Wednesday, July 8, 2020

കൊറോണക്കാലം ഒരു അവലോകനം

Covid


" അല്ല ദിനേശാ , എന്തെന്നാ ഈ ക്വാറന്റീൻ !? "

" അത് കണാരേട്ടാ , ഈ കൊറോണ ഇള്ള ആള്ക്കാര് , അല്ലേൽ അയിന്റെ ലക്ഷണൊക്കെ  ഇള്ളോല്  ബാക്കി മൻഷൻമാര്ക്ക് അത് പകരാതിരിക്കാൻ പൊരേല് അടച്ചിട്ടിരിക്ക്ന്ന പരിപാട്യാണ് ക്വാറന്റീൻ "

" അത് ശരി. ഇവര്ക്കൊക്കെ  എന്തിനാ ഈനെ ഇത്തറ പേടി ? കൊറോണ അങ്ങ് വന്ന് പോട്ടേന്ന്, മ്മക്ക് ഈ പനിയൊക്കെ വരുമ്പോലെ. ഇനിക്ക് ഇതൊന്നും ഒരു പേടിയും ഇല്ല, ഹല്ല പിന്നെ "  

കണാരേട്ടനും, ദിനേശനും പീട്യേക്കോലായിൽ  തോളത്ത് കൈയൊക്കെയിട്ട് 'സാമൂഹിക അകലം' പാലിച്ചിരുന്നു സൊറ പറയുകയാണ്. മാസ്‌ക്കൊക്കെ ഇട്ടിട്ടുണ്ട് രണ്ടാളും. ന്നാലത്‌ താടിയിലും കഴുത്തിലും ആണെന്ന് മാത്രം.

**********************************************

ലോക്ക്ഡൗൺ ’, ‘ ക്വാറന്റീൻ ’ :- കഴിഞ്ഞ മൂന്നുനാലു മാസക്കാലയളവിൽ നമ്മൾ പഠിച്ച പുതിയ വാക്കുകളാണിവ. കൊറോണ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിച്ചോടിക്കാൻ ശ്രമിച്ചിട്ടും വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന അശ്രീകരം. വലിയവനെന്നു സ്വയം മേനി നടിച്ചുകൊണ്ടിരുന്ന നമ്മളെയൊക്കെ കണ്ണുകൊണ്ടു കാണാനുള്ള വലിപ്പം പോലുമില്ലാത്ത ഒരു സൂക്ഷ്മാണു മുട്ടുകുത്തിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.

അങ്ങനെ മൂന്നുനാല് മാസങ്ങൾക്ക് ശേഷം നാട്ടിൽ ഒന്നുപോയി വന്നു. ട്രെയിനും , ബസ്സും ഓടിത്തുടങ്ങിയെങ്കിലും വഴിയെപ്പോകുന്ന കൊറോണയെ ഇങ്ങോട്ടു വിളിച്ചുവരുത്തണ്ടാലോന്നു കരുതി തിരുവനന്തപുരത്തു നിന്ന് ഡ്രൈവ് ചെയ്താണ് പോയത്. പൊതുജനസമ്പർക്കം പരമാവധി ഒഴിവാക്കാനായി കഴിക്കാനുള്ള ഭക്ഷണവും വെള്ളവുമൊക്കെ കൈയിൽ കരുതിയാണ് യാത്ര ചെയ്തത്. ഒരു പത്തു മണിക്കൂറോളമെടുത്തു നാടെത്താൻ. നാലഞ്ചു ദിവസം നാട്ടിൽ ചെലവഴിച്ച് വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചു. വഴിയിലൊക്കെ ആളുകൾ നിരത്തിൽ ഇറങ്ങിത്തുടങ്ങിയിരിക്കുന്നത് കാണാമായിരുന്നു. ചായക്കടകളിൽ കൂട്ടം കൂടി നിന്ന് ചായകുടിക്കുന്നവർ, കടത്തിണ്ണയിൽ ചുമ്മാ ഇരുന്നു വർത്താനം പറയുന്നവർ. സാമൂഹിക അകലമൊക്കെ പലരും മറന്നു തുടങ്ങിയിരിക്കുന്നു. എല്ലാം ഒരു പ്രഹസനമെന്ന കണക്കെ.

