Day-5 ഡബിൾഡക്കർ ലിവിങ് റൂട്ട് ബ്രിഡ്ജും, റെയിൻബോ ഫാൾസും
പൊതുവെ മേഘാലയയിലെ ടൂറിസ്റ്റ് സ്പോട്ടുകളൊക്കെ വളരെ വൃത്തിയുള്ളതും, നന്നായി പരിപാലിച്ചുപോകുന്നതുമാണ്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് ബോട്ടിലുകളും, സ്നാക്സ് പാക്കറ്റുകളും ഒട്ടും കാണാനില്ല. എല്ലാ ആഴ്ചയും ഇവിടങ്ങളിലെ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ ശേഖരിച്ചു റീസൈക്കിൾ ചെയ്യാനായി കൊണ്ടുപോകുമത്രേ.
ചെറുതെങ്കിലും ഞങ്ങളുടെ ഹോട്ടലും പരിസരവും ഇതേകണക്കിനു വൃത്തിയായി സൂക്ഷിച്ച ഒന്നായിരുന്നു. സമീപത്തെ കുളവും, പുൽത്തകിടിയും അതിനു ഒരു പ്രത്യേക ഭംഗി നൽകി.
രാവിലെ ആറുമണിയോടുകൂടി ഞങ്ങൾ ഹോട്ടൽ വെക്കേറ്റ് ചെയ്തിറങ്ങി. കോംപ്ലെമെന്ററി ബ്രേക്ഫാസ്റ് ലഭ്യമായിരുന്നെങ്കിലും, നേരത്തെ ഇറങ്ങേണ്ടി വന്നതിനാൽ കഴിക്കാൻ സാധിച്ചില്ല .
ഇന്നത്തെ ദിവസം നമ്മൾ പോകുന്നത് ഡബിൾഡക്കർ ലിവിങ് റൂട്ട് ബ്രിഡ്ജും (Double Decker Living Root Bridge), റെയിൻബോ ഫാൾസും (Rainbow Falls) കാണാനാണ്.
നദികളും അരുവികളും മുറിച്ചുകടക്കുവാനായി മരത്തിന്റെ വേരുകൾ ഇരുകരകളിലേക്കും നീട്ടിവളർത്തി നിർമ്മിച്ച പാലങ്ങൾ (Living root bridges) മേഘാലയയിലെ സാധാരണമാണ്. പക്ഷെ പുറത്തുനിന്നും വരുന്ന ആളുകൾക്ക് അതൊരു വിസ്മയം തന്നെയാണ്. 50 മീറ്റർ നീളത്തിൽ വരെ ഇത്തരം പാലങ്ങൾ നിർമിച്ചിട്ടുണ്ട്. അത്തരത്തിലൊരു റൂട്ട് ബ്രിഡ്ജ് ആണ് ഇന്നത്തെ ലക്‌ഷ്യം. പക്ഷെ ഇതിനൊരു പ്രത്യേകതയുണ്ട്. മറ്റുള്ള റൂട്ട് ബ്രിഡ്ജുകളിൽ നിന്നും വ്യത്യസ്താമായ ഒന്ന്. പേര് സൂചിപ്പിക്കും പോലെ ഇതൊരു Double decker bridge ആണ്. അതായത് രണ്ടു തട്ടുകളിലായിട്ടാണിത് നിർമ്മിച്ചിട്ടുള്ളത്. ഡബിൾഡക്കർ ലിവിങ് റൂട്ട് ബ്രിഡ്ജിന് അടുത്താണ് റെയിൻബോ വെള്ളച്ചാട്ടം ഉള്ളത്. വെള്ളം താഴെ പാറക്കെട്ടിൽ തട്ടിത്തെറിക്കുന്നിടത്തു മഴവില്ല് ദൃശ്യമാകും എന്നതുകൊണ്ടാണ് റെയിൻബോ ഫാൾസിന് ആ പേര് ലഭിച്ചത്.
നോൻഗ്രിയാറ്റ് (Nongriat) എന്ന ഗ്രാമത്തിലാണ് ഈ രണ്ട് അത്ഭുതങ്ങളും. നോൻഗ്രിയാറ്റിലേക്ക് റോഡ് ഇല്ല, അതുകൊണ്ടുതന്നെ വാഹനങ്ങളിൽ ഇങ്ങോട്ട് വരാൻ സാധിക്കില്ല. ടിർണ (Tyrna) എന്ന അയൽഗ്രാമത്തിൽ നിന്ന് 3500-ഓളം പടികൾ ഇറങ്ങി താഴേക്ക് ചെന്നാലാണ് നോൻഗ്രിയാറ്റ് എത്തുന്നത്. ഗ്രാമത്തിലുള്ളവർ പുറത്തുപോകാനും, സാധനങ്ങൾ കൊണ്ടുവരാനും എല്ലാം ആശ്രയിക്കുന്നത് ആ പടികളുള്ള പാതയെത്തന്നെയാണ്. ചെറാപുഞ്ചിയിൽ നിന്ന് ടിർണ വരെ ഒരു പത്തു -പന്ത്രണ്ട് കിലോമീറ്ററേ ഉള്ളൂ. പക്ഷെ റോഡ് വളരെ മോശമായതിനാൽ ഏകദേശം ഒരു മണിക്കൂറോളം സമയം ഇവിടേക്ക് എത്തിച്ചേരാനായെടുക്കും. രണ്ട് വണ്ടികൾക്ക് കഷ്ടിച്ച് പോകാൻ പാകത്തിനുള്ളൊരു റോഡാണ് നമ്മളെ ടിർണയിലേക്ക് നയിക്കുന്നത്. മുൻപിലൊരു വണ്ടി വന്നാൽ പലയിടത്തും സൈഡ് ഒതുക്കിക്കൊടുക്കയോ, റിവേഴ്‌സ് എടുത്തു വഴി മാറി കൊടുക്കുകയോ ഒക്കെ ചെയ്യേണ്ടി വരും. റോഡ് മോശമാണെങ്കിലും ഒരുവശത്തേയും കാഴ്ചകൾ മനംമയക്കുന്നതാണ്. കുന്നിൻമുകളിൽ നിന്നൊലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ, സ്വതേ സുന്ദരിയായ പ്രകൃതിയുടെ വെള്ളിയരഞ്ഞാണങ്ങൾ കണക്കെ തോന്നിച്ചു.
ഏഴുമണിക്ക് മുൻപേ തന്നെ ഞങ്ങൾ ടിർണയിൽ എത്തി. ശരിക്കും പറഞ്ഞാൽ ഡബിൾഡക്കർ ലിവിങ് റൂട്ട് ബ്രിഡ്ജും മാത്രം കാണാനായിരുന്നു ഇന്നത്തെ പ്ലാൻ. ടിർണയിൽ നിന്ന് ഒരു മണിക്കൂറിലധികം സ്റ്റെപ്പുകൾ ഇറങ്ങി ചെന്നാലാണ് നോൻഗ്രിയാറ്റിൽ എത്തുന്നത്. അവിടുന്നു അഞ്ചോ, പത്തോ മിനുട്ട് നടന്നാൽ റൂട്ട് ബ്രിഡ്ജ് എത്തും. വീണ്ടും മണിക്കൂറിലധികം നടന്നാലേ റെയിൻബോ ഫാൾസ് എത്തുകയുള്ളൂ. ഇത്രയും ദൂരം തിരിച്ചു കയറി വരികയും ചെയ്യണം. മൊത്തത്തിൽ ഏകദേശം പത്തു കിലോമീറ്ററിലധികം ദൂരം ട്രെക്ക് ചെയ്യേണ്ടതായിട്ടുണ്ട്. അതുകൊണ്ടു റൂട്ട് ബ്രിഡ്ജ് കണ്ടിട്ട് സമയവും, സ്റ്റാമിനയും ഉണ്ടെങ്കിൽ മാത്രം റെയിൻബോയിലേക്കിറങ്ങാം എന്ന് വിചാരിച്ചു. സാധാരണ ആളുകൾ തലേന്ന് വൈകീട്ട് ടിർണയിൽ എത്തി, താഴെ നോൻഗ്രിയാറ്റ് വരെ നടന്ന് , അവിടെ താമസിച്ചു പിറ്റേന്ന് റൂട്ട് ബ്രിഡ്ജും , റെയിൻബോ ഫാൾസും കണ്ട് തിരിച്ചു കയറി വരാറാണ് പതിവ്. നോൻഗ്രിയാറ്റിൽ ഹോം സ്റ്റേകൾ ലഭ്യമാണ്. ആയിരം രൂപക്ക് താഴയേ വരുള്ളൂ. നോൻഗ്രിയാറ്റിലേക്ക് ഒരു ഗൈഡിനെ കൂടെ കൂട്ടുന്നത് നല്ലതായിരിക്കും. ഒറ്റക്കും പോകാം. പക്ഷെ റൂട്ട് ബ്രിഡ്ജിലേക്കും, റെയിൻബോ ഫാൾസിലേക്കുമുള്ള വഴി എവിടെയും അടയാളപ്പെടുത്തി വച്ചിട്ടില്ല. ചോദിക്കുവാൻ വഴിയിൽ അധികം ആളുകളുമുണ്ടാവില്ല. പിന്നെ മറ്റൊരുകാര്യം ഇവിടുത്തെ ചില സ്ഥലങ്ങൾ ആളുകൾ വളരെ പവിത്രമായി കരുതുന്നവയാണ്. പ്രത്യേകിച്ചും ഖാസി പൂർവികരുടെ ശ്മശാനഭൂമി പോലുള്ളവ. ഇതുപോലെ നമുക്ക് കയറിച്ചെല്ലാൻ പാടില്ലാത്ത ചില സ്ഥലങ്ങളും ഇവിടെയുണ്ട്. ഇവിടെയൊക്കെ അറിയാതെ കേറിച്ചെന്നു അടി മേടിക്കണ്ടാലോ. അതുകൊണ്ടൊക്കെയാണ് ഒരു ഗൈഡിനെ കൂടെ കൂട്ടാം എന്ന് കരുതിയത്. ടിർണയിൽ നിന്ന് ട്രെക്കിങ്ങ് തുടങ്ങുന്ന സ്ഥലത്ത് ഒരുപാട് ഗൈഡുമാരെ കിട്ടും. ഒരു ഗ്രൂപ്പിന് ഡബിൾ ഡെക്കർ ബ്രിഡ്ജ് വരെ 500-700 രൂപയാണ് ഇവർ വാങ്ങിക്കുന്നത്. റെയിൻബോ ഫാൾസ് കൂടിയുണ്ടെങ്കിൽ ആയിരം രൂപയോളമാകും. വിലപേശിയാൽ വീണ്ടും കുറയും, പക്ഷെ ജീവിക്കാൻ വേണ്ടി കഷ്ട്ടപെടുന്നവരാ, കൂലി ന്യായമാണെന്ന് തോന്നുകയാണെങ്കിൽ അവര് ചോദിക്കുന്ന കാശ് കൊടുത്തേക്കണം.
