാ മലയുമായി പോകുമ്പോൾ അടർന്നു വീണു രൂപം കൊണ്ടതാണീ പ്രദേശം എന്ന് പുരാണങ്ങൾ പറയുന്നു. എന്തായാലും സിരുമല ഔഷധ ഗുണമുള്ള ഒട്ടനവധി സസ്യലതാദികളെ ഇന്നും കാത്തുസൂക്ഷിക്കുന്നു. സിരുമലൈ വാഴപ്പഴം ഇക്കൂട്ടത്തിൽ പ്രശസ്തമാണ്.

ശനിയാഴ്ച പുലർച്ചെ അഞ്ചു മണിക്ക് തന്നെ ഞങ്ങളുടെ പ്രയാണം ആരംഭിച്ചു. സ്ത്രീകളും, കുട്ടികളുമടക്കം 20 പേർ ഒരു ബസ്സിൽ. പാലോട് - തെന്മല വഴിയാണ് പോയത്. കേരള ബോഡർ കടക്കും മുൻപ് തന്നെ പ്രഭാത ഭക്ഷണം കഴിച്ചു. 
വണ്ടിയിൽ എല്ലാരും നല്ല എനർജിയിൽ ആണ്. അന്താക്ഷരിയും , ഡംഷറാഡ്സുമൊക്കെയായി സമയം പോയത് അറിഞ്ഞില്ല. ഉച്ചക്ക് മുൻപേ തന്നെ തെങ്കാശി എത്തി. സുന്ദരപാണ്ട്യപുരത്തെ അന്യൻ പാറ എന്ന പേരിൽ പ്രശസ്തമായ പുലിയൂർ പാറയിലേക്കാണ് ആദ്യം പോയത്. ശങ്കറിന്റെ അന്യൻ സിനിമയിലെ ചില സോങ് സീക്വന്സുകള് ഷൂട്ട് ചെയ്തത് ഇവിടെയാണ്, അങ്ങനെയാണ് പുലിയൂർ പാറ അന്യൻ പാറയായി പുനർനാമകരണം ചെയ്യപ്പെട്ടത്. ഷൂട്ടിങ്ങിനായി വലിയ പാറകളിൽ വരച്ച രജനികാന്തിന്റെയും, എം ജീ ആറിന്റെയും, ശിവാജി ഗണേശന്റെയുമെല്ലാം ചിത്രങ്ങൾ മഴയും വെയിലുമേറ്റിട്ടും മായാതെ നിൽക്കുന്നു. ചുറ്റും പരന്നു കിടക്കുന്ന പാടശേഖരം. ദൂരെ തലയുയർത്തി നിൽക്കുന്ന കാറ്റാടി യന്ത്രങ്ങൾ.  സീസണുകളിൽ ഇവിടെ കൃഷിയിറങ്ങി പച്ച പുതച്ചു കിടക്കാറുണ്ടത്രെ. നിർഭാഗ്യവശാൽ ഞങ്ങൾക്കതു കാണാൻ കഴിഞ്ഞില്ല. നല്ല വെയിലുണ്ട്. അധിക നേരം അവിടെ നിന്നില്ല.
ഇതിനടുത്തു തന്നെയുള്ള കൃഷിയിടത്തിൽ സൂര്യകാന്തിപ്പൂക്കൾ വിടർന്നിട്ടുണ്ടത്രെ, അന്ന്യൻപാറയിൽ നിന്നിറങ്ങി ഞങ്ങൾ നേരെ പോയത് അങ്ങോട്ടാണ്. പല തവണയായി കാണണം എന്ന് വിചാരിച്ചിട്ടും കൈയെത്തും ദൂരത്തു  വച്ച്  നഷ്ടപ്പെട്ട ആ കാഴ്ച അങ്ങനെ നേരിട്ട് കാണാനായി.  മഞ്ഞപ്പട്ടു വിരിച്ചപോലെ പരന്നൊഴുകിയിറങ്ങിയ സൂര്യകാന്തിപ്പൂക്കൾ. കൂട്ടിനു ചോളവും , ജമന്തിയും. 
