Monday, January 28, 2019

മഞ്ഞു തേടി മാഞ്ചോലയിലേക്ക്





"അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനം സഞ്ചരിച്ചു കൊണ്ടിരുന്നു. നഗര ഹൃദയത്തെ പിന്നിട്ട് അത് ഗ്രാമീണതയുടെ ബിംബങ്ങൾ പേറുന്ന മലയോര പാതയിലേക്ക് കടന്നു. തകർന്നടിഞ്ഞ ഏതോ പൗരാണിക നഗരത്തിന്റെ അവശിഷ്ടങ്ങൾപോലെ റോഡിൽ അങ്ങിങ്ങായി കുഴിയെടുത്തിട്ടിരിക്കുന്നു. ഞങ്ങളുടെ ഡ്രൈവർ അൽപ്പം അക്ഷമനാണെന്നു തോന്നുന്നു. അയാൾ  ഗട്ടറും , ഹമ്പും വക വെക്കാതെ വാഹനം പറപ്പിച്ചു, 'വേഗവും , ഭയങ്കരവും' എന്ന ലോകപ്രശസ്ത ആംഗലേയ സിനിമയിലെ നായകനെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ"

"എന്തുവാടെയ് ഇത്?!,  ഇയാളാര് സന്തോഷ് ജോർജ് കുളങ്ങരയോ?, ഓവറാക്കണ്ട സിമ്പിൾ ആയിട്ടങ്ങു പറഞ്ഞാ മതി "

"പുവർ ഗ്രാമവാസി റീഡേഴ്സ് , എന്റെ എഴുത്തിന്റെ  സ്റ്റാൻഡേർഡിലേക്ക് അവർക്കെന്തേ ഉയരാൻ കഴിയുന്നില്ല ?,  ബുക്കർ പ്രൈസിനുള്ള  അപ്ലിക്കേഷൻ ഉടൻ കൊടുക്കണം. എന്തായാലും പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു തരാം"

