Tuesday, September 26, 2017

സഞ്ചാരിയോടൊപ്പം കീരിപ്പാറയിലേക്ക്


                                               വെയിലും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് പത്തിരുപതു മിനിട്ടു കഴിഞ്ഞു ഇതുവരെ ഒരു കാക്കയെപ്പോലും കാണാൻ കിട്ടിയിട്ടില്ല. എന്തൊക്കെയായിരുന്നു. വേഴാമ്പലിനെ കാണാം... ഫോട്ടം പിടിക്കാം , അവസാനം ഒരുറുമ്പിനെ പോലും കാണാതെ തിരിച്ചു പോരേണ്ടി വരുമോ എന്റെ കളരി പരമ്പര ദൈവങ്ങളെ ?! പിന്നീട് അഞ്ചു മിനിറ്റും കൂടി നടന്ന് ട്രെക്കിങ്ങ് ഇവിടം വരെയേ ഉള്ളൂ എന്ന് ഗൈഡ് പറഞ്ഞപ്പോ സത്യത്തിൽ ചങ്കുതകർന്നു പോയി സൂർത്തുക്കളെ ..ചങ്കു തകർന്നു പോയി ..!

Keeripara falls


തിരുവനന്തപുരം സഞ്ചാരിയുടെ വാഴ്‌വാന്തോൾ ട്രിപ്പിന് പേരും രജിസ്റ്റർ ചെയ്തു, ദിവസവും എണ്ണി ദൃതങ്ക പുളകിതനായിരിക്കുമ്പോഴാണ് കാലം തെറ്റി വന്ന കനത്ത മഴ എട്ടിന്റെ പണി തന്നത്. മഴ കാരണം അങ്ങോട്ടുള്ള പ്രവേശനം നിർത്തി വച്ചെന്നും പകരം ട്രിപ്പ് കീരിപ്പാറക്കു പുനർ നിശ്ചയിച്ചെന്നുമുള്ള അഡ്മിന്റെ അറിയിപ്പ് വാഴ്‌വാന്തോളിനെ സ്വപ്നം കണ്ടിരുന്ന ഞാൻ ഒരു തെല്ലു വിഷമത്തോടെയാണ് വായിച്ചത്. കീരിപ്പാറയെ കുറിച്ച് ഗൂഗിൾ മാമനോട് ചോദിച്ചപ്പോൾ , പുളിക്കും വല്യ അറിവൊന്നുമില്ല. എങ്കിൽ പിന്നെ നേരിട്ട് തന്നെ കണ്ടറിയാം എന്നുറപ്പിച്ചു ഞാനും യാത്രക്ക് റെഡിയായി. കൂടെ സഹ പണിയാൻമ്മാരായ (Colleagues) അരുണും , ആനന്ദും , വിഷ്ണുവും വരാമെന്നു പറഞ്ഞിട്ടുണ്ട്. പിന്നെ കഴിഞ്ഞ മീശപ്പുലിമല ട്രിപ്പിൽ പരിചയപ്പെട്ട ബിപിൻ ചേട്ടനും.


അന്ന് പുലർച്ചെ നാലിന് എഴുന്നേറ്റു കുളിയും പാസ്സാക്കി (സത്യം എന്നെ വിശ്വസിക്കണം, വിശ്വാസം അതല്ലേ എല്ലാം ..!) അഞ്ചു മണിയോടെ വീട്ടിൽ നിന്നെറങ്ങി. മറ്റൊരു സഞ്ചാരിയായ സഹദിനെ ടെക്നോപാര്ക്കിനടുത്തു നിന്ന് പിക്ക് ചെയ്തു. ഇന്നലെ വരെ അന്യനായിരുന്ന ഒരാളെ കൂടി അങ്ങനെ സുഹൃത്തായി കിട്ടി. സ്റ്റാർട്ടിങ് പോയിന്റ് ആയ കവടിയാർ ലക്ഷ്യമാക്കി എന്റെ സ്‌കൂട്ടർ കുതിച്ചു (ചുമ്മാ ഒരോളത്തിനു തള്ളിയതാ .. ഒരു 40 -50 അതിനപ്പുറം പോയിട്ടില്ല ) കാവടിയാറിൽ വച്ച് മറ്റു സഹ യാത്രികരെ കണ്ടു മുട്ടുകയും , പുതിയ ആളുകളെ പരിചയപ്പെടുകയും ചെയ്തു. അങ്ങനെ സഞ്ചാരിയുടെ മറ്റൊരു യാത്ര ഇവിടെ തുടങ്ങുകയായി

Keeripara
കന്യാകുമാരി വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ കീരിപ്പാറയിലേക്ക് തിരുവന്തപുരത്തു നിന്നും ഏകദേശം 80 കിലോമീറ്ററിൽ അധികം ദൂരമുണ്ട്. കാട്ടാക്കട - വെള്ളറട - തൃപ്പരപ്പ്‌ വഴിയാണ് റൂട്ട്. പെരുംചാണി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് കീരിപ്പാറ സ്ഥിതി ചെയ്യുന്നത്. പോകുന്ന വഴി തൃപ്പരപ്പു കഴിഞ്ഞാൽ പിന്നെ റോഡിന്റെ അവസ്ഥ കുറച്ചു മോശമാണ് എട്ടുമണിയോടെ വെള്ളറട 'ആൻസി' ഹോട്ടലിൽ കയറി ബ്രേക്ഫാസ്റ് കഴിച്ചു. ഏതാണ്ട് പതിനൊന്നു മണിയോടെ നാൽപ്പതോളം പേരടങ്ങുന്ന ഞങ്ങളുടെ സംഘം കീരിപ്പാറ കാലുകുത്തി. ഇവിടെ ഒരു എക്കോ പാർക്കും , കാന്റീനും മാത്രമേ ഉള്ളൂ. ട്രെക്കിങ്ങ് തുടങ്ങുന്നത് കുറച്ചു കൂടി ദൂരം മുന്നോട്ടു പോയിട്ടാണ്. കാളികേശ ടെംപിളിനടുത്തു നിന്ന്. കാളികേശ വെള്ളച്ചാട്ടത്തിന്റെ തുടർച്ചയയായി ഒഴുകുന്ന ഒരു ചെറു നദിയുടെ കരയിലാണ് ഈ അമ്പലം നിൽക്കുന്നത്. ടിക്കെറ്റുമെടുത്തു ട്രെക്കിങ്ങിനിറങ്ങിയ പൈശാചികവും ക്രൂരവുമായ അവസ്ഥയാണ് ഞാൻ മുൻപ് മുകളിൽ പറഞ്ഞത്. ആന കിടന്നിടത്തു പൂട പോലുമില്ല എന്ന സ്ഥിതി വിശേഷം. വേഴാമ്പലിനെ കാണാൻ വന്ന ഞങ്ങൾക്ക് ഒരു കാക്കയെപ്പോലും കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും നട്ടുച്ചക്ക് കാട്ടിൽ കേറിയിട്ട് ഞാനൊന്നും കണ്ടില്ലാ എന്ന് പറഞ്ഞാലേ അദ്‌ഭുതമുള്ളൂ. അങ്ങനെ ട്രെക്കിങ്ങിന്റെ കാര്യം ഏകദേശം തീരുമാനമായി. തിരിച്ചെത്തിയിട്ടു നാട്ടുകാരോടും, വീട്ടുകാരോടും പറയാനുള്ള ബഡായികൾ ആലോചിക്കുന്ന തിരക്കിലായി എല്ലാവരും. തിരിച്ചു വരും വഴി ഗൈഡ് ഞങ്ങളെ വെള്ളച്ചാട്ടത്തിനടുത്തേക്കു കൊണ്ട് പോയി. എന്തായാലും ട്രെക്കിങ്ങിന്റെ ക്ഷീണം എല്ലാവരും ഇവിടെ തീർത്തു. പരസ്പ്പരം ചളി, സോറി വെള്ളം വാരിയെറിഞ്ഞും ഫോട്ടോയെടുത്തും എല്ലാരും ശരിക്ക് ആസ്വദിച്ചു.നദിയിലെ ചെറിയ ഉരുളൻ കല്ലുകൾ പെറുക്കിയെടുക്കുന്ന തിരക്കിലായിരുന്നു ശിഫാ ചേച്ചി ;)വെള്ളത്തിൽ കുളിച്ചു പനി പിടിക്കാനുള്ള എല്ലാ പരിപാടികളും ഞങ്ങളുടെ കൂടെ വന്ന സഞ്ചാരി സഹോദരിമാരും ചെയ്തു വെക്കുന്നുണ്ടായിരുന്നു.
Keeripara

നീരാട്ട് കഴിഞ്ഞു ഉച്ച ഭക്ഷണത്തിനായി എല്ലാരും എക്കോ കാന്റീനിൽ നിരന്നിരുന്നു. വിശപ്പിന്റെ അസ്കിതയുള്ളവർ നേരത്തെ തന്നെ സീറ്റുകൾ കരസ്ഥമാക്കിയിരുന്നു.ഫുഡിന്റെ കാര്യത്തിൽ എല്ലാരും നല്ല ഹാപ്പിയായി. കന്യാകുമാരിയിൽ ചെന്നിട്ടു മലയാളികൾ തോറ്റുപോകുന്ന രീതിയിലുള്ള നല്ല കിടിലൻ ഊണ്. കൂടെ പായസവും. ഇതിനിടയിൽ കൂടെയുള്ളവർക്ക് ചോറും സാമ്പാറും വിളമ്പിക്കൊടുത്ത് റഫീക്ക് എല്ലാവര്ക്കും മാതൃകയായി.എന്നാൽ അത് ഒരൂണ് എക്സ്ട്രാ വാങ്ങിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ആയിരുന്നു എന്നുള്ള കാര്യം പിന്നീടാണ് മനസ്സിലായത്. ഊണിന്റെ സ്വാദ് ഓർത്തപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. ഇവിടെ ഒരു ഹഠാർ സാധനം കിട്ടും. കല്ലിൽ ചുട്ട കോഴി . ഇതിനെ പറ്റി തിരുവനന്തപുരം ഈറ്റിൽ ലോക പ്രശസ്തമായ പ്രബന്ധമെഴുതിയ രാജീവേട്ടനാണ്( Rajeev Bj )സംഗതി പറഞ്ഞു തന്നത്. ഇവിടുത്തെ ആദിവാസികളുടെ ഒരു വ്യത്യസ്തമായ റെസിപ്പിയാണ് കല്ലിൽ ചുട്ട കോഴി. മണിക്കൂറോളം തീയിൽ ചൂടാക്കിയ ഉരുളൻ കല്ലുകളിൽ മസാല തേച്ചു വച്ച കോഴി വച്ച് വേവിച്ചെടുക്കുന്നതാണ് സംഭവം. ഒരൊന്നൊന്നര ഐറ്റമാണത്രെ. ചെറിയ ഗ്രൂപ്പുകളായി വരുന്ന ആളുകൾക്ക് മുൻകൂട്ടി പറഞ്ഞേൽപ്പിച്ചാൽ ഇവിടെ കല്ലിൽ ചുട്ട കോഴി പാകം ചെയ്തു തരും. ചുരുക്കി പറഞ്ഞാൽ നാടൻ KFC.
Keeripara

ഊണും കഴിഞ്ഞു അടുത്തുള്ള മരച്ചുവട്ടിൽ ആകാശവും നോക്കി കിടക്കുമ്പോഴാണ് ഞാൻ അയാളെ പരിചയപ്പെട്ടത്. പവാർ എന്നാണു പേര് . നാഗർകോവിലിൽ നിന്നും സൈക്കിളും ചവിട്ടി വന്നിരിക്കുകയാണ് കക്ഷി ഇവിടം വരെ. രാവിലെ വരുന്ന വഴി റോഡിൽ ഒരു സൈക്കിളുകാരൻ പോകുന്നത് കണ്ടിരുന്നു. അദ്ദേഹമാണ് ഇദ്ദേഹം. പവാറിനോട് സംസാരിച്ചതിന് നിന്ന് ഒരു കാര്യം വെളിപ്പെട്ടു. കീരിപ്പാറയിൽ ഫോറെസ്റ്റുകാരുടെ ട്രെക്കിങ്ങിനു പോയിട്ട് കാര്യമില്ല. പകരം കാട്ടിനുള്ളിലെ പ്രൈവറ്റ് എസ്റ്റേറ്റുകാർ ഇവിടെ താമസവും ട്രെക്കിങ്ങും ഒരുക്കി തരാറുണ്ടത്രെ. അവരുടെ കൂടെ പോയാൽ ഉൾവനങ്ങളിൽ വരെ പോകാം. പക്ഷെ ഇത് എത്രത്തോളം നിയമപരവും , സുരക്ഷിതവും ആണെന്ന കാര്യം അദ്ദേഹത്തിനും വല്യ പിടിയില്ല. ഇതിനിടയിൽ എവിടെ നിന്നോ കിട്ടിയ ഒരു കസേര തിരിച്ചു മറിച്ചും വച്ച് ഒരു ട്രൈപോഡ് ആക്കി മാറ്റുവാനുള്ള ഒരു ശ്രമം സഞ്ചാരിയുടെ കാൻഡിഡ് ഫോട്ടോഗ്രാഫർ എന്ന് സ്വയം വിളിക്കുന്ന ശങ്കരൻ നടത്തുന്നുണ്ടായിരുന്നു. അവസാനം ആശ്രമം ഉപേക്ഷിച്ചു പുള്ളി ചിന്നപ്പും, പൊടിക്കപ്പും, സ്മൈലും മാത്രം കൊണ്ട് അഡ്ജസ്റ് ചെയ്തു
Keeripara
പെരുംചാണി ഡാമിന്റെ റിസർവോയർ വറ്റി വരണ്ടിരിക്കുകയാണ് അതുകൊണ്ടു തന്നെ ഇതിന്റെ ഓരങ്ങളിലൂടെ ചെറിയൊരു ഓഫ്‌റോഡ് യാത്ര നടത്താൻ പറ്റുമായിരുന്നു. ഇരുപതോളം ഇരുചക്ര വാഹനങ്ങൾ ഡാമിന്റെ നെഞ്ചിലൂടെ പതിയെ നീങ്ങി . ഓഫ്‌റോഡ് വളരെ രസകരമായിരുന്നു. വെള്ളവും ചളിയുമുള്ളിടത്തു പലരുടെയും വണ്ടിയുടക്കി. നന്നായി 'തള്ളാൻ' കഴിവുള്ളവർ കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ചളിയിൽ കുടുങ്ങിയ വണ്ടികൾ അവർ തള്ളി മുകളിൽ കയറ്റി കൊടുത്തു. വെള്ളം നിറഞ്ഞ ചെറു തോട് താണ്ടിക്കടക്കാൻ ഓരോരുത്തരെയും പരസ്പ്പരം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ഇതിനിടയിൽ വെള്ളത്തിൽ മൂക്കും കുത്തി വീണവരും ഉണ്ടായിരുന്നു. ഇന്നത്തെ യാത്രയിലെ എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു സംഗതി ഓഫ്‌റോഡ് ആയിരുന്നു.
Keeripara

ഓഫ്‌റോഡും കഴിഞ്ഞു ഗ്രൂപ്പ് ഫോട്ടോയും എടുത്തു ഞങ്ങൾ കീരിപ്പാറയോട് യാത്ര പറഞ്ഞു. സഞ്ചാരിയുടെ സൗഹൃദ പുസ്തകത്തിലെ ഒരേടുകൂടി ഇവിടെ മറിഞ്ഞു വീഴാൻ പോകുന്നു. ഇന്നത്തെ യാത്രയുടെ നല്ല ഓർമ്മകൾ ഉള്ളിൽ സൂക്ഷിച്ച്‌ കൊണ്ട് , വീണ്ടുമൊരുമിച്ചൊരു യാത്രയുടെ പ്രതീക്ഷകൾ മനസ്സിൽ കുറിച്ചിട്ടുകൊണ്ടു ഞങ്ങൾ പരസ്പ്പരം പിരിഞ്ഞുPhoto Courtesy : Sankar Aazhimala

