Friday, October 27, 2023

“ഒരു തമിഴ് കഥ” - Road trip diary – Part 1

Sundarapandyapuram
"അപ്പൊ എല്ലാം കൂടി എത്രയായി അണ്ണാ ?”

"450 രൂപാ സാർ"

“നാന്, അച്ഛൻ, അമ്മ,, കെട്ട്യോള് , ഞങ്ങളെല്ലാം ഒരു ബെൽറ്റ്,  നിങ്ങള് കൊറച്ച് കമ്മി ചോയ്ക്ക്”

"ഇല്ല സാർ നാനൂറ്റമ്പത്" - അണ്ണൻ വിടുന്ന മട്ടില്ല.


അഡെങ്കപ്പാ ..!  സുന്ദരപാണ്ട്യപുരത്തെ സ്കൂട്ടറിൽ പനനൊങ്ക് വിൽക്കുന്ന ചേട്ടന്റെ കൈയിൽ നിന്ന് രണ്ട് നൊങ്ക് വാങ്ങിച്ചു കുടിച്ചു. അതിനാണീ 450 രൂപാ പറഞ്ഞത്. ലുലു മാളീന്നു ജ്യൂസ് കുടിച്ചാൽ പോലും ഇത്രേം പൈസ ആകത്തില്ല. സാധാരണ റോഡ്സൈഡിലെ കടക്കാരിൽ നിന്ന് ഡിസ്കൗണ്ട് ചോദിക്കാറില്ല, കാരണം അവരെല്ലാം ജീവിക്കാൻവേണ്ടി പണിയെടുക്കുന്നവരാണ്. എന്നാൽ ഇയാൾ ശരിക്കും ആളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുകയാണ്. അറിയാത്ത സ്ഥലമാണ്, ഞങ്ങൾക്കാണെൽ അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് പോകേണ്ടതുമാണ്. ഇയാളെങ്ങാനും കാറ്റഴിച്ചു വിട്ടാൽ പണിയാകും. അവസാനം  350 രൂപ കൊടുത്തു. അങ്ങനെ നൈസ് ആയിട്ട് പറ്റിക്കപ്പെട്ടിട്ടും അതിൻ്റെ അഹങ്കാരമൊന്നും പുറത്തു കാണിക്കാതെ ഞങ്ങൾ സൂര്യകാന്തിപ്പാടത്തേക്കിറങ്ങി. 

പറഞ്ഞു വരുന്നത്, ഒരാഴ്ച നീണ്ടു നിന്ന ഞങ്ങളുടെ ദക്ഷിണ തമിഴ്നാട്  റോഡ് ട്രിപ്പിനെക്കുറിച്ചാണ്. കുറച്ചു കാലമായി ഒരു ലോങ്ങ് റോഡ് ട്രിപ്പടിക്കാനായി പ്ലാൻ ചെയ്യുന്നു. രണ്ട് വര്ഷം മുൻപ് പോയ കർണാടക ട്രിപ്പിന് ശേഷം പിന്നെ ലോങ്ങ് ഡ്രൈവ് ഉണ്ടായിട്ടില്ല. ആ പരാതി ഇത്തവണ തീർത്തേക്കാം എന്ന് കരുതി. അൾട്രോസ് ഒരാഴ്ച മുന്നേ തന്നെ സർവീസ് ചെയ്ത് റെഡിയാക്കി വച്ചു. കാറിന്റെ ബാറ്ററി ഇടക്കിടെ പ്രശ്നം ഉണ്ടാക്കുന്നുണ്ടായിരുന്നു. അതും പുതിയത് വാങ്ങി വച്ചു. ഇത്തവണത്തെ ട്രിപ്പിന് കെട്ട്യോൾ മാത്രമല്ല, സുമതിക്കുട്ടിയും , ചന്ദ്രുവും കൂടെയുണ്ട്. അച്ഛനും, അമ്മയും ഇത്രയും ദിവസം തുടർച്ചയായി ഇതുവരെ യാത്ര ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ അവർക്ക് അധികം സ്ട്രെയിൻ ഇല്ലാത്ത രീതിയിലൊരു യാത്രയാണ് പ്ലാൻ ചെയ്യേണ്ടിയിരുന്നത്. കൂടുതൽ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ ഓരോ സ്ഥലങ്ങളും സമയമെടുത്തു സന്ദർശിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അങ്ങനെയാണ് കന്യാകുമാരി - തിരുനെൽവേലി - രാമേശ്വരം - ധനുഷ്കോടി - തെങ്കാശി റൂട്ടിലേക്ക് യാത്ര ചെന്നെത്തിയത്. ഈ റൂട്ടിൽ പോയി വരാൻ തിരുവനന്തപുരത്തു നിന്ന് ഏകദേശം ആയിരം കിലോമീറ്ററേ ആകുന്നുള്ളൂ. അത് മാത്രവുമല്ല അച്ഛനോ , അമ്മക്കോ യാത്രക്ക് ബുദ്ധിമുട്ടുണ്ടായാൽ ഏതു പോയിന്റിൽ നിന്നും തിരിച്ചു വരികയുമാകാം.


Chitharal jain temple

അങ്ങനെ സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച രാവിലെ വീട്ടീന്ന് ഒരു കട്ടനും അടിച്ചു ഏഴുമണിയോടെ ഞങ്ങൾ യാത്ര തുടങ്ങി. തിരുവനന്തപുരം കോവളം ബൈപ്പാസും പിന്നിട്ട് പാറശാലയിൽ പ്രഭാത ഭക്ഷണത്തിനായി ഒരു ബ്രേക്ക് എടുത്തു. തിരുവല്ലം ടോൾ പ്ലാസയിൽ ഇപ്പൊ 150 രൂപയാണ് ഒരു വശത്തേക്ക് വരുന്ന ടോൾ. ഒന്നാമത്തേത് റോഡുപണി മുഴുവനായും പൂർത്തിയായിട്ടില്ല. ഇങ്ങനെയൊരു റോഡിൽ 150 ഒരൽപം കൂടുതലല്ലേ ഒന്നൊരു സംശയം ഇല്ലാതില്ല. അങ്ങനെ ബ്രേക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. ആദ്യ ലക്ഷ്യം ചിതറാൽ ജെയിൻ ടെമ്പിൾ ആണ്.


ചിതറാൽ ജെയിൻ ടെമ്പിൾ

ചിതറാൽ മലൈ കോവിൽ എന്നും ഈയിടം അറിയപ്പെടുന്നുണ്ട്. മാർത്താണ്ഡം ടൗണിൽ നിന്ന് ഏകദേശം അഞ്ചാറു കിലോമീറ്ററേ ഉള്ളൂ ഇങ്ങോട്ട്. ഞങ്ങൾ എത്തുമ്പോൾ തന്നെ ഒരുപാടുപേർ അവിടെ ഉണ്ടായിരുന്നു. സ്കൂൾ ടൂർ വന്ന ഒരുകൂട്ടം കുട്ടികളും , കൂടാതെ ഒറ്റയും തെറ്റയുമായി വന്ന കുറെപ്പേരും. താഴെ വണ്ടി പാർക്ക് ചെയ്തു എൻട്രൻസിലെ രെജിസ്റ്ററിൽ പേരും , മൊബൈൽ നമ്പറും എഴുതിക്കൊടുത്തു ഞങ്ങൾ മുകളിലേക്ക് കേറി. പാർക്കിങ് ഫീയുണ്ട്. ഫീസ് പിരിക്കുന്നത് താഴെ കട നടത്തുന്ന ചേച്ചിയാണ്. ഞാനിവിടെ കുറച്ചു വർഷങ്ങൾക്കുമുൻപ് വന്നിട്ടുണ്ട്. അന്ന് വന്നതിനേക്കാൾ ഒരുപാട് മാറ്റം എനിക്കിവിടെ കാണാനായി. ഇപ്പൊ ഇവിടെ നല്ല രീതിയിൽ പരിപാലിച്ചുപോരുന്നുണ്ട്. ഒരു പത്തുപതിനഞ്ചു മിനിറ്റോളം മുകളിലേയ്ക്ക് നടന്നു കയറാനുണ്ട്. മുകളിൽ ഒരു വലിയ ആൽമരമുണ്ട്. ഞങ്ങൾ ഒരല്പനേരം അതിന്റെ ചുവട്ടിൽ ചിലവഴിച്ചു, തുടർന്ന് മലൈ കോവിലിലേക്ക് കയറി. കയറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു ചുമരാണ്. ചുമരിനുമുന്പിൽ ഒരു ചെറിയ മണ്ഡപവുമുണ്ട്. ആ ചുമരിൽ ജൈനമതക്കാരുടെ ചില ചിഹ്നങ്ങളും ഇരുപത്തിനാല് തീർത്ഥങ്കരമ്മാരുടെ രൂപങ്ങളും കൊത്തിയിട്ടിട്ടുണ്ട്, അക്കാലത്തെ ദക്ഷിണേന്ത്യയിലെ ജൈനമതത്തിന്റെ സ്വാധീനം ചൂണ്ടിക്കാണിക്കുന്നരീതിയിൽ. ജൈനൻമ്മാരുടെ സ്വാധീനം കുറഞ്ഞതിനുശേഷത്തെ പതിമൂന്നാം നൂറ്റാണ്ടോടെ ഇവിടം ഒരു ഭഗവതി ക്ഷേത്രമായി രൂപാന്തരംപ്രാപിച്ചു. ജൈനമണ്ഡപത്തിൽ നിന്ന് താഴേക്കിറങ്ങി മുന്നോട്ട് പോയാൽ ഭഗവതി ക്ഷേത്രം കാണാനാകും.

Chitharal jain temple

ക്ഷേത്രത്തിനു മുൻപിൽ പാറപ്പുറത്തു നിർമ്മിച്ച ഒരു കുളവും. പാറപ്പുറത്തായിരുന്നിട്ടുകൂടിയും കുളത്തിൽ നിറയെ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞതവണ വന്നപ്പോൾ ക്ഷേത്രത്തിനകത്തു പ്രവേശിക്കാൻ സാധിച്ചിരുന്നു. ഇത്തവണ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷേത്ര മുറ്റത്ത് നല്ല തണലും, നല്ല കാറ്റും ഉണ്ടായിരുന്നു, കുറേനേരം അങ്ങിനെ വെറുതെ ഇരിക്കാൻ തോന്നുന്ന രീതിയിൽ. അൽപ്പനേരം അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.




