ആന്ഡമാനിലെ ഞങ്ങളുടെ മൂന്നാം ദിനമാണിന്ന്. ഡ്രൈവർ രാവിലെ അഞ്ചരക്ക് ഹോട്ടലിൽ ഞങ്ങളെ പിക്ക് ചെയ്യാൻ എത്താമെന്നാണ് പറഞ്ഞിരുന്നത്. ഇത്ര പുലർച്ചെ എന്തിനാണാവോ പുറപ്പെടുന്നത് എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. എന്നാൽ കുളിച്ചു കുട്ടപ്പന്മാരായി ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോ പുറത്തു നല്ല വെളിച്ചം. നേരം പരപരാ വെളുത്തിരുന്നു. സമയം പക്ഷെ രാവിലെ അഞ്ച് കഴിഞ്ഞതേ ഉള്ളൂ. ഇവിടെ ഇങ്ങനെയാണ് അഞ്ച് -അഞ്ചരയോക്കെ ആകുമ്പോഴേക്കും നേരം വെളുക്കും. നേരത്തെ ഇറങ്ങിയതിനാൽ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് റെസ്റ്റോറന്റുകാർ പാക്ക് ചെയ്തു തന്നുവിടുകയാണുണ്ടായത്.
ഇപ്പോൾ നമ്മളെത്തിയിരിക്കുന്നത് പോർട്ട് ബ്ലെയർ ജെട്ടിയിലാണ്. ഇവിടെ നിന്നും നേരെ ഹാവ്ലോക്ക് ഐലണ്ടിലേക്കാണ് ഈ രാവിലത്തെ യാത്ര. പോർട്ട് ബ്ലെയർ ജെട്ടിയിൽ രാവിലെ അത്യാവശ്യം നല്ല തിരക്കുണ്ട്. ചെന്നെയിലേക്കുള്ള 'സ്വരാജ് ദ്വീപ്' എന്ന കൂറ്റൻ കപ്പൽ ഇവിടെ നങ്കൂരമിട്ടിരിക്കുന്നത് ദൂരെ നിന്ന് തന്നെ കാണാമായിരുന്നു. ഒരു കൊച്ചു എയർപോർട്ട് പോലെയാണ് ഇവിടുത്തെ ജെട്ടി. മെയിൻ ലാൻഡിലേക്കും, മറ്റു ഉപദ്വീപുകളിലേക്കുമുള്ള കപ്പൽ, ഫെറി മുതലായവ ഇവിടെ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. പോർട്ട് ബ്ലെയർ ജെട്ടിയിൽ നിന്ന് ഫെറിയിൽ കയറാനുള്ള ഏർപ്പാടുകൾ ഏകദേശം എയർപോർട്ട്-ൽ ഉള്ളതിന് സമാനമാണ്. ചെക്ക്ഇൻ, സെക്യൂരിറ്റി ചെക്ക് അങ്ങനെ എല്ലാം ഉണ്ട്. ബോർഡിങ് ഗേറ്റുകൾ അര മണിക്കൂർ മുൻപേ തന്നെ അടക്കും. അതിനാൽ ഫെറി സമയത്തിനും ഒരു മണിക്കൂർ മുൻപേ തന്നെ ജെട്ടിയിൽ എത്തുന്നതാണ് അഭികാമ്യം. ഇവിടെ നിന്നും ഹാവ്ലോക്ക്-ലേക്ക് ഏകദേശം എഴുപത് കിലോമീറ്ററോളം