Thursday, May 2, 2019

ന്നാലും ൻ്റെ മുയ്മ്യേ.!!





Rose mala


" എടാ കള്ള ബഡുവ താനോസേ , എന്റെ പിള്ളേരോട് കളിച്ചാലുണ്ടല്ലോ നീ വിവരമറിയും"

പഞ്ച് ഡയലോഗുമടിച്ചുകൊണ്ടു അയേൺമാനെയും , തോറിനെയും സാക്ഷി നിർത്തി താനോസിന്റെ മൊട്ടത്തലയിൽ ഞാൻ ആഞ്ഞടിച്ചു.
"ടേ .. ടേ .."

ങേ .. ഇത് ഞാനടിച്ച സൗണ്ടല്ലല്ലോ ?

"ടേ .. ടേ .." - ജനൽപ്പാളി ചുമരിൽ വന്നിടിച്ച ശബ്ദം കേട്ട് ഞാൻ ഉറക്കവും , സ്വപ്നവും വിട്ടെണീച്ചു. 

"ശെടാ .. കുറച്ചു ടൈമൂടെ കിട്ടിയിരുന്നേൽ ആ താനോസിനേം കൊന്ന് അസ്‌ഗാഡിലേക്ക്  ഒരു ടൂറ്‍ പോകാമായിരുന്നു"

മൊബൈലിൽ സമയം നോക്കി. മൂന്നു മണിക്ക് അഞ്ചു മിനിട്ടുണ്ട്. പുറത്ത് നല്ല മഴയും, കൂടെ DTS എഫക്ടിൽ ഇടിയും , മിന്നലും. രാവിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്. ദൈവമേ അത് മഴ കൊണ്ട് പോകുമോ ?

അലാറം വച്ചിട്ടുണ്ടോന്നു ഒന്ന് കൂടെ ചെക്ക് ചെയ്തു ഞാൻ തിരിഞ്ഞു കിടന്നു. പിന്നെ കാര്യമായ ഉറക്കം കിട്ടിയില്ല. നാലരക്കെഴുന്നേറ്റ് കുളിച്ച് കുട്ടപ്പനായി. അഞ്ചരയോടെ സ്‌കൂട്ടർ എടുത്തു പുറത്തിറങ്ങി. ഗൗരീശ പട്ടത്തുള്ള അരുണിന്റെ വീട്ടിൽ വണ്ടി വച്ച്, അവന്റെ ബൈക്കിൽ ഞങ്ങൾ രണ്ടുപേരും കൂടി യാത്ര തുടങ്ങി.
Rose mala

റോസ് മലയാണ് ഡെസ്റ്റിനേഷൻ. കൊല്ലം ജില്ലയിൽ തെന്മലക്കടുത്തു ആര്യങ്കാവിലാണ് റോസ് മല സ്ഥിതി ചെയ്യുന്നത്. ആര്യങ്കാവ് ജംഗ്ഷനിൽ നിന്ന് 10-15 കിലോമീറ്റർ കാട്ടിനുള്ളിലേക്കായിട്ടാണ് റോസ് മല ഉള്ളത്. തെന്മല ഡാം റിസെർവോയറിന്റെ പനോരാമിക് വ്യൂ ആണ് ഇവിടുത്തെ മുഖ്യ ആകർഷണം, ഒപ്പം അവിടെ എത്തിച്ചേരാനുള്ള ഓഫ്‌റോഡ് പാതയും.

മഴ തോർന്നു മൂടിക്കെട്ടിയ അന്തരീക്ഷം, ഒപ്പം നേർത്ത കാറ്റും, റോഡിന്റെ ഇരുവശത്തും നല്ല പച്ചപ്പും. ടൂ വീലർ റൈഡിനു പറ്റിയ അംബിൻസ് തന്നെ. പട്ടം - ചുള്ളിമാനൂർ - പാലോട് - കുളത്തൂപ്പുഴ വഴിയാണ് പോയത്. പോകുന്ന വഴിയേ പ്രഭാതഭക്ഷണം കഴിച്ചു. പാലോട് കഴിഞ്ഞതും റോഡിന്റെ അവസ്ഥ വളരെ പരിതാപകരമായി. റോഡിനു വീതി കൂട്ടുന്ന പണി നടക്കുന്നതിനാൽ , പലയിടത്തും റോഡ് കാണാൻ പോലുമില്ലായിരുന്നു. ഒപ്പം തലേന്ന് പെയ്ത മഴയിൽ റോഡ് ചെളിക്കുളമായി മാറിയിട്ടുമുണ്ട്. വണ്ടി സ്കിഡ് ആവാതിരിക്കാൻ കുറച്ചേറെ കഷ്ടപ്പെടേണ്ടി വന്നു. 

കുളത്തൂപുഴയും പിന്നിട്ട്, എട്ടരയോടെ തെന്മല ഡാമിന്റെ പരിസരത്തെത്തി. തിരുവനന്തപുരം സഞ്ചാരിയുടെ  കൂടെയുള്ള ഒരു യാത്രയാണ് ഇത്. കൂടെയുള്ളവരെല്ലാം തെന്മലയുടെ പരിസരത്തു എത്തിച്ചേരാം എന്നാണ് പറഞ്ഞിട്ടുള്ളത്. പത്തു - നാല്പത്തഞ്ചു മിനിറ്റിൽ തന്നെ എല്ലാവരും എത്തിച്ചേർന്നു. 14 ബൈക്കുകളിലായി ഇരുപത്തഞ്ചോളം പേർ റോസ് മല ലക്ഷ്യമാക്കി നീങ്ങി. തെന്മലയിൽ നിന്ന് തെങ്കാശി റൂട്ടിലാണ് പോകേണ്ടത്. പോകുന്നവഴിയിൽ ആര്യങ്കാവ് നിന്നാണ് റോസ് മലക്കുള്ള ഡൈവർഷൻ എടുക്കേണ്ടത്. ഇവിടുന്നങ്ങോട്ടുള്ള റോഡ് ഓഫ് റോഡ് ആണ്. വെറും ഓഫ് റോഡ് അല്ല. ഒരൊന്നൊന്നര ഓഫ് റോഡ്.  ഏകദേശം 10 -15 കിലോമീറ്ററോളം  കാടിനുള്ളിലേക്ക് ചെല്ലണം. വഴി മദ്ധ്യേ സെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Rose mala

ഉരുളൻകല്ലുകൾ നിറഞ്ഞ റോഡിലൂടെയുള്ള വണ്ടിയോടിക്കൽ കുറച്ചു ശ്രമകരമായിരുന്നു. കയറ്റങ്ങളിൽ കൂടെയുള്ളവർക്ക് ഇറങ്ങി നടക്കേണ്ടി വന്നു. പലരും ആഞ്ഞു പിടിച്ചിട്ടാണ് ബൈക്കുകൾ മുകളിലേക്കെത്തിക്കാനായത്. ഇതിനിടയിൽ ഉരുണ്ടു വീണവരും, സ്കിഡ് ആയവരും നിരവധി. ഭാഗ്യത്തിന് മഴ പെയ്തില്ല. പെയ്തിരുന്നേൽ സീൻ ഇതിലും ശോകമായേനെ. ചിലയിടങ്ങളിൽ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. അവസാനം 12 മണിയോടടുത്തു വ്യൂ പോയിന്റിൽ എത്തി. ടിക്കറ്റുമെടുത്തു കയറി. കുന്നുകൾ അതിരിട്ട തെന്മല റിസെർവോയറിന്റെ വിശാലമായ ദൃശ്യമാണ്  വ്യൂ പോയന്റിൽ ഞങ്ങളെ സ്വാഗതം ചെയ്തത്. മുകളിൽ നിന്ന് നോക്കുമ്പോ ഏതോ ഒരു ഫോറിൻ ലൊക്കേഷനിൽ പോയത് പോലെ.

അശരണരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായ് പഠനോപകരണങ്ങൾ ശേഖരിച്ച് അർഹതപ്പെട്ടവർക്ക് എത്തിക്കുന്ന സഞ്ചാരിയുടെ നോട്ടുബുക്ക് പ്രോഗ്രാമിന്റെ വോളണ്ടിയർ മീറ്റ്‌ കൂടിയാണ് ഈ യാത്രയിലൂടെ ലക്ഷ്യമിട്ടിരുന്നത്. വ്യൂ പോയന്റിൽ ഞങ്ങളല്ലാതെ മറ്റാരും തന്നെ ഇല്ലാതിരുന്നതിനാൽ സ്വസ്ഥമായിരുന്നു നോട്ട്ബുക്കിന്റെ ഭാവി പരിപാടികൾ ചർച്ച ചെയ്തു. ഒപ്പം പുതിയ കൂട്ടുകാരെ പരിചയപ്പെടുകയും ചെയ്തു. ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടും ചില ചളി വാരിയെറിയലുകളും, ട്രോളുകളും. ട്രിപ്പ് എന്തുതന്നെയായാലും അത് നിര്ബന്ധാ ;)

ഒന്ന് രണ്ടു മണിക്കൂർ അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൾ തിരിച്ചിറങ്ങി. കയറിപ്പോകുന്നതിലും, ബുദ്ധിമുട്ടായിരുന്നു ബൈക്കിലുള്ള തിരിച്ചിറക്കം. എന്നാലും വ്യൂ പോയന്റിനെക്കാളും ഞങ്ങൾ ആസ്വദിച്ചത് ഈ ഓഫ്‌റോഡ് യാത്ര തന്നെയാണ്. തിരിച്ചു വരും വഴി 13 കണ്ണറപ്പാലവും സന്ദർശിച്ചു. തെന്മല -ചെങ്കോട്ട റോഡിൽ കഴുതുരുട്ടിയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.  പതിമൂന്നു കമാനങ്ങൾ ഉള്ളതിനാലാണ് പാലത്തിന് ഈ പേര് വന്നത്. രണ്ടു മൂന്നു തവണ ഈ റൂട്ടിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇവിടെ കയറാൻ സാധിച്ചിട്ടില്ലെന്ന എന്റെ സങ്കടം അങ്ങനെ മാറിക്കിട്ടി. കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് റെയിൽവേ പാതയാണ് ഈ പാലത്തിനു മുകളിലൂടെ കടന്നു പോകുന്നത്. നൂറു വർഷത്തിൽ അധികം പഴക്കമുള്ള ബ്രിട്ടീഷ് നിർമ്മിത പാലം ഈയടുത്ത കാലത്താണ് പുനർനിർമ്മിച്ചു റെയിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പുനർ നിർമ്മിതിയിൽ പാലത്തിന്റെ ഭംഗിക്ക് ചെറുതായി കോട്ടം തെറ്റിയോ എന്ന സംശയം തോന്നാതിരുന്നില്ല.
Rose mala

