Sunday, February 25, 2018

സർപ്രൈസ് റൈഡ് അഥവാ തലക്കറി കൂട്ടിയൊരൂണ്



സീൻ 1 : 

"എന്നാലും എങ്ങോട്ടായിരിക്കും ?" 

ഒരു പണിയുമില്ലാതെ ഇരുന്ന ഞാൻ അട്ടം നോക്കിക്കിടന്നു കൂലങ്കുഷമായി ആലോചിച്ചു. ഒരെത്തും പിടിയും കിട്ടുന്നില്ല. പിന്നെയും ആലോചിച്ചു , വീണ്ടും വീണ്ടും ആലോചിച്ചു. 
തിരുവനന്തപുരം സഞ്ചാരിയുടെ സർപ്രൈസ് റൈഡിൽ പോകാൻ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുകയാണ്. യാത്ര എങ്ങോട്ടാണെന്നത് ആ പഹയന്മ്മാര് ഇതുവരെ പറഞ്ഞിട്ടില്ല. 

"അല്ല ഹിമാറെ, അതെങ്ങനെ പറയും?  അതുകൊണ്ടല്ലേ ഇതിനെ സർപ്രൈസ് റൈഡ് എന്ന് വിളിക്കുന്നത് "
"ഹാ , ശരിയാണല്ലോ !"

അപ്പ് ആൻഡ് ഡൌൺ ഒരു 120-150 കിലോമീറ്റര് യാത്ര ഉണ്ടാകും എന്ന ഒരു ക്ലൂ മാത്രമേ ഇപ്പൊ കൈയിൽ ഉള്ളൂ. പിന്നെ സ്റ്റാർട്ടിങ് പോയിന്റ് കവടിയാർ ആണ്. അപ്പൊ ഇവിടെ നിന്ന് ഒരു 50-75 കിലോമീറ്റര് ചുറ്റളവിൽ ഉള്ള ഏതെങ്കിലും സ്ഥലമാവും ഡെസ്റ്റിനേഷൻ.

ഉച്ചക്ക് ഊണ് കഴിക്കാൻ പോയി വരുമ്പോ തിരുവനന്തപുരത്തിന്റെ ഒരു മേപ്പ് വാങ്ങണം. എന്നിട്ടു അതിൽ മേൽപ്പറഞ്ഞ ചുറ്റളവിൽ ഉള്ള പ്രധാന സ്ഥലങ്ങൾ അടയാളപ്പെടുത്തിയാൽ ഒരു പക്ഷെ സ്ഥലം പിടി കിട്ടിയേക്കും. അല്ലെങ്കിലും മലയാളം , ഹിന്ദി ,തമിഴ് എന്നുവേണ്ട അങ്ങ് ഹോളിവുഡിൽ വരെ നായകൻമാർ വില്ലൻമാരെ പിടിക്കുന്നത് ഇത് പോലെ മേപ്പ് വച്ചിട്ടല്ലേ. എന്റെയെടുത്താ കളി.

ഊണും കഴിച്ചു കഴക്കൂട്ടം ജംഷനിലെ ബുക്ക് സ്റ്റാളിൽ കേറി ചെന്നു 

"ചേട്ടാ ഒരു മേപ്പ്  വേണം "
"അതിനു മോൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. പിന്നെന്തിനാ മാപ്പ് ?"

മനുഷ്യൻ ഇവിടെ കൂലങ്കുഷ ചിന്താസരണിയിൽ മുങ്ങിയിരിക്കുമോഴാ ചേട്ടന്റെ ഒരു ചളി കോമഡി. അവസാനം മേപ്പ് നോക്കി സ്ഥലം കണ്ടുപിടിക്കുന്നത് ഹോളിവുഡ് നായകൻമ്മാർക്ക് വിട്ടിട്ടു ഞാൻ തിരിഞ്ഞു നടന്നു

സീൻ 2 :
സ്ഥലം: ആന്ധ്രാ - തമിഴ്നാട് ബോർഡർ
പഴയ തെലുഗു സിനിമയിലെ പാട്ടും വച്ച് കൊണ്ട് കിതച്ചോടുന്ന APSRTC ബസ്സിന്റെ ബാക്ക് സീറ്റിൽ തെലുഗ് അറിയാത്ത ഞാനും , മലയാളം അറിയാത്ത അയാളും , ഞങ്ങൾ രണ്ടുപേർക്കും ശരിക്ക് അറിയാൻ പാടില്ലാത്ത തമിഴിൽ ലാലേട്ടനെയും, ജൂനിയർ NTR-നെയും കുറിച്ച് ഭൂലോക ചർച്ചയിലായിരുന്നു.

