Friday, January 21, 2022

കെട്ട്യോളോടൊപ്പം ഹംപിയിലേക്കൊരു ഡ്രൈവ് - Part 3

ഭാഗം-3  ഹംപിയിലെ കരിഞ്ഞുണങ്ങിയ ഒന്നാം ദിനം


        കരിമ്പനകൾക്കു മുകളിൽ നിന്നും യക്ഷിയിറങ്ങുന്ന രാത്രിയുടെ അന്ത്യയാമം. കാറ്റിൽ പാലപ്പൂവിന്റെ ഗന്ധം വാനിൽ പറക്കുന്ന നരിച്ചീറുകൾ, പൊന്തക്കാടുകളിൽ കുറുക്കന്റെ ഓരിയിടലുകൾ. എങ്ങും കൂറ്റാക്കൂരിരുട്ട്. വെളുത്ത വരകൾ അതിരിടുന്ന കറുത്ത റോഡിലൂടെ , ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ആ കാർ ഇരമ്പിക്കുതിച്ചു. അതിൽ രണ്ട് പേർ. വഴിയിലെ പടുകൂറ്റൻ മരങ്ങൾക്കുമുകളിലെ കൂമൻ കണ്ണുകൾ അവരെ  പിൻതുടരുന്നുണ്ടായിരുന്നു. "Hampi 25 KM" - നിലാവെളിച്ചത്തിൽ വഴിയരികിൽ കണ്ട ആ ബോർഡ് അവരെ ആവേശഭരിതരാക്കി. രണ്ട് പേരും പരസ്പരം നോക്കി മന്ദസ്മിതം തൂകി. കാറിൻറെ ചക്രങ്ങൾ പതിയെ നിശ്ചലമായി. എൻജിനിൽ നിന്നുയർന്ന ഹുങ്കാര ശബ്ദം നിലച്ചു. ബൂട്ട്സിട്ട രണ്ട് കാലുകൾ ഡോർ തുറന്നു നിലത്തിറക്കി. അയാൾ അടുത്തുള്ള കട ലക്ഷ്യമാക്കി നടന്നു. തനിക്കുനേരെ നടന്നടുക്കുന്നതാരെന്നറിയാൻ കടക്കാരൻ ഒന്നെത്തിനോക്കി നോക്കി. അയാളുടെ കണ്ണുകൾ പെട്ടന്ന് ഭയവിഹ്വലമായി. ശരീരത്തിൽ ഒരു വിറയൽ തോന്നിയോ എന്നയാൾ സംശയിച്ചു. ബൂട്സിട്ടയാൾ അപ്പോഴേക്കും കടയുടെ മുന്നിൽ എത്തിയിരുന്നു.

"ഡേയ് ഡേയ്, ഒന്ന് നിർത്തേടെ. ഇത് യാത്രാവിവരണം തന്നെയല്ലേ , അല്ലാതെ കോട്ടയം പുഷ്പരാജിന്റെ ഡിറ്റക്റ്റീവ് നോവൽ ഒന്നുമല്ലല്ലോ. മര്യാദക്കങ്ങു പറഞ്ഞാ മതി. ഇത്രക്ക് ഡെക്കറേഷനൊന്നും വേണ്ട"


“പോട്ട് പുല്ല്" , ഒരു ഓളത്തിൽ പറഞ്ഞു വന്നതായിരുന്നു. ആ ഫ്ലോയങ്ങു പോയി.”

അപ്പൊ പറഞ്ഞു വന്നത് ചിത്രദുർഗയിൽ നിന്നും ഹംപിയിലേക്കുള്ള ഞങ്ങളുടെ ഡ്രൈവിനെ കുറിച്ചാണ്. സമയം രാത്രിയായി. ഹംപി എക്സ്പ്രസ്സ് ഹൈവേയിലെ ടോൾ ബൂത്തിനടുത്തുള്ള  ആ കടക്കു മുന്നിൽ ഞങ്ങൾ വണ്ടി നിർത്തി. അവിടെ നിന്ന് ഒരു ചായയും, ബിസ്ക്കറ്റും കഴിച്ചു. ഒന്ന് മുഖം കഴുകി ക്ഷീണം മാറ്റി വീണ്ടും യാത്ര തുടർന്നു. ഇന്ന് ചിത്രദുർഗയിൽ താമസിച്ചു നാളെ രാവിലെ ഹംപിയിലേക്ക് പോകാം എന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. ചിത്രദുർഗയിൽ നിന്ന് ഹംപിയിലേക്ക് ഏകദേശം 150 കിലോമീറ്റർ ദൂരമുണ്ട്. അതിൽ ഹൊസ്‌പ്പേട്ട് വരെയുള്ള 135 കിലോമീറ്റർ എക്സ്പ്രസ്സ് വേയാണ്. പെട്ടന്ന് തന്നെ അങ്ങെത്തും. ഇന്ദുലേഖ സജസ്റ്റ് ചെയ്ത അമലാ പോളിനെപ്പോലെ ,  കെട്ട്യോളാണ് ഇന്ന് രാത്രി തന്നെ ഹംപിക്ക് വിട്ടാലോ എന്ന ഐഡിയ സജസ്റ്റ് ചെയ്തത്. അതാകുമ്പോ രാവിലെ നേരത്തെ എണീറ്റ് ഡ്രൈവ് ചെയ്തു പോകണ്ട. ഇന്ന് രാത്രി ഹംപിയിൽ കെടന്നുറങ്ങി, നാളെ റിലാക്സ്ഡായി സൈറ്റ് സീയിങ്ങിനിറങ്ങാം. അങ്ങനെ പോകും വഴി ഹംപിയിലെ താമസവും ബുക്ക് ചെയ്തു. ഹംപി സ്പ്രസ്സ് വേ ഒരു രക്ഷയും ഇല്ല. നൂറു -നൂറ്റമ്പതു കിലോമീറ്റർ രണ്ട് മണിക്കൂറിനുള്ളിൽ ശടേന്ന് പിന്നിട്ടു. ഒരു 80 -100 കിലോമീറ്ററിൽ സ്പീഡിൽ മണിക്കൂറുകളോളം ക്രൂയിസ് കൺട്രോളിട്ടു വണ്ടിയോടിക്കാൻ പറ്റിയത് ഇങ്ങിവിടെ കർണാടകയിൽ കേറിയതിനു ശേഷമാണ്. ഞാനും , കെട്ട്യോളും , ഒപ്പം അൾട്രോസും പെരുത്ത് ഹാപ്പി.



ഒരൊമ്പതു മണി ആകുമ്പോഴേക്കും ഞങ്ങൾ ഹംപിയിലെത്തി. ഹംപിയുടെ ഹൃദയ ഭാഗമായ വിരൂപാക്ഷ ക്ഷേത്രത്തിന്റെ തൊട്ടടുത്ത്, തുങ്കഭദ്രയുടെ തീരത്താണ് ശ്രീലക്ഷ്മി ഹെറിറ്റേജ് എന്ന ഞങ്ങളുടെ ഹോംസ്റ്റേയ്. ഹംപിക്കകത്തു ഹോട്ടലുകൾ കുറവാണ്. ഒട്ടുമിക്കതും തദ്ദേശീയരുടെ ഹോംസ്റ്റേയ്കളാണ്. ഹൊസ്സ്‌പേട്ടിൽ പോയാലാണ് പിന്നെയും ഹോട്ടലുകൾ കാണാൻ കിട്ടുന്നത്. നാട്ടിൽ നിന്നും വരുന്നവർക്ക് ഹൊസ്സ്‌പെട്ടാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കേരളത്തിൽ നിന്ന് ഇവിടേക്ക് ഡയറക്ട്  ട്രെയിൻ ഇല്ല എന്നാണറിവ്. ബാംഗ്ലൂർ അല്ലേൽ മൈസൂർ വന്നിട്ട് ഹോസ്‌പേട്ടിലേക്ക് ട്രെയിൻ കയറുന്നതാവും ഉചിതം. ഈ റൂട്ടുകളിൽ ഇഷ്ടം പോലെ ബസ്സുകളും ഓടുന്നുണ്ട്. ഞങ്ങളുടെ താമസ സ്ഥലം കണ്ട് പിടിക്കാൻ ഇച്ചിരി ബുദ്ധിമുട്ടി. ഇതും മറ്റൊരു ഹോട്ടൽ ബുക്കിങ് ദുരന്തമായി പരിണമിക്കുമോ എന്ന് സംശയിച്ചു. പക്ഷെ അൽപ്പം മുന്നോട്ടു പോയപ്പോൾ തന്നെ ഹോംസ്റ്റേയുടെ ഓണർ കിരൺ ഞങ്ങളെ കൈ കാണിച്ചു വിളിച്ചു.  വിരൂപാക്ഷ ക്ഷേത്രത്തിന്റെ തൊട്ടു പുറകിലാണീ സ്ഥലം. ഇവിടെ കുറച്ചേറെ ഹോം സ്റ്റേകൾ ഉണ്ട്. സ്ഥല പരിമിതി കാരണം വണ്ടി പാർക്ക് ചെയ്യാൻ ഇച്ചിരി ബുദ്ധിമുട്ടിയെങ്കിലും, കിരണിന്റെ ആതിഥേയത്വം വളരെ ഹൃദ്യമായിരുന്നു. നല്ല പെരുമാറ്റവും, സഹായമനസ്കതയും ഉള്ള ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. ഞങ്ങൾക്ക് നല്ല വിശപ്പുണ്ട്. പെട്ടന്ന് തന്നെ പോയി ഒരു കുളിയും പാസാക്കി ഞങ്ങൾ ഡിന്നർ കഴിക്കാനിറങ്ങി. ഇവിടുത്തെ ഹോം സ്റ്റേകളിൽ താഴെ താമസവും മുകളിൽ റെസ്റ്റോറന്റ് സൗകര്യവുമാണുള്ളത്. എന്നാൽ ഞങ്ങളുടെ ഹോം സ്റ്റേയിൽ ഭക്ഷണ സൗകര്യം ഇല്ലാതിരുന്നതിനാൽ. തൊട്ടടുത്ത തൻ്റെ സുഹൃത്തിന്റെ റെസ്റ്റോറന്റിലാണ് കിരൺ ഞങ്ങൾക്കുള്ള ഭക്ഷണം അറേഞ്ച് ചെയ്തു തന്നത്. ഒരു ചേട്ടനും , ഭാര്യയും നടത്തുന്നതാണത് അർച്ചന ഗസ്റ്റ് ഹൌസ് എന്ന ഈ ഹോം സ്റ്റേ ആൻഡ് റെസ്റ്റോറന്റ്. അവരുടെ വീടിന്റെ മുകൾ വശത്താണ് റെസ്റ്റോറന്റ്. ഒരു ചെറിയ സ്ഥലം മാസ്‌സിമം യൂട്ടിലൈസ് ചെയ്താണ് അവിടുത്തെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഞങ്ങൾ ഓർഡർ ചെയ്യുവാനായി മെനു എടുത്തു. അതിനകത്തില്ലാത്ത ഐറ്റംസ് ഇല്ല. സൗത്ത് ഇന്ത്യൻ , നോർത്ത് ഇന്ത്യൻ മുതൽ സ്പാനിഷ് , ഇറ്റാലിയൻ , എന്തിന് ഇസ്രായേലി ഫുഡ് വരെ ലഭ്യം. ഏതു ഐറ്റം പറഞ്ഞാലും ഒരു പത്തിരുപതു മിനിറ്റിൽ റെഡിയാക്കി തരും. കിച്ചണിൽ വേറെ സഹായികളൊന്നും ഇല്ല. ഫുഡ് ഉണ്ടാക്കുന്നതും , സെർവിങ്ങും എല്ലാം ഇവർ രണ്ടുപേർ ചേർന്നാണ് ചെയ്യുന്നത്. ഫുഡിനാണേൽ ഒടുക്കത്തെ ടേസ്റ്റും. എന്തായാലും ഹംപിയിലെ താമസവും , ഭക്ഷണവും ഞങ്ങൾക്ക് നന്നേ പിടിച്ചു. യാത്ര ക്ഷീണം നന്നായിട്ടുണ്ട്. ഫുഡും കഴിച്ചു വന്ന് നേരെ കിടക്കയിൽ കിടന്നതേ ഓർമ്മയുള്ളൂ. രാവിലെ അലാറം നീട്ടിക്കരയുന്നത് കേട്ടപ്പോഴാണ് ബോധം വീണത്. 



യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെട്ടിട്ടുള്ള ഹംപി, പതിനാലാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു. ഹംപിയിലെ പഴയ കാലത്തെ ഒരുപാട് നിർമ്മിതികൾ ഇന്ന് വീണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ നിർമ്മാണ വൈദഗ്ധ്യം നമ്മളെ ശരിക്കും അത്ഭുതപെടുത്തും. കൊട്ടാരങ്ങളും, വ്യാപാര ശാലകളും, അമ്പലങ്ങളും, വാണിജ്യ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള പഴയകാല നഗരത്തിന്റെ ശേഷിപ്പുകൾ ഏകദേശം ഇരുപതു കിലോമീറ്ററോളം വിസ്തൃതിയിൽ അതെ രീതിയിൽ തന്നെ ഇവിടെ നിലനിർത്തിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ പൗരാണിക നഗരമായിരുന്നു ഹംപി. അതുകൊണ്ട് തന്നെ വിദേശത്തുനിന്നടക്കം ഒട്ടനവധി പേർ ഇവിടെ കച്ചവടത്തിനും മറ്റുമായി എത്തിച്ചേർന്നിരുന്നു. ഹംപിയിലെ സമ്പത്തിൽ ആകൃഷ്ടരായ അലാവുദ്ധീൻ ഖിൽജിയടക്കമുള്ള ഡൽഹി സുൽത്താൻമ്മാർ പല കാലഘട്ടങ്ങളിലായി ഇവിടേക്ക് യുദ്ധം നയിച്ച് വന്നിരുന്നു. എന്നാൽ പരാജയം നുണഞ്ഞു തിരിച്ചു പോകേണ്ടി വരികയാണുണ്ടായത്. പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളിലായി ഹംപിയും , വിജയനഗര സാമ്രാജ്യവും കൂടുതൽ സമ്പത്സമൃദ്ധിയാര്ജിച്ചു. പ്രത്യേകിച്ചും കൃഷ്ണ ദേവരായാരുടെ കാലത്ത്. 1565 -ൽ ഡെക്കാൻ പീഠഭൂമിയിൽ സുൽത്താൻമ്മാരുടെ സഖ്യം വിജയനഗരിയെ ആക്രമിച്ചു. തലിക്കോട്ടയിൽ വച്ച് നടന്ന യുദ്ധട്ടത്തിൽ അന്നത്തെ വിജയനഗര സാമ്രാജ്യത്തിന്റെ അധിപനായ അലിയ രാമരായർ വധിക്കപ്പെട്ടു. വിജയനഗര സാമ്രാജ്യത്തിന്റെ പതനമായിരുന്നു ആ യുദ്ധം. തലസ്ഥാനമായ ഹംപി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കൊള്ളയടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ഉണ്ടായി. കൊട്ടാരങ്ങൾക്കും , കച്ചവട കേന്ദ്രങ്ങൾക്കും തീയിട്ടു. ഏകദേശം ആറു മാസത്തോളം ഹംപിയിൽ കൊള്ളയും , കൊള്ളിവയ്പ്പും തുടർന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരത്തിൽ നിന്നും , വെറും കെട്ടിടാവശിഷ്ടങ്ങൾ മാത്രമായി ആ ആറുമാസക്കാലയളവിൽ ഹംപി മാറി. 



താമസം വിരൂപാക്ഷ ക്ഷേത്രത്തിനു സമീപമായതിനാൽ, ഹംപി സന്ദർശനത്തിലെ ആദ്യ ഡെസ്റ്റിനേഷനായി മാറിയതും ഈ സ്ഥലം തന്നെയായിരുന്നു. ഹംപിയിലെ ഒട്ടുമിക്ക സ്ഥലങ്ങളും നടന്നോ , സൈക്കിളിലോ പോയി കാണാവുന്നതേ ഉള്ളൂ. പല സ്ഥലങ്ങളും കണക്ട് ചെയ്തു കണക്ട് ചെയ്തു കണ്ട് തീർക്കാം. ചിലയിടങ്ങളിൽ ഓട്ടോയോ , ബസ്സോ പിടിക്കേണ്ടി വരും. സ്വന്തം വാഹനം താമസ സ്ഥലത്തു പാർക്ക് ചെയ്തു പോകുന്നതാവും ഉചിതം. ഞങ്ങളുടെ ഹോംസ്റ്റേയിൽ പാർക്കിങ് സൗകര്യം പരിമിതമായതിനാൽ ഞാൻ രാവിലെ കാറെടുത്തു വിരൂപാക്ഷ ക്ഷേത്രത്തിന്റെ പാർക്കിങ് സ്പേസിൽ കൊണ്ടിടുകയാണ് ചെയ്തത്. ഒരു ഗൈഡ് ബുക്ക് വാങ്ങി കൈയിൽ വെക്കുന്നത് വളരെ നല്ലതാണു. അതിനകത്തു തന്നെ കാണേണ്ട സ്ഥലങ്ങളുടെ മാപ്പും ഉണ്ടാകും. അത് നോക്കി നോക്കിയങ്ങു നടന്നാൽ മതി. പിന്നെ ഗൈഡുമാരുടെ സേവനവും ലഭ്യമാണ്. അതല്ലെങ്കിൽ ഓട്ടോക്കാർക്ക് ഒരായിരം രൂപ കൊടുത്താൽ ഒരു ദിവസം മുഴുവൻ അവർ നമ്മുടെ കൂടെ നിന്ന് സ്ഥലങ്ങൾ കാണിച്ചു തരും. താല്പര്യമുള്ളതു പോലെ ചെയ്യാം. ഞങ്ങൾ സ്വയം നടന്നു കാണാനാണ് തീരുമാനിച്ചത്. വിരൂപാക്ഷ ക്ഷേത്രത്തിനു ചുറ്റും കച്ചവടക്കാരാണ്. ഗൈഡും , മാപ്പും ഇവരുടെ അടുത്തുനിന്നും കിട്ടും. പിന്നെ മറ്റനവധി കരകൗശല വസ്തുക്കളും, സുവനീറുകളും. പക്ഷെ എല്ലാത്തിനും ഒടുക്കത്തെ റേറ്റാണ് പറയുക. ഒന്ന് വിലപേശിയാൽ പറഞ്ഞ വിലയുടെ നാലിലൊന്നിന് സാധനം കിട്ടും. പിന്നെ നോക്കിയും കണ്ടുമൊക്കെ വിലപേശുക. ജീവിക്കാൻ വേണ്ടി കച്ചവടം ചെയ്യുന്നവരാണ്.  അവർക്കൊരു പത്തുരൂപ കൂടുതൽ കൊടുത്താലും നമുക്കൊന്നും നഷ്ടപെടാനില്ലല്ലോ.



വിരൂപാക്ഷ ടെംപിൾ

തുങ്കഭദ്ര നദിയുടെ തീരത്താണ് ഈ ക്ഷേത്രം. ഹംപിയുടെ ഹൃദയ ഭാഗം എന്ന് വേണമെങ്കിൽ പറയാം. പതിനൊന്നു നില ഉയരമുള്ള 165 അടി ഉയരവും, 150 അടി നീളവും , 120 അടി വീതിയും  ഉള്ള   ഒരു വലിയ ഗോപുരമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. പ്രധാന കവാടം കടന്നു മുന്നോട്ടു പോയാൽ കല്ല് വിരിച്ച വിശാലമായ മുറ്റമാണ്. ഈ മുറ്റത്തിനടിയിലെ കനാലിലൂടെ തുങ്കഭദ്ര നദി ഒഴുകുന്നുണ്ട്. കനാൽ കല്ലുവിരിച്ചു മൂടിയിരിക്കുകയാണ്. നടുമുറ്റം കടന്നു മുന്നോട്ടുപോയാൽ ഒരു വലിയ കൽ മണ്ഡപമുണ്ട്. കല്യാണ മണ്ഡപം , പൂജാ മണ്ഡപം എന്നൊക്കെയാണ് ഇതറിയപ്പെടുന്നു. അക്കാലത്തെ നിർമ്മാണ വൈദഗ്ധ്യം നമ്മെ അത്ഭുതപ്പെടുത്തും. വിരൂപാക്ഷ ക്ഷേത്രം നിർമ്മിച്ചത് ആരാണെന്നോ, എപ്പോഴാണെന്നോ എന്നുള്ള വിവരം ലഭ്യമല്ല. കൃഷ്ണ ദേവരായാരുടെ കാലത്തിനും മുൻപാണ് ഇത് നിർമ്മിച്ചിട്ടുള്ളത് എന്ന് മാത്രം അറിയാം. രണ്ട് മൂന്നു ചെറിയ ക്ഷേത്രങ്ങളും ഇതിനകത്തുണ്ട്. പ്രധാന ഗോപുരത്തെ കൂടാതെ മറ്റു രണ്ട് ചെറിയ ഗോപുരങ്ങൾ കൂടി ഇതിനകത്തുണ്ട്. വിരൂപാക്ഷ ടെംപിൾ മറ്റൊരു അത്ഭുതം കൂടി നമ്മെ കാത്തു വച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുറകുവശത്ത് കൂടി ഉള്ളിൽ കയറുമ്പോൾ സമീപത്തായി ഒരു ചെറിയ മുറിയുണ്ട്. ഈ മുറിയുടെ കിഴക്കുഭാഗത്ത് ഒരു ചെറിയ ദ്വാരമുണ്ട്. ആ ദ്വാരത്തിൽ കൂടി വരുന്ന വെളിച്ചം, മുറിയിലെ ചുമരിൽ ക്ഷേത്ര ഗോപുരത്തിന്റെ ഒരു തലകീഴായ രൂപം പ്രോജക്ട് ചെയ്യുന്നു. ഒരു ലെൻസ് പോലെ. എന്താല്ലേ ..! പഴയ കാലത്തേ മനുഷ്യന്റെ സാങ്കേതിക ജ്ഞാനം 


ഹേമകുടാ ടെംപിൾ കോംപാക്സ്



വിരൂപാക്ഷ ക്ഷേത്രത്തിൽ നിന്നിറങ്ങി വലത്തോട്ടുപോയാൽ നമ്മൾ ചെന്നെത്തുന്നത് ഹേമകുട കുന്നിലേക്കാണ്. പാറ കൊണ്ട് നിറഞ്ഞ ചെറിയൊരു കുന്നാണ് ഹേമകുട. കുന്നിൻപുറത്തു നല്ല വെയിലുണ്ട്. തണലിനായി കാര്യമായിട്ട് ഒന്നും തന്നെയില്ല. കുന്നിൽ അവിടെയിവിടെയായി പടുകൂറ്റൻ ഉരുളൻ പാറക്കല്ലുകൾ ഉണ്ട്.  ഇപ്പൊ താഴേക്ക് ഉരുണ്ടിറങ്ങും എന്നപോലെ നിൽക്കുന്ന അതിന്റെ തണലാണ് ഒരു ചെറിയ ആശ്വാസം. പത്തു മുപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ ഈ കുന്നിൽ അങ്ങിങ്ങായിട്ടുണ്ട്. ഒട്ടുമിക്കതും ശിവനെ ആരാധിക്കുന്നവയാണ്. പുരാണങ്ങളിൽ പറയുന്നതു പ്രകാരം ശിവൻ തപസ്സാനുഷ്ഠിച്ച സ്ഥലമാണത്രെ ഇത്. ശിവൻ കാമനെ തൃക്കണ്ണ് തുറന്നു ഭസ്മമാക്കി കളഞ്ഞതും ഇവിടെ വച്ചാണത്രെ. ശിവ - പാർവതി വിവാഹ സുദിനത്തിൽ സ്വർഗത്തിൽ നിന്ന് ഹേമകുടയിൽ സ്വർണം പെയ്‌തത്രേ. ഹേമ എന്നാൽ സ്വർണം എന്നാണർത്ഥം. വെയിൽ കനത്തപ്പോൾ ഞങ്ങൾ പാറക്കൂട്ടങ്ങൾക്ക് പുറകിൽ അഭയം കണ്ടെത്തി. ഹേമകുടയിൽ വച്ച് ഞങ്ങൾ കുറച്ചു മലയാളി പയ്യൻമ്മാരെ കണ്ട് മുട്ടി. മലപ്പുറത്ത് നിന്നുള്ള കുറച്ചു കോളേജ് സ്റ്റുഡന്റ്സ്. അല്ലേലും എവിടെപ്പോയാലും മലപ്പുറത്തുകാരെ കാണാൻ കിട്ടാറുണ്ട്. നല്ല ട്രിപ്പൻമ്മാരാണ് അന്നാട്ടുകാർ എന്നാണ് എന്റെ ഒരനുഭവം. ആനന്ദം സിനിമ ഇറങ്ങിയതിനു ശേഷമാണു കേരളത്തിൽ നിന്നും ഹംപിയിലേക്ക് സഞ്ചാരികളുടെ ഒരു കുത്തൊഴുക്ക് ഉണ്ടായതെന്നാണ് താഴെ കണ്ട ഒരു മേപ്പ് വിൽപ്പനക്കാരൻ പയ്യൻ പറഞ്ഞത്. ഹേമകുട കുന്നിൻ്റെ മുകളിൽ ചെന്നാൽ വിരൂപാക്ഷ ക്ഷേത്രം ഉൾപ്പെടുന്ന ഹംപിയുടെ ഒരു പനോരാമിക് വ്യൂ നമുക്ക് ലഭിക്കും. ഹംപിയിലെ പ്രധാന സൺസെറ്റ് പോയിന്റും ഇതാണ്. അപ്പൊ വൈകുന്നേരം ഒരു വരവുകൂടി വരേണ്ടി വരും. ഹേമകുടയിലെ മറ്റു പ്രധാന ക്ഷേത്രങ്ങളാണ് ബദാവി ലിംഗ ടെംപിൾ , ഉഗ്രനരസിംഹ ടെംപിൾ, കൃഷ്ണ ടെംപിൾ, വീരഭദ്ര ടെംപിൾ എന്നിവ. എല്ലാം വാസ്തുവിദ്യയിൽ  അതി മനോഹരങ്ങളാണ്.  ഓരോ ഭാഗത്തിന്റെയും ഡീറ്റെയിലിങ് അത്രക്ക് അത്ഭുതപ്പെടുത്തത്തക്ക വിധമുള്ളതാണ്. ബദാവി ലിംഗ ടെംപിളിൽ ഒരു ശിവലിംഗമാണുള്ളത്. അതിനടിയിലൂടെ ഒരു കനാൽ കടന്നുപോകുന്നതിനാൽ, ശിവലിംഗം എപ്പോഴും വെള്ളത്തിൽ മുങ്ങിയാണിരിക്കുന്നതു. ഉഗ്രനരസിംഹം ഹംപിയിലെ ഏറ്റവും വലിയ വിഗ്രഹമാണ്.  ഇത് കൂടാതെ പ്രധാനമായും രണ്ട് ഗണപതി ക്ഷേത്രങ്ങളും ഉണ്ട്. കടലെകാലു (Bengalgram) ഗണപതിയും, ശശിവേകാലു (Mustard seed) ഗണപതിയും. ഇവിടുത്തെ ഗണപതി വിഗ്രഹങ്ങളുടെ വയർ കടലയുടെയും, കടുകിന്റെയും ആകൃതിയിൽ ആയതിനാലാണ് ഇപ്പേരുകൾ വന്നത്.


