Wednesday, November 27, 2019

മേഘാലയ – “മനം മയക്കുന്ന മഹാത്ഭുതം” - Travelogue Part-3


Day-5 ഡബിൾഡക്കർ  ലിവിങ് റൂട്ട് ബ്രിഡ്ജും, റെയിൻബോ ഫാൾസും

          പൊതുവെ മേഘാലയയിലെ ടൂറിസ്റ്റ് സ്പോട്ടുകളൊക്കെ വളരെ വൃത്തിയുള്ളതും, നന്നായി പരിപാലിച്ചുപോകുന്നതുമാണ്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് ബോട്ടിലുകളും, സ്നാക്സ് പാക്കറ്റുകളും ഒട്ടും കാണാനില്ല. എല്ലാ ആഴ്ചയും ഇവിടങ്ങളിലെ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ ശേഖരിച്ചു റീസൈക്കിൾ ചെയ്യാനായി കൊണ്ടുപോകുമത്രേ. 
ചെറുതെങ്കിലും ഞങ്ങളുടെ ഹോട്ടലും പരിസരവും ഇതേകണക്കിനു വൃത്തിയായി സൂക്ഷിച്ച ഒന്നായിരുന്നു. സമീപത്തെ കുളവും, പുൽത്തകിടിയും അതിനു ഒരു പ്രത്യേക ഭംഗി നൽകി.  
രാവിലെ ആറുമണിയോടുകൂടി ഞങ്ങൾ ഹോട്ടൽ വെക്കേറ്റ് ചെയ്തിറങ്ങി. കോംപ്ലെമെന്ററി ബ്രേക്ഫാസ്റ് ലഭ്യമായിരുന്നെങ്കിലും, നേരത്തെ ഇറങ്ങേണ്ടി വന്നതിനാൽ കഴിക്കാൻ സാധിച്ചില്ല . 
ഇന്നത്തെ ദിവസം നമ്മൾ പോകുന്നത് ഡബിൾഡക്കർ  ലിവിങ് റൂട്ട് ബ്രിഡ്ജും (Double Decker Living Root Bridge),  റെയിൻബോ ഫാൾസും (Rainbow Falls) കാണാനാണ്. 

നദികളും അരുവികളും മുറിച്ചുകടക്കുവാനായി മരത്തിന്റെ വേരുകൾ ഇരുകരകളിലേക്കും നീട്ടിവളർത്തി നിർമ്മിച്ച പാലങ്ങൾ (Living root bridges) മേഘാലയയിലെ സാധാരണമാണ്.  പക്ഷെ പുറത്തുനിന്നും വരുന്ന ആളുകൾക്ക് അതൊരു വിസ്മയം തന്നെയാണ്. 50 മീറ്റർ നീളത്തിൽ വരെ ഇത്തരം പാലങ്ങൾ നിർമിച്ചിട്ടുണ്ട്. അത്തരത്തിലൊരു റൂട്ട് ബ്രിഡ്ജ് ആണ് ഇന്നത്തെ ലക്‌ഷ്യം. പക്ഷെ ഇതിനൊരു പ്രത്യേകതയുണ്ട്. മറ്റുള്ള റൂട്ട് ബ്രിഡ്ജുകളിൽ നിന്നും വ്യത്യസ്താമായ ഒന്ന്. പേര് സൂചിപ്പിക്കും പോലെ ഇതൊരു Double decker bridge ആണ്. അതായത് രണ്ടു തട്ടുകളിലായിട്ടാണിത് നിർമ്മിച്ചിട്ടുള്ളത്. ഡബിൾഡക്കർ  ലിവിങ് റൂട്ട് ബ്രിഡ്ജിന് അടുത്താണ് റെയിൻബോ വെള്ളച്ചാട്ടം ഉള്ളത്. വെള്ളം താഴെ പാറക്കെട്ടിൽ തട്ടിത്തെറിക്കുന്നിടത്തു മഴവില്ല് ദൃശ്യമാകും എന്നതുകൊണ്ടാണ് റെയിൻബോ ഫാൾസിന് ആ പേര് ലഭിച്ചത്. 

          നോൻഗ്രിയാറ്റ് (Nongriat) എന്ന ഗ്രാമത്തിലാണ് ഈ രണ്ട് അത്ഭുതങ്ങളും. നോൻഗ്രിയാറ്റിലേക്ക് റോഡ് ഇല്ല, അതുകൊണ്ടുതന്നെ വാഹനങ്ങളിൽ ഇങ്ങോട്ട് വരാൻ സാധിക്കില്ല. ടിർണ (Tyrna) എന്ന അയൽഗ്രാമത്തിൽ നിന്ന്  3500-ഓളം പടികൾ ഇറങ്ങി താഴേക്ക് ചെന്നാലാണ്  നോൻഗ്രിയാറ്റ്  എത്തുന്നത്. ഗ്രാമത്തിലുള്ളവർ പുറത്തുപോകാനും, സാധനങ്ങൾ കൊണ്ടുവരാനും എല്ലാം ആശ്രയിക്കുന്നത് ആ പടികളുള്ള പാതയെത്തന്നെയാണ്. ചെറാപുഞ്ചിയിൽ നിന്ന് ടിർണ വരെ ഒരു പത്തു -പന്ത്രണ്ട് കിലോമീറ്ററേ ഉള്ളൂ. പക്ഷെ റോഡ് വളരെ മോശമായതിനാൽ ഏകദേശം ഒരു മണിക്കൂറോളം സമയം ഇവിടേക്ക് എത്തിച്ചേരാനായെടുക്കും. രണ്ട് വണ്ടികൾക്ക് കഷ്ടിച്ച് പോകാൻ പാകത്തിനുള്ളൊരു റോഡാണ് നമ്മളെ ടിർണയിലേക്ക് നയിക്കുന്നത്. മുൻപിലൊരു വണ്ടി വന്നാൽ പലയിടത്തും സൈഡ് ഒതുക്കിക്കൊടുക്കയോ, റിവേഴ്‌സ് എടുത്തു വഴി മാറി കൊടുക്കുകയോ ഒക്കെ ചെയ്യേണ്ടി വരും. റോഡ് മോശമാണെങ്കിലും ഒരുവശത്തേയും കാഴ്ചകൾ മനംമയക്കുന്നതാണ്. കുന്നിൻമുകളിൽ നിന്നൊലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ, സ്വതേ സുന്ദരിയായ പ്രകൃതിയുടെ വെള്ളിയരഞ്ഞാണങ്ങൾ കണക്കെ തോന്നിച്ചു. 

          ഏഴുമണിക്ക് മുൻപേ തന്നെ ഞങ്ങൾ ടിർണയിൽ എത്തി. ശരിക്കും പറഞ്ഞാൽ ഡബിൾഡക്കർ  ലിവിങ് റൂട്ട് ബ്രിഡ്ജും മാത്രം കാണാനായിരുന്നു ഇന്നത്തെ പ്ലാൻ. ടിർണയിൽ നിന്ന് ഒരു മണിക്കൂറിലധികം സ്റ്റെപ്പുകൾ ഇറങ്ങി ചെന്നാലാണ് നോൻഗ്രിയാറ്റിൽ എത്തുന്നത്. അവിടുന്നു അഞ്ചോ, പത്തോ മിനുട്ട് നടന്നാൽ റൂട്ട് ബ്രിഡ്ജ് എത്തും. വീണ്ടും മണിക്കൂറിലധികം നടന്നാലേ റെയിൻബോ ഫാൾസ് എത്തുകയുള്ളൂ. ഇത്രയും ദൂരം തിരിച്ചു കയറി വരികയും ചെയ്യണം. മൊത്തത്തിൽ ഏകദേശം പത്തു കിലോമീറ്ററിലധികം ദൂരം ട്രെക്ക് ചെയ്യേണ്ടതായിട്ടുണ്ട്. അതുകൊണ്ടു റൂട്ട് ബ്രിഡ്ജ് കണ്ടിട്ട് സമയവും, സ്റ്റാമിനയും ഉണ്ടെങ്കിൽ മാത്രം റെയിൻബോയിലേക്കിറങ്ങാം എന്ന് വിചാരിച്ചു. സാധാരണ ആളുകൾ തലേന്ന്  വൈകീട്ട് ടിർണയിൽ എത്തി, താഴെ നോൻഗ്രിയാറ്റ്  വരെ നടന്ന് , അവിടെ താമസിച്ചു പിറ്റേന്ന് റൂട്ട് ബ്രിഡ്‌ജും , റെയിൻബോ ഫാൾസും കണ്ട് തിരിച്ചു കയറി വരാറാണ്‌ പതിവ്. നോൻഗ്രിയാറ്റിൽ ഹോം സ്റ്റേകൾ ലഭ്യമാണ്. ആയിരം രൂപക്ക് താഴയേ വരുള്ളൂ. നോൻഗ്രിയാറ്റിലേക്ക് ഒരു ഗൈഡിനെ കൂടെ കൂട്ടുന്നത് നല്ലതായിരിക്കും. ഒറ്റക്കും പോകാം. പക്ഷെ റൂട്ട് ബ്രിഡ്ജിലേക്കും, റെയിൻബോ ഫാൾസിലേക്കുമുള്ള വഴി എവിടെയും അടയാളപ്പെടുത്തി വച്ചിട്ടില്ല. ചോദിക്കുവാൻ വഴിയിൽ അധികം ആളുകളുമുണ്ടാവില്ല. പിന്നെ മറ്റൊരുകാര്യം ഇവിടുത്തെ ചില സ്ഥലങ്ങൾ ആളുകൾ വളരെ പവിത്രമായി കരുതുന്നവയാണ്. പ്രത്യേകിച്ചും ഖാസി പൂർവികരുടെ ശ്മശാനഭൂമി പോലുള്ളവ. ഇതുപോലെ നമുക്ക് കയറിച്ചെല്ലാൻ പാടില്ലാത്ത ചില സ്ഥലങ്ങളും ഇവിടെയുണ്ട്. ഇവിടെയൊക്കെ അറിയാതെ കേറിച്ചെന്നു അടി മേടിക്കണ്ടാലോ. അതുകൊണ്ടൊക്കെയാണ് ഒരു ഗൈഡിനെ കൂടെ കൂട്ടാം എന്ന് കരുതിയത്.  ടിർണയിൽ നിന്ന് ട്രെക്കിങ്ങ് തുടങ്ങുന്ന സ്ഥലത്ത് ഒരുപാട് ഗൈഡുമാരെ കിട്ടും. ഒരു ഗ്രൂപ്പിന് ഡബിൾ ഡെക്കർ ബ്രിഡ്ജ് വരെ 500-700 രൂപയാണ് ഇവർ വാങ്ങിക്കുന്നത്. റെയിൻബോ ഫാൾസ് കൂടിയുണ്ടെങ്കിൽ ആയിരം രൂപയോളമാകും. വിലപേശിയാൽ വീണ്ടും കുറയും, പക്ഷെ ജീവിക്കാൻ വേണ്ടി കഷ്ട്ടപെടുന്നവരാ, കൂലി ന്യായമാണെന്ന് തോന്നുകയാണെങ്കിൽ അവര് ചോദിക്കുന്ന കാശ് കൊടുത്തേക്കണം.

          തിരുവനന്തപുരം സഞ്ചാരിയിലെ ലിജി ചേച്ചി വഴി ഒരു ഗൈഡിന്റെ കോൺടാക്ട് കിട്ടിയിരുന്നു. ഇന്നലെ തന്നെ പുള്ളിയെ വിളിച്ചു ഞങ്ങൾ ഇന്ന് വരുന്ന കാര്യം അറിയിച്ചിരുന്നു. ടെഡി മാജോ എന്നാണ് ആളിന്റെ പേര് (Teddy Majaw Contact : 88372 83933). ഇന്ന് രാവിലെ ഞങ്ങൾ വിളിക്കുമ്പോ പുള്ളി മറ്റൊരു ഗ്രൂപ്പിനെയും കൊണ്ട്  ഡബിൾഡക്കർ വരെ പോയിരിക്കുകയായിരുന്നു. ട്രെക്കിങ്ങ് തുടങ്ങുന്ന സ്ഥലത്ത് ഒരു ധാബയുണ്ട്‌. റോസ്മേരി ധാബ. ഇവിടെ രാവിലെ ഭക്ഷണം കിട്ടുന്ന ഒരേയൊരു സ്ഥലം ഇതാണ്. ഞങ്ങളോട് അവിടെക്കേറി ഫുഡ് അടിക്കുമ്പോഴേക്കും ഞാനങ്ങെത്താം എന്ന് ടെഡി പറഞ്ഞു. മേഘാലയയിലെ വന്നത് മുതൽ ഒട്ടുമിക്ക ദിവസവും രാവിലത്തെ ഭക്ഷണം പൂരിയും, സബ്ജിയുമായിരുന്നു. ഇന്നും അത് തന്നെ ഓർഡർ ചെയ്തു. പക്ഷെ ഇവിടുത്തെ പൂരി -സബ്ജി ഒരു അന്യായ കോമ്പിനേഷനാണ്. ഇത് കാണുമ്പോഴാണ് നമ്മുടെ നാട്ടിൽക്കിട്ടുന്നതിനെയെടുത്തു കിണറ്റിലെറിയാൻ തോന്നുന്നത്. ബ്രേക്‌ഫാസ്റ് കഴിച്ചു തീർന്നപ്പോഴേക്കും കടയിലെ ഭയ്യാ ഒരു നീളൻ മുളവടിയുമായി വന്നു. ട്രെക്ക് ചെയ്യുമ്പോ ഉപയോഗിക്കാനായി മുപ്പതു രൂപയും കൊടുത്തു വടിയും വാങ്ങിച്ചു ഞങ്ങൾ ടെഡി പറഞ്ഞ സ്ഥലത്തേക്ക് ചലിച്ചു. പക്ഷെ ആ വടി പിന്നീടുള്ള ആറു മണിക്കൂറിൽ ഞങ്ങളുടെ വലംകൈയായിരുന്നു എന്ന് വേണം പറയാൻ. റോസ് മേരി ധാബയിൽ നിന്നിറങ്ങുമ്പോഴാണ് മുന്നിൽ ഒരു സൗത്ത് ഇന്ത്യനെപ്പോലെ തോന്നിച്ച ഒരു പയ്യൻ നിൽക്കുന്നു. പോയി പരിചയപ്പെട്ടു. ആള് ഇൻഡ്യാക്കാരനല്ല, ബംഗ്ലാദേശിയാണ്. ഫ്രണ്ട്സിന്റെ കൂടെ നോർത്ത് ഈസ്റ്റ് കാണാനായി ഇറങ്ങിയതാണത്രേ. ഒരാഴ്ചയായി ഇന്ത്യയിൽ എത്തിയിട്ട്. രണ്ടു ദിവസത്തിൽ തിരിച്ചു പോകും. ഇന്നലെ ടിർണയിലെ ഹോംസ്റ്റെയില് താമസിക്കുകയായിരുന്നു അവരുടെ സംഘം.

          ടെഡി ട്രെക്കിങ്ങ് വഴിയുടെ തുടക്കത്തിൽ ഞങ്ങളെയും കാത്തിരിപ്പുണ്ട്. ചുറുചുറുക്കുള്ള, നന്നേ മെലിഞ്ഞ ഒരു ചെറിയ യുവാവ്. താഴെ വരെപോയി തിരിച്ചെത്തിയതിന്റെ ക്ഷീണമൊന്നും അയാളുടെ മുഖത്ത് കാണാനുണ്ടായിരുന്നില്ല. മുൻപ് പുള്ളിയുടെ കൂടെ കഴിഞ്ഞ വർഷങ്ങളിൽ ട്രെക്ക് ചെയ്ത എൻ്റെ കൂട്ടുകാരുടെ പേരുപോലും അയാൾ ഓർമിച്ചെടുത്തു പറഞ്ഞത് എന്നെ അത്ഭുതത്തിലാഴ്ത്തി. ഒരു ഏഴരയോടുകൂടി ഞങ്ങൾ ട്രെക്കിങ്ങ് ആരംഭിച്ചു. ആദ്യമായിട്ടാണ് കുന്നിറങ്ങിക്കൊണ്ടൊരു ട്രെക്കിങ്ങ് ആരംഭം. ഞങ്ങൾ അൽപ്പം മുന്നോട്ടുപോയപ്പോൾ തന്നെ ഒരു സംഘം തിരിച്ചു കയറി വരുന്നത് കണ്ടു. അവർ നോൺഗ്രിയാറ്റിൽ  താമസിച്ചു അതിരാവിലെ താഴെ നിന്നും മുകളിലേക്ക് കയറിത്തുടങ്ങിയവരാണ്. നേരത്തെ പറഞ്ഞതുപോലെ താഴെ വരെ 3500-ഓളം സ്റ്റെപ്പുകൾ ഉണ്ട്. കുറച്ചു ദൂരം കൂടി പോയപ്പോൾ ആയിരം സ്റ്റെപ്പുകൾ കഴിഞ്ഞെന്നു ടെഡി പറഞ്ഞു. അത് വരെ വലിയ കുഴപ്പമൊന്നും തോന്നിയില്ല. അനായാസമായി ഇറങ്ങാൻ സാധിച്ചു. ചുറ്റുമുള്ള കാഴ്ചകളും നയനാന്ദകരമായിരുന്നു. കയറ്റം ഇറങ്ങിപ്പോകാൻ വളരെ എളുപ്പമാണെന്ന മിഥ്യാ ധാരണ മാറ്റിയെഴുതാൻ പക്ഷെ അധികസമയം വേണ്ടി വന്നില്ല. സ്റ്റെപ്പുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കാലുകൾ ചെറുതായി അനുസരണക്കേട്‌ കാട്ടിത്തുടങ്ങി. മുന്നോട്ടുപോകും തോറും കാലുകൾ ക്ഷീണിച്ചു തുടങ്ങി. ആയിരം സ്‌കോട്ടുകൾ ഒന്നിച്ചെടുത്ത ഒരു ഫീലിംഗ്. . ഓരോതവണ നിൽക്കുമ്പോഴും കാലുകൾ വിറക്കുന്നതു ശരിക്ക് അറിയാനുണ്ടായിരുന്നു. രണ്ടായിരം സ്റ്റെപ്പുകൾ കഴിഞ്ഞെന്നു ടെഡി പറഞ്ഞപ്പോൾ ഇനിയൽപ്പം വിശ്രമിക്കാമെന്നായി ഞങ്ങൾ. അഞ്ചു മിനിറ്റ് വിശ്രമിച്ചു വീണ്ടും കാൽനട തുടർന്ന്. ഞങ്ങൾ നടക്കുന്നതിന്റെ വശങ്ങളിൽ ചെറിയ വീടുകൾ കണ്ടു. മരം കൊണ്ട് നിർമ്മിച്ചവയാണവ. നിലത്തുനിന്നും മരക്കമ്പുകളിൽ ഉയർത്തിയാണ് ഇവിടുത്തെ വീടുകളുടെ നിർമ്മാണം. ചില വീടുകളോടനുബന്ധിച്ചു ചെറിയ ചില കടകളും ഉണ്ട്. പക്ഷെ നേരം വളരെ നേരത്തെ ആയതിനാൽ അവയൊന്നും തുറന്നിട്ടില്ല. കൈയിലുണ്ടായിരുന്ന ഒരു ലിറ്റർ ബോട്ടിലെ ഏതാണ്ട് തീരാറായി. ഡബിൾ ഡെക്കർ ബ്രിഡ്ജ് എത്തിന്നതിനു മുൻപ് ഒരു മറ്റൊരു ചെറിയ റൂട്ട് ബ്രിഡ്ജ് ഉണ്ട്. അത് കടന്നുവേണം മുന്നോട്ടുപോകാൻ.

