Saturday, December 31, 2022

ആൻഡമാൻ ഡയറി - Part 4 (അവസാന ഭാഗം)

Havelock Vijayanagar beach

ഹാവ്ലോക്ക്ൽ ഞങ്ങൾ താമസിച്ചത് വിജയനഗർ ബീച്ചിന്റെ ഓരത്തുള്ള ഒരു റിസോർട്ടിലായിരുന്നു. രണ്ട് ദിവസമായി ഹാവ്ലോക്ക്ൽ എത്തിയിട്ടെങ്കിലും ഇതുവരെ ആ ബീച്ചിൽ ഞങ്ങൾ പോയിട്ടില്ല. ഇന്ന് ഇവിടുത്തെ അവസാന ദിവസമാണ്. അതുകൊണ്ട് നേരം പുലർന്നപ്പോ തന്നെ മറ്റൊന്നും ആലോചിക്കാതെ നേരെ ബീച്ചിലേക്ക് നടന്നു. ഇന്നലെ രാത്രി കടൽക്കാറ്റൊക്കെ കൊണ്ട് ഇവിടെ വന്നിരിക്കാൻ പ്ലാൻ ഇട്ടതായിരുന്നു. എന്നാൽ ബീച്ചിൽ വെളിച്ചമില്ലാത്തതിനാലും, മറ്റാരും തന്നെ അവിടെ ഇല്ലാത്തതിനാലും  ഒറ്റക്കിരിക്കാൻ ഇച്ചിരി പേടി തോന്നി. അതിനാൽ കാറ്റുകൊള്ളൽ രാവിലത്തേക്ക് മാറ്റിവച്ചതായിരുന്നു. ബീച്ചിൽ എത്തിയപ്പോൾ കടൽ കുറെയേറെ ഉൾവലിഞ്ഞിരിക്കുന്നു. ഇവിടെ ഇങ്ങനെയാണ്. രാത്രി ഉൾവലിയുന്ന കടൽ നേരം വെളുക്കുമ്പോൾ കുറേശ്ശേയായി തിരികെ വരും. വിജയനഗർ ബീച്ചിൽ മണലിന് പകരം പാറക്കൂട്ടങ്ങളാണ് കൂടുതൽ. വെള്ളമൊഴുകി പല ആകൃതികളിൽ രൂപപ്പെട്ട പാറക്കൂട്ടങ്ങൾ. വേലിയേറ്റത്തിൽ സമയമായതിനാൽ പാറക്കല്ലുകൾക്കിടയിലൂടെ കടൽ പതുക്കെ കരയിലേക്ക് കയറിക്കയറി വരുന്നത് കാണാമായിരുന്നു,രണ്ട് - മൂന്നു മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ തിരിച്ചുപോയി കുളിച്ചു കുട്ടപ്പൻമ്മാരായി ബ്രെക്ഫാസ്റ് കഴിച്ചു.


കാലാപത്ഥർ ബീച്ച്

Havelock Kalapathar

പോർട്ട് ബ്ലെയറിലേക്കുള്ള ഞങ്ങളുടെ ഫെറി ഉച്ചക്കാണ്. റിസോർട്ടിൽ നിന്ന് രണ്ട് സ്‌കൂട്ടറുകളിലായി ഞങ്ങൾ നാലു പേരും കാലാപത്ഥർ ബീച്ച് കാണാൻ ഇറങ്ങി. മറ്റു സ്ഥലങ്ങളെല്ലാം തന്നെ ഞങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ട് തീർത്തിട്ടുണ്ട്. ഇനി ഇതും കൂടിയേ ഹാവ്ലോക്ക്ൽ ബാക്കിയുള്ളൂ. കാലാപത്ഥർലേക്ക് പോകുന്ന വഴിയേ ഒട്ടേറെ മനോഹരങ്ങളായ കടൽത്തീരങ്ങൾ കണ്ടു. ഫെറി കയറാൻ സമയം ഇനിയും ബാക്കി കിടക്കുന്നതിനാൽ എല്ലായിടത്തും വണ്ടി നിർത്തിയാണ് ഞങ്ങൾ സഞ്ചരിച്ചത്. കാലാപത്ഥർ ബീച്ചിൽ എത്തുമ്പോഴേക്കും സമയം പതിനൊന്നു മണി അവാറായിരുന്നു. വീതി കുറഞ്ഞ കരയോട് കൂടിയ ഒരു ബീച്ചാണിത്. ഇനിയിപ്പോ വേലിയേറ്റം കാരണമാണോ കരക്ക് വീതി കുറഞ്ഞത് എന്നറിയില്ല. ബീച്ചിന്റെ ഒരു കോണിലായി ഒരു വലിയ കറുത്ത പാറക്കെട്ടുണ്ട്. അതിനാലായിരിക്കാം ഈ ബീച്ചിന് കാലാപത്ഥർ എന്ന പേര് കിട്ടിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.    

ബീച്ചിന്റെ എൻട്രൻസിലായി ഒരു ചെറിയ പാർക്ക് പോലെയുള്ള സ്ഥലമുണ്ട്. ഒരു മരത്തിന്റെ മുകളിൽ ഒരു വലിയ ഏറുമാടവും. സീസൺ അല്ലാത്തതിനാലാണോ എന്നറിയില്ല, പാർക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരിചയപ്പെട്ട കാർത്തികിനെയും, കുടുംബത്തെയും ഇന്നിവിടെ വീണ്ടും കണ്ടു. കാലാപത്ഥർ-ൽ കുറെയേറെ ചെറിയ കടകളുണ്ട്. ഭക്ഷണവും, സുവനീറുകളും, ഗിഫ്റ്റ് ഐറ്റംസും വിൽക്കുന്നവ. പൊതുവെ ഹാവ്ലോക്ക്-ൽ സാധനങ്ങൾക്കൊക്കെ കനത്ത വിലയാണ്. പാക്കറ്റ് ഐറ്റംസ് പോലും MRP യെക്കാൾ കൂടിയ വിലക്കാണ് വിൽക്കുന്നത്. എന്നാൽ ഇവിടുത്തെ കടകളിൽ താരതമ്യേനെ കുറഞ്ഞ വിലയെ അവർ ഈടാക്കിയുള്ളൂ. അതൊരല്പം അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാട്ടിലേക്കായി കുറച്ചേറെ സാധനങ്ങൾ ഞങ്ങൾ ഇവിടെ നിന്നും വാങ്ങിച്ചു. സമയം ഉച്ചയായതിനാൽ ഭക്ഷണവും ഇവിടുന്നു കഴിക്കാമെന്നു കരുതി. കുറച്ചു പ്ലേറ്റ് നൂഡിൽസും, മോമോസും, പിന്നെ രണ്ട് മൂന്നും കരിക്കും വാങ്ങിച്ചു കഴിച്ചു. മോമോസിനൊക്കെ ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു. വിലയോ തുച്ഛം , ഗുണമോ മെച്ചം. ലഞ്ച് കഴിച്ച കടയിലെ ചേട്ടനോട് ചോദിച്ചപ്പോ കുറച്ചു കൂടി മുന്നോട്ടു പോയാൽ അവരുടെ ഗ്രാമം ആണെന്ന് പറഞ്ഞു. പുള്ളി ആളൊരു ബംഗാളിയാണ്. അച്ഛനപ്പൂപ്പൻമ്മാരോക്കെ ബംഗാളുകാരാണ്. ഇവിടേക്ക് കുടിയേറിയവർ. ഹാവ്ലോക്ക്-ലൊക്കെ സ്ഥലത്തിന് പൊന്നുംവിലയാണ്. കാലാപത്ഥർ-ലേക്ക് വരുന്ന വഴിയിൽ ഒരു പഞ്ചാബി റെസ്റ്റോറന്റുണ്ട്. അതൊക്കെ നമ്മുടെ ചേട്ടന്റെ സ്ഥലമായിരുന്നു. മൂന്നു കോടി രൂപക്കാണത്രെ പുള്ളി ആ സ്ഥലം വിറ്റത്. എന്നിട്ട് , ഇവിടെ ഒരു തട്ടുകടയുമായി ആള് ഹാപ്പിയായി ജീവിക്കുന്നു. സാധാരണ കാലാപത്ഥറിനപ്പുറത്തേക്ക് ടൂറിസ്റ്റുകൾ പോകാറില്ല. അവിടെ കാണാനായി പ്രത്യേകിച്ചൊന്നും ഇല്ലാത്തതിനാലാണ്. എന്തായാലും സമയം കിടക്കുന്നതിനാൽ അവരുടെ ഗ്രാമം കൂടി ഒന്ന് കണ്ടിട്ടുപോകാം എന്ന് കരുതി. ശരിക്കും പറഞ്ഞാൽ നമ്മുടെ നാട്ടിൻപുറം പോലെയുണ്ട്. തെങ്ങും,വയലും, താറാവ് കൃഷിയും. മൊത്തത്തിൽ ഒരു കുട്ടനാടൻ  ഫീൽ.


കുറെ നേരം അവിടെയെല്ലാം  സ്‌കൂട്ടറിൽ ചുറ്റിയടിച്ചു കണ്ടതിനുശേഷം ഞങ്ങൾ റിസോർട്ടിലേക്ക് മടങ്ങി. ഫെറിക്കുള്ള സമയമായിരിക്കുന്നു. ഇറങ്ങാൻ നേരമാണ് ഞങ്ങൾ ബുക്ക് ചെയ്ത ഫെറി ഇന്ന് ക്യാൻസലായ വിവരം അറിഞ്ഞത്. പക്ഷെ നോട്ടിക്ക എന്ന് പേരായ മറ്റൊരു ഫെറിയിലേക്ക് ഞങ്ങളുടെ സീറ്റുകൾ മാറ്റി തന്നിരുന്നു. നോട്ടിക്കയുടെ ഓഫിസിൽ കേറി പുതിയ ടിക്കറ്റും എടുത്തുകൊണ്ട് ഞങ്ങൾ ജെട്ടിയിലേക്ക് നടന്നു. എന്തായാലും ആദ്യത്തെ ഫെറി ക്യാൻസൽ ആയതു നന്നായി. നോട്ടിക്ക കുറച്ചുകൂടി ലക്ഷ്യൂറിയസ് ആയ ഫെറിയാണ്. കാറ്റമരാൻ രീതിയിൽ പണി കഴിപ്പിച്ച പുതിയൊരു ഫെറി. സ്പീഡും കൂടുതലാണ്. അതിനാൽ തന്നെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്ര സമയവും കുറവാണു. ഫ്ലൈറ്റിൽ കയറിയതുപോലെ തന്നെ.  ക്യാബിൻ ക്രൂവും, ക്യാപ്റ്റനും എല്ലാം ഉണ്ട്. ഫെറി പുറപ്പെടുന്നതിനു മുൻപായി ഫ്ലൈറ്റിലേതുപോലെ സേഫ്റ്റി ഇൻസ്‌ട്രുക്ഷൻസ് തരുന്നുണ്ട്. യാത്രക്കാരുടെ ബോറടിമാറ്റാനായി ഹിന്ദി വീഡിയോ സോങ്ങുകൾ മുൻപിലെ ടീവിയിൽ കാണിക്കുന്നുണ്ട്. മുന്നിലെ സീറ്റ് പൗച്ചിലുള്ള ഫുഡ് മെനുവിൽ നിന്ന് ഇഷ്ട്ടമുള്ള ഭക്ഷണം ഓർഡർ ചെയ്താൽ കാബിൻ ക്രൂ അത് സീറ്റിൽ സെർവ് ചെയ്യും.  ഫെറിക്കൽപ്പം സ്പീഡ് കൂടുതലായതിനാൽ കൂടെയുള്ള പലരുടെയും വയറ്റിലെ ബട്ടർഫ്‌ളൈസ് പറന്നു തുടങ്ങിയിരുന്നു. മുന്നിലെ പൗച്ചിൽ പ്യൂക്ക് ബാഗ് വച്ചതിന്റെ ആവശ്യകത ഇപ്പോഴാണ് മനസ്സിലായത്. സമയമേറെ വൈകാതെ തന്നെ ഞങ്ങൾ പോർട്ട് ബ്ലെയറിൽ എത്തി. നേരം ഇരുട്ടി. ഫുഡ് അടിച്ചു കിടന്നുറങ്ങൽ മാത്രമേ ഇനി ഇന്നത്തെ ഷെഡ്യൂളിൽ ബാക്കിയുള്ളൂ.

Havelock


ചിഡിയാടാപു

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. ഇന്ന് വെള്ളിയാഴ്ചയാണ്. നബീലും വൈഫും നാട്ടിലേക്ക് തിരിച്ചു പോകുന്ന ദിവസം. എൻ്റെ ഇന്നത്തെ റിട്ടേൺ ഫ്ലൈറ്റ് ക്യാൻസൽ ആയി. പകരം ഫ്ലൈറ്റ് നാളത്തേക്കാണ് റീ-ഷെഡ്യൂൾ ചെയ്തു കിട്ടിയത്. ഉച്ചക്കാണ് നബീലിന്റെ ഫ്ലൈറ്റ്. അതിനു മുൻപായി ചിഡിയാടാപു സന്ദർശിക്കാനാണ് നേരത്തെ കാലത്തേ  റെഡിയായിറങ്ങിയത്. ചിഡിയാടാപു പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം ഇരുപതു കിലോമീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്. പോകുന്ന വഴിയിൽ നല്ല മഴ കിട്ടി. നമ്മുടെ വയനാട് പോകുന്ന പോലൊരു ഭൂപ്രകൃതിയാണ് ചിഡിയാടാപുവിലേക്കുള്ള വഴി. ഹെയർപിൻ വളവുകളും, രണ്ട് വശത്തും കാടും. ആൻഡമാനിൽ കാടുകളിൽ വന്യ മൃഗങ്ങൾ കുറവാണു. ചെറിയ മൃഗങ്ങളും, പക്ഷികളും മാത്രമേയുള്ളൂ. പോകുന്ന വഴിയിൽ ഒരു രസകരമായ കാഴ്ച കണ്ടു, വഴിയിൽ 'കാലിക്കറ്റ്' എന്നൊരു ബോർഡ്. 

Calicut Havelock

നമ്മുടെ ഡ്രൈവറും , ടൂർ ഗൈഡുമായ കബീർ ഭായിയോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, ഇവിടെ കേരളത്തിലെ സ്ഥലപ്പേരുകളിൽ അറിയപ്പെടുന്ന ഒരുപാടിടങ്ങളുണ്ട്. വരുന്ന വഴിയിൽ തിരൂർ എന്ന് ബോർഡ് വച്ച ഒരു ബസ്സും  കണ്ടു. ഇത് കൂടാതെ മണ്ണാർക്കാട്, നിലമ്പൂർ, മഞ്ചേരി അങ്ങനെ കുറച്ചേറെ സ്ഥലങ്ങൾ ഇവിടെയുണ്ട്. കേരളത്തിൽ നിന്ന് ഇവിടെ എത്തിപ്പെട്ടവർ കൂടെക്കൂട്ടിയവയാണ് ഈ സ്ഥലപ്പേരുകൾ. ബാംബൂ ഫ്ലാറ്റെന്ന ഇതിനടുത്തെ ഒരു സ്ഥലത്തു മലയാളികൾ ഒരുപാട് പേര് താമസിക്കുന്നുണ്ടത്രേ. ചിഡിയാടാപു പക്ഷി നിരീക്ഷണത്തിനു പേരുകേട്ടതാണ്. ഒരുപാടിനം പക്ഷികൾ ഇവിടെ ചേക്കേറാറുണ്ടത്രെ. ഒരു ചെറിയ പാർക്കും, അതിനോട് ചേർന്ന ബീച്ചും. ഇവിടെ കടലിൽ മുതല ഉണ്ടെന്നുള്ള ഒരു അപായ ബോർഡ് വച്ചിട്ടുണ്ട്. പാർക്കിന്റെ എന്ട്രന്സിലായി ഒരു ട്രെക്കിങ്ങ് പോയിൻട്ടുണ്ട്. മുണ്ടാപഹാഡ്  എന്ന ചെറിയൊരു കുന്നിൽ മുകളിലേക്കുള്ള വഴിയാണിത്. മുകളിൽ ചെന്നാൽ മനോഹരമായ വ്യൂ ആണത്രേ. പക്ഷെ സമയക്കുറവുകാരണം മുണ്ടാപഹാഡിലേക്കുള്ള നടത്തം ഞങ്ങൾ മാറ്റിവച്ചു. മഴ കനക്കുന്നുണ്ട്. ഇന്നലത്തെ ന്യൂസിൽ ആൻഡമാനിൽ ചെറിയൊരു ഭൂമികുലുക്കം ഉണ്ടായതായി വാർത്ത വന്നിരുന്നു. എന്നാൽ ഞങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ ചെറിയ ഭൂചലനങ്ങൾ ഇവിടെ പതിവാണെന്നാണ് കബീർ ഭായി പറഞ്ഞത്. മാസത്തിൽ ഒന്നും രണ്ടുമൊക്കെ ഉണ്ടാവാറുണ്ട്. ഞങ്ങൾ മടക്ക യാത്ര തുടങ്ങി. വരും വഴി നബീലിനെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു.