നാല് മാസത്തോളമായി തിരുവനന്തപുരത്ത് ഇങ്ങനെ അടച്ചിരിക്കാൻ തുടങ്ങിയിട്ട്. സാധാരണയായി ഓഫീസിൽ പോകാൻ മടിപിടിച്ചിരിക്കുമായിരുന്നു. എന്നാൽ ഇപ്പൊ എങ്ങനെയേലും ഓഫീസ് തുറന്നിരുന്നേൽ എന്നാണ് ആലോചന. ഇടയ്ക്കൊന്ന് തുറന്നിരുന്നു എന്നാൽ സമീപ പ്രദേശം കണ്ടൈൻമെൻറ് സോണായതിനാൽ വീണ്ടും അടച്ചു. ലോക്ക് ഡൗൺ കാലത്തെ ഒറ്റക്കുള്ള ജീവിതം പരമ ബോറായിത്തുടങ്ങിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ലോക്ക് ഡൗൺ  രണ്ടു വശമുള്ള നാണയമാണ്. ഒരു വശത്ത് ഇൻഡിപെൻഡന്റ് ആയി ജീവിച്ചു പഠിക്കാനുള്ള അവസരം കൈ വന്നിരിക്കുന്നു. പുതിയ ഹോബികളും, ശീലങ്ങളും വളർത്താനുള്ള അവസരം, ഒപ്പം ജോലിത്തിരക്കുകളിൽ നിന്നുള്ള ചെറിയൊരു ഇടവേളയും. എല്ലാം സ്വയം ചെയ്തു പഠിക്കാൻ കഴിയുന്നു. ഒറ്റക്ക് ജീവിക്കുന്നു, ഒറ്റക്ക് ഭക്ഷണം പാകം ചെയ്യുന്നു. സ്വയം മനസ്സിലാക്കാനും, സ്വയം സ്നേഹിക്കാനും പഠിക്കുന്നു. സമൂഹ ജീവിയിൽ നിന്നും, നാല് ചുമരുകൾക്കിടയിലേക്ക് ഒതുങ്ങിയ  മാറ്റം തുടക്കത്തിൽ ഉൾക്കൊള്ളാൻ പലർക്കും പ്രയാസമായിരിക്കാം. ജീവിതം അങ്ങനെയാണ്. അത് നമ്മളെ ഒരിക്കലും ചിന്തിക്കാത്തിടത്തു കൊണ്ടെത്തിക്കുന്നു. 

എന്നാൽ മറുവശത്ത് , തൊഴിൽ നഷ്ടപ്പെട്ടവർ, കൂലിയില്ലാത്ത ദിവസ വേതനക്കാർ, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവർ, എല്ലാം നഷ്ട്ടപെട്ട് ജന്മനാട്ടിലേക്കുള്ള പ്രയാണത്തിനിടെ റെയിൽവേ ട്രാക്കുകളിലും, നടുറോഡുകളിലും ജീവിതം ഹോമിച്ചവർ, കുടുംബത്തിൽ നിന്ന് അകന്നു  കഴിയേണ്ടി വരുന്നവർ, മാസങ്ങളായി നാട് കണ്ടിട്ടില്ലാത്തവർ, ഉള്ളതെല്ലാം വിറ്റുപെറുക്കി വലിയ പ്രതീക്ഷയിൽ വിദേശത്തേക്ക് വിമാനം കയറി അവസാനം ഒന്നുമില്ലാതെ തിരിച്ചു വരേണ്ടി വരുന്ന പ്രവാസികൾ, ഒറ്റപ്പെട്ടുപോയ, ബംഗാളികൾ എന്ന് നമ്മൾ വിളിക്കുന്ന അതിഥി തൊഴിലാളികൾ. ലോക്ക്ഡൗണിന്റെ മറുവശം അത്യന്തം ശോകമൂകമാണ്. ഇതിനിടയിൽ കമ്മ്യൂണിറ്റി കിച്ചണിലെ ചോറും സാമ്പാറും പോരായെന്നു വാശിപിടിച്ച അതിഥി തൊഴിലാളികൾക്ക് ഇഷ്ട ഭക്ഷണം എത്തിച്ചു കൊടുക്കാനോടുന്ന മലയാളി ഒരുവശത്ത്, എന്നാൽ മണലാരണ്യത്തിലെ ലേബർ ക്യാമ്പുകളിൽ കുബ്ബൂസും , പച്ചവെള്ളവും കുടിച്ചു വയറു നിറക്കുന്ന  മലയാളി മറുവശത്ത്. 