          Ficus elastica എന്ന റബ്ബറിന്റെ ഗണത്തിൽപ്പെടുന്ന മരത്തിന്റെ വേര് മരുകരയിലേക്ക് വളർത്തിയെടുത്താണ് ലിവിങ് റൂട്ട് ബ്രിഡ്ജുകൾ നിർമ്മിക്കുന്നത്. മരത്തിന്റെ ചെറുപ്രായത്തിൽ മറുകരയിലേക്ക് നീട്ടി വളർത്തുന്ന വേരുകൾ കാലക്രമേണ വലുതായി ബലപ്പെട്ടു പാലം പോലൊരു നിർമിതി രൂപം കൊള്ളുന്നു. ഒരു റൂട്ട് ബ്രിഡ്ജ് രൂപമെടുക്കണമെങ്കിൽ 200-500 വര്ഷം വരെയെടുക്കും. അതായത് ബ്രിഡ്‌ജിന്റെ നിർമ്മാണം തുടങ്ങിയ തലമുറക്ക് അത് ഉപയോഗിക്കാനുള്ള ഭാഗ്യം ഉണ്ടാവില്ല എന്ന്. മേഘാലയയിലെ പല ഭാഗങ്ങളിലും ഇതുപോലുള്ള ഒട്ടനവധി പാലങ്ങളുണ്ട്. ഒരേ സമയം 500-ലധികം ആളുകളെ വഹിക്കാവുന്ന പാലങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. ഖാസി, ജൈന്ത്യാ സമൂഹത്തിന്റെ എൻജിനീയറിങ് വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ പാലങ്ങൾ.

          റൂട്ട് ബ്രിഡ്ജും കഴിഞ്ഞു മുന്നോട്ടു പോയാൽ മറ്റു രണ്ടു പാലങ്ങൾ കൂടി കാണും. പക്ഷെ അത് ഇരുമ്പുകൊണ്ടുള്ളതാണ്. ഈയടുത്ത കാലത്ത് നിർമ്മിച്ച തൂക്കു പാലങ്ങൾ. സമയം എട്ടരയേ ആയിട്ടുള്ളൂ. പക്ഷെ ഒരുപാട് ദൂരം നടന്നതുപോലെ തോന്നി. ഞാനും മനുവും ക്ഷീണിച്ചിട്ടുണ്ട്. ടെഡിയാണേൽ ഓടിച്ചാടി നടക്കുന്നു. അല്പദൂരം കൂടി പിന്നിട്ടപ്പോഴേക്കും ദേ മുന്നിൽ കാണാറായി നമ്മുടെ ഡബിൾ ഡെക്കർ ലിവിങ് റൂട്ട് ബ്രിഡ്ജ് . പത്തുരൂപ ടിക്കറ്റ് എടുത്ത് മുന്നോട്ടു പോകാം. മലയുടെ മണ്ടയിൽ നിന്നും ഒഴുകിയിറങ്ങുന്ന ഒരു അരുവിക്ക് കുറുകേയാണീ പാലം. ഏകദേശം 10-12 മീറ്റർ നീളം വരും. അരുവിയിൽ കുളിക്കാനുള്ള സൗകര്യമൊക്കെ ഈ പാലത്തിന്റെ താഴെയുണ്ട്. മറ്റാരും തന്നെ ആ സമയം അവിടെ എത്തിയിരുന്നില്ല. ഞാനും , മനുവും , ടെഡിയും മാത്രം. ക്ഷീണം കാരണം കുറച്ചേറെ സമയം ഞങ്ങൾ റൂട്ട് ബ്രിഡ്ജിൽ ചിലവഴിച്ചു. സാധാരണ റൂട്ട് ബ്രിഡ്ജ് പോലെതന്നെയാണിതും. പക്ഷെ ഒന്നിനുമുകളിൽ ഒന്നെന്ന രീതിയിൽ രണ്ടു തട്ടുകളായിട്ടാണ്. മഴക്കാലത്ത് താഴത്തെ പാലം വരെ വെള്ളം കേറുമായിരുന്നത്രെ. അതിനൊരു പരിഹാരമായിട്ടാണ് മുകളിൽ മറ്റൊരു തട്ട് നിർമ്മിച്ചത്. അതിനു മുകളിൽ മൂന്നാമതൊരു തട്ട് കൂടി നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് ഇവിടുത്തെ പുതു തലമുറ. നീളമുള്ള മരത്തിന്റെ വേരുകൾ പരസ്പ്പരം കെട്ടിപ്പിണച്ചാണ് മറു കരയിലേക്ക് വളർത്തുന്നത്.

          1800 -ഇന്റെ തുടക്കത്തിൽ നടന്ന ആംഗ്ലോ -ഖാസി യുദ്ധത്തിന്റെ സമയത്തു നോൺഗ്രിയേറ്റിലേക്കും , സമീപ പ്രദേശത്തേക്കും രക്ഷപ്പെട്ടോടിയ ഖാസി സമൂഹത്തിന്റെ പിന്തുടർച്ചക്കാരാണ് ഇന്നിവിടത്തെ താമസക്കാർ. ബംഗ്ലാദേശിൽ നിന്ന് കുടിയേറിയവരും ഉണ്ട്. ഇരുന്നൂറിനടുതെയുള്ളൂ നോൺഗ്രിയാറ്റിലെ ജനസംഖ്യ. ഇവരുടെ മുതുമുത്തച്ഛൻമാരാണ് നോൺഗ്രിയാറ്റിലെ ഒട്ടുമിക്ക റൂട്ട് ബ്രിഡ്ജുകളും നിർമ്മിച്ചിട്ടുള്ളത്.

          എന്തായാലും ഇത്ര പെട്ടന്ന് ഇവിടെ എത്തിയതിനാൽ ഇനി റെയിൻബോ ഫാൾസും കൂടെ കണ്ടിട്ടു പോകാമെന്നു കരുതി. സമയം രാവിലെ ഒൻപതു മണിയെ ആയിട്ടുള്ളൂ. ഇവിടെ നിന്ന് ഒരു മണിക്കൂറോളം നടന്നാൽ റെയിൻബോ ഫാൾസ് എത്തും. പക്ഷെ ഇനിയുള്ള റൂട്ടിൽ സ്റ്റെപ്പുകൾ ഇല്ല. കുന്നിൽ ചെരുവിലൂടെ കല്ലും , മണ്ണും ചവിട്ടി വേണം നടക്കാൻ. നടന്നു തളർന്ന മനു റൂട്ട് ബ്രിഡ്‌ജിന്റെ സൈഡിലുള്ളൊരു മരബെഞ്ചിൽ കേറി കിടപ്പായിരുന്നു. ഇനി വീണ്ടുമൊരു വരവ് ചിറാപുഞ്ചിയിലേക്ക് ഉണ്ടാകുമോ എന്ന് പോലും അറിയില്ല. എന്തായാലും ഇത്രേം ദൂരം വന്നിട്ട് ഇതും കൂടി കാണാതെ പോയാൽ അതൊരു വലിയ നഷ്ടം തന്നെയായിരിക്കും. മനുവിനെ വിളിച്ചെഴുന്നേല്പിച്ചു വീണ്ടും ഞങ്ങൾ നടത്തം തുടങ്ങി. രാവിലെയാണെങ്കിലും സൂര്യൻ നല്ല കടുപ്പത്തിൽ തന്നെയാണ്. തുറന്ന സ്ഥലങ്ങളിൽ അത് ശരിക്കും അനുഭവപ്പെട്ടു. റെയിന്ബോയിലേക്കുള്ള യാത്രയിൽ ഞങ്ങൾക്കൊരു കൂട്ട് കിട്ടി. ബ്രൗണി ..! റൂട്ട് ബ്രിഡ്ജിനടുത്തു താമസിക്കുന്ന ടെഡിയുടെ കൂട്ടുകാരന്റെ വീട്ടിലെ പട്ടിയാണിവൻ. റൂട്ട് ബ്രിഡ്ജ് മുതൽ ബ്രൗണി ഞങ്ങളുടെ കൂടെ കൂടി. ഞങ്ങൾക്ക് മുന്നിൽ റൂട്ട് മാർക്ക് ചെയ്തു കൊണ്ട് ബ്രൗണി നടക്കുകയും , ഓടുകയും ചെയ്തു. ഒരു കാവൽക്കരനെപ്പോലെ. ടെഡിയുടെ റെയിന്ബോയിലേക്കുള്ള യാത്രയിൽ എല്ലാ ദിവസവും രാവിലെ ബ്രൗണി കൂടെ പോകുമത്രേ.

           ഈ പാതയിൽ വീണ്ടുമൊരു റൂട്ട് ബ്രിഡ്ജ് ഉണ്ട് .പക്ഷെ ഇത് ഒരു തട്ട് മാത്രം ഉള്ളതാണ്. നടത്തം അര മണിക്കൂർ പിന്നിട്ടു. റൂട്ട് ബ്രിഡ്ജ് വരെ ഇറക്കമായിരുന്നെങ്കിൽ, റെയിൻബോയിലേക്കുള്ള പാത കയറിയാണ് പോകുന്നത്. ഞങ്ങൾ രണ്ടുപേരും നന്നേ ക്ഷീണിച്ചിരുന്നു. പക്ഷെ ടെഡിക്ക് മാത്രം ഒരു കുലുക്കവുമില്ല. ബ്രൗണി ഇടക്കിടെ കുന്നിനു മുകളിലേക്കെങ്ങോട്ടോ ഓടിക്കയറി തിരിച്ചു വരണുന്നുണ്ട്.

          പോകുന്ന വഴിയിൽ എന്നെ ഒരു കാഴ്ച അമ്പരപ്പിച്ചു കളഞ്ഞു. രണ്ടു പേര് സിമന്റ് ചാക്കുകളും ചുമന്നു കൊണ്ട് പോകുന്നു. നമ്മൾ പോകുന്ന വഴിയിൽ ഒരു ചെറിയ പാലവും , അതിനോടനുബന്ധിച്ചുള്ള സ്റ്റെപ്പുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്. അവിടേക്കാണ് ഇവരുടെ പ്രയാണം. നോൺഗ്രിയാറ്റിലേക്ക് റോഡുകൾ ഇല്ല എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ. ടിർന വരയെ വണ്ടി വരികയുള്ളൂ. സാധനങ്ങളെല്ലാം അവിടെ നിന്ന് തലച്ചുമടായി വേണം നോൺഗ്രിയാറ്റിലേക്ക് എത്തിക്കാൻ.  ഞങ്ങൾ നടന്നു തളർന്നു തിരിച്ചു പോയാലോ എന്നുവരെ ചിന്തിച്ച സമയത്താണ് അത്രയും ദൂരം പത്തമ്പതു കിലോയോളം വരുന്ന സിമന്റുചാക്കുമായി ഇവർ കൂളായി നടക്കുന്നത്. ആ കാഴ്ച  തന്ന എനർജി ഒന്ന് വേറെ തന്നെയാണ്. റെയിൻബോ വരെ തളർച്ചയെ മറക്കാൻ ഞങ്ങളെ സഹായിച്ചത് അതൊന്നുമാത്രമായിരുന്നു. ഇവിടെ ആളുകൾ സാധനങ്ങൾ ചുമന്നുപോകുന്നത് തോളിലോ , തലയിലോ വച്ചല്ല. മറിച്ച് നീളൻ കൈയുള്ള സഞ്ചികളിൽ സാധങ്ങൾ ഇട്ട് അതിനെ പുറത്തേക്കിടുന്നു. സഞ്ചിയുടെ കൈ മുന്നിലേക്കെടുത്തു നെറ്റിയിൽ ബാലൻസ് ചെയ്താണ് ഭാരം വഹിക്കുന്നത്.

          റെയിൻബോയുടെ ഹുങ്കാരം കുറേ ദൂരെനിന്നു വരെ കേൾക്കാമായിരുന്നു. വെള്ളച്ചാട്ടത്തിന്റെ വ്യാപ്തിയും , വലിപ്പവും ഊഹിക്കാൻ അത് ധാരാളമായിരുന്നു. പത്തു മണിയോടെ റെയിന്ബോയിലെത്തി. ഇരുന്നൂറു മീറ്ററിലധികം ഉയരത്തിൽനിന്നു താഴേക്ക് പതിക്കുന്നൊരു കിടുക്കാച്ചി വെള്ളച്ചാട്ടം. നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങളൊക്കെ ഇതിനു മുൻപിൽ നാണിച്ചു നിൽക്കും. നോക്കലിക്കൈ ഫാൾസിൽനിന്നൊഴുകുന്ന വെള്ളമാണ് റെയിന്ബോയിൽ എത്തിച്ചേരുന്നത്. താഴത്തെ പാറയിൽ തട്ടിത്തെറിച്ച് നിലത്തിറങ്ങുന്ന വെള്ളത്തുള്ളികൾ സമീപപ്രദേശത്തു മഴ പെയ്യുന്ന പോലെ തോന്നിച്ചു. അതുവരെയുണ്ടായ ക്ഷീണമെല്ലാം മുഖത്തും , ശരീരത്തിലും  പെയ്തിറങ്ങിയ നനവിൽ അലിഞ്ഞില്ലാതായി. ജല കണങ്ങൾക്കിടയിൽ മഴവില്ല് തെളിഞ്ഞു നിന്നു. അതുകൊണ്ടാണല്ലോ ഇതിനെ റെയിൻബോ ഫാൾസ് എന്ന് വിളിക്കുന്നത്. അര മണിക്കൂറോളം അവിടെയും ചിലവഴിച്ചു. കൈയിൽ കരുതിയ ബിസ്കറ്റ് ഞാനും , മനുവും , ടെഡിയും , ബ്രൗണിയും പങ്കിട്ടു കഴിച്ചു. ഒഴിഞ്ഞ കുപ്പിയിൽ വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളം നിറച്ചു. ബിസ്കറ്റ് കൊടുത്തതുകൊണ്ടാണോ എന്നറിയില്ല പരിഭവമേതുമില്ലാതെ ഫോട്ടോയെടുക്കാൻ ബ്രൗണി ഞങ്ങൾക്ക് പോസ് ചെയ്തു തന്നു. തിരിച്ചു പോരാൻ തോന്നിയില്ല. ഒടുവിൽ മനസ്സില്ലാ മനസ്സോട് മടക്ക യാത്ര തുടങ്ങി. വരുന്ന വഴി ഒരു മലയാളിയെ കണ്ടു. കോഴിക്കോട്ടുകാരനായ ഫെബിൻ. ഫെബിൻ ഒറ്റക്കാണ്. രാവിലെ കണ്ട ബംഗ്ലാദേശുകാരനും സംഘവും ഞങ്ങൾക്ക് ഹായ് പറഞ്ഞു കടന്നുപോയി. ഇതിനിടയിൽ ബ്രൗണി എവിടെയോ അപ്രത്യക്ഷനായി. അവനിപ്പോ വീട്ടിൽ എത്തിക്കാണുമെന്ന് ടെഡി പറഞ്ഞു. തിരിച്ചിറങ്ങും വഴി ടെഡി തൻ്റെ പൂർവികർ കുടിയേറി താമസിച്ച സ്ഥലം കാണിച്ചു തന്നു. പഴയ വീടുകളുടെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ ഇവിടെ. പതിനൊന്നു മണിയോടെ ഡബിൾ ഡെക്കറിൽ തിരിച്ചെത്തി. കുറച്ചു ഫോട്ടോയൊക്കെ എടുത്ത് അൽപ്പനേരം കൂടി വിശ്രമിച്ചു തിരിച്ചു കേറാൻ തുടങ്ങി. 3500-ഓളം സ്റ്റെപ്പുകൾ ഇനി തിരിച്ചു കയറണം. ഇപ്പൊ തന്നെ എൻജിൻ ഔട്ട് കംപ്ലീറ്റിലി. എന്താകുമോ എന്തോ. പതുക്കെ നടന്നു. ഓരോ പത്തുമിനുട്ടിലും റസ്റ്റ് എടുത്തു. നേരത്തെ കണ്ട കടകളൊക്കെ ഇപ്പൊ തുറന്നിട്ടുണ്ട്. പോകും വഴി അവിടുന്നു പൈനാപ്പിളൊക്കെ വാങ്ങിച്ചു കഴിച്ചു. കയറ്റം തന്നെ കയറ്റം. ഇടക്ക് നല്ല മഴയും പെയ്തു. കുടയും ചൂടി കയറ്റം കയറാൻ ബുദ്ധിമുട്ടാണ്. മഴ കുറയും വരെ അടുത്തു കണ്ട കടയിൽ കയറി നിന്ന്. കുറേപ്പേർ താഴേക്ക് ഇറങ്ങിപ്പോകുന്നത് കണ്ട്. ഇന്നലെ സെവൻ സിസ്റ്റേഴ്സിൽ വച്ച് ഒരു ആന്ധ്രാ ദമ്പതികളെ പരിചയപ്പെട്ടിരുന്നു. അവരെ വീണ്ടും ഇവിടെ വച്ച് കണ്ട് മുട്ടി. ഏകദേശം രണ്ടരമണിക്കൂറോളമെടുത്തു ഡബിൾ ഡെക്കറിൽ നിന്ന് മുകളിൽ എത്താൻ. രാവിലെ ഇറങ്ങി വരാൻ ഒരു മണിക്കൂറേ എടുത്തുള്ളൂ. ടെഡിയോട് വീണ്ടും കാണാമെന്ന ഉറപ്പിൽ ഗുഡ് ബൈ പറഞ്ഞു. എൻ്റെ ജീവിതത്തിലെ ഒരു അവിസ്മരണീയ അനുഭവമായിരുന്നു ഈ ദിവസം. ഇതുവരെ ചെയ്ത യാത്രകൾക്കിടയിൽ തികച്ചും വേറിട്ടു നിന്ന ഒരു ദിവസം

          സമയം രണ്ടു മണിയായി. നല്ല വിശപ്പ്. അടുത്തു കണ്ട കടയിൽ കയറി ഒരു ഊണ് പറഞ്ഞു. ഖാസി രീതിയിലുള്ള ഊണും ഒപ്പം കറി വച്ച പോർക്കിന്റെ ഒരു പീസും. വിശപ്പ് അതിൻ്റെ പാരമ്യത്തിൽ എത്തിയതുകൊണ്ടാണോ എന്നറിയില്ല. ഭക്ഷണത്തിനു നല്ല രുചി തോന്നി.