ദൂരമുണ്ട്. രണ്ട് മണിക്കൂറോളം യാത്രയുണ്ട്. അഞ്ചോളം പ്രൈവറ്റ് ഫെറി കമ്പനികളും , അതോടൊപ്പം ഗവണ്മെന്റ് ഫെറിയും ഇവിടെ നിന്നും ഹാവ്ലോക്ക് -ലേക്ക് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഏകദേശം 1500 മുതൽ 2000 രൂപ വരെയൊക്കെയാണ് പ്രൈവറ്റ് ഫെറി ടിക്കറ്റുനിരക്ക്. എന്നാൽ ഗവണ്മെന്റ് ഫെറിയാണെങ്കിൽ ഒരു അഞ്ഞൂറുരൂപയെ ആവുന്നുള്ളൂ. ഫെറി ടിക്കറ്റുകൾ മുൻകൂറായി ഓൺലൈൻ ബുക്ക് ചെയ്യാവുന്നതാണ്. ഞങ്ങൾ ഇന്ന് പോകുന്നത് ഗ്രീൻ ഓഷ്യൻ എന്ന കമ്പനിയുടെ ഫെറിയിലാണ്. ഹാവ്ലോക്ക്-ൽ നിന്ന് തിരിച്ചു വരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതും ഇതേ ഫെറിയിൽ തന്നെയാണ്. സെക്യൂരിറ്റി ചെക്കും കഴിഞ്ഞു ഞങ്ങൾ ഫെറിയിൽ കയറി. ഗ്രീൻ ഓഷ്യൻ-1 എന്ന ഈ ഫെറിയിൽ ഏകദേശം മുന്നൂറോളം പേർക്ക് കയറാൻ സാധിക്കും. ഡീലക്സ് , ലക്ഷുറി, റോയൽ എന്നിങ്ങനെ മൂന്നു ക്ലാസുകൾ ആണിതിൽ. ഞങൾ ഏറ്റവും താഴെയുള്ള ഡീലക്സ് ഡെക്കിൽ ആയിരുന്നു. ഡീലക്സ് ഡെക്ക് ഒരു ഓപ്പൺ ഏരിയ ആയിരുന്നില്ല. അതിനാൽ ഫെറി ചലിക്കുന്നുണ്ടോ എന്നൊന്നും അറിയാൻ സാധിച്ചിരുന്നില്ല. രണ്ട് മണിക്കൂർ എങ്ങനെ ഇത്തരത്തിൽ കഴിച്ചുകൂട്ടും എന്നാലോചിച്ചിരിക്കുമ്പോൾ ഇനി എല്ലാവര്ക്കും അപ്പർ ഡെക്കിലേക്ക് പോകാം എന്ന് പറഞ്ഞു കൊണ്ട് അന്നൗൺസ്‌മെന്റ് വന്നു. കേൾക്കേണ്ട താമസം എല്ലാരും മുകളിലേക്കോടി. ഫെറി കരയിൽ നിന്നും ഏറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. മുകളിലെ ഓപ്പൺ ഡെക്കിൽ എല്ലാവരും എത്തിച്ചേർന്നു. പാട്ടും , ഡാൻസുമായി കുറെ നേരം. ഇന്നലെ കണ്ട ഹൈദെരാബാദുകാരൻ കാർത്തിക്കിനെയും കുടുംബത്തെയും ഇവിടെയും കണ്ടു. കടലിലെ ആദ്യയാത്ര ഒരൊന്നൊന്നര അനുഭവമായിരുന്നു. ഒമ്പതുമണിയോടെ ഞങ്ങൾ ഹാവ്ലോക്ക്-ൽ എത്തി.
