Tuesday, July 28, 2015

സൈക്കിള്‍ യജ്ഞം - A Travelogue



   


Bicycle Trip to Shivaganga, near Tumkur

          ഒരു വ്യാഴായ്ച്ച വൈകുന്നേരം ആരുടെയോ തലയില്‍ ഉദിച്ച ഒരു ബ്രഹ്മാണ്ടന്‍ ആശയമായിരുന്നു സൈക്കിളില്‍ ഒരു ട്രിപ്പ്‌ പോവുക എന്നുള്ളത്. അങ്ങനെ ഞങ്ങള്‍ നടത്തിയ ഒരു സൈക്കിള്‍ യാത്രയുടെ സചിത്ര വിവരണമാണ് ഈ പോസ്റ്റ്.


   
     ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സമയം. സാധാരണയായി എല്ലാ ദിവസവും വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി ഒരുമിച്ച് ഒരു ചായയും കുടിച്ചാണ് ഞാനും കോഴിക്കോട്ടുകാരന്‍ ലിതിനും, അമ്മാവന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന തൃശ്ശൂര്‍ക്കാരന്‍ മ്മടെ സ്വന്തം ഗഡി അര്‍ജുനും അവനവന്മാരുടെ വീടുകളിലേക്ക് പോയിരുന്നത്. ഇടക്കൊക്കെ ഞങ്ങടെയെല്ലാം ആശാനായ രഘു അണ്ണനും കൂടെ ഉണ്ടാകും. രഘു അണ്ണന്‍ പഴയ നേവിക്കാരനാണ്‌. പക്ഷെ എന്താന്നറിയില്ല പുള്ളി പട്ടാളത്തിലെ വീര സാഹസിക കഥകളൊന്നും അധികം ഞങ്ങടെ എടുത്തു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അണ്ണന്‍ പട്ടാളത്തില്‍ ചപ്പാത്തി പരത്താനാണോ പോയത് എന്ന സംശയം നോമിന് ഇല്ലാതില്ല. ലിതിനും അര്‍ജുനനും സഹ മുറിയന്മാരാണ്. ഞാന്‍ ഒറ്റക്കായിരുന്നു താമസമെങ്കിലും, ഇടയ്ക്കിടെ അര്‍ജുന്റെയും, ലിതിന്‍റെയും വീട്ടില്‍ കുടിയേറി പാര്‍ക്കാറുണ്ടായിരുന്നു.
          
          അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരത്തെ ചായ കുടിക്കിടെ ആരോ പറഞ്ഞ ഒരാശയമാണ് സൈക്കിളില്‍ ഒരു യാത്ര എന്നുള്ളത്. പക്ഷെ ആരുടെ കൈയിലും സൈക്കിള്‍ ഇല്ല. ബംഗ്ലൂരില്‍ സൈക്കിള്‍ വാടകക്ക് കിട്ടും എന്ന കാര്യം ഗൂഗിള്‍ മാമനാണ് പിന്നീട് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. 
Bicycle Trip to Shivaganga, Near Tumkur
            ഗൂഗിളിന്റെ സഹായത്താൽ സൈക്കിള്‍ വാടകയ്ക്ക് കിട്ടുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. പക്ഷെ ഈ ആശയം കേട്ട മാത്രയില്‍ തന്നെ അര്‍ജുന്‍ ബ്രോ പിന്മാറി. കുറ്റം പറയരുതല്ലോ, അമ്മാവന്‍ ആളൊരിത്തിരി പേടി തൊണ്ടനാ. 

  ഇനി പോകാനുള്ള സ്ഥലം തെരഞ്ഞെടുക്കണം. ബാംഗ്ലൂര്‍ മുതല്‍ മൈസൂര്‍ വരെ പോയാലോന്ന്‍ ലിതിന് ഒരാഗ്രഹം. യുവാക്കള്‍ സ്വപ്നം കാണണം എന്നാണ് എ പി ജെ അബ്ദുല്‍ കലാം പറഞ്ഞത്. അതുകൊണ്ട് മൈസൂര്‍ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. അവസാനം ദീര്‍ഘ നേര ചര്‍ച്ചകള്‍ക്കൊടുവില്‍ തുംകൂറിനടുത്തുള്ള ശിവഗംഗ എല്ലാവരും ശബ്ദ വോട്ടോടെ തെരെഞ്ഞെടുത്തു. പിന്നീടെല്ലാം പെട്ടന്നായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം തന്നെ സൈക്കിള്‍ റെഡി. 
Bicycle Trip to Shivaganga, Tumkur

          ശനിയാഴ്ച രാവിലെ 5 മണിയോട് കൂടി ഞങ്ങളുടെ സൈക്കിള്‍ യജ്ഞം ആരംഭിച്ചു. ബംഗ്ലൂരില്‍ നിന്ന്‍ ശിവഗംഗ പോയി വരാന്‍ ഏകദേശം 100 കിലോ മീറ്ററിലധികം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. പക്ഷെ തുംകൂര്‍ ഹൈവേയില്‍ ഒരു രണ്ടു കിലോമീറ്റര്‍ പോലും പോയിക്കാണില്ല രഘു അണ്ണന്‍റെ സൈക്കിള്‍ ഓട്ടം നിര്‍ത്തി. ഭാഗ്യം.! വേറെ കുഴപ്പമൊന്നുമില്ല, ചെയിന്‍ വിട്ടതാണ്. അഞ്ചു മിനിട്ടുകൊണ്ട് പ്രശ്നം പരിഹരിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. പിന്നീട് എവിടെയും അധിക നേരം നിര്‍ത്തേണ്ടി വന്നില്ല. രാവിലത്തെ തണുത്ത കാലാവസ്ഥയില്‍ ഒരു ക്ഷീണവും തോന്നിയതുമില്ല.

