Day-4 ചെറാപുഞ്ചി (Cherrapunji)
രാവിലെ സൂര്യകിരണങ്ങൾ കണ്ണിലടിച്ചപ്പോ തന്നെ ഉറക്കം പോയി. പക്ഷേ സമയം അഞ്ചു മണിപോലും ആയിട്ടില്ല. ഇന്നത്തെ യാത്ര ചെറാപുഞ്ചിയിലേക്കാണ്. ഇവിടുന്നു ഒരു പത്തെഴുപത് കിലോമീറ്റര് ഡ്രൈവ് ചെയ്യാനുണ്ട്. ചെറാപുഞ്ചിയിലെ റോഡിന്റെ അവസ്ഥ എന്താണെന്ന് അറിഞ്ഞുകൂടാത്തതിനാൽ കുറച്ചു നേരത്തെ തന്നെ ഇറങ്ങാമെന്നു വിചാരിച്ചു. കുളിയും കഴിഞ്ഞു പുറത്തിറങ്ങിയപ്പോ നല്ല തണുപ്പ്. ഗസ്റ്റ് ഹൌസും പരിസരവും മഞ്ഞിൽ കുളിച്ചു നിൽക്കുന്നു. നാളയേ തിരിച്ചു വരൂ എന്ന് റിസപ്ഷനിൽ അറിയിച്ചു. ഇന്ന് ചെറാപുഞ്ചിയിൽ താങ്ങാനാണ് പ്ലാൻ. അതി രാവിലെ ആയിരുന്നതിനാൽ ഷില്ലോങ് നഗരത്തിൽ ഒട്ടും തിരക്കിലായിരുന്നു. ഇന്നലെ ഷില്ലോങ് പീക്കിലേക്ക് പോയ വഴി തന്നെയാണ് കുറച്ചു ദൂരം പോകേണ്ടത്. പിന്നീടാവഴി NH 206 -ൽ ചെന്നുചേരുന്നു, അത് കഴിഞ്ഞു സ്റ്റേറ്റ് ഹൈവെ 5 -ലേക്കും. ചെറാപുഞ്ചിയിലേക്കുള്ള ഡ്രൈവ് ഒരു പ്രത്യേക അനുഭവമാണ്. പച്ച പിടിച്ച കുന്നുകൾക്കിടയിലൂടെ മുകളിലേക്ക് കേറിക്കേറി പോകുന്ന യാത്ര. ഇടക്കിടെ റോഡിൽ കേറിക്കൂടുന്ന കോടയും, മഞ്ഞും. രണ്ടു വശത്തേക്ക് നോക്കിയാലും അതി മനോഹരമായ കാഴ്ചകളാണ്. രണ്ട് മൂന്നിടത്ത് ഞങ്ങൾ കാഴ്ച്ച കാണാനായി വണ്ടി നിർത്തിയിറങ്ങി. പിന്നീട് മനസ്സിലായി ഇങ്ങനെ പോയാൽ ചെറാപുഞ്ചിയിൽ എത്തുന്നത് വരെ വണ്ടി നിർത്താനേ സമയം കാണുകയുള്ളൂ. കാരണം പറഞ്ഞറിയിക്കാനാവുന്നതിലുമപ്പുറം ഭംഗിയാണ് റോഡിലെ കാഴ്ചകൾക്ക്. ഷില്ലോങ്ങിൽ നിന്ന് ചെറാപുഞ്ചിയിലേക്ക് പബ്ലിക്ക് ട്രാൻസ്‌പോർട്ട് കുറവാണ്. പിന്നെ ഉള്ളത് ഷെയർ ടാക്‌സികളും മറ്റുമാണ്. കാഴ്ചകൾ കണ്ടു രസിക്കണമെങ്കിൽ മേഘാലയയിൽ പൊതുവെ കാറോ , ബൈക്കോ റെൻറ്റ് ചെയ്തു പോകുന്നതാണ് നല്ലത്.
മേഘാലയ ഒരത്ഭുതമാണെങ്കിൽ, ചെറാപുഞ്ചി അതിനകത്തെ മഹാത്ഭുതമാണ്. മറ്റെങ്ങും പോയില്ലെങ്കിലും, മേഘാലയയിൽ വന്നാൽ ചെറാപുഞ്ചി കാണാതെപോകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവുമായിരിക്കും. ചെറാപുഞ്ചിയുടെ യഥാർത്ഥ നാമം സോറാ (Sohra) എന്നാണ്. മേഘാലയക്ക് പുറത്തുനിന്നുള്ള ടൂറിസ്റ്റുകളാണ് 'The land of oranges' എന്നർത്ഥം വരുന്ന ചെറാപുഞ്ചി എന്ന പേര് ഉപയോഗിച്ച് തുടങ്ങിയത്. മേഘാലയയെ കുറിച്ച് കേൾക്കുന്നതിന് മുൻപേ തന്നെ ചെറാപുഞ്ചി എന്ന സ്ഥലനാമം കേട്ടവരാണ് നമ്മളിൽ പലരും. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം എന്ന് സ്‌കൂൾ പുസ്തകങ്ങളിൽ പഠിച്ചപ്പോൾ. ഏകദേശം 11000 മില്ലീമീറ്റർ ആണ് ഇവിടെ ഒരു വർഷത്തിൽ ലഭിക്കുന്ന മഴയുടെ കണക്ക്. കേരളത്തിൽ ലഭിക്കുന്ന മഴ 3000 മില്ലീമീറ്റർ ആണ് എന്നും അറിയുക. ഈയടുത്ത കാലം വരെയും ചെറാപുഞ്ചിക്ക് തന്നെയായിരുന്നു ആ റെക്കോർഡ്. പക്ഷെ ഇപ്പൊ അത് മേഘാലയയിലെ തന്നെയുള്ള മൗസിൻറാം (Mawsynram) എന്ന പ്രദേശത്തിനാണ്.