കുറച്ചുപേർ അവിടെ നിന്ന് തന്നെ മടക്ക യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു. ബാക്കിയായ ഞങ്ങൾ തെന്മല ടൗണിൽ എത്തുമ്പോഴേക്കും സമയം രണ്ടു മണി കഴിഞ്ഞിരുന്നു, ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല. ആദ്യം കേറിയ കടയിൽ ഊണ് തീർന്നിരിക്കുന്നു. ഉടൻ തന്നെ തൊട്ടടുത്ത കടയിലേക്കോടി. കുറച്ചു ചോറും, പൊറോട്ടയും ബാക്കിയുണ്ടത്രേ.. എന്ന പോരട്ടെ രണ്ടും ഓരോ പ്ലേറ്റ്. വിത്ത് അൺലിമിറ്റഡ് മീഞ്ചാറ്. സഞ്ചാരികളുടെ ആക്രാന്തം കണ്ടു ബോധം പോയ ഹോട്ടലിലെ ചേട്ടന് ഇതുവരെ ബോധം വീണിട്ടില്ലെന്നാണ് സ്വന്തം ലേഖകനിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

ഇനിയാണ് കഥയിലെ ട്വിസ്റ്റ് കെടക്കുന്നത്. 
റോഡുപണി നടക്കുന്ന കുളത്തൂപ്പുഴ - പാലോട് വഴി, തിരിച്ചുള്ള യാത്രയിൽ ഒഴിവാക്കാം എന്ന ധാരണയിൽ എല്ലാവരും എത്തിച്ചേർന്നു. അപ്പോഴാണ് ദേ സഞ്ചാരിയിലെ ആസ്ഥാന നാവിഗേറ്ററും, സർവോപരി ഉയരുതെണ്ടിയുമായ മുഹെയ്‌മിൻ എന്ന ഞങ്ങടെ സ്വന്തം മുയ്‌മി പുതിയ ഷോർട്കട്ട് കണ്ടുപിടിച്ചുകൊണ്ടു വന്നത്. ഗൂഗിൾ മാപ്പിന് വരെ വഴി പറഞ്ഞു കൊടുക്കുന്ന കക്ഷിയാണ്. ആ വിശ്വാസത്തിൽ എല്ലാരും പിന്നാലെ പിടിച്ചു. ഭൂപടത്തിൽ ഇല്ലാത്ത പലയിടങ്ങളിൽക്കൂടിയും മുയ്‌മി ഞങ്ങളേം കൊണ്ട് പാഞ്ഞു. രണ്ടു മൂന്നിടങ്ങളിൽ വഴി ചെറുതായിട്ട് തെറ്റി. അഞ്ചൽ എത്താൻ നേരത്തു ദേ പാലം പണി കാരണം റോഡ് അടച്ചിരിക്കുന്നു.
Rose mala
രണ്ടും കൽപ്പിച്ചു പാലവും ചാടിക്കടന്നു ഞങ്ങൾ യാത്ര തുടർന്ന്. കൂടെയുണ്ടായിരുന്നവർ വീട്ടിലെത്തി വൈകുന്നേരത്തെ ചായയും കുടിച്ചു ഏമ്പക്കം വിട്ടിരിക്കുമ്പോൾ ഞങ്ങൾ ഇവിടെ തിരുവനന്തപുരം ജില്ലയുടെ ബോഡറും തിരഞ്ഞു നടക്കുകയായിരുന്നു. അവസാനം വീടെത്തുമ്പോൾ സമയം രാത്രി ഏഴ് കഴിഞ്ഞിരുന്നു.  രണ്ടു മണിക്കൂറ് തികച്ചില്ലാത്ത തെന്മല - തിരുവനന്തപുരം റൂട്ട് മൂന്നു - നാല് മണിക്കൂറുകൊണ്ട് കവർ ചെയ്തു ഞങ്ങൾ നാടിനു മാതൃകയായി. നാടിന്റെ യുവത്വം മാറ്റത്തിന്റെ പാതയിൽ .. എന്നാലും ൻ്റെ മുയ്മ്യേ ..!!
Rose mala

Monday, April 8, 2019

Sanchari Notebook Season 4


പുതുതായി മേഞ്ഞ പുരപ്പുറത്ത് മഴ പെയ്തിറങ്ങുന്ന ശബ്ദവും കാതോർത്തു ഞാൻ കിടന്നു. 🌧നാളെ സ്‌കൂൾ തുറക്കും. കഴിഞ്ഞാഴ്ച വാങ്ങിയ ബാഗും , കുടയും , ബ്രൗൺ പേപ്പർ പൊതിഞ്ഞ നോട്ടുബുക്കുകളും കൂട്ടുകാരെ കാണിക്കേണ്ട ത്രില്ലിൽ എനിക്കുറക്കം വന്നില്ല.☔

നനുത്ത പ്രഭാതത്തിൽ, സൂര്യ കിരണങ്ങൾ തെച്ചിക്കാടിനും , കാട്ടുചെമ്പരുത്തിക്കും ഇടയിലൂടെ മുറ്റത്തേക്ക് ഓടിക്കളിക്കാൻ എത്തുന്നതിനും മുൻപേ തന്നെ എണീറ്റു. മഴ ഇന്നലത്തേതിലും ശക്തിയായി പെയ്യുന്നു. ഉമിക്കരി കൊണ്ട് പല്ലു തേച്ച് , ഒലിച്ചുപോകുന്ന മഴവെള്ളത്തിലേക്ക് ആഞ്ഞു തുപ്പി. ഉമിക്കരിക്കറ വെള്ളത്തിൽ അലിഞ്ഞില്ലാതാകുന്നതും നോക്കി നിൽക്കെ അമ്മ അടുക്കളയിൽ നിന്ന് വെളിച്ചെണ്ണയുമായി  വന്നു. തലയിൽ നല്ലോണം എണ്ണ തേച്ചുപിടിപ്പിച്ചൊരു പള്ളി നീരാട്ട്.💦 പിന്നെ പച്ചമുളകും, കടുകും ചേർത്ത് അമ്മിയിലരച്ച തേങ്ങാച്ചമ്മന്തിയും കൂട്ടിയൊരു ചോറൂണ്. അതു തന്നെ ഉച്ചത്തേക്കായി പൊതിഞ്ഞെടുത്തു.  🍚മുട്ടറ്റം വെള്ളം പൊന്തിപ്പരന്നു കിടക്കുന്ന പാടത്തിലൂടെ നനഞ്ഞൊലിച്ച്  സ്‌കൂളിൽ ചെന്നപ്പോഴേക്കും ബെല്ലടിക്കാറായിരുന്നു. ഒരു ഭാഗത്ത് നവാഗതരുടെ കരച്ചിലും, പിഴിച്ചിലും. മറു ഭാഗത്തു 'സീനിയേഴ്സിന്റെ'  ആർത്തട്ടഹാസങ്ങൾ. ബാലമംഗളത്തിന്റെ കൂടെ കിട്ടിയ ഡിങ്കന്റെ സ്റ്റിക്കറിനായുള്ള അടിപിടി. നുള്ളിയതിന്റെ കംപ്ലയിന്റ് കൊടുക്കാൻ ടീച്ചറുടെ മുന്നിൽ ക്യൂ നിൽക്കുന്ന കുട്ടിക്കുറുമ്പുകൾ. അതിനിടയിൽ ആരോ ട്രൗസറിൽ മുള്ളിയത്രെ..!😋

വൈകുന്നേരം തിരിച്ചു വീട്ടിലേക്കുള്ള വരവ്  പരാതികളും, പരിഭവങ്ങളുമായിട്ടാണ്.  പെൻസിലിന്റെ മുനയൊടിഞ്ഞതിന്റെ, പുതിയ ഡ്രെസ്സിൽ ചളി പുരണ്ടതിന്റെ, മണമുള്ള 'മയക്ക്  ഡബ്ബർ' കാണാതെപോയതിന്റെ, ഉണ്ണിക്കുട്ടന്റെ കുടയിൽ വിസിലടിക്കുന്ന യന്ത്രം ഉണ്ടെന്നതിന്റെ. അങ്ങനെ പലവിധ പരിഭവങ്ങൾ.😭

കൊതിക്കുന്നില്ലേ ഒരിക്കൽക്കൂടി ആ പഴയ സ്‌കൂൾ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാൻ, പഴയ കൂട്ടുകാരെ തേടിപ്പോകാൻ,  ചെയ്ത കുസൃതികൾ ആവർത്തിക്കാൻ ? 😍

അത്തരമൊരു തിരിച്ചു പോക്ക് അസാധ്യമാണ്. പക്ഷെ നമുക്ക് സാധിക്കുന്ന ഒന്നുണ്ട്. അത്തരമൊരു കുട്ടിക്കാലം ചിലർക്ക് സമ്മാനിക്കാൻ.😗

ഒരു സ്‌കൂൾ ബാഗും , കുറച്ചു നോട്ടുബുക്കുകളും വാങ്ങാൻ കാശില്ലാത്തതിനാൽ പഠിത്തം ഉപേക്ഷിക്കേണ്ടി വന്നവർ. മുനയൊടിയാത്ത പെൻസിലും , മഷിയുള്ള പേനയും ആഡംബരമായി കരുതുന്നവർ, എത്രയോ കുട്ടികൾ നമുക്ക് ചുറ്റിലും ഉണ്ട്. കുട്ടിക്കാലത്തെ തന്നെ ജീവിതം കരിപുരണ്ടുപോയവർ.😢

അത്തരക്കാർക്ക് ഒരു നല്ല കുട്ടിക്കാലം തിരിച്ചു കൊടുക്കുവാൻ ഇത്തവണയും ഞങ്ങൾ ഇറങ്ങുന്നു. നിരാലംബരും , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികളെ കൈപിടിച്ചു സ്‌കൂളിലേക്കയക്കാൻ ഈ വർഷവും സഞ്ചാരി എന്ന ഞങ്ങളുടെ യാത്രാ കൂട്ടായ്മ ഒരുങ്ങിക്കഴിഞ്ഞു. പുതുമ മണക്കുന്ന നോട്ടുബുക്കും, കുഞ്ഞു ബാഗും വർണ്ണക്കുടയുമായി നമ്മുടെ കുട്ടികളോടൊപ്പം അവരും പറക്കട്ടെ , പുതിയ ഒരു ലോകത്തേക്ക്. ഒരു സ്‌കൂൾ കിറ്റോ അതിനുള്ള തുകയോ സംഭാവന ചെയ്തു നിങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം. 🤝

ഇനിയിപ്പോ ഒരു പെൻസിൽ മാത്രമായാൽപ്പോലും ഡൊണേറ്റ് ചെയ്യാം. അത് തിരുവനന്തപുരത്തു എവിടെയായാലും കളക്ട് ചെയ്യാൻ ഞങ്ങളുടെ വളണ്ടിയർമാർ സസന്തോഷം തയ്യാറാണ്.😎

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന സഞ്ചാരി വോളണ്ടിയർമ്മാരുടെ നമ്പറിൽ ബന്ധപ്പെടാം.☎

Ajith Kumar : 8129474746
Ram Kumar : 9995115764
Prashobh I.l : 9895673076
Sree : 9746176044

അപ്പൊ എങ്ങനാ, കൂടുന്നോ ഞങ്ങളുടെ കൂടെ,ഒരു നൂറു പിഞ്ചു മുഖങ്ങളിൽ പുഞ്ചിരി വിടർത്താൻ..?