    ഇനി ശിവഗംഗയെക്കുറിച്ച്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ സ്ഥലം ബംഗ്ലൂരില്‍ നിന്നകലെ, തുംകൂരിനടുത്താണ് സ്ഥിതി ചെയ്യുന്നത്.ഏകദേശം 1400 മീറ്ററോളം ഉയരമുള്ള ഈ കുന്നിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള നന്ദീശ്വര പ്രതിമയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. മുകളിലേക്കു കയറാന്‍ കല്ലില്‍ കൊത്തിയ സ്റെപ്പുകള്‍ ഉണ്ട്. ട്രക്കിങ്ങിനായും, ക്ഷേത്ര ദര്‍ശനതിനായും ധാരാളം പേര്‍ ഇവിടെ വന്നു പോകാറുണ്ട്.

Nandhi Statue
        20 കിലോമീറ്ററോളം സഞ്ചരിച്ചു പ്രഭാത ഭക്ഷണത്തിനായി ഞങ്ങള്‍ ആദ്യത്തെ പിറ്റ് സ്റ്റോപ്പ്‌ എടുത്തു. റോഡ്‌ സൈഡിലെ തട്ടുകടയില്‍ നിന്ന് നല്ല ചൂടു പൂരിയും, വടയും കഴിച്ചു വീണ്ടും യാത്ര തുടര്‍ന്നു. ഏകദേശം ഉച്ചയോടെ ശിവഗംഗയുടെ താഴെയെത്തി.കുത്തനെയുള്ള പാറയിലൂടെ നടന്നു കയറിയാലേ മുകളില്‍ എത്തൂ. മുകളിലേക്കുള്ള വഴിയില്‍ അവിടിവിടങ്ങളിലായി കൂള്‍ ഡ്രിങ്ക്സും, വെള്ളവും, സ്നാക്സും കിട്ടുന്ന ചെറു കടകള്‍ ഉണ്ട്. വെയിലേറ്റു ക്ഷീണിക്കുമ്പോള്‍ ഇവിടങ്ങളില്‍ അല്‍പ്പ നേരം വിശ്രമിക്കുകയും ചെയ്യാം. 


             പകുതിയോളം കയറിയെങ്കിലും, സമയം അനുവദിക്കാത്തതിനാല്‍ പെട്ടാണ് തന്നെ തിരിച്ചിറങ്ങി. ഇപ്പൊ തിരിച്ചാലേ വൈകുന്നേരത്തോടെ വീടെത്താന്‍ പറ്റുള്ളൂ.
ശിവഗംഗ മഠത്തിലെ പ്രസാദ ഊണും കഴിച്ചു തിരിച്ചുള്ള യാത്ര തുടങ്ങി. പലയിടത്തും ഇടയ്ക്കിടെ നിര്‍ത്തി വിശ്രമിച്ചാണ് മടക്ക യാത്ര ചെയ്തത്. പോകുമ്പോളുള്ള ഉത്സാഹം തിരിച്ചു വരുമ്പോള്‍ ആരിലും കണ്ടില്ല. 
Bicycle Trip to Shivaganga

വെയില്‍ കനത്തിരുന്നു, ഒപ്പം റോഡിലെ ട്രാഫിക്കും. 5 മണിയോടെ ബംഗ്ലൂരിനോടടുത്തു. നെലമംഗല റിംഗ് റോഡിനടുത്തുള്ള പാര്‍ക്കില്‍ അര മണിക്കൂര്‍ വിശ്രമിച്ചു. തിരിച്ചു വീടെത്തുമ്പോഴേക്കും കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെയായി എല്ലാവരും. വീടെത്തേണ്ട താമസം, നേരെ ബെഡിലേക്ക് ചാഞ്ഞു. അങ്ങനെ മണിക്കൂറുകള്‍ നീണ്ട സൈക്കിള്‍ യജ്ഞം പരിസമാപ്തിയിലേക്ക്. പിറ്റേന്നു ഉച്ച വരെ കെടന്നുറങ്ങിയാണ് ഞങ്ങള്‍ യാത്രാ ക്ഷീണം മാറ്റിയത്.
.
Taking rest near Bangalore ring road
 അനുബന്ധം : തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഞാന്‍ എല്ലാവര്‍ക്കും സീറ്റില്‍ നിന്ന്‍ എഴുന്നേറ്റു ഗുഡ് മോര്‍ണിംഗ് പറഞ്ഞു. ബഹുമാനവും, വിനയവും കൊണ്ടായിരിക്കാം എന്നാരും തെറ്റിദ്ധരിക്കണ്ട. 10 മണിക്കൂറില്‍ അധികം സൈക്കിള്‍ സീറ്റില്‍ ഇരുന്നതിനാല്‍ എന്റെ സ്വന്തം സീറ്റില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍..!!


True Friendship : യാത്രക്കിടെ പകർത്തിയ ഒരു സൗഹൃദ കാഴ്ച
കൂടുതൽ ചിത്രങ്ങള്ക്ക് ഇവിടെ ക്ലിക്കുക 

No comments:

Post a Comment

Please add your comment here...