Sunday, January 14, 2024

“ഒരു തമിഴ് കഥ” - Road trip diary – Part 3

Tirunelveli
“മഴയേ തൂമഴയെ, വാനം തൂവുന്ന പൂങ്കുളിരേ.!!”

രാവിലെ ഗസ്റ്റ് ഹൌസിൽ നിന്നിറങ്ങിയത് മുതൽ നല്ല മഴയുണ്ടായിരുന്നു. തമിഴ്നാട് പര്യടനത്തിന്റെ മൂന്നാം ദിനമാണിന്ന്. തിരുനെൽവേലിയാണ് അടുത്ത ലക്ഷ്യം. തിരുനെൽവേലി കണ്ട് രാത്രി തൂത്തുക്കുടിയിൽ താമസിക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. കാറ്റാടിപ്പാടങ്ങൾക്കിടയിലൂടെ കന്യാകുമാരി - തിരുനെൽവേലി ഹൈവേയിൽ മഴയത്തുള്ള ഡ്രൈവ് അതൊരു വ്യത്യസ്ത അനുഭവമായിരുന്നു. AC യൊക്കെ ഓഫ് ചെയ്ത്, വിന്ഡോ ഒരിച്ചിരി താഴ്ത്തി മഴപ്പാട്ടൊക്കെ കേട്ടുകൊണ്ടുള്ള യാത്ര വേറൊരു വൈബായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ തിരുനെൽവേലി ടൌൺ എത്തി.നല്ല തിരക്കുള്ളൊരു ടൌൺ തന്നെയാണ് തിരുനെൽവേലി.

 

നെല്ലൈയപ്പാർ ക്ഷേത്രം

നഗരഹൃദയത്തിലുള്ള നെല്ലൈയപ്പാർ ക്ഷേത്രത്തിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. അമ്പലത്തിനു സമീപം പാർക്കിംഗ് കിട്ടാൻ കുറച്ചു കഷ്ടപ്പെട്ടു. അവസാനം ഒരു കിലോമീറ്ററോളം ദൂരെ വണ്ടി പാർക്ക് ചെയ്ത് നടന്നു വരേണ്ടി വന്നു. ശിവനെയും, പർവതിയെയും, വിഷ്ണുവിനേയുമാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിലെ  വാസ്തുവിദ്യ രീതികൾ ആശ്ചര്യകരമാണ്. ഏഴാം നൂറ്റാണ്ടിൽ പാണ്ട്യൻമ്മാരാണത്രെ ക്ഷേത്രം നിർമ്മിച്ചത്. പിന്നീട് ചോളൻമ്മാരും, ചേരൻമ്മാരും, പല്ലവരും. മധുരൈ നായകരും ഇതിൽ കൂട്ടിച്ചേർക്കലുകൾ നടത്തി. ഏഴാം നൂറ്റാണ്ടിൽ ഇത്തരമൊരു നിർമ്മിതി ഉണ്ടാക്കി എന്നുള്ളത് ഇന്ത്യൻ വാസ്തുവിദ്യയുടെ പ്രാഗൽഭ്യം ഉയർത്തിക്കാണിക്കുന്നു. പുറത്ത് ചൂടാണെങ്കിലും കൽത്തൂണുകളിൽ കെട്ടിയുയർത്തിയ അമ്പലത്തിനകത്തു നല്ല തണുപ്പുണ്ട്. ഞങ്ങൾ ഏറെ നേരം അവിടെയിരുന്നു. പതിനഞ്ചേക്കറോളം വിസ്തൃതിയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്.