ആന കരിമ്പിൻതോട്ടത്തിൽ എന്ന കണക്കെ എല്ലാവരും സൂര്യകാന്തികൾക്കിടയിലേക്കിറങ്ങി. സൂര്യകാന്തിച്ചെടികൾ കണ്ട ആഹ്ളാദത്തിൽ മുകളിൽ എരിയുന്ന സൂര്യനെ ആരും വക വച്ചില്ല. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭവമാണ് സൂര്യകാന്തിപ്പാടം എനിക്ക് സമ്മാനിച്ചത്. 
സിരുമലയിലേക്ക് ഇനിയുമേറെ സഞ്ചരിക്കാനുണ്ട് . ഉച്ചഭക്ഷണവും കഴിച്ചു വണ്ടി മുന്നോട്ടു നീങ്ങി.  ഉച്ചമയക്കം എല്ലാവരെയും ബാധിച്ചിട്ടുണ്ട്. വൈകുന്നേരത്തെ ചായക്ക് സ്റ്റോപ്പ് ചെയ്യുന്നത് വരെ മിക്കവരും സൈലന്റ് മോഡിൽ ആയിരുന്നു. മധുരൈ ഹൈവേയിൽ സത്തൂരിലുള്ള Agraharah Cafe and Poornasree Restaurant -ഇന് മുൻപിൽ വണ്ടി നിർത്തി. ഈ റൂട്ടിൽ പോകുന്നവർ സമയം കിട്ടുവാണേൽ ഇവിടെ ഒന്ന് കേറി നോക്കണം. ചായയും പലഹാരങ്ങളും കിട്ടുന്ന, ഹൈവേയിൽ തന്നെയുള്ള ഒരു റെസ്റ്റോറന്റ് ആണിത്. എന്താന്നറിയില്ല ചായക്കും കടിക്കും അപാര രുചിയായിരുന്നു. റേറ്റ് ഒരൽപം കൂടുതലാണ്. പക്ഷെ കൊടുക്കുന്ന കാശിനു നൂറു ശതമാനം നീതി കിട്ടുന്നിടം. ഉള്ളിവടയും ഇലയടയും ഒരത്ഭുതമായി തോന്നിയത് ഇവിടെ വച്ചാണ്. ഒരു ചെറിയ ചായ കുടിക്കാൻ കേറിയിട്ടു അവസാനം മെനുവിൽ ഉള്ളത് മൊത്തം കഴിച്ചിട്ടാണ് ഞങ്ങൾ ഇറങ്ങിയത്.

വൈകീട്ട് ഏകദേശം ഏഴു മണിയോടെ സിരുമലയുടെ അടിവാരത്ത് എത്തി. ഇവിടുന്നു മുകളിൽ വരെ 18 ഹെയർ പിൻ വളവുകളാണുള്ളത്. പോകും വഴിയേ ഒരു വാച്ച് ടവർ ഉണ്ട്. അവിടെ കയറി നിന്നാൽ താഴെ വെളിച്ചത്തിൽ കുളിച്ചു കിടക്കുന്ന ഡിണ്ടിഗൽ നഗരത്തെ മുഴുക്കെ കാണാനാകും. അതൊരു ഒന്നൊന്നര കാഴ്ച തന്നെയാണ് കേട്ടോ. മറുവശത്തു കുന്നിനു മുകളിൽ നക്ഷത്രങ്ങൾ തെളിയിച്ച ആകാശം.  ഇവിടെ ലൈറ്റ് പൊലൂഷൻ നന്നേ കുറവാണ്. നൈറ്റ് ഫോട്ടോഗ്രാഫിക്ക് പറ്റിയ ഇടം. ഒരു ട്രൈപോഡ് കയ്യിൽ കരുതാത്തത് മണ്ടത്തരമായിപ്പോയി എന്ന് തോന്നി. 18 ആം ഹെയർ പിന്നിനു മുകളിൽ ഉള്ള ഒരു ചെറിയ റിസോർട്ടിൽ ആണ് ഞങ്ങളുടെ താമസം. കുളിച്ചു ഡിന്നറും കഴിച്ചു എല്ലാവരും റിസോർട്ടിന്റെ മുറ്റത്തു ഒത്തുചേർന്നു. ക്യാമ്പ് ഫയറിനു മുൻപിൽ തങ്ങളുടെ യാത്രാ അനുഭവങ്ങൾ പങ്കുവച്ചു. അങ്ങനെ ആ രാത്രിയും കടന്നു പോയി.