സമയം ഉച്ചയായി,  വെയിലിന്റെ കാഠിന്യം കൂടിക്കൂടി വരുന്നു. ഞങ്ങൾ രണ്ടുപേരും വെയിലുകൊണ്ട് നടന്നു ക്ഷീണിച്ചു. ഇനി ബാക്കി ഉച്ചഭക്ഷണം കഴിഞ്ഞിട്ടാവാം. റൂമിൽ പോയി ഫ്രഷായി. അർച്ചന ഗസ്റ് ഹൌസിൽ പോയി നല്ല ഊണ് കഴിച്ചു. ഹംപി ഒരു വെജിറ്റേറിയൻ പട്ടണമാണ്. ഇവിടെ നോൺ -വെജ് ഒന്നും തന്നെ ലഭ്യമല്ല. മുൻപ് ഹിപ്പി ഐലൻഡിൽ  കിട്ടുമായിരുന്നു. എന്തിനു കള്ളും , കഞ്ചാവും വരെ ഉണ്ടായിരുന്നത്രെ. വിദേശികളൊക്കെ കൂടുതൽ പോയിരുന്നത് അങ്ങോട്ടായിരുന്നു. ഒരുപാട് റിസോർട്ടുകളും ഹിപ്പി ഐലൻഡിൽ ഉണ്ടായിരുന്നു. ഫോറെസ്റ്റ് ഏരിയയിലെ അനധികൃത കയ്യേറ്റത്തിന്റെ പേരിൽ ഇപ്പോൾ ഐലൻഡ് മുഴുവനായും ഒഴിപ്പിച്ചു. ഇപ്പോൾ അങ്ങോട്ട് പബ്ലിക്കിന് എൻട്രി ഇല്ല. ഉച്ചഭക്ഷണം കഴിച്ചു ഒരൽപം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ അടുത്ത റൗണ്ട്സിനിറങ്ങി.


ഹംപി ബസാർ

വിരൂപാക്ഷ ക്ഷേത്രത്തിന്റെ നേരെ മുൻഭാഗത്തായാണ് പണ്ടത്തെ ഹംപി ബസാർ സ്ഥിതി ചെയ്യുന്നത്. ഞാൻ നേരത്തെ പറഞ്ഞപോലെ ഒരു കാലത്തു ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു ഹംപി. വിദേശത്തു നിന്നുപോലും ആളുകൾ കച്ചവടത്തിനായി ഈ ഹംപി ബസാറിൽ എത്തിയിരുന്നു. ആട് , പശു , കുതിര മുതൽ സിൽക്ക്,  സ്വർണം , രത്നങ്ങൾ വരെ ഒരുകാലത്തു കച്ചവടം നടത്തിയിരുന്നതിവിടെയായിരുന്നു. വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിൽ ഏകദേശം ഒരു കിലോമീറ്ററോളം നീളത്തിൽ ഇരുവശങ്ങളിലായിട്ടാണ് ഹംപി ബസാർ സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ഇതിന്റെ ഒരറ്റത്താണ് ഹംപി പോലീസ് സ്റ്റേഷൻ.


ഹംപി ബസാറിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞാൽ നേരെ ചെന്നെത്തുന്നത് തുങ്കഭദ്രയുടെ തീരത്തേക്കാണ്. ഇനി അടുത്ത ലക്ഷ്യം വിജയ വിട്ടല ക്ഷേത്രമാണ്. ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരമുണ്ട് അങ്ങോട്ടേക്ക്. വെയിൽ കുറച്ച് കുറഞ്ഞിട്ടുണ്ട്. തുങ്കഭദ്രയുടെ തീരത്തിലൂടെ നടന്നങ്ങു പോകാം. പോകും വഴി കുറച്ചു സ്ഥലങ്ങളും കൂടി സന്ദർശിക്കാറുണ്ട്.


എദ്ദുരു ബസവന്ന

വിജയ വിട്ടല ക്ഷേത്രത്തിലേക്കുള്ള വഴിയിലെ ആദ്യ പ്രധാന ആകർഷണം എദ്ദുരു ബസവന്ന എന്ന നന്ദി വിഗ്രഹമാണ്. ഇത് വിരൂപാക്ഷ ക്ഷേത്രത്തിലെ ശിവ വിഗ്രഹത്തിന് അഭിമുഖമായാണിരിക്കുന്നത് 


കോതണ്ഡരാമ ടെംപിൾ

തുങ്കഭദ്രയിൽ നദിയിൽ നിന്നും 60 - 70 അടി ഉയരത്തിലാണ് ഈ ക്ഷേത്രം. മഴക്കാലത്ത് നദി കരകവിയുമ്പോൾ ഇവിടെ വെള്ളം കയറും. കയറിയ വെള്ളം തിരിച്ചിറങ്ങുന്ന ഭാഗത്തായി ഒരു ചുഴി രൂപപ്പെടും , അതിനെ ചക്ര തീർത്ഥം എന്നാണ് വിളിക്കുന്നത്  


യന്ത്രോദ്ധാരക ഹനുമാൻ 

കോതണ്ഡരാമ ക്ഷേത്രത്തിനു പുറകിലാണിത്. കൃഷ്ണ ദേവരായാരുടെ കാലത്തു സ്ഥാപിച്ച ഹനുമാൻ വിഗ്രഹമാണ് ഇവിടുത്തെ ആകർഷണം


അച്യുതരായ ക്ഷേത്രം 


കോതണ്ഡരാമ ക്ഷേത്രത്തിനടുത്തായി ഒരു പൊളിഞ്ഞ അമ്പലവും, ഗോപുരവും കാണാം. അതാണ് അച്യുതരായ ടെംപിൾ. ഇതിന്റെ മുന്നിലായി ഇരുഭാഗങ്ങളിലും രണ്ടു നിര മണ്ഡപങ്ങളുണ്ട്. പഴയ കാലത്ത്  'സുലെ ബസാർ' എന്നറിയപ്പെട്ടിരുന്ന ഇവിടെയായിരുന്നു രത്നങ്ങളുടെയും, വിശിഷ്ടങ്ങളായ കല്ലുകളുടെയും വ്യാപാരം  നടന്നിരുന്നത്. കൃഷ്ണദേവരായാരുടെ സഹോദരൻ അച്യുതരായരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. 1513 തുടങ്ങിയ നിർമ്മാണം അവസാനിച്ചത് 1539 ലാണ്. ഒറ്റക്കല്ലിൽ നിർമ്മിച്ച ഇരട്ട തൂണുകൾ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.


ഓൾഡ് സ്റ്റോൺ ബ്രിഡ്ജ് 

പതിനാലാം നൂറ്റാണ്ടിൽ കംപഭൂപൻ പണി കഴിപ്പിച്ചതാണീ കൽപ്പാലം. തുങ്കഭദ്രയുടെ വടക്കൻ തീരത്തെ ഹംപിയുമായി ബന്ധിപ്പിക്കാൻ നിർമ്മിച്ചതായിരുന്നു ഈ പാലം. എന്നാൽ പിന്നീട് പാലത്തിന്റെ പല ഭാഗങ്ങളും തകർന്നു വീഴുകയും, നശിച്ചു പോകുകയുമാണുണ്ടായത്. എന്തായാലും പരിമിതമായ സാങ്കേതിക വിദ്യയിൽ ഇത്തരമൊരു പാലം നിർമ്മിച്ച അക്കാലത്തുള്ളവരെ നമിക്കാതെ വയ്യ.


പുരന്ദരദാസ മണ്ഡപം 

പഴയ കാൽപ്പാലത്തിനു സമീപത്തായി ഉള്ള ഉയരം കുറഞ്ഞ മണ്ഡപമാണിത്. ഭക്തി മാർഗത്തിന്റെ പ്രയോക്താവും, കന്നഡ കവിയുമായിരുന്ന പുരന്ദരദാസർ 1540-കളിൽ ഇവിടെ വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഈ മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുണ്ട്. നിരവധി തൂണുകളുള്ള ഈ മണ്ഡപം മുഴുവനായും മഴക്കാലത്ത് വെള്ളത്തിൽ മൂടുന്നു. എങ്കിൽപ്പോലും മണ്ഡപത്തിനു ഇതുവരെ തകർച്ചയൊന്നും സംഭവിച്ചിട്ടില്ല. നമ്മുടെ നാട്ടിലെ PWD ക്കാരെയൊക്കെ ഇതൊക്കെ കൊണ്ട് പോയി കാണിക്കണം എന്നാണ് എന്റെയൊരു ഇത്.


അരസര തുലാഭാര



പുരന്ദരദാസരാ മണ്ഡപത്തിന്റെ കിഴക്കു ഭാഗത്തായി അതിഥി ചെയ്യുന്നു. കുത്തനെയുള്ള രണ്ടു വലിയ കൽത്തൂണുകളും, അതിനെ കുറുകെയുള്ള മറ്റൊരു തൂണും ചേർന്നുണ്ടാക്കിയ വലിയൊരു നിർമ്മിതി. ദസറയുടെയും, മഹാ നവമിയുടെയും സമയത്തു രാജാക്കൻമാർ തുലാഭാരം നടത്താനായി ഉണ്ടാക്കിയതാണിതെന്നു പറയപ്പെടുന്നു. രത്നങ്ങളും , വജ്രങ്ങളുമാണ് തുലാഭാരത്തിനു ഉപയോഗിക്കുക. ഇവ പിന്നീട് പാവങ്ങൾക്ക് ധാനം ചെയ്യും.




വിജയ വിട്ടല ടെംപിൾ 

ഉച്ചക്കത്തെ പ്രധാന ലക്ഷ്യമായിരുന്നു വിട്ടല ക്ഷേത്രം. അങ്ങനെ നടന്നു നടന്നു ഇങ്ങെത്തിയിരിക്കുന്നു. ഇത്രയും ദൂരം നടന്നു , ഇടക്കുള്ള സ്ഥലങ്ങളൊക്കെ കണ്ടിവിടെയെത്താൻ ഏകദേശം രണ്ടു മണിക്കൂറോളമെടുത്തു. പതിനാലാം നൂറ്റാണ്ടിൽ ദേവരായ രണ്ടാമനാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. പിന്നീട് കൃഷ്ണദേവരായർ ഇതിനെ ഇന്ന് കാണുന്ന രൂപത്തിലാക്കിയെടുത്തു. ഈ ക്ഷേത്രത്തിൽ ഏകദേശം അൻപതോളം തൂണുകളുണ്ട്. അതിൽ പത്തോളം തൂണുകൾ മ്യൂസിക്കൽ പില്ലെർസ്   എന്നറിയപ്പെടുന്നു. ഇതിനു സപ്തസ്വരങ്ങൾക്കു സമാനമായ ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കും. വിജയ വിട്ടല ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് ലോകപ്രശസ്തമായ കൽരഥം. ഇന്ത്യൻ കറൻസി നോട്ടുകളിൽ പ്രിന്റ് ചെയ്ത് നമ്മൾ കണ്ടിട്ടുള്ള ആ രഥം തന്നെ. വിജയ വിട്ടല ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ തന്നെയാണിതും സ്ഥിതി ചെയുന്നത്. കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിൽ നിന്നും പ്രചോദനമുൻകൊണ്ടാണ് വിജയനഗര രാജാക്കൻമാർ ഹംപിയിൽ ഇത്തരത്തിലൊന്നു സ്ഥാപിച്ചത്. ഒറ്റക്കല്ലിൽ തീർത്തതാണിതെന്നതാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. പട്ടാളക്കാരുടെയും, വേട്ടക്കാരുടെയും, കുതിര സവാരിക്കാരുടെയും, അറബ് , പേർഷ്യൻ, പോർട്ടുഗീസ് വംശജരുടെയുമെല്ലാം രൂപങ്ങൾ ഇതിൽ കൊത്തിയിട്ടിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ അടയാളമെന്നോണം.