Friday, April 5, 2019

ഒരു വീടുണ്ടാക്കിയ കഥ – How to design and build a budget home on your own?

Dream home


ആമുഖം

വീടുപണി എന്നത് നമ്മൾ മലയാളികളെ സംബന്ധിച്ചു ജീവിതത്തിലെ ഒരു പ്രധാന ഏടാണ്. അപ്പുറത്തെ വീട്ടിനേക്കാളും ഒരു ഇഞ്ചെങ്കിലും തന്റെ വീട് ഉയർന്നു നിൽക്കണം എന്ന് ഏതൊരു ശരാശരി മലയാളിയും പുറത്തു കാണിച്ചില്ലെങ്കിലും , മനസ്സിലെങ്കിലും ആഗ്രഹിക്കാറുണ്ട്. വീടിനെ ഒരു സ്വകാര്യ അഹങ്കാരമായി കരുതുന്നവരാണ് നമ്മളിൽ പലരും. അതിനായി നെട്ടോട്ടമോടുകയും ഇല്ലാത്ത കാശ് മുടക്കി നെടുങ്കൻ വീടുകൾ ഉണ്ടാക്കിയിടുകയും ചെയ്യുന്നു. എന്നാൽ ഇത്തരം അമിത ആഗ്രഹങ്ങളും , ആരംഭ ശൂരത്തമായി മാത്രം ഒതുങ്ങിയേക്കാവുന്ന ആഡംബര അലങ്കാരപ്പണികളും മാറ്റി നിർത്തിയാൽ ഏതൊരാൾക്കും തങ്ങളുടെ ആവശ്യങ്ങൾക്കുതകുന്ന ചെലവ് കുറഞ്ഞ വാസ സ്ഥലങ്ങൾ ഒരുക്കിയെടുക്കാൻ സാധിക്കും. അതിനു കൃത്യമായ പ്ലാനിങ്ങും , സ്വന്തം ആവശ്യങ്ങളെ വ്യക്തമായി മനസ്സിലാക്കാനുള്ള കഴിവും മാത്രം മതി.  ഒരു തവണ വീട് പണിതു തീരുമ്പോഴായിരിക്കും നമുക്ക് ചില കാര്യങ്ങൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു , അതുമല്ലെങ്കിൽ ഇതിങ്ങനെ ചെയ്യേണ്ടിയിരുന്നില്ല , വേറൊരു രീതിയിൽ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നൊക്കെ തോന്നി തുടങ്ങുന്നത്. എന്നാൽ രണ്ടാമതൊരു തവണ വീട് പണിയുന്നവർ വളരെ ചുരുക്കമായതിനാൽ ഇത്തരം തിരിച്ചറിവുകളും , പാഠങ്ങളും ഉപകരിക്കപ്പെടാതെ പോകുന്നു. 

ഇങ്ങനെയൊരു ബ്ലോഗ് പോസ്റ്റ് എഴുതുന്നതിന്റെ കാരണവും അത് തന്നെയാണ്. വീട്ടുപണിയിൽ ഞാൻ പഠിച്ച പാഠങ്ങളും,ചെയ്ത തെറ്റുകളും, മെച്ചപ്പെടുത്തലുകളും ഇവിടെ കുറിച്ചിടുന്നു. ബഡ്ജറ്റ് കുറക്കാൻ ചെയ്ത മാർഗങ്ങളും പ്രതിപാദിക്കുന്നുണ്ട്.  ഇത് പുതിയ  വീടുപണിയാൻ തുടങ്ങുന്ന ആർക്കെങ്കിലും ഉപകാരപ്പെടുകയാണെങ്കിൽ സന്തോഷം. വീട്ടുപണിഞ്ഞ അനുഭവത്തിന്റെ മാത്രം വെളിച്ചത്തിൽ എഴുതുന്നതാണ് , അതിനാൽ തന്നെ ഇതൊരു എക്സ്പേർട് അഡ്വൈസ് ആയിട്ടൊന്നും കണക്കാക്കരുത്.



ഫ്‌ളാഷ്ബാക്ക്

ചോര്‍ന്നൊലിക്കുന്ന ഒരോലപ്പുരയിൽ, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ഓരോ ഇടവപ്പാതിയും , കൊല്ലവർഷവും വീട്ടിനുള്ളിലേക്ക് തുള്ളിക്കൊരുകുടം കണക്കിന് വെള്ളം കോരിയൊഴിച്ചു കൊണ്ട് കടന്നുപോയപ്പോൾ,  സ്‌കൂൾ പുസ്തകങ്ങൾ മഴയത്തു നനയാതിരിക്കാൻ പ്ലാസ്റ്റിക് ചാക്കിൽ കെട്ടി  സൂക്ഷിക്കേണ്ടി വന്നു.  മഴക്ക് കൂട്ടായെത്തുന്ന കാറ്റ് പഴയ സാരിത്തുമ്പ് വലിച്ചു കെട്ടിയ ജനാലയുടെ വിടവിലൂടെ ഒളിച്ചു കടന്ന്, മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനെ വീണ്ടും വീണ്ടും കെടുത്തുന്നതിൽ ഹരം കണ്ടെത്തി. 
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വീട്ടില്‍ വൈദ്യുതി കണക്ഷന്‍ എടുക്കുവാന്‍ സാധിച്ചിരുന്നില്ല. 

“വൈദ്യുതി വകുപ്പ് മന്ത്രിക്ക് ഒരു നിവേദനം കൊടുത്തു നോക്കൂ, ചിലപ്പോ സഹായിച്ചേക്കും” - എന്ന് ആരോ പറഞ്ഞു. 

അങ്ങനെ പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ മാര്‍ക്ക് ലിസ്റ്റ് സഹിതം അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. AK ബാലന് ഒരു കത്ത് അയച്ചു. വീട്ടില്‍ വൈദുതി എത്തിച്ചു  തരാന്‍ എന്തെങ്കിലും സഹായം ചെയ്യണം എന്നു അഭ്യര്‍ഥിച്ചു കൊണ്ടു. മിക്കവാറും എന്‍റെ നിവേദനം മന്ത്രി മന്ദിരത്തിലെ ഏതെങ്കിലും ചവറ്റു കുട്ടയില്‍ സ്ഥാനം പിടിക്കാനേ പോകുന്നുള്ളൂ എന്നു ഞാന്‍ കരുതി. പക്ഷെ ഒരു മാസത്തിനകം തന്നെ ¬-ഉചിതമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടു ബാലുശ്ശേരി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വന്ന മന്ത്രിയുടെ ഓര്‍ഡര്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വീട്ടില്‍ വൈദ്യുതി കണക്ഷനും ലഭിച്ചു. ഉച്ചഭാഷിണിക്കു മുന്നില്‍ വാചാലരാകുകയും എന്നാല്‍ സഹായത്തിനായി ചെന്നാല്‍ കൈ മലര്‍ത്തുകയും ചെയ്യുന്നവരാണ് രാഷ്ട്രീയക്കാര്‍ എന്ന എന്റെ മിഥ്യാ ധാരണ അങ്ങനെ പൊളിച്ചെഴുതപ്പെട്ടു. 

അടച്ചുറപ്പുള്ള ഒരു വീട് നൽകുന്ന സുരക്ഷിതത്വം അന്നേ കൊതിച്ചതാണ്. വർഷങ്ങളായി അത് മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു. അന്ന് കണ്ട സ്വപ്നം, എന്റെ സ്വന്തം വീട് എന്ന സ്വപ്നം ഇന്ന് യാഥാർഥ്യമായിരിക്കുകയാണ്. 

ആദ്യ ജോലി കിട്ടി ഹൈദരാബാദിൽ ചെന്നെത്തിയപ്പോഴാണ് വീടെന്ന സ്വപ്നത്തിനു ചിറകുകൾ വെക്കാൻ തുടങ്ങിയത്. രണ്ടു മുറിയുള്ള ഒരു നില വീട് , അതായിരുന്നു മനസ്സിൽ. പിന്നീട് ISRO-യിൽ ജോലി കിട്ടി ബാംഗ്ലൂർക്ക് 
വണ്ടി കയറി. കൈയിൽ അൽപ്പം കാശ് വന്നുകേറിയപ്പോൾ നാട്ടിൽ റോഡ് സൈഡിൽ കുറച്ചു സ്ഥലം വാങ്ങിച്ചു. കിണറും കുഴിച്ചു. അടുത്ത വര്ഷം തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ കിട്ടി. അതോടൊപ്പം തന്നെ ഒരു നില വീട് എന്ന പ്ലാൻ രണ്ടു നിലയിലേക്ക് വളർന്ന് പന്തലിച്ചു.



പാഠം ഒന്ന് : വീടുപണി എങ്ങനെ ബഡ്ജറ്റ് ഫ്രണ്ട്‌ലിയാക്കാം

ലോൺ എടുത്തു വീട് നിര്മിക്കുന്നതിനാൽ തന്നെ വീട്ടിലെ സൗകര്യങ്ങൾ എന്തൊക്കെ വേണം എന്നതിനേക്കാൾ കൂടുതൽ എങ്ങനെ വീടിന്റെ ബഡ്ജറ്റ് കുറക്കാം എന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവൻ. അവസാന ഘട്ടം വരെ ഒരു നില വീട് മതി എന്നതായിരുന്നു തീരുമാനം. എന്നാൽ ഭാവിയിൽ വന്നേക്കാവുന്ന ആവശ്യങ്ങൾ മുന്നിൽ കണ്ട്, രണ്ടു നില വീട് എന്നതിലേക്ക് തീരുമാനം മാറ്റി. പലപ്പോഴും താൽക്കാലിക സാമ്പത്തിക ലാഭം മുന്നിൽ കണ്ടുകൊണ്ടു സൗകര്യങ്ങൾ കുറച്ചു വീട് നിർമിക്കുകയും, എന്നാൽ പിന്നീട് ആവശ്യങ്ങൾ കൂടുമ്പോൾ പുതിയൊരു വീട് വെക്കുന്നത്രയും പണം മുടക്കി പഴയ വീട് പുതുക്കി പണിയുകയും ചെയ്ത ഒരുപാട് പേരെ നേരത്തെ കണ്ടിട്ടുള്ളതിനാൽ ഈ തീരുമാനം ഇപ്പോൾ നന്നായി എന്ന് തോന്നുന്നു. 