          തിരിച്ചു വരും വഴി ഇന്നലെ കാണാതെ പോയ സെവെൻ സിസ്റ്റേഴ്സ് ഫാൾസിൽ ഒന്ന് കൂടി ചെന്ന് നോക്കി. ഭാഗ്യം ഇന്ന് മഞ്ഞിൻറെ ചെറുകണം പോലുമില്ല. നെഞ്ചുവിരിച്ചു നിൽക്കുന്ന മലമടക്കുകളിലൂടെ ഒഴുകിയിറങ്ങുന്ന ഏഴു സഹോദരിമാരെ മനം നിറയെ കണ്ടു. സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം ഏകദേശം 100 മീറ്ററോളം വീതിയിൽ ഏഴു ശാഖകളായിട്ടാണ് താഴേക്കൊഴുകുന്നത്. കാണാതെ പോകേണ്ടി വരുമെന്ന് നിനച്ച ആ കാഴ്ച തികച്ചും ആശ്‌ചര്യപ്പെടുത്തുന്നതായിരുന്നു. അവിടെ വച്ച് ഒരു തമിഴ് പട്ടാളക്കാരനെ കണ്ടുമുട്ടി. അഭിനന്ദൻ വർദ്ധമാൻ   സ്റ്റെയിലിൽ മീശ വച്ച ഒരു ആജാനുബാഹു. തന്റെ മേലുദ്യോഗസ്ഥരെ സ്ഥലം കാണിക്കാൻ കൊണ്ട് വന്നിരിക്കുകയാണ് അദ്ദേഹം. ചെറാപുഞ്ചിയിൽനിന്നു ഷില്ലോങ്ങിലേക്കുള്ള മടക്ക യാത്രയിൽ രാവിലത്തെ ട്രെക്കിങിന്റെ ക്ഷീണമൊക്കെ പമ്പ കടന്നിരുന്നു.



പോലീസ് ബസാർ

          ഷില്ലോങ് നഗരത്തിൻറെ കേന്ദ്ര ഭാഗം എന്നൊക്കെ പറയാം പോലീസ് ബസാറിനെ. പോലീസ് ബസാറിന് ചുറ്റുമായിട്ടാണ് ഷില്ലോങ് നീണ്ടു നിവർന്നു കിടക്കുന്നത്. ഷില്ലോങ്ങിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമാണിത്. വളരെ തിരക്ക് പിടിച്ച പോലീസ് ബസാറിന്റെ നാല് ഭാഗത്തും ഒട്ടനവധി കടകളും, റെസ്റ്റോറന്റുകളും ഉണ്ട്. ഷില്ലോങിലെത്തുന്ന  ടൂറിസ്റ്റുകൾ ഷോപ്പിംഗിനായി എത്തിച്ചേരുന്നത് ഇവിടെയാണ്. വാർഡ്‌സ് ലേക്കിൽ നിന്ന് നടന്നെത്താവുന്നിടം. പോലീസ് ബസാറിലെ ട്രാഫിക്ക് ബ്ലോക്ക് പേടിച്ചു ഞങ്ങൾ വണ്ടി വാർഡ്‌സ് ലേക്കിനടുത്താണ് പാർക്ക് ചെയ്തത്. അവിടെ നിന്നും നടന്നു ബസാറിലേക്ക് പോയി. ഷില്ലോങ് സെന്റർ പോയിന്റ് എന്ന് വലുതായി എഴുതി വച്ച ഒരു ബിൽഡിങ്ങാണ് പോലീസ് ബസാറിൽ നമ്മളുടെ കണ്ണിൽ ആദ്യമുടക്കുന്നത്. അതിനു മുൻപിൽ ഒരു വലിയ സർക്കിൾ ഉണ്ട്. ഈ സർക്കിളിനു ചുറ്റുമായിട്ടാണ് ബസാർ. ഏതുനേരത്തും ഇവിടെ നിന്ന് തിരിയാൻ സ്ഥലമില്ലത്തത്ര തിരക്കാണ്.  മേഘാലയ ടൂറിസത്തിന്റെ ഓഫിസും ഇവിടെയാണുള്ളത്. ടൂറിസം പാക്കേജുകൾ ആവശ്യമുള്ളവർക്ക്  ധൈര്യമായി കേറിച്ചെല്ലാം. വൺ ഡേ ട്രിപ്പുകൾ മുതൽ ദിവസങ്ങൾ നീളുന്ന പാക്കേജുകൾ വരെ ഇവിടെ ലഭ്യമാണ്. പകൽ വെറും വ്യാപാരകേന്ദ്രമായി നിലകൊള്ളുന്ന പോലീസ് ബസാർ നേരമിരുട്ടുമ്പോഴേക്കും മറ്റൊരു രൂപം കൈക്കൊള്ളുന്നു. സർക്കിളും അതിന്റെ ചുറ്റുഭാഗവും ഒരു ഫുഡ് സ്ട്രീറ്റ് ആയി മാറും. റോഡിൽ നിറയെ ബാർബിക്യൂ ഗ്രില്ലുകൾ നിറയും. ഉന്തുവണ്ടികളിൽ  ന്യൂഡിൽസും, ഫ്രൈഡ് റൈസും കിടന്നു വേവും, ഒപ്പം പാനീപൂരിയും, ഭേൽപൂരിയും , വടാപാവും. ഒരു ശരാശരി മലയാളിയുടെ രസമുകുളങ്ങളെ ഉദ്ധീപിപ്പിക്കാൻ ഇതിൽപ്പരം എന്ത് വേണം. ചിക്കൻ ഫ്രൈയും , ഗ്രില്ലും ഓർഡർ ചെയ്തു. നമുക്കിഷ്ടമുള്ള പീസ് ചൂണ്ടിക്കാണിക്കാം. അവർ അത് ഉടൻതന്നെയെടുത്തു വേവിച്ചു തരും. സ്ട്രീറ്റ് ഫുഡ് ആയതിനാൽ വിലയും തുച്ഛമാണ്. അധികം മസാല ചേർക്കാത്ത ചിക്കന്. ഉപ്പും , കുരുമുളകും , സോസും ചേർത്താണ് കഴിക്കുന്നത്. നല്ല സ്വാദ്, നാട്ടിൽ കിട്ടുന്ന ഗ്രില്ലിൽ നിന്നും വ്യത്യസ്തവുമാണ്. 20 രൂപക്ക് ഒരു പ്ലേറ്റ് ന്യൂഡിൽസും വാങ്ങിച്ചു. ഒരുപാട് സ്വീറ്റ് ഷോപ്പുകളും ഇവിടെയുണ്ട്. ഏതായാലും ഒരു വരവും കൂടി വരേണ്ടി വരും. വയറു നിറഞ്ഞതിനാൽ തൽക്കാലം ഫുൾസ്റ്റോപ് ഇടുന്നു. ഇനി തിരിച്ചു ഗസ്റ്റ് ഹൌസിലേക്ക് .


- “ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തിന്റെയും, ദൗക്കി നദിയുടെയും വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ ...Stay tuned”

Thursday, November 21, 2019

മേഘാലയ – “മനം മയക്കുന്ന മഹാത്ഭുതം” - Travelogue Part-2

meghalaya

Day-4 ചെറാപുഞ്ചി (Cherrapunji) 

          രാവിലെ സൂര്യകിരണങ്ങൾ കണ്ണിലടിച്ചപ്പോ തന്നെ ഉറക്കം പോയി. പക്ഷേ സമയം അഞ്ചു മണിപോലും ആയിട്ടില്ല. ഇന്നത്തെ യാത്ര ചെറാപുഞ്ചിയിലേക്കാണ്. ഇവിടുന്നു ഒരു പത്തെഴുപത് കിലോമീറ്റര് ഡ്രൈവ് ചെയ്യാനുണ്ട്. ചെറാപുഞ്ചിയിലെ റോഡിന്റെ അവസ്ഥ എന്താണെന്ന് അറിഞ്ഞുകൂടാത്തതിനാൽ കുറച്ചു നേരത്തെ തന്നെ ഇറങ്ങാമെന്നു വിചാരിച്ചു. കുളിയും കഴിഞ്ഞു പുറത്തിറങ്ങിയപ്പോ നല്ല തണുപ്പ്. ഗസ്റ്റ് ഹൌസും പരിസരവും മഞ്ഞിൽ കുളിച്ചു നിൽക്കുന്നു. നാളയേ തിരിച്ചു വരൂ എന്ന് റിസപ്ഷനിൽ അറിയിച്ചു. ഇന്ന് ചെറാപുഞ്ചിയിൽ താങ്ങാനാണ് പ്ലാൻ. അതി രാവിലെ ആയിരുന്നതിനാൽ ഷില്ലോങ് നഗരത്തിൽ ഒട്ടും തിരക്കിലായിരുന്നു. ഇന്നലെ ഷില്ലോങ് പീക്കിലേക്ക് പോയ വഴി തന്നെയാണ് കുറച്ചു ദൂരം പോകേണ്ടത്. പിന്നീടാവഴി NH 206 -ൽ ചെന്നുചേരുന്നു, അത് കഴിഞ്ഞു സ്റ്റേറ്റ് ഹൈവെ 5 -ലേക്കും. ചെറാപുഞ്ചിയിലേക്കുള്ള ഡ്രൈവ് ഒരു പ്രത്യേക അനുഭവമാണ്. പച്ച പിടിച്ച കുന്നുകൾക്കിടയിലൂടെ മുകളിലേക്ക് കേറിക്കേറി പോകുന്ന യാത്ര. ഇടക്കിടെ റോഡിൽ കേറിക്കൂടുന്ന കോടയും, മഞ്ഞും. രണ്ടു വശത്തേക്ക് നോക്കിയാലും അതി മനോഹരമായ കാഴ്ചകളാണ്. രണ്ട് മൂന്നിടത്ത് ഞങ്ങൾ കാഴ്ച്ച കാണാനായി വണ്ടി നിർത്തിയിറങ്ങി. പിന്നീട് മനസ്സിലായി ഇങ്ങനെ പോയാൽ ചെറാപുഞ്ചിയിൽ എത്തുന്നത് വരെ വണ്ടി നിർത്താനേ  സമയം കാണുകയുള്ളൂ. കാരണം പറഞ്ഞറിയിക്കാനാവുന്നതിലുമപ്പുറം ഭംഗിയാണ് റോഡിലെ കാഴ്ചകൾക്ക്. ഷില്ലോങ്ങിൽ നിന്ന് ചെറാപുഞ്ചിയിലേക്ക്  പബ്ലിക്ക് ട്രാൻസ്‌പോർട്ട് കുറവാണ്. പിന്നെ ഉള്ളത് ഷെയർ ടാക്‌സികളും മറ്റുമാണ്. കാഴ്ചകൾ കണ്ടു രസിക്കണമെങ്കിൽ മേഘാലയയിൽ പൊതുവെ കാറോ , ബൈക്കോ റെൻറ്റ് ചെയ്തു പോകുന്നതാണ് നല്ലത്.

മേഘാലയ ഒരത്ഭുതമാണെങ്കിൽ, ചെറാപുഞ്ചി അതിനകത്തെ മഹാത്ഭുതമാണ്. മറ്റെങ്ങും പോയില്ലെങ്കിലും, മേഘാലയയിൽ വന്നാൽ ചെറാപുഞ്ചി കാണാതെപോകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടവുമായിരിക്കും. ചെറാപുഞ്ചിയുടെ യഥാർത്ഥ നാമം സോറാ  (Sohra) എന്നാണ്. മേഘാലയക്ക് പുറത്തുനിന്നുള്ള ടൂറിസ്റ്റുകളാണ് 'The land of oranges' എന്നർത്ഥം വരുന്ന ചെറാപുഞ്ചി എന്ന പേര് ഉപയോഗിച്ച് തുടങ്ങിയത്. മേഘാലയയെ കുറിച്ച് കേൾക്കുന്നതിന് മുൻപേ തന്നെ ചെറാപുഞ്ചി എന്ന സ്ഥലനാമം കേട്ടവരാണ് നമ്മളിൽ പലരും. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം എന്ന് സ്‌കൂൾ പുസ്തകങ്ങളിൽ പഠിച്ചപ്പോൾ. ഏകദേശം 11000 മില്ലീമീറ്റർ ആണ് ഇവിടെ ഒരു വർഷത്തിൽ ലഭിക്കുന്ന മഴയുടെ കണക്ക്. കേരളത്തിൽ ലഭിക്കുന്ന മഴ 3000 മില്ലീമീറ്റർ ആണ് എന്നും അറിയുക. ഈയടുത്ത കാലം വരെയും ചെറാപുഞ്ചിക്ക്  തന്നെയായിരുന്നു ആ റെക്കോർഡ്. പക്ഷെ  ഇപ്പൊ അത് മേഘാലയയിലെ തന്നെയുള്ള മൗസിൻറാം (Mawsynram) എന്ന പ്രദേശത്തിനാണ്. 

രാവിലെ പണിക്കു പോകാൻ ഇറങ്ങിയ ഒരാൾ വണ്ടിക്ക് കൈ കാണിച്ചു. അടുത്തുള്ള ക്വാറിയിലെ പണിക്കാരനാണ്. ചെറാപുഞ്ചിയിലും പ്രകൃതി ചൂഷണം  ആശങ്കപ്പെടുത്തും വിധം ആരംഭിച്ചുകഴിഞ്ഞു. വഴിയരികെ രണ്ടു മൂന്നിടത്ത് പാറപൊട്ടിക്കലും, മണ്ണെടുപ്പും കാണാറായി. റോഡിൽ പാറക്കല്ലുകൾ ചുമന്നു കൊണ്ടുപോകുന്ന വണ്ടികളും. മഴക്കാലം കഴിഞ്ഞുള്ള സമയമാണ്  ചെറാപുഞ്ചി സന്ദർശിക്കാൻ പറ്റിയ സമയം. ഒരു ഒക്ടോബർ മുതൽ മെയ് വരെയുള്ള സമയത്തു ഇവിടെ സന്ദർശകർ ധാരാളമായി വരുന്നു. ഡിസംബറിൽ ഇവിടെ ചെറാപുഞ്ചി ഫെസ്റ്റ് നടക്കാറുണ്ട്. തനത് നാടൻ കലാ രൂപങ്ങളും, തനി നാടൻ ഭക്ഷണവും ആസ്വദിക്കണമെങ്കിൽ ഈ സമയമാണുചിതം. എന്നാൽ ചെറാപുഞ്ചിയിലെ വെള്ളച്ചാട്ടങ്ങളെ അതിൻ്റെ പൂർണ രൂപത്തിൽ കാണണമെങ്കിൽ മഴക്കാലത്തു തന്നെ വരണം. മെയ് മാസം മുതലാണ് മഴ തുടങ്ങുന്നത്. ഇവിടുത്തെ ഒട്ടേറ വെള്ളച്ചാട്ടങ്ങളും മഴക്കാലത്ത് മാത്രം നിറഞ്ഞു കവിയുന്നവയാണ്. 