നല്ല തണുപ്പ് , അതുകാരണം രാവിലെ അലാറം അടിക്കുന്നതിനു മുൻപേ തന്നെ എഴുന്നേറ്റു. അൽപ്പസമയം കഴിയുമ്പോഴേക്കും മറ്റുള്ളവരും ഉണർന്നിരുന്നു. ഒരു കാലിച്ചായയും അടിച്ചു ചെറിയൊരു പ്രഭാത സവാരിക്കിറങ്ങി. ചില മടിയന്മാർ അപ്പോഴും പുതച്ചു മൂടി കിടക്കുന്നുണ്ടായിരുന്നു. 
സിരിമലൈ ഒരു ചെറിയ ഗ്രാമ പ്രദേശമാണ്, പക്ഷെ പരിസര ശുചിത്വം ഒരൽപം കുറവാണ്. രണ്ടു വശവും പൂക്കളുള്ള കുറ്റിച്ചെടികൾ നിറഞ്ഞ ആ ചെറിയ റോഡിലൂടെ ഞങ്ങൾ നടന്നു. നാട്ടിലെ റോഡിൽ പട്ടികളെ കാണുമ്പോലെ അവിടെ തുറന്നു വിട്ട കുതിരകളെ കാണാനുണ്ടായിരുന്നു. മരക്കൂപ്പിനു എതിർവശത്തുള്ള പറമ്പിൽ നാലഞ്ചു ആൺ മയിലുകൾ ഓടിക്കളിക്കുന്നു. ഒരു മണിക്കൂര് നീണ്ട ചുറ്റിക്കറങ്ങലിനൊടുവിൽ റിസോർട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും പ്രഭാത ഭക്ഷണം റെഡിയായിരുന്നു. ഇഡലിയും, ദോശയും, പൂരിയും ഒക്കെയായി നല്ല കേമമായിത്തന്നെ.
ഇനി സിരുമലയുടെ പീക്കിലേക്കാണ് യാത്ര. കുറച്ചു ദൂരം വണ്ടിയിൽ പോകാം അത് കഴിഞ്ഞാൽ ട്രെക്കിങ്ങ് തന്നെ വേണം. കുറച്ചു ദൂരം കയറാനുണ്ടെങ്കിലും, വലിയ ബുദ്ധിമുട്ടുള്ളതല്ല കയറ്റം. കുട്ടികൾക്കും പ്രായമായവർക്കും വരെ കയറിച്ചെല്ലാം. തുടക്കത്തിൽ വഴി തെറ്റിയെങ്കിലും, അന്നാട്ടുകാരനായ ഒരു ചെറിയ കുട്ടി അത് തിരുത്തിത്തന്നു. മുകളിലേക്ക് കയറും തോറും ചുറ്റുമുള്ള കുന്നുകൾ വ്യക്തതയോടെ ദൃശ്യമായി. കുന്നു കേറി ചെന്നാൽ കാണുന്നത് ഒരു ചെറിയ ശിവ ക്ഷേത്രമാണ്. ഒപ്പം നാഗ പ്രതിഷ്ടയും ഉണ്ട്. മറ്റുള്ളവ എന്തൊക്കെയാണെന്ന് എനിക്ക് മനസ്സിലായില്ല. ക്ഷേത്രത്തിന്റെ മറ്റേ വശം ഒരു കിടിലൻ വ്യൂ പോയിന്റാണ്. ചുറ്റും കണ്ണെത്താ ദൂരത്തിൽ നിറയെ മല നിരകൾ. ഡിണ്ടിഗൽ നഗരവും പ്രാന്ത പ്രദേശങ്ങളും ചെറുതായിക്കാണാം. അതിനിടയിൽ ഡിണ്ടിഗൽ ഫോർട്ട് കണ്ടുപിടിക്കാനുള്ള ഒരു ശ്രമം ഞാൻ നടത്തി. പക്ഷെ നിരാശയായിരുന്നു ഫലം. ഈ കുന്നുകളെ നോക്കി എത്ര നേരം വേണമെങ്കിലും ഇങ്ങനെ ഇരിക്കാമെന്നു തോന്നിപ്പോയി.