നമ്മുടെ സാമ്പത്തിക സ്ഥിതിയും , അതിനനുസരിച്ചുള്ള ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കിയാൽ ഒരു പരിധി വരെ വീട്ടുപണിയിൽ ബഡ്ജറ്റ് കുറക്കാൻ സാധിക്കും.  വീടിനു മോടി കൂട്ടാൻ നമ്മൾ ചെയ്യുന്ന പല അലങ്കാരപ്പണികളും തുടക്കത്തിലെ ഒരു എക്സൈറ്റ്മെന്റ്  മാത്രമേ തരുകയുള്ളൂ , പിന്നീട് വളരെ വിരസമായിരിക്കും. അത്തരം കാര്യങ്ങൾ പ്ലാനിങ് ഫേസിൽ തന്നെ കണ്ട് പിടിച്ചു ദൂരെ മാറ്റി നിർത്തണം. ഇതും ബഡ്ജറ്റ് പിടിച്ചു കെട്ടാൻ സഹായിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീടിന്റെ മൊത്തം ബഡ്ജറ്റിന്റെ സിംഹഭാഗവും ചിലവാക്കുന്നത് പ്ലാസ്റ്ററിങ് കഴിഞ്ഞുള്ള പ്രവർത്തികൾക്കാണ്. പ്രത്യേകിച്ചും പ്ലംബിങ് , വയറിങ്, പെയിന്റിങ് , ഇന്റീരിയർ മുതലായവയ്ക്ക്. എന്റെ കാര്യത്തിൽ പകുതി തുകക്ക് തന്നെ പ്ലാസ്റ്ററിങ് വരെയുള്ള കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിച്ചു , ഇതിന്റെ ആത്മവിശ്വാസത്തിൽ മറ്റു ചിലവുകളും അനായാസം  കുറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ബഡ്ജറ്റ് കൈവിട്ടു പോകാതിരിക്കാൻ കഠിന പ്രയത്നം തന്നെ വേണ്ടി വന്നു. പ്ലാൻ ചെയ്ത പല കാര്യങ്ങളും അവസാനഘട്ടത്തിൽ വെട്ടിച്ചുരുക്കേണ്ടി വന്നു.



പ്ലാനിങ് & ഡിസൈൻ  

വീടുപണിയുടെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലരും കാര്യമായ പ്രാധാന്യം കൊടുക്കാത്തതുമായ ഒരു ഘട്ടമാണിത്. പ്ലാനിങ് എന്നത് വീടിന്റെ പ്ലാനും , എലിവേഷനും വരക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച്  വീടുപണിയുടെ  A - Z  കാര്യങ്ങൾ മുന്നിൽ കാണേണ്ടത് പ്ലാനിങ് സമയത്താണ്. പ്രത്യേകിച്ചും ഒരു ബഡ്ജറ്റ് ഹോം പണിയുമ്പോൾ.
ആദ്യമായിട്ട് വേണ്ടത് വീടിനകത്തു ആവശ്യമുള്ള കാര്യങ്ങൾ എന്തെല്ലാമെന്ന് തീരുമാനിക്കലാണ്. അത് നമ്മുടെ ബഡ്ജറ്റും , കുടുംബാംഗങ്ങളുടെ എണ്ണവും , ഓരോരുത്തർക്കും ഉള്ള സ്പെസിഫിക് റിക്വയർമെൻറ്സും,  ഭാവിയിലേക്ക് മുൻകൂട്ടി കാണുന്ന ആവശ്യങ്ങൾക്കും അനുസരിച്ച് പലർക്കും പല രീതിയിൽ പ്ലാൻ ചെയ്യാം. വീട്ടിലെ മുറികളുടെ എണ്ണം, ഏരിയ, അവയുടെ സ്ഥാനം മുതലായവ  ഈയവസരത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ ചർച്ച ചെയ്തു തീരുമാനമെടുക്കാം. ഇങ്ങനെ ഉരുത്തിരിഞ്ഞു വന്ന  ആവശ്യങ്ങളെ ലിസ്റ്റ് ചെയ്യുകയാണ്  ഞാൻ ആദ്യം ചെയ്തത്. പിന്നീട് ഈ ലിസ്റ്റിനെ ആവശ്യങ്ങളുടെ പ്രാധാന്യമനുസരിച്ച് പലതായി തരം തിരിച്ചു. നിർബന്ധമായും ആവശ്യമുള്ളവ, പിന്നത്തേക്ക് മാറ്റി വെക്കാവുന്നവ, ഒട്ടും പ്രാധാന്യമില്ലാത്തവ എന്നിങ്ങനെ. ഇതിൽ നിന്നും ചില അപ്രധാന ആവശ്യങ്ങളെ വെട്ടി മാറ്റി ലിസ്റ്റ് ചെറുതാക്കി. ബഡ്ജറ്റ് കട്ടിങ്ങിന്റെ ഒന്നാമത്തെ സ്റ്റെപ്പായിരുന്നു അത്. 

അങ്ങനെ ഫൈനലൈസ് ചെയ്ത ആവശ്യങ്ങൾ വച്ചുകൊണ്ടു വീടിന്റെ ഒരു പ്ലാൻ വരക്കലാണ് ഞാൻ രണ്ടാമത് ചെയ്തത്. അച്ഛൻ ഒരു കൺസ്ട്രക്ഷൻ വർക്കർ ആയതിനാൽ അളവുകൾക്കും  മറ്റു ടെക്നിക്കൽ ഡീറ്റെയിൽസിനും അച്ഛന്റെ സഹായമുണ്ടായിരുന്നു.  മാത്രവുമല്ല പണിക്കാർക്കായി അലഞ്ഞു തിരിയേണ്ട ആവശ്യവും വന്നിട്ടില്ല. ഫൌണ്ടേഷൻ മുതൽ ഫിനിഷിങ് വരെ  എല്ലാത്തിനും അച്ഛന്റെ സുഹൃത്തുക്കളും, പരിചയക്കാരും ഉണ്ടായിരുന്നു. ആ ഒരു ധൈര്യമാണ്  സ്വന്തമായി വീട് ഡിസൈൻ ചെയ്തു നിർമ്മിക്കാം എന്ന തീരുമാനത്തിലേക്കെത്തിച്ചത്. പ്ലാൻ വരക്കാനായി ഓൺലൈനിൽ ലഭ്യമായ ഡ്രോയിങ് സോഫ്ട്വെയറുകൾ ഉപയോഗപ്പെടുത്തി. കൂടാതെ ഓട്ടോ -കാഡ്  ചെറുതായി പഠിക്കുകയും ചെയ്തു. വീടിന്റെ പ്ലാൻ വരക്കൽ മുതൽ വീട്, പണി പൂർത്തിയായാൽ എങ്ങനെയിരിക്കും എന്ന് വിഷ്വലൈസ് ചെയ്യാൻ വരെയുള്ള ടൂളുകൾ ഓൺലൈനിൽ ലഭ്യമാണ്. കൂടാതെ ഫർണീച്ചറുകളുടെയും, മറ്റു സാധനങ്ങളുടെയും സ്ഥാനം നിർണയിക്കാൻ വരെ ഇത്തരം ടൂളുകൾ ഉപയോഗപ്പെടുത്താം. പഞ്ചായത്തിൽ പെർമിഷൻ എടുക്കാനുള്ള ഡ്രോയിങ് മാത്രം ഒരു ആർക്കിടെക്ടിനെ കൊണ്ട് വരപ്പിച്ചു. അങ്ങനെ വീടിന്റെ ഡിസൈൻ സ്വന്തമായി ചെയ്തതിനാൽ ആർക്കിടെക്ടിനു കൊടുക്കേണ്ട കാശ് ലാഭിച്ചു. ഇത് കൂടാതെ ഇലക്ട്രിക്കൽ പോയിന്റുകൾ , പെയിന്റിംഗ് സ്കീംസ് , ഇന്റീരിയൽ ആൻഡ് എക്സ്റ്റീരിയർ ഡിസൈൻ  എല്ലാം ആദ്യമേ തീരുമാനിച്ചു. ഈ പ്ലാനുകളിൽ യാതൊരുവിധ  മാറ്റങ്ങളും ഇനി വരുത്തുകയില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.  വീടുപണി തുടങ്ങി പാതിവഴിയിൽ എത്തുമ്പോഴായിരിക്കും സുഹൃത്തുക്കളും, ബന്ധുക്കളുമടക്കം പലരും പല അഭിപ്രായങ്ങളുമായി  നമ്മെ കാണാൻ വരുന്നത്. ഇത്തരം അഭിപ്രായങ്ങൾ നമ്മുടെ പ്ലാൻ പലപ്പോഴും മാറ്റി മറിക്കും . ഇതൊക്കെ വീണ്ടും ബജറ്റ് കൂട്ടും എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ടാണ് അത്തരമൊരു തീരുമാനം ആദ്യമേ എടുത്തത്. 