അപ്പൊ പറഞ്ഞു വരുന്നത് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ തിരുവനന്തപുരം സഞ്ചാരിയുടെ മാഞ്ചോല / മണിമുത്താർ യാത്രയെ കുറിച്ചാണ്. തുടക്കത്തിൽ മാഞ്ചോല ഹിൽസിലേക്കായിരുന്നു യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ടൈഗർ ബ്രീഡിങ് സീസൺ ആയതിനാൽ അവിടേക്ക് എൻട്രി പെർമിഷൻ കിട്ടിയില്ല. ഉടൻതന്നെ ട്രിപ്പ് അതിനടുത്തുള്ള മണിമുത്താറിലും , സമീപ പ്രദേശങ്ങളിലേക്കുമായി റീ റൂട്ട് ചെയ്തു. തിരുനെൽവേലിക്കടുത്ത് , അംബാസമുദ്രം താലൂക്കിലാണ് മണിമുത്താർ സ്ഥിതി ചെയ്യുന്നത്.
ഡ്രൈവർ വിജേഷേട്ടൻ എന്നെ കഴക്കൂട്ടത്തെ നിന്ന് പിക്ക് ചെയ്തു. പതിവുപോലെ എല്ലാവരും 'കൃത്യനിഷ്ഠ' പാലിച്ചതിനാൽ, വിചാരിച്ചതിലും ഒരു മണിക്കൂർ വൈകി ഏഴുമണിയോടെ തിരുവനന്തപുരം കാവടിയാറിൽ നിന്ന് യാത്ര തുടങ്ങി. കുട്ടികളടക്കം മൊത്തം 26 പേരുണ്ടായിരുന്നു. പാലോട് മഹാറാണിയിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. തെന്മല വഴി , പതിമൂന്നു കണ്ണറ പാലവും പിന്നിട്ടു തെങ്കാശി റൂട്ടിൽ ഞങ്ങളുടെ വണ്ടി മുന്നോട്ടു നീങ്ങി. പോകും വഴി ചെങ്കോട്ട-തിരുമല കുമാരസ്വാമി ടെംപിളിൽ കയറാൻ മറന്നില്ല. വണ്ടിയിൽ ഡാൻസും , പാട്ടുമായി സമയം പോയതേ അറിഞ്ഞില്ല. പഴയ കോളേജ് ടൂർ ഓർമകളിലേക്ക് അതെന്നെ കൊണ്ടെത്തിച്ചു. 
ഒരു മണിയോടെ കുട്രാലം എത്തി. ബ്രിന്ദാവൻ ഹോട്ടലിൽ നിന്ന് വയറു നിറയെ ബിരിയാണിയും കഴിച്ചു, നേരെ വെള്ളച്ചാട്ടത്തിലേക്ക് വണ്ടി വിട്ടു. സീൻ ശോകമാണ് , പേരിനു പോലും വെള്ളമില്ല. അതിനാൽ വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോലും നിന്നില്ല. ടിക്കറ്റു കാശ് തമിഴ്‌നാട് ടൂറിസത്തിനു സംഭാവന ചെയ്തു ഞങ്ങൾ വണ്ടി തിരിച്ചു. വെള്ളച്ചാട്ടത്തിൽ വെള്ളമില്ലാത്തതും, വരുന്നവഴി ടയറു പഞ്ചറായതും രാവിലെ ആദ്യമായി വണ്ടിയിൽ വലതുകാലെടുത്തു വച്ച മിമിയുടെ തലയിൽ വച്ചു കെട്ടിയപ്പോ ഒരു റിലാക്സേഷൻ  തോന്നി. വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന മറ്റു വാഹനങ്ങളെ ഉപദേശിച്ചു തിരിച്ചു വിട്ടുകൊണ്ട് ഞങൾ നാടിനു മാതൃകയായി. നാടിന്റെ യുവത്വം മാറ്റത്തിന്റെ പാതയിൽ. 
വൈകിട്ട് നാലുമണിയോട് കൂടി മണിമുത്താറിൽ എത്തി. RK Villa യിലാണ് താമസം ഒരുക്കിയിരിക്കുന്നത്. നീണ്ടു പരന്നു കിടക്കുന്നൊരു മാവിൻതോപ്പിനു നടുവിലാണ് ഞങ്ങളുടെ കോട്ടേജ്. അതിനപ്പുറം കാടാണ്. കോട്ടേജിന്റെ അതിരുകളിൽ ഇലക്ട്രിക്ക് ഫെൻസിങ് നൽകിയിട്ടുണ്ട്.  കാട്ടുമൃഗങ്ങൾ ഉള്ളിൽ കയറാതിരിക്കാനാണ്. അതിനു ചുറ്റും മിക്ക സമയങ്ങളിലും മയിലുകൾ കറങ്ങി നടക്കുന്നത് കാണാം. രാത്രിയിൽ മ്ലാവിനെയും കാണാൻ പറ്റി. പന്നികളുമുണ്ട് കുറച്ചേറെ. രാത്രിയായാൽ ചീവീടുകളുടെ കരച്ചിലല്ലാതെ മറ്റൊന്നും കേൾക്കാനില്ല. നഗരത്തിരക്കുകളിൽ നിന്ന് ഒളിച്ചോടാൻ പറ്റിയൊരിടം. 
SKJ നായർ എന്ന റിട്ടയേർഡ് മലയാളി എയർഫോഴ്സ് വിങ് കമാൻഡറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഒരു കൊമ്പൻ മീശയുമായി ടെന്റിൽ നിന്നിറങ്ങി വന്ന SKJ നായരെ നോക്കി ഒന്ന് ചിരിച്ചു എന്നല്ലാതെ , അങ്ങോട്ട് പോയി ഒന്നും മിണ്ടാൻ നിന്നില്ല. പട്ടാളകഥകളുടെ ഭാണ്ഡമെങ്ങാനും അറിയാതെ തുറന്നു പോയാലോ . അത് പേടിച്ചിട്ടാ. പക്ഷെ കോട്ടേജിലെ സഹായിയായ അനിൽ ചേട്ടൻ SKJ യുടെ വീര കഥകൾ നിർത്താതെ പറയുന്നുണ്ടായിരുന്നു. എല്ലാം  വെറും തള്ളുമാത്രമാകും എന്ന് വിചാരിച്ചു. പക്ഷെ ടൂറുകഴിഞ്ഞു വരുമ്പോൾ ഇദ്ദേഹത്തെപ്പറ്റി ഒന്നും ഗൂഗിൾ ചെയ്തു നോക്കി. അപ്പോഴാണ് അനിൽ ചേട്ടൻ പറഞ്ഞതിൽ അതിശയോക്തി ഒട്ടും തന്നെയില്ലായിരുന്നു എന്ന് മനസ്സിലായത്. ഇന്ത്യൻ എയർഫോഴ്സിൽ ആയിരക്കണക്കിന് കിലോമീറ്റര് ഫ്ലയിങ് റെക്കോർഡുള്ള ഒരു ഫൈറ്റർ പൈലറ്റ് ആയിരുന്നു Mr. നായർ. ഇപ്പോൾ നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷന്റെ (NAF) ഡയറക്ടർ ആണ്. 1986-88 കാലയളവിൽ ഇറാഖിൽ സദാം ഹുസൈന്റെ വ്യോമ സേനയെ പരിശീലിപ്പിക്കാൻ ഇന്ത്യയിൽ നിന്നയച്ച ചുരുക്കം ചില പൈലറ്റുമാരിൽ ഒരാളായിരുന്നു. 73 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് കോട്ടേജിനടുത്തായി ഒരു എയർ സ്ട്രിപ്പ് ഉണ്ട്. ഈ പ്രായത്തിലും SKJ അവിടെ വിമാനം പറത്തുകയും , പരിശീലനം നൽകുകയും ചെയ്യുന്നു. മൈക്രോ ലൈറ്സും, പവേർഡ് ഗ്ലൈഡേഴ്സും അടങ്ങിയ ആറോളം ചെറു വിമാനങ്ങൾ ഇവിടെ ഗ്യാരേജിൽ ഉണ്ട്. സ്വയം വിമാനം നിർമിച്ചു പറത്തിച്ച സജി തോമസിന്റെ ജീവിതത്തെ തിരശീലയിൽ കാണിച്ച  'വിമാനം' എന്ന ചലച്ചിത്രത്തിന് വേണ്ടി പൃഥ്വിരാജിന് ഫ്ലയിങ് ട്രെയിനിങ് കൊടുത്തത് ഇദ്ദേഹമായിരുന്നു എന്ന കാര്യം ഞാൻ ആശ്ചര്യത്തോട് കൂടിയാണ് വായിച്ചത്. ഇത്രയും യുണീക് ആയിട്ടുള്ളൊരു മനുഷ്യനെ പരിചയപ്പെടാതെ പോന്നതിൽ എനിക്കിപ്പോഴും കുറ്റബോധം തോന്നുന്നു.
വൈകുന്നേരത്തെ സമയംകൊല്ലലുകൾക്ക്  ശേഷം എല്ലാവരും രാത്രിയോടെ കോട്ടേജിന്റെ മുറ്റത്തു ക്യാമ്പ് ഫയർ ഒരുക്കി ഒത്തു കൂടി. 505 ദിവസത്തെ റോഡ് ട്രിപ്പ് കഴിഞ്ഞു തിരിച്ചെത്തിയ പ്രശോഭേട്ടനെ ആദരിച്ചു. പുതിയ സഞ്ചാരികളെ പരിചയപ്പെട്ടു. അതിനു ശേഷം വയറു നിറച്ചു ഭക്ഷണം കഴിച്ചു. ആകാശം നന്നായി തെളിഞ്ഞിരിക്കുന്നു. പ്രകാശ മലിനീകരണം ഒട്ടും തന്നെയില്ല. സ്‌കൈ ഫോട്ടോഗ്രാഫിക്ക് പറ്റും. ട്രൈപോഡ് എടുക്കാത്തതിൽ ഞാൻ പശ്ചാത്തപിച്ചു. യാത്രാ ക്ഷീണം നല്ലവണ്ണമുണ്ട്. നാളെ നേരത്തെ എണീറ്റ് കാഴ്ച കാണാനിറങ്ങാനുള്ളതാ. അതുകൊണ്ടു ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാൻ പോയി. കട്ടിലിൽ കിടന്നതേ ഓർമ്മയുള്ളു.