തിരുവനന്തപുരം സഞ്ചാരിയിലെ ലിജി ചേച്ചി വഴി ഒരു ഗൈഡിന്റെ കോൺടാക്ട് കിട്ടിയിരുന്നു. ഇന്നലെ തന്നെ പുള്ളിയെ വിളിച്ചു ഞങ്ങൾ ഇന്ന് വരുന്ന കാര്യം അറിയിച്ചിരുന്നു. ടെഡി മാജോ എന്നാണ് ആളിന്റെ പേര് (Teddy Majaw Contact : 88372 83933). ഇന്ന് രാവിലെ ഞങ്ങൾ വിളിക്കുമ്പോ പുള്ളി മറ്റൊരു ഗ്രൂപ്പിനെയും കൊണ്ട് ഡബിൾഡക്കർ വരെ പോയിരിക്കുകയായിരുന്നു. ട്രെക്കിങ്ങ് തുടങ്ങുന്ന സ്ഥലത്ത് ഒരു ധാബയുണ്ട്. റോസ്മേരി ധാബ. ഇവിടെ രാവിലെ ഭക്ഷണം കിട്ടുന്ന ഒരേയൊരു സ്ഥലം ഇതാണ്. ഞങ്ങളോട് അവിടെക്കേറി ഫുഡ് അടിക്കുമ്പോഴേക്കും ഞാനങ്ങെത്താം എന്ന് ടെഡി പറഞ്ഞു. മേഘാലയയിലെ വന്നത് മുതൽ ഒട്ടുമിക്ക ദിവസവും രാവിലത്തെ ഭക്ഷണം പൂരിയും, സബ്ജിയുമായിരുന്നു. ഇന്നും അത് തന്നെ ഓർഡർ ചെയ്തു. പക്ഷെ ഇവിടുത്തെ പൂരി -സബ്ജി ഒരു അന്യായ കോമ്പിനേഷനാണ്. ഇത് കാണുമ്പോഴാണ് നമ്മുടെ നാട്ടിൽക്കിട്ടുന്നതിനെയെടുത്തു കിണറ്റിലെറിയാൻ തോന്നുന്നത്. ബ്രേക്‌ഫാസ്റ് കഴിച്ചു തീർന്നപ്പോഴേക്കും കടയിലെ ഭയ്യാ ഒരു നീളൻ മുളവടിയുമായി വന്നു. ട്രെക്ക് ചെയ്യുമ്പോ ഉപയോഗിക്കാനായി മുപ്പതു രൂപയും കൊടുത്തു വടിയും വാങ്ങിച്ചു ഞങ്ങൾ ടെഡി പറഞ്ഞ സ്ഥലത്തേക്ക് ചലിച്ചു. പക്ഷെ ആ വടി പിന്നീടുള്ള ആറു മണിക്കൂറിൽ ഞങ്ങളുടെ വലംകൈയായിരുന്നു എന്ന് വേണം പറയാൻ. റോസ് മേരി ധാബയിൽ നിന്നിറങ്ങുമ്പോഴാണ് മുന്നിൽ ഒരു സൗത്ത് ഇന്ത്യനെപ്പോലെ തോന്നിച്ച ഒരു പയ്യൻ നിൽക്കുന്നു. പോയി പരിചയപ്പെട്ടു. ആള് ഇൻഡ്യാക്കാരനല്ല, ബംഗ്ലാദേശിയാണ്. ഫ്രണ്ട്സിന്റെ കൂടെ നോർത്ത് ഈസ്റ്റ് കാണാനായി ഇറങ്ങിയതാണത്രേ. ഒരാഴ്ചയായി ഇന്ത്യയിൽ എത്തിയിട്ട്. രണ്ടു ദിവസത്തിൽ തിരിച്ചു പോകും. ഇന്നലെ ടിർണയിലെ ഹോംസ്റ്റെയില് താമസിക്കുകയായിരുന്നു അവരുടെ സംഘം.
ടെഡി ട്രെക്കിങ്ങ് വഴിയുടെ തുടക്കത്തിൽ ഞങ്ങളെയും കാത്തിരിപ്പുണ്ട്. ചുറുചുറുക്കുള്ള, നന്നേ മെലിഞ്ഞ ഒരു ചെറിയ യുവാവ്. താഴെ വരെപോയി തിരിച്ചെത്തിയതിന്റെ ക്ഷീണമൊന്നും അയാളുടെ മുഖത്ത് കാണാനുണ്ടായിരുന്നില്ല. മുൻപ് പുള്ളിയുടെ കൂടെ കഴിഞ്ഞ വർഷങ്ങളിൽ ട്രെക്ക് ചെയ്ത എൻ്റെ കൂട്ടുകാരുടെ പേരുപോലും അയാൾ ഓർമിച്ചെടുത്തു പറഞ്ഞത് എന്നെ അത്ഭുതത്തിലാഴ്ത്തി. ഒരു ഏഴരയോടുകൂടി ഞങ്ങൾ ട്രെക്കിങ്ങ് ആരംഭിച്ചു. ആദ്യമായിട്ടാണ് കുന്നിറങ്ങിക്കൊണ്ടൊരു ട്രെക്കിങ്ങ് ആരംഭം. ഞങ്ങൾ അൽപ്പം മുന്നോട്ടുപോയപ്പോൾ തന്നെ ഒരു സംഘം തിരിച്ചു കയറി വരുന്നത് കണ്ടു. അവർ നോൺഗ്രിയാറ്റിൽ താമസിച്ചു അതിരാവിലെ താഴെ നിന്നും മുകളിലേക്ക് കയറിത്തുടങ്ങിയവരാണ്. നേരത്തെ പറഞ്ഞതുപോലെ താഴെ വരെ 3500-ഓളം സ്റ്റെപ്പുകൾ ഉണ്ട്. കുറച്ചു ദൂരം കൂടി പോയപ്പോൾ ആയിരം സ്റ്റെപ്പുകൾ കഴിഞ്ഞെന്നു ടെഡി പറഞ്ഞു. അത് വരെ വലിയ കുഴപ്പമൊന്നും തോന്നിയില്ല. അനായാസമായി ഇറങ്ങാൻ സാധിച്ചു. ചുറ്റുമുള്ള കാഴ്ചകളും നയനാന്ദകരമായിരുന്നു. കയറ്റം ഇറങ്ങിപ്പോകാൻ വളരെ എളുപ്പമാണെന്ന മിഥ്യാ ധാരണ മാറ്റിയെഴുതാൻ പക്ഷെ അധികസമയം വേണ്ടി വന്നില്ല. സ്റ്റെപ്പുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കാലുകൾ ചെറുതായി അനുസരണക്കേട് കാട്ടിത്തുടങ്ങി. മുന്നോട്ടുപോകും തോറും കാലുകൾ ക്ഷീണിച്ചു തുടങ്ങി. ആയിരം സ്‌കോട്ടുകൾ ഒന്നിച്ചെടുത്ത ഒരു ഫീലിംഗ്. . ഓരോതവണ നിൽക്കുമ്പോഴും കാലുകൾ വിറക്കുന്നതു ശരിക്ക് അറിയാനുണ്ടായിരുന്നു. രണ്ടായിരം സ്റ്റെപ്പുകൾ കഴിഞ്ഞെന്നു ടെഡി പറഞ്ഞപ്പോൾ ഇനിയൽപ്പം വിശ്രമിക്കാമെന്നായി ഞങ്ങൾ. അഞ്ചു മിനിറ്റ് വിശ്രമിച്ചു വീണ്ടും കാൽനട തുടർന്ന്. ഞങ്ങൾ നടക്കുന്നതിന്റെ വശങ്ങളിൽ ചെറിയ വീടുകൾ കണ്ടു. മരം കൊണ്ട് നിർമ്മിച്ചവയാണവ. നിലത്തുനിന്നും മരക്കമ്പുകളിൽ ഉയർത്തിയാണ് ഇവിടുത്തെ വീടുകളുടെ നിർമ്മാണം. ചില വീടുകളോടനുബന്ധിച്ചു ചെറിയ ചില കടകളും ഉണ്ട്. പക്ഷെ നേരം വളരെ നേരത്തെ ആയതിനാൽ അവയൊന്നും തുറന്നിട്ടില്ല. കൈയിലുണ്ടായിരുന്ന ഒരു ലിറ്റർ ബോട്ടിലെ ഏതാണ്ട് തീരാറായി. ഡബിൾ ഡെക്കർ ബ്രിഡ്ജ് എത്തിന്നതിനു മുൻപ് ഒരു മറ്റൊരു ചെറിയ റൂട്ട് ബ്രിഡ്ജ് ഉണ്ട്. അത് കടന്നുവേണം മുന്നോട്ടുപോകാൻ.
Ficus elastica എന്ന റബ്ബറിന്റെ ഗണത്തിൽപ്പെടുന്ന മരത്തിന്റെ വേര് മരുകരയിലേക്ക് വളർത്തിയെടുത്താണ് ലിവിങ് റൂട്ട് ബ്രിഡ്ജുകൾ നിർമ്മിക്കുന്നത്. മരത്തിന്റെ ചെറുപ്രായത്തിൽ മറുകരയിലേക്ക് നീട്ടി വളർത്തുന്ന വേരുകൾ കാലക്രമേണ വലുതായി ബലപ്പെട്ടു പാലം പോലൊരു നിർമിതി രൂപം കൊള്ളുന്നു. ഒരു റൂട്ട് ബ്രിഡ്ജ് രൂപമെടുക്കണമെങ്കിൽ 200-500 വര്ഷം വരെയെടുക്കും. അതായത് ബ്രിഡ്‌ജിന്റെ നിർമ്മാണം തുടങ്ങിയ തലമുറക്ക് അത് ഉപയോഗിക്കാനുള്ള ഭാഗ്യം ഉണ്ടാവില്ല എന്ന്. മേഘാലയയിലെ പല ഭാഗങ്ങളിലും ഇതുപോലുള്ള ഒട്ടനവധി പാലങ്ങളുണ്ട്. ഒരേ സമയം 500-ലധികം ആളുകളെ വഹിക്കാവുന്ന പാലങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. ഖാസി, ജൈന്ത്യാ സമൂഹത്തിന്റെ എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ പാലങ്ങൾ.