സമയം ഏകദേശം വൈകുന്നേരമാകാറായി. ഇനി നേരെ ഹേമകുടയിലെ സൺസെറ്റ് പോയിന്റിൽ പോയി സൂര്യാസ്തമയം കാണണം. ഇത്രയും ദൂരം ഇനി തിരിച്ചു നടന്നാൽ സമയമേറെ വൈകും. വല്ല ബസ്സിലോ,  ഓട്ടോയിലോ കേറി തിരിച്ചുപോകാമെന്നു വിചാരിക്കുന്നു. വിട്ടല ക്ഷേത്രത്തിൽ നിന്ന് അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് ഇലക്ട്രിക് കാർട്ടുകൾ ലഭ്യമാണ്. ഇരുപതുരൂപയാണ് ചാർജ്. അവിടെനിന്നും ഒരു ഓട്ടോ പിടിച്ചു നേരെ ഹേമകുടയിലേക്ക്. ഓട്ടോ ഡ്രൈവർ ആളൊരു രസികനാണ്. പുള്ളി ഹംപിയെക്കുറിച്ചു കൊറേ കാര്യങ്ങൾ പറഞ്ഞു തന്നു. അങ്ങനെ അയാളോടുള്ള സംസാരത്തിൽ നാളെ കാണേണ്ട സ്ഥങ്ങളെക്കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടാക്കാൻ സാധിച്ചു. ഹേമകുടയിൽ എത്തുമ്പോഴേക്കും സൂര്യാസ്തമയത്തിനു ഇനിയുമേറെ സമയമുണ്ടായിരുന്നു. ആ ഒരു സമയത്താണ് ഞങ്ങൾ വീരഭദ്ര ക്ഷേത്രവും, ഉഗ്ര നരസിംഹ ക്ഷേത്രവും, ബദാവി ലിംഗവും, കൃഷ്ണ ക്ഷേത്രവും കണ്ട് വന്നത്. അതും കഴിഞ്ഞു നേരെ സൺസെറ്റ് പോയിന്റിലേക്ക്. കൊറേ നേരം അവിടെ ഇരുന്നു. അപ്പോഴേക്കും സെക്യൂരിറ്റി വിസിലും ഊതിക്കൊണ്ടു വന്നു. സന്ദര്ശകര്ക്കുള്ള സമയം കഴിഞ്ഞത്രേ. ഹംപിയിൽ സൺസെറ്റ് കാണാൻ ഏറ്റവും നല്ല സ്പോട്ട് മങ്കി ടെംപിൾ ആണ്‌. എന്നാൽ സമയത്തിന്റെ കുറവുകാരണം ഞങ്ങൾക്കവിടെ പോകാൻ സാധിച്ചില്ല. ഹേമകുടയോട് ടാറ്റാ പറഞ്ഞു ഞങ്ങൾ കുന്നിറങ്ങി. താഴെ വീരുപാക്ഷ ക്ഷേത്രവും പരിസരവും മങ്ങിയ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന കാഴ്ച മനോഹരമായിരുന്നു. ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥനയുടെയും, മണിയടിയുടെയും ശബ്ദം ഉയർന്നു പൊങ്ങുന്നു. താഴെ ഇറങ്ങിയപ്പോൾ പഴയ ആ മലപ്പുറം പിള്ളേരെ കണ്ടു. ഹേമകുടയിൽ ടെന്റടിക്കാൻ അവരെ സെക്യൂരിറ്റി സമ്മതിച്ചില്ലത്രെ, അതിനാൽ റൂമും തപ്പി നടക്കുകയാണവർ. അവരോട് ബൈ പറഞ്ഞു ഞങ്ങൾ റൂമിലേക്കെത്തി. ഒരു കുളിയും പാസാക്കി. ഫുഡ് കഴിക്കാൻ പോയി. പതിവുപോലെ തന്നെ അർച്ചന ഗസ്റ്റ് ഹൌസിലെ ഭക്ഷണം അതി ഗംഭീരം. അതുവരെ കഴിക്കാത്ത പല ഐറ്റംസും ഞങ്ങൾ അവിടെ പരീക്ഷിച്ചു. ഭക്ഷണം കഴിച്ചു തിരിച്ചെത്തിയപ്പോഴാണ് കാറിൻ്റെ കാര്യം ഓർത്തത്. അത് വിരൂപാക്ഷ ക്ഷേത്രത്തിന്റെ പാർക്കിങ് സ്പേസിൽ കിടക്കുകയാണ്. അവിടെ രാത്രി ഇടുന്നത് സുരക്ഷിതമാണോ എന്നറിയില്ല. കിരണിനോട് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു വണ്ടി അവിടെ സേഫ് ആയിരിക്കുമെന്ന്. പിന്നെ എന്റെ പേടി കണ്ടപ്പോൾ പുള്ളി ബൈക്കുമെടുത്തുവന്നു എന്നെ കാറിന്റെ  അടുത്തു കൊണ്ടുപോയി. അതും പോരാഞ്ഞിട്ട് വണ്ടിയെടുത്തു ക്ഷേത്രം സുരക്ഷാ ജീവനക്കാർ നിൽക്കുന്നതിന്റെ മുന്നിൽ തന്നെ പാർക്ക് ചെയ്തു. ഇനി പേടിക്കേണ്ട, ഇവിടുന്നാരും വണ്ടി എടുത്തുകൊണ്ടു പോകില്ല എന്ന്  പറഞ്ഞു എനിക്ക് ധൈര്യം പകർന്നു. ഇന്ന് നന്നായി വെയിലുകൊണ്ട്  നടന്നതിനാൽ നല്ല ക്ഷീണം ഉണ്ടായിരുന്നു. ദേഹമാകെ നന്നായി കരിഞ്ഞുണങ്ങിയിട്ടുണ്ട്. നാളെ  രാവിലെ എണീറ്റ് മാതംഗ ഹിൽസിൽ സൂര്യോദയം പോകാനുള്ളതാണ്. നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു. അപ്പൊ ബാക്കി വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.


- തുടരും -


Saturday, December 18, 2021

കെട്ട്യോളോടൊപ്പം ഹംപിയിലേക്കൊരു ഡ്രൈവ് Part-2

Chitradura Fort

ഭാഗം-2  ചിത്രദുർഗ


ഒരു കഥ സൊല്ലട്ടുമാ സാർ .? 


ഹൈദർ അലിയുടെ പടയോട്ട കാലത്ത് ഒബാവ  എന്ന ധീര വനിത നടത്തിയ വീരോജ്വലമായ ചെറുത്തു നിൽപ്പിന്റെ കഥ. പതിനെട്ടാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ചിത്രദുർഗയിലെ ഭരണാധികാരി കൂറ് മാറിയതിന് പകരം ചോദിക്കാൻ ഹൈദരലിയും കൂട്ടരും പല തവണ ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടു. എത്ര ശ്രമിച്ചിട്ടും അവർക്ക് ചിത്രദുർഗയിലെ കോട്ട പിടിച്ചടക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ചാരന്മാരിൽ നിന്ന് ഒരു രഹസ്യ വിവരം ഹൈദരാലിയുടെ സൈന്യത്തിന് ലഭിച്ചു. ചിത്രദുർഗ കോട്ടയുടെ ചുമരിൽ ഒരു രഹസ്യ ദ്വാരമുണ്ട്. ഏകദേശം ഒരാൾക്ക് കഷ്ട്ടിച്ചു കടന്നുപോകാൻ പാകത്തിൽ. ഇത് മാത്രവുമല്ല ഇവിടുത്തെ കാവൽക്കാരൻ എന്നും ഉച്ചക്ക് ഭക്ഷണം കഴിക്കാനായി കുറച്ചു നേരം ഇവിടെ നിന്ന് മാറി നിൽക്കാറുമുണ്ട്. ഇത് കേട്ട പാതി , കേൾക്കാത്ത പാതി ഹൈദരാലിയുടെ സൈന്യം ചിത്രദുർഗ ലക്ഷ്യമാക്കി നീങ്ങി. കാവൽക്കാരൻ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിൽ പോയ തക്കം നോക്കി അവർ ഓരോരുത്തരായി ചുമരിലെ ദ്വാരം വഴി ഉള്ളിലേക്ക് കയറാനായി തയ്യാറായി നിന്നു. ഈ സമയത്താണ് കാവൽക്കാരൻ്റെ ഭാര്യയായ, നമ്മുടെ ഒബാവ   വീട്ടിലേക്ക് വെള്ളമെടുക്കാനായി അത് വഴി വന്നത്. പുറത്തു നിന്നും എന്തോ ശബ്ദം കേട്ട അവർ അവിടെ കാത്തു നിന്നു. അൽപ്പനേരം കഴിഞ്ഞപ്പോൾ ദേ ഒരാൾ ചുമരിലെ ദ്വാരം വഴി ഉള്ളിലേക്ക് നുഴഞ്ഞു കയറുന്നു. ഒബാവക്ക് കാര്യം പിടി കിട്ടി. ശത്രുക്കൾ കോട്ട അക്രമിക്കനുള്ള ശ്രമത്തിലാണ്. ഒബാവ ഒന്നും ആലോചിച്ചില്ല. അടുത്തു കിടന്ന ഒരു ഉലക്കയെടുത്തു അയാൾക്ക്‌നേരെ ആഞ്ഞു വീശി. അടി കൊണ്ട് മരിച്ചു വീണ ശത്രുവിനെ ഒബാവ വലിച്ചിഴച്ചു ദൂരേക്ക് മാറ്റിയിട്ടു. ഇതൊന്നുമറിയാതെ ഉള്ളിൽ കേറാൻ ശ്രമിച്ച അടുത്ത ആളെയും ഒബാവ ഉലക്കകൊണ്ട് അടിച്ചു വീഴ്ത്തി. ഊണ് കഴിച്ചു തിരിച്ചെത്തിയ ഒബാവയുടെ ഭർത്താവ് കണ്ടത് മരിച്ചു കിടക്കുന്ന അനേകം ശത്രു സൈനികരെയും , അടുത്തായി രക്തത്തിൽ കുളിച്ച ഉലക്കയുമായി നിൽക്കുന്ന ഒബാവയെയും ആണ്. അയാൾ ഉടൻ തന്നെ അപായ മാണി മുഴക്കി കൂടുതൽ കാവൽക്കാരെ വിളിച്ചു വരുത്തി ഹൈദരാലിയുടെ മുഴുവൻ സൈന്യത്തെയും തുരത്തി ഓടിച്ചു. അങ്ങനെ മനഃസാന്നിധ്യം കൊണ്ട് കോട്ടയെ രക്ഷിച്ച ഒബാവ ചിത്രദുർഗയിൽ ഒരു ധീര വനിതയായി അറിയപ്പെട്ടു. വര്ഷങ്ങളായി ഈ കഥ ഇന്നാട്ടുകാരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒബാവ ശത്രുസൈന്യത്തെ വക വരുത്തിയ ആ ചെറിയ ദ്വാരം ഇന്ന്  'ഒണകെ ഒബാവ കിണ്ടി' എന്നറിയപ്പെടുന്നു. 'ഒണകെ' എന്നാൽ ഉലക്ക എന്നാണർത്ഥം. 'കിണ്ടി' എന്നാൽ ദ്വാരമെന്നും. എന്നാൽ ഈ കഥയിലെ ദുഖകരമായ കാര്യമെന്തെന്നാൽ, ഒബാവ അന്ന് തന്നെ മരിച്ചു എന്നതാണ്. ഉള്ളിൽ കയറിയ ഏതോ ഒരു സൈനികൻ ഒബാവയെ കൊലപ്പെടുത്തി എന്നും , അതല്ല ഇത്രയും പേരെ കൊന്നതിന്റെ ആഘാതം ഒബാവയുടെ ജീവനെടുത്തു എന്നൊക്കെയാണ് പ്രചാരത്തിലുള്ള കഥകൾ.


Chitradurga Fort
അപ്പോൾ ഇത്രയും പറഞ്ഞു വന്നതെന്തെന്നാൽ, ഇന്ന് നമ്മൾ പോകുന്നത് ഇപ്പറഞ്ഞ ചിത്രദുർഗ കോട്ട സന്ദർശിക്കാനാണ്. ഇപ്പോൾ ഞങ്ങൾ മൈസൂരാണുള്ളത്. സമയം രാവിലെ ആറുമണി കഴിഞ്ഞു. മൈസൂരിൽ നിന്നും ചിത്രദുർഗയിലേക്ക് ഏകദേശം മുന്നൂറ് കിലോമീറ്ററോളം ഉണ്ട്. അതുകൊണ്ട് നേരത്തെ തന്നെ ഹോട്ടൽ വെക്കേറ്റ് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി. ആദ്യത്തെ പത്തിരുപത്തഞ്ചു കിലോമീറ്റർ റോഡ് വളരെ മോശമായിരുന്നു. കെട്ട്യോൾ സൈഡ് സീറ്റിൽ ഗൂഗിൾ മാപ്പൊക്കെ നോക്കി നാവിഗേറ്റർ ആയി ഇരിക്കുന്നുണ്ട്. പിന്നീടങ്ങോട്ട് തുംകൂർ വരെ അത്യാവശ്യം മോശമല്ലാത്ത റോഡായിരുന്നു. പക്ഷെ ഇടക്കിടെ വരുന്ന ചെറു പട്ടണങ്ങളിൽ നല്ല തിരക്കുണ്ട്, ഇതിനിടയിൽ ഒമ്പതുമണിയോടെ ബ്രേക്ഫാസ്റ് കഴിച്ചു. തുംകൂർ നിന്ന് നേരെ നേരെ ബാംഗ്ലൂർ - പൂനെ AH47 ഹൈവെയിലേക്ക്. അതൊരൊന്നൊന്നര യാത്രയായിരുന്നു. ആറുവരിയിൽ നീണ്ടു കിടക്കുന്ന ഒരു കിടിലോസ്‌കി ഹൈവേ. ആദ്യമായിട്ടാണ് എൻ്റെ അൾട്രോസിൽ മണിക്കൂറുകളോളം ക്രൂയിസ് കൺട്രോൾ ഓണായി കിടന്നതു. മൈൽക്കുറ്റികൾ പുറകിലേക്ക് മറയുന്നത് അറിയുന്നേ ഇല്ല. ട്രാഫിക്കും നന്നേ കുറവ്. നമ്മുടെ നാട്ടിലൊക്കെ എന്നാണാവോ ഇമ്മാതിരി റോഡൊക്കെ വരുന്നത്. കേരളത്തിൽ റോഡുണ്ടാക്കിയാൽ കൊല്ലമൊന്ന് തികയും മുൻപേ അതിൽ ഗട്ടറു വീഴും. ഇനിയിപ്പോ ഗട്ടറില്ലാത്ത റോഡ് വല്ലതും ഉണ്ടേൽ തന്നെ അത് വാട്ടർ അതോറിറ്റിക്കാർ കിളച്ചു മറിക്കും. ഹാ , എന്ത് ചെയ്യാൻ. തല്ക്കാലം ഇതൊക്കെ കൊണ്ട് ആശ്വസിക്കുക തന്നെ. അല്ലാതെന്തു ചെയ്യാൻ.


Chitradurga Fort

ഉച്ചയോടെ തന്നെ ചിത്രദുർഗ ഡിസ്ട്രിക്ട് എത്തി. ബാംഗളൂരിൽ നിന്ന് വടക്കു പടിഞ്ഞാറു ദിശയിൽ  ഇരുന്നൂറു കിലോമീറ്ററോളം മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് ചിത്രദുർഗ. കർണാടക ടൂറിസത്തിലെ ഒരു അവിഭാജ്യ കേന്ദ്രമാണ് ഇന്ന് ചിത്രദുർഗ. ചരിത്രപരമായ ഒരുപാട് ശേഷിപ്പുകൾ ഇവിടെ ഇന്നും നിലനിൽക്കുന്നുണ്ട്. ചിത്രദുർഗ ജില്ലയിൽ ഒട്ടേറെ ടൂറിസ്റ്റു കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഇവിടുത്തെ കോട്ട മാത്രമേ ഞങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നുള്ളൂ. 