പദ്മനാഭപുരം പാലസ് 

ഇന്ത്യയിലെ തടിയിൽ തീർത്ത ഏറ്റവും വലിയ കൊട്ടാരമായ പദ്മനാഭപുരം പാലസിലേക്ക് ചിതറാലിൽ നിന്ന് ഏകദേശം പതിനഞ്ചുകിലോമീറ്ററോളം ദൂരമേ ഉള്ളൂ. തമിഴ് നാട്ടിലാണെങ്കിലും കൊട്ടാരത്തിന്റെ നോക്കി നടത്തിപ്പും ഉടമസ്ഥാവകാശവും കയ്യാളുന്നത് കേരളം സർക്കാരാണ്. തിരുവിതാംകൂറിൻ്റെ രാജാക്കൻമാരുടെ പഴയ തലസ്ഥാനമായിരുന്നു ഇവിടം.  കേരള വാസ്തുശൈലിയിലുള്ള  മനോഹരമായൊരു നിർമിതി തന്നെയാണിത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണിത് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ചരിത്രാന്വേഷികൾക്ക് ഒരിക്കലും ഒഴിവാവാക്കാൻ സാധിക്കാത്ത ഒരിടമാണിത്. പതിനേഴാം നൂറ്റാണ്ടിനും , അതിനും മുൻപുള്ള ഒട്ടേറെ പുരാവസ്തുക്കൾ ഇവിടെ കാണാൻ  സാധിക്കും. കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണം എന്ന് നിസ്സംശയം വിശേഷിപ്പിക്കാം.  കൊട്ടാരത്തിലേക്ക് എത്തുന്ന വഴിയിൽ മൊത്തം പലതരം കച്ചവടക്കാരാണ്. സുവനീറുകളും, കാഴ്ചവസ്തുക്കളും വിൽക്കുന്നരാൽ നിറഞ്ഞിരിക്കുന്നു റോഡിന്റെ ഇരു വശങ്ങളും. കൊട്ടാരമുറ്റം വളരെ വലുതാണ്. കൊട്ടാരത്തിനകത്ത് പാദരക്ഷകൾ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. ചെരിപ്പും , ഷൂസും സൂക്ഷിക്കാനായി പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊട്ടാരമുറ്റത്തിന്റെ ഇടതുഭാഗത്തുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റുമെടുത്തു ഞങ്ങൾ ഉള്ളിലേക്ക് കയറി.

Padmanabhapuram Palace

നേരെക്കാണുന്ന പൂമുഖ മാളികയിൽ ആദ്യം നമ്മെ ആകർഷിക്കുന്നത് ഒരു കുതിരക്കാരൻ തൂക്കുവിളക്കാണ്. ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തി ബാലൻസ് ചെയ്തു വച്ചിരിക്കുന്ന ഒരു വിളക്ക്. പൂമുഖ മാളികയുടെ മുകൾവശത്തെ മച്ചിൽ നിറയെ പൂക്കൾ കൊത്തി വച്ചിട്ടുണ്ട്. മരത്തിൽ കൊത്തിയ പൂക്കൾ ഓരോന്നും വ്യത്യസ്തങ്ങളാണ്. പൂമുഖത്തിന്റെ ഇടതു ഭാഗത്തായി ഒരു ചെറിയ ഗോവണി. അത് വഴിയാണ് മുകൾ നിലയിലേക്ക് കയറുന്നത്. കയറുമ്പോൾ തല മുകളിൽ ഇടിക്കാതിരിക്കാൻ സൂക്ഷിക്കണം. പുറത്തെ ചൂട് ഒട്ടും തന്നെ കൊട്ടാരത്തിനകത്ത് അറിയുന്നില്ല. കിളിവാതിലുകൾക്കിടയിലൂടെ കടന്നുവരുന്ന കാറ്റ് കൊട്ടാരത്തിനകം തണുപ്പിച്ചുകൊണ്ട് പുറത്തുപോകുന്നു. ഏക്കറുകളോളം നീണ്ടു കിടക്കുന്ന കൊട്ടാരവളപ്പിൽ  തായ് കൊട്ടാരം എന്നറിയപ്പെടുന്ന ഭാഗമാണ് ആദ്യം നിർമ്മിച്ചത്. മറ്റുള്ള കെട്ടിടങ്ങളെല്ലാം ഇതിൽനിന്നു കൂട്ടിച്ചേർത്തുണ്ടാക്കിയതാണ്. മുന്നൂറു വർഷത്തോളം പഴക്കമുള്ളൊരു മണിമേടയും ഇവിടെയുണ്ട്. ഇവിടുത്തെ ഘടികാര ശബ്ദം കൊട്ടാരത്തിൻ്റെ മൂന്നു കിലോമീറ്ററോളം ചുറ്റളവിൽ കേൾക്കാൻ കഴിയുമായിരുന്നത്രെ. രാജാക്കൻമാരുടെയും മറ്റും വാസസ്ഥലം, പ്രജകളുമായി സംവദിക്കുന്നിടം, ഭരണകാര്യങ്ങൾ നിർവഹിക്കുന്നിടം, നൃത്തശാല, ഭോജനശാല, കുളിക്കടവ്, കുശിനി അങ്ങനെ ഒരുപാട് ഭാഗങ്ങൾ ഈ കൊട്ടാരത്തിനുണ്ട്. കൊട്ടാരത്തിന്റെ മുകൾ നില പദ്മനാഭ സ്വാമിക്കായി മാറ്റിവച്ചിരുന്നു. കൊട്ടാരത്തിലെ തെക്കേ തെരുവിലേക്കായി മുഖം തുറക്കുന്ന അമ്പാരി മുഖപ്പ് ഇവിടുത്തെ മറ്റൊരാകർഷണമാണ്. കൊട്ടാരത്തിനു പുറത്തെ ഘോഷയാത്രകൾ രാജാവും പരിവാരങ്ങളും വീക്ഷിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. കല്ലിൽ കൊത്തിയ  തൂണുകളോടുകൂടിയ നവരാത്രി മണ്ഡപവും സഞ്ചാരികളെ ആകർഷിക്കും. നവരാത്രി മണ്ഡപത്തിന്റെ അറ്റത്ത് ഒരു ക്ഷേത്രവും നിലകൊള്ളുന്നു. കൊട്ടാരത്തിന്റെ ചുമരുകളിൽ പെയിന്റിങ്ങുകളും, മരത്തിലെയും കല്ലിലെയും കൊത്തുപണികളും പഴയകാലത്തിന്റെ കലാനൈപുണ്യം വിളിച്ചോതുന്നു.

Padmanabhapuram Palace

ഉച്ചക്ക് 12:30 മുതൽ രണ്ട് മണി വരെ സന്ദർശനം അനുവദിച്ചിട്ടില്ല. ഉച്ചക്ക് കൊട്ടാരം അടയ്ക്കുന്നതിന് മുൻപായി ഞങ്ങൾ പുറത്തിറങ്ങി. നടന്നു വണ്ടിക്കടുത്തേക്ക് നടക്കുമ്പോൾ എവിടെ നിന്നോ നല്ല മീൻ വറുക്കുന്ന മണം വരുന്നു. മണത്തിനുപുറകേ പോയപ്പോൾ ചെന്നെത്തിയത് ഊട്ടുപുര മെസ്സിലേക്ക്. അവിടുന്നു നല്ല മീനും ചോറും കഴിച്ചു ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് വണ്ടി തിരിച്ചു. 

ഉച്ച കഴിയുമ്പോഴേക്കും തന്നെ ഞങ്ങൾ കന്യാകുമാരിയിൽ എത്തി. CPWD ഗസ്റ്റ് ഹൌസിൽ താമസം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ചെക്കിൻ ചെയ്തു നല്ലൊരു ഉച്ചയുറക്കം പാസ്സാക്കി. വൈകുന്നേരമായപ്പോൾ പതുക്കെ എണീറ്റ് സൺസെറ്റ് കാണാനിറങ്ങി. സൂര്യോദയസ്തമയങ്ങൾ ഒരേസ്ഥലത്തു നിന്ന് കാണാവുന്ന അപൂർവം ചില സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി. സൂര്യാസ്തമയം കാണാൻ നല്ല തിരക്കുണ്ടായിരുന്നു. വിശാലമായ കടൽക്കരയിൽ ഇരുന്നുകൊണ്ട് ചക്രവാളസീമയിലേക്ക് സൂര്യൻ പതുക്കെ മറഞ്ഞുപോകുന്നത് കാണാൻ നല്ല ചന്തമുണ്ടായിരുന്നു. തിരികെ വീണ്ടും ഗസ്റ്റ് ഹൌസിലേക്ക്. രാത്രിഭക്ഷണവും കഴിച്ചു ഉറങ്ങാൻ കിടന്നു. യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി. 

കന്യാകുമാരിയിലെ കൂടുതൽ വിശേഷങ്ങൾ അടുത്ത പാർട്ടിൽ.


(തുടരും)  


#oru_tamizh_kadha

#tn_road_trip_diary_part_1


Saturday, December 31, 2022

ആൻഡമാൻ ഡയറി - Part 4 (അവസാന ഭാഗം)

Havelock Vijayanagar beach

ഹാവ്ലോക്ക്ൽ ഞങ്ങൾ താമസിച്ചത് വിജയനഗർ ബീച്ചിന്റെ ഓരത്തുള്ള ഒരു റിസോർട്ടിലായിരുന്നു. രണ്ട് ദിവസമായി ഹാവ്ലോക്ക്ൽ എത്തിയിട്ടെങ്കിലും ഇതുവരെ ആ ബീച്ചിൽ ഞങ്ങൾ പോയിട്ടില്ല. ഇന്ന് ഇവിടുത്തെ അവസാന ദിവസമാണ്. അതുകൊണ്ട് നേരം പുലർന്നപ്പോ തന്നെ മറ്റൊന്നും ആലോചിക്കാതെ നേരെ ബീച്ചിലേക്ക് നടന്നു. ഇന്നലെ രാത്രി കടൽക്കാറ്റൊക്കെ കൊണ്ട് ഇവിടെ വന്നിരിക്കാൻ പ്ലാൻ ഇട്ടതായിരുന്നു. എന്നാൽ ബീച്ചിൽ വെളിച്ചമില്ലാത്തതിനാലും, മറ്റാരും തന്നെ അവിടെ ഇല്ലാത്തതിനാലും  ഒറ്റക്കിരിക്കാൻ ഇച്ചിരി പേടി തോന്നി. അതിനാൽ കാറ്റുകൊള്ളൽ രാവിലത്തേക്ക് മാറ്റിവച്ചതായിരുന്നു. ബീച്ചിൽ എത്തിയപ്പോൾ കടൽ കുറെയേറെ ഉൾവലിഞ്ഞിരിക്കുന്നു. ഇവിടെ ഇങ്ങനെയാണ്. രാത്രി ഉൾവലിയുന്ന കടൽ നേരം വെളുക്കുമ്പോൾ കുറേശ്ശേയായി തിരികെ വരും. വിജയനഗർ ബീച്ചിൽ മണലിന് പകരം പാറക്കൂട്ടങ്ങളാണ് കൂടുതൽ. വെള്ളമൊഴുകി പല ആകൃതികളിൽ രൂപപ്പെട്ട പാറക്കൂട്ടങ്ങൾ. വേലിയേറ്റത്തിൽ സമയമായതിനാൽ പാറക്കല്ലുകൾക്കിടയിലൂടെ കടൽ പതുക്കെ കരയിലേക്ക് കയറിക്കയറി വരുന്നത് കാണാമായിരുന്നു,രണ്ട് - മൂന്നു മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ തിരിച്ചുപോയി കുളിച്ചു കുട്ടപ്പൻമ്മാരായി ബ്രെക്ഫാസ്റ് കഴിച്ചു.