ഇപ്പോൾ കിട്ടിയ വാർത്ത : കീരിപ്പാറയിൽ നിന്ന് ഉരുളൻ കല്ലുകൾ പെറുക്കിയെടുത്തു വീട്ടിൽ കൊണ്ടുപോയ ശിഫാ ചേച്ചിയെ (Shiffa Syraj )ഫോറെസ്റ്റുകാർ പൊക്കി എന്നാണ് അറിയാൻ കഴിഞ്ഞത്

Tuesday, August 29, 2017

ജലം കൊണ്ട് മുറിവേറ്റവർ" നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്  - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട് "

Munroe Island


             ജനിച്ച വീടും നാടും മണ്ണും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്.  പ്രവാസികളെ തിരികെ വിളിക്കുന്നതും, സ്വദേശികളെ ചേർത്ത് നിർത്തുന്നതും ഈയൊരു വികാരമാണ്.  വർഷങ്ങളായി ജീവിച്ചു പോന്ന പുരയിടങ്ങളിൽ നിന്നും ഒരു ദിവസം ഇറങ്ങിപ്പോരേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? യുദ്ധവും പ്രകൃതി ക്ഷോഭങ്ങളും അത്തരം പാലായനങ്ങളിലേക്ക് പലപ്പോഴും മനുഷ്യ സമൂഹത്തെ നയിച്ചിട്ടുണ്ട്. ഇതുപോലൊരു ഗതികേടിലൂടെ കടന്നു പോകുന്ന ഒരു ജനതയാണ് ഇന്ന് 'മൺറോ' തുരുത്തിലുള്ളത്.  ഒരു കാലത്തു കണ്ടൽ ചെടികൾ തിങ്ങി നിറഞ്ഞു വളർന്നിരുന്ന ഇവിടെ കയറു പിരിക്കലും, മീൻ പിടുത്തവും ജീവിതമാർഗമാക്കിയ ഒരു കൂട്ടം ആളുകൾ സന്തോഷത്തോടെ ജീവിച്ചിരുന്നു.  എന്നാൽ ചോര നീരാക്കി വാങ്ങിയ ഒരു തുണ്ടു ഭൂമിയും, അതിന്മേൽ പടുത്തുയർത്തിയ കൊച്ചു വീടും ഉപേക്ഷിച്ചു, കൈയിൽ കിട്ടിയതെല്ലാം വാരിക്കെട്ടി, എങ്ങോട്ടുപോകണമെന്നറിയാതെ  പകച്ചു നിൽക്കുന്ന ഒരു കൂട്ടമാളുകൾ അതാണ് ഇന്നത്തെ 'മൺറോ തുരുത്ത്'.

കേരളത്തിലെ കൊല്ലം ജില്ലയിൽ അഷ്ടമുടി കായലും , കല്ലടയും വലം വയ്ക്കുന്ന ഒരു കൊച്ചു ഭൂപ്രദേശമാണ് മൺറോ തുരുത്ത്. ഏകദേശം 13 കിലോമീറ്റര് വിസ്തൃതി മാത്രമുള്ള ഒരു കുഞ്ഞു ദ്വീപ്. 1800-കളിൽ തിരുവിതാംകൂർ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ജോൺ മൺറോയുടെ സ്മരണാർത്ഥമാണ് മൺറോ തുരുത്തിനു ഈ പേര് വന്നത്.  200-ൽ അധികം കുടുംബങ്ങളിലായി ഏകദേശം പതിനായിരത്തോളം ആളുകൾ ഇവിടെ ഇന്ന്  താമസിക്കുന്നുണ്ട്.

തിരുവനന്തപുരത്തു നിന്നുള്ള ട്രെയിൻ യാത്രകൾക്കിടയിൽ പല തവണ ഈ പ്രദേശം ദൂരെ നിന്ന് കണ്ടിട്ടുണ്ടെങ്കിലും   മൺറോയുടെ പ്രകൃതി ഭംഗി എല്ലാരേയും പോലെ എന്നെയും വല്ലാതെ ആകർഷിച്ചു. അങ്ങനെയാണ്  ഒരു വാരാന്ത്യത്തിൽ  മൺറോ തുരുത്തിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത്. ടെക്നോപാർക്കിലെ ജീവനക്കാരും സർവോപരി എന്റെ സഹ മുറിയൻമ്മാരും ആയ രാജേട്ടനും , വെങ്കട്ടും കൂടെ വരാമെന്നേറ്റു. കഴകൂട്ടം ടെക്നോപാർക്കിനടുത്തുള്ള ഞങ്ങളുടെ താമസ സ്ഥലത്തു നിന്നും ഏകദേശം 70 കിലോമീറ്റർ ദൂരമുണ്ട് മൺറോ തുരുത്തിലേക്ക്
Munroe Island

പ്രകൃതി സൗന്ദര്യം തുടിച്ചു നിക്കുന്ന മൺറോയെ ശരിക്കു കാണണമെങ്കിൽ തോണിയിൽ തന്നെ പോണം. കല്ലടയുടെ  ഓരങ്ങളിൽ നിന്നും നിർമിച്ച ചെറിയ കനാലുകൾ മൺറോയുടെ മുക്കിലും മൂലയിലും ചെന്നെത്തുന്നു. 19- ആം നൂറ്റാണ്ടിൽ മൺറോ സായിപ്പിന്റെ ബുദ്ധിയിൽ ഉദിച്ച ആശയം. യന്ത്രവൽകൃത വാഹനങ്ങൾ നിലവിലില്ലാത്ത അക്കാലത്തു തുരുത്തിലെ  ആളുകൾക്ക് സഞ്ചരിക്കാനും , കയറുൾപ്പെടെയുള്ള ചരക്കുകൾ കൊണ്ടുപോകാനും കിലോമീറ്റർ നീളത്തിൽ കനാലുകൾ നിർമ്മിച്ചിട്ടുണ്ട് മൺറോയിൽ ഉടനീളം. JCB-യോ അതുപോലെയുള്ള യന്ത്രങ്ങളോ നിലവിൽ ഇല്ലാതിരുന്ന അക്കാലത്തു ഏകദേശം രണ്ടു-മൂന്നു മീറ്റർ വീതിയിൽ നിർമ്മിച്ച ഈ ജലപാതകൾ ശരിക്കും ഒരു അത്ഭുതമാണ്.  ഈ കനാലുകളിലൂടെയുള്ള വഞ്ചി യാത്ര ഒരു അവിസ്മരണീയ അനുഭവമായിരിക്കും.  ഒരു സഞ്ചാരി സുഹൃത്തിൽ നിന്ന് എനിക്ക് കിട്ടിയ മൺറോ തുരുത്തിലെ വിമലൻ ചേട്ടന്റെ നമ്പറിൽ വിളിച്ചു, പിറ്റേന്ന് രാവിലത്തേക്കു ഒരു വഞ്ചി ഞങ്ങൾ സംഘടിപ്പിച്ചു.


പിറ്റേന്ന് രാവിലെ അഞ്ചു മണിയോടെ ഞങ്ങൾ കഴക്കൂട്ടത്ത് നിന്ന് യാത്ര തുടങ്ങി. കഴകൂട്ടം - കൊട്ടിയം - കുണ്ടറ - മൺറോ  ഇതായിരുന്നു റൂട്ട്. പോകുന്ന വഴിയിൽ കൊട്ടിയത്തു ആദ്യത്തെ പിറ്റ് സ്റ്റോപ്പെടുത്ത്, ഒരു ചായയും കുടിച്ചു യാത്ര തുടർന്നു.  ആറേ മുക്കാലോടെ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി. വിമലൻ ചേട്ടൻ ഞങ്ങളെ കാത്തു വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. വിമലൻ ചേട്ടൻ സ്വന്തമായി ഒരു ഹോം സ്റ്റെയും നടത്തുന്നുണ്ട്.  ആരോഗ്യം ശരിയല്ലാത്തതിനാൽ ചേട്ടൻ ഞങ്ങളുടെ കൂടെ വന്നില്ല , പകരം ബന്ധുവായ വേറൊരു ചേട്ടനാണ് വന്നത്. അങ്ങനെ വിമലൻ ചേട്ടന് പകരം രമണൻ ചേട്ടൻ ഞങ്ങളുടെ സാരഥിയായി. മുതലാളീ ജങ്ക  ജഗ ജഗ ..!!
Munroe Island

കല്ലടയുടെ കൈവഴികളെ പോലെ തോന്നിപ്പിച്ച ആ ചെറിയ കനാലുകളിലൂടെ ഞങ്ങളുടെ വഞ്ചി തെന്നി നീങ്ങിക്കൊണ്ടിരുന്നു.  രമണൻ ചേട്ടൻ ഞങ്ങൾക്ക് മൺറോയുടെ വിശേഷങ്ങൾ ഓരോന്നോരോന്നായി പറഞ്ഞു തന്നുകൊണ്ടിരുന്നു.  തിരുവിതാകൂറിലെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മൺറോ സായിപ്പ് ഈ ചെറു തുരുത്തിന്റെ സാമ്പത്തികവും, സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്. തുരുത്തിലെ കാനാലുകളുടെ നിർമ്മാണത്തിൽ തുടങ്ങി, മൺറോ ദ്വീപിലെ അടിമ സമ്പ്രദായം അവസാനിച്ചതിൽ വരെ എത്തി നിൽക്കുന്ന സായിപ്പിന്റെ നല്ല മനസ്സിനോടുള്ള നന്ദി സൂചകമായിട്ടാണ് ഈ തുരുത്ത് ഇന്ന് മൺറോ തുരുത്തു എന്ന പേരിൽ എന്നറിയപ്പെടുന്നത്.  മൺറോയുടെ ഉൾവഴികളിലൂടെയാണ് ഞങ്ങൾ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. മൺറോ സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം രാവിലെയാണ്.  സൂര്യോദയത്തിനു മുൻപേ കണ്ടു തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം. രണ്ടു വശങ്ങളിലും ഇടവിട്ടിടവിട്ടു വീടുകൾ ഉണ്ട്. രണ്ടു വശത്തും നല്ല പച്ചപ്പ്. ചിലയിടങ്ങളിൽ കണ്ടൽ കാടുകൾ. കണ്ടൽ കാടുകൾക്കിടയിൽ മീൻ പിടിച്ചു നടക്കുന്ന പേരറിയാത്ത അനേകം പക്ഷികൾ. ചിലയിടങ്ങളിൽ ചെമ്മീൻ കൃഷി നടത്തുന്നുണ്ട്. പുഴയിലെ എക്കൽ മണ്ണ് വഞ്ചിയിൽ  നിറച്ചു തെങ്ങിന്തോട്ടങ്ങളിൽ കൊണ്ടുപോയി തടമിട്ടു നിറക്കുന്ന കർഷകർ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതുപോലെ എന്ന് നമുക്ക് തോന്നിപ്പോയാൽ കുറ്റം പറയാനൊക്കില്ല.
Munroe Island

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായൊരു മുഖം മൺറോയ്ക്കുണ്ട്. മൺറോ  ഒരു സിങ്കിങ് ഐലൻഡ് ആണ് . അതായത് ഓരോ ദിവസവും അൽപ്പാൽപ്പമായി മുങ്ങിക്കൊണ്ടിരിക്കുന്ന ഭൂപ്രദേശം. ഒരുപക്ഷെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഭൂപടത്തിൽ ഇല്ലാത്തൊരിടമായി മൺറോ മാറിയേക്കാം. 2004 -ലെ സുനാമി ദുരന്തത്തിന് ശേഷം മൺറോ തുരുത്തിൽ പാരിസ്ഥിതികമായ പല മാറ്റങ്ങളും വന്നു. തുരുത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറാൻ തുടങ്ങി. വേലിയേറ്റ സമയങ്ങളിൽ ഉണ്ടാകുന്നത് പോലെ. വീടുകളിൽ പലതിലും മുട്ടറ്റം വരെ വെള്ളം നിറഞ്ഞു. ചുറ്റിലും വെള്ളം നിറഞ്ഞു കിടന്നെങ്കിലും ശുദ്ധ ജലത്തിന്റെയും കുടിവെള്ളത്തിന്റെയും ലഭ്യത കുറഞ്ഞു വന്നു. പലയിടത്തും വെള്ളം കെട്ടിക്കിടന്നത് കാരണം ജലജന്യ രോഗങ്ങളും പതിയെ മുൻറോയെ തേടിയെത്തി. ദിനംപ്രതി മൺറോ ഇഞ്ചിഞ്ചായി വെള്ളക്കെട്ടിൽ മുങ്ങിക്കൊണ്ടിരിക്കുന്നു. വിളിക്കാത്ത അതിഥിയായി വരാന്തയിലും കിടപ്പറയിലും വരെ കയറിയ വെള്ളം കോരിക്കളയുന്നതു തുരുത്തിലെ പല വീടുകളിലെയും ദിനചര്യയായി വരെ മാറി. പലർക്കും ഇവിടം വിട്ടൊഴിയേണ്ടതായി വന്നു ,  അത് വരെ കൂടെ കൂട്ടിയതെല്ലാം ഉപേക്ഷിച്ചുകൊണ്ട്. മൺറോയിലെ യുവാക്കൾക്ക് വിവാഹത്തിന് പെണ്ണ് കിട്ടാത്ത അവസ്ഥ വരെ വന്നു. മൺറോയുടെ ഇപ്പോഴത്തെ അവസ്ഥയെ പഠിക്കാനും , തുരുത്തുകാരുടെ പുനരധിവാസത്തിനും വേണ്ട ചില നടപടികൾ കേന്ദ്ര /  സംസ്ഥാന സർക്കാരുകൾ ഇപ്പോൾ എടുക്കാൻ തുടങ്ങുന്നു എന്നുള്ളത് അൽപ്പം ആശ്വാസകരം ആണ്. എങ്കിലും സ്വവാസസ്ഥലം ഉപേക്ഷിക്കപ്പെടേണ്ടി വരുന്നു എന്ന വലിയ പ്രശ്നം എത്രത്തോളം പരിഹരിക്കപ്പെടും എന്നുള്ളത് കണ്ടു തന്നെ അറിയേണ്ടി വരും.
Munroe Island