Chidiyatapu


ബാക്‌സൈഡ് ബീച്ച്

കബീർ ഭായിയോട് എന്നെ പോർട്ട് ബ്ലെയറിലെ ഓൾ ഇന്ത്യ റേഡിയോയിൽ ഇറക്കാൻ പറഞ്ഞു. എൻ്റെ സുഹൃത്തും, നാട്ടുകാരനുമായ നിധീഷേട്ടൻ ഇവിടെയാണ് ജോലി ചെയ്യുന്നത്. ആളെ ഒന്ന് കാണാനാണ് ഇവിടെ വന്നത് ഒപ്പം ദൂരദർശനും, AIR-ഉം ഒന്നുകാണുക എന്ന ലക്‌ഷ്യം കൂടെയുണ്ട്. അവിടെ വച്ച് വർഗീസ് എന്ന മറ്റൊരു മലയാളിയെ പരിചയപ്പെട്ടു. ശേഷം ഞങ്ങൾ മൂന്നാളും കൂടെ അടുത്തുള്ള നല്ലൊരു റെസ്റോറന്റിൽ കേറി ഉച്ചഭക്ഷണം കഴിച്ചു. ഉച്ചക്കുശേഷം നിധീഷേട്ടൻ എന്നെ AIR-ന്റെ ഒരു ഷോർട് വേവ് ട്രാൻസ്മിറ്റർ കാണിക്കാനായി മറ്റൊരിടത്തേക്ക് കൊണ്ടുപോയി. അതിനു പുറകിലുള്ള ബാക്സൈഡ് ബീച്ചെന്നറിയപ്പെടുന്ന കടൽത്തീരത്ത്  ഞങ്ങൾ അൽപ്പസമയം ചിലവഴിച്ചു. ഈ ബീച് നിറയെ ഷെല്ലുകളും, കോറലും, ഉരുളൻ കല്ലുകളും നിറഞ്ഞതാണ്. കുറച്ചു നല്ല കല്ലുകൾ ഞങ്ങൾ പെറുക്കിയെടുത്തു.


എയർപോർട്ടിൽ ഇത് കയറ്റിവിടാൻ സാധ്യതയില്ല എന്നറിയാമായിരുന്നു. എന്നാലും ഒരു ഭാഗ്യപരീക്ഷണത്തിനായി ഞങ്ങളതെല്ലാം ബാഗിലാക്കി. നിധീഷേട്ടനു ഉച്ചക്കുശേഷം ഡ്യൂട്ടിയുണ്ട്. പുള്ളിയുടെ സുഹൃത്തായ ഏലിയാസുചേട്ടൻ ഞങ്ങളെ പോർട്ട് ബ്ലെയറിലെ ഹോട്ടലിൽ തിരിച്ചെത്തിച്ചു.


അങ്ങനെ ഒരാഴ്ചയിലേറെ നീണ്ടു നിന്ന ആൻഡമാൻ യാത്ര അതിൻ്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നു. നാളെ രാവിലെ മടക്ക യാത്രയാണ്. സെപ്റ്റംബർ -ഒക്ടോബര് മാസത്തോട് കൂടിയാണ് ആൻഡമാനിൽ ടൂറിസം സീസൺ ആരംഭിക്കുന്നത്. പല ടൂറിസം സ്പോട്ടുകളും, ആക്ടിവിറ്റികളും ഓൺ ആകുന്നത് ഈ സമയത്താണ്. എന്നാൽ സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപ് പോയാൽ പല സ്ഥലങ്ങളും ആൾത്തിരക്കില്ലാതെ ആസ്വദിക്കാൻ സാധിക്കും. നേരത്തെ തന്നെ ബുക്ക് ചെയ്താൽ കുറഞ്ഞനിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റും കിട്ടാൻ സാധ്യതയുണ്ട്. ദ്വീപുകൾക്കിടയിലുള്ള ഫെറി ടിക്കറ്റുകൾ ഓൺലൈൻ ആയിത്തന്നെ വാങ്ങിക്കാൻ സാധിക്കും. ആൻഡമാനിൽ ടൂർ പാക്കേജ് എടുക്കേണ്ട ആവശ്യം ഇല്ല. ഒട്ടുമിക്ക സ്ഥലങ്ങളും നമ്മൾക്കുതന്നെ കണ്ടുപിടിച്ചു പോകാവുന്നതേയുള്ളൂ. ഇവിടെ പ്രധാനമായി വരുന്ന ചിലവുകളിലൊന്നാണ് താമസത്തിനുള്ളത്. എന്നാൽ പാക്കേജ് ബുക്ക് ചെയ്യുക വഴി പല ഹോട്ടലുകളും ഓൺലൈൻ നിരക്കിനേക്കാൾ കുറഞ്ഞു കിട്ടാൻ സാധ്യതയുണ്ട്.  പ്രധാനമായും ബീച്ചുകൾ കേന്ദ്രീകരിച്ചുള്ളതാണ് ഇവിടുത്തെ ടൂറിസം സ്പോട്ടുകൾ ഒട്ടുമിക്കതും. അതിനാൽ തന്നെ സൺ ഗ്ലാസ്, സൺ പ്രൊട്ടക്ഷൻ എന്നിവയൊക്കെ എടുത്തിറങ്ങാൻ മറക്കണ്ട. ഒപ്പം ലിക്വിഡ് ക്യാഷും, ഇവിടെ വർക്ക് ചെയ്യുന്ന സിം കാർഡുള്ള ഫോണും. BSNL എല്ലായിടത്തും ലഭ്യമാണ്. ജിയോയും, എയർട്ടലും ഏറെക്കൂറെ സ്ഥലങ്ങളിൽ കവറേജ് ലഭ്യമാക്കുന്നുണ്ട്. നെറ്റ്‌വർക്ക് പ്രശ്നം ഉള്ളതിനാൽ ATM-കളും, ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങളും പലപ്പോഴും നിരാശപ്പെടുത്തും. അതിനാലാണ് ലിക്വിഡ് ക്യാഷ് വേണമെന്ന് പറഞ്ഞത്. 


ആൻഡമാനിൽ ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാൻ ബാക്കിയുണ്ട്. അതെല്ലാം അടുത്ത വരവിലേക്കായി മാറ്റിവച്ചുകൊണ്ട് ഞങ്ങൾ യാത്ര പറയുകയാണ്. നല്ലൊരുപിടി ഓർമ്മകളാകാനുതകുന്ന അനുഭവങ്ങൾ സമ്മാനിച്ചതിന് ഈ നാടിനോട് നന്ദി പറഞ്ഞുകൊണ്ട്.


(ശുഭം)



പിൻകുറിപ്പ്: ഭാഗ്യപരീക്ഷണം എന്തായാലും വിജയിച്ചു. ആൻഡമാനിൽ ബീച്ചുകളിൽ നിന്ന് പെറുക്കിയെടുത്ത സാധനങ്ങൾ ഇന്ന് വീട്ടിലെ ഷോക്കേസിൽ സേഫ് ആയി കിടക്കുന്നുണ്ട്.



Saturday, December 3, 2022

ആൻഡമാൻ ഡയറി - Part 3

Havelock Andaman

ആന്ഡമാനിലെ ഞങ്ങളുടെ മൂന്നാം  ദിനമാണിന്ന്. ഡ്രൈവർ രാവിലെ അഞ്ചരക്ക്  ഹോട്ടലിൽ ഞങ്ങളെ പിക്ക് ചെയ്യാൻ എത്താമെന്നാണ് പറഞ്ഞിരുന്നത്. ഇത്ര പുലർച്ചെ എന്തിനാണാവോ പുറപ്പെടുന്നത്  എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. എന്നാൽ കുളിച്ചു കുട്ടപ്പന്മാരായി ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോ പുറത്തു നല്ല വെളിച്ചം. നേരം പരപരാ വെളുത്തിരുന്നു. സമയം പക്ഷെ രാവിലെ അഞ്ച് കഴിഞ്ഞതേ ഉള്ളൂ. ഇവിടെ ഇങ്ങനെയാണ് അഞ്ച് -അഞ്ചരയോക്കെ ആകുമ്പോഴേക്കും നേരം വെളുക്കും. നേരത്തെ ഇറങ്ങിയതിനാൽ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് റെസ്റ്റോറന്റുകാർ പാക്ക് ചെയ്തു തന്നുവിടുകയാണുണ്ടായത്.


ഇപ്പോൾ നമ്മളെത്തിയിരിക്കുന്നത് പോർട്ട് ബ്ലെയർ ജെട്ടിയിലാണ്. ഇവിടെ നിന്നും നേരെ ഹാവ്ലോക്ക് ഐലണ്ടിലേക്കാണ്‌ ഈ രാവിലത്തെ യാത്ര. പോർട്ട് ബ്ലെയർ ജെട്ടിയിൽ രാവിലെ അത്യാവശ്യം നല്ല തിരക്കുണ്ട്. ചെന്നെയിലേക്കുള്ള 'സ്വരാജ് ദ്വീപ്' എന്ന കൂറ്റൻ കപ്പൽ ഇവിടെ നങ്കൂരമിട്ടിരിക്കുന്നത് ദൂരെ നിന്ന് തന്നെ കാണാമായിരുന്നു. ഒരു കൊച്ചു എയർപോർട്ട് പോലെയാണ് ഇവിടുത്തെ ജെട്ടി. മെയിൻ ലാൻഡിലേക്കും, മറ്റു ഉപദ്വീപുകളിലേക്കുമുള്ള കപ്പൽ, ഫെറി മുതലായവ ഇവിടെ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. പോർട്ട് ബ്ലെയർ ജെട്ടിയിൽ നിന്ന് ഫെറിയിൽ കയറാനുള്ള ഏർപ്പാടുകൾ ഏകദേശം എയർപോർട്ട്-ൽ ഉള്ളതിന് സമാനമാണ്. ചെക്ക്ഇൻ, സെക്യൂരിറ്റി ചെക്ക് അങ്ങനെ എല്ലാം ഉണ്ട്. ബോർഡിങ് ഗേറ്റുകൾ അര മണിക്കൂർ മുൻപേ തന്നെ അടക്കും. അതിനാൽ ഫെറി സമയത്തിനും ഒരു മണിക്കൂർ മുൻപേ തന്നെ ജെട്ടിയിൽ എത്തുന്നതാണ് അഭികാമ്യം. ഇവിടെ നിന്നും ഹാവ്ലോക്ക്-ലേക്ക് ഏകദേശം എഴുപത് കിലോമീറ്ററോളം ദൂരമുണ്ട്. രണ്ട് മണിക്കൂറോളം യാത്രയുണ്ട്. അഞ്ചോളം പ്രൈവറ്റ് ഫെറി കമ്പനികളും , അതോടൊപ്പം ഗവണ്മെന്റ് ഫെറിയും ഇവിടെ നിന്നും ഹാവ്ലോക്ക് -ലേക്ക് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഏകദേശം 1500 മുതൽ 2000 രൂപ വരെയൊക്കെയാണ് പ്രൈവറ്റ് ഫെറി ടിക്കറ്റുനിരക്ക്. എന്നാൽ ഗവണ്മെന്റ് ഫെറിയാണെങ്കിൽ ഒരു അഞ്ഞൂറുരൂപയെ ആവുന്നുള്ളൂ. ഫെറി ടിക്കറ്റുകൾ മുൻകൂറായി ഓൺലൈൻ ബുക്ക് ചെയ്യാവുന്നതാണ്. ഞങ്ങൾ ഇന്ന് പോകുന്നത് ഗ്രീൻ ഓഷ്യൻ എന്ന കമ്പനിയുടെ ഫെറിയിലാണ്. ഹാവ്ലോക്ക്-ൽ നിന്ന് തിരിച്ചു വരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതും ഇതേ ഫെറിയിൽ തന്നെയാണ്. സെക്യൂരിറ്റി ചെക്കും കഴിഞ്ഞു ഞങ്ങൾ ഫെറിയിൽ കയറി. ഗ്രീൻ ഓഷ്യൻ-1 എന്ന ഈ ഫെറിയിൽ ഏകദേശം മുന്നൂറോളം പേർക്ക് കയറാൻ സാധിക്കും. ഡീലക്സ് , ലക്ഷുറി, റോയൽ എന്നിങ്ങനെ മൂന്നു ക്ലാസുകൾ ആണിതിൽ. ഞങൾ ഏറ്റവും താഴെയുള്ള ഡീലക്സ് ഡെക്കിൽ ആയിരുന്നു. ഡീലക്സ് ഡെക്ക് ഒരു ഓപ്പൺ ഏരിയ ആയിരുന്നില്ല. അതിനാൽ ഫെറി ചലിക്കുന്നുണ്ടോ എന്നൊന്നും അറിയാൻ സാധിച്ചിരുന്നില്ല. രണ്ട് മണിക്കൂർ എങ്ങനെ ഇത്തരത്തിൽ കഴിച്ചുകൂട്ടും എന്നാലോചിച്ചിരിക്കുമ്പോൾ ഇനി എല്ലാവര്ക്കും അപ്പർ ഡെക്കിലേക്ക് പോകാം എന്ന് പറഞ്ഞു കൊണ്ട് അന്നൗൺസ്‌മെന്റ് വന്നു. കേൾക്കേണ്ട താമസം എല്ലാരും മുകളിലേക്കോടി. ഫെറി കരയിൽ നിന്നും ഏറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. മുകളിലെ ഓപ്പൺ ഡെക്കിൽ എല്ലാവരും എത്തിച്ചേർന്നു. പാട്ടും , ഡാൻസുമായി കുറെ നേരം. ഇന്നലെ കണ്ട ഹൈദെരാബാദുകാരൻ കാർത്തിക്കിനെയും  കുടുംബത്തെയും ഇവിടെയും കണ്ടു. കടലിലെ ആദ്യയാത്ര ഒരൊന്നൊന്നര അനുഭവമായിരുന്നു. ഒമ്പതുമണിയോടെ ഞങ്ങൾ ഹാവ്ലോക്ക്-ൽ എത്തി.