കാലാപത്ഥർ ബീച്ച്

Havelock Kalapathar

പോർട്ട് ബ്ലെയറിലേക്കുള്ള ഞങ്ങളുടെ ഫെറി ഉച്ചക്കാണ്. റിസോർട്ടിൽ നിന്ന് രണ്ട് സ്‌കൂട്ടറുകളിലായി ഞങ്ങൾ നാലു പേരും കാലാപത്ഥർ ബീച്ച് കാണാൻ ഇറങ്ങി. മറ്റു സ്ഥലങ്ങളെല്ലാം തന്നെ ഞങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ട് തീർത്തിട്ടുണ്ട്. ഇനി ഇതും കൂടിയേ ഹാവ്ലോക്ക്ൽ ബാക്കിയുള്ളൂ. കാലാപത്ഥർലേക്ക് പോകുന്ന വഴിയേ ഒട്ടേറെ മനോഹരങ്ങളായ കടൽത്തീരങ്ങൾ കണ്ടു. ഫെറി കയറാൻ സമയം ഇനിയും ബാക്കി കിടക്കുന്നതിനാൽ എല്ലായിടത്തും വണ്ടി നിർത്തിയാണ് ഞങ്ങൾ സഞ്ചരിച്ചത്. കാലാപത്ഥർ ബീച്ചിൽ എത്തുമ്പോഴേക്കും സമയം പതിനൊന്നു മണി അവാറായിരുന്നു. വീതി കുറഞ്ഞ കരയോട് കൂടിയ ഒരു ബീച്ചാണിത്. ഇനിയിപ്പോ വേലിയേറ്റം കാരണമാണോ കരക്ക് വീതി കുറഞ്ഞത് എന്നറിയില്ല. ബീച്ചിന്റെ ഒരു കോണിലായി ഒരു വലിയ കറുത്ത പാറക്കെട്ടുണ്ട്. അതിനാലായിരിക്കാം ഈ ബീച്ചിന് കാലാപത്ഥർ എന്ന പേര് കിട്ടിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.    

ബീച്ചിന്റെ എൻട്രൻസിലായി ഒരു ചെറിയ പാർക്ക് പോലെയുള്ള സ്ഥലമുണ്ട്. ഒരു മരത്തിന്റെ മുകളിൽ ഒരു വലിയ ഏറുമാടവും. സീസൺ അല്ലാത്തതിനാലാണോ എന്നറിയില്ല, പാർക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരിചയപ്പെട്ട കാർത്തികിനെയും, കുടുംബത്തെയും ഇന്നിവിടെ വീണ്ടും കണ്ടു. കാലാപത്ഥർ-ൽ കുറെയേറെ ചെറിയ കടകളുണ്ട്. ഭക്ഷണവും, സുവനീറുകളും, ഗിഫ്റ്റ് ഐറ്റംസും വിൽക്കുന്നവ. പൊതുവെ ഹാവ്ലോക്ക്-ൽ സാധനങ്ങൾക്കൊക്കെ കനത്ത വിലയാണ്. പാക്കറ്റ് ഐറ്റംസ് പോലും MRP യെക്കാൾ കൂടിയ വിലക്കാണ് വിൽക്കുന്നത്. എന്നാൽ ഇവിടുത്തെ കടകളിൽ താരതമ്യേനെ കുറഞ്ഞ വിലയെ അവർ ഈടാക്കിയുള്ളൂ. അതൊരല്പം അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാട്ടിലേക്കായി കുറച്ചേറെ സാധനങ്ങൾ ഞങ്ങൾ ഇവിടെ നിന്നും വാങ്ങിച്ചു. സമയം ഉച്ചയായതിനാൽ ഭക്ഷണവും ഇവിടുന്നു കഴിക്കാമെന്നു കരുതി. കുറച്ചു പ്ലേറ്റ് നൂഡിൽസും, മോമോസും, പിന്നെ രണ്ട് മൂന്നും കരിക്കും വാങ്ങിച്ചു കഴിച്ചു. മോമോസിനൊക്കെ ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു. വിലയോ തുച്ഛം , ഗുണമോ മെച്ചം. ലഞ്ച് കഴിച്ച കടയിലെ ചേട്ടനോട് ചോദിച്ചപ്പോ കുറച്ചു കൂടി മുന്നോട്ടു പോയാൽ അവരുടെ ഗ്രാമം ആണെന്ന് പറഞ്ഞു. പുള്ളി ആളൊരു ബംഗാളിയാണ്. അച്ഛനപ്പൂപ്പൻമ്മാരോക്കെ ബംഗാളുകാരാണ്. ഇവിടേക്ക് കുടിയേറിയവർ. ഹാവ്ലോക്ക്-ലൊക്കെ സ്ഥലത്തിന് പൊന്നുംവിലയാണ്. കാലാപത്ഥർ-ലേക്ക് വരുന്ന വഴിയിൽ ഒരു പഞ്ചാബി റെസ്റ്റോറന്റുണ്ട്. അതൊക്കെ നമ്മുടെ ചേട്ടന്റെ സ്ഥലമായിരുന്നു. മൂന്നു കോടി രൂപക്കാണത്രെ പുള്ളി ആ സ്ഥലം വിറ്റത്. എന്നിട്ട് , ഇവിടെ ഒരു തട്ടുകടയുമായി ആള് ഹാപ്പിയായി ജീവിക്കുന്നു. സാധാരണ കാലാപത്ഥറിനപ്പുറത്തേക്ക് ടൂറിസ്റ്റുകൾ പോകാറില്ല. അവിടെ കാണാനായി പ്രത്യേകിച്ചൊന്നും ഇല്ലാത്തതിനാലാണ്. എന്തായാലും സമയം കിടക്കുന്നതിനാൽ അവരുടെ ഗ്രാമം കൂടി ഒന്ന് കണ്ടിട്ടുപോകാം എന്ന് കരുതി. ശരിക്കും പറഞ്ഞാൽ നമ്മുടെ നാട്ടിൻപുറം പോലെയുണ്ട്. തെങ്ങും,വയലും, താറാവ് കൃഷിയും. മൊത്തത്തിൽ ഒരു കുട്ടനാടൻ  ഫീൽ.


കുറെ നേരം അവിടെയെല്ലാം  സ്‌കൂട്ടറിൽ ചുറ്റിയടിച്ചു കണ്ടതിനുശേഷം ഞങ്ങൾ റിസോർട്ടിലേക്ക് മടങ്ങി. ഫെറിക്കുള്ള സമയമായിരിക്കുന്നു. ഇറങ്ങാൻ നേരമാണ് ഞങ്ങൾ ബുക്ക് ചെയ്ത ഫെറി ഇന്ന് ക്യാൻസലായ വിവരം അറിഞ്ഞത്. പക്ഷെ നോട്ടിക്ക എന്ന് പേരായ മറ്റൊരു ഫെറിയിലേക്ക് ഞങ്ങളുടെ സീറ്റുകൾ മാറ്റി തന്നിരുന്നു. നോട്ടിക്കയുടെ ഓഫിസിൽ കേറി പുതിയ ടിക്കറ്റും എടുത്തുകൊണ്ട് ഞങ്ങൾ ജെട്ടിയിലേക്ക് നടന്നു. എന്തായാലും ആദ്യത്തെ ഫെറി ക്യാൻസൽ ആയതു നന്നായി. നോട്ടിക്ക കുറച്ചുകൂടി ലക്ഷ്യൂറിയസ് ആയ ഫെറിയാണ്. കാറ്റമരാൻ രീതിയിൽ പണി കഴിപ്പിച്ച പുതിയൊരു ഫെറി. സ്പീഡും കൂടുതലാണ്. അതിനാൽ തന്നെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്ര സമയവും കുറവാണു. ഫ്ലൈറ്റിൽ കയറിയതുപോലെ തന്നെ.  ക്യാബിൻ ക്രൂവും, ക്യാപ്റ്റനും എല്ലാം ഉണ്ട്. ഫെറി പുറപ്പെടുന്നതിനു മുൻപായി ഫ്ലൈറ്റിലേതുപോലെ സേഫ്റ്റി ഇൻസ്‌ട്രുക്ഷൻസ് തരുന്നുണ്ട്. യാത്രക്കാരുടെ ബോറടിമാറ്റാനായി ഹിന്ദി വീഡിയോ സോങ്ങുകൾ മുൻപിലെ ടീവിയിൽ കാണിക്കുന്നുണ്ട്. മുന്നിലെ സീറ്റ് പൗച്ചിലുള്ള ഫുഡ് മെനുവിൽ നിന്ന് ഇഷ്ട്ടമുള്ള ഭക്ഷണം ഓർഡർ ചെയ്താൽ കാബിൻ ക്രൂ അത് സീറ്റിൽ സെർവ് ചെയ്യും.  ഫെറിക്കൽപ്പം സ്പീഡ് കൂടുതലായതിനാൽ കൂടെയുള്ള പലരുടെയും വയറ്റിലെ ബട്ടർഫ്‌ളൈസ് പറന്നു തുടങ്ങിയിരുന്നു. മുന്നിലെ പൗച്ചിൽ പ്യൂക്ക് ബാഗ് വച്ചതിന്റെ ആവശ്യകത ഇപ്പോഴാണ് മനസ്സിലായത്. സമയമേറെ വൈകാതെ തന്നെ ഞങ്ങൾ പോർട്ട് ബ്ലെയറിൽ എത്തി. നേരം ഇരുട്ടി. ഫുഡ് അടിച്ചു കിടന്നുറങ്ങൽ മാത്രമേ ഇനി ഇന്നത്തെ ഷെഡ്യൂളിൽ ബാക്കിയുള്ളൂ.

Havelock


ചിഡിയാടാപു

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. ഇന്ന് വെള്ളിയാഴ്ചയാണ്. നബീലും വൈഫും നാട്ടിലേക്ക് തിരിച്ചു പോകുന്ന ദിവസം. എൻ്റെ ഇന്നത്തെ റിട്ടേൺ ഫ്ലൈറ്റ് ക്യാൻസൽ ആയി. പകരം ഫ്ലൈറ്റ് നാളത്തേക്കാണ് റീ-ഷെഡ്യൂൾ ചെയ്തു കിട്ടിയത്. ഉച്ചക്കാണ് നബീലിന്റെ ഫ്ലൈറ്റ്. അതിനു മുൻപായി ചിഡിയാടാപു സന്ദർശിക്കാനാണ് നേരത്തെ കാലത്തേ  റെഡിയായിറങ്ങിയത്. ചിഡിയാടാപു പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം ഇരുപതു കിലോമീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്. പോകുന്ന വഴിയിൽ നല്ല മഴ കിട്ടി. നമ്മുടെ വയനാട് പോകുന്ന പോലൊരു ഭൂപ്രകൃതിയാണ് ചിഡിയാടാപുവിലേക്കുള്ള വഴി. ഹെയർപിൻ വളവുകളും, രണ്ട് വശത്തും കാടും. ആൻഡമാനിൽ കാടുകളിൽ വന്യ മൃഗങ്ങൾ കുറവാണു. ചെറിയ മൃഗങ്ങളും, പക്ഷികളും മാത്രമേയുള്ളൂ. പോകുന്ന വഴിയിൽ ഒരു രസകരമായ കാഴ്ച കണ്ടു, വഴിയിൽ 'കാലിക്കറ്റ്' എന്നൊരു ബോർഡ്. 