"തമ്മുടൂ , മോഗൻലാൽ ചാലാ മഞ്ചി ആക്ടിങ് ചേസ്തുന്തി"
"അതുവന്തു അണ്ണാ , എനക്ക് തെലുഗ് കൊഞ്ചം കൊഞ്ചം മാത്രേ അറിയൂ, തമിഴ് പേസലാമാ ?"

ഈ ചർച്ചക്കിടയിലും എന്റെ ചിന്ത പോയത് വേറൊരിടത്തേക്കായിരുന്നു. 

"എന്നാലും നാളത്തെ സർപ്രൈസ് റൈഡ് എവിടെക്കായിരിക്കും ?"

ഈ യാത്ര പോകാൻ വേണ്ടി മാത്രമാണ് ഞാൻ ഉള്ള പണിയെല്ലാം പെട്ടന്ന് തീർത്തിട്ട് ശ്രീഹരിക്കോട്ടയിൽ നിന്ന് നാട്ടിലേക്ക് വരാൻ ഈ ബസ്സ് പിടിച്ചത്.

സീൻ 3 :
പുലർച്ച നിർത്താതെ അടിച്ച അലാറം ഓഫ് ചെയ്തെണീറ്റു, പല്ലു തേപ്പും , കുളിയും പെട്ടന്ന് തീർത്ത് ഞാൻ റെഡിയായി , നല്ല കുട്ടപ്പനായിരുന്നു.

"പടച്ചോനെ ഇനിയിപ്പോ വണ്ടി സ്റ്റാർട്ട് ആകുമോ ?"

ആഴ്ച രണ്ടായി അതിനെ റോഡ് കാണിച്ചിട്ട്. എല്ലാ തവണയും ഓഫിസ് ടൂർ കഴിഞ്ഞു വന്നാൽ മണിക്കൂറുകളോളം  കിക്കറടിച്ചാലേ ആശാൻ സ്റ്റാർട്ട് ആകൂ. ഭാഗ്യം ഇന്നധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. വരുന്ന വഴിയേ കുറച്ചു പെട്രോളുമടിച്ചു ഞാനും എന്റെ സ്‌കൂട്ടറും സർപ്രൈസ് റൈഡിനു തയ്യാറായി കാവടിയാറിൽ ഹാജർ പറഞ്ഞു. മെംബേർസ് ഓരോരുത്തരായി എത്തിത്തുടങ്ങി. പതിവുപോലെ എല്ലാരും പെട്ടന്ന് പെട്ടന്ന് തന്നെ സ്ഥലത്തെത്തിയതിനാൽ 6:30-നു തുടങ്ങാമെന്ന് പറഞ്ഞ റൈഡ് തുടങ്ങിയത് 7 :30 കഴിഞ്ഞിട്ടാണ്

റൈഡ് ഡെസ്റ്റിനേഷൻ അറിയാൻ വേണ്ടി അഡ്മിൻസിനെ ചുറ്റിപ്പറ്റി കുറെ നേരം നടന്നു. യെവടെ ..ആരും ഒന്നും വിട്ടു പറയുന്നില്ല. അതിനിടയിൽ അജിത്തേട്ടന്റെ വായിൽ നിന്ന് സർപ്രൈസ് പൊളിക്കാനുതകുന്ന രീതിയിൽ പുറത്തു വന്ന വാക്കുകളിൽ നിന്ന് ചില ക്ലൂകൾ കിട്ടി. ഏതോ ഡാമിനടുത്തേക്കാണ് യാത്ര . അപ്പൊ പിന്നെ സംശയം ലവലേശമില്ല നെയ്യാർ ഡാം തന്നെ