രമണൻ ചേട്ടൻ ഞങ്ങളെ മൺറോ തുരുത്തിന്റെ ഉള്ളിലേക്ക് കൊണ്ട് പോകുകയാണ്. മൺറോയുടെ കറുത്ത യാഥാർഥ്യം ഒന്നും ചേട്ടനെ ബാധിക്കുന്നതായി തോന്നുന്നില്ല. പുള്ളി ഇപ്പോഴും നല്ല ഹാപ്പിയാണ്. ഒരുപക്ഷെ ആ ചിരിയുടെ മറവിൽ ഉരുണ്ടു കൂടിയ ഇരുണ്ട മേഘങ്ങളെ ഞങ്ങൾ കാണാതെ പോയതാണോ ? അറിയില്ല.   പലയിടത്തും കനാലിനു മുകളിലൂടെ ചെറിയ കോൺക്രീറ്റ് പാലങ്ങൾ പണിതിട്ടുണ്ട്. സൂക്ഷിച്ചിരുന്നില്ലേൽ തലയിടിക്കും.  രാജേട്ടനും , വെങ്കടും സെൽഫിയെടുക്കുന്ന തിരക്കിലാണ്. ഒപ്പം തന്നെ ഞാൻ എന്റെ ക്യാമറയിൽ അവരുടെ ചിത്രങ്ങൾ എടുക്കുന്നില്ല എന്ന പരാതിയും പറഞ്ഞു കൊണ്ടിരിക്കുന്നു. നാട്ടുകാർ ഇവിടം വിട്ടു പോകുമോഴും കച്ചവട താൽപ്പര്യത്തോടെ ഇങ്ങോട്ടു കടന്നു വരുന്ന മറ്റൊരു കൂട്ടരുണ്ട്. സ്വകാര്യ റിസോർട്ടുകാർ. ഞങ്ങൾ പോകുന്ന വഴിയിൽ തന്നെ മൂന്നു - നാല് ചെറിയ റിസോർട്ടുകൾ കണ്ടു. പലരും സ്വന്തം വീടുകളിൽ ഹോം സ്റ്റേകൾ തുടങ്ങിയിട്ടുണ്ട്. നാട്ടുകാർ വിട്ടൊഴിഞ്ഞ സ്ഥലങ്ങൾ റിസോർട്ടുകാർ ചുളു വിലക്ക് കൈക്കലാക്കുന്നു. തുരുത്തിലെ കച്ചവടവൽക്കരിക്കുന്നതിന്റെ പല ലക്ഷണങ്ങളും കണ്ടു തുടങ്ങി. ഉള്ളിലേക്ക് പോകും തോറും യാത്രയുടെ ആസ്വാദ്യത കുറഞ്ഞ തുടങ്ങി. ചിലയിടത്തെങ്കിലും ഒഴുകിയെത്തുന്ന മാലിന്യങ്ങളും , നേരിയ ദുർഗന്ധമുള്ള വെള്ളവും ചെറുതായി രസം കെടുത്തി. എങ്കിലും എവിടെയോ നഷ്ടമായ പഴയ നാട്ടിൻപുറത്തിന്റെ ഗൃഹാതുരത അതിനെ മറച്ചു പിടിച്ചുകൊണ്ടു കൂടെ പോന്നു.  സമയം ഒൻപതു മണിയോടടുക്കാറായി. ഓളമുണ്ടാക്കാതെ ഒഴുകി നീങ്ങുന്ന താറാക്കൂട്ടങ്ങളും, ഒറ്റക്കാലിൽ തപസ്സിരിക്കുന്ന വെള്ള കൊക്കുകളും സൂര്യന്റെ സ്വർണ വെളിച്ചത്തിൽ മൺറോയുടെ സൗന്ദര്യം ഒന്നുകൂടി ജ്വലിപ്പിച്ചു.  കാനാലുകളിൽ നിന്ന് പിൻവാങ്ങിയ രമണൻ ചേട്ടന്റെ തോണി ഇപ്പോൾ കായൽപ്പരപ്പിലേക്ക് കടന്നിരിക്കുന്നു. മറു കരയിലെ അമ്പലങ്ങളിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ  ഒഴുകിയെത്തുന്ന പാട്ടുകൾ ഇങ്ങേക്കരയിൽ അലയടിക്കുന്നു. പോകുന്ന വഴി സൈക്കിളിൽ എത്തിയ രണ്ടു അന്യസംസ്ഥാന തൊഴിലാളികൾ കായൽക്കരയിൽ സെൽഫി എടുക്കുന്നത് കണ്ടു. ജീവിതം ആസ്വദിക്കാൻ അവരും പഠിക്കട്ടെ.

രമണൻ ചേട്ടൻ തോണി കരയിൽ അടുപ്പിച്ചു. എന്തായാലും മൺറോയുടെ ദ്രവിച്ച ഭാഗങ്ങളിലൂടെയൊന്നും ചേട്ടൻ ഞങ്ങളെ കൊണ്ടുപോയില്ലായിരുന്നു. മൺറോയിൽ ഇനിയും ശേഷിക്കുന്ന പ്രസന്നതയിലൂടെ മാത്രമുള്ളൊരു യാത്ര. അത് മനഃപൂർവമായിരുന്നോ എന്തോ ?

മൺറോയുടെ ഇന്നത്തെ അവസ്ഥയ്ക്കുള്ള കാരണമെന്തെന്ന് പല വാഗ്‌വാദങ്ങളും നടക്കുന്നുണ്ട്. കേരളത്തിലെ മറ്റു ഭൂപ്രദേശങ്ങൾ അപേക്ഷിച്ച് വളരെ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളതാണ് മൺറോ തുരുത്ത്. അതുകൊണ്ടു തന്നെ ഇത്തരം ഭൂഭാഗങ്ങളിൽ സ്വാഭാവികമായും ഉണ്ടാകുന്ന ഇരുത്തമാണ് (stabilization) പലരും മൺറോ മുങ്ങുന്നതായി തെറ്റിദ്ധരിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുന്നു. എന്നാൽ 2004 -ലെ സുനാമിയാണ് എല്ലാത്തിനും കാരണമെന്ന് വിശ്വസിക്കുന്നവരാണ് മറ്റൊരു കൂട്ടർ. കല്ലട ഡാമിന്റെ നിർമ്മാണാനന്തരം മൺറോയിൽ എക്കൽ മണ്ണിന്റെ നിക്ഷേപം കുറഞ്ഞതും, കണ്ടൽച്ചെടികൾ നശിച്ചതും , എന്തിനേറെ സമീപത്തെ റെയിൽപാലങ്ങളിൽ ട്രെയിൻ പോകുമ്പോഴുണ്ടാകുന്ന പ്രകമ്പനം വരെ മൺറോ മുങ്ങുന്നതിനു കാരണമായി പലരും പറയുന്നു. എന്നാൽ ശാസ്ത്രീയമായ ഒരു പഠനം ഇവിടെ നടക്കേണ്ടത് അനിവാര്യമായിക്കൊണ്ടിരിക്കുന്നു. അതിൽ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങൾക്ക് ഒരു പക്ഷെ മൺറോയെ പോയകാലങ്ങളിലേക്കു കൂട്ടികൊണ്ടു പോകാൻ കഴിഞ്ഞേക്കും

Munroe Island
രമണൻ ചേട്ടനോടും , നല്ല കുറച്ചു സമയവും,  ചെറിയ ചില ചിന്തകളും സമ്മാനിച്ച മൺറോയോടും വിടപറഞ്ഞുകൊണ്ടു ഞങ്ങൾ മടങ്ങി , ഇനി വരുമ്പോൾ ഈ തുരുത്തിനെ ഇതേ രൂപത്തിൽ കാണാനൊക്കുമോ എന്ന ആശങ്കയും ചുമന്നുകൊണ്ട്.


Monday, August 14, 2017

മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നത് കണ്ട്ക്കാ ... കണ്ട്ക്കില്ലേ വാ


Meesappulimala


"മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നതു കണ്ടിട്ടുണ്ടോ " - കുഞ്ഞിക്കാ പറഞ്ഞ ഈയൊരൊറ്റ ഡയലോഗാണ് എല്ലാത്തിനും കാരണം.

"അല്ലപ്പാ , അതിനിപ്പോ മീശപ്പുലിമല തന്നെ വേണോ ? മഞ്ഞു പെയ്യുന്ന വേറെ എത്ര സ്ഥലങ്ങളുണ്ട് ".

അതായിരുന്നു ഞാനും വിചാരിച്ചിരുന്നത് . പക്ഷെ ഇത് വേറെ ലെവലാണ്. മീശപ്പുലിമലയെ പറഞ്ഞു തരാൻ പറ്റില്ല , അത് അനുഭവിച്ചു തന്നെ അറിയണം

ചാർളി ഇറങ്ങിയതിനു ശേഷം ഏതൊരു ശരാശരി മലയാളിയെയും പോലെ , മീശപ്പുലിമല എന്ന സ്വർഗം എന്റെ മനസ്സിൽ കേറിക്കൂടിയിരുന്നു. പല തവണ കാണാൻ കൊതിച്ചുവെങ്കിലും പല പല കാരണങ്ങളാൽ ആ പ്ലാൻ വഴുതി മാറിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് അത് സംഭവിച്ചത് .. എന്ത് ?
"എന്താണ് ചോദിക്ക് "
"എന്താ "

മ്മടെ തിരുവനതപുരം സഞ്ചാരിയുടെ മീശപ്പുലിമല ട്രെക്ക് . പടച്ചോനെ ഇങ്ങള് കാത്തോളീന്നും പറഞ്ഞു ഒരു സീറ്റ് ഞാനങ്ങു ബുക്ക് ചെയ്തു. പിന്നീടുള്ള ദിവസങ്ങൾ വിരലിൽ എണ്ണി കാത്തിരുന്നു.
Meesappulimala

മീശപ്പുലിമലക്കുള്ള യാത്രക്കാർ KFDC വഴി മുൻകൂട്ടി യാത്ര ബുക്ക് ചെയ്യേണ്ടതാണ്. ദിവസേന 40 പേർക്ക് മാത്രമേ ഇവിടേക്ക് പ്രവേശനം ഉള്ളൂ. പ്രധാനമായും രണ്ടു പാക്കേജുകൾ ഉണ്ട്. ഒന്ന് ബേസ് ക്യാമ്പിൽ നിന്നുള്ള ട്രെക്കിങ്ങ്. മുകളിൽ പോയി തിരിച്ചു വരാൻ ഏകദേശം 20 കിലോമീറ്ററോളം എടുക്കും. രണ്ടാമത്തേത് റോഡോവാലിയിൽ സ്റ്റാർട് ചെയ്യുന്നു. ബേസ് ക്യാമ്പിൽ നിന്നുള്ളതിന്റെ പകുതിയോളം ദൂരമേ ഈ ട്രെക്കിനുള്ളൂ. അങ്ങനെ ആ വീക്കെൻഡ് വന്നെത്തി. മാസങ്ങളായി കാത്തിരുന്ന ആ സ്വപ്ന യാത്ര. തലേന്ന് രാത്രി തന്നെ മൂന്നാറിലേക്ക് വണ്ടി കയറി. പോകുന്ന വഴി മറ്റൊരു സഞ്ചാരിയായ വഞ്ചിയൂർ കോടതിയിലെ അഡ്വക്കേറ്റ് ബിപിൻ ചേട്ടനെ കൂട്ടിനു കിട്ടി.

രാവിലെ നേരത്തെ തന്നെ മൂന്നാർ ടൗണിൽ കാലു കുത്തി. KSRTC ആയതു കൊണ്ട് യാത്രാ ക്ഷീണം നന്നായി ഉണ്ടായിരുന്നു, ഫ്രഷ് ആവാനായി ഒരു റൂം എടുത്തു. സഞ്ചാരിക്കൂട്ടത്തിലെ വിനോദേട്ടനും കസിനും കൂടെ ഉണ്ടായിരുന്നു.
ഫ്രഷ് ആയി ബ്രേക്ഫാസ്റ്റും കഴിച്ചു കുറച്ചു നേരം കിടന്നുറങ്ങി.ഉച്ചക്ക് റൂം ബോയി വന്നു വാതിലിൽ മുട്ടിയപ്പോഴാണ് ഉറക്കമുണർന്നത്. റൂം ചെക്ക്‌ഔട് ചെയ്യാൻ സമയമായി പോലും .. ബ്ലഡി ഫെല്ലാസ് .. കുറച്ചു സിംഗപ്പൂർ ഡോളേഴ്‌സ് കൈയിൽ ഉണ്ടായിരുന്നേൽ എറിഞ്ഞിട്ടു കൊടുക്കാമായിരുന്നു. എന്തായാലും പുറത്താക്കുന്നതിനു മുൻപേ ഇറങ്ങിപ്പോകാം അതല്ലേ ഹീറോയിസം
KFDC Base camp
KFDC Base Camp

പിന്നെ നേരെ KFDC ഓഫീസിലേക്ക് വച്ച് പിടിച്ചു. അതിനിടയിൽ ശരവണ ഭവനിൽ ചെന്ന് ഉച്ചയൂണും കഴിച്ചു. ഇത്ര സ്വാദുള്ള വെജിറ്റേറിയൻ ഭക്ഷണം ഞാൻ ഈ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല (അമ്മ കേൾക്കണ്ട ). KFDC ഓഫീസിൽ നിന്ന് ഞാനടക്കം ഏഴു പേർക്ക് ഒരു ജീപ്പ് അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു. ബേസ് ക്യാമ്പ് വരെ സ്വന്തം വാഹനത്തിൽ പോകാം , അല്ലാത്തവർക്ക് ഫോറെസ്റ് ഓഫീസിൽ പറഞ്ഞാൽ ജീപ്പ് ഒരുക്കിത്തരും.

അങ്ങനെ അത് വരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഞാനും , റഫീഖ് ഭായിയും, ബിപിൻ ചേട്ടനും, മാക്സും , ജാബിറും, സച്ചിനും , മാത്യൂസും ആ ഒരൊറ്റ ഓഫ് റോഡിൽ കട്ട കൂട്ടായി മാറി. ഓരോരോ യാത്രകളും ഇത്തരത്തിൽ ഒരു നൂറു പേരെ നമുക്ക് പരിചയപ്പെടുത്തി തരുന്നു. മതത്തിനും , ജാതിക്കും , നിറത്തിനും അതീതരാണ്‌ സഞ്ചാരികൾ എന്ന് പറയുന്നത് എത്ര സത്യം. 
വളരെ നന്നായി മൈന്റയിൻ ചെയ്ത ഒരു ലാൻഡ്‌സ്‌കേപ്പിലാണ് ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. താമസം ടെന്റിനകത്തു സ്ലീപ്പിങ് ബാഗുകളിലും. ക്യാംപിലേക്കുള്ള വൈദ്യുതി ഒരു മൈക്രോ ടർബൈൻ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. മലമുളകിൽ നിന്ന് വെള്ളം പൈപ്പുകളിൽ താഴെ എത്തിച്ചു ടർബൈൻ പ്രവർത്തിപ്പിക്കുന്നു. ക്യാംപിനു ചുറ്റും ഇലക്ട്രിക് വേലി കെട്ടിയിട്ടുണ്ട്. ബേസ് ക്യാംപിനു മുകളിൽ കരിമ്പുലിയൊക്കെ ഉണ്ടെന്നാണ് ജീപ്പ് ഓടിച്ച ചേട്ടൻ പറഞ്ഞത്. വൈദ്യുത വേലി ഉള്ളത് കാരണം ഒന്നും പേടിക്കാനില്ല.

നല്ല തണുത്ത കാലാവസ്ഥ. തെര്മോമീറ്ററിൽ 18 ഡിഗ്രി കാണിക്കുന്നു. ഒന്ന് കുളിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ തണുപ്പ് എന്നെ പുറകോട്ടു വലിക്കുന്നു. അവസാനം രണ്ടും കൽപ്പിച്ചു ബാത്റൂമിൽ കയറി. വെള്ളത്തിനൊക്കെ ഐസിന്റെ തണുപ്പ്. ഒരു വിധം കുളിച്ചു പുറത്തിറങ്ങി. അങ്ങനെ ബേസ് ക്യാംപിൽ കുളിച്ച സൗത്ത് ഇന്ത്യയിലെ ചുരുക്കം ചില പേരിൽ ഒരാളായി എന്റെ പേരും സ്വർണ ലിപികളിൽ കൊത്തി വെക്കപ്പെട്ടു. ഫ്രെയ്‌ഡ്‌ റൈസും ചിക്കനും ഡ്യുവറ്റ് പാടിയ ആ രാത്രി ഞങ്ങൾ എല്ലാവരും നന്നായി ആസ്വദിച്ചു. ക്യാമ്പ് ഫയറും , അന്താക്ഷരിയും മേമ്പൊടിയായി ചില യാത്രാ അനുഭവങ്ങളും.
Meesappulimala

സ്ലീപ്പിങ് ബാഗിനുള്ളിൽ ഉറക്കം എനിക്കൊരു ആദ്യാനുഭവമായിരുന്നു. ടെന്റിൽ വീഴുന്ന ചാറ്റൽ മഴയും , ചീവീടിന്റെ കിരുകിരുപ്പും ചേർന്നുള്ള ഒരു അഡാർ ആംബിയൻസ്. ഉറക്കം കിട്ടാൻ അൽപ്പം താമസിച്ചെങ്കിലും , രാവിലെ അലാറം രണ്ടാമത്തെ തവണ അടിച്ചപ്പോഴാണ് ഉറക്കം വിട്ടത്. 9 മണിയോടെ ബ്രേക്ഫാസ്റ്റും കഴിച്ച് ട്രെക്കിങ്ങിനു റെഡിയായി നിന്ന്. ക്യാമ്പ് നിൽക്കുന്ന സ്ഥലത്തിന് മുകളിലൂടെയെയാണ് ട്രെക്കിങ്ങ് പാത.