ഹാവ്ലോക്ക് ഐലൻഡ്

ഹാവ്ലോക്ക് ജെട്ടിയിൽ ഞങ്ങളെ പിക്ക് ചെയ്യാനായി റിസോർട്ടിലെ വണ്ടി വരും എന്ന് പറഞ്ഞിരുന്നു. ഡ്രൈവറുടെ നമ്പറും കൈയിൽ ഉണ്ട്. എന്നാൽ പുറത്തിറങ്ങി ഡ്രൈവറെ വിളിക്കാൻ നേരത്തു ഫോണിലൊന്നും റേഞ്ച് കിട്ടുന്നില്ല. സകല നാട്ടിലും , കുന്നിലും മലയിലും വരെ റേഞ്ച് കിട്ടിക്കൊണ്ടിരുന്ന ജിയോക്ക് പോലും ഇവിടെ ഒരു കട്ട പോലും റേഞ്ച് ഇല്ല. ഹാവ്ലോക്ക്-ൽ BSNL ആണ് താരം. ചിലയിടങ്ങളിൽ Airtel നും കവറേജ് ഉണ്ട്. മറ്റു നെറ്റ്‌വർക്കുകളൊന്നും ഇവിടെ കിട്ടില്ല. ജെട്ടിക്കു പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ പേരെഴുതിയ പ്ലക്കാർഡുമേന്തി ഡ്രൈവർ നിൽക്കുന്നുണ്ട്. അതുകൊണ്ട് ആളെ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ടി വന്നില്ല. കൃഷ്ണ എന്ന് പേര് പറഞ്ഞ ഒരു ബംഗാളി ഡ്രൈവർ ഞങ്ങളെ റിസോർട്ടിൽ എത്തിച്ചു. ഹാവ്ലോക്ക് ഒരു വളരെ ചെറിയ ദ്വീപാണ്. സ്വാതന്ത്ര്യാനന്തരം കുടിയേറിയ ബംഗാളി അഭയാര്ഥികളാണ് ഇവിടെ ഭൂരിഭാഗവും. ഒരു മെയിൻ ജംക്ഷനും അവിടെ നിന്ന് മൂന്ന് ദിശയിലേക്ക് ഉള്ള റോഡുകളും. ദ്വീപിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ കൂടിയാൽ ഒരു ഇരുപതു കിലോമീറ്റർ കാണും. ഇപ്പറഞ്ഞ ജങ്ഷനിലാണ് സ്‌കൂളും , പള്ളിയും , ബാങ്കുകളും, മാർക്കറ്റും എല്ലാം.  ഒന്ന് ശ്രമിച്ചാൽ നടന്നു കാണാം ഈ ദ്വീപ് മുഴുവനായും.  ഞങ്ങളുടെ റിസോർട്ട്  മാനേജർ മലപ്പുറത്ത് വേരുകളുള്ള ഒരു മലയാളി ആണ്. എന്നാൽ ഞങ്ങൾ അവിടെ എത്തുമ്പോൾ പുള്ളി എന്തോ ആവശ്യാർഥം പോർട്ട് ബ്ലെയറിൽ പോയിരിക്കുകയായിരുന്നു. പകരം ആളുടെ സഹോദരനായിരുന്നു അവിടെ ഉണ്ടായിരുന്നത്.


രാധാനഗർ ബീച്ച്



ഉച്ചഭക്ഷണത്തിനു ശേഷം കൃഷ്ണ ഞങ്ങളെ രാധനാഗർ ബീച്ചിലേക്കാണ് കൊണ്ടുപോയത്. ആൾത്തിരക്കു കുറഞ്ഞ വിശാലമായ ഒരു ബീച്ചാണിത്. കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന ബീച്ച്. കരയിലേക്ക് ആഴം വളരെ കൂടുതലാണ്. അതിനാൽ തിരമാലകൾക്ക് ശക്തിയും കുറവാണ്. കുറെയേറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. മികച്ച രീതിയിൽ പരിപാലിച്ചു പോരുന്നൊരു ബീച്ചാണിത്. സന്ദർശകർ കുളിക്കാനും , ഫ്രഷ് ആകാനുമുള്ള നല്ല വൃത്തിയുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ഒരറ്റം മുതൽ മറ്റേ അറ്റം വരെ ബീച്ചുകളുള്ള കേരളത്തിൽ ഇത്തരം സൗകര്യങ്ങൾ എന്നെ വരേണ്ടതായിരുന്നു. ബീച്ചിലെ അർമ്മാദിക്കലിന് ശേഷം വെളിയിലെ ചായക്കടയിൽ നിന്ന് ഒരു ചായയും കുടിച്ചു തിരിച്ചു റിസോർട്ടിലേക്ക്.


ഇവിടെ സാധന സാമഗ്രികളുടെ വില പോർട്ബ്ലെയറിനേക്കാളും കൂടുതലാണ്. പാക്കറ്റ് സാധനങ്ങൾക്ക് പോലും MRP യെക്കാൾ അധികം വില നൽകണം. സന്ദർശകർക്കായി വാടകക്ക് ടൂ -വീലറുകൾ ഇവിടെ ലഭ്യമാണ്. കൂടാതെ ആൻഡമാൻ ടൂറിസം ഡിപ്പാർട്മെന്റിന്റെ AC ഇലക്ട്രിക്ക് ബസ്സുകൾ ദ്വീപിലുടനീളം ഓടുന്നുണ്ട്. പതിനഞ്ച് -ഇരുപതു മിനിറ്റ് ഇടവേളകളിൽ ബസ്സുണ്ട്. ഇത് ഇവിടുത്തെ ടാക്സി ഡ്രൈവർമാരെ നന്നായി ബാധിച്ചിട്ടുണ്ട്. കൃഷ്നയും ഇടക്കിടക്ക് അവരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.  സമയം രാത്രിയായി. റിസോർട്ടിന് പുറത്തു ഒരു തമിഴ് റെസ്റ്റോറന്റ് ഞങ്ങൾ കണ്ടിരുന്നു. കുറെ ദിവസമായി മീനും  ചിക്കനും കഴിക്കുന്നു. അതിനാൽ ഇന്നത്തെ ഡിന്നർ ഇവിടെ നിന്നാകാം എന്ന് കരുതി


നെമോ ബീച്ച്

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു. നെമോ ബീച്ചിലേക്കാണ് നമ്മൾ പോകുന്നത്. പ്രശസ്തമായ 'Finding Nemo' എന്ന സിനിമയിലെ താരമായ ഓറഞ്ചു കളറുള്ള നെമോ ഫിഷുകൾ (Clown fish) ധാരാളമായിഇവിടെ കാണപ്പെടുന്നു. അതുകൊണ്ടാണ് ഈ ബീച്ചിന് ഈ പേര് വന്നത്. ഗോവിന്ദ് നഗർ ബീച്ച് എന്നാണ് ശരിക്കും പേര്. ഇതുകൂടാതെ ലൈറ്റ്ഹൌസ് ബീച്ച് എന്നും ചിലർ ഇതിനെ വിളിക്കാറുണ്ട്. പൊതുവെ പവിഴപ്പുറ്റുകൾക്കിടയിലാണ്  Clown Fish-കൾ ജീവിക്കുന്നത്. നെമോ ബീച്ച് പവിഴപ്പുറ്റുകൾക്ക് ലോകപ്രശസ്തമാണ്. അതിനാൽ തന്നെ ഈയിടം സ്‌കൂബാ ഡൈവിംങിന് വളരെ അനുയോജ്യമാണ്. സമയം ആറുമണി ആയിട്ടില്ല. എന്നാലും ഇവിടെ സ്‌കൂബാ ചെയ്യാൻ ആളുകളുടെ തിരക്കായിരുന്നു. കടൽക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള സ്‌കൂബാ യാത്ര വളരെ നല്ലൊരു എക്സ്പീരിയൻസ് ആണ്. നെമോ ബീച്ചിൽ വച്ച് ഞങ്ങൾ രണ്ട് മലയാളികളെ പരിചയപ്പെട്ടു. ആരോമലും , അശ്വിനും. ആരോമൽ തിരുവന്തപുരത്തുകാരനാണ്. ഇവിടെ സ്കൂബ ഡൈവിംഗ്  ഇൻസ്ട്രക്ടറായി ജോലി ചെയ്യുകയാണ്.  


എലെഫന്റ്റ് ബീച്ച്  (Elephant beach )



റിസോർട്ടിൽ നിന്ന് ബ്രേക്ഫാസ്റ്റും കഴിച്ചു അവിടെ നിന്ന് ഒരു സ്‌കൂട്ടറുമെടുത്ത് ഞങ്ങൾ അടുത്ത സ്ഥലം ലക്ഷ്യമാക്കി നീങ്ങി. ഹാവ്ലോക്ക് ജങ്ഷനിൽ നിന്ന് മൂന്നു വഴികളാണുള്ളത്. ഒന്ന് നേരെ ജെട്ടിയിലേക്ക്. മറ്റൊന്ന് ഇന്നലെ പോയ രാധാനാഗർ ബീച്ചിലേക്ക്. മൂന്നാമത്തേത് കാലാപത്ഥർ ബീച്ചിലേക്ക്. ഇന്നലെ രാധാനഗർ ബീച്ചിലേക്ക് പോകും വഴി ഒരിടത്തു കുറച്ചു വണ്ടികൾ പാർക്ക് ചെയ്തതായി കണ്ടിരുന്നു. ഡ്രൈവറോട് ചോദിച്ചപ്പോൾ അത് എലെഫന്റ്റ് ബീച്ചിലേക്കുള്ള ട്രെക്കിങ്ങ് പോയിന്റ്റ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങളുടെ ഇന്നത്തെ ലക്ഷ്യവും അത് തന്നെ ആയിരുന്നു. ഹാവ്ലോക്ക്-ലെ അതിമനോഹരമായ ഒരു ബീച്ചാണ് എലിഫന്റ്റ് ബീച്ച്. പ്രധാനമായും വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾക്കായുള്ള ഒരിടം. മുൻപ് ഈ ബീച്ചിൽ ആനകൾ ഉണ്ടായിരുന്നു. അങ്ങനെയാണ് എലിഫന്റ്റ് ബീച്ച് എന്ന പേര് വന്നത്. രണ്ട് രീതിയിലാണ് ഇങ്ങോട്ട് എത്തിച്ചേരേണ്ടത്. ഒന്ന് ഹാവ്ലോക്ക് ജെട്ടിയിൽ നിന്ന് ബോട്ടിൽ പോകാം. രണ്ടാമത്തേത്‌ ട്രെക്ക് ചെയ്തു പോകലാണ്.  ഇന്നലെ രാത്രി നല്ല മഴ പെയ്താൽ നടന്നു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്ന് ഡ്രൈവർ കൃഷ്ണ  പറഞ്ഞിരുന്നു. എന്തായാലും ഒരു കൈ നോക്കാൻ ഞങ്ങൾ  തീരുമാനിച്ചു. ട്രെക്കിങ്ങ് സ്റ്റാർട്ട് പോയിന്റിൽ വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നടക്കാൻ തുടങ്ങി. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ട്രെക്ക് ചെയ്യാനുണ്ട്. അതിൽ പകുതിയിലേറെ ദൂരം റിസേർവ് ഫോറെസ്റ്റിലൂടെയാണ്. മഴയില്ലാത്ത സമയത്ത് ഒരു മണിക്കൂറോളം എടുക്കും അങ്ങ് എലിഫന്റ്റ് ബീച്ച് വരെ ചെന്നെത്താൻ. വഴി അറിയാത്തതിനാൽ ഒരു ഗൈഡിനെ ഞങ്ങൾ കൂടെക്കൂട്ടി. പോകുന്ന വഴി ചളിനിറഞ്ഞതായതിനാൽ ചെരുപ്പഴിച്ചു എൻട്രൻസിൽ സൂക്ഷിക്കാൻ ഗൈഡ് പറഞ്ഞു. അങ്ങനെ നടത്തം തുടങ്ങി. റിസേർവ് ഫോറെസ്റ്റ് തുടങ്ങുന്നിടം മുതൽ വഴി മൊത്തം നല്ല ചളിയാണ്. ചളി എന്നൊക്കെ പറഞ്ഞാൽ മുട്ടറ്റം ആഴത്തിൽ. ഓരോ മീറ്ററും നടന്നു കേറാൻ മിനിറ്റുകൾ എടുത്തു. എന്നാലും നഗ്നപാദരായുള്ള മൺസൂൺ ട്രെക്കിങ്ങ് ഒരു പ്രത്യേക അനുഭവം ആയിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം എടുത്താണ് ഞങ്ങൾ എലിഫന്റ്റ് ബീച്ചിൽ എത്തിയത്. അവസാന 400 മീറ്റർ കണ്ടൽക്കാടുകൾക്കിടയിലൂടെയായിരുന്നു യാത്ര. ഇവിടുത്തെ കണ്ടൽച്ചെടിയുടെ വേരുകൾ കണ്ടാൽ ശരിക്കും കുറെ ആനകൾ കൂടിനിൽക്കുന്നത് പോലെ തോന്നിച്ചു. അവക്കിടയിൽ നിറയെ കുഞ്ഞൻ ഞണ്ടുകൾ ഓടിക്കളിക്കുന്നു. നീണ്ട ഒറ്റക്കാലുള്ള ഞണ്ടുകൾ. വൈകുന്നേരമായാൽ കണ്ടൽക്കാടുകൾക്കിടയിൽ വെള്ളം കയറും. അതിനാൽ ട്രെക്ക് ചെയ്തു പോകുന്നവർ ഒരു മൂന്നുമണിക്ക് മുന്നേ തന്നെ തിരിച്ചു പോകണം. അല്ലെങ്കില്പിന്നെ ബോട്ടുകാർ ചോദിക്കുന്ന കഴുത്തറപ്പൻ റേറ്റും കൊടുത്തു പോകേണ്ടി വരും.

നേരത്തെ പറഞ്ഞപോലെ അതിമനോഹരമായ ഒരു ബീച്ചാണ് എലിഫന്റ്റ് ബീച്ച്. നല്ല നീലനിറത്തിലുള്ള വെള്ളം. വളരെ നേർത്ത തിരമാലകൾ ബീച്ചിനെ ഒരു തടാകം കണക്കെ തോന്നിച്ചു. ആൻഡമാനിൽ ഓരോയിടത്തും ബീച്ചുകൾ വളരെ വ്യത്യസ്തങ്ങളാണ്. ഓരോന്നിനും ഓരോ പ്രത്യേകതകൾ ഉണ്ട്. സീ വാക്, സ്‌നോർക്കലിംഗ്, ബനാന റൈഡ്, ജെറ്റ് സ്കീ അങ്ങനെ ഒരുപാട് വാട്ടർ ആക്ടിവിറ്റികൾ ഇവിടെ ഉണ്ട്. ബീച്ചിൽ കുറെ നേരം ചിലവഴിച്ചു, സ്‌നോർക്കലിംഗും ചെയ്തു ഞങ്ങൾ തിരിച്ചു നടന്നു. ട്രെക്കിങ്ങ് സ്റ്റാർട്ട് പോയിന്റിൽ തിരിച്ചെത്തുമ്പോഴേക്കും സമയം നാലായിരുന്നു. അടുത്തുള്ള അരുവിയിൽ ചെന്ന് കൈയിലെയും, കാലിലെയും ചെളിയൊക്കെ കഴുകിക്കളഞ്ഞു. ഊണ് കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ട്. നേരെ രാധാനഗർ ബീച്ചിലേക്ക് വച്ചുപിടിച്ചു. അവിടുന്നു ഫിഷ് താലിയും കഴിച്ചു റിസോർട്ടിലേക്ക് തിരിച്ചു വണ്ടി വിട്ടു. സമയം ഇരുട്ടി. നാളെ ഹാവ്ലോക്ക്ലെ അവസാന ദിവസമാണ്. കാലാപത്ഥർ ബീച്ചാണ് നാളത്തെ ലക്‌ഷ്യം


(തുടരും)


Saturday, November 5, 2022

ആൻഡമാൻ ഡയറി - Part 2

Andaman

ആന്ഡമാനിനു ആ പേര്  വന്നത് എങ്ങനെയാണെന്നറിയാമോ ?! 


കാണാതെപോയ മകനെ വഴിയിൽ വച്ച് കണ്ടപ്പോ അമ്മ ഉറക്കെ പറഞ്ഞു "എൻ്റെ മോൻ ,എൻ്റെ മോൻ".  ഈ 'എൻ്റെ മോൻ' ലോപിച്ചാണത്രെ ആൻഡമാൻ ഉണ്ടായത്. നബീലിൻ്റെ കെട്യോളായ ആശയുടെ വകയായിരുന്നു ഈ തള്ള്. തള്ളവിടെ നിൽക്കട്ടെ ശരിക്കും ആന്ഡമാനിന്‌ ആ പേര് വന്നത് 'ഹന്തുമാൻ' എന്ന മലയ ഭാഷയിലുള്ള വാക്കിൽ നിന്നാണ്. നമ്മുടെ ഹനുമാനെയാണ് മലയയിൽ ഹന്തുമാൻ എന്ന് വിളിക്കുന്നത്   


ഇന്ന് നമ്മൾ പോകുന്നത് പോർട്ട് ബ്ലെയറിൽ നിന്നും അധികം അകലത്തിൽ അല്ലാത്ത രണ്ട് ചെറു ദ്വീപുകളിലേക്കാണ്. റോസ്സ് ഐലൻഡും, നോർത്ത്ബേ ഐലൻഡും. ഹോട്ടലിൽ നിന്ന് ബ്രേക്ഫാസ്റ്റും കഴിച്ചിറങ്ങി നേരെ ചെന്നത് ഇന്നലെ പോയ കോർബിൻസ് കോവ് ബീച്ചിനടുത്തുള്ള ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സിലേക്കാണ്. ബ്രേക്‌ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ വച്ച് തിരുവനന്തപുരത്തുകാരായ രണ്ട് മലയാളികളെ പരിചയപ്പെട്ടിരുന്നു. അവരും ഞങ്ങൾ പോകുന്നിടത്തേക്ക് തന്നെയാണ് പോകുന്നത്.


ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സ്

Andaman water complex

കുട്ടികൾക്കുള്ള ചെറിയൊരു പാർക്കും, കടലിലേക്ക് നീളുന്ന വാക്കിങ് ഏരിയയും അടങ്ങിയ ഈ  ടൂറിസ്റ്റു കേന്ദ്രം, ഏകദേശം രണ്ട് കിലോമീറ്ററോളം നീളത്തിൽ നീണ്ടുനിവർന്നു കിടക്കുന്നു. വാക്കിങ് ഏരിയ കടലിനു മുകളിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. പൊതുവെ ഇവിടുത്തെ കടൽ വളരെ ശാന്തമാണ്. ആൻഡമാനിൽ ഒട്ടുമിക്ക ഭാഗങ്ങളിലും കടൽ പൊതുവെ ശാന്തമാണ്. നാട്ടിലേത് പോലെ ആർത്തിരമ്പുന്ന കടൽകാഴ്ച എവിടെയും കണ്ടില്ല. ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സ്, ദ്വീപിലെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും സന്ദർശിക്കുന്ന ഒരിടമാണ്. ഒട്ടനവധി വാട്ടർ സ്പോർട്സ് ഇനങ്ങൾ ഇവിടെയുണ്ട്. ജെറ്റ് സ്കീ, കയാക്കിങ്, പാരാസെയിലിംഗ്, ബനാന റൈഡ് ... അങ്ങനെ പലതും.

കോംപ്ലക്‌സിന്റെ എൻട്രൻസിൽ തന്നെയാണ് ഓരോരോ ആക്ടിവിറ്റിക്കുമുള്ള ടിക്കറ്റ് എടുക്കുന്നത്. ടിക്കറ്റു കൌണ്ടർ ഒന്നും ഇല്ല. അവിടിവിടെയായി ഉള്ള ഏജന്റുമാർ വഴിയാണ് ടിക്കറ്റു വാങ്ങിക്കുന്നത്. റോസ്സ്, നോർത്ത്ബേ ഐലന്റുകളിലേക്കുള്ള ബോട്ട് ടിക്കറ്റും ഇവിടെ നിന്നും തന്നെയാണ് എടുക്കുന്നത്. നമ്മൾ ഇവിടേക്ക് കേറുമ്പോൾ തന്നെ ഏജന്റുമാർ ചാക്കിട്ടുപിടിക്കാൻ നിൽക്കുന്നുണ്ടാവും.  വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ഹാവ്ലോക്ക് ഐലൻഡിൽ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നതിനാൽ റോസ്സ് , നോർത്ത്ബേ ഐലൻഡുകളിലേക്കുള്ള ബോട്ട് ടിക്കറ്റും , ജെറ്റ് സ്കീ, സെമി-സബ്മറൈൻ എന്നിവക്കുള്ള  ടിക്കറ്റുകളും മാത്രമേ ഞങ്ങൾ എടുത്തുള്ളൂ. ആൻഡമാനിൽ ഇത്തരം വാട്ടർ ആക്ടിവിറ്റികൾ  പല ദ്വീപുകളിലും ചെയ്യാം. നീൽ ഐലന്റിലും , ഹാവ്ലോക്ക് -ലും എല്ലാം ഇതെല്ലം ചെയ്യാൻ സാധിക്കും. പോർട്ട് ബ്ലെയറിൽ പൊതുവെ തിരക്ക് കൂടുതൽ ആയിരിക്കും. പിന്നെ വാട്ടർ ആക്ടിവിറ്റീസ് എല്ലായിടത്തും, എല്ലാ സമയത്തും ഉണ്ടായിരിക്കുകയില്ല. ഞങ്ങൾ പോയപ്പോൾ പോർട്ട് ബ്ലെയറിൽ സ്കൂബ ഡൈവിംഗ് നിർത്തി വച്ചിരിക്കുകയായിരുന്നു.  എന്നാൽ ഹാവ്ലോക്ക്-ൽ ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഇത്തരം ആക്ടിവിറ്റീസ് പ്ലാൻ ചെയ്യുന്നതിന് മുൻപായി പോകുന്ന സമയത്ത് എവിടെയൊക്കെ എന്തൊക്കെ ഉണ്ടെന്ന് അന്വേഷിച്ചിട്ടു പോകുന്നത് നന്നായിരിക്കും. ടിക്കറ്റെടുത്തതിന് ശേഷം ഏജൻറ്റ് ഞങ്ങളോട് കടൽപ്പാലം വഴി നടന്നു നേരെകാണുന്ന ബോട്ട് ജെട്ടിയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. റോസ്സ് ഐലന്റിലേക്കുള്ള ബോട്ട് പിടിക്കാനാണ്. ചെറിയ മഴ തുടങ്ങിയിരുന്നു. അതിനാൽ ബോട്ട് ജെട്ടിയിലെ ചെറിയ മേൽക്കൂരക്ക് താഴെ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോൾ ബോട്ട് റെഡി ആയെന്നും പറഞ്ഞു ബോട്ട് ഡ്രൈവർ ഞങ്ങളെ തേടിയെത്തി.


റോസ്സ് ഐലൻഡ്

Ross island
മറൈൻ സർവേയർ ആയിരുന്ന ഡാനിയൽ റോസ്സിന്റെ പേരിട്ട ഈ ദ്വീപ് ഇന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ നിന്ന് നേരെ നോക്കിയാൽ കാണുന്നതാണ് റോസ്സ് ഐലൻഡ്. സ്പീഡ് ബോട്ടിൽ ഏകദേശം 10-15 മിനിറ്റ് കടലിലൂടെ സഞ്ചരിച്ചാണ് ഇവിടെ എത്തിച്ചേരുന്നത്. സെല്ലുലാർ ജയിലിന്റെ നിർമ്മാണകാലത്ത് ബ്രിറ്റീഷുകാരുടെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ്ക്വാർട്ടേഴ്‌സ് ആയിരുന്നു ഇവിടം. ജയിലിനെ കൃത്യമായി നിരീക്ഷിക്കാനും, ജയിൽ ചാടുന്നവരെ എളുപ്പത്തിൽ തിരഞ്ഞു പിടിക്കാനുമുള്ള സൗകര്യത്തിനുമായിരുന്നു ജയിലിന് എതിര്ദിശയിലുള്ള ഈ  ദ്വീപിനെ തന്നെ അവർ ഹെഡ്ക്വാർട്ടേഴ്സിനായി തിരഞ്ഞെടുത്തത്. രണ്ടാം ലോക മഹായുദ്ധ സമയത്തു ജപ്പാൻകാർ ഈ ദ്വീപ് പിടിച്ചെടുക്കുകയും, പിന്നീട് നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന് കൈമാറുകയും ചെയ്തു.

റോസ്സ് ദ്വീപിൽ കേറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് ഒരു ജാപ്പനീസ് ബങ്കർ ആണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ചതാണിത്. നടന്നു കാണാൻ മാത്രം ദൂരത്തിലുള്ളൊരു ചെറിയ ദ്വീപാണിത്. കാഴ്ചകൾ കാണാൻ ഇലക്ട്രിക്ക് ഗോൾഫ് കാർട്ടുകൾ ഉണ്ട്. ഞങ്ങൾ നടന്നാണ് പോയത്. ബ്രിടീഷ് കാലത്തുണ്ടായിരുന്ന  ഓഫിസേഴ്സ് ക്വാർട്ടേഴ്‌സ് , സബ്-ഓർഡിനേറ്റ്സ് ക്ലബ്, സെക്രെട്ടറിയേറ്റ്, സെമിത്തേരി, പള്ളി അങ്ങനെ പലതും ഇന്നിവിടെ കാണാം. എല്ലാം ഇടിഞ്ഞു പൊളിഞ്ഞിരിക്കുകയാണ്. ഒരു സ്വിമ്മിങ് പൂളും ഇവിടെയുണ്ട്. കടലിലെ വേലിയേറ്റ സമയത്ത് വെള്ളം കേറുന്ന രീതിയിൽ നിർമ്മിച്ചതാണിത്.

Ross island


എൻട്രൻസിൽ നിന്നും നേരെ മുകളിലേക്ക് കേറിയാൽ ചെന്നെത്തുന്നത് ഒരു പഴയ പള്ളിയിലേക്കാണ്. കൊളോണിയൽ ശൈലിയിൽ നിർമ്മിച്ച ഒരു വലിയ പള്ളി. വലിയ തകർച്ചയൊന്നും സംഭവിച്ചിട്ടില്ല. അതിനു പുറകിലായി ഒരു ബീച്ച് ഉണ്ട്. അങ്ങോട്ട് ഇറങ്ങിച്ചെന്നു. ഞങ്ങൾ നാലു പേര് മാത്രമേ അവിടെ ഉള്ളൂ. സഞ്ചാരികൾ പലരും ഇവിടെ ഇലക്ട്രിക്ക് വണ്ടിയിൽ കറങ്ങുകയാണ്. വളരെ കുറച്ചു സ്ഥലത്തു മാത്രമേ അതിനു സ്റ്റോപ്പ് ഉള്ളൂ. അതുകൊണ്ട് തന്നെയാണ് അവരുടെയൊന്നും കണ്ണിൽ പെടാതെ പോയ ഈ ബീച്ചിലേക്ക് ഞങ്ങൾക്ക് എത്തിപ്പെടാൻ സാധിച്ചത്. കാൽപ്പെരുമാറ്റം കുറവായതിനാൽ ഈ കടപ്പുറം വളരെ മനോഹരമായിരുന്നു. എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബീച്ച്. നല്ല നീല നിറത്തിൽ കടലിന്റെ അടി കാണാൻ പറ്റുന്ന രീതിയിൽ തെളിഞ്ഞ വെള്ളം.  കുറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ സാവധാനം തിരികെ നടന്നു. ഇപ്പോൾ ഇന്ത്യൻ നേവിയുടെ തന്ത്രപ്രധാനമായ  ഒരു കേന്ദ്രം കൂടിയാണ് റോസ്സ് ഐലൻഡ്. ഒരു ഹെലിപാഡും ഇവിടെ ഉണ്ട്. 

നോർത്ത് ബേ ഐലൻഡ്

Northbay island

റോസ്സ് ഐലണ്ടിന്റെ ജെട്ടിയിൽ നമ്മുടെ ബോട്ടും ഡ്രൈവറും കാത്തു കിടക്കുന്നുണ്ടായിരുന്നു. അയാൾ ഞങ്ങളെ നേരെ നോർത്ത് ബേ ഐലൻഡ്-ൽ എത്തിച്ചു. റോസ്സിൽ നിന്ന് സ്പീഡ് ബോട്ടിൽ ഒരു പത്തു മിനിട്ട് പോകാനുള്ള ദൂരമേ നോർത്ത് ബേയിലേക്കുള്ളൂ. നോർത്ത് ബേയിൽ പ്രത്യേകിച്ചൊന്നും കാണാനില്ല. മറിച്ചു സ്‌നോർക്കലിംഗ്, സീ വാക് പോലെയുള്ള വാട്ടർ ആക്ടിവിറ്റികൾക്കാണ് ആളുകൾ ഇവിടെ വരുന്നത്. ഞങ്ങൾ ഒരു സെമി -സബ്മറൈൻ ടിക്കറ്റ് എടുത്തിരുന്നുവല്ലോ, അതിൽ കേറുന്നത് ഇവിടെ വച്ചാണ്. സെമി സബ്മറൈൻ ഒരു സാധാരണ ക്രൂയിസ് ബോട്ട് പോലെയാണ്. ഈ ബോട്ട് മൂന്നു നിലകളിലായിട്ടാണുള്ളത്. ആദ്യത്തെ നില വെള്ളത്തിനടിയിലാണ്. ഇതിന്റെ  അടിഭാഗവും , വശങ്ങളും ഗ്ലാസ് പാളികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഇവിടേക്കിറങ്ങിച്ചെന്നാൽ 360 ഡിഗ്രിയിൽ കടലിനടിയിലെ കാഴ്ചകൾ കാണാനാകും. അതിനു മുകളിൽ ഒരു എയർ കണ്ടിഷൻഡ് റെസ്റ്റോറന്റ്. മൂന്നാം നിലയിൽ ഒരു ഓപ്പൺ ഡെക്ക്.  കരയിൽ നിന്നും നേരെ കേറിചെല്ലുന്നത് റെസ്റ്റോറന്റിലേക്കാണ്. അവിടെ നിന്ന് ഒരു ജ്യൂസും കുടിച്ചുകൊണ്ട് ബോട്ട് യാത്ര തുടങ്ങി. താഴത്തെത്തട്ടിലേക്ക് ഇപ്പൊ പ്രവേശനം ഇല്ല. ഒരു പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ നടുക്കടലിൽ ബോട്ട് നിർത്തി. എന്നിട്ട് എല്ലാരോടും താഴേക്കുപോകാൻ പറഞ്ഞു. താഴേക്കിറങ്ങിച്ചെന്നപ്പോൾ ദേ ചുറ്റിനും കടൽ. ഓടിക്കളിക്കുന്ന മീൻ കൂട്ടങ്ങൾ. തിരണ്ടിയും, നെമോയും പിന്നെ പേരറിയാത്ത കുറെയേറെ മീൻ കൂട്ടങ്ങളും. പുലിയെ മടയിൽച്ചെന്നു നേരിടുന്നതുപോലെ, മീനുകളെ കടലിലേക്കിറങ്ങിച്ചെന്നു കാണുന്ന ആ കാഴ്ച ഒന്ന് വേറെ തന്നെയായിരുന്നു. അതും കഴിഞ്ഞു ഏറ്റവും മുകളിലത്തെ ഡെക്കിൽ ഞങ്ങളെല്ലാരും ഒത്തുകൂടി. പിന്നെ പാട്ടും ഡാൻസുമായി കുറച്ചു നേരം. ഡെക്കിലെ DJ ടേബിൾ പോലെ തോന്നിപ്പിച്ച ഒരു കൌണ്ടർ -നു പുറകിൽ നിന്ന് സ്റെപ്സ് ഇട്ട എന്നെയും , നബീലിനെയും കണ്ട് ബോട്ടിലെ ഒഫീഷ്യൽ DJs ആണെന്ന് കരുതിഒരു ഫാമിലി വന്നു പഞ്ചാബി സോങ്സ്  പ്ലേയ് ചെയ്യാൻ പറഞ്ഞു. പിന്നീട് പാട്ടിൻറെ കണ്ട്രോൾ ഞങ്ങളുടെ കൈയിൽ അല്ല എന്നറിഞ്ഞ അവർക്ക് ചമ്മൽ മാറ്റാൻ കുറച്ചു സമയം വേണ്ടി വന്നു. ഹൈദരാബാദിൽ നിന്ന് വന്ന കാർത്തിക്കിനെയും കുടുംബത്തെയും അവിടെ വച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. കൂട്ടത്തിലെ ആസ്ഥാന ഡാൻസുകാർ അവരായിരുന്നു.  

