Saturday, July 4, 2015

സ്മഗ്ലിംഗ് അഥവാ കള്ളക്കടത്ത്


Smuggling

വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക്:

    അതി ക്രൂരന്മാരും, കണ്ണില്‍ ചോരയില്ലാത്തവരും, സര്‍വോപരി കള്ളക്കടത്തുകാരുമായ ഏതാനും കൊടും ഭീകരരെ കുറിച്ചുള്ള സംഭവ ബഹുലമായ കഥയാണ് ഇത്. കുട്ടികള്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍, ലോല ഹൃദയര്‍ തുടങ്ങിയവര്‍ ഈ കഥ വായിക്കാതിരിക്കുന്നതാണ് നല്ലത്. തന്മൂലം ആര്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതിനു കമ്പനി ഉത്തരവാദി ആയിരിക്കുന്നതല്ല.


ഇനി കഥയിലേക്ക്.


Scene 1 : 
          അര്‍ദ്ധരാത്രി 10 മണി (എന്തേയ്.? സാധാരണ 7 മണിക്ക് കെടന്നുറങ്ങുന്ന എനിക്ക് 10 മണി അര്‍ദ്ധരാത്രി തന്നെ).
കഴക്കൂട്ടം പള്ളിക്കടുത്തുള്ള പൊതു സ്മശാനം. അതിനടുത്തുകൂടെ Technopark-ലെ ജോലിയും കഴിഞ്ഞു നമ്മുടെ കഥാ നായകന്‍ സുരേഷ് ഒറ്റയ്ക്ക് നടന്നു വരികയാണ്. വിജനമായ വഴി, ഇരുട്ട് കൊടികുത്തി വാഴുന്ന സ്ഥലം. പെട്ടന്ന് പിന്നില്‍ എന്തോ ശബ്ദം കേട്ട സുരേഷ് തിരിഞ്ഞു നോക്കി. അല്ല, അത് മൈനയല്ല. പിന്നിലെ പൊന്തക്കാടിനടുത്ത് എന്തോ ഒന്നനങ്ങുന്നു. പേടി കൊണ്ട് വിറച്ച കഥാ നായകന്‍, പതുങ്ങി പതുങ്ങി അവിടേക്ക് എത്തി നോക്കി. അതാ രണ്ടു പേര്‍. ഒരാള്‍ മറ്റവന് എന്തോ ഒരു സാധനം കൈമാറുന്നു.

“ദൈവമേ, ഇനിയിപ്പോ ഗന്ധര്‍വന്മാര്‍ താലം കൈമാറുന്നതോ മറ്റോ ആണോ?”

സുരേഷ് അടുത്തുകണ്ട മരത്തിനു മറവിലേക്ക് ഒളിച്ചു. അരണ്ട വെളിച്ചത്തില്‍ രണ്ടു പേരുടെയും കൈയിലെ തോക്കുകള്‍ സുരേഷ് വ്യക്തമായി കണ്ടു.

“ഓഹോ, ഇവര്‍ കള്ളക്കടത്തുകാര്‍ തന്നെ !”. സുരേഷ് ഊഹിച്ചു.


Scene 2 : 
      കള്ളക്കടത്തുകാരുടെ ബോസ് ഗുണ്ട ബിനുവിന്റെ കൊള്ളസങ്കേതം. ഒരു വശത്ത് കാബറെ നൃത്തം. മറു വശത്ത് ഗുണ്ട ബിനു തന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് ചോറ് വാരി കൊടുക്കുന്നു. ഇതിനിടയിലേക്ക് ഒരാള്‍ കടന്നു വരുന്നു. തന്റെ കൈയിലെ വലിയ ബാഗ്‌ ബോസ്സിന് കൈമാറുന്നു. ഇത് ഇന്നലെ കണ്ട കള്ളക്കടത്തുകാരില്‍ ഒരുവനാണ്. കാബറെയും മ്യൂസികും നിലക്കുന്നു.