ഹാവ്ലോക്ക് ഐലൻഡ്
ഹാവ്ലോക്ക് ജെട്ടിയിൽ ഞങ്ങളെ പിക്ക് ചെയ്യാനായി റിസോർട്ടിലെ വണ്ടി വരും എന്ന് പറഞ്ഞിരുന്നു. ഡ്രൈവറുടെ നമ്പറും കൈയിൽ ഉണ്ട്. എന്നാൽ പുറത്തിറങ്ങി ഡ്രൈവറെ വിളിക്കാൻ നേരത്തു ഫോണിലൊന്നും റേഞ്ച് കിട്ടുന്നില്ല. സകല നാട്ടിലും , കുന്നിലും മലയിലും വരെ റേഞ്ച് കിട്ടിക്കൊണ്ടിരുന്ന ജിയോക്ക് പോലും ഇവിടെ ഒരു കട്ട പോലും റേഞ്ച് ഇല്ല. ഹാവ്ലോക്ക്-ൽ BSNL ആണ് താരം. ചിലയിടങ്ങളിൽ Airtel നും കവറേജ് ഉണ്ട്. മറ്റു നെറ്റ്‌വർക്കുകളൊന്നും ഇവിടെ കിട്ടില്ല. ജെട്ടിക്കു പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ പേരെഴുതിയ പ്ലക്കാർഡുമേന്തി ഡ്രൈവർ നിൽക്കുന്നുണ്ട്. അതുകൊണ്ട് ആളെ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ടി വന്നില്ല. കൃഷ്ണ എന്ന് പേര് പറഞ്ഞ ഒരു ബംഗാളി ഡ്രൈവർ ഞങ്ങളെ റിസോർട്ടിൽ എത്തിച്ചു. ഹാവ്ലോക്ക് ഒരു വളരെ ചെറിയ ദ്വീപാണ്. സ്വാതന്ത്ര്യാനന്തരം കുടിയേറിയ ബംഗാളി അഭയാര്ഥികളാണ് ഇവിടെ ഭൂരിഭാഗവും. ഒരു മെയിൻ ജംക്ഷനും അവിടെ നിന്ന് മൂന്ന് ദിശയിലേക്ക് ഉള്ള റോഡുകളും. ദ്വീപിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ കൂടിയാൽ ഒരു ഇരുപതു കിലോമീറ്റർ കാണും. ഇപ്പറഞ്ഞ ജങ്ഷനിലാണ് സ്‌കൂളും , പള്ളിയും , ബാങ്കുകളും, മാർക്കറ്റും എല്ലാം. ഒന്ന് ശ്രമിച്ചാൽ നടന്നു കാണാം ഈ ദ്വീപ് മുഴുവനായും. ഞങ്ങളുടെ റിസോർട്ട് മാനേജർ മലപ്പുറത്ത് വേരുകളുള്ള ഒരു മലയാളി ആണ്. എന്നാൽ ഞങ്ങൾ അവിടെ എത്തുമ്പോൾ പുള്ളി എന്തോ ആവശ്യാർഥം പോർട്ട് ബ്ലെയറിൽ പോയിരിക്കുകയായിരുന്നു. പകരം ആളുടെ സഹോദരനായിരുന്നു അവിടെ ഉണ്ടായിരുന്നത്.
രാധാനഗർ ബീച്ച്
ഉച്ചഭക്ഷണത്തിനു ശേഷം കൃഷ്ണ ഞങ്ങളെ രാധനാഗർ ബീച്ചിലേക്കാണ് കൊണ്ടുപോയത്. ആൾത്തിരക്കു കുറഞ്ഞ വിശാലമായ ഒരു ബീച്ചാണിത്. കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന ബീച്ച്. കരയിലേക്ക് ആഴം വളരെ കൂടുതലാണ്. അതിനാൽ തിരമാലകൾക്ക് ശക്തിയും കുറവാണ്. കുറെയേറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. മികച്ച രീതിയിൽ പരിപാലിച്ചു പോരുന്നൊരു ബീച്ചാണിത്. സന്ദർശകർ കുളിക്കാനും , ഫ്രഷ് ആകാനുമുള്ള നല്ല വൃത്തിയുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ഒരറ്റം മുതൽ മറ്റേ അറ്റം വരെ ബീച്ചുകളുള്ള കേരളത്തിൽ ഇത്തരം സൗകര്യങ്ങൾ എന്നെ വരേണ്ടതായിരുന്നു. ബീച്ചിലെ അർമ്മാദിക്കലിന് ശേഷം വെളിയിലെ ചായക്കടയിൽ നിന്ന് ഒരു ചായയും കുടിച്ചു തിരിച്ചു റിസോർട്ടിലേക്ക്.