ചിത്രദുർഗ ജില്ലയിൽത്തന്നെയുള്ള മറ്റൊരു പട്ടണമാണ് 'ചല്ലക്കരെ'. ഇന്ത്യയിലെ ഒരു പ്രധാന സയൻസ് സിറ്റിയായി വികസിച്ചുകൊണ്ടിരിക്കുന്ന ഇവിടെ IISC (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്), ISRO (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ), BARC (ബാബ അറ്റോമിക്ക് റിസർച്ച് സെന്റർ), DRDO (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ), HAL (ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്കൽ ലിമിറ്റഡ് ) എന്നീ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 32 കിലോമീറ്ററോളം വിസ്തൃതിയുള്ള ടൗൺഷിപ്പാണ് മേൽപ്പറഞ്ഞ സ്ഥാനങ്ങൾ എല്ലാം ചേർന്ന് ഇവിടെ വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ UAV (Unmanned Aerial Vehicle)  പ്രോജക്ടിന്റെ ഫ്‌ളൈറ്റ് ടെസ്റ്റിംഗും നടക്കുന്നത് ചല്ലക്കരയിലാണ്. ഒഫീഷ്യൽ വിസിറ്റിനായി  ഞാൻ ഏതാനും മാസങ്ങൾക്കു മുൻപ് ചല്ലക്കരയിൽ വന്നിട്ടുണ്ട്. അന്ന് നിർഭാഗ്യവശാൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.


Chitradurga Fort

വിശപ്പിന്റെ വിളി തുടങ്ങിക്കഴിഞ്ഞു. ഉച്ചഭക്ഷണം കഴിക്കാനായി ഞാൻ  ചെല്ലക്കരയിലേക്കാണ്  ഡ്രൈവ് ചെയ്തത്. അതിനു രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ചല്ലക്കരയിലേ സയൻസ് സിറ്റി ടൗൺഷിപ് കെട്ട്യോളെ കാണിച്ചു കൊടുക്കണം. രണ്ടാഴ്ച ഇവിടെ വന്ന് പണിയെടുത്തതാണല്ലോ. രണ്ടാമത് ഇതിനടുത്തായി ഒരു ചെറിയ ധാബയുണ്ട്. കൃത്യമായി പറഞ്ഞാൽ DRDO എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൻ്റെ ഗേറ്റിനടുത്ത് തന്നെ. ഒരു ചെറിയ സെറ്റപ്പ് ആണെങ്കിലും ഇവിടുത്തെ ഫുഡ് എനിക്കങ്ങു വല്ലാണ്ട് ഇഷ്ടപ്പെട്ടിരുന്നു. അവിടെച്ചെന്നു ഭക്ഷണം കഴിക്കണം. രണ്ട് ലക്ഷ്യങ്ങളും ഒറ്റയടിക്കങ്ങു സാധിച്ചു. ധാബയിലെ ഫുഡ് പതിവുപോലെതന്നെ കിടിലോസ്‌കിയായിരുന്നു. നാനും , കോലാപ്പൂരി ചിക്കനും, മിൻറ്റ് ചിക്കനും ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ ഞങ്ങൾ അടിച്ചു കേറ്റി. എന്തായാലും ഫുഡ് കെട്ട്യോൾക്കും നന്നായിഷ്ടപ്പെട്ടു. ഭക്ഷണാനന്തരം നേരെ ചിത്രദുർഗ കോട്ടയിലേക്ക് അൾട്രോസ് കുതിച്ചു. പോകും വഴിയിൽ പലയിടത്തായി ചെമ്മരിയാടിൻ കൂട്ടങ്ങളെ കാണാറായി. ചല്ലക്കര കമ്പിളി നിർമാണത്തിലും പ്രശസ്തമാണ്. ഓയിൽ സിറ്റി എന്നൊരു പേര് കൂടി ചല്ലക്കരക്കുണ്ട് . മുംബൈ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഉൽപ്പാദിപ്പിക്കുന്ന നഗരമാണിത്. ഏകദേശം അറുപതിലധികം ഓയിൽ മില്ലുകൾ ഇവിടെ പ്രവർത്തിക്കുന്നു.  ഇവിടുത്തെ ആൾക്കാരും വളരെ നല്ല സ്വഭാവക്കാരാണ്. പലപ്പോഴും ഗൂഗിൾ മാപ്പ് ചതിച്ചു വഴി തെറ്റിയപ്പോൾ ഇവിടുത്തുകാർ ക്ഷമയോടെ , ഞങ്ങളെ സഹായിച്ചിട്ടുണ്ട് എന്ന കാര്യം നന്ദിയോടെ ഇവിടെ സ്മരിക്കുന്നു. 

Chitradurga Fort

ചിത്രദുർഗ ഫോർട്ടിൽ തിരക്ക് കുറവാണു. ഒരു പക്ഷെ ഇന്ത്യയിലെ തന്നെ മികച്ചൊരു കോട്ടയാണ് ചിത്രദുർഗ ഫോർട്ട്. എന്നാൽ അധികം ആളുകൾ ഒന്നും തന്നെ ഇവിടേക്ക് ആകർഷിക്കപ്പെട്ടിട്ടില്ല എന്ന് ഇവിടം സന്ദർശിച്ചപ്പോൾ ഞങ്ങൾക്ക് തോന്നി. ഫോർട്ടിന് വെളിയിൽ പ്രദർശിപ്പിച്ച QR Code സ്കാൻ ചെയ്താണ് ടിക്കറ്റ് എടുക്കുന്നത്. കർണാടകയിലെ പല ടൂറിസ്റ്റു കേന്ദ്രങ്ങളും ഇപ്പൊ ഈ രീതിയാണ് പിന്തുടർന്നു പോരുന്നത്. വളരെ സൗകര്യപ്രദമാണിത്. ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് വലയേണ്ട ആവശ്യമില്ല. ഞങ്ങൾ ടിക്കറ്റെടുത്തു ഉള്ളിൽ കയറി. വലിയ ഉയരമുള്ള അധികം വീതിയില്ലാത്ത ഒരു പ്രവേശന മാർഗമാണ് ആദ്യം നമ്മളെ സ്വാഗതം ചെയ്യുന്നത്. അത് കഴിഞ്ഞാൽ വിശാലമായ കോട്ട തുടങ്ങുകയായി. മെല്ലെ മെല്ലെ മുകളിലേക്ക് കയറിപ്പോകുന്ന രീതിയിലാണ് നടപ്പാത. ചിത്രദുർഗ ഫോർട്ടിന്റെ മറ്റൊരു പേരാണ് 'കല്ലിനെ കോട്ട'. കല്ലുകൊണ്ടുള്ള കോട്ട എന്നാണ് ഇതിനർത്ഥം. പതിനൊന്നാം നൂറ്റാണ്ടിലാണ് കോട്ടയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ചാലൂക്യ രാജാക്കൻമാർ തുടങ്ങി വച്ച നിർമ്മാണം ഹൊയ്സല, നായക രാജവംശങ്ങൾ ഏറ്റെടുത്തു നടത്തി. പിന്നീട് 15 , 18 നൂറ്റാണ്ടുകളിലായിട്ടാണ് കോട്ടയെ ഇന്ന് കാണുന്ന രീതിയിൽ വികസിപ്പിച്ചത്. സൗത്ത് ഇന്ത്യയിൽ ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ചിത്രദുർഗ ഫോർട്ട് ആണ്. ഹൈദരാബാദിലെ ഗോൽക്കൊണ്ടയെക്കാൾ വലുതാണ് ഈ കോട്ട. നടപ്പാത കയറി മുന്നോട്ടു പോയാൽ ഇരു വശങ്ങളിലും ഒട്ടേറെ അമ്പലങ്ങളുണ്ട്. കോട്ടക്കകത്തെ ക്ഷേത്രങ്ങളിൽ പ്രമുഖമായതു ഹിഡിംബീശ്വര ക്ഷേത്രമാണ്. മഹാഭാരത കഥ പ്രകാരം ഹിഡിംബാസുരൻ വസിച്ചിരുന്നത് ചിത്രദുർഗയിൽ ആയിരുന്നത്രേ. ഏകദേശം പത്തൊൻപതോളം അമ്പലങ്ങളും , ഒരു പള്ളിയും ഇതിനകത്തുണ്ട്. പള്ളി 1779 -ൽ ഹൈദരലി ഈ കോട്ട കീഴടക്കിയതിനു ശേഷം നിർമ്മിച്ചതാണ്. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഈ കോട്ട കൈയേറി. ധാന്യങ്ങൾ ശേഖരിക്കാനുള്ള കാലവറകളും, ജല സംഭരണികളും ഇതിനകത്തുണ്ട്. കല്ല് കൊത്തി നിർമിച്ച ക്ഷേത്രങ്ങൾ കാഴ്ചയിൽ അതി മനോഹരങ്ങളാണ്. ആളുകൾ കുറവായതിനാൽ സ്വസ്ഥമായി കൊറേ നേരം ഇവിടെ മനസ്സലിഞ്ഞു ഇരിക്കാനായി. കുറച്ചു കൂടി മുന്നോട്ടുപോയാൽ ചെറിയ ഇറക്കം തുടങ്ങുകയാണ്. കല്ല് വഴിയിൽ താഴേക്ക് ഇറങ്ങി ചെന്നാൽ ഒരു ചെറിയ അരുവി കാണാം. പാറക്കെട്ടുകൾക്കുള്ളിൽ നിന്നുത്ഭവിച്ചു താഴേക്കിറങ്ങുന്ന ഒരു ചെറിയ അരുവി. അത് നേരെ ചെല്ലുന്നതു തുടക്കത്തിൽ നമ്മൾ പറഞ്ഞ 'ഒണകെ ഒബാവ കിണ്ടി'  യിലേക്കാണ്. ഒരാൾക്ക് കഷ്ട്ടിച്ചു ഇറങ്ങാൻ കഴിയുന്ന ഒരു ചെറിയ ദ്വാരാം. ഇത് വഴിയാണ് ഹൈദരാലിയുടെ സൈന്യം കോട്ടയ്ക്കുള്ളിൽ അതിക്രമിച്ചു കേറാൻ ശ്രമിച്ചത്. എന്തായാലും ഒബാവയുടെ സ്മരണയിൽ ഈ സ്ഥലം കൂടുതൽ ഉജ്വലമായി തോന്നി. വീണ്ടും ഞങ്ങൾ തിരിച്ചു മുകളിലേക്ക് നടന്നു. ഇവിടെ നിന്ന് നോക്കുമ്പോൾ നാലുപാടുമായി വ്യാപിച്ചു കിടക്കുന്ന കോട്ടയുടെ ഒരു പനോരാമിക് വ്യൂ കാണാൻ സാധിക്കും. പഴയ രാജഭരണ കാലം ഇവിടെ നിന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കിയാൽ ഒരു ചരിത്ര സിനിമയുടെ രംഗം പോലെ ജ്വലിച്ചു നിൽക്കും. കോട്ടയിൽ നിറയെ പടയാളികളും. രാത്രിയിൽ എങ്ങും കത്തുന്ന തീപ്പന്തങ്ങളും , അങ്ങുമിങ്ങും ഓടിനടക്കുന്ന അന്തേവാസികളും, അലങ്കരിച്ച രാജ വീഥികളും, ക്ഷേത്രങ്ങളിൽ നിന്നുയരുന്ന ശംഖ് , മണി നാദങ്ങളും എല്ലാം ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി. ഞാനും കെട്യോളും നടന്നു , നടന്നു ക്ഷീണിച്ചു. കയ്യിലുണ്ടായ കുപ്പി വെള്ളം തീരാറായി. ഇനി ഒരിടം കൂടി കാണുവാനുണ്ട്. അതീ കോട്ടയിലെ ഏറ്റവും ഉയർന്ന ഭാഗമാണ്. പാറക്കെട്ടിലൂടെ വലിഞ്ഞു കേറിയാൽ അതിനു മുകളിലെത്താം. പക്ഷെ അങ്ങോട്ടുള്ള വഴി കണ്ടിട്ടു അത്ര സുരക്ഷിതമായി തോന്നിയില്ല. അതിനാൽ  ആ ശ്രമം ഉപേക്ഷിച്ചു തിരിച്ചു നടന്നു. സമയം വൈകുന്നേരമായി ഞങ്ങൾ ചിത്രദുർഗ ഫോർട്ടിനോട് വിട പറഞ്ഞു. അടുത്ത ലക്‌ഷ്യം ഹംപിയാണ്.  സമയം ഏകദേശം ആറു മണിയായി. ഇന്ന് ചിത്രദുർഗയിൽ താമസിച്ചു നാളെ രാവിലെ ഹംപിയിലേക്ക് പോകാം എന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. ചിത്രദുർഗയിൽ നിന്ന് ഹംപിയിലേക്ക് ഏകദേശം 150 കിലോമീറ്റർ ദൂരമുണ്ട്. അതിൽ ഹൊസ്‌പ്പേട്ട് വരെയുള്ള 135 കിലോമീറ്റർ എക്സ്പ്രസ്സ് വേയാണ്. ഇപ്പൊ വിട്ടാൽ രാത്രി ഒൻപതു മണിക്ക് മുൻപേ ഹംപിയെത്താം എന്ന് ഗൂഗിൾ അമ്മായി പറഞ്ഞപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല. എക്സ്പ്രസ്സ് വേയിലെ ആറുവരിപ്പാതയിലൂടെ അൾട്രോസ് ഹംപി ലക്ഷ്യമാക്കി കുതിച്ചു. പോകും വഴി ഹംപിയിലെ താമസവും ബുക്ക് ചെയ്തു. നാളത്തെ പ്രഭാതം , അത് ഹംപിയിലേതാണ്. ഹംപി വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.