മൗക്ക്ഡോക്ക് (Mawkdok) ബ്രിഡ്‌ജ്‌

          ചെറാപുഞ്ചിയിൽ എത്തുന്നതിനു മുൻപ്  ഒരു വലിയ പാലമുണ്ട്. മൗക്ക്ഡോക്ക് (Mawkdok) ബ്രിഡ്‌ജ്‌  എന്നാണ് പേര്. രണ്ടു കുന്നുകളെ ബന്ധിപ്പിച്ചുണ്ടാക്കിയതാണിത്. ചെറാപുഞ്ചി പാതയിലെ ഒരു പ്രധാന വ്യൂ പോയിന്റാണിത്. പാലത്തിന്റെ ഒരു ഭാഗത്തു മൗക്ക്ഡോക്ക് ഡിംപെപ്പ് താഴ്വര (Mawkdok Dympep Valley) കാണാൻ സാധിക്കും. ഈ താഴ്വര അതിൻെറ പൂർണതയിൽ ദർശിക്കുവാനായിട്ട്, പാലത്തിൽ നിന്നുമകലെ മറ്റൊരു വ്യൂപോയിന്റ്റ് കൂടെ സജീകരിച്ചിട്ടുണ്ട്.  ഡിംപെപ്പ് താഴ്വര താഴ്വര സിപ്പ് ലൈനിങ് പോലെയുള്ള അഡ്വഞ്ചർ സ്പോർട്സുകൾക്ക് പ്രസിദ്ധമാണ്. മൗക്ക്ഡോക്ക് ബ്രിഡ്ജിനരികിലുള്ള ചെറിയൊരു റെസ്റ്റോറന്റിൽ നിന്നാണ് ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചത്.  വിശപ്പുകൊണ്ടാണോ എന്നറിയില്ല , അവിടുന്നു കഴിച്ച പൂരിക്കും കറിക്കും ഒടുക്കത്തെ സ്വാദായിരുന്നു. ബ്രേക്ഫാസ്റ്റിൻറെ കൂടെ വരെ ഇവിടുത്തുകാർ പച്ചമുളകും, സവാളയും കഴിക്കുന്നു. ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും മൗക്ക്ഡോക്ക് പാലം നിറയെ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു.

ഗാർഡൻ ഓഫ് കേവ്സ് (Garden of caves)

          ചെറാപുഞ്ചിയിൽ  എത്തിയിട്ട് ഇതുവരെ സൂര്യനെ ഒരുനോക്ക് കാണുവാൻ കഴിഞ്ഞിട്ടില്ല. മൊത്തം അന്തരീക്ഷം മേഘാവൃതവും, മഞ്ഞു പുതച്ചതുമാണ്. ഇനി നമ്മൾ പോകുന്നത് ഗാർഡൻ ഓഫ് കേവ്സ് (Garden of caves) കാണാനാണ്. Ka Bri Synrang എന്നാണ് പ്രാദേശിക ഭാഷയിൽ ഈ സ്ഥലം അറിയപ്പെടുന്നത്.  2.5 ഹെക്ടറിൽ ഗുഹകളും, വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഒരു വനപ്രദേശമാണ് Garden of caves. സോറാ വില്ലേജിൽ എത്തുന്നതിനും അൽപ്പം മുൻപാണ് ഈ സ്ഥലം. വെറും 20 രൂപയെ എൻട്രി ഫീ ഉള്ളൂ, പക്ഷെ ഇരുപതിനായിരം കൊടുത്താലും കൂടിപ്പോയെന്നു തോന്നാത്ത വിധമുള്ള അനുഭങ്ങളാണ് ഇതിനകത്ത് നമ്മളെ കാത്തിരിക്കുന്നത്. രാജാവിന്റെ ഗുഹ, Sum Syiem Falls, Warrior rocks , Arsdad Falls, Riat Umlwai Falls, ഹൃദയ ആകൃതിയിലുള്ള പാറ, Baby rock ഇങ്ങനെ ഏഴു പ്രധാന ആകർഷണങ്ങളാണ് ഇവിടെയുള്ളത്. 

എൻട്രി ടിക്കറ്റുമെടുത്തു ഉള്ളിലേക്കെറിയാൽ അവിടെയുള്ള ഗൈഡ് നമ്മളെ രാജാവിന്റെ ഗുഹയിലേക്ക് നയിക്കും. എല്ലാ പോയിന്റുകളിലും ഗൈഡുകളുടെ സേവനം ഫ്രീ ആയി ലഭിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.  അത് കൂടാതെ കാണേണ്ട സ്ഥലങ്ങളും , പാതയും കൃത്യമായി വഴിയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ക്രോ എന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ച ഗൈഡിന്റെ പേര്. ഇഗ്ലീഷ് നന്നായി സംസാരിക്കാനറിയുന്ന ഒരു ഖാസി യുവാവ്. ക്രോ ഞങ്ങൾക്ക് അവിടം മുഴുവൻ കാണിച്ചു തരികയും, കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ക്രോയുടെ സുഹൃത്തുക്കൾ കുറച്ചു പേർ കൊച്ചിയിൽ ജോലി ചെയ്യുന്നുണ്ടത്രേ.  ടിക്കറ്റ് കൗണ്ടറിന്റെ ഇടതു ഭാഗത്താണ് Kings Cave അഥവാ രാജാവിന്റെ ഗുഹ. രണ്ടുമൂന്നു ഗുഹകളും ഒരു സമുച്ചയമാണ് ഇത്. ഖാസി ഗോത്രക്കാർ ബ്രിട്ടീഷുകാരിൽ നിന്ന് ഒളിച്ചു താമസിക്കാൻ ഉപയോഗിച്ചവയായിരുന്നു ഈ ഗുഹകൾ. ഗുഹയിലെ തറയിലൂടെ വെള്ളം ഒലിച്ച് താഴേക്കൊഴുകുന്നു. വളരെ വൃത്തിയിൽ പരിപാലിച്ചു പോരുന്നതാണ് Garden of Caves എന്ന് ഒറ്റ നോട്ടത്തിൽ തന്നെയറിയാം. ഒരു പ്ലാസ്റ്റിക്ക് വേസ്റ്റ് പോലും കാണാനില്ല.

ഗുഹയുടെ ഒരു വശത്ത്  Sum Syiem വെള്ളച്ചാട്ടമാണ്. ഗുഹയിലേക്ക് അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ വെള്ളം ചേരുമ്പോഴുള്ള ആ കാഴ്ച നയന മനോഹരം തന്നെയാണ്. Sum Syiem വെള്ളച്ചാട്ടത്തിലെ വെള്ളം അവിടുന്നു താഴെയുള്ള മറ്റ് വെള്ളച്ചാട്ടങ്ങളിലേക്കൊഴുകുന്നു. ഇവിടെ നിന്നും താഴേക്കിറങ്ങിയാൽ Warrior rocks എന്ന സ്പോട്ട് ആണ്. യുദ്ധവീരൻമ്മാരുടെ പരിച കണക്കെയുള്ള രണ്ടു വലിയ പാറകളാണ് ഇവിടെ കാണാൻ സാധിച്ചത്. മുകളിൽ നിന്നൊഴുകുന്ന വെള്ളം പാറക്കു പുറകിൽ വന്നു ചേർന്ന് അപ്രത്യക്ഷമാകുന്നു. പിന്നീടത് ഭൂഗർഭപാതയിലൂടെയാണ് ഒഴുകുന്നത്. പാറക്കു മുന്നിൽ കുറച്ചു മണലും , മണ്ണും മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. വെള്ളത്തിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. വീണ്ടും താഴേക്കിറങ്ങിയാൽ  Arsdad , Riat Umlwai എന്നീ വെള്ളച്ചാട്ടങ്ങൾ കാണാം. Warrior rocks -ൽ അപ്രത്യക്ഷമാകുന്ന വെള്ളം വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഇവിടെക്കാണ്‌. Arsdad ഫാൾസിൽ വെള്ളം വീഴുന്നതിന്റെ  പുറകുവശം ഒരു ഗുഹ പോലെയാണ്. അത് കാരണം  വെള്ളച്ചാട്ടത്തെ അതിന്റെ പുറകിൽപ്പോയി നിന്ന് കാണാൻ സാധിക്കും.  മഴയെ മാത്രം ആശ്രയിച്ചു കഴിയുന്നയാണ് മേഘാലയയിലെ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളും, അതുകൊണ്ടു തന്നെ മുകളിലെ വൃഷ്ടിപ്രദേശത്ത് മഴപെയ്താൽ താഴെ വെള്ളച്ചാട്ടത്തിൽ വെള്ളം പ്രവചനാതീതമാണ് കൂടും. അതുകൊണ്ടു തന്നെ ഇവിടുത്തെ മിക്ക വെള്ളച്ചാട്ടങ്ങളിലും കുളി, നീന്തൽ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.
വെള്ളച്ചാട്ടങ്ങൾ കടന്നു വീണ്ടും മുന്നോട്ടുപോയാൽ ഒരു പാറ കാണാം. Baby Rock എന്നാണതിന്റെ പേര്. ഗർഭപാത്രത്തിൽ ഇരിക്കുന്ന ഒരു ശിശുവിന്റെ ആകൃതിയിൽ പാറയിൽ പ്രകൃതി നടത്തിയ കരവിരുതുകാണാം. അടുത്തത് Heart shaped stone അഥവാ ഹൃദയ ആകൃതിയിലുള്ള പാറയാണ്. നമ്മുടെ ചെമ്പ്ര പീക്കിലുള്ള ഹൃദയ തടാകത്തിന്റെ ഒരു മിനിയേച്ചർ രൂപം. ഇത് പക്ഷെ ഒരു പാറയിൽ ആണെന്ന് മാത്രം. പാറയിൽ ഹൃദയാകൃതിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു. പാറയുടെ സൈഡിലുള്ള ഒരു ചെറിയ ഉറവാണ് ഈ വെള്ളത്തിന്റെ ശ്രോതസ്സ്. വെള്ളത്തിൽ ആളുകൾ നാണയത്തുട്ടുകൾ നിക്ഷേപിച്ചിട്ടുണ്ട്. പ്രണയ സാഫല്യത്തിനും, വിവാഹം നടക്കാനും ഇവിടെ പണമിടുന്നത് നല്ലതാണെന്നത്രെ വിശ്വാസം. 

ക്രോയോട് ഞാൻ പറഞ്ഞു : "ഇത്രയും മനോഹരമായ ഈ സ്ഥലത്ത് താമസിക്കുന്ന നിങ്ങൾ ഭാഗ്യവാൻമ്മാർ തന്നെ "

പക്ഷെ ക്രോയുടെ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി. വെളിച്ചം ശരിക്ക് കാണാത്ത, ദിവസവും മഴയത്തു ഉണരുകയും, മഴയത്തു ഉറങ്ങുകയും ചെയ്യുന്ന ഇവിടുത്തെ ജീവിതം പരമ ബോറാണത്രേ. അല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നല്ലേ.
Garden of caves -ൽ ഇനി കാണാനുള്ളത്, ഔഷധ ഗുണമുള്ള വെള്ളം (Medicinal water) ഉത്ഭവിക്കുന്ന മറ്റൊരു പാറയാണ്. അവിടേക്ക് പ്രവേശിക്കാൻ 20 രൂപ കൊടുത്ത് വീണ്ടുമൊരു ടിക്കറ്റ് എടുക്കണം. ഒരു വലിയ പാറക്കിടയിലൂടെ ഒഴുകിയെത്തുന്ന ഒരുറവാണ് ഇത്. ഈ വെള്ളത്തിനു ആരോഗ്യം കാത്തു സൂക്ഷിക്കുവാനും, ആയുസ്സു കൂട്ടുവാനുമുള്ള കഴിവുണ്ടെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു. ഉറവിൽ നിന്ന് വരുന്ന വെള്ളം കോരിക്കുട്ടിക്കുവാനായിട്ട് മുളയുടെ പാത്രങ്ങളും ഇവിടെ വച്ചിട്ടുണ്ട്. നല്ല തണുത്ത വെള്ളം. രണ്ടു മൂന്നു കവിൾ ഒറ്റവലിക്ക് കുടിച്ചു. ഇവിടേക്ക് എത്താനുള്ള വഴി ഒരു മുളകൊണ്ട് നിർമ്മിച്ച പാലമാണ്. വലിയ മരച്ചില്ലകൾക്കു മുകളിലൂടെ മുള വച്ച് നിർമ്മിച്ച ഒരു പാലം. ഏറുമാടം വലിച്ചു നീട്ടിയ കണക്കെ. Garden of caves കണ്ടു കഴിഞ്ഞു ഗൈഡ് ക്രോയോട് നന്ദി പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. എടുത്ത ഫോട്ടോസ് അയച്ചു കൊടുക്കാൻ ക്രോ അയാളുടെ നമ്പർ ഞങ്ങൾക്ക് തന്നിരുന്നു.

വാ-കാബാ വെള്ളച്ചാട്ടം (Wah-Kaba falls)

          Garden of caves -ൽ നിന്ന് നേരെ പോയത് വാ-കാബാ വെള്ളച്ചാട്ടം കാണാനാണ്. Garden of caves -ൽ നിന്ന് ഒരു ഏഴെട്ടു കിലോമീറ്ററേ ഇങ്ങോട്ടുള്ളൂ. വെള്ളച്ചാട്ടത്തിന്റെ അടുത്തു വരെ സ്റ്റെപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. പ്രായമായവർക്കും വളരെ അനായാസം ഇവിടെ ചെന്നെത്താം. സ്റ്റെപ്പുകൾ നമ്മളെ നയിക്കുന്നത് വെള്ളച്ചാട്ടത്തിന്റെ ഏകദേശം മധ്യ ഭാഗത്തേക്കാണ്. രൗദ്ര ഭാവത്തിൽ താഴേക്ക് കുതിക്കുന്ന വാ-കബയെ ആശ്ചര്യത്തോട് കൂടിയല്ലാതെ അവിടുന്നു നോക്കിക്കാണാൻ സാധിക്കുകയില്ല. വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തേക്കും സ്റ്റെപ്പുകളുണ്ട്. എന്നാൽ മുകൾ ഭാഗത്തെ കാഴ്ച നമ്മളെ വീണ്ടും അത്ഭുതപ്പെടുത്തും. മുകൾ ഭാഗം വളരെ ശാന്തമാണ്. താഴത്തെ  അസുരഭാവം ഇവിടെ ഒട്ടും പ്രകടമല്ല. 
കഥകൾ പറയുന്നവയാണ് മേഘാലയയിലേ പല വെള്ളച്ചാട്ടങ്ങളും. വാ-കബക്കുമുണ്ട്  അത്  പോലൊരു കഥ. ഒരു ചെറിയ യക്ഷിക്കഥ. ഒരു കറുത്ത യക്ഷിയും , വെളുത്ത യക്ഷിയും ഇവിടെ താമസിച്ചിരുന്നതായി ഇവിടുത്തുകാർ കരുതുന്നു. അവർ സാധാരണ ആളുകളെപ്പോലെ സോറാ ഗ്രാമത്തിൽ കറങ്ങി നടക്കും. എന്നിട്ടു ആളുകളെ വശീകരിച്ചു കൊണ്ട് പോകും, പ്രത്യേകിച്ചും യുവാക്കളെ. എന്നാൽ ഗ്രാമത്തിലെ ചില ആളുകൾക്ക് ഇവരെ തിരിച്ചറിയാൻ കഴിയുമത്രേ. വെറുതെയല്ല വാ -കബ കാണുമ്പോൾ തന്നെ ഒരു ഭീകരത ഫീൽ ചെയ്യുന്നത്

Siat Synteng Fall

          നോക്കലിക്കൈ വെള്ളച്ചാട്ടമായിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം, വാ - കബയിൽ നിന്ന് സോറാ ടൗണും കടന്നു കുറച്ചു ദൂരം പോയാൽ നോക്കലിക്കൈ എത്തും. പക്ഷെ പോകും വഴി മറ്റൊരു ബോർഡ് വഴിയിൽ കണ്ടു, Siat Synteng Fall. എന്തായാലും കേറി നോക്കാം എന്നുകരുതി. അത് വെറുതെയായില്ല. വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയെ ഒരു ഹെറിറ്റേജ് സൈറ്റായി മാറ്റിയെടുത്തിട്ടുണ്ട്. ഖാസി കുടിലുകളും മറ്റും ഇവിടെ പുനർനിർമ്മിച്ചിട്ടുണ്ട്. അതെല്ലാം കണ്ട് മുന്നോട്ടുപോയാൽ ദൂരെ വെള്ളച്ചാട്ടം കാണാനാകും. കുന്നിറങ്ങിച്ചെന്നാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. മനോഹരമായ മറ്റൊരു വെള്ളച്ചാട്ടം. വീതിയേറിയ വലിയൊരു പാറക്കെട്ടിനു മുകളിൽ നിന്നും താഴേക്ക് കുതിക്കുന്നു. എത്ര കണ്ടാലും മതിയാവില്ല ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ, എല്ലാത്തിനും എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ കാണും. നമ്മുടെ നാട്ടിലെ വാട്ടർ ഫാൾസിനെ അപേക്ഷിച്ച് ഇവിടെയുള്ളവ വീതിയും, ഉയരവും കൂടിയവയാണ്. അതുകൊണ്ടു തന്നെ വെള്ളച്ചാട്ടത്തെ ദൂരെ നിന്ന്  നോക്കിക്കാണാനേ പലയിടത്തും സാധിക്കുകയുള്ളൂ. വെള്ളച്ചാട്ടവും കണ്ട് മുകളിൽക്കയറുമ്പോഴേക്കും അവിടെ മൊത്തം മഞ്ഞുവന്നു നിറഞ്ഞിരുന്നു. ഞങ്ങൾക്ക് ശേഷം വന്നവരൊക്കെ ആ നയനാന്ദകരമായ കാഴ്ച കാണാനാകാതെ തിരിച്ചു പോകുന്നത് കണ്ടു