ഇവിടെ സാധന സാമഗ്രികളുടെ വില പോർട്ബ്ലെയറിനേക്കാളും കൂടുതലാണ്. പാക്കറ്റ് സാധനങ്ങൾക്ക് പോലും MRP യെക്കാൾ അധികം വില നൽകണം. സന്ദർശകർക്കായി വാടകക്ക് ടൂ -വീലറുകൾ ഇവിടെ ലഭ്യമാണ്. കൂടാതെ ആൻഡമാൻ ടൂറിസം ഡിപ്പാർട്മെന്റിന്റെ AC ഇലക്ട്രിക്ക് ബസ്സുകൾ ദ്വീപിലുടനീളം ഓടുന്നുണ്ട്. പതിനഞ്ച് -ഇരുപതു മിനിറ്റ് ഇടവേളകളിൽ ബസ്സുണ്ട്. ഇത് ഇവിടുത്തെ ടാക്സി ഡ്രൈവർമാരെ നന്നായി ബാധിച്ചിട്ടുണ്ട്. കൃഷ്നയും ഇടക്കിടക്ക് അവരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. സമയം രാത്രിയായി. റിസോർട്ടിന് പുറത്തു ഒരു തമിഴ് റെസ്റ്റോറന്റ് ഞങ്ങൾ കണ്ടിരുന്നു. കുറെ ദിവസമായി മീനും ചിക്കനും കഴിക്കുന്നു. അതിനാൽ ഇന്നത്തെ ഡിന്നർ ഇവിടെ നിന്നാകാം എന്ന് കരുതി
നെമോ ബീച്ച്
പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു. നെമോ ബീച്ചിലേക്കാണ് നമ്മൾ പോകുന്നത്. പ്രശസ്തമായ 'Finding Nemo' എന്ന സിനിമയിലെ താരമായ ഓറഞ്ചു കളറുള്ള നെമോ ഫിഷുകൾ (Clown fish) ധാരാളമായിഇവിടെ കാണപ്പെടുന്നു. അതുകൊണ്ടാണ് ഈ ബീച്ചിന് ഈ പേര് വന്നത്. ഗോവിന്ദ് നഗർ ബീച്ച് എന്നാണ് ശരിക്കും പേര്. ഇതുകൂടാതെ ലൈറ്റ്ഹൌസ് ബീച്ച് എന്നും ചിലർ ഇതിനെ വിളിക്കാറുണ്ട്. പൊതുവെ പവിഴപ്പുറ്റുകൾക്കിടയിലാണ് Clown Fish-കൾ ജീവിക്കുന്നത്. നെമോ ബീച്ച് പവിഴപ്പുറ്റുകൾക്ക് ലോകപ്രശസ്തമാണ്. അതിനാൽ തന്നെ ഈയിടം സ്‌കൂബാ ഡൈവിംങിന് വളരെ അനുയോജ്യമാണ്. സമയം ആറുമണി ആയിട്ടില്ല. എന്നാലും ഇവിടെ സ്‌കൂബാ ചെയ്യാൻ ആളുകളുടെ തിരക്കായിരുന്നു. കടൽക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള സ്‌കൂബാ യാത്ര വളരെ നല്ലൊരു എക്സ്പീരിയൻസ് ആണ്. നെമോ ബീച്ചിൽ വച്ച് ഞങ്ങൾ രണ്ട് മലയാളികളെ പരിചയപ്പെട്ടു. ആരോമലും , അശ്വിനും. ആരോമൽ തിരുവന്തപുരത്തുകാരനാണ്. ഇവിടെ സ്കൂബ ഡൈവിംഗ് ഇൻസ്ട്രക്ടറായി ജോലി ചെയ്യുകയാണ്.