രാവിലെ പണിക്കു പോകാൻ ഇറങ്ങിയ ഒരാൾ വണ്ടിക്ക് കൈ കാണിച്ചു. അടുത്തുള്ള ക്വാറിയിലെ പണിക്കാരനാണ്. ചെറാപുഞ്ചിയിലും പ്രകൃതി ചൂഷണം ആശങ്കപ്പെടുത്തും വിധം ആരംഭിച്ചുകഴിഞ്ഞു. വഴിയരികെ രണ്ടു മൂന്നിടത്ത് പാറപൊട്ടിക്കലും, മണ്ണെടുപ്പും കാണാറായി. റോഡിൽ പാറക്കല്ലുകൾ ചുമന്നു കൊണ്ടുപോകുന്ന വണ്ടികളും. മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ചെറാപുഞ്ചി സന്ദർശിക്കാൻ പറ്റിയ സമയം. ഒരു ഒക്ടോബർ മുതൽ മെയ് വരെയുള്ള സമയത്തു ഇവിടെ സന്ദർശകർ ധാരാളമായി വരുന്നു. ഡിസംബറിൽ ഇവിടെ ചെറാപുഞ്ചി ഫെസ്റ്റ് നടക്കാറുണ്ട്. തനത് നാടൻ കലാ രൂപങ്ങളും, തനി നാടൻ ഭക്ഷണവും ആസ്വദിക്കണമെങ്കിൽ ഈ സമയമാണുചിതം. എന്നാൽ ചെറാപുഞ്ചിയിലെ വെള്ളച്ചാട്ടങ്ങളെ അതിൻ്റെ പൂർണ രൂപത്തിൽ കാണണമെങ്കിൽ മഴക്കാലത്തു തന്നെ വരണം. മെയ് മാസം മുതലാണ് മഴ തുടങ്ങുന്നത്. ഇവിടുത്തെ ഒട്ടേറ വെള്ളച്ചാട്ടങ്ങളും മഴക്കാലത്ത് മാത്രം നിറഞ്ഞു കവിയുന്നവയാണ്.
മൗക്ക്ഡോക്ക് (Mawkdok) ബ്രിഡ്‌ജ്
ചെറാപുഞ്ചിയിൽ എത്തുന്നതിനു മുൻപ് ഒരു വലിയ പാലമുണ്ട്. മൗക്ക്ഡോക്ക് (Mawkdok) ബ്രിഡ്‌ജ് എന്നാണ് പേര്. രണ്ടു കുന്നുകളെ ബന്ധിപ്പിച്ചുണ്ടാക്കിയതാണിത്. ചെറാപുഞ്ചി പാതയിലെ ഒരു പ്രധാന വ്യൂ പോയിന്റാണിത്. പാലത്തിന്റെ ഒരു ഭാഗത്തു മൗക്ക്ഡോക്ക് ഡിംപെപ്പ് താഴ്വര (Mawkdok Dympep Valley) കാണാൻ സാധിക്കും. ഈ താഴ്വര അതിൻെറ പൂർണതയിൽ ദർശിക്കുവാനായിട്ട്, പാലത്തിൽ നിന്നുമകലെ മറ്റൊരു വ്യൂപോയിന്റ്റ് കൂടെ സജീകരിച്ചിട്ടുണ്ട്. ഡിംപെപ്പ് താഴ്വര താഴ്വര സിപ്പ് ലൈനിങ് പോലെയുള്ള അഡ്വഞ്ചർ സ്പോർട്സുകൾക്ക് പ്രസിദ്ധമാണ്. മൗക്ക്ഡോക്ക് ബ്രിഡ്ജിനരികിലുള്ള ചെറിയൊരു റെസ്റ്റോറന്റിൽ നിന്നാണ് ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചത്. വിശപ്പുകൊണ്ടാണോ എന്നറിയില്ല , അവിടുന്നു കഴിച്ച പൂരിക്കും കറിക്കും ഒടുക്കത്തെ സ്വാദായിരുന്നു. ബ്രേക്ഫാസ്റ്റിൻറെ കൂടെ വരെ ഇവിടുത്തുകാർ പച്ചമുളകും, സവാളയും കഴിക്കുന്നു. ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും മൗക്ക്ഡോക്ക് പാലം നിറയെ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു.