ബുഹുഹാ .. സർപ്രൈസ് പൊളിഞ്ഞെന്ന സന്തോഷത്തിൽ ഞാൻ ആഹ്ലാദിച്ചു , ആർമാദിച്ചു. എന്റെയെടുത്താ യെവമ്മാരുടെ കളി , ഹല്ല പിന്നെ. യാത്ര തുടങ്ങി. ഏകദേശം 18 പേരോളം ഉണ്ടായിരുന്നു. പലരും വഴിയിൽ നിന്നാണ് ജോയിൻ ചെയ്തത്. 
കാട്ടാക്കടയും പിന്നിട്ട് , കള്ളിക്കാടുള്ള MJ ഹോട്ടെലിൽ പ്രഭാത ഭക്ഷണത്തിനായി  വണ്ടീസ് നിർത്തി. ദോശയും , മസാല വടയും ചായയുമടിച്ചു നെയ്യാർ ഡാം ലക്ഷ്യമാക്കി യാത്ര തുടർന്നു.  പത്തു പതിനഞ്ചു മിനിറ്റിൽ ഡാം  എത്തി. മണ്ടൻമ്മാർ ആർക്കുമറിയില്ല ഇതാണ് സർപ്രൈസ് എന്ന്. ഞാനൊട്ടു പറയാനും പോയില്ല. പുവർ ഫെല്ലോസ്. പക്ഷെ നെയ്യാർ ഡാമും പിന്നിട്ടു വണ്ടീസ് മുന്നോട്ടു നീങ്ങിയപ്പോഴാണ് സത്യത്തിൽ ശരിക്കും സർപ്രൈസ് അതല്ല എന്ന് മനസ്സിലായത്. അയാം ദി ശശി. ഭാഗ്യം കേറിച്ചാടി ആരോടും ഒന്നും പറയാതിരുന്നത് നന്നായി. അല്ലെങ്കിൽ ചമ്മിപ്പോയേനെ. ശരിക്കുമുള്ള സർപ്രൈസ് അങ്ങകലെ ഡാമിൽ നിന്ന് ഏകദേശം എട്ടു-പത്തു കിലോമീറ്റര് മാറിയുള്ള മായം എന്ന സ്ഥലമായിരുന്നു. പന്ത -കണ്ടംതിട്ട -അമ്പൂരി വഴിയാണ് ഇങ്ങോട്ടെത്തിയത്. നെയ്യാർ കഴിഞ്ഞാൽ പിന്നീടുള്ള വഴികൾ അൽപ്പം മോശമാണ്. ഇതിനിടയിൽ അജിത്തേട്ടന്റെ വണ്ടിക്ക് ഒരു സർജറി ചെയ്യേണ്ടി വന്നു. വരുന്ന വഴിയേ പഞ്ചറായി. ശ്രീയും , അജിത്തേട്ടനും വണ്ടി ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയ സമയം ഞങ്ങളെല്ലാവരും വഴിയിൽ ചുമ്മായിരുന്നു ലോക കാര്യങ്ങൾ അയവിറക്കി.

നെയ്യാർ ഡാമിന്റെ റിസർവോയറിൽ ആണ് മായം എന്ന സ്ഥലം. റിസെർവോയറിന്റെ തീരത്തു , മാമ്പൂതണലിൽ എല്ലാ ഗഡീസും ഉപവിഷ്ടരായി. ഈ റൈഡിന്റെ പ്രധാന ഉദ്ദേശം സഞ്ചാരിയുടെ നോട്ടുബുക്ക് പ്രോജെക്ടിനെ കുറിച്ച് ഡിസ്‌ക്കസ്സ് ചെയ്യുക എന്നതായിരുന്നു. അതിനിടയിൽ മാങ്ങ പറി, വെള്ളത്തിൽ കല്ലെറിയൽ, ഉറുമ്പുമായുള്ള മൽപ്പിടുത്തം തുടങ്ങിയ കലാ പരിപാടികളും അരങ്ങേറുന്നുണ്ടായിരുന്നു.  അങ്ങനെ പതിവുരീതിയിലുള്ള പരസ്പ്പരം പരിചയപ്പെടലുകൾക്കും, ചളി വാരിയെറിയലുകൾക്കും ശേഷം ഞങ്ങൾ ചലിച്ചതു കുമ്പിച്ചൽക്കടവിലേക്കാണ്. മായത്തു നിന്നും  ഒരു മൂന്നാലു കിലോമീറ്റര് കാണും ഇങ്ങോട്ടു. ഇവിടുത്തെ കടത്തു വള്ളത്തിൽ ഒരല്പ്പനേരത്തെ യാത്ര. വള്ളത്തിൽ കയറാനുള്ള പേടി കൊണ്ട് "ഞാനിവിടെ നിന്നോളം , നിങ്ങടെ ഫോട്ടോ മുഴുവൻ എടുത്തു തരാം " എന്നൊക്കെ പറഞ്ഞ ചില ആളുകളും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പേര് പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തിയതിനാലും, ജീവനിൽ കൊതിയുള്ളതിനാലും  അത് ഞാൻ ഇവിടെ പറയുന്നില്ല.  അവസാനം വള്ളച്ചേട്ടന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോയുമെടുത്തു അവിടുന്നു സ്കൂട്ടായി. കടത്തുകൂലി കൊടുക്കാനായി പിരിച്ച കാശിൽ 12 രൂപാ അമ്പതു പൈസാ മിച്ചം പിടിച്ചു അഡ്മിൻസായ ശ്രീയും , അജിത്തേട്ടനും എല്ലാർക്കും മാതൃകയായി. 

ലഞ്ച് ടൈം: എല്ലാർക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങി. രാവിലത്തെ ദോശയും ചായയും ചൂടിൽ ഉരുകിയൊലിച്ചു എങ്ങോ പോയി. 

അപ്പൊ എങ്ങോട്ടാ ? ഊണ് കഴിക്കണ്ടേ ? 

