Friday, April 5, 2019

ഒരു വീടുണ്ടാക്കിയ കഥ – How to design and build a budget home on your own?

Dream home


ആമുഖം

വീടുപണി എന്നത് നമ്മൾ മലയാളികളെ സംബന്ധിച്ചു ജീവിതത്തിലെ ഒരു പ്രധാന ഏടാണ്. അപ്പുറത്തെ വീട്ടിനേക്കാളും ഒരു ഇഞ്ചെങ്കിലും തന്റെ വീട് ഉയർന്നു നിൽക്കണം എന്ന് ഏതൊരു ശരാശരി മലയാളിയും പുറത്തു കാണിച്ചില്ലെങ്കിലും , മനസ്സിലെങ്കിലും ആഗ്രഹിക്കാറുണ്ട്. വീടിനെ ഒരു സ്വകാര്യ അഹങ്കാരമായി കരുതുന്നവരാണ് നമ്മളിൽ പലരും. അതിനായി നെട്ടോട്ടമോടുകയും ഇല്ലാത്ത കാശ് മുടക്കി നെടുങ്കൻ വീടുകൾ ഉണ്ടാക്കിയിടുകയും ചെയ്യുന്നു. എന്നാൽ ഇത്തരം അമിത ആഗ്രഹങ്ങളും , ആരംഭ ശൂരത്തമായി മാത്രം ഒതുങ്ങിയേക്കാവുന്ന ആഡംബര അലങ്കാരപ്പണികളും മാറ്റി നിർത്തിയാൽ ഏതൊരാൾക്കും തങ്ങളുടെ ആവശ്യങ്ങൾക്കുതകുന്ന ചെലവ് കുറഞ്ഞ വാസ സ്ഥലങ്ങൾ ഒരുക്കിയെടുക്കാൻ സാധിക്കും. അതിനു കൃത്യമായ പ്ലാനിങ്ങും , സ്വന്തം ആവശ്യങ്ങളെ വ്യക്തമായി മനസ്സിലാക്കാനുള്ള കഴിവും മാത്രം മതി.  ഒരു തവണ വീട് പണിതു തീരുമ്പോഴായിരിക്കും നമുക്ക് ചില കാര്യങ്ങൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു , അതുമല്ലെങ്കിൽ ഇതിങ്ങനെ ചെയ്യേണ്ടിയിരുന്നില്ല , വേറൊരു രീതിയിൽ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നൊക്കെ തോന്നി തുടങ്ങുന്നത്. എന്നാൽ രണ്ടാമതൊരു തവണ വീട് പണിയുന്നവർ വളരെ ചുരുക്കമായതിനാൽ ഇത്തരം തിരിച്ചറിവുകളും , പാഠങ്ങളും ഉപകരിക്കപ്പെടാതെ പോകുന്നു. 

ഇങ്ങനെയൊരു ബ്ലോഗ് പോസ്റ്റ് എഴുതുന്നതിന്റെ കാരണവും അത് തന്നെയാണ്. വീട്ടുപണിയിൽ ഞാൻ പഠിച്ച പാഠങ്ങളും,ചെയ്ത തെറ്റുകളും, മെച്ചപ്പെടുത്തലുകളും ഇവിടെ കുറിച്ചിടുന്നു. ബഡ്ജറ്റ് കുറക്കാൻ ചെയ്ത മാർഗങ്ങളും പ്രതിപാദിക്കുന്നുണ്ട്.  ഇത് പുതിയ  വീടുപണിയാൻ തുടങ്ങുന്ന ആർക്കെങ്കിലും ഉപകാരപ്പെടുകയാണെങ്കിൽ സന്തോഷം. വീട്ടുപണിഞ്ഞ അനുഭവത്തിന്റെ മാത്രം വെളിച്ചത്തിൽ എഴുതുന്നതാണ് , അതിനാൽ തന്നെ ഇതൊരു എക്സ്പേർട് അഡ്വൈസ് ആയിട്ടൊന്നും കണക്കാക്കരുത്.



ഫ്‌ളാഷ്ബാക്ക്

ചോര്‍ന്നൊലിക്കുന്ന ഒരോലപ്പുരയിൽ, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ഓരോ ഇടവപ്പാതിയും , കൊല്ലവർഷവും വീട്ടിനുള്ളിലേക്ക് തുള്ളിക്കൊരുകുടം കണക്കിന് വെള്ളം കോരിയൊഴിച്ചു കൊണ്ട് കടന്നുപോയപ്പോൾ,  സ്‌കൂൾ പുസ്തകങ്ങൾ മഴയത്തു നനയാതിരിക്കാൻ പ്ലാസ്റ്റിക് ചാക്കിൽ കെട്ടി  സൂക്ഷിക്കേണ്ടി വന്നു.  മഴക്ക് കൂട്ടായെത്തുന്ന കാറ്റ് പഴയ സാരിത്തുമ്പ് വലിച്ചു കെട്ടിയ ജനാലയുടെ വിടവിലൂടെ ഒളിച്ചു കടന്ന്, മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനെ വീണ്ടും വീണ്ടും കെടുത്തുന്നതിൽ ഹരം കണ്ടെത്തി. 
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വീട്ടില്‍ വൈദ്യുതി കണക്ഷന്‍ എടുക്കുവാന്‍ സാധിച്ചിരുന്നില്ല. 

“വൈദ്യുതി വകുപ്പ് മന്ത്രിക്ക് ഒരു നിവേദനം കൊടുത്തു നോക്കൂ, ചിലപ്പോ സഹായിച്ചേക്കും” - എന്ന് ആരോ പറഞ്ഞു. 

അങ്ങനെ പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ മാര്‍ക്ക് ലിസ്റ്റ് സഹിതം അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. AK ബാലന് ഒരു കത്ത് അയച്ചു. വീട്ടില്‍ വൈദുതി എത്തിച്ചു  തരാന്‍ എന്തെങ്കിലും സഹായം ചെയ്യണം എന്നു അഭ്യര്‍ഥിച്ചു കൊണ്ടു. മിക്കവാറും എന്‍റെ നിവേദനം മന്ത്രി മന്ദിരത്തിലെ ഏതെങ്കിലും ചവറ്റു കുട്ടയില്‍ സ്ഥാനം പിടിക്കാനേ പോകുന്നുള്ളൂ എന്നു ഞാന്‍ കരുതി. പക്ഷെ ഒരു മാസത്തിനകം തന്നെ ¬-ഉചിതമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടു ബാലുശ്ശേരി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് വന്ന മന്ത്രിയുടെ ഓര്‍ഡര്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വീട്ടില്‍ വൈദ്യുതി കണക്ഷനും ലഭിച്ചു. ഉച്ചഭാഷിണിക്കു മുന്നില്‍ വാചാലരാകുകയും എന്നാല്‍ സഹായത്തിനായി ചെന്നാല്‍ കൈ മലര്‍ത്തുകയും ചെയ്യുന്നവരാണ് രാഷ്ട്രീയക്കാര്‍ എന്ന എന്റെ മിഥ്യാ ധാരണ അങ്ങനെ പൊളിച്ചെഴുതപ്പെട്ടു. 

അടച്ചുറപ്പുള്ള ഒരു വീട് നൽകുന്ന സുരക്ഷിതത്വം അന്നേ കൊതിച്ചതാണ്. വർഷങ്ങളായി അത് മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു. അന്ന് കണ്ട സ്വപ്നം, എന്റെ സ്വന്തം വീട് എന്ന സ്വപ്നം ഇന്ന് യാഥാർഥ്യമായിരിക്കുകയാണ്. 

ആദ്യ ജോലി കിട്ടി ഹൈദരാബാദിൽ ചെന്നെത്തിയപ്പോഴാണ് വീടെന്ന സ്വപ്നത്തിനു ചിറകുകൾ വെക്കാൻ തുടങ്ങിയത്. രണ്ടു മുറിയുള്ള ഒരു നില വീട് , അതായിരുന്നു മനസ്സിൽ. പിന്നീട് ISRO-യിൽ ജോലി കിട്ടി ബാംഗ്ലൂർക്ക് 
വണ്ടി കയറി. കൈയിൽ അൽപ്പം കാശ് വന്നുകേറിയപ്പോൾ നാട്ടിൽ റോഡ് സൈഡിൽ കുറച്ചു സ്ഥലം വാങ്ങിച്ചു. കിണറും കുഴിച്ചു. അടുത്ത വര്ഷം തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ കിട്ടി. അതോടൊപ്പം തന്നെ ഒരു നില വീട് എന്ന പ്ലാൻ രണ്ടു നിലയിലേക്ക് വളർന്ന് പന്തലിച്ചു.



പാഠം ഒന്ന് : വീടുപണി എങ്ങനെ ബഡ്ജറ്റ് ഫ്രണ്ട്‌ലിയാക്കാം

ലോൺ എടുത്തു വീട് നിര്മിക്കുന്നതിനാൽ തന്നെ വീട്ടിലെ സൗകര്യങ്ങൾ എന്തൊക്കെ വേണം എന്നതിനേക്കാൾ കൂടുതൽ എങ്ങനെ വീടിന്റെ ബഡ്ജറ്റ് കുറക്കാം എന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവൻ. അവസാന ഘട്ടം വരെ ഒരു നില വീട് മതി എന്നതായിരുന്നു തീരുമാനം. എന്നാൽ ഭാവിയിൽ വന്നേക്കാവുന്ന ആവശ്യങ്ങൾ മുന്നിൽ കണ്ട്, രണ്ടു നില വീട് എന്നതിലേക്ക് തീരുമാനം മാറ്റി. പലപ്പോഴും താൽക്കാലിക സാമ്പത്തിക ലാഭം മുന്നിൽ കണ്ടുകൊണ്ടു സൗകര്യങ്ങൾ കുറച്ചു വീട് നിർമിക്കുകയും, എന്നാൽ പിന്നീട് ആവശ്യങ്ങൾ കൂടുമ്പോൾ പുതിയൊരു വീട് വെക്കുന്നത്രയും പണം മുടക്കി പഴയ വീട് പുതുക്കി പണിയുകയും ചെയ്ത ഒരുപാട് പേരെ നേരത്തെ കണ്ടിട്ടുള്ളതിനാൽ ഈ തീരുമാനം ഇപ്പോൾ നന്നായി എന്ന് തോന്നുന്നു. 