മൊത്തം നാൽപ്പതു പേരുണ്ടായിരുന്നു. അതിൽ എട്ടു പേര് മംഗലാപുരത്തു നിന്ന് വന്നവരും ബാക്കിയുള്ളവർ സഞ്ചാരി സഹയാത്രികരും ആയിരുന്നു . ഗൈഡിന്റെ കൂടെ ഞങ്ങൾ മുന്നോട്ടു നടന്നു. ഇലക്ട്രിക്ക് വേലി കടന്നു മുന്നോട്ടു പോണം. വേലിയിൽ എവിടെയും തുറക്കുന്ന ഗേറ്റു കണ്ടില്ല.

"അപ്പൊ ഇതിനപ്പുറം എങ്ങനെ കടക്കും ?"

ഗൈഡ് വന്നു നല്ല കൂളായി വൈദുതി കടത്തി വിടുന്ന ലൈൻ എടുത്തു മാറ്റി വഴിയൊരുക്കി

"ദൈവമേ അപ്പൊ അതിനകത്തു കൂടി കരണ്ടു കടത്തി വിടുന്നി ല്ലേ !!?"

ആ ഒരൊറ്റ ധൈര്യത്തിലാണ് ഇന്നലെ ക്യാംപിൽ കിടന്നതു. ഇത് വെറും ഡമ്മിയായിരുന്നല്ലേ.

"ഓ മൈ ഗോഡ് , കരിമ്പുലി വെക്കേഷനിൽ ആയതു നന്നായി "

നന്നായി നനവുള്ള പ്രദേശത്തു കൂടിയാണ് ഇനിയുള്ള യാത്ര. യാത്രയുടെ പകുതിയോളമെത്തുന്ന റോഡോ മെൻഷൻ വരെയുള്ള വഴി മുഴുവൻ ഏകദേശം ഇതേ പരുവമാണ്. അത് കൊണ്ട് തന്നെ അട്ട ശല്യം അതി ഭീകരം. ഓരോ മിനിട്ടിലും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തേണ്ട (We Killed those bastards) ഗതികേട്. 9 :30 നു തുടങ്ങിയ നടത്തം 11 :30 പിന്നിടുമ്പോൾ ഞങ്ങൾ റോഡോ മാൻഷൻ എത്തിയിരുന്നു. അൽപ്പ നേരം അവിടെ വിശ്രമിച്ചു നടത്തം വീണ്ടും തുടർന്ന്. ദൂരെ ഒരു വലിയ മല കാണുന്നു.

"ചേട്ടാ ഇതാണോ മീശപ്പുലിമല " ഗൈഡ് ചേട്ടനോട് വെറുതെ ചോദിച്ചു.

"ഏയ് ഇതൊന്നും കണ്ടു നിങ്ങൾ പേടിക്കേണ്ട , ഇതുപോലത്തെ രണ്ടു മൂന്നെണ്ണം ഇനിയും കയറാനുണ്ട് "

മറുപടി കിട്ടി. സമാധാനായല്ലോ ?
അപ്പൊ പിക്ച്ചർ അഭീ ഭീ ബാക്കി ഹേ ഭായ്. എന്നാ പിന്നെ മിണ്ടാതെ നടക്കുവല്ലേ. ഓ ആയിക്കോട്ടെ.
Meesappulimala
Mass entry of our guide ;)

ഗൈഡ് പാണ്ട്യൻ ചേട്ടനെ സമ്മതിക്കണം. കുന്നും മലയും നല്ല കൂളായി ചാടിച്ചാടി കേറുകയാണ്. ചേട്ടന് മീശപ്പുലിമലയിൽ കേറാൻ വെറും ഒരു മണിക്കൂർ മതിയത്രെ. ഇവിടെ കുറച്ചു പേര് കയറാൻ തുടങ്ങിയിട്ടു മണിക്കൂർ മൂന്നായി , പകുതി പോലും എത്തിയില്ല ഇത് വരെ. പലരുടെയും നടത്തത്തിന്റെ വേഗത വ്യത്യാസപ്പെട്ടു തുടങ്ങി. അത് വരെ ഒരുമിച്ച് നടന്ന 32 പേർ , നടത്തത്തിന്റെ വേഗതയിലെ ഏറ്റക്കുറച്ചിൽ കാരണം പല പല ഗ്രൂപ്പുകളായി സ്‌പ്ലിറ് ചെയ്യപ്പെട്ടു. ക്ഷീണം നന്നായി വന്നു തുടങ്ങി. വെള്ളം ഒരു കവിൾ കുടിച്ചു. അധികം വെള്ളം കുടിച്ചാൽ നടക്കാൻ പറ്റില്ല. ഉച്ചക്കെക്കുള്ള ഭക്ഷണം ബേസ് ക്യാമ്പിൽ നിന്ന് പൊതിഞ്ഞു തന്നിരുന്നു. മണി ഒന്ന് കഴിഞ്ഞു. വിശക്കുന്നുണ്ട്. പക്ഷെ ആർക്കും ലഞ്ച് ബ്രേക്ക് എടുക്കേണ്ട ഇന്ട്രെസ്റ് കണ്ടില്ല.

അങ്ങനെ കുന്നുളളും താഴ്വാരങ്ങളും കയറി ഇറങ്ങി ഞങ്ങൾ മുന്നോട്ടു പോയി കൊണ്ടിരുന്നു. വഴിയിൽ തെളിനീരുറവകളും ചെറിയ വെള്ളച്ചാട്ടങ്ങളും. ഇടക്ക് ഒരു പുൽമേട്ടിൽ അപൂർണ്ണമായ ഒരു ഹൃദയ തടാകം കണ്ടു. അത് ചെമ്പ്ര കുന്നിൻ അനുസ്മരിപ്പിച്ചു. മനുഷ്യന്റെ നോട്ടക്കുറവിന്റെ ഫലമായി ചെമ്പ്ര കത്തിയിട്ടു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയും പഴയ ആ ചുറുചുറുക്ക് ഇതുവരെ ചെമ്രക്ക് തിരിച്ചു കിട്ടിയിട്ടില്ല. ഒരു നിമിഷത്തെ അശ്രദ്ധക്കു ഒരു നൂറ്റാണ്ടിന്റെ ചേർത്ത് വെക്കലുകളെ മുഴുവൻ ചാരമാക്കാൻ കഴിയും. പ്രകൃതി നമുക്ക് മാത്രമുള്ളതല്ല എന്നുള്ള കാര്യം ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഉത്തരവാദിത്വ ബോധമുള്ള യാത്രക്കാരാകാൻ നമുക്കോരോരുത്തർക്കും കഴിയണം.
Meesappulimala

ഞങ്ങളുടെ തളർന്നു പതിഞ്ഞ കാലടികൾ ഇപ്പോൾ ചെന്നെത്തിയിരിക്കുന്നതു ഒരു ഷൂട്ടിങ് പോയിന്റിലാണ്. ഇവിടെയാണ് ചാർളി സിനിമയിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അത് ഏതൊക്കെ സീനുകളാണെന്നു എനിക്ക് മനസ്സിലായില്ല. എന്തായാലും വീട്ടിലെത്തിയിട്ടു ചാർളി ഒന്നൂടെ കാണണം. ഈ സ്ഥലത്തിന് ഞങ്ങളിട്ട പേര് ജിയോ മാൻഷൻ എന്നാണ്.

കാരണമെന്താണെന്നല്ലേ ?

പറയാം . ബേസ് ക്യാമ്പ് കഴിഞ്ഞാൽ പിന്നെ എവിടെയും മൊബൈൽ കവറേജില്ല. എന്തിനു ബേസ് ക്യാംപിൽ പോലും റേഞ്ച് കിട്ടാൻ വീണ്ടും അരക്കിലോമീറ്റർ താഴേക്ക് പോണം. പക്ഷെ ഇവിടെ ജിയോക്ക് റേഞ്ച് കിട്ടിയിരിക്കുന്നു. അത് കൊണ്ട് ഇന്ന് മുതൽ ഈ സ്ഥലം ജിയോ മാൻഷൻ എന്ന പേരിൽ അറിയപ്പെടും. കിട്ടിയ അവസരത്തിൽ പലരും ഫേസ്ബൂക് ലൈവും, സ്റ്റാറ്റസ് അപ്‌ഡേറ്റും തുടങ്ങി

ഗൈഡ് ചേട്ടൻ മുറിഞ്ഞു പോയ ഗ്രൂപ്പുകളെ കൂട്ടി ചേർക്കാൻ വേണ്ടി കുന്നിന്റെ മുകളിലേക്കും താഴേക്കും ഓടി നടക്കുന്നുണ്ട്. ജിയോ മാൻഷൻ കഴിഞ്ഞു മുന്നോട്ടു പോകുമ്പോഴേക്കും മീശപ്പുലിമലയുടെ ഉയർന്ന ഭാഗം ഞങ്ങൾക്ക് കാണാറായി. ഇനിയും ഒരൊന്നൊന്നര മണിക്കൂർ കൂടി നടക്കേണ്ടി വരും. പക്ഷെ അപ്പോഴേക്കും ഞങ്ങളുടെ മുന്നിൽ പോയ വക്കീലും , റഫീഖ് ഭായിയും അതിന്റെ മുകളിൽ എത്തിക്കഴിഞ്ഞിരുന്നു. ഇനിയെന്തായാലും വെയിറ്റ് ചെയ്യാൻ പറ്റില്ല. വിശന്നിട്ടു കണ്ണ് കാണുന്നില്ല. ഒരു മരച്ചുവട്ടിലിരുന്നു ഭക്ഷണപ്പൊതി തുറന്നു. ചപ്പാത്തിക്കും , കിഴങ്ങു കറിക്കും ഇത്രക്കും ടേസ്റ്റ് തോന്നിയത് അന്നാദ്യമായാണ്. വീണ്ടും നടത്തം. നടന്നു തളർന്ന ഫൈസിയും ബ്രദറും എന്നെ നോക്കുന്നു. നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ എന്ന മട്ടിൽ. കാരണം അവരെ വിളിച്ചോണ്ട് വന്നത് ഞാനാണ്. അങ്ങനെ മൂന്നു മണിയോട് കൂടെ ഞങ്ങൾ മീശപ്പുലിമലയുടെ മുകളിൽ എത്തി. മാസങ്ങൾ നീണ്ട സ്വപ്നം ഇന്ന് യാഥാർഥ്യമായിരിക്കുന്നു. ഞാൻ ഉറക്കെ കൂക്കി വിളിച്ചു. ചെറിയ രീതിയിൽ അത് മല മടക്കുകളിൽ തട്ടി പ്രതിധ്വനിച്ചു. കഴിഞ്ഞ മാസം മൂന്നാർ ടോപ് സ്റ്റേഷനിൽ നിന്ന് ഞാൻ ദൂരെ മീശപ്പുലിമലയെ നോക്കി കണ്ടിട്ടുണ്ട്. ഇന്ന് തിരിച്ചു കാണാൻ പോകുന്നു. പക്ഷെ നിർഭാഗ്യവശാൽ ചുറ്റും മഞ്ഞു വന്നു മൂടിയിരിക്കുന്നു. പക്ഷെ ഞാൻ വന്നത് മഞ്ഞുപെയ്യുന്നതു കാണാനാണല്ലോ എന്ന ചിന്ത എന്നെ ആശ്വസിപ്പിച്ചു. മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നതു കണ്ടാലുണ്ടല്ലോ എന്റെ സാറേ വേറെ ഒന്നും കാണാൻ പറ്റൂല്ല.
Meesappulimala


അത് വരെ ഉണ്ടായിരുന്ന ക്ഷീണവും, വേദനയും എല്ലാം ഈയൊരു കാഴ്ചയിൽ അലിഞ്ഞില്ലാതായി. പശ്ചിമ ഘട്ടത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മലയാണ് മീശപ്പുലിമല. കീഴടക്കാൻ ഏറ്റവും പ്രയാസമേറിയതും ഇത് തന്നെ. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 8660 അടിയാണ് ഉയരം. ആനമുടിക്ക് ഇതിനേക്കാൾ 200 അടിയേ ഉയരക്കൂടുതലുള്ളൂ.

അങ്ങനെ ഒരു സ്വപ്ന സാക്ഷാത്ക്കാരത്തിനു ശേഷം മടക്ക യാത്ര. തിരിച്ചു പോരാൻ തോന്നുന്നില്ല. പക്ഷെ ഇനിയും നിന്നാൽ നേരമിരുട്ടും എന്ന ചിന്തയിൽ തിരിച്ചു നടന്നു. മടക്ക യാത്രയിൽ കയറ്റങ്ങൾ കുറവായിരുന്നു. വഴിയിൽ കാട്ടു പോത്തിന്റെ കാലടിപ്പാടുകൾ കാണപ്പെട്ടു. പുൽമേടുകൾ പിന്നിട്ട് ആറു മണിയോട് ബേസ് ക്യാമ്പിൽ തിരിച്ചെത്തി. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. തിരികെ നാട്ടിലേക്ക്. നാട്ടിലെത്തുമ്പോൾ പറയേണ്ട കഥകൾ ആലോചിക്കുകയായിരുന്നു എല്ലാവരും. കാട്ടാടിനെ കാട്ടുപോത്താക്കിയും, കാട്ടുമുയലിനെ , ഒറ്റയാനാക്കിയും അവർ തങ്ങളുടെ ഫാന്റസികൾ നെയ്തു.
പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ രണ്ടു ദിവസങ്ങൾ. രണ്ടു ദിവസം മുൻപ് വരെ അന്യരായിരുന്ന 32 പേർ ഇന്ന് ചങ്ക് ബ്രോസ് ആയിരിക്കുന്നു. ഈ യാത്ര , അതൊരിക്കലും മറക്കാനാകില്ല. ഒരുപിടി നല്ല സുഹൃത്തുക്കളെയും , നല്ല അനുഭവങ്ങളെയും സമ്മാനിച്ച മണിക്കൂറുകൾ കൊഴിഞ്ഞു വീഴാറായി എന്ന വിഷമത്തിൽ, വീണ്ടുമെവിടെയെങ്കിലും വച്ച് കണ്ടു മുട്ടാം എന്ന പ്രത്യാശയിൽ ഞാൻ കാടിനേയും കൂട്ടുകാരെയും പിരിഞ്ഞു.

https://en.wikipedia.org/wiki/Meesapulimala
സ്വർഗത്തിലേക്കുള്ള വഴി ... ഇത്രേം നേരം നടന്നതിന്റെ ക്ഷീണമെല്ലാം ഇത് കണ്ടപ്പോ അലിഞ്ഞില്ലാതായി

Thursday, July 20, 2017

തേയില മണക്കുന്ന മൂന്നാറിലേക്ക്


               "മല മേലെ തിരി വച്ച് പെരിയാറിൻ തളയിട്ടു ചിരി തൂകും പെണ്ണല്ലേ ഇടുക്കി, ഇവിടുത്തെ കാറ്റാണ് കാറ്റ്, മല മൂടും മഞ്ഞാണ് മഞ്ഞു” -  

Munnar
               മൂന്നാര്‍ യാത്ര കഴിഞ്ഞു ഇതുവരെ ഈ പാട്ട് നാവീന്നു പോയിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ആ യാത്രയെക്കുറിച്ച് എന്തെങ്കിലും രണ്ടു വരി എഴുതണമെന്നു തോന്നിയത്. അതാണ്‌ ഈ ഒരു മഹാ പാതകത്തില്‍ ചെന്നവസാനിച്ചത്‌. വായനക്കാരെ സഹിച്ചാലും..!!