സമയം നട്ടപ്പാതിരയായിക്കാനും , എന്തോ ഒരു നിലവിളി ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. എന്താണ് മനസ്സിലായില്ല. ദൈവമേ ഇനി വല്ല കരടിയോ , കാട്ടുപോത്തോ മറ്റോ വഴി മാറി വന്നതാണോ ? ദേ വീണ്ടും ആ ശബ്ദം , ഭാഗ്യം ഹട്ടിൽ അടുത്ത ബെഡിൽ കിടന്ന അരുൺ ചേട്ടൻ ഉറക്കത്തിൽ സംസാരിച്ചതാണ്. വെറുതെ പേടിച്ചു. ഞാൻ തിരിഞ്ഞു കിടന്നു. പുറത്ത് മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു. 
രാവിലെ അഞ്ചു മണിക്കേ എഴുന്നേറ്റ് കുളിച്ചു കുട്ടപ്പനായി. വെളിച്ചം വീണപ്പോൾ പുറത്തിറങ്ങി നടന്നു. രെൻജിഷ് ബ്രോയും, അസ്‌ബറ ടീച്ചറും, ശിഫ ചേച്ചിയും കൂടെ വന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവരും എത്തി. കൂടെ ഗൈഡ് അനന്തുവും. കോട്ടേജിനു ചുറ്റുമുള്ള പാടത്തിലൂടെയും , പറമ്പിലൂടെയും അനന്തു ഞങ്ങളെ കൊണ്ട് പോയി. ബേർഡ് വാച്ച് ആണ് ലക്‌ഷ്യം. നിരാശപ്പെടേണ്ടി വന്നില്ല. കണ്ടതും കാണാത്തതുമായ ഒരുപാടിനം പക്ഷികൾ. ചുറ്റും കരിമ്പനകളും, പാടങ്ങളും നിറഞ്ഞ പ്രകൃതിഭംഗിയും. 
നടന്നു നടന്നു മണിമുത്താർ ഡാമിലെത്തി. ക്യാമറക്കു വിശ്രമിക്കാൻ അവസരം കൊടുത്തില്ല. ഇവിടെ തിരിഞ്ഞാലും മനോഹരമായ ഫ്രയിമുകൾ മാത്രം. അങ്ങനെ നാലു മണിക്കൂർ നീണ്ട നടത്തം അവസാനിപ്പിച്ചു ഞങ്ങൾ കോട്ടേജിലേക്ക് തിരിച്ചു. നല്ല ചൂട് ബ്രേക്ക്ഫാസ്റ്റ്  റെഡിയായിരുന്നു.
ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങാൻ ബാഗ് പാക്ക് ചെയ്തു. ഉച്ചയോടെ RK വില്ലയോട് വിട പറഞ്ഞു. പോകുന്നതിനു മുൻപായി ചെറു വിമാനങ്ങളുടെ കൂടെ കുറച്ചു ഫോട്ടോയെടുത്തു.