പതിനൊന്നര മുതൽ ഊണെപ്പൊഴാ എന്നും ചോദിച്ചും കൊണ്ട് വിനോദേട്ടൻ നടക്കുന്നുണ്ടായിരുന്നു. 

ഊണു തേടിയുള്ള യാത്ര അവസാനിച്ചത് ചിറ്റാർ റിസർവോയറിന്റെ സൈഡിലുള്ള ഹോട്ടൽ അക്ഷയപാത്രത്തിലാണ്. പ്രായമായ ഒരമ്മച്ചിയും, വേറെ കുറച്ചു നാരീമണികളും ചേർന്ന് നടത്തുന്ന ഒരു ചെറിയ റെസ്റ്റോറന്റ് ആണിത് 
 നെട്ട എന്നതാണ് യഥാർത്ഥ സ്ഥല നാമം. വെള്ളറടയിൽ നിന്ന് , തൃപ്പരപ്പു വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിലാണിത്. 

സത്യം പറഞ്ഞാൽ ശരിക്കുമുള്ള സർപ്രൈസ് ആയി എനിക്ക് തോന്നിയത് ഉച്ചക്കത്തെ ഊണായിരുന്നു. എന്റമ്മേ.., കിടുക്കാച്ചി ഫുഡ് !!. ഊണും , കപ്പയും തലക്കറിയും , ഡാമിൽ നിന്ന് പിടിച്ച മീൻ വറുത്തതും, ഏറ്റവും അവസാനം കിണ്ണം കാച്ചിയ പായസവും. കൂട്ടത്തിൽ അമ്മച്ചിയുടെ സ്നേഹത്തോട് കൂടിയ ശാസനകളും. മുഴുവൻ കഴിച്ചില്ലേൽ ഫൈൻ അടക്കേണ്ടി വരും എന്ന് അമ്മച്ചി പറഞ്ഞു പേടിപ്പിച്ചതിനാലാണോ, അതോ ഫുഡിന്റെ രുചി മാഹാത്മ്യം കൊണ്ടാണോ എന്നറിയില്ല, വിളമ്പിയ ഇലയിൽ  ഒരു പൊടി ആരും ബാക്കി വച്ചില്ല. രണ്ടാമത് പറഞ്ഞതാവാനേ വഴിയുള്ളൂ. അത്രയ്ക്ക് കേമമായിരുന്നു ഭക്ഷണം.   ഇതിനെല്ലാം കൂടി 125 രൂപയെ ഒരാൾക്ക് ചിലവായിട്ടുള്ളൂ. ഇനിയുള്ള വീക്കെൻഡുകൾ ഉച്ചക്ക് ഇങ്ങോട്ടു വച്ച് പിടിച്ചാലോ എന്നാലോചിക്കുകയാ.  ഊണിന് ശേഷം നേരെ ചിറ്റാർ ഡാമിലേക്ക്. നെട്ടയിൽ നിന്ന് ചിറ്റാർ ഡാമിലേക്ക് അധിക ദൂരമില്ല. ഇവിടുത്തുകാർ ചിറ്റാറിനെ നെട്ട ഡാം എന്നും വിളിക്കാറുണ്ട്. ഊണാനന്തര മയക്കത്തില് പറ്റിയ സ്ഥലം. ഡാമിലേക്ക് വാഹനം അനുവദിക്കില്ല. പെർമിഷനോട് കൂടിയ എൻട്രിയെ ഇങ്ങോട്ടുള്ളൂ. പക്ഷെ പെർമിഷൻ വാങ്ങിക്കാൻ ഉള്ള ആരെയും അവിടെ കണ്ടില്ല. മുൻപ് ഞാനിവിടെ വന്നപ്പോൾ ഇത്തരം നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.

ഡാമിലെ ആ വലിയ മരത്തിന്റെ തണലിൽ ഇരുന്നു കുറച്ചു നേരം വിശ്രമിച്ചതിനുശേഷം മടക്ക യാത്ര. 
തിരിച്ചുള്ള യാത്രയിൽ മാലയിൽ നിന്ന് മുത്തു കൊഴിയുന്നതുപോലെ പലരും പല വഴിക്കായി പിരിഞ്ഞു. ഒരു യാത്ര, വെറും യാത്രയല്ല , സഞ്ചാരി എന്ന ഒരേ വികാരം പേറുന്ന ഒരു കൂട്ടം ആളുകളോടുകൂടിയുള്ള യാത്ര. അത് നൽകിയ നിർവൃതി, അനന്യമായ ആ  നിർവൃതി നെഞ്ചിലേറ്റിക്കൊണ്ടു , വീണ്ടുമൊരു യാത്രക്കൊരുങ്ങാനായി ഞാനും മടങ്ങി.



No comments:

Post a Comment

Please add your comment here...