ഗാർഡൻ ഓഫ് കേവ്സ് (Garden of caves)
ചെറാപുഞ്ചിയിൽ എത്തിയിട്ട് ഇതുവരെ സൂര്യനെ ഒരുനോക്ക് കാണുവാൻ കഴിഞ്ഞിട്ടില്ല. മൊത്തം അന്തരീക്ഷം മേഘാവൃതവും, മഞ്ഞു പുതച്ചതുമാണ്. ഇനി നമ്മൾ പോകുന്നത് ഗാർഡൻ ഓഫ് കേവ്സ് (Garden of caves) കാണാനാണ്. Ka Bri Synrang എന്നാണ് പ്രാദേശിക ഭാഷയിൽ ഈ സ്ഥലം അറിയപ്പെടുന്നത്. 2.5 ഹെക്ടറിൽ ഗുഹകളും, വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഒരു വനപ്രദേശമാണ് Garden of caves. സോറാ വില്ലേജിൽ എത്തുന്നതിനും അൽപ്പം മുൻപാണ് ഈ സ്ഥലം. വെറും 20 രൂപയെ എൻട്രി ഫീ ഉള്ളൂ, പക്ഷെ ഇരുപതിനായിരം കൊടുത്താലും കൂടിപ്പോയെന്നു തോന്നാത്ത വിധമുള്ള അനുഭങ്ങളാണ് ഇതിനകത്ത് നമ്മളെ കാത്തിരിക്കുന്നത്. രാജാവിന്റെ ഗുഹ, Sum Syiem Falls, Warrior rocks , Arsdad Falls, Riat Umlwai Falls, ഹൃദയ ആകൃതിയിലുള്ള പാറ, Baby rock ഇങ്ങനെ ഏഴു പ്രധാന ആകർഷണങ്ങളാണ് ഇവിടെയുള്ളത്.
എൻട്രി ടിക്കറ്റുമെടുത്തു ഉള്ളിലേക്കെറിയാൽ അവിടെയുള്ള ഗൈഡ് നമ്മളെ രാജാവിന്റെ ഗുഹയിലേക്ക് നയിക്കും. എല്ലാ പോയിന്റുകളിലും ഗൈഡുകളുടെ സേവനം ഫ്രീ ആയി ലഭിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. അത് കൂടാതെ കാണേണ്ട സ്ഥലങ്ങളും , പാതയും കൃത്യമായി വഴിയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ക്രോ എന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ച ഗൈഡിന്റെ പേര്. ഇഗ്ലീഷ് നന്നായി സംസാരിക്കാനറിയുന്ന ഒരു ഖാസി യുവാവ്. ക്രോ ഞങ്ങൾക്ക് അവിടം മുഴുവൻ കാണിച്ചു തരികയും, കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ക്രോയുടെ സുഹൃത്തുക്കൾ കുറച്ചു പേർ കൊച്ചിയിൽ ജോലി ചെയ്യുന്നുണ്ടത്രേ. ടിക്കറ്റ് കൗണ്ടറിന്റെ ഇടതു ഭാഗത്താണ് Kings Cave അഥവാ രാജാവിന്റെ ഗുഹ. രണ്ടുമൂന്നു ഗുഹകളും ഒരു സമുച്ചയമാണ് ഇത്. ഖാസി ഗോത്രക്കാർ ബ്രിട്ടീഷുകാരിൽ നിന്ന് ഒളിച്ചു താമസിക്കാൻ ഉപയോഗിച്ചവയായിരുന്നു ഈ ഗുഹകൾ. ഗുഹയിലെ തറയിലൂടെ വെള്ളം ഒലിച്ച് താഴേക്കൊഴുകുന്നു. വളരെ വൃത്തിയിൽ പരിപാലിച്ചു പോരുന്നതാണ് Garden of Caves എന്ന് ഒറ്റ നോട്ടത്തിൽ തന്നെയറിയാം. ഒരു പ്ലാസ്റ്റിക്ക് വേസ്റ്റ് പോലും കാണാനില്ല.
ഗുഹയുടെ ഒരു വശത്ത് Sum Syiem വെള്ളച്ചാട്ടമാണ്. ഗുഹയിലേക്ക് അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ വെള്ളം ചേരുമ്പോഴുള്ള ആ കാഴ്ച നയന മനോഹരം തന്നെയാണ്. Sum Syiem വെള്ളച്ചാട്ടത്തിലെ വെള്ളം അവിടുന്നു താഴെയുള്ള മറ്റ് വെള്ളച്ചാട്ടങ്ങളിലേക്കൊഴുകുന്നു. ഇവിടെ നിന്നും താഴേക്കിറങ്ങിയാൽ Warrior rocks എന്ന സ്പോട്ട് ആണ്. യുദ്ധവീരൻമ്മാരുടെ പരിച കണക്കെയുള്ള രണ്ടു വലിയ പാറകളാണ് ഇവിടെ കാണാൻ സാധിച്ചത്. മുകളിൽ നിന്നൊഴുകുന്ന വെള്ളം പാറക്കു പുറകിൽ വന്നു ചേർന്ന് അപ്രത്യക്ഷമാകുന്നു. പിന്നീടത് ഭൂഗർഭപാതയിലൂടെയാണ് ഒഴുകുന്നത്. പാറക്കു മുന്നിൽ കുറച്ചു മണലും , മണ്ണും മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. വെള്ളത്തിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. വീണ്ടും താഴേക്കിറങ്ങിയാൽ Arsdad , Riat Umlwai എന്നീ വെള്ളച്ചാട്ടങ്ങൾ കാണാം. Warrior rocks -ൽ അപ്രത്യക്ഷമാകുന്ന വെള്ളം വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഇവിടെക്കാണ്. Arsdad ഫാൾസിൽ വെള്ളം വീഴുന്നതിന്റെ പുറകുവശം ഒരു ഗുഹ പോലെയാണ്. അത് കാരണം വെള്ളച്ചാട്ടത്തെ അതിന്റെ പുറകിൽപ്പോയി നിന്ന് കാണാൻ സാധിക്കും. മഴയെ മാത്രം ആശ്രയിച്ചു കഴിയുന്നയാണ് മേഘാലയയിലെ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളും, അതുകൊണ്ടു തന്നെ മുകളിലെ വൃഷ്ടിപ്രദേശത്ത് മഴപെയ്താൽ താഴെ വെള്ളച്ചാട്ടത്തിൽ വെള്ളം പ്രവചനാതീതമാണ് കൂടും. അതുകൊണ്ടു തന്നെ ഇവിടുത്തെ മിക്ക വെള്ളച്ചാട്ടങ്ങളിലും കുളി, നീന്തൽ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.