Calicut Havelock

നമ്മുടെ ഡ്രൈവറും , ടൂർ ഗൈഡുമായ കബീർ ഭായിയോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, ഇവിടെ കേരളത്തിലെ സ്ഥലപ്പേരുകളിൽ അറിയപ്പെടുന്ന ഒരുപാടിടങ്ങളുണ്ട്. വരുന്ന വഴിയിൽ തിരൂർ എന്ന് ബോർഡ് വച്ച ഒരു ബസ്സും  കണ്ടു. ഇത് കൂടാതെ മണ്ണാർക്കാട്, നിലമ്പൂർ, മഞ്ചേരി അങ്ങനെ കുറച്ചേറെ സ്ഥലങ്ങൾ ഇവിടെയുണ്ട്. കേരളത്തിൽ നിന്ന് ഇവിടെ എത്തിപ്പെട്ടവർ കൂടെക്കൂട്ടിയവയാണ് ഈ സ്ഥലപ്പേരുകൾ. ബാംബൂ ഫ്ലാറ്റെന്ന ഇതിനടുത്തെ ഒരു സ്ഥലത്തു മലയാളികൾ ഒരുപാട് പേര് താമസിക്കുന്നുണ്ടത്രേ. ചിഡിയാടാപു പക്ഷി നിരീക്ഷണത്തിനു പേരുകേട്ടതാണ്. ഒരുപാടിനം പക്ഷികൾ ഇവിടെ ചേക്കേറാറുണ്ടത്രെ. ഒരു ചെറിയ പാർക്കും, അതിനോട് ചേർന്ന ബീച്ചും. ഇവിടെ കടലിൽ മുതല ഉണ്ടെന്നുള്ള ഒരു അപായ ബോർഡ് വച്ചിട്ടുണ്ട്. പാർക്കിന്റെ എന്ട്രന്സിലായി ഒരു ട്രെക്കിങ്ങ് പോയിൻട്ടുണ്ട്. മുണ്ടാപഹാഡ്  എന്ന ചെറിയൊരു കുന്നിൽ മുകളിലേക്കുള്ള വഴിയാണിത്. മുകളിൽ ചെന്നാൽ മനോഹരമായ വ്യൂ ആണത്രേ. പക്ഷെ സമയക്കുറവുകാരണം മുണ്ടാപഹാഡിലേക്കുള്ള നടത്തം ഞങ്ങൾ മാറ്റിവച്ചു. മഴ കനക്കുന്നുണ്ട്. ഇന്നലത്തെ ന്യൂസിൽ ആൻഡമാനിൽ ചെറിയൊരു ഭൂമികുലുക്കം ഉണ്ടായതായി വാർത്ത വന്നിരുന്നു. എന്നാൽ ഞങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ ചെറിയ ഭൂചലനങ്ങൾ ഇവിടെ പതിവാണെന്നാണ് കബീർ ഭായി പറഞ്ഞത്. മാസത്തിൽ ഒന്നും രണ്ടുമൊക്കെ ഉണ്ടാവാറുണ്ട്. ഞങ്ങൾ മടക്ക യാത്ര തുടങ്ങി. വരും വഴി നബീലിനെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു.

Chidiyatapu


ബാക്‌സൈഡ് ബീച്ച്

കബീർ ഭായിയോട് എന്നെ പോർട്ട് ബ്ലെയറിലെ ഓൾ ഇന്ത്യ റേഡിയോയിൽ ഇറക്കാൻ പറഞ്ഞു. എൻ്റെ സുഹൃത്തും, നാട്ടുകാരനുമായ നിധീഷേട്ടൻ ഇവിടെയാണ് ജോലി ചെയ്യുന്നത്. ആളെ ഒന്ന് കാണാനാണ് ഇവിടെ വന്നത് ഒപ്പം ദൂരദർശനും, AIR-ഉം ഒന്നുകാണുക എന്ന ലക്‌ഷ്യം കൂടെയുണ്ട്. അവിടെ വച്ച് വർഗീസ് എന്ന മറ്റൊരു മലയാളിയെ പരിചയപ്പെട്ടു. ശേഷം ഞങ്ങൾ മൂന്നാളും കൂടെ അടുത്തുള്ള നല്ലൊരു റെസ്റോറന്റിൽ കേറി ഉച്ചഭക്ഷണം കഴിച്ചു. ഉച്ചക്കുശേഷം നിധീഷേട്ടൻ എന്നെ AIR-ന്റെ ഒരു ഷോർട് വേവ് ട്രാൻസ്മിറ്റർ കാണിക്കാനായി മറ്റൊരിടത്തേക്ക് കൊണ്ടുപോയി. അതിനു പുറകിലുള്ള ബാക്സൈഡ് ബീച്ചെന്നറിയപ്പെടുന്ന കടൽത്തീരത്ത്  ഞങ്ങൾ അൽപ്പസമയം ചിലവഴിച്ചു. ഈ ബീച് നിറയെ ഷെല്ലുകളും, കോറലും, ഉരുളൻ കല്ലുകളും നിറഞ്ഞതാണ്. കുറച്ചു നല്ല കല്ലുകൾ ഞങ്ങൾ പെറുക്കിയെടുത്തു.


എയർപോർട്ടിൽ ഇത് കയറ്റിവിടാൻ സാധ്യതയില്ല എന്നറിയാമായിരുന്നു. എന്നാലും ഒരു ഭാഗ്യപരീക്ഷണത്തിനായി ഞങ്ങളതെല്ലാം ബാഗിലാക്കി. നിധീഷേട്ടനു ഉച്ചക്കുശേഷം ഡ്യൂട്ടിയുണ്ട്. പുള്ളിയുടെ സുഹൃത്തായ ഏലിയാസുചേട്ടൻ ഞങ്ങളെ പോർട്ട് ബ്ലെയറിലെ ഹോട്ടലിൽ തിരിച്ചെത്തിച്ചു.


അങ്ങനെ ഒരാഴ്ചയിലേറെ നീണ്ടു നിന്ന ആൻഡമാൻ യാത്ര അതിൻ്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നു. നാളെ രാവിലെ മടക്ക യാത്രയാണ്. സെപ്റ്റംബർ -ഒക്ടോബര് മാസത്തോട് കൂടിയാണ് ആൻഡമാനിൽ ടൂറിസം സീസൺ ആരംഭിക്കുന്നത്. പല ടൂറിസം സ്പോട്ടുകളും, ആക്ടിവിറ്റികളും ഓൺ ആകുന്നത് ഈ സമയത്താണ്. എന്നാൽ സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപ് പോയാൽ പല സ്ഥലങ്ങളും ആൾത്തിരക്കില്ലാതെ ആസ്വദിക്കാൻ സാധിക്കും. നേരത്തെ തന്നെ ബുക്ക് ചെയ്താൽ കുറഞ്ഞനിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റും കിട്ടാൻ സാധ്യതയുണ്ട്. ദ്വീപുകൾക്കിടയിലുള്ള ഫെറി ടിക്കറ്റുകൾ ഓൺലൈൻ ആയിത്തന്നെ വാങ്ങിക്കാൻ സാധിക്കും. ആൻഡമാനിൽ ടൂർ പാക്കേജ് എടുക്കേണ്ട ആവശ്യം ഇല്ല. ഒട്ടുമിക്ക സ്ഥലങ്ങളും നമ്മൾക്കുതന്നെ കണ്ടുപിടിച്ചു പോകാവുന്നതേയുള്ളൂ. ഇവിടെ പ്രധാനമായി വരുന്ന ചിലവുകളിലൊന്നാണ് താമസത്തിനുള്ളത്. എന്നാൽ പാക്കേജ് ബുക്ക് ചെയ്യുക വഴി പല ഹോട്ടലുകളും ഓൺലൈൻ നിരക്കിനേക്കാൾ കുറഞ്ഞു കിട്ടാൻ സാധ്യതയുണ്ട്.  പ്രധാനമായും ബീച്ചുകൾ കേന്ദ്രീകരിച്ചുള്ളതാണ് ഇവിടുത്തെ ടൂറിസം സ്പോട്ടുകൾ ഒട്ടുമിക്കതും. അതിനാൽ തന്നെ സൺ ഗ്ലാസ്, സൺ പ്രൊട്ടക്ഷൻ എന്നിവയൊക്കെ എടുത്തിറങ്ങാൻ മറക്കണ്ട. ഒപ്പം ലിക്വിഡ് ക്യാഷും, ഇവിടെ വർക്ക് ചെയ്യുന്ന സിം കാർഡുള്ള ഫോണും. BSNL എല്ലായിടത്തും ലഭ്യമാണ്. ജിയോയും, എയർട്ടലും ഏറെക്കൂറെ സ്ഥലങ്ങളിൽ കവറേജ് ലഭ്യമാക്കുന്നുണ്ട്. നെറ്റ്‌വർക്ക് പ്രശ്നം ഉള്ളതിനാൽ ATM-കളും, ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങളും പലപ്പോഴും നിരാശപ്പെടുത്തും. അതിനാലാണ് ലിക്വിഡ് ക്യാഷ് വേണമെന്ന് പറഞ്ഞത്. 


ആൻഡമാനിൽ ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാൻ ബാക്കിയുണ്ട്. അതെല്ലാം അടുത്ത വരവിലേക്കായി മാറ്റിവച്ചുകൊണ്ട് ഞങ്ങൾ യാത്ര പറയുകയാണ്. നല്ലൊരുപിടി ഓർമ്മകളാകാനുതകുന്ന അനുഭവങ്ങൾ സമ്മാനിച്ചതിന് ഈ നാടിനോട് നന്ദി പറഞ്ഞുകൊണ്ട്.


(ശുഭം)



പിൻകുറിപ്പ്: ഭാഗ്യപരീക്ഷണം എന്തായാലും വിജയിച്ചു. ആൻഡമാനിൽ ബീച്ചുകളിൽ നിന്ന് പെറുക്കിയെടുത്ത സാധനങ്ങൾ ഇന്ന് വീട്ടിലെ ഷോക്കേസിൽ സേഫ് ആയി കിടക്കുന്നുണ്ട്.