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍ ”- ലോകം കീഴ്മേൽ മറിയുകയാണ്. മലയാളികൾ പുതിയ ശീലങ്ങൾ പഠിച്ചു തുടങ്ങിയിരിക്കുന്നു. പണ്ട് ചെറിയൊരു തുമ്മൽ വന്നാൽ പോലും മൾട്ടി സ്പെഷയാലിറ്റി ആശുപത്രിയികളിലേക്ക്  ഓടിയവർ  ഇന്ന് ആശുപത്രികളെ  ആവശ്യത്തിനുമാത്രം ഉപയോഗിക്കിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. പലരും ആദ്യമായി പ്രൈമറി ഹെൽത്ത് സെന്ററുകളെയും മറ്റും ആശ്രയിച്ചും തുടങ്ങിയിരിക്കുന്നു.

പുതിയ സാമ്പത്തിക ശീലങ്ങളും നമ്മൾക്കിടയിലേക്ക് വേരൂന്നിയിരിക്കുന്നു. ഒന്നോ രണ്ടോ മാസം വരുമാനമില്ലാതായാൽ എന്തുചെയ്യണമെന്ന് വരെ നമ്മളിൽ പലരും ചിന്തിച്ചു പ്ലാൻ ചെയ്ത് തുടങ്ങിയിട്ടുണ്ട്. പഴയ കാലത്തേതുപോലെ അടുക്കളത്തോട്ടങ്ങൾ വീണ്ടും മുളച്ചുപൊങ്ങി. പലരും ജൈവ കൃഷിയിലേക്ക് കടന്നു. ചക്കയായിരുന്നു നമ്മുടെ പ്രധാന ഇര. പ്ലാവിന്റെ തടിയൊഴികെ എല്ലാം നമ്മളെടുത്തു കറിയും , തോരനും വച്ചു. എന്തായാലും  തമിഴന്റെ പച്ചക്കറിവണ്ടി അതിർത്തികടന്നെത്തിയില്ലേലും രണ്ടുമൂന്നാഴ്ച്ചയൊക്കെ ഇനി നമുക്ക് പിടിച്ചു നിൽക്കാം എന്ന് തോന്നുന്നു. വീട്ടിൽ വെറുതെയിരുന്ന് പലരും കുക്കിങ്ങും, ബോട്ടിൽ ആർട്ടും , ചിത്രം വരക്കാനും പഠിച്ചു. സ്‌കൂൾ ക്‌ളാസുകൾ ഓൺലൈനായി. മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കേരളത്തിൽ മദ്യത്തിന്റെ ഉപഭോഗം പണ്ടത്തേതിനേക്കാൾ ഒത്തിരി കുറഞ്ഞു എന്നത് ആശ്വാസകരമാണ്. അതിനിടയിൽ വന്ന BEVQ ആപ്പ് , പലരെയും ആപ്പിലാക്കി. മുടിയും , താടിയും നീട്ടിവളർത്തിയ ന്യൂജൻ പിള്ളേരെ കുറ്റം പറഞ്ഞവർ പോലും , ബാർബർ ഷോപ്പുകളിൽ കയറാനുള്ള പേടിയിൽ  ഹിപ്പിയും , ഫ്രഞ്ച്  ബിയേർഡും ആയി നടക്കാൻ തുടങ്ങി. ഒരു ചെറിയ വൈറസ് വന്നാൽ മാറി മറയുന്നതാണീ ലോകം എന്ന വലിയ പാഠം നാമോരോരുത്തരും പഠിച്ചു. 
ലോക നേതാവെന്നഹങ്കരിച്ച അമേരിക്ക വരെ വൻ സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിഞ്ഞു. രണ്ടു മാസം അടച്ചിട്ടാൽ തീരാവുന്നതേയുള്ളൂ ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വം. ലോക സമവാക്യങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ലോകത്തെ മലിനീകരണ തോത് കുറഞ്ഞു എന്നുള്ളതാണ് ഇക്കാലയളവിൽ ആശ്വാസത്തിന് വകനൽകുന്ന മറ്റൊരു കാര്യം. തൽഫലമായി ഓസോൺ പാളിയിലെ വിള്ളലുകൾ പലതും അടഞ്ഞു എന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

