“മല മേലെ തിരി വച്ച് പെരിയാറിൻ തളയിട്ടു ചിരി തൂകും പെണ്ണല്ലേ ഇടുക്കി”
ഇടുക്കിയോടുള്ള മൊഹബത്ത് തൊടങ്ങിയിട്ട് കാലം കൊറച്ചായി. ആദ്യമായി മൂന്നാറു കണ്ട ദിവസം തന്നെ മനസ്സിൽ ഒറപ്പിച്ചതാ "തള്ളെ, ഒരു വരവും കൂടി വരണ്ടി വരും". ഇരവികുളവും , വാഗമണ്ണും , വട്ടവടയും , തേക്കടിയും , മാട്ടുപ്പെട്ടിയും , മീശപ്പുലിമലയും, പാമ്പാടുംചോലയും പിന്നീടുള്ള പല വരവുകളിലായി എന്റെ മനസ്സിലും , ക്യാമറയിലും പതിഞ്ഞു. ഇടുക്കിയുടെ പച്ചപ്പും , ഹരിതാഭയും വീണ്ടും വീണ്ടും മാടിവിളിച്ചുകൊണ്ടിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും പച്ചപ്പരവതാനി വിരിച്ച പോലെ, ഏലവും , കാപ്പിയും , തേയിലയും നിറഞ്ഞ വിള നിലങ്ങൾ. അതിനിടയിലൂടെ പതഞ്ഞൊഴുകുന്ന അരുവികളും , നീരുറവകളും. തലയുയർത്തിപ്പിടിച്ച കൊമ്പനെപ്പോലെ ഞെളിഞ്ഞു നിൽക്കുന്ന മലനിരകൾ. ഇടക്കിടെ ആർത്തലക്കുന്ന വെള്ളച്ചാട്ടങ്ങളും. പ്രകൃതീ ദേവി കനിഞ്ഞനുഗ്രഹിച്ച പോലൊരിടം.
പ്രകൃതി വിഭവങ്ങളുടെ ഇത്തരത്തിലുള്ള സമ്പന്നത തന്നെയാവണം നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറ്റക്കാരെ ഇടുക്കിയുടെ മണ്ണിലേക്ക് എത്തിച്ചത്. അവിടെ നിന്ന് തുടങ്ങുന്നു ഇടുക്കിയുടെ ചരിത്രം. അത് നാടുവാഴികളിലൂടെയും , രാജാക്കൻമാരിലൂടെയും , ബ്രിട്ടീഷുകാരിലൂടെയും കടന്നു ഇന്ന് കാണുന്ന ‘നവ’ ഇടുക്കിയിൽ ചെന്നെത്തി നിൽക്കുന്നു. 1972-ൽ ആണ് ഇടുക്കി എന്ന ജില്ല നിലവിൽ വന്നത്.
ഇടുക്കിയിലേക്കു യാത്ര ചെയ്യാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല. അങ്ങനെയിരിക്കെയാണ് സഹ്യന്റെ മടിത്തട്ടിലേക്ക് ഒരു യാത്രക്ക് കൂടി അവസരം ലഭിക്കുന്നത്. തിരുവനന്തപുരം സഞ്ചാരിയുടെ നേതൃത്വത്തിൽ നടത്തിയ
മാങ്കുളം ട്രിപ്പ്. ഈ യാത്രയുടെ ചെറിയ ഒരോർമ്മക്കുറിപ്പാണ് ഇവിടെ എഴുതുന്നത്. സഹിച്ചാലും
"അതേ .. ഞാൻ അടുത്താഴ്ച ഒന്ന് മാങ്കുളം വരെ പോകുവാ"
"മാങ്കുളോ ? അതേഡ്യാ ?"
“ഇടുക്കീലാ”
രണ്ടു സെക്കൻഡ് നിശബ്ദത
ഗംഗയിപ്പോ പോണ്ട എന്നൊരു മറുപടിയാണ് പ്രതീക്ഷിച്ചതു. പണ്ടേ അങ്ങനാ. പോത്തുപോലെ ഞാൻ വളർന്നെങ്കിലും ന്റെ സുമതിക്കുട്ടിക്ക് ന്നെ എങ്ങോട്ടേലും ഒറ്റക്ക് വിടുന്നത് ഭയങ്കര പേട്യാ. അല്ലേലും എല്ലാരുടെ അമ്മമാരും ഇങ്ങനെത്തന്നെയല്ലേ. വേറൊന്നും കൊണ്ടല്ലല്ലോ സ്നേഹം കൊണ്ടല്ലേ. പക്ഷെ ചന്ദ്രേട്ടൻ കട്ടക്ക് കൂടെ നിന്നപ്പോ പേടിയെല്ലാം അലിഞ്ഞില്ലാതായി, എവിടെ ചെന്നാലും വെള്ളത്തിൽ ഇറങ്ങരുത് എന്ന ഡിമാന്റിൽ സമ്മതം തന്നു.
മാങ്കുളം യാത്ര പ്ലാൻ ചെയ്തത് മുതൽ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്. മഴ കാത്തു കഴിയുന്ന വേഴാമ്പൽ എന്നൊക്കെ കേട്ടിട്ടില്ലേ. ഏറെക്കൂറെ അതുപോലൊക്കെ തന്നെ. വെള്ളിയാഴ്ച രാത്രി മൂന്നാറിലേക്ക് പുറപ്പെടുന്ന ആനവണ്ടിയിൽ ഒരു സീറ്റ് ബുക്ക് ചെയ്തു. ലോകത്തു ഏതൊക്കെ വണ്ടിയിൽ യാത്ര ചെയ്താലും ഇതിൽ പോകുന്ന ഒരു സുഖം, അതൊന്നു വേറെ തന്ന്യാ ട്ടോ.