Saturday, December 3, 2022

ആൻഡമാൻ ഡയറി - Part 3

Havelock Andaman

ആന്ഡമാനിലെ ഞങ്ങളുടെ മൂന്നാം  ദിനമാണിന്ന്. ഡ്രൈവർ രാവിലെ അഞ്ചരക്ക്  ഹോട്ടലിൽ ഞങ്ങളെ പിക്ക് ചെയ്യാൻ എത്താമെന്നാണ് പറഞ്ഞിരുന്നത്. ഇത്ര പുലർച്ചെ എന്തിനാണാവോ പുറപ്പെടുന്നത്  എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. എന്നാൽ കുളിച്ചു കുട്ടപ്പന്മാരായി ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോ പുറത്തു നല്ല വെളിച്ചം. നേരം പരപരാ വെളുത്തിരുന്നു. സമയം പക്ഷെ രാവിലെ അഞ്ച് കഴിഞ്ഞതേ ഉള്ളൂ. ഇവിടെ ഇങ്ങനെയാണ് അഞ്ച് -അഞ്ചരയോക്കെ ആകുമ്പോഴേക്കും നേരം വെളുക്കും. നേരത്തെ ഇറങ്ങിയതിനാൽ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് റെസ്റ്റോറന്റുകാർ പാക്ക് ചെയ്തു തന്നുവിടുകയാണുണ്ടായത്.


ഇപ്പോൾ നമ്മളെത്തിയിരിക്കുന്നത് പോർട്ട് ബ്ലെയർ ജെട്ടിയിലാണ്. ഇവിടെ നിന്നും നേരെ ഹാവ്ലോക്ക് ഐലണ്ടിലേക്കാണ്‌ ഈ രാവിലത്തെ യാത്ര. പോർട്ട് ബ്ലെയർ ജെട്ടിയിൽ രാവിലെ അത്യാവശ്യം നല്ല തിരക്കുണ്ട്. ചെന്നെയിലേക്കുള്ള 'സ്വരാജ് ദ്വീപ്' എന്ന കൂറ്റൻ കപ്പൽ ഇവിടെ നങ്കൂരമിട്ടിരിക്കുന്നത് ദൂരെ നിന്ന് തന്നെ കാണാമായിരുന്നു. ഒരു കൊച്ചു എയർപോർട്ട് പോലെയാണ് ഇവിടുത്തെ ജെട്ടി. മെയിൻ ലാൻഡിലേക്കും, മറ്റു ഉപദ്വീപുകളിലേക്കുമുള്ള കപ്പൽ, ഫെറി മുതലായവ ഇവിടെ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. പോർട്ട് ബ്ലെയർ ജെട്ടിയിൽ നിന്ന് ഫെറിയിൽ കയറാനുള്ള ഏർപ്പാടുകൾ ഏകദേശം എയർപോർട്ട്-ൽ ഉള്ളതിന് സമാനമാണ്. ചെക്ക്ഇൻ, സെക്യൂരിറ്റി ചെക്ക് അങ്ങനെ എല്ലാം ഉണ്ട്. ബോർഡിങ് ഗേറ്റുകൾ അര മണിക്കൂർ മുൻപേ തന്നെ അടക്കും. അതിനാൽ ഫെറി സമയത്തിനും ഒരു മണിക്കൂർ മുൻപേ തന്നെ ജെട്ടിയിൽ എത്തുന്നതാണ് അഭികാമ്യം. ഇവിടെ നിന്നും ഹാവ്ലോക്ക്-ലേക്ക് ഏകദേശം എഴുപത് കിലോമീറ്ററോളം ദൂരമുണ്ട്. രണ്ട് മണിക്കൂറോളം യാത്രയുണ്ട്. അഞ്ചോളം പ്രൈവറ്റ് ഫെറി കമ്പനികളും , അതോടൊപ്പം ഗവണ്മെന്റ് ഫെറിയും ഇവിടെ നിന്നും ഹാവ്ലോക്ക് -ലേക്ക് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഏകദേശം 1500 മുതൽ 2000 രൂപ വരെയൊക്കെയാണ് പ്രൈവറ്റ് ഫെറി ടിക്കറ്റുനിരക്ക്. എന്നാൽ ഗവണ്മെന്റ് ഫെറിയാണെങ്കിൽ ഒരു അഞ്ഞൂറുരൂപയെ ആവുന്നുള്ളൂ. ഫെറി ടിക്കറ്റുകൾ മുൻകൂറായി ഓൺലൈൻ ബുക്ക് ചെയ്യാവുന്നതാണ്. ഞങ്ങൾ ഇന്ന് പോകുന്നത് ഗ്രീൻ ഓഷ്യൻ എന്ന കമ്പനിയുടെ ഫെറിയിലാണ്. ഹാവ്ലോക്ക്-ൽ നിന്ന് തിരിച്ചു വരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതും ഇതേ ഫെറിയിൽ തന്നെയാണ്. സെക്യൂരിറ്റി ചെക്കും കഴിഞ്ഞു ഞങ്ങൾ ഫെറിയിൽ കയറി. ഗ്രീൻ ഓഷ്യൻ-1 എന്ന ഈ ഫെറിയിൽ ഏകദേശം മുന്നൂറോളം പേർക്ക് കയറാൻ സാധിക്കും. ഡീലക്സ് , ലക്ഷുറി, റോയൽ എന്നിങ്ങനെ മൂന്നു ക്ലാസുകൾ ആണിതിൽ. ഞങൾ ഏറ്റവും താഴെയുള്ള ഡീലക്സ് ഡെക്കിൽ ആയിരുന്നു. ഡീലക്സ് ഡെക്ക് ഒരു ഓപ്പൺ ഏരിയ ആയിരുന്നില്ല. അതിനാൽ ഫെറി ചലിക്കുന്നുണ്ടോ എന്നൊന്നും അറിയാൻ സാധിച്ചിരുന്നില്ല. രണ്ട് മണിക്കൂർ എങ്ങനെ ഇത്തരത്തിൽ കഴിച്ചുകൂട്ടും എന്നാലോചിച്ചിരിക്കുമ്പോൾ ഇനി എല്ലാവര്ക്കും അപ്പർ ഡെക്കിലേക്ക് പോകാം എന്ന് പറഞ്ഞു കൊണ്ട് അന്നൗൺസ്‌മെന്റ് വന്നു. കേൾക്കേണ്ട താമസം എല്ലാരും മുകളിലേക്കോടി. ഫെറി കരയിൽ നിന്നും ഏറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. മുകളിലെ ഓപ്പൺ ഡെക്കിൽ എല്ലാവരും എത്തിച്ചേർന്നു. പാട്ടും , ഡാൻസുമായി കുറെ നേരം. ഇന്നലെ കണ്ട ഹൈദെരാബാദുകാരൻ കാർത്തിക്കിനെയും  കുടുംബത്തെയും ഇവിടെയും കണ്ടു. കടലിലെ ആദ്യയാത്ര ഒരൊന്നൊന്നര അനുഭവമായിരുന്നു. ഒമ്പതുമണിയോടെ ഞങ്ങൾ ഹാവ്ലോക്ക്-ൽ എത്തി.



ഹാവ്ലോക്ക് ഐലൻഡ്

ഹാവ്ലോക്ക് ജെട്ടിയിൽ ഞങ്ങളെ പിക്ക് ചെയ്യാനായി റിസോർട്ടിലെ വണ്ടി വരും എന്ന് പറഞ്ഞിരുന്നു. ഡ്രൈവറുടെ നമ്പറും കൈയിൽ ഉണ്ട്. എന്നാൽ പുറത്തിറങ്ങി ഡ്രൈവറെ വിളിക്കാൻ നേരത്തു ഫോണിലൊന്നും റേഞ്ച് കിട്ടുന്നില്ല. സകല നാട്ടിലും , കുന്നിലും മലയിലും വരെ റേഞ്ച് കിട്ടിക്കൊണ്ടിരുന്ന ജിയോക്ക് പോലും ഇവിടെ ഒരു കട്ട പോലും റേഞ്ച് ഇല്ല. ഹാവ്ലോക്ക്-ൽ BSNL ആണ് താരം. ചിലയിടങ്ങളിൽ Airtel നും കവറേജ് ഉണ്ട്. മറ്റു നെറ്റ്‌വർക്കുകളൊന്നും ഇവിടെ കിട്ടില്ല. ജെട്ടിക്കു പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ പേരെഴുതിയ പ്ലക്കാർഡുമേന്തി ഡ്രൈവർ നിൽക്കുന്നുണ്ട്. അതുകൊണ്ട് ആളെ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ടി വന്നില്ല. കൃഷ്ണ എന്ന് പേര് പറഞ്ഞ ഒരു ബംഗാളി ഡ്രൈവർ ഞങ്ങളെ റിസോർട്ടിൽ എത്തിച്ചു. ഹാവ്ലോക്ക് ഒരു വളരെ ചെറിയ ദ്വീപാണ്. സ്വാതന്ത്ര്യാനന്തരം കുടിയേറിയ ബംഗാളി അഭയാര്ഥികളാണ് ഇവിടെ ഭൂരിഭാഗവും. ഒരു മെയിൻ ജംക്ഷനും അവിടെ നിന്ന് മൂന്ന് ദിശയിലേക്ക് ഉള്ള റോഡുകളും. ദ്വീപിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ കൂടിയാൽ ഒരു ഇരുപതു കിലോമീറ്റർ കാണും. ഇപ്പറഞ്ഞ ജങ്ഷനിലാണ് സ്‌കൂളും , പള്ളിയും , ബാങ്കുകളും, മാർക്കറ്റും എല്ലാം.  ഒന്ന് ശ്രമിച്ചാൽ നടന്നു കാണാം ഈ ദ്വീപ് മുഴുവനായും.  ഞങ്ങളുടെ റിസോർട്ട്  മാനേജർ മലപ്പുറത്ത് വേരുകളുള്ള ഒരു മലയാളി ആണ്. എന്നാൽ ഞങ്ങൾ അവിടെ എത്തുമ്പോൾ പുള്ളി എന്തോ ആവശ്യാർഥം പോർട്ട് ബ്ലെയറിൽ പോയിരിക്കുകയായിരുന്നു. പകരം ആളുടെ സഹോദരനായിരുന്നു അവിടെ ഉണ്ടായിരുന്നത്.


രാധാനഗർ ബീച്ച്



ഉച്ചഭക്ഷണത്തിനു ശേഷം കൃഷ്ണ ഞങ്ങളെ രാധനാഗർ ബീച്ചിലേക്കാണ് കൊണ്ടുപോയത്. ആൾത്തിരക്കു കുറഞ്ഞ വിശാലമായ ഒരു ബീച്ചാണിത്. കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന ബീച്ച്. കരയിലേക്ക് ആഴം വളരെ കൂടുതലാണ്. അതിനാൽ തിരമാലകൾക്ക് ശക്തിയും കുറവാണ്. കുറെയേറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. മികച്ച രീതിയിൽ പരിപാലിച്ചു പോരുന്നൊരു ബീച്ചാണിത്. സന്ദർശകർ കുളിക്കാനും , ഫ്രഷ് ആകാനുമുള്ള നല്ല വൃത്തിയുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ഒരറ്റം മുതൽ മറ്റേ അറ്റം വരെ ബീച്ചുകളുള്ള കേരളത്തിൽ ഇത്തരം സൗകര്യങ്ങൾ എന്നെ വരേണ്ടതായിരുന്നു. ബീച്ചിലെ അർമ്മാദിക്കലിന് ശേഷം വെളിയിലെ ചായക്കടയിൽ നിന്ന് ഒരു ചായയും കുടിച്ചു തിരിച്ചു റിസോർട്ടിലേക്ക്.