പിന്നെ മറ്റൊരു കാര്യം പറയാൻ മറന്നു. അത് വാസ്തുവിനെ കുറിച്ചാണ്. വീട്ടിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടണം എന്നതിൽ കൂടുതൽ വാസ്തുവിൽ വിശ്വാസം ഇല്ലാതിരുന്നിട്ടും, വാസ്തു പ്രകാരം തന്നെയാണ് വീട് പണിതിരിക്കുന്നത്. ഭാവിയിൽ വീട് വിൽക്കേണ്ടി വന്നാലോ എന്നാലോചിച്ചിട്ടാണ് ഇങ്ങനെ ചെയ്തത്. അത്തരമൊരു ഘട്ടം വന്നാൽ വാസ്തു പ്രകാരമല്ലാതെ വീട് നിർമിച്ചാൽ അത് വീടിന്റെ ഡിമാന്റ് കുറച്ചേക്കാം. 
പിന്നെ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം. വീടുപണിയുടെ ഓരോ ഘട്ടവും കൃത്യമായി റെക്കോർഡ് ചെയ്തു വെക്കുക എന്നതാണ്. ഒരു 200 പേജ് നോട്ടുബുക്ക് വാങ്ങേണ്ട കാര്യമേ ഉള്ളൂ. ഓരോ ദിവസത്തെയും കാര്യങ്ങൾ അന്നന്നു തന്നെ രേഖപ്പെടുത്തി വച്ചു. ഓരോ ദിവസവും  ചിലവാകുന്ന  തുകയും , ജോലിക്കാരുടെ എണ്ണവും , കൊടുത്ത കൂലിയും, മെറ്റീരിയൽ ചാർജസ്സും എല്ലാം എഴുതി വച്ചു. ഓരോ സ്റ്റേജിലും ചെലവാക്കേണ്ട മാക്സിമം തുക ആദ്യമേ തീരുമാനിച്ചു.  ബഡ്‌ജറ്റ്‌ കൃത്യമായി ട്രാക്ക് ചെയ്യാനും, പലതുള്ളി പെരുവെള്ളം എന്ന രീതിയിൽ വീടുപണിയുടെ ഓരോ ചെറിയ സ്റ്റേജിലും ചെലവ് കുറക്കാനും ഈ രീതി സഹായകമായി. 



ഹോം ലോൺ

ഒരു വീട് വെക്കാനുള്ള കാശ് സമ്പാദിച്ചിട്ട് പണി തുടങ്ങാം എന്ന് വിചാരിച്ചാൽ റിട്ടയർമെന്റ് പ്രായമായാലും വീടുപണി എങ്ങുമെത്തണമെന്നില്ല. അതുകൊണ്ടാണ് പലരും ഹോം ലോണിലേക്ക് തിരിയുന്നത്. പിന്നെ തിരിച്ചടവ് തുകയിൽ ഇൻകം ടാക്സ് ആനുകൂല്യങ്ങൾ കിട്ടുമെന്നത് മറ്റൊരു പ്ലസ് പോയിന്റുമാണ്. തിരിച്ചടവിനുള്ള സാവകാശവും , നാണയപ്പെരുപ്പവും കണക്കിലെടുത്താൽ കിട്ടാവുന്നതിൽ മാക്സിമം കാലയളവിലേക്ക് ലോൺ എടുക്കുക എന്നതാണ് എന്റെയൊരു അഡ്വൈസ്. മറിച്ചുള്ള അഭിപ്രായക്കാരും ഉണ്ട്.  തിരിച്ചടവ് കാലാവധി കൂടിയാൽ തിരിച്ചടക്കേണ്ട തുകയും കൂടും എന്നത് സ്വാഭാവികം. എന്നാൽ ഇന്ന് നമ്മൾ ഓരോ മാസവും അടക്കുന്ന തിരിച്ചടവ് തുക ഒരു 10 -20 വർഷങ്ങൾ കഴിഞ്ഞാൽ നമുക്ക് വെറും പോക്കറ്റ് മണി പോലെയെ ഉണ്ടാവൂ എന്ന കാര്യം മറക്കണ്ട. അത് മാത്രവുമല്ല കൂടിയ ദൈർഖ്യത്തിൽ ലോൺ എടുത്താലും കൈയിൽ കാശ് വന്നാൽ പെട്ടന്ന് ക്ലോസ്സ് ചെയ്യാവുന്നതാണ്. പല ബാങ്കുകൾക്കും ലോക്കിൻ പിരീഡ് കഴിഞ്ഞാൽ  പ്രീ -ക്ലോഷർ ചാർജ്ജസ് ഒന്നും തന്നെയില്ല. ഹോം ലോണിന് ഹാജരാക്കേണ്ട പ്രമാണങ്ങൾ എന്തൊക്കെയാണെന്ന് അതതു ബാങ്കുകളിൽ അന്വേഷിച്ചാൽ മനസ്സിലാകും. ഹോം ലോണിനോടൊപ്പം തന്നെ ലോൺ പ്രൊട്ടക്ടർ ഇൻഷുറൻസുകളും ലഭ്യമാണ്. ഇത് വഴി ഹോം ലോൺ എടുത്ത ആൾക്കോ വീടിനോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ തുടർന്നുള്ള തിരിച്ചടവ് ഇൻഷുറൻസ് കമ്പനി ഏറ്റെടുക്കുന്നതാണ്. എന്നാൽ ഹോം ലോണിനോടൊപ്പം ഇൻഷുറൻസ് എടുക്കണം എന്നത് നിർബന്ധമല്ല. അത് നിങ്ങളുടെ താൽപ്പര്യത്തിന് തീരുമാനിക്കാവുന്നതാണ്. ഇൻഷുറൻസ് തുകക്കും ഇൻകംടാക്സ് ആനുകൂല്യങ്ങൾ ലഭിക്കും. ലോൺ അപ്പ്രൂവ് ആയതിനു ശേഷം വീടുപണിയുടെ ഓരോ ഘട്ടത്തിലുമാണ് തുക വിതരണം ചെയ്യുന്നത്. മുഴുവൻ തുകയും ഒരുമിച്ചു ചില ബാങ്കുകൾ ലഭ്യമാക്കുമെങ്കിലും ഘട്ടം ഘട്ടമായി വാങ്ങിക്കുന്നതാണ് ഉത്തമം. അതാകുമ്പോൾ വാങ്ങിച്ച തുകക്ക് മാത്രം പലിശ കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ ഘട്ടത്തിലും വാങ്ങിക്കേണ്ട തുക കൃത്യമായി പ്ലാൻ ചെയ്യേണ്ടതാണ്. അടുത്ത ഘട്ടം പൂർത്തിയാക്കാൻ പണം തികയാത്ത അവസ്ഥ വരരുത്. ബാങ്കുകൾ ലോൺ തിരിച്ചടവിനു അവധി (Moratorium period ) അനുവദിക്കാറുണ്ട്. സാധാരണായായി ഇത് വീടിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെയോ , അതുമല്ലെങ്കിൽ ഒരു നിശ്ചിത കാലയളവ് വരെയോ ആയിരിക്കും. ഇക്കാലയളവിൽ വാങ്ങിച്ച തുകയുടെ പലിശ മാത്രം തിരിച്ചടച്ചാൽ മതിയാകും (Pre -EMI).

ഫൌണ്ടേഷൻ



ചെങ്കൽപ്രദേശമായതിനാൽ ഫൌണ്ടേഷൻ പണിയാൻ പൈലിങ്ങിന്റെയോ, ബെൽറ്റ് വാർക്കേണ്ടതോ ആയ ആവശ്യം വന്നില്ല. കരിങ്കല്ല് കൊണ്ടാണ് ഫൌണ്ടേഷൻ പണിതത്. കിണറു കുഴിക്കുമ്പോൾ പൊട്ടിച്ചെടുത്ത പാറക്കഷണങ്ങൾ മാത്രമാണ് ഇതിനു ഉപയോഗിച്ചത്. വീടിന്റെ ചുറ്റുമതിലിന്റെ ഒരു വശം പണിയാനും ഇതുപയോഗിച്ചു. അങ്ങനെ വലിയൊരളവിൽ കോസ്റ്റ് കട്ടിങ് ഇവിടെ സാധ്യമായി. ഫൌണ്ടേഷൻ തുടങ്ങുന്നതിനു മുൻപായി പഞ്ചായത്ത് /മുനിസിപ്പാലിറ്റി / കോർപറേഷനിൽ നിന്ന് ബിൽഡിംഗ് പെർമിറ്റ്  വാങ്ങേണ്ടതാണ്.  അംഗീകൃത ആർക്കിടെക്റ്റോ അല്ലെങ്കിൽ എൻജിനീയറോ വഴിയാണ് ഇതിനു അപേക്ഷിക്കേണ്ടത്. ബിൽഡിങ് പെർമിറ്റ് ലഭ്യമായാൽ KSEB-യിൽ  ടെമ്പററി ഇലെക്ട്രിസിറ്റി കണക്ഷന് വേണ്ടി അപേക്ഷിക്കാം. വീടുപണിക്കാവശ്യമായ ഇലെക്ട്രിസിറ്റിക്ക് വേണ്ടിയാണിത്. 

ചുമര്



ചുമര് കെട്ടാനായി ചെങ്കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. പൊതുവെ മലബാറിലെ വീടുപണിക്ക് കൂടുതലായി ഉപയോഗിക്കുന്നത് ചെങ്കല്ലാണ്. എന്നാൽ തെക്കൻ കേരളത്തിൽ ഇഷ്ടികയാണ് കൂടുതൽ കണ്ടു വരുന്നത്. ചെങ്കല്ല് കണ്ണൂരിലെ ശ്രീകണ്ഠപുരത്തു നിന്ന് നേരിട്ട് എത്തിച്ചതിനാൽ നാട്ടിൽ നിന്ന് വാങ്ങിക്കുന്നതിലും കുറഞ്ഞ റേറ്റിന് കിട്ടി. ഒരു കല്ലിന് ട്രാൻസ്‌പോർട്ടേഷൻ അടക്കം 45 രൂപയാണ് ചെലവായത്. ചുമര് കെട്ടുന്ന ജോലിയും,  പ്ലാസ്റ്ററിങ്ങും കോൺട്രാക്ട് കൊടുക്കുകയാണ് ചെയ്തത്.

മേൽക്കൂര 



ഫ്ലാറ്റ് റൂഫിന് ചരിഞ്ഞ മേൽക്കൂരയെ അപേക്ഷിച്ച് നിർമ്മാണ ചിലവ് കുറവാണ്. അത് മാത്രവുമല്ല ഫ്ലാറ്റ് റൂഫ്  ആയാൽ ഭാവിയിൽ മുകൾ നിലയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ ആവശ്യമെങ്കിൽ  അതും ചെയ്യാനും സാധിക്കും. ഇതെല്ലം കണക്കിലെടുത്ത് മിനിമലിസ്റ്റിക് ശൈലിയിൽ ഫ്ലാറ്റ് ആയിട്ടാണ് റൂഫ് പണിതിരിക്കുന്നത്. കോൺക്രീറ്റിനുള്ള സിമന്റ്, കമ്പനി ഗോഡൗണിൽ നിന്ന് നേരിട്ട് സൈറ്റിൽ എത്തിച്ചത് കാരണം മാർക്കറ്റ് റേറ്റിലും കുറഞ്ഞ നിരക്കിൽ സിമന്റ് ലഭ്യമായി. അച്ഛൻ ഒരു കൺസ്ട്രക്ഷൻ വർക്കർ ആണെന്ന് പറഞ്ഞിരുന്നുവല്ലോ, അച്ഛന്റെ കൂട്ടുകാർ തന്നെയാണ് വീടിന്റെ കോൺക്രീറ്റും ചെയ്തത്. അതും ചെലവ് കുറക്കാൻ സഹായകരമായിട്ടുണ്ട്. ബാൽക്കണിയുടെ റൂഫിൽ പർഗോളകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തപ്പോൾ തന്നെ കൺസീൽഡ് LED ലൈറ്റുകൾക്കുള്ള ഇലക്ട്രിക്ക് പോയിന്റുകളും ബോക്‌സും ഇട്ടു വച്ചിരുന്നു. അങ്ങനെ ഫാൾസ് സീലിംഗ് ഇല്ലാതെ തന്നെ സീലിംഗ് ലൈറ്റ്‌സ് ഫിറ്റ് ചെയ്യാൻ സാധിച്ചു.