Nellaiyappar temple

തിരുനെൽവേലിയിൽ വന്നതിനു മറ്റു രണ്ട് ഗൂഢ ലക്ഷ്യങ്ങൾ കൂടിയുണ്ടായിരുന്നു. അതിലൊന്ന് ഹൽവയായിരുന്നു. ഗോതമ്പും, പഞ്ചസാരയും, നെയ്യും ചേർത്തുണ്ടാക്കിയ നല്ല തിരുനെൽവേലി ഹൽവ. ഇരുട്ടുകട ഹൽവയൊക്കെ ഫേമസ് അല്ലെ ?. അമ്പലത്തിനു വെളിയിൽ തന്നെ ഒരുപാട് ഹൽവക്കടകൾ ഉണ്ട്. അതിലൊന്നിൽ കയറി ഹൽവ വാങ്ങിച്ചു. ഉണ്ടാക്കിയ പാത്രത്തിൽ നിന്ന് തന്നെ എടുത്തു അളന്നു തൂക്കിത്തരികയാണ്. തിരുനെൽവേലിയിലെ രണ്ടാമത്തെ ലക്ഷ്യമായിരുന്നു ജിഗർതാണ്ട. അതെന്താ സാധനം എന്നല്ലേ ? പറഞ്ഞു തരാം. മധുരയിൽ ഉത്ഭവിച്ച ഒരു ശീതളപാനീയമാണ് ജിഗർതാണ്ട. പാലും, നാന്നറിയുമാണ് ഇതിൻ്റെ പ്രധാന ചേരുവകൾ.  കൂടാതെ ഡ്രൈ ഫ്രൂട്സും, സേമിയയും,കസ്കസും അങ്ങനെ പലതും. ചിലയിടങ്ങളിൽ ഐസ്ക്രീമും ചേർക്കും. പല ഫ്ലേവറുകളിൽ കിട്ടും. ഇൻസ്റ്റാഗ്രാമിൽ ഒരു റീല് കണ്ടാണ് തിരുനെൽവേലിയിൽ ജിഗർതാണ്ടയെക്കുറിച്ചറിഞ്ഞത്‌, റീലിൽ കണ്ട ഹനീഫ ഇക്കയുടെ കടയിൽത്തന്നെ കേറി. ഇച്ചിരി മധുരക്കൂടുതൽ ഉണ്ടെങ്കിലും സാധനം കൊള്ളാം.


Jigarthanda

 

തിരുനെൽവേലി സയൻസ് സെൻറ്റർ

നെല്ലൈയപ്പാർ അമ്പലത്തിലേക്ക് വരുന്ന വഴി തിരുനെൽവേലി ഡിസ്ട്രിക്ട് സയൻസ് സെൻറ്റർ എന്ന ബോർഡ് എൻ്റെ കണ്ണിൽ ഉടക്കിയിരുന്നു. സയൻസ് സെൻററും , പ്ലാനിറ്റോറിയവും ഇപ്പോഴും എനിക്ക് നൊസ്റ്റാൾജിയയാണ്. പലയിടത്തും ഒരേ കാഴ്ചകൾ തന്നെയാണ് ഉള്ളതെങ്കിലും. ഏതു സിറ്റിയിൽ പോയാലും  ഇത്തരം സ്ഥലങ്ങളിൽ ഒന്ന് കേറിപ്പോകും. തിരുനെൽവേലി സയൻസ് സെൻറർ അത്ര വലുതല്ല. അത്ര നല്ല തോതിൽ പരിപാലിക്കപ്പെട്ടു വരുന്നുമില്ല. വർക്കിങ് മോഡലുകൾ പലതും കേട്ടു വന്നു കിടക്കുകയാണ്. പ്ലാനിറ്റോറിയവും അടഞ്ഞു കിടക്കുന്നു. അധികനേരം ചിലവഴിക്കാൻ മാത്രം ഒന്നുമില്ല ഇവിടെ. തണലിൽ ഒന്നിച്ചിരുന്നു പ്രണയസല്ലാപം നടത്തുന്ന കുറച്ചു കോളേജ് പിള്ളേർ മാത്രമുണ്ട്.

Tirunelveli science centre

ഇനി നേരെ തൂത്തുക്കുടിയിലേക്കാണ് യാത്ര. ഇന്ന് രാത്രി അവിടെ തങ്ങണം. സമയം മൂന്ന് മണിയോടടുത്തിരുന്നു. എല്ലാവരും വിശന്ന് കണ്ണുകാണാതിരിക്കുകയാണ്. പോകും വഴി ബുഹാരി ഹോട്ടലിൽ  കയറി ഉച്ചഭക്ഷണം കഴിച്ചു.. തൂത്തുക്കുടിയിൽ രാത്രി താങ്ങാനുള്ള ഹോട്ടലുകൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ എല്ലായിടത്തും നല്ല റേറ്റ്. എന്നാൽ പിന്നെ തൂത്തുക്കുടിയിൽ താമസം ഒഴിവാക്കി അടുത്ത സ്ഥലം പിടിക്കാം എന്ന് വച്ചു.

 