Northbay island

ഒന്നൊന്നര മണിക്കൂറോളം കടലിൽ ചുറ്റിക്കറങ്ങി ഞങ്ങൾ കരയടുത്തു. സമയം മൂന്നാവാറായി. വിശക്കുന്നുണ്ട്. ഞങ്ങൾ അടുത്തുള്ള കടയിൽ ഭക്ഷണം കഴിക്കാൻ കേറി. ഞണ്ടു ഫ്രൈയും, മീനും ഓർഡർ ചെയ്തു.  ചുറ്റും കടലാണെങ്കിലും ആൻഡമാനിൽ ടൂറിസ്റ്റു സ്ഥലങ്ങളിലുള്ള റസ്റ്റോറന്റുകളിൽ മീൻ വിഭവങ്ങൾക്ക്  വിലയല്പം കൂടുതലാണ്.  ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞങ്ങളെ നേരത്തെ ഇവിടെ കൊണ്ട് വിട്ട ബോട്ട് ഡ്രൈവർ ഫോൺ വിളിക്കുന്നു. തിരിച്ചുപോകാൻ സമയം ആയത്രേ. ഭക്ഷണവും പൂർത്തിയാക്കി ഞങ്ങൾ പോർട്ട് ബ്ലെയറിലേക്ക് മടക്ക യാത്ര തുടങ്ങി

Northbay island

യാത്ര തുടങ്ങിയ ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സിലെ  ജെട്ടിയിലേക്ക് തന്നെയാണ് തിരിച്ചെത്തിയത്. ജെറ്റ് സ്കീ ചെയ്യാനുള്ള ടിക്കറ്റ് കൈവശം ഉണ്ട്. അങ്ങനെ അതും ചെയ്‌ത്‌ , അൽപ്പനേരം ബീച്ചിൽ കാറ്റുംകൊണ്ടിരുന്നതിന് ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് വണ്ടി വിട്ടു. സമയം രാത്രിയായി, ഞങ്ങളുടെ ഹോട്ടലിനു വെളിയിൽ ഒരു നൂറുമീറ്ററകലെ ഒരു ചെറിയ ഫുഡ് സ്റ്റാളുണ്ട്. നല്ല മോമോസും, നൂഡിൽസും, റോളുകളും ഒക്കെയുണ്ടിവിടെ.  ഇന്നലെ രാത്രി ഫിഷ് റെസ്റ്റോറന്റ് തപ്പി നടന്നപ്പോ ഞങ്ങൾക്ക് വഴി പറഞ്ഞുതന്നത് ഈ കടക്കാരനായ പയ്യനാണ്. അതിനാൽ ഇന്നത്തെ ഫുഡ് ഇവിടെയാക്കാമെന്നു വിചാരിച്ചു. എന്തായാലും ആ തീരുമാനം തെറ്റിയില്ല. നല്ല കിടിലൻ ഫുഡ്. വിലയോ തുച്ഛം ഗുണമോ മെച്ചം. അത് പോരെ ?. മോമോസും, ചിക്കൻ ഫ്രൈയും നാവിലെ രസമുകുളങ്ങൾക്ക് വിരുന്നേകിയ ആ രാത്രിയിൽ, നാളത്തെ യാത്രപദ്ധതികളെക്കുറിച്ച് കൂലങ്കുഷമായി ആലോചിച്ചുകൊണ്ട് ഹോട്ടൽ മുറിയിലെ അട്ടം നോക്കി ഞാൻ കിടന്നു. 


(തുടരും..!)


#Andaman #Nicobar #RossIsland #Northbay


Saturday, October 22, 2022

ആൻഡമാൻ ഡയറി - Part 1

Andaman


"അല്ലേലും നീയെവിടെയാ പോയിട്ടുള്ളത്, പനി  വരുമ്പോ ഡോക്ടറെ കാണിക്കാൻ പോകുന്നതല്ലാതെ ?"

-വര്ഷങ്ങള്ക്കു മുൻപ് കസിൻ ബ്രദർ ചോദിച്ച ചോദ്യത്തിൽ നിന്നാണ് ഞാൻ യാത്രകൾ ചെയ്തു തുടങ്ങുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. പിന്നീട് കേരളത്തിനകത്തും, പുറത്തുമായി ഒരുപാടിടങ്ങളിൽ കറങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ മെയിൻ ലാൻഡ് വിട്ടുള്ള യാത്ര ഇതാദ്യമായാണ്. ഇത്തവണത്തെ യാത്ര അങ്ങ് ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലേക്കാണ്.  

 

ആൻഡമാൻ & നിക്കോബാർ, ഇന്ത്യൻ മെയിൻ ലാൻഡിൽ നിന്നും തെക്കു കിഴക്ക് ദിശയിൽ ഏകദേശം 1300 ഓളം കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ്. ഇന്ത്യയുടെ ഭാഗമാണെങ്കിലും, മ്യാന്മാർ , ഇൻഡോനേഷ്യ, തായ്‌ലൻഡ് എന്നിവയാണ്  ആന്ഡമാനിനോട് ഏറ്റവും അടുത്തുള്ള മെയിൽ ലാൻഡുകൾ. മ്യാൻമറിൽ നിന്നും വെറും 130 കിലോമീറ്ററിൽ താഴെ ദൂരമേ ഇങ്ങോട്ടുള്ളൂ. അതുകൊണ്ട് തന്നെ മ്യാൻമറിൽ നിന്ന് കപ്പലുകേറി വന്നു, ആൻഡമാൻ കാടുകളിലെ മരം മുറിച്ചു കടത്തിയ ഒട്ടേറെ കുറ്റവാളികൾ ഇന്ന് നമ്മുടെ ജയിലറകൾക്കുള്ളിലുണ്ട്. ആന്ഡമാനും , നിക്കോബാറും ഒരൊറ്റ കേന്ദ്രഭരണ പ്രദേശമാണെങ്കിലും, ഏകദേശം 150 കിലോമീറ്റർ ദൂരത്തിൽ സമുദ്രം ഈ രണ്ട് ദ്വീപ് സമൂഹങ്ങളെയും വേർതിരിക്കുന്നു. രണ്ടിടങ്ങളിലുമായിട്ട് ഏകദേശം 572 ഉപ ദ്വീപുകളാണുള്ളത്. അതിൽ 37 എണ്ണത്തിൽ  മാത്രമാണ് മനുഷ്യവാസം ഉള്ളത്. ഇന്ത്യൻ ഡിഫൻസിൻ്റെ തന്ത്രപ്രധാനമായ ഒരിടം എന്ന നിലയിലും, ആധുനിക മനുഷ്യരിൽ നിന്ന് അകന്നു ജീവിക്കുന്ന ഒരുപാട് ആദിമവാസികൾ ഉള്ളതിനാലും  നിക്കോബാറിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ടൂറിസ്റ്റുകൾക്ക് പ്രവേശനം ഇല്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ ടൂർ പ്ലാനിൽ ആൻഡമാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാഴ്ചത്തെ സമയമേ ഉള്ളൂ എന്നതിനാൽ ആൻഡമാനിൽ വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമേ ഞങ്ങൾ കാണാൻ  ലക്ഷ്യമിട്ടിരുന്നുള്ളു. ആന്ഡമാനിന്റെ തെക്കു മുതൽ വടക്കേ അറ്റം വരെയുള്ള ദൂരം ഏകദേശം 467 കിലോമീറ്ററാണ്. കൂടിയ വീതി 58 കിലോമീറ്ററും. ഇതിൽ നിന്നും ഈ ദ്വീപ് സമൂഹത്തിന്റെ ഏകദേശ വലുപ്പം നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. നമ്മുടെ കേരളത്തെക്കാളും ചെറിയ ഒരു ഭൂപ്രദേശമാണിത്  

 

Indigo flight to Portblair
അങ്ങനെ ഒരു കൊച്ചുവെളുപ്പാൻ കാലത്ത്, ഞാനും എന്റെ കെട്ട്യോളും കൂടെ തിരുവനന്തപുരത്തു നിന്നും  ആന്ഡമാനിലേക്ക് ബീമാനം കയറി.  ചെന്നൈ , ബാംഗ്ലൂർ , വിശാഖപട്ടണം, കൊൽക്കത്ത, ഡൽഹി  എന്നിവിടങ്ങളിൽ നിന്ന് മാത്രമേ പോർട്ട് ബ്ലെയറിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഉള്ളൂ.  തിരുവനന്തപുരം - ചെന്നൈ - പോർട്ട് ബ്ലെയർ ഇതായിരുന്നു ഞങ്ങളുടെ ഫ്ലൈറ്റ് റൂട്ട്. ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമാണ് പോർട്ട് ബ്ലെയർ. ഫ്ലൈറ്റ് കൂടാതെ ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കപ്പൽ വഴിയും പോർട്ബ്ലെയറിൽ എത്താം. ഏകദേശം രണ്ട് -മൂന്ന് ദിവസം പിടിക്കും ആ യാത്ര. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ അതിൽ കൂടുതലും. സെപ്റ്റംബർ മുതലാണ് ആൻഡമാനിൽ ടൂറിസ്റ്റ് സീസൺ തുടങ്ങുന്നത്. നേരത്തെ കാലത്തേ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ ഫ്ലൈറ്റിൽ കുറഞ്ഞ റേറ്റിന് പോയി വരാം.  ചെന്നൈയിൽ വച്ച് എന്റെ സുഹൃത്തായ നബീലും, ഓൻ്റെ കെട്യോളും കൂടെക്കൂടി. അവര് രണ്ട് പേരും കോഴിക്കോട് നിന്ന് രാവിലെ ചെന്നൈയിൽ എത്തിയതാണ്.

ചെന്നൈയിൽ നിന്ന് , പോർട്ട് ബ്ലെയർ വരെ ഏകദേശം രണ്ട് - രണ്ടേകാൽ മണിക്കൂർ സമയമെടുക്കും. ഞങ്ങളുടെ പൈലറ്റ് രാഹുൽ പണ്ട് മലബാർ ഭാഗത്തെ ഏതെങ്കിലും പ്രൈവറ്റ് ബസ്സിലെ ഡ്രൈവർ ആയിരുന്നോ എന്ന് സംശയം ഉളവാക്കുന്ന രീതിയിൽ ഫ്ലൈറ്റ് മുന്നോട്ടെടുത്തു. ടാക്സി-വെയിൽനിന്നു , റൺവേയിലേക്കെടുത്ത ഒരു  യൂ -ടേണിൽ, യാത്രക്കാർക്ക് സേഫ്റ്റി ഇൻസ്‌ട്രുക്ഷൻസ് നൽകിക്കൊണ്ടിരുന്നു എയർ ഹോസ്റ്റസ് , ദേ കിടക്കുന്നു തലേം കുത്തി താഴെ..!

North sentinal island

ആരും പേടിക്കേണ്ട, പത്തു മിനിറ്റ് ലേറ്റ് ആയെങ്കിലും , അത് ഓട്ടത്തിൽ പിടിച്ചോളാം എന്ന് രാഹുൽ ഇടക്കിടെ മൈക്ക് വഴി അന്നൗൻസ് ചെയ്യുന്നുണ്ടായിരുന്നു. ആകാശത്തുനിന്നു താഴെ ഇറങ്ങുമ്പോൾ, കടലിൽ ചെറു ചെറു ദ്വീപുകൾ കാണാറായി. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു North Sentinal Island. പുറം ലോകത്തുനിന്നും സ്വയം ഒറ്റപ്പെട്ടു ജീവിക്കുന്ന , സെന്റിനലീസ് ഗോത്രക്കാരുടെ ദ്വീപ്. പുറത്തു  നിന്നുള്ളവരെ, കുന്തവും അമ്പും കൊണ്ട് നേരിട്ടവരായിരുന്നു സെന്റിനലീസ്. മറ്റുള്ളവർ ഈ ദ്വീപിൽ കാലുകുത്തുന്നത് ഇവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇടക്കിവിടെ അതിക്രമിച്ചു കയറാൻ ശ്രമിച്ചവരിൽ ഭൂരിഭാഗവും സെന്റിനലീസുകളുടെ അമ്പിനും , കുന്തത്തിനും ഇരയായി. ഇപ്പോഴും ശിലായുഗത്തിൽ തന്നെ കഴിയുന്നവരാണിവർ. പുറം ലോകത്തെ കുറിച്ച് ഒരു ധാരണയും ഇവർക്കില്ല. ഇവരുമായി അടുപ്പമുണ്ടാക്കാൻ ഇന്ത്യ ഗവർമെന്റിന്റെ ഭാഗത്തുനിന്നും ചില ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും, പിന്നീടെല്ലാം നിർത്തി വെക്കുകയായിരുന്നു. നൂറിൽ താഴെ മാത്രം വരുന്ന സെന്റിനലീസുകളുടെ സംരക്ഷണത്തിനായി ഈ സ്ഥലം ഇന്നൊരു സംരക്ഷിത ദ്വീപായി മാറ്റിയിരിക്കുകയാണ്. നിയമപരമായി ഇവിടെ ആർക്കും സന്ദർശനം നടത്തുവാൻ സാധിക്കുകയില്ല. അല്ലാതെ പോയാൽ ജീവനോടെ തിരിച്ചെത്തുവാൻ സാധ്യതയുമില്ല. ആന്ഡമാനിലും , നിക്കോബാറിലുമായി Nicobari, Jarawa, Onge, Shompen, Andamanese, Sentinelese എന്നിങ്ങനെ  ആറോളം ഗോത്ര വിഭാഗങ്ങളാണുള്ളത്. അതിൽ സെന്റിനലീസും, ജാർവകളും ഒഴികെ മറ്റു ഗോത്രങ്ങളെല്ലാം പുറം ലോകവുമായി ഒത്തിണങ്ങിക്കഴിയുന്നവരാണ്.  

പോർട്ട് ബ്ലെയർ എത്തുമ്പോഴേക്കും സമയം ഉച്ചയായി. പോർട്ട് ബ്ലെയർ എയർപോർട്ട് ഒരു ഡിഫൻസ് എയർപോർട്ട് ആണ്. അതുകൊണ്ട് തന്നെ ഇവിടെ ഫോട്ടോഗ്രാഫിയും , വീഡിയോഗ്രഫിയും ഒന്നും അനുവദനീയമല്ല. ഒരു ടെർമിനൽ മാത്രമുള്ള ചെറിയ ഒരു എയർപോർട്ട് ആണിത്. സമീപത്തായി പുതിയൊരു ടെർമിനലിന്റെ പണി നടക്കുന്നുണ്ട്. എയർപോർട്ടിൽ നിന്ന് നേരെ ഹോട്ടലിലേക്ക്. ആൻഡമാനിൽ പൊതുവെ ഹോട്ടലുകൾക്ക് ഇച്ചിരി റേറ്റ് കൂടുതലാണ്.  എയർപോർട്ടിനടുത്തു തന്നെയായിരുന്നു ഞങ്ങളുടെ താമസം. കിങ്‌സ് സഫയർ എന്ന ഞങ്ങൾ താമസിച്ച ഹോട്ടൽ അത്യാവശ്യം മികച്ച രീതിയിലുള്ളതായിരുന്നു.