നമ്മുടെ സാമ്പത്തിക സ്ഥിതിയും , അതിനനുസരിച്ചുള്ള ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കിയാൽ ഒരു പരിധി വരെ വീട്ടുപണിയിൽ ബഡ്ജറ്റ് കുറക്കാൻ സാധിക്കും.  വീടിനു മോടി കൂട്ടാൻ നമ്മൾ ചെയ്യുന്ന പല അലങ്കാരപ്പണികളും തുടക്കത്തിലെ ഒരു എക്സൈറ്റ്മെന്റ്  മാത്രമേ തരുകയുള്ളൂ , പിന്നീട് വളരെ വിരസമായിരിക്കും. അത്തരം കാര്യങ്ങൾ പ്ലാനിങ് ഫേസിൽ തന്നെ കണ്ട് പിടിച്ചു ദൂരെ മാറ്റി നിർത്തണം. ഇതും ബഡ്ജറ്റ് പിടിച്ചു കെട്ടാൻ സഹായിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീടിന്റെ മൊത്തം ബഡ്ജറ്റിന്റെ സിംഹഭാഗവും ചിലവാക്കുന്നത് പ്ലാസ്റ്ററിങ് കഴിഞ്ഞുള്ള പ്രവർത്തികൾക്കാണ്. പ്രത്യേകിച്ചും പ്ലംബിങ് , വയറിങ്, പെയിന്റിങ് , ഇന്റീരിയർ മുതലായവയ്ക്ക്. എന്റെ കാര്യത്തിൽ പകുതി തുകക്ക് തന്നെ പ്ലാസ്റ്ററിങ് വരെയുള്ള കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിച്ചു , ഇതിന്റെ ആത്മവിശ്വാസത്തിൽ മറ്റു ചിലവുകളും അനായാസം  കുറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ബഡ്ജറ്റ് കൈവിട്ടു പോകാതിരിക്കാൻ കഠിന പ്രയത്നം തന്നെ വേണ്ടി വന്നു. പ്ലാൻ ചെയ്ത പല കാര്യങ്ങളും അവസാനഘട്ടത്തിൽ വെട്ടിച്ചുരുക്കേണ്ടി വന്നു.



പ്ലാനിങ് & ഡിസൈൻ  

വീടുപണിയുടെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലരും കാര്യമായ പ്രാധാന്യം കൊടുക്കാത്തതുമായ ഒരു ഘട്ടമാണിത്. പ്ലാനിങ് എന്നത് വീടിന്റെ പ്ലാനും , എലിവേഷനും വരക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച്  വീടുപണിയുടെ  A - Z  കാര്യങ്ങൾ മുന്നിൽ കാണേണ്ടത് പ്ലാനിങ് സമയത്താണ്. പ്രത്യേകിച്ചും ഒരു ബഡ്ജറ്റ് ഹോം പണിയുമ്പോൾ.
ആദ്യമായിട്ട് വേണ്ടത് വീടിനകത്തു ആവശ്യമുള്ള കാര്യങ്ങൾ എന്തെല്ലാമെന്ന് തീരുമാനിക്കലാണ്. അത് നമ്മുടെ ബഡ്ജറ്റും , കുടുംബാംഗങ്ങളുടെ എണ്ണവും , ഓരോരുത്തർക്കും ഉള്ള സ്പെസിഫിക് റിക്വയർമെൻറ്സും,  ഭാവിയിലേക്ക് മുൻകൂട്ടി കാണുന്ന ആവശ്യങ്ങൾക്കും അനുസരിച്ച് പലർക്കും പല രീതിയിൽ പ്ലാൻ ചെയ്യാം. വീട്ടിലെ മുറികളുടെ എണ്ണം, ഏരിയ, അവയുടെ സ്ഥാനം മുതലായവ  ഈയവസരത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ ചർച്ച ചെയ്തു തീരുമാനമെടുക്കാം. ഇങ്ങനെ ഉരുത്തിരിഞ്ഞു വന്ന  ആവശ്യങ്ങളെ ലിസ്റ്റ് ചെയ്യുകയാണ്  ഞാൻ ആദ്യം ചെയ്തത്. പിന്നീട് ഈ ലിസ്റ്റിനെ ആവശ്യങ്ങളുടെ പ്രാധാന്യമനുസരിച്ച് പലതായി തരം തിരിച്ചു. നിർബന്ധമായും ആവശ്യമുള്ളവ, പിന്നത്തേക്ക് മാറ്റി വെക്കാവുന്നവ, ഒട്ടും പ്രാധാന്യമില്ലാത്തവ എന്നിങ്ങനെ. ഇതിൽ നിന്നും ചില അപ്രധാന ആവശ്യങ്ങളെ വെട്ടി മാറ്റി ലിസ്റ്റ് ചെറുതാക്കി. ബഡ്ജറ്റ് കട്ടിങ്ങിന്റെ ഒന്നാമത്തെ സ്റ്റെപ്പായിരുന്നു അത്. 

അങ്ങനെ ഫൈനലൈസ് ചെയ്ത ആവശ്യങ്ങൾ വച്ചുകൊണ്ടു വീടിന്റെ ഒരു പ്ലാൻ വരക്കലാണ് ഞാൻ രണ്ടാമത് ചെയ്തത്. അച്ഛൻ ഒരു കൺസ്ട്രക്ഷൻ വർക്കർ ആയതിനാൽ അളവുകൾക്കും  മറ്റു ടെക്നിക്കൽ ഡീറ്റെയിൽസിനും അച്ഛന്റെ സഹായമുണ്ടായിരുന്നു.  മാത്രവുമല്ല പണിക്കാർക്കായി അലഞ്ഞു തിരിയേണ്ട ആവശ്യവും വന്നിട്ടില്ല. ഫൌണ്ടേഷൻ മുതൽ ഫിനിഷിങ് വരെ  എല്ലാത്തിനും അച്ഛന്റെ സുഹൃത്തുക്കളും, പരിചയക്കാരും ഉണ്ടായിരുന്നു. ആ ഒരു ധൈര്യമാണ്  സ്വന്തമായി വീട് ഡിസൈൻ ചെയ്തു നിർമ്മിക്കാം എന്ന തീരുമാനത്തിലേക്കെത്തിച്ചത്. പ്ലാൻ വരക്കാനായി ഓൺലൈനിൽ ലഭ്യമായ ഡ്രോയിങ് സോഫ്ട്വെയറുകൾ ഉപയോഗപ്പെടുത്തി. കൂടാതെ ഓട്ടോ -കാഡ്  ചെറുതായി പഠിക്കുകയും ചെയ്തു. വീടിന്റെ പ്ലാൻ വരക്കൽ മുതൽ വീട്, പണി പൂർത്തിയായാൽ എങ്ങനെയിരിക്കും എന്ന് വിഷ്വലൈസ് ചെയ്യാൻ വരെയുള്ള ടൂളുകൾ ഓൺലൈനിൽ ലഭ്യമാണ്. കൂടാതെ ഫർണീച്ചറുകളുടെയും, മറ്റു സാധനങ്ങളുടെയും സ്ഥാനം നിർണയിക്കാൻ വരെ ഇത്തരം ടൂളുകൾ ഉപയോഗപ്പെടുത്താം. പഞ്ചായത്തിൽ പെർമിഷൻ എടുക്കാനുള്ള ഡ്രോയിങ് മാത്രം ഒരു ആർക്കിടെക്ടിനെ കൊണ്ട് വരപ്പിച്ചു. അങ്ങനെ വീടിന്റെ ഡിസൈൻ സ്വന്തമായി ചെയ്തതിനാൽ ആർക്കിടെക്ടിനു കൊടുക്കേണ്ട കാശ് ലാഭിച്ചു. ഇത് കൂടാതെ ഇലക്ട്രിക്കൽ പോയിന്റുകൾ , പെയിന്റിംഗ് സ്കീംസ് , ഇന്റീരിയൽ ആൻഡ് എക്സ്റ്റീരിയർ ഡിസൈൻ  എല്ലാം ആദ്യമേ തീരുമാനിച്ചു. ഈ പ്ലാനുകളിൽ യാതൊരുവിധ  മാറ്റങ്ങളും ഇനി വരുത്തുകയില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.  വീടുപണി തുടങ്ങി പാതിവഴിയിൽ എത്തുമ്പോഴായിരിക്കും സുഹൃത്തുക്കളും, ബന്ധുക്കളുമടക്കം പലരും പല അഭിപ്രായങ്ങളുമായി  നമ്മെ കാണാൻ വരുന്നത്. ഇത്തരം അഭിപ്രായങ്ങൾ നമ്മുടെ പ്ലാൻ പലപ്പോഴും മാറ്റി മറിക്കും . ഇതൊക്കെ വീണ്ടും ബജറ്റ് കൂട്ടും എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ടാണ് അത്തരമൊരു തീരുമാനം ആദ്യമേ എടുത്തത്. 

പിന്നെ മറ്റൊരു കാര്യം പറയാൻ മറന്നു. അത് വാസ്തുവിനെ കുറിച്ചാണ്. വീട്ടിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും കിട്ടണം എന്നതിൽ കൂടുതൽ വാസ്തുവിൽ വിശ്വാസം ഇല്ലാതിരുന്നിട്ടും, വാസ്തു പ്രകാരം തന്നെയാണ് വീട് പണിതിരിക്കുന്നത്. ഭാവിയിൽ വീട് വിൽക്കേണ്ടി വന്നാലോ എന്നാലോചിച്ചിട്ടാണ് ഇങ്ങനെ ചെയ്തത്. അത്തരമൊരു ഘട്ടം വന്നാൽ വാസ്തു പ്രകാരമല്ലാതെ വീട് നിർമിച്ചാൽ അത് വീടിന്റെ ഡിമാന്റ് കുറച്ചേക്കാം. 
പിന്നെ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം. വീടുപണിയുടെ ഓരോ ഘട്ടവും കൃത്യമായി റെക്കോർഡ് ചെയ്തു വെക്കുക എന്നതാണ്. ഒരു 200 പേജ് നോട്ടുബുക്ക് വാങ്ങേണ്ട കാര്യമേ ഉള്ളൂ. ഓരോ ദിവസത്തെയും കാര്യങ്ങൾ അന്നന്നു തന്നെ രേഖപ്പെടുത്തി വച്ചു. ഓരോ ദിവസവും  ചിലവാകുന്ന  തുകയും , ജോലിക്കാരുടെ എണ്ണവും , കൊടുത്ത കൂലിയും, മെറ്റീരിയൽ ചാർജസ്സും എല്ലാം എഴുതി വച്ചു. ഓരോ സ്റ്റേജിലും ചെലവാക്കേണ്ട മാക്സിമം തുക ആദ്യമേ തീരുമാനിച്ചു.  ബഡ്‌ജറ്റ്‌ കൃത്യമായി ട്രാക്ക് ചെയ്യാനും, പലതുള്ളി പെരുവെള്ളം എന്ന രീതിയിൽ വീടുപണിയുടെ ഓരോ ചെറിയ സ്റ്റേജിലും ചെലവ് കുറക്കാനും ഈ രീതി സഹായകമായി. 