സൂപ്പർ ഹീറോസ് എന്നാൽ നമക്കിക്കാലമത്രയും സൂപ്പർ മാനും, സ്പൈഡർ മാനും ഒക്കെയായിരുന്നു. എന്നാൽ പുതിയൊരുകൂട്ടം സൂപ്പർ ഹീറോകളെയാണ് നമ്മളീ കോവിഡ് കാലത്തു കണ്ടത്. ഡോക്ടർമാരും , നേഴ്‌സുമാരുമടങ്ങിയ ആരോഗ്യ പ്രവർത്തകരായിരുന്നു അവർ. സ്വന്തം ആരോഗ്യത്തെയും , കുടുംബത്തെയും മാറ്റിനിർത്തിക്കൊണ്ടു അവർ നമുക്കുവേണ്ടി കൊറോണയെ നേരിടുന്നു. PPE കിറ്റിനുള്ളിലെ ചൂടിൽ ഉരുകിയൊലിച്ചു കൊണ്ട്  രാത്രിയും പകലുമെന്നില്ലാതെ അവർ ഡ്യൂട്ടി ചെയ്യുന്നു. എന്നാൽ കോവിഡ് കാലം കഴിഞ്ഞാൽ പതിവുപോലെ നമ്മൾ അവരെ മറക്കും. വെളുത്ത കുപ്പായമണിഞ്ഞ മാലാഖമാരുടെ വീട്ടിൽ അടുപ്പെരിയുന്നുണ്ടോ എന്ന ചോദ്യം വീണ്ടും അവശേഷിക്കും. നിപ്പാനന്തരം സംഭവിച്ച കാര്യങ്ങൾ നമുക്കറിവുള്ളതാണ്. എന്തൊരു നന്ദികെട്ട ലോകം.

കോവിഡ് കാലത്തെ സുത്യർഹസേവനത്തിന്  ഓർമ്മിക്കപ്പെടേണ്ട മറ്റൊരു കൂട്ടരാണ് നമ്മുടെ സ്വന്തം പോലീസുകാർ. പൊരിവെയിലത്തും, മഴയത്തും കൊറോണയെക്കാൾ ഭീകരരായ കൊറേയെണ്ണത്തിനെ സാമൂഹിക അകലം പാലിക്കാനും, വീട്ടിലിരിക്കാനും പഠിപ്പിച്ച പോലീസുകാർ പ്രത്യേകം കയ്യടി അർഹിക്കുന്നു. സുഹാസിനേയും , നൂഹിനെയും , അദീല അബ്‌ദുള്ളയെയും പോലെയുള്ള ജില്ലാധികാരികളും ശ്രദ്ധേയമായ സംഭവനകളാൽ വേറിട്ടുനിന്നു. ലോക്ക്ഡൗൺ കാലത്ത്  നമ്മളെല്ലാം സുരക്ഷിതരായി വീട്ടിൽ ഇരുന്നപ്പോഴും, നമുക്ക് വേണ്ടി ജോലിക്കിറങ്ങിയ, മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ പോയ ചിലരുണ്ട്. മുകളിലത്തെ സൂപ്പർ ഹീറോസിന്റെ താഴെയോ അതല്ലെങ്കിൽ അവർക്കൊപ്പമോ പ്രതിഷ്ഠിക്കപ്പെടേണ്ടവർ. കൊറോണ ഭയം ഉണ്ടായിരുന്നിട്ടും നമുക്കുവേണ്ടി പച്ചക്കറി , പലവ്യഞ്ജനക്കടകൾ തുറന്നിട്ടവർ, അന്യദേശത്തു ഒറ്റപ്പെട്ടുപോയവരെ ഊട്ടിയ ഹോട്ടലുകാർ, ഡെലിവറി ബോയ്സ് , കോവിഡ് വളണ്ടിയർമാർ, പെട്രോൾ പമ്പ് ജീവനക്കാർ,  IT ജീവനക്കാർ , ബാങ്ക് എംപ്ലോയീസ്. അങ്ങനെ നാം വീട്ടിൽ ഇരുന്നപ്പോഴും നമുക്കുവേണ്ടി  റോഡിലിറങ്ങിയ എത്രയോപേർ. ഒപ്പം സാമൂഹിക അകലം പാലിച്ചും , പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നുകൊണ്ടും നമ്മളോരോരുത്തരും സൂപ്പർ ഹീറോകളായി. ഇതിന്റെകൂടെ  ഇച്ഛാശക്തിയുള്ള ക്രിയാത്മക ഭരണ നേതൃത്വവും ചേർന്നപ്പോൾ കേരളം ലോകത്തിനു തന്നെ അഭിമാനമായി മാറി. ലോകമാധ്യമങ്ങൾ നമ്മളെ വാഴ്ത്തി. മറ്റിടങ്ങളിൽ കോവിഡ് നിരക്കുകൾ റോക്കറ്റുപോലെ ഉയർന്നപ്പോഴും, കേരളത്തിൽ കാഷ്വാൽറ്റി നിരക്ക് കുറക്കാൻ നമ്മുടെ സൂപ്പർ ഹീറോസിന് സാധിക്കുന്നു. 