പത്തു ദിവസത്തെ ലീവിന് വിദേശത്തുനിന്നുംലീവിന് നാട്ടിലെത്തിയാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും ? 

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയമെല്ലാം പോയി കാണും. വൈകുന്നേരം ചായക്കടയില്‍ ബഡായി പറഞ്ഞിരിക്കും, അതുമല്ലെങ്കില്‍ തിരിച്ചു പോക്കിനുള്ള പാക്കിംഗ് നടത്തും. മാക്സിമം വീട്ടില്‍ തന്നെ കഴിച്ചു കൂട്ടും. ഇതൊക്കെയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വിപരീതമായി വീട്ടിലെത്തിയതിന്റെ പിറ്റേന്നു തന്നെ വണ്ടിയുമെടുത്ത് പച്ചപ്പും , ഹരിതാഭയും തേടി ഊരുതെണ്ടാനിറങ്ങുന്ന ചില ആളുകളെ എനിക്കറിയാം. വിവിധങ്ങളായ യാത്രാ ഗ്രൂപ്പുകളില്‍ കണ്ടു പരിചയമുള്ള മുഖങ്ങള്‍. അത്തരത്തില്‍ ഒരാളുടെ കൂടെയായിരുന്നു ഇത്തവണത്തെ മ്മടെ യാത്ര.

**********

വെള്ളിയാഴ്ച വൈകുന്നേരം അമ്മ വിളിച്ചു

“മോനെ നിന്റെ കൂടെ വരുന്നവന്റെ നമ്പര്‍ താ”

ഇത് എല്ലാ യാത്രക്ക് മുമ്പും പതിവുള്ളതാണ്. ഞാന്‍ പോത്ത് പോലെ വലുതായെങ്കിലും (?) എങ്ങോട്ടെങ്കിലും ഇറങ്ങിയാല്‍ തിരിച്ചു വരുന്ന വരെ അമ്മക്ക് ടെന്ഷ്ന്‍ ആണ്. ഇനിയിപ്പോ എന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ഞാന്‍ പോലും അറിയാത്ത എന്റെ കൂട്ടുകാരെ വരെ അമ്മ വിളിച്ചു അന്വേഷിക്കും. അതാണ്‌ ന്റെ  സുമതിക്കുട്ടി. പക്ഷെ ഇത്തവണ അമ്മക്ക് കൊടുക്കാന്‍ എന്റെ കൈയില്‍ നമ്പര്‍ ഇല്ലായിരുന്നു. കാരണം തിരുവനന്തപുരത്ത് നിന്നു കൂടെ വരാം എന്നു പറഞ്ഞ രണ്ടു പേരും അവസാന നിമിഷം കാലു മാറി. 

“അപ്പൊ നീ ഒറ്റക്യാണോ പോന്നത് ?”

“അല്ലമ്മേ, മലപ്പുറത്തുന്ന്‍ ന്റെ  ഒരു പഴയ കോളേജ്മേറ്റ്‌ വരാന്നു പറഞ്ഞിട്ടുണ്ട്”

“ശോ.!! അന്നു ക്യാമറ മേടിക്കാന്‍ സമ്മതിക്കണ്ടായിരുന്നു. ഇപ്പൊ അതും എടുത്തു നാട് ചുറ്റുവല്ലേ” അമ്മ ദേഷ്യപ്പെട്ടു.

പക്ഷെ ഇങ്ങനെയൊക്കെ പറയുമെങ്കിലും ഒരേയൊരു കണ്ടീഷന്റെ പുറത്ത്,  എന്നെ എല്ലാ തവണയും സുമതിക്കുട്ടി യാത്രയാക്കും. എവിടെ പോയാലും വെള്ളത്തിലോ, വെള്ളചാട്ടത്തിലോ ഇറങ്ങരുത് എന്ന കണ്ടീഷന്‍. അത് ഞാന്‍ ഇത് വരെ തെറ്റിച്ചിട്ടുമില്ല.
munnar
അങ്ങനെ മലപ്പുറത്തു നിന്നും വരുന്ന ആ ചങ്ങായിയുടെ നമ്പര്‍ അമ്മക്ക് കൊടുത്തിട്ട് ഞാന്‍ കുറച്ചു നേരം ഒറങ്ങാന്‍ കിടന്നു. രാത്രി പത്തരക്കാണ് തിരുവനന്തപുരത്തു നിന്നും മൂന്നാറിലേക്കുള്ള ബസ്. KSRTC യുടെ സൂപ്പർ ഫാസ്റ്റ് ആയതു കൊണ്ട്, ബസ്സിൽ ഉറങ്ങുക എന്നത് ഇച്ചിരി ബുദ്ധിമുട്ടുള്ള കാര്യമാണ് അത് കൊണ്ടു പോകുന്നതിനു മുന്പേക കുറച്ചു നേരം ഉറങ്ങാമെന്ന് കരുതി. 

**********

               സമയം രാവിലെ അഞ്ചു മണി. ആളുകൾ ബസ്സിൽ നിന്നിറങ്ങുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ബസ്സിപ്പോൾ  അടിമാലി എത്തിയിരിക്കുന്നു. പിന്നീട് ഉറക്കം വന്നില്ല. മൂന്നാർ KSRTC ഡിപ്പോ എത്തിയപ്പോ ഞാനും ഇറങ്ങി. നല്ല ചാറ്റൽ മഴ , പോരാത്തതിന് തണുപ്പും . ജാക്കറ്റ് എടുത്തിട്ടു. വീട്ടിൽ വിളിച്ചു മൂന്നാർ എത്തീ എന്നറിയിച്ചു. പിന്നെ മലപ്പുറത്തു നിന്നും വരുന്ന ഗടിയെ ഫോണില്‍ വിളിച്ചു. ആളുടെ പേരു ക്രിപലേഷ് എന്നാണു. കക്ഷി അങ്ങ് ദുഫായില്‍ ഷാര്ജാ ഷേക്കിന്റെ വലം കൈ ആണ്. അവനെ നേരില്‍ കണ്ടിട്ട് ഇപ്പൊ കൊല്ലം അഞ്ചു കഴിഞ്ഞു.  രണ്ടുദിവസം  മുന്പ് നാട്ടില്‍ എത്തിയിട്ടേ ഉള്ളൂ. ഒരു ദിവസം പോലും വീട്ടില്‍ നിക്കാതെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് പുള്ളി. കൂടെ അനിയനും പിന്നെ രണ്ടു സുഹൃത്തുക്കളും ഉണ്ട്. അതാണ് മലപ്പുറത്തുകാരുടെ യാത്രാ പ്രേമം. എനിക്ക് തോന്നുന്നു മലയാളികളിൽ ഏറ്റവും കൂടുതൽ യാത്ര കമ്പമുള്ളതു  മലപ്പുറത്തുകാർക്കാണെന്ന്  . സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകൾ എടുത്തു നോക്കിയാൽ ഞാന്‍ കൂടുതൽ കണ്ടിട്ടുള്ളത് മലപ്പുറത്തെ സാഹൊകളെയാണ്. അതവിടെ നിൽക്കട്ടെ , കൃപലേഷ് കോതമംഗലം കഴിഞ്ഞിട്ടേ ഉള്ളൂ . ഇനിയും രണ്ടു മണിക്കൂർ കൂടെ എടുക്കും. ഞാൻ ഫ്രഷ്അപ്പ് ആവാൻ പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു. ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്ക് ആരും റൂം കൊടുക്കുന്നില്ല. മിനിമം 12 മണിക്കൂർ നേരത്തേക്കെങ്കിലും എടുക്കണമത്രേ. ബ്ലഡി ഫെല്ലോസ് . ഇനിയിപ്പോ എന്ത് ചെയ്യും ?

അങ്ങനെ കുറെ നേരം കറങ്ങിയപ്പോ കേരള ഗവണ്മെന്റിന്റെ പേര് വച്ച ഒരു ടൂറിസ്റ്റ് അമിനിറ്റി സെന്റർ കണ്ടു. ആവശ്യം അറിയിച്ചു 5 രൂപ ദക്ഷിണ വെച്ച് പോയി വരാൻ പറഞ്ഞു. അങ്ങനെ കുളിയും പല്ലു തേപ്പും എല്ലാം കഴിഞ്ഞു ഒരു കട്ടൻ ചായയും അടിച്ചു റോഡിലേക്കിറങ്ങി . സമയം ഏഴു ആകുന്നതേ ഉള്ളൂ. കൃപലേഷ് പറഞ്ഞതനുസരിച്ച്  അവൻ എത്താന്‍ കുറഞ്ഞത് എട്ടു മണി എങ്കിലും ആവും. നേരത്തെ കണ്ട ചാറ്റൽ മഴ ഇപ്പൊ ഏതാണ്ട് നല്ല രീതിയിൽ തന്നെ പെയ്യുന്നുണ്ട്. മഴ പണ്ടേ എനിക്കൊരു വീക്നെസ് ആണ്. മുട്ടറ്റം വരെ മഴ നനഞ്ഞു സ്‌കൂളിൽ പോയതും, ചേമ്പില ചൂടി പരൽ മീനിനെ പിടിക്കാൻ പോയതും ,  പുരപ്പുറത്തെ ഓലക്കീറിൽ മഴ നടത്തുന്ന ചെണ്ട മേളവും ഇന്നലകളിലെ നല്ല ഓർമകളായി ഇന്നും മനസ്സിലേക്ക് ഓടിയെത്തുന്നു. ഇപ്പോഴും  എനിക്ക് മഴയത്തു നനഞ്ഞു കുളിക്കാൻ ഇഷ്ടമാണ്. എന്നാ പിന്നെ മൂന്നാറിലൂടെ ഒരു മഴ നടത്തം തന്നെയാവട്ടെ. കുറേ നേരം നടന്നു. കോരിച്ചൊരിയുന്ന മഴയില്‍ മൂന്നാറിന്റെ നെഞ്ചിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. രാവിലെ തന്നെ ഒരുത്തൻ ബാഗും തൂക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു , വഴിയിലെ  നാട്ടുകാർ പരസ്പ്പരം ചോദിച്ചു കാണണം , "വട്ടാണല്ലേ "

അവസാനം ഒന്നര മണിക്കൂർ നീണ്ട നടത്തം അവസാനിപ്പിച്ചു വീണ്ടും ഒരു കട്ടൻ ചായ കൂടി കുടിച്ചു , ഞാൻ കൃപലേഷിനെ വിളിക്കാൻ ഫോൺ എടുക്കാൻ തുടങ്ങുമ്പോൾ അതാ മുന്നിൽ ഒരു ചുവന്ന സ്വിഫ്റ്റ് കാർ. ദേ വന്നിരിക്കുന്നു മ്മടെ ഗഡീസ്.കൃപ്‌സും സംഘവും. ഇവനെ ഒഴികെ മറ്റാരെയും എനിക്ക് പരിചയമില്ല. അങ്ങനെ പരിചയപ്പെടലുകള്‍ക്ക് ശേഷം എല്ലാരും കൂടി അടുത്തുള്ള അന്നപൂർണ്ണ ഹോട്ടെലിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു. സത്യം പറയാലോ മൂന്നാറിൽ എല്ലാ കാര്യങ്ങളും ഇഷ്ട്ടപ്പെട്ടെങ്കിലും ഫുഡിന്റെ കാര്യത്തിൽ മാത്രം ഞാൻ ഇപ്പോഴും ഹാപ്പിയല്ല. ക്രിപ്സിന്റെ കൂടെ വന്ന ലാലുവിനു മോഷൻ സിക്നസ്സ് കാരണം ഫുഡ് ഒന്നും കഴിക്കാൻ പറ്റിയില്ല. തുടർച്ചയായ കാർ യാത്ര കാരണം അവൻ ആകെ ക്ഷീണിതൻ ആയിട്ടുണ്ട്. അവസാനം ലാലുവിന് ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്തു കൊടുത്തു , ക്രിപ്സ് ഗൾഫിൽ നിന്ന് കൊണ്ട് വന്ന ചോക്ലേറ്റും കഴിച്ചു ഞങ്ങൾ മൂന്നാർ ഏക്സ്പ്ലൊറേഷൻ തുടങ്ങി.

Top station Munnar
View from Top Station

 
മൂന്നാർ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 5200 അടി ഉയരത്തിൽ  സ്ഥിതി ചെയ്യുന്നു  എന്നാണ് വിക്കി അമ്മായി പറയുന്നത് . തേയിലക്കൃഷിയാണ് പ്രധാന വരുമാനം.  ഞാൻ എന്തായാലും മൂന്നാറിന്റെ ഹിസ്റ്റോറിയും , ജിയോഗ്രഫിയും പറഞ്ഞു ബോറടിപ്പിക്കുന്നില്ല. മൂന്നാറിന്റെ ദേശീയ വാഹനം JCB ആണെന്ന് പഴയ അച്ചുമ്മാമ പുരാണത്തിൽ എവിടെയോ വായിച്ചത് ഞാനോർക്കുന്നു  . നാലഞ്ചു കൊല്ലം മുൻപ് ഞാൻ ഇവിടെ വന്നിട്ടുണ്ട്. അന്ന് കാണാതെ  ബാക്കി വച്ച സ്ഥലങ്ങൾ കണ്ടു തീർക്കണം  അത്രയേ ഈ യാത്ര കൊണ്ട് ഉദ്ദേശിച്ചുള്ളൂ. ആദ്യം പോകാൻ ഉദ്ദേശിച്ചത് ടോപ് സ്റ്റേഷനിലേക്കാണ്. ഹോട്ടെലിൽ നിന്നും ഗൂഗിൾ മാപ് സെറ്റ് ചെയ്തത് പ്രകാരം യാത്ര തുടർന്ന്. പക്ഷെ എല്ലാ തവണത്തേയും പോലെ ഇത്തവണയും ഗൂഗിൾ പെണ്ണ് ചതിച്ചു.പോയ റോഡ് ചെന്നെത്തിയത് ഒരു ഗേറ്റിനു മുൻപിൽ അതിനപ്പുറം പ്രൈവറ്റ് എസ്റ്റേറ്റ് റോഡ് ആണ്. ഞങ്ങടെ വണ്ടി കണ്ടു അവിടുത്തെ പ്രായമായ വാച്ചർ വന്നു. ഞങ്ങൾ കാര്യം പറഞ്ഞു. അവസാനം അത് വഴിയേ പോയിക്കൊള്ളാൻ അയാൾ അനുവാദം തന്നു . പക്ഷെ താൻ പറഞ്ഞിട്ടാണ് അത് വഴി പോകുന്നതെന്ന് ആരോടും പറയരുതെന്നും പറഞ്ഞു. 
മാട്ടുപ്പെട്ടി ഡാമും , കുണ്ടല ഡാമും കടന്നു ഉച്ചയോടെ ടോപ്‌ സ്റ്റേഷൻ എത്തി. 