ഇവിടെ സാധന സാമഗ്രികളുടെ വില പോർട്ബ്ലെയറിനേക്കാളും കൂടുതലാണ്. പാക്കറ്റ് സാധനങ്ങൾക്ക് പോലും MRP യെക്കാൾ അധികം വില നൽകണം. സന്ദർശകർക്കായി വാടകക്ക് ടൂ -വീലറുകൾ ഇവിടെ ലഭ്യമാണ്. കൂടാതെ ആൻഡമാൻ ടൂറിസം ഡിപ്പാർട്മെന്റിന്റെ AC ഇലക്ട്രിക്ക് ബസ്സുകൾ ദ്വീപിലുടനീളം ഓടുന്നുണ്ട്. പതിനഞ്ച് -ഇരുപതു മിനിറ്റ് ഇടവേളകളിൽ ബസ്സുണ്ട്. ഇത് ഇവിടുത്തെ ടാക്സി ഡ്രൈവർമാരെ നന്നായി ബാധിച്ചിട്ടുണ്ട്. കൃഷ്നയും ഇടക്കിടക്ക് അവരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.  സമയം രാത്രിയായി. റിസോർട്ടിന് പുറത്തു ഒരു തമിഴ് റെസ്റ്റോറന്റ് ഞങ്ങൾ കണ്ടിരുന്നു. കുറെ ദിവസമായി മീനും  ചിക്കനും കഴിക്കുന്നു. അതിനാൽ ഇന്നത്തെ ഡിന്നർ ഇവിടെ നിന്നാകാം എന്ന് കരുതി


നെമോ ബീച്ച്

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു. നെമോ ബീച്ചിലേക്കാണ് നമ്മൾ പോകുന്നത്. പ്രശസ്തമായ 'Finding Nemo' എന്ന സിനിമയിലെ താരമായ ഓറഞ്ചു കളറുള്ള നെമോ ഫിഷുകൾ (Clown fish) ധാരാളമായിഇവിടെ കാണപ്പെടുന്നു. അതുകൊണ്ടാണ് ഈ ബീച്ചിന് ഈ പേര് വന്നത്. ഗോവിന്ദ് നഗർ ബീച്ച് എന്നാണ് ശരിക്കും പേര്. ഇതുകൂടാതെ ലൈറ്റ്ഹൌസ് ബീച്ച് എന്നും ചിലർ ഇതിനെ വിളിക്കാറുണ്ട്. പൊതുവെ പവിഴപ്പുറ്റുകൾക്കിടയിലാണ്  Clown Fish-കൾ ജീവിക്കുന്നത്. നെമോ ബീച്ച് പവിഴപ്പുറ്റുകൾക്ക് ലോകപ്രശസ്തമാണ്. അതിനാൽ തന്നെ ഈയിടം സ്‌കൂബാ ഡൈവിംങിന് വളരെ അനുയോജ്യമാണ്. സമയം ആറുമണി ആയിട്ടില്ല. എന്നാലും ഇവിടെ സ്‌കൂബാ ചെയ്യാൻ ആളുകളുടെ തിരക്കായിരുന്നു. കടൽക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള സ്‌കൂബാ യാത്ര വളരെ നല്ലൊരു എക്സ്പീരിയൻസ് ആണ്. നെമോ ബീച്ചിൽ വച്ച് ഞങ്ങൾ രണ്ട് മലയാളികളെ പരിചയപ്പെട്ടു. ആരോമലും , അശ്വിനും. ആരോമൽ തിരുവന്തപുരത്തുകാരനാണ്. ഇവിടെ സ്കൂബ ഡൈവിംഗ്  ഇൻസ്ട്രക്ടറായി ജോലി ചെയ്യുകയാണ്.  


എലെഫന്റ്റ് ബീച്ച്  (Elephant beach )



റിസോർട്ടിൽ നിന്ന് ബ്രേക്ഫാസ്റ്റും കഴിച്ചു അവിടെ നിന്ന് ഒരു സ്‌കൂട്ടറുമെടുത്ത് ഞങ്ങൾ അടുത്ത സ്ഥലം ലക്ഷ്യമാക്കി നീങ്ങി. ഹാവ്ലോക്ക് ജങ്ഷനിൽ നിന്ന് മൂന്നു വഴികളാണുള്ളത്. ഒന്ന് നേരെ ജെട്ടിയിലേക്ക്. മറ്റൊന്ന് ഇന്നലെ പോയ രാധാനാഗർ ബീച്ചിലേക്ക്. മൂന്നാമത്തേത് കാലാപത്ഥർ ബീച്ചിലേക്ക്. ഇന്നലെ രാധാനഗർ ബീച്ചിലേക്ക് പോകും വഴി ഒരിടത്തു കുറച്ചു വണ്ടികൾ പാർക്ക് ചെയ്തതായി കണ്ടിരുന്നു. ഡ്രൈവറോട് ചോദിച്ചപ്പോൾ അത് എലെഫന്റ്റ് ബീച്ചിലേക്കുള്ള ട്രെക്കിങ്ങ് പോയിന്റ്റ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങളുടെ ഇന്നത്തെ ലക്ഷ്യവും അത് തന്നെ ആയിരുന്നു. ഹാവ്ലോക്ക്-ലെ അതിമനോഹരമായ ഒരു ബീച്ചാണ് എലിഫന്റ്റ് ബീച്ച്. പ്രധാനമായും വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾക്കായുള്ള ഒരിടം. മുൻപ് ഈ ബീച്ചിൽ ആനകൾ ഉണ്ടായിരുന്നു. അങ്ങനെയാണ് എലിഫന്റ്റ് ബീച്ച് എന്ന പേര് വന്നത്. രണ്ട് രീതിയിലാണ് ഇങ്ങോട്ട് എത്തിച്ചേരേണ്ടത്. ഒന്ന് ഹാവ്ലോക്ക് ജെട്ടിയിൽ നിന്ന് ബോട്ടിൽ പോകാം. രണ്ടാമത്തേത്‌ ട്രെക്ക് ചെയ്തു പോകലാണ്.  ഇന്നലെ രാത്രി നല്ല മഴ പെയ്താൽ നടന്നു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്ന് ഡ്രൈവർ കൃഷ്ണ  പറഞ്ഞിരുന്നു. എന്തായാലും ഒരു കൈ നോക്കാൻ ഞങ്ങൾ  തീരുമാനിച്ചു. ട്രെക്കിങ്ങ് സ്റ്റാർട്ട് പോയിന്റിൽ വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നടക്കാൻ തുടങ്ങി. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ട്രെക്ക് ചെയ്യാനുണ്ട്. അതിൽ പകുതിയിലേറെ ദൂരം റിസേർവ് ഫോറെസ്റ്റിലൂടെയാണ്. മഴയില്ലാത്ത സമയത്ത് ഒരു മണിക്കൂറോളം എടുക്കും അങ്ങ് എലിഫന്റ്റ് ബീച്ച് വരെ ചെന്നെത്താൻ. വഴി അറിയാത്തതിനാൽ ഒരു ഗൈഡിനെ ഞങ്ങൾ കൂടെക്കൂട്ടി. പോകുന്ന വഴി ചളിനിറഞ്ഞതായതിനാൽ ചെരുപ്പഴിച്ചു എൻട്രൻസിൽ സൂക്ഷിക്കാൻ ഗൈഡ് പറഞ്ഞു. അങ്ങനെ നടത്തം തുടങ്ങി. റിസേർവ് ഫോറെസ്റ്റ് തുടങ്ങുന്നിടം മുതൽ വഴി മൊത്തം നല്ല ചളിയാണ്. ചളി എന്നൊക്കെ പറഞ്ഞാൽ മുട്ടറ്റം ആഴത്തിൽ. ഓരോ മീറ്ററും നടന്നു കേറാൻ മിനിറ്റുകൾ എടുത്തു. എന്നാലും നഗ്നപാദരായുള്ള മൺസൂൺ ട്രെക്കിങ്ങ് ഒരു പ്രത്യേക അനുഭവം ആയിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം എടുത്താണ് ഞങ്ങൾ എലിഫന്റ്റ് ബീച്ചിൽ എത്തിയത്. അവസാന 400 മീറ്റർ കണ്ടൽക്കാടുകൾക്കിടയിലൂടെയായിരുന്നു യാത്ര. ഇവിടുത്തെ കണ്ടൽച്ചെടിയുടെ വേരുകൾ കണ്ടാൽ ശരിക്കും കുറെ ആനകൾ കൂടിനിൽക്കുന്നത് പോലെ തോന്നിച്ചു. അവക്കിടയിൽ നിറയെ കുഞ്ഞൻ ഞണ്ടുകൾ ഓടിക്കളിക്കുന്നു. നീണ്ട ഒറ്റക്കാലുള്ള ഞണ്ടുകൾ. വൈകുന്നേരമായാൽ കണ്ടൽക്കാടുകൾക്കിടയിൽ വെള്ളം കയറും. അതിനാൽ ട്രെക്ക് ചെയ്തു പോകുന്നവർ ഒരു മൂന്നുമണിക്ക് മുന്നേ തന്നെ തിരിച്ചു പോകണം. അല്ലെങ്കില്പിന്നെ ബോട്ടുകാർ ചോദിക്കുന്ന കഴുത്തറപ്പൻ റേറ്റും കൊടുത്തു പോകേണ്ടി വരും.