ഓഫീസിൽ വച്ച് മാങ്കുളം യാത്രയെപ്പറ്റി വീമ്പടിച്ചപ്പോഴാ മനസ്സിലായത് സഹ പണിയൻമ്മാരായ രണ്ടു മൂന്നു ഗഡീസ് കൂടെ വരുന്നുണ്ടത്രേ. ശെടാ ഇനി യാത്ര കഴിഞ്ഞു ഓഫീസിൽ ചെന്നൊന്നും തള്ളാൻ പറ്റില്ല. എല്ലാം ഇവന്മ്മാർ പൊളിച്ചടുക്കില്ലേ. ബ്ലഡി ഫെല്ലോസ്. ഇവരെ വളരാൻ അനുവദിച്ചുകൂടാ
വെള്ളിയാഴ്ച വൈകുന്നേരം അൽപ്പം നേരത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി. യാത്രക്കുള്ള സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു. തമ്പാനൂരിലേക്ക് ബസ്സു കയറി. ശ്രീകാര്യം എത്തിയപ്പോൾ ഭയങ്കര ട്രാഫിക്. റോഡ് ടാറിംഗ് നടക്കുകയാണ്. വലിയ വണ്ടികൾ കടത്തി വിടുന്നില്ല. ഞങ്ങളുടെ ഡ്രൈവർ ബസ്സു വഴി തിരിച്ചു വിട്ടു. ഡ്രൈവർക്കും , കണ്ടക്ടർക്കും തിരുവനന്തപുരത്തെ റോഡുകളെക്കുറിച്ച് വല്യ ധാരണയൊന്നുമില്ലെന്നു മനസ്സിലായി. അങ്ങനെ ചോയ്ച്ചു ചോയ്ച്ചോണ്ടു പോയി അവസാനം മുക്കാൽ മണിക്കൂറോളം ലേറ്റായി തമ്പാനൂരെത്തി. വീട്ടീന്ന് കുറച്ചു നേരത്തെ ഇറങ്ങാൻ തോന്നിയതു നന്നായി. അല്ലെങ്കിൽ മൂന്നാർ ബസ്സ് അതിന്റെവഴിക്ക് പോയേനെ.
ബസ്സിറങ്ങി നേരെ ചെന്നത് ഷാഹി ദർബാറിലേക്കാണ്. നല്ല വിശപ്പ് എന്തേലും കഴിക്കണം.
"എന്തുണ്ട്"
"കട്ടിങ്ങും , ഷേവിങ്ങും... സോറി ... ഹോങ്കോങ് സൂപ്പും , ഫ്രൈഡ് റൈസും "
"എന്നാൽ പോരട്ടെ രണ്ടും ഓരോ പ്ലേറ്റ്"
അങ്ങനെ ഡിന്നറുമടിച്ചു വിളമ്പിയ ചേട്ടനും പത്തു രൂപ ടിപ്സും കൊടുത്തു ഞാൻ അവിടുന്നിറങ്ങി. ആ പത്തു രൂപ സൂക്ഷിച്ചു ഉപയോഗിക്കണമെന്നും, ബാക്കി വരുന്നത് ബാങ്കിൽ ഇടണമെന്നും പ്രത്യേകം ഓർമ്മിപ്പിക്കാൻ മറന്നില്ല. അരുൺ, ആനന്ദ്, വിഷ്ണു, കൂടെ വരുന്ന മൂന്നുപേരെയും ബസ്സ്റ്റാൻഡിൽ വച്ച് കണ്ടുമുട്ടി. കൃത്യം 11 : 45 നു തന്നെ മൂന്നാർ ബസ്സ് സ്റ്റാൻഡിൽ നിന്നെടുത്തു.
എന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ചേട്ടൻ തിരുവനന്തപുരത്തു ജോലി ചെയ്യുന്ന അടിമാലിക്കാരനായ ഒരു KSRTC ഡ്രൈവർ ആയിരുന്നു. പേര് ഹരി. KSRTC യിൽ ജോലി കിട്ടുന്നതിന് മുൻപ് കക്ഷി ഇടുക്കി ഹൈറേഞ്ചിൽ തടിലോറി ഡ്രൈവർ ആയിരുന്നു. മരം കയറ്റാനായി ഒരുപാട് കാടുകൾ കയറി ഇറങ്ങിയിട്ടുണ്ട്. പുള്ളിക്കാരൻ മാങ്കുളത്തെക്കുറിച്ചും, ഒരു കാലത്തു ഫോർ വീൽ ഡ്രൈവ് ജീപ്പുകൾ മാത്രം പോയിരുന്ന മാങ്കുളത്തെ റോഡുകളെ കുറിച്ചതും വാചാലനായി.
അടിപൊളി , ഇങ്ങനത്തെ ഒരാളെ നോക്കിയാണ് ഞാനിരുന്നത്. ഇതിപ്പോ വൈദ്യൻ കല്പിച്ചതും, രോഗി ഇച്ചിച്ചതും ഹൈറേഞ്ചു എന്ന് പറഞ്ഞതുപോലെ. മാങ്കുളം ഈയടുത്ത കാലത്തു മാത്രമാണ് പുറം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു തുടങ്ങിയത്. വർഷങ്ങൾക്കുമുൻപ് അടിമാലിയിൽ നിന്ന് മാങ്കുളം വരെയുള്ള പത്തുമുപ്പതോളം കിലോമീറ്ററുകൾ യാത്ര ചെയ്തു തിരിച്ചെത്താൻ ഏകദേശം ഒരു പകൽ മുഴുവൻ എടുത്തിരുന്നത്രെ.