Munnar Top Station
Top Station View Point

വൊഡാഫോൺ തമിഴ്നാട്ടിലേക്ക് സ്വാഗതം എന്ന SMS കിട്ടിയപ്പോഴാണ് ഇപ്പൊ നിൽക്കുന്നത് കേരളത്തിലല്ല എന്ന് മനസ്സിലായത്. തമിഴ്നാട് തേനി ജില്ലയിലാണ് ടോപ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടു മുൻപ്  ടോപ് സ്റ്റേഷനിൽ നിന്ന് മൂന്നാറിലേക്ക് ഒരു റെയിൽവേ ലൈനും കോട്ടഗുഡി എന്ന തമിഴ് താഴ്വാര ഗ്രാമത്തിലേക്ക് ഒരു റോപ്പ് വേയും ഉണ്ടായിരുന്നു. മുന്നാറിലെ തേയില ടോപ് സ്റ്റേഷൻ വഴി തമിഴ് നാട്ടിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും അയച്ചിരുന്നതായി ചരിത്രം പറയുന്നു. 1924 -ലെ മഹാ പ്രളയത്തിൽ റെയിൽവേ ലൈനുകൾ എല്ലാം നാമാവശേഷമായെങ്കിലും, 1969 വരെ ഒരു ഇലക്ട്രിക്ക് റോപ്പ് വേ മൂന്നാർ മുതൽ ടോപ് സ്റ്റേഷൻ വരെ പ്രവർത്തിച്ചതായി അറിയുന്നു. സമുദ്ര നിരപ്പിൽ നിന്ന് ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുന്നാറിൽ പ്രളയം എന്നത് സങ്കൽപ്പിക്കാൻ കഴിയുന്നില്ല അല്ലെ ? മുല്ലപ്പെരിയാറിൽ ഡാമില്‍  വിള്ളൽ വീണതായിരുന്നു കാരണം എന്ന് പഴമക്കാർ പറയുന്നു. അന്നത്തെ വെള്ളപ്പാച്ചിലിൽ കരിന്തിരിമല ഒന്നാകെ ഒലിച്ചു പോയത്രേ. ഇന്നത്തെ അവസ്ഥയില്‍ മുല്ലപ്പെരിയാര്‍ എത്രത്തോളം സുരക്ഷിതമാണ് എന്നത് ഒന്നിരുത്തി ചിന്തിക്കേണ്ടതാണ്. ടോപ് സ്റ്റേഷനിലെ വ്യൂ പോയിന്റിൽ കയറി നിന്നാൽ സഹ്യന്റെ പനോരാമിക് വ്യൂ കൺ കുളിർക്കെ കാണാൻ കഴിയും. അങ്ങ് ദൂരെ നീലക്കുറിഞ്ഞി പൂക്കുന്ന കുന്നുകളും. 2018 -ലെ നീലക്കുറിഞ്ഞിക്കാലമെത്താൻ കാത്തിരിക്കുകയാണ് ഞാൻ. രാജമാണിക്യം പറഞ്ഞത് പോലെ "തള്ളെ ഒരു വരവും കൂടി വരണ്ടി  വരും". 

ടോപ് സ്റ്റേഷനിലെ ഗുരൂസ് ഹോട്ടലിൽ നിന്ന് ഊണും കഴിച്ചു ഇനി എവിടേക്ക് പോകും എന്നറിയാതെ വായും പൊളിച്ചിരിക്കുമ്പോഴാണ് അടുത്ത് സ്ട്രോബറി ഫാം ഉണ്ടെന്ന ബോർഡ് കണ്ടത്. എന്നാ പിന്നെ പോട്ടെ വണ്ടി അങ്ങോട്ട്. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അതാ കിടക്കുന്നു ഒരു ചെക്ക്പോസ്റ്. സ്ട്രോബറി തോട്ടം കാണാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ഇവിടെയെങ്ങും തോട്ടമില്ല എന്നാൽ കുറച്ചു ദൂരം പോയാൽ വട്ടവട എന്നൊരു വില്ലേജ് ഉണ്ട് എന്ന് അവിടെ ഇരുന്നവർ പറഞ്ഞു. എന്തായാലും ഇത്രേം ദൂരം വന്നതല്ലേ വില്ലേജെങ്കിൽ വില്ലേജ്, കണ്ടിട്ട് പോയേക്കാം . 

Pampadum Shola National Park
Driving through Pambadum Shola forest

ഇനിയുള്ള യാത്ര പാമ്പാടും ചോല ഫോറെസ്റ്റിനുള്ളിലൂടെയാണ്. വഴിയിലെങ്ങും വണ്ടി നിർത്തരുതെന്നും , ഫോട്ടോ എടുക്കരുതെന്നും നിർദ്ദേശം കിട്ടി. വണ്ടിയുടെ നമ്പറും കോൺടാക്ട് നമ്പറും ചെക്ക് പോസ്റ്റിൽ എഴുതി കൊടുത്തു.വീതി കുറഞ്ഞതാണ് റോഡ് അതുകൊണ്ടു തന്നെ വളവുകളിൽ ഹോൺ അടിക്കാതിരിക്കാൻ നിവർത്തിയില്ല . കാട്ടിൽ ഹോണടിക്കരുത് എന്നാണല്ലോ നിയമം. ഭാഗ്യമുണ്ടെങ്കില്‍ പോകുന്ന വഴിക്ക് കാട്ടു മൃഗങ്ങളെ കാണാന്‍ കഴിഞ്ഞേക്കും. ലോകത്ത് അപൂര്വ്വ മായി കാണപ്പെടുന്ന നീലഗിരി മാര്ട്ടിന്‍ വരെ ഈ കാടുകളില്‍ ഉണ്ട്. പക്ഷെ ഒരു മലയണ്ണാനെയല്ലാതെ വേറൊന്നും ഞങ്ങള്‍ കണ്ടില്ല. കുറെ ദൂരം ചെന്നപ്പോൾ നമ്മുടെ പഴയ സ്ട്രോബറി പരസ്യം വീണ്ടും കണ്ടു. കണ്ട ദിശയിലേക്കു വണ്ടി നിർത്തി. സത്യത്തിൽ ഇത് തന്നെയായിരുന്നു വട്ടവട വില്ലേജും. 

വണ്ടിയിൽ നിന്നും ഇറങ്ങിയതും സ്ട്രോബറി തോട്ടം കാണിച്ചു തരാം എന്ന് പറഞ്ഞു ഒരു പീക്കിരി പയ്യൻ വന്നു പിന്നാലെ കൂടി. ഞങ്ങൾ മൈൻഡ് ചെയ്യാതിരുന്നിട്ടും അവൻ മുന്നാലെ വഴികാട്ടിയെപ്പോലെ നടന്നു. എന്തായാലും കൂടെ പോന്നോട്ടെ വഴിയറിയാത്തതല്ലേ എന്ന് ഞങ്ങളും കരുതി. 

തോട്ടത്തിലേക്ക് 150 മീറ്ററെ ഉള്ളൂ എന്ന് പരസ്യത്തിൽ കണ്ടിരുന്നു .ഏതാണ്ട് രണ്ടു മീറ്ററോളം വീതിയുള്ള ചളി നിറഞ്ഞ വഴിയിലൂടെയാണ് നടത്തം. ഉറച്ച ചളിയിലൂടെ ഒരടിയോളം ആഴത്തിൽ വലിയ ചക്രങ്ങൾ കടന്നു പോയ പാടുകൾ. ഏതോ റിസോർട്ടുകാരുടെ ഓഫ് റോഡിങ് ട്രാക്കാണ് ഇതെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. നടന്നു നടന്നു അര കിലോമീറ്ററിലധികം പിന്നിട്ടു. ചുറ്റും പല തരത്തിലുള്ള ചെടികളും, പച്ചക്കറി തൈകളും കാണാനുണ്ടായിരുന്നു . എന്നാൽ സ്ട്രോബറി മാത്രം വന്നില്ല .  

ഈ ചെക്കനിതെങ്ങോട്ടാ നമ്മളെ കൊണ്ട് പോകുന്നെ ? , എല്ലാരും പരസ്പ്പരം ചോദിയ്ക്കാൻ തുടങ്ങി . 

കുറച്ചു ദൂരെ മല മുകളിൽ നിന്ന് എന്തൊക്കെയെ കൊട്ടും പാട്ടുമെല്ലാം കേൾക്കാമായിരുന്നു. പഴയ മലയാള  സിനിമകളില്‍ കാട്ടുവാസികളെ കാണിക്കുമ്പോള്‍ കേള്പ്പിക്കുന്ന ബാക്ക്ഗ്രൌണ്ട് സ്കോര്‍ പോലെ. ഇനിയിപ്പോ ഞങ്ങളെ ബലി കൊടുക്കാനോ മറ്റോ കൊണ്ട് പോകുകയാണോ ? , അതായിരിക്കില്ല ചിലപ്പോ വളഞ്ഞിട്ടു തല്ലാനായിരിക്കും. പടച്ചോനെ ഇങ്ങള് കാത്തോളീ . 

"മോനെ അതെന്താ മോളീന്ന് പാട്ടു കേക്കുന്നെ ?" ഞങ്ങളിലാരോ ചോദിച്ചു 

"അത് തീർന്നതാ " അവൻ മറുപടി പറഞ്ഞു . 

"തീർന്നതോ, എന്ത് ?" മുകളിലെ കുടിയിൽ ആരോ മരിച്ചതിന്റെ ചടങ്ങുകളാണ് നടക്കുന്നത്. അതാണ് മ്മടെ പയ്യൻ പറഞ്ഞത് . ഓ ഭാഗ്യം വെറുതെ തെറ്റിദ്ധരിച്ചു. 

"അല്ല , സ്ട്രോബറി തോട്ടം എത്താറായില്ലേ ?" എല്ലാരും ചെറുക്കനെ നോക്കുന്നു 

 ദേ യിപ്പോ ശരിയാക്കിത്തരാം എന്ന മട്ടിലാണ് അവൻ നടക്കുന്നത്.
കുറച്ചു ദൂരം നടന്നപ്പോൾ അവൻ തിരിച്ചു നടന്നു എന്നിട്ടു വേറൊരു ദിശയിൽ കൈ ചൂണ്ടി ദേ അവിടെ വേറൊരു തോട്ടമുണ്ട് അങ്ങോട്ട് പോകാം എന്ന് പറഞ്ഞു .

"ങേ .. ഇവനെന്താ ആളെ പറ്റിക്കുകയാണോ ? ദൈവമേ , ഇവിടം വരെ ഉള്ള പെട്രോളും കളഞ്ഞു വന്നിട്ട് ഒരു മാതിരി ശശി ആയോ  ?"

ഞങ്ങൾ തിരിച്ചു നടക്കുമ്പോൾ ദാ വരുന്നു രക്ഷകനെപ്പോലെ ഒരാൾ 

"നീയിവരെ എവിടെ കൊണ്ട് പോകുവാ, നിങ്ങള് വാ" അയാള് പറഞ്ഞു. 

Vattavada Munnar
Dheena - Our guide at Vattavada village


ഞങ്ങൾ പോയ തോട്ടത്തിന്റെ ഓണറെ കാണാഞ്ഞിട്ടാണ് ചെറുക്കൻ വഴി മാറ്റി പിടിച്ചത് . അത് പിന്നീടാണ് ഞങ്ങൾക്ക് മനസ്സിലായത്. ദീന എന്നാണ് നമ്മുടെ ഈ കഥാ നായകൻറെ പേര്. ആറാം ക്‌ളാസിൽ പഠിക്കുന്നു . സ്‌കൂൾ ഇല്ലാത്ത ദിവസം ഇവിടുത്തെ തോട്ടങ്ങളിലെ ഏജന്റുമാരായി ദീനയും അവന്റെ കൂട്ടുകാരും മാറും. അതിനവർക്ക് ചെറിയ തുക പോക്കറ്റ് മണിയായും  കിട്ടും.  ഞങ്ങൾ ഒരു ചെറിയ വീടിന്റെ മുന്നിൽ എത്തി . വീടിനു ചുറ്റും കാബേചും, ബീൻസും ചെറിയ പൂച്ചെടികളും പടർന്നു നിൽക്കുന്നു. 

"സ്ട്രോബറി ഇവിടെ  " ഞാൻ ചോദിച്ചു  മുന്തിരി തോട്ടം പോലൊരു സെറ്റപ് ആണ് ഉദ്ദേശിച്ചത് .

"ദേ അവിടെ" - അനീഷേട്ടൻ വീടിന്റെ മുന്നിലേക്ക് വിരൽ ചൂണ്ടി . ഈ തോട്ടത്തിന്റെ ഓണറാണ് പുള്ളി . അച്ഛനും അമ്മയും ഒത്തു ഇവിടെ താമസിക്കുന്നു . തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് വട്ടവടയിലേക്ക് കുടിയേറി പാർത്തവരാണിവർ. SSLC കഴിഞ്ഞു VHSE അഗ്രികൾച്ചർ പകുതിയിൽ ഉപേക്ഷിച്ചു പോന്നതാണ് അനീഷേട്ടൻ. മൂന്നു മക്കളായിരുന്നു അവർ. ആദ്യത്തെ രണ്ടു പേരും ചില ജീവിത പ്രശ്നങ്ങളാൽ ആത്മഹത്യ ചെയ്തു. വിദ്യാ സമ്പന്നരായിരുന്നു രണ്ടു പേരും. ഒരാൾ സിവിൽ എൻജിനീയറും , മറ്റെയാൾ ആയുർവേദ ഡോക്ടറും. പക്ഷെ ജീവിതം അങ്ങനെയാണ്. ആക്ഷൻ ചിത്രങ്ങൾ പോലെ ചില ട്വിസ്റ്റുകൾ അത് പലയിടത്തായി ഒളിപ്പിച്ചു വെക്കുന്നു. ☹☹

"അപ്പൊ ഇതാണ് സ്ട്രോബറി ചെടി "

Vattavada Munnar
Strawberry farm
ഏതാണ്ട് ഒന്നൊന്നരയടി നീളമേ അതിനുള്ളൂ. ചെടിയുടെ മുകളിൽ ഉണ്ടാകുന്ന സ്ട്രോബറി പഴങ്ങൾ മണ്ണിലേക്ക് ചാഞ്ഞു നിക്കുന്നു. ഒരു മാസ്സ് എൻട്രി പ്രതീക്ഷിച്ച എനിക്ക് സ്ട്രോബറി ചെടിയുടെ സൈഡ് എൻട്രിയിൽ തൃപ്തനാകേണ്ടി വന്നു. 400 രൂപയ്ക്കാണ് ഇവർ ഇത് വിൽക്കുന്നത്. ഇതോടൊപ്പം തന്നെ സ്ട്രോബറി ജാമും , സ്ട്രോബറി വൈനും ഇവിടെ വാങ്ങാൻ കിട്ടും. സാധാരണയായി സ്ട്രോബറി മൂന്നു നാലു മാസത്തിൽ പഴുത്തു റെഡിയാകും . സ്ട്രോബറിയിൽ പഴവും , ശർക്കരയും , നാരങ്ങാ നീരും ചേർത്താണ് ജാമുണ്ടാക്കുന്നതു. ഏകദേശം 5 മണിക്കൂർ എടുക്കുന്ന പ്രോസസ്സ് ആണിത് . നമ്മുടെ നാട്ടിൽ ഹൽവായൊക്കെ ഉണ്ടാക്കുന്നത് പോലെ. ഞങ്ങൾ ഒരു കിലോ സ്ട്രോബറിയും , മൂന്നാലു കുപ്പി ജാമും വാങ്ങിച്ചു. ഇവിടെ വില പേശാൻ നിന്നില്ല. ഷോപ്പിംഗ്‌ മാളില്‍ MRP കൊടുത്തു സാധനം വാങ്ങിക്കുന്നവര്‍ റോഡ്‌ സൈഡിലെ ഉന്തുവണ്ടി കച്ചവടക്കാരുടെ കൈയില്‍ നിന്നു പച്ചക്കറി വാങ്ങിക്കുമ്പോള്‍ രണ്ടു രൂപയ്ക്കു പോലും  വില പേശുന്നത് നമ്മളെത്ര കണ്ടിരിക്കുന്നു. ജീവിക്കാൻ വേണ്ടി കച്ചവടം ചെയ്യുന്നവരോട് ഞാൻ ഒരിക്കലും വില പേശിയിട്ടില്ല.