നോക്കലിക്കൈ ഫാൾസ് (Noh-Kalikai Falls)

          കഥ പറയുന്നവയാണ് മേഘാലയയിലെ വെള്ളച്ചാട്ടങ്ങൾ എന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഇനി നോക്കലിക്കയ്ക്കു പറയാനുള്ളതെന്തെന്നു കേൾക്കാം. പക്ഷെ ഇതൊരു കഥന കഥയാണ്. നോക്കലിക്കൈ വെള്ളച്ചാട്ടത്തിനു മുകൾ ഭാഗത്തെ ഗ്രാമത്തിൽ താമസിച്ചിരുന്ന ലികൈ ( Likai) എന്ന സ്ത്രീയുടെ ദുരന്തപര്യവസായിയായ കഥ. ചെറുപ്പത്തിലേ തന്നെ വിധവയാകേണ്ടി വന്ന ലികൈ തൻ്റെ മകളെ വളർത്തിയെടുക്കാൻ ഒരുപാട് പാടുപെട്ടിരുന്നു. ഗ്രാമത്തിൽ ചുമടെടുത്തായിരുന്നു അവൾ തൻ്റെ ജീവിതച്ചെലവുകൾ നടത്തിപ്പോന്നതു. മകൾക്ക് ഒരച്ഛനെ ആവശ്യമാണെന്നു തോന്നിയപ്പോ ലികൈ രണ്ടാമതും വിവാഹം ചെയ്തു. പക്ഷെ തന്നെക്കാൾ മകളെയാണ് ലികൈ സ്നേഹിക്കുന്നതെന്നു മനസ്സിലാക്കി അസൂയപൂണ്ട രണ്ടാനച്ഛൻ, ലികൈയുടെ മകളെ കൊന്നു കറിവച്ചു ലികയ്ക്കു തന്നെ ഭക്ഷണമായി കൊടുക്കുന്നു. എന്നാൽ സ്വന്തം മകളുടെ മാംസമാണ്  താൻ കഴിച്ചതെന്ന് മനസ്സിലാക്കിയ ആ സ്ത്രീ കുറ്റബോധത്തിൽ വെന്തു നീറി. അവസാനം സങ്കടം സഹിക്കവയ്യാതെ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നുചാടി ആത്മഹത്യ ചെയ്തു. അങ്ങനെയാണ്  Ka Likai (സ്ത്രീകളുടെ പേരിനു മുൻപ് ഉപയോഗിക്കുന്നതാണ് Ka എന്ന വാക്ക്) ചാടിയ സ്ഥലം എന്നർത്ഥം വരുന്ന Noh-Kakikkal എന്ന പേര് ഉണ്ടായത്.
നോക്കലിക്കയിൽ ഞങ്ങൾ എത്തുമ്പോഴേക്കും പരിസരമാകെ മഞ്ഞു മൂടിയിരുന്നു. വെള്ളച്ചാട്ടത്തിന്റെ പൊടിപോലും കാണാൻ സാധിക്കുമായിരുന്നില്ല. എന്നാൽ താഴെ നിന്നുള്ള ഹുങ്കാര ശബ്ദം മാത്രം മതിയായിരുന്നു അത് എത്രത്തോളം വലുതാണ് എന്ന് മനസിലാക്കാൻ. അതുകൊണ്ടുതന്നെ കാണാതെ തിരിച്ചു പോകാൻ  മനസ്സ് വന്നില്ല. അര മണിക്കൂറോളം പാർക്കിങ് ഏരിയയിൽ കാത്തിരുന്നു. പക്ഷെ നോ രക്ഷ. തിരിച്ചിറങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ പാർക്കിങ്ങിൽ പൈസ വാങ്ങിക്കാൻ നിന്ന ചേട്ടൻ ദൂരെ മേഘങ്ങൾക്കിടയിലൂടെ താഴേക്ക് എത്തിനോക്കാൻ ശ്രമിക്കുന്ന സൂര്യനെ ചൂണ്ടിക്കാണിച്ച്‌  കുറച്ചുനേരം കൂടി കാത്തിരിക്കാൻ ഉപദേശിച്ചു. ഒരു പത്തു പതിനഞ്ചു മിനിട്ടുകൂടി അവിടെ നിൽക്കാം എന്നുറപ്പിച്ചു. പത്തു മിനിട്ടു കഴിഞ്ഞു കാണും , മഞ്ഞുമാറി. താഴെ നോക്കലിക്കൈ പൂർണ്ണമായി കാണാറായി. അതൊരൊന്നൊന്നര കാഴ്ചയായിരുന്നു.  ഖാസി കുന്നിലെ വിശാലമായൊരു പീഠഭൂമിയിൽ നിന്ന് കുത്തനെ മറ്റെങ്ങും തൊടാതെ താഴേക്ക് ഊളിയിടുന്ന നോക്കലിക്കൈ ഏതൊരു സഞ്ചാരിക്കും മനസ്സിൽ മറക്കാതെ സൂക്ഷിക്കാവുന്ന ഒരനുഭവമായിരിക്കും. സാധാരണ നമ്മൾ കണ്ടിട്ടുള്ള വെള്ളച്ചാട്ടങ്ങളിൽ പലതും പാറക്കെട്ടുകളിലൂടെയും, കുന്നിൻ ചെരുവുകളിലൂടെയും  ഒലിച്ചു താഴേക്കിറങ്ങുന്നവയാണ്. എന്നാൽ മുന്നോട്ടുന്തിയ പ്രതലത്തിൽ നിന്ന് താഴേക്ക് മറ്റെങ്ങും തൊടാതെ കുത്തനെ ചാടിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ നമ്മൾ കുറച്ചേ കണ്ട് കാണുള്ളൂ. അത്തരത്തിലുള്ളവയിൽ (Plunge waterfall) ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് നോക്കലിക്കൈ. 340 മീറ്ററാണ് ഇതിന്റെ ഉയരം . നമ്മുടെ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഉയരം വെറും  25 മീറ്ററാണ് എന്നോർക്കണം. അപ്പോൾത്തന്നെ ഇതിന്റെ വലിപ്പം നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. പാർക്കിങ്ങിലെ ചേട്ടന് നന്ദിപറഞ്ഞുകൊണ്ടു ഞങ്ങൾ നോക്കലിക്കയോട് വിട പറഞ്ഞു.

Seven Sisters Falls


          നോക്കലിക്കയിൽ നിന്ന് ഒരു പത്തു കിലോമീറ്റർ മാറിയാണ് Seven Sisters Falls അഥവാ Mawsmai falls എന്ന വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. 70 മീറ്റർ വീതിയിൽ 300 മീറ്ററിലധികം നീളമുള്ളൊരു എമണ്ടൻ വെള്ളച്ചാട്ടം. ഏഴു കഷണങ്ങളായി ഒഴുകുന്നതിനാലാണ് ഇതിനു ഈ പേര് ലഭിച്ചത്. Seven Sisters Falls എന്ന് ഗൂഗിൾ മാപ്പിൽ നാവിഗേറ്റ് ചെയ്താണ് അങ്ങോട്ട് യാത്ര തിരിച്ചത്. പക്ഷെ ഗൂഗിൾ അമ്മായി ചെറുതായിട്ട് പണി തന്നു. വെള്ളച്ചാട്ടത്തിന്റെ ഉത്ഭവസ്ഥാനത്തേക്കാണ് ഗൂഗിൾ ഞങ്ങളെ നയിച്ചത്. പക്ഷെ അവിടെ പോയാൽ ഒന്നും കാണാൻ സാധിക്കുമായിരുന്നില്ല. മേഘാലയയിലെ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളും വളരെ വലുതാണ്. ഒരുപക്ഷെ നമ്മുടെ പ്രതീക്ഷക്കുമപ്പുറം. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടത്തെ പലയിടങ്ങളിലും അടുത്തുപോയിക്കാണുക സാധ്യമല്ല. വെള്ളച്ചാട്ടത്തിൽ നിന്ന് അകലെ മാറിയിട്ടാവും അതിന്റെ വ്യൂ പോയിന്റ്റ് ഇരിക്കുന്നത്. ആ ഒരു അബദ്ധമാണ് ഞങ്ങൾക്കിവിടെ സംഭവിച്ചത്. ഞങ്ങളെപ്പോലെ തന്നെ വഴി തെറ്റിതിരിച്ചു പോകുന്ന പലരെയും അവിടെ കണ്ടു.  seven sisters view point എന്ന് ഗൂഗിളിൽ തിരഞ്ഞാൽ അത് നമ്മളെ കൃത്യം വ്യൂ പോയിന്റിലേക്ക് എത്തിക്കും. വ്യൂ പോയിന്റിൽ എത്തുമ്പോഴേക്കും സമയം വൈകുന്നേരമായിരുന്നു. പക്ഷെ ഇത്തവണ ഭാഗ്യം ഞങ്ങളെ കടാക്ഷിച്ചില്ല. മൊത്തം മഞ്ഞുമൂടിക്കിടക്കുന്നു. വെള്ളച്ചാട്ടം ഒട്ടും ദൃശ്യമല്ല.  ചെറാപുഞ്ചിയിൽ മഞ്ഞുവരുന്നതും പോകുന്നതുമായ സമയം പ്രവചനാതീതമാണ്. ഇച്ചിരി ഭാഗ്യം കൂടിയുണ്ടെങ്കിൽ പല സ്ഥലങ്ങളും മഞ്ഞുമാറി നേരിൽക്കാനാണ് സാധിക്കൂ. കുറെ നേരം കാത്തിരുന്നു. പക്ഷെ നോ രക്ഷ. ഇനിയും കാത്തിരുന്നാൽ നേരം ഇരുട്ടും. നാളെ സമയമുണ്ടെകിൽ ഒന്ന് കൂടി വരാം എന്ന് പ്ലാൻ ചെയ്തു അവിടെ നിന്നിറങ്ങി.


Mawsmai Cave

          Seven Sisters Falls -നടുത്തു തന്നെയാണ് പ്രശസ്തമായ Mawsmai Cave. Seven Sisters വ്യൂ പോയിന്റിൽ നിന്നും കഷ്ടിച്ച് ഒരൊന്നൊന്നര കിമോമീറ്റർ പോയാൽ മതി. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും ഏറെക്കൂറെ ക്ലോസിങ് ടൈം ആയിരുന്നു. നീളമേറിയൊരു ഗുഹയാണ് Mawsmai Cave. പക്ഷെ അതിൽ ഏകദേശം 150 മീറ്റർ മാത്രമേ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളൂ. ബാക്കി ഭാഗം പര്യവേഷകർക്കും, പ്രത്യേക പെർമിഷൻ  എടുത്തവർക്കും മാത്രമായി ചുരുക്കിയിരിക്കുന്നു. ഒരു ആന്ധ്രാ ഫാമിലിയാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്. ചുണ്ണാമ്പുകല്ലിലൂടെ വെള്ളമൊഴുകി വര്ഷങ്ങളെടുത്തു രൂപപ്പെട്ടതാണീ ഗുഹയെന്നത് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. വെള്ളത്തിന്റെ ഒഴുക്ക് ഗുഹക്കുള്ളിൽ പലവിധ രൂപങ്ങളും നിർമ്മിച്ചിട്ടുണ്ട്. സമയം ഇരുട്ടിയതിനാലും , ആളുകൾ കുറവായതിനാലും ഒരു ഹൊറർ അന്തരീക്ഷമാണ് അവിടെ ഫീൽ ചെയ്തത്. അത് പൂര്ണമാക്കാൻ കൂടെ പാറിപ്പറക്കുന്ന വാവലുകളും. ഒരു പത്തിരുപത് മിനുട്ടോളം അവിടെ ചിലവഴിച്ചു. തിരിച്ചുപോരും വഴി Seven Sisters Falls -ൽ ഒന്ന് കൂടി കയറി നോക്കി , മഞ്ഞുകുറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല


വളരെ ചെറിയ ഒരു പ്രദേശമാണ് ചെറാപുഞ്ചി ടൌൺ. ഏകദേശം 15000-ത്തിൽ താഴെ മാത്രം ആളുകളാണ് ഇവിടെ ഉള്ളത്. പോസ്റ്റ് ഓഫിസും, പോലീസ് സ്റ്റേഷനും, പെട്രോൾ പമ്പും എല്ലാം ഈ ടൗണിന്റെ മധ്യത്തിലാണുള്ളത്. ടൗൺ പിന്നിട്ടാൽ ബാക്കിയുള്ള സ്ഥലങ്ങളെല്ലാം വിജനമാണ്. ഒരു ചെറിയ കടപോലും കാണാൻ കിട്ടുകയില്ല. 'മെ മെ ഐ ഹവൻ' (Me Me Ai Haven: Contact: 96129 45658) എന്ന ഹോട്ടലിലാണ് ഇന്ന് രാത്രിയിലെ താമസം.  ചെറാപുഞ്ചി ടൗണിൽ നിന്ന് ഒരു മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ് ഈ ഹോട്ടൽ. പക്ഷെ ഹോട്ടലിലേക്കുള്ള യാത്ര പലയിടത്തും നമ്മെ വഴി തെറ്റിയോ ഒന്ന് ചിന്തിപ്പിച്ചു. ഒരു വിജനമായ സ്ഥലത്താണ് അവസാനം ചെന്നെത്തിയത്. മുന്നിൽ ഞങ്ങളുടെ ഹോട്ടൽ മാത്രം. ഒരു വീടുപോലുമില്ല അടുത്തെങ്ങും. ഒരു വീടിനെ ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. പൊതുവെ ചെറാപുഞ്ചിയിൽ ഭക്ഷണവും താമസവും ഇച്ചിരി കോസ്റ്റ്ലിയാണ്. ചെക്കിങ് ചെയ്തു. നല്ല സൗകര്യങ്ങളുള്ള മുറിയാണ്. ചെറാപുഞ്ചി പോലൊരു ചെറിയ പ്രദേശത്തും ഇത്രയും നല്ല ഹോട്ടൽ റൂം കണ്ടപ്പോൾ ഞങ്ങൾ ശരിക്കും അതിശയപ്പെട്ടു. ഹോട്ടലിനു പുറകിൽ ഒരു ചെറിയ കുളവും , പുൽത്തകിടിയുമുണ്ട്. നാല് വശത്തും മഞ്ഞിൽപൊതിഞ്ഞ  ഖാസി മലനിരകൾ. അത് പിറ്റേന്ന് രാവിലെ നേരം വെളുത്തപ്പോഴാണ് കണ്ടത്. ഹോട്ടൽ ടെറസ്സിൽ നിന്ന് സൂര്യോദയവും ,അസ്തമയവും കാണാൻ സാധിക്കും.

നോർത്ത് ഇന്ത്യനും ,  ചൈനീസും , ട്രഡീഷണൽ ഖാസി ഫുഡും ഇവിടെത്തന്നെ കിട്ടും. രാത്രിയിൽ കഴിക്കാൻ ജദോ (Jadoh) എന്നൊരൈറ്റം ഓർഡർ ചെയ്തു. നമ്മുടെ പുലാവ് പോലൊരു സാധനം. പോർക്കിട്ടു വേവിച്ചത്. ഭക്ഷണം കൊള്ളാമായിരുന്നു. ക്വാണ്ടിറ്റി കൂടുതലായതിനാൽ മുഴുവൻ കഴിച്ചു തീർക്കാൻ കഴിഞ്ഞില്ല എന്നൊരു വിഷമം മാത്രം.


പിന്നെ മറ്റൊരു കാര്യം പറയാൻ മറന്നു പോയി അത് ചെറാപുഞ്ചിയിലെ ഡ്രൈവിങിനെ കുറിച്ചാണ്. ടൗണിലെ ഒരേയൊരു പെട്രോൾ പമ്പാണ് അവിടെ വരുന്ന എല്ലാ വണ്ടികൾക്കും ആശ്രയം. അതുകഴിഞ്ഞാൽ പമ്പുകൾ മഷിയിട്ടുനോക്കിയാൽ പോലും കാണാൻ കിട്ടുകയില്ല. ഡ്രൈവ് ചെയ്തു വരുന്നവർ ആവശ്യത്തിന് ഇന്ധനം വണ്ടിയിൽ ഉണ്ടെന്ന്  വരുത്തുക. അതുപോലെ തന്നെ വണ്ടിയിൽ ആവശ്യമുള്ള ടൂളുകളും, സ്പെയർ ടയറും ഉറപ്പുവരുത്തുക. വഴിയിൽ വണ്ടി പഞ്ചറായാൽപ്പോലും സഹായത്തിനു ഒരാളെ കിട്ടുക വളരെ പ്രയാസമാണ്. വർക്ക് ഷോപ്പുകളും ഇല്ല. നേരത്തെ പറഞ്ഞതുപോലെ റോഡിൽ കോടയിറങ്ങുന്നതും, പോകുന്നതും ഇവിടെ പ്രവചനാതീതമാണ്. മഞ്ഞുണ്ടെങ്കിൽ വണ്ടി പരമാവധി വേഗത കുറച്ച് ഓടിക്കുക. ഒപ്പം ഹസാഡ് ലൈറ്റും, ഫോഗ്ഗ് ലാമ്പും ഉൾപ്പടെയുള്ളവ ഓൺ ചെയ്തിടാനും മറക്കണ്ട. പലപ്പോഴും റോഡിൽ വിസിബിലിറ്റി വളരെ കുറവായിരിക്കും


- “അടുത്ത ഭാഗത്തിൽ നോൺഗ്രിയാറ്റിലെ ട്രെക്കിങ്ങ് അനുഭവങ്ങൾ ...Stay tuned”

Friday, November 15, 2019

മേഘാലയ – “മനം മയക്കുന്ന മഹാത്ഭുതം” - Travelogue Part-1



                  ഒരു യാത്ര പോകുകയാണ്. ചെറാപുഞ്ചിയിൽ മഴ നനയാൻ, ഡൗക്കിയിലെ തെളിനീരുകാണാൻ, ഷില്ലോങ്ങിലെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങാൻ, ജോലിത്തിരക്കുകളിൽ നിന്നും നഗരത്തിരക്കുകളിൽ നിന്നുമൊരൊളിച്ചോട്ടം , അങ്ങ് ദൂരെ മേഘാലയയിലേക്ക്.