വെള്ളച്ചാട്ടങ്ങൾ കടന്നു വീണ്ടും മുന്നോട്ടുപോയാൽ ഒരു പാറ കാണാം. Baby Rock എന്നാണതിന്റെ പേര്. ഗർഭപാത്രത്തിൽ ഇരിക്കുന്ന ഒരു ശിശുവിന്റെ ആകൃതിയിൽ പാറയിൽ പ്രകൃതി നടത്തിയ കരവിരുതുകാണാം. അടുത്തത് Heart shaped stone അഥവാ ഹൃദയ ആകൃതിയിലുള്ള പാറയാണ്. നമ്മുടെ ചെമ്പ്ര പീക്കിലുള്ള ഹൃദയ തടാകത്തിന്റെ ഒരു മിനിയേച്ചർ രൂപം. ഇത് പക്ഷെ ഒരു പാറയിൽ ആണെന്ന് മാത്രം. പാറയിൽ ഹൃദയാകൃതിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു. പാറയുടെ സൈഡിലുള്ള ഒരു ചെറിയ ഉറവാണ് ഈ വെള്ളത്തിന്റെ ശ്രോതസ്സ്. വെള്ളത്തിൽ ആളുകൾ നാണയത്തുട്ടുകൾ നിക്ഷേപിച്ചിട്ടുണ്ട്. പ്രണയ സാഫല്യത്തിനും, വിവാഹം നടക്കാനും ഇവിടെ പണമിടുന്നത് നല്ലതാണെന്നത്രെ വിശ്വാസം.
ക്രോയോട് ഞാൻ പറഞ്ഞു : "ഇത്രയും മനോഹരമായ ഈ സ്ഥലത്ത് താമസിക്കുന്ന നിങ്ങൾ ഭാഗ്യവാൻമ്മാർ തന്നെ "
പക്ഷെ ക്രോയുടെ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി. വെളിച്ചം ശരിക്ക് കാണാത്ത, ദിവസവും മഴയത്തു ഉണരുകയും, മഴയത്തു ഉറങ്ങുകയും ചെയ്യുന്ന ഇവിടുത്തെ ജീവിതം പരമ ബോറാണത്രേ. അല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നല്ലേ.
Garden of caves -ൽ ഇനി കാണാനുള്ളത്, ഔഷധ ഗുണമുള്ള വെള്ളം (Medicinal water) ഉത്ഭവിക്കുന്ന മറ്റൊരു പാറയാണ്. അവിടേക്ക് പ്രവേശിക്കാൻ 20 രൂപ കൊടുത്ത് വീണ്ടുമൊരു ടിക്കറ്റ് എടുക്കണം. ഒരു വലിയ പാറക്കിടയിലൂടെ ഒഴുകിയെത്തുന്ന ഒരുറവാണ് ഇത്. ഈ വെള്ളത്തിനു ആരോഗ്യം കാത്തു സൂക്ഷിക്കുവാനും, ആയുസ്സു കൂട്ടുവാനുമുള്ള കഴിവുണ്ടെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു. ഉറവിൽ നിന്ന് വരുന്ന വെള്ളം കോരിക്കുട്ടിക്കുവാനായിട്ട് മുളയുടെ പാത്രങ്ങളും ഇവിടെ വച്ചിട്ടുണ്ട്. നല്ല തണുത്ത വെള്ളം. രണ്ടു മൂന്നു കവിൾ ഒറ്റവലിക്ക് കുടിച്ചു. ഇവിടേക്ക് എത്താനുള്ള വഴി ഒരു മുളകൊണ്ട് നിർമ്മിച്ച പാലമാണ്. വലിയ മരച്ചില്ലകൾക്കു മുകളിലൂടെ മുള വച്ച് നിർമ്മിച്ച ഒരു പാലം. ഏറുമാടം വലിച്ചു നീട്ടിയ കണക്കെ. Garden of caves കണ്ടു കഴിഞ്ഞു ഗൈഡ് ക്രോയോട് നന്ദി പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. എടുത്ത ഫോട്ടോസ് അയച്ചു കൊടുക്കാൻ ക്രോ അയാളുടെ നമ്പർ ഞങ്ങൾക്ക് തന്നിരുന്നു.
വാ-കാബാ വെള്ളച്ചാട്ടം (Wah-Kaba falls)
Garden of caves -ൽ നിന്ന് നേരെ പോയത് വാ-കാബാ വെള്ളച്ചാട്ടം കാണാനാണ്. Garden of caves -ൽ നിന്ന് ഒരു ഏഴെട്ടു കിലോമീറ്ററേ ഇങ്ങോട്ടുള്ളൂ. വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ സ്റ്റെപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. പ്രായമായവർക്കും വളരെ അനായാസം ഇവിടെ ചെന്നെത്താം. സ്റ്റെപ്പുകൾ നമ്മളെ നയിക്കുന്നത് വെള്ളച്ചാട്ടത്തിന്റെ ഏകദേശം മധ്യ ഭാഗത്തേക്കാണ്. രൗദ്ര ഭാവത്തിൽ താഴേക്ക് കുതിക്കുന്ന വാ-കബയെ ആശ്ചര്യത്തോട് കൂടിയല്ലാതെ അവിടുന്നു നോക്കിക്കാണാൻ സാധിക്കുകയില്ല. വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തേക്കും സ്റ്റെപ്പുകളുണ്ട്. എന്നാൽ മുകൾ ഭാഗത്തെ കാഴ്ച നമ്മളെ വീണ്ടും അത്ഭുതപ്പെടുത്തും. മുകൾ ഭാഗം വളരെ ശാന്തമാണ്. താഴത്തെ അസുരഭാവം ഇവിടെ ഒട്ടും പ്രകടമല്ല.
