ഹാവ്ലോക്ക്ൽ ഞങ്ങൾ താമസിച്ചത് വിജയനഗർ ബീച്ചിന്റെ ഓരത്തുള്ള ഒരു റിസോർട്ടിലായിരുന്നു. രണ്ട് ദിവസമായി ഹാവ്ലോക്ക്ൽ എത്തിയിട്ടെങ്കിലും ഇതുവരെ ആ ബീച്ചിൽ ഞങ്ങൾ പോയിട്ടില്ല. ഇന്ന് ഇവിടുത്തെ അവസാന ദിവസമാണ്. അതുകൊണ്ട് നേരം പുലർന്നപ്പോ തന്നെ മറ്റൊന്നും ആലോചിക്കാതെ നേരെ ബീച്ചിലേക്ക് നടന്നു. ഇന്നലെ രാത്രി കടൽക്കാറ്റൊക്കെ കൊണ്ട് ഇവിടെ വന്നിരിക്കാൻ പ്ലാൻ ഇട്ടതായിരുന്നു. എന്നാൽ ബീച്ചിൽ വെളിച്ചമില്ലാത്തതിനാലും, മറ്റാരും തന്നെ അവിടെ ഇല്ലാത്തതിനാലും ഒറ്റക്കിരിക്കാൻ ഇച്ചിരി പേടി തോന്നി. അതിനാൽ കാറ്റുകൊള്ളൽ രാവിലത്തേക്ക് മാറ്റിവച്ചതായിരുന്നു. ബീച്ചിൽ എത്തിയപ്പോൾ കടൽ കുറെയേറെ ഉൾവലിഞ്ഞിരിക്കുന്നു. ഇവിടെ ഇങ്ങനെയാണ്. രാത്രി ഉൾവലിയുന്ന കടൽ നേരം വെളുക്കുമ്പോൾ കുറേശ്ശേയായി തിരികെ വരും. വിജയനഗർ ബീച്ചിൽ മണലിന് പകരം പാറക്കൂട്ടങ്ങളാണ് കൂടുതൽ. വെള്ളമൊഴുകി പല ആകൃതികളിൽ രൂപപ്പെട്ട പാറക്കൂട്ടങ്ങൾ. വേലിയേറ്റത്തിൽ സമയമായതിനാൽ പാറക്കല്ലുകൾക്കിടയിലൂടെ കടൽ പതുക്കെ കരയിലേക്ക് കയറിക്കയറി വരുന്നത് കാണാമായിരുന്നു,രണ്ട് - മൂന്നു മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ തിരിച്ചുപോയി കുളിച്ചു കുട്ടപ്പൻമ്മാരായി ബ്രെക്ഫാസ്റ് കഴിച്ചു.
കാലാപത്ഥർ ബീച്ച്
പോർട്ട് ബ്ലെയറിലേക്കുള്ള ഞങ്ങളുടെ ഫെറി ഉച്ചക്കാണ്. റിസോർട്ടിൽ നിന്ന് രണ്ട് സ്‌കൂട്ടറുകളിലായി ഞങ്ങൾ നാലു പേരും കാലാപത്ഥർ ബീച്ച് കാണാൻ ഇറങ്ങി. മറ്റു സ്ഥലങ്ങളെല്ലാം തന്നെ ഞങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ട് തീർത്തിട്ടുണ്ട്. ഇനി ഇതും കൂടിയേ ഹാവ്ലോക്ക്ൽ ബാക്കിയുള്ളൂ. കാലാപത്ഥർലേക്ക് പോകുന്ന വഴിയേ ഒട്ടേറെ മനോഹരങ്ങളായ കടൽത്തീരങ്ങൾ കണ്ടു. ഫെറി കയറാൻ സമയം ഇനിയും ബാക്കി കിടക്കുന്നതിനാൽ എല്ലായിടത്തും വണ്ടി നിർത്തിയാണ് ഞങ്ങൾ സഞ്ചരിച്ചത്. കാലാപത്ഥർ ബീച്ചിൽ എത്തുമ്പോഴേക്കും സമയം പതിനൊന്നു മണി അവാറായിരുന്നു. വീതി കുറഞ്ഞ കരയോട് കൂടിയ ഒരു ബീച്ചാണിത്. ഇനിയിപ്പോ വേലിയേറ്റം കാരണമാണോ കരക്ക് വീതി കുറഞ്ഞത് എന്നറിയില്ല. ബീച്ചിന്റെ ഒരു കോണിലായി ഒരു വലിയ കറുത്ത പാറക്കെട്ടുണ്ട്. അതിനാലായിരിക്കാം ഈ ബീച്ചിന് കാലാപത്ഥർ എന്ന പേര് കിട്ടിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബീച്ചിന്റെ എൻട്രൻസിലായി ഒരു ചെറിയ പാർക്ക് പോലെയുള്ള സ്ഥലമുണ്ട്. ഒരു മരത്തിന്റെ മുകളിൽ ഒരു വലിയ ഏറുമാടവും. സീസൺ അല്ലാത്തതിനാലാണോ എന്നറിയില്ല, പാർക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരിചയപ്പെട്ട കാർത്തികിനെയും, കുടുംബത്തെയും ഇന്നിവിടെ വീണ്ടും കണ്ടു. കാലാപത്ഥർ-ൽ കുറെയേറെ ചെറിയ കടകളുണ്ട്. ഭക്ഷണവും, സുവനീറുകളും, ഗിഫ്റ്റ് ഐറ്റംസും വിൽക്കുന്നവ. പൊതുവെ ഹാവ്ലോക്ക്-ൽ സാധനങ്ങൾക്കൊക്കെ കനത്ത വിലയാണ്. പാക്കറ്റ് ഐറ്റംസ് പോലും MRP യെക്കാൾ കൂടിയ വിലക്കാണ് വിൽക്കുന്നത്. എന്നാൽ ഇവിടുത്തെ കടകളിൽ താരതമ്യേനെ കുറഞ്ഞ വിലയെ അവർ ഈടാക്കിയുള്ളൂ. അതൊരല്പം അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാട്ടിലേക്കായി കുറച്ചേറെ സാധനങ്ങൾ ഞങ്ങൾ ഇവിടെ നിന്നും വാങ്ങിച്ചു. സമയം ഉച്ചയായതിനാൽ ഭക്ഷണവും ഇവിടുന്നു കഴിക്കാമെന്നു കരുതി. കുറച്ചു പ്ലേറ്റ് നൂഡിൽസും, മോമോസും, പിന്നെ രണ്ട് മൂന്നും കരിക്കും വാങ്ങിച്ചു കഴിച്ചു. മോമോസിനൊക്കെ ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു. വിലയോ തുച്ഛം , ഗുണമോ മെച്ചം. ലഞ്ച് കഴിച്ച കടയിലെ ചേട്ടനോട് ചോദിച്ചപ്പോ കുറച്ചു കൂടി മുന്നോട്ടു പോയാൽ അവരുടെ ഗ്രാമം ആണെന്ന് പറഞ്ഞു. പുള്ളി ആളൊരു ബംഗാളിയാണ്. അച്ഛനപ്പൂപ്പൻമ്മാരോക്കെ ബംഗാളുകാരാണ്. ഇവിടേക്ക് കുടിയേറിയവർ. ഹാവ്ലോക്ക്-ലൊക്കെ സ്ഥലത്തിന് പൊന്നുംവിലയാണ്. കാലാപത്ഥർ-ലേക്ക് വരുന്ന വഴിയിൽ ഒരു പഞ്ചാബി റെസ്റ്റോറന്റുണ്ട്. അതൊക്കെ നമ്മുടെ ചേട്ടന്റെ സ്ഥലമായിരുന്നു. മൂന്നു കോടി രൂപക്കാണത്രെ പുള്ളി ആ സ്ഥലം വിറ്റത്. എന്നിട്ട് , ഇവിടെ ഒരു തട്ടുകടയുമായി ആള് ഹാപ്പിയായി ജീവിക്കുന്നു. സാധാരണ കാലാപത്ഥറിനപ്പുറത്തേക്ക് ടൂറിസ്റ്റുകൾ പോകാറില്ല. അവിടെ കാണാനായി പ്രത്യേകിച്ചൊന്നും ഇല്ലാത്തതിനാലാണ്. എന്തായാലും സമയം കിടക്കുന്നതിനാൽ അവരുടെ ഗ്രാമം കൂടി ഒന്ന് കണ്ടിട്ടുപോകാം എന്ന് കരുതി. ശരിക്കും പറഞ്ഞാൽ നമ്മുടെ നാട്ടിൻപുറം പോലെയുണ്ട്. തെങ്ങും,വയലും, താറാവ് കൃഷിയും. മൊത്തത്തിൽ ഒരു കുട്ടനാടൻ ഫീൽ.