എലെഫന്റ്റ് ബീച്ച് (Elephant beach )
റിസോർട്ടിൽ നിന്ന് ബ്രേക്ഫാസ്റ്റും കഴിച്ചു അവിടെ നിന്ന് ഒരു സ്‌കൂട്ടറുമെടുത്ത് ഞങ്ങൾ അടുത്ത സ്ഥലം ലക്ഷ്യമാക്കി നീങ്ങി. ഹാവ്ലോക്ക് ജങ്ഷനിൽ നിന്ന് മൂന്നു വഴികളാണുള്ളത്. ഒന്ന് നേരെ ജെട്ടിയിലേക്ക്. മറ്റൊന്ന് ഇന്നലെ പോയ രാധാനാഗർ ബീച്ചിലേക്ക്. മൂന്നാമത്തേത് കാലാപത്ഥർ ബീച്ചിലേക്ക്. ഇന്നലെ രാധാനഗർ ബീച്ചിലേക്ക് പോകും വഴി ഒരിടത്തു കുറച്ചു വണ്ടികൾ പാർക്ക് ചെയ്തതായി കണ്ടിരുന്നു. ഡ്രൈവറോട് ചോദിച്ചപ്പോൾ അത് എലെഫന്റ്റ് ബീച്ചിലേക്കുള്ള ട്രെക്കിങ്ങ് പോയിന്റ്റ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങളുടെ ഇന്നത്തെ ലക്ഷ്യവും അത് തന്നെ ആയിരുന്നു. ഹാവ്ലോക്ക്-ലെ അതിമനോഹരമായ ഒരു ബീച്ചാണ് എലിഫന്റ്റ് ബീച്ച്. പ്രധാനമായും വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾക്കായുള്ള ഒരിടം. മുൻപ് ഈ ബീച്ചിൽ ആനകൾ ഉണ്ടായിരുന്നു. അങ്ങനെയാണ് എലിഫന്റ്റ് ബീച്ച് എന്ന പേര് വന്നത്. രണ്ട് രീതിയിലാണ് ഇങ്ങോട്ട് എത്തിച്ചേരേണ്ടത്. ഒന്ന് ഹാവ്ലോക്ക് ജെട്ടിയിൽ നിന്ന് ബോട്ടിൽ പോകാം. രണ്ടാമത്തേത് ട്രെക്ക് ചെയ്തു പോകലാണ്. ഇന്നലെ രാത്രി നല്ല മഴ പെയ്താൽ നടന്നു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്ന് ഡ്രൈവർ കൃഷ്ണ പറഞ്ഞിരുന്നു. എന്തായാലും ഒരു കൈ നോക്കാൻ ഞങ്ങൾ തീരുമാനിച്ചു. ട്രെക്കിങ്ങ് സ്റ്റാർട്ട് പോയിന്റിൽ വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നടക്കാൻ തുടങ്ങി. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ട്രെക്ക് ചെയ്യാനുണ്ട്. അതിൽ പകുതിയിലേറെ ദൂരം റിസേർവ് ഫോറെസ്റ്റിലൂടെയാണ്. മഴയില്ലാത്ത സമയത്ത് ഒരു മണിക്കൂറോളം എടുക്കും അങ്ങ് എലിഫന്റ്റ് ബീച്ച് വരെ ചെന്നെത്താൻ. വഴി അറിയാത്തതിനാൽ ഒരു ഗൈഡിനെ ഞങ്ങൾ കൂടെക്കൂട്ടി. പോകുന്ന വഴി ചളിനിറഞ്ഞതായതിനാൽ ചെരുപ്പഴിച്ചു എൻട്രൻസിൽ സൂക്ഷിക്കാൻ ഗൈഡ് പറഞ്ഞു. അങ്ങനെ നടത്തം തുടങ്ങി. റിസേർവ് ഫോറെസ്റ്റ് തുടങ്ങുന്നിടം മുതൽ വഴി മൊത്തം നല്ല ചളിയാണ്. ചളി എന്നൊക്കെ പറഞ്ഞാൽ മുട്ടറ്റം ആഴത്തിൽ. ഓരോ മീറ്ററും നടന്നു കേറാൻ മിനിറ്റുകൾ എടുത്തു. എന്നാലും നഗ്നപാദരായുള്ള മൺസൂൺ ട്രെക്കിങ്ങ് ഒരു പ്രത്യേക അനുഭവം ആയിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം എടുത്താണ് ഞങ്ങൾ എലിഫന്റ്റ് ബീച്ചിൽ എത്തിയത്. അവസാന 400 മീറ്റർ കണ്ടൽക്കാടുകൾക്കിടയിലൂടെയായിരുന്നു യാത്ര. ഇവിടുത്തെ കണ്ടൽച്ചെടിയുടെ വേരുകൾ കണ്ടാൽ ശരിക്കും കുറെ ആനകൾ കൂടിനിൽക്കുന്നത് പോലെ തോന്നിച്ചു. അവക്കിടയിൽ നിറയെ കുഞ്ഞൻ ഞണ്ടുകൾ ഓടിക്കളിക്കുന്നു. നീണ്ട ഒറ്റക്കാലുള്ള ഞണ്ടുകൾ. വൈകുന്നേരമായാൽ കണ്ടൽക്കാടുകൾക്കിടയിൽ വെള്ളം കയറും. അതിനാൽ ട്രെക്ക് ചെയ്തു പോകുന്നവർ ഒരു മൂന്നുമണിക്ക് മുന്നേ തന്നെ തിരിച്ചു പോകണം. അല്ലെങ്കില്പിന്നെ ബോട്ടുകാർ ചോദിക്കുന്ന കഴുത്തറപ്പൻ റേറ്റും കൊടുത്തു പോകേണ്ടി വരും.
നേരത്തെ പറഞ്ഞപോലെ അതിമനോഹരമായ ഒരു ബീച്ചാണ് എലിഫന്റ്റ് ബീച്ച്. നല്ല നീലനിറത്തിലുള്ള വെള്ളം. വളരെ നേർത്ത തിരമാലകൾ ബീച്ചിനെ ഒരു തടാകം കണക്കെ തോന്നിച്ചു. ആൻഡമാനിൽ ഓരോയിടത്തും ബീച്ചുകൾ വളരെ വ്യത്യസ്തങ്ങളാണ്. ഓരോന്നിനും ഓരോ പ്രത്യേകതകൾ ഉണ്ട്. സീ വാക്, സ്‌നോർക്കലിംഗ്, ബനാന റൈഡ്, ജെറ്റ് സ്കീ അങ്ങനെ ഒരുപാട് വാട്ടർ ആക്ടിവിറ്റികൾ ഇവിടെ ഉണ്ട്. ബീച്ചിൽ കുറെ നേരം ചിലവഴിച്ചു, സ്‌നോർക്കലിംഗും ചെയ്തു ഞങ്ങൾ തിരിച്ചു നടന്നു. ട്രെക്കിങ്ങ് സ്റ്റാർട്ട് പോയിന്റിൽ തിരിച്ചെത്തുമ്പോഴേക്കും സമയം നാലായിരുന്നു. അടുത്തുള്ള അരുവിയിൽ ചെന്ന് കൈയിലെയും, കാലിലെയും ചെളിയൊക്കെ കഴുകിക്കളഞ്ഞു. ഊണ് കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ട്. നേരെ രാധാനഗർ ബീച്ചിലേക്ക് വച്ചുപിടിച്ചു. അവിടുന്നു ഫിഷ് താലിയും കഴിച്ചു റിസോർട്ടിലേക്ക് തിരിച്ചു വണ്ടി വിട്ടു. സമയം ഇരുട്ടി. നാളെ ഹാവ്ലോക്ക്ലെ അവസാന ദിവസമാണ്. കാലാപത്ഥർ ബീച്ചാണ് നാളത്തെ ലക്‌ഷ്യം
(തുടരും)
No comments:
Post a Comment
Please add your comment here...