പ്ലമ്പിങ് , വയറിങ്



നിർമ്മാണ പ്രവർത്തിയിൽ ബഡ്ജറ്റിൽ ഒരു വലിയഭാഗം കയ്യാളുന്നതാണ് പ്ലംബിങ്ങും, വയറിങ്ങും. എന്നാൽ ഇതിൽ കോസ്റ്റ് കട്ടിങ്ങിനെക്കാൾ കൂടുതൽ ക്വാളിറ്റിയിലാണ് ശ്രദ്ധിക്കേണ്ടത്. ചുമരിനു വെളിയിൽ വരുന്ന സാധനങ്ങളെല്ലാം തന്നെ നമുക്ക് ആവശ്യമെങ്കിൽ റീപ്ലേസ് ചെയ്യാൻ സാധിക്കും , എന്നാൽ വയറിങ്ങും , പ്ലംബിങ്ങും ഒരിക്കൽ ചെയ്തു കഴിഞ്ഞാൽ അത് അഴിച്ചു പണിയുക എന്നത് വളരെ ഭാരിച്ചതാണ്. അതുകൊണ്ടു കുറച്ചു കാശ് കൂടിയാലും , നല്ല ക്വാളിറ്റിയുള്ള മെറ്റീരിയൽസ് എടുക്കാൻ ശ്രദ്ധിക്കുക. നേരത്തെ പറഞ്ഞത് പോലെ പ്ലംബിംഗ് ആൻഡ് വയറിങ് പോയന്റുകൾ എല്ലാം തന്നെ ആദ്യമേ ആലോചിച്ചുറപ്പിക്കേണ്ടതാണ്. ഭാവിയിലുള്ള ഒരു റീവർക്ക് ഒഴിവാക്കാനാണിത്. രണ്ടു റൂമുകളിലാണ് അറ്റാച്ചഡ് ബാത്റൂമുകൾ നൽകിയിട്ടുള്ളത്. ബാത്റൂമിനെ വെറ്റ് / ഡ്രൈ ഏരിയകളായി തിരിച്ചാണ് സാനിറ്ററി ഐറ്റംസ് പ്ലേസ് ചെയ്തിട്ടുള്ളത്. കൺസീൽഡ് ക്ലോസെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരു നിലകളിലുമുള്ള ബാത്റൂമുകൾ വീടിന്റെ ഒരേ ഭാഗത്തു വരുന്നതിനാൽ, പ്ലംബിംഗ് ലൈനുകളുടെ ദൈർഘ്യം കുറക്കാൻ സഹായകമായി. രണ്ടു ബാത്റൂമുകളിലേക്കായി ഒരു ഹീറ്റർ യൂണിറ്റ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. മുകളിലെ നിലയിൽ സ്ഥാപിച്ച ഹീറ്ററിൽ നിന്ന് , താഴത്തെ ബാത്റൂമിലേക്ക് ഹോട്ട് ലൈനുകൾ ഇട്ടിട്ടുണ്ട്. രണ്ടു ബാത്റൂമിൽ നിന്നും ഓൺ ചെയ്യാവുന്ന രീതിയിലാണ് ഹീറ്റർ പവർ സ്വിച്ച് ക്രമീകരിച്ചിട്ടുള്ളത്. CCTV , ഫാൾസ് സീലിംഗ്/ഇന്റീരിയർ,  വർക്സ് മുതലായവ ഉടൻ തന്നെ ചെയ്യാൻ പ്ലാൻ ഇല്ലെങ്കിൽപ്പോലും അതിനുള്ള വയറിങ് പോയിന്റുകൾ നേരത്തെ തന്നെ ചെയ്ത് വെക്കുന്നതാണ് നല്ലതു. കിണർ റീചാർജിനുള്ള പൈപ്പുകളും നേരത്തെ തന്നെ ഇട്ടു വച്ചു.



പ്ലാസ്റ്ററിങ്



മിനിമലിസ്റ്റിക് ഡിസൈൻ ആയതിനാൽ പ്ലാസ്റ്ററിങ്ങിന് മെറ്റീരിയൽ കോസ്റ്റ് കുറവായിരുന്നു. നിർമ്മാണ സമയവും കുറഞ്ഞു. ഇത്തവണയും സിമന്‍റ്, കമ്പനി ഗോഡൗണിൽ നിന്ന് നേരിട്ട് ഇറക്കുകയാണ് ചെയ്തത്. പുട്ടി ഇടാൻ പ്ലാൻ ചെയ്യുന്ന ചുമരുകളിൽ പ്രതലം മിനുസപ്പെടുത്താതെ , പരുക്കനാക്കി ഇടുന്നതാണ് നല്ലത്. 

ഫ്ലോറിങ് 



വിട്രിഫൈഡ് ടയിലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. എളുപ്പം ലഭ്യമാകുന്ന, എന്നാൽ എലഗന്റ് ലുക്ക് നൽകുന്ന ഐവറി കളറാണ് തിരഞ്ഞെടുത്തത്. അടുക്കളയിൽ മാറ്റ് ഫിനിഷുള്ള ടയിലുകളാണ് ഉചിതം. സ്ഥിരമായി വെള്ളം നനയുന്ന അടുക്കള ഫ്ലോറിൽ  സ്ലിപ് ആകുന്നതു ഒരു പരിധിവരെ ഇതുവഴി തടയാം.  ഓപ്പൺ ടെറസിലും മാറ്റ് ഫിനിഷ് ടയിലുകൾ ഉപയോഗിച്ചു. സ്റ്റെയറിനു ബ്ളാക്ക് ഫുൾ ബോഡി ടയിൽ ഉപയോഗിച്ചു. ബാക്കി വരുന്ന ടയിലുകൾ പൊട്ടലും , പോറലും ഇല്ലെങ്കിൽ മിക്ക ഷോപ്പുകളും തിരിച്ചെടുക്കാറുണ്ട്. ഭാവിയിൽ വല്ല റീപ്ലേസ്‌മെന്റ് ആവശ്യം വന്നാൽ, നമ്മൾ ഉപയോഗിച്ച ഡിസൈനിലുള്ള ടൈൽ മിക്കപ്പോഴും വീണ്ടും ലഭിച്ചെന്നു വന്നേക്കില്ല. അതുകൊണ്ട് ഓരോ ഡിസൈനിലുമുള്ള  രണ്ടോ - മൂന്നോ പീസ് ടൈലുകൾ നമ്മുടെ കൈയിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം.

പെയിന്റിങ് 


ഓഫ് വൈറ്റ് , ഗ്രേ എന്നീ രണ്ടു നിറങ്ങൾ മാത്രമേ പെയിന്റിങ്ങിനു ഉപയോഗിച്ചിട്ടുള്ളൂ. പാരപ്പെറ്റിനും ഷേഡിനുമാണ് ഗ്രേ കൂടുതലായി ഉപയോഗിച്ചത്. മറ്റിടങ്ങളെല്ലാം ഓഫ് വൈറ്റ് ആണ്. കൂടുതൽ നിറങ്ങൾ ഉപയോഗിക്കുന്നത് ചിലവ് കൂട്ടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ആവശ്യമുള്ളിടങ്ങളിൽ മാത്രമേ പുട്ടി ഇട്ടുള്ളൂ. 


ജനലും വാതിലും 



വീടുനിർമ്മാണത്തിനു മരത്തിന്റെ ഉപയോഗം പരമാവധി കുറക്കുക എന്നത് തുടക്കം മുതലേ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കഴിയാവുന്നിടത്തോളം മരത്തിനു പകരം ഇതര മാർഗങ്ങൾ അവലംബിച്ചു. ജനലിന്റെയും വാതിലിന്റെയും കട്ടിള സ്‌ക്വയർ GI പൈപ്പുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇരുമ്പു പൈപ്പുകൾ മൊത്തത്തിൽ വാങ്ങിച്ചു വീട്ടിൽത്തന്നെ വെൽഡ് ചെയ്താണുണ്ടാക്കി.  അലുമിനിയവും ഗ്ലാസ്സും ഉപയോഗിച്ചാണ് ജനൽപ്പാളികകൾ നിർമ്മിച്ചത്. വാതിലുകൾക്കായി മോൾഡഡ് പാനൽ ഡോറുകൾ വാങ്ങിച്ചു. മരം വാങ്ങുന്നവകയിൽ ഒരു നല്ല തുക അങ്ങനെ കയ്യിൽത്തന്നെ ഇരുന്നു. പരമാവധി ക്രോസ്‌ വെന്റിലേഷൻ ലഭിക്കുന്ന രീതിയിലാണ് ജനലും വാതിലും നൽകിയിട്ടുള്ളത്. ഹാളിലെ ചൂടുവായു പുറത്തുപോകാനായി സ്റ്റെയറിനു മുകളിലുള്ള ജനലിന്റെ ഒരു ഭാഗത്തു ജനൽപ്പാളി നൽകാതെ പകരം വീതികുറഞ്ഞ GI പൈപ്പുകൾ ആവശ്യത്തിന് വിടവിട്ടു ചരിച്ചു വെൽഡ് ചെയ്തു..