രാവിലെ ആറോടുകൂടി ഞങ്ങൾ അടിമാലിയിലെത്തി. അവിടെ ഒരു റൂം എടുത്തു ഫ്രഷ് ആയി. തിരുവനന്തപുരത്തു നിന്ന് മാങ്കുളത്തേക്കു നേരിട്ട് ബസ്സില്ല. മൂന്നാറിലേക്കുള്ള ബസ്സു കയറി അടിമാലിയിലോ , കല്ലാറോ ഇറങ്ങുക, അവിടെ നിന്ന് വേണം മാങ്കുളം ബസ്സ് പിടിക്കാൻ.
അടിമാലി - മൂന്നാർ പാതയിൽ കല്ലാറിൽ നിന്ന് തിരിഞ്ഞു ഏകദേശം 20 കിലോമീറ്ററോളം സഞ്ചരിച്ചാൽ മാങ്കുളമെത്തും.പശ്ചിമഘട്ടത്തിൽ കുന്നുകളാൽ ചുറ്റപ്പെട്ടു കഴിയുന്ന ഒരു സുന്ദര പ്രദേശമാണിത്. പതിനയ്യായിരത്തിൽ താഴെ ആളുകളെ ഇവിടെ ജീവിക്കുന്നുള്ളൂ. പുരാവസ്തുപരമായി വളരെയധികം പ്രാധാന്യമുള്ള ഒരിടം കൂടിയാണിത്. എന്തെന്നാൽ 3000-ൽപ്പരം വര്ഷം പഴക്കമുള്ള മുനിയറകൾ ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ട്. സഹ്യപര്വ്വഴതത്തിന്റെ താഴ്വരയില്‍ തപസ്സുചെയ്യാനായി ഋഷിമാര്‍ നിര്‍മ്മിച്ചവയെന്ന് കരുതപ്പെട്ടുപോരുന്നവയാണ് ഈ ശിലാ നിർമ്മിതികൾ. പിന്നെ എടുത്തു പറയാനുള്ള വേറൊരു കാര്യം, വൈദ്യുതി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടിയ ഏഷ്യയിലെ ആദ്യ ഗ്രാമമാണിത്. സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മാങ്കുളം പഞ്ചായത്തു, മിച്ചം വരുന്നത് കേരളം സംസ്ഥാന വൈദ്യുതി ബോർഡിന് വിൽപ്പന നടത്തുന്നുമുണ്ട്.
|
Perumbankuthu falls |
ഒരേ സമയം മൂന്നു വ്യത്യസ്ത കാലാവസ്ഥകൾ അനുഭവിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഭൂമിശാസ്ത്രപരമായി മാങ്കുളത്തിനുള്ള ഏറ്റവും വലിയ പ്രത്യേകത. ഉഷ്ണവും , തണുപ്പും , അതു രണ്ടും കലർന്ന സമ്മിശ്ര അവസ്ഥയും മാങ്കുളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെടുന്നു. പ്രകൃതിയുടെ ഓരോ വികൃതികൾ. ആകെ മൊത്തം പറഞ്ഞാൽ ഒരു അഡാറ് ഐറ്റമാണ് ഈ പറഞ്ഞ മാങ്കുളം.
അടിമാലിയിൽ നിന്ന് മാങ്കുളത്തേക്കുള്ള ബസ്സ് യാത്ര വേറെ ലെവൽ ആണ്. കഷ്ട്ടിച്ചു ഒരു ബസ്സിന് മാത്രം പോകാൻ കഴിയുന്ന വഴി. പലവളവുകളും വളച്ചെടുക്കാൻ ഡ്രൈവർ നന്നേ പാടുപെടുന്നുണ്ടായിരുന്നു. വഴിയിൽ ചെറിയ വെള്ളച്ചാട്ടങ്ങളും , നീരൊഴുക്കുകളും കാണാനുണ്ടായിരുന്നു. ഒപ്പം നിബിഡ വനങ്ങൾ നിറഞ്ഞ കുന്നുകളും. ഏകദേശം ഒന്നര മണിക്കൂറുകൊണ്ട് ഞങ്ങൾ മാങ്കുളം ടൗണിൽ എത്തി. മാങ്കുളം -ആനക്കുളം റൂട്ടിലാണ് ഞങ്ങൾക്ക് പോകേണ്ട റിസോർട്ട് ഉള്ളത് (
Sky Valley Resort, Phone : 09562122111 | 09388866662). മാങ്കുളം ടൗണിൽ നിന്ന് ഉച്ചയൂണും കഴിച്ചു റിസോർട്ടിലേക്ക് നടന്നു. ഒരു മണിക്ക് എല്ലാരും റിസോർട്ടിൽ എത്തിച്ചേരണമെന്നാണ് പറഞ്ഞിരുന്നത്. പതിവുപോലെ എല്ലാരും "കൃത്യ സമയത്തു" തന്നെ വന്നു. ഏകദേശം 30-ഓളം സഞ്ചാരി മെംബേർസ് ഉണ്ടായിരുന്നു. ചില ആളുകളെയൊഴിച്ച് ബാക്കിയെല്ലാം കണ്ടു പരിചയമുള്ള മുഖങ്ങൾ തന്നെ. കൂടെ ലിജിച്ചേച്ചിയുടെ രണ്ടു കുസൃതിക്കുരുന്നുകളും. സോണറ്റും , തമന്നയും.