ഹോം ലോൺ

ഒരു വീട് വെക്കാനുള്ള കാശ് സമ്പാദിച്ചിട്ട് പണി തുടങ്ങാം എന്ന് വിചാരിച്ചാൽ റിട്ടയർമെന്റ് പ്രായമായാലും വീടുപണി എങ്ങുമെത്തണമെന്നില്ല. അതുകൊണ്ടാണ് പലരും ഹോം ലോണിലേക്ക് തിരിയുന്നത്. പിന്നെ തിരിച്ചടവ് തുകയിൽ ഇൻകം ടാക്സ് ആനുകൂല്യങ്ങൾ കിട്ടുമെന്നത് മറ്റൊരു പ്ലസ് പോയിന്റുമാണ്. തിരിച്ചടവിനുള്ള സാവകാശവും , നാണയപ്പെരുപ്പവും കണക്കിലെടുത്താൽ കിട്ടാവുന്നതിൽ മാക്സിമം കാലയളവിലേക്ക് ലോൺ എടുക്കുക എന്നതാണ് എന്റെയൊരു അഡ്വൈസ്. മറിച്ചുള്ള അഭിപ്രായക്കാരും ഉണ്ട്.  തിരിച്ചടവ് കാലാവധി കൂടിയാൽ തിരിച്ചടക്കേണ്ട തുകയും കൂടും എന്നത് സ്വാഭാവികം. എന്നാൽ ഇന്ന് നമ്മൾ ഓരോ മാസവും അടക്കുന്ന തിരിച്ചടവ് തുക ഒരു 10 -20 വർഷങ്ങൾ കഴിഞ്ഞാൽ നമുക്ക് വെറും പോക്കറ്റ് മണി പോലെയെ ഉണ്ടാവൂ എന്ന കാര്യം മറക്കണ്ട. അത് മാത്രവുമല്ല കൂടിയ ദൈർഖ്യത്തിൽ ലോൺ എടുത്താലും കൈയിൽ കാശ് വന്നാൽ പെട്ടന്ന് ക്ലോസ്സ് ചെയ്യാവുന്നതാണ്. പല ബാങ്കുകൾക്കും ലോക്കിൻ പിരീഡ് കഴിഞ്ഞാൽ  പ്രീ -ക്ലോഷർ ചാർജ്ജസ് ഒന്നും തന്നെയില്ല. ഹോം ലോണിന് ഹാജരാക്കേണ്ട പ്രമാണങ്ങൾ എന്തൊക്കെയാണെന്ന് അതതു ബാങ്കുകളിൽ അന്വേഷിച്ചാൽ മനസ്സിലാകും. ഹോം ലോണിനോടൊപ്പം തന്നെ ലോൺ പ്രൊട്ടക്ടർ ഇൻഷുറൻസുകളും ലഭ്യമാണ്. ഇത് വഴി ഹോം ലോൺ എടുത്ത ആൾക്കോ വീടിനോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ തുടർന്നുള്ള തിരിച്ചടവ് ഇൻഷുറൻസ് കമ്പനി ഏറ്റെടുക്കുന്നതാണ്. എന്നാൽ ഹോം ലോണിനോടൊപ്പം ഇൻഷുറൻസ് എടുക്കണം എന്നത് നിർബന്ധമല്ല. അത് നിങ്ങളുടെ താൽപ്പര്യത്തിന് തീരുമാനിക്കാവുന്നതാണ്. ഇൻഷുറൻസ് തുകക്കും ഇൻകംടാക്സ് ആനുകൂല്യങ്ങൾ ലഭിക്കും. ലോൺ അപ്പ്രൂവ് ആയതിനു ശേഷം വീടുപണിയുടെ ഓരോ ഘട്ടത്തിലുമാണ് തുക വിതരണം ചെയ്യുന്നത്. മുഴുവൻ തുകയും ഒരുമിച്ചു ചില ബാങ്കുകൾ ലഭ്യമാക്കുമെങ്കിലും ഘട്ടം ഘട്ടമായി വാങ്ങിക്കുന്നതാണ് ഉത്തമം. അതാകുമ്പോൾ വാങ്ങിച്ച തുകക്ക് മാത്രം പലിശ കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ ഘട്ടത്തിലും വാങ്ങിക്കേണ്ട തുക കൃത്യമായി പ്ലാൻ ചെയ്യേണ്ടതാണ്. അടുത്ത ഘട്ടം പൂർത്തിയാക്കാൻ പണം തികയാത്ത അവസ്ഥ വരരുത്. ബാങ്കുകൾ ലോൺ തിരിച്ചടവിനു അവധി (Moratorium period ) അനുവദിക്കാറുണ്ട്. സാധാരണായായി ഇത് വീടിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെയോ , അതുമല്ലെങ്കിൽ ഒരു നിശ്ചിത കാലയളവ് വരെയോ ആയിരിക്കും. ഇക്കാലയളവിൽ വാങ്ങിച്ച തുകയുടെ പലിശ മാത്രം തിരിച്ചടച്ചാൽ മതിയാകും (Pre -EMI).

ഫൌണ്ടേഷൻ



ചെങ്കൽപ്രദേശമായതിനാൽ ഫൌണ്ടേഷൻ പണിയാൻ പൈലിങ്ങിന്റെയോ, ബെൽറ്റ് വാർക്കേണ്ടതോ ആയ ആവശ്യം വന്നില്ല. കരിങ്കല്ല് കൊണ്ടാണ് ഫൌണ്ടേഷൻ പണിതത്. കിണറു കുഴിക്കുമ്പോൾ പൊട്ടിച്ചെടുത്ത പാറക്കഷണങ്ങൾ മാത്രമാണ് ഇതിനു ഉപയോഗിച്ചത്. വീടിന്റെ ചുറ്റുമതിലിന്റെ ഒരു വശം പണിയാനും ഇതുപയോഗിച്ചു. അങ്ങനെ വലിയൊരളവിൽ കോസ്റ്റ് കട്ടിങ് ഇവിടെ സാധ്യമായി. ഫൌണ്ടേഷൻ തുടങ്ങുന്നതിനു മുൻപായി പഞ്ചായത്ത് /മുനിസിപ്പാലിറ്റി / കോർപറേഷനിൽ നിന്ന് ബിൽഡിംഗ് പെർമിറ്റ്  വാങ്ങേണ്ടതാണ്.  അംഗീകൃത ആർക്കിടെക്റ്റോ അല്ലെങ്കിൽ എൻജിനീയറോ വഴിയാണ് ഇതിനു അപേക്ഷിക്കേണ്ടത്. ബിൽഡിങ് പെർമിറ്റ് ലഭ്യമായാൽ KSEB-യിൽ  ടെമ്പററി ഇലെക്ട്രിസിറ്റി കണക്ഷന് വേണ്ടി അപേക്ഷിക്കാം. വീടുപണിക്കാവശ്യമായ ഇലെക്ട്രിസിറ്റിക്ക് വേണ്ടിയാണിത്. 

ചുമര്



ചുമര് കെട്ടാനായി ചെങ്കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. പൊതുവെ മലബാറിലെ വീടുപണിക്ക് കൂടുതലായി ഉപയോഗിക്കുന്നത് ചെങ്കല്ലാണ്. എന്നാൽ തെക്കൻ കേരളത്തിൽ ഇഷ്ടികയാണ് കൂടുതൽ കണ്ടു വരുന്നത്. ചെങ്കല്ല് കണ്ണൂരിലെ ശ്രീകണ്ഠപുരത്തു നിന്ന് നേരിട്ട് എത്തിച്ചതിനാൽ നാട്ടിൽ നിന്ന് വാങ്ങിക്കുന്നതിലും കുറഞ്ഞ റേറ്റിന് കിട്ടി. ഒരു കല്ലിന് ട്രാൻസ്‌പോർട്ടേഷൻ അടക്കം 45 രൂപയാണ് ചെലവായത്. ചുമര് കെട്ടുന്ന ജോലിയും,  പ്ലാസ്റ്ററിങ്ങും കോൺട്രാക്ട് കൊടുക്കുകയാണ് ചെയ്തത്.

മേൽക്കൂര 



ഫ്ലാറ്റ് റൂഫിന് ചരിഞ്ഞ മേൽക്കൂരയെ അപേക്ഷിച്ച് നിർമ്മാണ ചിലവ് കുറവാണ്. അത് മാത്രവുമല്ല ഫ്ലാറ്റ് റൂഫ്  ആയാൽ ഭാവിയിൽ മുകൾ നിലയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ ആവശ്യമെങ്കിൽ  അതും ചെയ്യാനും സാധിക്കും. ഇതെല്ലം കണക്കിലെടുത്ത് മിനിമലിസ്റ്റിക് ശൈലിയിൽ ഫ്ലാറ്റ് ആയിട്ടാണ് റൂഫ് പണിതിരിക്കുന്നത്. കോൺക്രീറ്റിനുള്ള സിമന്റ്, കമ്പനി ഗോഡൗണിൽ നിന്ന് നേരിട്ട് സൈറ്റിൽ എത്തിച്ചത് കാരണം മാർക്കറ്റ് റേറ്റിലും കുറഞ്ഞ നിരക്കിൽ സിമന്റ് ലഭ്യമായി. അച്ഛൻ ഒരു കൺസ്ട്രക്ഷൻ വർക്കർ ആണെന്ന് പറഞ്ഞിരുന്നുവല്ലോ, അച്ഛന്റെ കൂട്ടുകാർ തന്നെയാണ് വീടിന്റെ കോൺക്രീറ്റും ചെയ്തത്. അതും ചെലവ് കുറക്കാൻ സഹായകരമായിട്ടുണ്ട്. ബാൽക്കണിയുടെ റൂഫിൽ പർഗോളകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തപ്പോൾ തന്നെ കൺസീൽഡ് LED ലൈറ്റുകൾക്കുള്ള ഇലക്ട്രിക്ക് പോയിന്റുകളും ബോക്‌സും ഇട്ടു വച്ചിരുന്നു. അങ്ങനെ ഫാൾസ് സീലിംഗ് ഇല്ലാതെ തന്നെ സീലിംഗ് ലൈറ്റ്‌സ് ഫിറ്റ് ചെയ്യാൻ സാധിച്ചു.