 

സെല്ലുലാർ ജയിൽ

Cellular jail

ഒരൽപം നേരം ഹോട്ടലിൽ വിശ്രമിച്ചശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. ആദ്യം പോയത് സെല്ലുലാർ ജയിൽ കാണാനാണ്. അതെ നമ്മുടെ കാലാപാനി സിനിമയൊക്കെ ഷൂട്ട് ചെയ്ത അതെ ജയിൽ തന്നെ. കാലാപാനി എന്നത് ജയിലിന്റെ മറ്റൊരു പേരാണ്. ഞങ്ങളുടെ ഹോട്ടലിൽ നിന്ന് ഒരു അഞ്ചു കിലോമീറ്ററോളമേ ഇങ്ങോട്ടുള്ളൂ. ബ്രിട്ടീഷ് ഭരണ കാലത്തു ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയ തടവുകാരെയും, സ്വതന്ത്ര സമര സേനാനികളെയും നാടുകടത്തി തടവിൽ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. ഇതോടൊപ്പം ബർമയിലെ തടവുകാരെയും ഇവിടെ പാർപ്പിച്ചിരുന്നു. ഒരു കാലത്തു മനുഷ്യാവകാശ ധ്വംസനത്തിനു കുപ്രസിദ്ധിയാർജിച്ച ഒരിടമായിരുന്നു ഇവിടം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ജയിലിന്റെ നിർമ്മാണം നടക്കുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഡേവിഡ് ബാരിയുടെ നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കിയത്. അക്കാലത്തു ബാരിയും കൂട്ടരും , തടവുകാരോട് കാണിച്ച ക്രൂരതകൾക്ക് കയ്യും, കണക്കുമില്ലായിരുന്നു. ഇന്ത്യൻ സ്വതന്ത്ര സമരത്തിന്റെ സഹന കഥകൾ ജയിൽ നമ്മോട് പറഞ്ഞു തരും. ആൻഡമാൻ ഒരു കാലത്തു യൂറോപ്യൻ കോളനിയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്തു പൊട്ടിപ്പുറപ്പെട്ട മലേറിയ യൂറോപ്പ്യരെ ഇവിടെ വിടാൻ പ്രേരിപ്പിച്ചു. അതിനുശേഷമാണ് ബ്രിടീഷുകാർ ഇവിടം കൈയേറുന്നതു. ഇടക്കിടെ പരന്നു പിടിച്ച മലേറിയ കാരണം ബ്രിട്ടിഷുകാരും ഇടക്ക് ദ്വീപ് ഉപേക്ഷിച്ചു. പിന്നീട് വര്ഷങ്ങള്ക്കു ശേഷം തിരിച്ചു വന്ന അവർ 1858- പോർട്ട് ബ്ലെയറിൽ ഒരു കോളനി സ്ഥാപിച്ചു. തടവുകാരെ പാർപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അങ്ങനെയാണ് സെല്ലുലാർ ജയിലിന്റെ പണി തുടങ്ങുന്നതു. പിന്നീട് രണ്ടാം ലോക മഹായുദ്ധസമയത്തു ജപ്പാൻകാർ ഇവിടം പിടിച്ചടക്കുകയും, ബ്രിടീഷുകാരായ യുദ്ധത്തടവുകാരെ ജെയിലിൽ പാർപ്പിക്കുകയും ചെയ്തു. ജപ്പാൻകാർ ഈ ദ്വീപുകളെ പിന്നീട് സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള INA (ഇന്ത്യൻ നാഷണൽ ആർമി) ക്ക് കൈമാറി. 1943 ഡിസംബർ 30ന് നേതാജി പോർട്ട് ബ്ലെയറിൽ ഇന്ത്യൻ പതാക ഉയർത്തി, ബ്രിടീഷ് ഭരണത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രദേശമായി ദ്വീപിനെ പ്രഖ്യാപിച്ചു. എന്നാൽ രണ്ടാം ലോക മഹാ യുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ 1945-ൽ  ബ്രിടീഷുകാർ  വീണ്ടും ദ്വീപിന്റെയും, ജയിലിന്റെയും ഭരണം ഏറ്റെടുക്കുകയാണുണ്ടായത്.

ജയിലിന്റെ വലിയ കവാടം കടന്നു ഉള്ളിൽ ചെന്നാൽ ഇടതും വലതും  വശങ്ങളിലെ മുറികളിൽ  ജയിലിന്റെ ചരിത്രം വിവരിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനു മുന്നിലായി ജയിലിലെ രക്തസാക്ഷികളുടെ ഓർമ്മക്കായി നിർമ്മിച്ച രണ്ട്  കെടാവിളിക്കുകളുമുണ്ട്. ഈ വിളിക്കുകൾ കത്തിക്കാനായി ഒരു മാസം അമ്പതു സിലണ്ടർ ഗ്യാസ് ആവശ്യമുണ്ട്. ഇതത്രയും ഇന്ത്യൻ ഓയിൽ കോർപറേഷൻ സൗജന്യമായി കൊടുക്കുകയാണ്. ഇതും കടന്നു മുന്നോട്ടു പോയാൽ മൂന്നു നിലകളിലായി പണിത ജയിലറകൾ കാണാം. മധ്യത്തിലായുള്ള വാച്ച് ടവറിൽ നിന്നാരംഭിക്കുന്ന രീതിയിൽ ഏഴു വശങ്ങളിലേക്ക് ജയിൽ കെട്ടിടം നിർമ്മിച്ചിരുന്നത്. കണ്ടാൽ സൈക്കിൾ ടയറിന്റെ സ്പോക്കുകൾ പോലെയിരിക്കുന്ന ഈ ഏഴു കെട്ടിടങ്ങളേയും മധ്യത്തിലുള്ള വാച്ച് ടവറിലെക്ക് കണക്ട് ചെയ്തിരിക്കുന്നു. എന്നാൽ ഇന്ന് ഇതിൽ മൂന്നു വശങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ബാക്കിയെല്ലാം പല സമയങ്ങളിലായി തകരുകയോ , പൊളിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.   എല്ലാ ദിവസവും വൈകുന്നേരം ജയിലിന്റെ ചരിത്രവും, സ്വതന്ത്ര സമര സേനാനികളെക്കുറിച്ചും വിവരിക്കുന്ന ലൈറ്റ് & സൗണ്ട് ഷോ ഉണ്ടാകാറുണ്ട്. എന്നാൽ ചില അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞങ്ങൾ പോയ ദിവസം ഷോ ഇല്ലായിരുന്നു. 

Cellular Jail


കോർബിൻ'സ് കോവ് ബീച്ച്  (Corbyn's  cove beach )

Corbyn' cove beach

ജയിലിൽ നിന്നിറങ്ങി നേരെ പോയത് കോർബിൻ ബീച്ചിലേക്കാണ്. ആൻഡമാനിൽ കോളനി നിർമ്മിക്കാൻ ബ്രിട്ടീഷുകാർ അയച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന Henry Fisher Corbyn എന്ന പാതിരിയുടെ പേരിൽ നിന്നാണ് ബീച്ചിന് പേര് വന്നത്. നല്ല തിരക്കുള്ള ഒരു ബീച്ചാണ് കോർബിൻ. എന്നാൽ വളരെ വിശാലവും. ഞങ്ങൾ എത്തുമ്പോൾ അവിടെ വേൾഡ് ടൂറിസം ഡേയുടെ പരിപാടികൾ നടക്കുകയാണ്. ഏതോ ഒരു ബാൻഡിന്റെ മ്യൂസിക് പ്രോഗ്രാം ആണ്. കൊറേ ഹിന്ദി പാട്ടുകളും കേട്ട് ഞങ്ങൾ അവിടെ ഇരുന്നു. നമ്മുടെ നാട്ടിലെ ഗാനമേളയുടെ ഒരു വൈബ്. ആൻഡമാൻ ഒരു മിനി ഇന്ത്യയാണ്. മലയാളികളും, തമിഴൻമാരും, ഹിന്ദിക്കാരും, ബംഗാളികളും അങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ ജീവിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ ഭാഷയും , സംസ്ക്കാരവും പല നാട്ടുകാരുടേതുമായി ഇട കലർന്നതാണ്. ദക്ഷിണേന്ത്യൻ ഭാഷകൾ മുതൽ ഹിന്ദി , ബംഗാളി വരെ ഇവിടത്തുകാർ നന്നായി കൈകാര്യം ചെയ്യും. ഭാഷ -സംസ്ക്കാര വൈവിധ്യം മ്യൂസിക് പ്രോഗ്രാം കാണാനെത്തിയ നാട്ടുകാരിൽ ദൃശ്യമായിരുന്നു. ഒരു ഭാഗത്തു നോക്കിയാൽ കേരള സാരിയൊക്കെ ഉടുത്ത ചേച്ചിമാർ, പക്ഷെ സംസാരിക്കുന്നത് മലയാളമല്ല. മറു ഭാഗത്തു ബംഗാളി വേഷക്കാർ. നാട്ടിൽ കാണുന്ന രീതിയിൽ കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങൾ. സ്റ്റേജിനു മുന്നിൽ നിറപറയും , തെങ്ങിൽ പൂക്കുലയും. സമയം അഞ്ചു മണി ആയിക്കാണില്ല. നേരം ഇരുട്ടി. ഇനി വാച്ചിൽ സമയം തെറ്റിയതാണോ ? മൊബൈൽ എടുത്തു നോക്കി, അല്ല അഞ്ചു മണി തന്നെ. ആൻഡമാനിൽ മറ്റൊരു രസകരമായ കാര്യം ഇതാണ്. കേരളത്തിലെ സമയം വച്ച് നോക്കിയാൽ ഇവിടെ സൂര്യാസ്തമയവും, ഉദയവും വളരെ നേരത്തെ ആണ്. മുൻപ് മേഘാലയ പോയപ്പോഴും ഇതുപോലെ ആയിരുന്നു. പോർട്ട് ബ്ലെയറിൽ ഒരു വൈകുന്നേരം അഞ്ചു മണി ആകുമ്പോഴേക്കും സൂര്യൻ അസ്തമിക്കും നേരമിരുട്ടും. പുലരുന്നതും വളരെ നേരത്തെയാണ്. രാവിലെ ഒരു അഞ്ച് -അഞ്ചര ആകുമ്പോഴേക്കും നേരം പര-പരാ വെളുക്കും. തുടക്കത്തിൽ സമയ വ്യത്യാസവുമായി അഡ്ജസ്റ്റ് ആയി വരാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു. സ്റ്റേജിൽ ഏതോ ഒരു ഗായിക ബംഗാളി ഗാനം ആലപിക്കുന്നു. സമയം ഇരുട്ടിയതിനാൽ ഞങ്ങൾ തിരിച്ചിറങ്ങി.


 

ഞങ്ങളുടെ ഹോട്ടലിൽ റെസ്റ്റോറന്റ്റ് ഉണ്ടെങ്കിലും നല്ല മീൻ വിഭവങ്ങൾ കഴിക്കാൻ ആഗ്രഹിച്ചു പോയത് കാരണം അത്താഴം പുറത്തെവിടെയെങ്കിലും ആക്കാം എന്ന് വിചാരിച്ചു. ഇവിടുത്തെ റെസ്റ്റോറൻറ്റുകൾ മിക്കതും ഒൻപതു മണിക്ക് മുൻപേ അടക്കുമെന്ന ഞങ്ങളുടെ ഡ്രൈവർ പറഞ്ഞിരുന്നു. കെട്ട്യോളുമാരെ ഹോട്ടലിൽ ആക്കി ഞാനും നബീലും സീ ഫുഡ് റെസ്റ്റോറന്റ് തപ്പി പുറത്തിറങ്ങി. ഒരു പത്തു മിനിട്ട് നടന്നപ്പോൾ "Pakwan Sea food restaurant" കണ്ണിൽ പെട്ടു. കേറി നോക്കി, ആരുമില്ല,  ടേബിൾ എല്ലാം ഒഴിഞ്ഞു കിടക്കുന്നു. റിസപ്ഷനിൽ ഇരിക്കുന്ന ചേട്ടൻ മാത്രം. ആളുകേറാത്ത ഹോട്ടലിൽ ഫുഡ് പറഞ്ഞാൽ കുളമാകുമോ എന്ന് പേടി. പക്ഷെ സമീപത്തൊന്നും മറ്റൊരു സീ ഫുഡ് റെസ്റ്റോറന്റ് കാണാത്തതിനാൽ ഓർഡർ ചെയ്തു. ഫുഡ് എത്തുമ്പോഴേക്കും ഞങ്ങളുടെ കെട്യോളുമാരും ഗൂഗിൾ മാപ്പ് നോക്കി അങ്ങോട്ടെത്തി. ഇവിടെ കസ്റ്റമേഴ്സ് പറയുന്ന മീൻ അപ്പൊ തന്നെ വെട്ടി കറി വച്ചോ, ഫ്രൈ ചെയ്തോ തരികയാണ്.  മീനിന്റെ വലിപ്പത്തിനനുസരിച്ചാണ് ഡിഷിന്റെ വില. തവ ഫിഷും, തന്തൂരി ഫിഷുമാണ് ഞങ്ങൾ പറഞ്ഞത്. സാധനം വന്നു. ഒരു രക്ഷയുമില്ല. കിടിലൻ ടേസ്റ്റ്. നാട്ടിൽപോലും ഇത്രയും സ്വാദുള്ള മീൻ കഴിച്ചിട്ടില്ല. എന്തായാലും ആൻഡമാനിൽ ആദ്യത്തെ ഫിഷ് ഫുഡ് എൻകൗണ്ടർ മോശമായില്ല. അത്താഴവും കഴിഞ്ഞു നേരെ ഞങ്ങളുടെ താമസ സ്ഥലത്തേക്ക് നടന്നു. സമയം പത്താവാറായി. ഇവിടുത്തെ സമയം വച്ച് നോക്കുമ്പോ നട്ടപ്പാതിരയോടടുക്കാറായി.  നാളെ നേരത്തെ എണീക്കാൻ ഉള്ളതിനാൽ നേരെ ബെഡിലേക്ക് ചാഞ്ഞു.

 

 

നാളെ പോകാനുള്ളത് റോസ്സ് , നോർത്ത് ബേ ദ്വീപുകളിലേക്കാണ്. അതിന്റെ വിശേഷങ്ങൾ അടുത്ത അധ്യായത്തിൽ.

 

(തുടരും..)

Friday, February 4, 2022

കെട്ട്യോളോടൊപ്പം ഹംപിയിലേക്കൊരു ഡ്രൈവ് Part-4

"മാതംഗ ഹിൽസിലെ സൂര്യോദയം"

Hampi - Mathanga hills


"ഇതിപ്പോ ലെഫ്റ്റാണോ , റൈറ്റാണോ  പോകേണ്ടത് !?" 


വഴി കണ്ടിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. റൈറ്റ് ഈസ് ഓൾവെയ്‌സ് റൈറ്റ് എന്നല്ലേ , അപ്പൊ വലത്തോട്ടുള്ള വഴിയേ തന്നെ പോകാം. ഇച്ചിരി ദൂരം മുന്നോട്ടു പോയതും ആ വഴി അവിടെ തീർന്നു. 


"ഹാ ..ഇപ്പോഴാ മനസിലായത്, ഇടത്തോട്ടുള്ളതാണ് ശരിക്കുള്ള വഴി, അപ്പൊ ബാ തിരിച്ചു പോകാം" - ഞാൻ കെട്യോളെ വിളിച്ച് തിരിച്ചു നടക്കാൻ തുടങ്ങി. ഒരു അന്തോം , കുന്തോം അറിയാതെ രാവിലെ തന്നെ വഴി തെറ്റിക്കാൻ ഇറങ്ങിയേക്കുന്നു എന്നാവാം ഓളപ്പൊ മനസ്സിൽ വിചാരിച്ചിട്ടുണ്ടാവുക. 