നേരത്തെ പറഞ്ഞപോലെ അതിമനോഹരമായ ഒരു ബീച്ചാണ് എലിഫന്റ്റ് ബീച്ച്. നല്ല നീലനിറത്തിലുള്ള വെള്ളം. വളരെ നേർത്ത തിരമാലകൾ ബീച്ചിനെ ഒരു തടാകം കണക്കെ തോന്നിച്ചു. ആൻഡമാനിൽ ഓരോയിടത്തും ബീച്ചുകൾ വളരെ വ്യത്യസ്തങ്ങളാണ്. ഓരോന്നിനും ഓരോ പ്രത്യേകതകൾ ഉണ്ട്. സീ വാക്, സ്‌നോർക്കലിംഗ്, ബനാന റൈഡ്, ജെറ്റ് സ്കീ അങ്ങനെ ഒരുപാട് വാട്ടർ ആക്ടിവിറ്റികൾ ഇവിടെ ഉണ്ട്. ബീച്ചിൽ കുറെ നേരം ചിലവഴിച്ചു, സ്‌നോർക്കലിംഗും ചെയ്തു ഞങ്ങൾ തിരിച്ചു നടന്നു. ട്രെക്കിങ്ങ് സ്റ്റാർട്ട് പോയിന്റിൽ തിരിച്ചെത്തുമ്പോഴേക്കും സമയം നാലായിരുന്നു. അടുത്തുള്ള അരുവിയിൽ ചെന്ന് കൈയിലെയും, കാലിലെയും ചെളിയൊക്കെ കഴുകിക്കളഞ്ഞു. ഊണ് കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ട്. നേരെ രാധാനഗർ ബീച്ചിലേക്ക് വച്ചുപിടിച്ചു. അവിടുന്നു ഫിഷ് താലിയും കഴിച്ചു റിസോർട്ടിലേക്ക് തിരിച്ചു വണ്ടി വിട്ടു. സമയം ഇരുട്ടി. നാളെ ഹാവ്ലോക്ക്ലെ അവസാന ദിവസമാണ്. കാലാപത്ഥർ ബീച്ചാണ് നാളത്തെ ലക്‌ഷ്യം


(തുടരും)


Saturday, November 5, 2022

ആൻഡമാൻ ഡയറി - Part 2

Andaman

ആന്ഡമാനിനു ആ പേര്  വന്നത് എങ്ങനെയാണെന്നറിയാമോ ?! 


കാണാതെപോയ മകനെ വഴിയിൽ വച്ച് കണ്ടപ്പോ അമ്മ ഉറക്കെ പറഞ്ഞു "എൻ്റെ മോൻ ,എൻ്റെ മോൻ".  ഈ 'എൻ്റെ മോൻ' ലോപിച്ചാണത്രെ ആൻഡമാൻ ഉണ്ടായത്. നബീലിൻ്റെ കെട്യോളായ ആശയുടെ വകയായിരുന്നു ഈ തള്ള്. തള്ളവിടെ നിൽക്കട്ടെ ശരിക്കും ആന്ഡമാനിന്‌ ആ പേര് വന്നത് 'ഹന്തുമാൻ' എന്ന മലയ ഭാഷയിലുള്ള വാക്കിൽ നിന്നാണ്. നമ്മുടെ ഹനുമാനെയാണ് മലയയിൽ ഹന്തുമാൻ എന്ന് വിളിക്കുന്നത്   


ഇന്ന് നമ്മൾ പോകുന്നത് പോർട്ട് ബ്ലെയറിൽ നിന്നും അധികം അകലത്തിൽ അല്ലാത്ത രണ്ട് ചെറു ദ്വീപുകളിലേക്കാണ്. റോസ്സ് ഐലൻഡും, നോർത്ത്ബേ ഐലൻഡും. ഹോട്ടലിൽ നിന്ന് ബ്രേക്ഫാസ്റ്റും കഴിച്ചിറങ്ങി നേരെ ചെന്നത് ഇന്നലെ പോയ കോർബിൻസ് കോവ് ബീച്ചിനടുത്തുള്ള ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സിലേക്കാണ്. ബ്രേക്‌ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ വച്ച് തിരുവനന്തപുരത്തുകാരായ രണ്ട് മലയാളികളെ പരിചയപ്പെട്ടിരുന്നു. അവരും ഞങ്ങൾ പോകുന്നിടത്തേക്ക് തന്നെയാണ് പോകുന്നത്.


ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സ്

Andaman water complex

കുട്ടികൾക്കുള്ള ചെറിയൊരു പാർക്കും, കടലിലേക്ക് നീളുന്ന വാക്കിങ് ഏരിയയും അടങ്ങിയ ഈ  ടൂറിസ്റ്റു കേന്ദ്രം, ഏകദേശം രണ്ട് കിലോമീറ്ററോളം നീളത്തിൽ നീണ്ടുനിവർന്നു കിടക്കുന്നു. വാക്കിങ് ഏരിയ കടലിനു മുകളിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. പൊതുവെ ഇവിടുത്തെ കടൽ വളരെ ശാന്തമാണ്. ആൻഡമാനിൽ ഒട്ടുമിക്ക ഭാഗങ്ങളിലും കടൽ പൊതുവെ ശാന്തമാണ്. നാട്ടിലേത് പോലെ ആർത്തിരമ്പുന്ന കടൽകാഴ്ച എവിടെയും കണ്ടില്ല. ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സ്, ദ്വീപിലെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും സന്ദർശിക്കുന്ന ഒരിടമാണ്. ഒട്ടനവധി വാട്ടർ സ്പോർട്സ് ഇനങ്ങൾ ഇവിടെയുണ്ട്. ജെറ്റ് സ്കീ, കയാക്കിങ്, പാരാസെയിലിംഗ്, ബനാന റൈഡ് ... അങ്ങനെ പലതും.

കോംപ്ലക്‌സിന്റെ എൻട്രൻസിൽ തന്നെയാണ് ഓരോരോ ആക്ടിവിറ്റിക്കുമുള്ള ടിക്കറ്റ് എടുക്കുന്നത്. ടിക്കറ്റു കൌണ്ടർ ഒന്നും ഇല്ല. അവിടിവിടെയായി ഉള്ള ഏജന്റുമാർ വഴിയാണ് ടിക്കറ്റു വാങ്ങിക്കുന്നത്. റോസ്സ്, നോർത്ത്ബേ ഐലന്റുകളിലേക്കുള്ള ബോട്ട് ടിക്കറ്റും ഇവിടെ നിന്നും തന്നെയാണ് എടുക്കുന്നത്. നമ്മൾ ഇവിടേക്ക് കേറുമ്പോൾ തന്നെ ഏജന്റുമാർ ചാക്കിട്ടുപിടിക്കാൻ നിൽക്കുന്നുണ്ടാവും.  വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ഹാവ്ലോക്ക് ഐലൻഡിൽ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നതിനാൽ റോസ്സ് , നോർത്ത്ബേ ഐലൻഡുകളിലേക്കുള്ള ബോട്ട് ടിക്കറ്റും , ജെറ്റ് സ്കീ, സെമി-സബ്മറൈൻ എന്നിവക്കുള്ള  ടിക്കറ്റുകളും മാത്രമേ ഞങ്ങൾ എടുത്തുള്ളൂ. ആൻഡമാനിൽ ഇത്തരം വാട്ടർ ആക്ടിവിറ്റികൾ  പല ദ്വീപുകളിലും ചെയ്യാം. നീൽ ഐലന്റിലും , ഹാവ്ലോക്ക് -ലും എല്ലാം ഇതെല്ലം ചെയ്യാൻ സാധിക്കും. പോർട്ട് ബ്ലെയറിൽ പൊതുവെ തിരക്ക് കൂടുതൽ ആയിരിക്കും. പിന്നെ വാട്ടർ ആക്ടിവിറ്റീസ് എല്ലായിടത്തും, എല്ലാ സമയത്തും ഉണ്ടായിരിക്കുകയില്ല. ഞങ്ങൾ പോയപ്പോൾ പോർട്ട് ബ്ലെയറിൽ സ്കൂബ ഡൈവിംഗ് നിർത്തി വച്ചിരിക്കുകയായിരുന്നു.  എന്നാൽ ഹാവ്ലോക്ക്-ൽ ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഇത്തരം ആക്ടിവിറ്റീസ് പ്ലാൻ ചെയ്യുന്നതിന് മുൻപായി പോകുന്ന സമയത്ത് എവിടെയൊക്കെ എന്തൊക്കെ ഉണ്ടെന്ന് അന്വേഷിച്ചിട്ടു പോകുന്നത് നന്നായിരിക്കും. ടിക്കറ്റെടുത്തതിന് ശേഷം ഏജൻറ്റ് ഞങ്ങളോട് കടൽപ്പാലം വഴി നടന്നു നേരെകാണുന്ന ബോട്ട് ജെട്ടിയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. റോസ്സ് ഐലന്റിലേക്കുള്ള ബോട്ട് പിടിക്കാനാണ്. ചെറിയ മഴ തുടങ്ങിയിരുന്നു. അതിനാൽ ബോട്ട് ജെട്ടിയിലെ ചെറിയ മേൽക്കൂരക്ക് താഴെ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോൾ ബോട്ട് റെഡി ആയെന്നും പറഞ്ഞു ബോട്ട് ഡ്രൈവർ ഞങ്ങളെ തേടിയെത്തി.


റോസ്സ് ഐലൻഡ്

Ross island
മറൈൻ സർവേയർ ആയിരുന്ന ഡാനിയൽ റോസ്സിന്റെ പേരിട്ട ഈ ദ്വീപ് ഇന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ നിന്ന് നേരെ നോക്കിയാൽ കാണുന്നതാണ് റോസ്സ് ഐലൻഡ്. സ്പീഡ് ബോട്ടിൽ ഏകദേശം 10-15 മിനിറ്റ് കടലിലൂടെ സഞ്ചരിച്ചാണ് ഇവിടെ എത്തിച്ചേരുന്നത്. സെല്ലുലാർ ജയിലിന്റെ നിർമ്മാണകാലത്ത് ബ്രിറ്റീഷുകാരുടെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ്ക്വാർട്ടേഴ്‌സ് ആയിരുന്നു ഇവിടം. ജയിലിനെ കൃത്യമായി നിരീക്ഷിക്കാനും, ജയിൽ ചാടുന്നവരെ എളുപ്പത്തിൽ തിരഞ്ഞു പിടിക്കാനുമുള്ള സൗകര്യത്തിനുമായിരുന്നു ജയിലിന് എതിര്ദിശയിലുള്ള ഈ  ദ്വീപിനെ തന്നെ അവർ ഹെഡ്ക്വാർട്ടേഴ്സിനായി തിരഞ്ഞെടുത്തത്. രണ്ടാം ലോക മഹായുദ്ധ സമയത്തു ജപ്പാൻകാർ ഈ ദ്വീപ് പിടിച്ചെടുക്കുകയും, പിന്നീട് നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന് കൈമാറുകയും ചെയ്തു.

റോസ്സ് ദ്വീപിൽ കേറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് ഒരു ജാപ്പനീസ് ബങ്കർ ആണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ചതാണിത്. നടന്നു കാണാൻ മാത്രം ദൂരത്തിലുള്ളൊരു ചെറിയ ദ്വീപാണിത്. കാഴ്ചകൾ കാണാൻ ഇലക്ട്രിക്ക് ഗോൾഫ് കാർട്ടുകൾ ഉണ്ട്. ഞങ്ങൾ നടന്നാണ് പോയത്. ബ്രിടീഷ് കാലത്തുണ്ടായിരുന്ന  ഓഫിസേഴ്സ് ക്വാർട്ടേഴ്‌സ് , സബ്-ഓർഡിനേറ്റ്സ് ക്ലബ്, സെക്രെട്ടറിയേറ്റ്, സെമിത്തേരി, പള്ളി അങ്ങനെ പലതും ഇന്നിവിടെ കാണാം. എല്ലാം ഇടിഞ്ഞു പൊളിഞ്ഞിരിക്കുകയാണ്. ഒരു സ്വിമ്മിങ് പൂളും ഇവിടെയുണ്ട്. കടലിലെ വേലിയേറ്റ സമയത്ത് വെള്ളം കേറുന്ന രീതിയിൽ നിർമ്മിച്ചതാണിത്.