(തുടരും )


Friday, December 10, 2021

കെട്ട്യോളോടൊപ്പം ഹംപിയിലേക്കൊരു ഡ്രൈവ് Part-1

 ഭാഗം-മഹിഷുരു എന്ന മൈസൂർ



Mysore Palace


                        "ഇനി ഞാൻ എങ്ങോട്ടും ഒറ്റക്ക് വിടൂല, കല്യാണം കഴിക്ക്, ന്നിട്ട് ഓളേം കൂട്ടി എങ്ങോട്ടാച്ചാ പൊയ്ക്കോ" - ഓരോ ട്രിപ്പ് കഴിഞ്ഞു വരുമ്പോഴും 'അമ്മ ഇത് പറയാൻ തുടങ്ങിയിട്ട് കാലം കൊറേ ആയി. വളർന്നു കെട്ടുപ്രായം ആയിട്ടും എന്നെ ഒറ്റക്ക് എങ്ങോട്ടേലും വിടാൻ സുമതിക്കുട്ടിക്ക് പേടിയാണ്. ഞാൻ വെള്ളത്തിലിറങ്ങുമോ ? , കുന്നിൽ കേറുമോ ?, കാട്ടിൽ കിടക്കുമോ ? എന്നൊക്കെയാണ് മൂപ്പത്തിയുടെ ആധി.എന്തായാലും കെട്ടാൻ പോകുന്ന കുട്ടി ട്രിപ്പ് അടിക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാകണേ എന്നായിരുന്നു എന്റെ പ്രാർത്ഥന , കുറഞ്ഞത് യാത്ര ചെയ്യുമ്പോ വാളുവെക്കാതിരുന്നാലെങ്കിലും  മതിയായിരുന്നു. അങ്ങനെ കൊറോണ അതിന്റെ ശൈശവാവസ്ഥയിൽ ഇരിക്കുന്ന സമയത്ത് എന്റെ കല്യാണം ഭേഷായങ്ങട് നടന്നു. പടച്ചോൻ കാത്തു. ഓൾക്ക് അത്യാവശ്യം ട്രിപ്പടിക്കാനൊക്കെ താല്പര്യമുണ്ട്. പക്ഷെ എന്താ ചെയ്യാ ..! അത്തിപ്പഴം പഴുത്തപ്പോ , കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ അവസ്ഥ. കൊറോണ , ലോക്ക്ഡൌൺ , കർഫ്യൂ എല്ലാം കൂടി ട്രിപ്പും , ടൂറും ഗുദാഫിസ്.!

 

അങ്ങനെ കൊറോണയെയും പഴിച്ചുകൊണ്ട് കുറച്ചുകാലം കഴിച്ചു കൂട്ടി. പിന്നെ ലോക്ക്ഡൗൺ മാറിയപ്പോ അല്ലറ ചില്ലറ യാത്രകളൊക്ക നടത്തി സന്തോഷം കണ്ടെത്തി. അത് കഴിഞ്ഞു കൊറോണയുടെ രണ്ടാം തരംഗം വന്നു , ബ്ലാക്ക് ഫംഗസ് വന്നു, മൂന്നാം തരംഗം ഇന്ന് വരും , നാളെ വരും എന്നും പറഞ്ഞു മാറി നിൽക്കുന്നുഅവസാനം ഓമിക്രോൺ വരെ എത്തി. അതും കൂടാതെ അറബിക്കടലിൽ നിന്നും , ബംഗാൾ ഉൾക്കടലിൽ നിന്നും ഇടമുറിയാതെ വന്നോണ്ടിരിക്കുന്ന ന്യൂന മർദ്ദങ്ങളും , മഴയും , വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും , ഉരുൾപൊട്ടലും , എല്ലാം കൊണ്ടും ഒരു യാത്ര നടത്താൻ ഒട്ടും പറ്റാത്ത ആംബിയൻസ്. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അവസാനം ഒരു ഗ്യാപ് കിട്ടി. ഒന്നും നോക്കിയില്ല ഒരു ട്രിപ്പ് അങ്ങട് സെറ്റാക്കി. പോസ്റ്റ് മാര്യേജ് ക്ലിഷേ ആയ ഊട്ടി , കൊടൈക്കനാൽ ആയിരുന്നു തുടക്കത്തിൽ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ തമിഴ് നാട്ടിലെ പൊളപ്പൻ മഴ അതിനെ ഹംപിയിലേക്ക് ഡൈവർട്ട് ചെയ്തു വിട്ടു. ഒരാഴ്ച ലീവെടുത്തു നവംബർ മാസത്തിലെ ആ തണുത്ത വീക്കെൻഡിൽ തിരുവനന്തപുരത്തു നിന്ന് ഞാനും , കാസർഗോഡ് നിന്ന് ൻ്റെ കെട്ട്യോളും കോഴിക്കോട് ലക്ഷ്യമാക്കി ട്രെയിൻ കേറി. വീട്ടിലെത്തി യാത്ര  പോകാനുള്ള സാധനങ്ങളെല്ലാം പാക്ക് ചെയ്തു.

Mysore Palace
അൾട്രോസ് - ഓനാണ്‌ ഞങ്ങടെ രഥം. കഴിഞ്ഞ ഒരു വർഷത്തെ പല യാത്രകളിലും കൂടെയുണ്ടായിരുന്നു. ലോക്ക് ഡൌൺ സമയത്തു കോഴിക്കോട്  - തിരുവനന്തപുരം റൂട്ടിൽ സ്ഥിരം ഷട്ടിലടിച്ചവനാണ്. കേരളത്തിലെ ഗട്ടറൊഴിയാത്ത റോഡുകളിൽ പോലും നല്ല കംഫർട്ട് ആയിരുന്നു ആ പഹയനെ ഡ്രൈവ് ചെയ്യാൻ. പെരുത്ത് ഇഷ്ടായി ഞമ്മക്കോനെ. അതുകൊണ്ട് തന്നെ ഹംപി യാത്ര പ്ലാൻ ചെയ്തപ്പോ റോഡ് ട്രിപ്പ് ആയാലോന്നു  രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. അൾട്രോസിന്റെ എയറൊക്കെ ചെക്ക് ചെയ്തു, ഇച്ചിരി പെട്രോളും അടിച്ചു റെഡിയാക്കി നിർത്തി. കർണാടകയിൽ പെട്രോൾ വില ഒരൽപം കുറവായതിനാൽ ബാക്കി ബോർഡർ കടന്നിട്ട് അടിക്കാന്നു വിചാരിച്ചു. കോഴിക്കോട് നിന്ന് ഹംപിയിലേക്ക് ഒരു പത്തറുനൂറ്റമ്പത്‌ കിലോമീറ്റര് ഉണ്ട്. നിർത്താതെ വണ്ടിയോടിച്ചാൽ ഒരു പതിനഞ്ചു മണിക്കൂറിൽ കവർ ചെയ്യാം. ഇത്രേം ദൂരം ഒറ്റയടിക്ക് ഓടിച്ചു ബോറടിക്കുന്നതിലും പകരം പോകുന്ന വഴിയിലുള്ള വേറെ ഒന്നോ രണ്ടോ ഡെസ്റ്റിനേഷനുകൾ കൂടി കണ്ടിട്ടുപോകാം എന്ന് വിചാരിച്ചു. അങ്ങനെയാണ് മൈസൂരും , ചിത്രദുർഗയും ഞങ്ങടെ ലിസ്റ്റിൽ കേറിക്കൂട്ടിയതു. ചിത്രദുർഗ ഹംപിക്ക് പോകുന്ന വഴിയിൽ അല്ലേലും , ഇച്ചിരി ഒന്ന് ഡൈവേർട് ചെയ്താൽ കണ്ട് വരാവുന്നതേ ഉള്ളൂ.

 

തിങ്കളാഴ്ച രാവിലെ 7 മണിക്ക് തന്നെ ഞങ്ങൾ പ്രയാണം തുടങ്ങി. താമരശ്ശേരി ചുരം വഴി അൾട്രോസ് വയനാട് കേറി. ചുരത്തിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലത്തെ തിരക്ക്. അവിടുന്നു കൽപ്പറ്റ , സുൽത്താൻ ബത്തേരി , മുത്തങ്ങ വഴി നേരെ കർണാടക ബോർഡർ പിടിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി RTPCR സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ബോർഡർ കടത്തി വിടുന്നുള്ളൂ. കർണാടക ബോർഡർ കഴിഞ്ഞുള്ള യാത്ര ശരിക്കും എന്ജോയ് ചെയ്തു. ബന്ദിപ്പൂർ നാഷണൽ പാർക്കിനുള്ളിലൂടെയുള്ള റോഡിൽ ഞാനും , കെട്യോളും , അൾട്രോസും മാത്രം. ആഹാ അന്തസ്സ് .!! ഇടക്കെപ്പോഴോ തൊഴിലാളികളെയും കയറ്റി പോകുന്ന ഒരു പിക്കപ്പ് കേറി വന്നു. ഗുണ്ടൽപേട്ട് കഴിഞ്ഞപ്പോഴേക്കും വിശപ്പിന്റെ വിളി വന്നിരുന്നു. ബ്രേക്ക്ഫാസ്റ്റ് ഇന്ന് വളരെ നേരത്തെ വീട്ടിൽ നിന്നിറങ്ങുമ്പോ കഴിച്ചതാണ്. അതുകൊണ്ട് തന്നെ വിശപ്പിൻ്റെ വിളി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ തന്നെ ആയിരുന്നു. വണ്ടി സൈഡാക്കി അവിടെ കണ്ട മലബാർ ഹോട്ടെലിൽ നിന്ന് ഭക്ഷണം കഴിച്ചു.

 

Mysore Palace

ഉച്ചയാകുമ്പോഴേക്കും മൈസൂരെത്തി.  ചാമുണ്ഡി ഹിൽസിനു താഴെയുള്ള പ്രശാന്ത സുന്ദരമായ മൈസൂർ നഗരം. വൊഡെയാർ  രാജാക്കന്മാരുടെ തലസ്ഥാന നഗരി. ബാംഗ്ലൂർ നഗരത്തെക്കാൾ എനിക്കേറെയിഷ്ടം മൈസൂരാണ്. കുറച്ചുകൂടി വൃത്തിയും , വെടിപ്പുമുള്ളത് മൈസൂറിനാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലതവണ മൈസൂരിൽ വന്നപ്പോഴും ആ ഒരു തോന്നൽ കൂടിക്കൂടി വന്നതേ ഉള്ളൂ. ഇനി കുട്ടികളെല്ലാം ഇവിടെ ശ്രദ്ധിക്കൂ .. ഒരൽപം ചരിത്രം പറയാം  വിശാലമായ വിജയനഗര സാമ്രാജ്യത്തിന്റെ ഐശ്വര്യകാലത്തു , അവിടുത്തെ ഒരു നാട്ടുരാജ്യമായിരുന്നു മൈസൂർ. മഹിഷൂര് എന്നായിരുന്നു അക്കാലത്തു മൈസൂർ അറിയപ്പെട്ടിരുന്നത്. ഇന്നത്തെ മൈസൂരിലെ ചാമുണ്ഡി ഹിൽസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു വച്ചാണത്രെ ഉഗ്രരൂപിണിയായ ചാമുണ്ഡി മഹിഷാസുരൻ്റെ കഥ  കഴിച്ചത്. ഇത് ഐതിഹ്യം. അങ്ങനെയാണ് അക്കാലത്തു മൈസൂർ, മഹിഷൂര് എന്ന പേരിൽ അറിയപ്പെട്ടത്. പിന്നീട് ബ്രിട്ടീഷുകാരാണ് മഹിഷൂരിനെ മൈസൂർ ആക്കി മാറ്റിയത്. പതിനാറാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയോടെ മൈസൂർ ഒരു സ്വതന്ത്ര രാജ്യമായി മാറി. ശ്രീരംഗപട്ടണമായിരുന്നു അക്കാലത്ത് മൈസൂരിന്റെ തലസ്ഥാനം. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിനെ പകുതിയോടെ മൈസൂർ ഹൈദർ അലിയുടെയും , പുത്രൻ ടിപ്പുവിന്റെയും ഭരണത്തിന്റെ കീഴിലായി. പിന്നീട് ബ്രിട്ടീഷുകാരുടെയും. 1973 വരെ കർണ്ണാടക സംസ്ഥാനം അറിയപ്പെട്ടിരുന്നത് മൈസൂർ എന്ന പേരിലായിരുന്നു എന്ന കാര്യം എത്ര പേർക്കറിയാം ?.  ബാക്കി ചരിത്രം പിന്നെ പറഞ്ഞു തരാം

 