രാമനാഥപുരം

രാമനാഥപുരം വഴിയാണ് ഇനി നമുക്ക് പോകേണ്ടത്. മാത്രവുമല്ല രാമനാഥപുരത്ത് നല്ല ഹോട്ടലുകൾ ഉണ്ട്. അതും തൂത്തുക്കുടിയിൽ കണ്ടതിന്റെ പകുതി വാടകക്ക്. രാമനാഥപുരത്തെ അവിൻകോ ഹോട്ടെലിൽ മുറി ബുക്ക് ചെയ്ത് ഞങ്ങൾ യാത്ര തുടർന്നു. പ്രതീക്ഷിച്ചതിലും രണ്ട് മൂന്നു മണിക്കൂർ എക്സ്ട്രാ ഓടനുണ്ടിന്ന്. രാമനാഥപുരം എത്തുമ്പോൾ രാത്രിയാകും. സാധാരണ ലോങ്ങ് ട്രിപ്പുകളിൽ രാത്രിയാത്ര ഞാൻ പരമാവധി ഒഴിവാക്കാറാണ് പതിവ്. പക്ഷെ ഇന്നത് നടക്കുമെന്ന് തോന്നുന്നില്ല. തൂത്തുക്കുടിയിൽ നിന്ന് റൈറ്റ് എടുത്തു കോസ്റ്റൽ ഹൈവേ (NH 32) വഴിയാണ് ഞങ്ങൾ പോയത്. വളരെ വിജനമായ എന്നാൽ മനോഹരമായ ഒരു റൂട്ടാണിത്. റോഡ് വീതി കുറഞ്ഞതാണ് എന്നാൽ തിരിക്കുകുറവായതിനാൽ വലിയ പ്രയാസമില്ലാതെ യാത്ര ചെയ്യാം. വഴിയിലെ സ്ഥലങ്ങളും മനോഹരമാണ്.

Altrooz

ഏകദേശം ആറുമണിയോടടുത്താണ് ഞങ്ങൾ ഈ റൂട്ടിൽ കയറുന്നതു. പുറകിൽ നല്ല ചുവന്ന കളറിൽ സൂര്യൻ അസ്തമിക്കുന്നു. ഇത്രക്കും കളർഫുൾ ആയൊരു സൂര്യാസ്തമയം ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഞങ്ങൾ വഴിയിലിറങ്ങി സൂര്യാസ്തമയത്തിന്റെ ഫോട്ടോയൊക്കെ എടുത്തു. വിജനമായ വഴിയാണ്. വഴിയിലെങ്ങും ഒരു കട പോലുമില്ല. പത്തിരുപത്തഞ്ചു കിലോമീറ്റർ കഴിയുമ്പോളാണ് ചെറിയ ടൗണുകൾ എത്തുന്നത്. ആദ്യമൊക്കെ വഴി തെറ്റിയോ എന്നൊക്കെ സംശയാമായിരുന്നു. എന്നാൽ പോകെപ്പോകെ രാമനാഥപുരം ബോർഡൊക്കെ കണ്ട് തുടങ്ങി. രാത്രി എട്ടുമണി കഴിഞ്ഞപ്പോളാണ് രാമനാഥപുരം എത്തിയത്. നല്ല ക്ഷീണമുണ്ട്. ഭക്ഷണവും കഴിച്ചു നേരെ ഉറങ്ങാൻ കിടന്നു.

 

യാത്രയുടെ നാലാം ദിനമാണിന്ന്. രാവിലെ കണ്ണ് തുറന്നപ്പോഴേക്കും സമയം ഏഴുമണിയായി. കുളിച്ചു റെഡിയായി ഹോട്ടൽ വെക്കേറ്റ് ചെയ്തുപുറത്തിറങ്ങി. ഇപ്പോഴാണ് രാമനാഥപുരത്തെ ശരിക്കൊന്നു കണ്ടത്. ഇന്നലെ രാത്രി ഡ്രൈവിൽ സിറ്റിയെ നേരാംവണ്ണം കാണാൻ സാധിച്ചില്ല. രാമേശ്വരത്തിനു മുൻപുള്ള ഒരു പ്രധാന നഗരമാണ് രാമനാഥപുരം. താമസത്തിനും ഭക്ഷണത്തിനുമായി ഒരുപാട് നല്ല ഓപ്ഷനുകൾ ഇവിടെയുണ്ട്. രാമനാഥപുരത്തെ പ്രധാന ജംക്ഷനിൽ കുറെ നല്ല റസ്റ്റോറന്റുകൾ ഉണ്ടായിരുന്നു. പ്രഭാത ഭക്ഷണം അവിടുത്തെ വസന്ത ഭവനിൽ നിന്ന് കഴിച്ചു. ഇനി നേരെ രാമേശ്വരത്തേക്കാണ്. ഇവിടുന്നു അറുപതു കിലോമീറ്ററോളമുണ്ട് രാമേശ്വരത്തേക്ക്. പാമ്പൻ പാലം കയറിയാണ് യാത്ര ചെയ്യേണ്ടത്. കുട്ടിക്കാലത്തു വായിച്ചറിഞ്ഞ പാമ്പൻ പാലം ആദ്യമായി കാണാൻ പോകുന്നതിൻ്റെ ആവേശം നന്നായിട്ടുണ്ട്.