മേഘാലയ, പേര് അന്വര്ഥമാകും വിധം ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നിടം. പ്രകൃതിയെയും , മരങ്ങളെയും , കല്ലിനെയും, പക്ഷിമൃഗാദികളെയും ദൈവമായി കണ്ട് ആരാധിക്കുന്നവരുടെ നാട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴയടുപ്പം ഇത്രയേറെ ദൃശ്യമാകുന്ന മറ്റൊരിടം ഉണ്ടാകുമോ എന്നറിയില്ല.

കുറേ കാലമായി ആഗ്രഹിക്കുന്നതാണ്, മേഘാലയയിലേക്ക് ഒരു യാത്ര പോകണം എന്നുള്ളത്. ഇതറിഞ്ഞപ്പോ സുഹൃത്തായ മനുവും കൂടെ വരാമെന്നേറ്റു. അങ്ങനെ കഴിഞ്ഞ സ്വതന്ത്ര ദിനത്തിന്റെ പിറ്റേന്ന് , ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് യാത്ര തുടങ്ങുന്നത്. 

തിരുവനന്തപുരത്തു നിന്ന് അന്നേ ദിവസം ഡയറക്ട് ഫ്‌ളൈറ്റ് ഒന്നും തന്നെ ഇല്ലായിരുന്നു. തിരുവനന്തപുരം -ഡൽഹി -ഗുവാഹത്തി ഇതാണ് റൂട്ട്. ഗുവാഹത്തി ആസ്സാമിലാണ് എന്നറിയാമല്ലോ. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് ഇവിടുന്നു ഒരു 100 കിലോമീറ്റർ ദൂരമേയുള്ളൂ. പിന്നെ ഷില്ലോങ്ങിൽ ഒരു ചെറിയ എയർപോർട്ട് ഉണ്ടെങ്കിലും , അവിടെ നിന്ന് വിരലിൽ എണ്ണാവുന്ന സർവീസുകൾ മാത്രമേ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് ഗുവാഹാട്ടിക്ക് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരത്തു നിന്ന് കൊൽക്കത്ത വഴിയും ഒരുപാട് ഫ്‌ളൈറ്റുകൾ ഉണ്ട്. മനു കൊച്ചിയിൽ നിന്ന് കൊൽക്കത്ത വഴിയാണ് വരുന്നത്. എയർപോർട്ട് ലോഞ്ചിൽ നിന്ന് ഡിന്നറും കഴിച്ചു ഏഴരയോട് കൂടി ഞാൻ തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് വിമാനം കയറി.

എയർ ഇന്ത്യയുടെ മാലിയിൽ നിന്ന് വരുന്ന AI 264,  Airbus A321 (Sharklets) സീരീസിലുള്ള ഇന്റർനാഷണൽ ഫ്‌ളൈറ്റ് ആണ്. സാധാരണ വിമാനങ്ങളിൽ നിന്നും വ്യത്യസ്തമായി  Sharklets വിമാനങ്ങളുടെ ചിറകുകൾ സ്രാവിന്റെ ചിറകിനു സമാനമായി മുകളിലേക്ക് വളഞ്ഞിരിക്കും.  ഇങ്ങനെ ലഭിക്കുന്ന മികച്ച എയറോഡൈനാമിക്സ് കാരണം ഇത്തരം വിമാനങ്ങൾക്ക്  ഇന്ധന ഉപയോഗം 3-5 ശതമാനം കുറവായിരിക്കും. ഡൽഹിയിലേക്ക് മൂന്നേകാൽ മണിക്കൂർ യാത്രയുണ്ട്. ഏകദേശം രാത്രി  പതിനൊന്നുമണിയോടെ ഡൽഹിയിൽ എത്തി. അന്നേ ദിവസം ഡൽഹിയിൽ താമസിച്ചു.


Day-1 ഡൽഹി

          രാവിലെ നേരത്തെ എണീറ്റു. ഡൽഹിയിൽ നിന്ന് വൈകുന്നേരമാണ് ഗുവാഹത്തി ഫ്‌ളൈറ്റ്. അത് കൊണ്ട് ഡൽഹി സിറ്റിയിൽ ഒന്ന് കറങ്ങാം എന്ന് കരുതി. ഡൽഹി നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മെട്രോ റെയിൽ വന്നു കഴിഞ്ഞു.  ഏകദേശം 8 ലൈനുകളിലായി 250 ഓളം മെട്രോ സ്റ്റേഷനുകൾ ഡൽഹിയിൽ വ്യാപിച്ചുകിടക്കുന്നു. ഡൽഹി എയർ പോർട്ടിലേക്ക് എയർപോർട്ട് മെട്രോ എക്സ്പ്രസ്സ് എന്ന പേരിൽ ഒരു സ്പെഷ്യൽ റൂട്ടും ഉണ്ട്. അത് കൊണ്ട് നഗരപ്രദക്ഷിണത്തിനു മെട്രോ തന്നെ തിരഞ്ഞെടുത്തു. ഒരു കറക്കം കഴിഞ്ഞു ഉച്ചയോടെ തിരിച്ചെത്തി. ബാഗുമെടുത്തു എയർപോർട്ടിലേക്ക് വിട്ടു. ഡൽഹി എയർപോർട്ട് പ്രതീക്ഷിച്ചതിലും വളരെ വലുതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്ക് പിടിച്ച വിമാനത്താവളം. മൂന്ന് ടെർമിനലുകളാണ് ഇവിടെ ഉള്ളത്. ടെർമിനൽ-1 പ്രധാനമായും ആഭ്യന്തര യാത്രാൾക്കു വേണ്ടിയും ടെർമിനൽ-3 അന്താരാഷ്ട്ര യാത്രകൾക്കും വേണ്ടിയുമാണ് ഉപയോഗിക്കുന്നത്. എന്നാൽ പതിവുപോലെ എയർ ഇന്ത്യ വിമാനങ്ങൾ  അന്താരാഷ്ട്ര ടെർമിനലിൽ നിന്നും പറന്നുയരുന്നു. ചില ലോ കോസ്റ്റ് എയർ ലൈനുകളാണ് ടെർമിനൽ-2 വിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. അന്താരാഷ്ട്ര -ആഭ്യന്തര ടെര്മിനലുകൾക്കിടയിൽ ഏകദേശം ഏഴെട്ടു കിലോമീറ്റർ ദൂരമുണ്ട്. ടെർമിനലുകൾക്കിടയിൽ യാത്ര ചെയ്യാനായി ഡൽഹി ട്രാൻസ്‌പോർട് കോർപ്പറേഷന്റെ ഷട്ടിൽ ബസ്സുകൾ ലഭ്യമാണ്. 25 രൂപയായിരുന്നു ടിക്കറ്റു ചാർജ്. കണക്ഷൻ ഫ്‌ളൈറ്റ് പിടിക്കാൻ പോകുന്നവർക്ക് യാത്ര സൗജന്യമാണ്. അതിനായി എയർപോർട്ടിന് വെളിയിലുള്ള ബസ്സ് കൗണ്ടറിൽ വിമാന ടിക്കറ്റു കാണിച്ചു പാസ്സ് എടുക്കേണ്ടതാണ്. മെട്രോ ആണെങ്കിൽ ടെർമിനൽ-3 യിൽ നിന്ന് എയർപോർട്ട് മെട്രോ എക്സ്പ്രസ്സിൽ കയറി ദ്വാരക സെക്ടർ -21 ൽ വന്നു ടെർമിനൽ-1 ലേക്കുള്ള റൂട്ടിൽ മാറിക്കേറിയാൽ മതി.


സമയം ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പുണ്ട്. വിമാനത്താവളത്തിൽ വച്ച് ഫുഡ് കഴിക്കുന്നത് കീശ കീറുന്ന ഏർപ്പാടാണ്. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ ഒരു ചായ വാങ്ങിച്ചു കുടിച്ചത് ഇപ്പോഴും മറന്നിട്ടില്ല. എന്നാൽ എയർപോർട്ടിൽ ഓസിനു ഫുഡടിക്കാൻ ഒരു വഴിയുണ്ട്. അതാണ് എയർപോർട്ട് ലോഞ്ചുകൾ. അൺലിമിറ്റഡ് ഫുഡ് , കുളിക്കാനും , റസ്റ്റ് ചെയ്യാനും, കിടന്നുറങ്ങാനും ഉള്ള സൗകര്യവും, ഫ്രീ വൈഫൈ തുടങ്ങീ ഒരുപാട് സൗകര്യങ്ങൾ എയർപോർട്ട് ലോഞ്ചുകളിൽ ലഭിക്കും.  സാധാരണ പ്രീമിയം ലോഞ്ചിൽ കയറണമെങ്കിൽ ആയിരവും , രണ്ടായിരവും അതിനു മുകളിലുമാണ് എൻട്രി ഫീ. എന്നാൽ ചില ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് , അല്ലേൽ മുന്തിയ ഇനം ഡെബിറ്റ് കാർഡ് എടുത്തിട്ടുള്ള കസ്റ്റമേഴ്സിന് ഫ്രീ ലോഞ്ച് അക്സസ്സ് കൊടുക്കാറുണ്ട്. ഇനി ഇതും കൈയിൽ ഇല്ലേൽ മറ്റൊരു എളുപ്പ വഴിയുണ്ട്. Paytm അക്കൗണ്ട് ഉള്ള ആളാണ് നിങ്ങൾ എങ്കിൽ മൊബൈൽ ആപ്പ് വഴി തന്നെ Paytm ന്റെ പ്ലാറ്റിനം ഡെബിറ്റ് കാർഡിന് അപ്ലൈ ചെയ്യാവുന്നതാണ്. ഒരാഴ്ചക്കുള്ളിൽ കാർഡ് വീട്ടിൽ എത്തും. ഇന്ത്യയിലെ ഒട്ടുമിക്ക ലോഞ്ചുകളിലും Paytm കാർഡ് ഉപയോഗിച്ച് ഫ്രീ ആയി കയറാവുന്നതാണ്. 

അങ്ങനെ ഫുഡും കഴിച്ചു ഗുവാഹാട്ടിക്കുള്ള ഫ്‌ളൈറ്റിൽ കയറി. K കാന്താ എന്നൊരു വനിതാ പൈലറ്റ് ആണ് വിമാനത്തിന്റെ സാരഥി. ആദ്യമായിട്ടാണ് ഒരു വനിതാ പൈലറ്റ് പറത്തുന്ന വിമാനത്തിൽ കയറുന്നത്. ഗുവാഹത്തിയിൽ അര മണിക്കൂർ ലേറ്റായിട്ടാണ് വിമാനം ലാൻഡ് ചെയ്തത്.

വൈകുന്നേരമായെങ്കിലും പുറത്തിറങ്ങിയപ്പോ നല്ല ചൂട് , ഏറെക്കൂറെ നമ്മുടെ നാട്ടിലെ കാലാവസ്ഥ. നോർത്ത് ഈസ്റ്റിൽ മുഴുവൻ നല്ല തണുപ്പായിരിക്കും എന്നായിരുന്നു എന്റെ ധാരണ. എന്നാൽ ഗുവാഹത്തി ആ ചിന്തയെ മാറ്റിയെഴുതി. ആസാമിന്റെ തലസ്ഥാനമാണ് ഗുവാഹത്തി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഈ യാത്ര തുടങ്ങുന്നത് വരെ ഞാനും. പക്ഷെ ശരിക്കും ആസാമിന്റെ തലസ്ഥാനം ഗുവാഹാട്ടിക്കടുത്തു തന്നെയുള്ള ദിസ്പൂർ ആണ്. എയർപോർട്ടിന് വെളിയിൽ ഇറങ്ങിയപ്പൊത്തന്നെ ഓട്ടോക്കാരും ടാക്സിക്കാരും പുറകെ കൂടി. എന്റെ താമസസ്ഥലത്തേക്ക് 100 രൂപയാണ് ഓട്ടോ ചാർജ് പറഞ്ഞത്. എന്നാൽ കുറച്ചു കൂടി മുന്നോട്ടു നടന്ന് എയർപോർട്ട് കോമ്പൗണ്ടിനു വെളിയിൽ വന്നാൽ ഇതിന്റെ പകുതി കാശിനു വണ്ടി കിട്ടും. ഇവിടെ നിന്ന് ഷില്ലോങ്ങിലേക്കുള്ള ടാക്‌സിയും ലഭ്യമാണ്. ഹോട്ടൽ അടുത്തുതന്നെയായിരുന്നതിനാൽ ഞാൻ നടക്കാൻ തീരുമാനിച്ചു. ഒരുപാട് ഇലക്ട്രിക്ക് റിക്ഷകളും റോഡിൽ കാണാനുണ്ട്. ഹോട്ടലിൽ ചെക്കിൻ ചെയ്തു ഒരു കുളി പാസാക്കുമ്പോഴേക്കും മനുവും സ്ഥലത്തെത്തി.
ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി. ഹുവാഹട്ടി എയർപോർട്ടിന് സമീപം ഒരുപാട് സൗത്ത് ഇന്ത്യൻ കടകൾ ഉണ്ട്. തമിഴ്, ആന്ധ്രാ സ്റ്റൈൽ ഫുഡുകൾ കിട്ടുന്നവ. എന്നാൽ ഇവിടം വരെ വന്നിട്ട് ഇഡലിയും, ദോശയും കഴിച്ചു പോകുന്നതിൽ കാര്യമില്ലല്ലോ. ലോക്കൽ ഫുഡ് തിരഞ്ഞു അധികം നടക്കേണ്ടി വന്നില്ല. ഞങ്ങളുടെ താമസസ്ഥലത്തിന് തൊട്ടടുത്തു തന്നെയൊരു ആസാമീസ് കടയുണ്ട്. ഹോട്ടൽ നിഷ. ഗുവാഹത്തി എയർപോർട്ടിന് അടുത്തു തന്നെയാണ്. അവിടെ ചെന്ന് ആസാമീസ് ഫിഷ് താലി ഓർഡർ ചെയ്തു.  വെളുത്ത അരിയുടെ ചോറും, പരിപ്പിന്റെ ധാരാളിത്തമുള്ള, സാമ്പാറുപോലെ തോന്നിക്കുന്ന ഒരു കറിയും,  പിന്നെ മീൻ കറിയും വന്നു. കൂടെ ക്യാരറ്റ് ഉപ്പേരിയും, മെഴുക്കുപുരട്ടിയും, മാങ്ങ അച്ചാറും, പച്ചമുളകരച്ച ചമ്മന്തിയും. ചമ്മന്തിക്ക് ഒടുക്കത്തെ എരിവാണ്. അതൊഴികെ ബാക്കിയെല്ലാം ഒറ്റയടിക്ക് അകത്താക്കി. കൊള്ളാം ..! നല്ല ടേസ്റ്റുണ്ട്. നമ്മുടെ നാട്ടിലെ ഊണിൽ നിന്ന് വ്യത്യസ്തമായൊരു രുചി. മീൻ കറിയും കൊള്ളാം. മീൻ മുറിച്ച രീതി നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണ്. മീനിനെ തിരശ്ചീനമായി മുറിച്ചെടുത്താണ് കറി വച്ചിരിക്കുന്നത്. എല്ലാ ഹോട്ടലുകളിലും ഊണിന്റെ കൂടെ സവാളയും, മുളകും, ചെറു നാരങ്ങയും തരും. ചെറു നാരങ്ങ എന്നുവിളിക്കാൻ പറ്റില്ല, നീര് കുറഞ്ഞ വലിയ സൈഡിലുള്ള നാരങ്ങാ തന്നെയാണ് ആസ്സാമിലും, മേഘാലയയിലെ ലഭിച്ചത്. ഏകദേശം നമ്മുടെ മധുര നാരങ്ങയെപ്പോലെ. ഫുഡും കഴിച്ച് നേരെ ബെഡിലേക്ക് ചാഞ്ഞു


Day-2 ഗുവാഹത്തി 

          പിറ്റേന്ന് രാവിലെ അലാം അടിക്കുന്നതിനു മുമ്പേ തന്നെ എണീറ്റു. സമയം രാവിലെ അഞ്ചു മണി ആയിട്ടില്ല. പുറത്തെങ്ങും നല്ല വെളിച്ചം. ഇവിടെ ഓഗസ്റ്റ് മാസത്തിൽ നാലരയോടുകൂടിത്തന്നെ സൂര്യൻ ഉദിക്കുമത്രേ. ഇന്നത്തെ ദിവസം ഗുവാഹാട്ടിക്കുള്ളതാണ്. മേഘാലയയിലേക്ക് തിരിക്കും മുൻപ് ഒരു ദിവസം ഗുവാഹത്തി സിറ്റിക്കുള്ളിൽ കറങ്ങുകയാണ് ലക്‌ഷ്യം. ഒരാഴ്ചത്തേക്ക് ഇവിടെ നിന്നൊരു കാർ വാടകക്ക് എടുത്തിട്ടുണ്ട്. Zoom കാറിൽ ഓഫർ കിട്ടിയപ്പോ ബുക്ക് ചെയ്തതാണ്. ഇതല്ലാതെ ഗുവാഹത്തിയിൽ കാറും , ബൈക്കും , സ്‌കൂട്ടറും വാടകക്ക് കൊടുക്കുന്ന ഒരുപാട് കടകളും , ഏജൻസികളും ഉണ്ട്. (Car/bike rental at Guwahati : Awe Rides 98540 05002, Zoom Cars 08638185472
) ടു വീലറിന് 400 മുതൽ മുകളിലോട്ടും, കാറിനു 1500 നു മുകളിലോട്ടുമാണ് പ്രതിദിന റേറ്റ്. ഷില്ലോങ്ങിൽ ചെന്നാലും വാടകക്ക് വണ്ടി കിട്ടും. ടാക്സികളും ലഭ്യമാണ്. (Car/bike rental at Shillong : Auto rides 085880 68965, ACE Bikes 09774762192
) എന്തായാലും മുൻകൂട്ടി വിളിച്ചു ബുക്ക് ചെയ്യുന്നതാവും ഉചിതം. ഗുവാഹത്തി എയർപോട്ടിന്റെ മുന്നിൽ ചെന്നാൽ ഷില്ലോങ്ങിലേക്ക് ഷെയർ ടാക്‌സികളും കിട്ടും. 