കുറെ നേരം അവിടെയെല്ലാം സ്‌കൂട്ടറിൽ ചുറ്റിയടിച്ചു കണ്ടതിനുശേഷം ഞങ്ങൾ റിസോർട്ടിലേക്ക് മടങ്ങി. ഫെറിക്കുള്ള സമയമായിരിക്കുന്നു. ഇറങ്ങാൻ നേരമാണ് ഞങ്ങൾ ബുക്ക് ചെയ്ത ഫെറി ഇന്ന് ക്യാൻസലായ വിവരം അറിഞ്ഞത്. പക്ഷെ നോട്ടിക്ക എന്ന് പേരായ മറ്റൊരു ഫെറിയിലേക്ക് ഞങ്ങളുടെ സീറ്റുകൾ മാറ്റി തന്നിരുന്നു. നോട്ടിക്കയുടെ ഓഫിസിൽ കേറി പുതിയ ടിക്കറ്റും എടുത്തുകൊണ്ട് ഞങ്ങൾ ജെട്ടിയിലേക്ക് നടന്നു. എന്തായാലും ആദ്യത്തെ ഫെറി ക്യാൻസൽ ആയതു നന്നായി. നോട്ടിക്ക കുറച്ചുകൂടി ലക്ഷ്യൂറിയസ് ആയ ഫെറിയാണ്. കാറ്റമരാൻ രീതിയിൽ പണി കഴിപ്പിച്ച പുതിയൊരു ഫെറി. സ്പീഡും കൂടുതലാണ്. അതിനാൽ തന്നെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്ര സമയവും കുറവാണു. ഫ്ലൈറ്റിൽ കയറിയതുപോലെ തന്നെ. ക്യാബിൻ ക്രൂവും, ക്യാപ്റ്റനും എല്ലാം ഉണ്ട്. ഫെറി പുറപ്പെടുന്നതിനു മുൻപായി ഫ്ലൈറ്റിലേതുപോലെ സേഫ്റ്റി ഇൻസ്‌ട്രുക്ഷൻസ് തരുന്നുണ്ട്. യാത്രക്കാരുടെ ബോറടിമാറ്റാനായി ഹിന്ദി വീഡിയോ സോങ്ങുകൾ മുൻപിലെ ടീവിയിൽ കാണിക്കുന്നുണ്ട്. മുന്നിലെ സീറ്റ് പൗച്ചിലുള്ള ഫുഡ് മെനുവിൽ നിന്ന് ഇഷ്ട്ടമുള്ള ഭക്ഷണം ഓർഡർ ചെയ്താൽ കാബിൻ ക്രൂ അത് സീറ്റിൽ സെർവ് ചെയ്യും. ഫെറിക്കൽപ്പം സ്പീഡ് കൂടുതലായതിനാൽ കൂടെയുള്ള പലരുടെയും വയറ്റിലെ ബട്ടർഫ്‌ളൈസ് പറന്നു തുടങ്ങിയിരുന്നു. മുന്നിലെ പൗച്ചിൽ പ്യൂക്ക് ബാഗ് വച്ചതിന്റെ ആവശ്യകത ഇപ്പോഴാണ് മനസ്സിലായത്. സമയമേറെ വൈകാതെ തന്നെ ഞങ്ങൾ പോർട്ട് ബ്ലെയറിൽ എത്തി. നേരം ഇരുട്ടി. ഫുഡ് അടിച്ചു കിടന്നുറങ്ങൽ മാത്രമേ ഇനി ഇന്നത്തെ ഷെഡ്യൂളിൽ ബാക്കിയുള്ളൂ.