റൂട്ട് ബ്രിഡ്ജും കഴിഞ്ഞു മുന്നോട്ടു പോയാൽ മറ്റു രണ്ടു പാലങ്ങൾ കൂടി കാണും. പക്ഷെ അത് ഇരുമ്പുകൊണ്ടുള്ളതാണ്. ഈയടുത്ത കാലത്ത് നിർമ്മിച്ച തൂക്കു പാലങ്ങൾ. സമയം എട്ടരയേ ആയിട്ടുള്ളൂ. പക്ഷെ ഒരുപാട് ദൂരം നടന്നതുപോലെ തോന്നി. ഞാനും മനുവും ക്ഷീണിച്ചിട്ടുണ്ട്. ടെഡിയാണേൽ ഓടിച്ചാടി നടക്കുന്നു. അല്പദൂരം കൂടി പിന്നിട്ടപ്പോഴേക്കും ദേ മുന്നിൽ കാണാറായി നമ്മുടെ ഡബിൾ ഡെക്കർ ലിവിങ് റൂട്ട് ബ്രിഡ്ജ് . പത്തുരൂപ ടിക്കറ്റ് എടുത്ത് മുന്നോട്ടു പോകാം. മലയുടെ മണ്ടയിൽ നിന്നും ഒഴുകിയിറങ്ങുന്ന ഒരു അരുവിക്ക് കുറുകേയാണീ പാലം. ഏകദേശം 10-12 മീറ്റർ നീളം വരും. അരുവിയിൽ കുളിക്കാനുള്ള സൗകര്യമൊക്കെ ഈ പാലത്തിന്റെ താഴെയുണ്ട്. മറ്റാരും തന്നെ ആ സമയം അവിടെ എത്തിയിരുന്നില്ല. ഞാനും , മനുവും , ടെഡിയും മാത്രം. ക്ഷീണം കാരണം കുറച്ചേറെ സമയം ഞങ്ങൾ റൂട്ട് ബ്രിഡ്ജിൽ ചിലവഴിച്ചു. സാധാരണ റൂട്ട് ബ്രിഡ്ജ് പോലെതന്നെയാണിതും. പക്ഷെ ഒന്നിനുമുകളിൽ ഒന്നെന്ന രീതിയിൽ രണ്ടു തട്ടുകളായിട്ടാണ്. മഴക്കാലത്ത് താഴത്തെ പാലം വരെ വെള്ളം കേറുമായിരുന്നത്രെ. അതിനൊരു പരിഹാരമായിട്ടാണ് മുകളിൽ മറ്റൊരു തട്ട് നിർമ്മിച്ചത്. അതിനു മുകളിൽ മൂന്നാമതൊരു തട്ട് കൂടി നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് ഇവിടുത്തെ പുതു തലമുറ. നീളമുള്ള മരത്തിന്റെ വേരുകൾ പരസ്പ്പരം കെട്ടിപ്പിണച്ചാണ് മറു കരയിലേക്ക് വളർത്തുന്നത്.
1800 -ഇന്റെ തുടക്കത്തിൽ നടന്ന ആംഗ്ലോ -ഖാസി യുദ്ധത്തിന്റെ സമയത്തു നോൺഗ്രിയേറ്റിലേക്കും , സമീപ പ്രദേശത്തേക്കും രക്ഷപ്പെട്ടോടിയ ഖാസി സമൂഹത്തിന്റെ പിന്തുടർച്ചക്കാരാണ് ഇന്നിവിടത്തെ താമസക്കാർ. ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവരും ഉണ്ട്. ഇരുന്നൂറിനടുതെയുള്ളൂ നോൺഗ്രിയാറ്റിലെ ജനസംഖ്യ. ഇവരുടെ മുതുമുത്തച്ഛൻമാരാണ് നോൺഗ്രിയാറ്റിലെ ഒട്ടുമിക്ക റൂട്ട് ബ്രിഡ്ജുകളും നിർമ്മിച്ചിട്ടുള്ളത്.
എന്തായാലും ഇത്ര പെട്ടന്ന് ഇവിടെ എത്തിയതിനാൽ ഇനി റെയിൻബോ ഫാൾസും കൂടെ കണ്ടിട്ടു പോകാമെന്നു കരുതി. സമയം രാവിലെ ഒൻപതു മണിയെ ആയിട്ടുള്ളൂ. ഇവിടെ നിന്ന് ഒരു മണിക്കൂറോളം നടന്നാൽ റെയിൻബോ ഫാൾസ് എത്തും. പക്ഷെ ഇനിയുള്ള റൂട്ടിൽ സ്റ്റെപ്പുകൾ ഇല്ല. കുന്നിൽ ചെരുവിലൂടെ കല്ലും , മണ്ണും ചവിട്ടി വേണം നടക്കാൻ. നടന്നു തളർന്ന മനു റൂട്ട് ബ്രിഡ്‌ജിന്റെ സൈഡിലുള്ളൊരു മരബെഞ്ചിൽ കേറി കിടപ്പായിരുന്നു. ഇനി വീണ്ടുമൊരു വരവ് ചിറാപുഞ്ചിയിലേക്ക് ഉണ്ടാകുമോ എന്ന് പോലും അറിയില്ല. എന്തായാലും ഇത്രേം ദൂരം വന്നിട്ട് ഇതും കൂടി കാണാതെ പോയാൽ അതൊരു വലിയ നഷ്ടം തന്നെയായിരിക്കും. മനുവിനെ വിളിച്ചെഴുന്നേല്പിച്ചു വീണ്ടും ഞങ്ങൾ നടത്തം തുടങ്ങി. രാവിലെയാണെങ്കിലും സൂര്യൻ നല്ല കടുപ്പത്തിൽ തന്നെയാണ്. തുറന്ന സ്ഥലങ്ങളിൽ അത് ശരിക്കും അനുഭവപ്പെട്ടു. റെയിന്ബോയിലേക്കുള്ള യാത്രയിൽ ഞങ്ങൾക്കൊരു കൂട്ട് കിട്ടി. ബ്രൗണി ..! റൂട്ട് ബ്രിഡ്ജിനടുത്തു താമസിക്കുന്ന ടെഡിയുടെ കൂട്ടുകാരന്റെ വീട്ടിലെ പട്ടിയാണിവൻ. റൂട്ട് ബ്രിഡ്ജ് മുതൽ ബ്രൗണി ഞങ്ങളുടെ കൂടെ കൂടി. ഞങ്ങൾക്ക് മുന്നിൽ റൂട്ട് മാർക്ക് ചെയ്തു കൊണ്ട് ബ്രൗണി നടക്കുകയും , ഓടുകയും ചെയ്തു. ഒരു കാവൽക്കരനെപ്പോലെ. ടെഡിയുടെ റെയിന്ബോയിലേക്കുള്ള യാത്രയിൽ എല്ലാ ദിവസവും രാവിലെ ബ്രൗണി കൂടെ പോകുമത്രേ.