ബോസ്സിന്റെ ഡയലോഗ്‌

“വെല്‍ ഡണ് മൈ ബോയ്‌., അതി സാഹസികമായ ഒരു പ്രവര്‍ത്തിയാണ് നീ ചെയ്തിരിക്കുന്നത്. ബ്രൌന്‍ ഷുഗറും, കഞ്ചാവും കടത്തുന്നതിനെക്കാളും ബുദ്ധിമുട്ടേറിയ ജോലി. പോലീസുകാരുടെ കണ്ണ് വെട്ടിച്ച് ഇതിവിടെ എത്തിച്ച തനിക്ക് ഞാന്‍ അര്‍ഹിക്കുന്ന പ്രതിഫലം തരുന്നതാണ്”

കള്ളക്കടത്തുകാരന്‍ ബോസ്സിന് വന്ദനം പറഞ്ഞു നടന്നു നീങ്ങുന്നു.
ഗുണ്ട ബിനു ആ ബാഗ്‌ നെഞ്ചോട്‌ ചേര്‍ത്ത് പൊട്ടിച്ചിരിക്കുന്നു.

”ഹാ ഹാ ഹാ! “ (സ്ഥിരം ക്ലീഷേ)

ഈ സീന്‍ ഇവിടെ തീരുന്നു.
എന്നാലും ഇത്രയും ബുദ്ധിമുട്ടി, കഷ്ട്ടപെട്ടു കടത്തിയ ആ ബാഗില്‍ എന്തായിരിക്കും !? ചോദ്യം വായനക്കാര്‍ക്ക് വിട്ടുകൊണ്ട് ഇന്റര്‍വെല്‍


Scene 3 : 
          തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍. കലിപ്പ് സീന്‍. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന SI ഉണ്ടക്കണ്ണന്‍ ടിന്റുമോന്‍, രാവിലെ കുളിക്കാന്‍ വെള്ളം ചൂടാക്കിതരാത്ത ഭാര്യയോടുള്ള ദേഷ്യം, കൈയില്‍ കിട്ടിയ പെറ്റി കള്ളന്മാരുടെ നെഞ്ചുംകൂട്ടില്‍ തീര്‍ക്കുന്നു. ഈ സമയം നമ്മുടെ കഥാ നായകന്‍ അവിടേക്ക് കടന്നു ചെല്ലുന്നു. ഇന്നലെ താന്‍ കണ്ട കള്ളക്കടത്തുകാരെ പറ്റിയുള്ള വിവരം SI-യുടെ കാതില്‍ പതുക്കെ മൊഴിയുന്നു. ടിന്റു ഉടന്‍ തന്നെ അമേരിക്കന്‍ ജങ്ങ്ഷനില്‍ കള്ളന്മ്മാരെ പിടിക്കാന്‍ പോയ CID ദാസനെയും, വിജയനെയും ഫോണില്‍ ബന്ധപ്പെടുന്നു.

“ഗുണ്ട ബിനുവിന്റെ കൈയില്‍ ഏതോ രഹസ്യ സാധനം അടങ്ങിയ ബാഗ്‌ കിട്ടിയിട്ടുണ്ട്. നിങ്ങള്‍ ഉടന്‍ തന്നെ അത് കണ്ടെത്തി തൊണ്ടി പിടിച്ചെടുക്കണം”

അക്കാര്യം ഞങള്‍ ഏറ്റു എന്ന് പറഞ്ഞു CID-കള്‍ ഫോണ്‍ കട്ട്‌ ചെയ്യുന്നു.


Scene 4 : 
          ഏതാനും ദിവസങ്ങള്‍ക്കു ശേഷം, ഗുണ്ട ബിനുവിന്റെ സങ്കേതം. ശമ്പളം കൊടുക്കാത്തതുകൊണ്ട് ഡാന്സുകാരി രാജി വച്ച് പോയതിനാല്, ഇന്നിവിടെ കാബറെ ഇല്ല. ആട്ടുകട്ടിലില്‍ മലര്‍ന്നു കിടന്നു കൂര്‍ക്കം വലിച്ചുറങ്ങുന്ന ബിനു. ചുറ്റും കൊമ്പന്‍ മീശക്കാരായ കൊള്ളക്കാര്‍ ഊഴമിട്ട്‌ കാവല്‍ നിക്കുന്നു. ദാസനും , വിജയനും ഒച്ചയുണ്ടാക്കാതെ അവിടേക്ക് ഒളിച്ചു കയറുന്നു. ആരും കാണാതെ അവര്‍ ആ ബാഗ്‌ കണ്ടെത്തുന്നു. എന്താണ് ഉള്ളില്‍ ഉള്ളതെന്ന് നോക്കാനായി ബാഗ് പതുക്കെ തുറക്കാന്‍ തുടങ്ങി. പെട്ടന്ന് ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് അവര്‍ ഞെട്ടി തിരിഞ്ഞു നോക്കി.