എന്തായാലും താമസിക്കാൻ കിട്ടിയിരിക്കുന്ന സ്ഥലം കെങ്കേമം. മാങ്കുളത്തെ കുന്നുകളുടെ മനോഹാരിത മുഴുവൻ ഒരു പനോരമയിൽ എന്ന പോലെ കാണാൻ കിട്ടുന്ന ഒരിടം. താഴെ വീതിയേറിയ ഒരു വെള്ളച്ചാട്ടവും, പക്ഷെ ഇപ്പൊ വെള്ളം കുറവാണ്. റിസോർട്ടിലെ വിശാലമായ കുന്നിന്ചെരുവിൽ തയ്യാറാക്കിയ ടെന്റുകളിലായിരുന്നു താമസം. വലിയ ടെന്റ് ആണ്. ഒരു നാലഞ്ചു പേർക്ക് സുഖമായി കിടക്കാം. അല്പനേരത്തെ വിശ്രമത്തിനു ശേഷം എല്ലാവരും ഒന്നുഷാറായി. നേരെ മാങ്കുളം ആറിന്റെ കരയിലേക്ക്. അതുവരെ വെള്ളം കാണാത്ത പലരും അന്ന് കുളിക്കാനിറങ്ങി. ഞാനും, അരുണും ,ആനന്ദും, വിഷ്ണുവും ഇതിനൊന്നും നിൽക്കാതെ വെള്ളം വറ്റിയ ആറിന്റെ കരയിലൂടെ നടന്നും. കുറെ ദൂരം നടന്നപ്പോ പൊട്ടിപ്പൊളിഞ്ഞ ഒരു പാലം കണ്ടു. അത് പഴയ കാലത്തു ബ്രിട്ടിഷുകാർ പണിതതാണിതെന്നു പിറ്റെന്നു സഫാരിക്ക് വന്ന ജീപ്പ് ഓടിച്ച ചേട്ടനാണ് പറഞ്ഞു തന്നത്. ഇരുട്ടാകാറായി, എല്ലാം കൂടെ ഒരു ഹൊറാർ ഫീൽ, പഴയ യക്ഷിപ്പടങ്ങളെല്ലാം ഒന്ന് മനസ്സിലൂടെ റീവൈൻഡ് അടിച്ചു പോയി. അതിനാൽ അവിടെ അധികം നിന്നില്ല.
അപ്പോഴാണ് ആനക്കുളത്തു വെള്ളം കുടിക്കാൻ ആനയിറങ്ങിയിട്ടുണ്ട് എന്നുള്ള വിവരം കിട്ടിയത്. ചലോ ആനക്കുളം. എല്ലാരും വണ്ടിയെടുത്തു റെഡിയായി. കാട്ടിൽ നിന്നിറങ്ങുന്ന ആനകൾ വെള്ളം കുടിക്കാൻ വരുന്ന കരിന്തിരിയാറിന്റെ ഒരു ചെറിയ കൈവഴിയുടെ തീരത്താണ് ആനക്കുളം. ഞങ്ങൾ എത്തുമോൾ സമയം രാത്രി ഏഴു മണി കഴിഞ്ഞിരുന്നു. നിരവധിയാളുകൾ ആനയെക്കാണാൻ എത്തിയിരുന്നു. ആനകൾ ഓരോരോ ഗ്രൂപ്പുകളായി വന്നു ഉപ്പുരസം നിറഞ്ഞ വെള്ളം കുടിച്ചു അൽപ്പനേരം അവിടെ ചിലവഴിച്ചു തിരിച്ചു പോകുന്നു. 'ഓരുവെള്ളം' എന്നാണ് ഇതിനെ ഇന്നാട്ടുകാർ പറയുന്നത്. ഓരോ ഗ്രൂപ്പിലും ചെറുതും വലുതുമായി ഏകദേശം പത്തോളം ആനകൾ ഉണ്ട്. ഒരു ഗ്രൂപ്പ് തിരിച്ചു കയറിയതിനു ശേഷമേ അടുത്ത ഗ്രൂപ്പ് വെള്ളത്തിൽ ഇറങ്ങുന്നുള്ളൂ. വെള്ളം കുടിച്ച ആനകൾ വെള്ളമടിച്ച ആളുകളെപ്പോലെ മത്തു പിടിച്ചു ഓരോരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത് കാണാൻ നല്ല രസമാണ്. ആനകളുടെ ഈ കാട്ടിക്കൂട്ടലുകൾ ബിവറേജിൽ ക്യൂ നിൽക്കുന്ന ആളുകളെ അനുസ്മരിപ്പിച്ചു. വണ്ടികളുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ആനകളെ കണ്ടു നിൽക്കുമ്പോഴാണ് ആരോ വിളിക്കുന്നതുപോലെ തോന്നിയത്. ഞാൻ തിരിഞ്ഞു നോക്കി. വിശപ്പിന്റെ വിളിയാണ്.
"അതെ എനിക്ക് വിശക്കണൂ"
ഈ വിളി കൂടെയുള്ള പലരും കേട്ടിരുന്നു. ഒരാനെയെത്തിന്നാനുള്ള വിശപ്പുണ്ട്. ഇനിയിപ്പോ ഇത് കേട്ടിട്ടാണോ എന്നറിയില്ല. വെള്ളം കുടിച്ചുകൊണ്ടിരുന്ന ആനക്കൂട്ടം കണ്ടം വഴി കാട് കയറി.