കഥകൾ പറയുന്നവയാണ് മേഘാലയയിലേ പല വെള്ളച്ചാട്ടങ്ങളും. വാ-കബക്കുമുണ്ട് അത് പോലൊരു കഥ. ഒരു ചെറിയ യക്ഷിക്കഥ. ഒരു കറുത്ത യക്ഷിയും , വെളുത്ത യക്ഷിയും ഇവിടെ താമസിച്ചിരുന്നതായി ഇവിടുത്തുകാർ കരുതുന്നു. അവർ സാധാരണ ആളുകളെപ്പോലെ സോറാ ഗ്രാമത്തിൽ കറങ്ങി നടക്കും. എന്നിട്ടു ആളുകളെ വശീകരിച്ചു കൊണ്ട് പോകും, പ്രത്യേകിച്ചും യുവാക്കളെ. എന്നാൽ ഗ്രാമത്തിലെ ചില ആളുകൾക്ക് ഇവരെ തിരിച്ചറിയാൻ കഴിയുമത്രേ. വെറുതെയല്ല വാ -കബ കാണുമ്പോൾ തന്നെ ഒരു ഭീകരത ഫീൽ ചെയ്യുന്നത്
Siat Synteng Fall
നോക്കലിക്കൈ വെള്ളച്ചാട്ടമായിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം, വാ - കബയിൽ നിന്ന് സോറാ ടൗണും കടന്നു കുറച്ചു ദൂരം പോയാൽ നോക്കലിക്കൈ എത്തും. പക്ഷെ പോകും വഴി മറ്റൊരു ബോർഡ് വഴിയിൽ കണ്ടു, Siat Synteng Fall. എന്തായാലും കേറി നോക്കാം എന്നുകരുതി. അത് വെറുതെയായില്ല. വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയെ ഒരു ഹെറിറ്റേജ് സൈറ്റായി മാറ്റിയെടുത്തിട്ടുണ്ട്. ഖാസി കുടിലുകളും മറ്റും ഇവിടെ പുനർനിർമ്മിച്ചിട്ടുണ്ട്. അതെല്ലാം കണ്ട് മുന്നോട്ടുപോയാൽ ദൂരെ വെള്ളച്ചാട്ടം കാണാനാകും. കുന്നിറങ്ങിച്ചെന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. മനോഹരമായ മറ്റൊരു വെള്ളച്ചാട്ടം. വീതിയേറിയ വലിയൊരു പാറക്കെട്ടിനു മുകളിൽ നിന്നും താഴേക്ക് കുതിക്കുന്നു. എത്ര കണ്ടാലും മതിയാവില്ല ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ, എല്ലാത്തിനും എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ കാണും. നമ്മുടെ നാട്ടിലെ വാട്ടർ ഫാൾസിനെ അപേക്ഷിച്ച് ഇവിടെയുള്ളവ വീതിയും, ഉയരവും കൂടിയവയാണ്. അതുകൊണ്ടു തന്നെ വെള്ളച്ചാട്ടത്തെ ദൂരെ നിന്ന് നോക്കിക്കാണാനേ പലയിടത്തും സാധിക്കുകയുള്ളൂ. വെള്ളച്ചാട്ടവും കണ്ട് മുകളിൽക്കയറുമ്പോഴേക്കും അവിടെ മൊത്തം മഞ്ഞുവന്നു നിറഞ്ഞിരുന്നു. ഞങ്ങൾക്ക് ശേഷം വന്നവരൊക്കെ ആ നയനാന്ദകരമായ കാഴ്ച കാണാനാകാതെ തിരിച്ചു പോകുന്നത് കണ്ടു
നോക്കലിക്കൈ ഫാൾസ് (Noh-Kalikai Falls)
കഥ പറയുന്നവയാണ് മേഘാലയയിലെ വെള്ളച്ചാട്ടങ്ങൾ എന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഇനി നോക്കലിക്കയ്ക്കു പറയാനുള്ളതെന്തെന്നു കേൾക്കാം. പക്ഷെ ഇതൊരു കഥന കഥയാണ്. നോക്കലിക്കൈ വെള്ളച്ചാട്ടത്തിനു മുകൾ ഭാഗത്തെ ഗ്രാമത്തിൽ താമസിച്ചിരുന്ന ലികൈ ( Likai) എന്ന സ്ത്രീയുടെ ദുരന്തപര്യവസായിയായ കഥ. ചെറുപ്പത്തിലേ തന്നെ വിധവയാകേണ്ടി വന്ന ലികൈ തൻ്റെ മകളെ വളർത്തിയെടുക്കാൻ ഒരുപാട് പാടുപെട്ടിരുന്നു. ഗ്രാമത്തിൽ ചുമടെടുത്തായിരുന്നു അവൾ തൻ്റെ ജീവിതച്ചെലവുകൾ നടത്തിപ്പോന്നതു. മകൾക്ക് ഒരച്ഛനെ ആവശ്യമാണെന്നു തോന്നിയപ്പോ ലികൈ രണ്ടാമതും വിവാഹം ചെയ്തു. പക്ഷെ തന്നെക്കാൾ മകളെയാണ് ലികൈ സ്നേഹിക്കുന്നതെന്നു മനസ്സിലാക്കി അസൂയപൂണ്ട രണ്ടാനച്ഛൻ, ലികൈയുടെ മകളെ കൊന്നു കറിവച്ചു ലികയ്ക്കു തന്നെ ഭക്ഷണമായി കൊടുക്കുന്നു. എന്നാൽ സ്വന്തം മകളുടെ മാംസമാണ് താൻ കഴിച്ചതെന്ന് മനസ്സിലാക്കിയ ആ സ്ത്രീ കുറ്റബോധത്തിൽ വെന്തു നീറി. അവസാനം സങ്കടം സഹിക്കവയ്യാതെ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നുചാടി ആത്മഹത്യ ചെയ്തു. അങ്ങനെയാണ് Ka Likai (സ്ത്രീകളുടെ പേരിനു മുൻപ് ഉപയോഗിക്കുന്നതാണ് Ka എന്ന വാക്ക്) ചാടിയ സ്ഥലം എന്നർത്ഥം വരുന്ന Noh-Kakikkal എന്ന പേര് ഉണ്ടായത്.