സമയം ഒരു മണി കഴിഞ്ഞു. തിരിച്ചിറങ്ങണം. അല്ലെങ്കിൽ തിരുവനന്തപുരം ചെന്നെത്തുമ്പോഴേക്കും നേരം ഒരുപാടാകും. ഞങ്ങൾ താഴേക്ക് നടന്നു.  റിസോർട്ടിൽ നിന്ന് നല്ല കിണ്ണം കാച്ചിയ ഡിണ്ടിഗൽ മട്ടൻ ബിരിയാണിയും കഴിച്ചു മടക്ക യാത്ര തുടങ്ങി. വരും വഴിയേ മധുര - തിരുനെൽവേലി ഹൈവേയിൽ  വച്ച് ബസ്സ് ചെറുതായൊന്നു പണി മുടക്കി. സ്റ്റാർട്ട് ആവുന്നില്ല. ഭാഗ്യത്തിന് ഒരു പെട്രോൾ പമ്പിൽ വച്ചായിരുന്നു അത്. ഡ്രൈവർ ശംഭുവണ്ണൻ സമയയോചിതമായി നടത്തിയ സർജിക്കൽ സ്‌ട്രൈക്കിൽ വണ്ടിക്ക് വീണ്ടും ജീവൻ വച്ചു. പെട്രോളടിക്കാൻ പമ്പിൽ വന്ന ഒരു ലോറിയിലെ ഡ്രൈവറാണ് ബാറ്ററിയിലേക്കുള്ള വയറു കെട്ടി വെക്കാൻ ഇൻസുലേഷൻ ടേപ്പ് തന്നു ഞങ്ങളെ സഹായിച്ചത്. വണ്ടി റെഡിയായി കുറച്ചു ദൂരം പിന്നിട്ടതേ ഉള്ളൂ ദേ കിടക്കുന്ന ആ ചേട്ടന്റെ വണ്ടിയും ബ്രേക്ക്ഡൗൺ ആയി വഴിയിൽ. ഞങ്ങൾ എല്ലാരും ബസ്സിൽ നിന്നിറങ്ങി ലോറി തള്ളി സ്റ്റാർട്ടാക്കാൻ സഹായിച്ചു. അല്ലേലും തള്ളാൻ മിടുക്കന്മ്മാരാണെന്നു തെളിയിച്ചവരായിരുന്നു ഞങ്ങടെ വണ്ടി നിറയെ ;) 
പത്തു മണിയോടെ രാത്രി ഭക്ഷണം കഴിച്ചു. ഇനി നേരെ തിരുവനന്തപുരത്തേക്ക്. രണ്ടു ദിവസത്തെ യാത്രയിൽ എല്ലാവരും ഒരു കുടുംബത്തിലേതെന്ന പോലെ ആയിമാറിയിരിക്കുന്നു. ഞങ്ങളുടെ ഡ്രൈവർ ചേട്ടൻ വരെ അതിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഈ യാത്ര ഇവിടെ അവസാനിക്കുന്നതിൽ നല്ല വിഷമം തോന്നി. ഉറക്കം കണ്ണുകളിൽ ഊഞ്ഞാല് കെട്ടുന്നു. ഞാൻ പതിയെ മയക്കത്തിലേക്ക് വീണു.