പ്ലമ്പിങ് , വയറിങ്



നിർമ്മാണ പ്രവർത്തിയിൽ ബഡ്ജറ്റിൽ ഒരു വലിയഭാഗം കയ്യാളുന്നതാണ് പ്ലംബിങ്ങും, വയറിങ്ങും. എന്നാൽ ഇതിൽ കോസ്റ്റ് കട്ടിങ്ങിനെക്കാൾ കൂടുതൽ ക്വാളിറ്റിയിലാണ് ശ്രദ്ധിക്കേണ്ടത്. ചുമരിനു വെളിയിൽ വരുന്ന സാധനങ്ങളെല്ലാം തന്നെ നമുക്ക് ആവശ്യമെങ്കിൽ റീപ്ലേസ് ചെയ്യാൻ സാധിക്കും , എന്നാൽ വയറിങ്ങും , പ്ലംബിങ്ങും ഒരിക്കൽ ചെയ്തു കഴിഞ്ഞാൽ അത് അഴിച്ചു പണിയുക എന്നത് വളരെ ഭാരിച്ചതാണ്. അതുകൊണ്ടു കുറച്ചു കാശ് കൂടിയാലും , നല്ല ക്വാളിറ്റിയുള്ള മെറ്റീരിയൽസ് എടുക്കാൻ ശ്രദ്ധിക്കുക. നേരത്തെ പറഞ്ഞത് പോലെ പ്ലംബിംഗ് ആൻഡ് വയറിങ് പോയന്റുകൾ എല്ലാം തന്നെ ആദ്യമേ ആലോചിച്ചുറപ്പിക്കേണ്ടതാണ്. ഭാവിയിലുള്ള ഒരു റീവർക്ക് ഒഴിവാക്കാനാണിത്. രണ്ടു റൂമുകളിലാണ് അറ്റാച്ചഡ് ബാത്റൂമുകൾ നൽകിയിട്ടുള്ളത്. ബാത്റൂമിനെ വെറ്റ് / ഡ്രൈ ഏരിയകളായി തിരിച്ചാണ് സാനിറ്ററി ഐറ്റംസ് പ്ലേസ് ചെയ്തിട്ടുള്ളത്. കൺസീൽഡ് ക്ലോസെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരു നിലകളിലുമുള്ള ബാത്റൂമുകൾ വീടിന്റെ ഒരേ ഭാഗത്തു വരുന്നതിനാൽ, പ്ലംബിംഗ് ലൈനുകളുടെ ദൈർഘ്യം കുറക്കാൻ സഹായകമായി. രണ്ടു ബാത്റൂമുകളിലേക്കായി ഒരു ഹീറ്റർ യൂണിറ്റ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. മുകളിലെ നിലയിൽ സ്ഥാപിച്ച ഹീറ്ററിൽ നിന്ന് , താഴത്തെ ബാത്റൂമിലേക്ക് ഹോട്ട് ലൈനുകൾ ഇട്ടിട്ടുണ്ട്. രണ്ടു ബാത്റൂമിൽ നിന്നും ഓൺ ചെയ്യാവുന്ന രീതിയിലാണ് ഹീറ്റർ പവർ സ്വിച്ച് ക്രമീകരിച്ചിട്ടുള്ളത്. CCTV , ഫാൾസ് സീലിംഗ്/ഇന്റീരിയർ,  വർക്സ് മുതലായവ ഉടൻ തന്നെ ചെയ്യാൻ പ്ലാൻ ഇല്ലെങ്കിൽപ്പോലും അതിനുള്ള വയറിങ് പോയിന്റുകൾ നേരത്തെ തന്നെ ചെയ്ത് വെക്കുന്നതാണ് നല്ലതു. കിണർ റീചാർജിനുള്ള പൈപ്പുകളും നേരത്തെ തന്നെ ഇട്ടു വച്ചു.



പ്ലാസ്റ്ററിങ്



മിനിമലിസ്റ്റിക് ഡിസൈൻ ആയതിനാൽ പ്ലാസ്റ്ററിങ്ങിന് മെറ്റീരിയൽ കോസ്റ്റ് കുറവായിരുന്നു. നിർമ്മാണ സമയവും കുറഞ്ഞു. ഇത്തവണയും സിമന്‍റ്, കമ്പനി ഗോഡൗണിൽ നിന്ന് നേരിട്ട് ഇറക്കുകയാണ് ചെയ്തത്. പുട്ടി ഇടാൻ പ്ലാൻ ചെയ്യുന്ന ചുമരുകളിൽ പ്രതലം മിനുസപ്പെടുത്താതെ , പരുക്കനാക്കി ഇടുന്നതാണ് നല്ലത്. 

ഫ്ലോറിങ് 



വിട്രിഫൈഡ് ടയിലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. എളുപ്പം ലഭ്യമാകുന്ന, എന്നാൽ എലഗന്റ് ലുക്ക് നൽകുന്ന ഐവറി കളറാണ് തിരഞ്ഞെടുത്തത്. അടുക്കളയിൽ മാറ്റ് ഫിനിഷുള്ള ടയിലുകളാണ് ഉചിതം. സ്ഥിരമായി വെള്ളം നനയുന്ന അടുക്കള ഫ്ലോറിൽ  സ്ലിപ് ആകുന്നതു ഒരു പരിധിവരെ ഇതുവഴി തടയാം.  ഓപ്പൺ ടെറസിലും മാറ്റ് ഫിനിഷ് ടയിലുകൾ ഉപയോഗിച്ചു. സ്റ്റെയറിനു ബ്ളാക്ക് ഫുൾ ബോഡി ടയിൽ ഉപയോഗിച്ചു. ബാക്കി വരുന്ന ടയിലുകൾ പൊട്ടലും , പോറലും ഇല്ലെങ്കിൽ മിക്ക ഷോപ്പുകളും തിരിച്ചെടുക്കാറുണ്ട്. ഭാവിയിൽ വല്ല റീപ്ലേസ്‌മെന്റ് ആവശ്യം വന്നാൽ, നമ്മൾ ഉപയോഗിച്ച ഡിസൈനിലുള്ള ടൈൽ മിക്കപ്പോഴും വീണ്ടും ലഭിച്ചെന്നു വന്നേക്കില്ല. അതുകൊണ്ട് ഓരോ ഡിസൈനിലുമുള്ള  രണ്ടോ - മൂന്നോ പീസ് ടൈലുകൾ നമ്മുടെ കൈയിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം.

പെയിന്റിങ് 


ഓഫ് വൈറ്റ് , ഗ്രേ എന്നീ രണ്ടു നിറങ്ങൾ മാത്രമേ പെയിന്റിങ്ങിനു ഉപയോഗിച്ചിട്ടുള്ളൂ. പാരപ്പെറ്റിനും ഷേഡിനുമാണ് ഗ്രേ കൂടുതലായി ഉപയോഗിച്ചത്. മറ്റിടങ്ങളെല്ലാം ഓഫ് വൈറ്റ് ആണ്. കൂടുതൽ നിറങ്ങൾ ഉപയോഗിക്കുന്നത് ചിലവ് കൂട്ടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ആവശ്യമുള്ളിടങ്ങളിൽ മാത്രമേ പുട്ടി ഇട്ടുള്ളൂ. 


ജനലും വാതിലും 



വീടുനിർമ്മാണത്തിനു മരത്തിന്റെ ഉപയോഗം പരമാവധി കുറക്കുക എന്നത് തുടക്കം മുതലേ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കഴിയാവുന്നിടത്തോളം മരത്തിനു പകരം ഇതര മാർഗങ്ങൾ അവലംബിച്ചു. ജനലിന്റെയും വാതിലിന്റെയും കട്ടിള സ്‌ക്വയർ GI പൈപ്പുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇരുമ്പു പൈപ്പുകൾ മൊത്തത്തിൽ വാങ്ങിച്ചു വീട്ടിൽത്തന്നെ വെൽഡ് ചെയ്താണുണ്ടാക്കി.  അലുമിനിയവും ഗ്ലാസ്സും ഉപയോഗിച്ചാണ് ജനൽപ്പാളികകൾ നിർമ്മിച്ചത്. വാതിലുകൾക്കായി മോൾഡഡ് പാനൽ ഡോറുകൾ വാങ്ങിച്ചു. മരം വാങ്ങുന്നവകയിൽ ഒരു നല്ല തുക അങ്ങനെ കയ്യിൽത്തന്നെ ഇരുന്നു. പരമാവധി ക്രോസ്‌ വെന്റിലേഷൻ ലഭിക്കുന്ന രീതിയിലാണ് ജനലും വാതിലും നൽകിയിട്ടുള്ളത്. ഹാളിലെ ചൂടുവായു പുറത്തുപോകാനായി സ്റ്റെയറിനു മുകളിലുള്ള ജനലിന്റെ ഒരു ഭാഗത്തു ജനൽപ്പാളി നൽകാതെ പകരം വീതികുറഞ്ഞ GI പൈപ്പുകൾ ആവശ്യത്തിന് വിടവിട്ടു ചരിച്ചു വെൽഡ് ചെയ്തു..

ഇന്റീരിയർ



മോഡുലാർ കിച്ചൻ ചെയ്യണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ അവസാനമാകുമ്പോഴേക്കും ബഡ്ജറ്റ് ബാക്കിയുണ്ടാകുമോ എന്നായിരുന്നു സംശയം, ബഡ്ജറ്റ് ചെറുതായിട്ട് കൈവിട്ടു പോയെങ്കിലും ഇന്റീരിയർ വർക്കുകൾ ചെയ്യാനുള്ള ഫണ്ട് ബാക്കിയുണ്ടായിരുന്നു. മറൈൻ പ്ലൈയും, മൈക്കയും ആണ് കിച്ചണിൽ യൂസ് ചെയ്തത്. നാനോ വൈറ്റ് നൽകാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും മെറ്റീരിയൽ കോസ്റ്റ് കൂടുതൽ ആയതിനാൽ ഗ്രാനൈറ്റ് ആണ് കിച്ചൻ ടോപ്പ് ആയി യൂസ് ചെയ്തത്.
ബെഡ് റൂമുകളിലെ കട്ടിൽ, വാർഡ്രോബ്, ഡ്രസിങ് ടേബിൾ എന്നിവ  മറൈൻ പ്ലൈയും, വിനീറും ഉപയോഗിച്ചാണ് നിർമ്മിച്ചത്. കട്ടിലിനുള്ളിൽ സ്റ്റോറേജ് സ്‌പേസ് നൽകി.  
പ്ലൈ ഉപയോഗിച്ചുണ്ടാക്കിയ വാഷ് കൗണ്ടറുകളിൽ ഗ്രാനൈറ്റ് ടോപ്പിംഗ് ആണ് നൽകിയത്.

ടീവി വാൾ, ഷോകേസ് മുതലായവയും മറൈൻ പ്ലൈ ഉപയോഗിച്ചാണ് ചെയ്തത്.
സ്റ്റെയർകേസിന്റ്റെ ഹാൻഡ്റെയിലിനു സ്‌ക്വയർ സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചു. ബാൽക്കണിയിലെ പർഗോള കവർ ചെയ്യാൻ ഗ്ലാസിന് പകരം കളേർഡ് പോളികാർബണേറ്റ് ഉപയോഗിച്ചത് ബഡ്ജറ്റ് സേവ് ചെയ്തു.
ഇലക്ട്രിക്ക് ഫിറ്റിങ്ങുകളും , വീട്ടുപകരണങ്ങളും മിക്കതും ഓൺലൈനിൽ ആണ് വാങ്ങിച്ചത്. പല പ്രോഡക്റ്റുകളും വില കമ്പയർ ചെയ്തും, ഓഫറുകൾ വരുമ്പോഴും വാങ്ങിക്കാൻ ഇത് മൂലം സാധിച്ചു.