ഇന്റീരിയർ



മോഡുലാർ കിച്ചൻ ചെയ്യണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ അവസാനമാകുമ്പോഴേക്കും ബഡ്ജറ്റ് ബാക്കിയുണ്ടാകുമോ എന്നായിരുന്നു സംശയം, ബഡ്ജറ്റ് ചെറുതായിട്ട് കൈവിട്ടു പോയെങ്കിലും ഇന്റീരിയർ വർക്കുകൾ ചെയ്യാനുള്ള ഫണ്ട് ബാക്കിയുണ്ടായിരുന്നു. മറൈൻ പ്ലൈയും, മൈക്കയും ആണ് കിച്ചണിൽ യൂസ് ചെയ്തത്. നാനോ വൈറ്റ് നൽകാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും മെറ്റീരിയൽ കോസ്റ്റ് കൂടുതൽ ആയതിനാൽ ഗ്രാനൈറ്റ് ആണ് കിച്ചൻ ടോപ്പ് ആയി യൂസ് ചെയ്തത്.
ബെഡ് റൂമുകളിലെ കട്ടിൽ, വാർഡ്രോബ്, ഡ്രസിങ് ടേബിൾ എന്നിവ  മറൈൻ പ്ലൈയും, വിനീറും ഉപയോഗിച്ചാണ് നിർമ്മിച്ചത്. കട്ടിലിനുള്ളിൽ സ്റ്റോറേജ് സ്‌പേസ് നൽകി.  
പ്ലൈ ഉപയോഗിച്ചുണ്ടാക്കിയ വാഷ് കൗണ്ടറുകളിൽ ഗ്രാനൈറ്റ് ടോപ്പിംഗ് ആണ് നൽകിയത്.

ടീവി വാൾ, ഷോകേസ് മുതലായവയും മറൈൻ പ്ലൈ ഉപയോഗിച്ചാണ് ചെയ്തത്.
സ്റ്റെയർകേസിന്റ്റെ ഹാൻഡ്റെയിലിനു സ്‌ക്വയർ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചു. ബാൽക്കണിയിലെ പർഗോള കവർ ചെയ്യാൻ ഗ്ലാസിന് പകരം കളേർഡ് പോളികാർബണേറ്റ് ഉപയോഗിച്ചത് ബഡ്ജറ്റ് സേവ് ചെയ്തു.
ഇലക്ട്രിക്ക് ഫിറ്റിങ്ങുകളും , വീട്ടുപകരണങ്ങളും മിക്കതും ഓൺലൈനിൽ ആണ് വാങ്ങിച്ചത്. പല പ്രോഡക്റ്റുകളും വില കമ്പയർ ചെയ്തും, ഓഫറുകൾ വരുമ്പോഴും വാങ്ങിക്കാൻ ഇത് മൂലം സാധിച്ചു.



എക്സ്റ്റീരിയർ

റെഡിമേഡ് കോൺക്രീറ്റ് ഷട്ടറുകൾ ഉപയോഗിച്ചാണ് ഒരു ഭാഗത്തെ  കോമ്പൗണ്ട് വാൾ ചെയ്തിരിക്കുന്നത്. മറു ഭാഗത്തു കിണറു കുഴിച്ചപ്പോൾ കിട്ടിയ കരിങ്കല്ലും ഉപയോഗിച്ചു. മുൻവശത്തെ മതിലിനു ചെങ്കല്ല് ഉപയോഗിച്ചു. ഗേറ്റ് GI സ്‌ക്വയർ പൈപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ചു.
സിമന്റ് ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച് കാർ പോർച്ചും വീടിന്റെ ചുറ്റുഭാഗവും ചെയ്തു. മുറ്റത്തു കല്ല് പാകാൻ നിന്നില്ല. മഴവെള്ളത്തെ മണ്ണിലേക്കിറങ്ങാൻ വിട്ടു.
നിർമ്മാണം ഈ സ്റ്റേജിൽ എത്തിയപ്പോഴേക്കും വീട്ടുനമ്പർ കിട്ടാനുള്ള അപേക്ഷ പഞ്ചായത്തിൽ കൊടുത്തു. നമ്പർ കിട്ടിയ ഉടനെ തന്നെ പെര്മനെന്റ് ഇലെക്ട്രിസിറ്റി കണക്ഷനും അപേക്ഷിച്ചു


ഉപസംഹാരം

അങ്ങനെ ജീവിതത്തിൽ ആകെ കണ്ട ഒരു സ്വപ്നം പൂർത്തിയായിരുന്നു.  എന്റെ സ്വന്തം വീടെന്ന സ്വപ്നം. അതും സ്വന്തമായി ഡിസൈൻ ചെയ്തു നിർമ്മിക്കാൻ സാധിച്ചു എന്നത് ഇരട്ടി മധുരം തരുന്നു.   ഇനിയുള്ള സ്വപ്നങ്ങൾ ഇവിടെ നിന്ന് തുടങ്ങുന്നു.

Monday, January 28, 2019

മഞ്ഞു തേടി മാഞ്ചോലയിലേക്ക്





"അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനം സഞ്ചരിച്ചു കൊണ്ടിരുന്നു. നഗര ഹൃദയത്തെ പിന്നിട്ട് അത് ഗ്രാമീണതയുടെ ബിംബങ്ങൾ പേറുന്ന മലയോര പാതയിലേക്ക് കടന്നു. തകർന്നടിഞ്ഞ ഏതോ പൗരാണിക നഗരത്തിന്റെ അവശിഷ്ടങ്ങൾപോലെ റോഡിൽ അങ്ങിങ്ങായി കുഴിയെടുത്തിട്ടിരിക്കുന്നു. ഞങ്ങളുടെ ഡ്രൈവർ അൽപ്പം അക്ഷമനാണെന്നു തോന്നുന്നു. അയാൾ  ഗട്ടറും , ഹമ്പും വക വെക്കാതെ വാഹനം പറപ്പിച്ചു, 'വേഗവും , ഭയങ്കരവും' എന്ന ലോകപ്രശസ്ത ആംഗലേയ സിനിമയിലെ നായകനെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ"

"എന്തുവാടെയ് ഇത്?!,  ഇയാളാര് സന്തോഷ് ജോർജ് കുളങ്ങരയോ?, ഓവറാക്കണ്ട സിമ്പിൾ ആയിട്ടങ്ങു പറഞ്ഞാ മതി "

"പുവർ ഗ്രാമവാസി റീഡേഴ്സ് , എന്റെ എഴുത്തിന്റെ  സ്റ്റാൻഡേർഡിലേക്ക് അവർക്കെന്തേ ഉയരാൻ കഴിയുന്നില്ല ?,  ബുക്കർ പ്രൈസിനുള്ള  അപ്ലിക്കേഷൻ ഉടൻ കൊടുക്കണം. എന്തായാലും പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു തരാം"