ചിഡിയാടാപു
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. ഇന്ന് വെള്ളിയാഴ്ചയാണ്. നബീലും വൈഫും നാട്ടിലേക്ക് തിരിച്ചു പോകുന്ന ദിവസം. എൻ്റെ ഇന്നത്തെ റിട്ടേൺ ഫ്ലൈറ്റ് ക്യാൻസൽ ആയി. പകരം ഫ്ലൈറ്റ് നാളത്തേക്കാണ് റീ-ഷെഡ്യൂൾ ചെയ്തു കിട്ടിയത്. ഉച്ചക്കാണ് നബീലിന്റെ ഫ്ലൈറ്റ്. അതിനു മുൻപായി ചിഡിയാടാപു സന്ദർശിക്കാനാണ് നേരത്തെ കാലത്തേ റെഡിയായിറങ്ങിയത്. ചിഡിയാടാപു പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം ഇരുപതു കിലോമീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്. പോകുന്ന വഴിയിൽ നല്ല മഴ കിട്ടി. നമ്മുടെ വയനാട് പോകുന്ന പോലൊരു ഭൂപ്രകൃതിയാണ് ചിഡിയാടാപുവിലേക്കുള്ള വഴി. ഹെയർപിൻ വളവുകളും, രണ്ട് വശത്തും കാടും. ആൻഡമാനിൽ കാടുകളിൽ വന്യ മൃഗങ്ങൾ കുറവാണു. ചെറിയ മൃഗങ്ങളും, പക്ഷികളും മാത്രമേയുള്ളൂ. പോകുന്ന വഴിയിൽ ഒരു രസകരമായ കാഴ്ച കണ്ടു, വഴിയിൽ 'കാലിക്കറ്റ്' എന്നൊരു ബോർഡ്.
നമ്മുടെ ഡ്രൈവറും , ടൂർ ഗൈഡുമായ കബീർ ഭായിയോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, ഇവിടെ കേരളത്തിലെ സ്ഥലപ്പേരുകളിൽ അറിയപ്പെടുന്ന ഒരുപാടിടങ്ങളുണ്ട്. വരുന്ന വഴിയിൽ തിരൂർ എന്ന് ബോർഡ് വച്ച ഒരു ബസ്സും കണ്ടു. ഇത് കൂടാതെ മണ്ണാർക്കാട്, നിലമ്പൂർ, മഞ്ചേരി അങ്ങനെ കുറച്ചേറെ സ്ഥലങ്ങൾ ഇവിടെയുണ്ട്. കേരളത്തിൽ നിന്ന് ഇവിടെ എത്തിപ്പെട്ടവർ കൂടെക്കൂട്ടിയവയാണ് ഈ സ്ഥലപ്പേരുകൾ. ബാംബൂ ഫ്ലാറ്റെന്ന ഇതിനടുത്തെ ഒരു സ്ഥലത്തു മലയാളികൾ ഒരുപാട് പേര് താമസിക്കുന്നുണ്ടത്രേ. ചിഡിയാടാപു പക്ഷി നിരീക്ഷണത്തിനു പേരുകേട്ടതാണ്. ഒരുപാടിനം പക്ഷികൾ ഇവിടെ ചേക്കേറാറുണ്ടത്രെ. ഒരു ചെറിയ പാർക്കും, അതിനോട് ചേർന്ന ബീച്ചും. ഇവിടെ കടലിൽ മുതല ഉണ്ടെന്നുള്ള ഒരു അപായ ബോർഡ് വച്ചിട്ടുണ്ട്. പാർക്കിന്റെ എന്ട്രന്സിലായി ഒരു ട്രെക്കിങ്ങ് പോയിൻട്ടുണ്ട്. മുണ്ടാപഹാഡ് എന്ന ചെറിയൊരു കുന്നിൽ മുകളിലേക്കുള്ള വഴിയാണിത്. മുകളിൽ ചെന്നാൽ മനോഹരമായ വ്യൂ ആണത്രേ. പക്ഷെ സമയക്കുറവുകാരണം മുണ്ടാപഹാഡിലേക്കുള്ള നടത്തം ഞങ്ങൾ മാറ്റിവച്ചു. മഴ കനക്കുന്നുണ്ട്. ഇന്നലത്തെ ന്യൂസിൽ ആൻഡമാനിൽ ചെറിയൊരു ഭൂമികുലുക്കം ഉണ്ടായതായി വാർത്ത വന്നിരുന്നു. എന്നാൽ ഞങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ ചെറിയ ഭൂചലനങ്ങൾ ഇവിടെ പതിവാണെന്നാണ് കബീർ ഭായി പറഞ്ഞത്. മാസത്തിൽ ഒന്നും രണ്ടുമൊക്കെ ഉണ്ടാവാറുണ്ട്. ഞങ്ങൾ മടക്ക യാത്ര തുടങ്ങി. വരും വഴി നബീലിനെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു.