എക്സ്റ്റീരിയർ

റെഡിമേഡ് കോൺക്രീറ്റ് ഷട്ടറുകൾ ഉപയോഗിച്ചാണ് ഒരു ഭാഗത്തെ  കോമ്പൗണ്ട് വാൾ ചെയ്തിരിക്കുന്നത്. മറു ഭാഗത്തു കിണറു കുഴിച്ചപ്പോൾ കിട്ടിയ കരിങ്കല്ലും ഉപയോഗിച്ചു. മുൻവശത്തെ മതിലിനു ചെങ്കല്ല് ഉപയോഗിച്ചു. ഗേറ്റ് GI സ്‌ക്വയർ പൈപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ചു.
സിമന്റ് ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച് കാർ പോർച്ചും വീടിന്റെ ചുറ്റുഭാഗവും ചെയ്തു. മുറ്റത്തു കല്ല് പാകാൻ നിന്നില്ല. മഴവെള്ളത്തെ മണ്ണിലേക്കിറങ്ങാൻ വിട്ടു.
നിർമ്മാണം ഈ സ്റ്റേജിൽ എത്തിയപ്പോഴേക്കും വീട്ടുനമ്പർ കിട്ടാനുള്ള അപേക്ഷ പഞ്ചായത്തിൽ കൊടുത്തു. നമ്പർ കിട്ടിയ ഉടനെ തന്നെ പെര്മനെന്റ് ഇലെക്ട്രിസിറ്റി കണക്ഷനും അപേക്ഷിച്ചു


ഉപസംഹാരം

അങ്ങനെ ജീവിതത്തിൽ ആകെ കണ്ട ഒരു സ്വപ്നം പൂർത്തിയായിരുന്നു.  എന്റെ സ്വന്തം വീടെന്ന സ്വപ്നം. അതും സ്വന്തമായി ഡിസൈൻ ചെയ്തു നിർമ്മിക്കാൻ സാധിച്ചു എന്നത് ഇരട്ടി മധുരം തരുന്നു.   ഇനിയുള്ള സ്വപ്നങ്ങൾ ഇവിടെ നിന്ന് തുടങ്ങുന്നു.

Monday, January 28, 2019

മഞ്ഞു തേടി മാഞ്ചോലയിലേക്ക്





"അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനം സഞ്ചരിച്ചു കൊണ്ടിരുന്നു. നഗര ഹൃദയത്തെ പിന്നിട്ട് അത് ഗ്രാമീണതയുടെ ബിംബങ്ങൾ പേറുന്ന മലയോര പാതയിലേക്ക് കടന്നു. തകർന്നടിഞ്ഞ ഏതോ പൗരാണിക നഗരത്തിന്റെ അവശിഷ്ടങ്ങൾപോലെ റോഡിൽ അങ്ങിങ്ങായി കുഴിയെടുത്തിട്ടിരിക്കുന്നു. ഞങ്ങളുടെ ഡ്രൈവർ അൽപ്പം അക്ഷമനാണെന്നു തോന്നുന്നു. അയാൾ  ഗട്ടറും , ഹമ്പും വക വെക്കാതെ വാഹനം പറപ്പിച്ചു, 'വേഗവും , ഭയങ്കരവും' എന്ന ലോകപ്രശസ്ത ആംഗലേയ സിനിമയിലെ നായകനെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ"

"എന്തുവാടെയ് ഇത്?!,  ഇയാളാര് സന്തോഷ് ജോർജ് കുളങ്ങരയോ?, ഓവറാക്കണ്ട സിമ്പിൾ ആയിട്ടങ്ങു പറഞ്ഞാ മതി "

"പുവർ ഗ്രാമവാസി റീഡേഴ്സ് , എന്റെ എഴുത്തിന്റെ  സ്റ്റാൻഡേർഡിലേക്ക് അവർക്കെന്തേ ഉയരാൻ കഴിയുന്നില്ല ?,  ബുക്കർ പ്രൈസിനുള്ള  അപ്ലിക്കേഷൻ ഉടൻ കൊടുക്കണം. എന്തായാലും പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു തരാം"

അപ്പൊ പറഞ്ഞു വരുന്നത് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ തിരുവനന്തപുരം സഞ്ചാരിയുടെ മാഞ്ചോല / മണിമുത്താർ യാത്രയെ കുറിച്ചാണ്. തുടക്കത്തിൽ മാഞ്ചോല ഹിൽസിലേക്കായിരുന്നു യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ടൈഗർ ബ്രീഡിങ് സീസൺ ആയതിനാൽ അവിടേക്ക് എൻട്രി പെർമിഷൻ കിട്ടിയില്ല. ഉടൻതന്നെ ട്രിപ്പ് അതിനടുത്തുള്ള മണിമുത്താറിലും , സമീപ പ്രദേശങ്ങളിലേക്കുമായി റീ റൂട്ട് ചെയ്തു. തിരുനെൽവേലിക്കടുത്ത് , അംബാസമുദ്രം താലൂക്കിലാണ് മണിമുത്താർ സ്ഥിതി ചെയ്യുന്നത്.
ഡ്രൈവർ വിജേഷേട്ടൻ എന്നെ കഴക്കൂട്ടത്തെ നിന്ന് പിക്ക് ചെയ്തു. പതിവുപോലെ എല്ലാവരും 'കൃത്യനിഷ്ഠ' പാലിച്ചതിനാൽ, വിചാരിച്ചതിലും ഒരു മണിക്കൂർ വൈകി ഏഴുമണിയോടെ തിരുവനന്തപുരം കാവടിയാറിൽ നിന്ന് യാത്ര തുടങ്ങി. കുട്ടികളടക്കം മൊത്തം 26 പേരുണ്ടായിരുന്നു. പാലോട് മഹാറാണിയിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. തെന്മല വഴി , പതിമൂന്നു കണ്ണറ പാലവും പിന്നിട്ടു തെങ്കാശി റൂട്ടിൽ ഞങ്ങളുടെ വണ്ടി മുന്നോട്ടു നീങ്ങി. പോകും വഴി ചെങ്കോട്ട-തിരുമല കുമാരസ്വാമി ടെംപിളിൽ കയറാൻ മറന്നില്ല. വണ്ടിയിൽ ഡാൻസും , പാട്ടുമായി സമയം പോയതേ അറിഞ്ഞില്ല. പഴയ കോളേജ് ടൂർ ഓർമകളിലേക്ക് അതെന്നെ കൊണ്ടെത്തിച്ചു. 
ഒരു മണിയോടെ കുട്രാലം എത്തി. ബ്രിന്ദാവൻ ഹോട്ടലിൽ നിന്ന് വയറു നിറയെ ബിരിയാണിയും കഴിച്ചു, നേരെ വെള്ളച്ചാട്ടത്തിലേക്ക് വണ്ടി വിട്ടു. സീൻ ശോകമാണ് , പേരിനു പോലും വെള്ളമില്ല. അതിനാൽ വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോലും നിന്നില്ല. ടിക്കറ്റു കാശ് തമിഴ്‌നാട് ടൂറിസത്തിനു സംഭാവന ചെയ്തു ഞങ്ങൾ വണ്ടി തിരിച്ചു. വെള്ളച്ചാട്ടത്തിൽ വെള്ളമില്ലാത്തതും, വരുന്നവഴി ടയറു പഞ്ചറായതും രാവിലെ ആദ്യമായി വണ്ടിയിൽ വലതുകാലെടുത്തു വച്ച മിമിയുടെ തലയിൽ വച്ചു കെട്ടിയപ്പോ ഒരു റിലാക്സേഷൻ  തോന്നി. വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന മറ്റു വാഹനങ്ങളെ ഉപദേശിച്ചു തിരിച്ചു വിട്ടുകൊണ്ട് ഞങൾ നാടിനു മാതൃകയായി. നാടിന്റെ യുവത്വം മാറ്റത്തിന്റെ പാതയിൽ. 
വൈകിട്ട് നാലുമണിയോട് കൂടി മണിമുത്താറിൽ എത്തി. RK Villa യിലാണ് താമസം ഒരുക്കിയിരിക്കുന്നത്. നീണ്ടു പരന്നു കിടക്കുന്നൊരു മാവിൻതോപ്പിനു നടുവിലാണ് ഞങ്ങളുടെ കോട്ടേജ്. അതിനപ്പുറം കാടാണ്. കോട്ടേജിന്റെ അതിരുകളിൽ ഇലക്ട്രിക്ക് ഫെൻസിങ് നൽകിയിട്ടുണ്ട്.  കാട്ടുമൃഗങ്ങൾ ഉള്ളിൽ കയറാതിരിക്കാനാണ്. അതിനു ചുറ്റും മിക്ക സമയങ്ങളിലും മയിലുകൾ കറങ്ങി നടക്കുന്നത് കാണാം. രാത്രിയിൽ മ്ലാവിനെയും കാണാൻ പറ്റി. പന്നികളുമുണ്ട് കുറച്ചേറെ. രാത്രിയായാൽ ചീവീടുകളുടെ കരച്ചിലല്ലാതെ മറ്റൊന്നും കേൾക്കാനില്ല. നഗരത്തിരക്കുകളിൽ നിന്ന് ഒളിച്ചോടാൻ പറ്റിയൊരിടം. 
SKJ നായർ എന്ന റിട്ടയേർഡ് മലയാളി എയർഫോഴ്സ് വിങ് കമാൻഡറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഒരു കൊമ്പൻ മീശയുമായി ടെന്റിൽ നിന്നിറങ്ങി വന്ന SKJ നായരെ നോക്കി ഒന്ന് ചിരിച്ചു എന്നല്ലാതെ , അങ്ങോട്ട് പോയി ഒന്നും മിണ്ടാൻ നിന്നില്ല. പട്ടാളകഥകളുടെ ഭാണ്ഡമെങ്ങാനും അറിയാതെ തുറന്നു പോയാലോ . അത് പേടിച്ചിട്ടാ. പക്ഷെ കോട്ടേജിലെ സഹായിയായ അനിൽ ചേട്ടൻ SKJ യുടെ വീര കഥകൾ നിർത്താതെ പറയുന്നുണ്ടായിരുന്നു. എല്ലാം  വെറും തള്ളുമാത്രമാകും എന്ന് വിചാരിച്ചു. പക്ഷെ ടൂറുകഴിഞ്ഞു വരുമ്പോൾ ഇദ്ദേഹത്തെപ്പറ്റി ഒന്നും ഗൂഗിൾ ചെയ്തു നോക്കി. അപ്പോഴാണ് അനിൽ ചേട്ടൻ പറഞ്ഞതിൽ അതിശയോക്തി ഒട്ടും തന്നെയില്ലായിരുന്നു എന്ന് മനസ്സിലായത്. ഇന്ത്യൻ എയർഫോഴ്സിൽ ആയിരക്കണക്കിന് കിലോമീറ്റര് ഫ്ലയിങ് റെക്കോർഡുള്ള ഒരു ഫൈറ്റർ പൈലറ്റ് ആയിരുന്നു Mr. നായർ. ഇപ്പോൾ നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷന്റെ (NAF) ഡയറക്ടർ ആണ്. 1986-88 കാലയളവിൽ ഇറാഖിൽ സദാം ഹുസൈന്റെ വ്യോമ സേനയെ പരിശീലിപ്പിക്കാൻ ഇന്ത്യയിൽ നിന്നയച്ച ചുരുക്കം ചില പൈലറ്റുമാരിൽ ഒരാളായിരുന്നു. 73 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് കോട്ടേജിനടുത്തായി ഒരു എയർ സ്ട്രിപ്പ് ഉണ്ട്. ഈ പ്രായത്തിലും SKJ അവിടെ വിമാനം പറത്തുകയും , പരിശീലനം നൽകുകയും ചെയ്യുന്നു. മൈക്രോ ലൈറ്സും, പവേർഡ് ഗ്ലൈഡേഴ്സും അടങ്ങിയ ആറോളം ചെറു വിമാനങ്ങൾ ഇവിടെ ഗ്യാരേജിൽ ഉണ്ട്. സ്വയം വിമാനം നിർമിച്ചു പറത്തിച്ച സജി തോമസിന്റെ ജീവിതത്തെ തിരശീലയിൽ കാണിച്ച  'വിമാനം' എന്ന ചലച്ചിത്രത്തിന് വേണ്ടി പൃഥ്വിരാജിന് ഫ്ലയിങ് ട്രെയിനിങ് കൊടുത്തത് ഇദ്ദേഹമായിരുന്നു എന്ന കാര്യം ഞാൻ ആശ്ചര്യത്തോട് കൂടിയാണ് വായിച്ചത്. ഇത്രയും യുണീക് ആയിട്ടുള്ളൊരു മനുഷ്യനെ പരിചയപ്പെടാതെ പോന്നതിൽ എനിക്കിപ്പോഴും കുറ്റബോധം തോന്നുന്നു.
വൈകുന്നേരത്തെ സമയംകൊല്ലലുകൾക്ക്  ശേഷം എല്ലാവരും രാത്രിയോടെ കോട്ടേജിന്റെ മുറ്റത്തു ക്യാമ്പ് ഫയർ ഒരുക്കി ഒത്തു കൂടി. 505 ദിവസത്തെ റോഡ് ട്രിപ്പ് കഴിഞ്ഞു തിരിച്ചെത്തിയ പ്രശോഭേട്ടനെ ആദരിച്ചു. പുതിയ സഞ്ചാരികളെ പരിചയപ്പെട്ടു. അതിനു ശേഷം വയറു നിറച്ചു ഭക്ഷണം കഴിച്ചു. ആകാശം നന്നായി തെളിഞ്ഞിരിക്കുന്നു. പ്രകാശ മലിനീകരണം ഒട്ടും തന്നെയില്ല. സ്‌കൈ ഫോട്ടോഗ്രാഫിക്ക് പറ്റും. ട്രൈപോഡ് എടുക്കാത്തതിൽ ഞാൻ പശ്ചാത്തപിച്ചു. യാത്രാ ക്ഷീണം നല്ലവണ്ണമുണ്ട്. നാളെ നേരത്തെ എണീറ്റ് കാഴ്ച കാണാനിറങ്ങാനുള്ളതാ. അതുകൊണ്ടു ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാൻ പോയി. കട്ടിലിൽ കിടന്നതേ ഓർമ്മയുള്ളു.