നോക്കലിക്കയിൽ ഞങ്ങൾ എത്തുമ്പോഴേക്കും പരിസരമാകെ മഞ്ഞു മൂടിയിരുന്നു. വെള്ളച്ചാട്ടത്തിന്റെ പൊടിപോലും കാണാൻ സാധിക്കുമായിരുന്നില്ല. എന്നാൽ താഴെ നിന്നുള്ള ഹുങ്കാര ശബ്ദം മാത്രം മതിയായിരുന്നു അത് എത്രത്തോളം വലുതാണ് എന്ന് മനസിലാക്കാൻ. അതുകൊണ്ടുതന്നെ കാണാതെ തിരിച്ചു പോകാൻ മനസ്സ് വന്നില്ല. അര മണിക്കൂറോളം പാർക്കിങ് ഏരിയയിൽ കാത്തിരുന്നു. പക്ഷെ നോ രക്ഷ. തിരിച്ചിറങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ പാർക്കിങ്ങിൽ പൈസ വാങ്ങിക്കാൻ നിന്ന ചേട്ടൻ ദൂരെ മേഘങ്ങൾക്കിടയിലൂടെ താഴേക്ക് എത്തിനോക്കാൻ ശ്രമിക്കുന്ന സൂര്യനെ ചൂണ്ടിക്കാണിച്ച് കുറച്ചുനേരം കൂടി കാത്തിരിക്കാൻ ഉപദേശിച്ചു. ഒരു പത്തു പതിനഞ്ചു മിനിട്ടുകൂടി അവിടെ നിൽക്കാം എന്നുറപ്പിച്ചു. പത്തു മിനിട്ടു കഴിഞ്ഞു കാണും , മഞ്ഞുമാറി. താഴെ നോക്കലിക്കൈ പൂർണ്ണമായി കാണാറായി. അതൊരൊന്നൊന്നര കാഴ്ചയായിരുന്നു. ഖാസി കുന്നിലെ വിശാലമായൊരു പീഠഭൂമിയിൽ നിന്ന് കുത്തനെ മറ്റെങ്ങും തൊടാതെ താഴേക്ക് ഊളിയിടുന്ന നോക്കലിക്കൈ ഏതൊരു സഞ്ചാരിക്കും മനസ്സിൽ മറക്കാതെ സൂക്ഷിക്കാവുന്ന ഒരനുഭവമായിരിക്കും. സാധാരണ നമ്മൾ കണ്ടിട്ടുള്ള വെള്ളച്ചാട്ടങ്ങളിൽ പലതും പാറക്കെട്ടുകളിലൂടെയും, കുന്നിൻ ചെരുവുകളിലൂടെയും ഒലിച്ചു താഴേക്കിറങ്ങുന്നവയാണ്. എന്നാൽ മുന്നോട്ടുന്തിയ പ്രതലത്തിൽ നിന്ന് താഴേക്ക് മറ്റെങ്ങും തൊടാതെ കുത്തനെ ചാടിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ നമ്മൾ കുറച്ചേ കണ്ട് കാണുള്ളൂ. അത്തരത്തിലുള്ളവയിൽ (Plunge waterfall) ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് നോക്കലിക്കൈ. 340 മീറ്ററാണ് ഇതിന്റെ ഉയരം . നമ്മുടെ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഉയരം വെറും 25 മീറ്ററാണ് എന്നോർക്കണം. അപ്പോൾത്തന്നെ ഇതിന്റെ വലിപ്പം നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. പാർക്കിങ്ങിലെ ചേട്ടന് നന്ദിപറഞ്ഞുകൊണ്ടു ഞങ്ങൾ നോക്കലിക്കയോട് വിട പറഞ്ഞു.