ലോക്ക്ഡൗൺ നിബന്ധനകൾ കുറച്ചുകൊണ്ട് രാജ്യം പഴയ സ്ഥിതിയിലേക്ക് മാറാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൊറോണ കേസുകൾ കൂട്ടുന്നുണ്ടങ്കിലും ഇനിയുമേറെക്കാലം അടച്ചിടുന്നത് രാജ്യത്തിന്റെയും , സംസ്ഥാനങ്ങളുടെയും ധനസ്ഥിതിക്ക് അഭികാമ്യമല്ല.  അൺലോക്ക് നിർദേശങ്ങൾ ഇതിനകം വന്നുകഴിഞ്ഞു, എന്നാൽ ലോക്ക്ഡൗൺ  എടുത്തുകളയുക എന്നാൽ, കൂട്ടത്തോടെ വെളിയിലിറങ്ങാനുള്ള സ്വാതന്ത്രമല്ല എന്ന് നാം മനസ്സിലാക്കണം. കൊറോണയോടൊപ്പം ജീവിക്കലാണ് ഇനിയുള്ള വെല്ലുവിളി. സാമൂഹിക അകലം പാലിച്ചും, വ്യക്തിശുചിത്വം പാലിച്ചും മുന്നോട്ടുപോയില്ല എങ്കിൽ നമ്മെ കാത്തിരിക്കുന്നത് വലിയൊരു ദുരന്തമാകും. എല്ലാ കരിനിഴലുകളും മാറി പുതിയൊരാകാശം നമുക്ക് മുന്നിൽ തുറക്കുന്ന ദിനങ്ങൾക്കായി കാത്തിരിക്കാം. 

**********************************************

ഫോൺ നീട്ടി ബെല്ലടിക്കുന്നു, ഇതാരാണാവോ ഈ നട്ടപ്പാതിരക്ക്. 

" ഹാലോ ദിനേശനല്ലേ ?, ഞാൻ മെംബറാ "

" എന്താ മെമ്പറെ ഈ നട്ടപ്പാതിരക്ക് ? "

" കുന്നുമ്മലെ കണാരേട്ടൻ കൊറോണ പിടിച്ച് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആണ്. കാര്യം ഒരിച്ചിരി സീരിയസ്സാ, വെന്റിലേറ്റർ വച്ചാണ് ഇപ്പൊ ജീവൻ നിലനിർത്തുന്നത്. അയാളുമായിട്ടുള്ള പ്രൈമറി കോൺടാക്ട് നിങ്ങൾ ഒരാള് മാത്രമാണ്.  വീട്ടീന്ന് പുറത്തിറങ്ങരുത്. ഒരു ആംബുലൻസ് അങ്ങോട്ട് അയക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ പോയി ഒന്ന് കോവിഡ് ടെസ്റ്റ് ചെയ്യണം "

" ഹലാക്കിലെ അവിലുംകഞ്ഞി, ഏതു നേരത്താണ് പടച്ചോനേ അങ്ങാടീലേക്ക് എറങ്ങാൻ തോന്നിയത്, പൊരേൽ തന്നെ ഇര്ന്നാ മത്യാര്ന്ന് ..!! "

ആ സമയം, കഴുത്തിൽക്കെട്ടി അഴിച്ചിട്ട മാസ്ക്ക് വരാന്തയുടെ മൂലക്കിരുന്നു അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

- ശുഭം -

#breakthechain #stay_home_stay_safe #we_shall_overcome
Together we will survive..!!