ആസ്സാം മൃഗശാല

          കാറെടുത്തു നേരെ പോയത് ആസാം മൃഗശാലയിലേക്കാണ്. എയർപോർട്ടിൽ നിന്ന് ഏകദേശം 25 കിലോമീറ്റര് ഉണ്ട് അവിടേക്ക്. ഞങ്ങൾ എത്തുമ്പോൾ ആളുകൾ വന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അത്ര വലുതൊന്നുമല്ലാത്തൊരു മൃഗശാലയാണിത്. മൃഗങ്ങളും കുറവ്. മൃഗശാലക്കുള്ളിൽ സൈക്കിളുകൾ ലഭ്യമാണ്. ആവശ്യക്കാർക്ക് കാശ് കൊടുത്ത് ഉപയോഗിക്കാം. പക്ഷെ സൈക്കിളിൽ സഞ്ചരിച്ചു കാണാന്മാത്രമുള്ള വലുപ്പമൊന്നും മൃഗശാലക്കില്ല. അധികം വെയിലുകൊണ്ടു സമയം കളയാതെ ഞങ്ങൾ അവിടിന്നു തിരിച്ചു

ആസ്സാം സ്റ്റേറ്റ് മ്യൂസിയം

                    അടുത്ത ലക്‌ഷ്യം സ്റ്റേറ്റ് മ്യൂസിയമാണ്. മൃഗശാലയിൽ നിന്ന് അഞ്ചു കിലോമീറ്റർ ഉണ്ട്. നഗരത്തിരക്കിനുള്ളിൽ തന്നെയാണ്. ഇവിടെ പാർക്കിങ് സൗകര്യവും കുറവാണ്. വലിയൊരു കളക്ഷൻ തന്നെ ഇവിടെയുണ്ട്. സ്വതന്ത്ര സമരത്തിൽ തുടങ്ങി, നോർത്ത് ഈസ്റ്റിന്റെ ചരിത്രം വരെ പറയുന്ന പതിനഞ്ചോളം ഗ്യാലറികളാണ് ഇതിനകത്ത് ഉള്ളത്. വേണമെങ്കിൽ ഒരു ദിവസം വരെ ചിലവഴിക്കാൻ സാധിക്കും. പക്ഷെ ഒട്ടും ആകർഷകമല്ലാതെയുള്ള പ്രദർശന രീതിയും, കാര്യങ്ങൾ വിശദീകരിച്ചു തരാൻ ആളില്ലാത്തതും മനം മടുപ്പിക്കുന്നു. അവിടെ നിന്നിറങ്ങുമ്പോഴേക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരുന്നു. മ്യൂസിയത്തിന്റെ മുൻപിൽ ഒരുപാട് ഹോട്ടലുകൾ ഉണ്ട്. പക്ഷെ ഞായറാഴ്ച ആയതു കൊണ്ടാണോ എന്നറിയില്ല ഒട്ടു മിക്കതും അടച്ചിട്ടിരിക്കുകയായിരുന്നു. കുറച്ച് മുന്നോട്ടു ചെന്നപ്പോൾ റോഡ് സൈഡിൽ ഒരു ചൈനീസ് ഫുഡ് കട കണ്ട്. ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു കഴിച്ചു.

ഗുവാഹത്തി പ്ലാനറ്റോറിയം

          മ്യൂസിയത്തിന്റെ തൊട്ടടുത്ത തന്നെയാണ് പ്ലാനറ്റെറിയവും സ്ഥിതി ചെയ്യുന്നത്.  ഒരു കൗതുകത്തിന്റെ പുറത്ത് കയറിയതാണ്. നമ്മുടെ നാട്ടിലേതിൽ നിന്നും എന്തേലും വ്യത്യാസമുണ്ടോ എന്നറിയാൻ മാത്രം. ഞങ്ങൾ പോയ സമയത്ത് ആസാമീസ് ഷോ ആയിരുന്നു. എന്നാലും കേറിയിരുന്നു കണ്ടു.

നെഹ്‌റു പാർക്ക്

          പ്ലാനറ്റോറിയത്തിന്റെ അടുത്തു തന്നെ ഒരു പാർക്ക് ഉണ്ട് . നെഹ്‌റു പാർക്ക് . അത്യാവശ്യം നന്നായിത്തന്നെ മെയിന്റയിൻ ചെയ്തു പോരുന്നൊരു പാർക്കാണിത്. യുവതീ യുവാക്കളാണ് കൂടുതൽ സന്ദർശകരും. വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ പറ്റിയ ഇടം. വെയിലുകൊണ്ടു വാടിത്തളർന്ന ഞങ്ങൾക്ക്  അൽപ്പം ആശ്വാസമായി ഇവിടം. ഗുവാഹത്തിയിലെ ചൂട് ഒരു രക്ഷയും ഇല്ല. രാവിലെ മുതൽ വിയർത്തൊലിക്കുകയാണ്. ലഗ്ഗേജ് കുറയ്ക്കാനായി ഡ്രെസ്സുകളുടെ എണ്ണം വെട്ടിച്ചുരുക്കിയാണ് വന്നിരിക്കുന്നത്. എന്നാൽ വിയർത്തൊലിച്ച് ദിവസം രണ്ട് നേരം ഡ്രസ്സ് മാറേണ്ട അവസ്ഥയാണ് ഇവിടെ. ഒരു മണിക്കൂറോളം നെഹ്‌റു പാർക്കിൽ ചിലവഴിച്ചു പുറത്തിറങ്ങി. പുറത്തു ഉന്തു വണ്ടികളിൽ കരിമ്പ് ജ്യൂസും, ചോളവും, പൈനാപ്പിളും വിൽക്കുന്നു. ഒരു ജ്യൂസ് വാങ്ങിക്കഴിച്ചു. വെള്ളം ചേർക്കാത്തതിനാൽ ധൈര്യമായി കുടിക്കാം. അടുത്ത ലക്‌ഷ്യം ഉമാനന്ദ ഐലൻഡാണ്. നടക്കാനുള്ള ദൂരമേ ഉള്ളൂ എന്നാണ് ഗൂഗിൾ മാപ്പ് പറയുന്നത്. അത് കൊണ്ട് വണ്ടി പാർക്കിനടുത്തു തന്നെ പാർക്ക് ചെയ്തു.

ഉമാനന്ദ ഐലൻഡ്

          ബ്രഹ്മപുത്ര നദിയിൽ ദക്ഷിണ-ഉത്തര ഗുവാഹാട്ടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് ഉമാനന്ദ. പീകോക്ക് ഐലൻഡ് എന്നും ഇത് അറിയപ്പെടുന്നു. പത്നിയായ പാർവതിക്ക് വേണ്ടി ശിവൻ നിർമിച്ചെടുത്തതാണ് ഈ ദ്വീപ് എന്നാണ് ഐതിഹ്യം. ശിവ പ്രതിഷ്ഠയുള്ളൊരു അമ്പലമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. ഇതോടൊപ്പം തന്നെ ഹനുമാന്റെയും, ഗണപതിയുടെയും പ്രതിഷ്ഠകളും ഉണ്ട്. ടൂറിസ്റ്റുകളെക്കാൾ കൂടുതൽ വിശ്വാസികളാണ് ഇവിടേക്ക് വന്നെത്തുന്നത്. ഉമാനന്ദയിലെ ശിവരാത്രി ആഘോഷം വളരെ പ്രസിദ്ധമാണ്.

ഉമാനന്ദയിലേക്കുള്ള വഴി തേടി ഗൂഗിൾ മാപ്പിന്റെ പുറകെ പത്തു മിനുട്ടോളം ഞങ്ങൾ നടന്നു. അവസാനം ചെന്നെത്തിയത് ഏതോ ഒരു സർക്കാർ ആപ്പീസിന്റെ മുറ്റത്ത് . മുന്നിലേക്ക് വേറെ വഴിയില്ല. അവിടെ കണ്ട ചേട്ടനോട് ചോദിച്ചു. പുള്ളി ഉമാനന്ദയിലേക്ക് ഫെറി കിട്ടുന്ന സ്ഥലം പറഞ്ഞു തന്നു. വീണ്ടും നടക്കാൻ നിന്നില്ല. വണ്ടിയെടുത്തു തിരിച്ചു വന്നു. വൈകുന്നേരം നാല് മണിവരെ ഇവിടെ നിന്ന് ഉമാനന്ദയിലേക്ക് സർക്കാർ ഫെറി സർവീസ് ഉണ്ട്. ടിക്കറ്റ് എടുത്തു കയറി. 

ഐലൻഡിൽ ഫെറി ഇറങ്ങിയാൽ മുകളിലേക്ക് കുറേ പടികൾ കാണാം, പടികൾ കേറിചെന്നാൽ എത്തുന്നത് ഉമാനന്ദ ക്ഷേത്രത്തിന്റെ ചെറിയൊരു കോമ്പൗണ്ടിലേക്കാണ്. ഭക്തിയുടെ പേരിൽ സാമ്പത്തിക മുതലെടുപ്പ് നടത്തുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇവിടം. കേറിചെല്ലുമ്പോൾ തന്നെ ഒരു ഭാഗത്തു നിന്ന് ഒരു പൂജാരി സന്ദർശകരെ ചാക്കിട്ടുപിടിക്കുന്നു. അമ്പലത്തിൽ കേറും മുൻപ് ഗണപതിക്ക് വഴിപാട് കഴിപ്പിക്കണമത്രേ. നൂറും , ഇരുനൂറും കൊടുത്തു പലരും ഇൻസ്റ്റന്റ് പൂജകളും കഴിഞ്ഞു മടങ്ങുന്നു. കുറച്ചുകൂടി മുന്നോട്ടുചെന്നാൽ മുഖ്യ ക്ഷേത്രമാണ്. ഇവിടെ ഒരു ഭൂഗർഭ അറയിലാണ് ശിവപ്രതിഷ്ഠ. പുറത്തു നിന്ന് വിലകൊടുത്തു വാങ്ങിക്കുന്ന പൂജാദ്രവ്യങ്ങളുമായി ചെന്നാലേ വിഗ്രഹത്തിലേക്ക് എത്താൻ കഴിയൂ. കൊടുക്കുന്ന കാശിന്റെ അളവനുസരിച്ച് സന്ദർശന സമയവും കൂട്ടിക്കിട്ടും. ഫോട്ടോഗ്രാഫി അനുവദനീയമല്ല. പക്ഷെ പൂജാരിക്ക് കാശ് കൊടുത്താൽ ദൈവത്തിന്റെ കൂടെ സെൽഫി വരെ എടുക്കാം. സെൽഫീ വിത്ത് ശിവൻ ബ്രോ, എന്ത് മനോഹരമായ ആചാരങ്ങൾ അല്ലെ !?. ശിവപ്രതിഷ്ഠ കാണാൻ പുറകിൽ നിന്ന് എന്തിനോക്കിയെങ്കിലും കുന്നുകൂടിയ കറൻസി നോട്ടുകൾ മാത്രമേ കാണാനൊത്തുള്ളൂ. അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. വേഗം പുറത്തിറങ്ങി. മനു അപ്പോൾ പുറത്തെവിടേയോ ഫോട്ടോയെടുക്കാൻ കറങ്ങി നടക്കുകയായിരുന്നു.


സാരായ്  ഗാട്ട് പാലം

          ഉമാനന്ദയിൽ നിന്നും ഒരു പത്തുകിലോമീറ്ററോളം സഞ്ചരിച്ചാൽ സാരായ്  ഗാട്ട് പാലത്തിൽ എത്തും. ഇന്ത്യൻ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിൽ ഒന്നാണ്, ബ്രഹ്മപുത്രക്കു കുറുകെ നിർമ്മിച്ച 1.5 കിലോമീറ്റർ നീളുന്ന ഈ ഡബിൾ ഡെക്കർ പാലം. അടിയിൽക്കൂടെ റെയിൽവേ ലൈനും, മുകളിൽകൂടെ റോഡും കടന്നുപോകുന്നു. 1962 ലാണ് ഇതിന്റെ പണി പൂർത്തിയായത്. ഇപ്പോൾ ഇതിനു സമാന്തരമായി ഒരു പുതിയ പാലം കൂടി നിർമ്മിച്ചിട്ടുണ്ട്. സാരായ്  ഗാട്ട് പാലം കടന്നു ചെന്നാൽ IIT ഗുവാഹത്തിയായി. ഗാട്ടിൽ നിന്നു കാണുന്ന സൂര്യാസ്തമയം അതി മനോഹരമാണ്. നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്രക്കതിരിട്ട  കുന്നുകളിൽ സൂര്യൻ താഴ്ന്നിറങ്ങുന്നത് കാണാൻ ഒരു പ്രത്യേക മൊഞ്ചാണ്. ഇരുട്ട് വീണതും ഞങ്ങൾ ഹോട്ടലിലേക്ക് മടക്ക യാത്ര തുടങ്ങി.


Day-3 ഷില്ലോങ് - മേഘാലയ

         തലേന്ന് വെയിലുകൊണ്ടു തളർന്നുറങ്ങിയതിനാൽ, അലാറം രണ്ടു തവണ അടിച്ചതിനു ശേഷമാണ് ഞാൻ ഉണർന്നത്. ഇന്നാണ് ശരിക്കും മേഘാലയ എക്സ്പ്ലൊറേഷൻ തുടങ്ങുന്നത്. നേരെ ഷില്ലോങ്ങിലേക്ക് വച്ച് പിടിക്കണം. 1972 വരെ മേഘാലയ ആസ്സാമിന്റെ ഭാഗമായിരുന്നു. പിന്നീട് ഖാസി , ഗാരോ , ജൈന്ത്യാ ജില്ലകളെ വേർപെടുത്തിയാണ് മേഘാലയ രൂപീകരിച്ചത്. വന വിഭവങ്ങളും , കൃഷിയുമാണ് മേഘാലയയുടെ പ്രധാന വരുമാന മാർഗം. ഇന്ത്യയിൽ ഇംഗ്ലീഷ് ഒഫീഷ്യൽ ലാംഗ്വേജ് ആയിട്ടുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് മേഘാലയ എങ്കിലും പൊതുവെ പുറത്തുനിന്നും വരുന്നവരോട് സംസാരിക്കാൻ ഹിന്ദിയാണ് ഇവിടുത്തുകാർ പൊതുവെ തെരെഞ്ഞെടുക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. മൂന്നു ലക്ഷത്തോളം വരുന്ന മേഘാലയയിലെ ജനസംഘ്യയുടെ മൂന്നിൽ ഒരു ഭാഗവും ഖാസി വിഭാഗക്കാരാണ്. ഖാസി ഭക്ഷണം മേഘാലയയിലെ പോയാൽ നിർബന്ധമായും പരീക്ഷിച്ചു നോക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും നോൺ വെജ്. ആസാമീസ് ഫുഡിനെ അപേക്ഷിച്ചു , ഖാസി ഊണിൽ വിഭവങ്ങൾ കുറവാണ്.
ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്ക് ഏകദേശം നൂറ് കിലോമീറ്ററോളം യാത്രയുണ്ട് . അതുകൊണ്ടു രാവിലെ നേരത്തെ തന്നെ ഹോട്ടൽ വെക്കേറ്റ് ചെയ്തിറങ്ങി. ഷില്ലോങ് ഹൈവേയിലുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഒരു പക്ഷെ നോർത്ത് ഈസ്റ്റിലെ തന്നെ ഏറ്റവും മികച്ച റോഡ് ആയിരിക്കും ഇത്. വീതിയേറിയ ട്രാഫിക്ക് കുറഞ്ഞ  നാലുവരിപ്പാത, ഇരുവശങ്ങളിലും കുന്നും , മരങ്ങളും , കാടും. മേഘാലയയിലെ വരുന്നവർ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു യാത്രയായിരിക്കും ഈ റൂട്ടിൽ. പോകുന്ന വഴിയിൽ ചെറിയ ചെറിയ ടൗണുകൾ ഉണ്ട്. അത്യാവശ്യം ഹോട്ടലുകളും , ടോയ്‌ലറ്റ് സൗകര്യവും, പെട്രോൾ പമ്പുകളും ഇവിടെ കാണും.