Seven Sisters Falls
നോക്കലിക്കയിൽ നിന്ന് ഒരു പത്തു കിലോമീറ്റർ മാറിയാണ് Seven Sisters Falls അഥവാ Mawsmai falls എന്ന വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. 70 മീറ്റർ വീതിയിൽ 300 മീറ്ററിലധികം നീളമുള്ളൊരു എമണ്ടൻ വെള്ളച്ചാട്ടം. ഏഴു കഷണങ്ങളായി ഒഴുകുന്നതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്. Seven Sisters Falls എന്ന് ഗൂഗിൾ മാപ്പിൽ നാവിഗേറ്റ് ചെയ്താണ് അങ്ങോട്ട് യാത്ര തിരിച്ചത്. പക്ഷെ ഗൂഗിൾ അമ്മായി ചെറുതായിട്ട് പണി തന്നു. വെള്ളച്ചാട്ടത്തിന്റെ ഉത്ഭവസ്ഥാനത്തേക്കാണ് ഗൂഗിൾ ഞങ്ങളെ നയിച്ചത്. പക്ഷെ അവിടെ പോയാൽ ഒന്നും കാണാൻ സാധിക്കുമായിരുന്നില്ല. മേഘാലയയിലെ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളും വളരെ വലുതാണ്. ഒരുപക്ഷെ നമ്മുടെ പ്രതീക്ഷക്കുമപ്പുറം. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടത്തെ പലയിടങ്ങളിലും അടുത്തുപോയിക്കാണുക സാധ്യമല്ല. വെള്ളച്ചാട്ടത്തിൽ നിന്ന് അകലെ മാറിയിട്ടാവും അതിന്റെ വ്യൂ പോയിന്റ്റ് ഇരിക്കുന്നത്. ആ ഒരു അബദ്ധമാണ് ഞങ്ങൾക്കിവിടെ സംഭവിച്ചത്. ഞങ്ങളെപ്പോലെ തന്നെ വഴി തെറ്റിതിരിച്ചു പോകുന്ന പലരെയും അവിടെ കണ്ടു. seven sisters view point എന്ന് ഗൂഗിളിൽ തിരഞ്ഞാൽ അത് നമ്മളെ കൃത്യം വ്യൂ പോയിന്റിലേക്ക് എത്തിക്കും. വ്യൂ പോയിന്റിൽ എത്തുമ്പോഴേക്കും സമയം വൈകുന്നേരമായിരുന്നു. പക്ഷെ ഇത്തവണ ഭാഗ്യം ഞങ്ങളെ കടാക്ഷിച്ചില്ല. മൊത്തം മഞ്ഞുമൂടിക്കിടക്കുന്നു. വെള്ളച്ചാട്ടം ഒട്ടും ദൃശ്യമല്ല. ചെറാപുഞ്ചിയിൽ മഞ്ഞുവരുന്നതും പോകുന്നതുമായ സമയം പ്രവചനാതീതമാണ്. ഇച്ചിരി ഭാഗ്യം കൂടിയുണ്ടെങ്കിൽ പല സ്ഥലങ്ങളും മഞ്ഞുമാറി നേരിൽക്കാനാണ് സാധിക്കൂ. കുറെ നേരം കാത്തിരുന്നു. പക്ഷെ നോ രക്ഷ. ഇനിയും കാത്തിരുന്നാൽ നേരം ഇരുട്ടും. നാളെ സമയമുണ്ടെകിൽ ഒന്ന് കൂടി വരാം എന്ന് പ്ലാൻ ചെയ്തു അവിടെ നിന്നിറങ്ങി.
Mawsmai Cave
Seven Sisters Falls -നടുത്തു തന്നെയാണ് പ്രശസ്തമായ Mawsmai Cave. Seven Sisters വ്യൂ പോയിന്റിൽ നിന്നും കഷ്ടിച്ച് ഒരൊന്നൊന്നര കിമോമീറ്റർ പോയാൽ മതി. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ഏറെക്കൂറെ ക്ലോസിങ് ടൈം ആയിരുന്നു. നീളമേറിയൊരു ഗുഹയാണ് Mawsmai Cave. പക്ഷെ അതിൽ ഏകദേശം 150 മീറ്റർ മാത്രമേ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളൂ. ബാക്കി ഭാഗം പര്യവേഷകർക്കും, പ്രത്യേക പെർമിഷൻ എടുത്തവർക്കും മാത്രമായി ചുരുക്കിയിരിക്കുന്നു. ഒരു ആന്ധ്രാ ഫാമിലിയാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്. ചുണ്ണാമ്പുകല്ലിലൂടെ വെള്ളമൊഴുകി വര്ഷങ്ങളെടുത്തു രൂപപ്പെട്ടതാണീ ഗുഹയെന്നത് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. വെള്ളത്തിന്റെ ഒഴുക്ക് ഗുഹക്കുള്ളിൽ പലവിധ രൂപങ്ങളും നിർമ്മിച്ചിട്ടുണ്ട്. സമയം ഇരുട്ടിയതിനാലും , ആളുകൾ കുറവായതിനാലും ഒരു ഹൊറർ അന്തരീക്ഷമാണ് അവിടെ ഫീൽ ചെയ്തത്. അത് പൂര്ണമാക്കാൻ കൂടെ പാറിപ്പറക്കുന്ന വാവലുകളും. ഒരു പത്തിരുപത് മിനുട്ടോളം അവിടെ ചിലവഴിച്ചു. തിരിച്ചുപോരും വഴി Seven Sisters Falls -ൽ ഒന്ന് കൂടി കയറി നോക്കി , മഞ്ഞുകുറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല
വളരെ ചെറിയ ഒരു പ്രദേശമാണ് ചെറാപുഞ്ചി ടൌൺ. ഏകദേശം 15000-ത്തിൽ താഴെ മാത്രം ആളുകളാണ് ഇവിടെ ഉള്ളത്. പോസ്റ്റ് ഓഫിസും, പോലീസ് സ്റ്റേഷനും, പെട്രോൾ പമ്പും എല്ലാം ഈ ടൗണിന്റെ മധ്യത്തിലാണുള്ളത്. ടൗൺ പിന്നിട്ടാൽ ബാക്കിയുള്ള സ്ഥലങ്ങളെല്ലാം വിജനമാണ്. ഒരു ചെറിയ കടപോലും കാണാൻ കിട്ടുകയില്ല. 'മെ മെ ഐ ഹവൻ' (Me Me Ai Haven: Contact: 96129 45658) എന്ന ഹോട്ടലിലാണ് ഇന്ന് രാത്രിയിലെ താമസം. ചെറാപുഞ്ചി ടൗണിൽ നിന്ന് ഒരു മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് ഈ ഹോട്ടൽ. പക്ഷെ ഹോട്ടലിലേക്കുള്ള യാത്ര പലയിടത്തും നമ്മെ വഴി തെറ്റിയോ ഒന്ന് ചിന്തിപ്പിച്ചു. ഒരു വിജനമായ സ്ഥലത്താണ് അവസാനം ചെന്നെത്തിയത്. മുന്നിൽ ഞങ്ങളുടെ ഹോട്ടൽ മാത്രം. ഒരു വീടുപോലുമില്ല അടുത്തെങ്ങും. ഒരു വീടിനെ ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. പൊതുവെ ചെറാപുഞ്ചിയിൽ ഭക്ഷണവും താമസവും ഇച്ചിരി കോസ്റ്റ്ലിയാണ്. ചെക്കിങ് ചെയ്തു. നല്ല സൗകര്യങ്ങളുള്ള മുറിയാണ്. ചെറാപുഞ്ചി പോലൊരു ചെറിയ പ്രദേശത്തും ഇത്രയും നല്ല ഹോട്ടൽ റൂം കണ്ടപ്പോൾ ഞങ്ങൾ ശരിക്കും അതിശയപ്പെട്ടു. ഹോട്ടലിനു പുറകിൽ ഒരു ചെറിയ കുളവും , പുൽത്തകിടിയുമുണ്ട്. നാല് വശത്തും മഞ്ഞിൽപൊതിഞ്ഞ ഖാസി മലനിരകൾ. അത് പിറ്റേന്ന് രാവിലെ നേരം വെളുത്തപ്പോഴാണ് കണ്ടത്. ഹോട്ടൽ ടെറസ്സിൽ നിന്ന് സൂര്യോദയവും ,അസ്തമയവും കാണാൻ സാധിക്കും.
നോർത്ത് ഇന്ത്യനും , ചൈനീസും , ട്രഡീഷണൽ ഖാസി ഫുഡും ഇവിടെത്തന്നെ കിട്ടും. രാത്രിയിൽ കഴിക്കാൻ ജദോ (Jadoh) എന്നൊരൈറ്റം ഓർഡർ ചെയ്തു. നമ്മുടെ പുലാവ് പോലൊരു സാധനം. പോർക്കിട്ടു വേവിച്ചത്. ഭക്ഷണം കൊള്ളാമായിരുന്നു. ക്വാണ്ടിറ്റി കൂടുതലായതിനാൽ മുഴുവൻ കഴിച്ചു തീർക്കാൻ കഴിഞ്ഞില്ല എന്നൊരു വിഷമം മാത്രം.
പിന്നെ മറ്റൊരു കാര്യം പറയാൻ മറന്നു പോയി അത് ചെറാപുഞ്ചിയിലെ ഡ്രൈവിങിനെ കുറിച്ചാണ്. ടൗണിലെ ഒരേയൊരു പെട്രോൾ പമ്പാണ് അവിടെ വരുന്ന എല്ലാ വണ്ടികൾക്കും ആശ്രയം. അതുകഴിഞ്ഞാൽ പമ്പുകൾ മഷിയിട്ടുനോക്കിയാൽ പോലും കാണാൻ കിട്ടുകയില്ല. ഡ്രൈവ് ചെയ്തു വരുന്നവർ ആവശ്യത്തിന് ഇന്ധനം വണ്ടിയിൽ ഉണ്ടെന്ന് വരുത്തുക. അതുപോലെ തന്നെ വണ്ടിയിൽ ആവശ്യമുള്ള ടൂളുകളും, സ്പെയർ ടയറും ഉറപ്പുവരുത്തുക. വഴിയിൽ വണ്ടി പഞ്ചറായാൽപ്പോലും സഹായത്തിനു ഒരാളെ കിട്ടുക വളരെ പ്രയാസമാണ്. വർക്ക് ഷോപ്പുകളും ഇല്ല. നേരത്തെ പറഞ്ഞതുപോലെ റോഡിൽ കോടയിറങ്ങുന്നതും, പോകുന്നതും ഇവിടെ പ്രവചനാതീതമാണ്. മഞ്ഞുണ്ടെങ്കിൽ വണ്ടി പരമാവധി വേഗത കുറച്ച് ഓടിക്കുക. ഒപ്പം ഹസാഡ് ലൈറ്റും, ഫോഗ്ഗ് ലാമ്പും ഉൾപ്പടെയുള്ളവ ഓൺ ചെയ്തിടാനും മറക്കണ്ട. പലപ്പോഴും റോഡിൽ വിസിബിലിറ്റി വളരെ കുറവായിരിക്കും
- “അടുത്ത ഭാഗത്തിൽ നോൺഗ്രിയാറ്റിലെ ട്രെക്കിങ്ങ് അനുഭവങ്ങൾ ...Stay tuned”
Good one....
ReplyDeleteGood writing, stylish photos
ReplyDeletethnQ
DeleteKeep writing Mr. Jayesh
ReplyDelete