സമയം നട്ടപ്പാതിരയായിക്കാനും , എന്തോ ഒരു നിലവിളി ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. എന്താണ് മനസ്സിലായില്ല. ദൈവമേ ഇനി വല്ല കരടിയോ , കാട്ടുപോത്തോ മറ്റോ വഴി മാറി വന്നതാണോ ? ദേ വീണ്ടും ആ ശബ്ദം , ഭാഗ്യം ഹട്ടിൽ അടുത്ത ബെഡിൽ കിടന്ന അരുൺ ചേട്ടൻ ഉറക്കത്തിൽ സംസാരിച്ചതാണ്. വെറുതെ പേടിച്ചു. ഞാൻ തിരിഞ്ഞു കിടന്നു. പുറത്ത് മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു. 
രാവിലെ അഞ്ചു മണിക്കേ എഴുന്നേറ്റ് കുളിച്ചു കുട്ടപ്പനായി. വെളിച്ചം വീണപ്പോൾ പുറത്തിറങ്ങി നടന്നു. രെൻജിഷ് ബ്രോയും, അസ്‌ബറ ടീച്ചറും, ശിഫ ചേച്ചിയും കൂടെ വന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവരും എത്തി. കൂടെ ഗൈഡ് അനന്തുവും. കോട്ടേജിനു ചുറ്റുമുള്ള പാടത്തിലൂടെയും , പറമ്പിലൂടെയും അനന്തു ഞങ്ങളെ കൊണ്ട് പോയി. ബേർഡ് വാച്ച് ആണ് ലക്‌ഷ്യം. നിരാശപ്പെടേണ്ടി വന്നില്ല. കണ്ടതും കാണാത്തതുമായ ഒരുപാടിനം പക്ഷികൾ. ചുറ്റും കരിമ്പനകളും, പാടങ്ങളും നിറഞ്ഞ പ്രകൃതിഭംഗിയും. 
നടന്നു നടന്നു മണിമുത്താർ ഡാമിലെത്തി. ക്യാമറക്കു വിശ്രമിക്കാൻ അവസരം കൊടുത്തില്ല. ഇവിടെ തിരിഞ്ഞാലും മനോഹരമായ ഫ്രയിമുകൾ മാത്രം. അങ്ങനെ നാലു മണിക്കൂർ നീണ്ട നടത്തം അവസാനിപ്പിച്ചു ഞങ്ങൾ കോട്ടേജിലേക്ക് തിരിച്ചു. നല്ല ചൂട് ബ്രേക്ക്ഫാസ്റ്റ്  റെഡിയായിരുന്നു.
ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങാൻ ബാഗ് പാക്ക് ചെയ്തു. ഉച്ചയോടെ RK വില്ലയോട് വിട പറഞ്ഞു. പോകുന്നതിനു മുൻപായി ചെറു വിമാനങ്ങളുടെ കൂടെ കുറച്ചു ഫോട്ടോയെടുത്തു.

മടക്കയാത്രയിൽ മണിമുത്താർ വെള്ളച്ചാട്ടത്തിൽ പോയി. ചിലർ കുളിച്ചു. വെള്ളത്തിൽ ഇറങ്ങില്ലാന്ന് സുമതിക്കുട്ടിക്ക് വാക്കു കൊടുത്തതിനാൽ ഞാൻ ഇറങ്ങിയില്ല. സമയം രണ്ടു കഴിഞ്ഞിരുന്നു. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് തുടങ്ങിയിട്ടുണ്ട്. അൽപ്പസമയത്തിനകം മടങ്ങി. ഇനി നേരെ തിരുവനന്തപുരത്തേക്ക്. ഉച്ചഭക്ഷണം വൈകുന്നേരത്തേക്ക് വഴി മാറി. വരുന്ന വഴിയിൽ നല്ല പൊറോട്ടയും , ഓംലറ്റും കഴിച്ചു. രാത്രി ഒൻപതു മണിയോടെ കവടിയാറെത്തി. ഇനി വിട പറയലിന്റെ സമയമാണ്. രണ്ടു ദിവസത്തെ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഈ യാത്ര ഇവിടെ അവസാനിക്കുന്നു. വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ എല്ലാവരും വഴി പിരിഞ്ഞു.
വാൽക്കഷ്ണം : സിമ്പിൾ ആയിട്ട് എഴുതാൻ പറഞ്ഞതിനാൽ എന്റെ കഴിവുകൾ മുഴുവനായി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല , വായനക്കാർ ക്ഷമിച്ചാലും ;)

Wednesday, October 3, 2018

Youth Resilience Towards DAY-ZERO



"ഹൌ മെനി കിലോമീറ്റെർസ് ഫ്രം വാഷിംഗ്‌ടൺ ഡീസി ടു മിയാമി ബീച്ച് "
"അയാം ദി ആൻസർ ,.. "
"നിക്ക് നിക്ക് , വാഷിംഗ്‌ടൺ ഡീസിയും , മിയാമി ബീച്ചും അബടെ നിക്കട്ടെ, ഇന്ത്യൻറെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് ഹൌ മെനി കിലോമീറ്റെര്സ് എന്ന് അനക്കറിയോ ?"

"അത്പ്പോ ?"

"അറിഞ്ഞൂടാല്ലേ ! ന്നാ ഞാമ്പറഞ്ഞ്  തരാം. ഒരു മുവ്വായിരം കിലോമീറ്ററിന്റെ മോളില് വരും "
"എന്റമ്മോ.!!"
" എന്തേയ് കേട്ടപ്പോ ഒരന്ധാളിപ്പ്? ന്നാ ഒന്നൂടെ കേട്ടോ , ഇദ്ദൂരം മൊത്തം മ്മളെ രണ്ട് ചങ്ങായിമാര് ട്രിപ്പടിക്കാൻ എറങ്ങുവാ"
"ഐലിപ്പെന്താ ഇത്ര കഥ , മ്മടെ സഞ്ചാരീലെ പിള്ളേരൊക്കെ കോഴിക്കോട്ടങ്ങാടീൽ പോകുമ്പോലല്ലേ ലഡാക്കും മണാലീം , ഹിമാലയോമൊക്കെ കേറിയെറങ്ങി നടക്കിന്നതു"
"ന്നാ ഇത് കഥ വേറാ , ഇവല് പോകുന്നത് ബുള്ളറ്റിലും , കാറിലും , ബസ്സിലും ഒന്നും അല്ല , സൈക്കിളിലാ, കാശ്മീർ കൂടാണ്ടു ഐനപ്പറം നേപ്പാളിലും  , ഭൂട്ടാനിലും ഈ പഹയമ്മാര് രണ്ടു ചക്രത്തിമ്മൽ പോക്ന്ന്ണ്ട്. എല്ലാം ആകെ മൊത്തം ടോട്ടല് ഒരു 8000 കിലോമീറ്റര് "
"പടച്ചോനെ ഇവമ്മാര്ക്കെന്താ വട്ട്ണ്ടോ ?"

അതെ ഇതൊരു പ്രത്യേക തരം വട്ടാണ് ഭായ് , കാടും മേടും , നാടും , നഗരവും കാണാനുള്ള വട്ട്. ഇന്ത്യയുടെ നാനാ വിധ സംസ്കാരങ്ങളിലൂടെയും, വൈവിധ്യങ്ങളിലൂടെയും യാത്ര ചെയ്യാനുള്ള അടങ്ങാത്ത വട്ട്. നാടിനെയും നാട്ടുകാരെയും അറിയാനുള്ള വട്ട്. ഒപ്പം സമൂഹത്തിലേക്ക് ഒരു സന്ദേശമെത്തിക്കാനുള്ള വട്ട്. ചില വട്ടൻമ്മാരിങ്ങനെയാണ്, അവരെയാണ് നമ്മൾ യഥാർത്ഥ സഞ്ചാരികളെന്നു വിളിക്കുന്നത്. ഈ  വട്ടിന് ഒരേയൊരു മരുന്നേയുള്ളൂ. Travel as much as you can. എന്നാലും ഈ വട്ട് കൂടിക്കൂടി വരികയെ ഉള്ളൂ.
അതെ ജിത്തുവും ടോണിയും ഒരു സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജല സംരക്ഷണ സന്ദേശവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരു യാത്ര പറ്റുമെങ്കിൽ നേപ്പാളും , ഭൂട്ടാനും കൂടി. അപ്പൊ എങ്ങനാ കൈകൊടുത്തു കൂടെ കൂട്ടുകയല്ലേ ?
🚴#K2K
#YouthResilienceTowardsDAY-ZERO

Tuesday, October 2, 2018

നീലക്കുറിഞ്ഞി പൂത്തപ്പോൾ


                        സമയം നട്ടപ്പാതിര മൂന്നര മണി. നല്ലപോലെ കിടന്നുറങ്ങിയ ഞാൻ അറിയാതൊന്നുണർന്നു. തിരുച്ചിറപ്പള്ളി 30 കിലോമീറ്റർ എന്ന  ബോർഡ് റോഡിലെ അരണ്ട വെളിച്ചത്തിലും ഞാൻ വ്യക്തമായി കണ്ടു. തിരിഞ്ഞു കിടന്നു പക്ഷെ ഉറക്കം വന്നില്ല. എന്തോ ഒരു പന്തികേട് പോലെ. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുന്നു. ചുറ്റിലും നോക്കി. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. വീണ്ടും അതെ ശബ്ദം ആവർത്തിക്കപ്പെടുന്നു. എന്തായിരിക്കുമത് ? ഞാൻ ചുറ്റിലും കാതോർത്തു... ദൈവമേ ..അത് ??!!

*********************************

നീലക്കുറിഞ്ഞി പൂത്തത് കാണണമെങ്കിൽ എന്ത്  ചെയ്യണം ? കൊച്ചിക്ക് ട്രെയിന് കേറണം അവിടുന്നങ്ങോട്ട് ബസ്സും. രാവിലെ മൂന്നാറിൽ എത്തുന്നു, കാണുന്നു, വൈകുന്നേരം തിരിക്കുന്നു. സോ സിമ്പിൾ ല്ലേ ? ഞാനും അത്രേ വിചാരിച്ചുള്ളൂ. പക്ഷെ എൻ്റെ കുറിഞ്ഞി കാണാനുള്ള യാത്ര പക്ഷെ  ഒട്ടനവധി ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. 

മാസങ്ങൾ  മുന്നേ തന്നെ ഇരവികുളത്തേക്കുള്ള എൻട്രി പാസ്സും, മുന്നാറിലേക്കുള്ള ബസ് ടിക്കറ്റും മുൻകൂട്ടി തന്നെ ബുക്ക് ചെയ്തിരുന്നു. അപ്പോഴാണ് ഒന്നാമത്തെ ട്വിസ്റ്റ് കടന്നു വരുന്നത്. ഉരുൾ പൊട്ടലും കനത്ത മഴയും കാരണം മൂന്നാറിലേക്കുള്ള ഗതാഗതം സ്തംഭിച്ചു, ട്രിപ്പ് മുടങ്ങി. പക്ഷെ ഭാഗ്യത്തിന് വിസിറ്റിംഗ് ഡേറ്റ് മാറ്റിക്കിട്ടി. അങ്ങനെ രണ്ടാമത്തെ തവണ പോകാനിരുന്നപ്പോഴാണ് രണ്ടാമത്തെ ട്വിസ്റ്റ്. കഷ്ടകാലം റോക്കറ്റും കേറി വന്നിരിക്കുന്നു.  ശ്രീഹരിക്കോട്ടയിലേക്കൊരു ഒഫീഷ്യൽ ടൂർ. അങ്ങനെ നീലക്കുറിഞ്ഞിയെ അടുത്ത സീസണിലേക്ക് വിട്ടുകൊണ്ട്  ഞാൻ  ശ്രീഹരിക്കോട്ടയ്ക്ക് വച്ച് പിടിച്ചു. പക്ഷെ വീണ്ടും പടച്ചോൻ കാ ബഹുത്  വലിയ കനിവ്. ശ്രീഹരിക്കോട്ടെലെ മ്മടെ പണി മൂന്നാർ പ്ലാനിന്റെ രണ്ടീസം മുന്നേ തന്നെ തീർന്നു. പിന്നെ ഒന്നും നോക്കാൻ നിന്നില്ല, ചെന്നെയിൽ നിന്ന് രാത്രി മൂന്നാറിലേക്ക് വണ്ടി കേറി. അപ്പൊ ദാ വരുന്നു കഥയിലെ മൂന്നാമത്തെ ട്വിസ്റ്റ്.

സമയം നട്ടപ്പാതിര മൂന്നര മണി. നല്ലപോലെ കിടന്നുറങ്ങിയ ഞാൻ അറിയാതൊന്നുണർന്നു. തിരുച്ചിറപ്പള്ളി 30 കിലോമീറ്റർ എന്ന  ബോർഡ് റോഡിലെ അരണ്ട വെളിച്ചത്തിലും ഞാൻ വ്യക്തമായി കണ്ടു. തിരിഞ്ഞു കിടന്നു പക്ഷെ ഉറക്കം വന്നില്ല. എന്തോ ഒരു പന്തികേട് പോലെ. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുന്നു. ചുറ്റിലും നോക്കി. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. വീണ്ടും അതെ ശബ്ദം ആവർത്തിക്കപ്പെടുന്നു. എന്തായിരിക്കുമത് ?? ദൈവമേ ..അത് ??!!

 അപ്പോഴാണ് ഞാനാ നഗ്ന സത്യം മസ്സിലാക്കിയത്. ശബ്ദം വേറെവിടുന്നുമല്ല എന്റെ വയറ്റിൽ നിന്ന് തന്നെയാണ്. കൂടെ വയറ്റിലാകെ ഒരു ഉരുണ്ടുകയറ്റവും. ഫുഡ് ഇൻഫെക്ഷൻ ആയോ എന്നൊരു സംശയം. ഇത് അത് തന്നെ, രാത്രി കഴിച്ച ഹൈദരാബാദ് ദം ബിരിയാണി പണി തന്നതാണ്. ശെടാ ആ ഹോട്ടലിനാണല്ലോ ഞാനിന്നലെ അടിപൊളി ഫുഡാണ്, മസ്റ്റ് ഈറ്റ് എന്നൊക്കെ പറഞ്ഞു റിവ്യൂ ഇട്ടതു. സോറി, റിവ്യൂ തിരിച്ചെടുത്തിരിക്കുന്നു.
ഞാൻ ബസ്സിന്റെ പുറകിൽ നിന്ന് മുന്നിലേക്കും തിരിച്ചും രണ്ടു മൂന്ന്‌ തവണ നടന്നു. വയറ്റിലെ അസ്വസ്ഥത കൂടിക്കൂടി വരുന്നു. ഉറങ്ങാനാണേൽ പറ്റുന്നുമില്ല. അവസാനം ഡ്രൈവർ ഉസ്താദിനെ ആവശ്യമറിയിച്ചു. ഉസ്താദ് ദക്ഷിണ വെക്കാനൊന്നും പറഞ്ഞില്ല. തിരുച്ചിറപ്പള്ളി ജംഗ്ഷനിലുള്ള അവരുടെ ഓഫീസിൽ ചേർത്തങ്ങട് നിർത്തി. അവിടെ ടോയ്ലറ്റും , റെസ്റ്റ്റൂമും ഉണ്ടായിരുന്നു. ഉസ്താദ് വണ്ടി വിട്ടു. ഞാൻ ഒരു രണ്ടു മണിക്കൂറോളം അവിടെ വിശ്രമിച്ചു. അവിടുത്തെ  സെക്യൂരിറ്റി സെൽവൻ ചേട്ടനെ പരിചയപ്പെട്ടു. ചേട്ടനാണ് അവിടുന്നു മൂന്നാറിലേക്കുള്ള റൂട്ട് പറഞ്ഞു തന്നത്. , പോരാത്തതിന് ബസ്സ്റ്റാൻഡ് വരെ വന്നു എന്നെ വണ്ടികയറ്റി വിട്ടിട്ടാണ്  സെൽവൻ ചേട്ടൻ തിരിച്ചു പോയത് . നല്ല സ്നേഹമുള്ള മനുഷ്യൻ. 

മൂന്നാറിലേക്ക് ഡയറക്റ്റ് വണ്ടി കിട്ടിയില്ല, അതുകൊണ്ടു തേനിയിലേക്കു കയറി. തണുത്ത കാറ്റ് അടിച്ചു കയറുന്നു , വെളിച്ചം ശരിക്കും വീണുതുടങ്ങിയിട്ടില്ല. നാല് മണിക്കൂറെടുത്തു തേനിയിലെത്താൻ. അവിടെ ഇറങ്ങി ബ്രേക്ഫാസ്റ് കഴിച്ചു. TNSRTC -യുടെ ബസ്സിൽ മൂന്നാറിലേക്ക്.
 ഉർവശി ശാപം ഉപകാരം എന്നല്ലേ., സത്യം , തിരുച്ചിറപ്പള്ളിയിൽ ഇറങ്ങേണ്ടി വന്നത് നന്നായെന്ന് ഇപ്പൊ തോന്നുന്നു. കാരണം തേനി മുതൽ മൂന്നാർ വരെയുള്ള റൂട്ട്അ തിശയിപ്പിക്കും വിധം മനോഹരമായിരുന്നു. പ്രത്യേകിച്ചും ബോധിമെട്ട് വരെയുള്ള ഭാഗം. വെളുത്തവര അതിർത്തിയിടുന്ന പാത , കുണ്ടും കുഴിയും പേരിനു പോലുമില്ല , രണ്ടു വശങ്ങളിലും വയലുകളും , പച്ചപ്പും. ഇത് തമിഴ്നാട് തന്നെയാണോ എന്ന് സംശയിച്ചുപോയാൽ കുറ്റം പറയാനൊക്കില്ല. പ്രത്യേകിച്ചും ബൈക്ക് യാത്രക്ക് പറ്റിയ ഇടം. രാത്രിയാത്ര ആയിരുന്നെകിൽ ഇതെല്ലം മിസ്സ് ചെയ്തേനെ. 

നാഷണൽ ഹൈവേ 85 ന്റെ ഭാഗമാണ് ഈ വഴി. ബോഡിനായ്ക്കന്നൂർ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു പോയാൽ കോട്ടഗുഡി റോഡ് ജംഗ്ഷൻ എത്തും, ഇവിടെനിന്ന് ഒരു വഴി കുരങ്ങാണി ട്രെക്കിങ്ങ് ക്യാംപിലേക്കും , മറ്റേ വഴി മുന്നാറിലേക്കും നീളുന്നു. മൂന്നാർ റൂട്ടിലെ ചുരം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ചുരം റോഡിന്റെ ഭംഗി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ വയനാട് ചുരമൊക്കെ തോറ്റുപോകും. ചുരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗമാണ് ബോഡിമെട്ട്. സഹ്യന്റെ ഒരു വശത്തുകൂടി ചുരം കയറി , മറ്റേ വശത്തുകൂടി മുന്നാറിലേക്കിറങ്ങുന്നു. ബോഡിമെട്ട് കഴിഞ്ഞല്പ്പനേരം കൂടി പോയാൽ കേരള ബോർഡറായി. പിന്നീടങ്ങോട്ടുള്ള കാഴ്ചകൾ കുറച്ചു പേടിപ്പെടുത്തുന്നതായിരുന്നു. നിരവധി പേരുടെ ജീവനെടുത്ത പ്രളയത്തിന്റെയും, ഉരുള്പൊട്ടലിന്റെയും ബാക്കി പത്രങ്ങൾ. ഇവിടുന്നു മൂന്നാർ വരെയുള്ള റോഡ് മൊത്തം തകർന്നു കിടക്കുകയാണ്. നിറയെ ട്രാഫിക് ബ്ലോക്കും.  മണ്ണിടിഞ്ഞ കുന്നുകളും , റോഡിലേക്കിറങ്ങിയ കൂറ്റൻ പാറക്കൂട്ടങ്ങളും കണ്ടാൽ തന്നെ അന്നത്തെ ദുരന്തത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷെ എല്ലായിടത്തും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്. നമ്മൾ അതിജീവിക്കും, കാരണം നമ്മൾ മലയാളികളാണ്. 

വൈകുന്നേരത്തോടെ തന്നെ മൂന്നാറിലെത്തി , ചെറുതായി മഴ പെയ്യുന്നുണ്ട്. നല്ല തണുപ്പും. റൂമിലേക്ക് നടന്നു. ഒരാൾ കൂടി വരാനുണ്ട്. വേറാരുമല്ല എന്റെ കസിൻ നന്ദു. അവനുമുണ്ട് ഇത്തവണ കൂടെ. കഴിഞ്ഞ തവണ തിരുവനന്തപുരം കറങ്ങാൻ വന്നപ്പോ ബ്രഷും , പേസ്റ്റും എന്തിനു ഒരു ജെട്ടി പോലും എടുക്കാതെ എത്തിയ ആളാ. അതുകൊണ്ടു ഇത്തവണ കൊണ്ട് വരേണ്ട ലിസ്റ്റ് മുഴുവൻ ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. അവൻ എത്തിയപ്പോഴേക്കും സമയം ഏഴു കഴിഞ്ഞു. ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാൻ കിടന്നു.

മൊബൈലിൽ അലാറം അടിക്കുന്നതിനു മുൻപേ തന്നെ എഴുന്നേറ്റു. കുളിച്ചു റെഡിയായി. ഹോട്ടൽ റിസപ്‌ഷനിൽ ചോദിച്ചു രാജമലക്ക് പോകേണ്ട വഴി മനസ്സിലാക്കി. പഴയ മൂന്നാർ , അതായത് ഇപ്പൊ KSRTC ബസ്സ്റ്റാൻഡ് നിൽക്കുന്ന സ്ഥലം, അവിടുന്നു ജീപ്പ് കിട്ടും. 25 രൂപയാണ് ഒരാൾക്ക് ചാർജ്.  കൂടാതെ, KSRTC -യുടെ സ്പെഷ്യൽ ബസ്സുമുണ്ട്. പണ്ടേ KSRTC ഒരു വീക്നെസ് ആയതിനാൽ അതിൽ തന്നെ കേറി. ഫ്രണ്ട് സീറ്റിൽ തന്നെ ഇരുന്നു. മൂവാറ്റുപുഴക്കാരൻ പ്രദീപൻ ചേട്ടനാണ് വണ്ടിയുടെ സാരഥി. ഒരു പത്തിരുപത്തഞ്ചു മിനിറ്റിൽ രാജമല എത്തി. എൻട്രി പാസ്സ് വെരിഫൈ ചെയ്യാൻ ക്യൂ നിന്ന്. പാസിന്റെ എഴുപതു ശതമാനവും ഓൺലൈൻ വഴിയാണ് കൊടുക്കുന്നത്. ബാക്കി കൗണ്ടറുകൾ വഴിയും. രാജമലയിൽ പാസ്സ് കൊടുക്കുന്നില്ല. ഓൾഡ് മുന്നാറിലെ കൗണ്ടറിൽ നിന്ന് തന്നെ വാങ്ങണം. അതിനു തന്നെ ഒടുക്കത്തെ തിക്കും തിരക്കുമാണ്. രാജമലയിൽ വന്നു പലരും പാസ്സ് കിട്ടാതെ വിഷമിച്ചു പോകുന്നത് കണ്ടു.

രാജമല ഇരവികുളം നാഷണൽ പാർക്കിന്റെ ബസ്സിലാണ് പിന്നീടങ്ങോട്ടുള്ള യാത്ര. പോകും വഴിയിൽ അങ്ങിങ്ങായി നീലക്കുറിഞ്ഞികൾ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത് കണ്ടു. ഏതോ സെലിബ്രറ്റിസിനെ പോലെ. ശരിയാണ് കൊല്ലം കൊറേ കഴിഞ്ഞാലല്ലേ  ഇവരെ ഇനി ഈ കോലത്തിൽ കാണാൻ കഴിയുകയുള്ളൂ. അപ്പൊ കുറച്ചു ജാഡ കാണിച്ചാലും കുഴപ്പമില്ല. Strobilanthes Kunthianus എന്നാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം. 12 വര്ഷത്തിലൊരിക്കലാണ് ഇവ പൂക്കുന്നത്. നമ്മുടെ മുളയെപ്പോലെ പൂവിട്ടാൽ നശിച്ചു പോകുന്ന Monocarpic plants എന്ന വിഭാഗത്തിൽ പെടുന്നവയാണ് കുറിഞ്ഞിയും. പൂവ് കരിഞ്ഞു അൽപ്പം കഴിയുമ്പോഴേക്കുതന്നെ നീലക്കുറിഞ്ഞി ചെടിയും നശിക്കുന്നു. ഇപ്പോഴത്തെ തലമുറയിലെ വിത്തുകളിൽ നിന്നാണ് അടുത്ത തലമുറ ചെടികൾ ഉണ്ടാകുന്നത്.

അൽപ്പ ദൂരം ബസ്സിൽ യാത്ര ചെയ്താൽ നമ്മൾ മലയുടെ മുകളിൽ എത്തും , അവിടെ കുറച്ചു ദൂരം നടക്കാനുണ്ട്. ദൂരെ അങ്ങിങ്ങായി വരയാടുകളെ കാണാമായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോ കുറേയെണ്ണത്തിനെ അരികിൽ കണ്ടതാ, പക്ഷെ ഇത്തവണ എല്ലാം ദൂരെയൊളിച്ചിരിക്കുന്നു. കിഴക്കാംതൂക്കായ പാറക്കുന്നിൽ നടന്നു കേറുന്ന വരയാടുകൾ ഒരദ്‌ഭുതം തന്നെയാണ്.

പാതയുടെ രണ്ടു വശങ്ങളിലും നീലകുറിഞ്ഞികൾ പൂത്തു നിൽക്കുന്നു, ഇതിൽ ചിലവ 8 വർഷത്തിൽ പൂക്കുന്നവയാണെന്നു അവിടുത്തെ ഗാർഡ് പറഞ്ഞു. സന്ദർശകർ നീലക്കുറിഞ്ഞി പറിക്കാതെ നോക്കുക എന്ന ശ്രമകരമായ ദൗത്യം കൂടി ഇത്തവണ ഇവർക്കുണ്ട്. ഇതിനിടയിൽ പൂ നുള്ളാൻ ശ്രമിച്ച ആൾക്ക് 2000 രൂപ ഫൈൻ എഴുതിക്കൊടുത്ത്‌ മാതൃകയായി വേറൊരു ഗാർഡ്. പഴയ സീസണിലെ ഫോട്ടോയും കണ്ട് കുറിഞ്ഞി കാണാൻ പോയാൽ നിരാശയായിരിക്കും ഫലം. കാരണം ഇത്തവണ വളരെ ചെറിയ അളവിലെ പൂത്തിട്ടുള്ളൂ, അതിൽ പലതും കരിഞ്ഞും തുടങ്ങി. കൊളുക്കുമലയിലും സ്ഥിതി ഇതുതന്നെയാണ്. ഇടക്ക് പെയ്ത കനത്ത മഴ കുറിഞ്ഞിക്കാലത്തെയാകെ ബാധിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ച രീതിയിലുള്ളൊരു പൂക്കാലം കാണാനൊത്തില്ല എങ്കിലും, വര്ഷങ്ങളായുള്ളൊരു ആഗ്രഹം സഫലീകരിച്ച നിർവൃതിയിൽ വെയിൽ കനക്കുംമുമ്പേ ഞങ്ങൾ കുന്നിറങ്ങി. ഇനി ഒരു ദ്വാദശാബ്ദത്തിനു ശേഷം വീണ്ടും കാണാം എന്ന് വാക്കു കൊടുത്തുകൊണ്ട് .

വാൽക്കഷ്ണം : ഇത്രയും വിപുലമായൊരു ടൂറിസ്റ്റു സീസണിൽ, സന്ദർശകരിൽ നിന്ന് വലിയൊരു തുക പ്രവേശന ഫീസായി വാങ്ങിയിട്ടും, ശുചിമുറികളും , വെയ്റ്റിംഗ് സ്ഥലങ്ങളും വൃത്തിരഹിതമായി സൂക്ഷിച്ചത് ശരിയായില്ല. പ്രത്യേകിച്ചും വിദേശികൾ ഉൾപ്പടെയുള്ളവർ വരുന്ന സ്ഥിതിക്ക്. പിന്നെ രാജമലയിലും ഓഫ്‌ലൈൻ ടിക്കറ്റിങ് കൗണ്ടറുകൾ തുടങ്ങാമായിരുന്നു . നിരവധി പേര് ഏറെദൂരം സഞ്ചരിച്ചു വന്നിട്ട് , ടിക്കറ്റു കിട്ടാതെ തിരിച്ചു പോയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റു വെരിഫിക്കേഷന് ഒരേയൊരു കൗണ്ടർ മാത്രമാണ് ഇപ്പോൾ ഉള്ളത് , അതിനു മുന്നിലാണെങ്കിലും വലിയ ക്യൂവും. കൗണ്ടറുകളുടെ എണ്ണം കൂട്ടിയാൽ നല്ലത്