രാത്രി ഫുഡിന്റെ കൂടെ ഷാജിപാപ്പാന്റെ ബാർബർക്യൂ, ക്യാമ്പ് കത്തിക്കൽ അഥവാ ക്യാമ്പ് ഫയർ മുതലായ നവീന കലാ രൂപങ്ങളും ഒരുക്കിയിരുന്നു. അതിനുശേഷം പതിവുപരിപാടിയായ പരസ്പ്പരം പരിചയപ്പെടൽ അഥവാ തള്ളി മറിക്കലും ഉണ്ടായിരുന്നു. യാത്ര ക്ഷീണത്തിൽ തളർന്ന പലരും ഫുഡ് കഴിഞ്ഞ ഉടനെത്തന്നെ ടെന്റിൽ കൂടണഞ്ഞു. ഞാനും , വിഷ്ണുവും ആനന്ദും, രതീഷേട്ടന് ശിഷ്യപ്പെട്ട് സ്റ്റാർ ട്രെയിലിന്റെ പടം പിടിക്കാൻ ടെറസ്സിലേക്ക് കയറി. ആകാശഗംഗയും, താര പഥങ്ങളും സ്വപ്നം കണ്ട ഞങ്ങൾക്ക് മുന്നിലേക്ക് ഒരു ജ്യോതിയും വന്നില്ല. അവസാനം തെളിഞ്ഞു കാണാൻ പറ്റിയ ജൂപ്പിറ്ററിന്റെ രണ്ടു ഫോട്ടോയുമെടുത്തു ഞങ്ങൾ പെട്ടി മടക്കി. ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം. അപ്പോഴേക്ക് സമയം ഒരു മണി കഴിഞ്ഞിരുന്നു. ദൂരെ ഏതോ കുന്നിൽ അണയാത്ത ഒരു കാട്ടുതീ ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അലറിക്കരഞ്ഞ അലാറത്തെ ഓഫ് ചെയ്‌തത് വച്ച് ഞാനെണീറ്റു. കൂടെയുള്ള നാലെണ്ണവും കൂർക്കം വലിച്ചുറങ്ങുന്നു. ഒച്ചയുണ്ടാക്കാതെ പുറത്തിറങ്ങി. സൂര്യോദയത്തിന്റെ ഫോട്ടോ എടുക്കലാണ് ലക്‌ഷ്യം. ഇന്നലെ രാത്രി തന്നെ കിഴക്കു ദിശ എവിടെയാണെന്നൊക്കെ കണ്ടു പിടിച്ചു വച്ചിരുന്നു. പക്ഷെ വീണ്ടും ശശിയായി. രാവിലെ നോക്കുമ്പോ സൂര്യൻ ഉദിക്കുന്നില്ല. എന്താ കാര്യം. കിഴക്കു ഭാഗത്തു ഒരു വലിയ കുന്നുള്ള കാര്യം തലേന്ന് രാത്രി എന്റെ ശ്രദ്ധയിൽ പെട്ടില്ല. അതും താണ്ടി സൂര്യൻ മുകളിലെത്തണമെങ്കിൽ സമയം പത്തു-പതിനൊന്നാകും.
പക്ഷെ ഈ സങ്കടം ഒരു പത്തു മിനിറ്റിൽ മാറിക്കിട്ടി.
“എന്താ കഥ ? “
“ വേറൊന്നുമല്ല മ്മടെ ചൂളക്കാക്ക ”
" അതാരാ മോനെ ? മ്മടെ ഗഫൂർക്കായുടെ ആരേലുമാണോ ? "
അല്ല. ചൂളക്കാക്ക അഥാവാ ആംഗലേയത്തിൽ പറഞ്ഞാൽ Malabar Whistling Thrush.
ഭയങ്കര മിമിക്രിക്കാരനാണ്. നമ്മുടെ കുയിലിനെ പ്പോലെയുള്ള ഒരു പക്ഷിയാണ്. നല്ല വെറൈറ്റി ടൂണുകളിലും , ശബ്ദത്തിലും ചൂളമടിക്കും. ഞാനീ പഹയൻ ഇതുവരെ കണ്ടിട്ടില്ല. സൂര്യോദയം കാണാത്ത വിഷമത്തിൽ ടെന്റിലേക്കു നടന്നപ്പോൾ, സഞ്ചാരിയുടെ സ്വന്തം നാവികനായ രതീഷേട്ടനാണ് ഇതിന്റെ ശബ്ദം കേൾപ്പിച്ചു തന്നത്. താഴെ വെള്ളച്ചാട്ടത്തിനടുത്തു എവിടെയോ നിന്നാണ്. ഞാനും വിഷ്ണുവും വെള്ളച്ചാട്ടത്തിന്റെ സമീപത്തേക്ക് നടന്നു. കുറച്ചു ദൂരം ചെന്നപ്പോൾ നല്ല വ്യക്തമായി ആ മധുര സ്വരം കേൾക്കാനായി. ഞാൻ മൊബൈലെടുത്തു ശബ്ദം റെക്കോർഡ് ചെയ്തു.
തിരിച്ചു വരാൻ നോക്കുമ്പോൾ അതാ ദൂരെ വെള്ളച്ചാട്ടത്തിനു എന്തോ ഒരനക്കം. നീലഗിരി മാർട്ടിനെ പോലെ (Nilgiri marten). ഒരു വലിയ മരപ്പട്ടിയുടെ ആകാരം. അടിയിൽ ഇളം മഞ്ഞ രോമങ്ങൾ. അതെ നീലഗിരി മാർട്ടിൻ തന്നെ. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു സെക്കൻഡ് മാത്രമേ കണ്ടുള്ളൂ. അതുകൊണ്ടു ഉറപ്പിച്ചു പറയാൻ കഴിയില്ല. ദൈവമേ അത് നീലഗിരി മാർട്ടിൻ തന്നെയാകാണെ എന്ന് ഞാൻ പ്രാർത്ഥിച്ചു. കാരണം ഇതിനെ നേരിട്ട് കാണുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരേർപ്പാടാണ്. NA നസീറിക്കയെപ്പോലെയുള്ളവർ മാസങ്ങളോളം ഇവന്റെ ഫോട്ടോയെടുക്കാൻ കാട്ടിൽ തപസ്സിരുന്നിട്ടുണ്ട്.
രാവിലത്തെ കണി കൊള്ളാം. ഞാൻ കൃതാർത്ഥനായി.
ബ്രേക്ഫാസ്റ്റും കഴിച്ചു എല്ലാവരും ജീപ്പ് സഫാരിക്ക് റെഡിയായി.