Ross island


എൻട്രൻസിൽ നിന്നും നേരെ മുകളിലേക്ക് കേറിയാൽ ചെന്നെത്തുന്നത് ഒരു പഴയ പള്ളിയിലേക്കാണ്. കൊളോണിയൽ ശൈലിയിൽ നിർമ്മിച്ച ഒരു വലിയ പള്ളി. വലിയ തകർച്ചയൊന്നും സംഭവിച്ചിട്ടില്ല. അതിനു പുറകിലായി ഒരു ബീച്ച് ഉണ്ട്. അങ്ങോട്ട് ഇറങ്ങിച്ചെന്നു. ഞങ്ങൾ നാലു പേര് മാത്രമേ അവിടെ ഉള്ളൂ. സഞ്ചാരികൾ പലരും ഇവിടെ ഇലക്ട്രിക്ക് വണ്ടിയിൽ കറങ്ങുകയാണ്. വളരെ കുറച്ചു സ്ഥലത്തു മാത്രമേ അതിനു സ്റ്റോപ്പ് ഉള്ളൂ. അതുകൊണ്ട് തന്നെയാണ് അവരുടെയൊന്നും കണ്ണിൽ പെടാതെ പോയ ഈ ബീച്ചിലേക്ക് ഞങ്ങൾക്ക് എത്തിപ്പെടാൻ സാധിച്ചത്. കാൽപ്പെരുമാറ്റം കുറവായതിനാൽ ഈ കടപ്പുറം വളരെ മനോഹരമായിരുന്നു. എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബീച്ച്. നല്ല നീല നിറത്തിൽ കടലിന്റെ അടി കാണാൻ പറ്റുന്ന രീതിയിൽ തെളിഞ്ഞ വെള്ളം.  കുറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ സാവധാനം തിരികെ നടന്നു. ഇപ്പോൾ ഇന്ത്യൻ നേവിയുടെ തന്ത്രപ്രധാനമായ  ഒരു കേന്ദ്രം കൂടിയാണ് റോസ്സ് ഐലൻഡ്. ഒരു ഹെലിപാഡും ഇവിടെ ഉണ്ട്. 

നോർത്ത് ബേ ഐലൻഡ്

Northbay island

റോസ്സ് ഐലണ്ടിന്റെ ജെട്ടിയിൽ നമ്മുടെ ബോട്ടും ഡ്രൈവറും കാത്തു കിടക്കുന്നുണ്ടായിരുന്നു. അയാൾ ഞങ്ങളെ നേരെ നോർത്ത് ബേ ഐലൻഡ്-ൽ എത്തിച്ചു. റോസ്സിൽ നിന്ന് സ്പീഡ് ബോട്ടിൽ ഒരു പത്തു മിനിട്ട് പോകാനുള്ള ദൂരമേ നോർത്ത് ബേയിലേക്കുള്ളൂ. നോർത്ത് ബേയിൽ പ്രത്യേകിച്ചൊന്നും കാണാനില്ല. മറിച്ചു സ്‌നോർക്കലിംഗ്, സീ വാക് പോലെയുള്ള വാട്ടർ ആക്ടിവിറ്റികൾക്കാണ് ആളുകൾ ഇവിടെ വരുന്നത്. ഞങ്ങൾ ഒരു സെമി -സബ്മറൈൻ ടിക്കറ്റ് എടുത്തിരുന്നുവല്ലോ, അതിൽ കേറുന്നത് ഇവിടെ വച്ചാണ്. സെമി സബ്മറൈൻ ഒരു സാധാരണ ക്രൂയിസ് ബോട്ട് പോലെയാണ്. ഈ ബോട്ട് മൂന്നു നിലകളിലായിട്ടാണുള്ളത്. ആദ്യത്തെ നില വെള്ളത്തിനടിയിലാണ്. ഇതിന്റെ  അടിഭാഗവും , വശങ്ങളും ഗ്ലാസ് പാളികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഇവിടേക്കിറങ്ങിച്ചെന്നാൽ 360 ഡിഗ്രിയിൽ കടലിനടിയിലെ കാഴ്ചകൾ കാണാനാകും. അതിനു മുകളിൽ ഒരു എയർ കണ്ടിഷൻഡ് റെസ്റ്റോറന്റ്. മൂന്നാം നിലയിൽ ഒരു ഓപ്പൺ ഡെക്ക്.  കരയിൽ നിന്നും നേരെ കേറിചെല്ലുന്നത് റെസ്റ്റോറന്റിലേക്കാണ്. അവിടെ നിന്ന് ഒരു ജ്യൂസും കുടിച്ചുകൊണ്ട് ബോട്ട് യാത്ര തുടങ്ങി. താഴത്തെത്തട്ടിലേക്ക് ഇപ്പൊ പ്രവേശനം ഇല്ല. ഒരു പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ നടുക്കടലിൽ ബോട്ട് നിർത്തി. എന്നിട്ട് എല്ലാരോടും താഴേക്കുപോകാൻ പറഞ്ഞു. താഴേക്കിറങ്ങിച്ചെന്നപ്പോൾ ദേ ചുറ്റിനും കടൽ. ഓടിക്കളിക്കുന്ന മീൻ കൂട്ടങ്ങൾ. തിരണ്ടിയും, നെമോയും പിന്നെ പേരറിയാത്ത കുറെയേറെ മീൻ കൂട്ടങ്ങളും. പുലിയെ മടയിൽച്ചെന്നു നേരിടുന്നതുപോലെ, മീനുകളെ കടലിലേക്കിറങ്ങിച്ചെന്നു കാണുന്ന ആ കാഴ്ച ഒന്ന് വേറെ തന്നെയായിരുന്നു. അതും കഴിഞ്ഞു ഏറ്റവും മുകളിലത്തെ ഡെക്കിൽ ഞങ്ങളെല്ലാരും ഒത്തുകൂടി. പിന്നെ പാട്ടും ഡാൻസുമായി കുറച്ചു നേരം. ഡെക്കിലെ DJ ടേബിൾ പോലെ തോന്നിപ്പിച്ച ഒരു കൌണ്ടർ -നു പുറകിൽ നിന്ന് സ്റെപ്സ് ഇട്ട എന്നെയും , നബീലിനെയും കണ്ട് ബോട്ടിലെ ഒഫീഷ്യൽ DJs ആണെന്ന് കരുതിഒരു ഫാമിലി വന്നു പഞ്ചാബി സോങ്സ്  പ്ലേയ് ചെയ്യാൻ പറഞ്ഞു. പിന്നീട് പാട്ടിൻറെ കണ്ട്രോൾ ഞങ്ങളുടെ കൈയിൽ അല്ല എന്നറിഞ്ഞ അവർക്ക് ചമ്മൽ മാറ്റാൻ കുറച്ചു സമയം വേണ്ടി വന്നു. ഹൈദരാബാദിൽ നിന്ന് വന്ന കാർത്തിക്കിനെയും കുടുംബത്തെയും അവിടെ വച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. കൂട്ടത്തിലെ ആസ്ഥാന ഡാൻസുകാർ അവരായിരുന്നു.  

Northbay island

ഒന്നൊന്നര മണിക്കൂറോളം കടലിൽ ചുറ്റിക്കറങ്ങി ഞങ്ങൾ കരയടുത്തു. സമയം മൂന്നാവാറായി. വിശക്കുന്നുണ്ട്. ഞങ്ങൾ അടുത്തുള്ള കടയിൽ ഭക്ഷണം കഴിക്കാൻ കേറി. ഞണ്ടു ഫ്രൈയും, മീനും ഓർഡർ ചെയ്തു.  ചുറ്റും കടലാണെങ്കിലും ആൻഡമാനിൽ ടൂറിസ്റ്റു സ്ഥലങ്ങളിലുള്ള റസ്റ്റോറന്റുകളിൽ മീൻ വിഭവങ്ങൾക്ക്  വിലയല്പം കൂടുതലാണ്.  ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞങ്ങളെ നേരത്തെ ഇവിടെ കൊണ്ട് വിട്ട ബോട്ട് ഡ്രൈവർ ഫോൺ വിളിക്കുന്നു. തിരിച്ചുപോകാൻ സമയം ആയത്രേ. ഭക്ഷണവും പൂർത്തിയാക്കി ഞങ്ങൾ പോർട്ട് ബ്ലെയറിലേക്ക് മടക്ക യാത്ര തുടങ്ങി

Northbay island

യാത്ര തുടങ്ങിയ ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സിലെ  ജെട്ടിയിലേക്ക് തന്നെയാണ് തിരിച്ചെത്തിയത്. ജെറ്റ് സ്കീ ചെയ്യാനുള്ള ടിക്കറ്റ് കൈവശം ഉണ്ട്. അങ്ങനെ അതും ചെയ്‌ത്‌ , അൽപ്പനേരം ബീച്ചിൽ കാറ്റുംകൊണ്ടിരുന്നതിന് ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് വണ്ടി വിട്ടു. സമയം രാത്രിയായി, ഞങ്ങളുടെ ഹോട്ടലിനു വെളിയിൽ ഒരു നൂറുമീറ്ററകലെ ഒരു ചെറിയ ഫുഡ് സ്റ്റാളുണ്ട്. നല്ല മോമോസും, നൂഡിൽസും, റോളുകളും ഒക്കെയുണ്ടിവിടെ.  ഇന്നലെ രാത്രി ഫിഷ് റെസ്റ്റോറന്റ് തപ്പി നടന്നപ്പോ ഞങ്ങൾക്ക് വഴി പറഞ്ഞുതന്നത് ഈ കടക്കാരനായ പയ്യനാണ്. അതിനാൽ ഇന്നത്തെ ഫുഡ് ഇവിടെയാക്കാമെന്നു വിചാരിച്ചു. എന്തായാലും ആ തീരുമാനം തെറ്റിയില്ല. നല്ല കിടിലൻ ഫുഡ്. വിലയോ തുച്ഛം ഗുണമോ മെച്ചം. അത് പോരെ ?. മോമോസും, ചിക്കൻ ഫ്രൈയും നാവിലെ രസമുകുളങ്ങൾക്ക് വിരുന്നേകിയ ആ രാത്രിയിൽ, നാളത്തെ യാത്രപദ്ധതികളെക്കുറിച്ച് കൂലങ്കുഷമായി ആലോചിച്ചുകൊണ്ട് ഹോട്ടൽ മുറിയിലെ അട്ടം നോക്കി ഞാൻ കിടന്നു. 


(തുടരും..!)


#Andaman #Nicobar #RossIsland #Northbay