ബാക്‌സൈഡ് ബീച്ച്
കബീർ ഭായിയോട് എന്നെ പോർട്ട് ബ്ലെയറിലെ ഓൾ ഇന്ത്യ റേഡിയോയിൽ ഇറക്കാൻ പറഞ്ഞു. എൻ്റെ സുഹൃത്തും, നാട്ടുകാരനുമായ നിധീഷേട്ടൻ ഇവിടെയാണ് ജോലി ചെയ്യുന്നത്. ആളെ ഒന്ന് കാണാനാണ് ഇവിടെ വന്നത് ഒപ്പം ദൂരദർശനും, AIR-ഉം ഒന്നുകാണുക എന്ന ലക്‌ഷ്യം കൂടെയുണ്ട്. അവിടെ വച്ച് വർഗീസ് എന്ന മറ്റൊരു മലയാളിയെ പരിചയപ്പെട്ടു. ശേഷം ഞങ്ങൾ മൂന്നാളും കൂടെ അടുത്തുള്ള നല്ലൊരു റെസ്റോറന്റിൽ കേറി ഉച്ചഭക്ഷണം കഴിച്ചു. ഉച്ചക്കുശേഷം നിധീഷേട്ടൻ എന്നെ AIR-ന്റെ ഒരു ഷോർട് വേവ് ട്രാൻസ്മിറ്റർ കാണിക്കാനായി മറ്റൊരിടത്തേക്ക് കൊണ്ടുപോയി. അതിനു പുറകിലുള്ള ബാക്സൈഡ് ബീച്ചെന്നറിയപ്പെടുന്ന കടൽത്തീരത്ത് ഞങ്ങൾ അൽപ്പസമയം ചിലവഴിച്ചു. ഈ ബീച് നിറയെ ഷെല്ലുകളും, കോറലും, ഉരുളൻ കല്ലുകളും നിറഞ്ഞതാണ്. കുറച്ചു നല്ല കല്ലുകൾ ഞങ്ങൾ പെറുക്കിയെടുത്തു.
എയർപോർട്ടിൽ ഇത് കയറ്റിവിടാൻ സാധ്യതയില്ല എന്നറിയാമായിരുന്നു. എന്നാലും ഒരു ഭാഗ്യപരീക്ഷണത്തിനായി ഞങ്ങളതെല്ലാം ബാഗിലാക്കി. നിധീഷേട്ടനു ഉച്ചക്കുശേഷം ഡ്യൂട്ടിയുണ്ട്. പുള്ളിയുടെ സുഹൃത്തായ ഏലിയാസുചേട്ടൻ ഞങ്ങളെ പോർട്ട് ബ്ലെയറിലെ ഹോട്ടലിൽ തിരിച്ചെത്തിച്ചു.