കൂടെ കുറച്ചു സ്ട്രോബറി തൈകളും വാങ്ങിച്ചു. നമ്മുടെ നാട്ടിലും സ്ട്രോബറി ചെടി വളരുമത്രെ. എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കുക തന്നെ. ശരിയായിരിക്കാം വട്ടവട്ടയിലെ കാലാവസ്ഥ മൂന്നാറിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ നാട്ടിലേതു പോലെ തന്നെ ചൂടുണ്ട്. കുന്നിലെ മരം വെട്ടൽ കാരണം കാലാവസ്ഥ ഒരുപാട് മാറി എന്ന് അനീഷേട്ടന്‍ പറഞ്ഞു.  കാടിന് നടുവിൽ ആണെങ്കിലും വട്ടവടയിൽ ഇതുവരെ പന്നി ഒഴികെ മറ്റു കാട്ടു മൃഗങ്ങൾ ഒന്നും ഇറങ്ങിയിട്ടില്ല. മിക്കവാറും എല്ലാ ദിവസവും പന്നി തോട്ടത്തിൽ കടക്കും. ഇതിനെ ഓടിക്കാനായി എല്ലാ വീട്ടിലും രണ്ടും മൂന്നും പട്ടികളെ വരെ വളർത്തുന്നുണ്ട്. ഒരു മണിക്കൂറോളമേ അവിടെ ചിലവഴിച്ചുള്ളൂ എങ്കിലും വട്ടവടയിൽ നിന്ന് തിരിച്ചു പോരാൻ തോന്നുന്നില്ല. അത്രയ്ക്ക് മഹോഹരമാണ് ഇവിടം. രണ്ടു കുന്നുകൾക്കിടയിലാണ് ശരിക്കും വട്ടവടയുടെ സ്ഥാനം. കുന്നുകളിലേക്കു കയറിപ്പോകുന്ന രീതിയിൽ തട്ട് തട്ടുകളായാണ് കൃഷി സ്ഥലങ്ങൾ. ഏകദേശം വിയറ്റ്നാമിലെ പ്രശസ്തമായ  റൈസ് ടെറസ്സുകളെ പോലെയിരിക്കും. ഈ സ്ഥലം സന്ദർശിക്കാത്ത പോയിരുന്നെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ ആയേനെ. ദീനക്കും അവന്റെ കുട്ടി സംഘത്തിനും കൈയിൽ കരുതിയ ചോക്കലേറ്റ് പാക്കറ്റുകൾ എടുത്തു കൊടുത്തു ഞങ്ങൾ വട്ടവടയോട് യാത്ര പറഞ്ഞു. ഇനി യാത്ര, തിരിച്ചു മൂന്നാർ ടൗണിലേക്ക്. അത് വഴി തിരുവനന്തപുരത്തേക്കും.  തിരിച്ച് ബസ്സ് കേറും മുൻപ് മൂന്നാറിൻ  മണമുള്ള ഒരു പാക്കറ്റ് തേയിലപ്പൊടി വാങ്ങി ബാഗിലിട്ടു. കൂടെ കൃപലേഷും കൂട്ടുകാരും സ്നേഹത്തോടെ നിർബന്ധിച്ചു കവറിലിട്ടു തന്ന നല്ല ചുവന്നു തുടുത്ത സ്ട്രോബറി പഴങ്ങളും. ആ സ്നേഹത്തിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് പിറ്റേന്ന് രാവിലെയാണ് ഞാൻ മനസ്സിലാക്കിയത്.

Vattavada Munnar
Vattavada village


**********

തിങ്കളാഴ്ച രാവിലെ സമയം 7 മണി , കഴക്കൂട്ടത്ത്  ബസ്സിറങ്ങി ഞാൻ റൂമിലേക്ക് നടന്നു.ബാഗിൽ നിന്ന് ജീൻസും , ടീ  ഷർട്ടും എടുത്തു പുറത്തേക്കു വച്ചപ്പോൾ കണ്ട കാഴ്ച , എന്നെ ഒരു നിമിഷം ഞെട്ടിച്ചു. കഴിഞ്ഞ ആഴ്ച വാങ്ങിച്ച എന്റെ പുതിയ ടീ ഷർട്ടിൽ നിറയെ രക്തക്കറ. കട്ടച്ചോരയുടെ ചെഞ്ചുവപ്പ്.  ഇതെങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ഇന്നലെ  കിട്ടിയ  സ്നേഹത്തിന്റെ ബാക്കി പത്രം 

"എന്നാലും എന്റെ സ്ട്രോബറീ  ..എന്നോട് നീ ഈ ചതി ചെയ്തല്ലോ .!!"


തല്ക്കാലം ഇവിടെ നിര്ത്തുന്നു. പോയിട്ട് കുറച്ചു പണിയുണ്ട്. ഇന്നലെ മുതൽ സർഫ് എക്സൽ ഇട്ടു ഉരച്ചോണ്ടിരിക്കുവാ. ടീ ഷർട്ടിലെ സ്ട്രോബറി കറ ഇന്നെങ്കിലും പോയിക്കിട്ടിയാൽ മതിയായിരുന്നു. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും , പുതിയതൊരെണ്ണം വാങ്ങിക്കാൻ.


Wednesday, May 10, 2017

ആനയെക്കാണാൻRoute Map"എടാ ശങ്കൂ എണീക്കെടാ , മണി ആറുകഴിഞ്ഞു..!! എത്ര നേരായി വിളിക്കുന്നു". അതി രാവിലെ യാത്ര പോകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കൂട്ടത്തില്‍ വരുന്ന ഒട്ടുമിക്കവന്മ്മാര്‍ക്കും ഉണ്ടാവാറുള്ള സ്ഥിരം അസുഖമാണിത്. രാവിലെ ആറു മണിക്ക് തന്നെ വീട്ടില്‍ നിന്നെറങ്ങണം എന്നു പ്ലാന്‍ ചെയ്തിട്ടാണ് രാത്രി എല്ലാരും ഒറങ്ങാന്‍ കെടന്നത്. ഇപ്പൊ സമയം ആറു കഴിഞ്ഞിരിക്കുന്നു. ശങ്കു എന്നു ഞങ്ങള്‍ വിളിക്കുന്ന സുജിത്ത് ഇത് വരെ എണീറ്റില്ല, ഞാനും രെജുല്‍ ബ്രോയും എപ്പഴേ റെഡിയായി നില്‍ക്കുകയാണ്. അവസാനം ശങ്കുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു പല്ല് തേപ്പിച്ചു കുട്ടപ്പനാക്കി വരുമ്പോഴേക്കും ക്ലോക്കില്‍ സമയം ഏഴു കഴിഞ്ഞിരിക്കുന്നു. അപ്പോ പറഞ്ഞു വരുന്നത്, കുറച്ചു നാള്‍ മുന്‍പ് കോട്ടൂര്‍ ആന സാങ്കേതത്തിലേക്ക് ഞങ്ങള്‍ നടത്തിയൊരു ചിന്ന യാത്രയെ കുറിച്ചാണ്. തിരുവനന്തപുരം ജില്ലയില്‍ അഗസ്ത്യകൂടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര വന പ്രദേശമാണ് കോട്ടൂര്‍. ഇവിടെ കാപ്പുകാട് എന്ന സ്ഥലത്താണ് ഞാന്‍ മേല്‍പ്പറഞ്ഞ ആന വളര്‍ത്തു കേന്ദ്രം ഉള്ളത്. തിരുവനന്തപുരം നഗരത്തില്‍ നിന്നു ഏകദേശം 35 കിലോമീറ്റര്‍ ദൂരം ഉണ്ട്. ഇടക്കിടെയുള്ള വീക്ക്‌എന്ഡ് ട്രിപ്പില്‍ ഇത്തവണ പോകാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലം കോട്ടൂര്‍ ആയിരുന്നു.

Kottur
ഇവിടെ ആനകളെ കാണുന്നതോടൊപ്പം തന്നെ, രാവിലെ ആനകളെ കുളിപ്പിക്കുമ്പോള്‍ കൂടെ കൂടുകയും ചെയ്യാം. ആനപ്പുറത്ത് കയറാം. പുഴ വെള്ളത്തില്‍ ആനകളോട് കൂട്ട് കൂടാം. അതാണ്‌ രാവിലെ നേരത്തെ തന്നെ വീട്ടില്‍ നിന്നിറങ്ങാന്‍ പ്ലാന്‍ ചെയ്തത്. പക്ഷെ അത് മിക്കവാറും ശങ്കുവിന്റെ ആനയുറക്കം കാരണം നടക്കാതെ പോകുമെന്ന് തോന്നുന്നു.
 

    അങ്ങനെ എല്ലാം കഴിഞ്ഞു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ സമയം 7:30 കഴിഞ്ഞിരുന്നു. ഗൂഗിള്‍ മാമന്‍ പറഞ്ഞ പ്രകാരം കഴക്കൂട്ടത്ത് നിന്ന് പോത്തന്‍കോട് വഴി നെടുമങ്ങാട് പിടിക്കണം. അത് കഴിഞ്ഞു കാട്ടാക്കട റോഡ്‌. ബാക്കി റൂട്ട് അവിടെ എത്തിയിട്ട് നോക്കാം. ശങ്കുവും രെജുലും ഒരു ബൈക്കിലും ഞാന്‍ എന്റെ സന്തത സഹചാരിയായ സ്കൂട്ടറിലും വച്ചു പിടിച്ചു. നേരത്തെ എഴുന്നേറ്റത് കൊണ്ടും രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ടും, അധികം വൈകാതെ തന്നെ വിശപ്പിന്‍റെ വിളി തുടങ്ങി. വെമ്പായം ജംക്ഷനിലെ ഇലവുങ്കല്‍ ഹോട്ടെലില്‍ കയറി നല്ല ചൂടു പൂരിയും, കിഴങ്ങ് കറിയും കഴിച്ചു. തനി നാട്ടുമ്പുറത്തെ ഭക്ഷണം. കുറെയേറെ ദിവസങ്ങള്‍ക്കു ശേഷം രുചിയുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിന്റെ സംതൃപ്തിയില്‍ മനസ്സു നിറഞ്ഞു.

    വെമ്പായത്തു നിന്നു നേരെ നെടുമങ്ങാട്‌ എത്തി. അവിടുന്ന് കാട്ടാക്കട റോഡിലേക്ക് തിരിഞ്ഞു. ഈ റൂട്ട് ഒരു 10-15 കിലോമീറ്റര്‍ വന്നാല്‍ ചെന്നെത്തുന്നത് കോട്ടൂര്‍-കുറ്റിച്ചാല്‍ റോഡിലെക്കാണ്. ഒരു അഞ്ചു കിലോമീറ്റര്‍ കൂടി വന്നാല്‍ കോട്ടൂര്‍ ജങ്ക്ഷന്‍ എത്തും. ഇവിടെ നിന്നും ആരോടു ചോദിച്ചാലും കപ്പുകാടെക്കുള്ള വഴി പറഞ്ഞു തരും. ചോയ്ച്ചുചോയ്ച്ചോണ്ട് പോയാ മതി. ഇവിടെ നിന്നുള്ള റോഡ്‌ പക്ഷെ ഒരല്‍പം മോശമാണ്. ഭാഗ്യം രണ്ടു കിലോമീറ്റര്‍ പോയപ്പോഴേക്കും കേരള ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബോര്‍ഡ്‌ കണ്ടു.

Kottur
സമയം പത്ത് ആകാറായി. വണ്ടി പാര്‍ക്ക് ചെയ്തു. 20 രൂപയെ എന്ട്രന്‍സ് ഫീ ഉള്ളൂ. ഇനിയിപ്പോ ആന സവാരി വേണമെങ്കില്‍ 200 രൂപ കൂടി കൊടുക്കണം. മുന്‍പ് പല തവണ ആനപ്പുറത്ത് കയറിയിട്ടുള്ളതിനാല്‍ ഇത്തവണ അത് വേണ്ടെന്നു വച്ചു.  

    അങ്ങനെ ടിക്കറ്റുമെടുത്തു കരി വീരന്മാര്‍ക്കിടയിലേക്ക് വലതു കാല്‍ വച്ചു കയറി. എന്ട്രന്സില്‍ തന്നെ ചുക്ക് മുതല്‍ കാട്ടു തേന്‍ വരെയുള്ള സാധനങ്ങള്‍ വില്കുന്ന ഒരു സുവനീര്‍ ഷോപ്പ് ഉണ്ട്. അത് കഴിഞ്ഞാല്‍ ഫോറെസ്റ്റ് കോട്ടേജുകള്‍ ആണ്. ഒരു ദിവസം വന്നു ഇവിടെ താമസിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടിയിട്ടുള്ളത്. 4 പേര്‍ക്ക് വരെ താമസിക്കാന്‍ സൗകര്യം ഉള്ളതാണ് ഓരോ കോട്ടെജും. AC റൂമുകള്‍ക്ക് Rs.2000, Non-AC ആണെങ്കില്‍ 1000 എന്ന നിരക്കിലാണ് ചാര്‍ജ്. എന്തായാലും അടുത്ത തവണ ഇവിടെ താമസിച്ചിട്ട് തന്നെ കാര്യം എന്നു ചിന്തിച്ചു മുന്നോട്ടു നടന്നു. ഒന്ന് രണ്ടടി മുന്നോട്ടു വച്ചപ്പോഴേക്കും കാടു നടുങ്ങുന്ന രീതിയിലുള്ള അലര്‍ച്ച കേട്ട് തുടങ്ങി. കുറച്ചുകൂടി മുന്നോട്ടു പോയപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് വശം മനസ്സിലായത്‌. എകദേശം ഒരു വയസ്സില്‍ താഴെയുള്ള രണ്ടു കുഞ്ഞിക്കൊമ്പന്മ്മാരെ ഒരു വലിയ തൂണില്‍ തളച്ചിട്ടിരിക്കുന്നു. കുറുമ്പന്‍മ്മാരായ ഈ കറുമ്പന്‍മ്മാരുടെ കുഞ്ഞി വായില്‍ നിന്നാണ് ഇത്രേം വലിയ അലര്‍ച്ച. അടുത്ത കൂട്ടില്‍ കിടന്ന വേറൊരു കറുമ്പനെ ഭക്ഷണം കൊടുക്കാന്‍ കൂട്ടില്‍ നിന്നു ഇറക്കി കൊണ്ടു പോകുന്നുണ്ട്. അത് കണ്ടിട്ടാണ് ഇവന്മ്മാര്‍ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നതെന്ന് തോന്നുന്നു. പാവങ്ങള്‍ വിശക്കുന്നുണ്ടാകാം. വലതു വശത്ത് ഒരു വലിയ ബോര്‍ഡില്‍ അന്തേവാസികളായ ആനകളുടെ പേരും വയസ്സുമൊക്കെ എഴുതി വച്ചിരിക്കുന്നു. രാജ, റാണ, പൊടിച്ചി, മിന്ന, ഉണ്ണികൃഷ്ണന്‍ എന്നൊക്കെയാണ് പേരുകള്‍. ഇതൊക്കെ ആരിട്ടതാണോ ആവോ? ആനകള്‍ക്കിടയിലും ഉണ്ടാകുമോ ശശി, സോമന്‍ എന്നീ പേരുകാര്‍.

Kottur
എന്തായാലും സ്വന്തം പേരു ഇഷ്ടപെട്ടില്ലെങ്കില്‍ ഗസറ്റില്‍ പബ്ലിഷ് ചെയ്തു മാറ്റാനൊന്നും ആനകള്‍ക്ക് പറ്റില്ലല്ലോ. ഇവരുടെ സങ്കടം ആരറിയാന്‍ . എന്താല്ലേ ? കാര്യമെന്തൊക്കെയായാലും 4 മാസം പ്രായമുള്ള അര്‍ജുന്‍ മുതല്‍ 70 വയസ്സുള്ള മോനി വരെ ഇവിടെ സസുഖം വാഴുന്നു. മൂന്നു നേരം  കുശാലായ ഭക്ഷണം, രാവിലെ വിസ്തരിച്ചുള്ള കുളി, പിന്നെ അത്യാവശ്യം കസര്‍ത്തുകളും. ജീവിതം ഒരു രാജാവിനെ പോലെ അടിച്ചു പൊളിക്കുകയാണിവര്‍. കാട്ടില്‍ നിന്നു നാട്ടിലെത്തി ഒറ്റപ്പെട്ടു പോയവരും, പരിക്കേറ്റവരും, ചെറിയ അനുസരണക്കേടുള്ള ഒറ്റയാന്മാരുമാണ് ഇവിടുത്തെ താമസക്കാര്‍. ഇവരെ കുറച്ചു കാലം ഇവിടെ താമസിപ്പിച്ചു പരിശീലനം കൊടുത്ത് കാട്ടിലേക്ക് വിടുകയാണ് പതിവ്.