ഇതിനിടയിൽ സോണറ്റും , തമന്നയും അവരുടെ കുസൃതികൾ മാക്സിമം ലെവലിലേക്ക് എത്തിച്ചിരുന്നു. തലേന്ന് വാങ്ങിച്ച വാട്ടർ ബലൂണുകളിൽ വെള്ളം നിറച്ചു മുന്നിൽ കണ്ടവരെയെല്ലാം എറിഞ്ഞുകൊണ്ട് അവരും തങ്ങളാൽ കഴിയുന്ന രീതിയിലുള്ള സംഭാവനകൾ ചെയ്തുകൊണ്ടിരുന്നു. സ്വന്തം അമ്മയെപ്പോലും വെറുതെ വിട്ടില്ല ആ കാപാലികർ. എന്താല്ലേ ?
നാലു ജീപ്പുകൾ ഞങ്ങളെയും കൊണ്ട് പഴയ മൂന്നാർ - ആലുവ റൂട്ടിലൂടെ മുന്നോട്ടുരുണ്ടു. മുന്നാറിൽ നിന്ന് ആലുവ വരെ ഉണ്ടായിരുന്ന ഈ റോഡ് 1924-ലെ മഹാ പ്രളയത്തിൽ ഒലിച്ചു പോയതാണ്. ഇന്നും ഈ റൂട്ടിൽ ആളുകൾ ഓഫ്‌റോഡ് യാത്ര പോകാറുണ്ട്. ആനക്കുളം കഴിഞ്ഞാൽ പലയിടത്തും റോഡ് തോടായിക്കിടക്കുകയാണ്
ഞങ്ങള് ഈ പാതയിൽ അധികനേരം പോയില്ല. പെരുമ്പൻകുത്ത് വെള്ളച്ചാട്ടമായിരുന്നു ലക്‌ഷ്യം. മാങ്കുളത്തുകാരനായ ബെന്നിച്ചേട്ടന്റെ വണ്ടിയിലാണ് ഞാൻ കയറിയത്. മാങ്കുളത്തു ഓഫ്‌റോഡ് പോകാൻ താല്പര്യമുള്ള ആളുകൾക്ക് ചേട്ടനെ നേരിട്ട് വിളിക്കാവുന്നതാണ്. ഫോൺ നമ്പർ : 94950 79224. ഇടുക്കിയിലെത്തനെ ഒരു വലിയ വെള്ളച്ചാട്ടമാണ് പെരുമ്പൻകുത്ത്. പക്ഷെ ഇപ്പൊ വെള്ളം കുറവായതിനാൽ സട പോയ സിംഹത്തെപ്പോലെ ഇരുപ്പാണ്. മാങ്കുളം ആറിലാണ് ഈ വെള്ളച്ചാട്ടമുള്ളതു. ഇതിന്റെ തുടർച്ച നേരെ കരിന്തിരിയാറിൽ ചെന്ന് ചേരുന്നു. ഫോട്ടോ എടുക്കൽ വീക്നെസ് ആയ ഗ്രൂപ്പ് മെംബേർസ് പല പോസ്സുകളിൽ മാറി മാറി ഫോട്ടോ എടുത്തു ദൃതങ്കപുളകിതരായി.
തുടർന്നുള്ള യാത്ര ആനക്കുളം റൂട്ടിൽ ആയിരുന്നു. ഈ വഴി ശരിക്കും ഒരു ഓഫ്‌റോഡ് ആയിരുന്നു. ഈറ്റച്ചെടികൾ വകഞ്ഞു മാറ്റിയിട്ട വഴികളിലൂടെ ഞങ്ങൾ മുന്നോട്ടു പോയി. പോകും വഴിയേ മാങ്കുളത്തെ രണ്ടു മൂന്നു ആദിവാസി സ്ത്രീകളെ വഴിയിൽ കണ്ടു. മാസത്തിലൊരിക്കൽ സാധനങ്ങൾ വാങ്ങാൻ മാത്രം കാടിനു പുറത്തിറങ്ങുന്നവരാണിവർ. നാടിന്റെ കാപട്യവും , കുടിലതയും അറിയാത്ത പാവങ്ങൾ. നാട്ടുകാരോട് ഇവർ മലയാളത്തിൽ സംസാരിക്കും. ഇവർക്കിടയിൽ ഉള്ള ആളുകൾ പരസ്പ്പരം സംസാരിക്കുന്നതു ലിപിയില്ലാത്ത വാഴമൊഴി ഭാഷയിലാണ്. ഇവർക്ക് മാത്രമറിയാവുന്ന ഭാഷ. ബെന്നിച്ചേട്ടൻ നല്ല ഒരു ഗൈഡും കൂടിയാണെന്ന് എനിക്ക് തോന്നി. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നുണ്ട്.
ചരിത്രം പരിശോധിച്ചാൽ 1800-കളിലാണ് മാങ്കുളത്തു കുടിയേറ്റം തുടങ്ങുന്നത്. എഡ്ഗർ സായിപ്പിന് വേണ്ടി റബ്ബർ തോട്ടമൊരുക്കാൻ വന്നവരായിരുന്നു ഇവിടുത്തെ ആദ്യകാല താമസക്കാർ. ഇന്നും ഏകദേശം പതിമൂന്നോളം ആദിവാസി ഊരുകൾ മാങ്കുളത്തിനും സമീപപ്രദേശങ്ങളിലുമായുണ്ട്. 1924-ലെ പേമാരിയും വെള്ളപ്പൊക്കവും മാങ്കുളത്തെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തി. നിരവധി ആളുകൾക്ക് ജീവൻ നഷ്ട്ടപ്പെട്ടു.പിന്നീട് ഇന്ന് കാണുന്ന രീതിയിലുള്ള കുടിയേറ്റം പുനരാരംഭിച്ചത് 1970-കളിലാണ്. കോട്ടയം ഭാഗത്തു നിന്നുള്ളവരായിരുന്നു ഇതിൽ സിംഹഭാഗവും.