സമയം രാവിലെ അഞ്ചര കഴിഞ്ഞതേ ഉള്ളൂ. മാതംഗ ഹിൽസിൽ സൂര്യോദയം കാണാനുള്ള തത്രപ്പാടിലാണ് ഞങ്ങൾ. ഗൂഗിൾ അമ്മായി പറയുന്നതുപ്രകാരം 6:20 ആണ് ഇവിടുത്തെ സൂര്യോദയ സമയം. ഒരു അഞ്ചേമുക്കാൽ കഴിഞ്ഞിട്ടെറങ്ങിയാൽ മതിയെന്നും, കുന്നിൽ കയറാനുള്ള വഴി കണ്ടു പിടിക്കാൻ ഇച്ചിരി പാടാണെന്നും, സൂര്യോദയം കാണാൻ പോകുന്ന ആളുകളുടെ പുറകെ പോയാൽ മുകളിൽ എത്താമെന്നും , ഞങ്ങൾ താമസിച്ച ഹോം സ്റ്റേയുടെ ഓണർ കിരൺ ഇന്നലെത്തന്നെ പറഞ്ഞു തന്നിട്ടുണ്ട്. എന്നാൽ സൂര്യോദയം കാണാനുള്ള ആവേശത്തിൽ നേരത്തെ തന്നെ പുറപ്പെട്ടതാണ് ഞങ്ങൾ. ഇവിടെയാണേൽ ഇരുട്ടായിട്ടു വഴിയൊന്നും കാണാനുമില്ല. മുകളിലേക്ക് കേറി പോകുന്ന ഒരാളെയും കണ്ടതുമില്ല. ഞങ്ങളുടെ താമസ സ്ഥലത്തുനിന്നു നടക്കാനുള്ള ദൂരമേ മാതംഗ ഹിൽസിലേക്കുള്ളു. വിരൂപാക്ഷ ക്ഷേത്രത്തിന്റെ നേരെ എതിർദിശയിലാണ് മാതംഗ ഹിൽസ്. ഹംപി ബസാറിന്റെ അങ്ങേയറ്റത്ത് ,  ഹംപി പോലീസ് സ്റ്റേഷന്റെ മുൻവശത്തെ നിന്നാണ് മാതംഗ ഹിൽസിലേക്കുള്ള കയറ്റം തുടങ്ങുന്നത്. താഴെ  രണ്ടുമൂന്നു സൈക്കിളുകൾ കാണുന്നുണ്ട്. അപ്പൊ മുകളിലേക്ക് ആളുകൾ പോയിട്ടുണ്ടെന്ന് തോന്നുന്നു. കുറ്റിച്ചെടികളും , ചെറിയ ചെറിയ മരങ്ങളും നിറഞ്ഞ വഴിയിലൂടെയാണ് മുകളിലേക്ക് പറയേണ്ടത്. വഴിയെന്ന് പറഞ്ഞാൽ അങ്ങനെയൊന്നും ഇല്ല. തുടക്കത്തിൽ കരിങ്കല്ല് പാകിയ വീതി കുറഞ്ഞ സ്റ്റെപ്പുകൾ ഉണ്ട്. പിന്നീടങ്ങോട്ട് കല്ലുകളിൽ ചവിട്ടി മുകളിലേക്ക് കേറണം. ഇരുട്ടായതിനാൽ വഴിയൊന്നും കൃത്യമായി കാണുന്നില്ല. കൂടെ കേറാൻ ആരെയും കാണാത്തതിനാൽ ഞങ്ങൾ മൊബൈൽ വെളിച്ചത്തിൽ മുന്നോട്ടു നടക്കാൻ തീരുമാനിച്ചു. മാതംഗ ഹിൽസിന്റെ മുകളിലേക്ക് ഇതുകൂടാതെ മറ്റ് രണ്ടുമൂന്നു ട്രെക്കിങ്ങ് പാത്തുകൾ കൂടി ഉണ്ട്. ആളുകൾ കൂടുതലായും ഉപയോഗിക്കുന്നത് ഈ വഴിയാണ്. കുറച്ചു നടന്നപ്പോൾ മുകളിൽ നിന്ന് മൊബൈൽ ഫ്ലാഷും, ചെറിയ ശബ്ദങ്ങളും കേൾക്കാനായി. ഓഹോ അപ്പൊ ഞങ്ങളെക്കാളും മുന്നേ തന്നെ ഇവിടെ ആരോ കേറിയിട്ടുണ്ട്. കുറച്ചൂടെ കേറിയപ്പോഴേക്കും കെട്ട്യോൾ സൈഡായി. രാവിലെ ഒന്നും കഴിക്കാതെ കേറിയതാണ്, ഒരു ബോട്ടിൽ വെള്ളം പോലും കൂടെ കരുതിയില്ല. അവള് ക്ഷീണിച്ചു. ഒരു  പാറപ്പുറത്ത് ഇച്ചിരി നേരം വിശ്രമിച്ചു. കുറച്ചു മോട്ടിവേഷൻ ഒക്കെ കൊടുത്തപ്പോ ആള് വീണ്ടും കേറാൻ റെഡി.  അങ്ങനെ വീണ്ടും നടത്തം തുടർന്നു. മുകളിൽ എത്താറാവുമ്പോഴേക്കും ഇച്ചിരി വെളിച്ചം വീണു തുടങ്ങിയിരുന്നു. ഹംപിയിൽ സൂര്യോദയം കാണാൻ ഏറ്റവും മികച്ച ഇടമാണ് മാതംഗ ഹിൽസ്. മങ്കി ടെംപിളിലും നല്ല സൺറൈസ് വ്യൂ ഉണ്ടെന്നു കേട്ടിട്ടുണ്ട്. പത്തിരുപതു മിനിട്ട് നടത്തത്തിനൊടുവിൽ ഞങ്ങൾ മാതംഗ ഹില്സിന് മുകളിലെത്തി. മുകളിൽ പഴയൊരു ക്ഷേത്രമുണ്ട്. അതിന്റെ ടെറസ്സിലാണ് വ്യൂ പോയിന്റ്. ഞങ്ങൾ അങ്ങോട്ടേക്ക് കയറി. അവിടെ ഞങ്ങൾ ഇന്നലെ ഹേമകുടയിൽ വച്ച് കണ്ട മലയാളി പിള്ളേരുണ്ട്. അവരാണ് സൈക്കിളിൽ വന്നവർ. ഇന്നലെ ഹേമകുടയിൽ ടെന്റ് അടിക്കാൻ സാധിക്കാത്തതിനാൽ, താഴെ റൂമെടുത്തു താമസിച്ചതായിരുന്നു അവർ. ഇന്ന് രാത്രി മാതംഗ ഹിൽസിലെ ക്യാമ്പ് ചെയ്യാനാണ് പ്ലാൻ. അവരെക്കൂടാതെ ഒരു നോർത്ത് ഇന്ത്യൻ ദമ്പതികളും കൂടെ ഞങ്ങൾക്ക് മുന്നേ അവിടെ എത്തിയിരുന്നു. ഒപ്പം കൂടെ വന്ന മറ്റൊരാളും. ഡ്രൈവറോ , ഗൈഡോ മറ്റോ ആണ്. പുള്ളി ഇതിലൊന്നും വലിയ താൽപ്പര്യമില്ലാത്ത രീതിയിൽ ദൂരെ മാറി ഇരിക്കുകയായിരുന്നു. എനിക്കും , കെട്യോൾക്കും നല്ല ദാഹമുണ്ട്. രാവിലെ എണീറ്റപാടെ ഇങ്ങെറങ്ങിയതാണ്‌, വെള്ളം പോലും കുടിക്കാതെ. അവിടെയുള്ളവരോട് ചോദിച്ചു , ആരുടെ കൈയിലും വെള്ളമില്ല. ദാഹമൊക്കെ അടക്കിപ്പിടിച്ചു ഞങ്ങൾ സൂര്യോദയവും കാത്തിരുന്നു. താഴെ അച്യുതരായ ക്ഷേത്രത്തിന്റെ മുകളിലേക്കുള്ള കാഴ്ച വളരെ മനോഹരമായിരുന്നു. നിറഞ്ഞൊഴുകുന്ന തുങ്കഭദ്രയും, അതിന്റെ കരയിലെ പച്ച പുതച്ച വാഴ തോട്ടങ്ങളും നയനാനന്ദകരമായിരുന്നു. കന്നട നാട്ടിലെ വാഴക്കൃഷിയിൽ വലിയ പങ്ക് ഹംപിയിൽ നിന്നാണത്രെ


ത്രേതായുഗത്തിലെ  ഋഷി മാതംഗൻ വസിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഐതിഹ്യപ്രകാരം ഋഷി മാതംഗൻ ഹനുമാന്റെ അമ്മയായ അഞ്ജനയുടെ ഗുരുവായിരുന്നു. മാതംഗ ഗുരുവിന്റെ ശാപമുണ്ടായതിനാൽ വാനര രാജാവായ ബാലിക്ക് ഈ മല കയറാൻ സാധ്യമായിരുന്നില്ല. രാജ്യത്തുനിന്ന് നിന്ന് പുറത്താക്കപ്പെട്ട സുഗ്രീവൻ, ഹനുമാനോടോപ്പം ബാലിയിൽ നിന്ന് രക്ഷപ്പെടാൻ ഈ മലയിലാണ് അഭയം പ്രാപിച്ചത്.  


സമയം ഏകദേശം ആറേകാല് കഴിഞ്ഞു. ദൂരെ സൂര്യോദയത്തിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. കിഷ്കിന്ധ കുന്നുകൾക്കു മുകളിലൂടെ സൂര്യന്റെ ചെറിയ ഒരു കഷ്ണം കാണാറായി, നല്ല ചുവപ്പും , ഓറഞ്ചും നിറത്തിൽ.

കിഷ്കിന്ധ കുന്നുകൾ, അതെ രാമായണത്തിൽ നമ്മൾ കേട്ടിട്ടുള്ള കിഷ്കിന്ധ. ഹനുമാന്റെയും , വാനരപ്പടയുടെയും ജന്മസ്ഥലം. അതും ഹംപിയിൽ തന്നെയാണ്. മാതംഗ ഹിൽസിലെ സൂര്യോദയം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര മഹോഹരമാണ്. കാൻവാസിൽ മറിഞ്ഞു വീണ ചായക്കൂട്ടുകൾ പോലെ, പല നിറങ്ങൾ ഒരേ സമയം വാരി വിതറിയ ഒരു കിടുക്കാച്ചി സൂര്യോദയം. അപ്പോഴേക്കും വ്യൂ പോയിന്റിൽ അഞ്ചാറുപേരും കൂടെ എത്തിയിരുന്നു. സൂര്യോദയവും കണ്ട് , മാതംഗ കുന്നിന്റെ മുകളിൽ കാറ്റും കൊണ്ട് കുറെ നേരം ഞങ്ങളിരുന്നു. ദാഹം കൂടിക്കൂടി വരുന്നു. ഭാഗ്യത്തിന് ആ സമയം അങ്ങോട്ട് വന്ന ഒരു ചേച്ചിയുടെ കൈയിൽ ഒരു കുപ്പി വെള്ളം കണ്ടു. മടിയേതും കൂടാതെ അവർ ഞങ്ങൾക്ക് കുടിക്കാൻ വെള്ളം തന്നു. സന്തോഷമായി ഗോപിയേട്ടാ. അവരോട് ഒരു താങ്ക്‌സും പറഞ്ഞു ഞങ്ങൾ കുന്നിറങ്ങി. ചെറിയ ട്രെക്ക് ആണെങ്കിലും, ഇങ്ങോട്ടു വരുമ്പോൾ കുറച്ച്  വെള്ളവും, പിന്നെ കഴിക്കാൻ വല്ലതും കൈയിൽ കരുതുന്നത് വളരെ നന്നായിരിക്കും.

കുന്നിറങ്ങി താഴെയെത്തി. അൾട്രോസ് ഇപ്പോൾ വിരൂപാക്ഷ ടെംപിളിന്റെ മുന്നിൽ ആണ് പാർക്ക് ചെയ്തിരിക്കുന്നത്. ശരിക്കും ഇത് നോ-പാർക്കിംഗ് ഏരിയ ആണ്. പിന്നെ രാത്രി ആയതിനാലാണ് ഇവിടെ പാർക്ക് ചെയ്യാൻ അവർ അനുവദിച്ചത്. വണ്ടി ഞങ്ങൾ അതിനു പുറകിലെ പാർക്കിങ് ഏരിയയിലേക്ക് മാറ്റിയിട്ടു. എന്നിട്ടു നേരെ റൂമിലേക്ക് നടന്നു. കെട്യോൾ വെട്ടിയിട്ട വാഴത്തണ്ടുപോലെ ആയിട്ടുണ്ട്. കുറച്ചു നേരം റസ്റ്റ് എടുത്തു, ഒരു കുളിയും പാസാക്കി ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാനായി അർച്ചന ഗസ്റ്റ് ഹൌസിലേക്ക് പോയി. ഇന്ന് ബ്രേക്ഫാസ്റ്റിനു തമിഴ്നാട്ടിലൊക്കെ കിട്ടുന്ന പണിയാരം പോലിരിക്കുന്ന ഒരു പലഹാരമാണ്. പണിയാരം ഞാൻ കഴിച്ചിട്ടില്ല. കെട്ട്യോളാണ് ഇതതാണെന്നു പറഞ്ഞു തന്നത്. എന്തായാലും സാധനം കൊള്ളാം. അർച്ചന ഗസ്റ്റ് ഹൌസിലെ ഓണർ ചേട്ടന് ഒരു മോളുണ്ട്. മൂന്നാലു വയസ്സ് പ്രായമുള്ളൊരു സുന്ദരിക്കുട്ടി. പേര് സ്വീറ്റി. ഇന്ന് സ്വീറ്റിയുടെ പിറന്നാളാണ്. അവളെ അമ്മ മുടി ചീകി ഒരുക്കുകയാണ്. പുതിയ ഡ്രെസ്സൊക്കെയിട്ട് നല്ല ഗെറ്റപ്പിലിരിക്കുകയാണ് ആള്. എന്തെങ്കിലും ഒരു പിറന്നാൾ സമ്മാനം അവൾക്ക് കൊടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ സമയവും സമയവും, സന്ദർഭവും ഇല്ലാഞ്ഞതിനാൽ, പോക്കറ്റിൽ കിടന്ന കുറച്ചു പൈസ എടുത്ത് അവൾക്ക് മിഠായി മേടിക്കാൻ കൊടുത്തു. സ്വീറ്റിക്ക് പിറന്നാളാശംസകളൊക്കെ നേർന്നുകൊണ്ട് ഞങ്ങൾ പുറത്തിറങ്ങി. ഇന്ന് ഞങ്ങൾ ഹംപിയോട് വിട പറയുകയാണ്. വൈകുന്നേരത്തോട് കൂടി ഹംപിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു ഡ്രൈവ് ചെയ്യാനാണ് പ്ലാൻ. രാവിലെ തന്നെ ഹോംസ്റ്റേ വെക്കേറ്റ് ചെയ്ത്, കിരണിനോട് യാത്ര പറഞ്ഞിറങ്ങി. ഹൊസ്‌പേട്ട് ലേക്ക് തിരിച്ചു പോകുന്ന  വഴിയിലുള്ള സ്ഥലങ്ങളാണ്  ഇനി ഹംപിയിൽ സന്ദർശിക്കാനായി ബാക്കി ഉള്ളത്. ഞങ്ങൾ ഇന്ന് കണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ഓരോന്നായി പറഞ്ഞു തരാം  


പാതാളേശ്വര ക്ഷേത്രം (Underground Temple)

ഹംപിയിൽ നിന്നും ഹോസ്‌പെട്ടേക്കുള്ള റോഡിന്റെ സൈഡിൽ തന്നെയാണ് പാതാളേശ്വര ക്ഷേത്രം. ഭൂനിരപ്പിൽ നിന്നും താഴെയായി സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഇപ്പേരുവന്നത്. തറയിൽ നിന്നും മണ്ണെടുത്തു ആഴം കൂട്ടി അതിനകത്തു നിർമ്മിച്ചതുപോലൊരു സൃഷ്ടിയാണിത്. ഒരു പ്രധാന കവാടം കഴിഞ്ഞു ഉള്ളിലേക്കുപോയാൽ നിരവധി തൂണുകളോടുകൂടിയ നടപ്പുരപോലെ തോന്നിക്കുന്ന ക്ഷേത്രമാണ്. ഇതിന്റെ മേൽക്കൂര തറനിരപ്പിനു സമമാണ്. തറ മുഴുവൻ വെള്ളം നിറഞ്ഞതാണ്. അതിൻ്റെ അങ്ങേയറ്റത്ത് ഒരു ശിവലിംഗ പ്രതിഷ്ഠയുണ്ട്.


ദണ്ഡനായക കോട്ട 

പാതാളേശ്വര ക്ഷേത്രത്തിന്റെ തൊട്ടടുത്തുതന്നെയാണിത്.  നാലു കോണുകളിലും കാവൽഗോപുരങ്ങളോടുകൂടിയ സമചതുരാകൃതിയിലുള്ള ചെറിയൊരു കോട്ട. 'ദണ്ഡനായകൻ' അഥവാ പടനായകൻ വാസസ്ഥലമായിരുന്നു ഇത്. പടനായകന്റെ കൊട്ടാരവും, വിജയനഗരിയിലെ നാണയങ്ങൾ നിർമ്മിച്ചിരുന്ന coin mint ഉം, ഒരു ചെറിയ പള്ളിയും ഉൾപ്പെടുന്നതാണ്  ദണ്ഡനായക കോട്ട.