അങ്ങനെ നേരെ തിരക്കേറിയ മൈസൂർ നഗരത്തിലേക്ക് കാറോടിച്ചു കയറ്റിയ ഞങ്ങൾ , ആദ്യമായി മൈസൂർ പാലസ് തന്നെ കണ്ട് കളയാം എന്ന് കരുതി. എന്നാൽ ഒന്ന് രണ്ട് വട്ടം ചുറ്റിക്കറങ്ങിയിട്ടും , മൈസൂർ പാലസിന്റെ എൻട്രൻസ് കണ്ട് പിടിക്കാൻ പറ്റിയില്ല. ഗൂഗിൾ മാപ് കാണിക്കുന്ന എല്ലാ എൻട്രൻസും പോലീസ് ബാരിക്കേഡ് വച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്, എന്റെ ശിവനെ ഇനിയിപ്പോ എങ്ങനെ ഉള്ളിൽ കേറും എന്നറിയാതെ നിക്കുമ്പോ ഒരു ഓട്ടോക്കാരൻ ചേട്ടൻ ഞങ്ങളെ കൈകാട്ടി നിർത്തിച്ചു. പുള്ളിക്ക് കാര്യം മനസ്സിലായെന്നു തോന്നുന്നു. എൻട്രൻസൊക്കെ കാണിച്ചു തരാം , ഒപ്പം കർണാടക ഗവണ്മെന്റ്ൻ്റെ ഹാൻഡിക്രാഫ്റ്റ്  എംപോറിയവും കൂടെ കാണിച്ചു തരാം, മുപ്പതു രൂപ തന്നാൽ മതിയെന്ന് പറഞ്ഞു. വെറുതെ മൈസൂർ സിറ്റിയിൽ കറങ്ങി പെട്രോൾ കത്തിക്കണ്ടല്ലോ , ഞങ്ങൾ അങ്ങേരുടെ പുറകെ പോയി. നേരെ കർണാടക സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ്  എംപോറിയത്തിലേക്ക്. ആദ്യമായിട്ടാണ് , സ്ഥലം പോലും കാണാതെ ഒരു സിറ്റിയിൽ ഷോപ്പിങ്ങിനിറങ്ങുന്നതു. മൈസൂർ സിൽക്കിന്റെയും , സാൻഡലിന്റെയും ഒരുപാട് ഐറ്റംസ് ഉണ്ടവിടെ. എല്ലാം കറങ്ങി കണ്ട് , രണ്ടുമൂന്നു സാധനങ്ങളും വാങ്ങി പുറത്തിറങ്ങി. ഓട്ടോ ചേട്ടൻ പുറത്തു കത്ത് നിൽക്കുന്നുണ്ട്. പുള്ളി ഞങ്ങളെ മൈസൂർ പാലസിന്റെ എൻട്രൻസിൽ കൊണ്ട് പോയി വിട്ടു. മൈസൂർ പാലസിൽ മുൻപൊരിക്കൽ ഞാൻ വന്നിട്ടുണ്ട്. അന്ന് എൻട്രി സമയം കഴിഞ്ഞതിനാലോ മറ്റോ  ഉള്ളിൽ കേറാൻ കഴിഞ്ഞിരുന്നില്ല. ആ ക്ഷീണം ഇന്ന് തീർക്കണം. കേട്ടറിവിനേക്കാൾ വലുതാവും മൈസൂർ പാലാസെന്ന സത്യം എന്ന് പ്രത്യാശിച്ചുകൊണ്ട്  ഉള്ളിൽ കേറി. പക്ഷെ പ്രതീക്ഷയുടെ അമിതഭാരം, നട്ടപ്പാതിരക്ക് ഉറക്കമൊഴിച്ചു കണ്ട മരക്കാർ സിനിമ പോലെ നിരാശപ്പെടുത്തി. കാര്യമായിട്ടൊന്നും കാണാനില്ല, ഇനിയിപ്പോ സന്ദർശകരെ കാണിക്കാത്തതുകൊണ്ടാണോ എന്നറിയില്ല. കൊട്ടാരത്തിലെ മുറികളിലൊന്നും പ്രവേശനം ഇല്ലായിരുന്നു. ഒരു ചെറിയ മ്യൂസിയം കണ്ട് തിരിച്ചിറങ്ങിയപോലെ. മുൻപ് ഇവിടെ ഫോട്ടോഗ്രാഫി അനുവദനീയമല്ലായിരുന്നു. ഫോട്ടോ എടുത്താൽ നല്ല കനത്ത ഫൈനും കിട്ടുമായിരുന്നു. ആ ഓർമ്മയിൽ മൊബൈലെടുത്തു പോക്കറ്റിൽ തിരുകിയ ഞാൻ, മറ്റുള്ളവർ ഫോട്ടോയെടുക്കുന്നതു നോക്കി മനസ്സിൽ വിചാരിച്ചു , "പുവർ ഗെയ്‌സ് , ഇപ്പൊ വന്നു സെക്യൂരിറ്റി പൊക്കും ..!" പക്ഷെ സെക്യൂരിറ്റിയും വന്നില്ല , ജ്യോതിയും വന്നില്ല , ഒരു മണ്ണാങ്കട്ടയും വന്നില്ല. ശെടാ .. ഇതെന്തു കൂത്ത്. പിന്നെയല്ലേ കാര്യം മനസ്സിലായത്. ഇപ്പൊ പടം പിടുത്തതിന് നിയന്ത്രണങ്ങൾ ഒന്നുമില്ല. എന്തായാലും ചമ്മൽ കെട്യോളെ കാണിക്കാതെ പതിയെ ഞാനും മൊബൈലെടുത്തു പടം പിടുത്തം തുടങ്ങി. കൊട്ടാരത്തിന്റെ ആർക്കിടെക്ച്ചറോ, മുറികളോ ഒന്നും കാണാൻ കിട്ടിയില്ല എന്ന നിരാശയുണ്ട്. എന്നാൽ ചില വിശാലമായ നടുത്തളങ്ങളും , നടുമുറ്റവും ഒരു വൗ വായിൽ നിന്നും പുറത്തു ചാടിക്കാൻ ഉതകുന്നവയായിരുന്നു. വോഡയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു മൈസൂർ പാലസ്.പതിനാലാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ യദുരായ വോഡയരാണ് ആദ്യമായി ഇവിടെ ഒരു പാലസ് നിർമ്മിച്ചത്. മരം കൊണ്ട് നിർമ്മിച്ച പാലസ് പല അവസരങ്ങളിലായി കത്തി നശിക്കയുണ്ടായി. 1897 ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള പാലസിന്റെ നിർമ്മാണം തുടങ്ങിയത്. ഏകദേശം പതിനഞ്ചു വര്ഷത്തോളമെടുത്തു അത് പൂർത്തിയാക്കാൻ.

Brindavan Garden

 

അങ്ങനെ മൈസൂർ പാലസും കണ്ട് , നേരെ വണ്ടിയെടുത്തു , അടുത്ത സ്ഥലത്തേക്ക്. ബ്രിന്ദാവൻ ഗാർഡൻ. മൈസൂർ പാലസിൽ നിന്നും ഏകദേശം 22 കിലോമീറ്റര് ഉണ്ട് ഇവിടേക്ക്. പക്ഷെ പതിവുപോലെ ഗൂഗിൾ മാപ് വീണ്ടും ചതിച്ചു. ബ്രിന്ദാവൻ ഗാർഡൻ എന്ന് പറഞ്ഞിട്ട് അവസാനം വേറെവിടെയോ കൊണ്ടുപോയി വിട്ടു മ്മടെ ഗൂഗിൾ അമ്മായി. ഏതൊരു നാട്ടിന്പുറത്തും എന്ന പോലെ അവിടെയും ഉച്ചക്കത്തെ ചോറും തിന്ന് പല്ലിൽ തോണ്ടി വെറുതെ ഇരിക്കുന്ന ഒരു ചേട്ടനുണ്ടായിരുന്നു. പുള്ളിക്കാരന്റെയെടുത്തു വഴി ചോദിച്ചു. "സബാറോം കി സിന്ദഗി ജോ കഭി ഖതം നഹി ഹോ ജാത്തീ ഹേ ", അതായതു ഇവിടുന്നു നേരെ പോയി , ലെഫ്റ്റ് പിടിച്ചാൽ അങ്ങോട്ടേക്ക് എത്താം ന്ന്. ചോറിന്റെ കാര്യം പറഞ്ഞപ്പോഴാ ആലോചിച്ചത് ഇന്ന് ഉച്ചയൂണ് ഇതുവരെ കഴിച്ചിട്ടില്ല. സമയം മൂന്നു മാണി കഴിഞ്ഞേ.  അല്ലേലും കെട്യോൾക്ക് സ്ഥിരം പരാതിയാണ്. എവിടേലും ട്രിപ്പടിക്കാൻ പോയാൽ ഞാൻ ഓൾക്ക് ഫുഡ് വാങ്ങിച്ചു കൊടുക്കുന്നില്ലാന്നു. പറയുന്നതിലും ചെറിയ കാര്യം ഇല്ലാതില്ലഹണിമൂൺ ട്രിപ്പ് മുതൽ തുടങ്ങിയതാ. മനപ്പൂർവ്വമല്ല. ട്രിപ്പിന്റെ എക്സൈറ്റ്മെന്റിൽ ഫുഡ് അടിക്കാൻ മറന്നു പോകുന്നതാ. എന്തായാലും ബ്രിന്ദാവന് ഗാർഡൻ കേറുന്നതിന്റെ മുന്നേ ഫുഡ് അടിക്കാം ന്നു വച്ചു. കേറി ചെന്ന് നോക്കുമ്പോ അതും ഒരു മലയാളി ഹോട്ടൽ. മൈസൂർ വന്നിട്ട് കഴിക്കാൻ കിട്ടുന്നത് മൊത്തം കേരള ഫുഡ് ആയിപ്പോയല്ലോ ഭഗവാനെ. അങ്ങനെ ഫുഡും കഴിച്ചു ബ്രിന്ദാവന് ഗാർഡനിലേക്കുള്ള ടിക്കറ്റെടുത്തു. അതിനിടയിൽ ഇന്ന് താമസിക്കാനായി ബ്രിന്ദാവന് ഗാർഡനിനടുത്തു തന്നെ ഒരു റൂം ബുക്ക് ചെയ്തു. നാളെ യാത്ര ചിത്രദുർഗക്കാണ്. മൈസൂരിൽ തിരിച്ചു പോകാതെ ഇവിടുന്നു തന്നെ നേരിട്ട് പോകുന്നതാണ് എളുപ്പം. അത് കൊണ്ടാണ് റൂമും ഇതിനടുത്ത് തന്നെ ബുക്ക് ചെയ്തത്.

 

Brindavan Garden

കാവേരി നദിക്കു കുറുകെ നിർമ്മിച്ച കൃഷ്ണരാജസാഗര അണക്കെട്ടിന്റെ ഒരു വശത്തായാണ് ബ്രിന്ദാവൻ  ഗാർഡൻ സ്ഥിതി ചെയ്യുന്നത്. വളരെ മനോഹരമായി പരിപാലിച്ച വിശാലമായൊരു ഉദ്യാനമാണിത്. ഏകദേശം ഇരുപതു ലക്ഷത്തോളം പേരാണ് ഓരോ വർഷവും ഇവിടെ സന്ദർശിക്കുന്നത്. ഇടക്കിടെ ചെറിയ സിനിമ , സീരിയൽ ഷൂട്ടിങ്ങുകളും ഇവിടെ നടക്കാറുണ്ട്. ബോട്ടിങ് സൗകര്യമുള്ള ഒരു വിശാലമായ തടാകവും ഇതിനകത്തുണ്ട്. ഞങ്ങൾ ഉദ്യാനത്തിനകത്തുകൂടെ മുകളിലേക്ക് നടന്നു കയറാൻ തുടങ്ങി. മുകളിൽ എത്തിയപ്പോ ഭയങ്കര ദാഹം. വെള്ളത്തിന്റെ ബോട്ടിൽ വണ്ടിക്കകത്തു വച്ച് മറന്നത് വലിയ അബദ്ധമായി. പലയിടത്തും ഡ്രിങ്കിങ് വാട്ടർ എന്ന ബോർഡ് കാണുന്നുണ്ട് , എന്നാൽ വെള്ളം എവിടെയും കണ്ടില്ല. അവസാനം തിരിച്ചു നടന്നു താഴെ എത്തേണ്ടി വന്നു ദാഹമകറ്റാൻ. സമയം ആറ് കഴിഞ്ഞു. ആറരക്ക് ഇവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിക്കും. തടാകത്തിന്റെ മറുകരയിലാണത്. അങ്ങോട്ട് പോകാൻ ടൂറിസം ഡിപ്പാർട്മെന്റിന്റെ ബോട്ടുകൾ റെഡിയാണ്. അവർ ആളുകളെ തടാകത്തിൽ റൗണ്ടടിച്ചു മറുകരയിൽ എത്തിക്കും. എന്നാൽ തടാകത്തിന്റെ വശത്തിലൂടെയുള്ള നടപ്പാതയിലൂടെ നടന്നും മറു വശത്തെത്താം. ഞങ്ങൾ നടന്നാണ് പോയത്. ഒരു ഇരുപതു മിനിറ്റ് ദൈർഖ്യമേ ലൈറ്റ് ആൻഡ് സൗണ്ട് ഷോക്കുള്ളൂ. അതും കഴിഞ്ഞു ഞങ്ങൾ നേരെ റൂമിലേക്ക് വിട്ടു. എന്റെ കഷ്ടകാലത്തിനു ഓയോ റൂംസ് വഴിയായിരുന്നു റൂം ബുക്ക് ചെയ്തത്. മുൻപുണ്ടായ ദുരനുഭവങ്ങളുടെ വെളിച്ചത്തിലും , വീണ്ടും ഓയോ വഴി തന്നെ ബുക്ക് ചെയ്തത് എൻ്റെ മണ്ടത്തരം എന്നല്ലാതെ എന്ത് പറയാൻ. ഹോട്ടലിൽ ചെന്നപ്പോ റൂം ഇല്ലാന്ന്. ഓയോ വഴിയുള്ള ബുക്കിംഗ് ഇവർ അറിഞ്ഞില്ലത്രേ. അവൻമ്മാരുടെ സ്ഥിരം നമ്പർ. കസ്റ്റമർ കെയറിൽ വിളിച്ചു ഫോണിന്റെ ചാർജ് തീർക്കേണ്ടി വന്നു ഇതിനൊരു പരിഹാരമാകാൻ. അര -മുക്കാൽ മണിക്കൂറിൻ്റെ യുദ്ധം   കഴിഞ്ഞപ്പോ ഇല്ലാത്ത റൂം താനെ കിട്ടി. എന്തായാലും ഒയോയുമായുള്ള കൂട്ട് ഞാൻ ഇതോട് കൂടി വിട്ടു. ഫുഡും കഴിച്ചു നേരെ ഉറങ്ങാൻ കിടന്നു. ഇപ്രാവശ്യം എന്തായാലും കർണാടക സ്റ്റൈൽ ഫുഡ് തന്നെ കിട്ടി.  രാത്രി നല്ല മഴയുണ്ടായിരുന്നു. നല്ല ക്ഷീണവും, കിടന്നതേ അറിഞ്ഞുള്ളൂ. പിന്നെ എണീക്കുന്നതു രാവിലെ അലാറം അടിക്കുമ്പോഴാണ്. അടുത്ത ലക്ഷ്യം ചിത്രദുർഗ്ഗയാണ്. അതിന്റെ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ

 

(തുടരും ..)