പോകും വഴിയേ ഒരു ചെറിയ അരുവി മുറിച്ചു കടക്കാനുണ്ട്. അരുവിയിലെ പാറക്കല്ലുകൾക്കു മുകളിലൂടെ ബെന്നിച്ചേട്ടൻ തെന്നാതെ വണ്ടിയോടിച്ചു. പഴയൊരു ഫോർ വീൽ ജീപ്പായിരുന്നു അത്. ഫോർവീൽ മോഡിൽ ഇച്ചിരി സ്പീഡ് കുറവാണെങ്കിലും ഏതു കുന്നും കയറ്റവും ഇവൻ അനായാസേന കയറിപ്പോകും. അരുവിയുടെ കരയിൽ ഞങ്ങൾ വിശ്രമിച്ചു. പലരും അപ്പോഴേക്കും വെള്ളത്തിലിറങ്ങി കുളി തുടങ്ങിക്കഴിഞ്ഞിരുന്നു. വീട്ടിലായിരിക്കുമോ മാസത്തിലൊരിക്കലെങ്ങാനും ഒരു കപ്പു വെള്ളമെടുത്തു തലയിൽ കമിഴ്ത്തുന്ന ടീംസാ, ഇപ്പൊ ഓരോ മണിക്കൂറിലും കുളിയാ. വെള്ളത്തിലിറങ്ങില്ല എന്ന് സുമതിക്കുട്ടിക്ക് വാക്കു കൊടുത്തിരുന്നതിനാൽ ഞാൻ എല്ലായിടത്തും മാറി നിന്നു.
അരുവിക്കരയിലെ കുളിയാനന്തരം ജോർജിയാർ തൂക്കുപാലമായിരുന്നു അടുത്ത ലക്‌ഷ്യം. കരിന്തിരിയാറിനു കുറുകെ ഒരാൾവീതിയിലുള്ള ചെറിയ പാലമാണിത്. അതുവരെ പുലികളായി വന്നവർ പാലത്തിലൂടെ പേടിച്ചു എലികളെപ്പോലെ പോകുന്ന കാഴ്ച വളരെ നയനാന്ദകരമായി ഭവിച്ചു ;)
അടുത്ത കടയിലെ നാരങ്ങാ സോഡാ, കപ്പലണ്ടി മിട്ടായി, പഞ്ചാര മിട്ടായി ഇത്യാദികൾ നിമിഷ നേരം കൊണ്ട് കാലിയാക്കാൻ ഞങ്ങൾ ഒന്ന് ആഞ്ഞു ശ്രമിച്ചത് കൊണ്ട് സാധിച്ചു. ഇതിനിടയിൽ അഡ്മിൻ രാമേട്ടൻ ജീപ്പ് പഠിക്കാൻ ഒരു ചെറിയ ശ്രമം നടത്തിയത് അല്പനേരത്തേക്കു ഒരു ഉൽക്കണ്ഠ ഉണ്ടാക്കി. പിന്നെ മൂപ്പര് ഈ പോളീടെക്‌നിക്കിൽ ഒന്നും പഠിക്കാത്തതിനാൽ യന്ത്രങ്ങളുടെ പ്രവർത്തനം ശരിക്കറിയില്ലാന്നു തോന്നുന്നു.
വെള്ളച്ചാട്ടം എന്ന് പേരെഴുതി ഒട്ടിക്കേണ്ട ഒരിടം കൂടി കണ്ടു ഞങ്ങളുടെ ജീപ്പ് സഫാരി അങ്ങനെ ഒരു പരിസമാപ്തിയിൽ എത്തി. സമയം മൂന്നിനോടടുക്കുന്നു. വിശപ്പിന്റെ വിളി ഇന്നും വന്നു. ചോറും , ബീഫ് കറിയും, പയര് തോരനും പിന്നെ സാമ്പാർ എന്ന് ആരോ പേരിട്ട ഒരു കറിയും കൂട്ടി ഞങ്ങൾ വിശപ്പിന്റെ കോൾ നൈസ് ആയിട്ടങ്ങു കട്ട് ചെയ്തു.
ഇനി മടക്കം. തിരുവനന്തപുരത്തേക്കും, ഔദ്യോഗിക തിരക്കുകളിലേക്കും. എല്ലാരോടും വിട ചൊല്ലി അഞ്ചു മണിയുടെ അടിമാലി ബസ്സു പിടിക്കാൻ മാങ്കുളത്തെത്തി. അപ്പോഴാണറിഞ്ഞത് , അഞ്ചു മാണിയുടെ ട്രിപ്പ് ക്യാൻസൽ ചെയ്തിരിക്കുന്നു. ഇനി ആറരക്കാണ് ബസ്സ് അതും കല്ലാറ് വരെ മാത്രം. അങ്ങനെ ബസ്സ് സ്റ്റോപ്പിൽ ഈച്ചയടിച്ചിരിക്കുമ്പോഴാണ് അടുത്ത കടയിലെ ഷുക്കൂർ ഇക്കയെ പരിചയപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് 38 വര്ഷം മുൻപ് മാങ്കുളത്തേക്കു കുടിയേറിയ നവ കുടിയേറ്റക്കാരുടെ ഒരു പ്രതിനിധി. പഴയ ആലുവ - മൂന്നാർ പാതയെക്കുറിച്ച് ഇദ്ദേഹമാണ് ഞങ്ങൾക്ക് പറഞ്ഞു തന്നത്.