ഈ പാതയിൽ വീണ്ടുമൊരു റൂട്ട് ബ്രിഡ്ജ് ഉണ്ട് .പക്ഷെ ഇത് ഒരു തട്ട് മാത്രം ഉള്ളതാണ്. നടത്തം അര മണിക്കൂർ പിന്നിട്ടു. റൂട്ട് ബ്രിഡ്ജ് വരെ ഇറക്കമായിരുന്നെങ്കിൽ, റെയിൻബോയിലേക്കുള്ള പാത കയറിയാണ് പോകുന്നത്. ഞങ്ങൾ രണ്ടുപേരും നന്നേ ക്ഷീണിച്ചിരുന്നു. പക്ഷെ ടെഡിക്ക് മാത്രം ഒരു കുലുക്കവുമില്ല. ബ്രൗണി ഇടക്കിടെ കുന്നിനു മുകളിലേക്കെങ്ങോട്ടോ ഓടിക്കയറി തിരിച്ചു വരണുന്നുണ്ട്.
പോകുന്ന വഴിയിൽ എന്നെ ഒരു കാഴ്ച അമ്പരപ്പിച്ചു കളഞ്ഞു. രണ്ടു പേര് സിമന്റ് ചാക്കുകളും ചുമന്നു കൊണ്ട് പോകുന്നു. നമ്മൾ പോകുന്ന വഴിയിൽ ഒരു ചെറിയ പാലവും , അതിനോടനുബന്ധിച്ചുള്ള സ്റ്റെപ്പുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്. അവിടേക്കാണ് ഇവരുടെ പ്രയാണം. നോൺഗ്രിയാറ്റിലേക്ക് റോഡുകൾ ഇല്ല എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ. ടിർന വരയെ വണ്ടി വരികയുള്ളൂ. സാധനങ്ങളെല്ലാം അവിടെ നിന്ന് തലച്ചുമടായി വേണം നോൺഗ്രിയാറ്റിലേക്ക് എത്തിക്കാൻ. ഞങ്ങൾ നടന്നു തളർന്നു തിരിച്ചു പോയാലോ എന്നുവരെ ചിന്തിച്ച സമയത്താണ് അത്രയും ദൂരം പത്തമ്പതു കിലോയോളം വരുന്ന സിമന്റുചാക്കുമായി ഇവർ കൂളായി നടക്കുന്നത്. ആ കാഴ്ച തന്ന എനർജി ഒന്ന് വേറെ തന്നെയാണ്. റെയിൻബോ വരെ തളർച്ചയെ മറക്കാൻ ഞങ്ങളെ സഹായിച്ചത് അതൊന്നുമാത്രമായിരുന്നു. ഇവിടെ ആളുകൾ സാധനങ്ങൾ ചുമന്നുപോകുന്നത് തോളിലോ , തലയിലോ വച്ചല്ല. മറിച്ച് നീളൻ കൈയുള്ള സഞ്ചികളിൽ സാധങ്ങൾ ഇട്ട് അതിനെ പുറത്തേക്കിടുന്നു. സഞ്ചിയുടെ കൈ മുന്നിലേക്കെടുത്തു നെറ്റിയിൽ ബാലൻസ് ചെയ്താണ് ഭാരം വഹിക്കുന്നത്.
റെയിൻബോയുടെ ഹുങ്കാരം കുറേ ദൂരെനിന്നു വരെ കേൾക്കാമായിരുന്നു. വെള്ളച്ചാട്ടത്തിന്റെ വ്യാപ്തിയും , വലിപ്പവും ഊഹിക്കാൻ അത് ധാരാളമായിരുന്നു. പത്തു മണിയോടെ റെയിന്ബോയിലെത്തി. ഇരുന്നൂറു മീറ്ററിലധികം ഉയരത്തിൽനിന്നു താഴേക്ക് പതിക്കുന്നൊരു കിടുക്കാച്ചി വെള്ളച്ചാട്ടം. നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങളൊക്കെ ഇതിനു മുൻപിൽ നാണിച്ചു നിൽക്കും. നോക്കലിക്കൈ ഫാൾസിൽനിന്നൊഴുകുന്ന വെള്ളമാണ് റെയിന്ബോയിൽ എത്തിച്ചേരുന്നത്. താഴത്തെ പാറയിൽ തട്ടിത്തെറിച്ച് നിലത്തിറങ്ങുന്ന വെള്ളത്തുള്ളികൾ സമീപപ്രദേശത്തു മഴ പെയ്യുന്ന പോലെ തോന്നിച്ചു. അതുവരെയുണ്ടായ ക്ഷീണമെല്ലാം മുഖത്തും , ശരീരത്തിലും പെയ്തിറങ്ങിയ നനവിൽ അലിഞ്ഞില്ലാതായി. ജല കണങ്ങൾക്കിടയിൽ മഴവില്ല് തെളിഞ്ഞു നിന്നു. അതുകൊണ്ടാണല്ലോ ഇതിനെ റെയിൻബോ ഫാൾസ് എന്ന് വിളിക്കുന്നത്. അര മണിക്കൂറോളം അവിടെയും ചിലവഴിച്ചു. കൈയിൽ കരുതിയ ബിസ്കറ്റ് ഞാനും , മനുവും , ടെഡിയും , ബ്രൗണിയും പങ്കിട്ടു കഴിച്ചു. ഒഴിഞ്ഞ കുപ്പിയിൽ വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളം നിറച്ചു. ബിസ്കറ്റ് കൊടുത്തതുകൊണ്ടാണോ എന്നറിയില്ല പരിഭവമേതുമില്ലാതെ ഫോട്ടോയെടുക്കാൻ ബ്രൗണി ഞങ്ങൾക്ക് പോസ് ചെയ്തു തന്നു. തിരിച്ചു പോരാൻ തോന്നിയില്ല. ഒടുവിൽ മനസ്സില്ലാ മനസ്സോട് മടക്ക യാത്ര തുടങ്ങി. വരുന്ന വഴി ഒരു മലയാളിയെ കണ്ടു. കോഴിക്കോട്ടുകാരനായ ഫെബിൻ. ഫെബിൻ ഒറ്റക്കാണ്. രാവിലെ കണ്ട ബംഗ്ലാദേശുകാരനും സംഘവും ഞങ്ങൾക്ക് ഹായ് പറഞ്ഞു കടന്നുപോയി. ഇതിനിടയിൽ ബ്രൗണി എവിടെയോ അപ്രത്യക്ഷനായി. അവനിപ്പോ വീട്ടിൽ എത്തിക്കാണുമെന്ന് ടെഡി പറഞ്ഞു. തിരിച്ചിറങ്ങും വഴി ടെഡി തൻ്റെ പൂർവികർ കുടിയേറി താമസിച്ച സ്ഥലം കാണിച്ചു തന്നു. പഴയ വീടുകളുടെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ ഇവിടെ. പതിനൊന്നു മണിയോടെ ഡബിൾ ഡെക്കറിൽ തിരിച്ചെത്തി. കുറച്ചു ഫോട്ടോയൊക്കെ എടുത്ത് അൽപ്പനേരം കൂടി വിശ്രമിച്ചു തിരിച്ചു കേറാൻ തുടങ്ങി. 3500-ഓളം സ്റ്റെപ്പുകൾ ഇനി തിരിച്ചു കയറണം. ഇപ്പൊ തന്നെ എൻജിൻ ഔട്ട് കംപ്ലീറ്റിലി. എന്താകുമോ എന്തോ. പതുക്കെ നടന്നു. ഓരോ പത്തുമിനുട്ടിലും റസ്റ്റ് എടുത്തു. നേരത്തെ കണ്ട കടകളൊക്കെ ഇപ്പൊ തുറന്നിട്ടുണ്ട്. പോകും വഴി അവിടുന്നു പൈനാപ്പിളൊക്കെ വാങ്ങിച്ചു കഴിച്ചു. കയറ്റം തന്നെ കയറ്റം. ഇടക്ക് നല്ല മഴയും പെയ്തു. കുടയും ചൂടി കയറ്റം കയറാൻ ബുദ്ധിമുട്ടാണ്. മഴ കുറയും വരെ അടുത്തു കണ്ട കടയിൽ കയറി നിന്ന്. കുറേപ്പേർ താഴേക്ക് ഇറങ്ങിപ്പോകുന്നത് കണ്ട്. ഇന്നലെ സെവൻ സിസ്റ്റേഴ്സിൽ വച്ച് ഒരു ആന്ധ്രാ ദമ്പതികളെ പരിചയപ്പെട്ടിരുന്നു. അവരെ വീണ്ടും ഇവിടെ വച്ച് കണ്ട് മുട്ടി. ഏകദേശം രണ്ടരമണിക്കൂറോളമെടുത്തു ഡബിൾ ഡെക്കറിൽ നിന്ന് മുകളിൽ എത്താൻ. രാവിലെ ഇറങ്ങി വരാൻ ഒരു മണിക്കൂറേ എടുത്തുള്ളൂ. ടെഡിയോട് വീണ്ടും കാണാമെന്ന ഉറപ്പിൽ ഗുഡ് ബൈ പറഞ്ഞു. എൻ്റെ ജീവിതത്തിലെ ഒരു അവിസ്മരണീയ അനുഭവമായിരുന്നു ഈ ദിവസം. ഇതുവരെ ചെയ്ത യാത്രകൾക്കിടയിൽ തികച്ചും വേറിട്ടു നിന്ന ഒരു ദിവസം
സമയം രണ്ടു മണിയായി. നല്ല വിശപ്പ്. അടുത്തു കണ്ട കടയിൽ കയറി ഒരു ഊണ് പറഞ്ഞു. ഖാസി രീതിയിലുള്ള ഊണും ഒപ്പം കറി വച്ച പോർക്കിന്റെ ഒരു പീസും. വിശപ്പ് അതിൻ്റെ പാരമ്യത്തിൽ എത്തിയതുകൊണ്ടാണോ എന്നറിയില്ല. ഭക്ഷണത്തിനു നല്ല രുചി തോന്നി.
തിരിച്ചു വരും വഴി ഇന്നലെ കാണാതെ പോയ സെവെൻ സിസ്റ്റേഴ്സ് ഫാൾസിൽ ഒന്ന് കൂടി ചെന്ന് നോക്കി. ഭാഗ്യം ഇന്ന് മഞ്ഞിൻറെ ചെറുകണം പോലുമില്ല. നെഞ്ചുവിരിച്ചു നിൽക്കുന്ന മലമടക്കുകളിലൂടെ ഒഴുകിയിറങ്ങുന്ന ഏഴു സഹോദരിമാരെ മനം നിറയെ കണ്ടു. സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം ഏകദേശം 100 മീറ്ററോളം വീതിയിൽ ഏഴു ശാഖകളായിട്ടാണ് താഴേക്കൊഴുകുന്നത്. കാണാതെ പോകേണ്ടി വരുമെന്ന് നിനച്ച ആ കാഴ്ച തികച്ചും ആശ്‌ചര്യപ്പെടുത്തുന്നതായിരുന്നു. അവിടെ വച്ച് ഒരു തമിഴ് പട്ടാളക്കാരനെ കണ്ടുമുട്ടി. അഭിനന്ദൻ വർദ്ധമാൻ സ്റ്റെയിലിൽ മീശ വച്ച ഒരു ആജാനുബാഹു. തന്റെ മേലുദ്യോഗസ്ഥരെ സ്ഥലം കാണിക്കാൻ കൊണ്ട് വന്നിരിക്കുകയാണ് അദ്ദേഹം. ചെറാപുഞ്ചിയിൽനിന്നു ഷില്ലോങ്ങിലേക്കുള്ള മടക്ക യാത്രയിൽ രാവിലത്തെ ട്രെക്കിങിന്റെ ക്ഷീണമൊക്കെ പമ്പ കടന്നിരുന്നു.