    അയ്യോ !! സമയം പോയതറിഞ്ഞില്ല ആനക്കുളി കാണാനാണ് ഇത്രേം നേരത്തെ വീട്ടീന്നെറങ്ങിയത്. സമയം പത്തായി ഇനിയിപ്പോ അത് കഴിഞ്ഞു കാണുമോ?. മുന്നോട്ടുള്ള നടത്തത്തില്‍ ‘Elephant Bath’ എന്ന ബോര്‍ഡ് കണ്ടു. അത് ഇടതു വശത്തുള്ള വലിയ ജലാശയത്തിലേക്കാണ് വഴി കാട്ടുന്നത്. നെയ്യാര്‍ ഡാമിന്റെ റിസര്‍വോയര്‍ ആണിത്. ഇവിടെ അനക്കുളി പോയിട്ട് ആന കിടന്ന പൂട പോലുമില്ല. കഷ്ടം എത്താന്‍ കുറച്ചു താമസിച്ചു പോയി. നമ്മളെ പോലെ ആസനത്തില്‍ വെയിലടിക്കുന്നത് വരെ കെടന്നുറങ്ങി, നട്ടുച്ചക്ക് കാക്കക്കുളി നടത്തുന്നവരല്ല ആനകള്‍ എന്നു മനസ്സിലായി. ശങ്കൂ നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ. അവന്‍റെ രാവിലത്തെ ഉറക്കമാണ് എല്ലാം താളം തെറ്റിച്ചത്. ഇനിയിപ്പോ എന്തു ചെയ്യും കുളിയും കഴിഞ്ഞു തിരിച്ചു പോകുന്ന ആനകളുടെ കുറച്ചു ഫോട്ടോ എടുത്തു സ്ഥലം വിടാം. ഞങ്ങളെപ്പോലെ തന്നെ  ആനക്കുളി മിസ്സ്‌ ചെയ്ത കുറച്ചു സായിപ്പന്മാരും , മദാമ്മമാരും അവിടെയുള്ള  ചെറിയ വ്യൂ പോയിന്‍റില്‍ നില്‍ക്കുന്നുണ്ട്. സായിപ്പന്മാരെയും, ആനയെയും ഒറ്റ ഫ്രേമില്‍ കിട്ടിയപ്പോ അതൊരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് മൂവി പോലെ തോന്നിയോ എന്നൊരു സംശയം നോമിനു വരാതിരുന്നില്ല.

Kottur
ഭാഗ്യം, ദെ വൈകി എണീറ്റ ഒരുത്തനെ പാപ്പന്മ്മാര്‍ കുളിപ്പിക്കാന്‍ കൊണ്ടു പോകുന്നു. പിന്നാലെ പോയി. അങ്ങനെ പേരിനു ഒരു ആനക്കുളി കണ്ടു. കുറച്ചു ഫോട്ടോസും എടുത്തു.


    കുറച്ചു മുന്‍പില്‍ നോക്കിയപ്പോള്‍ കുറേ ലൈഫ് ജാക്കറ്റുകള്‍ ഒരു കയറില്‍ തൂക്കിയിട്ടിരുന്നത് കണ്ടു. ബാംബൂ റാഫ്ടിങ്ങിനു വേണ്ടി വച്ചിരിക്കുകയാണ്. മുള കൊണ്ടുള്ള ചങ്ങാടത്തില്‍ റിസര്‍വോയറില്‍ കൂടിയുള്ള ഒരു ചെറിയ യാത്ര. അയിനാണ്. എന്നാല്‍ പിന്നെ അതും കൂടി ആയിക്കോട്ടെ. ഒട്ടും അമാന്തിക്കാതെ ടിക്കറ്റ് എടുത്തു. രണ്ടു ചങ്ങാടങ്ങള്‍ ഉണ്ടിവിടെ. ഓരോന്നിലും അഞ്ചെട്ടു പേര്‍ക്ക് കയറാം. അങ്ങനെ ഞങ്ങള്‍ മൂന്നു പേരും റാഫ്ടിങ്ങിനു റെഡിയായി ആദ്യത്തെ ചങ്ങാടത്തില്‍ കയറി. രണ്ടാമത്തെ ചങ്ങാടത്തില്‍ മറ്റൊരു ഗ്രൂപ്പും. മുള കൊണ്ടു തന്നെയുള്ളതാണ് തുഴയാനുള്ള പങ്കായവും. 15-20 മിനുട്ടോളം വെള്ളത്തില്‍ യാത്ര ചെയ്യാം. ഇത്തവണ മഴ കുറവായതിനാല്‍ ഡാമില്‍ വെള്ളം നന്നേ കുറവാണെന്ന് പങ്കായം പിടിച്ച ചേട്ടന്‍ പറഞ്ഞു. ശരിയാണ്, മുന്‍പെങ്ങോ മുട്ടറ്റം  വരെ കയറിയ വെളളത്തിന്റെ പാടുകള്‍ റിസര്‍വോയറിനു ചുറ്റുമുള്ള പല മരങ്ങളിലും കാണാമായിരുന്നു. ഇപ്പൊ അതില്‍ നിന്നും കുറഞ്ഞത്‌ പത്തടിയോളം താഴ്ചയിലാണ് ഇപ്പോള്‍ വെള്ളമുള്ളത്. ചുറ്റുമുള്ള കാടുകളില്‍ വന്യ ജീവികള്‍ ഉണ്ടെന്നും, ഇടയ്ക്കിടെ അവ വെള്ളം കുടിക്കാന്‍ റിസര്‍വോയറില്‍ വരാറുണ്ടെന്നും ചങ്ങാടം തുഴയുന്ന ചേട്ടന്‍ പറഞ്ഞു. ദൈവമേ, ഇനിയിപ്പോ വെള്ളത്തിലൂടെ പോകുന്ന ഞങ്ങളെ നോക്കി ആരെങ്കിലും കാട്ടില്‍ പതുങ്ങി ഇരിക്കുന്നുണ്ടാകുമോ. വെള്ളത്തിനോടോപ്പം ഫ്രീ മീല്‍സും കൂടെ കിട്ടിയാല്‍ ആരാണ് വെറുതെ ഇരിക്കുക.
Kottur
എന്തായാലും ഇടക്കിടെ കാട്ടിലേക്ക് നോട്ടമെറിഞ്ഞു കൊണ്ടാണ് പിന്നീടുള്ള യാത്ര തുടര്‍ന്നത്. അധികം താമസിച്ചില്ല അതാ ദൂരെ എന്തോ ഒരു ഇലയനക്കം. കാട്ടു കുറുക്കനാണ്. കൊള്ളാലോ, കുറുക്കന് നീന്താനൊക്കെ അറിയുമായിരിക്കും അല്ലെ ?. അതെങ്ങാനും വെള്ളത്തില്‍ ചാടി ഞങ്ങളെ ഉപദ്രവിക്കാന്‍ വരുമോ. ഏയ്‌ ഉണ്ടാവില്ല, കുറുക്കന്‍ കോഴികളെ അല്ലെ തിന്നുന്നത്. പക്ഷെ എന്റെ കൂടെ രണ്ടു കോഴികള്‍ ഉണ്ടല്ലോ.(സത്യമായിട്ടും ശങ്കുവിനെയും , രെജുല്‍ ബ്രോയെയും ഉദ്ദേശിച്ചല്ല) ഇങ്ങനെ പല ചിന്തകളും മനസ്സിലൂടെ കടന്നു പോയി. എല്ലാരും സൌണ്ട് ഒന്നും ഉണ്ടാക്കാതെ നോക്കിയിരിക്കുകയാണ്. ചങ്ങാടം മുന്നോട്ടു പോകും തോറും കുറുക്കന്‍ കൂടുതല്‍ അടുത്ത് കാണപ്പെട്ടു. അയ്യേ ..ഇതിനെയാണോ...ഛെ.. ചുമ്മാ പേടിപ്പിച്ചു. പാവം ഏതോ ഒരു ചാവാലി പട്ടി വെയില് കൊള്ളാന്‍ ഇരിക്കുകയാണ്. അതിനെയാണ് ദൂരേന്നു കണ്ടപ്പോള്‍ കുറുക്കനെന്നു തെറ്റിധരിച്ചത്. സമയം നട്ടുച്ചയോടടുക്കുന്നു എന്ന കാര്യം അപ്പോഴാണ്‌ ശ്രദ്ധിച്ചത്. വേറൊന്നുമല്ല നല്ല കട്ട വെയില്. മേലാകെ പൊള്ളുന്നത് പോലെ. ചങ്ങാടത്തിനു മേല്‍ക്കൂരയില്ല, അത് കൊണ്ടു തന്നെ കത്തുന്ന സൂര്യനില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല. എന്തോ ഭാഗ്യത്തിന് ബാഗില്‍ എന്റെ കുട ഇരിപ്പുണ്ടായിരുന്നു. രണ്ടു ദിവസം മുന്‍പേ മഴ പെയ്തപ്പോള്‍ എടുത്തിട്ടതാണ്. അതിപ്പോ എങ്ങനെ ഉപകാരപ്പെടുമെന്ന് വിചാരിച്ചില്ല. രെജുല്‍ ബ്രോ കയിലുള്ള എക്സ്ട്രാ ഷര്‍ട്ട് എടുത്തു തല മൂടി. ചങ്ങാടം തുഴയുന്ന ചേട്ടനെ സമ്മതിക്കണം.
Kottur
പുള്ളി രാവിലെ മുതല്‍ വൈകുന്നേരം വരെ ഇതേ പണി ചെയ്യുന്നു. ഒരു കുട പോലും ചൂടാതെ. ഇദ്ദേഹത്തെ പോലെ നാട്ടുകാരായ പത്തു ഇരുപതോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടത്രേ. പാവം രണ്ടാമത്തെ ചങ്ങാടത്തില്‍ പോയ ഘടികള്‍ വെയിലു കൊണ്ടു കഷ്ടപ്പെടുകയാണ്. ഇതിനിടക്ക് അവരുടെ ഒരു തുഴ വെള്ളത്തില്‍ വീണു പോയി. ഇനിയിപ്പോ ഞങ്ങളെ കരക്കെത്തിച്ചിട്ടു വേണം അവര്‍ക്കൊരു പുതിയ തുഴ എത്തിച്ചു കൊടുക്കാന്‍. കുറച്ചു നേരം കൂടി വെള്ളത്തില്‍ ചുറ്റി കറങ്ങി ഞങ്ങള്‍ കരയിലെത്തി. ലൈഫ് ജാക്കറ്റ് ഒക്കെ ഊരി അയലിലിട്ടു. ചങ്ങാടത്തിന്റെ സാരഥിക്ക് ഒരു താങ്ക്സ് പറയാന്‍ വേണ്ടി നോക്കുമോഴേക്കും, ചേട്ടന്‍ പുതിയ തുഴയുമായി തുഴ പോയ ചങ്ങാതിയെ ലക്ഷ്യം വച്ചു പോയിരുന്നു


    സമയം ഉച്ചയായി. വിശപ്പ് ഡോറില്‍ മുട്ടാന്‍ റെഡിയായി നില്‍ക്കുന്നു. അടുത്തെങ്ങും ഊണ് കിട്ടുന്ന കടകള്‍ ഒന്നുമില്ല. ആകെയുള്ളത് ‘ഓര്‍ക്കിഡ്’ എന്നു പേരുള്ള ചെറിയ ഒരു കഫെ ആണ്. ഗ്രൌണ്ട് ലെവലില്‍ നിന്നും ഒന്ന് രണ്ടു മീറ്റര്‍ ഉയരത്തില്‍ മുളം കാലുകള്‍ നാട്ടി, അതിന്റെ മുകളില്‍ ആണ് ഈ കഫെ സെറ്റപ്പ് ചെയ്തിരിക്കുന്നത്. ഇവിടുത്തെ ചുമരും വാതിലും എന്തിനേറെ പറയുന്നു ഇരിക്കുന്ന കസേര വരെ മുള കൊണ്ടു ഉള്ളതാണ്. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു എക്കോ -ഫ്രെണ്ടിലി കട.
Orchid Cafe, Kottur
നേരെ കയറി ലാവിഷ് ആയിട്ട് മൂന്നു കോഫി ഓര്‍ഡര്‍ ചെയ്തു. കടയുടെ ഉള്‍വശം മൊത്തം പെയിന്റ് അടിച്ചു കളര്‍ഫുള്‍ ആക്കിയിരിക്കുന്നു. ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലം എന്നു മനസ്സില്‍ വിചാരിക്കുമ്പോഴേക്കും ചില ആളുകള്‍ പോസ് ചെയ്തു തുടങ്ങിയിരുന്നു. എന്റെ തല , എന്റെ ഫുള്‍ ഫിഗര്‍ എന്നു പറഞ്ഞത് പോലെ. (അങ്ങനെ എടുത്ത ഫോട്ടോ മാട്രിമോണി സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തു കല്യാണം കഴിച്ചു പോയ ആളുകള്‍ നമ്മുടെ കൂടെ ഉണ്ടേ. രെജുല്‍ ബ്രോ നിങ്ങളെ ഉദ്ദേശിച്ചല്ല കേട്ടോ ;) ). ക്ലോസപ്പ്, സോളോ, ഗ്രൂപ്പ്‌, മാക്രോ എല്ലാ വിദ്യയും പരീക്ഷിച്ചു. കാഷ് കൌണ്ടറില്‍ ഇരിക്കുന്ന ചേച്ചി ഇടക്കിടെ ഞങ്ങളുടെ സാഹസങ്ങള്‍ ഒളി കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. മൂന്ന് കോഫിയും വാങ്ങിച്ചു മൂന്നു മണിക്കൂര്‍ ഇരിക്കാന്‍ ഇത് നിങ്ങളുടെ തറവാട്ടു സ്വത്തല്ല എന്നു ചേച്ചിയെ കൊണ്ടു എന്തിനാ വെറുതെ പറയിപ്പിക്കുന്നത്. ഇനിയും അവിടെ നിന്നാല്‍ ഒരു പക്ഷെ അവരതു പറഞ്ഞേക്കാം. സോ, പെട്ടന്ന് കാശു കൊടുത്തു പടിയിറങ്ങി.
         കൊള്ളാം എന്തായാലും ഇന്നത്തെ ദിവസം വെറുതെയായില്ല. കഴക്കൂട്ടത്തെ ചൂടില്‍ നിന്നും, ട്രാഫിക്കില്‍ നിന്നും, വിരസമായ ജോലിത്തിരക്കില്‍ നിന്നും മാറി ഒരു ദിവസം. എത്രയൊക്കെ സമ്പാദിച്ചാലും, എവിടെയൊക്കെ എത്തിയാലും ഇത്തരത്തിലുള്ള ഏതാനും മണിക്കൂറുകള്‍, അത് വില മതിക്കാനാവാത്തതാണ്. പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള പല അനുഭവങ്ങളും ഒരു ബോണസ് പോയിന്‍റായി അത് നമ്മളിലെക്കെത്തിക്കുന്നു. ആനക്കുളി മിസ്സ്‌ ആയെങ്കിലെന്താ , രെജുല്‍ ബ്രോ, ശങ്കൂ നന്ദി.


         ഉച്ചക്കു ശേഷം ഞങ്ങള്‍ പോയത് നെയ്യാര്‍ ഡാമിലേക്കാണ്. ശങ്കുവിന്റെ പൂച്ചപ്പേടിയും, കാട്ടാക്കടയിലെ ചുവന്ന കാറുള്ള മുടിയന്‍ ചേട്ടനെപ്പറ്റിയും, നെയ്യാര്‍ വിശേഷങ്ങളും,  വേറൊരു പോസ്റ്റില്‍ പറയാം. അത് വരേയ്ക്കും, വിട.