ഈ ചർച്ചക്കിടയിലാണ് 5:30-നു മാങ്കുളത്തു നിന്നും ആനക്കുളത്തേക്കു പോകുന്ന ബസ്സാണ് തിരിച്ചു ആറരക്ക് കല്ലാർ പോകുന്നതെന്ന് അറിയാൻ കഴിഞ്ഞത്. എന്നാ പിന്നെ ആ വണ്ടിയിൽ ആനക്കുളത്തേക്കു ഒന്നൂടെ പോയാലോ എന്ന് ഒരു ഉൾവിളി. ഇന്നലെ രാത്രിയാണ് ആനക്കുളത്തു ആനയെക്കണ്ടത്. ഇപ്പൊ പോയാൽ , ഭാഗ്യത്തിന് ഈ സമയം അവിടെ ആനയെങ്ങാനും ഉണ്ടെങ്കിൽ നല്ല പകൽ വെളിച്ചത്തിൽ കാണാൻ പറ്റും. അത് കഴിഞ്ഞു അതെ വണ്ടിയിൽ തന്നെ തിരിച്ചു പോകുകയും ചെയ്യാം. ഇനിയിപ്പോ ആനക്കുളം വരെ പോയി ഈ വണ്ടിയും ട്രിപ്പ് മുടക്കുമോ ? അങ്ങനെയാണെങ്കിൽ രാത്രി ആനക്കുളത്തു വല്ല കട വരാന്തയിലും കെടക്കേണ്ടി വരും. എന്ത് ചെയ്യും ? എന്തായാലും പോയി നോക്കാം , അഥവാ ബിരിയാണി കൊടുത്താലോ.
അങ്ങനെ ഷുക്കൂറിക്കയോട് യാത്ര പറഞ്ഞു ആനക്കുളം വണ്ടി പിടിച്ചു. കണ്ടക്ടറോട് ചോദിച്ചപ്പോ 5 മിനിട്ടു സമയം ആനക്കുളത്തു ബസ്സിന് സ്റ്റോപ്പ് ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. ആ അഞ്ചു മിനിറ്റിൽ, ദൈവമേ ഇത് വഴി വരണെ ആനകളെയും തെളിച്ചുകൊണ്ട് എന്ന് പ്രാർത്ഥിച്ചു പോയി. ആനക്കുളം എത്തിയപ്പോൾ കണ്ട ആ കാഴ്ച. അത് കണ്ടാ പിന്നെ വേറൊന്നും കാണാൻ പറ്റൂല്ല ന്റെ സാറേ. ആഡാർ ആനകൾ ഒരഞ്ചാറെണ്ണം നിന്ന് വെള്ളം കുടിച്ചു ചിൽ ചെയ്യുന്നു. ഓരുവെള്ളം കുടിച്ചു ആനന്ദിച്ചു നിൽക്കുകയാണവർ. ഇടക്കിടെ കുട്ടിക്കൊമ്പൻമ്മാർ ചില കുസൃതികൾ കാട്ടുന്നു. ക്യാമറക്കണ്ണുകൾ തുറന്നടഞ്ഞു. അന വന്നെന്നു പറഞ്ഞറിഞ്ഞു കൂടുതൽ ആളുകൾ അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അടുത്ത ക്ലിക്കിനു കാമറ സെറ്റു ചെയ്യുമ്പോഴേക്കും തിരിച്ചു പോകാനായി ബസ്സിന്റെ ഹോൺ മുഴങ്ങി.
ശുഭം.!!
വാൽക്കഷ്ണം:
ഇടുക്കിയുടെ വളർച്ചയുടെ ഏറിയ പങ്കും അവിടുത്തെ പ്രകൃതി വിഭവങ്ങളിൽ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. പൊന്നുവിളയിക്കാനുതകുന്ന മണ്ണും , വെള്ളവും , കാലാവസ്ഥയും ഏലത്തെയും , കാപ്പിയെയും , റബറിനെയും, തേയിലയെയും ഇടുക്കിയിൽ തഴച്ചു വളർത്തി. ഇത്യാദികൾ ഇടുക്കിയുടെ പ്രധാന സാമ്പത്തിക ശ്രോതസ്സുകളായി മാറി. എന്നാൽ ടൂറിസത്തിന്റെ വളർച്ച ഇടുക്കിയിൽ തുറന്നിട്ടത് പ്രകൃതി ചൂഷണത്തിന്റെ പുതിയൊരദ്ധ്യായമാണ്. പണം കണ്ടു മഞ്ഞളിച്ച നമ്മൾ പ്രകൃതിയുടെ മാറിൽ കോൺക്രീറ്റ് കാടിന്റെ വേരുകൾ ആഴ്ത്തിയിറക്കി. പരിസ്ഥിതിലോലമായ പലയിടങ്ങളിലും കൂറ്റൻ കെട്ടിടങ്ങൾ ഉയർന്നു. മരങ്ങൾ വെട്ടി നിരത്തി. ഒരിക്കൽ ഉദ്യാന നഗരം എന്നറിയപ്പെട്ടിരുന്ന ബെംഗളൂരുവിൽ മെട്രോ വികസനത്തിനായി വെട്ടി മുറിച്ച ആയിരക്കണക്കിന് മരങ്ങളോടൊപ്പം മാഞ്ഞുപോയത്ത് അവിടുത്തെ മഞ്ഞും , മഴയുമായിരുന്നു. ഈയവസ്ഥ നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സംഭവിക്കാതിരിക്കട്ടെ. ഉത്തരവാദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കേണ്ടത്തിന്റെ സമയം അതിക്രമിച്ചു കടന്നിരിക്കുന്നു. സഞ്ചാരികളായ നമുക്ക് നല്ലൊരു നാളെക്കായി പ്രത്യാശിക്കാം , പ്രവർത്തിക്കാം.