“ഹാ ഹാ ഹാ എന്റെ കൊള്ള സങ്കേതത്തില്‍ വന്നവരാരും ജീവനോടെ തിരിച്ചു പോയിട്ടില്ല. ഇന്നെന്റെ മുതലക്കുഞ്ഞുങ്ങളുടെ കാര്യം കുശാലായി.” (വീണ്ടും ക്ലീഷേ)

“പെട്ടല്ലോ ദൈവമേ , ശോ! വരണ്ടായിരുന്നു” ദാസനും, വിജയനും മനസ്സില്‍ കരുതി. ഇന്ന് രണ്ടു പേരും പടമായത് തന്നെ.

“ഡിഷും, അറ്റാക്ക്.!”

ഇത്തവണ ഞെട്ടിയത് ഗുണ്ട ബിനുവായിരുന്നു. അതാ SI ടിന്റുമോനും സംഘവും അവിടേക്ക് ഇരച്ചു കേറുന്നു. പിന്നെ നടന്ന കാര്യങ്ങള്‍ ഇവിടെ വിവരിക്കുന്നതിലും നല്ലത്, അമല്‍ നീരദിന്റെ ഏതെങ്കിലും സിനിമ കാണുന്നതായിരിക്കും.

ഒരു വെടി, രണ്ടു വെടി, മൂന്നു വെടി.....തുരു തുരാ വെടികള്‍. ആകെ മൊത്തം അടി, ഇടി, വെടി, പുക മയം. അവസാനം എല്ലാ സിനിമയിലും കാണുന്നതുപോലെ CID-കള്‍ ബാഗുമായി മടങ്ങുന്നു.
പിന്നില്‍ അടിയും, ഇടിയും, വെടിയും കൊണ്ടവശനായ ഗുണ്ട ബിനുവിന്റെ ദീന രോദനം.

“അണ്ണാ അണ്ണാ, പ്ലീസ് അതെടുക്കരുത്. എന്റെ ശവത്തില്‍ ചവിട്ടിയെ നിങ്ങക്കത് കൊണ്ടു പോകാന്‍ പറ്റൂ.!”

ഓഹോ, അത്രയ്ക്കും വിലപിടിപ്പുള്ള എന്താകും ഇതിനുള്ളില്‍. CID-കള്‍ തികഞ്ഞ ആകാംഷയോടുകൂടി ബാഗ് തുറന്നു പരിശോധിക്കാന്‍ തീരുമാനിച്ചു.

തുറന്നപ്പോള്‍ കണ്ട കാഴ്ച അവരെ കോരി തരിപ്പിച്ചു.

ബാഗിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചു വച്ച നിലയിൽ രണ്ടു പാക്കറ്റ് ‘മാഗി’ നൂഡില്‍സ് ...!!!

CID-മാര്‍ നടന്നു നീങ്ങുന്നു. പശ്ചാത്തലത്തില്‍ ഒഴിഞ്ഞ നൂഡില്‍സ് പാക്കറ്റുകള്‍ നെഞ്ചോടു ചേര്‍ത്ത് പൊട്ടിക്കരയുന്ന ഗുണ്ട ബിനുവിന്റെ ആര്‍ത്തനാദം.

 -   The  End -


സ്മരണാഞ്ജലി

          എന്നിലെ പാചകക്കാരനെ വളര്‍ത്തി വലുതാക്കിയ, മാഗിയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ഒരായിരം അശ്രുപുഷ്പങ്ങള്‍.

നൂഡില്‍സ് നിരോധിക്കേണ്ട ആവശ്യമുണ്ടോ?

പുതിയ തലമുറയില്‍ ഗുണ്ട ബിനുവിനെ പോലുള്ള നൂഡില്‍സ് കള്ളക്കടത്തുകാര്‍ വളര്‍ന്നു വരാതിരിക്കാന്‍ ഏതോ ഒരു സഖാവ് പണ്ട് പറഞ്ഞത് പോലെ ‘മാഗി ആരോഗ്യത്തിനു ഹാനികരം’ എന്നാ സ്റ്റിക്കര്‍ ഒട്ടിച്ചു വിറ്റാല്‍ പോരെ?.

ഉണരൂ ഉപഭോക്താവേ ഉണരൂ.! ചിന്തിക്കൂ, പ്രതികരിക്കൂ..!


No comments:

Post a Comment

Please add your comment here...