Pamban bridge

 

പാമ്പൻ പാലം

ഏകദേശം ഒരു മണിക്കൂറിൽ തന്നെ ഞങ്ങൾ പാമ്പൻ പാലത്തിൽ എത്തി. രാമേശ്വരത്തേക്കുള്ള കവാടമാണ് പാമ്പൻ. ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമാണ് പാമ്പൻ. രാമേശ്വരം ദ്വീപിനെ ഇന്ത്യൻ മെയിൻ ലാൻഡുമായി ബന്ധിപ്പിക്കുന്ന റെയിൽപാത പാത 1914-ലാണ് പണി കഴിപ്പിച്ചത്. 1988 ഇതിനു സമാന്തരമായി ഒരു റോഡ് പാലം വരുന്നത് (അണ്ണൈ ഇന്ദിര ഗാന്ധി റോഡ് ബ്രിഡ്ജ്) വരെ രാമേശ്വരത്തേക്ക് കരവഴിയുള്ള ഒരേയൊരു യാത്രാ മാർഗമായിരുന്നു റെയിൽ പാത. ഇന്ത്യൻ മഹാസമുദ്രത്തെ മുറിച്ച് രണ്ട് കിലോമീറ്ററോളം നീളത്തിൽ പണിത പാലം ബ്രിട്ടീഷ് എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. കപ്പലുകൾ വരുമ്പോൾ ഉയർത്തി മാറ്റാവുന്ന ഒരു ഭാഗം പാലത്തിലുണ്ട്. 1964 ധനുഷ്‌കോടിയെ പ്രേതഭൂമിയാക്കിമാറ്റിയ ചുഴലിക്കാറ്റിൽ പാമ്പൻ പാലത്തിനും വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ശ്രീലങ്കയുമായുള്ള വ്യാപാരം വർധിപ്പിക്കുവാനായി പാമ്പൻ റെയിൽപ്പാലം വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ 2023 ഫെബ്രുവരി മുതൽ പാമ്പൻ റെയിൽ പാലം വഴിയുള്ള ട്രെയിൻ യാത്ര പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഒരു പുതിയ റെയിൽപാലം ഇവിടെ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. അതിൻ്റെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ ഇനി രാമേശ്വരത്തേക്ക് ട്രെയിനിൽ നേരിട്ട് യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. റോഡ് പാലത്തിന്റെ അവസാനത്തിൽ വണ്ടി നിർത്തി ഞങ്ങൾ പാലത്തിലേക്ക് നടന്നു. പലരും പാലത്തിനു മുകളിൽ വണ്ടി പാർക് ചെയ്ത് ഫോട്ടോ എടുക്കുന്നുണ്ട്. എന്നാൽ ഇത് അനുവദനീയമല്ല. മിയമവിരുദ്ധമാണ്. പോലീസ് കണ്ടാൽ ഫൈൻ അടിച്ചു തരും. റോഡ് പാലത്തിന്റെ മുകളിൽ നിന്നും ഞങ്ങൾ പാമ്പൻ റെയിൽ പാലത്തെ നോക്കി കണ്ടു. നീല നിറത്തിൽ ആകാശവും കടലും. താഴെ പുതിയ പാലത്തിന്റെ പണി നല്ല തകൃതിയായി നടക്കുന്നുണ്ട്. പാലത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും കുറെ ചെറു കൂരകൾ. മുറ്റത്തു വലിയ പായയിൽ മീൻ ഉണക്കാൻ ഇട്ടിട്ടുണ്ട്. വലിയ വൃത്തിയൊന്നും ഇല്ല. ഇങ്ങനത്തെ ഉണക്കമീനാണല്ലോ ഞാൻ കപ്പയും കൂട്ടി തട്ടാറുണ്ടായിരുന്നത് എന്നോർത്തപ്പോ മനസ്സിൽ ചെറിയൊരു അസ്കിത തോന്നി. നല്ല വെയിലുണ്ട്. കുട  ചൂടിയിട്ടും രക്ഷയില്ല. പക്ഷെ അവിടെ വന്നവരിൽ ഞങ്ങൾ മാത്രമേ കുട ചൂടിയിട്ടുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരൊക്കെ എങ്ങനെയാണാവോ വെയിലത്ത് നിൽക്കുന്നത്.


Rameshwaram

അങ്ങനെ ഞങ്ങൾ രാമേശ്വരം എത്തിയിരിക്കുന്നു. രാമേശ്വരവും, ധനുഷ്കോടിയുമാണ് ഇനിയുള്ള രണ്ട് ദിവസത്തിൽ കാണാനുള്ളത്. രാമേശ്വരത്തെയും, ധനുഷ്കോടിയെന്ന പ്രേതനഗരത്തെയും കുറിച്ചുള്ള വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ വായിക്കാം

 

 

 (തുടരും)

 

#oru_tamizh_kadha

#tn_road_trip_diary_part_3