Thursday, August 12, 2021

ഒരു വിജ്രംഭിച്ച KSRTC യാത്ര

ഒരു പഴയ കഥ സൊല്ലട്ടുമാ ? ഗൂഗിൾ മേപ്പും നോക്കി KSRTC ബസ് ഓടിച്ച കദന കഥ.

KSRTC


ഹലോ ഗയ്‌സ്, 2018 ഒക്ടോബർ മാസത്തിലെ ബാംഗളൂരിലെ ഒരു തണുത്ത പ്രഭാതം.  ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണവും കഴിഞ്ഞു നാട്ടിലേക്ക് പോകുന്ന വഴിയാണ് ഞാൻ.  പൂജാ ഹോളിഡേയ്‌സ് ആയതുകാരണം ചെന്നൈയിൽ നിന്ന് നാട്ടിലേക്കുള്ള ട്രെയിനുകളെല്ലാം നിറഞ്ഞു കവിഞ്ഞു ടിക്കറ്റു കിട്ടാത്ത അവസ്ഥയിലാണ്. അതുകൊണ്ട്  ശ്രീഹരിക്കോട്ടയിൽ നിന്ന് ബസ് പിടിച്ചു ബാംഗ്ലൂർ എത്തിയതാണ്. ഇവിടുന്നു വീണ്ടു ബസ് യാത്ര ചെയ്ത് കോഴിക്കോട്ട് എത്താനാണ് പ്ലാൻ. രാത്രിയിലെ ഒരു കർണാടക SRTC ബസ്സിനാണ് ടിക്കറ്റ് കിട്ടിയത്. 


നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ. ബാംഗളൂരിലെ ഡിപ്പാർട്മെന്റ് ഗസ്റ്ഹൗസിൽ കേറി ഫ്രഷ് ആയി, പിന്നെ കുറച്ചു നേരം കിടന്നുറങ്ങി. ബസ് യാത്രയുടെയും, കഴിഞ്ഞ ദിവസങ്ങളിലെ ഉറക്കമില്ലാത്ത ജോലിയുടെയും ക്ഷീണം അങ്ങനെ പമ്പ കടന്നു എരുമേലി വഴി എങ്ങോട്ടോ പോയി. ഉച്ചക്ക് മുരുഗേഷ് പാല്യയിലെ കേരള ഹോട്ടലിൽ കേറി നല്ല ഊണും മീനും കഴിച്ചു. രണ്ടാഴ്ചയായി നാട്ടിലെ ഭക്ഷണം കഴിക്കാതിരുന്നതിന്റെ അസ്കിതയും അങ്ങനെ മാറിക്കിട്ടി. വൈകുന്നേരം പഴയ ബാംഗ്ലൂർ ഫ്രണ്ട്സിനെയും കണ്ട് , കെംപ്‌ഫോർട് മാളിൽ റൂട്ട് മാർച്ചും നടത്തി നേരെ വിട്ടു, മൈസൂർ റോഡിലെ സാറ്റലൈറ് ബസ് സ്റ്റാൻഡിലേക്ക്. ബസ് സ്റ്റാൻഡിൽ മതിയായ തിരക്കുണ്ട് ഗയ്‌സ് , സൂചി കുത്താൻ ഇടമില്ല. 


കേരള SRTC ടിക്കറ്റു ഒരാഴ്ച മുന്നേ തീർന്നിരുന്നു. പിന്നെ കർണാടക SRTC ഹോളിഡേയ്‌സ് പ്രമാണിച്ചു ഇട്ട സ്പെഷ്യൽ വണ്ടിയിൽ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളു.  ശരിക്കും പറഞ്ഞാൽ അവരെ കണ്ട് പഠിക്കണം. ഒരുപക്ഷെ കേരളത്തിൽ, നമ്മുടെ ആനവണ്ടിയേക്കാൾ കൂടുതൽ ലാഭമുണ്ടാക്കുന്നത് Karnataka SRTC ക്കാരായിരിക്കാം. നമ്മൾ ഉള്ള ബസ്സുകൾ തന്നെ ക്യാൻസൽ ചെയ്തു ഓടിക്കാതിരിക്കുമ്പോൾ അവര് തിരക്ക് മുൻകൂട്ടി കണ്ട് സ്പെഷ്യൽ ബസ്സുകൾ കേരളത്തിലേക്ക് ഓടിക്കുന്നു. 


ബസ് സ്റ്റാൻഡിൽ ഒരു കട്ടനും അടിച്ചു നുമ്മ ബസ്സു വരുന്നതും കാത്തിരുന്നു.  ഒൻപതു മണിയായപ്പോൾ ബസ്സ് വന്നു. മുന്നിലെ ബോണറ്റിന്റെ സൈഡിലുള്ള ബെഞ്ച് സീറ്റാണ് കിട്ടിയത്. അപ്പൊ രാത്രി ഉറങ്ങുന്ന കാര്യം ഗുദാ ഹുവാ. ഹാ എന്തായാലും കൊഴപ്പമില്ല ഒന്ന് പെട്ടന്ന് വീടെത്തിക്കിട്ടിയാൽ മതി. പത്തു മിനിറ്റിനുള്ളിൽ ബസ് നിറഞ്ഞു. ഒരു സീറ്റുപോലും ബാക്കിയില്ല. സമയം പതുക്കെ കടന്നുപോയി.  പത്തുമണിയായിട്ടും ബസ്സ് എടുത്തിട്ടില്ല. 9:45 ന് സ്റ്റാൻഡ് വിടേണ്ട മുതലാണ്. ഡ്രൈവറെ സീറ്റിൽ കാണാനില്ല. കണ്ടക്ടർ വെളിയിൽ ദൂരെ മാറി നിൽക്കുന്നു.


എന്താ സംഗതി .!? 


കേരളത്തിൽ നാളെ ഹർത്താലാണ്. ശബരിമല പ്രശ്നമോ മറ്റോ ആണ്. ഡ്രൈവർ ഇപ്പോഴാണ് അക്കാര്യം അറിഞ്ഞത്. ഇത് 7-B യിലെ സുമേഷ് ഓൺലൈൻ ക്‌ളാസിന്റെ ഹാങ്ങോവറിൽ കേരളം കത്തിക്കും എന്ന് പറയുന്നത് പോലെ അല്ല എന്നുള്ള കാര്യം ഡ്രൈവർക്ക്  നന്നായറിയാം ഗയ്‌സ്. കേരളത്തിലെ ഹർത്താലുകളിൽ പൊതുവെ പലയിടങ്ങളിലും വണ്ടി തടയൽ , KSRTC ബസ്സുകളുടെ ചില്ലുപൊട്ടിക്കൽ   തുടങ്ങീ ആചാരങ്ങൾ നടന്നു പോരുന്നുണ്ടല്ലോ. അതാണ് ഡ്രൈവറെ ഒരു നിമിഷം ചിന്താ നിമഗ്നനാക്കിയത്. സമരക്കാർക്ക് KSRTC എന്ന് കണ്ടാൽ പോരെ , അതിപ്പോ കര്ണാടകയാണോ , കേരളമാണോ എന്നൊക്കെ അടിയും , ഇടിയും കഴിഞ്ഞിട്ടാവും നോക്കുന്നത്. അങ്ങനെ നാളെ ഹർത്താൽ ആണെന്നറിഞ്ഞ ഡ്രൈവർക്ക് വണ്ടിയെടുക്കാൻ മുട്ടിടിച്ചു. ഇങ്ങനെയാണേൽ ഞാൻ കളിക്കാൻ ഇല്ല എന്ന് പറഞ്ഞു പിണങ്ങി നിന്ന ആ മഹാൻ അവസാനം യാത്രക്കാരും, കണ്ടക്ടറും കാലുപിടിച്ചിട്ടാണ് 10:30 ഓടെയെങ്കിലും വണ്ടി സ്റ്റാർട്ട് ചെയ്യാൻ സമ്മതിച്ചത്. 


അങ്ങനെ ഓടിയോടി മൈസൂർ എത്തിയതും പുള്ളി പിന്നേം വണ്ടി സൈഡാക്കി. ഡ്രൈവർക്ക്  കോഴിക്കോട്ടേക്കുള്ള വഴി അറിയില്ലത്രേ. പുറകിൽ വരുന്ന ബസ്സിലെ ഡ്രൈവർക്ക് വഴി അറിയാം. അയാളുടെ വരവും കാത്താണ് ഇദ്ദേഹം വണ്ടി ഒതുക്കിയത്. ബാംഗ്ലൂർ - മൈസൂർ റൂട്ടിൽ ഓടുന്ന വണ്ടികളാണ് സ്പെഷ്യൽ പെര്മിറ്റിൽ കേരളത്തിലേക്ക് ഓടിക്കുന്നത്. അവസാനം പുറകെ വന്ന കർണാടകയുടെ തന്നെ കോഴിക്കോട്ടേക്കുള്ള മറ്റൊരു ബസ്സിന്റെ പുറകെ ഇദ്ദേഹം വണ്ടി വിട്ടു. 


സമയം 5 മണി , വണ്ടി എവിടെയോ നിർത്തിയിരിക്കുന്നു . സ്ഥലം കൂർഗ്. സാധാരണ ബാംഗ്ലൂർ - കോഴിക്കോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ ഞാനൊരിക്കലും കൂർഗ് കണ്ടിട്ടില്ല,  ഇത് വഴി വരണ്ട ആവശ്യവുമില്ല. 

“ശെടാ ഇനിയിപ്പോ ഞാനെങ്ങാനും വണ്ടി മാറിക്കേറിയതാണോ ? “

ഇതുമാലോചിച്ചു അടുത്ത സീറ്റിൽ ഇരുന്നയാളെ നോക്കുമ്പോൾ , അങ്ങേര് ഇതേ സംശയുമായി എന്നെ നോക്കുന്നു. ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു. പിന്നീടാണ് കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്. മുന്നേ പോയ കർണാടക SRTC -ക്കാരൻ വഴിയറിയാത്തതു കാരണം അതിനും മുൻപേ പോയ കണ്ണൂരേക്കുള്ള കേരള SRTC യുടെ പുറകെ വച്ച് പിടിച്ചതാണ് . കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്റെ ദൂരം ഉണ്ടെന്നും , രണ്ടും വേറെ വേറെ റൂട്ടുകൾ ആണെന്നും പാവം ബോയ്സ് അറിഞ്ഞില്ല ഗയ്‌സ്. കേരള എന്ന് കണ്ടപ്പോ ഫോളോ ചെയ്തതാണ്. വല്ല തിരുവനന്തപുരത്തേക്കുള്ള ബസ്സിന്റെയും പുറകെ പോകാൻ ഇവന്മ്മാർക്ക് തോന്നാഞ്ഞതു ഭാഗ്യം എന്നെ ഇപ്പൊ പറയാനുള്ളൂ. 


ഇനിയിപ്പോ എന്നാ ചെയ്യാനാ ?. അവസാനം ഗൂഗിൾ അമ്മായിയെത്തന്നെ ശരണം പ്രാപിക്കേണ്ടി വന്നു. കൂട്ടത്തിലെ ഒരു യാത്രക്കാരൻ ഗൂഗിൾ മാപ്പും പിടിച്ചു ഡ്രൈവറുടെ സൈഡിൽ ബോണറ്റിൽ നിലയുറപ്പിച്ചു,  ഓരോരോ വളവും തിരിവും പറഞ്ഞുകൊടുത്തു.  അതിനിടയിൽ അടിവാരം കഴിഞ്ഞപ്പോൾ ഹർത്താൽ അനുഭാവികളുടെ വക ബസ്സ് തടയലും അരങ്ങേറി. ഇതൊക്കെക്കൂടിയായപ്പോ ഡ്രൈവർ അണ്ണന്റെ കിളിപോയി എന്ന് തോന്നുന്നു. അങ്ങനെ 6 മണിക്ക് കോഴിക്കോട് എത്തേണ്ട ബസ്സ് 10 മണി കഴിഞ്ഞിട്ടാണ് അങ്ങെത്തിയത്. 


ടൌൺ റ്റു ടൗൺ ഓടിക്കുന്ന വണ്ടി എടുത്തു ഇന്റർ സ്റ്റേറ്റ് ഓടിച്ചാൽ ഇങ്ങനെയിരിക്കും. ഗൂഗിൾ അമ്മായി കനിഞ്ഞതു കാരണം അധികം കഷ്ടപ്പെടാതെ തന്നെ വീടെത്താൻ സാധിച്ചത് ഭാഗ്യം. എന്തായാലും ഫ്രീ ആയിട്ട് കൂർഗും , വയനാട് കുട്ട വഴിയിലെ വന്യ ജീവികളെയും കാണിച്ച് ഇതൊരു എക്ഷ്കര്ഷൻ ട്രിപ്പ് ആക്കി മാറ്റി തന്ന കർണാടക SRTC ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.


ഇനിയിപ്പോ പകച്ചുപോയ ഡ്രൈവർ അണ്ണൻ എങ്ങനെ തിരിച്ചു പോകുമോ എന്തോ ? എന്തായാലും ബോണറ്റിലിരുന്നു ബസ്സ് നിയന്ത്രിച്ച സഹോക്ക് , PWD അപ്പൊ തന്നെ വിളിച്ചു ഒരവാർഡ്‌ കൊടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത് ..!! ഇനിയിപ്പോ ഈ കുറിപ്പ്  വായിച്ചു ബോണറ്റിന്റെ മുകളിലിരുന്നതിനു ടിയാനെ MVD പൊക്കിയാൽ ഞാനോ എന്റെ പിന്തലമുറക്കാരോ ഉത്തരവാദികളല്ല. കഴിഞ്ഞാഴ്ച കേരളം കത്തിച്ചതിന്റെ ക്ഷീണം മാറിവരുന്നതേ ഉള്ളൂ ഗയ്‌സ്.


- ശുഭം-