പോലീസ് ബസാർ
ഷില്ലോങ് നഗരത്തിൻറെ കേന്ദ്ര ഭാഗം എന്നൊക്കെ പറയാം പോലീസ് ബസാറിനെ. പോലീസ് ബസാറിന് ചുറ്റുമായിട്ടാണ് ഷില്ലോങ് നീണ്ടു നിവർന്നു കിടക്കുന്നത്. ഷില്ലോങ്ങിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമാണിത്. വളരെ തിരക്ക് പിടിച്ച പോലീസ് ബസാറിന്റെ നാല് ഭാഗത്തും ഒട്ടനവധി കടകളും, റെസ്റ്റോറന്റുകളും ഉണ്ട്. ഷില്ലോങിലെത്തുന്ന ടൂറിസ്റ്റുകൾ ഷോപ്പിംഗിനായി എത്തിച്ചേരുന്നത് ഇവിടെയാണ്. വാർഡ്‌സ് ലേക്കിൽ നിന്ന് നടന്നെത്താവുന്നിടം. പോലീസ് ബസാറിലെ ട്രാഫിക്ക് ബ്ലോക്ക് പേടിച്ചു ഞങ്ങൾ വണ്ടി വാർഡ്‌സ് ലേക്കിനടുത്താണ് പാർക്ക് ചെയ്തത്. അവിടെ നിന്നും നടന്നു ബസാറിലേക്ക് പോയി. ഷില്ലോങ് സെന്റർ പോയിന്റ് എന്ന് വലുതായി എഴുതി വച്ച ഒരു ബിൽഡിങ്ങാണ് പോലീസ് ബസാറിൽ നമ്മളുടെ കണ്ണിൽ ആദ്യമുടക്കുന്നത്. അതിനു മുൻപിൽ ഒരു വലിയ സർക്കിൾ ഉണ്ട്. ഈ സർക്കിളിനു ചുറ്റുമായിട്ടാണ് ബസാർ. ഏതുനേരത്തും ഇവിടെ നിന്ന് തിരിയാൻ സ്ഥലമില്ലത്തത്ര തിരക്കാണ്. മേഘാലയ ടൂറിസത്തിന്റെ ഓഫിസും ഇവിടെയാണുള്ളത്. ടൂറിസം പാക്കേജുകൾ ആവശ്യമുള്ളവർക്ക് ധൈര്യമായി കേറിച്ചെല്ലാം. വൺ ഡേ ട്രിപ്പുകൾ മുതൽ ദിവസങ്ങൾ നീളുന്ന പാക്കേജുകൾ വരെ ഇവിടെ ലഭ്യമാണ്. പകൽ വെറും വ്യാപാരകേന്ദ്രമായി നിലകൊള്ളുന്ന പോലീസ് ബസാർ നേരമിരുട്ടുമ്പോഴേക്കും മറ്റൊരു രൂപം കൈക്കൊള്ളുന്നു. സർക്കിളും അതിന്റെ ചുറ്റുഭാഗവും ഒരു ഫുഡ് സ്ട്രീറ്റ് ആയി മാറും. റോഡിൽ നിറയെ ബാർബിക്യൂ ഗ്രില്ലുകൾ നിറയും. ഉന്തുവണ്ടികളിൽ ന്യൂഡിൽസും, ഫ്രൈഡ് റൈസും കിടന്നു വേവും, ഒപ്പം പാനീപൂരിയും, ഭേൽപൂരിയും , വടാപാവും. ഒരു ശരാശരി മലയാളിയുടെ രസമുകുളങ്ങളെ ഉദ്ധീപിപ്പിക്കാൻ ഇതിൽപ്പരം എന്ത് വേണം. ചിക്കൻ ഫ്രൈയും , ഗ്രില്ലും ഓർഡർ ചെയ്തു. നമുക്കിഷ്ടമുള്ള പീസ് ചൂണ്ടിക്കാണിക്കാം. അവർ അത് ഉടൻതന്നെയെടുത്തു വേവിച്ചു തരും. സ്ട്രീറ്റ് ഫുഡ് ആയതിനാൽ വിലയും തുച്ഛമാണ്. അധികം മസാല ചേർക്കാത്ത ചിക്കന്. ഉപ്പും , കുരുമുളകും , സോസും ചേർത്താണ് കഴിക്കുന്നത്. നല്ല സ്വാദ്, നാട്ടിൽ കിട്ടുന്ന ഗ്രില്ലിൽ നിന്നും വ്യത്യസ്തവുമാണ്. 20 രൂപക്ക് ഒരു പ്ലേറ്റ് ന്യൂഡിൽസും വാങ്ങിച്ചു. ഒരുപാട് സ്വീറ്റ് ഷോപ്പുകളും ഇവിടെയുണ്ട്. ഏതായാലും ഒരു വരവും കൂടി വരേണ്ടി വരും. വയറു നിറഞ്ഞതിനാൽ തൽക്കാലം ഫുൾസ്റ്റോപ് ഇടുന്നു. ഇനി തിരിച്ചു ഗസ്റ്റ് ഹൌസിലേക്ക് .
- “ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിന്റെയും, ദൗക്കി നദിയുടെയും വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ ...Stay tuned”
Good. Keep writing...
ReplyDeleteSuper... Nice one...
ReplyDeleteThanks bro
Delete