ഒരൽപം കൂടി മുന്നോട്ടു നടന്നാൽ നമ്മൾ എത്തിച്ചേരുന്നത് Zenana Enclosure എന്നറിയപ്പെടുന്ന ഒരു ഭാഗത്തേക്കാണ്. വിജയനഗരിയിലെ രാജ്ഞിയടക്കമുള്ള കൊട്ടാരം സ്ത്രീകളുടെ സ്വകാര്യ ഇടമാണിത്. രണ്ട് പ്രവേശന മാർഗങ്ങളെ ഇങ്ങോട്ടുള്ളൂ. ഒരു വലിയ കോമ്പൗണ്ടും, അതിനെ ചുറ്റിയുള്ള പടുകൂറ്റൻ മതിലും. അതിനകത്താണ് Zenana Enclosure. നാലുഭാഗത്തും കാവൽ ഗോപുരങ്ങളുണ്ട്. നപുംസകങ്ങളായ കാവൽക്കാരായിരുന്നു ഈ കോട്ട കാത്തിരുന്നത്. രാജാവൊഴികെ മറ്റു പുരുഷൻമ്മാർക്കൊന്നും ഇങ്ങോട്ടു പ്രവേശനം ഉണ്ടായിരുന്നില്ലത്രെ. നാല് കാവൽഗോപുരങ്ങളിൽ ഒന്ന് ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. എങ്കിലും പഴയ പത്രാസിനു ഒരു കുറവുമില്ല. വിജനഗരിയിലെയും, ഹംപിയിലെയും മറ്റിടങ്ങളിൽ കാണാത്തൊരു പ്രത്യേകത ഇവിടെ കണ്ടു. ഇൻഡോ - ഇസ്ലാമിക് ആർക്കിടെക്ചർ ആണ് Zenana Enclosure -ലെ നിർമ്മിതിയിൽ പ്രധാനമായും ഉള്ളത്. ഒരുപക്ഷെ വിദേശ വാസ്തുശിലിപ്പികളെ വിളിച്ചു വരുത്തി പണികഴിപ്പിച്ചതാവാം ഇവിടം. Zenana Enslore -ലെ പ്രധാന ആകർഷണങ്ങളാണ് Queen's Palace Basement, ലോട്ടസ് മഹൽ, ആനപ്പുര (Elephant Stable), Guards Quarters എന്നിവ. 


Queen's Palace Basement

Zenena Enclosure -ൽ കേറിയാൽ ആദ്യം കാണുന്നത് രാജ്ഞിയുടെ കൊട്ടാരത്തിന്റെ അടിത്തറയാണ്. ഹംപിയിൽ ഉത്ഖനനം  വച്ച് ഏറ്റവും വലിയ കൊട്ടാര അടിത്തറയാണിത്. കൊട്ടാരത്തിന്റെ മുകളിലേക്കുള്ള ഭാഗം നശിക്കപ്പെട്ടുപോയിട്ടുണ്ട്.


ലോട്ടസ് മഹൽ 


ഹംപിയിൽ കണ്ടതിൽ ഏറ്റവും വശ്യതയുള്ളതായി എനിക്ക് തോന്നിയത് ലോട്ടസ് മഹൽ ആണ്. ആ നിൽപ്പിൽ തന്നെ ഒരു ക്യൂട്ട്നസ്സ് ഉണ്ട്. താമരമൊട്ടിന്റെ ആകൃതിയിലുള്ള ഒരു മേൽക്കൂരയാണിതിനീ പേര് നൽകിയത്. ഇൻഡോ - ഇസ്ലാമിക ശൈലിയിൽ തന്നെയാണ് ഇതിന്റെയും വസ്തുരീതി.രണ്ട് നിലകളിലായി ചുണ്ണാമ്പുകല്ലും, മണലും ചേർത്ത് നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടത്തിന് അധികം കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. 


Elephant Stable



ലോട്ടസ് മഹലിന്റെ വലതു വശത്ത് ആനകളെ താമസിപ്പിക്കാൻ നിർമ്മിച്ചിട്ടു താണിത്. പരസ്പ്പരം കണക്ട് ചെയ്തിട്ടുള്ള പതിനൊന്നു ആനയറകളാണ് ഇതിനകത്തുള്ളത്. ഓരോ അറയുടെയും മേൽക്കൂര ഒന്നിൽ നിന്നും ഒന്ന് വ്യത്യസ്തമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.


Guards Quarters

രാജ്ഞിയുടെയും , അന്തപ്പുര സ്ത്രീകളുടെയും കാവൽക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലം. ഉയർത്തിക്കെട്ടിയ ഒരു മണ്ഡപത്തിനു മുകളിലാണ് വിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. Guards Quarters ഇപ്പൊ ഒരു മ്യൂസിയമായിട്ടാണ് പ്രവർത്തിക്കുന്നത്.


രാജ്ഞിയുടെയും പരിവാരങ്ങളുടെയും താമസസ്ഥലത്തു നിന്ന് ഇനി നമ്മൾ പോകുന്നത് Royal Enclosure എന്ന് പറയുന്ന ഭാഗത്തേക്കാണ്. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമാണിവിടം. രാജകൊട്ടാരവും, ദർബാർ ഹാളും, ഭൂഗർഭ അറകളും അടക്കം ഏകദേശം നാൽപ്പത്തി അഞ്ചോളം കെട്ടിടങ്ങൾ ഇവിടെ ഉണ്ടായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ തലയെടുപ്പ് വിളിച്ചോതുന്നതാണിവിടുത്തെ ഒരോരോ നിർമ്മിതിയും. ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ എന്തൊക്കെയാണെന്നൊന്നു നോക്കാം 


മഹാനവമി ദിബ്ബ 

പേര് സൂചിപ്പിക്കതുപോലെ മഹാനവമി ആഘോഷങ്ങളുടെ സമയത്ത് ഉപയോഗിച്ചിരുന്ന ഒരു ഉയരമേറിയ മണ്ഡപമാണിത്. ഏകദേശം എട്ടു മീറ്ററോളം ഉയരത്തിൽ, മൂന്നു നിരകളിയായി ഉള്ള ഈ മണ്ഡപത്തിൽ നിന്നായിരുന്നു രാജാവ് നവമി ഉത്സവങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നത്. അക്കാലത്തെ ജീവിതരീതികൾ ആലേഖനം ചെയ്യുന്ന പടവുകൾ വളരെ മനോഹരമാണ്. ഒറീസ ഭരിച്ച രാജാക്കൻമ്മാരുമായിട്ടുള്ള യുദ്ധം വിജയിച്ചതിന്റെ ആഘോഷാർത്ഥം കൃഷ്ണ ദേവരായരാണിത് നിർമ്മിച്ചത്.


കല്യാണി പുഷ്ക്കരണി 


ഹംപിയിൽ അങ്ങിങ്ങായി ഏകദേശം ഇരുപത്തിമൂന്നോളം കുളങ്ങളുണ്ട്. അതിൽ ഏറ്റവും  പ്രധാനവും ഭംഗിയേറിയതുമാണ് സമചതുരാകൃതിയിലുള്ള ഈ കുളം, ഇവിടേക്ക് വെള്ളം കൊണ്ടുവരാനായി തറനിരപ്പിൽ നിന്ന് ഉയർത്തി  കല്ലുകൊണ്ട് നിർമ്മിച്ച ചെറിയ കനാലുകളുണ്ട്. കുളത്തിന്റെ മുകളിൽ നിന്ന് അടിഭാഗം വരെ എത്തുന്ന, അളവുകളിൽ അണുകിട വിടാതെ, സമമിതിയിലുള്ള പടവുകൾ നമ്മെ അത്ഭുതപെടുത്തും. അഞ്ച് വലിയ പടവുകളും, ഓരോ പടവിലും ആറുവീതം ചെറു പടവുകളും ഉണ്ട്. ചെറുപടവുകൾ പിരമിഡ് ആകൃതി തോന്നിപ്പിക്കുന്നവയാണ്.  താഴേക്ക് പോകും തോറും പടവുകളുടെ വീതി കൂടിക്കൂടി വരുന്നു. മരപ്പലകകൾ പാകിയതാണ് അടിഭാഗം. കല്യാണി പുഷ്ക്കരണിയുടെ പുറകിലായി ഒരു കുളിക്കടവുകൂടിയുണ്ട്.


ഹസര രാമാ ടെംപിൾ 

Royal Enclosure -ലുള്ള ഒരേയൊരു ക്ഷേത്രം. കൃഷ്ണദേവരായർ 1513 -ൽ നിർമ്മിച്ചതാണിത്. ഇവിടുത്തെ  ചുമരുകളിൽ കൊത്തിയ രാമായണം കഥയുടെ ശേഷിപ്പുകൾ  ഇന്ത്യയിൽ മറ്റെവിടെയും ഉള്ളതിനേക്കാൾ വിപുലമായതാണ്.


Royal Enclosure -ൽ നിന്ന് ഇനി നമ്മൾ പോകുന്നത് ഒരു കുളിക്കടവിലേക്കാണ്. Queen's bath അഥവാ രാജ്ഞിയുടെ കുളിസ്ഥലം എന്ന് മലയാളീകരിക്കാം. ഇത് Royal Enclosure -ൽ നിന്ന് ഒരു പത്തഞ്ഞൂറു മീറ്ററിനകത്താണ്. അവിടേക്ക് പോകും വഴി ഒന്ന് രണ്ട് കേരള രെജിസ്ട്രേഷൻ വണ്ടികൾ കണ്ടു. ഹംപിയിൽ വന്നിട്ട് മലയാളികളെ അധികം കാണാൻ കിട്ടിയിട്ടില്ല.  ഡ്രൈവറെ കൈയുയർത്തി അഭിവാദ്യം ചെയ്തപ്പോ , തിരിച്ചും കിട്ടി ഒരു ഹായ്. നാട്ടിൽ നിന്നുള്ള വണ്ടികൾ കണ്ടപ്പോ എന്തോ അകെ ഒരു സന്തോഷം. അപ്പൊ കമോൺ ഗെയ്‌സ് , ഒരു കുളി സീൻ കണ്ടിട്ടു വരാം.


Queen's bath


അച്യുതരായരുടെ കാലത്താണിതിന്റെ നിർമ്മാണം നടന്നത്. രാജാവിനും, രാജ്ഞിമാർക്കും സ്നാനം നടത്തുവാനുള്ള സ്വകാര്യ ഇടമാണിത്. സ്വകാര്യതക്കായി Royal Enclosure -ന്റെ പുറത്തായിട്ടാണിത് പണി കഴിപ്പിച്ചിട്ടുള്ളത്. എട്ടടിയിലധികം ആഴത്തിലുള്ള വലിയ വീതിയേറിയ ചതുരാകൃതിയിലുള്ള ഒരു സ്വിമ്മിങ് പൂളും , അതിനു ചുറ്റും ഉയരമേറിയ മേൽക്കൂരയോടുകൂടിയ ഇടനാഴിഴിയുമാണ്. ഇവിടേക്ക് വെള്ളം കൊണ്ടുവരാനായി ചെറിയ കനാലുകളുമുണ്ട്. പൂളിന്റെ അടിഭാഗത്ത് വെള്ളം ഒഴുക്കിക്കളയാനായി നാല് ഓവുചാലുകളുമുണ്ട്.


സമയം ഉച്ചകഴിയാറായി. ഞങ്ങൾക്ക് ഹംപിയോട്  വിട  പറയാൻ സമയമായി. ഹംപിയിൽ ഇനിയുമേറെ സ്ഥലങ്ങൾ കാണാൻ ബാക്കിയുണ്ട്. എന്നാൽ സമയ പരിമിതി കാരണം മറ്റുള്ളവ അടുത്ത വരവിലേക്ക് ബാക്കി വച്ചുകൊണ്ട് ഞങ്ങൾ മടക്ക യാത്രക്ക് റെഡിയായി. ശരിക്കും പറഞ്ഞാൽ ഹംപിയിലെ വിശേഷങ്ങൾ കണ്ടാലും, പറഞ്ഞാലും തീരില്ല. അത്രക്കുണ്ട്. രണ്ടു ദിവസം കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്താനെ സാധിക്കുകയുള്ളൂ. കുറഞ്ഞത് ഒരാഴ്ചയെങ്കിലും കിട്ടിയാലേ ഹംപിയെ വിശദമായി അടുത്തറിയാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ ഹംപി ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള സ്ഥലമായതിനാൽ ഇവിടം സന്ദര്ശിക്കും മുന്നേ അത്യാവശ്യം കാണാൻ പോകുന്ന സ്ഥലങ്ങളുടെ ചരിത്രം ഒന്നറിഞ്ഞിട്ടു പോകുന്നത് വളരെ നന്നായിരിക്കും. അല്ലാത്തപക്ഷം കുറെ അമ്പലങ്ങളും, പൊളിഞ്ഞ കെട്ടിടങ്ങളും കണ്ട് ബോറടിച്ചു തിരിച്ചു പോരേണ്ടി വരും. അറിയാത്ത കാര്യങ്ങൾ ഗൂഗിൾ അമ്മായിയോട് ചോദിക്കാം. അതുമല്ലേൽ ഒരു ഗൈഡിനെ കൂടെ കൂട്ടുകയുമാവാം. ഇവിടുത്തെ ഓട്ടോ ഡ്രൈവർമാരും ഇക്കാര്യത്തിൽ നന്നായി ഉപകാരപ്പെടും.


കഴിഞ്ഞ രണ്ട് ദിവസം ശരിക്കും പറഞ്ഞാൽ മറ്റേതോ ലോകത്തു പോയതുപോലെയായിരുന്നു. പ്രൗഢമായ വിജയനഗര സാമ്രാജ്യം കൺമുന്നിൽ തെളിഞ്ഞു കണ്ടതുപോലെ. അക്കാലത്തെ വാസ്തുവിദ്യയും, കൊത്തുപണികളും, ശില്പചാരുതയും, നിർമ്മാണ വൈദഗ്ധ്യവും ശരിക്കും ആശ്ചര്യപ്പെടുത്തുന്നവയായിരുന്നു. ഇന്നത്തെക്കാലത്തുപോലും അത്തരത്തിലൊരു നഗരം കെട്ടിപ്പടുക്കുവാനൊക്കുമോ എന്ന് സംശയിച്ചാൽ കുറ്റം പറയാനൊക്കില്ല. അതെല്ലാമാണ് അധികാരത്തിനു വേണ്ടിയുള്ള വടം  വലിയിൽ ഒന്നുമല്ലാതെ ഇല്ലാണ്ടായത്. ഹംപി കത്തിയെരിഞ്ഞപ്പോൾ ഉള്ളുപിടഞ്ഞവർ ഒരുപാടുണ്ടായിരിക്കാം. ഇന്ന് ആ നഗരത്തെ നേരിൽക്കാണുമ്പോൾ നമ്മുടെയും ഉള്ളൊന്നുലയും. ഹംപി നശിപ്പിക്കപ്പെടാതെ പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. അത്രയ്ക്ക് മനോഹരമായ ഒരു നഗരത്തെ തച്ചുടക്കാൻ ഒരുമ്പിട്ടിറങ്ങിയവരെ അറിയാതെ ശപിച്ചുപോകും. ഇന്നും കാലാതീതമായി ഹംപി തലയുയർത്തി തന്നെ നിൽക്കുന്നു. ഇക്കഴിഞ്ഞ രണ്ടു ദിവസം ഹംപി ഞങ്ങൾക്ക് നൽകിയ അനുഭവങ്ങൾ മറക്കാനാവാത്തവയായിരുന്നു. ഒപ്പം കിരണിന്റെയും, അർച്ചന ഗസ്റ് ഹൌസിലേയും ആതിഥേയത്വം ഞങ്ങളെ ശരിക്കും മനസ്സ് നിറപ്പിച്ചിരുന്നു.

ഇനി മടക്ക യാത്രയാണ്. സമയം ഉച്ച കഴിഞ്ഞിരുന്നു. ഇന്നിനി നേരിട്ട് നാട്ടിലേക്ക് യാത്ര ചെയ്താൽ നാളെ പുലർച്ചയെ അങ്ങെത്തൂ രാത്രി വണ്ടി ഓടിക്കേണ്ടി വരും. അതുകൊണ്ട്, ഇന്ന് രാത്രി വഴിയിൽ എവിടേലും തങ്ങാം എന്ന് വിചാരിച്ചു. പോകുന്ന വഴിയിലെ ഒരു പ്രധാന സിറ്റി ഹാസനാണ്. എന്നാൽ ഇന്നത്തെ രാത്രി ഇവിടെത്തന്നെയാകട്ടെ. ഹംപിയിൽ നിന്ന് അൾട്രോസ് ഹാസൻ ലക്ഷ്യമാക്കി യാത്ര തുടങ്ങി. 


ഹാസനിൽ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ


- തുടരും -