അങ്ങനെ ഒരാഴ്ചയിലേറെ നീണ്ടു നിന്ന ആൻഡമാൻ യാത്ര അതിൻ്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നു. നാളെ രാവിലെ മടക്ക യാത്രയാണ്. സെപ്റ്റംബർ -ഒക്ടോബര് മാസത്തോട് കൂടിയാണ് ആൻഡമാനിൽ ടൂറിസം സീസൺ ആരംഭിക്കുന്നത്. പല ടൂറിസം സ്പോട്ടുകളും, ആക്ടിവിറ്റികളും ഓൺ ആകുന്നത് ഈ സമയത്താണ്. എന്നാൽ സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപ് പോയാൽ പല സ്ഥലങ്ങളും ആൾത്തിരക്കില്ലാതെ ആസ്വദിക്കാൻ സാധിക്കും. നേരത്തെ തന്നെ ബുക്ക് ചെയ്താൽ കുറഞ്ഞനിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റും കിട്ടാൻ സാധ്യതയുണ്ട്. ദ്വീപുകൾക്കിടയിലുള്ള ഫെറി ടിക്കറ്റുകൾ ഓൺലൈൻ ആയിത്തന്നെ വാങ്ങിക്കാൻ സാധിക്കും. ആൻഡമാനിൽ ടൂർ പാക്കേജ് എടുക്കേണ്ട ആവശ്യം ഇല്ല. ഒട്ടുമിക്ക സ്ഥലങ്ങളും നമ്മൾക്കുതന്നെ കണ്ടുപിടിച്ചു പോകാവുന്നതേയുള്ളൂ. ഇവിടെ പ്രധാനമായി വരുന്ന ചിലവുകളിലൊന്നാണ് താമസത്തിനുള്ളത്. എന്നാൽ പാക്കേജ് ബുക്ക് ചെയ്യുക വഴി പല ഹോട്ടലുകളും ഓൺലൈൻ നിരക്കിനേക്കാൾ കുറഞ്ഞു കിട്ടാൻ സാധ്യതയുണ്ട്. പ്രധാനമായും ബീച്ചുകൾ കേന്ദ്രീകരിച്ചുള്ളതാണ് ഇവിടുത്തെ ടൂറിസം സ്പോട്ടുകൾ ഒട്ടുമിക്കതും. അതിനാൽ തന്നെ സൺ ഗ്ലാസ്, സൺ പ്രൊട്ടക്ഷൻ എന്നിവയൊക്കെ എടുത്തിറങ്ങാൻ മറക്കണ്ട. ഒപ്പം ലിക്വിഡ് ക്യാഷും, ഇവിടെ വർക്ക് ചെയ്യുന്ന സിം കാർഡുള്ള ഫോണും. BSNL എല്ലായിടത്തും ലഭ്യമാണ്. ജിയോയും, എയർട്ടലും ഏറെക്കൂറെ സ്ഥലങ്ങളിൽ കവറേജ് ലഭ്യമാക്കുന്നുണ്ട്. നെറ്റ്‌വർക്ക് പ്രശ്നം ഉള്ളതിനാൽ ATM-കളും, ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങളും പലപ്പോഴും നിരാശപ്പെടുത്തും. അതിനാലാണ് ലിക്വിഡ് ക്യാഷ് വേണമെന്ന് പറഞ്ഞത്.
ആൻഡമാനിൽ ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാൻ ബാക്കിയുണ്ട്. അതെല്ലാം അടുത്ത വരവിലേക്കായി മാറ്റിവച്ചുകൊണ്ട് ഞങ്ങൾ യാത്ര പറയുകയാണ്. നല്ലൊരുപിടി ഓർമ്മകളാകാനുതകുന്ന അനുഭവങ്ങൾ സമ്മാനിച്ചതിന് ഈ നാടിനോട് നന്ദി പറഞ്ഞുകൊണ്ട്.
(ശുഭം)
പിൻകുറിപ്പ്: ഭാഗ്യപരീക്ഷണം എന്തായാലും വിജയിച്ചു. ആൻഡമാനിൽ ബീച്ചുകളിൽ നിന്ന് പെറുക്കിയെടുത്ത സാധനങ്ങൾ ഇന്ന് വീട്ടിലെ ഷോക്കേസിൽ സേഫ് ആയി കിടക്കുന്നുണ്ട്.
No comments:
Post a Comment
Please add your comment here...