അപ്പൊ പറഞ്ഞു വരുന്നത് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ തിരുവനന്തപുരം സഞ്ചാരിയുടെ മാഞ്ചോല / മണിമുത്താർ യാത്രയെ കുറിച്ചാണ്. തുടക്കത്തിൽ മാഞ്ചോല ഹിൽസിലേക്കായിരുന്നു യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ടൈഗർ ബ്രീഡിങ് സീസൺ ആയതിനാൽ അവിടേക്ക് എൻട്രി പെർമിഷൻ കിട്ടിയില്ല. ഉടൻതന്നെ ട്രിപ്പ് അതിനടുത്തുള്ള മണിമുത്താറിലും , സമീപ പ്രദേശങ്ങളിലേക്കുമായി റീ റൂട്ട് ചെയ്തു. തിരുനെൽവേലിക്കടുത്ത് , അംബാസമുദ്രം താലൂക്കിലാണ് മണിമുത്താർ സ്ഥിതി ചെയ്യുന്നത്.
ഡ്രൈവർ വിജേഷേട്ടൻ എന്നെ കഴക്കൂട്ടത്തെ നിന്ന് പിക്ക് ചെയ്തു. പതിവുപോലെ എല്ലാവരും 'കൃത്യനിഷ്ഠ' പാലിച്ചതിനാൽ, വിചാരിച്ചതിലും ഒരു മണിക്കൂർ വൈകി ഏഴുമണിയോടെ തിരുവനന്തപുരം കാവടിയാറിൽ നിന്ന് യാത്ര തുടങ്ങി. കുട്ടികളടക്കം മൊത്തം 26 പേരുണ്ടായിരുന്നു. പാലോട് മഹാറാണിയിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. തെന്മല വഴി , പതിമൂന്നു കണ്ണറ പാലവും പിന്നിട്ടു തെങ്കാശി റൂട്ടിൽ ഞങ്ങളുടെ വണ്ടി മുന്നോട്ടു നീങ്ങി. പോകും വഴി ചെങ്കോട്ട-തിരുമല കുമാരസ്വാമി ടെംപിളിൽ കയറാൻ മറന്നില്ല. വണ്ടിയിൽ ഡാൻസും , പാട്ടുമായി സമയം പോയതേ അറിഞ്ഞില്ല. പഴയ കോളേജ് ടൂർ ഓർമകളിലേക്ക് അതെന്നെ കൊണ്ടെത്തിച്ചു. 
ഒരു മണിയോടെ കുട്രാലം എത്തി. ബ്രിന്ദാവൻ ഹോട്ടലിൽ നിന്ന് വയറു നിറയെ ബിരിയാണിയും കഴിച്ചു, നേരെ വെള്ളച്ചാട്ടത്തിലേക്ക് വണ്ടി വിട്ടു. സീൻ ശോകമാണ് , പേരിനു പോലും വെള്ളമില്ല. അതിനാൽ വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോലും നിന്നില്ല. ടിക്കറ്റു കാശ് തമിഴ്‌നാട് ടൂറിസത്തിനു സംഭാവന ചെയ്തു ഞങ്ങൾ വണ്ടി തിരിച്ചു. വെള്ളച്ചാട്ടത്തിൽ വെള്ളമില്ലാത്തതും, വരുന്നവഴി ടയറു പഞ്ചറായതും രാവിലെ ആദ്യമായി വണ്ടിയിൽ വലതുകാലെടുത്തു വച്ച മിമിയുടെ തലയിൽ വച്ചു കെട്ടിയപ്പോ ഒരു റിലാക്സേഷൻ  തോന്നി. വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന മറ്റു വാഹനങ്ങളെ ഉപദേശിച്ചു തിരിച്ചു വിട്ടുകൊണ്ട് ഞങൾ നാടിനു മാതൃകയായി. നാടിന്റെ യുവത്വം മാറ്റത്തിന്റെ പാതയിൽ. 
വൈകിട്ട് നാലുമണിയോട് കൂടി മണിമുത്താറിൽ എത്തി. RK Villa യിലാണ് താമസം ഒരുക്കിയിരിക്കുന്നത്. നീണ്ടു പരന്നു കിടക്കുന്നൊരു മാവിൻതോപ്പിനു നടുവിലാണ് ഞങ്ങളുടെ കോട്ടേജ്. അതിനപ്പുറം കാടാണ്. കോട്ടേജിന്റെ അതിരുകളിൽ ഇലക്ട്രിക്ക് ഫെൻസിങ് നൽകിയിട്ടുണ്ട്.  കാട്ടുമൃഗങ്ങൾ ഉള്ളിൽ കയറാതിരിക്കാനാണ്. അതിനു ചുറ്റും മിക്ക സമയങ്ങളിലും മയിലുകൾ കറങ്ങി നടക്കുന്നത് കാണാം. രാത്രിയിൽ മ്ലാവിനെയും കാണാൻ പറ്റി. പന്നികളുമുണ്ട് കുറച്ചേറെ. രാത്രിയായാൽ ചീവീടുകളുടെ കരച്ചിലല്ലാതെ മറ്റൊന്നും കേൾക്കാനില്ല. നഗരത്തിരക്കുകളിൽ നിന്ന് ഒളിച്ചോടാൻ പറ്റിയൊരിടം. 
SKJ നായർ എന്ന റിട്ടയേർഡ് മലയാളി എയർഫോഴ്സ് വിങ് കമാൻഡറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഒരു കൊമ്പൻ മീശയുമായി ടെന്റിൽ നിന്നിറങ്ങി വന്ന SKJ നായരെ നോക്കി ഒന്ന് ചിരിച്ചു എന്നല്ലാതെ , അങ്ങോട്ട് പോയി ഒന്നും മിണ്ടാൻ നിന്നില്ല. പട്ടാളകഥകളുടെ ഭാണ്ഡമെങ്ങാനും അറിയാതെ തുറന്നു പോയാലോ . അത് പേടിച്ചിട്ടാ. പക്ഷെ കോട്ടേജിലെ സഹായിയായ അനിൽ ചേട്ടൻ SKJ യുടെ വീര കഥകൾ നിർത്താതെ പറയുന്നുണ്ടായിരുന്നു. എല്ലാം  വെറും തള്ളുമാത്രമാകും എന്ന് വിചാരിച്ചു. പക്ഷെ ടൂറുകഴിഞ്ഞു വരുമ്പോൾ ഇദ്ദേഹത്തെപ്പറ്റി ഒന്നും ഗൂഗിൾ ചെയ്തു നോക്കി. അപ്പോഴാണ് അനിൽ ചേട്ടൻ പറഞ്ഞതിൽ അതിശയോക്തി ഒട്ടും തന്നെയില്ലായിരുന്നു എന്ന് മനസ്സിലായത്. ഇന്ത്യൻ എയർഫോഴ്സിൽ ആയിരക്കണക്കിന് കിലോമീറ്റര് ഫ്ലയിങ് റെക്കോർഡുള്ള ഒരു ഫൈറ്റർ പൈലറ്റ് ആയിരുന്നു Mr. നായർ. ഇപ്പോൾ നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷന്റെ (NAF) ഡയറക്ടർ ആണ്. 1986-88 കാലയളവിൽ ഇറാഖിൽ സദാം ഹുസൈന്റെ വ്യോമ സേനയെ പരിശീലിപ്പിക്കാൻ ഇന്ത്യയിൽ നിന്നയച്ച ചുരുക്കം ചില പൈലറ്റുമാരിൽ ഒരാളായിരുന്നു. 73 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് കോട്ടേജിനടുത്തായി ഒരു എയർ സ്ട്രിപ്പ് ഉണ്ട്. ഈ പ്രായത്തിലും SKJ അവിടെ വിമാനം പറത്തുകയും , പരിശീലനം നൽകുകയും ചെയ്യുന്നു. മൈക്രോ ലൈറ്സും, പവേർഡ് ഗ്ലൈഡേഴ്സും അടങ്ങിയ ആറോളം ചെറു വിമാനങ്ങൾ ഇവിടെ ഗ്യാരേജിൽ ഉണ്ട്. സ്വയം വിമാനം നിർമിച്ചു പറത്തിച്ച സജി തോമസിന്റെ ജീവിതത്തെ തിരശീലയിൽ കാണിച്ച  'വിമാനം' എന്ന ചലച്ചിത്രത്തിന് വേണ്ടി പൃഥ്വിരാജിന് ഫ്ലയിങ് ട്രെയിനിങ് കൊടുത്തത് ഇദ്ദേഹമായിരുന്നു എന്ന കാര്യം ഞാൻ ആശ്ചര്യത്തോട് കൂടിയാണ് വായിച്ചത്. ഇത്രയും യുണീക് ആയിട്ടുള്ളൊരു മനുഷ്യനെ പരിചയപ്പെടാതെ പോന്നതിൽ എനിക്കിപ്പോഴും കുറ്റബോധം തോന്നുന്നു.
വൈകുന്നേരത്തെ സമയംകൊല്ലലുകൾക്ക്  ശേഷം എല്ലാവരും രാത്രിയോടെ കോട്ടേജിന്റെ മുറ്റത്തു ക്യാമ്പ് ഫയർ ഒരുക്കി ഒത്തു കൂടി. 505 ദിവസത്തെ റോഡ് ട്രിപ്പ് കഴിഞ്ഞു തിരിച്ചെത്തിയ പ്രശോഭേട്ടനെ ആദരിച്ചു. പുതിയ സഞ്ചാരികളെ പരിചയപ്പെട്ടു. അതിനു ശേഷം വയറു നിറച്ചു ഭക്ഷണം കഴിച്ചു. ആകാശം നന്നായി തെളിഞ്ഞിരിക്കുന്നു. പ്രകാശ മലിനീകരണം ഒട്ടും തന്നെയില്ല. സ്‌കൈ ഫോട്ടോഗ്രാഫിക്ക് പറ്റും. ട്രൈപോഡ് എടുക്കാത്തതിൽ ഞാൻ പശ്ചാത്തപിച്ചു. യാത്രാ ക്ഷീണം നല്ലവണ്ണമുണ്ട്. നാളെ നേരത്തെ എണീറ്റ് കാഴ്ച കാണാനിറങ്ങാനുള്ളതാ. അതുകൊണ്ടു ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാൻ പോയി. കട്ടിലിൽ കിടന്നതേ ഓർമ്മയുള്ളു.

സമയം നട്ടപ്പാതിരയായിക്കാനും , എന്തോ ഒരു നിലവിളി ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. എന്താണ് മനസ്സിലായില്ല. ദൈവമേ ഇനി വല്ല കരടിയോ , കാട്ടുപോത്തോ മറ്റോ വഴി മാറി വന്നതാണോ ? ദേ വീണ്ടും ആ ശബ്ദം , ഭാഗ്യം ഹട്ടിൽ അടുത്ത ബെഡിൽ കിടന്ന അരുൺ ചേട്ടൻ ഉറക്കത്തിൽ സംസാരിച്ചതാണ്. വെറുതെ പേടിച്ചു. ഞാൻ തിരിഞ്ഞു കിടന്നു. പുറത്ത് മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു. 
രാവിലെ അഞ്ചു മണിക്കേ എഴുന്നേറ്റ് കുളിച്ചു കുട്ടപ്പനായി. വെളിച്ചം വീണപ്പോൾ പുറത്തിറങ്ങി നടന്നു. രെൻജിഷ് ബ്രോയും, അസ്‌ബറ ടീച്ചറും, ശിഫ ചേച്ചിയും കൂടെ വന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവരും എത്തി. കൂടെ ഗൈഡ് അനന്തുവും. കോട്ടേജിനു ചുറ്റുമുള്ള പാടത്തിലൂടെയും , പറമ്പിലൂടെയും അനന്തു ഞങ്ങളെ കൊണ്ട് പോയി. ബേർഡ് വാച്ച് ആണ് ലക്‌ഷ്യം. നിരാശപ്പെടേണ്ടി വന്നില്ല. കണ്ടതും കാണാത്തതുമായ ഒരുപാടിനം പക്ഷികൾ. ചുറ്റും കരിമ്പനകളും, പാടങ്ങളും നിറഞ്ഞ പ്രകൃതിഭംഗിയും. 
നടന്നു നടന്നു മണിമുത്താർ ഡാമിലെത്തി. ക്യാമറക്കു വിശ്രമിക്കാൻ അവസരം കൊടുത്തില്ല. ഇവിടെ തിരിഞ്ഞാലും മനോഹരമായ ഫ്രയിമുകൾ മാത്രം. അങ്ങനെ നാലു മണിക്കൂർ നീണ്ട നടത്തം അവസാനിപ്പിച്ചു ഞങ്ങൾ കോട്ടേജിലേക്ക് തിരിച്ചു. നല്ല ചൂട് ബ്രേക്ക്ഫാസ്റ്റ്  റെഡിയായിരുന്നു.
ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങാൻ ബാഗ് പാക്ക് ചെയ്തു. ഉച്ചയോടെ RK വില്ലയോട് വിട പറഞ്ഞു. പോകുന്നതിനു മുൻപായി ചെറു വിമാനങ്ങളുടെ കൂടെ കുറച്ചു ഫോട്ടോയെടുത്തു.

മടക്കയാത്രയിൽ മണിമുത്താർ വെള്ളച്ചാട്ടത്തിൽ പോയി. ചിലർ കുളിച്ചു. വെള്ളത്തിൽ ഇറങ്ങില്ലാന്ന് സുമതിക്കുട്ടിക്ക് വാക്കു കൊടുത്തതിനാൽ ഞാൻ ഇറങ്ങിയില്ല. സമയം രണ്ടു കഴിഞ്ഞിരുന്നു. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് തുടങ്ങിയിട്ടുണ്ട്. അൽപ്പസമയത്തിനകം മടങ്ങി. ഇനി നേരെ തിരുവനന്തപുരത്തേക്ക്. ഉച്ചഭക്ഷണം വൈകുന്നേരത്തേക്ക് വഴി മാറി. വരുന്ന വഴിയിൽ നല്ല പൊറോട്ടയും , ഓംലറ്റും കഴിച്ചു. രാത്രി ഒൻപതു മണിയോടെ കവടിയാറെത്തി. ഇനി വിട പറയലിന്റെ സമയമാണ്. രണ്ടു ദിവസത്തെ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഈ യാത്ര ഇവിടെ അവസാനിക്കുന്നു. വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ എല്ലാവരും വഴി പിരിഞ്ഞു.
വാൽക്കഷ്ണം : സിമ്പിൾ ആയിട്ട് എഴുതാൻ പറഞ്ഞതിനാൽ എന്റെ കഴിവുകൾ മുഴുവനായി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല , വായനക്കാർ ക്ഷമിച്ചാലും ;)