പോകും വഴി ചെറിയൊരു പണി കിട്ടി. ഷില്ലോങ് ഹൈവെയിൽ പെട്രോൾ അടിക്കാൻ നിർത്തിയപ്പോഴാണ് ശ്രദ്ധിച്ചത്. പുറകിലെ ടയറുകളിലൊന്ന് പഞ്ചർ ആണ്. ടയർ മാറ്റാനായി കുറച്ചേറെ സമയം അവിടെ ചിലവഴിക്കേണ്ടി വന്നു. സ്റ്റെപ്പിനിയെടുത്ത് മാറ്റിയിട്ട് യാത്ര തുടർന്നു. വഴിയേ റോഡിന്റെ വശങ്ങളിൽ ചെറിയ കടകൾ ഉണ്ട്. അവിടെ പൈനാപ്പിളും, പപ്പായയും, തേനും, ഹോം മേഡ് മിഠായികളും, അച്ചാറുകളും വാങ്ങിക്കാൻ കിട്ടും. പൈനാപ്പിൾ ഒന്ന് വാങ്ങിച്ചു കഴിച്ചു നോക്കണം. ഇരുപതോ മുപ്പതോ രൂപയെ വരൂ. നല്ല തേൻ മധുരമാണ്. ഇത് കഴിച്ചാൽ നാട്ടിലെ പൈനാപ്പിളിനെ എടുത്തു കിണറ്റിലിടാൻ തോന്നിപ്പോയാൽ അത്ഭുതമില്ല. പിന്നീടുള്ള പല ദിവസങ്ങളിലും ഞങ്ങളുടെ ബ്രേക്ഫാസ്റ്റും , ലഞ്ചുമായി വരെ ഈ പൈനാപ്പിളുകൾ മാറിയിട്ടുണ്ട്.  പൊതുവെ എല്ലായിടത്തും, തുച്ഛമായ വിലയ്ക്ക് ലഭ്യമായ ഒന്നാണ് ഈ പൈനാപ്പിളുകൾ. മേഘാലയയുടെ കൃഷി വരുമാനത്തിന്റെ ഏറിയ പങ്കും പൈനാപ്പിളിന്റെ സംഭാവനയാണ് എന്നും ഓർക്കണം.


ഒരു പത്തു പത്തരയോടെ ഷില്ലോങ് ടൗണിൽ എത്തി. ഗുവാഹത്തിയിൽ നിന്നും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേത്. നല്ല തണുത്ത അന്തരീക്ഷം. വേനല്ക്കാലത്തുപോലും 25 ഡിഗ്രിയോളമേ ഇവിടെ ചൂട് രേഖപ്പെടുത്താറുള്ളൂ. ബ്രിട്ടീഷുകാർ കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നാണ് ഷില്ലോങ്ങിലെ വിളിച്ചിരുന്നത്. മേഘാലയയും, ആസാമും രണ്ടാകുന്നതിനുമുമ്പ് ഷില്ലോങ് ആസ്സാമിന്റെ തലസ്ഥാനമായിരുന്നു. പിന്നീട് ഖാസി , ഗാരോ ,  ജൈന്ത്യാ ജില്ലകൾ ചേർത്ത് മേഘാലയ രൂപീകരിച്ചപ്പോൾ ആസ്സാമിന് ദിസ്പൂരും , മേഘാലയക്ക് ഷില്ലോങ്ങും തലസ്ഥാനമായി മാറി. ഗുവാഹത്തിയെ അപേക്ഷിച്ച് വളരെ ചെറുതാണ് ഷില്ലോങ്. ഒന്നരലക്ഷത്തോളമാണ് ജനസംഖ്യ. ഇവിടുത്തെ ആളുകൾ വളരെ മോഡേൺ ആയിട്ടുള്ള  വേഷഭൂഷാദികൾ ഇഷ്ടപെടുന്നവരാണ്. മീൻ വിൽക്കുന്ന അമ്മച്ചിമാർ വരെ ലിപ്സ്റ്റിക്കും, ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് നിൽക്കുന്നത്. മെട്രോ നഗരത്തിൽ നിന്ന് വരുന്നവർ പോലും നാണിക്കും വിധമാണ്  ഷില്ലോങ് നിവാസികളുടെ ഫാഷൻ ട്രെൻഡുകൾ. ഒട്ടു മിക്ക ബ്രാൻഡുകളുടെയും ഡ്യൂപ്ലിക്കേറ്റ് ഇവിടുത്തെ മാർക്കറ്റിൽ ലഭ്യമാണ്. പോപ്പ് കൾച്ചർ വലിയ തോതിൽ ഷില്ലോങ്ങിലെ ആളുകളെ സ്വാധീനിച്ചിട്ടുണ്ട്.  ഷില്ലോങ്ങിൽ റെയിൽവേ ലൈനുകൾ ഇല്ലാ എന്ന കാര്യം അറിയാമല്ലോ ? ആകെ ഉള്ള ഒരു ചെറിയ എയർപോർട്ടിൽ നിന്ന് ദിവസേനെ വിരലിൽ എണ്ണാവുന്ന ഫ്‌ളൈറ്റ് സർവീസുകളെ ഉള്ളൂ. അതുകൊണ്ടു റോഡ് സർവീസ് തന്നെയാണ് ഇവിടുത്തെ ആളുകൾ യാത്രകൾക്കും, ചരക്കു നീക്കത്തിനും ഉപയോഗപ്പെടുത്തുന്നത്. ഷില്ലോങ്ങിനെ  ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്ന NH 40 -ഉം , ത്രിപുര , മിസോറാം സംസ്ഥാനങ്ങളുമായി കണക്റ്റ് ചെയ്യുന്ന NH 44 -ലുമാണ് ഇവിടുത്തെ പ്രധാന ദേശീയ പാതകൾ. റോഡ് തകരുന്നതിനു മഴയെ കുറ്റം പറയുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും, PWD ക്കാരും വർഷം മുഴുവൻ വർഷം ലഭിക്കുന്ന മേഘാലയയിലെ റോഡുകൾ കണ്ട് പഠിക്കണം. ഇത്രയേറെ മഴ പെയ്തിട്ടും മേഘാലയയിലെ റോഡുകൾ ഒരു കൂസലുമില്ലാതെ തലയുയർത്തി നിൽക്കുന്നു. ഗുവാഹത്തി-ഷില്ലോങ് ഹൈവെയിൽ ഒരു ഗട്ടറുപോലും കാണാനില്ലായിരുന്നു. നമ്മുടെ നാട്ടിൽ ഓട്ടോ പോലെയാണ് ഷില്ലോങ്ങിൽ മാരുതി 800 വണ്ടികൾ. നിരത്തിലിറങ്ങിയാൽ നൂറുകണക്കിന് മാരുതി 800 കാറുകൾ കാണാം. ആളുകൾ ഷെയർ ടാക്സിയായി ഉപയോഗിക്കുകയാണവ. ഓട്ടോകൾ ഒന്നുപോലും ഷില്ലോങ് നഗരത്തിൽ കണ്ടില്ല. എല്ലാവരും ടാക്സിയാണ് ഉപയോഗിക്കുന്നത്. 

ഷില്ലോങ് പീക്ക്

          ഷില്ലോങ്ങിലെ നമ്മുടെ ആദ്യ ലക്‌ഷ്യം ഷില്ലോങ് പീക്ക് ആണ്. ഷില്ലോങ് ടൗണും കടന്നു പത്തു കിലോമീറ്ററോളം മുന്നോട്ടുപോയാൽ ഷില്ലോങ് പീക്ക് എത്തും. ഷില്ലോങ് ടൗണിലെ റോഡുകൾ മികച്ചതാണെങ്കിലും പലയിടങ്ങളിലും നന്നേ ഇടുങ്ങിയതാണ്. പോരാത്തതിന് ഇടക്കിടെ കയറ്റവും ഇറക്കവും. രാവിലെയും വൈകുന്നേരവും ഇതുവഴി വന്നാൽ ട്രാഫിക് ബ്ലോക്കിൽ പെട്ടുകിടക്കും എന്ന കാര്യം ഉറപ്പാണ്.  ഷില്ലോങ് ടൗൺ കടന്നു കിട്ടാൻ ഏകദേശം ഒന്നര മണിക്കൂറോളമെടുത്തു. 

ടൗൺ കഴിഞ്ഞതും റോഡിനു വീതിയേറി. ഈസ്റ്റേൺ എയർ കമാൻഡിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് ഓഫിസുകൾ റോഡിനിരുവശത്തും കാണാം. ചിലയിടങ്ങളിൽ ഫൈറ്റർ എയർ ക്രാഫ്റ്റുകളുടെ മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്നും  ഏകദേശം 2000 മീറ്റർ  ഉയരത്തിലാണ് ഷില്ലോങ് പീക്ക് സ്ഥി ചെയ്യുന്നത്. ഷില്ലോങ്ങിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. മുകളിൽ നിന്ന് നോക്കിയാൽ ഷില്ലോങ്ങിലെ ഒരു പനോരാമിക് വ്യൂ കാണാം. മഞ്ഞുകുറവാണെങ്കിൽ അങ്ങ് ദൂരെ ബംഗ്ലാദേശിലെ സമതലങ്ങളും. ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ഒരു റഡാർ സ്റ്റേഷൻ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ഏരിയ മൊത്തം അവരുടെ കൺട്രോളിലാണ്. എയർഫോഴ്സ് ഫെസിലിറ്റിയിൽ കൂടിയാണ് ഇങ്ങോട്ടു പ്രവേശിക്കുന്നതും. രാവിലെ ഒൻപതു മുതൽ വൈകീട്ട് 3:30 വരെയാണ് ഇവിടുത്തെ പ്രവേശന സമയം. പോകുന്ന ആളുകളുടെ ID Card എൻട്രൻസിൽ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കൈയിൽ ഏൽപ്പിച്ചു, വാഹനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തി പാസ്സ് വാങ്ങിച്ചാൽ ഉള്ളിൽ കയറാം. തിരിച്ചു വരുമ്പോൾ ഇതേ പാസ് തിരിച്ചേൽപ്പിച്ചു, ID Card -കൾ തിരികെ വാങ്ങാം. അവധി ദിവസങ്ങളിൽ ആണെങ്കിൽ ഇവിടെ തിരക്ക് ക്രമാതീതമായിരിക്കും. ചിലപ്പോൾ 2-3 മണിക്കൂർ വരെ വണ്ടിയിൽ ക്യൂ നിൽക്കേണ്ടി വരും. അത് കൊണ്ട് പ്രവേശന സമയത്തിനും മുമ്പേതന്നെ ഇവിടെ എത്തിച്ചേരുന്നതാണ് അഭികാമ്യം.

ഷില്ലോങ് പീക്കിൽ ഇന്ന് അധികം തിരക്ക് ഇല്ല. വ്യൂ പോയിന്റ് വരെ വണ്ടി പോകും. ഷില്ലോങ്ങിലെ 180 ഡിഗ്രിയിലുള്ളൊരു കിടിലൻ പനോരമയാണ് ഇവിടുത്തെ ആകർഷണം. നഗരത്തിലെ റോഡുകളും, വാഹനങ്ങളുടെ ചലനവും, കുന്നുകളും , വെള്ളച്ചാട്ടങ്ങളും വരെ നോക്കിക്കാണാം. മനു ഷില്ലോങ്ങിനെ തൻ്റെ ടൈം ലാപ്സ് വീഡിയോയിൽ പകർത്തിക്കൊണ്ടിരിക്കുകയാണ്. പീക്കിന്റെ ഇടതും വലതും ഭാഗത്തു ഉയരത്തിൽ നിർമ്മിച്ച രണ്ടു വ്യൂ പോയിന്റുകൾ ഉണ്ട്. അതിലൊന്നിൽ ഒരു ടെലിസ്കോപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ മിനിട്ടു വീതം ഫ്രീയായി ഇതിലൂടെ താഴ്വാരത്തെ കാഴ്ച്ചകൾ കാണാം. ഖാസി ട്രെഡീഷണൽ വസ്ത്രത്തിൽ ഷില്ലോങ് നഗരത്തിനെ പശ്ചാത്തലമാക്കിക്കൊണ്ടു ഫോട്ടോയെടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. താഴെ ഒരു ഫാമിലി മൊത്തത്തിൽ ഖാസി വസ്ത്രങ്ങളണിഞ്ഞു ഫോട്ടോഷൂട്ടിനു റെഡിയായി നിൽക്കുന്നു. വ്യൂ പോയന്റിലെ കടകളിലും പൈനാപ്പിളുകൾ വിൽക്കാൻ വച്ചിട്ടുണ്ട്. പൈനാപ്പിൾ ഇവിടെ കണ്ടാലും ഞങ്ങൾ വാങ്ങിച്ചു കഴിക്കും. ഇവിടെയും ആ ശീലം തെറ്റിച്ചില്ല.

എലിഫന്റ് ഫാൾസ് (Elephant Falls)

           ഷില്ലോങ് പീക്കിൽ നിന്ന് തിരിച്ചിറങ്ങും വഴിയാണ് എലിഫന്റ് ഫാൾസ് എന്ന വെള്ളച്ചാട്ടം. പീക്കിൽ നിന്ന് ഒരു അഞ്ചു കിലോമീറ്ററിൽ താഴെയാണിത് സ്ഥിതി ചെയ്യുന്നത്. മൂന്നു തട്ടുകളായി താഴേക്ക് പതിക്കുന്നൊരു വെള്ളച്ചാട്ടമാണിത്. ഇന്നാട്ടുകാർ ഇതിനെ വിളിക്കുന്നത് 'Ka Kshaid Lai Pateng Khohsiew' എന്നാണ്. മലയാളത്തെ ഇതെങ്ങനെ വായിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. പിന്നീട് ബ്രിട്ടീഷുകാരാണ് ഇതിനെ എലിഫന്റ് ഫാൾസ് എന്ന് വിളിച്ചു തുടങ്ങിയത്. ഈ വെള്ളച്ചാട്ടത്തിന്റെ ഇടതു ഭാഗത്ത് സ്ഥിതി ചെയ്തിരുന്നൊരു കൂറ്റൻ പാറക്ക് ആനയുടെ ആകാരമായിരുന്നത്രെ. അങ്ങനെയാണ് ഈ പേര് കിട്ടിയത്. എന്നാൽ 1897 -ലെ ഭൂമികുലുക്കത്തിൽ ഈ പാറ അടർന്നു വീഴുകയാണുണ്ടായത്. പക്ഷെ എലിഫന്റ് ഫാൾസ് എന്ന പേര് ഇന്നും നിലനിന്നു പോരുന്നു. 2016 -ഇൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവിടം സന്ദർശിക്കുകയുണ്ടായി. 2019 -ഇൽ ഈ ഞാനും ;) 

വാർഡ്സ് തടാകം (Ward’s lake)

           ഷില്ലോങ്ങ് ബക്കറ്റ് ലിസ്റ്റിൽ ഇനിയുള്ളത് രണ്ട് തടാകങ്ങളാണ്. ഒന്ന് വാർഡ്സ് തടാകവും , രണ്ടാമത്തേത് ഉമിയം തടാകവും. 
ഷില്ലോങ്ങ് നഗര മധ്യത്തിൽ പോലീസ് ബസാറിനടുത്തു സ്ഥിതി ചെയ്യുന്ന, കൃത്രിമമായി നിർമ്മിച്ച ഒരു തടാകമാണ് വാർഡ്സ്. 1894 -ൽ കേണൽ ഹോപ്കിൻസാണിത് നിർമ്മിച്ചത്. അക്കാലത്തെ ആസ്സാമിലെ ചീഫ് കമ്മീഷണർ ആയിരുന്ന സർ വില്യം വാർഡ്‌സിന്റെ പേരാണ് ഈ തടാകത്തിനു കൊടുത്തിരിക്കുന്നത്. തടാകത്തിനു ചുറ്റും പുല്ലുവച്ചു പിടിപ്പിച്ചു അതിനിടയിലൂടെ നടപ്പാതകൾ നിർമ്മിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ നല്ല തിരക്കാണിവിടെ. നടക്കാനും, കഥ പറഞ്ഞിരിക്കാനും, സല്ലപിക്കാനും ആളുകൾ ഇങ്ങോട്ടെത്തുന്നു. തടാകത്തിനു നടുവിലൂടെ ഇരു കരകളെ ബന്ധിപ്പിക്കുന്ന ഒരു മരപ്പാലമുണ്ട്. അതിനു മുകളിൽ കയറിനിന്നു ഫോട്ടോയെടുക്കാനും ആളുകളുടെ തിരക്കാണ്. വാർഡ്‌സ് തടാകത്തിലെ ബോട്ട് യാത്രക്കും സൗകര്യമുണ്ട്. 
വാർഡ്‌സ് തടാകം കണ്ട് കഴിഞ്ഞപ്പോഴേക്കും സമയം ഇരുട്ടിതുടങ്ങി. നഗരത്തിൽ തിരക്കും കൂടി വന്നു. ഇതിനടുത്ത് തന്നെയാണ്, ഷില്ലോങ്ങിലെ കച്ചവട കേന്ദ്രമായ പോലീസ് ബസാർ. ഇരുട്ടിയതിനാൽ പോലീസ് ബസാറും, ഉമിയും തടാകവും മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. ഷില്ലോങ്ങിൽ ഉമിയം തടാകത്തിനടുത്ത്  ഞങ്ങളുടെ ഒരു ഡിപ്പാർട്മെന്റ് ഗസ്റ്റ് ഹൌസ്  ഉണ്ട്,  ഇനിയുള്ള ദിവസങ്ങളിൽ താമസം അവിടെയാണ്. ഇവിടുന്നു ഒരു 20 കിലോമീറ്റർ പോകാനുണ്ട് അങ്ങോട്ടേക്ക്. ഷില്ലോങ്ങിലെ ട്രാഫിക്ക് കണക്കിലെടുത്തു നേരത്തെ തന്നെ ഗസ്റ്റ് ഹൌസിലേക്ക് തിരിക്കാമെന്നു വച്ചു.


"ഒന്നാം ഭാഗം ഇവിടെ തീരുന്നു. നാളത്തെ യാത്ര ചെറാപൂഞ്ചിയിലേക്കാണ്, അതിൻ്റെ വിശേഷങ്ങളുമായി അടുത്ത ഭാഗത്തിൽ കാണാം…Stay tuned"