മടക്കയാത്രയിൽ മണിമുത്താർ വെള്ളച്ചാട്ടത്തിൽ പോയി. ചിലർ കുളിച്ചു. വെള്ളത്തിൽ ഇറങ്ങില്ലാന്ന് സുമതിക്കുട്ടിക്ക് വാക്കു കൊടുത്തതിനാൽ ഞാൻ ഇറങ്ങിയില്ല. സമയം രണ്ടു കഴിഞ്ഞിരുന്നു. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് തുടങ്ങിയിട്ടുണ്ട്. അൽപ്പസമയത്തിനകം മടങ്ങി. ഇനി നേരെ തിരുവനന്തപുരത്തേക്ക്. ഉച്ചഭക്ഷണം വൈകുന്നേരത്തേക്ക് വഴി മാറി. വരുന്ന വഴിയിൽ നല്ല പൊറോട്ടയും , ഓംലറ്റും കഴിച്ചു. രാത്രി ഒൻപതു മണിയോടെ കവടിയാറെത്തി. ഇനി വിട പറയലിന്റെ സമയമാണ്. രണ്ടു ദിവസത്തെ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഈ യാത്ര ഇവിടെ അവസാനിക്കുന്നു. വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ എല്ലാവരും വഴി പിരിഞ്ഞു.
വാൽക്കഷ്ണം : സിമ്പിൾ ആയിട്ട് എഴുതാൻ പറഞ്ഞതിനാൽ എന്റെ കഴിവുകൾ മുഴുവനായി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല , വായനക്കാർ ക്ഷമിച്ചാലും ;)

5 comments:

Please add your comment here...